പ്രക്ഷോഭത്തില്‍ അണിചേരുക


മുല്ലപ്പെരിയാര്‍ സംയുക്ത പ്രക്ഷോഭത്തില്‍ അണിചേരുക

സുഹൃത്തുക്കളേ

ഫേസ്ബുക്കിൽ മാത്രം മൂന്ന് മുല്ലപ്പെരിയാർ ഗ്രൂപ്പുകൾ ഉണ്ട്. അവരെല്ലാം കൊച്ചിയുടെ തെരുവുകളിലേക്കിറങ്ങി സമര പരിപാടികൾ പദ്ധതിയിടുന്നുമുണ്ട്. വളരെ നല്ലത്, അതിയായ സന്തോഷം. പക്ഷെ, വേറെ വേറെ സമരങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം ഈ ഗ്രൂപ്പുകളും സമരം പ്ലാൻ ചെയ്യുന്ന മറ്റ് എല്ലാ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളും സംഘടനകളും ഒരുമിച്ച് കൂടിയാലോചിച്ച് കൂട്ടത്തോടെ ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

സമരം തികച്ചും സമാധാനപരമായിരിക്കണം. ഒരു കാൽനടയാത്രക്കാരന് പോലും സമരം കാരണം വഴി തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാകാതെ നോക്കണം. ആ രീതി അവലംബിച്ചാൽ അയാളും നമുക്കൊപ്പം ചേർന്നെന്ന് വരും. സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ ഭീകരത ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിൽ വിജയിക്കാനായാൽ കൂടുതൽ ജനങ്ങളെ തെരുവിലേക്ക് എത്തിക്കാനാവും. പ്രക്ഷോഭങ്ങളും ബോധവൽക്കരണവുമൊക്കെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടത്താനാകും. ഇന്ന് സൌകര്യപ്പെടാത്തവൻ നാളെ വരുക. നാളെയും പറ്റിയില്ലെങ്കിൽ മറ്റന്നാൾ. നിശ്ചിതമായി കുറേപ്പേർ എന്നും സമാധാനപരമായി തെരുവിൽ ഉണ്ടായാൽ ഇതുവരെ കേരളം കണ്ടിട്ടുള്ള സമരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാകും അത്. ജാതി മത പാർട്ടി ചിന്തകൾ ഇല്ലാതെ എല്ലാവരും ഒരുമിച്ച് കൂടണം. ഓരോത്തരും സ്വന്തമായി ഓരോ പ്ലക്കാർഡോ ശീലയിൽ എഴുതിയ മുദ്രാവാക്യമോ കൊണ്ടുവന്നാൽ അതിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. പോകുമ്പോൾ മടക്കി ബാഗിലോ പോക്കറ്റിലോ വെച്ചാൽ അടുത്ത ദിവസവും ഉപയോഗിക്കാം. തൊണ്ട കീറി മുദ്രാവാക്യം വിളിക്കാതെ തന്നെ ഈ സമരം ഭംഗിയായി നടത്താനാകും.

ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ച് പോകേണ്ട ഒന്നല്ല ഇത്. ഇപ്പോൾത്തന്നെ കേരളത്തിലുണ്ടായിരിക്കുന്ന ഒരു ഇളക്കത്തെ തമിഴ്‌നാട് ഭയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കണം എന്ന നിലയിലുള്ള വലിയ നീക്കങ്ങളാണ് അവർ പദ്ധതിയിടുന്നത്. ചിലയിടത്ത് അക്രമസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പത്രവാർത്തകൾ കണ്ടുകാണുമല്ലോ ?

നമ്മൾ ഒരിക്കലും തമിഴ് ജനതയ്ക്ക് എതിരല്ല. പുതിയ ഡാം ഉണ്ടാക്കിയാൽ അതിൽ നിന്ന് അവർക്ക് വെള്ളം കൊടുക്കില്ല എന്ന് കേരളം പറഞ്ഞിട്ടില്ല. തീർച്ചയായും വെള്ളം കൊടുത്തുകൊണ്ടേയിരിക്കും. ഡാം തകർന്ന് ഒരു ദുരന്തം ഉണ്ടായാൽ‌പ്പോലും ഭൂമി പിന്നേം കറങ്ങിക്കൊണ്ടിരിക്കും. ജീവിതം മുന്നോട്ട് തന്നെ പോയേ പറ്റൂ. ബന്ധുജനങ്ങളും സ്വത്തും ഭൂമിയും കിടപ്പാടവും ജോലിയും ഒക്കെ നഷ്ടപ്പെട്ട് അവശേഷിക്കുന്ന മലയാളികൾക്കും കാലക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്നെ പറ്റൂ. അതിന് ചിലപ്പോൾ അഞ്ചോ പത്തോ വർഷം എടുക്കുമെന്ന് മാത്രം.

പക്ഷെ തമിഴ് സഹോദരന്മാരുടെ ജീവിതം അതിനേക്കാൾ ഭീകരമായിരിക്കുമെന്ന് അവർ മനസിലാക്കുന്നില്ല. തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ മുല്ലപ്പെരിയാറിലെ വെള്ളത്തിൽ നിന്ന് പൊന്ന് വിളയിച്ച് ജീവിക്കുന്ന ഒരു വലിയ തമിഴ് സമൂഹം ഡാം തകർന്ന അന്നുമുതൽ പട്ടിണിയിലാകും. പിന്നീടൊരു ഡാം ഉണ്ടാക്കാൻ കേരള മക്കൾ സമ്മതിച്ചെന്ന് വരുകയുമില്ല. എന്തായിരിക്കും അനന്തരഫലമെന്ന് ആലോചിക്കാതെ, ചില നേതാക്കന്മാരുടെ താളത്തിനൊത്ത് തുള്ളുക മാത്രമാണ് അവർ ചെയ്യുന്നത്. നമുക്കത് ഈ രീതിയിൽത്തന്നെ വേണം അവരെ പറഞ്ഞ് മനസ്സിലാക്കാൻ. നമ്മളോളം അല്ലെങ്കിൽ നമ്മളേക്കാൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ തമിഴ് നാട്ടിലും ഉണ്ട്. അവരെകൂടെ നമ്മൾക്കൊപ്പം ചേർത്ത് മനുഷ്യത്വപരമായ ഒരു രീതിയിലാണ് ഇത് കൈകാര്യം ചെയ്യേണ്ടത്. അവരെന്തെങ്കിലും രസിക്കാത്തത് പറഞ്ഞാൽ‌പ്പോലും നമ്മൾ പ്രകോപിതരാകാതെ നോക്കണം. തികഞ്ഞ മാന്യതയോടെയും മര്യാദയോടെയും വേണം ഈ പ്രശ്നം കൈകാര്യം ചെയ്യാൻ.

നമ്മൾ ഓരോരുത്തരും ജീവനുവേണ്ടി കെഞ്ചുക തന്നെയാണിവിടെ. കോടതിക്ക് വെളിയിൽത്തന്നെ എത്രയും പെട്ടെന്ന് ഈ വിഷയം അവസാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

എല്ലാവരും കൂടെ ഒത്തൊരുമിച്ച് ആലോചിച്ച് തെരുവിലേക്കിറങ്ങാം. എത്രയും പെട്ടെന്ന് തന്നെ. അടുത്ത ദിവസത്തെ പദ്ധതി അവിടെ വെച്ചും ഇതുപോലുള്ള ഇടങ്ങളിലും വെച്ച് ആലോചിച്ച് തീരുമാനിക്കാം. ഭംഗിയായി, 100 % സമാധാനപരമായി കാര്യങ്ങൾ നടക്കാൻ എന്റെ സഹകരണം എപ്പോഴുമുണ്ടാകും.

സസ്നേഹം

-നിരക്ഷരൻ

(അന്നും ഇന്നും എപ്പോഴും)

manojravindran@gmail.com

9895938674

22 Responses to "പ്രക്ഷോഭത്തില്‍ അണിചേരുക"

 1. മുല്ലപ്പെരിയാർ പ്രശ്നം അത്രയ്ക്കും ഭീകരമാണോ?

  * മുല്ലപ്പെരിയാറിന്റെ പ്രയോചനം കേരളത്തിലെ കർഷകായിരുന്നുവെങ്കിൽ ഇത്ര നിസാരമായി ഡാം പൊളിക്കണം എന്നു പറയുമായിരുന്നോ?
  * മുല്ലപ്പെരിയാർ തകരും എന്ന് ആശങ്കയിൽ തമിഴനാട്ടിലെ ലക്ഷക്കണക്കിനു കർഷകരുടെ കൃഷിയും കുടിവെള്ളവും മുട്ടിക്കണോ?
  * നല്ലൊരു ഭൂകമ്പം വന്നാൽ തകരാത്ത ഏതു ഡാമാണ് ലോകത്തിലുള്ളത്?
  * 100 വർഷം പഴക്കമുള്ള 37 ഡാമുകൾ സുരക്ഷിതമായി ഇൻഡ്യയിൽ ഉണ്ട്. മുല്ലപ്പെരിയാറിനു മാത്രമെന്താണ് പ്രത്യേക ആപൽ ഭീഷിണി.
  * കൃത്യമായി ഒരു ഭൂകമ്പം ഉണ്ടാകുമെന്നു ആധികാരികമായി/ ശാസ്ത്രീയമായി പറയാൻ കഴിയുന്ന എന്തു ശാസ്ത്ര ശാഖയാണ് ലോകത്തിലുള്ളത്?
  * പാട്ടക്കരാർ നിലനിൽക്കുന്നിടത്തോളം കാലം ഡാമിലോ അനുബന്ധ സംവിധാനത്തിലോ ഉള്ള അധികാരത്തെ നിർണയിക്കുന്നത് കരാർ വ്യവ്സ്ഥകളാണ്. അതുകൊണ്ട് ഇതൊരു നിയമ പ്രശ്നമാണ്.
  * ഡാമിന്റെ കസ്റ്റോഡിയനായ തമിഴ്നാടിന്റെ സമ്മതമോ അനുവാദമോ ഇല്ലാതെ കേരളം ഏകപക്ഷീയമായി എടുക്കുന്ന എന്തു തീരുമാനവും കരാർ വ്യവസ്ഥപ്രകാരം അസാധുവാണ്.
  * കേരളത്തിന്റെ ആവശ്യങ്ങൾ ന്യായവും , ശാസ്ത്രീയമാണെങ്കിൽ എന്തുകൊണ്ട് തമിഴ്നാടിനെ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ല.?

  (ഞാനും സൈബർ ലോകത്തിലെ സർവ്വജ്ഞാനികളായ പേനാഉന്ത് ബുദ്ധിജീവികളുടെ കൂടി)

  ReplyDelete
 2. കാര്യം പറഞ്ഞാല്‍ മനസിലാക്കാന്‍ ശേഷിയുള്ള, നഗ്നനേത്രങ്ങള്‍ കൊണ്ട് ചോര്‍ച്ചയുടെ ശക്തി അളക്കാന്‍ കഴിവുള്ള, നിക്ഷ്പക്ഷമായി ചിന്തിക്കാന്‍ കഴിയുന്ന ഒരു വിദഗ്ദ്ധന്റെയടുത്തു പോലും ഈ കാര്യം വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ അധികാരികള്‍ക്ക് കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.

  ReplyDelete
 3. മുല്ലപെരിയാര്‍ പ്രശ്നം ഇന്ന് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പ്രാധാന്യത്തോടെ കാണുമ്പോള്‍ വര്‍ഷങ്ങളായി ഈ വിഷയത്തോടൊപ്പം സഞ്ചരിച്ച "ബൂലോകത്തിന്റെ അര്‍പ്പണബോധം അഭിനന്ദനീയം".

  http://sheebaram.blogspot.com/2011/11/blog-post_23.html

  ReplyDelete
 4. വരാനിരിക്കുന്ന മഹാവിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നമുക്ക്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം...

  ReplyDelete
 5. complaint about Mullaperiyar Dam....!!! http://cmcc.kerala.gov.in/fnd/online/mod/complaint/new.php ക്ലിക്ക് ചെയ്യ്യുക.....!! മുഖ്യമന്ത്രിയുടെ ഒരു വെബ്സൈറ്റ് ഉള്ള കാര്യം ഏല്ലാവര്‍ക്കും അറിയാം എന്ന്‌ വിശ്വസിക്കുന്നു....അതില്‍ മുഖ്യമന്ത്രിക്കു പെറ്റിഷന്‍ നല്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്...!! അതില്‍ എല്ലാവരും "മുല്ലപെരിയാര്‍ അ...ണക്കെട്ടിനു സംരക്ഷണം" ആവശ്യപ്പെട്ടു പെറ്റിഷന്‍ നല്‍കുക...!! അത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആള്‍ക്കാര്‍ ഡെയിലി ചെക്ക്‌ ചെയ്യാറുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്...!! നമ്മള്‍ എല്ലാവരും ഒരേ തരത്തിലുള്ള കംപ്ലൈന്റ്റ്‌ ചെയ്താല്‍ അതിനു എന്തേലും ചെയ്യ്യാന്‍ കഴിഞ്ഞാലോ.....!!!! എല്ലാവരും സഹകരിക്കും എന്ന്‌ കരുതുന്നു.....!! പരാതി കൊടുക്കാന്‍ ഈ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു .. http://cmcc.kerala.gov.in/fnd/online/mod/complaint/new.php ക്ലിക്ക് ചെയ്യ്യുക.....!! ഈ കാണുന്ന ലിങ്കില്‍ പോയ്‌ ഒരു പരാതി ടൈപ്പ് ചെയ്യാന്‍ 5 മിനിറ്റ് പോലും വേണ്ട.... മുല്ലപെരിയാര്‍ പ്രശ്നത്തെ കുറിച്ച് പരാതി ഇടു.... നമ്മുടെയും, പ്രിയപെട്ടവരുടെയും ജീവനും സ്വത്തും സംരക്ഷിക്കു.... ഇനിയും മടിച്ചു നില്ക്കാന്‍ സമയം ഇല്ല.....!!!! complaint about Mullaperiyar Dam....!!!

  ReplyDelete
 6. മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രിയം കളിക്കരുത്. എത്രയും വേഗം ഒരു തിരുമാനത്തില്‍ എത്തണം. 3-4 ജില്ലകളിലെ ജനങ്ങളുടെ ജിവന്റെ പ്രശ്നമാണ്.

  ReplyDelete
 7. @ സജി - സൈബർ ലോകത്തിലെ സർവ്വജ്ഞാനികളായ പേനാ ഉന്ത് ബുദ്ധിജീവികൾക്കായി ഇതാ മറുപടികൾ :)

  * മുല്ലപ്പെരിയാർ പ്രശ്നം അത്രയ്ക്കും ഭീകരമാണോ?

  ഭീകരം തന്നെയാണ്. ആർക്കാണ് അക്കാര്യത്തിൽ ഇനിയും സംശയം ?

  * മുല്ലപ്പെരിയാറിന്റെ പ്രയോജനം കേരളത്തിലെ കർഷകായിരുന്നുവെങ്കിൽ ഇത്ര നിസാരമായി ഡാം പൊളിക്കണം എന്നു പറയുമായിരുന്നോ?

  പറയുമായിരുന്നു, പറഞ്ഞേ പറ്റൂ. പ്രയോജനം ആണോ വലുത് അതോ ജീവനോ ? പൊളിക്കണമെന്നല്ലല്ലോ പറയുന്നത്. പുതിയത് പണിത് വെള്ളം കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയ ശേഷം പഴയത് ഡീ-കമ്മീഷൻ ചെയ്യണമെന്നല്ലേ ?

  * മുല്ലപ്പെരിയാർ തകരും എന്ന് ആശങ്കയിൽ തമിഴനാട്ടിലെ ലക്ഷക്കണക്കിനു കർഷകരുടെ കൃഷിയും കുടിവെള്ളവും മുട്ടിക്കണോ?

  കുടിവെള്ളം മുട്ടിക്കുന്നതിനെപ്പറ്റി കേരളം പറഞ്ഞിട്ടേയില്ല, പറയുകയുമില്ല. പുതിയ ഡാം പണിത് ഇപ്പോൾ കൊടുക്കുന്നത് അത്രയുമോ അതിലേക്കാളധികമോ വെള്ളമോ കൊടുക്കാൻ തയ്യാറാണെന്ന് ഏത് കോടതിയിലും,ഫോറത്തിലും ഒപ്പിട്ട് കൊടുക്കാൻ കേരള സർക്കാർ തയ്യാറണല്ലോ ? ഡാം പൊട്ടിയാലാണ് അവരുടെ കുടിവെള്ളവും ജീവിതവും വഴിമുട്ടാൻ പോകുന്നത്. പിന്നീടൊരു ഡാം കേരളത്തിൽ ഉണ്ടാക്കി തമിഴർക്ക് വെള്ളം കൊടുക്കാൻ ബാക്കിയുള്ള കേരള ജനത സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ? ഡാം പൊട്ടുന്നതോടെ 999 കൊല്ലത്തെ പാട്ടക്കരാർ അസാധുവാകും. പൂർണ്ണമായും നിങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതും നിങ്ങൾ സംരക്ഷിച്ചിരുന്നതുമായ ഡാം നിങ്ങളുടെ പിടിപ്പുകേട് കൊണ്ട് പൊട്ടിപ്പോയി. അത്രേയുള്ളൂ. പുതിയ ഡാം ആരുണ്ടാക്കണമെങ്കിലും അതിന് പുതിയ കരാറായിരിക്കും. അങ്ങനൊന്ന് ഉണ്ടാകാനും പോകുന്നില്ല. ചുർക്കിപ്പറഞ്ഞാൽ 19-)ം നൂറ്റാണ്ടിൽ വർൾച്ച കാരണം ഇങ്ങനൊരു ഡാമിന്റെ പദ്ധതി ആവിഷ്ക്കരിച്ചപ്പോൾ ഉണ്ടായതിനേക്കാൾ മോശം പ്രകൃതിയാണ് ഇന്നുള്ളത്. ഇക്കാലത്ത വരൾച്ച തമിഴ്‌നാടിന് ഒരു വിധത്തിലും താങ്ങാനാവില്ല.

  ReplyDelete
 8. * നല്ലൊരു ഭൂകമ്പം വന്നാൽ തകരാത്ത ഏതു ഡാമാണ് ലോകത്തിലുള്ളത്?

  അത് ശരിയാണ്, സമ്മതിക്കുന്നു. ഒരു ഭൂകമ്പം വന്നാൽ ലോകത്ത് പലയിടത്തും ഡാമുകൾ തകരും, ആളുകൾ മരിക്കുകയും ചെയ്യും, അതുകൊണ്ട് എന്റെ മരണത്തിന് ന്യായീകരണമായി എന്ന് പറഞ്ഞ് മാറി നിൽക്കണമെന്നാണോ ?

  * 100 വർഷം പഴക്കമുള്ള 37 ഡാമുകൾ സുരക്ഷിതമായി ഇൻഡ്യയിൽ ഉണ്ട്. മുല്ലപ്പെരിയാറിനു മാത്രമെന്താണ് പ്രത്യേക ആപൽ ഭീഷിണി.

  മുല്ലപ്പെരിയാറിന് മാത്രമായി പ്രത്യേക ഭീഷണി ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞോ ? ഇവിടെ 25 ലക്ഷത്തിന് മേൽ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനായി ശബ്ദമുയർത്താൻ അവർക്ക് അവകാശമുണ്ട്. മറ്റുള്ളയിടത്തും ഡാം പൊട്ടി ജനങ്ങൾ ചാകാൻ സാദ്ധ്യതയുണ്ട് അതുകൊണ്ട് ഞാനും ചത്തേക്കാം എന്ന് പറഞ്ഞ് മിണ്ടാതെ നിൽക്കണമെന്നാണോ ?

  * കൃത്യമായി ഒരു ഭൂകമ്പം ഉണ്ടാകുമെന്നു ആധികാരികമായി/ ശാസ്ത്രീയമായി പറയാൻ കഴിയുന്ന എന്തു ശാസ്ത്ര ശാഖയാണ് ലോകത്തിലുള്ളത്?

  ഉണ്ടെന്ന് അവകാശപ്പെട്ടില്ലല്ലോ ? ഇതുവരെ ഉണ്ടായ ഭൂകമ്പങ്ങളും (6 മാസത്തിനുള്ളിൽ 22 എണ്ണം) അത് ഡാമിനുണ്ടാക്കിയ ആഘാതങ്ങളും പോരെന്നാണോ ? ശരി, ശരി... ഭൂകമ്പമൊക്കെ മാറ്റിനിർത്താം. ഡാമിന്റെ കാലാവധി കഴിഞ്ഞിട്ട് 65 കൊല്ലമായി , പുതിയ ഡാം നിർമ്മിച്ച് പഴയ ഡാം ഡീ-കമ്മീഷൻ ചെയ്യണം എന്ന ആവശ്യം മാത്രം പരിഗണിച്ചാൽ മതി. അത് ഇപ്പോൾ ഉള്ളത് പോലെ തുടർ ഭൂകമ്പമൊക്കെ വരുന്നതിന് മുൻപും ഉള്ള ആവശ്യമാണ്.

  * പാട്ടക്കരാർ നിലനിൽക്കുന്നിടത്തോളം കാലം ഡാമിലോ അനുബന്ധ സംവിധാനത്തിലോ ഉള്ള അധികാരത്തെ നിർണ്ണയിക്കുന്നത് കരാർ വ്യവസ്ഥകളാണ്. അതുകൊണ്ട് ഇതൊരു നിയമ പ്രശ്നമാണ്.

  നിയമപ്രശ്നമല്ല എന്ന് ആരെങ്കിലും പറഞ്ഞോ ? കൂട്ടത്തിൽ ഇത് കേരളത്തിലെ 25 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നവും തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജനങ്ങളുടെ ജീവിത പ്രശ്നവുമാണ്. നിയമപ്രശ്നം, ജീവിത പ്രശ്നം, ജീവന്റെ പ്രശ്നം ... ഇതിലേതാണ് വലുതെന്ന് മാത്രം ചിന്തിച്ച് അതിന് പരിഹാരം ഉണ്ടാക്കുന്നതിനായി സഹകരിക്കണമെന്നേ പറയുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ‘എന്നെ കൊല്ലല്ലേ എന്നെ കൊല്ലല്ലേ‘ കെഞ്ചുന്നു.

  * ഡാമിന്റെ കസ്റ്റോഡിയനായ തമിഴ്നാടിന്റെ സമ്മതമോ അനുവാദമോ ഇല്ലാതെ കേരളം ഏകപക്ഷീയമായി എടുക്കുന്ന എന്തു തീരുമാനവും കരാർ വ്യവസ്ഥപ്രകാരം അസാധുവാണ്.

  അല്ല എന്ന് ആരും പറഞ്ഞിട്ടില്ല, അങ്ങനെയൊന്നും ആരും ചെയ്യുകയുമില്ല. പക്ഷെ പുതിയ ഒരു ഡാം കെട്ടി, പഴയ ഡാം പൊട്ടിയൊലിച്ച് വരുന്ന വെള്ളത്തെ തടഞ്ഞ് നിർത്താനെങ്കിലും അനുവദിച്ചുകൂടെ, അതും കേരളത്തിന്റെ സ്വന്തം സ്ഥലത്ത്. കരാർ വ്യവസ്ഥയും കോടതി വിധിയും കാറ്റിൽ‌പ്പറത്തി ജലസേചനത്തിന് മാത്രം ഉണ്ടാക്കിയ ഡാമിലെ വെള്ളം ഉപയോഗിച്ച്, തമിഴ്‌നാട്(അന്നത്തെ മദ്രാസ് പ്രസിഡൻസി) വൈദ്യുതി ഉണ്ടാക്കിയതും അതിന്റെ പേരിൽ കേരള ദിവാൻ സർ സി.പി.രാ‍മസ്വാമി അയ്യർ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ അടുത്ത് പരാതിയുമായി പോയതുമൊക്കെ ആരും മറന്നിട്ടൊന്നുമില്ല. സി.അച്ചുതമേനോന്റെ കാലത്ത്, കരാർ പുതുക്കുകയും വൈദ്യുതി ഉണ്ടാക്കാനുള്ള പുതിയ വ്യവസ്ഥകൾ മുൻ‌കൂർ പ്രാബല്യത്തിൽ എഴുതിച്ചേർക്കുകയും ചെയ്തെന്ന് വെച്ച് തമിഴ്‌നാടിന്റെ (മദ്രാസ് പ്രസിഡൻസി)കരാർ ലംഘനം ആരും മറന്നെന്ന് കരുതരുത്. കരാറും, കരാർ പാലിക്കുന്നതുമൊക്കെ എല്ലാവർക്കും ഒരുപോലെ ബാധകമാണ്.

  * കേരളത്തിന്റെ ആവശ്യങ്ങൾ ന്യായവും , ശാസ്ത്രീയമാണെങ്കിൽ എന്തുകൊണ്ട് തമിഴ്നാടിനെ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ല.?

  തമിഴ് മക്കൾ കേരളത്തേക്കാൾ വൈകാരികമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്. അവർ സമ്പൂർണ്ണ സാക്ഷരരല്ല, അതുകൊണ്ടുള്ള പ്രശ്നവും അവർക്കില്ല. അവർക്ക് വെള്ളം കിട്ടില്ല എന്ന രീതിയിൽ ആരോ അവരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു. ആ ധാരണ തിരുത്താനുള്ള ഒരു പ്രവർത്തനവും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

  തമിഴ്‌നാട് പറയുന്ന ഏത് കാര്യമാണ് വിശ്വാസിക്കണമെന്ന് പറയുന്നത്. ഡാം 1800 കൊല്ലം നിലനിൽക്കുമെന്ന് പറയുന്നതോ ? അവർക്ക് നമ്മൾ വെള്ളം കൊടുക്കില്ല എന്ന് പ്രചരിപ്പിക്കുന്നതോ ? തുടർ ഭൂചലങ്ങൾ ഉണ്ടായി വിള്ളലും വിള്ളലിന്റെ മേൽ വിള്ളലും ഉണ്ടായിട്ടും, ഡാമിന് ഒരു ബലക്ഷയവും ഇല്ലെന്ന് പറയുന്നതോ ?

  * (ഞാനും സൈബർ ലോകത്തിലെ സർവ്വജ്ഞാനികളായ പേനാ ഉന്ത് ബുദ്ധിജീവികളുടെ കൂടി)

  ഞാൻ ഏത് ലോകത്തായാലും എന്നും നിരക്ഷരനായി തന്നെ തുടരും.... :)

  ReplyDelete
 9. വരാനിരിക്കുന്ന വൻ ദുരന്തത്തിൽ നിന്നും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജനങ്ങളെ രക്ഷിക്കാൻ പുതിയ ഡാം പണിയണം. ആവശ്യത്തിനു് വെള്ളം തമിഴ്‌നാട്‌ എടുത്തുകൊള്ളട്ടെ. പക്ഷേ കഴിഞ്ഞ 30 വർഷമായി കേരളം ആവർത്തിക്കുന്ന അപകടഭീഷണി പരിഗണിക്കാതെ ഒ‍ാരോ മുട്ടുന്യായങ്ങൾ പറഞ്ഞ്‌ അവസ്സാനം ഡാം തകർന്നാൽ പിന്നെ അവിടെ വേറെ ഒരു ഡാം പണിത്‌ അതിൽ നിന്നും വെള്ളമെടുത്ത്‌ മാട്ടുപ്പെട്ടിയിലും തേനിയിലും മറ്റും കൃഷിചെയ്യാം എന്ന് തമിഴ്‌ സർക്കാർ കരുതേണ്ടതില്ല. മാത്രമല്ല ഉണ്ടാകുന്ന അപകടത്തിന്റെ മൊത്തം ഉത്തരവാദത്തവും അവർ ഏറ്റെടുത്ത്‌ നഷ്ടപരിഹാരവും പുനരധിവാസവും തമിഴ്‌നാട്‌ സർക്കാർ തന്നെ നടത്തണ്ടിവരും എന്നവസ്തുതയും അവർ അറിഞ്ഞിരിക്കേണ്ടതാണു. മുല്ലപ്പെരിയാർ തകർന്നാൽ കേരളത്തിലെ മാത്രമല്ല ലോകത്ത്‌ എവിടെയുള്ളമലയാളിയുടെ ഒരു ബന്ധു വെങ്കിലും ആവെള്ളപ്പാച്ചിലിൽ മരിക്കുന്നവരുടെകൂട്ടത്തിൽ ഉണ്ടായിരിക്കും.

  ReplyDelete
 10. മുല്ലപ്പെരിയാറിന് കുഴപ്പമൊന്നും ഇല്ല എന്ന ജയലളിതയുടെ പ്രസ്താവന ഇന്നത്തെ വാര്‍ത്തയില്‍ കേട്ടു.
  സിനിമ നിരോധിച്ചത് കൊണ്ടു പൊട്ടറായ ഡാം പൊട്ടില്ല എന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്..?

  ReplyDelete
 11. നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു കെ.എസ്‌.ഇ.ബി. ഓഫീസറെ കണ്ടു.. അദ്ദേഹം വർക്ക്‌ ചെയ്യുന്നത്‌ ഇടുക്കി പദ്ധതി പ്രദേശത്താണു എന്നുള്ളത്‌ ആണു ഇവിടെ ഏറെ പ്രസക്തമായ ഒരു കാര്യം!! എന്തുകൊണ്ടോ, ഞാൻ സംഭാഷണം മുല്ലപ്പെരിയാറിലേക്കെത്തിച്ചു. മുരളിയുടെ മുല്ലപ്പെരിയാർ വിഷയമായുള്ള കഥയുടെ കമന്റ്‌ ബോക്സിൽ നിരക്ഷരൻ ഒരു പ്രോഫസറെ പറ്റി സൂചിപ്പിച്ചതായിരുന്നു എന്നെ ഇദ്ദേഹത്തോട്‌ ഈ വിഷയം സംസാരിക്കാൻ പ്രേരിപ്പിച്ചത്‌ തന്നെ. എനിക്ക്‌ കിട്ടിയത്‌ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു. "ആ അങ്ങിനെ ഒരു ഇഷ്യു ഉണ്ട്‌. ഇതൊക്കെ നമ്മളെ ബാധിക്കാത്ത കാര്യമല്ലേ? കരുണാനിധി ആരാ മോൻ, അവരു പണിത ഡാം അത്‌ അവർ തന്നെ നന്നാക്കട്ടെ.. അല്ലാതെ നമ്മളെന്തിനാ ചുമ്മാ അതിന്റെ കാര്യത്തിൽ ഇത്ര വികാരം കൊള്ളുന്നേ?" - ഒരു നിമിഷം ഞാൻ വല്ലാതായി. ഇവരൊക്കെ ഈ സാക്ഷരകേരളത്തിന്റെ പ്രതീകങ്ങളായി മാറുമ്പോള്‍ സജിയച്ചായോ.. മിനിമം സർവ്വജ്ഞാനികളായ പേനാഉന്ത് ബുദ്ധിജീവിയെങ്കിലും ആയേ മതിയാവൂ :)

  ReplyDelete
 12. എല്ലാം ഭംഗിയായി, 100 % സമാധാനപരമായി കാര്യങ്ങൾ നടക്കാൻ സാധിക്കുമാറാകട്ടേ

  ReplyDelete
 13. മുല്ലപ്പെരിയാര്‍ ഇഷ്യൂ സത്യത്തില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് സൈബര്‍ മീഡിയ മാത്രമാണെന്ന് തോന്നുന്നു. അതെന്തേ എന്തിലും ഏതിലും അഭിപ്രായമുള്ള സാഹിത്യ- സാംസ്കാരിക മണ്ഢലങ്ങളിലെ ദിവ്യജോതിസ്സുകള്‍ക്കൊന്നും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒന്നും പറയാനില്ലേ!! സിംഹവാലന്‍ കുരങ്ങിന്റെ വരെ ജീവനുവേണ്ടി മുറവിളികൂട്ടുന്നവര്‍ക്ക് മനുഷ്യജീവിതങ്ങള്‍ ഞാണില്‍ കെട്ടിയ ബൊമ്മക്കൊലുകളാണൊ..?

  വെറുതെയല്ല. പാമ്പുകള്‍ക്ക് മാളമുണ്ട്..
  പറവകള്‍ക്കാകാശമുണ്ട്
  മനുഷ്യപുത്രന് തലചായ്കാന്‍ മണ്ണിലിടമില്ല എന്ന് പാടേണ്ടി വന്നത്.
  നല്ല ദീര്‍ഘവീക്ഷണം.

  ReplyDelete
 14. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിക്കാനായി എല്ലാവരും നാളെ വൈകീട്ട് 06:00 മണിയോടെ മറൈൻ ഡ്രൈവിലെ ഹെലിപ്പാഡ് പരിസരത്ത് എത്തണം. പ്ലക്കാർഡുകളും മെഴുകുതിരികളുമായി നമ്മൾ ‘വാക്ക് വേ‘ യിൽ നിരന്ന് നിൽക്കും. വെളുത്ത മേൽക്കുപ്പായം ഇട്ട് വരാൻ ശ്രമിക്കുക. ജസ്റ്റിസ് കൃഷ്ണയ്യർ പരിപാടി ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽഡോസ് കുന്നപ്പിള്ളി, മേയർ ടോണി ചമ്മിണി, സംവിധായകൻ വിനയൻ, നടി റീമാ കല്ലുങ്കൽ, എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

  എല്ലാവരും വന്നതിന് ശേഷം മാത്രമേ ശ്രീ. കൃഷ്ണയ്യരെ സമ്മേളന സ്ഥലത്ത് എത്തിക്കാനാവൂ. അദ്ദേഹം സുഖമില്ലാത്ത ആളാണ്. അതുകൊണ്ടുണ്ടാകുന്ന കാലതാമസം മാത്രമേ പരിപാടിക്ക് ഉണ്ടാകൂ. അണക്കെട്ട് പൊട്ടിവരുന്ന വെള്ളത്തിൽ ഒഴുകിപ്പോകാൻ അതീവ സാദ്ധ്യതയുള്ള ഈ ജീവിതത്തിൽ നിന്ന്, ഒരു മെഴുകുതിരി കത്തിത്തീരുന്ന അത്രയും സമയം ചിലവഴിക്കാൻ എല്ലാവരും എത്തുമെന്ന പ്രതീക്ഷയോടെ......

  രാവിലെ മുതൽ റേഡിയോ മാങ്കോയിൽ ഇതേപ്പറ്റിയുള്ള പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്
  Save Sinking Kerala Movement on Club FM "Kalakkan Recharge". Tune into Club FM 94.3 from 7 am to 11.30 am on 25th November 2011.

  ReplyDelete
 15. @Saji,വണക്കം അച്ചായോ ..നെഗറ്റീവ് ചിന്താഗതി പറഞ്ഞ് ശ്രെദ്ധ പിടിച്ചുപറ്റാനുള്ള ആവശ്യം അച്ചായനില്ലന്നു എനിക്കറിയാം.പിന്നെയല്ലേ അറിഞ്ഞത് അണ്ണന്‍ പാണ്ടി ആണെന്ന്!!!അയ്യേ ഞാന്‍ കരുതീത് സജി അച്ചായന്‍ മലയാളിയാണെന്നാ.
  ങ്ങൂം...പിടികിട്ടി(അ)സംബന്ധം...നടക്കട്ടെ..നടക്കട്ടെ!

  -ന്നാലും -ന്‍റെ അച്ചായ അണ്ണാ,കുറഞ്ഞ പക്ഷം നിരുജി ഊണിനു തമിഴന്‍റെ ചോറും,പച്ചകറി കൂട്ടി സാമ്പാറും കഴിച്ചാല്‍ പിന്നെ കൂറും അവറ്റകളോട് കാണിക്കണ്ടായോ? എന്നിട്ടും അത് നമ്മളെപ്പോലെ ജീവികളെ മാത്രം തിന്നുന്ന ബുദ്ധി " ജീവി "കള്‍ക്കല്ലയോ തോന്നിയോളൂ..അല്ലെങ്കിലും ഈ കള്‍ച്ചര്‍ലെസ്സ് മല്ലൂസിനെ എന്തിനു കൊള്ളാം കുറെ ചാവട്ടെന്നെ... ഇന്ന് മനുഷ്യ ജീവന് എന്തൂട്ട് വില?ഹല്ലാ പിന്നെ നമ്മുടെ നട്ട പിരാന്തന്‍ പറഞ്ഞപോലെ!{" പേടിക്കാതെ..6 ഭുകമ്പമാപിനികള്‍ ഗവണ്മെന്റ് സ്ഥാപിക്കുന്നുണ്ട്. കൂടുതല്‍ എന്തെങ്കിലും സഹായം?

  കൊച്ചിയില്‍ റാപിഡ് സ്വിമ്മിംഗ് കോഴ്സ് നടത്തിയാല്‍ വിജയിക്കാന്‍ പറ്റുമോ?

  വെള്ളപ്പൊക്കം വരുമ്പോള്‍ ടയറുകളില്‍ കാറ്റു നിറച്ച് വില്‍ക്കാന്‍ വച്ചാല്‍ അത് ചിലവാകുമോ?

  ഇത്തരം ഒരു ദുരന്തത്തിലും അതിന്റെ ബിസിനസ് താല്പര്യം കാണാതെയിരിക്കുന്ന നിങ്ങള്‍ ഒരു മലയാളിയാണോ മനുഷ്യാ.........

  ഒരു ബിസിനസ് ടൈയപ്പിന് താല്പര്യമുണ്ടെങ്കില്‍ അറിയിക്കുമല്ലോ".(Courtesy 2 Nattapiranthan)}

  ReplyDelete
 16. ഞാനുണ്ട്, മറൈൻ ഡ്രൈവിലേക്ക്!

  ഒപ്പം,
  മുല്ലപ്പെരിയാർ വിഷയത്തിൽ ആത്മാർത്ഥമായി ഫെയ്സ്ബുക്കിൽ പ്രചാരണം നടത്തുന്ന മലയാളി സുഹൃത്തുക്കളോട് രണ്ടു വാക്ക്....

  ദയവായി തമിഴരുടെ വാളുകളിലും ഗ്രൂപ്പുകളിലും ചെന്ന് കമന്റിട്ട് അവരെ എംബരാസ് ചെയ്യാതിരിക്കുക.

  അത് വിപരീത ഗുണമേ ചെയ്യൂ.... ഏതെങ്കിലും തമിഴൻ എന്റെ വാളിൽ വന്ന് ഇങ്ങനെ ചെയ്താൽ എനിക്ക് ഇഷ്ടപ്പെടില്ല. ഇനിയിപ്പൊ തിരിച്ച് “മലയാളികൾ കടിച്ചു വലിക്കുന്ന ചിക്കനും, തിന്നുന്ന പച്ചക്കറികളും, പഴവർഗങ്ങളും ഞങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം കൂട്ടൂ.... കേരളത്തിനാവശ്യമുള്ള മുഴുവൻ പഴം-പച്ചക്കറി- ഇറച്ചിക്കൂട്ടങ്ങളും ഞങ്ങൾ തരാം!” എന്നു പതിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും?

  നമുക്ക് തമിഴനെ പ്രകോപിക്കുകയല്ല ആവശ്യം. പുതിയ ഡാം പണിയുക എന്ന ആവശ്യം നിറവേറ്റുകയാണ്.

  ReplyDelete
 17. @ jayanEvoor - അങ്ങനെ ഒരു കാര്യം ശ്രദ്ധയിൽ‌പ്പെട്ടിട്ടില്ല. അറിയിച്ചതിന് നന്ദി. എന്തായാലും അത് ആരെങ്കിലുമൊക്കെ അവരവരുടെ സ്വന്തം നിലയിൽ ചെയ്യുന്നതാണ്. നമ്മൾ അത്തരം കാര്യങ്ങൾ ഒരു കാ‍ലത്തും പ്രോത്സാഹിപ്പിക്കുന്നില്ല.

  ReplyDelete
 18. മുല്ലപ്പെരിയാര്‍ സുരക്ഷിതം ജയലളിട , കൂടംകുളം ആണവ നിലയം സുരക്ഷിതമല്ല , ജയലളിട, ആധുനിക ആണവ നിലയം ഭൂകമ്പത്തില്‍ തകരും, നൂറ്റി പതിനൊന്നു കൊല്ലം പഴക്കമുള്ള അണക്കെട്ട് തകരില്ല, ഇതാണ് വിരോധാഭാസം.....

  ReplyDelete
 19. നമ്മുടെ മണ്ണ് ,നമ്മുടെ വെള്ളം , നമ്മുടെ നദി , എന്നിട്ടും നമ്മുടെ ജീവനും സ്വത്തും
  സംരക്ഷിക്കാന്‍ നാം പാണ്ടിയോടും അവന്‍റെ പാര്‍ലമെന്‍റ് സീറ്റ് കണ്ട് ഭയക്കുന്ന കേന്ദ്ര
  ഗവണ്മെന്‍റിനോടും അവന്‍റെ കൈക്കുലി മേടിക്കുന്ന മറ്റു പലരോടും യാചിക്കുന്നു.
  തമിഴ് നാടിന്‍റെ സ്ഥാനത്ത് കേരളമായിരുന്നെങ്കില്‍ നമുക്ക് ഒരു തുള്ളി വെള്ലം അവര്‍
  തരുമായിരുന്നൊ ഈ ഡാം പൊളിക്കാന്‍ നമ്മെപോലെ ആരോടോങ്കിലും അവര്‍
  യാചിക്കുമായിരുന്നൊ..നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്. എന്തിനെയാണ് ഭയക്കുന്നത്.

  ReplyDelete
 20. വന്‍ വിജയമായിരുന്നു. എല്ലാ മീഡിയകളും വന്നിരുന്നു. സചിത്ര റിപ്പോര്‍ട്ട്‌ നമ്മുടെ ബൂലോകത്തില്‍ വന്നു കഴിഞ്ഞു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts