നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിക്കണം: കളക്ടര്‍

കൊച്ചി: ആന എഴുന്നള്ളിപ്പുള്ള ഉത്സവാഘോഷങ്ങളില്‍ 2012 ലെ നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിബന്ധനകളും സര്‍ക്കാര്‍ -കോടതി ഉത്തരവുകളും കര്‍ശനമായി പാലിക്കാന്‍ നാട്ടാനകള്‍ക്കെതിരെയുള്ള പീഢനം തടയുന്നതിനായി രൂപീകരിച്ച ജില്ലാ ഉത്സവ ഏകോപന സമിതി യോഗം തീരുമാനിച്ചു. 

40 വയസിന് മുകളില്‍ പ്രായമുള്ള ആനകളുടെ കാര്യത്തില്‍ ആരോഗ്യ സ്ഥിതി അവലോകന റിപ്പോര്‍ട്ട് ലഭ്യമായിട്ടുള്ളവയെ മാത്രമേ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ജില്ലാ ഉത്സവ മേല്‍നോട്ട സമിതിയില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉത്സവങ്ങള്‍ക്ക് അതില്‍ പറഞ്ഞിട്ടുള്ള എണ്ണം ആനകള്‍ക്ക് മാത്രമേ തുടര്‍ന്നും അനുമതി നല്‍കൂ. പകല്‍ 11നും വൈകിട്ട് 6നും ഇടയില്‍  ആനകളെ നടത്തികൊണ്ടു പോകുന്നതിന്  ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി തുടരും.

40 വയസില്‍ താഴെയുള്ള ആനകള്‍ക്ക് സര്‍ക്കാര്‍ വെറ്ററിനറി ഓഫീസറുടെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പിന് നിര്‍ബന്ധമാണ്.  കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ആനകളെ സര്‍ക്കാര്‍ വെറ്ററിനറി സര്‍ജന്റെയോ അസിസ്റ്റന്റ് ഫോറസ്ട്രി വെറ്ററിനറി ഓഫീസറുടേയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എഴുന്നള്ളിക്കാന്‍ പാടില്ല. ആന എഴുന്നള്ളിപ്പിന് റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആന ഉടമാ സംഘത്തിന്റെ ആവശ്യം സമിതി തള്ളി.

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വ്യശ്ചികോത്സവത്തിന് 15 ആനകളുടെ എഴുന്നള്ളിപ്പിനായി 30 ആനകളെ ക്ഷേത്രത്തില്‍ നിര്‍ത്തുന്നുവെന്ന് ആനത്തൊഴിലാളി യൂണിയന്‍ പ്രതിനിധി പരാതി ഉന്നയിച്ചു. ഇക്കാര്യം ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ യൂണിയന്‍ പ്രതിനിധിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളെ പരിശോധിക്കുമ്പോള്‍ ആരോഗ്യപരമായി യോഗ്യമല്ല എന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ പല ക്ഷേത്ര ഭാരവാഹികളും അത് കൈപ്പറ്റുന്നില്ലെന്ന് ജില്ലാ വെറ്ററിനറി ഓഫീസര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തത് ക്ഷേത്രം ഭാരവാഹികളുടെ ഉത്തരവാദിത്തം കുറയ്ക്കുന്നില്ല എന്നും ഇത്തരം സംഭവങ്ങള്‍ അപ്പോള്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ച് അപ്പോള്‍ തന്നെ തുടര്‍ നടപടി ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ളയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എ അനസ്(അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍), സി.പി. പുഷ്‌കരന്‍ (എ.എസ്.ഐ, എറണാകുളം റൂറല്‍), ഡോ: വിജി ജോര്‍ജ് (സീനിയര്‍ വെറ്റനറി സര്‍ജന്‍), ഡോ: ഷീബ.ബി.ഐ സക്ക് (ചീഫ് വെറ്റനറി ഓഫിസര്‍ ), എ.ജി.ബാബു (മൃഗ ക്ഷേമ ബോര്‍ഡ്), എം.ബാലചന്ദ്രന്‍ ( ആന ഉടമ സംഘം), മനോജ് അയ്യപ്പന്‍ ( ആനത്തൊഴിലാളി യൂണിയന്‍), രഞ്ജിത്ത് കുമാര്‍ (ഫയര്‍ ആന്റ് റസ്‌ക്യൂ ), കെ.ബി.ഇക്ബാല്‍ ,ടി.കെ.സജീവ് (എസ്.പി.സി.എ), കെ.അനില്‍കുമാര്‍ (ഡപ്യൂട്ടി കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ), കെ.ആര്‍.സജീഷ് (സെക്രട്ടറി, ഉത്സവ ഏകോപന സമിതി) തുടങ്ങിയവര്‍ പങ്കെടുത്തു.

0 Response to "നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിക്കണം: കളക്ടര്‍"

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts