ബൂലോകരോട് സ്നേഹപൂര്‍വ്വം

കൊട്ടോട്ടിക്കാരന്‍


ബൂലോകത്തെ എന്റെ ആദ്യ മീറ്റായിരുന്നു ചെറായിയിലേത്. കേവലം മൂന്നു മാസം മാത്രമായിരുന്നു ബൂലോകത്ത് അന്നെനിയ്ക്ക്. ആ മീറ്റില്‍ കുടുംബസമേതം പങ്കെടുക്കാന്‍ എനിയ്ക്കു സാധിച്ചത് ഒരു മഹാഭാഗ്യമായി ഇന്നു ഞാന്‍ അനുഭവിയ്ക്കുന്നു. അതിനു ശേഷം ഇടപ്പള്ളിമീറ്റിലും പങ്കെടുക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. ബൂലോകത്ത് ഏറെ അറിയപ്പെടാനും എന്റെ ബ്ലോഗുകളില്‍ വായനക്കാരെ കൂടുതല്‍ എത്തിയ്ക്കാനും ഈ മീറ്റുകള്‍ എന്നെ ഏറെ സഹായിച്ചുവെന്ന വിവരം അറിയിയ്ക്കുന്നതിലും എനിയ്ക്ക് അതിയായ സന്തോഷമുണ്ട്.

ഈ മീറ്റുകളില്‍ നിന്നുള്ള പ്രചോദനമാണ് മലബാറിലും ഒരു മീറ്റിനെക്കുറിച്ച് ആലോചിയ്ക്കാന്‍ ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. മലപ്പുറത്ത് കോട്ടക്കുന്നിലോ പരിസരത്തോ ഏതാനും മലപ്പുറം ബ്ലോഗേഴ്‌സിനെ ഒരുമിച്ചുകൂട്ടി ഒരു ചിന്ന മീറ്റു നടത്തി സായൂജ്യമടയാമെന്ന കുഞ്ഞു മോഹം മാത്രമായിരുന്നു ആ പോസ്റ്റിടുമ്പോള്‍. ഇപ്പോള്‍ ബൂലോകരെല്ലാം അതിനെ ഏറ്റെടുത്തതിന്റെ സന്തോഷം ഇവിടെ പങ്കുവയ്ക്കട്ടെ.


ബൂലോകത്തെ വിശാലമായ ചര്‍ച്ചയ്ക്കൊടുവില്‍ മീറ്റിന്റെ സ്ഥലം
തീരുമാനിയ്ക്കപ്പെട്ടപ്പോള്‍ത്
തന്നെ മീറ്റിന്റെ ഉദ്ദേശം വെറും ഈറ്റിലൊതുക്കാതെ ബൂലോകത്തിന്റെ വികാസത്തിലൂടെ ബ്ലോഗിനെ നാളത്തെ പ്രധാന മാധ്യമമാക്കാന്‍ സഹായിയ്ക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളും ഉണ്ടാവണമെന്ന ആവശ്യം ഉദിച്ചു വന്നിരുന്നു. പല വിഷയങ്ങളും ആ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബ്ലോഗര്‍മാര്‍ തമ്മില്‍ പരിചയപ്പെട്ടു വരുമ്പോഴേയ്ക്കും സമയം വൈകിയേക്കാമെന്നതിനാല്‍ ഈ ഏകദിന മീറ്റില്‍ അധികം വിഷയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ നമുക്കു നടത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ബ്ലോഗുകളില്‍ വായനാക്കാരെ കൂട്ടുന്നതിനും കൂടുതല്‍ പുതിയ ബ്ലോഗേഴ്‌സിനെ സൃഷ്ടിയ്ക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു ചര്‍ച്ച നമുക്കു നടത്താന്‍ ശ്രമിയ്ക്കാം. മറ്റു വിഷയങ്ങളും
തുടര്‍ചര്‍ച്ചകളും തുടര്‍ന്നുള്ള മീറ്റുകളില്‍ നമുക്കു നടത്താം.

