കൃഷിയും വ്യവസായവും രണ്ടു പുസ്തകങ്ങളും


വന്തി പബ്ലിഷേഴ്സിന്റെ രണ്ടു പുസ്തകങ്ങളാണ് ഇത്തവണ ഈ പംക്തിയിലേക്ക് പരിഗണിക്കുന്നത്. ഒന്ന് കാര്‍ഷിക വ്യവസായങ്ങളെക്കുറിച്ച് ടി.എ മാത്യൂസ് എഴുതിയിട്ടുള്ളതും, രണ്ടാമത്തേത് , വ്യാവസായിക പദ്ധതികള്‍ എന്ന പേരില്‍ എസ് . കെ പണ്ടാരക്കുളം, ജി കേശവന്‍ നായര്‍, എം പി ലീലാവതി എന്നിവര്‍ ചേര്‍ന്ന് എഴുതിയതും. ഈ രണ്ടു പുസ്തകങ്ങളും തെരഞ്ഞെടുക്കുവാന്‍ സവിശേഷമായ ഒരു കാരണമുണ്ട്. എന്ത് ബിസിനസ്സാണ് ലാഭകരമായി നടത്തുവാന്‍ കഴിയുക എന്ന് മുതല്‍ മുടക്കുവാന്‍ തയ്യാറുള്ള പലരും ചോദിക്കാറുണ്ട്. പണമില്ലാത്തതല്ല മറിച്ച് ഏതു വ്യവസായം തിരഞ്ഞെടുക്കണം എന്നറിയാത്തതിലുള്ള അങ്കലാപ്പാണ് ഈ ചോദ്യത്തിന് പിന്നില്‍ പ്രകടമാകുന്നത്. അത്തരക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ രണ്ടു പുസ്തകങ്ങളും ഞാന്‍ തെരഞ്ഞെടുത്തത് .ഐടി വ്യവസായത്തിന്റെ ധാരാളിത്തത്തില്‍ മനംമയങ്ങി അതുമാത്രമാണ് സമാന്തരകാലത്തെ ഒരേയൊരു വ്യവസായം എന്നു ധരിച്ചുവശായ ആളുകളെ ഗ്രാമപ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ കണ്ടെത്താവുന്നതാണ്. ഈ ധാരണയെ ശക്തിയുക്തം തെറ്റെന്ന് സ്ഥാപിച്ചെടുക്കുകയാണ് കാര്‍ഷികമേഖയിലെ വ്യവസായങ്ങള്‍ എന്ന പുസ്തകത്തിലൂടെ രചയിതാവ് നിവര്‍ത്തിച്ചെടുക്കുന്നത് . കാര്‍ഷികവൃത്തിയിലൂടെ വിജയം വരിച്ച ജീവിതങ്ങളെ പരിചപ്പെടുത്തുന്നതോടൊപ്പം തന്നെ കാലങ്ങളായി അവര്‍ കൃഷിയിലൂടെ ആര്‍ജിച്ചെടുത്ത ജ്ഞാനത്തെക്കുറിച്ചും 440 പേജുകളുള്ള ഈ പുസ്തകം പ്രതിപാദിക്കുന്നു.

ഒരു ഉദാഹരണം നോക്കുക. വാനില കൃഷിയെക്കുറിച്ചുള്ള ലേഖനം ആ കൃഷിയെക്കുറിച്ച് ഒന്നുമറിയാത്തവരില്‍ പോലും താല്പര്യമുണ്ടാക്കുന്നു. ഏകദേശം അമ്പതോളം സ്പീഷിസുകള്‍ ഉള്ള വാനില വര്‍ഗത്തില്‍ നിന്ന് സാധാരണ കൃഷിക്കുപയോഗിക്കുന്ന മൂന്നെണ്ണത്തിനെക്കുറിച്ച് ( വാനില പ്ലാനിഫോളിയ ആന്ഡ്രൂസ്, വാനില പെമ്പോണഷീഡ്, വാനില താഹിതെര്‍സീഡ് ) അറിയേണ്ടതെല്ലാം സാമാന്യം വിശദമായിത്തന്നെ ലേഖകന്‍ പറഞ്ഞു പോകുന്നു. കേരളത്തിന്റെ കാലാവസ്ഥയില്‍ വളരെ നല്ല ഉത്പാദനക്ഷമത പ്രകടിപ്പിക്കുന്ന വാനിലയുടെ വിപണനസാധ്യതയും കൃഷിരീതികളും ഇതുവരെ നമ്മുടെ പരമ്പരാഗതകര്‍ഷകര്‍ ശരിയായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരുകാലത്ത് വിപണിയില്‍ നല്ല വില കിട്ടും എന്ന ഒറ്റ കാരണത്താല്‍ മാത്രം ഒരു തരം ഫാഷനായി കര്‍ഷകര്‍ കൊണ്ടാടിയ ഇടവിളയാണ് വാനില. അതുകൊണ്ടുതന്നെ തുടക്കത്തില്‍ വ്യാപകമായി വാനില കഷിചെയ്യാന്‍ തുടങ്ങിയെങ്കിലും നല്ല ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഈ കൃഷിക്ക് കാര്യക്ഷമമായ ഒരു തുടര്‍ച്ച ഉണ്ടായില്ലെന്നു വേണം പറയാന്‍. ഒരു മൂട് വാനിലയെങ്കിലും നട്ടു പിടിപ്പിക്കാത്ത ഒരു വീടും കേരളത്തിലെ കാര്‍ഷികപ്രാധാന്യമുള്ള മേഖലകളില്‍ ഇല്ലായിരുന്നു എന്നത് കര്‍ഷകര്‍ എത്ര ആഘോഷമായാണ് ഈ വിളയെ വരവേറ്റത് എന്നതിന് ഉദാഹരണമാണ്. ഈ ലേഖനമാകട്ടെ, വാനില കൃഷിക്കാവശ്യമായ കാലാവസ്ഥയെക്കുറിച്ചും മണ്ണിന്റെ ഗുണത്തെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും പരിപോഷണത്തേയും രോഗനിയന്ത്രണത്തേയും കുറിച്ചുമൊക്കെയുള്ള അടിസ്ഥാനവിവരങ്ങള്‍ കര്‍ഷകനുമായി പങ്കുവക്കുന്നു. മാത്രവുമല്ല ആവശ്യമായ സാങ്കേതികസഹായങ്ങള്‍ നല്കുന്നവരുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറടക്കം സമഗ്രമായ വിവരങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വാനില പോലെത്തന്നെ പ്രധാനമായ നിരവധി ഇതര വാണിജ്യ വിളകളെക്കുറിച്ചും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. സഫേദ് മുസലി, ജെട്രോഫ, ചന്ദനം, പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന സ്റ്റീവിയ, മണ്ണിരകമ്പോസ്റ്റ്, ജംനാപാരി ആടുകള്‍, ഞണ്ടുകൃഷി, തേന്‍, കൊഞ്ച്, കുറ്റിമുല്ല, കരിമഞ്ഞള്‍, കാട, മരച്ചീനി, ജാതി, ജയന്റ് തിലോപ്പിയ, കൂണ്‍, ബസുമതി, പതിമുഖം തുടങ്ങി നിരവധി കൃഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഷികവ്യവസായം തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് സഹായകമാണ്. അതോടൊപ്പം തന്നെ, അതാതു കൃഷികളില്‍ വിജയം വരിച്ച കര്‍ഷകരുടെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. കൃഷിരംഗത്ത് മുന്കാലകര്‍ഷകരുടെ അനുഭവങ്ങള്‍ നല്കുന്ന പാഠങ്ങള്‍ എത്രമാത്രം പ്രയോജനകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.കാര്‍ഷികവ്യവസായം മനസ്സില്‍ കൊണ്ടുനടക്കുന്ന ആരും ഈ പുസ്തകം കൈയ്യിലെടുക്കണ്ടതുതന്നെയാണ്.

വ്യാവസായിക പദ്ധതികള്‍ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ, ഏഴാമത്തേയും ഒമ്പതാമത്തേയും പതിപ്പുകളാണ് എന്റെ കൈവശം ഉള്ളത്. ഏഴാമത്തെ പതിപ്പില്‍ നിന്നും ഒമ്പതാമത്തെ പതിപ്പിലേക്ക് എത്തുമ്പോഴേക്കും നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുകഴിഞ്ഞു എന്നത് പുസ്തകത്തിന്റെ പ്രസക്തിയുടെ സൂചകമായേക്കാം. എന്തായാലും നിരവധി വ്യവസായ പദ്ധതികളെക്കുറിച്ച് വിശദമായിത്തന്നെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു വ്യവസായത്തിന് വേണ്ട അസംസ്കൃതവസ്തുക്കള്‍, അവ ലഭിക്കുന്ന സ്ഥലങ്ങള്‍, ചെലവ്, വിപണനസാധ്യത, തൊഴില്‍ സാധ്യത എന്നിങ്ങനെ ഒരു വ്യവസായി അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ വിവരങ്ങളുടെ സമഗ്രമായ ഏകോപനം ഈ പുസ്തകം സാധ്യമാക്കിത്തരുന്നുണ്ട്.

മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ മുന്‍ വീസി ഡോ. രാജശേഖരന്‍ പിള്ള ഈ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു "നിത്യജീവിതത്തിന് ആവശ്യമായ ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മാണരീതികളുടെ ഒരു സമഗ്രമായ വിവരണമാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ വ്യവസായവും ആരംഭിക്കുന്നതിന് ആവശ്യമായ സാമഗ്രികളുടെ പട്ടിക, അവ എവിടെ നിന്ന് ലഭിക്കുന്നു, എന്തൊക്കെ യന്ത്രസംവിധാനങ്ങളാണ് വേണ്ടത്, വിശദമായ നിര്‍മാണരീതി, ഉപയോഗ - വിപണനസാധ്യതകള്‍, പ്രവര്‍ത്തനമൂലധനം, തൊഴിലവസരങ്ങള്‍ എന്നു തുടങ്ങി, ഒരു സംരംഭകന് ആവശ്യമായ എല്ലാ വിവരങ്ങളും ലളിതമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു." ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്ന നിര്‍മാണരീതികളുടെ താരതമ്യപഠനം അതിപ്രധാനമാണെന്ന് സമ്മതിക്കാതെ വയ്യ. ഒരു വ്യവസായം ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിന് ഇതരസംരംഭകരുമായി താരതമ്യം ചെയ്ത് പഠിക്കുന്നത് അത്യന്താപേക്ഷിതമാണല്ലോ.

വിവിധതരം സോപ്പുകള്‍, ഡിറ്റര്‍ജന്റ് കേക്ക്, ലിക്വിഡ് ക്ലീനര്‍, ലോഷന്‍, ടാല്‍ക്കം പൌഡര്, പരിമളങ്ങള്‍, പൊട്ട്, ലിപ്‌സ്റ്റിക്ക്,നെയില്‍പോളീഷ്, റബ്ബര്‍ ചെരുപ്പുകള്‍, ട്രഡ് റബ്ബര്‍, റബ്ബര്‍ കുഴല്‍, ബാറ്ററി കണ്ടെയ്നര്‍, വിവിധതരം പെയിന്റുകള്‍, അലൂമിനിയം ഫര്‍ണീച്ചറുകള്‍ തുടങ്ങി ഏകദേശം 180 ഓളം വ്യവസായങ്ങള്‍ ഈ പുസ്തകത്തില്‍ വിശദമാക്കപ്പെടുന്നു. ഏതൊക്കെ വ്യവസായങ്ങള്‍ക്ക് ഏതൊക്കെ സ്ഥലങ്ങളിലെ ഏതൊക്കൊ ഓഫീസുകളുമായാണ് ബന്ധപ്പെടേണ്ടത് എന്ന് വ്യക്തമാക്കുന്ന പുസ്തകം നവസംരംഭകര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.


Download This Post In PDF Format

4 Responses to "കൃഷിയും വ്യവസായവും രണ്ടു പുസ്തകങ്ങളും"

 1. നല്ല പരിചയപ്പെടുത്തല്‍. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ മീറ്റിനു പോയപ്പോള്‍ ഇത് പോലെയൊരു പുസ്തകം ഹരീഷ് കാണീച്ചു തന്നിരുന്നു.

  ReplyDelete
 2. എഴുതിയതിനും ഒരുപാട് അപ്പുറത്താണ് ഈ പുസ്തകങ്ങള്‍ നല്കുന്ന സാധ്യതകള്‍

  ReplyDelete
 3. നല്ല പുസ്തകങ്ങൾ.
  ഈ കാലത്ത് അവശ്യം വേണ്ടവ തന്നെ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts