എഴുത്തിന്റെ തറവാട്ടുമുറ്റത്ത് ഈയെഴുത്തുകാരുടെ സംഗമം


നമ്മുടെ ബൂലോകത്തിന് വേണ്ടി തുഞ്ചന്‍ മീറ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത് : മനോരാജ്


ങ്ങിനെ ഒരു ബ്ലോഗ് മീറ്റിനു കൂടെ കൊടിയിറങ്ങി. ഒട്ടേറെ ആകാംഷയോടെ കാത്തിരുന്ന തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ് മാമാങ്കം കഴിഞ്ഞു. വളരെ മനോഹരമായി , ക്രിയാത്മകമായ കുറേ കാര്യങ്ങളും ചര്‍ച്ചകളും മറ്റും ഉള്‍പ്പെടുത്തി ഒരു മീറ്റ് സംഘടിപ്പിക്കുവാന്‍ ആയി എന്നതില്‍ മീറ്റിന്റെ സംഘാടകര്‍ക്ക് അഭിമാനിക്കാം. മാസങ്ങള്‍ക്ക് മുന്‍പേ സാബു കൊട്ടോട്ടിക്കാരന്‍, നന്ദു, ഡോക്ടര്‍ തിരൂര്‍, തോന്ന്യാസി എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തിയ മലബാറില്‍ ഒരു മീറ്റ് എന്നത് അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗേര്‍സ് ഏറ്റെടുത്തു. ഏതൊരു മീറ്റിനു ശേഷവും അല്പ സ്വല്പം പരാതികള്‍ ഉണ്ടാവാമെങ്കിലും മലയാളത്തിന്റെ അക്ഷര പുണ്യമായ തുഞ്ചന്‍ പറമ്പില്‍ നടന്ന മീറ്റ് പല കാര്യങ്ങള്‍ കൊണ്ടും ചരിത്രമാവുകയാണ്. ഇത് വരെ നടന്നിട്ടുള്ള മീറ്റുകളില്‍ ഉണ്ടായിട്ടുള്ളത് പോലെ ബ്ലോഗെര്‍മാര്‍ തമ്മില്‍ കണ്ട് പരിചയപ്പെട്ട് പിരിയുക എന്നതിനേക്കാള്‍ അല്പം കൂടെ ക്രിയേറ്റീവായി ബ്ലോഗിനെ എങ്ങിനെ ജനകീയമാക്കാമെന്നും പൊതുജനങ്ങളിലേക്ക് എങ്ങിനെ ബ്ലോഗിനെ എത്തിക്കാമെന്നും ഒക്കെ ഉള്ള രീതിയില്‍ ചര്‍ച്ചകളും ബ്ലോഗിനോടൊപ്പം തന്നെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ എന്നിവയുടേയും കൂട്ടായ്മയായും അതിനോടൊപ്പം വിക്കിപീഡിയ സംബന്ധമായ ക്ലാസ്സും ബൂലോകത്തെ പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ്, സിയെല്ലസ് ബുക്സ് എന്നിവരുടെ പുസ്തക പ്രകാശനവും ബ്ലോഗിങ് എങ്ങിനെ എളുപ്പത്തില്‍ ചെയ്യാമെന്നതിനെ പറ്റിയുള്ള വി.കെ. അബ്ദുവിന്റെ ക്ലാസ്സും ഒപ്പം ഇത് വരെ ബ്ലോഗ് മീറ്റുകള്‍ക്ക് ഉണ്ടാവാത്ത മീഡിയ കവറേജും ഏതാണ്ട് 150 നു മുകളില്‍ ഉള്ള ബ്ലോഗേര്‍സിന്റെയും അതിനടുത്ത് (കൃത്യമായ കണക്കുകള്‍ പിറകെ വരുന്നതാണ്) വരുന്ന അവരുടെ ബന്ധുക്കളും പൊതുജനങ്ങളുമായവരുടേയും സാന്നിദ്ധ്യം കൊണ്ടും ബൂലോക പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒക്കെ ഉള്‍പ്പെടെ മീറ്റ് സംഭവബഹുലം തന്നെ.

രാവിലെ രജിസ്ട്രേഷനു പിന്നാലെ ഓരോരുത്തരായി അവരെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിചയപ്പെടല്‍ ചടങ്ങോടെയാണ് ബ്ലോഗ് മീറ്റ് തുടക്കം കുറിച്ചത്. പരിചയപ്പെടല്‍ ചടങ്ങ് ഏതാണ്ട് 11.30 വരെ നീണ്ടും നിന്നു. അതിനു ശേഷം ബ്ലോഗിലെ കലാകാരന്മാര്‍ അവരുടെ പല മേഖലകളിലുള്ള നൈപുണത തെളിയിക്കുന്ന പരിപാടികളുമായി അല്പ സമയം നീക്കു വെച്ചു. ബ്ലോഗര്‍ യൂസഫ്പ കൊച്ചന്നൂരിന്റെ മകളുടെ ഗസലും വാഴക്കോടന്റെ മാപ്പിളപ്പാട്ടും ഈയിടെ മീറ്റ് സംഘാടകനായ സാബു കൊട്ടോട്ടിയുടെ പോസ്റ്റില്‍ നിന്നും അറിഞ്ഞ് ബൂലോകര്‍ പലരും സഹായിച്ച ബൂലോകത്തെ പുത്തന്‍ പ്രതിഭ നീസ വെള്ളൂരിന്റെ കവിതയും അങ്ങിനെ..അങ്ങിനെ..

അതിനു ശേഷം ബ്ലോഗര്‍ കൂതറ ഹാഷിം, പുതുതായി ആരംഭിക്കുന്ന ബ്ലോഗ് വായനശാല എന്ന ഒരു പുത്തന്‍ ബ്ലോഗ് വായനക്കുള്ള സംവിധാനത്തെ പറ്റി അല്പം സംസാരിച്ചു. അതിനു ശേഷമായിരുന്നു ഏറ്റവും അധികം ബ്ലോഗേര്‍സിനെ ഈ ബ്ലോഗ് മീറ്റിലേക്ക് അകര്‍ഷിച്ച ബ്ലോഗ് സ്മരണീകയുടെ ഔപചാരികമായ ഉദ്ഘാടനചടങ്ങ്. ഒപ്പം ബൂലോക പ്രസാധകരയായ കൃതി പബ്ലിക്കേഷന്‍സ്, സിയെല്ലസ് ബുക്സ് എന്നിവരുടേ പുസ്തകങ്ങളുടെ പ്രകാശനവും.

കൃത്യം 12 മണിയോടെ തുഞ്ചന്‍ പറമ്പ് സ്മാരക സമതി അഡ്മിനിസ്ട്രേറ്റര്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ, കെ.പി.രാമനുണ്ണിയെ സ്മരണികയുടെയും മറ്റു പുസ്തകങ്ങളുടെയും പ്രകാശനത്തിനായി മീറ്റിന്റെ സംഘാടകനായ സാബു കൊട്ടോട്ടി മീറ്റ് വേദിയിലേക്ക് ക്ഷണിച്ചതോടു കൂടി സമ്മോഹനമായ , എല്ലാവരും കാത്തിരുന്ന സ്മരണികയുടെ പ്രകാശനചടങ്ങുകള്‍ ആരംഭിച്ചു. ആദ്യമേ തന്നെ ഇലക്ഷനും അതോടനുബന്ധിച്ച് ഉണ്ടായ ഒട്ടേറെ അവധികളും മൂലം സ്മരണികയുടെ മുഴുവന്‍ പ്രിന്റിംഗും കഴിയാത്തതിലെ ദു:ഖം ബ്ലോഗേര്‍സുമായി പങ്കുവെച്ചുകൊണ്ടും സ്മരണികക്ക് വേണ്ടി പണം കണ്ടെത്തുവാന്‍ സ്വീകരിച്ചിരുന്ന പരസ്യങ്ങള്‍ അത്ര എഫക്റ്റീവ് ആവാത്തത് കൊണ്ടുണ്ടായ പ്രശ്നങ്ങളിലേക്കും സാബു കുറച്ച് സംസാരിച്ചു. കൊട്ടോട്ടിക്കാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇവിടെ സ്മരണിക എത്തിക്കുവാന്‍ കഴിയാത്തതില്‍ തുഞ്ചന്‍ പറമ്പ് മീറ്റ് ഭാരവാഹികള്‍ക്കും സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനും ഖേദമുണ്ടെന്നും പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു വര്‍ക്കുകള്‍ക്ക് പണം എത്രയും പെട്ടന്ന് കണ്ടെത്തുന്നതിനായി സ്മരണികയുടെ കോപ്പികള്‍ ആവശ്യമുള്ളവര്‍ അതിന്റെ തുകയും കൊറിയര്‍ ചാര്‍ജ്ജും മീറ്റ് വേദിയില്‍ തുറന്നിട്ടുള്ള കൌണ്ടറില്‍ അടച്ച് അഡ്രസ്സ് നല്‍കി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്മരണികയുടെ പ്രകാശനത്തിനായി ശ്രീ.കെ.പി രാമനുണ്ണിയെയും സ്മരണിക ഏറ്റുവാങ്ങുവാനായി ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ കായം കുളത്തുകാരന്‍ എസ്.എം. സാദ്ദിഖിനെയും വേദിയിലേക്ക് ക്ഷണിച്ചത്. കെ.പി.രാമനുണ്ണിയില്‍ നിന്നും സ്മരണികയുടെ ആദ്യ പ്രതി സാദിഖ് മാഷ് കൈപറ്റുമ്പോള്‍ അത് ഒരു ചരിത്രമാവുകയായിരുന്നു. ബ്ലോഗില്‍ നിന്നും എന്നെന്നും ഓര്‍മ്മിക്കുവാനായി തയ്യാറാക്കപ്പെട്ട ഒരു ചരിത്രം. ഏതാണ്ട് 210ഓളം പേജുകളിലായി ബൂലോകത്തെ സര്‍ഗ്ഗസൃഷ്ടികളെ 25ഓളം ബ്ലോഗേര്‍സ് അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡും 10ഓളം ടെക്നിക്കല്‍ കമ്മറ്റിയും അതിലേറെയുള്ള ഓര്‍ഗനൈസിംഗ് വിങും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ബ്ലോഗേര്‍സിന്റെ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായ സ്മരണിക... ഒരു പക്ഷെ ഇനിയും ബ്ലോഗില്‍ നിന്നും സ്മരണികകള്‍ ഉണ്ടായേക്കാം. പക്ഷെ ആദ്യ സ്മരണിക എന്നത് എന്നും ചരിത്രമാവുമ്പോള്‍ ഈയെഴുത്ത് : അക്ഷര കേരളത്തിന്റെ സൈബര്‍ സ്പര്‍ശം എന്ന പേരില്‍ ബോഗര്‍ എന്‍.ബി .സുരേഷ് ചീഫ് എഡിറ്ററായി ബ്ലോഗര്‍ രണ്‍ജിത് ചെമ്മാടും കൂട്ടരും കൊട്ടോട്ടിക്കാരന്റെയും നന്ദുവിന്റെയും ഡോക്ടര്‍ തുരൂരിന്റെയും പിന്തുണയോടെ അണിയിച്ചൊരുക്കിയ സ്മരണിക അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി. (ഇനിയും സ്മരണിക ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ എത്രയും പെട്ടന്ന് തങ്കളുടെ കോപ്പികള്‍ ഒരിക്കല്‍ കൂടെ ഉറപ്പു വരുത്തണമെന്ന് മീറ്റ് സംഘാടകര്‍ക്ക് വേണ്ടി കൊട്ടോട്ടിക്കാരന്‍ അറിയിച്ചിട്ടുണ്ട്).

അതിനുശേഷം ബ്ലൊഗ് പുസ്തകങ്ങളുടേ പ്രകാശനമായിരുന്നു. ബ്ലോഗര്‍ ഹരീഷ് തൊടുപുഴയുടെ മേല്‍നോട്ടത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ കവിതാ സമാഹാരമായ കാ വാ രേഖ?യുടെ പ്രകാശനമായിരുന്നു പിന്നീട് നടന്നത്. ഹരീഷിന്റെ അഭാവത്തില്‍ കൃതിയുടെ ഡയറക്ടറായ യൂസഫ്പ കൊച്ചന്നൂരിന്റെ സാന്നിദ്ധ്യത്തില്‍ ശ്രീ.കെ.പി രാമനുണ്ണി ബ്ലോഗര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനു പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് തളിപ്പറമ്പ സിയെല്ലസ് ബുക്സിന്റെ മൂന്ന് പുസ്തകങ്ങളായ ഓക്സിജന്‍ , നേരുറവകള്‍, മൌനജ്വാലകള്‍ എന്നിവയുടെ പ്രകാശനവും യഥാക്രമം ബ്ലോഗര്‍മാരായ സന്ദീപ് സലിം, ഖാദര്‍ പട്ടേപ്പാടം, പാവത്താന്‍ (ശിവപ്രസാദ്)എന്നിവര്‍ക്ക് നല്‍കി ശ്രീ. കെ.പി .രാമനുണ്ണി നിര്‍വഹിച്ചു.

ബ്ലോഗിലെ ഈ കൂട്ടായ്മ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു. പരസ്പരം കാണാത്ത നിങ്ങള്‍ക്കിടയിലെ ഈ സ്നേഹവും ഐക്യവും പ്രശംസാര്‍ഹമാണെന്നും കമ്പ്യൂട്ടറുകളെ എതിര്‍ത്തിരുന്ന എന്നെ പോലും അതിന്റെ മായികവലയത്തിലേക്ക് ബ്ലോഗ് ആകര്‍ഷിക്കുന്നു . ഫെയ്സ് ബുക്ക് മുതലായവയില്‍ കൂടെ നടക്കുന്ന ചീറ്റിങുകളും കൊച്ചുവര്‍ത്തമാനങ്ങളും അപേക്ഷിച്ച് ക്രിയേറ്റിവ് ആയ ഒട്ടേറെ കാര്യങ്ങള്‍ ബ്ലോഗില്‍ ഉള്ളവര്‍ ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇന്നത്തെ അറിയപ്പെടുന്ന എഴുത്തുകാരെയൊക്കെ പോലെയുള്ള പ്രതിഭകളെ ബ്ലോഗില്‍ കാണുമ്പോള്‍ ഞാന്‍ പോലും ഭ്രമിച്ചു പോകുന്നു“ എന്നും പറഞ്ഞ് മനോഹരമായാണ് കെ.പി.രാമനുണ്ണി തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രകാശനം നിര്‍വഹിച്ച സ്മരണികയില്‍ ഉണ്ടായ കൂട്ടായ്മയെയും കൃതി പബ്ലിക്കേഷന്‍സിന്റെ കാ വാ രേഖയിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ ഋതുമാപിനിയെ പറ്റിയും സിയെല്ലസിന്റെ പുസ്തകത്തിലെ ലീല എം ചന്ദ്രന്റെ കഥയെയും പറ്റി സംസാരിച്ചു.

ബ്ലോഗര്‍ ഹബീബിന്റെ വിക്കിപീഡിയ പഡനക്ലാസ്സായിരുന്നു തുടര്‍ന്ന് നടന്നത്. വളരെയധികം മനോഹരമായി , ഇന്‍ഫൊര്‍മേറ്റിവ് ആയി ഹബീബ് വിക്കിപിഡിയയില്‍ എങ്ങിനെ ലേഖനങ്ങള്‍ ചേര്‍ക്കാം എന്നതിനെ പറ്റി പ്രൊജക്റ്ററുടെ സഹായത്തോടെ ക്ലാസ്സുകള്‍ എടുത്തു. പിന്നീട് വിഭവങ്ങള്‍ നിറഞ്ഞ ഒരു ഊണ്. പിന്നീട് ചിത്രനിരീക്ഷണം ബ്ലോഗിന്റെ ഉടമ ഷാജി.ടി.യു വിന്റെ ഹ്രസ്വചിത്ര പ്രദര്‍ശനം. തുടര്‍ന്ന് മാദ്ധ്യമത്തില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന വി.കെ. അബ്ദു നയിച്ച പൊതുജനങ്ങള്‍ക്കായുള്ള ബ്ലോഗിങ് എങ്ങിനെ എന്ന ശില്പശാലയും തുടര്‍ന്ന് കൊട്ടോട്ടിക്കാരനും കൂതറഹാഷിമും അതിന്റെ തുടര്‍ച്ചയായ ചര്‍ച്ചക്ലാസുകളും എല്ലാമായി മീറ്റ് സജീവമായിരുന്നു. ഇതിനിടയില്‍ ഇന്ന് തന്നെ ബ്ലോഗിലെ കൂട്ടായ്മയിലൂടെ മുസ്തഫക്ക് ഒരു വീട് എന്ന പദ്ധതിയുടെ സ്വപ്നസാക്ഷാരചടങ്ങുകളില്‍ പങ്കെടുത്തതിനെ പറ്റി , അത്തരം ഒരു കൂട്ടായ്മയെ പറ്റി ബ്ലോഗര്‍ നിരക്ഷരന്‍ ബ്ലോഗേര്‍സിനും പൊതുജനങ്ങളുമായും അല്പസമയം പങ്കുവെക്കുകയും ചെയ്തു. ദൂരെയുള്ള ബ്ലോഗേര്‍സ് പലരും ഇതിനകം പിരിഞ്ഞു പോയതിനാല്‍ ഗ്രൂപ്പ് ഫോട്ടോ എന്ന ഒരു ഫ്രെയിം മാത്രം ഉണ്ടായില്ല എന്ന ഒരു ദുഖം സമ്മാനിച്ച് കൊണ്ട് ബ്ലൊഗ് മീറ്റിനു കൊടിയിറങ്ങി. സ്മരണിക വേണ്ടവര്‍ അതിനായി ബുക്ക് ചെയ്യുന്നതിന് കൌണ്ടര്‍ തുറന്നിരുന്നെങ്കിലും ഒട്ടേറെ പേര്‍ അത് അറിഞ്ഞില്ല എന്ന് തോന്നുന്നു അത് കൊണ്ട് തന്നെ സ്മരണികയുടെ പ്രിന്റിംഗ് കഴിയുന്നതിനു മുന്‍പായി തന്നെ ഏറ്റവും പെട്ടന്ന് അതിന്റെ ലഭ്യത ഉറപ്പ് വരുത്തുവാന്‍ മെയിലുകളിലൂടെ പരമാവധി ബ്ലോഗേര്‍സും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സാബു കൊട്ടോട്ടിക്കാരന്‍ മീറ്റിനു ഔപചാരികമായി തിരശ്ശീല വീഴുന്നതായി പ്രഖ്യാപിച്ചപ്പോഴേക്കും സമയം സന്ധ്യയോടടുത്തിരുന്നു. ഇനി ഒരു മീറ്റില്‍ കാണാമെന്ന ശുഭാപ്തി വിശ്വാസത്തോടെ .. പരസ്പരം സ്നേഹം പങ്കുവെച്ച് യാത്രയായ ബൂലോകവാസികള്‍ ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം കുറിച്ച തുഞ്ചന്‍ പറമ്പിലേക്ക് ഇയെഴുത്തിന്റെ വരവ് കൂടെ അറിയിച്ചു.


ബൂലോകസഞ്ചാരം - 8
വീണ്ടും ഉത്സവക്കാലം സമാഗതമായി. ഉത്സവങ്ങള്‍ എന്നും മലയാളിക്ക് ഒരു ആവേശമാണ്‌. പഴമയും പുതുമയും സന്നിവേശിക്കപ്പെടുന്ന അമൂര്‍ത്ത മുഹൂര്‍ത്തങ്ങള്‍. ചാനല്‍ കാഴ്ചകളും സിനിമയുമൊക്കെ നമ്മെ വല്ലാതെ ആവേശിക്കുമ്പോഴും വായനയെ മറക്കാതിരിക്കാന്‍ മലയാളി ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പോസ്റ്റില്‍ മലയാളത്തിലെ വായനയുടേയും ഗ്രന്ഥശാലകളുടേയും എന്നാല്‍ അതോടൊപ്പം പ്രസിദ്ധീകരിക്കപ്പെടുന് പുസ്തകങ്ങളുടെ കോപ്പികളുടേയും കണക്കുകള്‍ തമ്മില്‍ ടാലിയാവാത്തതിന്റെ കാരണങ്ങളില്‍ ആശങ്കപ്പെട്ടുള്ള ഒരു ലേഖനം കണ്ടു. സുസ്മേഷ് പറഞ്ഞ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാണ്‌ എന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇത്തരം കണക്കുകളില്‍ അളക്കപ്പെടാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബ്ലോഗിങ് ചെയ്യുന്നതും. അതിനു വേണ്ടി തന്നെയായിരുന്നു നമ്മുടെ ബൂലോകം ബൂലോകസഞ്ചാരമെന്ന ഈ പംക്തി തുടങ്ങിയതും. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ഇടക്കിടെ ബൂലോകത്തേക്കുള്ള ഈ സഞ്ചാരം ട്രാഫിക്ക് ജാമില്‍ പെട്ട് പോയിട്ടുണ്ട്. ക്ഷമ ചോദിച്ചുകൊണ്ട് വീണ്ടും തുടരട്ടെ.

പോസ്റ്റുകളുടെ എണ്ണത്തേക്കാളും ഹിറ്റ് കൌണ്ടറുകളില്‍ കാണിക്കുന്ന വലിയ അക്കങ്ങളേക്കാളും എഴുതിയ സൃഷ്ടികളുടെ മൂല്യത്തെ പരിഗണിക്കപ്പെടണം എന്നത് കൊണ്ട് തന്നെ ഈയിടെ വായിക്കാനിടയായ , വ്യത്യസ്ത രീതിയില്‍ എഴുതുന്ന, സമാനപേരുകളുള്ള രണ്ട് ബ്ലോഗേര്‍സിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിക്കാം. ജാനകിയുടെ അമ്മൂന്റെകുട്ടിയും (ammuntekutty) സീതയുടെ സീതായനവുമാവട്ടെ ഇക്കുറി സഞ്ചാരത്തില്‍. സ്ഥിരം പോസ്റ്റ് അപ്ഡേഷനുകളുമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായ ഒട്ടേറെ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് വിരലുകളില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമുള്ള ഈ ബ്ലോഗുകള്‍ ഇതിലേക്കായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഇവ വായിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് എന്ന ഒരു മറുപടിയേക്കാള്‍ മറ്റു ബ്ലോഗുകള്‍ വായിക്കപ്പെടുന്നതിനിടയില്‍ ആര്‍ഭാടമില്ലാതെ എഴുതി കൊണ്ടിരിക്കുന്ന ഇവരെ കാണാതെ പോകരുതെന്ന് തോന്നിയത് കൊണ്ടെന്ന് പറയുമ്പോള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും എന്ന് കരുതുന്നു.

അമ്മൂന്റെകുട്ടി

നല്ലൊരു വായനക്കാരിയെന്ന അവകാശവാദമുന്നയിക്കാൻ മാത്രം ധൈര്യപ്പെടുന്നു. എഴുത്തുകാരിയാവാൻ ഇനിയുമൂണ്ട് ഒരുപാടു ദൂരം..യാത്ര തുടങ്ങുന്നേയുള്ളു... എന്നും പറഞ്ഞുകൊണ്ട് നമ്മോട് കഥകള്‍ പറയുന്നു ജാനകി. ജാനകിയുടെ ബ്ലോഗില്‍ വിരലില്‍ എണ്ണാവുന്ന പോസ്റ്റുകളെ ഇത് വരെയുള്ളൂ. പക്ഷെ ആ പോസ്റ്റുകളിലെ ഭാഷ ജാനകിക്ക് നമ്മോട് എന്തൊക്കെയോ ഏറെ പറയാനുണ്ടെന്ന് ഒരു തോന്നല്‍. 'തീര്‍ത്ഥയാത്ര'യിലൂടെ ആക്ഷേപഹാസ്യം വളരെ മനോഹരമായി പറഞ്ഞ ജാനകിയുടെ മറ്റൊരു രചന രീതിയാണ്‌ 'വേഷ്പ' എന്ന കഥ അനാവരണം ചെയ്യുന്നത്. വേഷ്പയേക്കാള്‍ മികച്ച ഒട്ടേറെ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. തീര്‍ച്ച! അതുകൊണ്ട് തന്നെ വേഷ്പ എന്ന കഥയിലൂടെ ജാനകി എന്ന എഴുത്തുകാരിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുകയില്ല തന്നെ. പക്ഷെ ആ കഥയിലെ പ്രമേയത്തിലെ വ്യത്യസ്തത, കഥയുടെ പേരില്‍ പോലും കാത്തുസൂക്ഷിക്കാന്‍ ജാനകി ശ്രമിക്കുന്നു എന്നതാണ്‌. ഒട്ടേറെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറാണ്‌ ജാനകി എന്ന് തോന്നിയതിനാല്‍ ബൂലോകത്തിലെ തിക്കിലും തിരക്കിലും പെട്ട് അമ്മൂന്റെകുട്ടിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയാതിരുന്നാല്‍ ഒരു പക്ഷെ ജാനകിയിലെ എഴുത്തുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നിയത് കൊണ്ട് അമ്മൂന്റെകുട്ടി വഴിയാവട്ടെ ഇക്കുറി നമ്മുടെ ആദ്യ സഞ്ചാരം.

സീതായനം

ഏതാണ്ട് അഞ്ചോളം പോസ്റ്റുകളാണ്‌ ഇതുവരെ സീതായനത്തില്‍ ഉള്ളത്. പക്ഷെ അവ കൈകാര്യം ചെയ്ത രീതി അഭിനന്ദനമര്‍ഹിക്കുന്നു. 'തുറക്കാത്ത വാതായനം' എന്ന കഥയും 'ഗംഗയോട് ' എന്ന കവിതയും വളരെ മനോഹരമായി തോന്നി. മൊത്തത്തില്‍ ഒരു പുരാണ പശ്ചാത്തലം ബ്ലോഗിലും പോസ്റ്റുകളിലും കാണുന്നുണ്ട്. രാമന്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ്‌ ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന്‍ കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.

വായിക്കപ്പെടേണ്ടതെന്ന് തോന്നുന്ന എന്നാല്‍ അധികം വായിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന ബ്ലോഗുകള്‍ കണ്ടെത്തിയാന്‍ വീണ്ടും കാണാമെന്ന ഉറപ്പോടെ ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം ഇവിടെ അവസാനിപ്പിക്കട്ടെ. എല്ലാ ബൂലോകര്‍ക്കും നല്ല ഒരു വിഷുവും ശേഷം വിഭവസമൃദ്ധമായ ഒരു ബൂലോക മീറ്റും ആശംസിക്കുന്നു.
മനോരാജ്
(തേജസ്)

Popular Posts