‘ഈ മരം’ (e-Tree) പദ്ധതി.


ഴിഞ്ഞ ഒരു കൊല്ലം ലോകവ്യാപകമായി എത്ര മരങ്ങൾ മുറിച്ചു നീക്കി എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? അന്വേഷിച്ചാലും കൃത്യമായിട്ടൊരു കണക്ക് കണ്ടുപിടിക്കൽ ബുദ്ധിമുട്ടായിരിക്കും. വികസനത്തിന്റെ പേരിലും പേപ്പറിനും കെട്ടിട നിർമ്മാണത്തിനുമൊക്കെയായി കോടാനുകോടി മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നത്. പക്ഷെ, അത്രയ്ക്ക് തന്നെ മരങ്ങൾ കൊല്ലാകൊല്ലം വെച്ചുപിടിപ്പിക്കപ്പെട്ടിട്ടുണ്ടോ ? അതും കണക്കെടുപ്പ് നടത്തേണ്ട വിഷയമാണ്. മുറിക്കുന്ന അതേ കണക്കിൽത്തന്നെ വെച്ചുപിടിപ്പിച്ചാലും അതേ പൊക്കവും വണ്ണവുമുള്ള മറ്റൊരു മരം ഉണ്ടായി വരാൻ അനേകം വർഷങ്ങളെടുക്കും. അങ്ങനെ നോക്കിയാൽ ഒരു മരം മുറിക്കുമ്പോൾ 10 മരം വെച്ചുപിടിപ്പിച്ചാലും മുറിച്ചുമാറ്റിയതിന്റെ കടം തീർക്കാൻ സാധിച്ചെന്ന് വരില്ല.

ഇന്നിപ്പോൾ നാട്ടിൻ‌പുറങ്ങളിൽ‌പ്പോലും മരങ്ങൾ കാണാൻ ബുദ്ധിമുട്ടായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ, വയനാട് പോലെ കാടുകളുള്ള ഇടങ്ങളിലൊക്കെ, ഭൂമിക്കച്ചവടം മന്ദഗതിയിലായപ്പോൾ കൈവശമുള്ള ഭൂമിയിൽ നിന്ന് മരമെങ്കിലും മുറിച്ച് കുറേ പണമുണ്ടാക്കാം എന്ന മനോഭാവത്തോടെയാണ് ജനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരിക്കുന്ന കൊമ്പാണ് മുറിച്ച് മാറ്റുന്നത് എന്നറിഞ്ഞും അറിയാതെയും, ജീവന്റെ ആധാരമായ മരങ്ങൾ നമ്മൾ വെട്ടിവീഴ്ത്തിക്കൊണ്ടേയിരിക്കുന്നു.

ആഗോളതാപനം, മഴക്കുറവ്, തന്മൂലം വൈദ്യുതിയില്ലായ്മ, എന്നതിന്റെയൊക്കെ കണക്ക് വേണമെങ്കിൽ കിറുകൃത്യമായി നിരത്താൻ നമുക്കായെന്ന് വരും. അതുമൂലം അനുഭവിച്ചുകൊണ്ടിരിക്കുന്ന കെടുതികളുടെ കണക്കവതരിപ്പിക്കാനും ബുദ്ധിമുട്ടുണ്ടായെന്ന് വരില്ല. ഇതൊക്കെ അനുഭവിച്ച് അതിന് ‘കാരണക്കാരായ’ സർക്കാറുകളേയും മറ്റ് അധികാരികളേയും ചീത്ത വിളിക്കാത്തവർ ചുരുക്കമായിരിക്കും. സത്യത്തിൽ ഭരണാധികാരികൾ ആണോ ഇതിനൊക്കെ കാരണക്കാർ ? ഓരോ ജനതയ്ക്കും അവരർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടൂ എന്നത് പരമമായ സത്യമാണ്. നമ്മളെന്തു ചെയ്തു ഇതിനൊക്കെ എതിരായി എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ? നമ്മൾ ചെയ്യാത്തത്, നമ്മൾ തിരഞ്ഞെടുത്തയക്കുന്നവർ ചെയ്യണമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത് ?

വിഷയത്തിലേക്ക് വരാം. മഴയില്ല, വെള്ളമില്ല, കറന്റില്ല, ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന പരാതികൾ പറയുന്നവർ ഓരോരുത്തരും അവരവരുടെ പങ്ക് കൂടെ ചെയ്യാൻ തയ്യാറാകണം. എന്നുവെച്ചാൽ ഏറ്റവും ചുരുങ്ങിയത്, ഒരു കൊല്ലത്തിൽ ഒരു മരമെങ്കിലും വെച്ചുപിടിപ്പിക്കാൻ സന്നദ്ധരാവണം. ഒരുപാട് പ്രകൃതി സ്നേഹികൾ വർഷങ്ങളായി പെടാപ്പാട് പെട്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു പഴയ കാര്യം മാത്രമാണിത്. പക്ഷെ, ലക്ഷക്കണക്കിന് ആൾക്കാർ മരം വെട്ടാൻ നിൽക്കുമ്പോൾ ഒന്നോ രണ്ടോ പേരുടെ മാത്രം വനവൽക്കരണം, വനരോദനമായി മാറുന്ന ദയനീയമായ കാഴ്ച്ചയാണ് നമുക്ക് മുന്നിലുള്ളത്.

പൊതുസമൂഹത്തിൽ ഇറങ്ങി ഒരു ആശയം നടപ്പിലാക്കുന്ന കാര്യം വരുമ്പോൾ നമ്മൾ ഓൺലൈൻ സുഹൃത്തുക്കൾക്ക് പലപ്പോഴും ഒരുപാട് എളുപ്പത്തിൽ അക്കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട്ടുകാരനായ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ എന്ന പ്രകൃതിസ്നേഹിയുടെ കാര്യമെടുക്കാം. ഒരു മരം എന്ന പദ്ധതിയുമായി വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ് അദ്ദേഹം. സമൂഹത്തിൽ നേരിട്ടിറങ്ങി മരം വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമ്പോൾ അദ്ദേഹം എടുക്കുന്ന അദ്ധ്വാനം എത്രയോ വലുതാണ്. അത്രയ്ക്ക് അദ്ധ്വാനമില്ലാതെ ഓൺലൈനിലൂടെ നമുക്ക് ഇതേ ആശയം പ്രചരിപ്പിക്കാൻ സാധിക്കും. മഴയില്ലാത്തതിനും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനുമൊക്കെ മറ്റുള്ളവരെ പഴി ചാരി കമന്റുകൾ അടിച്ചുവിടുന്നതിന് പകരം, ഒരു മരം വെച്ചുപിടിപ്പിച്ചശേഷം ഒരൊറ്റ ഷെയറിലൂടെ ആ നല്ല ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശോഭീന്ദ്രൻ മാഷ് ചിലവഴിക്കുന്ന ഊർജ്ജത്തിന്റെ 100 ൽ ഒരംശം പോലും നമുക്ക് ആവശ്യമില്ല.

ചെയ്യേണ്ടത് ഇതാണ്. മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് വിശ്വസിക്കുന്നവർ അവരവരുടെ പുരയിടത്തിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് ഒരു മരമെങ്കിലും നട്ടുവളർത്തുക. ഈ ലേഖനം വായിക്കുന്നവരിൽ തറവാട്ടുവക പുരയിടമായിട്ടെങ്കിലും 3 സെന്റ് സ്ഥലം ഇല്ലാത്തവർ വളരെ ചുരുക്കമല്ലേ ? അതിൽ എവിടെയെങ്കിലും ഒരു മരം നടാനുള്ള സ്ഥലം കണ്ടെത്താനാവില്ലേ? ഒന്നിലധികം മരങ്ങൾ നടാൻ പറ്റുന്നവർക്ക് അതുമാകാം. (ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് ഇതേ കർമ്മം ചെയ്യാൻ പറ്റില്ല എന്നതുകൊണ്ട് ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക, പ്രചരിപ്പിക്കുക. ഒപ്പം ബാൽക്കണിയിൽ എവിടെയെങ്കിലും നാല് ചട്ടികളിൽ ചെടികളെങ്കിലും വെച്ച് പിടിപ്പിക്കുക.)

ഒരു മരം നട്ടതുകൊണ്ട് മാത്രം കാര്യമായില്ല. അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഓൺലൈനിലൂടെ തന്നെ ഷെയർ ചെയ്യുക. ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും അത് ചെയ്തിരിക്കണം. മരം നടുമ്പോൾ ഒരു ഫോട്ടോ എടുത്ത് അത് ഓൺലൈനിൽ ഇടുക. ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിങ്ങനെ നെറ്റ്‌വർക്ക് സൈറ്റുകൾ ഉപയോഗിക്കുന്നവർക്കിടയിലാണ് ഇത് പ്രചരിപ്പിക്കപ്പെടാൻ പോകുന്നത് എന്നതുകൊണ്ട് ഇപ്പറഞ്ഞ കാര്യം ആർക്കും ഒരു വിഷയം ആകുന്നതേയില്ല. അവരവർ ആദ്യം ഇട്ട ചിത്രത്തിനടിയിൽ മരത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ കമന്റായോ അല്ലെങ്കിൽ പുതിയൊരു ചിത്രമായോ 3 മാസത്തിൽ ഒരിക്കലെങ്കിലും ചേർക്കുക.

ആയിരം പേരെയെങ്കിലും ഈ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചാൽ പത്തിരുപത് വർഷം കഴിയുമ്പൊൾ 1000 മരങ്ങളുടെ ഗുണങ്ങളെങ്കിലും നമുക്ക് അനുഭവിക്കാനാകുകയാണ്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഓൺലൈൻ സുഹൃത്തുക്കൾക്കും ഈ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനാകും. അവരവരുടെ വീടുകളിൽ പറഞ്ഞ് ചട്ടം കെട്ടി, ഒരു മരം നടാനുള്ള ഏർപ്പാട് ചെയ്യാനും അതിന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച് ഓൺലൈനിൽ ഷെയർ ചെയ്യാനുമൊക്കെ ഒരു ബുദ്ധിമുട്ടുമില്ല. നട്ട മരത്തെ നോക്കി സംരക്ഷിക്കാനും ഏർപ്പാട് ചെയ്യണം. ഏതെങ്കിലും കാരണവശാൽ നട്ട മരം നശിച്ചുപോകുകയോ പശുതിന്ന് പോകുകയോ ചെയ്താൽ ഉടനടി മറ്റൊരു മരം നട്ട് പദ്ധതിയുമായി മുന്നോട്ട് പോകുക.

എല്ലാ വർഷവും ഓരോ മരങ്ങളെങ്കിലും ഇങ്ങനെ നടാനായാൽ, 10 കൊല്ലം കൊണ്ട് ലക്ഷക്കണക്കിന് മരങ്ങൾ ഇങ്ങനെ നട്ടെടുക്കാൻ കഴിഞ്ഞാൽ, അതിൽ‌പ്പരം മഹത്തായ കാര്യം മറ്റെന്തുണ്ട് ?!

ഇങ്ങനൊരു പദ്ധതിയുമായി ‘നമ്മുടെ ബൂലോകം‘ കൂട്ടായ്മ മുന്നോട്ട് പോകുകയാണ്. അതിലേക്കായി സ്വന്തം രൂപം ചേർത്തുവെച്ച് ഒരു കാരിക്കേച്ചർ വരച്ച് തരികയും പദ്ധതിക്ക് ‘ഈ മരം‘ (e-Tree) എന്ന് പേരിടുകയും ചെയ്തിരിക്കുന്നത് പ്രമുഖ കാർട്ടൂണിസ്റ്റും ബ്ലോഗറുമായ ശ്രീ.സജ്ജീവ് ബാലകൃഷ്ണൻ എന്ന സജ്ജീവേട്ടനാണ്. ഓൺലൈനിലൂടെയുള്ള സംരംഭം ആയതുകൊണ്ടാണ് അദ്ദേഹം ഈ പദ്ധതിയ്ക്ക് ‘ഈ മരം‘ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

സജ്ജീവേട്ടന്റെ ഈ മരം കാരിക്കേച്ചർ

ഈ പദ്ധതിയുമായി സഹകരിക്കാൻ താൽ‌പ്പര്യമുള്ളവർക്ക് ചിത്രങ്ങൾ പ്രദർശിപ്പിക്കാനും മരത്തിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുമായി ഫേസ്‌ബുക്കിൽ ഒരു പേജ് ആരംഭിച്ചിട്ടുണ്ട്. താൽ‌പ്പര്യമുള്ളവർക്ക് അതിൽ അംഗങ്ങളായി തങ്ങളുടെ ഓരോരുത്തരുടേയും മരത്തിന്റെ ചിത്രം അവിടെ പ്രദർശിപ്പിക്കാം. അക്ഷരമാല ക്രമത്തിലുള്ള ഫോട്ടോ ഫോൾഡറുകളിൽ ആ ചിത്രങ്ങൾ ഓരോന്നും പ്രദർശിപ്പിക്കുന്നതാണ്. ഫോൾഫേസ്‌ബുക്കിന് പകരം ബ്ലോഗുകളോ മറ്റ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളോ ഉപയോഗിക്കുന്നവർക്ക് ചിത്രങ്ങൾ അതാത് ഇടങ്ങളിൽ ഇടുകയും പ്രചരിപ്പിക്കുകയും ആവാം.

സജ്ജീവേട്ടൻ ബിലാത്തി നെല്ലി നടുന്നു.

നെല്ലി തൈയ്ക്ക് അൽ‌പ്പം വെള്ളം.

നല്ലൊരു നാളെയാണ് നമ്മുടെ ലക്ഷ്യം. അതിലേക്കായി ഒരു ചെറുവിരലെങ്കിലും അനക്കാനാകുമെങ്കിൽ അത് ചെയ്യുക. ആദ്യത്തെ മരം സജീവേട്ടൻ തന്നെ അദ്ദേഹത്തിന്റെ പുരയിടത്തിൽ നട്ടുകൊണ്ട് ‘ഈ - മരം‘ പദ്ധതി ആരംഭിക്കുന്നു. നിരവധി ഫലവൃക്ഷങ്ങളും മറ്റ് മരങ്ങളും വളർന്നു വരാൻ നമ്മൾ ഓൺലൈൻ സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന പ്രാർത്ഥനയോടെ.

11 Responses to "‘ഈ മരം’ (e-Tree) പദ്ധതി."

 1. "മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് വിശ്വസിക്കുക"

  നിരവധി ഫലവൃക്ഷങ്ങളും മറ്റ് മരങ്ങളും വളർന്നു വരാൻ നമ്മൾ ഓൺലൈൻ സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന പ്രാർത്ഥനയോടെ.......

  ReplyDelete
 2. സ്ക്കൂൾ കുട്ടികൾക്ക് എന്റെ മരം പദ്ധതി ഉണ്ടായിരുന്നു. ആ മരമൊക്കെ എവിടെ പോയെന്നറിയില്ലെങ്കിലും നമുക്ക് ഈ മരം നടാം.

  ReplyDelete
 3. -ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് ഇതേ കർമ്മം ചെയ്യാൻ പറ്റില്ല-

  എന്തുകൊണ്ട് പറ്റില്ല... ഫ്ലാറ്റായാലും മിക്ക ഫ്ലാറ്റുകൾക്കും പൊതു കളിയിടങ്ങളുണ്ട്... അവിടെയൊക്കെ മരങ്ങൾ നടാൻ ശ്രമിക്കാം... അസോസിയേഷന്റെ തീരുമാനം വേണമെങ്ങിൽ അതിനും ശ്രമിക്കാം... ഫ്ലാറ്റിന്റെ മുൻപിലെ വഴിയരികിൽ മരങ്ങൾ നടാം...

  വളരെ മുൻപെ തന്നെ, ഞാനെന്റേതായ വഴികളിലൂടെ മരത്തിനായി ശ്രമിക്കുന്നുണ്ട്... ഞാൻ നട്ട മരങ്ങളുടെ പടം പ്ലസിലിട്ട് പലർക്കും പ്രചോദനമാകാൻ ശ്രമിക്കുന്നുണ്ട്...

  മരങ്ങളിലൂടെയുള്ള കൃഷിയും പ്രോൽസാഹനാർഹമാണ്... പലപ്പോഴും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായുള്ള ചർച്ചകളിൽ അതൊന്നും വരുന്നത് കാണുന്നില്ല...

  ReplyDelete
 4. വളരെ നല്ല തുടക്കം. ഇഷ്ടമായി. ഇത് വരെ കണ്ടിട്ടുള്ള ഓണ്‍ലൈൻ മുന്നേറ്റങ്ങളിൽ ഏറ്റവും പ്രാധ്ന്യമാർഹിക്കുന്നതും ഫലവത്താകുന്നതുമായ ഒരു പ്രൊജക്റ്റ്‌. 'ഈ മരം' എന്ന പേര് തന്നെ വൈവിധ്യമാണ്.(Kudos to Sajeevettan). ഉടന്‍ തന്നെ ഞാന്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നതാണ്. എല്ലാ ആശംസകളും നേരുന്നു. ചാറ്റില്‍ ക്ഷണം അയച്ച മനോജേട്ടന്(നിരക്ഷരന്‍) പ്രത്യേക നന്ദി. :) അപ്പൊ എല്ലാവരും വേഗം മരം നട്ടോളൂ.. :)

  ReplyDelete
 5. മരം സമം വരം എന്നാണല്ലോ പറയുക


  എന്നാലും മ്മ്ടെ സജ്ജീവ് ഭായ്
  ബിലാത്തിയെ ചട്ടീലാക്കി കളഞ്ഞല്ലോ...!

  ReplyDelete
 6. തീർച്ചയായും നാം നിർബ്ബന്ധമായും അറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മരം നടാൻ തയ്യാറാവുന്നവർക്ക് പ്രോത്സാഹനമായി എന്നും കൂടെ നിൽക്കും....

  ReplyDelete
 7. ഗംഭീര തുടക്കം! മുഴുവൻ ബ്ലോഗർ മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ പങ്കാളികളാക്കാൻ ശ്രമിക്കണം. പ്രകൃതി സ്നേഹം ഫെയ്സ്ബുക്കിലെ ലൈക്ക്‌ ബട്ടൺ അമർത്തൽ അല്ല!

  ReplyDelete
 8. ഇന്നൊരു മരം നാളെയത് തണല്‍ ..ആശംസകള്‍

  ReplyDelete
 9. തികച്ചും അവിചാരിതമായി ഇവിടെയെത്തി
  കുറേ വർഷങ്ങളായി ഞാൻ ആഗ്രഹിക്കുകയും
  ഒപ്പം എഴുതുകയും പ്രചരണം നടത്തുകയും
  (സോഷ്യൽ സൈറ്റുകളിലൂടെ) ചെയ്തിരുന്ന
  ഒരു സംരംഭം ഇവിടെ പൂവണിഞ്ഞത് കാണുമ്പോൾ
  ഹൃദയം സന്തോഷത്താൽ നിറയുന്നു. ഇതോടുള്ള ബന്ധത്തിൽ
  ഞാൻ ലേഖനങ്ങളും കുറിപ്പുകളും എഴുതി എന്റെ ബ്ലോഗിൽ
  ചെര്തിരുന്നു പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ തിരക്കേറിയ
  നമ്മുടെ ഓരോരുത്തരുടയും ജീവിത ചര്യക്കിടയിൽ അതിനു
  ഒരു തണുത്ത response മാത്രെമേ ലഭിച്ചുള്ളൂ. ചില ലിങ്കുകൾ
  ഇവിടെ ചേര്ക്കുന്നു.
  മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!
  ഒരു കവിത: മരങ്ങളില്‍ മനുഷ്യ ഭാവി: ഒരാഹ്വാനം
  PS:
  Niraksharan Manoj പോലും ഇതേപ്പറ്റി പറഞ്ഞു കണ്ടില്ല.:-(
  fb യിൽ ചേർന്നു, ലിങ്ക് ചിത്രം e.മരം ബ്ലോഗിലും കൊടുത്തിട്ടുണ്ട്‌
  പിന്നെ ഫ്ലാറ്റിൽ വസിക്കുന ഈ നിർഭാഗ്യവാൻ എവിടെ മരം നടും
  അതെത്രേ എന്റെ പേജുകളിൽ ഞാൻ നടത്തുന്ന ശ്രമങ്ങൾ സഞ്ജീവ് ഭായ് നല്ല സംരംഭം, ഇതെപ്പറ്റി ഒരു ചെറു കുറിപ്പ് വൈകാതെ എന്റെ മലയാളം ഇംഗ്ലീഷ് ബ്ലോഗുകളിൽ ചേര്ക്കാം എന്ന് കരുതുന്നു
  എല്ലാ ആശംസകളും
  എഴുതുക അറിയിക്കുക
  നന്ദി നമസ്കാരം

  ReplyDelete
 10. കാർത്തിക്April 13, 2018 at 12:17 AM

  ഒരു മരം മുറിക്കുമ്പോൾ പത്തു മരങ്ങൾ വച്ച് പിടിപ്പിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.മരങ്ങളുടെ കുറവ് മൂലം വെള്ളത്തിറ്റെ യും മഴയുടെയും ലഭ്യത കുറയുന്നു,അതെ ജനങ്ങൾ മനസിലാക്കി വേണ്ട പദ്ധതികൾ സ്വന്തം വീട്ടിൽ തന്നെ തുടങ്ങേണ്ട സമയം ആയിരിക്കുന്നു.അതിന് സാങ്കേതികവിദ്യകളും ഫേസ്ബുക് ,വഹാട്സാപ് തുടങ്ങിയവയിലൂടെയും ജനങ്ങളിൽ എത്തിച് സർക്കാർ അതിനു മുന്നോട്ടു വരുകയും വേണം.
  എന്നാൽ ഒരു മരം ജീവന് ഭീഷണിയും ഓഖി പോലുള്ള പരിസ്ഥികപ്രശ്നങ്ങൾകാരണം ജീവനും സ്വത്തിനും ഭീഷണിയായത് നമ്മൾ കണ്ടുകാണുമല്ലോ.അവിടെ സർക്കാർ വേണ്ട നിർദ്ദേശങ്ങളോ നാശനഷ്ടങ്ങൾ ബാധിച്ച കുടുംബങ്ങൾക്ക്‌ വേണ്ട നഷ്ടപരിഹാരമോ അതുപോലുള്ള പരിഷ്‌തിഥി പ്രക്ഷോഭങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചു??

  ReplyDelete
 11. ഒരു മരം മുറിക്കുമ്പോൾ പത്തു മരങ്ങൾ വച്ച് പിടിപ്പിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.മരങ്ങളുടെ കുറവ് മൂലം വെള്ളത്തിറ്റെ യും മഴയുടെയും ലഭ്യത കുറയുന്നു,അതെ ജനങ്ങൾ മനസിലാക്കി വേണ്ട പദ്ധതികൾ സ്വന്തം വീട്ടിൽ തന്നെ തുടങ്ങേണ്ട സമയം ആയിരിക്കുന്നു.അതിന് സാങ്കേതികവിദ്യകളും ഫേസ്ബുക് ,വഹാട്സാപ് തുടങ്ങിയവയിലൂടെയും ജനങ്ങളിൽ എത്തിച് സർക്കാർ അതിനു മുന്നോട്ടു വരുകയും വേണം.
  എന്നാൽ ഒരു മരം ജീവന് ഭീഷണിയും ഓഖി പോലുള്ള പരിസ്ഥികപ്രശ്നങ്ങൾകാരണം ജീവനും സ്വത്തിനും ഭീഷണിയായത് നമ്മൾ കണ്ടുകാണുമല്ലോ.അവിടെ സർക്കാർ വേണ്ട നിർദ്ദേശങ്ങളോ നാശനഷ്ടങ്ങൾ ബാധിച്ച കുടുംബങ്ങൾക്ക്‌ വേണ്ട നഷ്ടപരിഹാരമോ അതുപോലുള്ള പരിഷ്‌തിഥി പ്രക്ഷോഭങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചു??

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts