കിട്ടാത്ത മുന്തിരി പുളിക്കും

ടോയ്ലെറ്റ് സാഹിത്യം എന്ന് ബ്ലോഗേഴുത്തിനെ അധിക്ഷേപിച്ച ഇന്ദു മേനോന്‍
എന്ന ‘എഴുത്തുകാരി ‘ക്കെതിരെ വ്യാപക പ്രധിഷേധം

വംബര്‍ ഏഴാം തീയതിയിലെ ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടര്‍ എ. എസ്. സൌമ്യ എഴുതിയ ലേഖനത്തിന്റെ വിയോജനക്കുറിപ്പ്‌ ആണിത്. ഇന്ദു മേനോന്‍ എന്ന എഴുത്തുകാരി പറഞ്ഞ ( പറയിപ്പിച്ചതോ :? ) ചുവടു പിടിച്ചാണ് ആ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിലെ ആദ്യ വരി തുടങ്ങുന്നത് തന്നെ ബ്ലോഗ്‌ എഴുത്തിനെ ടോയ്ലെറ്റ് സാഹിത്യം എന്ന് വിമര്‍ശിച്ചു കൊണ്ടാണ്. അതിങ്ങനെ -

"ടോയ്ലറ്റ് സാഹിത്യം വായന നിലനിര്‍ത്താന്‍ ബ്ലോഗ് സഹായിക്കുന്നുണ്ടെങ്കിലും പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിന് മാത്രമേ അതിന്റെ പൂര്‍ണത കിട്ടൂ. ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ് "

ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും ബ്ലോഗ്‌ എന്ന വാക്കിനെക്കുറിച്ച് കേട്ടറിവ് മാത്രം വച്ചു പടച്ചു വിട്ട വാക്കുകള്‍ ആണ് ഇതെന്ന്. അവരുടെ വാക്കുകള്‍ തുടരുന്നു .....

"ആത്മാവിഷ്കാരത്തിന്റെ ഭാഗമായ എഴുത്തിനെ കംപ്യൂട്ടര്‍ പോലുള്ള മാധ്യമം ഉപയോഗിച്ച് തനിക്ക് കാണാനാവില്ല. ....."

അത് അവരുടെ കാഴ്ചപ്പാട് . സര്‍ഗ്ഗവാസനയുടെയും ആത്നാവിഷ്കാരത്തിന്റെയും പ്രതിഫലനം കടലാസ്സില്‍ മാത്രമേ എഴുതാനാവൂ എന്നാണു ശ്രീമതി ഇന്ദു മേനോന്‍ പറയുന്നത്. അവര്‍ നിരത്തുന്ന കുറച്ചു മുട്ട് ന്യായങ്ങള്‍ ഇങ്ങനെ ആണ് ....

"കണ്ണ് ചീത്തയാക്കി വായിക്കേണ്ട കാര്യമില്ല. ബുക്ക് വായിക്കുന്നതിന്റെ സുഖം കംപ്യൂട്ടര്‍ സ്ക്രീനിലെ അക്ഷരങ്ങള്‍ക്ക് നല്‍കാനാവില്ല. പുസ്തകം വായിക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ ഇതിനായി ധാരാളം സമയം ചെലവഴിക്കുന്നു "

ഇതിനെക്കുറിച്ച്‌ കമന്റിലൂടെ ധാരാളം പേര്‍ മികച്ച രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. അവ ഇങ്ങനെ :

ബഷീര്‍ വള്ളിക്കുന്ന് : നിങ്ങള്‍ എവിടെ എഴുതുന്നു എന്നതല്ല, നിങ്ങളുടെ തലയില്‍ എന്തുണ്ട് എന്നതാണ് പ്രശ്നം. താളിയോലയിലോ പേപ്പറിലോ കമ്പ്യൂട്ടറിലോ എവിടെയുമാകട്ടെ എഴുത്തിന്റെ പ്രതിഭ നിര്‍ണയിക്കുന്നത് അത് എഴുതുന്ന പ്രതലം ഏതെന്നു നോക്കിയിട്ടല്ല. കടലാസും അച്ചടിയും വരുന്നതിനു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളും എഴുത്തുകാരും ഇന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. പ്രതിഭയാണ് അതിജയിക്കുന്നത്. താളിയോലയോ പുസ്തകമോ കമ്പ്യൂട്ടറോ അല്ല. ഇത്തരം വിവരക്കേട് പറയുന്നവരെ വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്.

രമേശ്‌ അരൂര്‍ : ഇന്ദു മേനോന്റെ ലേഖനത്തിലെ കണ്ടുപിടുത്തത്തെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അസംബന്ധം .ബ്ലോഗെഴുത്തും ടോയ്ലെട്ടു സാഹിത്യമാണെന്ന് പറഞ്ഞാല്‍ ...? കടലാസില്‍ അതിനേക്കാള്‍ വികൃതമായി എഴുതുന്നവരെക്കുറിച്ചു എന്ത് പറയും ?

മനോരാജ് : പേനയും പേപ്പറും ഉപയോഗിച്ചെഴുതിയാല്‍ മാത്രമേ സാഹിത്യം ആവുകയുള്ളൂ എന്ന ഇന്ദുമേനോന്റെ വാക്കുകള്‍ കേട്ട് അത്ഭുതം തോന്നി. അങ്ങിനെയെങ്കില്‍ പിന്നെ മാതൃഭൂമി, ദേശാഭിമാനി, ഭാഷാപോഷിണി, മാധ്യമം തുടങ്ങിയ എല്ലാ വാരിക / മാഗസിനുകളും കൈയെഴുത്ത് മാഗസിനാക്കട്ടെ. കാരണം ഇതിലൊക്കെ വരുന്ന രചനകള്‍ പേനയും പേപ്പറും ഉപയോഗിച്ചെഴുതിയതാണോ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തതാണൊ എന്ന് എങ്ങിനെ നമ്മള്‍ വായനക്കാര്‍ തിരിച്ചറിയും? ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരിക്കുന്നവര്‍ക്ക് ഇന്ന് ഇന്ദുമേനോന്റെ ഈ വാക്കുകള്‍ അറിയാന്‍ കഴിഞ്ഞെങ്കില്‍ അത് മുകളില്‍ എഴുത്തുകാരി പുച്ഛിച്ച കമ്പ്യൂട്ടറും ഓണ്‍ലൈന്‍ മീഡിയകളും ഉള്ളത് കൊണ്ടായിരുന്നു എന്ന് മനസ്സിലാക്കുക.

ഡോ. ആര്‍. കെ. തിരൂര്‍ : അവനവനെ കൊണ്ട് പറ്റാത്തതെല്ലാം നിലവാരമില്ലാത്തതാണ് എന്ന് കരുതുന്നത് അങ്ങനെ കരുതുന്നവരുടെ ബൌദ്ധികമായ നിലവാരത്തിന്റെ കുറവാണ് എന്നെ കരുതാനാകൂ... അക്ഷരങ്ങളെ ബഹുമാനിക്കുന്നവരും ഇഷ്ടപ്പെടുന്നവരും പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല താങ്കളുടേത് എന്ന് പറയേണ്ടിയിരിക്കുന്നു.

അക്ബര്‍ വാഴക്കാട് : പൊട്ടക്കിണറ്റിലെ തവളയ്ക്ക് അത് ഇരിക്കുന്ന ഇടമാണ് ലോകം. വിവരക്കേട് ഒരു അസുഖമാണെന്ന് ഇപ്പൊ മനസ്സിലായി "സാഹിത്യകാരീ". ലോകം ഒരുപാട് വികഷിച്ചു. ഒപ്പം മലയാള സാഹിത്യവും. വായനക്കാരി എന്ന നിലയില്‍ താങ്കള്‍ക്കു സംതൃപ്തി നല്‍കാന്‍ ഇനി സുഭാഷ് ചന്ദ്രന്‍ , ബെന്യാമിന്‍ , സുസ്മേഷ് ചന്ദ്രോത്ത് എന്നിവരുടെയൊക്കെ കൃതികള്‍ കടലാസില്‍ മഷി കൊണ്ട് എഴുതി തന്നാല്‍ മതിയാകുമോ. സൃഷ്ടിയെയാണ് വിലയിരുത്തേണ്ടത്. അത് എങ്ങിനെ എഴുതി എന്നല്ല. വളമിട്ടില്ലെങ്കിലും പിഴുതെറിയരുത് പ്ലീസ്.

പ്രദീപ് കുമാര്‍ :ഇന്ദുമേനോന്‍ ആദ്യം ബ്ലോഗുകള്‍ വായിക്കുക. ഓരോ രചനകളും അനുബന്ധ ചര്‍ച്ചകളും അല്‍പ നാള്‍ നിരീക്ഷിക്കുക. അതിനു ശേഷം സംസ്കാരമുള്ള പദാവലികള്‍ ഉപയോഗിച്ച് വസ്തു നിഷ്ടമായി വിമര്‍ശിക്കുക. ഒരു പത്രമുതലാളിയുടെയും മുന്നില്‍ തല ചൊറിയാതെ, എസ്റ്റാബ്ലിഷ് ചെയ്ത എഴുത്തുകാരുടെ ശുപാര്‍ശക്കാത്തു വാങ്ങാതെ കെട്ടിപ്പടുത്ത നിലവാരമുള്ള ഒരു സാഹിത്യ സംസ്കാരം നിങ്ങള്‍ക്ക് ബ്ലോഗെഴുത്തിടങ്ങളില്‍ കാണാം

കണ്ണനുണ്ണി : വ്യക്തമായി അറിവില്ലാത്ത ഒരു കാര്യത്തെ പറ്റി ശ്രിമതി ഇന്ദു മേനോന്‍ പരെഞ്ഞതാണ് ഇതെന്ന് വ്യക്തം. ബ്ലോഗ്‌..ഫെസ് ബുക്ക്‌ തുടങ്ങിയ സങ്കേതങ്ങളെ കുറിച്ച് മനോരമയിലോ..മറ്റു പത്ര മാധ്യമങ്ങളിലോ വരുന്ന മുറി അറിവുകളും മുന്‍വിധികളും മാത്രമാണ് ഇങ്ങനെ ഒരു അഭിപ്രായ പ്രകടനത്തിന് പിന്നില്‍ എന്ന് മനസിലാവുന്നുണ്ട്.

ഷാബു തോമസ് : ആയമ്മയുടെ പ്രശ്നം ഞാന്‍ പറയാം. അവര്‍ക്ക് കമ്പ്യൂട്ടറില്‍ മലയാളം വഴങ്ങുന്നില്ല. അതുതന്നെ കാരണം.

കോറോത്ത് : എഴുതുമ്പോള്‍ കൌപീനമോ മരവുരിയോ ഉടുക്കണം എന്നും ചേര്‍ക്കാമായിരുന്നു ;)

നിരക്ഷരൻ: പ്രിന്റ് മീഡിയ അടക്കം എല്ലായിടത്തും ഉണ്ട് മോശം സൃഷ്ടികൾ. എഡിറ്ററില്ലാത്ത മാദ്ധ്യമമായ ബ്ലോഗിൽ അത് ഇത്തിരി കൂടുതൽ തന്നെയാണെന്ന് സമ്മതിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ, പൂർണ്ണതയില്ല,  കക്കൂസ് സാഹിത്യം, എന്നൊക്കെ പറഞ്ഞ് അടച്ചാക്ഷേപിച്ചതിന്, ഇന്ദുമേനോനോട് ശക്തിയായി പ്രതിഷേധിക്കുന്നു. ഈ-മാദ്ധ്യമത്തിൽ എന്താണ് നടക്കുന്നതെന്ന് വിശദമായി അറിയാത്തതുകൊണ്ടുള്ള ജൽ‌പ്പനം മാത്രമായേ ഇതിനെ കണക്കാക്കുന്നുള്ളൂ. ഒന്നുകൂടെ തെളിച്ച് പറഞ്ഞാൽ, വിവരക്കേട്. പേന കൊണ്ട് കടലാസിൽ എഴുതി വെച്ചാൽ മാത്രം പോരല്ലോ ? അത് അച്ചടിച്ച് പുറത്തിറക്കാൻ പ്രസാധകർ ചെന്നില്ലെങ്കിൽ എഴുത്തുകാർ എന്തുചെയ്യും? എല്ലാവർക്കും ഇന്ദുമേനോൻ ആകാൻ പറ്റില്ലല്ലോ ? അങ്ങനുള്ളവർ ബ്ലോഗ് എന്ന ചുമരിലെങ്കിലും എഴുതട്ടെ. സൌകര്യം ഉണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി. പക്ഷെ പ്രിന്റ് മീഡിയയിലെ വല്ല്യേട്ടന്മാരും വല്ല്യേച്ചിമാരും വളർന്നുവരുന്ന ഒരു മാദ്ധ്യമത്തെ നിരന്തരം ഇങ്ങനെ അധിക്ഷേപിക്കുന്ന പ്രവണത ഒട്ടും നല്ലതല്ല. മുൻപൊരിക്കൽ ആദപൂർവ്വം ഒരു ഗുരുവിനോട് പറഞ്ഞത് ഇന്ദുമേനോനോടും ആവർത്തിക്കുന്നു. ‘വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചില്ലെങ്കിലും, എൻ‌ഡോസൾഫാൻ തളിച്ച് മുരടിപ്പിച്ച് കളയരുത്. ’

ജാനകി രാമന്‍ : ഇന്ദുമേനോന്‍ എന്ന എഴുതുകരിയോടും, അത് അപ്പാടെ ഈച്ച കോപ്പി ചെയ്ത സൌമ്യയോടും സഹതാപം തോന്നുന്നു. ഈ പേനയും പേപ്പറും ഒക്കെ വരുന്നതിന് മുന്‍പും സാഹിത്യ സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. ദസ്തയേവ്സ്കിയുടെ എഴുത്തിനു കൂടുതല്‍ തുണച്ചത് മെഷീനുകളാണ്.

നിശികാന്ത്‌ : ഇന്ദുമേനോന്റെ അജ്ഞതയെക്കുറിച്ച് എന്തു പറയാൻ. നെറ്റിലുണ്ടാകുന്ന പലകാര്യങ്ങളെക്കുറിച്ചും അജ്ഞയായ ലേഖികയോട് തന്നെ സൗമ്യ ഇതിനേക്കുറിച്ച് ചോദിച്ചത് നന്നായി!

നട്ടപ്പിരാന്തൻ: ഈ അഭിപ്രായം തന്നെയല്ലെ പണ്ട് സാഹിത്യവരേണ്യവര്‍ഗ്ഗക്കാരായ നിരൂപകര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നതും..........പിന്നെ കാലം തെളിയിച്ചത് സത്യം.

ഉണ്ണിക്കുട്ടൻ: കോളക്കുപ്പി തീരാ ശാപമായി അരയില്‍ കെട്ടി നടക്കുന്ന ഗോത്ര യുവാവിനെ ഈ കുറിപ്പില്‍ കാണാം.വായക്കാരന്‍ ഇരുട്ടില്‍ ഇരിക്കണം, എഴുത്തുകാരനെക്കാള്‍ മെല്ലെ ചിന്തിക്കണം. വരികള്‍ക്കിടയില്‍ അവിടവിടെയായി എഴുത്തുക്കാരന്‍ കുഴിച്ചിട്ട ''പടക്കങ്ങള്‍'' ചെയ്യണം. അതിശയിക്കണം ! പുതിയ സങ്കേതങ്ങള്‍ തുറന്നിടുന്ന ആവിഷ്കാരത്തിന്റെ തുറസ്സില്‍ വിഹരിക്കുന്ന വായനക്കാരനെ അതിനു കിട്ടിയെന്നു വരില്ല. അവന്‍ എഴുതപെട്ട ഓരോ വാക്കിലും അതിന്‍റെ പിതൃത്വം തിരയുന്നു, ''ഇട്ടികൊര''കളെ അവന്‍ വലിച്ചു കീറുന്നു. അപ്പോള്‍ ''പഴയ ചോറ്'' തന്നെ വീണ്ടും വാര്‍ക്കാന്‍ വെയ്ക്കുന്ന ''മേല്‍വിലാസം'' ഉള്ള എഴുത്തുകാര്‍ക്ക് വേണ്ടത്ര reception കിട്ടിയെന്നു വരില്ല. ഇത് പറയാന്‍ കാരണം കണ്ണ് ചീത്തയവാത്ത anti-glare സ്ക്രീനുകള്‍ കോഴിക്കോടും കിട്ടും, അന്വേഷിച്ചാല്‍ മതി !

യൂസുഫ്പ : എന്തൊക്കെയോ അബദ്ധ ധാരണകൾ.ഇതിനെ ഒരു തരം അവസ്ഥ എന്ന് വിശേഷിപ്പിക്കാം.
ബ്ളോഗെന്ന സമാന്തര മാധ്യമത്തെ എങ്ങിനെയാണ്‌ നോക്കിക്കാണുന്നത് എന്ന് ഇപ്പോൾ മനസ്സിലായി.
തന്തോയം.

ജോ : ഇന്റര്‍നെറ്റും ബ്ലോഗ്‌ എഴുത്തും എന്തെന്നറിയാത്ത ഒരുപാട് സാഹിത്യ തമ്പുരാക്കാന്‍ മാരും തമ്പുരാട്ടികളും ഉണ്ടിവിടെ. ഒരു തരത്തില്‍ പറഞ്ഞാല്‍ കിട്ടാത്ത മുന്തിരി പുളിക്കും. അല്ലാ, അറിയാൻ പാടില്ലത്തതൊന്നും കൊള്ളില്ല....അത്രേയുള്ളൂ.

ബിജുകുമാര്‍ ആലക്കോട് : അറിവില്ലായ്മ അലങ്കാരമാക്കിയ ലേഖനം. ബ്ലോഗ് രചനകള്‍ ടോയിലറ്റ് സാഹിത്യമാണെന്നു പറയുന്ന ഈ ‘എഴുത്തുകാരി”യ്ക്ക് ബ്ലോഗെഴുത്തിനെ പറ്റി ഒരു ചുക്കും അറിയില്ല. അച്ചടിമഴി പുരണ്ടതെല്ലാം ഉല്‍കൃഷ്ടമാണെന്ന വിവരക്കേട്. ഏതാനും ചില എസ്റ്റാബ്ലിഷ്ഡ് മാഗസിനുകളും അവരുടെ തലോടല്‍ ആവോളം അനുഭവിയ്ക്കുന്ന കുറെ എഴുത്തുകാര്‍ക്കും തീറെഴുതിയതല്ല മലയാളാ സാഹിത്യം. തീര്‍ച്ചയായും ബ്ലോഗില്‍ ചവറുകള്‍ ഉണ്ട്. എന്നാല്‍ അതു പോലെ കലാമൂല്യമുള്ളവയും ധാരാളം. ഇന്ന് മലയാളം കേരളത്തിന്റെ “ഠ” വട്ടത്തിനപ്പുറത്തേയ്ക്ക് വികസിച്ചത് കമ്പ്യൂട്ടറും ഫെസുബുക്കും ബ്ലോഗും ഒക്കെ ഉള്ളതു കൊണ്ടാണ്. എത്രയോ വിദേശമലയാളികള്‍ ഇന്നു മലയാളം എഴുതുകയും വായിയ്ക്കുകയും ചെയ്യുന്നു. അവയില്‍ നിന്നും കലാമൂല്യമുള്ളവയും വരുന്നുണ്ട്. തങ്ങല്‍ വരേണ്യരെന്നു കരുതുന്ന ഇത്തരം കൂപ മണ്ഡൂകങ്ങളുടെ ജല്പനങ്ങളെ ആരു വകവയ്ക്കാന്‍.....

ഒരു പക്ഷെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനു ആദ്യമായിട്ടായിരിക്കും ഇത്രയധികം കമന്റു കിട്ടുന്നത്. അതും ഒരേ സ്വരത്തില്‍ പ്രതികരിക്കുന്നവരുടെ. ഒരു പക്ഷെ, സൈബര്‍ സങ്കേതത്തിന്റെ അറിവില്ലായ്മ കൊണ്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചവയും പ്രതികരണങ്ങളും എല്ലാം ശ്രീമതി ഇന്ദു മേനോന്‍ അറിയുന്നുണ്ടാകില്ല. അല്‍പ്പനാള്‍ മുന്‍പ് കവി ഓ. എന്‍. വി. കുറുപ്പും ബ്ലോഗേഴുത്തിനെ എസ്. എം. എസ്. എഴുത്ത് എന്നതിനോട് ഉപമിച്ചു കണ്ടു. എന്തായാലും പുതു തലമുറയിലെ എഴുത്തുകാരൊന്നും ആരുടേയും മുന്നില്‍ ഒച്ഛാനിച്ച് നിന്നിട്ടല്ല തങ്ങളുടെ ആത്മാവിഷ്കാരം ലോകത്തെ മുഴുവന്‍ അറിയിക്കുന്നത്. സര്‍ഗ്ഗാത്മകതയോടൊപ്പം അല്‍പ്പം സാങ്കേതിക പരിജ്ഞാനവും കൂടി ബ്ലോഗെഴുത്തുകാര്‍ക്ക് ഉണ്ടെന്ന് എഴുത്തിന്റെ തമ്പുരാക്കന്മാരും തമ്പുരാട്ടികളും മനസ്സിലാക്കുക. ചുരുക്കിപ്പറഞ്ഞാല്‍ വിവരവും വിവേകവും നിങ്ങളേക്കാള്‍ കൂടുതല്‍ ഞങ്ങൾക്കുണ്ടെന്ന് എന്നുള്ളത്.

23 Responses to "കിട്ടാത്ത മുന്തിരി പുളിക്കും"

 1. "കിട്ടാത്ത മുന്തിരി പുളിക്കും"

  ReplyDelete
 2. :) എഴുത്ത് എന്നത് എഴുത്ത് മാത്രം ആണ്. അതില്‍ ആണ് എഴുത്ത്, പെണ്ണ് എഴുത്ത്, ബ്ലോഗ്‌ എഴുത്ത് എന്ന് ഒന്നും ഇല്ല.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പേനയും കടലാസും കമ്പ്യൂട്ടറും വെറും മാധ്യമങ്ങള്‍ ആണെന്നും ആത്മാവിഷ്കാരങ്ങള്‍ ആണ് സൃഷ്ടികള്‍ എന്നും അവയാണ് വിലയിരുത്തേണ്ടത് എന്നും ഈ "വലിയ എഴുത്തുകാര്‍" എന്നാണു മനസിലാക്കുക? ശരിയാണ് ബ്ലോഗിലും , പുസ്തകങ്ങളിലും കതിരും പതിരും ഉണ്ട്. എന്ന് കരുതി അവയെ ജനറലൈസ് ചെയ്ത എഴുതിയ ആ ലേഖനത്തോടു ഒട്ടും യോജിക്കുന്നില്ല എന്ന് മാത്രമല്ല , കോലം കെട്ടി എഴുന്നുള്ളിച്ചു നിര്‍ത്തുന്ന പല വന്‍ സാഹിത്യകാരന്മാരുടെ സൃഷ്ടികളുടെ അതെ നിലവാരം പുലര്തുന്നവയും, ചിലപ്പോള്‍ അവയ്ക്ക് മുകളില്‍ നില്‍ക്കുന്നവയുമാണ് പല ബ്ലോഗ്‌ എഴുത്തുകളും എന്ന് "നിറമുള്ള കണ്ണടകള്‍" ഊരി വെച്ചു നോക്കിയാല്‍ മനസിലാക്കാവുന്നതാണ്.

  ReplyDelete
 5. മാധവേട്ടൻ, സി.വി.ബാലകൃഷ്ണൻ, ഇന്ദു മേനോൻ... ഇനിയാരെങ്കിലും ഉണ്ടോ ബാക്കി ? ഇവരെയെല്ലാം വിറളി പിടിപ്പിക്കുന്നത് എന്താണെന്ന് ഒരു റിസർച്ച് നടത്തേണ്ടിയിരിക്കുന്നു.

  ReplyDelete
 6. കുറിപ്പിൽ നിന്ന്:

  ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്. ഒരു തരത്തിലുള്ള ടോയ്ലറ്റ് സാഹിത്യം എന്നതിനെ വിളിക്കാം. ചുവരുകള്‍ സാധാരണ മനുഷ്യന് എന്തും എഴുതുന്നതിനുള്ള ധൈര്യം നല്‍കുന്നു. ആത്മാവിഷ്കാരത്തിന്റെ ഭാഗമായ എഴുത്തിനെ കംപ്യൂട്ടര്‍ പോലുള്ള മാധ്യമം ഉപയോഗിച്ച് തനിക്ക് കാണാനാവില്ല. കംപ്യൂട്ടറില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യാറുണ്ടെങ്കിലും എഴുത്തിലേക്ക് കടക്കുമ്പോള്‍ പേപ്പറും പേനയും ഉപയോഗിച്ച് എഴുതുന്നതാണ് താല്‍പര്യം. ബ്ലോഗില്‍ എഴുതുന്ന നല്ല സൃഷ്ടികള്‍ ഉണ്ട്. പക്ഷേ അതിന്റെ പ്രിന്റഡ് വേര്‍ഷന്‍ വായിക്കാനാണ് താല്‍പര്യം. കണ്ണ് ചീത്തയാക്കി വായിക്കേണ്ട കാര്യമില്ല.

  ബോധപൂർവ്വം ബ്ലോഗിനെ ആക്ഷേപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ല, മറിച്ച് അവരുടെ ആസ്വാദനത്തിന്റെ പരിധി വെളിവാക്കി എന്നു മാത്രം കരുതിയാൽ മതി.

  ReplyDelete
 7. ബ്ലോഗെഴുത്ത് പൂര്‍ണ്ണമല്ല എന്ന് ആയമ്മ പറയുന്നത് വായനക്കാരെ ഭയന്നിട്ടാണ്. വായനക്കാരന്റെ പ്രതികരണം ഉടനടി കിട്ടും. ചിലപ്പോള്‍ അതും നാലാള്‍ വായിച്ചു എന്നും വരും. അപ്പോള്‍ പരമ്പരാഗത എഴുത്തുകാരുടെ സൃഷ്ടികളെ പോലെ ഏകപക്ഷീയമായ എഴുത്തല്ല ബ്ലോഗ്‌ എന്നുവരുന്നു. റോയല്‍റ്റി കിട്ടില്ല എന്നാ ന്യൂനതയും ഉണ്ട്.

  പിന്നെ, കക്കൂസ്‌ സാഹിത്യം എന്ന് അവര്‍ പുശ്ചിക്കുന്ന ബ്ലോഗ്‌ എഴുത്തില്‍ മുത്തും പവിഴവും ഒക്കെയുണ്ട്. ഇപ്പോള്‍ 'എഴുതി പുസ്തകമാക്കുന്ന' പലരെയുംകാള്‍ കഴിവും പ്രതിഭയും ഉള്ളവര്‍. അതില്‍ അസൂയ പൂണ്ടുമാകം ഇങ്ങനെയൊക്കെ അവര്‍ പുലമ്പുന്നത്. ബ്ലോഗെഴുത്ത് സാഹിത്യം അല്ലെന്നു വന്നാല്‍, അതിലെഴുതുന്നവരെ പിന്നെ തങ്ങളുടെ തലത്തില്‍ അംഗീകരിക്കേണ്ട കാര്യമില്ലല്ലോ. അവരെയൊന്നും തങ്ങള്‍ക്കു വെല്ലുവിളിയായി വയലാര്‍, എഴുത്തച്ചന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടതും ഇല്ലല്ലോ.

  ReplyDelete
 8. ഈ പറയുന്ന കക്ഷി അല്പം മുൻപ് ജനിച്ചിരുന്നെങ്കിൽ കടലാസിൽ എഴുതിയതും അച്ചടിച്ചതും ഒട്ടും നന്നല്ല, താളിയോളയിൽ എഴുതുന്നതാണ് സാഹിത്യം എന്ന് പറയുമായിരുന്നു.
  പിന്നെ കമ്പ്യൂട്ടറിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് അത് ഉപയോഗിക്കാനുള്ള സാങ്കേതികജ്ഞാനം ഇല്ലാത്തവരും അത് അറിയില്ല എന്ന് മറ്റുള്ളവരോട് പറയാൻ നാണക്കേട് ഉള്ളവരുമാണ്. കൂടാതെ‘എനിക്ക് കമ്പ്യൂട്ടർ അറിയില്ല, ഞാനത് ഉപയോഗിച്ചിട്ടേയില്ല’ എന്ന് പറയുന്നത് ക്രഡിറ്റായി കൊണ്ടുനടക്കുന്ന ചിലരും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.
  ഒരു സംഗതി നല്ലതല്ല എന്ന് പറയുന്നത്, അതിനെപറ്റി വിശദമായി പഠിച്ച് അറിഞ്ഞതിന് ശേഷമായിരിക്കണം. ‘എഴുതിയ ചവറെല്ലാം അച്ചടിച്ചുവരുമെന്ന് അഹങ്കരിക്കുന്നവർ‘ അവർക്ക് അറിവില്ലാത്ത കാര്യത്തെക്കുറിച്ച് കുറ്റം പറയരുത്. ചുരുങ്ങിയപക്ഷം മൌസും കീബോർഡും ഉപയോഗിക്കാനെങ്കിലും പഠിക്കണം.

  ReplyDelete
 9. ഇന്ദു മേനോന്റെ ആ ലേഖനം വളരെ മോശമായിപ്പോയി. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനേക്കാളും കഴമ്പും കാതലുമുള്ള സൃഷ്ടികളും ബ്ലോഗില്‍ എഴുതപ്പെടുന്നുണ്ട്. കൂട്ടത്തില്‍ ചവറുകളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അത്കൊണ്ടെന്താ, ചിലപ്പോള്‍ ചവറ് എഴുതുന്ന ശരാശരി ബ്ലോഗര്‍ക്കും എഴുതിത്തെളിയാനുള്ള അവസരവും ബ്ലോഗ് എന്ന മാധ്യമം നല്‍കുന്നുണ്ട്. ഇന്ദുമേനോന്റെ ആ ലേഖനം ഈ ടെക്നോളജിയെ കുറിച്ചുള്ള അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്നതിനാല്‍ അവജ്ഞയോടെ തള്ളിക്കളയുന്നതോടൊപ്പം ശക്തമായ പ്രതിഷേധം അവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.

  ReplyDelete
 10. ഈ ചര്‍ച്ചയും ലേഖനവും പലരുടെയും കണ്ണ് തുറപ്പിക്കട്ടെ

  ReplyDelete
 11. മലയാളം അച്ചടിയില്‍ മാത്രമേ ആകാവൂ എന്നൊന്നും ഇല്ല. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ എന്തിനും വേണം. മനുഷ്യരാശിയുടെ പരിണാമത്തിലെ നാഴികക്കല്ലുകലാണ് ഇന്റര്‍നെറ്റും ബ്ലോഗുമെല്ലാം. ഇപ്പറയുന്ന എഴുത്തുകാരിയെക്കാളും പ്രശസ്തരും ഭാവന ഉള്ളവരുമായ അനേകം ബ്ലോഗറന്മാര്‍ ഇന്ന് നമ്മുടെ ഇടയില്‍ ഉള്ളതിനാല്‍ എല്ലാ ബ്ലോഗറന്മാരും അഭിമാനിക്കണം. എഴുത്തിലും വായനയിലും ജനാധിപത്യം വരുന്നു എന്നതിന്റെ തെളിവാണ് ബ്ലോഗുകള്‍. നമ്മുടെ വായനയെ നാം തിരഞ്ഞെടുക്കുന്നു ഇന്ന്. പണ്ട് നമ്മുടെ വായനയെ മറ്റാരൊക്കെയോ ആണ് നിയന്ത്രിച്ചു കൊണ്ടിരുന്നത്. സാഹിത്യം ഇനി ബ്ലോഗുകളിലൂടെ മാത്രമേ വളരുകയുള്ളുവെന്നു താമസിയാതെ ഇവരും മനസ്സിലാക്കിക്കൊള്ളും.

  ReplyDelete
 12. ദേശാഭിമാനിയിലെ ആ ലേഖനം പോലും കംപ്യൂട്ടറില്‍ ഡിടിപി എടുത്തല്ലേ പ്രിന്റ് ചെയ്തിട്ടുണ്ടാവുക.. എല്ലവരും പറഞ്നപോലെ എവിടെയെഴുറ്റുന്നു എന്നതല്ല എഴുത്താണ്‍ പ്രധാനം .. തൂലിക എന്നത് രചനക്കുള്ള മാധ്യമം മാത്രമാണ്`,

  ReplyDelete
 13. ഇന്ദു മേനോന്റെ കഥകള്‍ ഒന്നും വായിച്ചിട്ടില്ല. "പറുദീസാ നഷ്ടം" എന്ന സുഭാഷ് ചന്ദ്രന്റെ ഒരു മികച്ച കഥ സിനിമയാക്കി സാമാന്യം മുഷിപ്പിച്ച ആള്‍ എന്ന നിലയില്‍ അഭിപ്രായം ലേശം താഴെ തന്നെയാണ്.

  എഴുതാന്‍ അറിയാത്തതിന് പേനയെ കുറ്റം പറയുന്നത് പോലെയേ ഈ അഭിപ്രായത്തെ കാണാന്‍ കഴിയൂ. അവനവന്‍ പ്രസാധനത്തിലൂടെ കൈവരിച്ച ഒരു സ്വാതന്ത്ര്യത്തെ അസൂയയോടെ കാണുന്ന ഒരു വരേണ്യതയുടെ കണ്ണ് വ്യക്തമായി ഞങ്ങള്‍ കാണുന്നു.

  ഏതായാലും ഈ പേജ് ഞാന്‍ സൂക്ഷിച്ച് വെയ്ക്കുന്നുണ്ട്. ഒരു പത്ത് കൊല്ലം കഴിയുമ്പോള്‍ എന്റെ ബ്ലോഗില്‍ ഒരു ചിരി മരുന്നായി പബ്ലിഷ് ചെയ്യാന്‍.
  ഇങ്ങനെ കോമാളി വേഷം കെട്ടേണ്ടിയിരുന്നില്ല നാലാള്‍ അറിയാന്‍.
  അതോ ഇത് വല്ല സന്തോഷ്‌ പണ്ഡിറ്റ്‌ എഫെക്റ്റ് ആണോ ആവോ?

  ReplyDelete
 14. ഉത്തമ നീ മിണ്ടരുത് നിനക്ക ഇതേ പറ്റി ഒന്നും അറിയില്ല നീ സ്റ്റഡീ ക്ലാസിൽ വരാറില്ല

  ReplyDelete
 15. ഇത് അറിവില്ലായ്മയല്ല. കൊതിക്കെറുവാ!

  ബ്ലോഗെഴുതാൻ സർഗവാസന മാത്രം പോരാ, അല്പം സാങ്കേതിക വിജ്ഞാനവും കൂടി വേണം. ഈ കൊച്ചിന് അതില്ല.

  കമ്പ്യൂട്ടറിൽ നോക്കി വായിക്കാൻ കണ്ണു പിടിക്കത്തുമില്ല!

  അതിന്റെ സൂക്കേടാ!

  എന്തായാലും ഷാരോൺ പറഞ്ഞതുപോലെ, ഈ ലേഖനം കോപ്പി ചെയ്ത് സൂക്ഷിച്ചു വയ്ക്കുന്നതു നല്ലതാ!

  ReplyDelete
 16. ദേശാഭിമാനിയില്‍ കമന്റുകള്‍ മുക്കുന്നു....... പ്രതികരിച്ചവയില്‍ പകുതി മാത്രമേ പബ്ലിഷ് ചെയ്യുന്നുള്ളൂ....

  ReplyDelete
 17. അല്ല മനസ്സിലാകാത്ത മറ്റൊരു കാര്യമുണ്ട്. നേരത്തെ മുകളില്‍ നിരക്ഷരന്‍ സൂചിപ്പിച്ച എന്‍.എസ്. മാധവന്‍, സന്തോഷ് എച്ചിക്കാനം, ഇന്ദുമേനോന്‍ (സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് എന്തെന്ന് അറിയില്ല. ഒ.എന്‍.വി പറഞ്ഞ കാര്യം ഈ ലേഖനത്തില്‍ നിന്നുമാണ് അറിയാന്‍ കഴിഞ്ഞത്) ഇവരെയൊക്കെ ഇത്രമേല്‍ അസ്വസ്ഥരാക്കുന്നതെന്തെന്ന് മനസ്സിലാവുന്നില്ല. അതുമല്ലെങ്കില്‍ ബ്ലോഗ് ഒരു മണ്ണാങ്കട്ടയും അല്ലെങ്കില്‍ ഈ പറയുന്ന അഭിമുഖക്കാരെല്ലാം ഇവരോട് ബ്ലോഗിനെ പറ്റി ഒരു ചോദ്യം നിര്‍ബന്ധമായും ചോദിക്കുന്നതിന്റെ പിന്നിലെ രസതന്ത്രവും മനസ്സിലാവുന്നില്ല.

  തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ വെച്ച് പഴയ ഒരു കമ്പ്യൂട്ടര്‍ വിരോധി ബ്ലോഗിലെ കൂട്ടായ്മ വല്ലാതെ അത്ഭുതപ്പെടുത്തുന്നു എന്ന് പറഞ്ഞ് ബ്ലോഗെഴുത്തിലേക്ക് കടന്നു വന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.പ്രഭാകരന്‍, ബെന്യാമിന്‍, പി.വി.ഷാജികുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, അഷ്ടമൂര്‍ത്തി, എസ്.ജോസഫ്, സച്ചിദാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍ , മധുപാല്‍, പ്രിയനന്ദനന്‍ ഇവരൊക്കെ ബ്ലോഗ് മാധ്യമത്തില്‍ എഴുതുന്നു. ലെസ്ബിയന്‍ പശുവിലൂടെയും , ചെറ്റയിലൂടെയും , ചുംബനശബ്ദതാരാവലിയിലൂടെയും എല്ലാം വല്ലാതെ ഭ്രമിപ്പിച്ച പ്രിയ എഴുത്തുകാരി ... മേല്‍‌സൂചിപ്പിച്ച ഈ എഴുത്തുകാരൊക്കെ ടോയ്‌ലറ്റ് സാഹിത്യത്തിന്റെ വ്യക്താക്കളാണോ? ഈ ടോയ്‌ലറ്റില്‍ നിന്നാണോ കഷ്ടപ്പെട്ട് ഭാരതത്തിന്റെ നോബല്‍ നോമിനി സച്ചിദാനന്ദന്‍ ഡി.സി.ബുക്സിനു വേണ്ടി നാലാമിടം പടച്ചുണ്ടാക്കിയത്. അതോ ആ ടോയ്‌ലറ്റ് സാഹിത്യങ്ങള്‍ പ്രിന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ചന്ദനം മണക്കുന്നവയായെന്നാണോ.. അങ്ങിനെയെങ്കില്‍ പ്രിന്റ് മീഡിയയുടെ വ്യക്താക്കളായി നിങ്ങളെയെല്ലാം നിയമിക്കേണ്ട നാളുകള്‍ അതിക്രമിച്ചു എന്നേ പറയാനുള്ളൂ...

  ReplyDelete
 18. കടലാസ്സിൽ എഴുതിയാലും കമ്പ്യൂട്ടർ വഴി ആയാലും രണ്ടിലും വിരലുകൾ തന്നെയാണ് വേണ്ടത്. അതിലൊന്നെങ്ങനെ വികല സാഹിത്യമാകും..?

  ഇത് മറ്റെന്തൊക്കെയോ മനസ്സിൽ വച്ചു കൊണ്ടുള്ള ആവിഷ്ക്കാരമാണ്. നിരക്ഷരൻ പറഞ്ഞതു പോലെ അതിനെക്കുറിച്ച് ‘ഒരു റിസർച്ച്’ ആവശ്യമാണെന്നു തോന്നുന്നു..

  ReplyDelete
 19. ഒരാളിന്‍റെ ചിന്തകളും ഭാവനയും അനുഭവും നിരീക്ഷണവും ഒക്കെയാണല്ലോ എഴുത്തായി മാറുന്നത്. അത് കടലാസ്സില്‍ എഴുതുമ്പോള്‍ കേമവും കമ്പ്യുട്ടെറില്‍ എഴുതുമ്പോള്‍ ടോയ്ലെറ്റ് സാഹിത്യവും ആകുന്നതെങ്ങനെ ?ദസ്തയേവ്‌സ്കിയുടെ രചനകള്‍ ടൈപ്പ് റൈറ്ററില്‍ ആയിരുന്നു.മലയാള സാഹിത്യത്തിലെ പ്രഗല്ഭനും പ്രതിഭാധനനും ആയ എഴുത്തുകാരന്‍ ശ്രീ.സി.രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ എഴുത്തിനായി കമ്പ്യുട്ടര്‍ പരമാവധി ഉപയോഗപ്പെടുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ പലരും. ആധുനിക ലോകത്തിന്റെ മിക്ക സൌകര്യങ്ങളും സ്വന്തം ജീവിതത്തില്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ട് തനിക്ക് അറിയാന്‍ വയ്യാത്തതോ അറിയാന്‍ താല്പര്യമില്ലത്തതോ ആയവ പുച്ഛത്തോടെ കാണുന്നതും പ്രതികരിക്കുന്നതും ഒരുതരം മനോവൈകൃതം എന്നല്ലാതെ മറ്റെന്തു പറയാന്‍

  ReplyDelete
 20. >> സുഭാഷ് ചന്ദ്രന്‍ , ബെന്യാമിന്‍ , സുസ്മേഷ് ചന്ദ്രോത്ത് എന്നീ പുത്തന്‍ തലമുറയിലെ എഴുത്തുകാരുടെ നോവലുകള്‍ വരുന്നുണ്ടെങ്കിലും വായനക്കാരിയെന്ന നിലയില്‍ സമഗ്രമായ രീതിയില്‍ സംതൃപ്തി നല്‍കുന്നില്ല അവയൊന്നും.<< അവര്‍ ഈ പറയുന്നത് കേട്ടിട്ട് അതിശയം തോന്നുന്നു, സ്വന്തം സൃഷ്ടികളെക്കാള്‍ ശ്രേഷ്ഠമായതൊന്നും ഇല്ലെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നു തോന്നുന്നു !!!

  ReplyDelete
 21. കമ്പ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടും ബ്ലോഗിനോടും ഫേസ് ബുക്കിനോടുമൊക്കെ ചങ്ങാത്തം കൂടിയിരിക്കുന്ന പുതിയ തലമുറ മേല്‍പ്പടി എഴുത്തുകാരി കടലാസ്സില്‍ പേനയുന്തി രചിച്ച സുവിശേഷങ്ങള്‍ വായിക്കുന്നില്ല എന്നവര്‍ക്ക് തോന്നിയിട്ടുണ്ടാകും. ആയതിന്റെ പരിഭാവമാകാം അവരുടെ വാക്കുകള്‍.

  ReplyDelete
 22. ഓൺ -ലൈനിൽ ..ദേശാഭിമാനിയുടെ അഭിമാനം ഇതോടെ പോയെങ്കിലും ഇത്രയധികം ഹിറ്റുകൾ അവർക്ക് കൈവന്നല്ലോ, അതും ഈ ലേഖനം കൊണ്ട്.!

  നമ്മുടെ ഇന്ദുമേനോത്തിയേയും നാലാളറിഞ്ഞു..!

  ReplyDelete
 23. ദേശാഭിമാനി എല്ലാ കമന്റുകളും മുക്കി..

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts