സജി മാര്ക്കോസ്
ഭാഗം-1 ഇവിടെ വായിക്കാം
അമേരിക്കൻ രഹസ്യാന്വേഷണ സങ്കേതത്തിൽ സി.ഐ.ഏ മേധാവി ലിയൺ പിനഡെ അടിയന്ത യോഗം വിളിച്ചു ചേർത്തു.
അബട്ടാബാദിലെ കെട്ടിടത്തിന്റെ മതികെട്ടിനുള്ളിൽ അപൂർവ്വമായി നടക്കാനിറങ്ങാറുള്ള ആൾ ബിൻലാദൻ തന്നെയാണോ? ആർക്കും ഉറപ്പു പറയാൻ കഴിയുന്നില്ല. എന്നാൽ ഒരു കാര്യത്തിൽ എല്ലാവരും യോജിച്ചു - ബിൻലാദൻ എന്ത് കൃത്രിമം നടത്തി രൂപം മാറിയാലും മാറ്റുവാൻ പറ്റാത്ത ഒന്നുണ്ട്- അദ്ദേഹത്തിന്റെ അസാമാന്യമായ ഉയരം. ആറ് അടി നാലിഞ്ച് ഉയരമുള്ള ലാദനെ തിരിച്ചറിയുവാനുള്ള എളുപ്പവഴി ഇതു തന്നെ എന്ന് അഭിപ്രായം ഉയർന്നു.
തുടർന്നുള്ള ദിവസങ്ങൾ മൂന്നാം നിലയിലെ ആ രഹസ്യ താമസക്കാരനെ കേന്ദ്രീകരിച്ചു കൂടുതൻ നിരീക്ഷണം നടത്തുവാൻ തീരുമാനിച്ചു യോഗം പിരിഞ്ഞു. അയാൾക്ക് പെയ്സർ എന്ന് ഒരു രഹസ്യ നാമവും നൽകി.
ഇതിനോടകം ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരുന്ന ശക്തിയേറിയ ക്യാമറ വഴി പെയ്സറുടെ നൂറുകണക്കിന് ചിത്രങ്ങൾ വാഷിംഗ്ടണിൽ എത്തിക്കഴിഞ്ഞിരുന്നു. സൂര്യന്റെ സ്ഥാനവും ചിത്രങ്ങളിലെ നിഴലിന്റെ നീളവും വച്ച് പെയ്സറുടെ ഉയരം ശാസ്ത്രീയമായി കണകൂട്ടി. ആ അജ്ഞാതനായ വ്യക്തിക്ക് ഏതാണ്ട് ആറടി നാലിഞ്ച് ഉയരം വരും. രഹസ്യ നിരീക്ഷകരുടെ സംശയങ്ങൾ ബലപ്പെട്ടു വരികയാണ്. ശരീര ചലനങ്ങൾ മനസ്സിലാക്കി തിരിച്ചറിയൽ നടത്തുന്ന വിദഗ്ദ്ധരുടെ സഹായത്താൽ കൂടുതൽ പഠനങ്ങൾ നടത്തി. അൽകയ്ദ വീഡിയോകളിൽ നിന്നും ബിൻലാദന്റെ ചലനങ്ങളും ഉപഗ്രഹത്തിലെ മൂവി ക്യാമറയിൽ നിന്നും ലഭിച്ച പെയ്സറുടെ ചലനങ്ങളും വിദഗ്ദ്ധർ ഒത്തു നോക്കി. സാധാരണ അൽകയ്ദ വീഡിയോകളിൽ കാണുന്ന ബിൻലാദനേക്കാൾ പെയ്സർ ശാന്തനും അല്പം തടിച്ച ആളും ആണെന്ന് അവർ മനസിലാക്കി. എന്നാൽ അത് സ്വസ്ഥജീവിതം നയിക്കുന്നതിനാൽ ആയിരിക്കാമെന്നും, അതേസമയം ശരീര ചലങ്ങളിൽ നിന്നും പെയ്സർ ബിൻലാദൻ തന്നെ ആയിരിക്കാം എന്നുമുള്ള നിഗമനത്തിൽ വിദഗ്ദ്ധർ എത്തിച്ചേർന്നു.
അടുത്ത ദിവസം തന്നെ പിനാഡേ പ്രസിഡന്റ് ഒബാമയെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.

എന്നാൽ, ലഭ്യമായ വിവരങ്ങളും വിദഗ്ദ്ധർ എത്തിച്ചേർന്ന നിഗമനവും വെച്ച് ഒരു നടപടി എടുക്കുന്നത് ബുദ്ധിമോശമാണ് എന്നായിരുന്നു ഒബാമയുടെ പ്രതികരണം. എങ്കിലും അതു ബിൻലാദൻ തന്നെ ആകാമെന്ന സാദ്ധ്യത നിലനിൽക്കുന്നതുകൊണ്ട് നിരീക്ഷണത്തിലിരിക്കുന്ന കെട്ടിടത്തിലേയ്ക്ക് നടത്താവുന്ന രഹസ്യസൈനിക നീക്കത്തിന്റെ ഒന്നിലധികം മാതൃകകളടങ്ങിയ വിശദമായ രൂപരേഖ തയ്യാറാക്കുവാൻ പിനാഡേയ്ക്കു പ്രസിഡന്റ് നിർദ്ദേശം നൽകി.
പിനാഡേ ഉടൻ തന്നെ ജോയിന്റ് സ്പെഷ്യൽ ഫോഴ്സസ് ഓപ്പറേഷൻസ് കമാൻഡ്.
(JSOC) ആയി ബന്ധപ്പെട്ടു. ജസ്കോ കാമാൻഡർ
വില്ല്യം മക്റാവെനും

പിനാഡെയുമായുള്ള കൂടിക്കാഴ്ച്ച അതീവ രഹസ്യമായിരുന്നു. ആക്രമണം നടത്തുവാനുള്ള കെട്ടിടത്തിന്റെ പ്ലാൻ മക്റാവെന് കൈമാറി എങ്കിലും കെട്ടിടത്തിനുള്ളിൽ താമസിക്കുന്നത് ആരായിരിക്കാമെന്നോ, കെട്ടിടം എവിടെയാണെന്നോ ഉള്ള വിവരങ്ങൾ ഒന്നും പിനാഡെ ആ സമയത്തു പുറത്തു വിട്ടില്ല. ഇത്തരം അനവധി ആക്രമണങ്ങൾ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തി പരിചയവും പഴക്കവും ഉള്ള അതിസമർത്ഥനായ ഒരു പട്ടാള മേധാവി ആയിരുന്നു വില്ല്യം മക്റാവൻ.
മക്റാവന് ആക്രമണ ദൌത്യം ഏൽപ്പിച്ചിട്ടു ഒരാഴ്ച്ച കഴിഞ്ഞു.
14 മാർച്ച 2011.
പിനാഡേയും മക്റാവനും ചേർന്നു ആക്രമണം നടത്താനുള്ള മൂന്നു പദ്ധതികൾ പ്രസിഡന്റ് ഒബാമയ്ക്കു സമർപ്പിച്ചു.
ഒന്നാമത്തെ പദ്ധതി - പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ചു സംയുക്ത ആക്രമണം നടത്തി, കെട്ടിടം കീഴടക്കുകയും താമസക്കാരെ ജീവനോടെയോ അല്ലാതെ പിടി കൂടി അമേരിക്കയിൽ എത്തിക്കുകയും ചെയ്യുക. എന്നാൽ ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപുതന്നെ ഒബാമ ഇത് തള്ളിക്കളഞ്ഞു. പാക്കിസ്ഥാൻ ചാര സംഘടന വിശ്വാസയോഗ്യമല്ല എന്നതായിരുന്നു കാരണം. പാക്കിസ്ഥാനെ അമേരിക്കക്കാർ വിളിക്കുന്ന ഓമനപ്പര് ഫ്രനിമി എന്നാണ്- ഫ്രണ്ട്ലി എനിമി.
രണ്ട് - സമുദ്രത്തിൽ തമ്പടിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളിൽ നിന്നും മിസൈൽ വർഷം നടത്തി കെട്ടിടവും മതിൽക്കെട്ടും പൂർണ്ണമായി തകർക്കുക.

പക്ഷേ, കെട്ടിടവും മതിലും, മണ്ണിനടിയിൽ രഹസ്യ തുരങ്കങ്ങൾ ഉണ്ടെങ്കിൽ അതും പൂർണ്ണമായി തകർക്കണമെങ്കിൽ 2000 പൗണ്ട് ഭാരമുള്ള മുപ്പതോളം ബോംബുകൾ വർഷിക്കേണ്ടി വരും. സമീപവാസികളും ഈ ആക്രമണത്തിൽ മരിക്കാൻ സാദ്ധ്യത ഉണ്ടെന്ന് മാത്രമല്ല, ആരൊക്കെയാണ് മരിച്ചത് എന്ന് തീർച്ചപ്പെടുത്താനും കഴിയാതെ വരും. അതുകൊണ്ട് പ്രസിഡന്റ് ഈ പദ്ധതിയും നിരാകരിച്ചു.
മൂന്ന് - പാക്കിസ്ഥാന്റെ അറിവോ സമ്മതോ ഇല്ലാതെ അതീവ രഹസ്യമായി അമേരിക്കൻ കമാൻഡോകളെ അയച്ച് കെട്ടിടം കീഴടക്കുക. കെട്ടിടത്തിൽ കടന്നുകയറി താമസക്കാരെ ജിവനോടെയോ അല്ലാതെയോ കീഴടക്കി നിശ്ചിത സമയത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലെത്തിക്കണം. ഓപ്പറേഷനിൽ ഏർപ്പെടുന്ന പട്ടാളക്കാർക്ക് എന്തും സംഭവിക്കാം - പൂർണ്ണ ഉത്തരവാദിത്വം പ്രസിഡന്റിന് ആയിരിക്കും. മക്റാവന്റെ പദ്ധതികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരും ഒബാമയും 1980 ലെ
ഓപ്പറേഷൻ ഈഗിൾ ക്ലവ്ന്റെ ദയനീയ പരാജയം ഓർമ്മിച്ചു. ടെഹ്റാനികൾ ബന്തികളായിരുന്ന അമേരിക്കക്കാരെ രക്ഷപ്പെടുത്തുവാൻ കമാൻഡോ ഓപ്പറേഷന് അനുമതി നൽകിയത് പ്രസിഡന്റ് ജിമ്മി കാർട്ടർ ആയിരുന്നു. മിഷൻ ദയനീയമായി പരാജപ്പെട്ടു എന്നു മാത്രമല്ല, 1980 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കാർട്ടറിന്റെ പരാജയത്തിനും അതു മുഖ്യ കാരണമായിത്തീർന്നു. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തിൽ അവരുടെ അനുമതിയില്ലാതെ കടന്നു കയറി, ആക്രമണം നടത്തുവാൻ അനുവാദം നൽകുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ഒബാമയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
എന്തായാലും മൂന്നാമത്തെ പദ്ധതിയ്ക്ക് പ്രസിഡന്റ് അർദ്ധസമ്മതം മൂളി. ഏറ്റവും അപകടകരവും അതേസമയം തന്ത്രപ്രധാനവുമായ ഒരു തീരുമാനം ആയിരുന്നു അത്. തന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല ശിഷ്ടകാല ജിവിതത്തെ തന്നെ ബാധിക്കാവുന്ന ഒരു നിർണ്ണായക തീരുമാനമായിരുന്നു ഒബാമ അന്ന് എടുത്തത്. പദ്ധതിയ്ക്ക് വേണ്ട കമാൻഡോകളെ തിരഞ്ഞെടുക്കുവാനും പരിശീലനം നൽകുവാനും മക്റാവനും നിർദ്ദേശം നൽകി.

മക്റാവെൻ പദ്ധതിയുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പഠിക്കുവാനും രൂപപ്പെടുത്തുവാനും ആരംഭിച്ചു. കെട്ടിടത്തിന്റെ മതിലിന്റെ അകത്തു ഹെലിക്കോപ്റ്ററിൽ ചെന്നിറങ്ങി ആക്രമണം നടത്തുവാൻ തീർമാനിച്ചു. അപകടമേഖകളിൽ യുദ്ധം ചെയ്യുന്ന 23 അമേരിക്കൻ സീലുകളെ സംഘത്തിൽ ഉൾപ്പെടുത്തി പരിശീലനവും ആരംഭിച്ചു. അമേരിക്കൻ രഹസ്യപ്പോലീസിന്റെ ഏറ്റവും സങ്കീർണ്ണവും അപകടരവുമായ ആക്രമണങ്ങൾ നടത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച അസാമാന്യ ധൈര്യശാലികൾ മാത്രം ഉൾപ്പെട്ട വിഭാഗമാണ് നേവി സീലുകൾ.

അബട്ടാബാദിലെ കെട്ടിടത്തിന്റെ മിനിയേച്ചറും അതേ ഉയർത്തിലുള്ള മതിലുൾപ്പടെ ഒരു ഡമ്മി കെട്ടിടവും വാഷിംഗ്ടണിലെ സി ഐ ഏ വളപ്പിനുള്ളിൽ നിർമ്മിച്ചു. അബട്ടാബാദിലെ കെട്ടിടത്തിന്റെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന നിരീക്ഷകർ ഇതിനോടകം കെട്ടിടത്തിന്റെ മുറികളേക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാക്കി അയച്ചുകൊടുത്തിരുന്നു. അതനുസരിച്ച് കെട്ടിടത്തിന്റെ എല്ലാ വാതിലുകളും ഇടവഴികളും ശത്രു ഒളിഞ്ഞിരിക്കാൻ സാധ്യതള്ള മുക്കും മൂലയും സീലുകൾക്ക് മനഃപ്പാഠമാക്കി. കൂരിരുട്ടിലും പകൽ വെളിച്ചത്തിലും അവർ പരിശീലനം തുടർന്നു. പൂർണ്ണമായി ഇരുട്ടത്തും കെട്ടിടത്തിന്റെ അകവും പുറവും പരിശോധിച്ച് സുരക്ഷിതമായി ആക്രമണം നടത്തുവാൻ സീലുകൾ കഴിവുനേടി.
എങ്കിലും ഈ കെട്ടിടം എവിടെയാണെന്നോ, തങ്ങൾ ലക്ഷ്യം വെക്കുന്ന ശത്രു ആരാണെന്നോ സീലുകൾക്കും അജ്ഞാതമായിരുന്നു.
ആക്രമണത്തിന് സഹായിക്കുവാൻ ജർമ്മൻഷെപ്പേർഡ് ഇനത്തിൽപെട്ട ആർമിയുടെ അഭിമാനമായ കൈറോ എന്ന യുദ്ധപരിശീലനം ലഭിച്ച നായയേയും അയക്കുവാൻ തീരുമാനമായി.

പാരച്യൂട്ടിൽ പറന്നിറങ്ങുവാനും സ്ഫോടക വസ്തുക്കളെ തിരിച്ചറിയുന്നതിനും കഴിയുന്ന അതിസമർത്ഥനായ നായ ആയിരുന്നു കൈറോ. കൈറോയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഇൻഫ്രാ റെഡ് ക്യാമറകൾ വഴി നായയെ നിയന്ത്രിക്കുന്നവർക്ക് കൈറോ ഇരുട്ടിൽ കാണുന്ന കാഴ്ചകൾ കാണുവാനും, ശരീരത്തിൽ വച്ചിരിക്കുന്ന സ്പീക്കറുകൾ വഴി നായയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാനും കഴിയും.
ഇതേസമയം ഇതൊന്നും അറിയാതെ മറ്റൊരു ഭൂഖണ്ഡത്തിൽ സുരക്ഷിത ജീവിതം നയിച്ചുകൊണ്ട് കുവൈറ്റിയും ബിൻ ലാദനും പുതിയ ആക്രമണത്തിനുള്ള പദ്ധതികൾ മെനയുകയായിരുന്നു.
സീലുകൾ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. അതോടൊപ്പം മക്റാവൻ പദ്ധതിയുടെ പൂർണ്ണരൂപവും തയ്യറാക്കിയിരുന്നു. അമേരിക്കൻ ഗവണ്മെന്റിന്റെ വിരലിൽ എണ്ണാവുന്ന പ്രതിനിധികളും ഉദ്യോഗസ്ഥരേയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു രഹസ്യ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. പങ്കെടുക്കുന്നവരുടെ ഡപ്പ്യൂട്ടികളെയോ, സെക്രട്ടറിമാരേയോ യോഗത്തിൽ കൊണ്ടുവരുന്നതിൽ നിന്നും വിലക്കിയിരുന്നു. എല്ലാ രഹസ്യ യോഗങ്ങളും വീഡിയോയിൽ പകർത്തുന്ന പതിവുണ്ടെങ്കിലും പ്രസ്തുതയോഗത്തിന് മുൻപ് ക്യാമറകൾ ഓഫ് ചെയ്യുവാൻ പ്രസിഡന്റ് നിർദ്ദേശിച്ചു. അതീവ രഹസ്യമായി സമ്മേളിച്ച ആ ഉന്നത തലയോഗത്തിൽ മക്റാവന്റെ തന്റെ പദ്ധതി വിശദീകരിച്ചു.
രണ്ടു ഹെലിക്കോപറ്ററുകളിയായി 23 സീലുകൾ ആയിരിക്കും ആക്രമണം നടത്തുന്നത്. ആദ്യത്തെ ഹെലിക്കോപ്റ്റർ 12 പേർ പോവുകയും ആറു സീലുകൾ കയറിലൂടെ കുട്ടിടത്തിന്റെ മുകളിൽ ഇറങ്ങുന്നു. ബാക്കി ആറുപേർ നിലത്തിറങ്ങി അടിനിലയിൽ നിന്നും മുകളിലേയ്ക്കു കയറുന്നു. രണ്ടാം ഘട്ടമായി 11 സീലുകൾ രണ്ടാമത്തെ ഹെലിക്കോപ്റ്ററിൽ എത്തി താഴെ നിന്നും ഓരോ നിലയും കീഴടക്കി വിശദമായി പരിശോധിച്ച് മുകളിലേയ്ക്ക് കയറുന്നു. ആകെ ആക്രമണത്തിനു അനുവദിച്ചിട്ടുള്ളത് 30 മിനിറ്റു മാത്രം. അതിനുള്ളിൽ ദൗത്യം പൂർത്തീകരിക്കണം. ഉടൻതന്നെ ജീവനോടെ പിടികൂടിയവരേയും അല്ലാത്തരേയും രണ്ടു ഹെലിക്കോപ്റ്ററിൽ കയറ്റി ഏറ്റവും അടുത്ത അഫ്ഗാനിലെ ജലാലബാദ് അമേരിക്കൻ സൈനിക താവളത്തിൽ എത്തിക്കണം. അബട്ടാബാദ് കെട്ടിടത്തിൽ നിന്നും വെറും രണ്ടു കിലോമീറ്റർ ദൂരെയുള്ള പാക്കിസ്ഥാൻ സൈനിക കോളേജിൽ വിവരം അറിഞ്ഞു അന്വേഷണം ആരംഭിക്കുമ്പോഴേയ്ക്കും ആക്രമണ സംഘം പാക്കിസ്ഥാൻ അതിർത്തി വിട്ടിരിക്കണം. അയൽപക്കത്തുള്ള താമസക്കാർ ശബ്ദം കേട്ടാലും ഒന്നും തിരിച്ചറിയാതിരിക്കുവാൻ നല്ല ഇരുട്ടുള്ള രാത്രിയിൽ ആയിരിക്കും ആക്രമണം നടത്തുന്നത്.
"ഏതെങ്കിലും കാരണത്താൽ ഉദ്യമം പരാജയപ്പെട്ടാൽ ഒരൊറ്റ സീൽ പോലും അപകടത്തിൽപ്പെടുവാനോ ഉപേക്ഷിക്കപ്പെടുവാനോ പാടില്ല. അതിന് എന്ത് ബാക്ക്-അപ്പ് പ്ലാൻ ആണ് പദ്ധതിയിൽ ഉള്ളത്?" പ്രസിഡന്റ് ഒബാമ തന്റെ ഉൽഖണ്ഠ അറിയിച്ചു. അതിനുള്ള മറുപടിയും മക്റാവെനെന്ന സമർത്ഥനായ സൈനിക ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്നു. സഹായത്തിനും ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടം ഉണ്ടാവുകയും ചെയ്താൽ സഹായത്തിനുമായി രണ്ടു കൂറ്റൻ
ഷിനൂക് ഹെലിക്കോപ്റ്റർ കൂടി സമീപത്ത് എത്തിയിട്ടുണ്ടാവും. അതിൽ 56 സീലുകളും കരുതൽ ഇന്ധനവും ഉണ്ടാവും. അവർ അബട്ടാബാദിനും അഫ്ഗാൻ സൈനിക താവളത്തിന്റേയും ഇടയിൽ പാക്കിസ്ഥാന്റെ മണ്ണിൽ നിർദ്ദേശങ്ങൾക്കായി കാത്തു കിടക്കുന്നുണ്ടാവും.
സീലുകൾ ചെന്നിറങ്ങുന്നത് വേണ്ടി നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപറുകൾ വേണമെന്നും മക്റാവെൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കുവാൻ സ്റ്റീലിൽ പൊതിഞ്ഞ പ്രത്യേക തരം പുറംചട്ട ഉപകരിക്കുമെന്ന് മാത്രമല്ല, വളരെ താഴ്ന്ന് പറക്കുവാൻ കഴിയുന്ന നാവിഗേഷൻ സംവിധാനവും പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന അധിക ബ്ലേയ്ഡുകൾ വഴി സാധാരണ ഹെലിക്കോപ്റ്ററുകളെ അപേക്ഷിച്ചു ശബ്ദം കുറവുമാണ് ഈ മുന്തിയ ഹെലിക്കോപ്റ്ററുകൾക്ക്.
അമേരിക്കൻ ആർമിയുടെ ഇത്തരം നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപ്റ്ററുകളേക്കുറിച്ച് പുറംലോകത്തിന് അജ്ഞാതമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ അതിവേഗ ഹെലിക്കോപറുകൾ പറത്തുവാൻ ആർമിയുടെ സ്പെഷ്യൽ ഓപ്പറേഷൻ ഏവിയേഷൻ റെജിമെന്റിന്റെ ഭാഗമായ നൈറ്റ് സ്റ്റേക്കേഴ്സിന്റെ സേവനവും മക്റാവെൻ ആവശ്യപ്പെട്ടു.
ജസ്കോയുടെ മുൻപിൽ മറ്റൊരു വെല്ലുവിളി കൂടി ഉണ്ടായിരുന്നു.അമേരിക്കയും പാക്കിസ്ഥാനുമായി വർഷങ്ങൾ നീണ്ടു നിന്ന സൈനിക സഹകരണം നിമിത്തം തന്ത്രപ്രധാനമായ ഒട്ടനവധി വിവരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. പാക്-അഫ്ഗാൻ മേഘലയിലെ നേവൽ-ആർമി ബേയ്സുകൾ, അവിടെ വന്നിറങ്ങുന്ന വിമാനങ്ങൾ, ഹെലിക്കോപ്ടറുകൾ, തുടങ്ങിയ മിക്ക വിവരങ്ങളും ഇരു രാജ്യത്തെ സൈനിക ഉദ്യോഗസ്ഥർക്കും ലഭ്യമാകുന്ന വിവരങ്ങൾ ആയിരുന്നു. ഒട്ടനവധി സുരക്ഷ വെബ് സൈറ്റുകളും ഇരു രാജ്യങ്ങൾക്കും ഇടയിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് പാക് സൈനിക മേലധികളറിയാതെ നടത്തുന്ന കമാൻഡോ ഓപ്പറേഷൻ പാളിപ്പൊകാതിരിക്കുവാനും രഹസ്യമായിരിക്കുവാനും വളരെയേറെ മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു.
26 ഏപ്രിൽ 2011
അമേരിക്കൻ സീലുകൾ പ്രത്യേക വിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ ജലാലബാദിൽ വന്നിറങ്ങി.
നിലാവില്ലാത്ത രാത്രിയിൽ ആക്രമണം നടത്തുവാൻ മക്റാവൻ യോചിച്ച ദിവസം തിരഞ്ഞെടുത്തു. ഇനി മൂന്നു ദിവസങ്ങൾ മാത്രം. ഇതിനകം അബട്ടാബാദിലെ നിരീക്ഷകരുടെ അവസാനം നിഗമനം പ്രസിഡന്റ് ആവശ്യപ്പെട്ടു. 8 മാസത്തെ നിരന്തര നിരീക്ഷണങ്ങൾക്ക് ഒടുവിൽ അവർ, പെയ്സർ ബിൻലാദൻ ആയിരിക്കുവാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ് എന്ന് അവർ അറിയിച്ചു.
ഇനി ഒന്നു മാത്രമേ അവശേഷിക്കുന്നുള്ളൂ. കമാൻഡോ ഓപ്പറേഷനുള്ള പ്രസിഡന്റിന്റെ അവസാന നിർദ്ദേശം. മക്റാവെൻ അതിനുവേണ്ടി കാത്തു. ഇന്റെലിജൻസ് ഉദ്യോഗസ്ഥന്മാരുടെ അന്തിമ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും പരിഗണിച്ച അന്തിമ വിശകലനത്തിനുവേണ്ടി ഒരു റെഡ് ടീമിനെ നിയോഗിക്കുവാൻ യോഗത്തിൽ തീരുമാനമായി.
റെഡ് ടീം.
ഒരു ചെറിയ സംഘം സ്വതന്ത്ര വിശകലന വിദഗ്ദ്ധരുടെ സമിതിയാണ് റെഡ് ടീം. ഈ പ്രക്രിയയിൽ ഇതുവരെ അംഗമാവുകയോ ഈ അന്വേഷണത്തെ സംബന്ധിച്ച് ഒരു വിവരമോ ലഭിച്ചിട്ടില്ലാത്ത സി. ഐ ഏ യ്ക്കു പുറത്തുള്ള സംഘത്തിന്റെ മുന്നിൽ ഇന്നു വരെ കണ്ടെത്തിയ വസ്തുതകളും അതിന്മേലുള്ള നിഗമനങ്ങളും, അതിൻപ്രകാരമുള്ള നടപടികളും വിശദമായി പ്രതിപാദിച്ച് പുതിയ അഭിപ്രായം സ്വീകരിക്കുന്ന രീതിയാണത്. മുൻവിധികളോ ഒരുവിധ സ്വാധീനമോ ഇല്ലാതെ സ്വതന്ത്രമായി പ്രശ്നത്തെ സമീപിക്കുന്ന റെഡ് ടീമിലെ വിദഗ്ദ്ധർക്ക് താരമ്യേന കൂടുതൽ കാര്യക്ഷമമായും അതേ സമയം പുതിയ ഒരു വീക്ഷണ കോണിൽ നിന്നും പഠിക്കുവാൻ കഴിയും. എല്ലാ പഴുതുകളും അടക്കുവാൻ ഇതു ഉപകരിക്കുകയും ചെയ്യും.
28 ഏപ്രിൽ 2011
മക്റാവന് അന്തിമ നിർദ്ദേശം കൊടുക്കാമെന്നു പ്രസിഡന്റ് സമ്മതിച്ചിരുന്ന ദിവസം. റെഡ് ടീമിന്റെ നിഗമനം പ്രസിഡന്റിന് ലഭിച്ചു. പെയ്സർ ബിൻ ലാദൻ ആകുവാനുള്ള സാധ്യത വെറും 40 മുതൽ 60 ശതമാനം മാത്രമാണ് എന്നായിരുന്നു റെഡ് ടീമിന്റെ അഭിപ്രായം. സി.ഐ.ഏയുടെ നിഗമനത്തേക്കാൾ വളരെ കുറഞ്ഞ സാദ്ധ്യതയായിരുന്നു റെഡ് ടീമിന്റെ അഭിപ്രായത്തിൽ.
ഇതു പ്രസിഡന്റിനെ ഒരു തീരുമാനത്തിൽ എത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അവസാനമായി ഒബാമ തന്റെ നാഷണൽ സെക്യൂരിറ്റി സംഘത്തിന്റെ ഓരോരുത്തരോടും ഈ വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായപ്പെടണമെന്ന് ആവശ്യപ്പെട്ടു. പകുതിപ്പേർ അനുകൂലമായും പകുതിപ്പേർ പ്രതികൂലമായും പ്രതികരിച്ചു.
"തീരുമാനത്തിൽ എത്തുവാൻ കഴിയാത്തതുകൊണ്ട് പിരിയാം" പ്രസിഡന്റ് അംഗങ്ങളെ അറിയിച്ചു. "നാളെ രാവിലെ ഞാൻ എന്റെ തീരുമാനം അറിയിക്കും"
ആകാംഷയോടെ കാത്തിരുന്നവരെ അംബരപ്പിച്ചുകൊണ്ട് ഒബാമ രാവിലെ തന്റെ തീരുമാനം അറിയിച്ചു:
"നമ്മൾ ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നു"
അബട്ടാബാദിലെ സി ഐ ഏ നിരീക്ഷകരോട് ദൗത്യം പൂർത്തിയാക്കിയതുകൊണ്ട് ഉടൻ തന്നെ മടങ്ങിപ്പോരുവാൻ നിർദ്ദേശിച്ചു.
30 ഏപ്രിൽ 2011 ജലാലബാദ്.
മക്റാവന് പ്രസിഡന്റിന്റെ നിർദ്ദേശം ലഭിച്ചു. "ഗോ എഹെഡ്!!"
സീലുകൾ അവസാനവട്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. കഴിഞ്ഞ മുപ്പതു ദിവസത്തെ കഠിന പരിശീലനത്തിന്റെ ഒടുവിൽ ആക്രമണത്തിനുള്ള അവസാന നിമിഷത്തിൽ അവരുടെ കൈകളിൽ മക്റാവൻ ഓരോ പ്രിന്റഡ് ബുക്ക് ലെറ്റുകൾ നൽകി. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ കാണുവാൻ സാദ്ധ്യതയുള്ളവരുടെ ചിത്രങ്ങളും വിവരണങ്ങളും ഓരോരുത്തരേയും തിരിച്ചറിയുവാനുള്ള അടയാളങ്ങളും ആയിരുന്നു ആ ബുക്കുകളിൽ.
"Name of the target for this mission is Osama Bin Ladan" മക്റാവന്റെ ഘനഗംഭീര സ്വരം മുഴങ്ങി.
സീലുകൾക്ക് തങ്ങൾ ഏർപ്പെടുന്ന ദൗത്യത്തിന്റെ ഗൗരവം മനസിലായി.
അതേസമയം ഒബാമ തന്റെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്യുവാൻ ആവശ്യപ്പെട്ടു. മാത്രമല്ല, സന്ദർശകരുടെയും പത്രപ്രവർത്തകരുടെയും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.
1 മെയ് 2011.
ലയോൺ പിനഡേ പതിവു പോലെ പള്ളിയിൽ പോയി, തുടർന്ന് വൈറ്റ് ഹൗസിൽ ചില അത്യാവശ്യമുണ്ട് എന്നു ഭാര്യയോട് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.
ഒബാമ പ്രഭാതത്തിലെ ഗോൾഫ് കളി മുടക്കിയില്ല.
ഒരു പത്രപ്രവർത്തകനുപോലും സംശയം തോന്നാത്ത വിധം അടഞ്ഞ വൈറ്റ് ഹൗസിനുള്ളിൽ ഓരോരുത്തരായി എത്തി. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ പത്ര പ്രവർത്തകരുടെ നിതാന്ത നിരീക്ഷണത്തിലാണ് വൈറ്റ് ഹൗസ്. അവരിൽ പലർക്കും വൈറ്റ് ഹൗസിനുള്ളിൽ നിന്നും വാർത്തകൾ ചോർത്തിക്കൊടുക്കുന്ന രഹസ്യ സുഹൃത്തുക്കളും ഉന്നത തലബന്ധങ്ങളുമുണ്ട്. അവർക്കൊന്നും ഒരു ചെറിയ സൂചന പോലും കിട്ടരുത് എന്നു ഒബാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
പാക്കിസ്ഥാൻ സമയം രാത്രി 10.30. ജലാലബാദിൽ നിന്നും സീലുകളേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടറുകൾ പറന്നുയർന്നു.
രണ്ടു സ്റ്റെൽത് ബ്ലാക്ക്ഹോക്ക് ഹെലിക്കോപ്റ്ററുകളിലായി 23 സീലുകളും കൈറോയും രണ്ടു ഷിനൂക് ഹെലിക്കോപ്റ്ററുകളിലായി കരുതൽ ഇന്ധനവും സഹായികളായി 56 സീലുകളും പാക് വ്യോമ അതിർത്തിയിലേക്ക് പ്രവേശിച്ചു.
അതേസമയം മുപ്പതു വർഷത്തിനുള്ളിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് കമാൻഡോ ഓപ്പറേഷന്റെ തൽസമയം ദൃശ്യങ്ങൾ നേരിൽ കാണുവാൻ വൈറ്റ് ഹൗസിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
സമയം രാത്രി 12.45 ഹെലിക്കോപ്റ്ററുകൾ കോമ്പണ്ടിന് സമീപം എത്തിച്ചേർന്നു.
(തുടരും)