ചീനവലപ്പാലത്തിൽ ബോധവൽക്കരണ പരിപാടി.

മുല്ലപ്പെരിയാർ വിഷയത്തിൽ സമരങ്ങളും ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ട് തന്നെ പൊയ്ക്കൊണ്ടിരിക്കുന്ന ഓൺലൈൻ കൂട്ടായ്മയായ ‘സേവ് സിങ്കിങ്ങ് കേരള’ യുടെ സന്നദ്ധപ്രവർത്തകർ എറണാകുളം മറൈൻ വാക്ക് വേ യിൽ വേള്ളിയാഴ്ച്ച (ഡിസംബർ 30) വൈകീട്ട് ഫ്ലാഷ് മോബ് പ്രവർത്തനം നടത്തി.


വൈകീട്ട് 7 മണിയോടെ ജി.സി.ഡി.എ. കെട്ടിടത്തിനുസമീപം ഒത്തുചേർന്ന പതിനഞ്ചോളം പ്രവർത്തകർ മുല്ലപ്പെരിയാർ തർക്കം പെട്ടെന്ന് തന്നെ ഒത്തുതീർപ്പാക്കുക, സുരക്ഷാ മാർഗ്ഗങ്ങളും ദുരന്ത നിവാരണ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക, തമിഴ്‌നാട്ടിലുള്ള മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മറൈൻ ഡ്രൈവിലെ ചീനവലപ്പാലത്തിൽ ഒത്തുചേർന്നു.

സുരക്ഷാ നടപടികളിലും ദുരന്ത നിവാരണ മാർഗ്ഗങ്ങളും പ്രചരിപ്പിക്കേണ്ട ആവശ്യകതയിൽ ഊന്നി മെഗാഫോണിലൂടെ ബ്ലോഗർ നിരക്ഷരൻ സംസാരിച്ചു. ചന്ദ്രലേഖ, പ്രിൻസ്, ജോഹർ, നമിത്, റെനി, മണികണ്ഠൻ, അനിൽ, സതീഷ് കുമാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചീനവലപ്പാലത്തിൽ കുടുബങ്ങളും ചെറുപ്പക്കാരും അടങ്ങുന്ന പൊതുജനം ബോധവൽക്കരണ പരിപാടികൾ കേൾക്കാൻ സമയം ചിലവഴിച്ചു. സുരക്ഷാ നടപടികളെപ്പറ്റി അച്ചടിച്ച് കൊണ്ടുവന്നിരുന്ന നോട്ടീസ്,  മറൈൻ ഡ്രൈവിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. കാണികളിൽ ചിലർ പ്രവർത്തകരെ അഭിനന്ദിച്ച് ഹസ്തദാനം ചെയ്തത് ബോധവൽക്കരണ പരിപാടിയുടെ സ്വീകാര്യതയ്ക്ക് തെളിവായി.


സുരക്ഷാ നടപടികൾ വിശദമാക്കി ‘സേവ് സിങ്കിങ്ങ് കേരള‘ അച്ചടിച്ചിറക്കിയ നോട്ടീസിന്റെ പൂർണ്ണരൂപം താഴെ ചേർത്തിരിക്കുന്നു. നോട്ടീസ് ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്ത് മറ്റൊരു വിൻഡോയിലോ മറ്റൊരു ടാബിലോ തുറന്ന് വരുമ്പോൾ ആ ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതാക്കി വായിക്കാം.
നമുക്കും ഇതു ചെയ്തുകൂടേ?

മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.

കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.

2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.

കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്. കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്ക് കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.

ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി. തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.
കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.

കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.
വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ. പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!

അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.

മുല്ലപ്പെരിയാര്‍ ജനതയ്ക്ക് മരതക ദ്വീപിന്റെ ഐക്യദാര്‍ഢ്യം.
മിനേഷ്, ബഹറിൻ

മുല്ലപെരിയാര്‍ അണക്കെട്ട് കേരളീയ സമൂഹത്തിലും ആഗോളതലത്തിലും മാനവികതയുടെ മുകളില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബഹറിനിലെ ഏറ്റവും വലിയ മലയാളി പ്രവാസ കൂട്ടായ്മയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഡ്യ സമ്മേളനം മലയാളിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ബഹറിന്‍ നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.

ഡാം സുരക്ഷയെകുറിച്ച് അനുനിമിഷം ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ്   എന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ ആവശ്യപ്പെട്ടു.


പ്രവാസ സമൂഹത്തിന്റെ ആകുലതകള്‍ അദ്ദേഹം ചടങ്ങുമായി പങ്കുവെച്ചു.  തമിഴ് ജനതയുടെ ജലലഭ്യത എന്ന ആവശ്യവും കേരളത്തിനു വളരെ പ്രധാനപെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കാലവിളംബം കൂടാതെയുള്ള ചര്‍ച്ചകള്‍ നടത്തി ഇതു സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള  ഭീതി അകറ്റണമെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് സമാജം കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു.

തുടര്‍ന്നു സമാജം സെക്രട്ടറി വര്‍ഗ്ഗീസ്‌ കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണിനിരന്നിട്ടുള്ള കേരള ജനതയ്ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രമേയത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബഹറിനിലെ മലയാളി സമൂഹത്തിനു വേണ്ടി സമാജം ആവശ്യപ്പെട്ടു.


ബഹറിനിലെ മലയാളികളുടെ ഈ വിഷയത്തിലുള്ള ജാഗ്രതയും കരുതലും അനുഭാവവുമായി  സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചിരാതുകളും തെളിയിച്ചു.  ബിജു എം സതീഷ്‌ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ സദസ്സിനു ചൊല്ലികൊടുത്തു.തുടര്‍ന്നു സംസാരിച്ച സജി മാർക്കോസ് ഈ വിഷയത്തില്‍ അടിയന്തിരമായി കേരളത്തിലെ മൂന്നു കോടി ജനങ്ങളുടെ ഇച്ഛാശക്തി  ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപെട്ടു. ഡാമിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ് എന്ന സി എസ് എം ആര്‍ സംഖത്തിലുണ്ടായിരുന്ന കേരള പ്രതിനിധിയുടെ  റിപ്പോര്‍ട്ട്  കേരള സര്‍ക്കാരിനു മുന്നില്‍  ലഭിച്ചിട്ട് ആറുമാസമായി. വിദൂര നിയന്ത്രണ വാഹനവും ക്യാമറയും ഉപയോഗിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ ഡാമിന് വലിയതോതിലുള്ള ബലക്ഷയം സംഭവിച്ചിട്ടുള്ളതായി  തെളിഞ്ഞിട്ടുണ്ട്. ഒരു ഭൂചലനം ഈ ഡാമിന്റ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുത മലയാളികള്‍ പോലും പൂർണ്ണമായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡാം സുരക്ഷിതമാണെന്നും മറ്റും തമിഴ് ജനതയ്ക്ക് മുന്നിലും പല തെറ്റിദ്ധാരണകളും  പ്രചരിക്കുന്നുണ്ട്.  മുപ്പത്തിഅഞ്ചു ലക്ഷം പേരുടെ ജീവിതം തുലാസില്‍ നില്‍ക്കുന്ന ഈ അവസരത്തിലും ഇടുക്കി അണക്കെട്ടിന്റെ ബലത്തെപറ്റിയോ ഭ്രംശ മേഖലയില്‍ പുതിയൊരു ഡാം ഉണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയോ വേണ്ട വിധത്തിലുള്ള ഒരു പഠനവും നടത്താതെയാണ് പുതിയ ഡാം എന്ന നിര്‍ദ്ദേശം നാം മുന്നോട്ടു വെക്കുന്നത് എന്ന് മറക്കരുത്. അടിയന്തിരമായി ഈ വിഷയത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.  അതേസമയം അപകടാവസ്ഥയിലുള്ള ഡാം ഡീക്കമ്മീഷൺ ചെയ്യുന്നതിൽ കാലതാമസം പാടില്ല. ഇടുക്കി ഡാമിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ വേണ്ട വിഷയത്തിൽ പരിഹരിക്കപ്പെടാത്തത്   നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയും അതുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷഭീഷണിയും ചടങ്ങില്‍ സംസാരിച്ച എബ്രഹാം സാമുവല്‍, രാജു കല്ലുംപുറം എന്നിവര്‍ പങ്കുവെച്ചു. കാവേരി നദീ ജലതര്‍ക്കം പരിഹരിക്കപ്പെട്ടത്‌ പോലെ ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ രമ്യതയിലുള്ള ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് വേണ്ടത് എന്ന് ഡി. സലിം അഭിപ്രായപെട്ടു. ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും മിനേഷ് ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.

മുല്ലപ്പെരിയാർ പ്രക്ഷോഭം - ബൈക്ക് റാലി

മുല്ലപ്പെരിയാർ വിഷയത്തിൽ മുൻ‌കൂട്ടി പരിപാടി ഇട്ടിരുന്നത് പോലെ, ഡിസംബർ 04ന് എറണാകുളം ബൈപ്പാസിലുള്ള ഒബ്‌റോൺ മാളിൽ നിന്ന് ആരംഭിച്ച് മറൈൺ ഡ്രൈവ് വരെയുള്ള ബൈക്ക് റാലി നടന്നു. പ്രശസ്ത മലയാളം സിനിമാ സംവിധായകരായ ആഷിൿ അബു(സോൾട്ട് & പെപ്പർ ഫെയിം) അമൽ നീരദ് (ബിഗ് ബി ഫെയിം) എന്നിവർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.


ആഷിക് അബു, അമൽ നീരദ്, രാജു പി.നായർ, നിരക്ഷരൻ, ലക്ഷ്മി അതുൽ, ഷോൺ എന്നിവർ...
തെരുവിൽ എവിടെ വേണമെങ്കിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സജ്ജരായി മെഗാഫോൺ പോലുള്ള സംവിധാനങ്ങളുമായാണ് പ്രവർത്തകർ ഹാജരായിരുന്നത്. എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് ആഷിക്ക് അബുവും അമൽ നീദരും സംസാരിച്ചു. വെറുതെ കമന്റൊക്കെ ഇട്ട് ഇരിക്കാമെന്നല്ലാതെ ഓൺലൈനുകാരെക്കൊണ്ട് മറ്റ് പ്രയോജനമൊന്നും ഇല്ലെന്ന് തന്നോട് പറഞ്ഞ സിനിമാ സുഹൃത്തിന്റെ അഭിപ്രായത്തിന് കടകവിരുദ്ധമായാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഓൺലൈൻ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ കാണിക്കുന്നതെന്ന് ശ്രീ ആഷിക്ക് അബു പ്രത്യേകം പരാമർശിച്ചു.
ഒബ്‌റോൺ മാൾ പരിസരത്തുനിന്ന് തുടങ്ങിയ റാലിയിൽ 40ന് അടുക്കെ ഇരുചക്രവാഹനങ്ങളുമായി എൺപതോളം ഓൺലൈൻ സുഹൃത്തുക്കൾ പങ്കെടുത്തു. വൈറ്റില, എം.ജി.റോഡ്, സുഭാഷ് പാർക്ക് വഴി മറൈൻ ഡ്രൈവിലെത്തിയ റാലിയിൽ, ബൈക്കുകളുമായി റോഡിൽ പോകുന്ന ചിലരെങ്കിലും സ്വയം പങ്കാളികളാകുന്ന കാഴ്ച്ച കൌതുകമുണർത്തി. ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച്, ഹോൺ അടിച്ച് ‘മുല്ലപ്പെരിയാർ പൊട്ടിയെന്നാൽ, പിന്നെയീ കൊച്ചി ഇല്ലേയില്ല’ ‘ഉണരൂ ഉണരൂ നാട്ടാരേ‘ ... എന്നിങ്ങനെ മുദ്രാവാക്യകൾ വിളിച്ചുകൊണ്ടായിരുന്നു റാലി പുരോഗമിച്ചത്.

മറൈൻ ഡ്രൈവിൽ സമാപിച്ച റാലിയിൽ സംഘാടകരായ ഷോൺ, രാജു പി. നായർ, നിരക്ഷരൻ തുടങ്ങിയവർ സംസാരിച്ചു. മുല്ലപ്പെരിയാർ കേസിന്റെ ഗതി തന്നെ മാറ്റാൻ പോന്ന തരത്തിലുള്ള പ്രസ്ഥാവനകൾ കോടതിയിൽ നടത്തിയ എ.ജി. യെ തൽ‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണെന്നും, അതിനുശേഷം മാത്രമേ കൂടുതൽ ബോധവൽക്കരണപരിപാടികളുമായി മുന്നോട്ട് പോകൂ എന്നും അതിന്റെയൊക്കെ വിശദവിവരങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെത്തന്നെ അറിയിക്കുമെന്നും തീരുമാനിച്ചശേഷം സമ്മേളനം പിരിഞ്ഞു.


മുല്ലപ്പെരിയാർ വിഷയത്തിൽ നവംബർ 25, 28, ഡിസംബർ 02, 04 എന്നീ തീയതികളിലായി അരഡസണിൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളുമാണ് ഓൺലൈൻ സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെ എറണാകുളം ജില്ലയിൽ മാത്രമായി നടത്തപ്പെട്ടത്. മുഹമ്മദ് ഹസ്സൻ തയ്യാറാക്കിയ വീഡിയോ ഈ ലിങ്ക് വഴി പോയാൽ കാണാം.

ചിത്രങ്ങൾ:- മുഹമ്മദ് ഹസ്സൻ, വേദവ്യാസൻ, പോൾ മാത്യു.

2 ഡിസംബർ - പ്രക്ഷോഭങ്ങൾ

ഡിസംബർ 2ന് മൂന്ന് മുല്ലപ്പെരിയാർ പ്രക്ഷോഭ / പ്രതികരണ / ബോധവൽക്കരണ പരിപാടികളാണ് ഓൺലൈൻ കൂട്ടായ്മയായ ‘സേവ് സിങ്കിങ്ങ് കേരള’ സംഘടിപ്പിച്ചതും പങ്കാളികളായതും.

ചെറായി ബീച്ചിൽ ‘സേവ് സിങ്കിങ്ങ് കേരള’സംഘാടകരിൽ ഒരാളായ നമിത് ജവഹറിന്റെ നേതൃത്വത്തിൽ ചെറായി ബീച്ചിൽ മണലുകൊണ്ട് പുതിയ ഡാം നിർമ്മിക്കുകയും പ്ലക്കാർഡുകൾ ഏന്തി പ്രവർത്തകർ മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. നാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

മറ്റൊരു സജീവ പ്രവർത്തകനായ സുചിൻസ് തന്റെ തീവണ്ടി സഹയാത്രികരുമായി സ്വന്തം സ്റ്റേഷനായ പിറവത്ത് മെഴുകുതിരിയും പ്ലക്കാർഡുകളുമേന്തി നിൽക്കുകയും ജാഥ നയിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരും കൂടെ പങ്കെടുത്തതോടെ മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങൾ ഒറ്റക്കെട്ടാണെന്ന് തെളിയുകയായിരുന്നു.

പിറവം സ്റ്റേഷനിലെ പ്രചരണ പരിപാടി.

എറണാകുളത്ത് ക്ലബ്ബ് എഫ്.എം.സംഘടിപ്പിച്ച ‘ഡാം റവല്യൂഷൻ‘ എന്ന സംഗീതപരിപാടിയിൽ സംവിധായകൻ ആ‍ഷിക്ക് അബു, നടി മീരാ നന്ദൻ, നിരക്ഷരൻ എന്നിവർ സംസാരിച്ചു. മൈതാനത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ എറണാകുളം എം.എൽ.എ. ശ്രീ ഹൈബി ഈഡൻ അടക്കം തടിച്ചുകൂടിയവർ എല്ലാവരും കൈയ്യൊപ്പിട്ട് തങ്ങളുടെ പിന്തുണ പ്രകടിപ്പിച്ചു.ആഷിക്ക് അബു സംസാരിക്കുന്നു.
എത്രയും പെട്ടെന്ന് പുതിയ ഡാം നിർമ്മിച്ച് കേരളത്തെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ശ്രീ. ആ‍ഷിക് അബു ഊന്നിപ്പറഞ്ഞു. സ്വന്തം അനുജൻ ഹോസ്റ്റലിൽ നിന്ന് വിളിച്ച് എറണാകുളത്ത് വീണ്ടും വരണമെന്നുള്ള വ്യാകുലത പങ്കുവെച്ചതായി മീരാ നന്ദൻ സംസാരിച്ചു.

മീരാ നന്ദൻ സംസാരിക്കുന്നു.
നിരക്ഷരൻ സംസാരിക്കുന്നു.

കോടതി ഉത്തരവ് പ്രകാരം ബോധവൽക്കരണപരിപാടികൾ നടത്തി എമർജൻസി ആക്ഷൻ പ്ലാനുകൾ എന്തൊക്കെയാണെന്നുള്ളത് ജനങ്ങളിലേക്കെത്തിച്ച് അവരുടെ ആശങ്കകൾ ഇല്ലാതാക്കാൻ സത്വരനടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ആ ജോലി ‘സേവ് സിങ്കിങ്ങ് കേരള’ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് നിരക്ഷരൻ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ ഓൺലൈൻ സുഹൃത്തുക്കൾ തെരുവിൽ ഇറങ്ങുമെന്നും അതിനോട് സഹകരിച്ച് നാട്ടുകാരടക്കം ഒട്ടനവധി പേർ സ്വജീവന് വേണ്ടി ശബ്ദമുയർത്തുമെന്നും കാണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് എല്ലായിടത്തും കാണുമാറായത്.

ചിത്രങ്ങൾ:- ദീന വേണുഗോപാൽ, പ്രിൻസ്, സുചിൻസ്, നമിത്, അരുൺ.

Popular Posts