സ്വതന്ത്ര സംഗീത ധാരയുടെ അലയൊലികള്‍ നെറ്റില്‍ സജീവമാകുന്ന 2009. അന്ന് അന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിശീകാന്ത് (ആഫ്രിക്ക), രാജേഷ് രാമന് (യു.കെ), കിരണ്‍ (ഖത്തര്‍), ബഹുവ്രീഹി (സിംഗപ്പൂര്‍) എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഈണം എന്ന ലാഭേതരസംഗീതപരീക്ഷണം ഇന്ന് ശൈശവം വിട്ട് ബാല്യത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇത്തവണത്തെ ഓണത്തിന് 'ഓണം വിത് ഈണം 2011' എന്ന നാലാം ഓണ്‍ലൈന്‍ ആല്‍ബവുമായാണ് ഇവരെത്തുന്നത്.
ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ലോകത്തിന്റെ പലഭാഗത്തുള്ള കലാകാരന്മാരെ ചേര്‍ത്തിണക്കി ഗാനങ്ങള്‍ നിര്‍മ്മിച്ച് സ്വതന്ത്രവും സൌജന്യവുമായി ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാക്കുമ്പോള്‍ അത് ഒന്നോ രണ്ടോ ഗാനശേഖരങ്ങള്‍ക്കപ്പുറേത്ത് നീളുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ സ്വന്തം കമ്പ്യൂട്ടറില്‍ മാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന സംഗീതജ്ഞരും ഏതാനും ബ്ലോഗ് കവികളും ചേര്‍ന്ന് ഈ പരീക്ഷണം വലിയ വിജയത്തിലേക്ക് എത്തിക്കുന്നതാണ് പിന്നീടു കാണാനായത്.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഓണം വിത്ത് ഈണം 2010 എന്ന ആല്ബത്തോടെയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂപ്പര്‍ഹിറ്റായത്. ജോലിത്തിരക്കിനിടയില്‍ ലഭിക്കുന്ന മിനിറ്റുകള്‍ കൂട്ടിവച്ച് പാട്ടും എഴുത്തും സംഗീതവും സമന്വയിപ്പിച്ച് ഗാനം അണിയിച്ചൊരുക്കി ഇന്റര്‍നെറ്റില്‍ ആര്‍ക്കും പ്രാപ്യമാകുന്ന നിലയില്‍ ലഭ്യമാക്കുന്നതിന്റെ ആത്മനിര്‍വൃതി ഒന്നുമാത്രമാണ്, കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇത്തവണയും ഓണപ്പാട്ടുകളൊരുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. തങ്ങളുടെ വരികള്‍ മറ്റുള്ളവര്‍ മൂളികേള്ക്കുന്നതിന്റെ സന്തോഷം ഒന്നുമാത്രം മതി, വരുംവര്‍ഷങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇവരെ പ്രാപ്തരാക്കാന്‍.
സിനിമാഗാനങ്ങളും, സിനിമാ സാഹിത്യവും ലഭ്യമാക്കുന്ന മലയാളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഡേറ്റാബേസുകളില്‍ ഒന്നായ മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസിന്റെ (m3db) സംരംഭങ്ങളില്‍ ഒന്നുമാത്രമാണ്, ഈണം. ഇതുകൂടാതെ, നാദം എന്ന സംരംഭവും കുഞ്ഞന്‍ എന്ന പേരില്‍ റേഡിയോയും ഇതേ സംഘത്തിന്റേതായുണ്ട്.
വര്‍ഷത്തില്‍ രണ്ടില്ക്കൂടാതെ, വ്യക്തമായ പദ്ധതികളോടെ ഏതെങ്കിലും ഒരു വിഷയത്തിലധിഷ്ഠിതമായി ഗാനസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഇടം എന്ന നിലയിലാണ് ഈണം വിഭാവനം ചെയ്തിരിക്കുന്നത്. ആര്‍ക്കും ഏതു സമയത്തും ഓര്ക്കസ്ട്രയോടെയോ ഇല്ലാതെയോ നല്ല ക്വാളിറ്റിയുള്ള ഗാനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് നാദം ഒരുക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന എഴുത്തുകാര്‍, സംഗീത സംവിധായകര്‍, ഗായകര്‍ എന്നിവരെ ഏകോപിപ്പിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഒരാള്‍ നല്കുന്ന വരികള്‍ക്ക് മറ്റൊരു രാജ്യത്തിരുന്ന് ഈണമിട്ട്, അത് വേറൊരു രാജ്യത്തിരുന്ന് ആലപിച്ച് മറ്റൊരിടത്ത് അതിനു പശ്ചാത്തല സംഗീതം നല്കി, വേറൊരിടത്ത് മിക്സ് ചെയ്ത് ഇനിയുമൊരിടത്തിരുന്ന് ഇതെല്ലാം സമാഹരിച്ച് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്ന വൈഷമ്യം നിറഞ്ഞ ജോലിയാണ് ഓരോ ആല്‍ബത്തിന്റെ പുറകിലും നടക്കുന്നത്. എങ്കിലും 10 ഗാനങ്ങള്‍ അടങ്ങിയ ഒരു ആല്‍ബം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തിലധികം എടുക്കാറില്ല.
കവികളും സംഗീതജ്ഞരുമടങ്ങിയ അഡ്മിന് ബോഡിയാണ് രചനകളുടെ നിലവാരം, മേന്മ മുതലായവ പരിശോധിക്കുന്നത്. ഇതോടൊപ്പം തന്നെ ഓരോ ആല്‍ബങ്ങളിലും സംബന്ധിക്കുന്ന പുതിയ കലാകാരന്മാരെക്കുറിച്ചുള്ള വിവര സമാഹരണം മലയാളത്തിലും ഇംഗ്ലീഷിലും തയ്യാര്‍ ചെയ്യാനും പരിശോധിക്കുവാനും മറ്റൊരു ഗ്രൂപ്പ് പല രാജ്യങ്ങളിലിരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടാകും. ഫോട്ടോ കളക്ഷന്‍, സൈറ്റ് ഡിസൈന്‍, സ്കെച്ചുകള്‍ തുടങ്ങി ആര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കി നടത്താനും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും അടുത്ത വേറൊരു ഗ്രൂപ്പുമുണ്ടാകും.
ആല്‍ബം പുറത്തിറങ്ങുന്നതോടെ നാദം, പാട്ടുപുസ്തകം എന്നീ ചര്‍ച്ചാ ഗ്രൂപ്പുകളിലുള്ളവര്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബസ് തുടങ്ങിയ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ ലോകത്തെമ്പാടുമുള്ള ഗാനാസ്വാദകരിലേക്ക് ഈ ഗാനങ്ങള്‍ എത്തിക്കുന്നു.
ഈണത്തിനും നാദത്തിനും സ്വന്താമായി 'കുഞ്ഞന്‍' എന്നു പേരുള്ള ഒരു ഓണ്‍ലൈന്‍ റേഡിയോയുമുണ്ട്. 24 മണിക്കൂറും ഇതിലൂടെ ലോകത്തെമ്പാടുമുള്ള ഗാനാസ്വാദകര്‍ക്ക് ഈണത്തിലേയും നാദത്തിലേയും ഗാനങ്ങളോടൊപ്പം തന്നെ ഇതില്‍ പങ്കാളികളായിട്ടുള്ള 180 ഓളം ഗായകര്‍ തങ്ങളുടെ ശബ്ദത്തില്‍ ആലപിച്ച തിരഞ്ഞെടുത്ത മലയാളത്തിലെ മികച്ച ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളും കേള്‍ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഇങ്ങനെ ഓരോ ഘടകങ്ങളും അനേകം രാജ്യങ്ങളില്‍ ഇരുന്ന് ഇന്റെര്നെറ്റിന്റെയും വിവര സാങ്കേതികവിദ്യയുടേയും സഹായത്തോടെ പൂര്ത്തിയാക്കപ്പെടുന്നവയാണ്.
കഴിവുകള്‍ ഉണ്ടെങ്കിലും അന്യരാജ്യങ്ങളില്‍ ജോലിനോക്കുന്നതിനാല് മുഖ്യധാരയിലേക്ക് എത്തിച്ചേരുവാന്‍ സന്ദര്‍ഭവും സാഹചര്യവും സമയവും ഇല്ലാത്ത കലാകാരന്മാരെ ഒരു സംഗീതക്കൂട്ടായ്മയ്ക്കു കീഴില്‍ അണിനിരത്തുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. ലോകത്തിന്റെ ഏതുഭാഗങ്ങളിലായാലും ഇന്റെര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പ്രതിഭാധനരായ ആര്‍ക്കും കഴിയും. ആരാണ് പാടുന്നത്, എഴുതുന്നത്, സംഗീതം നല്‍കുന്നത് എന്നീ സ്ഥിരം മുന്‍വിധികള്‍ ഇല്ലാതെ എങ്ങനെ പാടിയിരിക്കുന്നു, ഗാനസാഹിത്യം എത്രമാത്രം ഭംഗിയായിരിക്കുന്നു, നല്കപ്പെട്ട സംഗീതം ആസ്വാദ്യകരമാണോ എന്ന് മാത്രം നോക്കി ആരുടെ സൃഷ്ടിയും സ്വീകരിക്കാനും പ്രസിദ്ധം ചെയ്യാനുമുള്ള സൗകര്യവും സാങ്കേതിക സഹായവും ചെയ്യുകവഴി മുഖ്യധാരയെ അതിലംഘിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനശൈലി.
ഇത്തവണത്തെ ആല്‍ബത്തിലും പത്തു ഗാനങ്ങളാണുള്ളത്. രചന ജി. നിശീകാന്ത്, ചാന്ദ്നി ഗാനന്, ഗണേശ് ഓലിക്കര, രാഹുല്‍ സോമന്, ഗീത കൃഷ്ണന്, ഡാനില്‍ ഡേവിഡ് എന്നിവരും സംഗീതസംവിധാനം രാജേഷ് രാമന്, ബഹുവ്രീഹി, ജി. നിശീകാന്ത്, പോളി വര്‍ഗ്ഗീസ്, കൃഷ്ണകുമാര്‍ ചെമ്പില്‍, ഉണ്ണികൃഷ്ണന്, മുരളി രാമനാഥന് എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നു.
ചലച്ചിത്ര പിന്നണിഗായികയായ ഗായത്രി അതിഥി ഗായികയായെത്തുന്ന ഈ വര്‍ഷത്തെ ആല്‍ബത്തില്‍ വിജേഷ് ഗോപാല്‍, രാജേഷ് രാമന്, രതീഷ് കുമാര്‍, ഉണ്ണികൃഷ്ണന്, ദിവ്യ മേനോന്, മുരളി രാമനാഥന്, സണ്ണി ജോര്‍ജ്, ഊര്‍മ്മിള വര്‍മ്മ, ഹരിദാസ്, നവീന്‍, അഭിരാമി എന്നിവരാണ് മറ്റു ഗായകര്‍.
ജയ്സണ്‍ ഡാനിയല്‍, സിബു സുകുമാരന്‍, പ്രകാശ് മാത്യു, ജി. നിശീകാന്ത് എന്നിവരാണ് പശ്ചാത്തല സംഗീത സംവിധാനം. റെക്കോഡിങ്ങ് & മിക്സിങ്ങ് നവീന്‍. എസ്, നവനീതം ഡിജിറ്റല്‍, പന്തളം.
ഈണത്തിന്റെ 2011 ലെ ഗാനങ്ങള്‍ കേള്‍ക്കാന്‍:
ഗാനങ്ങളുടെ ക്രെഡിറ്റ് ചുവടെ
1) പൂവേപൊലി പാടിവന്നു...
രചന : ജി നിശീകാന്ത്, സംഗീതം : ബഹുവ്രീഹി, പശ്ചാത്തല സംഗീതം : ജി നിശീകാന്ത്
ആലാപനം : രാജേഷ് രാമന് & ഗായത്രി
2) ഒരു നല്ല പൂപ്പാട്ടുമായ്
രചന : രാഹുല്‍ സോമന്, സംഗീതം : ഉണ്ണികൃഷ്ണന്, പശ്ചാത്തല സംഗീതം : സിബു സുകുമാരന്‍
ആലാപനം : ഉണ്ണികൃഷ്ണന്
സമൂഹാലാപനം : അജീഷ് കുമാര്‍, സുശാന്ത് ശങ്കര്‍, ഉണ്ണികൃഷ്ണന്, രാഹുല്‍ സോമന് & സിബു സുകുമാരന്‍
3) ചിങ്ങപ്പൂക്കളവര്‍ണ്ണം
രചന, സംഗീതം, പശ്ചാത്തല സംഗീതം : ജി നിശീകാന്ത്
ആലാപനം : രതീഷ് കുമാര്‍
4) ഒന്നാം മലയുടെ
രചന : ചാന്ദ്നി, സംഗീതം : മുരളി രാമനാഥന്, പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു
ആലാപനം : മുരളി രാമനാഥന് & ഊര്‍മ്മിള വര്‍മ്മ
5) അഞ്ജനക്കണ്ണെഴുതി
രചന, സംഗീതം : ജി നിശീകാന്ത്, പശ്ചാത്തല സംഗീതം : ജയ്സണ്‍
ആലാപനം : ദിവ്യ മേനോന്
6) ഓര്‍മ്മയിലാദ്യത്തെ
രചന : ഗണേശ് ഓലിക്കര, സംഗീതം : ജി നിശീകാന്ത്, പശ്ചാത്തല സംഗീതം : ജയ്സണ്‍
ആലാപനം : സണ്ണി ജോര്‍ജ്
7) പൂവണിക്കതിരണി
രചന : ഗീത കൃഷ്ണന്, സംഗീതം : പോളി വര്‍ഗ്ഗീസ്, പശ്ചാത്തല സംഗീതം : ജി നിശീകാന്ത്
ആലാപനം : നവീന്‍ എസ്
8) ആവണിപ്പുലരിതന്‍
രചന : ഡാനില്‍, സംഗീതം : കൃഷ്ണകുമാര്‍ ചെമ്പില്‍, പശ്ചാത്തല സംഗീതം : ജയ്സണ്‍
ആലാപനം : ഹരിദാസ്
9) ഓര്‍മ്മയിലാദ്യത്തെ
രചന : ഗണേശ് ഓലിക്കര, സംഗീതം : ജി നിശീകാന്ത്, പശ്ചാത്തല സംഗീതം : ജയ്സണ്‍
ആലാപനം : അഭിരാമി
10) തത്തക്കിളിച്ചുണ്ടന്
രചന : ജി നിശീകാന്ത്, സംഗീതം : രാജേഷ് രാമന്, പശ്ചാത്തല സംഗീതം : ജി നിശീകാന്ത്
ആലാപനം : വിജേഷ് ഗോപാല്‍
ഈണം പഴയ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ കേള്‍ക്കാന്‍
നാദത്തിലെ ഗാനങ്ങള്‍ കേള്‍ക്കാന്‍
പിന്നണിയില്‍
Web Administration & Data Coordination : Kevin Siji & Kiranz
Page Layout & Design : Nandakummar
Online support, Supervision & Public Relation : Rajesh Raman, Sandhya Rani, Danil David, Dileep Viswanathan, Vineeth & Bahuvreehi
Recording, Mixing & Mastering Coordination : Naveen S
Eenam/Nadam Project Direction & Coordination : G Nisikanth