നിയമത്തെ കൈയിലെടുത്തും ഇല്ലാക്കഥകൾ മെനഞ്ഞുമല്ല ചാനൽ റേറ്റിംഗ് കൂട്ടേണ്ടത്.

ലേഖകൻ : സാബു കൊട്ടോട്ടി  പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. വെളിച്ചം കാട്ടാനെന്ന വ്യാജേന മൊബൈൽ ഫ്ലാഷ് ഓണാക്കി മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയായിരുന്നു അന്ന് ആയുധം. സമൂഹത്തിലെ സദാചാരത്തിന്റെ മൊത്തവ്യാപാരികൾ ചമഞ്ഞു പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ സദാചാരവാദികൾക്ക് കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.  

  ഏറെക്കുറെ സമാന വിധിവിചാരണകളാണ് ആത്മഹത്യ ചെയ്ത ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറുമില്ല.

  ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനയിലെ ഉദ്യോഗസ്ഥന്മാരിൽ പലർക്കുമില്ല.. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിയത്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടുണ്ടാവില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്. അല്ലാതെ ചാനൽ വ്യൂസ് ചവറുകളിൽ ചടഞ്ഞിരുന്ന് അർത്ഥശൂന്യവും അനാവശ്യവുമായ വയറ്റിപ്പിഴപ്പു ചർച്ചകൾ നടത്തുന്നവരുടെ താളത്തിനൊത്തു തുള്ളി അവരെ പ്രീതിപ്പെടുത്താനുള്ള നടപടികളായിരുന്നില്ല. ഈ ചവറുകൾ നിരോധിച്ചാൽ തീരാവുന്നതാണ് ഇന്ന് കേരളത്തിൽ നടക്കുന്ന മിക്ക പ്രശ്നങ്ങളും എന്നത് ബുദ്ധി മരവിക്കാത്തവർക്ക് ചിന്തിച്ചാൽ മനസ്സിലാവും.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അത് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സമാധാനത്തോടെ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാൻ അവസരമൊരുങ്ങാതിരിക്കാനും മാധ്യമ വിധിയെഴുത്തുകളും പൊലീസിന് രാഷ്ട്രീയക്കാരിൽ നിന്നുള്ള അനാവശ്യ സമ്മർദ്ദവും കാരണമായെന്നു നിസ്സംശയം പറയാം. പക്ഷേ ഏതൊരു വിഷയത്തിലും ആദ്യം വിധിപറയലും പിന്നെ വിചാരണയും അതിനു ശേഷം അന്വേഷണങ്ങളും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശരിയായ അന്വേഷണം സമയബന്ധിതമായി നടത്താൻ നിയമ സംവിധാനത്തിനു കഴിയുന്നില്ല.

കേസും അന്വേഷണവുമൊക്കെ നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ല, തെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും തുടർന്ന് ആത്മഹത്യ ചെയ്ത ഹരികുമാറും ആ സംഭവത്തിൽ ഒരുപോലെ കുറ്റക്കാരായിരുന്നെങ്കിൽ ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ഇവിടുത്തെ മീഡിയകളും ഒരുവിഭാഗം രാഷ്ട്രീയക്കാരുമാണ്. ഒറ്റ ദിവസം കൊണ്ടാണ് അവർ ഒരു പോലീസുദ്യോഗസ്ഥനെ കൊടും കുറ്റവാളിയും തീവ്രവാദിയുമൊക്കെയാക്കി ചിത്രീകരിച്ചു കൊലവിളി നടത്തിയത്. ഹരികുമാറും എല്ലാവരെയും പോലെ പച്ചയായ ഒരു മനുഷ്യ ജീവിയാണെന്ന് ആരും ഓർത്തതേയില്ല. പകരം പുതിയ കണ്ടുപിടുത്തങ്ങളും സൂചനകളും പടച്ചുണ്ടാക്കി കൊലവിളി നടത്തുകയായിരുന്നു.  അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടുകയാണു വേണ്ടത്, അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ട കാര്യമേയില്ല. നിയമം കടലാസിൽ വരക്കുന്നതിനു പകരം ബാഹ്യ ഇടപെടലുകളില്ലാതെ സുഗമമായി നടമാടാനാണ് എല്ലാരും പരിശ്രമിക്കേണ്ടത്. അല്ലാതെ കേവലം ബ്രേക്കിംഗ് ന്യൂസുണ്ടാക്കാൻ കഥകൾ മെനഞ്ഞെടുക്കാനല്ല.

പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ നിയമനംപട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും, വിരമിച്ച കോളേജ് അധ്യാപകര്‍ക്കും, ബിരുദാനന്തരബിരുദവും, ബി.എഡും ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രതിമാസ ഹോണറേറിയം 7500 രൂപയായിരിക്കും. 

റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപന മേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. നമ്പര്‍ 0484 2422256.

ഓണ്‍ലൈന്‍ ടാക്‌സി സമരം: സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച 14 ന്

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഈ മാസം 14 ന് രാവിലെ പത്ത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കും. റീജിയണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തൊഴിലുടമ പ്രതിനിധികളുമായി  നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് വേണ്ടി മാനേജര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ടാക്‌സി മേഖലയിലെയും, ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെയും തൊഴിലാളികളുടെ സംഘടനകളുടെ പ്രതിനിധികള്‍, ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച സംഘടിപ്പിച്ച് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്ന അമിതമായ കമ്മീഷന്‍ ഒഴിവാക്കുക, വേതന വര്‍ധനവ് നടപ്പിലാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ െ്രെഡവര്‍മാരെ പുറത്താക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ അവസാനിപ്പിക്കുക, അഗ്രിഗേറ്റര്‍ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിക്കെതിരെ നടപടിയെടുക്കുക, വാഗ്ദാനം ചെയ്ത വരുമാനം നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക,  നിയമവിരുദ്ധ ഷെയര്‍, പൂള്‍ സംവിധാനത്തിലൂടെ ട്രിപ്പ് എടുക്കാന്‍ നിര്‍ബന്ധിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ ആവശ്യങ്ങള്‍.

നിലവില്‍ 26 ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ തൊഴിലാളികളില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുക എന്നതും തൊഴിലാളികളുടെ ആവശ്യമാണ്. 

ജില്ലാ ലേബര്‍ ഓഫീസര്‍മാരായ എം.വി ഷീല, വി.ബി ബിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.റീജിയണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ടാക്‌സി തൊഴിലുടമ പ്രതിനിധികളുമായി നടന്ന ചര്‍ച്ച

സൈനികനും കര്‍ഷകനും രാജ്യത്തിന്റെ കരുത്ത്: കെ. വി തോമസ് എം. പികാക്കനാട്: അതിര്‍ത്തി കാക്കുന്ന സൈനികനും അന്നമൊരുക്കുന്ന കര്‍ഷകനുമാണ് ഇന്ത്യയുടെ കരുത്തെന്നും അവര്‍ ആദരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും കെ.വി തോമസ് എം.പി അഭിപ്രായപ്പെട്ടു. സായുധസേനാ പതാക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വിശാലമായ അതിര്‍ത്തിയാണുള്ളത്. ദുര്‍ഘടമായ മലമ്പ്രദേശങ്ങളും വിശാലമായ കടല്‍ത്തീരവും കരയുമെല്ലാം സൈനികരുടെ കാവലിലാണുള്ളത്. രാജ്യത്ത് പ്രളയമടക്കമുള്ള വിവിധ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവിടെയും കര-നാവിക-വ്യോമ സേനകള്‍ നിസ്തുലസേവനം ഉറപ്പുതരുന്നു. നമ്മുടെ സ്വസ്ഥമായ ജീവിതത്തിന് കാവല്‍ നില്‍ക്കുന്ന സൈനികരോട് ഓരോരുത്തര്‍ക്കും കടപ്പാടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇരുപതിനായിരത്തോളം സൈനികരുടെ ജീവന്‍ നാടിന് നഷ്ടമായി. സൈനികരോടും വിമുക്തഭടന്മാരോടും അവരുടെ കുടുംബാംഗങ്ങളോടുള്ള പ്രതിബദ്ധത കാണിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പതാകനിധിയുടെ സമാഹരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

കാര്‍ ഫ്‌ലാഗുകളുടെയും ടോക്കണ്‍ ഫ്‌ലാഗുകളുടെയുംവില്‍പനയിലൂടെ സമാഹരിക്കുന്ന തുക വിമുക്തഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തികസഹായം നല്‍കാനാണ് വിനിയോഗിക്കുക. പതാകനിധി സമാഹരണത്തില്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ പതാകദിന ഫണ്ട് സമിതി റോളിങ് ട്രോഫികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കും.

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വ്വീസ് പഠനകാലത്ത് രജൗറി ജില്ലയില്‍ കരസേനയോടൊപ്പം ഏഴു ദിവസം താമസിച്ച ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചു. സൈനികര്‍ നേരിടുന്ന ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ സാധാരണക്കാരുടെ ചിന്തയ്ക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എം.കെ കബീര്‍, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ എം.ഒ ഡാനിയേല്‍, എന്‍. ഇ.എക്‌സ്.സി.സി ജില്ലാ പ്രസിഡണ്ട് എം.എന്‍ അപ്പുക്കുട്ടന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടി.എം സജീവന്‍, ടി.കെ ഷിബു എന്നിവര്‍ പ്രസംഗിച്ചു. വിമുക്തഭടന്മാര്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ എന്‍.സി.സി കേഡറ്റുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പതാക വിതരണവും പതാകനിധി സമാഹരണവും നടന്നു.

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍കൊച്ചി: എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിര താമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ആശ്രയ കുടുംബാംഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. പ്രവൃത്തി പരിചയും ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

എഴുത്ത് പരീക്ഷ (125 മാര്‍ക്ക്), ഫീല്‍ഡ് വര്‍ക്ക് (25), കമ്പ്യൂട്ടര്‍ വൈദഗ്ധ്യത്തില്‍ പ്രായോഗിക പരീക്ഷ (25), ഇന്റര്‍വ്യൂ (25) എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സ്‌കോര്‍ 200 ആയിരിക്കും. എഴുത്ത് പരീക്ഷയില്‍ അര്‍ഹത നേടുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഫീല്‍ഡ് വിസിറ്റിന് പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ. കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷക്ക് ശേഷം എഴുത്ത് പരീക്ഷ, ഫീല്‍ഡ് വിസിറ്റ്, കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷ എന്നിവയുടെ ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഒഴിവിന്റെ മൂന്നിരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂവിന് അര്‍ഹത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ഇതില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമായിരിക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ നല്‍കാന്‍ പാടില്ല. അയല്‍ക്കൂട്ടം അംഗത്വം ഉള്ള ജില്ലയില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥി അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. 2018 നവംബര്‍ 27-ന് പ്രായപരിധി 18--35 ആയിരിക്കണം. 15,000 രൂപയാണ് ശമ്പളം. കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ രംഗത്തുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. എംഎസ് വേഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. 2018 ഡിസംബര്‍ 10 വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. 

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ പ്രായം തെളിയിക്കുന്ന പേജിന്റെ കോപ്പി (പഴയ രീതിയിലുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ് പ്രായം തെളിയിക്കുന്ന പേജ് സമര്‍പ്പിക്കേണ്ടത്, പുതിയ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അതിന്റെ കോപ്പിയും നല്‍കണം), കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ (അയല്‍ക്കൂട്ട പാസ്ബുക്കിന്റെ പേരും വിലാസവും രേഖപ്പെടുത്തിയ പേജാണ് വേണ്ടത്. പ്രളയത്തില്‍ അയല്‍ക്കൂട്ട പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍ മെമ്പര്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി), കുടുംബാംഗമാണെങ്കില്‍ ആരാണോ കുടുംബത്തില്‍ നിന്നും അംഗമായിട്ടുള്ളത് അവരുടെ അംഗത്വ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡിലെ കുടുംബ വിവരങ്ങളടങ്ങുന്ന പേജ് എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എം.ഐ.എസ്) എന്ന് വ്യക്തമായി രേഖപ്പെടുത്തണം. 

കരാർ അടിസ്ഥാനത്തിൽ നിയമനം
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷിക്കുന്നവർക്ക് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിലെ ഐ.റ്റി.ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 22/10/2018 ന് 18 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ ഒഴിവുകൾക്കുള്ള നിയമാനുസൃത വയസ്സിളവ് ബാധകമാണ് (SC/ST/OBC/PWD/Ex-servicemen). കെമിക്കൽ പ്ലാന്റ് ആന്റ് മെഷിനറി ഡ്രോയിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പള പരിധി: 6540- 19140. കൂടാതെ മറ്റ് അലവൻസുകളും ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ 20.12.2018 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.

യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സംസ്ഥാന യുവജന ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും, മികച്ച യുവജന ക്ലബ്ബിനുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. 

സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തകൻ (പ്രിൻറ് മീഡിയ), മാധ്യമ പ്രവർത്തക (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തകൻ (ദൃശ്യ മാധ്യമം), മാധ്യമ പ്രവർത്തക (ദൃശ്യ മാധ്യമം), കല, സാഹിത്യം (വനിത), സാഹിത്യം (പുരുഷൻ), ഫൈൻ ആർടസ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം (പുരുഷൻ), ശാസ്ത്രം (വനിത), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്ന് മികച്ച ഒരു വ്യക്തിക്ക് വീതം ആകെ 15 പേർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്. ഈ വർഷം മുതൽ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിലെ മികച്ച യൂത്ത് കോർഡിനേറ്റർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അതാത് മേഖലയിലെ വിദഗ്ധർ ഉൾപ്പെടുന്ന ജൂറി, അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അവാർഡിന് അർഹരായവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകുന്നു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് / യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകുന്നു. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും.

ഇതിനായുള്ള അപേക്ഷകൾ 2018 ഡിസംബർ 25 നുള്ളിൽ അതത് ജില്ലാ യുവജന കേന്ദ്രത്തിൽ ലഭിക്കേണ്ടതാണ്. മാർഗ നിർദേശങ്ങളും അപേക്ഷാഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റിലും ലഭ്യമാണ് (www.ksywb.kerala.gov.in). ഹെൽപ്പ് ലൈൻ നമ്പർ: 0471-2733139, 2733602, 2733777.

പ്രചാരണം അടിസ്ഥാനരഹിതം; 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സെസ് ഇല്ല

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍. നിര്‍മാണതൊഴിലാളി ക്ഷേനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 100 ചതുരശ്ര മീറ്റര്‍ താഴെ ( 1076 Square feet ) വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് നല്‍കേണ്ടതില്ല.   1995 നവംബര്‍ മൂന്നിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെയും പത്ത് ലക്ഷത്തില്‍ താഴെ നിര്‍മാണ ചെലവുള്ള ഗാര്‍ഹിക കെട്ടിടങ്ങളെയും സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചെലവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ഒറ്റത്തവണ കെട്ടിടസെസ് ഈടാക്കാമെന്നിരിക്കെ സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് സെസായി ഈടാക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ പ്രത്യേക മാനദണ്ഡങ്ങളും കാലപ്പഴക്കവും അനുസരിച്ചാണ് കെട്ടിടങ്ങളുടെ സെസ് നിര്‍ണയിക്കുക. . നിലവില്‍ കെട്ടിടം നിര്‍മിച്ച വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ 1995-1999,  2000-2004, 2005-2009, 2010-2014, 2015 എന്നും പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍  100 ചതുരശ്ര മീറ്റര്‍വരെ 400 ചതുരശ്ര മീറ്ററിനു മുകളില്‍ എന്ന അടിസ്ഥാനത്തിലും അഞ്ച് സ്ലാബുകളായി കെട്ടിടങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1995 - 1999 കാലയളവില്‍ പണികഴിപ്പിച്ച ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കും, 2000-2004ല്‍185 ചതുരശ്ര മീറ്റര്‍ , 2005-2009ല്‍ 154 ചതുരശ്ര മീറ്റര്‍, 2010-2014ല്‍ 128 ചതുരശ്ര മീറ്റര്‍, 2015 നു ശേഷം നിര്‍മിച്ച 106 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണവുമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കും സെസ് നല്‍കേണ്ടതില്ല. അല്ലാത്തവയ്ക്ക് ചതുരശ്ര മീറ്ററിന് കാലപ്പഴക്കത്തിന്റെയും പ്ലിന്ത് ഏരിയയുടെയും  അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ള നിര്‍മാണ ചെലവിന്റെ നിരക്ക് പ്രകാരം സെസ് നല്‍കേണ്ടിവരും. ഓരോ അഞ്ചുവര്‍ഷത്തിലും സെസ് നിര്‍ണയിക്കുന്നതുനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഷെഡുകള്‍, റൂഫിംഗ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ഗോഡൗണുകള്‍ ,വര്‍ക്ക് ഷെഡുകള്‍ ഫാമുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരക്കാണ് ഈടാക്കുക. ചതുരശ്ര മീറ്ററിന് സ്ലാബനുസരിച്ച് 3400 -7075 രൂപയാണ് നിരക്ക്. ഫ്ളാറ്റ് ,ബഹുനില വാണിജ്യ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് മേല്‍ നിരക്കുകള്‍ക്ക് പുറമേ 10 ശതമാനം അധിക നിരക്കു കൂടി കൂട്ടി നിര്‍മ്മാണ ചെലവ് കണക്കാക്കും. തടി ഉപയോഗിച്ചുള്ള ചുമര്‍ പാനലിംഗിന് 1995ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന് ചതുരശ്രമീറ്ററിന് 1075 രൂപയും തുടര്‍ന്നുള്ള ഓരോ സ്ലാബിലും വരുന്ന നിര്‍മാണങ്ങള്‍ക്ക് 20 ശതമാനം വീതം വര്‍ധനവും കണക്കാക്കും. പാനലിംഗ് നടത്തിയിട്ടുള്ള ഏരിയയ്ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക.ഇങ്ങനെ കണക്കാക്കുന്ന നിര്‍മ്മാണചെലവ് 10 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ ഉടമ കെട്ടിട സെസ് നല്‍കേണ്ടതില്ല. സെസ് ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ പേരിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം അടക്കേണ്ടത്. ഇതു സംബന്ധിച്ച് കൃത്യമായ മാനദ്ണ്ഡങ്ങള്‍ തൊഴിലും നൈപുണ്യവും വകുപ്പ് 2017 ജൂലൈമാസത്തില്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട സെസ് സംബന്ധമായ ആക്ഷേപങ്ങള്‍ അപ്പീല്‍ അധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണന്നും അദ്ദേഹം പറഞ്ഞു.

നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിക്കണം: കളക്ടര്‍

കൊച്ചി: ആന എഴുന്നള്ളിപ്പുള്ള ഉത്സവാഘോഷങ്ങളില്‍ 2012 ലെ നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിബന്ധനകളും സര്‍ക്കാര്‍ -കോടതി ഉത്തരവുകളും കര്‍ശനമായി പാലിക്കാന്‍ നാട്ടാനകള്‍ക്കെതിരെയുള്ള പീഢനം തടയുന്നതിനായി രൂപീകരിച്ച ജില്ലാ ഉത്സവ ഏകോപന സമിതി യോഗം തീരുമാനിച്ചു. 

40 വയസിന് മുകളില്‍ പ്രായമുള്ള ആനകളുടെ കാര്യത്തില്‍ ആരോഗ്യ സ്ഥിതി അവലോകന റിപ്പോര്‍ട്ട് ലഭ്യമായിട്ടുള്ളവയെ മാത്രമേ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ജില്ലാ ഉത്സവ മേല്‍നോട്ട സമിതിയില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉത്സവങ്ങള്‍ക്ക് അതില്‍ പറഞ്ഞിട്ടുള്ള എണ്ണം ആനകള്‍ക്ക് മാത്രമേ തുടര്‍ന്നും അനുമതി നല്‍കൂ. പകല്‍ 11നും വൈകിട്ട് 6നും ഇടയില്‍  ആനകളെ നടത്തികൊണ്ടു പോകുന്നതിന്  ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി തുടരും.

40 വയസില്‍ താഴെയുള്ള ആനകള്‍ക്ക് സര്‍ക്കാര്‍ വെറ്ററിനറി ഓഫീസറുടെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പിന് നിര്‍ബന്ധമാണ്.  കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ആനകളെ സര്‍ക്കാര്‍ വെറ്ററിനറി സര്‍ജന്റെയോ അസിസ്റ്റന്റ് ഫോറസ്ട്രി വെറ്ററിനറി ഓഫീസറുടേയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എഴുന്നള്ളിക്കാന്‍ പാടില്ല. ആന എഴുന്നള്ളിപ്പിന് റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആന ഉടമാ സംഘത്തിന്റെ ആവശ്യം സമിതി തള്ളി.

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വ്യശ്ചികോത്സവത്തിന് 15 ആനകളുടെ എഴുന്നള്ളിപ്പിനായി 30 ആനകളെ ക്ഷേത്രത്തില്‍ നിര്‍ത്തുന്നുവെന്ന് ആനത്തൊഴിലാളി യൂണിയന്‍ പ്രതിനിധി പരാതി ഉന്നയിച്ചു. ഇക്കാര്യം ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ യൂണിയന്‍ പ്രതിനിധിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളെ പരിശോധിക്കുമ്പോള്‍ ആരോഗ്യപരമായി യോഗ്യമല്ല എന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ പല ക്ഷേത്ര ഭാരവാഹികളും അത് കൈപ്പറ്റുന്നില്ലെന്ന് ജില്ലാ വെറ്ററിനറി ഓഫീസര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തത് ക്ഷേത്രം ഭാരവാഹികളുടെ ഉത്തരവാദിത്തം കുറയ്ക്കുന്നില്ല എന്നും ഇത്തരം സംഭവങ്ങള്‍ അപ്പോള്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ച് അപ്പോള്‍ തന്നെ തുടര്‍ നടപടി ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ളയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എ അനസ്(അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍), സി.പി. പുഷ്‌കരന്‍ (എ.എസ്.ഐ, എറണാകുളം റൂറല്‍), ഡോ: വിജി ജോര്‍ജ് (സീനിയര്‍ വെറ്റനറി സര്‍ജന്‍), ഡോ: ഷീബ.ബി.ഐ സക്ക് (ചീഫ് വെറ്റനറി ഓഫിസര്‍ ), എ.ജി.ബാബു (മൃഗ ക്ഷേമ ബോര്‍ഡ്), എം.ബാലചന്ദ്രന്‍ ( ആന ഉടമ സംഘം), മനോജ് അയ്യപ്പന്‍ ( ആനത്തൊഴിലാളി യൂണിയന്‍), രഞ്ജിത്ത് കുമാര്‍ (ഫയര്‍ ആന്റ് റസ്‌ക്യൂ ), കെ.ബി.ഇക്ബാല്‍ ,ടി.കെ.സജീവ് (എസ്.പി.സി.എ), കെ.അനില്‍കുമാര്‍ (ഡപ്യൂട്ടി കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ), കെ.ആര്‍.സജീഷ് (സെക്രട്ടറി, ഉത്സവ ഏകോപന സമിതി) തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്പൂർണ ഇ-മാലിന്യ മുക്ത ജില്ലയാകാൻ എറണാകുളം ഒരുങ്ങുന്നുകാക്കനാട്: ആപൽക്കര മാലിന്യവും ഇലക്ട്രോണിക്സ് മാലിന്യവും പൂർണ്ണമായി നീക്കം ചെയ്യുന്ന ആദ്യ ജില്ലയാകാൻ എറണാകുളം ഒരുങ്ങുന്നു. ഹരിത കേരളം, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തി പ്പിനെ കുറിച്ച് ആലോചിക്കുന്നതിന് ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. യോഗത്തിൽ ശുചിത്വ മിഷൻ കോർഡിനേറ്റർ സിജു തോമസ്, ഹരിത കേരളം കോർഡിനേറ്റർ സുജിത് കരുൺ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആപൽക്കരമായ ഇലക്ട്രോണിക്സ് മാലിന്യത്തിന്റെ നിർമ്മാർജ്ജനം സംസ്കരണം എന്നിവ സാധ്യമാക്കുന്നതിന് അമ്പല മുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ധാരണയായിട്ടുണ്ട്. ഇതിലേക്ക് ആപൽക്കരമായ ഇലക്ട്രോണിക്സ് മാലിന്യ ശ്രേണിയിൽ പെടുന്ന ഉപയോഗ ശൂന്യമായ  ട്യൂബ് ലൈറ്റ്, സി.എഫ്.എൽ ബൾബ്, ബാറ്ററികൾ, ഫ്ളോപ്പി ഡിസ്ക്, സി ഡി, പൊട്ടിയ മോണിറ്റർ, പിക്ചർ ട്യൂബ്, ടോണർ കാട്രിഡ്ജ് ,ഡി.വി.ഡി, പൊട്ടിയ ടി.വികൾ, കളിപ്പാട്ടങ്ങൾ, സി.പി.യു, ലാപ്ടോപ്പ്, യു.പി.എസ്,കേബിൾ, മൗസ്, ഫാക്സ് മെഷീൻ, പ്രിന്റർ, പ്രൊജക്ടർ, സ്കാനർ, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, ഇസ്തിരിപെട്ടി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, ഏ.സി, എയർ കൂളർ, ഫാൻ, മൊബൈൽ ഫോൺ ,കണക്ടർ തുടങ്ങിയവയടക്കമുള്ള സാധനങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ശേഖരിക്കും. ജില്ലയിലെ ഒരോ പ്രദേശത്തേയും സർക്കാർ ഓഫീസുകളിലെ ഇത്തരം മാലിന്യങ്ങൾ അതത് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ശേഖരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഐ.ടി @ സ്കൂൾ, എൻ.എസ്.എസ്.എ ന്നിവ വഴി ശേഖരിക്കും. പ്രാദേശിക തലത്തിൽ സ്വകാര്യ ഓഫീസുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഗ്രാമ പഞ്ചായത്തു കേന്ദ്രങ്ങളിൽ സ്വീകരിച്ച് അവർ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഓരോ പ്രദേശങ്ങളിൽ നിന്നും ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് നിർമ്മാർജ്ജന കേന്ദ്രത്തിലെത്തിക്കുന്ന ഉത്തര വാദിത്തം കമ്പനിക്കാണ്. ഓരോ പ്രദേശത്തേക്കും പ്രത്യേകം തീയതി നിശ്ചയിച്ച് മാലിന്യം ശേഖരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് താഴെ തട്ടിലേക്ക് പ്രചാരണം നടത്തുന്നതിനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടേയും യോഗം ഉടനടി വിളിച്ചു ചേർക്കും.ഇതിന് ശേഷം ബ്ലോക്കടിസ്ഥാനത്തിൽ അതത് പ്രദേശത്തെ ജനപ്രതിനിധികളുടേയും യോഗം ചേരും. എല്ലാവകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ആദിവാസി വിഭാഗത്തിനായി നെൽ കൃഷിയുമായി പട്ടികവർഗ്ഗ വികസന വകുപ്പ്

കൊച്ചി: ആദിവാസി വിഭാഗത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നെൽ കൃഷിയുമായി പട്ടികവർഗ്ഗ വികസന വകുപ്പ്.നേര്യമംഗലം ആദിവാസി കോളനിയിലെ ആറേക്കർ സ്ഥലത്താണ് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ നെൽ കൃഷി നടത്തുന്നത്. മുപ്പത്തഞ്ച് വർഷത്തോളം തരിശായി കിടന്നിടത്താണ്  ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത്.


സ്വന്തമായി കൃഷി ഭൂമിയില്ലാത്ത എറണാകുളം ജില്ലയിലെ ആദിവാസി വിഭാഗത്തിനെ പുനരധിവസിപ്പിക്കാനായി നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തിന് സമീപം 42 ഏക്കർ ഭൂമി സർക്കാർ വിട്ട് നൽകിയിരുന്നു.96 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നെങ്കിലും 36 കുടുംബങ്ങളാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.ഇവരുടെ നേതൃത്വത്തിലാണ് നെൽകൃഷി നടക്കുന്നത്.


2017-18 സാമ്പത്തിക വർഷത്തെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ പെടുത്തി ജില്ലാതല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതിയോടെയാണ് കൃഷി നടത്തുന്നതെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. നാരായണൻകുട്ടി പറഞ്ഞു. പതിമൂന്ന് ലക്ഷം രൂപയാണ് കൃഷിക്കായി അനുവദിച്ചിരിക്കുന്നത്. നെൽ കൃഷിക്ക് പുറമെ കൊക്കോ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നതിനും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നത്.ഇതിൽ നെൽ കൃഷി മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ജില്ലാ ഫാം സൂപ്രണ്ടിന്റെ പ്രൊപ്പോസൽ അനുസരിച്ചാണ് കൃഷി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ നെൽ കൃഷിക്ക് മാത്രമായി ഇതുവരെ ചിലവായി. വർഷങ്ങളോളം തരിശ് കിടന്ന ഭൂമിയായതിനാൽ കൃഷിക്ക് പാകമാക്കിയെടുക്കാൻ തന്നെ വളരെയധികം പ്രയത്നമായിരുന്നു വേണ്ടി വന്നിരുന്നത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി കൃഷിയിടത്തിന് ചുറ്റും നാലടി വീതിയിലും രണ്ടടി താഴ്ചയിലും കാന കീറി. ആദിവാസി കുടുംബങ്ങളുടെ പിന്തുണയോട് കൂടിയാണ് എല്ലാ ജോലികളും ചെയ്ത് തീർത്തത്.  ഇതിനായി 500 രൂപ വച്ച് ദിവസക്കൂലിയും ഇവർക്ക് നൽകി.


ശ്രേയസ്സ് ഇനത്തിൽ പെടുന്ന 250 കിലോ നെൽ വിത്താണ് വിതച്ചത്. വിളകൾക്ക് ആവശ്യമായ കീടനാശിനികളും വളങ്ങളും ജില്ലാ കൃഷിത്തോട്ടത്തിന്റെ നേതൃത്വത്തിൽ എത്തിച്ച് നൽകി. കഴിഞ്ഞ മാസം ആദ്യത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്. നെൽകൃഷി വിജയകരമായതോടെ ഇതിനോടനുബന്ധിച്ച് പച്ചക്കറി കൃഷിയും നടത്താനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ.പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നേര്യമംഗലം ആദിവാസി കോളനിയിൽ നെൽവിത്ത് വിതയ്ക്കുന്നു.

ദേശീയ ബാലചിത്രരചനാ മത്സരംകൊച്ചി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ  ദേശീയ ബാലചിത്രരചനാ മത്സരം ഡിസംബർ 8 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇടപ്പള്ളി ഗവ. എച്ച്എസ്എസ്സിൽ വെച്ച്  നടക്കും. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് മത്സരം. 

അഞ്ചു മുതൽ 16 വയസ്സുവരെയുള്ള ജനറൽ വിഭാഗത്തിനും 5 മുതൽ 18 വയസുവരെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടക്കും. പേസ്റ്റൽ ക്രയോൺ , വാട്ടർ കളർ , എണ്ണച്ചായം തുടങ്ങിയവ ചിത്രരചനയ്ക്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9744806696

കണ്ണൂർ - യാത്രക്കാരെ വരവേൽക്കാൻ വിഷ്ണുമൂർത്തിയും;

 തെയ്യം ചുമർചിത്ര രചന പൂർത്തിയായി


കാലടി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കുകയാണ് വിഷ്ണുണുമൂർത്തി തെയ്യം. കിയാലിന്റെ ചുമരിൽ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്കൃത സർവകലാശാലയിലെ ഫൈൻ ആർട്സ് കൺസോർഷ്യമാണ് ലോകത്തിലെ ഏറ്റവും വലിയ തെയ്യത്തിന്റെ ചുമർചിത്ര രചന പൂർത്തീകരിച്ചത്.
വിഷ്ണുമൂർത്തി തെയ്യത്തിന്റെ ശില്പം ആദ്യം സിമൻറിലാണ് ചെയ്തത്. പിന്നീട് അക്രലിക് നിറങ്ങൾ ഉപയോഗിച്ച് മോടി കൂട്ടി. ആടയാഭരണങ്ങൾ ചെമ്പിലും അലുമിനിയം പൊതിഞ്ഞു മാണ് ചെയ്തിരിക്കുന്നത്. നിറങ്ങളുടെ പ്രയോഗം തികച്ചും കേരളീയ ചുമർചിത്ര ശൈലിയിൽ തന്നെയാണ് ഉപയോഗിച്ചത്.നാലു മാസത്തിലധികം സമയമെടുത്തു ചുമർചിത്രം പൂർത്തീകരിക്കാൻ. 

കലാകാരനും കാലടി സംസ്കൃത സർവകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥികളായ ദിൽജിത്ത് വിഷ്ണു സുജിത്ത് ശ്രീജ എന്നിവർ ചേർന്നാണ് ചുമർചിത്ര ശില്പം തയാറാക്കിയത്. കണ്ണൂരിലെ പൈതൃകം ആസ്പദമാക്കി വിമാനത്താവളത്തിൽ കൂടുതൽ ചിത്രങ്ങൾ തയ്യാറാക്കുന്നത് സംബന്ധിച്ച് കിയാൽ അധികൃതരുമായി ചർച്ച നടത്തിവരികയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഫൈൻ ആർട്സ് കൺസോർഷ്യം. 

തുറവൂർ ക്ഷേത്രത്തിലെ 350ഓളം വർഷം പഴക്കമുള്ള ചുമർ ചിത്രത്തെ പുന പ്രക്രിയയിലൂടെ തിരിച്ചെടുത്തിരുന്നു. ഫൈൻ ആർട്സ് കൺസോഷ്യം എന്നത് വിദ്യാർത്ഥികൾക്ക് പഠനശേഷം അതു മേഖലയിൽ തന്നെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണ് വാർത്താസമ്മേളനത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് , പ്രോ-വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ , രജിസ്ട്രാർ ഡോ. ടി പി രവീന്ദ്രൻ , ഫിനാൻസ് ഓഫീസർ ടി. എ ൽ. സുശീലൻ ചിത്രകാരൻ സാജു തുരുത്തിൽ എന്നിവർ പങ്കെടുത്തു. 


കണ്ണൂർ വിമാനത്താവളത്തിൽ പണി പൂർത്തിയായ തെയ്യം ചുമർചിത്രം

ശബരിമല : അക്രമത്തിനു കുട്ടികളെ മറയാക്കിയതിനെതിരെ ബാലാവകാശ കമ്മീഷൻ

ബാലാവകാശ സംരക്ഷണം: ജില്ലാതല സമിതികള്‍ ശാക്തീകരിക്കുമെന്ന് ചെയര്‍മാന്‍

ജില്ലാതല ശില്‍പശാല 15ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും
കാക്കനാട്:   അക്രമത്തിനു കുട്ടികളെ മറയാക്കിയതിനെതിരെ ശക്തമായ താക്കീതുമായി   ബാലാവകാശ കമ്മീഷൻ.  ജുവനൈൽ ജസ്റ്റിസ് ആക്ട് എഴുപത്തഞ്ചാം വകുപ്പ് പ്രകാരം  രക്ഷിതാക്കൾക്കെതിരെ കേസ്എടുക്കുവാൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നു  ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു.  മൂന്നു വർഷം വരെ  തടവ്ലഭിക്കാവുന്ന കുറ്റമാണിത് 

പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലെ കാലതാമസമൊഴിവാക്കാന്‍ ജില്ലാതല സമിതികള്‍ ശാക്തീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ  കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് അറിയിച്ചു.  ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹം കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.   ഓരോ ജില്ലകളില്‍നിന്നുമുള്ള കേസുകള്‍ കമ്മീഷനു മുന്നിലെത്തി പരിഹാരം കാണുമ്പോഴേക്കും കുട്ടികള്‍ക്ക് ദീര്‍ഘകാലം നീതി നിഷേധിക്കപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.  തദ്ദേശ സ്വയംഭരണ തലങ്ങളിലുള്ള ബാലസംരക്ഷണ സമിതികള്‍  യഥാസമയം വിഷയത്തിലിടപെട്ടാല്‍ പരാതിയ്ക്ക് പരിഹാരമായേക്കും.  അല്ലാത്തവ മാത്രം കമ്മീഷനു മുന്നിലെത്തുന്ന തലത്തിലേക്ക് ജില്ലാതല സമിതികള്‍ ഉണരണം.  മാസംതോറും കമ്മറ്റി യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കുട്ടികളെ പരിചയാക്കി മുതിര്‍ന്നവര്‍ ഉന്നയിക്കുന്ന പരാതികളുടെയും പ്രതിഷേധങ്ങളുടെയും നിജസ്ഥിതി വിലയിരുത്തും.  ആവശ്യമെങ്കില്‍ ബാലനീതി നിയമപ്രകാരം കേസ്സെടുക്കുകയും ചെയ്യും.    സ്‌കൂളുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുകയാണ് കമ്മീഷന്റെ മുഖ്യലക്ഷ്യം.  കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനുള്ള വ്യത്യസ്ത നടപടികള്‍ കൈക്കൊള്ളും.  ഓട്ടിസം തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനമാനദണ്ഡം ഉടന്‍ പുറത്തിറക്കുമെന്നും അറിയിച്ചു. 


ഗ്രാമ- ബ്ലോക്ക്- മുന്‍സിപ്പല്‍- കോര്‍പ്പറേഷന്‍ തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ബാലാവകാശ സംരക്ഷണസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് ശില്‍പശാലകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.  സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ 40 ശില്‍പശാലകള്‍ നടത്തുന്നതിന്റെ ഭാഗമായാണിത്.   ജില്ലയിലെ ആദ്യ ശില്‍പശാല ഡസംബര്‍ 15ന് രാവിലെ 10ന്  പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഫിഷറീസ് വകുപ്പു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.  ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.  

വാര്‍ത്താസമ്മേളനത്തിനുശേഷം ജില്ലയിലെ സ്റ്റേക് ഹോള്‍ഡര്‍മാരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തി.  കമ്മീഷന്‍ അംഗം എം.പി.ആന്റണി ചര്‍ച്ച നയിച്ചു.  കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമപരമായ വഴി അന്വേഷിക്കുന്നതിനു മുമ്പ് അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  അധ്യാപകര്‍, പോലീസ്, ഡോക്ടര്‍മാര്‍, കെയര്‍ ടേക്കര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇതു സംബന്ധിച്ച് പരിശീലനം നല്‍കും.  ബാലാവകാശ സംരക്ഷണ രംഗത്തെ വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യുന്നതിന് കണ്ണൂരില്‍ ദക്ഷിണേന്ത്യന്‍ സമ്മേളനവും തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും ഉടന്‍ നടക്കുമെന്നും അറിയിച്ചു.  

പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്താനാവശ്യായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  ബാലാവകാശം  സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്ന കാര്യം പരിശോധിക്കും.   ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 50: 25: 25 ആയി പുന:സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ആവശ്യപ്പെട്ടു. 

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി.സൈന, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ശിശു സംരക്ഷണ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകം : കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ


ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകം  - കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ 


കൊല്ലം : ഭാരതത്തിന്റെ മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ  ഭരണഘടന  സംരക്ഷിക്കാൻ  ഭരണകർത്താക്കൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്ത്  ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്നും  കേരള  സംസ്ഥാന ഉപഭോക്തൃ കൗൺസിൽ  മുന്നറിയിപ്പ് നൽകി.  ഉപഭോക്തൃ ബോധവൽക്കരണത്തിന്റെ ഭാഗമായി   ഡിസംബർ 24 നു എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും  ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തുവാൻ കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ  തീരുമാനിച്ചതായി  സ്റ്റേറ്റ് സെക്രട്ടറി      എ എ  ഷാഫി അറിയിച്ചു. 

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം


കൊച്ചി: വെളളപ്പൊക്ക പുനര്‍നിര്‍മ്മാണങ്ങള്‍, ലൈഫ് എന്നീ അടിന്തിര പദ്ധതികളുടെ നടത്തിപ്പിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഒരു വര്‍ഷകാലാവധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്ന് എഞ്ചിനീയറിംഗ് അസിസ്റ്റന്റുമാരെയും മൂന്ന് വര്‍ക്ക് സൂപ്പര്‍വൈസര്‍മാരെയുമാണ് നിയമിക്കുക. ഡിപ്ലോമ എഞ്ചിനീയറിംഗ് (സിവില്‍) യോഗ്യതയുളളവര്‍ക്ക് എഞ്ചിനീയറിംഗ് അസിസ്റ്റന്റു തസ്തികയിലേക്ക് അപേക്ഷിക്കാം. മാസവേതനം 12500/- ഡിസംബര്‍ 11-ന് രാവിലെ 10.30ന് അഭിമുഖം നടത്തും. വര്‍ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഡിസംബര്‍ 13-ന് രാവിലെ 10.30 നാണ് അഭിമുഖം. ഐ.റ്റി.ഐ/ഐ.റ്റി.സി (സിവില്‍) യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മാസവേതനം 9500/- ഇരു തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം കാക്കനാട് കുന്നുംപുറത്തുളള ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

സഹായ അഭ്യർത്ഥന - അപൂർവരോഗം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു
അങ്കമാലി അട്ടാറ സ്വദേശി മഞ്ഞളി വീട്ടിൽ ജോണ്‌ മകൻ സജിത്തിന്റെ ഭാര്യ നീതു സജിത്ത് (30 വയസ്സ്) പ്രസവത്തെ തുടർന്ന് അപൂർവ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ ആലുവ Rajagiri ആശുപത്രിയിൽ ചികിത്സയിലാണ്. 15 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന Acquired Haemophilia A എന്ന അസുഖമാണ് നീതുവിന് എന്ന് ഡോക്ടർമാർ സ്ഥിതീകരിച്ചു. ഇവർ എറണാകുളം Lissie Hospital-ഇൽ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഗർഭാവസ്ഥയിൽ തന്നെ രോഗബാധ ഉണ്ടായിരുന്ന നീതു 19/11/2018-ഇന് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. അതേതുടർന്ന് രക്തസ്രാവം ഉണ്ടായപ്പോൾ 26/11/2018 മുതൽ അത്യാസന്ന (ICU) വിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ 30/11/2018-ഇന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും, തുടർന്ന് ജീവൻ നിലനിർത്താൻ ventilatorഇന്റെ സഹായം വേണ്ടി വന്നു. ഇപ്പോഴും നീതു അപകടനില തരണം ചെയ്തിട്ടില്ല.

രാജഗിരി ആശുപത്രിയിൽ Gynaecology വിഭാഗം Dr. VP Paily-യുടെയും Hematology വിഭാഗം Dr. Mobin Paul-ഇന്റേയും ചികിത്സയിലാണ് ഇവർ ഇപ്പോൾ. ഇവരുടെ ചികിത്സക്ക്‌ ഇതുവരെ 16 ലക്ഷം രൂപയോളം ചിലവായിട്ടുണ്ട്. ദിവസേന 3.60 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും (Nova7, FEIBA) ഇഞ്ചക്ഷനുകളും ചികിത്സക്കായി ആവശ്യമുണ്ട്. ഇവരുടെ നവജാത ശിശുക്കൾക്കും അസുഖബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ സംശയിക്കുന്നു.

Contract വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സജിത്തിന് ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്. തുടർചികിത്സക്ക് പണം കണ്ടെത്താനാകാതെ അവരുടെ കുടുംബം പ്രയാസത്തിലാണ്. നീതുവിന്റെ ജീവൻ നിലനിർത്തുവാൻ സുമനസ്സുകളുടെ പ്രാർത്ഥനയും സഹായവുമുണ്ടെങ്കിലേ സാധിക്കൂ. ആയതിനാൽ ഉദാരമതികൾ തങ്ങളാൽ കഴിയുന്നവിധം സഹായിച്ചു ഈ അമ്മയുടെ ജീവൻ രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു . 

Contact : Sajith John 7034991120 , 9946923303

Account Details:
Name: Mr Sajith John & Mrs Neethu Sajith
Bank: Federal Bank Ltd. 
Branch: Mookanore Branch. 
A/c No: 10470100141368
IFSC Code: FDRL0001047
Phone : 0484-2615519

Hospital Details:
Rajagiri Hospital, Near GTN Junction, Chunangamvely Aluva- 683112
UHID No: RAJH.18224487
Phone : 0484-2905000

NEWS courtesy: Information & Public Relations Department,Govt of Kerala - Ernakulam Unit
Verified by Jyothis Thaliath on 04/12/18 at 6 pm.

വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറയുടെ പ്രശ്‌നം: ഹരിശ്രീ അശോകന്‍

കാക്കനാട്: വിശപ്പിന്റെ വിലയറിയാത്തതാണ്  പുതു തലമുറ നേരിടുന്ന പ്രശ്‌നമെന്ന് സിനിമാ താരം ഹരിശ്രീ അശോകന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്.  ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്നതോടൊപ്പം തങ്ങളുടെ മക്കളെ കൃത്യമായി നിരീക്ഷിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് ശാസനാ രീതി വിട്ട്‌സ്‌നേഹ പൂര്‍വ്വമായ രീതിയില്‍ ഇടപഴകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു.ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തന മികവിനായി ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രളയത്തില്‍ നാശം സംഭവിച്ച സ്‌കൂളുകളെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുനരുദ്ധരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സ്വയ രക്ഷക്കായുള്ള കളരി അടക്കമുള്ള ആയോധന മുറകള്‍  സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉടന്‍ നടപ്പാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.. അയ്യപ്പന്‍ കുട്ടി, അംഗങ്ങളായ ജോര്‍ജ് ഇടപ്പരത്തി, ശാരദാ മോഹന്‍, സരള മോഹന്‍, ഹിമഹരി, റസിയ റഹ്മാന്‍ ,കെ.പി.എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജാന്‍ സി ജോര്‍ജ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.വി.ബാബു നന്ദിയും പറഞ്ഞു.ജില്ലയിലെ 58 സ്‌കൂളുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പുകള്‍ വിതരണം ചെയ്തത്.
സ്‌കൂള്‍ ലൈബ്രററികള്‍ക്കായി ജില്ലാ പഞ്ചായത്ത് നല്‍കുന്ന കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം സിനിമാ താരം ഹരിശ്രീ അശോകന്‍ നിര്‍വഹിക്കുന്നു.

പെരിയാറിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുആലുവ : ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മത്സ്യവകുപ്പ് വഴി നടപ്പിലാക്കുന്ന "പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ആശാ സനിൽ നിർവഹിച്ചു. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിത ചൂഷണം, മത്സ്യ രോഗങ്ങൾ എന്നീ കാരണങ്ങളാൽ നശിച്ചു കൊണ്ടിരിക്കുന്ന ഉൾനാടൻ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. പൊതു ജലാശയങ്ങളിൽ റാഞ്ചിംഗ് പദ്ധതിപ്രകാരം ആണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് ഇതുപ്രകാരം 1.2 ലക്ഷം കാർപ്പ് മത്സ്യം പുഴയിൽ നിക്ഷേപിച്ചു ജില്ലയിലുടനീളം 15 കേന്ദ്രങ്ങളിൽ ഇത്തരത്തിൽ മത്സ്യ നിക്ഷേപം നടത്തും. 
ആലുവ കടത്ത് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ മുത്തലിബ് അധ്യക്ഷതവഹിച്ചു ആലുവ നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാം മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രതിനിധികളായ സരള മോഹൻ, റസിയ റഹ്മത്ത്, എം.ടി. ജേക്കബ്, ഹിമ ഹരീഷ്, കെ.വൈ. ടോമി, ജോളി ബേബി, കൗൺസിലർ ലളിത ഗണേഷ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്.മഹേഷ്, ഫിഷറീസ് എക്സ്റ്റഷൻഷൻ ഓഫീസർ ഡോ.സീമ. സി, അസി.എക്സ്റ്റൻഷൻ ഓഫീസർ ദേവി ചന്ദ്രൻ , കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈ. പ്രസിഡന്റ് സൗജത് ജലീൽ, മെമ്പർമാരായ എം.ഐ. ഇസ്ലയിൽ, ബീന എന്നിവർ പങ്കെടുത്തു.


സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ യോഗം ചേർന്നു

കൊച്ചി: കേരള നിയമസഭ, കേരള പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ യോഗം ചേർന്നു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചേർന്ന യോഗം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ച് അടിസ്ഥാനപരമായ അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടി അടുത്ത വർഷം ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അവസാനിക്കും. ഇന്ത്യൻ ഭരണഘടന നിർമ്മാണത്തിന്റെ നാൾവഴികൾ, മൗലികാവകാശങ്ങൾ, മതനിരപേക്ഷത, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, പൗര ജീവിതം, ലിംഗ സമത്വം എന്നിവയെ സംബന്ധിക്കുന്ന ഭരണഘടന ഭാഗങ്ങൾക്കാണ് പരിപാടി ഊന്നൽ നൽകുന്നത്. ജനുവരി 26ന് 15,000 പേരെ സംഘടിപ്പിച്ച് ഭരണഘടന സംരക്ഷണ സംഗമം തിരുവനന്തപുരത്ത് വച്ച് നടത്തും. 

സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ദീപ ജയിംസ്, സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ കോഡിനേറ്റർമാർ, അസിസ്റ്റൻറ് കോഡിനേറ്റർമാർ, വികസന വിദ്യാകേന്ദ്രം പ്രേരക്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചേർനസാക്ഷരതാ മിഷൻ വിദ്യാകേന്ദ്രം പ്രേരക്മാരുടെ യോഗം സംസ്ഥാന സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്യുന്നു.

എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി

കൊച്ചി: 2018-19 ലെ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍  റെയിഡുകളും, വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി; കള്ളുഷാപ്പുകളും, വിദേശ മദ്യ വില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. പ്രധാന റോഡുകളില്‍ വാഹനപരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിംഗ് പാര്‍ട്ടികളും  ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും സജ്ജമാണ്., വ്യാജമദ്യ-മയക്കുമരുന്ന് നിര്‍മ്മാണം, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്,  മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്-റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.
മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്-വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ ഉടനടി വിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 0484 2390657, 9447178059 
അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 04842627480, 9496002867
ജില്ലാ കണ്‍ട്രോള്‍ റൂം 04842390657, 9447178059, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം  04842393121, 9400069552, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 04842623655, 9400069560, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 04842215120, 9400069554, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203, 9400069559, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 04852824419, 9400069562, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 04852832623, 9400069564, 
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം  04842627480, 9400069550, 
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187, 9400069557, 
എക്‌സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 04842392283, 9400069565, 
എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 04842785060, 9400069566, 
എക്‌സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 04842221998, 9400069567, 
എക്‌സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297, 9400069568, 
എക്‌സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280 9400069569, 
എക്‌സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 04842511045, 9400069570, 
എക്‌സൈസ് റേഞ്ച് ഓഫീസ്, ആലുവ 04842621089 9400069571, 
എക്‌സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 04842458484 9400069572, 
എക്‌സൈസ് റേഞ്ച് ഓഫീസ്, കാലടി 04842461326 9400069573, 
എക്‌സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍ 04842590831 9400069574 
എക്‌സൈസ് റേഞ്ച് ഓഫീസ്, മാമല 04842786848 9400069575, 
എക്‌സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 04852836717 9400069576, 
എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം04852241573 9400069577, 
എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 04852826460 9400069578, 
എക്‌സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 04852572861, 9400069579

കരുമാലൂര്‍ പഞ്ചായത്തില്‍ ലോക മണ്ണുദിനാചരണം നടത്തികൊച്ചി: സംസ്ഥാന മണ്ണു പര്യവേക്ഷണ  മണ്ണു സംരക്ഷണ വകുപ്പിന്റെയും കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല മണ്ണു ദിനാചരണം നടത്തി. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനവും ഇതോടൊപ്പം നടത്തി. ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് പ്രളയാനന്തര  കൃഷിയും പരിപാലനമുറകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കുമരകം പ്രാദേശിക വികസന കേന്ദ്രത്തിലെ റിട്ട. പ്രൊഫസര്‍ ഡോ എന്‍ കെ ശശിധരന്‍ സെമിനാര്‍ അവതരിപ്പിച്ചു. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന  പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. കൂടാതെ ലോക മണ്ണുദിനത്തോടനുബന്ധിച്ച് ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന, ഉപന്യാസ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം  കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമൈബ യൂസഫ് നിര്‍വഹിച്ചു.

കരുമാലൂര്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല പി നായര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബി എസ് അനുരാധ, കൃഷി ഓഫീസര്‍ അതുല്‍,  പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍: ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കരുമാലൂര്‍ പഞ്ചായത്തില്‍ സംസ്ഥാന മണ്ണു പര്യവേക്ഷണ  മണ്ണു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

അശ്വമേധം ക്യാമ്പയിന് പറവൂർ ബ്ലോക്കിൽ തുടക്കമായികൊച്ചി: കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഡിസംബർ 5 മുതൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗനിർണയ ഭവന സന്ദർശന പരിപാടി അശ്വമേധത്തിന് പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.

ആരംഭത്തിൽ കണ്ടുപിടിച്ച് ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം. നിറം മങ്ങിയതോ ചുവന്നതോ ആയ സ്പർശന ശേഷി കുറഞ്ഞ പാടുകൾ, പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളിൽ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചർമം, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ. സംസ്ഥാനത്ത് കുഷ്ഠ രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഒരു വർഷത്തിനിടെ കേരളത്തിൽ രോഗം ബാധിച്ച 273 പേരാണുള്ളത്. ഇതിൽ 21 പേർ കുട്ടികളാണ്. രോഗം തിരിച്ചറിഞ്ഞ് തുടക്കം മുതൽ ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാൻ സാധിക്കും. അശ്വമേധം ക്യാമ്പെയിനിൽ എല്ലാവരും സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ് അഭ്യർത്ഥിച്ചു.

ഏഴിക്കര ഹെൽത്ത് സൂപ്പർവൈസർ ഇ.വി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ഗീത പ്രതാപൻ, ശിവരാമൻ, ഷീബ സൈലേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഡിസംബർ 5 മുതൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗനിർണയ പരിപാടി അശ്വമേധത്തിന്റെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നു.

കോതമംഗലത്ത് മുൻസിഫ് കോടതി പരിഗണനയിൽ : മുഖ്യമന്ത്രിതിരുവനന്തുപുരം : കോതമംഗലത്ത് മുൻസിഫ് കോടതി വേണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചു വരുന്നതായി  മുഖ്യമന്ത്രി പിണറായി വിജയൻ , ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.നിലവിൽ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ മുവാറ്റുപുഴ മുൻസിഫ് കോടതിയെ ആണ് ആശ്രയിക്കുന്നതെന്നും അതിനാൽ കോതമംഗലത്ത് മുൻസിഫ് കോടതി ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിൽ ആഭ്യന്തര വകുപ്പിൽ C5/36/17 ആഭ്യന്തരം എന്ന ഫയലിൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ എന്നുമുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടി ആയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ കോതമംഗലത്തുള്ള രണ്ട് മജിസ്ട്രേറ്റ് കോടതികളിൽ ഒന്നിൽ മുൻസിഫ് ചാർജ് കൊടുത്ത് മുൻസിഫ് കം മജിസ്ട്രേറ്റ് കോടതി ആക്കി മാറ്റിയാൽ അധിക ചെലവില്ലാതെ മുൻസിഫ് കോടതി ആരംഭിക്കുവാൻ കഴിയുമോ എന്നും,ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നും എന്തെങ്കിലും റിപ്പോർട്ട് സർക്കാരിൽ ലഭ്യമായിട്ടുണ്ടോ എന്നും എംഎൽഎ നിയമസഭയിൽ ചോദിച്ചു.നിലവിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 1 നെ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവർത്തനം ചെയ്യുന്നതിനുള്ള ഹൈക്കോടതി രജിസ്ട്രാറുടെ പ്രൊപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചിരുന്നതായും 25 തസ്തികയോളം പുതുതായി സൃഷ്ടിക്കേണ്ടതിനാൽ പ്രളയാനന്തര സംസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകേണ്ടതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും  മുഖ്യമന്ത്രി നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.

Popular Posts