ഹർത്താൽ - ഈ നാട് എങ്ങനെ പുരോഗതി പ്രാപിക്കും..


 ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു.

 ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

 സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

 ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ.

 ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

Popular Posts