മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം


  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.

   48000 കോടി ബാധ്യതയും മാസത്തിൽ നിരവധി ദിവസങ്ങൾ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ട്രഷറിയും 2006ൽ കെ. എം. മാണി ശ്രീ തോമസ് ഐസക്കിനു കൈമാറുമ്പോൾ ആ ബാധ്യതയുടെ അളവ് കേരളത്തിന്റെ മൊത്തം വാർഷികവരുമാനത്തിന്റെ 70% വരുന്ന വൻതുക ആയിരുന്നു. ശ്രീ തോമസ് ഐസക്കിന്റെ ഭരണത്തിൽ 2011 ആയപ്പോഴേക്കും ബാധ്യത 75000 കോടിയായി ഉയർന്നു. അദ്ദേഹം 27000 കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ വാർഷിക വരുമാനത്തിന്റെ 40% ശതമാനമാക്കി ഈ ബാധ്യതയെ കുറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ. ഇത് അദ്ദേഹത്തിനുമാത്രം അഭിമാനിക്കാൻ അവകാശപ്പെട്ട ഒന്നുതന്നെയാണ്.

   ഈ ധനകാര്യ വിദഗ്ദ്ധന്റെ മികവിനു കളങ്കം വരുത്തിയ രണ്ടു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിൽ സംഭവിച്ചുപോയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതിയും ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമാണവ. ഇതിൽ ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

   മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും  സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനു പകരം ഏതു മേഖലയേയും പോലെ കീശവീർപ്പിക്കുന്ന പദ്ധതിസമ്പ്രദായങ്ങൾ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണ് ശുചിത്വമിഷനും അതിന്റെ ഉപജാപക വൃന്ദങ്ങളും. മറ്റു ലക്ഷ്യങ്ങളില്ലാത്ത ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ബഹുമാന്യനായ തോമസ് ഐസക്കിനു പോലും തിരിച്ചറിയാനായില്ല എന്നത് അവരുടെ തന്ത്രപരമായ അവതരണത്തിനുദാഹരണമാണ്.

  ആലപ്പുഴയിൽ ശ്രീ തോമസ് ഐസക് ഇപ്പോൾ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ്കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂർണ്ണമായും നടപ്പിലാകുമ്പോൾ ആലപ്പുഴക്കാർ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യഥാർത്ഥത്തിൽ ഈ പദ്ധതി പൂർത്തിയാക്കപ്പെടുമ്പോൾ കുടിവെള്ളം പൂർണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണു ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ അദ്ദേഹം കാണുന്നില്ല. അങ്ങനെ ഒരു വിപത്തിനെപ്പറ്റി അദ്ദേഹത്തിന് ഈ പദ്ധതി ഉപദേശിച്ചുകൊടുത്തവർക്ക് അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയെ മറികടക്കാനുള്ള ഭീമമായ തുകക്കുള്ള വഴി ഇപ്പോഴേ തേടുന്നതു നന്നായിരിക്കും.

  സുരക്ഷിതമായ മാലിന്യസംസ്കരണത്തിന് നൂറു ശതമാനവും പരിസ്ഥിതിയുമായി യോജിക്കുന്ന ബയോറിയാക്ടറുകൾ സ്ഥപിച്ചുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഹരിത ഇന്ധനവും കൃഷിക്ക് ഏറ്റവും യോജിച്ച ലിക്വിഡ് മാന്വറുമാണ് ഇതിന്റെ ഉല്പന്നങ്ങൾ. കേരളത്തിലെ മാലിന്യസംസ്കരണ വിദഗ്ദ്ധർക്കും ശാസ്ത്രവും സാഹിത്യവുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ഉപദേശകർക്കുമൊക്കെ ഇക്കാര്യം അറിയാഞ്ഞിട്ടല്ല. യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന കത്തിക്കൽ (ഗ്യാസിഫിക്കേഷൻ) പ്ലാന്റുകളുടെ കമ്മീഷന്റെ വലിപ്പമോർക്കുമ്പോൾ ബയോറിയാക്ടർ പ്ലാന്റുകളെക്കുറിച്ച് അവർക്ക് മിണ്ടാൻ കഴിയില്ലല്ലോ (ശ്രീ തോമസ് ഐസക്കിന്റെ “ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ വാർഡ്” എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ൽ മാതൃഭൂമിയിൽ വന്ന സുധീഷ്മേനോന്റെ ലേഖനത്തിൽ ഇതേക്കുറിച്ചു കൂടുതൽ പ്രതിപാദിച്ചിട്ടുണ്ട്).

   പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ഇതിനു വേണ്ടി മുൻകാല ഭരണാധികാരികൾ മനുഷ്യ വിസർജ്യമടക്കമുള്ള നഗരമലിന്യങ്ങൾ നഗരത്തിനു പുറത്തുകൊണ്ടുപോയി സൂര്യപ്രകാശത്തിലെ അൾട്രാവയൽറ്റ് രശ്മികൾ പ്രയോജനപ്പെടുത്തി ജൈവവളം നിർമ്മിച്ച് കൃഷിക്കാർക്ക് നൽകിയിരുന്നു. 1800കളുടെ അവസാനത്തിൽ യൂറോപ്യൻ കച്ചവടസംസ്കാരത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ക്ലോസറ്റും സെപ്ടിക് ടാങ്കുമടക്കമുള്ള ഉപകരണങ്ങൾ വൻതോതിൽ വായു, ജല മലിനീകരണം സൃഷ്ടിക്കുകയും സെപ്റ്റിക് ടാങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയിൻ ഗ്യാസ് (Ch4) ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രധാന വില്ലനാകുകയും ഭൂമിയിൽ താപനിലക്കു വ്യതിയാനം സംഭവിക്കുന്നതിൽ പ്രധാന പങ്കാളിയാവുകയും ചെയ്തു.


  ബയോഗ്യാസ് പ്ലാന്റുകളിൽ നിന്നും മണ്ണിലേക്കു ചേരുന്ന ജലത്തിൽ ഗുരുതര രോഗാണുക്കളുടെ പടയാണുള്ളത് (ഈ അവസ്ഥ മറികടക്കാൻ പ്ലാന്റിൽനിന്നു പുറത്തെത്തുന്ന സ്ലറി 90 ഡിഗ്രിസെന്റീഗ്രേഡിൽ ചൂടാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയമം തന്നെയുണ്ട്). ഇതൊന്നും അറിയാത്ത മട്ടിൽ ജനങ്ങളെക്കൊണ്ട് മാലിന്യം സംസ്കരിപ്പിക്കുന്ന രീതി ഇവിടെമാത്രമേ കാണൂ. പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗതിയും വിഭിന്നമല്ല.

  നിലവിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്കരണ രീതിയുടെ ഉല്പന്നം ഭാവിയിൽ ജനസമൂഹത്തിനുമേൽ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്. ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ വസിക്കുന്ന സ്ഥലമായി നമ്മുടെ സംസ്ഥാനം മറിയിട്ടുണ്ട്. ഇതിനു പ്രധാനകാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റുകളാണ്. (മനോരമയിൽ 20-11-2013ൽ വന്ന സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും കേരളത്തിലെ 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള മഹേഷ് ഗുപ്തന്റെ റിപ്പോർട്ട് വായിക്കുക).

  മാലിന്യ സംസ്കരണം സുരക്ഷിതമാകണമെങ്കിൽ ബയോറിയാക്ടറുകൾ ഓരോ വാർഡിലും ഉണ്ടാകേണ്ടതുണ്ട്. ഇതിലെ മലിനജലം 90ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കി അണുവിമുക്തമാക്കി ലിക്വിഡ്‌മാന്വറായി കൃഷിക്ക് ഉപയോഗിക്കാം, ജൈവവാതകം പാചകത്തിനും. അഭിനവ ശശിമാരും ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരും ഇതംഗീകരിച്ച് നിർദ്ദേശിക്കാൻ വഴിയില്ല. ബഹുമാന്യനായ ശ്രീ തോമസ് ഐസക് ഈ അഭിനവ ശശിമാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇനിയെങ്കിലും തിരിച്ചറിയുമെന്നുതന്നെ കരുതുന്നു.

ആര്യാടനു തിരിഞ്ഞ സത്യവും ചില തുടർചിന്തകളും...മന്ത്രി ആര്യാടൻ മുഹമ്മദ് ചിലപ്പോൾ സത്യം വിളിച്ചുപറയും. അത് സ്വന്തം പാർട്ടിയിലെ അത്യുന്നതന്മാരുടെ താല്പര്യങ്ങൾക്ക് അത് എതിരാവുകയും ചെയ്യും. ഡീസൽ വില വർദ്ധനയും സബ്സിഡിയുടെ വെട്ടിച്ചുരുക്കലുമായി നട്ടം തിരിഞ്ഞ കെ എസ് ആർ ടി സിയുടെ രക്ഷാകവചമായി ബസ്സുകൾ ഗയിൽ വാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതാണു 4000 കോടി രൂപ. അതാണ് ഗെയിലുമായി നടത്തിയ ആലോചനയിൽ വരും കാലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കി മന്ത്രി ആര്യാടൻ വേണ്ടെന്നു വച്ചത്. സഹായധനം ഉപയോഗിച്ച് ബസ്സുകളെല്ലാം ഗയിൽ വാതകത്തിലേക്കു മാറിക്കഴിയുമ്പോൾ അവരുടെ സ്വഭാവം മാറില്ലെന്ന് ആരുകണ്ടു? ആ സമയത്ത് വാതകവില വർദ്ധിപ്പിച്ചാൽ കെ എസ് ആർ ടി സിയെ മരണത്തിനു വിട്ടുകൊടുക്കുകയോ ഗയിലിനു തീറെഴുതുകയോ അല്ലാതെ മറ്റൊരു ഗതിയുമുണ്ടാവില്ല.

ഗയിൽ  വാതക പദ്ധതികൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ലാഭക്കണക്കുകൾ ശ്രദ്ധിച്ചാൽത്തന്നെ വരും കാല "ഗുണ"ങ്ങളും വ്യക്തമാവും. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിൽ നിന്ന് സബ്‌വേകൾ നിർമ്മിച്ച് പാചകവാതകം കുറഞ്ഞ ചെലവിൽ വീടുകളിലും ലഭ്യമാക്കുമെന്നും അത് കുടുംബ ബജറ്റിൽ കാതലായ മാറ്റമുണ്ടാക്കുമെന്നുമാണു വാഗ്ദാനം. ഭൂമികുലുക്കമോ മറ്റെന്തെങ്കിലുമോ കൊണ്ട് പൈപ്പ്‌ലൈന് എന്തെങ്കിലും സംഭവിച്ചാൽ ഒരു പ്രദേശം മുഴുവൻ തുടച്ചു നീക്കപ്പെടുമെന്നതും ജീവിതകാലം മുഴുവൻ സ്വന്തം ഭൂമിയിൽ അന്യരായി ഭീതിയോടെ ജീവിക്കേണ്ടി വരുമെന്നുള്ളതും മറച്ചുവെക്കുകയാണ്.

വീട്ടമ്മമാർക്ക് ഗ്യാസിനേക്കാൾ ഇൻഡക്ഷൻ കുക്കറുകളോടാണ് ഇന്ന് കൂടുതൽ താല്പര്യം. താരതമ്യേന ഏറ്റവും അപകടം കുറഞ്ഞതും എളുപ്പവും മാലിന്യമുക്തവുമായതും ഇൻഡക്ഷൻ കുക്കറുകൾ തന്നെയാണ്. ആവശ്യത്തിനു വൈദ്യുതി ലഭ്യമായാൽ നമുക്ക് ഏറ്റവും നന്നാകുന്നതും ഇതുതന്നെയാണ്. ഇടക്കിടെയുണ്ടാകുന്ന കറണ്ടുപോക്കാണ് ഇൻഡക്ഷൻ കുക്കറിന്റെ ശാപം. അതുകൊണ്ടുതന്നെ നമ്മുടെ വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ ഗാർഹിക ഗാർഹികേതര വ്യവസായ മേഖലകളിൽ സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം തന്നെ നമുക്കുണ്ടാകും.

ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ടം തീരെയില്ലാതെ ഗയിൽപദ്ധതി നടപ്പിലാക്കാൻ കഴിയും. വാതകത്തിന്റെ വിപണനവും വരുമാനവുമാണ് അവരുടെ ലക്ഷ്യമെങ്കിൽ പദ്ധതി നടപ്പിലാകുന്നതോടൊപ്പം നമ്മുടെ വൈദ്യുതിപ്രതിസന്ധിയും പരിഹരിക്കപ്പെടും. ഇപ്പോൾ ഇവരുടെ സ്റ്റോറേജ് പുതുവൈപ്പിനിലാണുള്ളത്. അവിടെനിന്ന് 5 കിലോമീറ്റർ വടക്ക് മാറിയാണ് ഞാറക്കൽ 220 കെ. വി. സബ് സ്റ്റേഷൻ. ഇവിടേക്കുള്ള വൈദ്യതി കളമശ്ശേരിയിൽ നിന്നാണു കൊണ്ടുവരുന്നത്.

പുതുവൈപ്പിനിൽ എൽ എൻ ജി ടെർമിനലിനോടു ചേർന്ന് 2000 മെഗാവാട്ടെങ്കിലും ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുക. നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യം അവിടെ ലഭ്യമാണ്. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ഞാറക്കലിലും തുടർന്ന് കളമശ്ശേരി വഴി മാടക്കത്തറയിലും വൈദ്യുതിയെത്തിച്ചാൽ അവിടെനിന്ന് ഇന്ത്യയിലെവിടേക്കും എത്തിക്കാൻ ഒരു തടസ്സവുമുണ്ടാവില്ല. ഗയിലിനു വാതകവും ചെലവാകും പൈപ്പ്‌ലൈൻ കടന്നു പോകുന്ന വഴിയിലെ ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും സുരക്ഷിതമാവും. ഒപ്പം നാം നേരിടുന്ന രൂക്ഷമായ വൈദ്യുതപ്രതിസന്ധിക്കും പരിഹാരമാവും. ആര്യാടൻ ഇത്രയൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും ഗയിൽ പദ്ധതിയിലെ ഭാവിയിലെ ലാഭക്കണ്ണുകൾ തിരിച്ചറിഞ്ഞു എന്നത് അംഗീകരിക്കതെ വയ്യ.

ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് പാചകവാതകം എത്തിക്കുമെന്നു പറഞ്ഞ എൽ എൻ ജി കുറഞ്ഞനിരക്കിൽ വൈദ്യുതി എത്തിക്കുമെന്നു തീരുമാനിച്ചാൽ മതി. പൈപ്പ്‌ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കു കൊടുക്കാനുദ്ദേശിക്കുന്ന ഭീമമായ തുകയുടെ ചെറിയ ഭാഗം മതിയാവും പവർപ്ലാന്റ് സ്ഥാപിക്കാൻ. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്‌ത്തിക്കൊണ്ടും "വികസന"പദ്ധതികൾ നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങുമ്പോൾതിനേക്കാൾ മികച്ചതും ആരെയും ബിദ്ധിമുട്ടിക്കാത്തതും എന്നാൽ തങ്ങളുടെ ലക്ഷ്യം നിറവേറുന്നതുമായ രീതിയിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമോയെന്ന് ആരായുന്നത് എപ്പോഴും നല്ലതാണ്. പദ്ധതികൾ വരണം, പക്ഷേ അതു ആളെക്കൊല്ലാനാവരുത്.

കാതികൂടം - പ്രശ്നവും പരിഹാരവും

 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം വിറ്റ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ സമൂഹവും തെല്ലും ശ്രമിക്കുന്നില്ല എതാണു വാസ്തവം.

 മുന്‍കാലങ്ങളില്‍ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയതാണ് നമ്മുടെ എല്ലാ സംവിധാനങ്ങളും. അക്കാലത്ത് അത് നൂതനം തയൊയിരുന്നു. അവ കാലം കഴിയുന്തോറും കാലഹരണപ്പെട്ടതോ പുതിയ ടെക്‌നോളജി വരുമ്പോള്‍ അപരിഷ്‌കൃതമെന്നു തെളിയിക്കപ്പെട്ടതോ ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്. അന്നത്തെ കാഴ്ചപ്പാടുതന്നെ ഏറെ പുരോഗമിച്ച ഇക്കാലത്തും വ്യക്തമായ പാളിച്ചകളും വികലതകളും കണ്ടില്ലെന്നു നടിച്ച് പിന്തുടരണമെന്നു വാശിപിടിക്കുത് അതിനൂതന ഗതാഗത സംവിധാനങ്ങളുള്ള ഇക്കാലത്തും ആദ്യകാല വാഹനമായ കാളവണ്ടിയിലേ സഞ്ചരിക്കൂ എന്നു വാശിപിടിക്കുന്നതു പോലെയാണ്. നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പൊലൂഷന്‍ കൺട്രോള്‍ ബോര്‍ഡിലെ പ്രായോഗിക പരിചയമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തന്നെയാണ്. കമ്പനിയെ നിലവിലുള്ള സ്ഥിതിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയില്ല. മാലിന്യവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഇന്ന് പ്രായോഗിക പരിചയമല്ല കൈക്കൂലിക്കാണ് പ്രാധാന്യം. ശുചിത്വമിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ജ്ജ് ചാക്കശ്ശേരിയുടെ പ്രായോഗിക പരിചയം ഹുമാനിറ്റീസില്‍ ഡോക്ട്രേറ്റ് ബിരുദവും ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിലീപ്കുമാറിന്റേത് സിവില്‍ എന്‍ജിനീയറിംഗുമാണ്. വകുപ്പു കൈകാര്യം ചെയ്യാന്‍ ഏതുതരത്തിലുള്ള പരിചയമാണ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തവുമാണ്.

 ഓസ്സീനിന്റെ നിര്‍മ്മാണത്തിന് എല്ലുകഷണങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാലു ശതമാനം വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡില്‍ അവ വാഷ് ചെയ്യുന്നുണ്ട്. 'ഉപയോഗശൂന്യ'മായ ഈ വെള്ളത്തിന്റെ പി എച്ച് കുമ്മായമുപയോഗിച്ച് ന്യൂട്രലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബയോസോളിഡ് നിറഞ്ഞ ഈ ആസിഡ്‌വാട്ടര്‍ പ്യൂരിഫൈ ചെയ്‌തെന്നു വരുത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഇത് വാട്ടര്‍ ആക്ടിന്റെ പരിധിയിലാക്കാന്‍ വേണ്ടി പ്യൂരിഫിക്കേഷന്‍ ടൈമില്‍ ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. എന്നിട്ടാണ് പുഴയിലൊഴുക്കുന്നത്. അപ്പോഴും ജലത്തിലെ ബയോസോളിഡുകള്‍ക്ക് കുറവു സംഭവിക്കുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഈ രീതിയാണ് കാതികൂടത്ത് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുത്.

 പുറത്തേക്കൊഴുക്കുന്ന ജലത്തില്‍ മാലിന്യത്തിന്റെ കാഠിന്യം കുറവാണെന്നു ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചു പുഴയിലൊഴുക്കുമ്പോഴും പുഴയില്‍ ചേരുന്ന മാലിന്യത്തിന്റെ അളവ് കുറയുന്നില്ല. ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന ജലം ഒഴിവാക്കിയാലും തുല്യ അളവിലേ മാലിന്യം പുഴയില്‍ ചേരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ ഗാഢത കുറക്കാന്‍ ചേര്‍ക്കുന്ന ജലം മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുകൂടേ…?

 വാഷിംഗിനു ശേഷം പുറത്തുവരുന്ന ബയോസോളീഡ് അടങ്ങിയ ആസിഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണു ഇപ്പോള്‍ പോകുന്നത്. അതിനു പകരം ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് ടാങ്കില്‍നിന്ന് പുറത്തേക്കെടുക്കുന്ന സമയം തന്നെ ഓൺലൈനായി ഫില്‍ട്ടര്‍ ചെയ്ത് വെള്ളത്തിലെ ജൈവഖരവസ്തുക്കളെ വേര്‍തിരിച്ചെടുക്കാം. ശേഷമുള്ള ആസിഡ്‌വെള്ളംതന്നെ ആവശ്യത്തിന് ആസിഡ് ചേര്‍ത്ത് അടുത്ത പ്രോസസിംഗിനും ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെയുള്ള നൂതന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോൾ നിഷ്‌കര്‍ഷിക്കുന്ന പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുതുകൊണ്ടാണ് കാതികൂടത്തെ മലിനീകരണത്തിന്റെ തോത് ഇത്രകണ്ട് ഉയരുത്.

 ആസിഡ്‌വെള്ളത്തില്‍ ബയോസോളിഡുകള്‍ക്ക് ഡീഗ്രേഡേഷന്‍ സംഭവിക്കാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നിരിക്കേ ആ സമയത്തിനുള്ളില്‍ അവ ഓലൈനില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിഷ്‌പ്രയാസം സാധിക്കും. വേര്‍തിരിക്കപ്പെടുന്ന വെള്ളം കലര്‍ന്ന ഖരമാലിന്യങ്ങള്‍ യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് ശേഷം ലഭിക്കുന്ന സ്ലഡ്ജും ലിക്വിഡ് മാന്വറും ഒന്നാംതരം ജൈവവളമാക്കി മാറ്റി കൃഷിക്കും മറ്റും ഉപയോഗിക്കാം. മാംസാവശിഷ്ടങ്ങളും ചോരയും നീക്കം ചെയ്ത എല്ലു വാങ്ങാന്‍ കമ്പനി ശ്രദ്ധിച്ചാല്‍ മലിന്യോല്പാദനത്തിന്റെ തോത് വീണ്ടും കുറക്കാം.

 ഈ സംവിധാനം നടപ്പിലാക്കാന്‍ വിവരമില്ലാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ സാധിക്കും എന്നതിലാണു സംശയം. അവര്‍ക്കു ബോധമുണ്ടായിരുങ്കെില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയ്‌ക്കെന്നല്ല കേരളത്തിലെ ഒട്ടുമിക്ക കമ്പനികളുടേയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് എന്നേ പരിഹാരമായേനെ. ഒപ്പം കേരളം അനുഭവിക്കുന്ന രൂക്ഷമായ ഇതര മാലിന്യ പ്രശ്‌നങ്ങള്‍ക്കും. വൈകിയ വേളയിലെങ്കിലും ഇവര്‍ക്ക് ബോധോദയമുണ്ടവാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ നിലവില്‍ മറ്റു വഴിയില്ല.
മല മുലയേക്കാൾ പ്രധാനമാണ്

മല മുലയേക്കാൾ പ്രധാനമാണ്

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാരിൽ കണ്ടുവരുന്ന ചികിത്സയില്ലാത്തതെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തികൾ കാണുമ്പോൾ ചെറിയ സംശയങ്ങൾ തോന്നിപ്പോവുകയാണ്. മാനവ പ്രവൃത്തികൾ മനുഷ്യനുൾപ്പെട്ട ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനും സമുദ്ധാരണത്തിനും വേണ്ടിയുള്ളതാണോ, അതോ അകാലത്തിൽ ചത്തൊടുങ്ങാനാണോ എന്നുള്ളതാണു പ്രധാന സംശയം.

 കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകര താണ്ഡവങ്ങളിൽ നശിപ്പിക്കപ്പെട്ടത് കോടികളുടെ പൊതുമുതലാണ്. ഈ സംഭവങ്ങളൊക്കെ അക്രമമാണോ മറ്റെന്തെങ്കിലുമാണോ എന്നൊക്കെ പറയുന്നതിനു മുമ്പ് ഒന്നു ചോദിക്കാനുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിലും തൊട്ടുമുമ്പുള്ള മാധവഗാഡ്‌ഗിൽ റിപ്പോർട്ടിലും സംസ്ഥാനത്തെ പാവങ്ങളെ ബാധിക്കുന്ന എന്തു കാര്യമാണ് ഉള്ളത്? ഇതിൽ കസ്തൂരിരംഗൻ റിപ്പോർട്ട് പരിശോധിച്ചാൽ കേരളത്തിൽ 124 ദുർബ്ബല പാരിസ്ഥിതിക മേഖലകളുണ്ട് എന്നും അത് കൊല്ലം ജില്ല മുതൽ പടർന്ന് പല മേഖലകളിലായി കിടക്കുന്നു എന്നും അതിലേറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് എന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്.

 പടിഞ്ഞാറേ ഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇത്തരം മേഖലകളിൽ മണൽ, പാറ മുതലായവ ഖനനം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പാറയും മണലും ഖനനം ചെയ്യുന്നത് നിരോധിക്കുമ്പോൾ സ്വാഭാവികമായും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് ആ വിഷയത്തിൽ എന്തെങ്കിലും പരിമിതമായ മറ്റം വരുത്തി റേഷൻ സംവിധാനം വല്ലതും വെക്കണമെന്നുള്ള കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

 പിന്നെപ്പറയുന്നത് 50 ഹെക്ടറിൽ കൂടുതൽ ടൗൺഷിപ്പ് ഈ മേഖലകളിൽ വികസിപ്പിക്കാൻ പാടില്ല എന്നാണ്. നിലവിലുള്ള റെഡ് പട്ടികയിലേതുപോലെയുള്ള വ്യവസായങ്ങൾ, പുഴകൾ മലിനമാക്കുകയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്ന ഒരു വ്യവസായവും തുടങ്ങാൻ പുതുതായി അനുമതി നൽകരുത് എന്നാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 17 വരെ അപ്പീലും കേസുകളുമായിക്കിടക്കുന്ന കുറേ വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിനെ മാറ്റി നിർത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കേണ്ടത്. അതിന് ഉചിതമായ തീരുമാനമെടുക്കാം. അത് ഇതിന്റെ പരിധിയിൽ വരുന്നില്ല. ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടി വനഭൂമിയുടെ ഒരിഞ്ചുപോലും സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കാൻ പാടില്ല. ഇത്തരം കാര്യങ്ങളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. ഇതിനെയാണ് കർഷക ദ്രോഹമെന്നു പറയുന്നത്!

 പാറയും മണലും ഖനനം ചെയ്തത് കർഷകരാണോ..? എന്തിന്റെ പേരിലാണ് ഇപ്പോൾ കേരളത്തിൽ കലപമുണ്ടാക്കിയത്? അതാണ് ആദ്യമന്വേഷിക്കേണ്ടത്. അതിന്റെ കാരണക്കാരെയാണു തുറുങ്കിലടക്കേണ്ടത്. ഇവിടെ ക്രൈസ്തവ ഭീകരതയുടെ ഗൂഢാലോചനയാണു നടക്കുന്നത്. കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് മാണിതന്നെയാണോ ഇതിനു നേതൃത്വം കൊടുക്കുന്നത് എന്നു പോലും സംശയിച്ചുപോകുന്നു.

 കേരളത്തിലെ വനഭൂമികളിൽ ഭൂരിഭാഗവും ഇവർക്ക് പതിച്ചു കൊടുത്തിരിക്കുകയല്ലേ ബ്രിട്ടീഷുകാർ പോയകാലം മുതൽ? ആ പരമ്പരകളാണ് മലയോര കോൺഗ്രസായി ഇന്ന് വളർന്ന് നിൽക്കുന്നത്. അവരുടെ നേതൃത്വത്തിലാണു കലാപം നടക്കുന്നത്. അവരാണ് സമാധാനത്തിന്റെ അരുമക്കുഞ്ഞുങ്ങളായി വാഴ്ത്തപ്പെടുന്നത്. ഈ അരുമകളുടെ നേതൃത്വത്തിലാണ് വാടകഗുണ്ടകളെ ഇറക്കി പോലീസ് വാനും ബസ്സുകളും കത്തിക്കുകയും വനപാലകരെ അക്രമിക്കുകയുമൊക്കെ ചെയ്തിരിക്കുന്നത്.

 ഇതിനെതിരേ കേസെടുക്കരുതെന്നു പറയുന്നവനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്, അത് ആരെഴുതിക്കൊടുത്താലും. കേസെടുക്കരുതെന്നാണ് തീരുമാനമെങ്കിൽ അവരെ തുറുങ്കിലടക്കണം, അങ്ങനെ തീരുമാനിക്കുന്നതും കേസെടുക്കില്ല എന്നു പറയുന്നതും രാജ്യദ്രോഹമാണ്.

 ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത, ശവമടക്കാൻ ഭൂമിയില്ലാത്ത ആദിവാസികൾ ഇവിടെ യാതന അനുഭവിക്കുന്നുണ്ട്. അരിപ്പയിൽ അവർ എത്രയോ ദിവസങ്ങളായി സമരം നടത്തുന്നു. ആ സമരം പൊളിക്കാൻ സിപിഎമ്മും സിപിഐയും അവിടെ ബദൽ സമരം സംഘടിപ്പിക്കുന്നു. ആ സാധുക്കൾക്ക് അർഹതപ്പെട്ട കൃഷിഭൂമി കൊടുക്കാൻ തയ്യാറല്ല. അച്ചായന്മാരുടെ കയ്യിലിരിക്കുന്നത് എത്രയേക്കർ ഭൂമിയാണെന്ന് വല്ല നിശ്ചയവുമുണ്ടോ..? അത് ആരെങ്കിലും അളക്കുന്നുണ്ടോ?

 ഈ സമരം വെറും കാപട്യം മാത്രമാണ്, ഇത് രാജ്യത്തെ അട്ടിമറിക്കാനുള്ള അക്രമമാണ്. പാറ, മണൽ എന്നിവ ഖനനം ചെയ്യുന്നത് ആശാസ്യമായ വിധം മാത്രം നില നിർത്തുക, അതിനുള്ള സംവിധാനങ്ങൾ ദുർബ്ബല പാരിസ്ഥിതിക മേഖലകളിൽ ഒരുക്കുക, ഇത് അത്യാവശ്യമാണ്. നമുക്ക് ഇനി അവശേഷിക്കുന്നത് 5994 ചതുരശ്ര കിലോമീറ്റർ വനഭൂമി മാത്രമാണ്. അതായത് 37%. അതുകൂടി അച്ചായന്മാർക്ക് തീറെഴുതി കൊടുത്തുകഴിഞ്ഞാലേ ഇവിടെ സമത്വം പൂർണ്ണമാകൂ എന്നാവും ഈ സമരത്തിന്റെ അർത്ഥം! കുടിയേറ്റക്കാരായി കടന്നുകൂടി വനഭൂമി മുഴുവൻ നശിപ്പിച്ചത് ഇക്കൂട്ടരാണ്. കേരളത്തിലെ ചെറുതും വലുതുമായ എസ്റ്റേറ്റുകൾ ആരുടെ കൈയിലാ ഇരിക്കുന്നതെന്ന് കണക്കെടുക്കട്ടെ.

 പുരോഹിതന്മാരെ മറയാക്കി ഇവിടെ സമരം നടത്തുകയാണ്. പണ്ട് ലൗ ജിഹാദിന്റെ സമയത്തും ഈ പുരോഹിതന്മാർ തന്നെയാണ് ബഹളം വച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തുപോകരുത്. ഒരുപാടുതവണ ചോദിച്ചു പഴകിയതാണ് കളമശ്ശേരി. അതു ഭീകരത എന്ന് ആരോപിക്കുന്നവർ ഇത് കേസെടുക്കേണ്ടാന്നു പറയുമ്പോൾ അവരെപ്പിടിച്ച് അകത്തിടണം. ഒരു കളമശേരിയുമായി മാത്രം താരതമ്യപ്പെടുത്തേണ്ട കേസല്ല ഇതെന്ന് നന്നായറിയാം. എങ്കിലും രണ്ടു പ്രവൃത്തിയും ഒന്നായിരിക്കേ, കളമശ്ശേരിയേക്കാൾ എത്രയോ ഇരട്ടി “ഭീകരത” ഈ അക്രമത്തിൽ ഉണ്ടയിരിക്കെ ഇതിനെതിരേ അധികാരിവർഗ്ഗം സ്വീകരിച്ചിട്ടുള്ള നിലപാടുകളാണ് അപലപനീയം.

 ഈ നാട് നന്നാവുമെന്നുള്ള പദ്ധതിയൊന്നും മനസ്സിൽ വെക്കണ്ട. മണ്ണും വെള്ളവും ശുദ്ധവായുവുമൊക്കെ വരും തലമുറകൾക്കും വേണ്ടി ഉള്ളതാണെന്ന് ആരും വ്യാമോഹിക്കണ്ട. തലമുറകൾ ഇനി വരാനുണ്ടെന്ന് ആലോചിക്കുക പോലുമരുത്! ഇപ്പോൾ നമ്മൾ മാങ്ങാ പറിച്ചു തിന്നുന്നത് നമ്മൾ നട്ട മാവിൽ നിന്നാണോ? നമുക്കുമുമ്പ് മറഞ്ഞുപോയവർ വെച്ചുതന്നതു കൊണ്ടല്ലേ നമ്മൾ പറിച്ചു കഴിക്കുന്നത്? അടുത്ത തലമുറക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞാൽ അതു തെമ്മാടിത്തരമല്ലേ?

 എങ്ങാനും ഒരു മല തലയുയർത്തി നിന്നാൽ അതിനെ ഇടിച്ചു നിരത്തി വിറ്റ് അവിടെ മൈതാനമാക്കി പിന്നെ റിസോർട്ടു കെട്ടിപ്പൊക്കാം. അതിനെ വികസനമെന്നു വിളിച്ചുപറഞ്ഞ് അഭിമാനിക്കാം. മലയെ മുലയെക്കാൾ സംരക്ഷിക്കണമെന്നത് സൗകര്യപൂർവ്വം വിസ്മരിക്കാം. അങ്ങിനെ ദാഹജലവും ശുദ്ധവായുവുമില്ലാതെ ചത്തൊടുങ്ങുന്ന മാനവരാശിയെ അതിവേഗം ബഹുദൂരത്തിൽ നിന്ന് സ്വാഗതം ചെയ്യാം…

Sabu Kottotty

കൃതി ബുക്സിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു..

റിപ്പോർട്ടിനും ഫോട്ടോസിനും കൃതിയുടെ ബ്ലോഗിനോട് കടപ്പാട്കൃതി കഥാ പുരസ്കാര സമര്‍പ്പണവും  കഥമരം .പി.ഒ-13 (കഥകള്‍) , ദേഹാന്തരയാത്രകള്‍ (നോവല്‍  - വിഢിമാന്‍), ആപ്പിള്‍ (കഥകള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  എറണാകുളത്ത്  കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകീട്ട്  കൃതി ബുക്സിന്റെ  ഡയറക്ടര്‍ ശ്രീ.യൂസഫ് കൊച്ചന്നൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന  പ്രൌഢഗംഭീരമായ ചടങ്ങില്‍  വച്ച് നടത്തപ്പെടുകയുണ്ടായി. പ്രശസ്ത നിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ച ചടങ്ങില്‍ വച്ച് കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍  അവാര്‍ഡ് ഏറ്റു വാങ്ങി. തുടര്‍ന്ന് നടന്ന പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മത്തില്‍ യഥാക്രമം യാത്രാവിവരണ എഴുത്തുകാരനും  ആക്റ്റിവിസ്റ്റുമായ ശ്രീ.നിരക്ഷരനില്‍ നിന്നും തിരക്കഥാകൃത്ത്  ശ്രീ. സോക്രട്ടീസ്.കെ.വാലത്ത് കഥമരം .പി.ഒ-13 എന്ന പേരില്‍ മത്സര രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥാസമാഹാര വും ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരി ദേഹാന്തരയാത്രകള്‍ എന്ന വിഢിമാന്‍ എഴുതിയ നോവലിന്റെയും  , കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ  ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശസ്ത യുവ സാഹിത്യകാരന്‍ ശ്രീ സുസ്മേഷ് ചന്ത്രോത്ത് ആപ്പിള്‍ എന്ന കഥാസമാഹാരത്തിന്റെയും  പ്രതികള്‍ ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിന് കഥാകൃത്ത്  ശ്രീ.മനോരാജ് സ്വാഗതവും പുരസ്കാര ജേതാവ് ശ്രീ. നിധീഷ്.ജി, പുസ്തകങ്ങളുടെ രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ നന്ദിയും പറഞ്ഞു.

പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങളില്‍ നിന്നും .

സ്വാഗതം : മനോരാജ്


വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയാണ്  ഇന്നീ വേദിയില്‍ നില്‍ക്കുന്നത്. എഴുത്ത് / വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ പേര്‍ത്തും പേര്‍ത്തും വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെ / വായനയെ / പുസ്തകങ്ങളെ  നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ ഇവിടെ കാണാന്‍ കഴിയുന്നു എന്നത് തന്നെ സന്തോഷകരമാണ്.. അതുകൊണ്ട് തന്നെ ഇതൊരു തുരുത്താണ്. ഇത്തരത്തില്‍ ഇടക്കിടെ വിലപിക്കുന്നവര്‍ക്കു മുന്‍പിലേക്ക് ചൂണ്ടികാണിക്കുവാന്‍ കഴിയുന്ന ഒരു തുരുത്ത്.  നല്ല എഴുത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുവാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ് കൃതി ബുക്സ്. കൃതി ബുക്സും ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലെ കഥാഗ്രൂപ്പും ചേര്‍ന്ന്  ഒരു കഥാമത്സരം ഒരുക്കിയപ്പോള്‍ അതിലേക്ക് ആവേശകരമായ പ്രതികരണം ലഭിച്ചെങ്കില്‍, മികച്ച, കാമ്പുള്ള കുറച്ചധികം കഥകള്‍ ലഭിച്ചെങ്കില്‍ അത് മേല്‍പ്പറഞ്ഞവര്‍ക്കുള്ള മറുപടിയായേക്കാം . (തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു)

ഉദ്ഘാടനം : എം.കെ.ഹരികുമാര്‍

നമുക്കൊരു പാരമ്പര്യമുണ്ട്. തികഞ്ഞ പൌരബോധമുണ്ട്. നമ്മുടെ പാരമ്പര്യത്തെ കണ്ടെത്തുവാനുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒത്തുചേരലുകളെ  നോക്കിക്കാണുന്നത്.  ഇന്നത്തെ എഴുത്തുകാര്‍ അല്പം കൂടെ ബോള്‍ഡാണ്. അവര്‍ പഴയവരില്‍ നിന്നും വേറിട്ട് ചിന്തിക്കുന്നു. ഈ എഴുത്തുകാരൊക്കെ എപ്പോഴും കാര്യങ്ങളെ വ്യത്യസ്തമായി കണ്ടുകൊണ്ടിരിക്കുന്നു. അതല്ലെങ്കില്‍ വിഢിമാന്‍, നിരക്ഷരന്‍ എന്നൊക്കെയുള്ള  തൂലികാനാമങ്ങള്‍ പഴയകാലത്തെ എഴുത്തുകാര്‍ ആലോചിക്കുക കൂടെ ചെയ്യില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയും. അതാണു ഇപ്പോഴുള്ള ഈ ബ്ലോഗ് എഴുത്തുകളുടെ ഗുണം. അവര്‍ വിശാലമായി ചിന്തിക്കുന്നു. ഒ.വി.വിജയനും തകഴിയുമൊക്കെ കഴിഞ്ഞാല്‍ മലയാളസാഹിത്യം ഇല്ല എന്ന് കരുതുന്നവര്‍ അറിയാത്ത ഒരു കാര്യമുണ്ട്. ഇവിടെ ഇരിക്കുന്ന പലര്‍ക്കും അതിലേറെ വായനക്കാരുണ്ടെന്ന നഗ്ന സത്യം!!. അത് ഒരു പക്ഷേ ആപേക്ഷികമായിരിക്കാം..

ശ്രീ. ബഷീര്‍ മേച്ചേരി

എഴുത്തും വായനയുമൊക്കെ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവുകളാണ് ഇത്തരം കൊച്ചു കൊച്ചു പ്രസാധകസംരംഭങ്ങളും  അത് വഴി പുറത്ത് വരുന്ന ഇത്തരം നല്ല പുസ്തകങ്ങളും. ഹരികുമാറും രവിവര്‍മ്മയും ബീജയുമൊക്കെ ചേര്‍ന്ന് തിരഞ്ഞെടുത്ത ഈ കഥകള്‍ തീര്‍ച്ചയായും വായിക്കപ്പെടേണ്ടവയാവും. കാരണം ഇവരൊക്കെ കഥയെ അത്രമേല്‍ അറിഞ്ഞവരും അനുഭവിച്ചവരുമാണ്.

തുടര്‍ന്ന് കൃതി കഥാ പുരസ്കാര ജേതാക്കളായ നിധീഷ്.ജി, ഹര്‍ഷ മോഹന്‍ സജിന്‍, സോണി എന്നിവര്‍ ശ്രീ. ബഷീര്‍ മേച്ചേരിയില്‍ നിന്നും ട്രോഫിയും ശ്രീ. എം.കെ.ഹരികുമാറില്‍ നിന്നും കാഷ് പ്രൈസും (യഥാക്രമം 5000, 3000, 2000) ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശംസാപത്രവും ഏറ്റുവാങ്ങി.
നിധീഷ്.ജി ബഷീർ മേച്ചേരിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. എം.കെ.ഹരികുമാർ, സുസ്മേഷ് ചന്ത്രോത്ത് എന്നിവർ സമീപം

സോണി, ഹർഷ മോഹൻ സജിൻ, നിധീഷ് എന്നിവർ പുരസ്കാരവുമായി

 തുടര്‍ന്ന് ശ്രീ. നിരക്ഷരന്‍ കഥമരം.പി.ഒ.13 ന്റെ ആദ്യ കോപ്പി ശ്രീ .സോക്രട്ടീസ് .കെ.വാലത്തിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കുകയും സമാഹാരത്തിലെ എഴുത്തുകാര്‍ക്കുള്ള  ഓദേര്‍ഴ്സ് കോപ്പി വിതരണം നടത്തുകയും ചെയ്തു.


അതേ തുടര്‍ന്ന് മറ്റു രണ്ടു പുസ്തകങ്ങളായ  ദേഹാന്തരയാത്രകള്‍ , ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരിയും ആപ്പിള്‍ ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും ശ്രീ. സുസ്മേഷ് ചന്ത്രോത്തും സ്വീകരിച്ചു. രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ക്ക്  ഹരികുമാര്‍, സുസ്മേഷ് ചന്ത്രോത്ത് എന്നിവര്‍ ഓദേര്‍സ് കോപ്പി നല്‍കി.
 ദേഹാന്തരയാത്രകൾ പ്രകാശനം

                                                                                          ആപ്പിൾ പ്രകാശനം

ആശംസാപ്രസംഗങ്ങള്‍

രവിവര്‍മ്മ തമ്പുരാന്‍ :


കഥക്ക് ക്ഷീണം സംഭവിച്ചെങ്കില്‍ അതിനു കാരണക്കാര്‍ പ്രസാധകര്‍ , നിരൂപകര്‍, ആനുകാലീകങ്ങളിലെ പത്രാധിപര്‍ എന്നിവരാണ്. ആഗോള സാഹിത്യത്തില്‍ കഥ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്  ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പ്രൈസ്. അതല്ലെങ്കില്‍ പോലും കഥ മരിക്കുന്നില്ല. എങ്ങിനെ കഥ മരിക്കും ? എല്ലാവരും എഴുതിത്തള്ളുന്ന ഫെയ്സ്ബുക്ക് പോലൊരിടത്ത് കഥക്ക് മാത്രമായി ഒരു കഥഗ്രൂപ്പ്... അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രസാധകര്‍. ഇവരൊക്കെ നിലനില്‍ക്കുമ്പോള്‍ കഥക്ക് എങ്ങിനെ മരിക്കാന്‍ കഴിയും ? കഥകള്‍ ജീവിതത്തിന്റെ നേര്‍ഛേദങ്ങളാവണം. അതിന് വായന ആവശ്യമാണ്. പല പുതു കഥാകൃത്തുക്കളുടെയും  കഥകളിലെ  വരികള്‍ / വര്‍ണ്ണനകള്‍ കാണുമ്പോള്‍ അവര്‍ എത്ര ആത്മാര്‍ത്ഥമായാണ്  കഥയെ സമീപിക്കുന്നതെന്ന് തോന്നിപ്പോകുകയാണ്,. (കുറച്ചധികം കഥാകൃത്തുക്കളുടെ  കഥകള്‍ അദ്ദേഹം ക്വോട്ട് ചെയ്ത് സംസാരിച്ചു)

സുസ്മേഷ് ചന്ത്രോത്ത് :


സാഹിത്യത്തെ സജീവമായി നിര്‍ത്തുന്നത് ചെറുകഥയാണ്.  ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടവരാണ് കഥാകൃത്തുക്കള്‍. വളരെച്ചെറിയ ജീ‍വിത സന്ദര്‍ഭങ്ങളെ  പകര്‍ത്തിവെക്കാന്‍ കഴിയുമ്പോഴാണ്  നല്ല കഥകള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ ഇവിടെ ഈ മത്സരത്തില്‍  സമ്മാനിതരാവുന്ന കഥാകൃത്തുക്കള്‍ക്ക്  ഒട്ടേറെ ബാധ്യതകള്‍ ഉണ്ട്. ഇവരില്‍ പലരില്‍ നിന്നും കാലം പലതും പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ഇവിടെ വളരെ നല്ല ഒരു സംരംഭമാണ് ഈ ചെറുപ്പക്കാര്‍ കൃതി ബുക്സ് എന്ന പ്രസാധക സംരംഭത്തിലൂടെ  ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെ വലിപ്പത്തിലും ലേഔട്ടിലും ഉള്‍പ്പെടെ ചില അപാകങ്ങള്‍ ഒക്കെ പുസ്തകങ്ങളില്‍ ഉണ്ട്. പക്ഷേ, അവ തീര്‍ത്തും ചെറിയ പോരായ്മകളാണ്. ബാലാരിഷ്ടതകള്‍. എന്ന് വേണമെങ്കില്‍ പറയാം. പെട്ടന്ന് പരിഹരിക്കുവാന്‍ കഴിയുന്നവ. ഇത്തരം ഒരു വേദിയും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഉള്‍കൊണ്ട ഈ  ചടങ്ങും അതിനേക്കാളുപരി അതിനെല്ലാം കാരണമായ ഈ ഒരു  പ്രസാധക കൂട്ടായ്മയും ഒരുക്കിയതില്‍ ഈ സുഹൃത്തുക്കള്‍ക്ക്  ഞാന്‍ നന്ദി പറയുന്നു. ഈ പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കും  കൃതി ബുക്സിനും ആശംസകള്‍ അറിയിക്കുന്നു.

നിരക്ഷരന്‍ :


സാഹിത്യം മരിച്ചെങ്കില്‍ അതിനെ ജീര്‍ണ്ണിക്കാന്‍ അനുവദിക്കാതെ എത്രയും പെട്ടന്ന് ദഹിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന ഏറെ വിവാദമായ ഹരിശങ്കര്‍ അശോകന്റെ പ്രസംഗം ഉദ്ദരിച്ചുകൊണ്ടാണ്  നിരക്ഷരന്‍ പ്രസംഗം ആരംഭിച്ചത്. ഓണ്‍ലൈന്‍ / ബ്ലോഗ് മീഡിയകളില്‍ എഴുതുന്നവര്‍ ഇപ്പോള്‍ തന്നെ പത്രാധിപരുടെ കരുണകാത്ത്  നില്‍ക്കുന്ന കാലത്ത് നിന്ന് ഏറെ മുന്നോട്ട് പോയെന്നും എഴുതി കഴിഞ്ഞാല്‍ തന്റേതായ ഒരു കൂട്ടം വായനക്കാരുടെ മുന്നിലേക്ക് അവയെ പറത്തിവിടുവാന്‍ അവര്‍ തയ്യാറായി കഴിഞ്ഞുമിരിക്കുന്ന ഒരു കാലഘട്ടത്തിലൂടേയാണ്  നാം ഇപ്പോള്‍ കടന്നുപോകുന്നത്. അപ്പോള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ എഴുത്തുകളെ നിരന്തരം വീക്ഷിച്ച് കൊണ്ടിരിക്കുന്ന കൃതി ബുക്സ് പോലുള്ള പ്രസാധകര്‍ നാളെകളില്‍ പ്രസാധക ലോകം കൈയടക്കാനുള്ള  സാധ്യതയുണ്ടെന്നും അതിനാവട്ടെ എന്നും ആശംസിക്കുന്നു.

സോക്രട്ടീസ്.കെ.വാലത്ത്എഴുത്തുകാരന്‍ വലിയ വായനക്കാരനാവണം  എന്ന വാദത്തോട്  യോജിപ്പില്ല. അങ്ങിനെയെങ്കില്‍ വാല്‍മീകി ഏത് പബ്ലിക് ലൈബ്രറിയിലായിരിക്കണം മെമ്പര്‍ഷിപ്പ് എടുത്തിരിക്കുക ? പക്ഷേ , അദ്ദേഹം ജീവിതമെന്ന ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണും. അത്രയേറെ ജീവിതത്തെ അറിയുന്നവര്‍ക്ക് മാത്രമേ നല്ല കഥാകൃത്തുക്കള്‍ ആവാന്‍ കഴിയൂ.. അങ്ങിനെ ജീവിതം അറിഞ്ഞ് അവര്‍ എഴുതിയ ഈ കഥകള്‍ അടങ്ങിയ ഈ കഥമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

നന്ദി : നിധീഷ് .ജി , വിഢിമാന്‍, സിയാഫ് എന്നിവര്‍ ചടങ്ങിനും പുരസ്കാരത്തിനും പുസ്തകത്തിനും  ചടങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അരങ്ങില്‍ തെളിഞ്ഞവര്‍ക്കും നന്ദി പറഞ്ഞതോടെ യോഗനടപടികള്‍ അവസാനിച്ചു.സദസ്സ് ചില ദൃശ്യങ്ങൾകൃതി ബുക്സ് - കഥ ഗ്രൂപ്പ് കഥാമത്സരം - മത്സരഫലം

കൃതി കഥാമത്സരം സുപ്രധാനമായ ഫലപ്രഖ്യാപന സ്റ്റേജിലേക്ക് എത്തിയിരിക്കുകയാൺ. ആകെ 83 കഥകൾ ലഭിച്ചതിൽ നിന്നും നേന സിദ്ദിഖ് സ്വയം പിന്മാറുകയും മറ്റു രണ്ട് മത്സരങ്ങളിൽ സമ്മാനാർഹമായവയെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് രണ്ട് കഥകൾ സംഘാടക സമിതി തള്ളിക്കളയുകയും ചെയ്തിരിന്നു. ശേഷമുള്ള 80 കഥകൾ സംഘാടക സമിതി തിരഞ്ഞെടുത്ത സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും ആ കഥകൾക്ക് ഓരോ കമ്മറ്റി അംഗങ്ങളും മാർക്കുകൾ രേഖപ്പെടുത്തി സംഘാടക സമിതിക്ക് നൽകുകയും ചെയ്യുകയുണ്ടായി. ആ മാർക്കുകൾ ടാബുലേറ്റ് ചെയ്തതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 കഥകൾ ഫൈനൽ ജഡ്ജ്മെന്റിനായി ജഡ്ജസിനെ ഏൽപ്പിക്കുകയും അവർ 15 കഥകളെയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും കഥകൾക്ക് മാർക്ക് നൽകുകയും ഓവറോൾ അഭിപ്രായം നൽകുകയും ചെയ്തു. ജഡ്ജസ് നൽകിയ മാർക്കുകൾ ടാബുലേറ്റ് ചെയ്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് പേരെ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിക്കുകയാണ്.

കൃതി കഥാമത്സരം - മത്സരഫലം
ഒന്നാം സ്ഥാനം : തലമറാട്ടം - നിഥീഷ് ജി (5001 രൂപ, സർട്ടിഫിക്കറ്റ്, മൊമന്റോ)
രണ്ടാം സ്ഥാനം : മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ - ഹർഷ മോഹൻ (3001 രൂപ, സർട്ടിഫിക്കറ്റ് , മൊമന്റൊ)
മൂന്നാം സ്ഥാനം : ബേബീസ് അൺലിമിറ്റഡ് - സോണി (2001 രൂപ , സർട്ടിഫിക്കറ്റ്, മൊമന്റോ)

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അതിനേക്കാളുപരി അവസാന 15ൽ എത്തിയവർക്ക് ... ഒപ്പം സമ്മാനാർഹരായ നിഥീഷ്, ഹർഷ,, സോണി എന്നിവർക്ക് കൃതി ബുക്സിന്റെയും കഥഗ്രൂപ്പിന്റെയും ഹാർദ്ദമായ അഭിനന്ദനങ്ങൾ...

അവസാന 15ൽ എത്തിയ കഥകളെ പറ്റി ജഡ്ജിങ് പാനലിന്റെ അഭിപ്രായം താഴെ കൊടുക്കുന്നു..ജഡ്ജിങ് പാനലിൽ ചീഫ് ജഡ്ജായി ശ്രീ. എം.കെ.ഹരികുമാർ, മറ്റു രണ്ട് ജഡ്ജ്മാരായി ശ്രീമതി. ബീജ .വി.സി, ശ്രീ രവിവർമ്മ തമ്പുരാൻ എന്നിവർ കഥകളെ വിലയിരുത്തി ഇങ്ങിനെ അഭിപ്രായപ്പെട്ടു.

ഈ പതിനഞ്ച് കഥകളും വായിച്ചപ്പോ ശരിക്കും നല്ല സന്തോഷം തോന്നി. കാരണം ഈ കഥകലെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യപരിഛേദങ്ങളാണ്. വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലൂടെ ആധുനികജീവിതം അഭിമുഖീകരിക്കുന്ന പല സമസ്യകളും ഈ കഥകള്‍ മിഴിവോടെ വരച്ചിടുന്നു. പല കഥകളും പ്രമേയം, ഭാഷ, ഘടന എന്നീ തലങ്ങളില്‍ നല്ല പുതുമ കാഴ്ച വെയ്ക്കുമ്പോള്‍ ചില കഥകള്‍ കേട്ട് പഴകിയ പ്രമേയത്തില്‍ നിന്ന് കൊണ്ട് കൈയ്യടക്കത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്നു. വായനാജീവിതം, ബൊമ്മക്കൊലു, പതിര് , ഗ്രേയ്റ്റ് ഡേയ്ന്‍, ഓരോരോ തിരിച്ചറിവുകള്‍ , വേഷപ്പകര്‍ച്ചകള്‍ എന്നിവയുടെ പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ല. അതേസമയം, സാളഗ്രാമം, തലമാറാട്ടം, ബേബീസ് അണ്‍ലിമിറ്റെഡ് , കുംഭാരന്റെ മകള്‍ എന്നിവ ഉള്ളടക്കത്തിലും ഭാഷയിലും കഥ പറച്ചിലിലും എല്ലാം മികച്ച് തന്നെ നില്‍ക്കുന്നു. സജീവവും തനതായതുമായ ഭാഷയുണ്ട് ഇവയ്ക്കൊക്കെ.

പുതിയ ഒരു കഥാസങ്കേതം സൃഷ്ടിക്കുവാനുള്ള ശ്രമം തലമറാട്ടം എന്ന കഥയിൽ കണ്ടു. യാഥാർത്ഥ്യത്തെ അവിശ്വസിക്കുകയും പുതിയതൊന്നിനു വേണ്ടി അലയുകയും ചെയ്യുമ്പോഴാണ് നല്ല കഥകൾ ഉണ്ടാവുന്നത്... അതുകൊണ്ട് തന്നെ ഈ കഥ മത്സരത്തിൽ സമർപ്പിച്ച മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു.

മുയൽചെവിയൻ കുഞ്ഞുങ്ങളുടെ അമ്മയിൽ വികാരജീവിതമുള്ള ഒരു സ്ത്രീയെ കാട്ടിത്തരുന്നു. വ്യവസ്ഥാപിത സ്ത്രീ സങ്കല്പത്തിൽ നിന്നും തന്റേതായ കാരണം പറഞ്ഞ് അവൾ വഴുതി മാറുകയും അതിനു ഒരു കാരണം കണ്ടെത്തുകയും ചെയ്യുന്നു.. എങ്കിൽ പോലും കഥയുടെ ആദ്യ ഭാഗത്ത് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ജീവിതവും മാനസികവ്യാപാരങ്ങളും തമ്മില്‍ വല്ലാത്തൊരു സമ്മേളനം കഥയില്‍ നടക്കുന്നു. അത് തന്മയത്തോടെ കഥാകൃത്ത് അവതരിപ്പിച്ചിട്ടൂണ്ട്. ആ അവതരണമികവ് കഥയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.

ബേബീസ് അൺലിമിറ്റഡ് എന്ന കഥയിൽ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്നു. കഥ ഉള്ളടക്കം , കഥന രീതി എന്നിവയിൽ മികവ് പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റു കഥകളെ പറ്റി സ്ക്രീനിംഗ് കമ്മറ്റി നൽകിയ അഭിപ്രായവും ചേർക്കുന്നു..മത്സരത്തിനു ലഭിച്ച 80 കഥകളിൽ നിന്നും ഏതാണ്ട് 50 ഓളം കഥകൾ ആവറേജ് നിലവാരത്തിലും താഴെയായിരുന്നു എന്നത് ഖേദകരമാണ്. കഥകൾക്ക് ആവറേജ് മാർക്കായി നിശ്ചയിച്ചിരുന്ന 5 മാർക്ക് നേടുവാൻ പോലും 40ഓളം കഥകൾക്ക് സാധിക്കാതിരുന്നത് ഇത് തുറന്ന് കാട്ടുന്നു.. കഥകൾ എഴുതുവാനുള്ള ശേഷിക്കുറവല്ല, മറിച്ച് അപ്രോച്ചിലുള്ള നിസ്സാരവത്കരണം ആണ് വേദനിപ്പിക്കുന്നത്. പല കഥാകൃത്തുകളും നല്ല സ്റ്റഫുള്ളവർ തന്നെ. പക്ഷേ, ഒരു മത്സരത്തിനാണ് തങ്കൾ ഈ രചന സമർപ്പിക്കുന്നത് എന്ന ചിന്ത അവർക്കില്ലാതാവുന്നു.. അല്ലെങ്കിൽ മത്സരത്തോട് അലസമനോഭാവം പുലർത്തുന്നു.. ഇത്തരത്തിലുള്ള അലസ മനോഭാവം വരുംഭാവിയിൽ നല്ല മത്സരങ്ങൾ നടത്തുവാനുള്ള ഏതൊരു സംഘാടകന്റെയും മനസ്സിൽ ഒരു വട്ടം കൂടി അത്തരം ഒന്ന് വേണമോ എന്ന ചിന്തയുണ്ടാക്കുന്നു എങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.. ഈ പറയുന്നത് മുഴുവൻ കഥകളുടെയും കാര്യമല്ല, പക്ഷേ ഏതാണ്ട് 60% കഥകളിലും ഈ ഒരു അലസമനോഭാവം കാണാൻ കഴിയുന്നു.. ബാക്കിയുള്ള 40% കഥകൾ നിലവാരം കൊണ്ടോ ഭാഷകൊണ്ടൊ കൈയടക്കം കൊണ്ടൊ വ്യത്യസ്തത പുലർത്തുന്നു.. ഒരു കഥക്ക് പേരിടുന്നതിൽ പോലും ഉണ്ട് കഥയുടെ അന്തഃസത്ത എന്ന് കഥാകൃത്തുക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. മോന്തപുത്തകം എന്ന പേരിൽ ഒരു കഥ മത്സരത്തിൽ സമർപ്പിക്കപ്പെട്ടിരുന്നു. കഥയുടെ പ്രമേയവും ക്രാഫ്റ്റും എല്ലാം ശരാശരിക്ക് മുകളിലുമായിരുന്നു. പക്ഷേ, കഥക്ക് നൽകിയ ആ പേരിലൂടെ കഥാകൃത്ത് കഥയോട് അനീതി കാട്ടിയതായി തോന്നി. ഇത് ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അതുപോലെ മത്സരങ്ങളിലേക്കാണ് നമ്മൾ രചനകൾ സമർപ്പിക്കുന്നത് എന്നും അതല്ലാതെ നമ്മുടെ ബ്ലോഗിലോ / ഫെയ്സ്ബുക്ക് പേജിലോ ലൈക്കിനും കമന്റിനുമായിട്ടുള്ള കേവല വ്യായാമമല്ല അത് എന്നും ചിന്തിക്കേണ്ട സമയവും ആയി. ചില കഥകൾ (കാര്യവട്ടം കോളേജിലെ...) അത്തരത്തിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. എങ്കിൽ പോലും മത്സരത്തെ നല്ല അർത്ഥത്തിലും ബഹുമാനത്തിലും നോക്കി ക്കാണുന്ന ഒരു കൂട്ടം എഴുത്തുകാർ ഇന്നുമുണ്ടെന്നത് സ്ക്രീനിംഗ് കമ്മറ്റിയെ സന്തോഷിപ്പിക്കുന്നു.. അവർ തെളിക്കുന്ന പാതകൾ കെടാതിരിക്കട്ടെ.. കഥകൾ ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് ചില കഥകൾ എങ്കിലും നമുക്ക് നൽകുന്നു എന്ന സന്തോഷത്തോടെ ഈ മത്സരത്തിനും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും മത്സര സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു...


ഈ കഥകൾ കഥാഗ്രൂപ്പിനകത്തും കൃതി ബുക്സിന്റെ പുസ്തകത്തിലും ആണ് ആദ്യം പ്രസിദ്ധീകരിക്കുക.. ദയവ് ചെയ്ത് കഥാകൃത്തുക്കൾ പുസ്തകം പബ്ലിഷ് ആവും വരെ സഹകരിക്കുക...

മത്സരത്തിനായി ബാനറുകളും മറ്റും ഡിസൈൻ ചെയ്ത് നൽകിയ അജയിനും ഈ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ സ്വന്തം പോർട്ടലുകളിലൂടെ പബ്ലിഷ് ചെയ്ത് കൂടുതൽ പേരിലേക്ക് മത്സരത്തെ എത്തിക്കുവാൻ സഹകരിച്ച നമ്മുടെ ബൂലോകം , ഇ വായന എന്നീ പോർട്ടലുകൾക്കും മലയാളം ബ്ലോഗേർസിന്റെ മറ്റു ഗ്രൂപ്പുകൾക്കും നിറഞ്ഞ മനസ്സോടെ ഈ മത്സരത്തിന്റെ സ്ക്രീനിംഗുമായി സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റിയിലെ സുഹൃത്തുക്കൾക്കും അതിനേക്കാളേറെ തിരക്കുകളുടെ ഈ ഓണക്കാലത്തിനിടയിലും കൃത്യസമയത്തിനുള്ളിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുവാൻ ഞങ്ങൾക്ക് സാധിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നമ്മുടെ ബഹുമാന്യരായ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും കൃതി ബുക്സിന്റെയും കഥാഗ്രൂപ്പിന്റെയും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ... ഒരിക്കൽ കൂടെ ഏവർക്കും നല്ല ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്..

കൃതി കഥാമത്സരം മത്സരകമ്മിറ്റി

വാർത്ത : നമ്മുടെ ബൂലോകം

നൈലിന്റെ തീരങ്ങളിലൂടെ....


ബ്ലോഗര്‍ സജി മാര്‍ക്കോസിന്റെ പുതിയ യാത്രാവിവരണ പരമ്പര
 • നൈലിന്റെ തീരങ്ങളിലൂടെ - 1

 • നൈലിന്റെ തീരങ്ങളിലൂടെ - 2

 • നൈലിന്റെ തീരങ്ങളിലൂടെ - 3

 • നൈലിന്റെ തീരങ്ങളിലൂടെ - 4

 • നൈലിന്റെ തീരങ്ങളിലൂടെ - 5

 • നൈലിന്റെ തീരങ്ങളിലൂടെ - 6

 • നൈലിന്റെ തീരങ്ങളിലൂടെ - 7

 • നൈലിന്റെ തീരങ്ങളിലൂടെ - 8

 • നൈലിന്റെ തീരങ്ങളിലൂടെ - 9

 • നൈലിന്റെ തീരങ്ങളിലൂടെ - 10

 • നൈലിന്റെ തീരങ്ങളിലൂടെ - 11

 • നൈലിന്റെ തീരങ്ങളിലൂടെ - 12

 • നൈലിന്റെ തീരങ്ങളിലൂടെ - 13

 • നൈലിന്റെ തീരങ്ങളിലൂടെ - 14

 • നൈലിന്റെ തീരങ്ങളിലൂടെ - അവസാന ഭാഗം

 • പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി

  പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി

  ശക്തമായ മഴ... വെള്ളക്കെട്ട്. വകുപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പെട്ട് റോഡാണൊ കുളമാണോ തോടാണോ എന്നറിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍… വര്‍ഷങ്ങളായി വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞ് കിടക്കുന്ന, ശക്തമായ മഴയില്‍ അതേ മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നതും സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അപകടസാദ്ധ്യതകള്‍ ഏറെയുള്ളതുമായ റോഡോരത്തെ കാണകള്‍.... സമയക്രമം പാലിക്കുവാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍.. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍.. മഴയുടെ ആധിക്യത്താല്‍ ഇപ്പോഴും തുടരുന്ന പനി, ചര്‍ദ്ദി, പകര്‍ച്ചവ്യാധികള്‍... ഒപ്പം മഴക്കാലമായതിനാല്‍ പണിക്ക് പോകാന്‍ കഴിയാത്ത ജീവിതത്തിന്റെ വിവിധതുറകളില്‍ ഉള്ള സാധാരണക്കാരന്റെ സാമ്പത്തീക ഞെരുക്കം.... അതിനേക്കാളേറെ മേല്‍ക്കൂര നശിക്കാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ദുരിതാശ്വാസക്യാമ്പുകളും... മേല്‍‌പ്പറഞ്ഞവയൊക്കെ എല്ലാ വര്‍ഷവും തുടര്‍യാഥാര്‍ത്ഥ്യമായി നിലകൊള്ളൂമ്പോള്‍ അടിക്കടി കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കേരളത്തിലെ അദ്ധ്യയന വര്‍ഷം പുതുക്കി നിശ്ചയിക്കുക എന്നത്

  കുട്ടികള്‍ ആവുന്നിടത്തോളം കളിക്കട്ടെ.. മാനസീകോല്ലാസം നേടട്ടെ എന്ന ചിന്തയില്‍ നിന്നുമാകാം വേനലവധി എന്ന ഒരു ആശയം പണ്ടുള്ളവര്‍ നടപ്പിലാക്കിയത്. ഒപ്പം പൊള്ളുന്ന ചൂടുകാലത്ത് ഒരു മുറിക്കുള്ളില്‍ ഇരുന്ന് ഉഷ്ണിക്കണ്ട എന്നും കരുതി കാണും. അന്നത്തെ ചിന്തകള്‍ തെറ്റെന്ന് പറയുന്നില്ല. പക്ഷെ ഇന്ന് സ്ഥിതി അതാണോ? ഫാനുകള്‍ ഘടിപ്പിക്കാത്ത ക്ലാസ്സ് മുറികള്‍ തുലോം കുറവാണെന്നിരിക്കെ ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്ന ഏതൊ സിനിമയിലെ സലിം‌കുമാറിന്റെ ആപ്തവാക്യം ഓര്‍മ്മവരുന്നു. ഉഷ്ണത്തെ നമുക്ക് ഫാന്‍ കൊണ്ട് തടയാം. പിന്നെ കുട്ടികളുടെ കളികള്‍.. പണ്ടുകാലത്ത് വേനലവധിക്ക് കിളികളി, കബഡികളി, തലപ്പന്ത് കളി, കുട്ടിയും കോലും കളി, തുടങ്ങിയ നാടന്‍ കളികളൊടൊപ്പം അന്തര്‍ദേശിയ മത്സരയിനങ്ങളായ ക്രിക്കറ്റും ഫുട്‌ബാളും ബാഡ്മിന്റനും ഉള്‍പ്പെടെയുള്ളവയുമായി കുട്ടികള്‍ സജീവമായി മൈതാനങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യമേ പറയാം. ഇന്ന് മൈതാനങ്ങള്‍ ഇല്ല.. ഒരു അഞ്ച് സെന്റ് പുരയിടത്തിന്റെ മതില്‍ക്കെട്ടില്‍ കിട്ടാവുന്ന ക്രിക്കറ്റ് മൈതാനം ആണ് നമുക്കുള്ളത്. അതില്‍ കളിക്കണമെന്ന് കുട്ടി വിചാരിച്ചാലും ക്രിക്കറ്റിനോട് നീതി പുലര്‍ത്താന്‍ കഴിയില്ല. അതിനേക്കാളേറെ കുട്ടികള്‍ക്ക് അത്തരം കളികളോടുള്ള കമ്പം കുറഞ്ഞിരിക്കുന്നു. അവര്‍ ഇന്ന് വേനലവധിയായാലും മഴക്കാലമായാലും എല്ലാം ആഗ്രിബേര്‍ഡ്സിനൊപ്പവും ബെന്‍‌ടെനിനും ഡോറക്കും ഒപ്പവും എല്ലാമാണ്. ഇത് ശരാശരി കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ. അല്പം കൂടെ ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ ആണെങ്കില്‍ അവര്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും ജോയ്‌സ്റ്റിക്കുകള്‍ക്കും പിറകേയാണ്. അല്പം വലിയ കുട്ടികള്‍ (പ്ലസ് വണ്‍ മുതല്‍ ഉള്ളവര്‍) ഹെല്‍ത്ത് ക്ലബുകളിലെ സിക്സ് പാക്ക് ജ്വരത്തിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഗെയിമുകളിലും ആണ് സമയം ചിലവഴിക്കുന്നത്. അതല്ലാതെ ഇന്ന് പഴയപോലെ കുട്ടിക്കൂട്ടങ്ങള്‍ ഇല്ല. ഒറ്റതിരിഞ്ഞുള്ള കുട്ടികള്‍ മാത്രം.

  പറഞ്ഞു വന്നത് മേല്‍പ്പറഞ്ഞ ഒരു കുട്ടി പോലും (പൊതുവില്‍ പരിഗണിക്കുമ്പോള്‍) വേനലവധിക്ക് മൈതാനങ്ങള്‍ തേടി നടക്കുന്നില്ല. കളിക്കുന്നില്ല. പിന്നെയെന്തിന് പനിയും പകര്‍ച്ചവ്യാധികളും നടമാടുന്ന ഈ കൊടിയ മഴക്കാലത്ത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണം. അധികൃതര്‍ ചിന്തിക്കേണ്ട സമയമായില്ലേ? അധികൃതര്‍ ചിന്തിക്കും മുന്‍പ് പൊതു സമൂഹമെങ്കിലും ഇത്തരത്തില്‍ ചിന്തിക്കേണ്ട സമയമായില്ലേ? ഈ വര്‍ഷം ജൂണ്‍ മാസം സ്കൂള്‍ തുറന്നതിന് ശേഷം കേരളത്തിലെ പല ജില്ലകളിലായി പ്രഖ്യാപിച്ച അവധികളുടെ ശരാശരിയെടുത്താല്‍ (ഇന്ന് കൂടെ ആവുമ്പോള്‍) മഴമൂലം അവധി പ്രഖ്യാപിക്കപ്പെട്ട നാലാമത്തെ ദിവസമാണിതെന്ന് തോന്നുന്നു. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്ലഷുകള്‍ മൂലം റോഡുകള്‍ ഒരു കാലത്തും നന്നാക്കില്ല എന്നതും പകര്‍ച്ച‌വ്യാധികള്‍ക്ക് തടയിടുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുവാന്‍ കാലാകാലങ്ങളായി ഭരിച്ചു വരുന്ന മുന്നണികള്‍ക്ക് കഴിയില്ല എന്നതും (ഭരണത്തിലിരിക്കുമ്പോള്‍ മൌനമവലംബിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയം മാത്രമേ നമുക്ക് വശമുള്ളു. അത് ഇടതനായാലും വലതനായാലും) ഒരു യാഥാര്‍ത്ഥ്യമായിരിക്കെ കുട്ടികളെ ഈ ശക്തമായ മഴയില്‍ നിറഞ്ഞ് കിടക്കുന്ന കാണകളില്‍ വീഴ്തി അപകടം വരുത്തുവാനോ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് ആശുപത്രിക്കിടക്കയില്‍ ആക്കുവാനോ രക്ഷിതാക്കള്‍ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ആയത് കൊണ്ട് തന്നെ അധികൃതര്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത നടത്തേണ്ട സമയമായി എന്ന് തോന്നുന്നു. നമുക്ക് അദ്ധ്യയന വര്‍ഷം ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള കാലമാക്കിക്കൂടെ? ആഗസ്റ്റില്‍ തുറക്കുന്ന സ്കൂളുകള്‍ പൂജ വെയ്പ്പ് ഓണത്തിന് പത്ത് ദിവസം അടച്ചിടട്ടെ. രണ്ടാമത്ത പത്ത് ദിവസം അവധി ഇപ്പോഴുള്ളത് പോലെ തന്നെ ക്രിസ്മസ് - ന്യൂഇയര്‍ പ്രമാണിച്ച് തന്നെ ആവാം. അതിന് ശേഷമുള്ള ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പഠനത്തിന്റെ വസന്തകാലമാവട്ടെ. ശേഷമുള്ള മെയ് മാസം പരീക്ഷകളുടെ ഗ്രീഷ്മകാലമാവട്ടെ. ജൂണ്‍ - ജൂലൈ മാസങ്ങള്‍ മണ്‍സൂണ്‍ അവധിക്കാലമാവട്ടെ.

  ഇത്തരത്തില്‍ അദ്ധ്യയനവര്‍ഷത്തെ പരിഷ്കരിക്കുന്നതിനെ പറ്റി ചിന്തിച്ചുകൂടെ ?

  മനോരാജ്

  കൃതി 'കഥ'മത്സരം  ഫെയ്സ്ബുക്കിലെ 'കഥ' ഗ്രൂപ്പ്  കഥാ മത്സരം സംഘടിപ്പിക്കുന്നു.  'കൃതി ബുക്സാ'ണ് ഈ മത്സരത്തിന്റെ പ്രായോജകര്‍ . മത്സരത്തിലേക്ക് ലഭിക്കുന്നതില്‍ നിന്നും മികച്ച 3 സൃഷ്ടികള്‍ക്ക് കഥ ഗ്രൂപ്പ്‌  നല്‍കുന്ന കാഷ് പ്രൈസും കൃതി ബുക്സ്  നല്‍കുന്ന പ്രശംസാപത്രവും മൊമെന്റൊയും ആയിരിക്കും സമ്മാനം. കൂടാതെ മത്സരത്തിനായി ലഭിക്കുന്ന രചനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഉള്‍പ്പെടുത്തി കൃതി ബുക്സ് കഥാസമാഹാരം പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്

  ഈ മത്സരത്തിന്റെ പേര് "കൃതിബുക്സ് കഥാമത്സരം" എന്നായിരിക്കും. മത്സരത്തിലേക്കുള്ള രചനകള്‍ krithikadhamalsaram@gmail.com എന്ന  ഇമെയില്‍ വിലാസത്തില്‍ ജൂലായ്‌ 20 ന് അകം ലഭിക്കേണ്ടതാണ്.

  മത്സരത്തിന്റെ നിയമാവലികള്‍.  
  ************************************
  1. ഇത് വരെ കഥ ഗ്രൂപ്പിലുള്‍പ്പെടെ മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

  2. രചനകള്‍ തികച്ചും മൌലീകമായിരിക്കണം

  3. മത്സരത്തിലേക്ക് അയക്കുന്ന സൃഷ്ടികള്‍ക്ക് ഇത്ര വാക്കുകളെന്നോ പ്രത്യേക വിഷയമോ ഉണ്ടായിരിക്കുന്നതല്ല

  4. മത്സരത്തിലേക്ക് ലഭിക്കുന്ന രചനകള്‍ കഥ ഗ്രൂപ്പ്  / കൃതി ബുക്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സ്ക്രീനിംഗ് പാനല്‍ വിലയിരുത്തുന്നതും അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 രചനകള്‍ മാത്രം അവസാന ജഡ്ജിംഗിനായി വിദഗ്ദര്‍ അടങ്ങിയ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.

  5. ഒരാള്‍ക്ക് പരമാവധി 3 രചനകള്‍ വരെ അയക്കാം. പക്ഷെ, ഇവയില്‍ നിന്നും സ്ക്രീനിംഗ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും മികച്ച ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കൂ.

  6. അയയ്ക്കുന്ന രചനകളുടെ പകര്‍പ്പാവകാശം രചയിതാവിന് തന്നെ ആണെങ്കിലും മത്സരം കഴിയുന്നത് വരെ അതിലേക്ക് അയച്ചിരിക്കുന്ന രചനകള്‍ മറ്റെവിടെയും പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല

  7. അങ്ങിനെ ഉണ്ടെന്ന് അറിവ് ലഭിച്ചാല്‍ മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നതാണ്. മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നു എന്നതിലൂടെ ടി വ്യക്തി മത്സരത്തിലേക്കായി സമര്‍പ്പിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളും ഡിസ്‌കോളിഫൈ ആകുന്നതാണ്.

  8. കഥാസമാഹാരത്തിലും അവസാന 15 എണ്ണത്തിലും ഒരു എഴുത്തുകാരന്റെ ഒരു കഥ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ

  എല്ലാ ജില്ലകളിലും ബ്ലോഗ് ശില്പശാലകൾ

  എല്ലാ ജില്ലകളിലും ബ്ലോഗ് ശില്പശാലകൾ

  ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗർസംഗമത്തിൽ മലയാളം ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും സഹാകമാകുന്ന പല നിർദേശങ്ങളും ഉയർന്നു വരികയുണ്ടായി.

  ഇവയിൽ ഏറ്റവും പ്രധാനമായത് 20 വയസിൽ താഴെയുള്ള തലമുറയെ മലയാളം എഴുതാൻ പ്രോത്സാഹിപ്പിക്കുക, അവരെ ബ്ലോഗിലേക്കാകർഷിക്കുക എന്നതാണ്. ഭാഷാപ്രേമികളായ ബ്ലോഗർമാരുടെ ഒരു കൂട്ടത്തിനു മാത്രമേ ആ നിർദേശം ഏറ്റെടുക്കാൻ കഴിയൂ.

  നമുക്കെല്ലാവർക്കും അറിയുന്നതുപോലെ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുതിരിയാൻ സമയമില്ലാതെ പണിയെടുക്കുന്നവരാണ് മലയാളം ബ്ലോഗെഴുത്തുകാരിൽ മിക്കവരും. എങ്കിലും ഈ മാധ്യമത്തോടുള്ള പ്രതിബദ്ധത, അവരിൽ കുറച്ചുപേരെയെങ്കിലും സാമ്പത്തികനേട്ടമില്ലാത്ത ഈ സംരംഭത്തിനു ചുക്കാൻ പിടിക്കാൻ പ്രേരിപ്പിക്കും എന്ന് ആശിക്കുകയാണ്.

  തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഏതെങ്കിലും ഒരു കോളേജ് വീതം തിരഞ്ഞെടുത്ത് അവിടെ ബ്ലോഗെഴുത്ത് പരിശീലനക്കളരി / ബ്ലോഗ് ശില്പശാല സംഘടിപ്പിക്കുകയാണ് നമ്മുടെ ഉദ്ദേശം. അതാത് കോളേജിലെ മലയാളം വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഈ പരിപാടി നടത്താം എന്നാണ് ഉദ്ദേശിക്കുന്നത്.

  അതിനായി ഓരോ ജില്ലയിലും നാലഞ്ചു പേരു വീതമെങ്കിലും മുന്നോട്ടു വന്നാൽ നമുക്ക് ശില്പശാലകൾ ആരംഭിക്കാം. അടുത്ത അധ്യയന വർഷം ജൂണിൽ തുടങ്ങുമല്ലോ. അധികം വൈകി പരീക്ഷക്കാലത്ത്  ശില്പശാല നടത്തുന്നതിനേക്കാൾ നല്ലത് വർഷാരംഭത്തിൽ ചെയ്യുന്നതാണ് എന്നതുകൊണ്ട് നമുക്ക് ജൂൺ മാസം തന്നെ ഈ പദ്ധതി ആരംഭിക്കേണ്ടതുണ്ട്.

  അതുകൊണ്ട് ഇതിൽ സഹകരിക്കാൻ താല്പര്യമുള്ള പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ തങ്ങളുടെ പേരും, ജില്ലയും ഇവിടെ കമന്റായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏത് ദിവസം, ഏതു കോളേജിൽ വച്ച് പരിപാടി നടത്തണം എന്നത് നമുക്ക് നിങ്ങളുടെ സൌകര്യം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കാം.

  ഓരോ ജില്ലയിലും പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ളവരുടെ ഒരു സംഘം ഉണ്ടായാൽ പിന്നീട് നമുക്ക് അനുയോജ്യമായ ഒരു കോളേജ് തിരഞ്ഞെടുക്കാം. കോളേജ് തിരഞ്ഞെടുത്താൽ സംഘാംഗങ്ങൾ അവിടുത്തെ പ്രിൻസിപ്പലുമായും, മലയാളഭാഷാവിഭാഗം മേധാവിയുമായും സംസാരിക്കണം. എഴുത്തിൽ താല്പര്യമുള്ള മുഴുവൻ അധ്യാപകരേയും, വിദ്യാർത്ഥികളേയും ശില്പശാലയിൽ പങ്കെടുപ്പിക്കാം.

  അവർക്ക് ബ്ലോഗെഴുത്തിനെപ്പറ്റി എൽ.സി.ഡി. വച്ച് നമുക്ക് ക്ലാസെടുക്കാം. അതിന് കഴിഞ്ഞവർഷം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടന്ന ശില്പശാലയുടെ മോഡലിൽ ഒരു സിലബസും തയ്യാറാക്കാം. മൊത്തം രണ്ട്  മണിക്കൂറിൽ തീരുന്ന കാര്യങ്ങളേ വേണ്ടൂ. ഇവ സംഘാംഗങ്ങൾ ചർച്ച ചെയ്ത് ബലപ്പെടുത്തി അതാതു കോളേജുകളിൽ അവതരിപ്പിക്കണം.

  എൽ.സി.ഡി പ്രൊജക്ടർ, സമ്മേളനസ്ഥലം എന്നിവ മലയാളവിഭാഗം ഒരുക്കണം.

  ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കോളേജ് യൂണിയന്റെ പരിപാടിയായി ഈ ഉദ്യമത്തെ മാറ്റരുത്. എന്നാൽ ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാ വിദ്യാർത്ഥിസംഘടനകളേയും ഇതിലേക്ക് ക്ഷണിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.

  മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും നമ്മെ പിൻ തുണയ്ക്കും.

  ഈ ശില്പശാലയുടെ പ്രചാരണത്തിനായി  “മലയാളത്തിൽ എഴുതൂ, വായിക്കൂ, ചിന്തിക്കൂ!” എന്ന മുഖവാചകം ഉപയോഗിക്കാം. ഇത് ആലേഖനം ചെയ്ത ഒരു മുദ്ര (ലോഗോ) ആരെങ്കിലും രൂപകല്പന ചെയ്താൽ നന്നായിരുന്നു. അതിന് സുഹൃത്തുക്കളിൽ ആരെങ്കിലും മുന്നോട്ടു വരും എന്നു പ്രതീക്ഷിക്കുന്നു.  നാട്ടിലെ ബ്ലോഗ് പ്രചരണത്തിന് നേരിട്ടു വരാൻ കഴിയില്ലെങ്കിലും ഇത്തരം കാര്യങ്ങളിലും, അഭിപ്രായരൂപീകരണത്തിലും, മറ്റുസഹായങ്ങളിലും പ്രവാസി ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. തിരൂർ മീറ്റ് സംഘടിപ്പിക്കാൻ നമ്മൾ നടത്തിയ ചർച്ച ഓർക്കുമല്ലോ.

  എറണാകുളം, കൊല്ലം ജില്ലകളിൽ നടത്തുന്ന ശില്പശാലകളുടെ ആസൂത്രണത്തിലും നടത്തിപ്പുകളിലും ഞാൻ പങ്കെടുക്കും എന്നു വാഗ്ദാനം ചെയ്യുന്നു. ഇവിടെയും മറ്റു ജില്ലകളിലും ഇപ്രകാരം പ്രവർത്തിക്കാൻ തയ്യാറുള്ള സുഹൃത്തുക്കളെ ക്ഷണിച്ചുകൊള്ളുന്നു.


  ജയൻ ഏവൂ‍ർ


  ‘ഈ മരം’ (e-Tree) പദ്ധതി.


  ഴിഞ്ഞ ഒരു കൊല്ലം ലോകവ്യാപകമായി എത്ര മരങ്ങൾ മുറിച്ചു നീക്കി എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? അന്വേഷിച്ചാലും കൃത്യമായിട്ടൊരു കണക്ക് കണ്ടുപിടിക്കൽ ബുദ്ധിമുട്ടായിരിക്കും. വികസനത്തിന്റെ പേരിലും പേപ്പറിനും കെട്ടിട നിർമ്മാണത്തിനുമൊക്കെയായി കോടാനുകോടി മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നത്. പക്ഷെ, അത്രയ്ക്ക് തന്നെ മരങ്ങൾ കൊല്ലാകൊല്ലം വെച്ചുപിടിപ്പിക്കപ്പെട്ടിട്ടുണ്ടോ ? അതും കണക്കെടുപ്പ് നടത്തേണ്ട വിഷയമാണ്. മുറിക്കുന്ന അതേ കണക്കിൽത്തന്നെ വെച്ചുപിടിപ്പിച്ചാലും അതേ പൊക്കവും വണ്ണവുമുള്ള മറ്റൊരു മരം ഉണ്ടായി വരാൻ അനേകം വർഷങ്ങളെടുക്കും. അങ്ങനെ നോക്കിയാൽ ഒരു മരം മുറിക്കുമ്പോൾ 10 മരം വെച്ചുപിടിപ്പിച്ചാലും മുറിച്ചുമാറ്റിയതിന്റെ കടം തീർക്കാൻ സാധിച്ചെന്ന് വരില്ല.

  ഇന്നിപ്പോൾ നാട്ടിൻ‌പുറങ്ങളിൽ‌പ്പോലും മരങ്ങൾ കാണാൻ ബുദ്ധിമുട്ടായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ, വയനാട് പോലെ കാടുകളുള്ള ഇടങ്ങളിലൊക്കെ, ഭൂമിക്കച്ചവടം മന്ദഗതിയിലായപ്പോൾ കൈവശമുള്ള ഭൂമിയിൽ നിന്ന് മരമെങ്കിലും മുറിച്ച് കുറേ പണമുണ്ടാക്കാം എന്ന മനോഭാവത്തോടെയാണ് ജനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരിക്കുന്ന കൊമ്പാണ് മുറിച്ച് മാറ്റുന്നത് എന്നറിഞ്ഞും അറിയാതെയും, ജീവന്റെ ആധാരമായ മരങ്ങൾ നമ്മൾ വെട്ടിവീഴ്ത്തിക്കൊണ്ടേയിരിക്കുന്നു.

  ആഗോളതാപനം, മഴക്കുറവ്, തന്മൂലം വൈദ്യുതിയില്ലായ്മ, എന്നതിന്റെയൊക്കെ കണക്ക് വേണമെങ്കിൽ കിറുകൃത്യമായി നിരത്താൻ നമുക്കായെന്ന് വരും. അതുമൂലം അനുഭവിച്ചുകൊണ്ടിരിക്കുന്ന കെടുതികളുടെ കണക്കവതരിപ്പിക്കാനും ബുദ്ധിമുട്ടുണ്ടായെന്ന് വരില്ല. ഇതൊക്കെ അനുഭവിച്ച് അതിന് ‘കാരണക്കാരായ’ സർക്കാറുകളേയും മറ്റ് അധികാരികളേയും ചീത്ത വിളിക്കാത്തവർ ചുരുക്കമായിരിക്കും. സത്യത്തിൽ ഭരണാധികാരികൾ ആണോ ഇതിനൊക്കെ കാരണക്കാർ ? ഓരോ ജനതയ്ക്കും അവരർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടൂ എന്നത് പരമമായ സത്യമാണ്. നമ്മളെന്തു ചെയ്തു ഇതിനൊക്കെ എതിരായി എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ? നമ്മൾ ചെയ്യാത്തത്, നമ്മൾ തിരഞ്ഞെടുത്തയക്കുന്നവർ ചെയ്യണമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത് ?

  വിഷയത്തിലേക്ക് വരാം. മഴയില്ല, വെള്ളമില്ല, കറന്റില്ല, ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന പരാതികൾ പറയുന്നവർ ഓരോരുത്തരും അവരവരുടെ പങ്ക് കൂടെ ചെയ്യാൻ തയ്യാറാകണം. എന്നുവെച്ചാൽ ഏറ്റവും ചുരുങ്ങിയത്, ഒരു കൊല്ലത്തിൽ ഒരു മരമെങ്കിലും വെച്ചുപിടിപ്പിക്കാൻ സന്നദ്ധരാവണം. ഒരുപാട് പ്രകൃതി സ്നേഹികൾ വർഷങ്ങളായി പെടാപ്പാട് പെട്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു പഴയ കാര്യം മാത്രമാണിത്. പക്ഷെ, ലക്ഷക്കണക്കിന് ആൾക്കാർ മരം വെട്ടാൻ നിൽക്കുമ്പോൾ ഒന്നോ രണ്ടോ പേരുടെ മാത്രം വനവൽക്കരണം, വനരോദനമായി മാറുന്ന ദയനീയമായ കാഴ്ച്ചയാണ് നമുക്ക് മുന്നിലുള്ളത്.

  പൊതുസമൂഹത്തിൽ ഇറങ്ങി ഒരു ആശയം നടപ്പിലാക്കുന്ന കാര്യം വരുമ്പോൾ നമ്മൾ ഓൺലൈൻ സുഹൃത്തുക്കൾക്ക് പലപ്പോഴും ഒരുപാട് എളുപ്പത്തിൽ അക്കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട്ടുകാരനായ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ എന്ന പ്രകൃതിസ്നേഹിയുടെ കാര്യമെടുക്കാം. ഒരു മരം എന്ന പദ്ധതിയുമായി വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ് അദ്ദേഹം. സമൂഹത്തിൽ നേരിട്ടിറങ്ങി മരം വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമ്പോൾ അദ്ദേഹം എടുക്കുന്ന അദ്ധ്വാനം എത്രയോ വലുതാണ്. അത്രയ്ക്ക് അദ്ധ്വാനമില്ലാതെ ഓൺലൈനിലൂടെ നമുക്ക് ഇതേ ആശയം പ്രചരിപ്പിക്കാൻ സാധിക്കും. മഴയില്ലാത്തതിനും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനുമൊക്കെ മറ്റുള്ളവരെ പഴി ചാരി കമന്റുകൾ അടിച്ചുവിടുന്നതിന് പകരം, ഒരു മരം വെച്ചുപിടിപ്പിച്ചശേഷം ഒരൊറ്റ ഷെയറിലൂടെ ആ നല്ല ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശോഭീന്ദ്രൻ മാഷ് ചിലവഴിക്കുന്ന ഊർജ്ജത്തിന്റെ 100 ൽ ഒരംശം പോലും നമുക്ക് ആവശ്യമില്ല.

  ചെയ്യേണ്ടത് ഇതാണ്. മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് വിശ്വസിക്കുന്നവർ അവരവരുടെ പുരയിടത്തിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് ഒരു മരമെങ്കിലും നട്ടുവളർത്തുക. ഈ ലേഖനം വായിക്കുന്നവരിൽ തറവാട്ടുവക പുരയിടമായിട്ടെങ്കിലും 3 സെന്റ് സ്ഥലം ഇല്ലാത്തവർ വളരെ ചുരുക്കമല്ലേ ? അതിൽ എവിടെയെങ്കിലും ഒരു മരം നടാനുള്ള സ്ഥലം കണ്ടെത്താനാവില്ലേ? ഒന്നിലധികം മരങ്ങൾ നടാൻ പറ്റുന്നവർക്ക് അതുമാകാം. (ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് ഇതേ കർമ്മം ചെയ്യാൻ പറ്റില്ല എന്നതുകൊണ്ട് ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക, പ്രചരിപ്പിക്കുക. ഒപ്പം ബാൽക്കണിയിൽ എവിടെയെങ്കിലും നാല് ചട്ടികളിൽ ചെടികളെങ്കിലും വെച്ച് പിടിപ്പിക്കുക.)

  ഒരു മരം നട്ടതുകൊണ്ട് മാത്രം കാര്യമായില്ല. അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഓൺലൈനിലൂടെ തന്നെ ഷെയർ ചെയ്യുക. ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും അത് ചെയ്തിരിക്കണം. മരം നടുമ്പോൾ ഒരു ഫോട്ടോ എടുത്ത് അത് ഓൺലൈനിൽ ഇടുക. ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിങ്ങനെ നെറ്റ്‌വർക്ക് സൈറ്റുകൾ ഉപയോഗിക്കുന്നവർക്കിടയിലാണ് ഇത് പ്രചരിപ്പിക്കപ്പെടാൻ പോകുന്നത് എന്നതുകൊണ്ട് ഇപ്പറഞ്ഞ കാര്യം ആർക്കും ഒരു വിഷയം ആകുന്നതേയില്ല. അവരവർ ആദ്യം ഇട്ട ചിത്രത്തിനടിയിൽ മരത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ കമന്റായോ അല്ലെങ്കിൽ പുതിയൊരു ചിത്രമായോ 3 മാസത്തിൽ ഒരിക്കലെങ്കിലും ചേർക്കുക.

  ആയിരം പേരെയെങ്കിലും ഈ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചാൽ പത്തിരുപത് വർഷം കഴിയുമ്പൊൾ 1000 മരങ്ങളുടെ ഗുണങ്ങളെങ്കിലും നമുക്ക് അനുഭവിക്കാനാകുകയാണ്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഓൺലൈൻ സുഹൃത്തുക്കൾക്കും ഈ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനാകും. അവരവരുടെ വീടുകളിൽ പറഞ്ഞ് ചട്ടം കെട്ടി, ഒരു മരം നടാനുള്ള ഏർപ്പാട് ചെയ്യാനും അതിന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച് ഓൺലൈനിൽ ഷെയർ ചെയ്യാനുമൊക്കെ ഒരു ബുദ്ധിമുട്ടുമില്ല. നട്ട മരത്തെ നോക്കി സംരക്ഷിക്കാനും ഏർപ്പാട് ചെയ്യണം. ഏതെങ്കിലും കാരണവശാൽ നട്ട മരം നശിച്ചുപോകുകയോ പശുതിന്ന് പോകുകയോ ചെയ്താൽ ഉടനടി മറ്റൊരു മരം നട്ട് പദ്ധതിയുമായി മുന്നോട്ട് പോകുക.

  എല്ലാ വർഷവും ഓരോ മരങ്ങളെങ്കിലും ഇങ്ങനെ നടാനായാൽ, 10 കൊല്ലം കൊണ്ട് ലക്ഷക്കണക്കിന് മരങ്ങൾ ഇങ്ങനെ നട്ടെടുക്കാൻ കഴിഞ്ഞാൽ, അതിൽ‌പ്പരം മഹത്തായ കാര്യം മറ്റെന്തുണ്ട് ?!

  ഇങ്ങനൊരു പദ്ധതിയുമായി ‘നമ്മുടെ ബൂലോകം‘ കൂട്ടായ്മ മുന്നോട്ട് പോകുകയാണ്. അതിലേക്കായി സ്വന്തം രൂപം ചേർത്തുവെച്ച് ഒരു കാരിക്കേച്ചർ വരച്ച് തരികയും പദ്ധതിക്ക് ‘ഈ മരം‘ (e-Tree) എന്ന് പേരിടുകയും ചെയ്തിരിക്കുന്നത് പ്രമുഖ കാർട്ടൂണിസ്റ്റും ബ്ലോഗറുമായ ശ്രീ.സജ്ജീവ് ബാലകൃഷ്ണൻ എന്ന സജ്ജീവേട്ടനാണ്. ഓൺലൈനിലൂടെയുള്ള സംരംഭം ആയതുകൊണ്ടാണ് അദ്ദേഹം ഈ പദ്ധതിയ്ക്ക് ‘ഈ മരം‘ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

  സജ്ജീവേട്ടന്റെ ഈ മരം കാരിക്കേച്ചർ

  ഈ പദ്ധതിയുമായി സഹകരിക്കാൻ താൽ‌പ്പര്യമുള്ളവർക്ക് ചിത്രങ്ങൾ പ്രദർശിപ്പിക്കാനും മരത്തിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുമായി ഫേസ്‌ബുക്കിൽ ഒരു പേജ് ആരംഭിച്ചിട്ടുണ്ട്. താൽ‌പ്പര്യമുള്ളവർക്ക് അതിൽ അംഗങ്ങളായി തങ്ങളുടെ ഓരോരുത്തരുടേയും മരത്തിന്റെ ചിത്രം അവിടെ പ്രദർശിപ്പിക്കാം. അക്ഷരമാല ക്രമത്തിലുള്ള ഫോട്ടോ ഫോൾഡറുകളിൽ ആ ചിത്രങ്ങൾ ഓരോന്നും പ്രദർശിപ്പിക്കുന്നതാണ്. ഫോൾഫേസ്‌ബുക്കിന് പകരം ബ്ലോഗുകളോ മറ്റ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളോ ഉപയോഗിക്കുന്നവർക്ക് ചിത്രങ്ങൾ അതാത് ഇടങ്ങളിൽ ഇടുകയും പ്രചരിപ്പിക്കുകയും ആവാം.

  സജ്ജീവേട്ടൻ ബിലാത്തി നെല്ലി നടുന്നു.

  നെല്ലി തൈയ്ക്ക് അൽ‌പ്പം വെള്ളം.

  നല്ലൊരു നാളെയാണ് നമ്മുടെ ലക്ഷ്യം. അതിലേക്കായി ഒരു ചെറുവിരലെങ്കിലും അനക്കാനാകുമെങ്കിൽ അത് ചെയ്യുക. ആദ്യത്തെ മരം സജീവേട്ടൻ തന്നെ അദ്ദേഹത്തിന്റെ പുരയിടത്തിൽ നട്ടുകൊണ്ട് ‘ഈ - മരം‘ പദ്ധതി ആരംഭിക്കുന്നു. നിരവധി ഫലവൃക്ഷങ്ങളും മറ്റ് മരങ്ങളും വളർന്നു വരാൻ നമ്മൾ ഓൺലൈൻ സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന പ്രാർത്ഥനയോടെ.
  എം.കെ.പവിത്രന്‍ സ്മാരക അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.

  എം.കെ.പവിത്രന്‍ സ്മാരക അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.


  നായരമ്പലം സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ 2013 മെയ് 26 നു സംഘടിപ്പിക്കുന്ന ശ്രീ എം.കെ. പവിത്രന്‍ അനുസ്മരണചടങ്ങുകളുടെ ഭാഗമായി  കവിത, കഥ , ഉപന്യാസ മത്സരങ്ങള് ( മലയാളം ) നടത്തുന്നു. എം.കെ പവിത്രന്‍ സ്മാരക കവിതാ അവാര്‍ഡിനായി 30 വരിയില്‍ കവിയാത്ത കവിതകള്‍ സമര്‍പ്പിക്കാം.പ്രായ പരിധിയില്ല.20 വയസ്സിൽ താഴെ പ്രായമുള്ളവർക്കു മാത്രമാണു് കഥ , ഉപന്യാസം എന്നീ മൽസരങ്ങളിലെക്ക് രചനകൾ അയക്കാവുന്നത്. കവിത, കഥ എന്നീ മൽസരങ്ങൾക്ക് വിഷയം  നല്‍കിയിട്ടില്ല. ഉപന്യാസത്തിനുള്ള വിഷയം “എന്റെ ഭാഷ എന്റെ അമ്മ“ എന്നതാണ് രചനകളുടെ കയ്യെഴുത്തുപ്രതികളുടെ 3 പകർപ്പുകൾ വീതം  അയക്കേണ്ടതാണു്. സമയ പരിധിക്കകം സമർപ്പിക്കപ്പെടുന്ന രചനകളിൽ നിന്നും അർഹമായ  10 രചനകള്‍ വീതം  സ്കീനിംഗ് കമ്മിറ്റി തിരഞ്ഞെടുക്കുകയും അവയിൽ നിന്ന് വിദഗ്ദ്ധ ജൂറി മെയ് 26നു പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നതുമാണ്. കവിതാ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന കവികളെ അനുസ്മരണ ദിവസം രാവിലെ ശ്രീ എം കെ പവിത്രൻ മാഷിന്റെ വസതിയില്‍ വെച്ച് നടത്തപ്പെടുന്ന കാവ്യസംഗമത്തില് പുരസ്കാര പരിഗണനയ്ക്ക് സമർപ്പിച്ച കവിതകൾ അവതരിപ്പിക്കുവാൻ ക്ഷണിക്കുകയും, ആ സദസ്സിൽ വച്ച് ആവശ്യമായ  വിലയിരുത്തലുകള്‍ നടത്തി പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നതുമാണു്..കഥ,ഉപന്യാസം എന്നീ ഇനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന മൽസരാർഥികളുമായും അന്നേദിവസം തന്നെ ബന്ധപ്പെട്ട ജൂറി ഉചിതമായ രീതിയിൽ മുഖാമുഖം നടത്തി പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കും
  മെയ് 26 നു വൈകുന്നേരം നായരമ്പലം കൊച്ചമ്പലം ഹാളില്‍ വെച്ച് നടത്തുന്ന എം.കെ.പവിത്രന്‍ അനുസ്മരണ സമ്മേള വേദിയില്‍ വെച്ച് പുരസ്കാര പ്രഖ്യാപനവും വിതരണവും നടത്തും. 
  രചനകൾ മെയ് 10 നകം താഴെ പറയുന്ന വിലാത്തിൽ അയച്ചു കിട്ടിയിരിക്കണം

  നന്ദകുമാരി ടീച്ചര്‍,

  നമ്പ്രാട്ടില്‍

  രാമങ്കുളങ്ങര ,

  ടെമ്പില്‍ റോഡ്,

  വെളിയത്താം പറമ്പ്

  നായരമ്പലം 682509

  എറണാകുളം ജില്ല

  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ബ്ലോഗ് പോസ്റ്റില്‍ കമന്റ് ആയി രേഖപ്പെടുത്തുകയോ ഫോണ്‍ നമ്പറില്‍ ബദ്ധപ്പെടുകയോ ചെയ്യുക.
  ഫോണ്‍ : 9497276896

  ബ്ലോഗെഴുത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് - അക്ബര്‍ കക്കട്ടില്‍

  റിപ്പോര്‍ട്ട്‌ : മനോരാജ് 
  ചിത്രങ്ങള്‍ : ജോ ജോഹര്‍   കേരളത്തിന്റെ  സാംസ്കാരിക നഗരിയില്‍  മലയാള സാഹിത്യത്തിന്റെ തറവാട്ടിലേക്ക് ; അക്ഷരപ്പെരുമയിലെക്കു  കാലെടുത്തു വച്ചത് അല്‍പ്പം അഹങ്കാരത്തോടെ ആയിരുന്നു.  മനസ്സിലും നമ്മുടെ വായനാ മുറികളിലും ഭാവനാ സമ്പുഷ്ടവും തീക്ഷനവുമായ ചിന്തകള്‍  കുരുത്ത  ജീവിച്ചിരിക്കുന്നവരും മണ്‍ മറഞ്ഞവരും ഒട്ടേറെ  പൂര്‍വികരുടെ  കഥകളും കവിതകളും ലേഖനങ്ങളും  പ്രബന്ധങ്ങളും  ചര്‍ച്ച ചെയ്ത  അവയെ കീറി മുറിച്ച തറവാട്ടു മുറ്റത്തു  നവ മാധ്യമമായ  ബ്ലോഗേഴുത്തിനെയും  മുഖ്യ ധാരാ സാഹിത്യത്തെയും സംഗമി പ്പിക്കുന്ന ഒരു വേദി. അതില്‍  ഒരു ആസ്വാദകന്‍ എന്നതിനേക്കാള്‍ അത്തരം  പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഒരു എളിയവന്‍   എന്നനിലയില്‍ പങ്കെടുക്കുവാന്‍ കഴിയുക എന്നതിന്റെ അഹങ്കാരം മനസ്സില്‍  ഉള്‍ക്കൊണ്ടിരുന്നു.

     ഉദ്ഘാടകന്‍  അക്ബര്‍ കക്കട്ടിലും  അധ്യക്ഷന്‍ എ . സഹദേവനും 

  മകരക്കൊയ്ത്തും കന്നിക്കൊയ്ത്തും   അതിനു മേറെ  ഇന്നും മലയാളി ഹൃദയത്തില്‍ സൂക്ഷിക്കുന്ന  മാമ്പഴവും എല്ലാം 
  നമുക്ക് സമ്മാനിച്ച വൈലോപ്പിള്ളിയുടെ പേരിലുള്ള  സ്മാരകഹാളില്‍  മഹാനായ് ആ സാഹിത്യ പ്രതിഭയുടെ  ചിത്രത്തിന് താഴെ  ഒരുക്കിയ വേദിയില്‍ ബ്ലോഗെഴുത്തും മുഖ്യ ധാരാ സാഹിത്യവും എന്ന്  അച്ചടിച്ച  ഏറെ ബഹുമാനിക്കുന്ന ചില സാഹിത്യകാരുടെയും  ഏറെ അടുപ്പ മുള്ള ചില ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെയും  പേരുകള്‍ ആലേഖനം ചെയ്ത  വലിയൊരു  ബാന്നര്‍ !!!  കൈനിക്കരയും പി സി കുട്ടികൃഷ്ണനും  തുടങ്ങി ആധുനിക  സാഹിത്യത്തിന്റെ വിരുന്നു മേശകളിലേക്ക്  വൃദ്ധ സദനം പോലെ നിലവിളികള്‍ ഉയര്‍ത്തി അകാല  ത്തില്‍ പൊലിഞ്ഞു പോയ  പ്രിയപ്പെട്ട  കൊച്ചു ബാവ ഉള്‍പ്പെടെ ഉള്ള  വരുടെ ചിത്രങ്ങള്‍ക്ക് താഴെ  ഉപ വിഷ്ടരായിരുന്ന ബ്ലോഗ്‌ ഓണ്‍ലൈന്‍  മാധ്യമങ്ങളില്‍ എഴുതുന്നവരായ  ഒരു കൂട്ടം സൌഹൃദങ്ങള്‍.   ഇവര്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന്റെ അല്‍പ്പം അഹങ്കാരവും ഉള്ളില്‍  ഉള്‍ക്കൊണ്ട്  ഞാനിരുന്നു . 

  അക്കദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, നിരക്ഷരൻ, അൿബർ കക്കട്ടിൽ, എ.സഹദേവൻ എന്നിവർ

   ബ്ലോഗെഴുത്ത് എന്നാ സാഹിത്യത്തെ ഒരു നവ മാധ്യമമായി ഉയര്‍ത്തി ക്കാട്ടി അതിനെ   ഭാഗമായി സാഹിത്യ അക്കാദമി യുടെ നേതൃത്ത്വത്തില്‍  നടത്തപ്പെട്ട  നാലാമാതെ പ്രോഗ്രാം ആയിരുന്നു ഇന്നത്തെതു.  ഇതിനു മുന്‍പ് രണ്ടു വട്ടം കോഴിക്കോടും ഒരിക്കല്‍ പീച്ചിയിലും  ഇത്തരം ചില പരിപാടികള്‍ അക്കാദമി സംഘടിപ്പിചിരുന്നു . ഇത്തരത്തിലുള്ള  ഒരു പരിപാടി സംഘടിപ്പിച്ചതിന് സാഹിത്യ അക്കാദമിയോടുള്ള  നന്ദി എല്ലാ ബ്ലോഗേഴ്സിന്റെയും പേരില്‍  അര്‍പ്പിക്കുവാന്‍  ഈ അവസരം ഉപയോഗിച്ച് കൊണ്ട്   പരിപാടിയുടെ  വിശദാംശങ്ങളിലേക്ക് കടക്കട്ടെ .


  മലയാള വായനാ ലോകത്തിനു അധ്യാപക  കഥകളും സ്കൂള്‍ ഡയറിയും ഒപ്പം മനോഹര കഥകളും  ശ്രീ അക്ബര്‍ കക്കട്ടില്‍ ആയിരുന്നു ചടങ്ങിന്റെ  ഉദ്ഘാടകന്‍ . ഇന്‍ഡ്യ വിഷന്‍ ചാനലില്‍ ക്ലാസിക്കല്‍ സിനിമ സംബന്ധിയായ  പരിപാടിയിലൂടെ പ്രേക്ഷക  ശ്രദ്ധ  നേടിയ ആണ്ടൂര്‍ സഹദേവന്‍   അദ്ധ്യക്ഷ പദം അലങ്കരിച്ചു.  ഓണ്‍ ലൈന്‍ മീഡിയ യിലെ സജീവ സാന്നിധ്യങ്ങലായ നിരക്ഷരന്‍ ,വി കെ ആദര്‍ശ് , ജയന്‍ ഏവൂര്‍ , ഹബീബ് , വിശ്വ പ്രഭ, ലീല ചന്ദ്രന്‍ എന്നിവരും  മുഖ്യ ധാരയിലെ സ്ഥിതിയുമായി രോഷ്നി സ്വപ്ന , എ ലെനിന്‍, അക്ബര്‍ കക്കട്ടില്‍ എന്നിവരും സംസാരിചു.

  സൈബര്‍ സ്പേസില്‍ അടുപ്പമുള്ള പലരും ഭൌതികമായി അകലെ ആയിരിക്കുമെന്നും അവരെ ഭൌതികമായി തന്നെ അടുപ്പിക്കുക  എന്ന ലക്‌ഷ്യം  വച്ച് ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  അക്കാദമി ഉദ്ദേശി ക്കുന്നതെന്നും   , ബ്ലോഗിനെ മറ്റു മാധ്യമമായി  കാണാതെ  മുഖ്യധാരയിലേക്ക് എത്തിക്കുക  എന്ന  ലക്ഷ്യത്തിലെത്തിക്കാനാണ് അക്കാദമി ഇതിലൂടെ ശ്രമിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി കൂടിയായ  ശ്രീ ആര്‍ ഗോപാല കൃഷ്ണന്‍ തന്റെ  സ്വാഗത  പ്രസംഗത്തിലൂടെ വ്യക്തമാക്കി.    ബ്ലോഗിങ്ങ് ഒരു തമാശയാണ് ഇതില്‍ നില നില്പ്പില്ല  എന്ന് പറഞ്ഞു അറച്ചു നില്‍ക്കുന്ന മുഖ്യ ധാരാ എഴുത്തുകാരെ  ബ്ലോഗ്ഗിങ്ങിലേക്ക് ആകര്‍ഷിക്കുക എന്നതും  ഇതിലൂടെ അക്കാദമി ലക്ഷ്യമാക്കുന്നുണ്ട് എന്നും  അദ്ദേഹം കൂട്ടി ചേര്‍ത്തു.   ടൈപ്പ് റൈറ്റര്‍കളുടെ ചരിത്രം പരിശോധിച്ചാല്‍  അവയില്‍ പറഞ്ഞ കോപ്പി എഴുത്തുകാര്‍ ഒടുവില്‍ അവയെ സ്വീകരിച്ചത് നമുക്ക് കാണാന്‍ കഴിഞ്ഞു  എന്നും അത് പോലെ ബ്ലോഗും ഒരു എഴുത്ത് മാധ്യമമാനെന്നു തിരിച്ചറിയണമെന്നും അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന മുഖ്യ ധാരാ സാഹിത്യ ക്കാരെയും സമത്വ പ്പെട്ടു മുന്നോട്ടു പോകാന്‍ ബ്ലോഗ്ഗെഴ്സിനെയും എത്തിക്കുക  എന്നാ ലക്ഷ്യത്തിലേക്ക് അടുപ്പിക്കാനുള്ള എളിയ ശ്രമമാണ് അക്കാദമി ഇത്തരം  പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.  

  തുടര്‍ന്ന് ശ്രീ അക്ബര്‍ കക്കട്ടില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.   ഇത്തരം ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതിന്റെ  അതീവ സന്തോഷം വ്യക്തമാക്കി ക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിചതു.   സാഹിത്യ അക്കാദമി  വൈസ് പ്രസിഡണ്ട്‌ ആയി സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു യോഗത്തില്‍ വച്ച് അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യം  ബ്ലോഗെഴുത്തുകാരുടെ ഒരു കൂട്ടായ്മ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുക എന്നതായിരുന്നു. മാത്രമല്ല, ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ കളില്‍ വെറും ലൈക്കും  കമടിനു മപ്പുറം സജീവമായി ഇടപെടലുകള്‍ നടത്തുന്നവരുടെ  ഒരു കൂട്ടായ്മയും   അതിന്റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രേ !

  കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വന്നിരുന്നു എന്നും   എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അത്തരം കൂട്ടായ്മകള്‍ നടക്കുന്നില്ല എന്നും  ചില ആശങ്കകള്‍ അദ്ദേഹം പങ്കു വയ്ക്കുകയുണ്ടായി.   പതിനായിരത്തിനു മേല്‍ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നാണ് അനൌദ്യോഗിക കണക്കുകള്‍ എങ്കിലും  സജീവമായ ബ്ലോഗെഴുത്തുകള്‍  ഇപ്പോഴും ആയിരത്തില്‍ താഴെ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം എടുത്തു പറഞ്ഞു.   ബ്ലോഗ്‌ നല്‍കുന്ന സ്വാതന്ത്ര്യം ദുരു പയോഗം ചെയ്യുന്നതിനെ ക്കുറിച്ചും  ജാതി യതയുടെയും തീവ്ര വാദങ്ങളുടെയും  എല്ലാം  ആശയങ്ങള്‍ ബ്ലോഗിലൂടെ  പാകുന്ന ആശങ്കയും അദ്ദേഹം മറച്ചു വചില്ല; അതിനു ചില ഉദാഹരണങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ബ്ലോഗ്‌ ഓണ്‍ ലൈന്‍ മീഡിയ കളുടെ നന്മകളും അദ്ദേഹം എടുത്തു പറഞ്ഞു  സൈബര്‍ യുഗത്തില്‍ നിന്നും വന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊടകര പുരാണ ത്തെയും  അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ      എന്നാ പുസ്തകത്തെയും  അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു പരാമര്‍ശിച്ചു.   അത് പോലെ വെള്ളെഴുത്ത് തുടങ്ങിയ ചില ബ്ലോഗുകളെയും അദ്ദേഹം പരമാര്ശിക്കുയുണ്ടായി.   അതേപോലെ സി പ്രഭാകരനെ പ്പോലുള്ള മുഖ്യ ധാരാ എഴുത്തുകാര്‍ ബ്ലോഗേഴുത്തിനെ മുഖ്യമായി കാണുന്നു വെന്നും അതെ പാത മറ്റു മുഖ്യധാര എഴുത്തുകാര്‍ പിന്തുടരണം എന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

  എഴൂത്തിനെ   ഗൌരവമായി കാണുന്ന ബ്ലോഗര്‍മാര്‍ക്ക്  സന്തോഷ കരമായ  ചില   പ്രസ്താവനകളും അക്കാദമിയുടെ വൈസ് പ്രസിഡന്റ്‌ എന്നാ നിലയില്‍ അദ്ദേഹം  നടത്തുകയുണ്ടായി.   അക്കാദമിയുടെ പരിഗണനയില്‍ ഉള്ള അല്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നാ നിലയില്‍  അദ്ദേഹം സൂചിപ്പിച്ച കാര്യങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍   ആണെങ്കിലും  ചര്ച്ചയിലോ പരിഗണ നയിലോ ഉണ്ട് എന്നുള്ളത്   ബ്ലോഗേഴ്സിനു   സന്തോഷം തരുന്ന കാര്യം ആണ്.   ബ്ലോഗ്‌ രചനകളുടെ ഡിജിറ്റൽ   കോപ്പികള്‍   അക്കാഡമി സൂക്ഷിക്കാന്‍ ശ്രമിക്കുമെന്നും ബ്ലോഗ്‌ ക്യാമ്പുകള്‍ നടത്തും എന്നും  മികച്ച ബ്ലോഗ്‌ കൃതിക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും  അക്കാദമിയുടെ വെബ്‌ സൈറ്റില്‍ ബ്ലോഗുകളുടെ ലിങ്കുകള്‍   ഉള്‍പ്പെടുത്തുന്നതിനെ ക്കുറിച്ച് ആലോചിക്കുന്ന കാര്യവും  അക്കാദമി  ലൈബ്രറി  ഡിജിറ്റലൈസേഷന്‍ ചെയ്യുന്ന കാര്യവുമെല്ലാം  അദ്ദേഹം എടുത്തു പറയുകയുണ്ടായി.  ബ്ലോഗുമായി ബന്ധപ്പെട്ട ആവശ്യങ്ങളും  മറ്റു കാര്യങ്ങളും ഏവരും കൂട്ടായി  ഉരുപ്പെടുത്തി എടുത്തു അത് ക്രോഡീ കരിച്ചു  അക്കാദമിയെ   എഴുതി അറിയിക്കാന്‍  അദ്ദേഹം  ബ്ലോഗേഴ്സിനോട് ആവശ്യപ്പെട്ടു.  നമ്മളെല്ലാം  എഴുത്തുകാര്‍ ആണെന്നും തരം തിരിവുകള്‍ ആവശ്യമില്ലാ എന്നും  ഊന്നിപ്പറഞ്ഞു കൊണ്ട് അദ്ദേഹം  സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

   (ശ്രീ.അക്ബര്‍ കക്കട്ടില്‍ ആവശ്യപ്പെട്ടതുപോലെ  അക്കാദമിയോടു  ഉന്നയിക്കേണ്ടുന്ന ബ്ലോഗ്‌ സംബന്ധിയായ  ആവശ്യങ്ങളും മറ്റു കാര്യങ്ങളും   ക്രോഡീകരിച്ചു  അക്കാദമിയെ  രേഖാമൂലം  അറിയിക്കുവാന്‍ ഉദ്ദേശിക്കുന്നു.   അതിനായി ബ്ലോഗര്‍ മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  ഇവിടെ കമന്റ് ആയി രേഖപെടുത്തുവാന്‍  അഭ്യര്‍ത്ഥിക്കുന്നു )


   എഴുതാന്‍  തുടങ്ങുമ്പോള്‍ നമ്മള്‍ ഒരു പ്രത്യക മതത്തില്‍  എത്തപ്പെടുന്നു എന്ന മാധവി ക്കുട്ടി യുടെ വാക്കുകള്‍ കടം കൊണ്ടാണ്   എ. സഹദേവന്‍ അദ്ദേഹത്തിന്റെ  അധ്യക്ഷ പ്രസംഗത്തിലേക്ക് കടന്നത്.  ബ്ലോഗില്‍ വിഷയങ്ങള്‍  അന്യമല്ല ; ഓരോരുത്തരും സമീപിക്കുന്ന രീതിയാണ് പ്രധാനം.  പഠിക്കാതെ ഒന്നിനോടും പ്രതികരിക്കരുത്.  പഠിച്ചു പ്രതികരിച്ചാല്‍ ഒരു നിയമത്തിനും പോലീസിനും നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മുടെ ഭാഷ നമ്മുടെ സംസ്കാരത്തില്‍ നില നിര്‍ത്തണം .  എഴുത്ത് കാരന്‍ ആവണം എങ്കില്‍ അധ്വാനം വേണം.   ചിട്ടയായ പഠനം വേണം. ചരിത്രത്തിന്റെ ധവള രശ്മികളെ മറ്റൊരു ചിന്തയായി പുറത്തു  വരുത്തുമ്പോള്‍ ആണ് നാം എഴുത്തുകാരായി  മാറുന്നതു  എന്ന മഹത്തായ സന്ദേശം ബ്ലോഗര്‍മാര്‍ക്ക് നല്‍കുവാന്‍ അദേഹത്തിന് അധ്യക്ഷ പ്രസംഗത്തിലൂടെ സാധിച്ചു . 

  തുടര്‍ന്ന് സംസാരിച്ച വി.കെ.ആദര്‍ശ്,     ഗുണ്ടര്‍ട്ടിന്റെ അച്ചടിയോടു പിണങ്ങിയവര്‍  പിന്നീട്   ഇണങ്ങുകയും പിന്നെ വണങ്ങുകയും ചെയ്തത്  ഉദ്ധരിച്ചു,  നാളെ   ബ്ലോഗ്ഗിങ്ങിനെ പലരും വണങ്ങും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.  സിറ്റിസണ്‍   ജെര്‍ണലിസത്തിനു  ബ്ലോഗ്‌    മീഡിയ യിലുള്ള വലിയ പ്രാധാന്യത്തെ ക്കുറിച്ചാണ് അദ്ദേഹം  സെമിനാറില്‍ സംസാരിച്ചത് . നമ്മുടെ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ മനോഹരമായി സിറ്റിസണ്‍   ജെര്‍ണ ലിസം ചെയ്യുന്നവര്‍  കൂടുതലായി ബ്ലോഗില്‍ ഉണ്ട് എന്നും  മാധ്യമ  പ്രവര്‍ത്തകര്‍  അത്  തിരിച്ചറിയണം  എന്നും  അദ്ദേഹം സൂചിപ്പിച്ചു.  എഴുത്തിന്റെ വഴിയില്‍ പരിചയമില്ലാത്തവരെ എഴുത്തില്‍ പ്രാപ്തനാക്കാന്‍ ബ്ലോഗിങ്ങ്    സഹായിക്കുന്നു   എന്നത് മറ്റൊരു മീഡിയ   വഴിയും ലഭിക്കാത്ത കാര്യമാണ്.    പ്രാദേശിക ഭാഷയുടെ    വികാസത്തിന് ഇന്റര്‍ നെറ്റും ബ്ലോഗ്ഗും വലിയ പങ്കു വഹിച്ചു എന്നതും എടുത്തു പറയേണ്ടുന്ന  കാര്യമാണ്. 


   തുടര്‍ന്ന് സംസാരിച്ച  ഡോ:ജയന്‍ ഏവൂര്‍, മനുഷ്യന്റെ വിനോദ ഉപാധികളില്‍  ഒന്നാണ് സാഹിത്യം എന്നും അതിന്റെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ ഒന്നാണ് ബ്ലോഗ്‌  ആണ് എന്നും പറഞ്ഞാണ്  തുടങ്ങിയത്.  ഇന്റര്‍നെറ്റില്‍ മലയാളം എഴുതിത്തുടങ്ങാന്‍   സഹായകമായ    സാങ്കേതിക  പ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞു, പിന്നീട് ആധുനിക കാലത്തെ ബ്ലോഗര്‍മാരെയും അദ്ദേഹം  തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കഥ കവിത, ലേഖനം, പാചകം, ടെക്നിക്കല്‍  തുടങ്ങി ബ്ലോഗ്ഗിന്റെ വിവിധ വിഭാഗങ്ങളാണ്  അദ്ദേഹം തന്റെ  പ്രസംഗത്തില്‍  വിഷയമാക്കിയത്.   ഒപ്പം ഭാഷയുടെ  വികാസത്തിനും ശാക്തീകരണത്തിനും ആയി യുവതീ യുവാക്കളെ   ഉള്‍പ്പെടുത്തി നടക്കാറുള്ള ശില്‍പ്പ ശാലകളെയും  പറ്റിയും ബ്ലോഗ്‌ മീറ്റുകളെപ്പറ്റിയും   അദ്ദേഹം പരാമര്‍ശിച്ചു.  ആയിരം കോപ്പി പുസ്തകങ്ങള്‍ ഇറക്കുന്നതിനേക്കാള്‍ വായന ഒരു ബ്ലോഗിന് ഒരു മാസത്തിനുള്ളില്‍ ലഭിക്കുമെന്നും  ഇത് മുഖ്യ ധാരാ എഴുത്തുകാര്‍ മനസ്സിലാക്കി അവര്‍ ബ്ലോഗ്ഗിങ്ങിലേക്ക്  കൂടി കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും  ഇങ്ങനെ ചെയ്തു മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും  വികാസത്തിനും  അവര്‍ കൂടി സഹായകമാകെണ്ടതുണ്ട് എന്ന് അദ്ദേഹം മുഖ്യധാരാ എഴുത്ത്കാരോട്  അഭ്യര്‍ത്ഥിക്കുകയുണ്ടായി.   വിക്കിപ്പീഡിയയുടെ അനന്തമായ സാധ്യതകളെക്കുറിച്ചാണ്  ബ്ലോഗറും വിക്കിപ്പീഡിയയിലെ സജീവ അംഗവും ആയ ഹബീബ്  സെമിനാറില്‍ സംസാരിച്ചത്. എന്താണ് വിക്കിപീഡിയക്ക് ഇത്തരമൊരു സെമിനാറില്‍ സ്ഥാനം എന്ന ചോദ്യം പലരില്‍ നിന്നും  ഉയര്‍ന്നിരുന്നു എന്നും   അദ്ദേഹം  പറഞ്ഞു.  വിക്കിപ്പീഡിയ എന്ന  എന്തിനെക്കുറിച്ചും അറിവ് പകരുന്ന ഒരു മാധ്യമം എന്നതിലുപരി വിക്കി ഗ്രന്ഥശാല,   വിക്കി ചൊല്ല്, വിക്കി നിഖണ്ടു എന്നിവ ഉൾപ്പെട്ടതാണ് വിക്കിപീഡിയയെന്നും അത്  സാഹിത്യത്തിന്റെ ഭാഗം തന്നെയാണ് എന്ന് സമര്‍ത്ഥിച്ചു കൊണ്ടുമാണ്  ഹബീബ അത്തരം   സംസാരിച്ചത്.   വൈജ്ഞാനിക ലേഖനങ്ങളെപ്പോലെ അമൂല്യമായ സാഹിത്യ ഗ്രന്ഥങ്ങള്‍  വിക്കിയിലുണ്ടെന്നും  ഇനിയും കൂട്ടി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും  ഹബീബ്  സെമിനാറില്‍ പങ്കെടുത്തരെയും അക്കാദമിയും അറിയിച്ചു.   ഇത്തരത്തില്‍ മുഖ്യ ധാരാ സാഹിത്യ പ്രതിഭകള്‍  തങ്ങളുടെ ഏതെങ്കിലുമൊക്കെ കൃതികള്‍   ‘കോപ്പി ലെഫ്റ്റ്‘ നല്‍കി യാല്‍ വളരെ വലിയ ഒരു വായനാ സമൂഹത്തെ സൃഷ്ടിക്കുമെന്നും , അത് വഴി മലയാള ഭാഷക്കും അതൊരു മുതല്‌ക്കൂട്ടാവുമെന്നും, നിലവില്‍ അക്കാദമിയിലുള്ള  സ്കാന്നെട്  കോപ്പികള്‍  വിക്കിക്ക് കൈമാറുന്നതിനുള്ള സാധ്യതയെപ്പറ്റിയും     ഹബീബ്  സെമിനാറിലൂടെ   അറിയിക്കുകയുണ്ടായി. 
  തുടര്‍ന്ന്  ഗ്രന്ഥകാരന്‍ ആയ ശ്രീ കെ എം ലെനിന്‍   തന്റെ എഴുത്ത്    1965 ല്‍  നിര്‍ത്തിയത്  സ്വന്തം കൈയ്യക്ഷരം അദ്ദേഹത്തിനു  പോലും വായിക്കുവാന്‍ സാധിക്കാത്തവിധം  ആയതിനാലാണ്  എന്ന് പറഞ്ഞു.   രണ്ടായിരം കാലഘട്ടത്തില്‍  എഴുത്ത് തിരിച്ചു പിടിക്കാന്‍ സാധിച്ചത് കമ്പ്യൂട്ടറിലെ മലയാളം    ടൈപ്പിങ്ങ്  സോഫ്റ്റ്‌ വെയറുകള്‍ മൂലം ആണെന്നും  അദ്ദേഹം   സെമിനാറില്‍ എടുത്തു പറഞ്ഞു. ഏറെ ഇഷ്ടം  തോന്നിയ ഒരു ലേഖനം എഴുതുവാനും അത് മുഖ്യ ധാരയില്‍ പ്രസിദ്ധീകരിക്കുവാനും  കഴിഞ്ഞത് അതിനാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. വിക്കിപ്പീഡിയ മലയാളം    ഇത് വരെ   ഉപയോഗിക്കാതിരുന്നതിനും    ബ്ലോഗിങ്ങ്   ചെയ്യാതിരുന്നതിനും   ഇ-ലോകത്തോട്‌ ലോകത്തോട്‌ ക്ഷമ  ചോദിച്ചു കൊണ്ടാണ്    അദ്ദേഹം  തന്റെ പ്രസംഗം ഉപസംഹരിച്ചത്. 


   എഴുത്തിന്റെ ലോകത്ത്   ബ്ലോഗുകളെ പിന്തുടര്‍ന്ന്   വായിക്കാരൂണ്ട് എന്നും സമൂഹത്തിന്റെ അപ്പപ്പോഴുള്ള മിടിപ്പുകളെ  യതാ സമയം പങ്കു വയ്ക്കാന്‍ ബ്ലോഗുകള്‍ക്ക്‌ മാത്രം സാധിക്കുന്നു എന്നും  പറഞ്ഞു കൊണ്ടാണ് കവയത്രി രോഷ്നി സ്വപ്ന   സെമിനാറില്‍ തന്റെ പ്രസംഗം  തുടങ്ങിയത് .  സമാന്തര മാധ്യമങ്ങളുടെ ആവശ്യകത  മുഖ്യ ധാരയിലുള്ളവ  മടിക്കുന്നത് ചെയ്തു കാണിച്ചു കൊടുക്കാന്‍  ബ്ലോഗ്ഗിങ്ങിലൂടെ സാധിക്കുന്നു എന്നാ കാര്യം അവര്‍ എടുത്തു പറഞ്ഞു .   പക്ഷെ ചില  അറിഞ്ഞു കൊണ്ടുള്ള ചതികളെ ക്കുറിച്ച് പ്രത്യക്ഷമായി തന്നെ രോഷ്നി സൂചിപ്പിചു. മനോഹര മായ  ആശയങ്ങളുള്ള ചില കവിതകള്‍ കണ്ടു   അഭിനന്ദിച്ചു അവയെ  പ്രിന്റ്‌ മീഡിയയില്‍ ഉള്‍പ്പെടുത്തുവാന്‍  ആവശ്യപ്പെട്ടുകൊണ്ട് അനുവാദം ചോദിച്ചപ്പോള്‍  ലഭിച്ച മറുപടിയില്‍ രോഷ്നി ക്ക്  ഞെട്ടല്‍ ഉണ്ടാക്കി . കാരണം  അത് തന്റെ സ്വന്തം സൃഷ്ടി അല്ല  എന്നും  വിദേശ കവിതയില്‍ നിന്നും  വിവര്‍ത്തനം   ചെയ്തു എടുത്തു ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാണെന്നും   അറിയപ്പെടുന്ന ബ്ലോഗ്‌ കവി / കവയത്രികളില്‍  നിന്നും  ലഭിച്ച അവസരങ്ങളും രോഷ്നി  സെമിനാറില്‍ പങ്കു വചു. മുഖ്യ ധാര എഴുത്തില്‍ ഇത്തരം കോപ്പി അടികള്‍ തുലോം  കുറവാണെന്നും  , പക്ഷെ ബ്ലോഗില്‍  സാധാരണമാണെന്നും  ഉള്ളതാണ് എന്നാണ്   തന്റെ അനുഭവം എന്നും  അത്തരം പ്രവണത ഏറുന്നു എന്നുമുള്ള തന്റെ ആശങ്കയും  രോഷ്നി പങ്കുവചു. 


  തുടര്‍ന്ന് ബ്ലോഗറും ബ്ലോഗ്‌ രചനകളുടെ  പ്രസാധനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സീയെല്ലെസ് ബുക്സിന്റെ  ഉടമയും ആയ  ലീല ചന്ദ്രന്‍   പ്രസാധനത്തില്‍ എത്തിപ്പെടുവാന്‍ ഉണ്ടായ കാരണവും അതുവഴി പുസ്തകം പ്രസാധനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  നല്‍കി വരുന്ന സഹായങ്ങളെക്കുറിച്ചും  സംസാരിച്ചു.  ‘അണയാത്ത ജ്യോതി‘ എന്ന  പേരില്‍  ഡല്‍ഹി  പീഡന  ത്തെക്കുറിച്ച്  എഴുതിയ കവിത അവതരിപ്പിച്ചു.
  ആദ്യ കാല മലയാള ബ്ലോഗിങ്ങ് രംഗത്ത്    സാങ്കേതിക പരമായും  ആശയ പരമായും  സജീവ സാന്നിധ്യവും   സൈബര്‍ ലോകത്ത് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്  ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ശ്രീ. വിശ്വപ്രഭ സെമിനാറിനെ അഭിസംഭോധന ചെയ്തു സംസാരിച്ചു.   2003  മുതല്‍ മലയാളം സൈബര്‍ രംഗത്തെ  നാള്‍വഴികളെക്കുറിച്ചും അന്ന് സഹായത്തിനുതകിയ  ആളുകളെയും പേരെടുത്തു പരാമര്‍ശിച്ചാണ്  മലയാള സൈബര്‍ ചരിത്രം വിശ്വപ്രഭ സെമിനാറില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ബോഗ്ഗിംഗ്  പുതു തലമുറയ്ക്ക് വിട്ടു കൊടുത്ത് വിക്കിപ്പീഡിയ  സജീവസാന്നിധ്യം  ആയിരിക്കുകയാണ് വിശ്വപ്രഭ.  ബ്ലോഗിങ്ങിനെ പരിപോഷിപ്പിക്കുന്ന  ഇത്തരം  ഒരു  പരിപാടി  നടത്തുവാന്‍ മുന്‍കൈയെടുത്ത  സാഹിത്യ അക്കാദമിയെ  മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടാണ്   ബൂലോകത്തിന് വേണ്ടിയുള്ള  തന്റെ നന്ദി പ്രകടനത്തിന്  നിരക്ഷരന്‍ തുടക്കമിട്ടത്. സ്വാതന്ത്ര്യസമരകാലത്ത്   മുഖ്യധാരാ  മാധ്യമങ്ങള്‍  വിധേയത്വം കൊണ്ടോ ഭീതി കാരണമോ  പറയാന്‍   മടിച്ചിരുന്ന  കാര്യങ്ങള്‍ പലതും തുറന്ന് പറഞ്ഞിരുന്നത് ചെറിയ ചെറിയ സമാന്തര പ്രസിദ്ധീകരണങ്ങള്‍  ആയിരുന്നു. ഇന്ന് ആ ജോലി ഏറ്റെടുത്തിരിക്കുന്നത് മലയാളത്തിലെ ബ്ലോഗുകള്‍ ആണെന്നുള്ള ശ്രീ.സിവിൿ ചന്ദ്രന്റെ അഭിപ്രായം വലിയൊരു  അംഗീകാരമായി ബ്ലോഗര്‍മാര്‍ കാണേണ്ടതാണെന്നന്ന് നിരക്ഷരന്‍ എടുത്തു പറഞ്ഞു. മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർ, ചേതൻ ഭഗത്തിനെപ്പോലുള്ളവർ തങ്ങളുടെ സൃഷ്ടികൾ ഓൺലൈനിലൂടെ മാർക്കറ്റ് ചെയ്യുന്ന പാത പിന്തുടർന്ന് പ്രാവർത്തികമാക്കണം. അങ്ങനെ ഫലപ്രദമായ രീതിയിൽ ഓൺലൈനിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കനം. കൂടുതൽ വായനക്കാരേയും ആരാധകരേയും ഓൺലൈനിൽ എത്തിക്കണം. അഞ്ചും പത്തും പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമുഖ സാഹിത്യകാരന്മാർ തങ്ങളുടെ ഓരോ പുസ്തകമെങ്കിലും കോപ്പി ‘ലെഫ്റ്റ്’ ആക്കി വിക്കി ഗ്രന്ഥശാലയിലേക്ക് നൽകാൻ സന്നദ്ധരാകണം. സിനിമയും സോഷ്യൽ മീഡിയയും തമ്മിലുള്ള ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു   സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ വസ്തുനിഷ്ടമായ  നിരവധി  നിരൂപണങ്ങള്‍ ബ്ലോഗുകളിലൂടെ വെളിയിൽ വരുന്നു. ഒരാഴ്ച്ചയോളം കാത്തിരുന്ന ശേഷം പ്രിന്റ് മാഗസിനിലൂടെ ഒന്നോ രണ്ടോ അവലോകനങ്ങൾ മാത്രം കിട്ടിയിരുന്ന സ്ഥാനത്താണ് ബ്ലോഗുകളിൽ എല്ലാ സിനിമകളെപ്പറ്റിയും നിരൂപണങ്ങൾ കാലതാമസമില്ലാതെ ലഭിക്കുന്നത്. ബ്ലോഗ്‌ മീറ്റുകളില്‍ നിറഞ്ഞ സൌഹൃദത്തോടെ  കാണാമറയത്തിരിക്കുന്ന ബ്ലോഗര്‍മാര്‍ കൈ കൊടുത്തും കെട്ടിപ്പിടിച്ചും സംസാരിക്കുന്ന  കാഴ്ച  കാണേണ്ടാതാണെന്നും അത്തരമൊരു  കൂടിക്കാഴ്ച  ഏപ്രില്‍ 21ന് തിരൂർ തുഞ്ചൻ പറമ്പിൽ ഒരുക്കിയിട്ടുണ്ട്  എന്നും സാധിക്കുന്ന  എല്ലാ ബ്ലോഗര്‍മാരും അതിൽ പങ്കെടുക്കണം എന്നും  നിരക്ഷരന്‍ ഓർമ്മിപ്പിച്ചു. അക്കാദമി വൈസ് പ്രസിഡന്റ്‌ ആവശ്യപ്പെട്ടത് പോലെ,  ബ്ലോഗ്‌ രംഗത്ത് നിന്നുള്ള   ആവശ്യങ്ങള്‍ ക്രോഡീകരിച്ചു  നല്‍കാനും കൂടുതൽ വിശാലമായ ബ്ലോഗ് പഠനക്യാമ്പുകളോ പരിശീലന കളരിയോ സംഘടിപ്പിച്ചാൽ എല്ലാ സഹകരണവും നൽകാൻ ബ്ലോഗേർസ് തയ്യാറാണെന്നും അതിനായി  ബ്ലോഗര്‍മാര്‍ തങ്ങളുടെ  നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും  ഓൺലൈനിൽ പങ്കുവെക്കണം എന്നും   നിരക്ഷരന്‍  അഭ്യര്‍ത്ഥിച്ചു.   ഒരിക്കല്‍ക്കൂടി  ഇത്തരമൊരു പരിപാടി നടത്തിയ  സാഹിത്യ അക്കാദമിയും അതിനായി ശ്രമിച്ച  കമ്മിറ്റി അംഗങ്ങളെയും  ബൂലോകരുടെ  പേരില്‍  അകമഴിഞ്ഞ നന്ദി  അദ്ദേഹം അറിയിച്ചു.   
    
  മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ കൊട്ടോട്ടിക്കാരന്‍, യൂസഫ, നിസ്സാരന്‍, വിക്കിമാന്‍, രഞ്ജിത്ത് കണ്ണൻകാട്ടില്‍, അനിമേഷ് സേവ്യര്‍,  എം. ചന്ദ്രന്‍, ടി.യു. ഷാജി,  ഉമ ഗോപിനാഥ്, ജോഹർ, മനോരാജ്   തുടങ്ങി  അന്‍പതോളം  ബ്ലോഗര്‍മാരും സോഷ്യല്‍ മീഡിയ  പ്രവര്‍ത്തകരും  ചടങ്ങില്‍  പങ്കെടുത്തു. 

  2011 ന്റെ തുടക്കത്തില്‍ ആണ് നിരക്ഷരന്റെ  നേതൃത്വത്തില്‍   മറ്റു ബ്ലോഗര്‍മാര്‍ കൂടി ചേര്‍ന്ന്   ഒരു ഭീമ ഹര്‍ജി തയ്യാറാക്കി  അതില്‍  1034 ബ്ലോഗര്‍ മാരുടെ ഒപ്പുകള്‍  ശേഖരിച്ചു  സാഹിത്യ അക്കാദമിക്ക്  മുന്നില്‍ അവതരിപ്പിച്ചത്. ഏതാണ്ട്  രണ്ടു വർഷം തികയുന്ന ഈ സമയത്ത്  അര്‍ഹിക്കുന്ന ഗൌരവത്തോടെ  അത് മനസ്സിലാക്കി ബ്ലോഗര്‍മാരെ  വേണ്ട രീതിയില്‍ കാണുവാന്‍  സാഹിത്യ അക്കാഡമി  തീരുമാനിച്ചത് അഭിനന്ദനാര്‍ഹം  തന്നെ.  ബ്ലോഗ്‌  എന്ന  മാധ്യമത്തെ   അതിന്റെ സര്‍വ്വ പ്രൌഡിയോടും കൂടെ   അക്കാദമിക്ക് മുന്നില്‍   അവതരിപ്പിക്കാന്‍ ആയതും   അക്കാഡമി അവാര്‍ഡു പോലുള്ള  കാര്യങ്ങള്‍ക്ക് ഒരു ചിന്ത പകരുവാന്‍ കഴിഞ്ഞു എന്നതും  ഈ സെമിനാറിന്റെ നേട്ടമായി കരുതാം. 


  പ്രിയ ബ്ലോഗര്‍മാര്‍   തങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  ഇവിടെ  തുറന്നു  അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

     
  റിപ്പോര്‍ട്ട്‌ : മനോരാജ് 
  ചിത്രങ്ങള്‍ : ജോ ജോഹര്‍ 


  Popular Posts