ബൂലോകസഞ്ചാരം -10
ഴ്ചപ്പതിപ്പുകളായിരുന്നു എന്നും മലയാളിയുടെ വായനയെ സമ്പുഷ്ടമാക്കിയിരുന്നത്. മനോരമ, മംഗളം, മാതൃഭൂമി, സമകലീക മലയാളം, മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി, ചിന്ത എന്നിവയൊക്കെ ഒരോ കാലഘട്ടത്തിലും നമ്മുടെ വായനയില്‍ സ്വാധീനം ചെലുത്തിയവ തന്നെ. ഒരു പരിധിവരെ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളായിരുന്നു ഇത്തരം ആനൂകാലീകങ്ങളിലേക്ക് നമ്മെ ആകര്‍ഷിച്ചത്. (വ്യത്യസ്ത അഭിപ്രായക്കാര്‍ ഉണ്ടാവാം. നിഷേധിക്കുന്നില്ല) ഏതായാലും എന്നെയെങ്കിലും ആകര്‍ഷിച്ചത് ഇത്തരം ഖണ്ഢശ്ശ നോവലുകള്‍ ആണ്. ആദ്യമാദ്യം മനോരമയിലേയും മംഗളത്തിലേയും നോവലില്‍ തുടങ്ങിയ അത്തരം ഒരിഷ്ടം പിന്നീട് മാതൃഭൂമിയുടേയും മറ്റും വായനയിലേക്ക് നയിച്ചു എന്നതാണ്‌ സത്യം. പിന്നീടെപ്പോഴൊക്കെയോ ഇപ്പറഞ്ഞ ആനൂകാലീകങ്ങളുമായി ഇടപെടാന്‍ കഴിയാതെ വരികയും ഖണ്ഢശ്ശ നോവല്‍ വായന അസ്തമിക്കുകയും ചെയ്തു എന്ന് തന്നെ പറയാം.


ഇപ്പോള്‍ വീണ്ടും ഖണ്ഢശ്ശ വായനക്ക് അവസരമൊരുക്കിത്തരുന്നു നമ്മുടെ ബ്ലോഗുകള്‍. യാത്രാവിവരണങ്ങള്‍ എന്ന ശാഖയിലായിരുന്നു ബ്ലോഗില്‍ അദ്ധ്യായങ്ങളുടെ രൂപത്തില്‍ പോസ്റ്റുകള്‍ ഞാന്‍ ആദ്യം കണ്ടത്. ഇപ്പോള്‍ കുറേയധികം നോവലുകള്‍ ഇതേ രീതിയില്‍ ബ്ലോഗില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നത് സന്തോഷകരം തന്നെ. ഒരിക്കല്‍ കൂടി പഴയ ആഴ്ചപ്പതിപ്പുകളുടെ വായനയെ ഓര്‍മ്മപ്പെടുത്താന്‍ ഇവയിലൂടെ സാധിക്കുന്നു എന്നത് വലിയ കാര്യം. ഇതൊക്കെകൊണ്ട് തന്നെ ഇക്കുറി നമുക്ക് ബൂലോകസഞ്ചാരത്തില്‍ നോവല്‍ ബ്ലോഗ് എന്ന കാറ്റഗറിയെ പരിചയപ്പെടാം.


അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ , കര്‍ക്കിടകരാമായണം എന്നിവയാണെന്ന് തോന്നുന്നു നോവല്‍ ബ്ലോഗുകള്‍ എന്ന സങ്കല്‍‌പ്പം ബ്ലോഗെഴുത്തുക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. നിലച്ചു പോയതും, പുര്‍ത്തിയാക്കിയതും, തുടരുന്നതുമായ ഒട്ടേറെ നോവല്‍ ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് നമുക്ക് കാണാം. മുരളി നായരുടെ കടല്‍മീനുകള്‍ അണ്‌ ഇത്തരത്തില്‍ ഞാന്‍ വായിച്ച ആദ്യത്തെ നോവല്‍ ബ്ലോഗ്. വ്യക്തിപരമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മുരളി ഇന്ന് ബ്ലോഗില്‍ അത്ര സജീവമല്ലാത്തതിനാല്‍ ഇടക്ക് വെച്ച് പോസ്റ്റിങ് നിലച്ചു പോയതുമൂലം ഒരു നല്ല നോവല്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഇപ്പോഴും ബാക്കി. വിശാലമനസ്കന്റെ വിശാലഭാരതം ഹാസ്യത്തിന്റെ അകമ്പടിയോടെ എഴുതി വന്ന ഒരു ഖണ്ഢശ്ശ ബ്ലോഗ് തന്നെ. (പിന്നീട് എപ്പോഴോ വിശാലമനസ്കന്‍ ആ ബ്ലോഗിനെ കൊടകരപുരാണത്തിലേക്ക് ലയിപ്പിക്കുകയായിരുന്നു). വി.രവികുമാര്‍ തന്റെ പരിഭാഷ എന്ന ബ്ലോഗിലൂടെ കാഫ്കയുടെ വിചാരണ എന്ന നോവല്‍ ഉള്‍പ്പെടെ പരിഭാഷപ്പെടുത്തുകയും പുസ്തകമാക്കുകയും ചെയ്തു. പിന്നെയുമുണ്ട് ഇത്തരം സൃഷ്ടികള്‍. കേരളദാസനുണ്ണിയുടെ 'ഓര്‍മ്മതെറ്റുപോലെ' ആയിരിക്കും അദ്ധ്യായങ്ങളുടെ എണ്ണങ്ങള്‍ കണക്കാക്കി പറയുകയാണെങ്കില്‍ ഏറ്റവും ബൃഹത്തായ ബ്ലോഗ് നോവല്‍ എന്ന് തോന്നുന്നു. (ഇത് വരെ അത് വായിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുതന്നെ കൂടുതല്‍ അഭിപ്രായപ്രകടനത്തിന്‌ ഞാനാളല്ല) അദ്ദേഹത്തിന്റെ തന്നെ 'നന്മയിലേക്ക് ഒരു ചുവടുവെയ്പ്' എന്ന പുതിയ നോവല്‍, ഹരിചന്ദനത്തിന്റെ സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍, മുത്തശ്ശിരാമായണം എല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്. ഒന്ന് മനസ്സിരുത്തി സഞ്ചരിച്ചാല്‍ ഇതുപോലെ ഒട്ടേറെ ബ്ലോഗുകളെ കണ്ടെത്താം.


ഇക്കുറി സ്റ്റോം വാണിംഗ് എന്ന നോവലിന്റെ വിവര്‍ത്തന രൂപം നമുക്ക് സമ്മാനിച്ച വിനുവേട്ടന്റെ പുതിയ സം‌രംഭമായ ദ ഈഗിള്‍ ഹാസ് ലാന്റഡ് (ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിന്‍സിന്റെ നോവല്‍) എന്ന നോവല്‍ ബ്ലോഗിലൂടെയും എം.ആര്‍. അനിലന്‍ രചിച്ചുകൊണ്ടിരിക്കുന്ന ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ എന്ന നോവല്‍ ബ്ലോഗിലൂടെയും ആവാം നമ്മുടെ സഞ്ചാരം.


ദ ഈഗിള്‍ ഹാസ് ലാന്റഡ്


തര്‍ജ്ജമകള്‍ മലയാള സാഹിത്യലോകത്തിന്‌ തീരെ പുതുമയല്ല. ഒട്ടേറെ ക്ലാസ്സിക്കുകളുടെ തര്‍ജ്ജമകളെ മലയാളി ഹൃദയപ്പൂര്‍‌വ്വം സ്വീകരിച്ചിട്ടുമുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലെ പാവങ്ങള്‍ എന്ന പേരില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ അത്രയും ബൃഹത്തായ ഒരു നോവല്‍ അനുഭവത്തെ രണ്ടും മൂന്നും പതിപ്പിലെത്തിച്ച ചരിത്രം നമുക്ക് ഉണ്ട്. ഇവിടെ തന്റെ രണ്ടാമത്തെ തര്‍ജ്ജമയിലേക്ക് കടന്നിരിക്കുകയാണ്‌ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കടന്നുവന്ന വിനുവേട്ടന്‍. സ്റ്റോം വാണിംഗ് എന്ന അദ്ദേഹത്തിന്റെ ആദ്യ തര്‍ജ്ജമ നോവലിനെ പൂര്‍ണ്ണമായി പലപ്പോഴും വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഇക്കുറി ‘ദ ഈഗിള്‍ ഹാസ് ലാന്റഡ്‘ തുടക്കം മുതല്‍ വായിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കൂടെ സഞ്ചരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നതിനാല്‍ അത് ചെയ്യുന്നില്ല. ഈ നോവലിന്റെ സംഗൃഹീത പുനരാഖ്യാനമാണോ അതോ പരിപൂര്‍ണ്ണമായ തര്‍ജ്ജമയാണോ ചെയ്യുന്നതെന്ന് ഒരു കമന്റായി വിനുവേട്ടനോട് ചോദിച്ചിരുന്നു. പദാനുപദ തര്‍ജ്ജമ തന്നെയാണ്‌ അദ്ദേഹം ചെയ്യുന്നതെന്നാണ്‌ മറുപടി ലഭിച്ചത്. അങ്ങിനെയാവുമ്പോള്‍ അഭിനന്ദനാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ ശ്രമം. കാരണം ഇത്തരം ഒരു നോവല്‍ തര്‍ജ്ജമക്ക് വേണ്ടിവരുന്ന സാധനയുടെ ആഴം നമുക്ക് പെട്ടന്ന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുകൊണ്ട് ആ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല എഴുത്തിനോടുള്ള അനീതിയാവും എന്ന് ഉറപ്പുള്ളത് കൊണ്ട്, ഏതാണ്ട് നാല് അദ്ധ്യായം മാത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുള്ള ആ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് സീരിയസ്സായ ബ്ലോഗ് വായന ആഗ്രഹിക്കുന്നവര്‍ക്ക് മോശമല്ലാത്ത ഒരു വായനാനുഭവം ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകൾ


എം.ആര്‍. അനിലന്‍ എന്ന ബ്ലോഗര്‍ നമുക്ക് ചിരപരിചിതന്‍ ആണ്‌. ആകാശത്തേക്ക് ഒരു ഗോവണിയിലൂടെ കവിതകളുമായി ചവിട്ടികയറുന്ന നല്ല ഒരു കവി എന്ന നിലയില്‍ അദ്ദേഹത്തെ നമുക്കറിയാം. ഇവിടെ വ്യത്യസ്തമായ രചനാ രീതികള്‍ കണ്ട് ഒരു നോവല്‍ അണിയിച്ചൊരുക്കുകയാണ്‌ എം.ആര്‍. അനിലന്‍ തന്റെ 'ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍' എന്ന ബ്ലോഗിലൂടെ. ഇത് വരെ 10 അദ്ധ്യായങ്ങളാണ്‌ നോവലിന്റെതായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നു രണ്ട് അദ്ധ്യായങ്ങളിലെ ചെറിയ വിരസത ഒഴിച്ച് നിര്‍ത്തിയാല്‍ നോവലിന്റെ ഗതി നല്ല നിലയില്‍ തന്നെ. പ്രമേയത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയാനുള്ള ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ എഴുത്തുകാരന് കഴിയുന്നുമുണ്ട്. ചില പ്രയോഗങ്ങളും അതിനേക്കാളേറെ അദ്ധ്യായങ്ങള്‍ക്ക് കൊടുത്ത പേരുകളും വല്ലാതെ ടച്ച് ചെയ്യുന്നു. ഇവിടെയും നോവല്‍ വായനയിലൂടെ സഞ്ചരിക്കുന്നതില്‍ ഞാന്‍ വലിയ അര്‍ത്ഥം കാണുന്നില്ല. നിങ്ങള്‍ തീരുമാനിക്കുക. ശക്തമായ ഭാഷയും പദസമ്പത്തും കൊണ്ട് വിസ്മയപ്പെടുത്തുന്നു ഈ ബ്ലോഗ് നോവല്‍ എന്ന് നിസ്സംശയം പറയാം.


ആദ്യമായി ഇത്തരത്തില്‍ ഞാന്‍ വായിച്ച ഒരു ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുസ്തകമായി എന്നത് സന്തോഷകരമായ വസ്തുതയാണ്. അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ എന്ന ചരിത്രാഖ്യായിക പോലെ ഇത്തരത്തിലുള്ള മറ്റു ബ്ലോഗുകളും പുസ്തകരൂപത്തില്‍ നമുക്ക് നാളെ കാണാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ നാളെ പുസ്തകരൂപത്തില്‍ കണ്ടെത്തിയേക്കാന്‍ കഴിയാവുന്ന ഈ നോവലുകളെ ബ്ലോഗുകളില്‍ കൂടെ തന്നെ വായിക്കുവാനുള്ള ഒരു അവസരമാണ് ഇവരൊക്കെ നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവരിലൂടെയുള്ള നല്ല വായനയിലേക്ക് ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം സമര്‍പ്പിക്കുന്നു.
മനോരാജ്
തേജസ്

വിജയലക്ഷ്മിയുടെ കവിതകള്‍
മനോജ് പട്ടേട്ട്

ടംതല്ലിത്തകര്‍ക്കുന്ന രൌദ്രതയുടെ സംഹാരഭാവങ്ങളോടല്ല , തീരങ്ങളെ സൌമ്യമായി തൊട്ടുഴിഞ്ഞുകൊണ്ട് പൂക്കളോടും കിളികളോടും കുശലം ചോദിച്ച് ശാന്തമായി കടന്നുപോകുന്ന കല്ലോലിനിയോടാണ് വിജയലക്ഷ്മിയുടെ കവിതയെ ഉപമിക്കേണ്ടിവരിക. നോവുപേറുന്ന അടിയൊഴുക്കുകളെ പലപ്പോഴും ഈ കവയത്രി മൂടിവയ്ക്കുന്നു.ഉപരിതലത്തിന്റെ സ്വച്ഛശാന്തമായ പ്രകടനങ്ങളെ മുഖാവരണമാക്കുമ്പോഴും ഉള്ളിലുറഞ്ഞുകൂടിയ ഖേദപ്പെരുമഴയെ ഒരു തുള്ളി കണ്ണുനീരായി മാത്രം അനുവാചകന് അനുവദിക്കുന്നു. ആ കണ്ണുനീര്‍ത്തുള്ളിയുടെ നനുത്ത ചൂടനുവദിക്കുന്ന മാന്ത്രികത നുകര്‍ന്ന്, വേണമെങ്കില്‍ നമുക്കിവിടെ നിറുത്താം. കവി വിജയിച്ചു എന്ന് പ്രഖ്യാപിക്കാം. അതിനുമപ്പുറം കടന്നുചെന്ന് കവിമനസ്സിനെ തൊട്ടുണര്‍ത്തിയ ആലക്തികശോഭകളെക്കുറിച്ച് അനുവാചകന്‍ അന്വേഷിക്കാന്‍ ആരംഭിക്കുമ്പോഴാണ് കവി ജന്മം സാര്‍ത്ഥകമാവുന്നത്. അത്തരമൊരു അന്വേഷണത്തിനുള്ള പ്രേരകമാണ് കവി പൊഴിച്ച കണ്ണുനീരെന്ന് തിരിച്ചറിയുമ്പോഴാണ് അനുവാചകന്‍ കവിയുടെ ഹൃദയത്തെ തൊടുന്നത്, കവനത്തിന്റെ ലാവണ്യഭാവങ്ങളെ പരിപൂര്‍ണമായും നുകരുന്നത്. അങ്ങനെയാണ് വിജയലക്ഷ്മി എന്ന കവയത്രി വിജയമാണോ പരാജയമാണോ എന്ന് നാം ചിന്തിച്ചുപോകുന്നത്.രാജസഭാവത്തോടു ചേര്‍ന്നുനില്കുന്ന സാത്വികപദങ്ങളുടെ പ്രയോജനകരമായ വിക്ഷേപണത്തിലൂടെ ജീവിതത്തിന്റെ ആഗന്തുകമൂല്യങ്ങളെ നിര്‍വചിച്ചുകൊണ്ട് വൈയക്തികമായി എത്രമാത്രം ഒരു മനുഷ്യന് സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും എന്ന് അന്വേഷിക്കുന്ന കവി പക്ഷേ പലപ്പോഴും താന്‍ തേടുന്ന സ്വാതന്ത്ര്യത്തെക്കാള്‍ തന്റെ അബോധത്തില്‍ വേരുറച്ചുപോയ ബലവാനായ ഒരു അപരന്റെ ഇച്ഛകള്‍ക്കു മുന്നില്‍ പകച്ചുനില്ത്തുന്നത് കാണാം , പലപ്പോഴും. ഉള്ളിലുറഞ്ഞുപോയ ഈ ആദിപ്രരൂപത്തെ അതിജീവിക്കാനാരുതാതെ അവനിലടങ്ങുന്നതാണ് തന്റെ കര്‍മോദ്ദേശം എന്ന ലളിതവത്കരണത്തിലേക്ക് കവി എത്തിച്ചേരുന്നു . ഈ ഒരു ഭാവം വിജയലക്ഷ്മിയില്‍ ഉടനീളം കാണാം. വിച്ഛേദിക്കേണ്ടതാണ് എന്നുറപ്പുള്ളതിനോട് പോലും സന്ധിചെയ്യുക എന്നതാണത്. ആരുറപ്പുള്ള സ്വജീവിതം പണിയുന്നതിന് സ്വേച്ഛയാ വെയിലും മഴയും ഏല്കണമെന്ന് കവി അച്ഛന്റെ മകളില്‍ കണ്ടെത്തുന്നുണ്ടെങ്കിലും ആ കണ്ടെത്തലും വിട്ടുപോകലും മൃത്യുബാധയെ ഭയന്നാണല്ലോ സംഭവിക്കുന്നത്.ഗത്യന്തരമില്ലാതെ ചെയ്തുപോകുന്ന അവസ്ഥ. മൃഗശിക്ഷകന്‍ എന്ന കവിത നോക്കുക.അതിപ്രബലനായ ശിക്ഷകന്റെ ഇച്ഛകള്‍ക്ക് മെരുങ്ങിക്കൊടുക്കാന്‍‌ വിധിക്കപ്പെട്ട മൃഗത്തിന്റെ സഹജഭാവങ്ങള്‍ അവന് അന്യമായിത്തീരുന്നു.എങ്കിലും ഇടക്കിടക്ക് വന്യഭാവങ്ങളോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തുന്ന മൃഗം ശിക്ഷകന്റെ തീവളയങ്ങളെ അതിലംഘിക്കണമെന്നുറക്കുന്നുവെങ്കിലും പൌരാണികമായ ഒരു ഭയം ഇവനെ അടക്കിനിര്‍ത്തുന്നു. ആ ഭയമാകട്ടെ താന്‍ എന്നേക്കും അടിമതന്നെ എന്ന വിധേയഭാവത്തില്‍ നിന്ന് ഉളവായിവരുന്നതുമാണ്.
നോക്കുക
കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

............ ഭയം ഭയം മാത്ര -
മടിമ ഞാന്‍ , തോറ്റു കുനിഞ്ഞിരിക്കുന്നു.
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പു ഞാന്‍ .

ഈ ഭയത്തെ അതിലംഘിക്കുന്ന ഒന്നും തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയില്‍ കവി കണ്ടെത്തുന്നില്ല .ഇതിനെതിരെ ജ്വലിക്കേണ്ടത് ആസന്നമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതൊരു ദൌത്യമായി ഏറ്റെടുക്കുന്നില്ല. പറയൂ പാവയോ മൃഗം ? എന്ന ഘനഗംഭീരചോദ്യം ഈ തിരിച്ചറിവിന്റെ അനുരണനമായി ഉയരുന്നു. പക്ഷേ ആ ചോദ്യം ഉയര്‍ത്തുന്ന ലക്ഷ്യവേധിയായ ഉത്തരത്തെ തേടാതെ കവി അകാരണമായി പിന്നോട്ടു പോകുകയാണ് .

വനത്തിലേക്കെന്റെ വപുസുപായുവാന്‍
വിറക്കുന്നു പക്ഷേ നിറകണ്‍മുന്നിലീ
ച്ചുവന്ന തീച്ചക്രം വലയത്തിനക
ത്തിടം വലം നോക്കാതെടുത്തുചാടണം
ഇതെത്ര കാലമായ് പഠിച്ചു ഞാന്‍ പക്ഷേ
ഇടക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.

വപുസ്സിന്റെ ജൈവികമായ ചോദനകളെ കീഴപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നു നില്കുന്ന ഈ ഭയം തന്നെയാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നിന്നും കവിയെ പിന്നോട്ടടിക്കുന്നത്. ആ ഭയമാകട്ടെ നിയന്താവായ ശിക്ഷകന്റെ അഥവാ പുരുഷപ്രധാനമായ ഒരു സാമൂഹ്യാവബോധത്തിന്റെ ജാരസന്തതികൂടിയാണ്. തനിക്കു താന്‍ തന്നെ പോരും എന്ന ബലവത്തായ വികാരത്തിന്റെ അഭാവം എന്നും അടിയാളരായിത്തന്നെ കീഴടങ്ങിക്കിടാക്കാനുള്ള പ്രതിലോമഭാവനക്ക് വളമാകുന്നു. ഈ വിധേയഭാവം വിജയലക്ഷ്മിയുടെ അടിസ്ഥാനസ്വഭാവമാണെന്ന് വെളിപ്പെടുത്തുന്ന കവിതകള്‍ ഇനിയുമുണ്ട് നോക്കുക.

മന്നവ മറന്നാലുമിത്തണല്‍ , തളര്‍ന്നെന്തി
നിങ്ങണയുന്നൂ വീണ്ടും ? മാപ്പ് -ഞാന്‍ മറന്നുവോ
ധര്‍മ്മഭാരത്തെ രാമന്നമ്മയാകുവാനല്ലോ
വന്നു ഞാന്‍ മറ്റെന്തുണ്ടീ മഹിഷിക്കധികാരം?
(കൌസല്യ)
ദേവാ , കടലിനും കാറ്റിനും ഭൂവിതില്‍
നീയരുളുന്നു പ്രകാശമെങ്കില്‍
താനെതറച്ചിരുമ്പാണി മൂര്‍ദ്ധാവില്‍ , ഞാന്‍
താണുവീഴുന്നു ഭവത്പദത്തില്‍
(പ്രാര്‍ത്ഥന )

ഗംഭീരമായ് ശാന്തമായ്ക്കടലോളവും
നെഞ്ചുവിരിക്കുമിക്കായലിനെക്കൂടി
എന്തിന് , കൊല്ലുന്ന പുഞ്ചിരിയാല്‍ വിഡ്ഢി
യെന്നു ഘോഷിക്കും പരിഹസിച്ചെങ്കിലും
എന്തിനോ സ്നേഹിച്ചു പോവുകയാണുഞാന്‍
കായല്‍ , തിരിച്ചൊന്നുമേകിയില്ലെങ്കിലും
നീയടുത്തുണ്ടെങ്കിലാശ്വസ്തയാണു ഞാന്‍
(കായല്‍ )

അവിടുന്നാരെന്റെ പിതാവല്ലാ , പ്രിയ
നവനല്ലാ, പ്രിയസഖിയുമല്ലല്ലോ
അറിയില്ലെന്നാലുമകല്‍ച്ചിയില്ലല്ലോ
അകത്തു ഭീതിയോ വെറുപ്പോ സ്നേഹമോ
ഭവാബ്ദിചിന്തയോ മടുപ്പോ ഖേദമോ?
അഴിച്ചുവെക്കാം ഞാന്‍ കവചം കുണ്ഡലം
അടുത്തുവന്നങ്ങ് വിരാട് സ്വരൂപനായ്
ഹൃദയപിണ്ഡത്തെച്ചവിട്ടിപ്പൊങ്ങുമ്പോള്‍
(അപരാഹ്നം)

കഴുതജന്മത്തിനപ്പുറം പോകുവാന്‍
കഴിയുമായിരുന്നെങ്കിലീ വീഥിയില്‍
പരിഹസിക്കുന്ന നിങ്ങളെ കെട്ടുമായ്
പടി ചവിട്ടാന്‍ പറഞ്ഞു വിട്ടേനേ ഞാന്‍
(കഴുത )

ഞാനീപ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായി വരു നിന്‍ ജന്മമോമനേ (ബാലാമണിയ അമ്മ ) എന്ന പ്രചണ്ഡമായ ഭാവന ഉണര്‍ത്തുന്ന ഉള്‍പ്പുളകങ്ങളെ വിജയലക്ഷ്മിക്ക് അന്യമാണ്. ഞാന്‍ എന്ന ഭാവത്തിന്റെ അഭാവത്തില്‍ പണിതുയര്‍ത്തിയുര്‍ത്തിയിരിക്കുന്ന കാവ്യമുഹൂര്‍ത്തങ്ങള്‍ , നീ എനിക്കുണ്ട് അതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു ചിന്തിക്കുന്നവയാണ്. അപരനായി പ്രയത്നിക്കരുതെന്നോ പ്രണയിക്കരുതെന്നോ അല്ല , മറിച്ച് അപരനില്ലെങ്കില്‍ താനില്ല എന്ന ധാരണയെയാണ് ഈ കവയത്രി തിരുത്തേണ്ടത് .വഴിവിളക്കുകള്‍ പഥികന് വെളിച്ചം പകരാനാണ്. വിളക്ക് അര്‍ത്ഥപൂര്‍ണമാകുന്നത് പഥികന്‍ ആ വെളിച്ചത്തില്‍ സ്വന്തം വഴി തിരരഞ്ഞെടുക്കുമ്പോഴും. എന്നാല്‍ വിളക്കാണ് സര്‍വ്വവും എന്നും പഥികന്‍ ഉപജീവിയാണ് എന്നുമുള്ള ധാരണയെയാണ് ഈ കവയത്രി മാറ്റിയെഴുതേണ്ടത്. സ്വന്തം കാലിലെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചു കൊണ്ട് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ ആഘോഷിക്കുന്നത് ഈ സ്വാതന്ത്ര്യബോധമാണ്. ആ ബോധത്തോടുള്ള ഉത്കടമായ അഭിവാഞ്ജയാണ് .സഹ്യന്റെ മകന്‍ വിജയലക്ഷ്മിയാണ് എഴുതിയതെങ്കില്‍ എങ്ങനെയാകുമായിരുന്നെന്ന് വെറും കൌതുകത്തിനായി ഒന്നു ചിന്തിച്ചു നോക്കുക.
സഞ്ചരിക്കുകയാണാ
സാഹസി , സങ്കല്പത്തിനല്‍
വന്‍ചെവികളാം പുള്ളി
സ്വാതന്ത്ര്യപത്രം വീശി - എന്ന വരികളുടെ നേരര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന ഒരു കാവ്യാവസാനമായിരിക്കില്ല സഹ്യന്റെ മകനില്‍ സംഭവിക്കുക. മറിച്ച് സ്വാതന്ത്ര്യം മഹത്തരമെങ്കിലും ഈ അടിമക്ക് ഉടമയെ വിട്ടുപോകാനാവില്ലല്ലോ എന്ന പരിദേവനം ആയിരിക്കും. ആ പരിദേവനത്തിന്റെ പരിണതഫലമാകട്ടെ ശ്രീശൂന്യമായ ഇരുള്‍ഗുഹകളിലേക്കുള്ള പൊട്ടിവീഴലിന് കളം വരക്കുകയും ചെയ്യും. സ്വജീവിതത്തിന്റെ അടിയറവെക്കപ്പെട്ട സ്വത്വബോധമല്ല മറിച്ച് ആത്മബലത്തോടെ അടിമത്വത്തില്‍ നിന്നു മരണം വരിച്ചുകൊണ്ട് വിമോചിതനാവുന്ന സഹ്യന്റെ മകനാണ് നമ്മുടെ മനസ്സില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുക എന്നുള്ളത് നിസ്തര്‍ക്കമാണ്. പരകര്‍മം ഭയാവഹം എന്നനുശീലിച്ചുപോരുന്നു ഒരു ദര്‍ശനത്തിന്റെ നിറവ് ഇവിടെയാണ് തിടം വയ്ക്കുന്നത്.

ഫോട്ടോമത്സര വിജയികള്‍

കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു  നടത്തിയ ഫോട്ടോഗ്രഫി മത്സരം  ഏറെ ആവേശമുയര്‍ത്തി.  ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത എല്ലാവരും തന്നെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തി പ്രദര്‍ശിപ്പിച്ച ഫോട്ടോകള്‍ക്ക്  മാര്‍ക്ക് നല്‍കുകയുണ്ടായി. ആകെ നൂറ്റി നാല്‍പ്പത്തെട്ടു ചിത്രങ്ങളാണ് മത്സരത്തിനായി  ലഭിച്ചത്.  പ്രിലിമിനറി റൌണ്ടില്‍ നിന്നും സംഘാടക സമിതി  തിരഞ്ഞെടുത്ത അറുപതു  ചിത്രങ്ങളാണ്  മത്സരത്തിനും പ്രദര്‍ശനത്തിനുമായി  പരിഗണിച്ചത്.   നിശ്ചിത സമയത്തിനു ശേഷം വന്ന  ഇരുപത്തി ഒന്ന് ചിത്രങ്ങള്‍  പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു.  രെജിസ്ട്രേഷന്‍ സമയത്ത്  നല്‍കിയ വോട്ടിംഗ് സ്ലിപ്പിലൂടെ  മീറ്റില്‍ പങ്കെടുത്തവര്‍  വോട്ട് ചെയ്തു.  ഉച്ചയ്ക്ക് ഒന്നര വരെ ആയിരുന്നു വോട്ട് ചെയ്യാനുള്ള സമയം.  ഒന്നരയ്ക്ക് ശേഷം ലഭിച്ച മൂന്നു വോട്ടിംഗ് സ്ലിപ്പുകള്‍  പരിഗണിച്ചില്ല.  ഏതെങ്കിലും  ഫോട്ടോകളുടെ മാര്‍ക്ക്  ഒരേ പോലെ വരികയാണെങ്കില്‍ മാത്രം  ഈ സ്ലിപ്പുകള്‍ പരിഗണിക്കാമെന്ന് കരുതിയിരുന്നെങ്കിലും അതിന്റെ ആവശ്യം വന്നില്ല.  പ്രഗത്ഭരായ മൂന്നു ജഡ്ജി മാര്‍  നേരത്തെ തന്നെ ചിത്രത്തിന്  ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.   മറ്റു ഫോട്ടോഗ്രഫി മത്സരത്തില്‍ നിന്നും വ്യത്യസ്തമായി   മീറ്റില്‍ പങ്കെടുത്തവര്‍  നല്‍കിയ വോട്ടും ജട്ജസിന്റെ ഗ്രേസ് മാര്‍ക്കും കൂട്ടിയാണ് വിജയിയെ നിശ്ചയിച്ചത്.   
" കാട്ടുകുതിര " ബ്ലോഗ്‌ ഉടമ  ബ്ലോഗര്‍ ഹബിക്കാണ് ഒന്നാം സമ്മാനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടിയുടെ    പുഞ്ചിരി ഏവരുടെയും മനസ്സില്‍  നൊമ്പരമുണര്ത്താന്‍    കഴിഞ്ഞതിനാലാണ് ഏറ്റവും അധികം പേരും  ഈ ഫോട്ടോയ്ക്ക്മാര്‍ക്ക് നല്‍കിയത് എന്ന്  കരുതുന്നു.  ജട്ജസിന്റെ ചോയിസില്‍    ഈ ചിത്രം  രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.  ആകെ 214 .5 മാര്‍ക്ക്  നേടിയാണ്‌ ഹബിയുടെ ഈ ചിത്രം  ഒന്നാം സ്ഥാനത്തെത്തിയത്.   ജഡ്ജസ്  ഈ ചിത്രത്തിന് 19 മാര്‍ക്കാണ്  നല്‍കിയത്; വോട്ടര്‍മാര്‍ 195 .5 മാര്‍ക്കും.
ഏറ്റവും അവസാനത്തെ ആള്‍ ഒന്നാമനായിരിക്കുന്ന  കാഴ്ചയാണ് നമ്മള്‍ കാണുന്നത്.   മത്സരം തീരുന്നതിനു  ഇരുപത്തി  ഒന്ന് മിനിട്ട് മുന്‍പാണ്    ഹബീബ് ഫോട്ടോകള്‍ മത്സരത്തിനായി അയച്ചത്. അതിനാല്‍ ഏറ്റവും അവസാനത്തെ നമ്പര്‍ ആയ നൂറ്റി നാല്പത്തെട്ടു ആണ് ലഭിച്ചത് .  പ്രിലിമിനറി സെലക്ഷന്‍ കഴിഞ്ഞപ്പോള്‍  അതിലും അവസാനത്തെ നമ്പര്‍ ആയ അറുപതാണ് ലഭിച്ചത്. 
രണ്ടാം സ്ഥാനത്തെത്തിയ  ചിത്രം  ശ്രീജിത്ത്‌ എം എസിന്റെ ഏകാന്തം എന്ന ചിത്രമാണ്.   മനോഹരമായ ലൈറ്റിംഗ്  ഈ ചിത്രത്തിന്‍റെ എടുത്തു പറയേണ്ട   പ്രത്യേകതയാണ്.   ക്ലിക്കുകള്‍  എന്ന ബ്ലോഗിന്റെ ഉടമയും സോഫ്റ്റ്‌വെയര്‍ എന്ജിനീയറും ആയ    ശ്രീജിത്ത്‌ തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്.  ജഡ്ജസ് ചോയിസില്‍  ഈ ചിത്രം 16 .7 മാര്‍ക്കുകള്‍ നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.   വോട്ടര്‍മാര്‍  ഈ ചിത്രത്തിന് രേഖപ്പെടുത്തിയത്  190 .8   മാര്‍ക്കാണ് .  മൊത്തം 207 .5 മാര്‍ക്ക്
മൂന്നാം സ്ഥാനത്തെത്തിയ  ചിത്രം  സ്മൃതിജാലകം  ബ്ലോഗുടമ  വിനയന്റെതാണ് . " ശേഷം " എന്നാണു ചിത്രത്തിന്  പേരിട്ടിരിക്കുന്നത്. വൈക്കം സ്വദേശിയായ വിനയന്‍  ചെന്നൈയില്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കുന്നു.  ജഡ്ജസ് ചോയിസ്സില്‍ ഈ ചിത്രം ഏഴാം സ്ഥാനത്തായിരുന്നു.  189 .6 മാര്‍ക്ക് വോട്ടര്‍മാരും  14 .5 മാര്‍ക്ക് ജട്ജസും ഈ ചിത്രത്തിന്  നല്‍കി . ആകെ  204 .1 മാര്‍ക്ക്.4 th & 5 th  Place Entries :
ഫൈസല്‍ മുഹമ്മദ്‌ എന്ന  ബ്ലോഗര്‍ പാച്ചു വിനു ഈ വര്ഷം  ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണ്  ഇത്. ഈ വര്‍ഷത്തെ ലളിതകല അക്കാദമി യുടെ ഒന്നാം സമ്മാനമാണ് ആദ്യം ലഭിച്ചത്.  "മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ " എന്ന ലേഖനത്തിലൂടെ   ബ്ലോഗര്‍ പാച്ചു  എടുത്ത ചിത്രങ്ങള്‍  ബൂലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഡാമിന്റെ ഭീകരാവസ്ഥ  മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.    ജഡ്ജസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍  ഒന്നും മൂന്നും  സ്ഥാനങ്ങള്‍ നേടാനായതാണ്  പാച്ചുവിനെ ജൂറി അവാര്‍ഡിന് അര്‍ഹനാക്കിയത് .   മുപ്പതില്‍  20 .5 മാര്‍ക്കുകള്‍ നേടിയാണ്‌ പാച്ചു വിന്റെ തോരാമഴയത്ത്   എന്ന ചിത്രം ജഡ്ജിമാരെ ആകര്‍ഷിച്ചത്.  രണ്ടാം സ്ഥാനത്തു ബ്ലോഗര്‍ ഹബിയുടെ ചിത്രങ്ങള്‍ ആയിരുന്നു ( 19 മാര്‍ക്ക് ).  മൂന്നാം സ്ഥാനത്തായ  " പ്രതീക്ഷയോടെ " എന്ന ചിത്രം  16 .8 മാര്‍ക്കുകള്‍ നേടി

ഫോട്ടോ മത്സരത്തില്‍  ഉള്‍പ്പെടുത്തിയ എല്ലാ ഫോട്ടോകളുടെയും പി ഡി എഫ്  ഇവിടെ നിന്നും  ഡൌണ്‍ലോഡ് ചെയ്ത്  കാണാം. ജഡ്ജസ് നല്കിയതും വോട്ടിങ്ങില്‍  ലഭിച്ചതുമായ മാര്‍ക്കുകള്‍  തരം തിരിച്ചും ലഭിക്കുന്നതാണ്.

 വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍  ജൂലൈ 31 നു തൊടുപുഴ മീറ്റില്‍ വച്ച്  വിതരണം ചെയ്യുന്നതാണ്.  വിജയികള്‍ കഴിവതും  തൊടുപുഴ മീറ്റില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.  അതിനു സാധിക്കാത്തവര്‍ bloggercompetition@gmail.com   എന്നതില്‍  വിലാസം അയച്ചു തന്നാല്‍  സമ്മാനങ്ങള്‍ കൊറിയര്‍ ചെയ്യുന്നതായിരിക്കും.
"വിജയികള്‍ക്ക് ബൂലോകത്തിന്റെ അനുമോദനങ്ങള്‍ "

ഫോട്ടോ മത്സരം : ജഡ്ജസ് ചോയ്സ്

കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു നടത്തിയ  ഫോട്ടോ മത്സരത്തിനു ആവേശകരമായ പ്രതികരണമാണ്  ലഭിച്ചത്.  ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്നു  പേരായിരുന്നു ജട്ജു മാര്‍.  ജഡ്ജിമാരുടെ  മാര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ മാര്‍ക്കുകളും ചേര്‍ത്താണ്  വിജയിയെ നിശ്ചയിക്കുന്നത്.   ജഡ്ജിമാരെയും അവര്‍ തിരഞ്ഞെടുത്ത "ടോപ്‌ 5" ലിസ്റ്റിലുള്ള ഫോട്ടോകളും  അറിയാം.

ജഡ്ജ് 1   : വേണു  ഗോപാലകൃഷ്ണന്‍
അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ  വേണു കൊല്ലം സ്വദേശിയാണ്.  കൊച്ചിയില്‍ സ്വന്തം സോഫ്റ്റ്‌വെയര്‍  കമ്പനി നടത്തുന്നു.   കഴ്ഞ്ഞ പതിനെട്ടുവര്ഷം മായി ഫോട്ടോഗ്രാഫിയില്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.    വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ്  താല്‍പ്പര്യം.    2011 ലെ നാഷണല്‍ ജോഗ്രഫി ചാനല്‍  ആഗോള തലത്തില്‍ സെലെക്റ്റ് ചെയ്ത ടോപ്‌  500 ഫോട്ടോകളില്‍ വേണു വിന്റെ ഫോട്ടോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.   കേരളത്തിലെ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പോലും പിന്തള്ളപ്പെട്ട  ഈ സെലെക്ഷനില്‍  അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ വേണുവിന്റെ  ഈ നേട്ടം മലയാളത്തിനു അഭിമാനാര്‍ഹാമാണ്. 

ജഡ്ജ് 2 : ടി ജെ വര്‍ഗ്ഗീസ്

കേരളത്തിലെ പ്രൊഫഷനല്‍ ഫോട്ടോഗ്രഫി രംഗത്ത്  പ്രശസ്തനായ  വ്യക്തിയാണ് ടി ജെ വര്‍ഗീസ്‌.   കാല്‍  നൂറ്റാണ്ടായി ഈ രംഗത്ത് വന്നിട്ട്. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡു, ലളിത കലാ അക്കാദമി അവാര്‍ഡു തുടങ്ങി  നിരവധി അവാര്‍ഡുകള്‍  ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  ഇപ്പോള്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ  ജനറല്‍ സെക്രട്ടറി ആണ്.  എറണാകുളത്തുള്ള പച്ചാളം  ആണ് സ്വദേശം.

ജഡ്ജ് 3 : ഷിബു ( അപ്പു )

മലയാളം ബ്ലോഗിങ് രംഗത്തെ ശക്തമായ സാന്നിധ്യമായ അപ്പു എന്ന ഷിബുവിനെക്കുറിച്ച്  ഇവിടെ കൂടുതല്‍  പറയേണ്ടതില്ല.  പത്തനം തിട്ടയിലെ പന്തളം സ്വദേശി ആയ  അപ്പു ഇപ്പോള്‍ ദുബായിയില്‍ ആണ് ജോലി ചെയ്യുന്നത്. ഇന്റെര്‍നെറ്റിലെ ഫോട്ടോ ക്ലബ്‌ എന്ന  ബ്ലോഗ്‌ ഫോറം  നടത്തുന്നുണ്ട്.

കൊച്ചി മീറ്റ്‌  : അപ്ഡേറ്റ്

കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്

ചില സാങ്കേതിക  പ്രശ്നങ്ങളാല്‍  മീറ്റ്‌ ലൈവ് ആദ്യം  തടസ്സം നേരിട്ടിരുന്നു.   സ്ട്രീമിംഗ് സൈറ്റ്  മാറിയതോട് കൂടി  ആ പ്രശ്നം തീര്‍ന്നു . എങ്കിലും  പരിമിതമായ സമയത്തേക്ക്  മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു.

കൊച്ചി  മീറ്റില്‍  നടത്തിയ ഫോട്ടോ പ്രദര്‍ശനം  ഏറെ ശ്രദ്ധിക്കപ്പെട്ടു.  പങ്കെടുത്ത ബ്ലോഗര്‍മാര്‍ എല്ലാം തന്നെ വളരെ സജീവമായി തന്നെ ഓരോ ഫോട്ടോകള്‍ക്കും  മാര്‍ക്ക്‌  ഇടുന്നതില്‍  ശ്രദ്ധിച്ചു. ഏതാണ്ട് രണ്ടു മണിക്കൂര്‍  നേരം ജിക്കു, അജു , സോണിയ, വീണ എന്നീ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക്‌ തിട്ടപ്പെടുത്തിയിട്ടും  തീരാതിരുന്നതിനാല്‍  ഫോട്ടോ മത്സര ഫല പ്രഖ്യാപനം  മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല.  എങ്കിലും ജൂറിയുടെ   സ്പെഷ്യല്‍ അവാര്‍ഡ്‌ ലഭിച്ചത്  ഫൈസല്‍ മുഹമ്മദ്‌ എന്ന ബ്ലോഗര്‍ പാച്ചുവിനാണ്.   പ്രധാന വിജയികളെ ഇന്ന് ( 10 th July 2011 )വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.

ജൂറി  അവാര്‍ഡ്‌ : ടോപ്‌ 5

1 . ഫൈസല്‍ മുഹമ്മദ്‌
2 .ഹബീബ്
3 . ഫൈസല്‍ മുഹമ്മദ്‌
4 . ശ്രീജിത്ത്‌ എം
എസ്
5. ദത്തന്‍ പുനലൂര്‍
മീറ്റ്‌ പോസ്റ്റുകള്‍  :

More posts will be updated Here.
Kochi meet Live

Kochi meet Live
ചില സാങ്കേതിക  പ്രശ്നങ്ങളാല്‍  മീറ്റ്‌ ലൈവ് ആദ്യം  തടസ്സം നേരിട്ടിരുന്നു.   സ്ട്രീമിംഗ് സൈറ്റ്  മാറിയതോട് കൂടി  ആ പ്രശ്നം തീര്‍ന്നു . എങ്കിലും  പരിമിതമായ സമയത്തേക്ക്  മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു.

ഏതാണ്ട് രണ്ടു മണിക്കൂര്‍  നേരം ജിക്കു, അജു , സോണിയ, വീണ എന്നെ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക്‌ തിട്ടപ്പെടുത്തിയിട്ടും  തീരാതിരുന്നതിനാല്‍  ഫോട്ടോ മത്സര ഫല പ്രഖ്യാപനം  മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല.  എങ്കിലും ജൂറിയുടെ   സ്പെഷ്യല്‍ അവാര്‍ഡ്‌ ലഭിച്ചത്  ഫൈസല്‍ മുഹമ്മദ്‌ എന്ന ബ്ലോഗര്‍ പാച്ചുവിനാണ്.  പാച്ചുവിനു അഭിനന്ദനങ്ങള്‍

മീറ്റ്‌ പോസ്റ്റുകള്‍  :

ബൂലോകം ഓണ്‍ ലൈനിലെ  ഫോട്ടോ അപ്ഡേറ്റ്
“സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”  : സജീം തട്ടത്തുമല 
കൊച്ചി മീറ്റ്‌ ഗ്രൂപ്പ്‌ ഫോട്ടോMore posts will be updated Here.

കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്

കൊച്ചി മീറ്റിനു ഇനി മൂന്നു നാല് ദിനങ്ങള്‍ കൂടി മാത്രം. ഏറെ ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് സംഘാടക സമിതി മീറ്റ്‌ ഓര്‍മയില്‍ തങ്ങി നില്‍ക്കണം എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട് വ്യത്യസ്തമായ വിവിധ പദ്ധതികള്‍ മീറ്റിനോടനുബന്ധിച്ചു ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു. പത്ര മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്ത നല്‍കി മീറ്റിനു വേണ്ടത്ര പ്രചാരണം നല്‍കിക്കഴിഞ്ഞു. സൌത്ത് ഇന്ത്യ യിലെ ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള ഇംഗ്ലീഷ് ദിന പത്രമായ " ഡെക്കാന്‍ ക്രോണിക്കിള്‍ " മീറ്റ്‌ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജയന്‍ എവൂരുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖം വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ര വാര്‍ത്തകള്‍ മാത്രം കണ്ട്, പത്തിലധികം ആളുകള്‍ ബ്ലോഗെഴുത്ത് സ്വായത്തമാക്കണം എന്ന ആവശ്യമുന്നയിച്ചു വിളിച്ചിട്ടുള്ളതായി ഡോ. ജയന്‍ ഏവൂര്‍ പറഞ്ഞു.

തിരൂര്‍ തുഞ്ചന്‍ മീറ്റ് സ്മരണിക മീറ്റില്‍ വിതരണം ചെയ്യുകയും അത് വഴി അതിന്റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുകയും ചെയ്യുക എന്നത് വളരെ വലിയ ഒരാവശ്യം തന്നെയാണ്. വളരെ മനോഹരമായി 230 പേജുകളില്‍ , മികച്ച അച്ചടിയില്‍ തയ്യാറാക്കിയിട്ടുള്ള തുഞ്ചന്‍ സ്മരണിക ഏതൊരു ബ്ലോഗ്ഗേഴ്സിനും മുതല്‍ക്കൂട്ട് തന്നെയാണ്. ഇത്തരം മീറ്റുകളിലൂടെ മാത്രമേ ഇതിന്റെ വിപണനം കാര്യ ക്ഷമമായി നടക്കൂ എന്നതിനാല്‍ കൊച്ചി മീറ്റും , തുടര്‍ന്നുള്ള തൊടുപുഴ, കണ്ണൂര്‍ മീറ്റുകളും പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, വിദേശത്തു നിന്നും വിവിധ സമയങ്ങളില്‍ ലീവിന് എത്തി ചേരുന്ന ബ്ലോഗ്ഗേഴ്സിനും ഇത്തരം മീറ്റുകള്‍ ഏറെ പ്രയോജനമാവും എന്നതിനാല്‍ തുടരെ തുടരെ മീറ്റുകള്‍ നടക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള മുറു മുറുക്കലുകള്‍ അവഗണിക്കേണ്ടത് തന്നെ.

എറണാകുളം കച്ചേരിപ്പടിയില്‍ ഉള്ള മയൂരാ പാര്‍ക്ക് ഹോട്ടലിന്റെ റൂഫ് ടോപ്‌ ഹാള്‍ ആണ് മീറ്റിനായി സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിചേരുന്നവര്‍ക്ക്‌ ഫ്രഷ്‌ ആകുന്നതിനായി രാവിലെ നാല് മണി മുതല്‍ ഹോട്ടലില്‍ തന്നെ റൂമും അറേഞ്ച് ചെയ്തിട്ടുണ്ട് എന്നതായി സംഘാടക സമിതി അറിയിക്കുന്നു. രാവിലെ ഒന്‍പതു മണിക്ക് തന്നെ രെജിസ്ട്രേഷന്‍ ആരംഭിക്കും. സമയ കൃത്യതയോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 12 .50 നു ഗ്രൂപ്പ് ഫോട്ടോ സെഷന്‍. ഒരു മണിക്ക് ലഞ്ച് ബ്രേക്ക് .


ഇതിനിടയിലുള്ള സമയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. രെജിസ്ട്രേഷന്‍ സമയത്ത് ലഭിക്കുന്ന വോട്ടിംഗ് സ്ലിപ് ഉപയോഗിച്ച് ഉച്ചയ്ക്ക് ഒന്നര വരെ വോട്ട് ചെയ്യാം. മൂന്ന് മണിക്ക് ഫല പ്രഖ്യാപനം ഉണ്ടാകും. ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നീ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ചേര്‍ന്ന് നല്‍കുന്ന, കൊച്ചി മീറ്റ്‌ ലോഗോ ആലേഖനം ചെയ്തിട്ടുള്ള മൊമന്റോയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇത്തരം മൂന്നു സമ്മാനങ്ങള്‍ ഉണ്ടാകും. കൂടാതെ ലഭിച്ചിരിക്കുന്ന ഫോട്ടോകളില്‍ നിന്നും ജഡ്ജി മാര്‍ ചേര്‍ന്ന് സെലെക്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡും നല്‍കും .കൂടാതെ എന്‍ ബി പബ്ലിക്കേഷന്‍ നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടാകും. ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്ന് പേര്‍ ആണ് മത്സരത്തിന്റെ ജഡ്ജ്. വോട്ടിംഗ് സമയത്ത് ലഭിക്കുന്ന മാര്‍ക്കില്‍ നിന്നും ജഡ്ജി മാര്‍ നല്‍കിയിട്ടുള്ള ഗ്രേസ് മാര്‍ക്ക് കൂടി കൂട്ടിയിട്ടായിരിക്കും വിജയിയെ നിശ്ചയിക്കുക. കൊച്ചി മീറ്റും മത്സര ഫല പ്രഖ്യാപനവും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ ലൈന്‍ എന്നീ ബ്ലോഗ്‌ പോര്ട്ടലുകളിലൂടെ ഇത് തത്സമയം കാണുവാന്‍ സാധിക്കും.

എല്ലാ മീറ്റുകള്‍ക്കും അവിഭാജ്യമായ ഒരു കാര്യമുണ്ട്. സജീവേട്ടന്റെ വര - കൊച്ചി മീറ്റിനും ഇത് അവിഭാജ്യ ഘടകം തന്നെ.

കൊച്ചി മീറ്റിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ മത്സരത്തിലേക്ക് ആവേശ പൂര്‍ണ്ണമായ പ്രതികരണമാണ് ബ്ലോഗര്‍മാരില്‍ നിന്നും ലഭിച്ചത്. അവസാന സമയത്തിനു മുന്പായി 148 ഫോട്ടോകള്‍ ആണ് മത്സരത്തിനായി ലഭിച്ചത്. പരിമിതികള്‍ മൂലം നാല്‍പ്പതു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാം എന്നുള്ളത് ഫോട്ടോകളുടെ എണ്ണക്കൂടുതല്‍ കാരണം അറുപതാക്കി ഉയര്‍ത്തിയിരുന്നു. പ്രിലിമിനറി റൌണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അറുപതു ഫോട്ടോകള്‍ ആണ് മത്സരത്തിലെക്കും പ്രദര്‍ശനത്തിനും പരിഗണിക്കപ്പെടുക.

കൊച്ചി മീറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന ബ്ലോഗര്‍മാര്‍ ലിങ്കില്‍ അക്കാര്യം കമന്റായി രേഖപ്പെടുത്തണം എന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോവിന്ദപ്പിള്ളവായനയാണ് എഴുത്തിലേക്കുള്ള വഴി തുറക്കുന്നത്. നല്ല വായനയുള്ള ഒരാള്‍ക്കേ നന്നായി എഴുതാനുമാകൂ. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍, പക്ഷേ ആര്‍ക്കുണ്ട് ഇക്കാലത്ത് ഗൌരവതരമായ വായനയ്ക്ക് സമയം?! അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പേരുകള്‍ പോലും കേള്‍ക്കാതെ പോകുന്നതരത്തിലുള്ള തിരക്കിനിടയിലാണ് നാം ഓരോരുത്തരും. മറുനാടന്‍ മലയാളികളുടെ കാര്യം പറയുകയാണെങ്കില്‍, വായിക്കണമെന്ന ആഗ്രഹത്തോടെ സമയം കണ്ടെത്തിയാലും, പുസ്തകങ്ങള്‍ കൈവശമെത്തുന്നില്ല എന്നതാണ് ദുഃഖസത്യം. ഉല്‍ക്കടമായ ആഗ്രഹം മുളപൊട്ടിയാല്‍ ഇതൊക്കെയും സാദ്ധ്യമാകും എന്നതാണ് മറ്റൊരു സത്യം. സമയത്തിന് സമയവും, പുസ്തകത്തിന് പുസ്തകവുമെല്ലാം താനേ പ്രാപ്യമാകാന്‍ തുടങ്ങും. അങ്ങനെയൊരു ആഗ്രഹം ഓരോ വായനക്കാരിലും ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ബൂലോകത്തില്‍ 'വായനയുടെ ഇതള്‍ വിരിയുമ്പോള്‍' എന്ന ഒരു പുതിയ പംക്തി തുടങ്ങുകയാണ്. ഒരു ഗ്രന്ഥം വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും, അതിന്റെ ഉള്ളടക്കം മനസ്സിലാക്കാനും, ഉള്ളടക്കം മാത്രം വായിച്ചിട്ട് ഗ്രന്ഥം പൂര്‍ണ്ണമായും വായിക്കണമെന്ന തോന്നല്‍ ഓരോ വായനക്കാരനിലും ജനിപ്പിക്കാനുമൊക്കെ ഈ പംക്തിക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ മാസം മുതല്‍ മനോജ് പട്ടേട്ടിന്റെ പുസ്തകാവലോകനം പരമ്പര ആരംഭിക്കുകയാണ്. മാസത്തില്‍ രണ്ട് പോസ്റ്റുകള്‍ പുസ്തകാവലോകത്തിന്റെ താളുകളായി നമ്മുടെ ബൂലോകത്തില്‍ വായിക്കാം. വായനയുടേയും എഴുത്തിന്റേയും ഒരു വസന്തം തന്നെ വായനക്കാര്‍ക്കും ബൂലോകര്‍ക്കും ആശംസിച്ചുകൊണ്ട്...'വായനയുടെ ഇതള്‍ വിരിയു'കയായി.
മനോജ്‌ പട്ടേട്ട്

വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോവിന്ദപ്പിള്ള

നാഗരികതയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വില്‍ ഡൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് സമാനതകളില്ല. പ്രതിനിമിഷം നമ്മെ അത്ഭുതപ്പെടുത്തുന്ന ആ പതിനൊന്ന് വാല്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കെത്തുന്ന മറ്റൊരു ഗ്രന്ഥമാണ് ഇന്ത്യയുടെ ചരിത്രം പറയുന്ന ഏഴു വാല്യങ്ങളുള്ള, ശ്രീരാമകൃഷ്ണ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ പുറത്തിറക്കിയ ദ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥാവലി. ഒന്നാമത്തേത് വില്‍ ഡ്യൂറെന്റിന്റെ ശ്രമത്തിന്റെ ഫലമാണെങ്കില്‍, ഡോ: രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആര്‍ സി മജുംദാറും സുനീത് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഒരു സംഘം ചരിത്രകാരന്മാരുടെ സംയുക്ത ശ്രമാണ് രണ്ടാമത്തേത്. മലയാളത്തിലാകട്ടെ ഇത്തരം ആധികാരികമായ ചരിത്രഗ്രന്ഥങ്ങള്‍ പൊതുവേ വിരളമാണെന്ന് പറയാം. ആ മേഖലയിലേക്ക് വന്നുചേര്‍ന്ന വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ശ്രമഫലമായി ഉണ്ടായിട്ടുള്ള വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക പഠനം എന്ന ഉജ്ജ്വലഗ്രന്ഥം. ചരിത്ര ഗ്രന്ഥം എന്നു പറഞ്ഞുവെങ്കിലും മറ്റു രണ്ടുകൃതികളേയും പോലെ മാനവചരിത്രത്തിന്റെ ക്രമാനുക്രമമായ ഒരു അവതരണരീതിയല്ല ഈ ഗ്രന്ഥം അനുവര്‍ത്തിക്കുന്നത്. ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രവുമാകുന്നില്ല. മുന്കാലങ്ങളേയും പിന്‍കാലങ്ങളേയും സമഞ്ജസമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമഗ്രമായ ഒരു പ്രതിപാദനരീതി അവലംബിക്കുകയാല്‍ ആധുനികലോകത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്.

ഈ പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു. "ശാസ്ത്രത്തിന്റെ വികാസവും ശാസ്ത്രജ്ഞന്മാരുടെ ജീവിതവും ജനങ്ങള്‍ ശാസ്ത്രജ്ഞന്മാരോടും അവരുടെ കണ്ടുപിടുത്തങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതും കലയും സാഹിത്യവും ദര്‍ശനവും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്രസംഭവങ്ങളുമായി കെട്ടുപിണഞ്ഞ് ആദാനപ്രദാനങ്ങള്‍ നടത്തി വികസിക്കുന്നവെന്നും വിവരിക്കുന്ന ചരിത്രങ്ങള്‍ വിരളമാണ്. ചാള്സ് സിംഗറിനേയും ജെ.ഡി ബര്‍ണലിനേയും പോലെ ചുരുക്കം ചില ശാസ്ത്രജ്ഞന്മാര്‍ സാംസ്കാരിക അന്തരിക്ഷം എങ്ങനെ ശാസ്ത്രത്തെ ബാധിക്കുന്നുവെന്ന് സ്പര്‍ശിച്ച് പോകുന്നുണ്ടെങ്കിലും, അവ വളരെ പരിമിതമായ തോതില്‍ മാത്രമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ പരിമിതി പരിഹരിക്കാന്‍ കഴിയും വിധം സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരികചരിത്രത്തിലെ ഒരുജ്ജ്വല അധ്യായത്തിന്റെ ചരിത്രം രചിക്കുവാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത്." ഗ്രന്ഥകാരന്റെ അവകാശവാദം തുലോം ലളിതമാണെങ്കിലും അതിലും എത്രയോ മഹത്തായ ഒരു കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവര്‍ അത്ഭുതം കൊള്ളുകതന്നെ ചെയ്യും.

വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം എന്നാ പേരിനെത്തന്നെ കൃത്യമായി നിര്‍വചിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വിജ്ഞാനം, വിപ്ലവം, ചരിത്രം, സംസ്കാരം എന്നീ നാല് പദങ്ങളുടെ അയത്നലളിതമായ പ്രയോഗങ്ങളാല്‍ സമ്പന്നമാണല്ലോ നമ്മുടെ സമകാലിസാംസ്കാരികചിന്താധാര. എന്നാല്‍ ഓരോ പദങ്ങളിലും നിഹിതമായിരിക്കുന്ന അര്‍ത്ഥതലങ്ങളെന്ത് എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മാനവചരിത്രത്തിന്റെ ആദ്യകാലസംഭവവികാസങ്ങളിലേക്ക് ചെന്നേത്തേണ്ടിവരും എന്നതാണ് വസ്തുത. ഈ വസ്തുതയെ പരിപോഷിപ്പിച്ചുകൊണ്ടാണ് പ്രാരംഭം എന്ന ഒന്നാം ഭാഗത്തിലെ ആറ് അദ്ധ്യായങ്ങല്‍ ഇതള്‍ വിരിയുന്നത്. ഗ്രന്ഥനാമത്തിലടങ്ങിയിരിക്കുന്ന നാലുപദങ്ങളേയും സൈദ്ധാന്തികമായി സംയോജിപ്പിച്ചുകൊണ്ട് അവ ഏതൊക്കെ തലത്തിലാണ് ഈ പുസ്തകത്തിന്റെ രചനക്ക് സഹായകമായി നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു. ചരിത്രവും സംസ്കാരവും, സത്യം ശിവം സുന്ദരം, പ്രകൃതി ശാസ്ത്രവും ധര്‍മശാസ്ത്രവും, ശാസ്ത്രം കപടശാസ്ത്രം ശാസ്ത്രവിരോധം, ജ്ഞാനം വിജ്ഞാനം ശാസ്ത്രം, വിജ്ഞാനവികാസവും പ്രതിഭാവിലാസവും എന്നീ ആറ് അദ്ധ്യായങ്ങളിലൂടെ ഇതപര്യന്തമുള്ള ഒട്ടുമിക്ക ചിന്താപദ്ധതികളേയും പരിചയപ്പെടുത്തുകയും അവയൊക്കെ പുരോഗമനോന്മുഖമായ സമൂഹസൃഷ്ടിക്ക് എങ്ങനെയൊക്കെ പ്രചോദനമായി ഭവിച്ചു എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

രണ്ടാം ഭാഗമാകട്ടെ യൂറോകേന്ദ്രിതമായ ഒരു വ്യവസ്ഥിതിയിലേക്ക് നാം നയിക്കപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കുന്നു. യൂറോവാദത്തിന്റെ രാഷ്ട്രീയം എന്ന ഒന്നാം അദ്ധ്യായത്തില്‍ രാഷ്ട്രീയവും സൈനികവുമായ അധികാരാവകാശങ്ങള്‍ എല്ലാംതന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നും യൂറോപ്യന്‍ ശക്തികള്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും, സാംസ്കാരികമായി മേല്‍ക്കോയ്മയിലൂടെ സാമ്പത്തികാധിപത്യം സുഗമമായി നിലനിര്‍ത്തിക്കൊണ്ടു രാഷ്ട്രീയാധിപത്യത്തിലേക്ക് ചെന്നെത്തുന്ന ഇടപെല്‍ രീതിയെ വ്യക്തമാക്കുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സംഭാവനകളെ വിലകുറച്ചുകാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അവലംബിക്കപ്പെട്ടത്. യൂറോകേന്ദ്രവാദത്തിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്ന ഒരു കഥ ഇവിടെ നമുക്ക് ഗ്രന്ഥകാരന്‍ ഇങ്ങനെ വിവരിക്കുന്നു. പൌലോസ് മാര്‍ ഗ്രിഗറിയോസ്, ജോണ്‍ പോള്‍ രണ്ടാമനുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവ. കഴിഞ്ഞ 500 വര്‍ഷമായി സുവിശേഷവേലകള്‍ അത്യുത്സാഹപൂര്‍വം നടത്തപ്പെടുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ക്രിസ്തുമതം ഒന്നാമതായി വളരാത്തത് എന്നായിരുന്നു ആ അഭിമുഖത്തിലെ ഒരു ചോദ്യം. അതിന് മാര്‍പാപ്പ പറഞ്ഞ ഉത്തരമാകട്ടെ, കൃസ്തീയവേദശാസ്ത്രത്തിലെ ആശയങ്ങള്‍ അതിഗഹനമാണെന്നും അത് ഏഷ്യക്കാര്‍ക്കും മറ്റുമൊന്നും മനസ്സിലാകില്ല എന്നായിരുന്നു. അടുത്ത ചോദ്യമാകട്ടെ പൌരസ്ത്യഫിലോസഫിയെക്കുറിച്ച് അങ്ങെന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന ഒറ്റവാക്കിലവസാനിച്ചു മാര്‍പാപ്പയുടെ ഉത്തരം. സൂചന, മതകാര്യങ്ങളിലെന്നതുപോലെത്തന്നെ മറ്റേതൊരു വിഷയത്തിലും ചോദ്യം ചെയ്യാനാകാത്ത പ്രതിഭയാണ് തങ്ങളെന്ന ധാരണ യൂറോകേന്ദ്രിതവാദമുയര്‍ത്തുന്നവരുടെ പൊതുസ്വഭാവമാണെന്നാണ്. ഇതര മതത്തേയും വംശത്തേയും പരിസ്ഥിതിയേയും സംസ്കാരത്തേയും കുറിച്ചെല്ലാം തന്നെ ഇത്തരം നിഷേധാത്മകനിലപാടുകളാണ് അവര്‍ സ്വീരിക്കുന്നതെന്നും ഇത് എത്രകണ്ട് അബദ്ധജടിലമാണെന്നും ഈ അദ്ധ്യായം വിവരിക്കുന്നു.

യൂറോകേന്ദ്രവാദത്തിന്റെ വക്താക്കള്‍ ഉന്നയിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മേല്‍ക്കോയ്മകളെക്കുറിച്ച് യൂറോവാദം - ചരിത്രവും ഭൂമിശാസ്ത്രവും എന്ന രണ്ടാം അദ്ധ്യായത്തില്‍ വിവരിക്കുന്നു.എല്ലാത്തരം മഹനീയ ആദര്‍ശങ്ങളും യൂറോപ്പില്‍ ഉത്ഭവിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്.അങ്ങനെ ഭൂഗോളത്തെ അവര്‍ രണ്ടായി ഭാഗിക്കുന്നു - ഹൃദയമേഖലയും പ്രാന്തപ്രദേശവും. യൂറോപ്പ് ഒന്നാമത്തേതും, പ്രാന്തപ്രദേശങ്ങളായി ഇതര ഭൂഖണ്ഡങ്ങളും നിര്‍ണയിക്കപ്പെട്ടു. ഇങ്ങനെ നിര്‍ണയിക്കപ്പെടാന്‍ അവര്‍ സ്വീകരിച്ച വാദമുഖങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമായിരുന്നു. 1. സ്വയം നിര്‍മിതവും സ്വഭാവികവുമായ പുരോഗമനാത്മക സംസ്കാരം. 2. യൂറോപ്പിലെ പരിണാമം, ആത്യന്തികമായി ആത്മീയമായ ഏതോ ശക്തിയില്‍ നിന്നും രൂപം പ്രാപിച്ചതാണെന്ന സങ്കല്പം. 3. ഇതരനാടുകളിലെ പരിണാമം യൂറോപ്പുമായുള്ള സമ്പര്‍ക്കത്താല്‍ ഉണ്ടായതാണ്. 4.നാഗരികതയുടെ വികസത്തിനുപകരിക്കുന്ന ആശയങ്ങളുടെയൊക്കെ മൂലരൂപം യൂറോപ്പിന്റെയാണ്. 5.ഇതരനാടുകളില്‍ നിന്നും യൂറോപ്പിലേക്കൊഴുകുന്ന സമ്പത്ത്, ഈ നാഗരികത എന്ന പുരസ്കാരത്തിനുള്ള പ്രതിഫലമാണ്. ഈ വാദങ്ങളെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്ന ആശയധാരകളെ പിന്‍പറ്റി അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നുണ്ടെങ്കിലും യൂറോ കേന്ദ്രിതവാദത്തിന് പകരം പൌരസ്ത്യമേല്ക്കോയ്മാവാദം സ്ഥാപിച്ചെടുക്കുന്നതിലെ അപാകതകളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

നവോത്ഥാനം എന്ന് പേരിട്ടിട്ടുള്ള മൂന്നാംഭാഗത്ത്, നവോത്ഥാനം - കുലീനഘട്ടം, നരകവാതിലുകള്‍ തുറന്നുപ്പോള്‍, നവോത്ഥാനം - ജനകീയഘട്ടം, മാക്കിയവല്ലി - ഇറ്റാലിയന്‍ ചാണക്യന്‍, അവസാനത്തെ ദ്വീപദ്വന്ദം - മൂറും ഇറാസ്മസും എന്നീ അദ്ധ്യായങ്ങളുണ്ട്. ഇരുണ്ടയുഗത്തേയും ആധുനികയുഗത്തേയും വേര്‍തിരിക്കുന്ന രണ്ടോ മൂന്നോ നൂറ്റാണ്ടുകളെ നവോത്ഥാനകാലം എന്ന് വിളിക്കുന്നു. നവോത്ഥാനകാലത്തെക്കുറിച്ച് ഫ്രെഡറിക് ഏംഗല്സ് ഇപ്രകാരം പറയുന്നു "മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ പുരോഗമനപരമായ വിപ്ലവമായിരുന്നു അത്. അതികായന്മാരെ , ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വ്വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ - ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല.നേരെ മറിച്ച് കാലത്തിന്റെ സാഹസികസ്വഭാവം അവരെ വിവിധതോതുകളില്‍ ആവേശം കൊള്ളിക്കുകയാണ് ചെയ്തത്.വിപുലമായി സഞ്ചരിക്കുകയും നാലഞ്ചുഭാഷകള്‍ സംസാരിക്കുകയും പലരംഗങ്ങളിലും ശോഭിക്കുകയും ചെയ്യത്തവരായിട്ട് ആരും തന്നെ അന്ന് ജീവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം." പൊതുവേ ജ്ഞാനികളുടെ ലോകമായി നവോത്ഥാനകാലഘട്ടം മാറുകയും അത് ജീവിതത്തിന്റെ സമസ്കമണ്ഡലങ്ങളിലും പുതിയൊരു ഉണര്‍വ്വ് സ്ഥാപിച്ചെടുക്കുയും ചെയ്തു. കണ്‍മുന്നില്‍ കാണുന്നതിന് പകരം അപ്പുറത്തുള്ളതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച ഒരു യുഗത്തില്‍ നിന്നും സ്വജീവിതത്തിന്റെ പരിതോവസ്ഥകളെക്കൂടി കണക്കിലെടുത്തുകൊണ്ട് പ്രതികരിക്കേണ്ടതിനെ ഈ യുഗം എങ്ങനെ ഊട്ടിവളര്‍ത്തി എന്ന് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു.

നരകവാതിലുകള്‍ തുറന്നപ്പോള്‍ എന്ന രണ്ടാംഅദ്ധ്യായത്തില്‍ ഏകദേശം എഴുന്നൂറ്റമ്പതുലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയ മഹാരോഗമായ പ്ലേഗിന്റെ വ്യാപനത്തിനുശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളെ നിരീക്ഷിക്കുന്നു. പള്ളിക്കും പട്ടക്കാരനും പ്രാര്‍ത്ഥനക്കുമൊന്നും തടയാന്‍ കഴിയാത്ത മഹാദുരന്തം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്ധാളിച്ചുപോയ മതത്തില്‍ നിന്നും ജനം വിടുതല്‍ തേടാന്‍ തുടങ്ങിയ കാലം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നവോത്ഥാനം ജനകീയഘട്ടം എന്ന മൂന്നാം അദ്ധ്യായത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിവിദ്യയും, ജനകീയനവോത്ഥാനത്തിന്റെ പ്രോത്ഘാടകനായി കണക്കാക്കപ്പെടുന്ന ദാവിഞ്ചിയുടെ ചിത്രകലയും, മൈക്കലാഞ്ജലോ , ചെല്ലിനി റാഫേല്‍ മുതലായ മഹാരഥന്മാരുടെ ഇടപെടലുകളും എങ്ങനെ വിപ്ലവകരമായ ഒരു സാമുഹികക്രമത്തിലേക്ക് മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി എന്ന് നോക്കിക്കാണുന്നു. ഈ ഇടപെടലുകളുടെ ഫലമായി വൈജ്ഞാനികവിപ്ലവത്തിന്റെ 'തിരപ്പുറപ്പാടിന്' വേദി ചമക്കപ്പെട്ടു.

മാക്യവെല്ലി ഇറ്റാലിയന്‍ ചാണക്യന്‍ എന്ന അദ്ധ്യായത്തില്‍ ഇറ്റലിയുടെ നവോത്ഥാനരംഗത്ത് ആ പ്രതിഭ പ്രസരിപ്പിച്ച ചിന്താദ്യുതി എങ്ങനെയൊക്കെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളില്‍ പ്രതിഫലിച്ചു എന്ന് വിശദീകരിക്കുന്നു. പ്രതിലോമകരമായ നിരവധി ചിന്തകള്‍ മാക്യവെല്ലിയുടേതായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തെ മതാധിഷ്ടിതമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗിക ബുദ്ധിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തെ കാണാതിരുന്നുകൂട. മാക്യവെല്ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥമായ ദ പ്രിന്സിനെക്കുറിച്ചു വിശദമായി ചര്ച്ച ചെയ്യാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തെ അദ്ധ്യായത്തില്‍ തോമസ് മൂറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഉട്ടോപ്യയെക്കുറിച്ചും, ഇറാസ്മസിന്റെ ജീവിതത്തേയും, വിഡ്ഢിത്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്ന പുസ്തകത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

നാലാംഭാഗത്തില്‍ എട്ട് അദ്ധ്യായങ്ങളിലൂടെ മതനവീകരണപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത ഉദാത്തമായ ജീവിതസങ്കല്പനങ്ങളുടെ പ്രായോഗിഗപദ്ധതികള്‍ എങ്ങനെ നവോത്ഥാനപ്രക്രീയക്ക് ആക്കം കൂട്ടിയെന്ന് ചിന്തിക്കുന്നു. കരിങ്കോട്ടയിലെ സ്ഫോടനം, വേരുകള്‍ തായ്‌വേരുകള്‍ , എരിഞ്ഞടങ്ങിയ സാവറനോള : ജ്വലനം നിലക്കാത്ത ജോണ്‍ ഹുസ്, മതപരിഷ്കരണം ലൂഥര്‍ കാല്‍വിന്‍ സ്വിംഗ്ലി , നട്ടുച്ചക്ക് കൂരിരുട്ട് , പ്രോട്ടസ്റ്റന്റ് നവീകരണവും റോമന്‍ പ്രതികരണവും, മതയുദ്ധയുഗം ഇരുളും വെളിച്ചവും, മതനവീകരണം ഒരു നീക്കിബാക്കി പത്രം എന്നീ അദ്ധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മതനവീകരണം എന്ന പേരിലുള്ള നാലാംഭാഗത്താണ്. മതത്തിന്റെ ഭ്രാന്തമായ പക്ഷപാതത്തില്‍ നിന്ന് സാമൂഹികനീതിയിലധിഷ്ടിതമായ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിച്ച പ്രതിഭാശാലികളെക്കുറിച്ച് ദീര്‍ഘമേറിയ ഈ ഭാഗത്ത് ക്രമാനുക്രമമായി വിവരിക്കുന്നു. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വൈജ്ഞാനികവിപ്ലവം എന്ത് ? എപ്പോള്‍ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രകാരനായ ജോണ്‍ഗ്രിബിന്റെ നിഗമനം അനുസരിച്ച് വൈജ്ഞാനികവിപ്ലവം ആരംഭിക്കുന്ന 1543 ന് മുമ്പേ തന്നെ അതുവരെ വിവിധ ശാസ്ത്രമേഖലകളില്‍ അദ്വിതീയനായിരുന്ന ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്റെ കാഴ്തപ്പാടുകളെ തകിടം മറിച്ചുകൊണ്ട് കോപ്പര്‍നിക്കസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അരിസ്റ്റോട്ടിലിയന്‍ ചിന്തകളെ തലങ്ങും വിലങ്ങും ഉല്ലംഘിക്കുന്ന ചിന്താധാരകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. പ്രകൃതിസത്യങ്ങളെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുക എന്ന ആധുനികശാസ്ത്രാന്വേഷണരീതി അവലംബിക്കപ്പെട്ടു. ജോണ്‍ ഗ്രിബ്ബിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇക്കാര്യങ്ങളെ ഇങ്ങനെ വെളിവാക്കുന്നു. "പ്രഥമശാസ്ത്രജ്ഞന്‍ എന്ന് ബിരുദം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ആള്‍ ഗലീലിയോ ഗലീലി ആണ്. ആധുനികശാസ്ത്രാന്വേഷണരീതി തന്റെ പ്രവര്‍ത്തനത്തില്‍ പ്രോയോഗിക്കുകമാത്രമല്ല തന്റെ പ്രയോഗത്തിന്റെ രൂപഭാവങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ശാസ്ത്രാന്വേഷണരീതികളുടെ അടിസ്ഥാനനിയമങ്ങള്‍ ആവിഷ്കരിച്ച് തുടര്‍ന്ന് വരുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ അടിസ്ഥാനതത്വങ്ങളെ ആശ്രയിച്ചുകൊണ്ട് ഗലീലിയോ നടത്തിയ വൈജ്ഞാനികപ്രവര്‍ത്തനം അതീവപ്രാധാന്യം അര്‍ഹിക്കുന്നുണ്ട് ".

കോപ്പര്‍നിക്കന്‍ പ്രോത്ഘാടനം എന്ന അദ്ധ്യായം മുതല്‍ കാമ്പനെല്ല : പുതുയുഗത്തിന്റെ മണിമുഴക്കം എന്ന അദ്ധ്യായം വരെ ശാസ്ത്രചരിത്രത്തിലെ അനിര്‍വചനീയമായ ഗതിവിഗതികളെ നോക്കിക്കാണുകയും ചലനം സൃഷ്ടിച്ച വിജ്ഞാനികളേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. വെസേലിയൂസ്, ടൈക്കോ ബ്രാഹെ കെപ്ലര്‍, കാമ്പനെല്ല , ബ്രുണോ, മഗല്ലന്‍, മാര്‍ക്കോപോളോ, പാരസെല്സസ്, ഗാലെന്‍ തുടങ്ങിയ മഹാരഥന്മാരുടെ നവോന്മേഷദായകമായ ചിന്താപദ്ധതികളേയും ആവിഷ്കരണങ്ങളേയും വിശദമായിത്തന്നെ പരിഗണിക്കുന്നു. ഫെര്‍ണലിന്റെ ചിന്ത ആ തലമുറ എത്രമാത്രം സ്വാതന്ത്ര്യകാംക്ഷികളായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട് . "നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അവര്ക്ക് മുമ്പുണ്ടായിരുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകതന്നെയാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലം? അല്ല, നേരെ മറിച്ച് പുതിയമാര്‍ഗങ്ങളും പദ്ധതികളും സ്വീകരിക്കുകയാണ് ദാര്‍ശനികര്‍ക്ക് ഉചിതം. സ്വന്തം അഭിപ്രായത്തെ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരെ വിലക്കുവാന്‍ പിന്തിരിപ്പന്മാരുടെ ശബ്ദത്തേയോ പ്രാചീനസംസ്കാരത്തിന്റെ ഭാരത്തേയോ അധികാരത്തിന്റെ ശക്തിയേയോ അനുവദിക്കരുത്. എന്നാല്‍ മാത്രമേ ഓരോ യുഗവും അതിന്റേതായ പുത്തന്‍ ഗ്രന്ഥകാരന്മാരേയും പുതിയ കലാവിദ്യകളേയും പുറത്തുകൊണ്ടുവരികയുള്ളു." എത്രമാത്രം ശക്തമായ സ്വാതന്ത്ര്യാഭിവാഞ്ജയാണ് നവോത്ഥാനനായകര്‍ പോറ്റിപ്പുലര്‍ത്തിപ്പോന്നതെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഗലീലിയന്‍ കുതിച്ചുചാട്ടം എന്ന ആറാമത്തെ ഭാഗത്ത്, ഗലീലിയോ വൈജ്ഞാനിക ചക്രവാളത്തിലെ വെള്ളിനക്ഷത്രം, യെപ്പൂര്‍ സി മൂവ്, ശാസ്ത്രത്തിന്റെ രീതിവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും, സാമൂഹ്യവിപ്ലവം 1 ഡച്ച് സമരം, സാമൂഹ്യവിപ്ലവം 2 ഇംഗ്ലണ്ട്, സംവേദനം വിനിമയം കൂട്ടായ്മ, വൈജ്ഞാനികവികാസത്തിന്റെ സര്‍ഗ്ഗപ്രതിഭ : ഫ്രാങ്കോ സ്പാനിഷ് സര്‍ഗധാര, ആംഗലസാമ്രാജ്യം : സാഹിത്യവും രാഷ്ട്രീയവും എന്നീ അദ്ധ്യായങ്ങളാണ് ഉള്ളത്. 1564 ല്‍ ജനിച്ച ഗലീലിയോയുടെ ജീവിതകഥയില്‍ നിന്നാരംഭിച്ച്, ആംഗലസാമ്രാജ്യത്തിന്റെ സാഹിത്യസംഭാവനകളിലേക്ക് വരെ എത്തിനില്ക്കുന്ന ഈ ഭാഗം വൈജ്ഞാനികചരിത്രത്തിലെ അത്ഭുതകരമായ ഒരു കാലഘട്ടത്തെയാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടദ്ധ്യായങ്ങളുടെ സഹായത്തോടെ ഗലീലിയോയുടെ കാലാനുക്രമമായ ഒരു ജീവിതരേഖ അവതരിപ്പിച്ചതിനുശേഷം ശാസ്ത്രത്തിന്റെ രീതീവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും എന്ന ലേഖനത്തിലേക്ക് കടക്കുന്നു. ഫ്രാന്സിസ് ബേക്കണെ പ്രഥമശാസ്ത്രദാര്‍ശനികനായി അവതരിപ്പിച്ചുകൊണ്ട് പി.ജി ഇങ്ങനെ എഴുതുന്നു :- നിരീക്ഷണപരീക്ഷണങ്ങളിലൂടെയല്ലാതെ പരമ്പരാഗതവിശ്വാസങ്ങളേയും പൂര്‍വസൂരികളുടെ വചനങ്ങളേയും ആസ്പദമാക്കി സത്യം കണ്ടെത്താനാവില്ലെന്ന് ഫ്രാന്സിസ് ബേക്കണ്‍ വിശ്വസിച്ചിരുന്നു. ( റോജര്‍ ബേക്കണ്‍ ഈ ചിന്തയുടെ ഒരു സഹയാത്രികനായിരുന്നു. ) ഫ്രാന്സിസ് ബേക്കണ്‍ന്റെ ദി അറ്റ്‌ലാന്‍റ്റിസ്സ് എന്ന കൃതി എങ്ങനെയല്ലാം മുന്കാല സാമൂഹ്യവ്യവസ്ഥിതിയിലെ വൈകല്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് വിശദമാക്കുന്നു.

615 പേജുകളിലൂടെ വിശദമായി വിവരിക്കപ്പെട്ട ശാസ്ത്രചരിത്രത്തിന്റെ അവസനാത്തേതും ഏഴാമത്തേതുമായ ഭാഗമാണ് വൈജ്ഞാനികവിജയവൈജയന്തി. സര്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന് മുന്കാലത്ത് വഴിയൊരുക്കിയവരെക്കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ന്യൂട്ടന് വഴിയൊരുക്കിയവര്‍ എന്നാണ്. ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും ദീര്‍ഘവും അതികഠിനവുമായ ഒരു കാലഘട്ടത്തിന്റെ ഗംഭീരമായ ചരിത്രമാണ് അതിനുള്ളതെന്നും വ്യക്തമാക്കുന്ന ഈ അദ്ധ്യായം കൃസ്ത്യന്‍ ഹ്യൂജന്സിനേയും റോബര്‍ട്ട് ഹുക്കിനേയും പിയറി ഗാസന്റിയേയും എഡ്മണ്ട് ഹാലിയേയുമൊക്കെത്തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരുടെ സംഭാവനകളെ സമഗ്രമായിത്തന്നെ ചര്‍ച്ചക്കുവെക്കുന്നുണ്ട്. മുമ്പേതന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തെ (അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് രണ്ടുതരം വസ്തുക്കളെക്കൊണ്ടാണെന്നുള്ള സങ്കല്പനത്തെ [ഒന്ന് ജീവവസ്തു, മറ്റേത് അജീവവസ്തു ] ) ഇതരശാസ്ത്രജ്ഞര്‍ എങ്ങനെയൊക്കെ നിരാകരിച്ചുവെന്ന് വീണ്ടും ഇവിടെ ചര്ച്ചചെയ്യുന്നു.

കാലത്തിന് മുമ്പേ നടന്ന ആശയങ്ങളുടെ യുഗത്തെ അനിതരസാധാരണമായ പാടവത്തോടുകൂടി ആവിഷ്കരിച്ചു എന്നതാണ് ഈ കൃതിയെ പരായണയുക്തമാക്കുന്നത്. യുക്തിഭദ്രമായ ഒരു പ്രായോഗികഭാഷയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നതെങ്കിലും ഒരിക്കല്‍ പോലും അത് ദുര്‍ഗ്രഹമാകുന്നില്ല. ചിന്തയുടെ തെളിമയാര്‍ന്ന വ്യാപ്തി ഓരോ ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്. പി.ജി, പക്ഷേ അവതാരികയില്‍ പറഞ്ഞപോലെതന്നെ ഓരോ അദ്ധ്യായവും സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ സംവിധാനക്രമമെന്നതുകൊണ്ട് ചുരുക്കം ചില സ്ഥലങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കണ്ടേക്കാം. പക്ഷേ തുടര്‍ച്ചയായ ഒരു വായനാക്രമം അനുവര്‍ത്തിക്കേണ്ടതില്ലാത്ത തരത്തിലായതുകൊണ്ട് ആശയങ്ങളുടെ ആവര്‍ത്തനം നമ്മുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല. ഓരോ അദ്ധ്യായവും സ്വതന്ത്രങ്ങളാണ് എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ നേട്ടം, ഒരു പക്ഷേ കോട്ടവും. എന്തായാലും മലയാളത്തിന് അത്യമൂല്യമായ ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വില 320 രൂപയാണ്.


Download This Post In PDF Format

ബൂലോകം ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്തുബൂലോകം ബ്ലോഗ്‌ സെന്റര്‍ പ്രശസ്ത ബ്ലോഗര്‍ നിരക്ഷരന്‍ 2011 ജൂലൈ ഒന്നാം തീയതി വൈകിട്ട് 5.40 നു ഉദ്ഘാടനം ചെയ്തു. കോവളം ജംഗ്ഷനില്‍ ബീച്ച് റോഡില്‍ തന്നെയുള്ള കാനറാ ബാങ്ക് ബില്‍ഡിംഗ്‌ 'ജംഗ്ഷന്‍ ആര്‍ട്ട്‌ കഫെ ആര്‍ട്ട് ഗാലറി'യോട് ചേര്‍ന്നുള്ള ബില്‍ഡി ങ്ങിലാണ് ബ്ലോഗ്‌ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ചടങ്ങില്‍ ബൂലോകം ഓണ്‍ ലൈനിനെ പ്രതിനിധീകരിച്ചു സജീം തട്ടത്തുമല സ്വാഗതം പറഞ്ഞു. ബൂലോക ചരിത്രത്തിന്റെ ഭാഗമായി ഈ പദ്ധതി മാറിയിരിക്കുന്നു എന്ന് ഉദ്ഘാടകനായ നിരക്ഷരന്‍ പറഞ്ഞു. നിരക്ഷരന്‍ , സജീം തട്ടത്തു മല, ജോഹര്‍ , ജെയിംസ് സണ്ണി പാറ്റൂര്‍ , തബാറക് റഹ്മാന്‍ , സുജ ( വയല്‍പ്പൂവുകള്‍ ), എസ്. ജോര്‍ജ് കുട്ടി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു. ഈ പദ്ധതിക്ക് മുന്‍കയ്യെടുത്തു പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ച ഡോക്ടര്‍ ജെയിംസ് ബ്രൈറ്റിനെ ഏവരും പ്രത്യേകം അഭിനന്ദിച്ചു. ജി. സുനില്‍, ഗീതാ മനോജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.


തിരൂര്‍ തുഞ്ചന്‍ മീറ്റ്‌ ബ്ലോഗ്‌ സുവനീര്‍ ഈ എഴുത്ത്, എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരണങ്ങളായ കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗ വരദന്‍ കൃതി പബ്ലിക്കെഷന്സിന്റെ ക വാ രേഖ , മൌനത്തിന പ്പുറത്തേക്ക് തുടങ്ങിയ പുസ്തകങ്ങള്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ചു പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിരുന്നു.

കൊച്ചു ബ്ലോഗ്‌ മീറ്റുകള്‍ക്കും , വിക്കി മീറ്റുകള്‍ക്കും ആവശ്യമായ സ്ഥല സൌകര്യും ബൂലോകം ബ്ലോഗ്‌ സെന്ററില്‍ ഉണ്ട്.


ബ്ലോഗ്‌ സെന്ററിനു നമ്മുടെ ബൂലോകം ടീമിന്റെ എല്ലാ വിധ ആശംസകളും .

Popular Posts