ഇതിനു മുമ്പു നടന്ന മീറ്റുകള്‍ നമ്മുടെ സഹയാത്രികര്‍ക്കും അവരുടെ ബന്ധു-സുഹൃത്തുക്കള്‍ക്കും മാത്രം പ്രവേശനം കൊടുത്തുകൊണ്ടുള്ളതായിരുന്നു എന്നാണ് എനിയ്ക്കു തോന്നുന്നത്. ഇവിടെ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യുന്ന, നിലവില്‍ ബ്ലോഗുകള്‍ വായിയ്ക്കുന്ന, ബ്ലോഗിങ്ങിനു താല്പര്യമുള്ള മറ്റുള്ളവരേയും പങ്കെടുപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. (മറ്റുള്ളവര്‍ക്കു വേണ്ടി മീറ്റിനു ശേഷം നമുക്കു ശില്പശാലകള്‍ സംഘടിപ്പിയ്ക്കാം). പരമാവധി ബ്ലോഗര്‍മാര്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നു. ഞങ്ങളുടെ പരിചയത്തിലുള്ള, ഈമെയില്‍ ഐഡിയും ഫോണ്‍നമ്പരും ഞങ്ങള്‍ക്കറിയാവുന്ന ബ്ലോഗര്‍മാരിലേയ്ക്ക് തുഞ്ചന്‍പറമ്പിലെ മീറ്റിന്റെ വിവരം എത്തിച്ചുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഭൂരിഭാഗം ബ്ലോഗേഴ്‌സും മീറ്റ് നടക്കുന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. മീറ്റിനെക്കുറിച്ചറിയുന്ന നിങ്ങള്‍ ഓരോരുത്തരും പരിചയക്കാരായ ബ്ലോഗേഴ്‌സിന് തുഞ്ചന്‍പറമ്പ് മീറ്റിന്റെ വിവരം എത്തിച്ചുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. മീറ്റിന്റെ ലോഗോ മീറ്റ്‌ബ്ലോഗില്‍ ഉണ്ട്. നിങ്ങളുടെ ബ്ലോഗുകളില്‍ അതു പതിയ്ക്കണമെന്നും ആഗ്രഹിയ്ക്കുന്നു.

ചെറായിയില്‍ ബൂലോകതാരമായിരുന്ന നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ സജ്ജീവേട്ടന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ വര തുഞ്ചന്‍പറമ്പിലും ഉണ്ടായിരിയ്ക്കും. ബൂലോകത്ത് ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഈ മീറ്റിലും ലഭ്യമാവും. തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റില്‍ വ്യത്യസ്ഥങ്ങളായ പല സംഗതികളും പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കള്‍ ഒരുക്കുന്നുണ്ട്. രഞ്ജിത് ചെമ്മാടിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിയ്ക്കുന്ന ബ്ലോഗ്‌ സോവനീറാണ് ഒന്ന്. മലയാള ബ്ലോഗിങ്ങിന്റെ നാള്‍വഴികള്‍ വിശദീകരിയ്ക്കുന്ന പ്രസ്തുത സോവനീറില്‍ ബ്ലോഗര്‍മാരുടെ സൃഷ്ടികളും ബ്ലോഗിങ്ങിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തലുമുള്‍പ്പടെ വിവിധങ്ങളായ ധാരാളം വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാരെയും അത്ഭുതപ്പെടുത്തും വിധത്തില്‍ ബ്ലോഗര്‍മാരില്‍ ചിലര്‍ ഒറ്റയ്ക്കും കൂട്ടായും മറ്റുചില വിഭവങ്ങള്‍ കൂടി ഒരുക്കുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോകത്തെ ചില സഹയാത്രികരുടെ പുസ്തക പ്രകാശനവും ഉണ്ടായിരിയ്ക്കും. ബൂലോകരുടെ ഈ കൂട്ടായ്മകൊണ്ടുതന്നെ മലയാളഭാഷയുടെ മടിയില്‍വച്ചു നടക്കുന്ന ഈ മീറ്റ് ഒരു അനുഭവമായിരിയ്ക്കും.

ഏപ്രില്‍ 17 ഞായറാഴ്ച നടത്തുന്ന മീറ്റില്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 3 വരെ പേരു ചേര്‍ക്കാവുന്നതാണ്. http://bloggermeet.blogspot.com എന്ന മീറ്റ്‌ബ്ലോഗ് ഇതിനകം തന്നെ തുറന്നിട്ടുണ്ട്. ബ്ലോഗേഴ്സിനു വരുന്ന ചെലവില്‍ വര്‍ദ്ധനവുണ്ടാവാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. മീറ്റ് നടക്കുന്നതു തുഞ്ചന്‍പറമ്പിലായതുകൊണ്ടും അവിടം ധാരാളം സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമായതുകൊണ്ടും ഭക്ഷണവും താമസസൌകര്യം ആവശ്യമുള്ളവര്‍ക്ക് അതും ഒരുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യവുമുണ്ട്. മീറ്റുമായി ബന്ധമില്ലാത്തവരെ മീറ്റില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവസാനതീയതിയ്ക്കു മുമ്പ് പേരു രേഖപ്പെടുത്താന്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയിയ്ക്കട്ടെ. ബ്ലോഗേഴ്‌സിന്റെ കൂടെ വരുന്നവരുടെ വിവരവും രേഖപ്പെടുത്തണം. മുതിര്‍ന്നവരുടേയും കുട്ടികളുടേയും എണ്ണവും അറിയിയ്ക്കണം. നേരത്തേതന്നെ മീറ്റ്‌ബ്ലോഗില്‍ പേരു രേഖപ്പെടുത്തിയവരും ഈ വിവരം ഒന്നു ശ്രദ്ധിയ്കുക. കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് തുഞ്ചന്‍പറമ്പിലേയ്ക്കുള്ള വഴിയും മീറ്റുസംബന്ധമായ അനുബന്ധ കാര്യങ്ങളും ഫൈനല്‍ ലിസ്റ്റായതിനു ശേഷം മീറ്റ്‌ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്കാം. അന്‍പതു പേര്‍ക്ക് ഭക്ഷണം കഴിയ്ക്കാന്‍ സൌകര്യമുള്ള ഊട്ടുപുര തുഞ്ചന്‍പറമ്പിലുണ്ട്. അതു സൌകര്യപ്പെടുത്താമെന്നാണ് ഇപ്പോള്‍ കരുതുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ഒരുമിച്ച് വേണമെങ്കില്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ സൌകര്യപ്പെടുത്താമെന്നും കരുതുന്നു. മീറ്റിനോടനുബന്ധിച്ച് മീറ്റ് നടക്കുന്ന ഹാളല്ലാതെ മറ്റെന്തെങ്കിലും സൌകര്യങ്ങള്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു മുന്‍കൂട്ടി അറിയിയ്ക്കേണ്ടതാണ്. തുഞ്ചന്‍പറമ്പില്‍ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതിനാവശ്യമായ ചെലവുതുകയും മുന്‍കൂര്‍ അടച്ചു രസീതു വാങ്ങേണ്ടതുണ്ട്. ജീവിതയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ചുറ്റുപാടുകളില്‍ കൂടുകൂട്ടിയും കടമെടുത്തും അല്ലാതെയും കഴിയുന്ന നമ്മളെയൊക്കെ ഒരൊറ്റ തണലില്‍ ഒരുമിച്ചിരുന്ന് സന്തോഷവും സങ്കടവും തമാശയുമൊക്കെ വലിപ്പച്ചെറുപ്പമില്ലാതെ പങ്കുവയ്ക്കാന്‍ സഹായിച്ച ബ്ലോഗുകള്‍ എക്കാലവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പറഞ്ഞറിയിയ്ക്കേണ്ടതില്ലല്ലോ. അതിനുവേണ്ട ശ്രമങ്ങള്‍ക്കായി ഇനിയുള്ള മീറ്റുകളെ നമുക്ക് ഉപയോഗിയ്ക്കാം. ജയന്‍ഡോക്ടറും സംഘവും എറണാകുളത്തു തുടങ്ങിവച്ച ചര്‍ച്ചകളെ നമുക്ക് പൂര്‍ത്തീകരിയ്ക്കാം. എല്ലാ ബൂലോക സുഹൃത്തുക്കളെയും ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍, മലയാള ഭാഷയുടെ കേളീകേന്ദ്രമായ തിരുമുറ്റത്ത് നടക്കുന്ന ബൂലോക മീറ്റിലേയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി
ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614

15 Responses to "ബൂലോകരോട് സ്നേഹപൂര്‍വ്വം"

 1. തുഞ്ചൻ ബ്ലോഗ് മീറ്റ് ബൂലോക ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 2. മീറ്റ് ഒരു സംഭവമായി മാറട്ടെ! എല്ലാ വിധ ആശംസകളും.

  ReplyDelete
 3. മീറ്റ് ചരിത്രം കുറിക്കും ..ആശംസകള്‍

  ReplyDelete
 4. ഈ മീറ്റ് ഒരു സംഭവമാവട്ടെ. കൊട്ടോട്ടിക്കും നന്ദുവിനും ഡോക്ടര്‍ക്കും തോന്ന്യാസിക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 5. തുഞ്ചൻ പറമ്പിൽ വെച്ച് നടക്കുന്ന ബ്ലോഗ് സംഗമത്തിന് എന്റെ എല്ലാ ആശംസകളും.

  ReplyDelete
 6. മലയാള ബ്ലോഗ് ചരിത്രത്തിൽ പുതിയൊരധ്യായം രചിക്കാൻ നമ്മുടെ മീറ്റിന്‌ കഴിയും.....
  എല്ലാ ആശംസകളും

  ReplyDelete
 7. എല്ലാ ഭാവുകങ്ങളും കേട്ടൊ ഭായ്

  ReplyDelete
 8. മലയാള ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് വരാന്‍പോകുന്നത്. അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ വിഷമമുണ്ട്.
  എല്ലാവിധ ആശംസകളും...!!

  ReplyDelete
 9. കൊട്ടോട്ടിക്കും നന്ദുവിനും ഡോക്ടര്‍ക്കും തോന്ന്യാസിക്കും,മറ്റു പ്രവർത്തകർക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 10. ഈ പോസ്റ്റിന്‌ നിരക്ഷരൻ തന്നെ ആദ്യം കമന്റി. അദ്ദേഹം സാഹിത്യ അക്കാദമിയുമായി ബ്ലോഗിന്‌ ബന്ധം സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. ഈ അവസരത്തിൽ മീറ്റ് ഉത്ഘാടനം ചെയ്യാനോ, സുവനീർ പ്രകാശനം ചെയ്യാനോ അക്കാദമിയിൽ നിന്നോ അല്ലെങ്കിൽ ഒരു വലിയ സാഹിത്യ/കലാകാരനെയോ കൂടി ക്ഷണിക്കുവാനുള്ള സാധ്യത കൂടി പരിഗണിക്കരുതോ ?
  ഒപ്പം വാർത്താ മാധ്യമങ്ങളിൽ വാർത്തയും.
  ആശംസകളോടെ

  ReplyDelete
 11. കലാവല്ലഭന്‍ പറഞ്ഞത് കാര്യ ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്. സംഘാടകര്‍ ശ്രദ്ധിക്കുമല്ലോ.....

  ReplyDelete
 12. ആശംസകള്‍... പങ്കെടുക്കാന്‍ പറ്റുമോ എന്നറിയില്ല.. അന്ന് ഒരു പരീക്ഷയുണ്ട്.. വിശേഷങ്ങള്‍ എല്ലാരും എഴുതുമ്പോള്‍ വായിക്കാം...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts