നിലാവ് - പ്രവാസ മലയാളം സിനിമ

സപ്‌ന അനു ബി.ജോർജ്ജ്

15 വര്‍ഷമായി ബഹറിനില്‍ ജീവിക്കുന്ന അജിത് നായർ‍, കഥ തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുകയും പ്രവാസദേശത്ത് ചിത്രീകരിച്ച്, അഭിനേതാക്കളും ഏറെക്കുറെ പ്രവാസികള്‍ തന്നെയായുള്ള ഒരു മുഴുനീള മലയാള സിനിമയാണ് ‘നിലാവ് ‘എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകതയാണ്.

ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്പഷ്ടവികാരങ്ങള്‍ തിരയടിക്കുന്ന മനസ്സുകളെക്കുറിച്ച് മൂടുപടമില്ലാതെ വര്‍ണ്ണിക്കുന്നതായാണ് ഈ കഥയില്‍ ഉടനീളം നമ്മള്‍ കാണുന്നത് .തീഷ്ണമായ മാനസിക വിക്ഷോഭങ്ങള്‍ ഇളക്കിവിട്ട് നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന ഈ കഥ, അജിത് നായര്‍ എന്ന കഥാകൃത്തിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു. തികച്ചും അപരിചിതരായിരുന്ന ലക്ഷ്മിയുടെയും ഹരിയുടെയും കഥയിലൂടെ പ്രവാസജീവിതത്തിന്റെ ഏകാന്തതകളും, തകര്‍ന്നുവീഴുന്ന സ്വപ്നങ്ങളും തന്മയത്വമായി വരച്ചുകാട്ടുന്നു അജിത്. കരയില്‍ പിടിച്ചിട്ട മത്സ്യം ജീവവായു തിരയും പോലെ ശൂന്യതയില്‍ സ്വയം ഇല്ലാതാകുന്ന ജീവിതങ്ങൾ‍. അപരിചിതമാവുന്ന സ്വന്തം മനസ്സും ശരീരവുമായി നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ്‌ ഗള്‍ഫ്‌. പുരുഷന്റെ ഭൗതികമായ ആധികളും, വ്യഥകളും മാത്രമെ പ്രവാസജീവിതത്തിന്റെ പ്രമേയയങ്ങളായി രചനകളിലും, കഥകളിലും, സിനിമയിലും മറ്റും ആവിഷ്ക്കരിക്കപ്പെടാറുള്ളൂ. സ്ത്രീയെ ആസ്പദമാക്കി ഗള്‍ഫില്‍ നീന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രമേയം സിനിമയാകുന്നത്.ഒരു തിര

ഒറ്റപ്പെടല്‍ മരണമാണ്. അതു പ്രവാസത്തിലാകുമ്പോള്‍ അവസാനിക്കാത്ത മരണമാകുന്നു. തൊണ്ടയില്‍ കുടുങ്ങിയ നിലവിളിപോലെ നിരന്തരമായ വേദനയുടെ വിങ്ങൽ. എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങൾ, ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം. ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും കവിതകളായും,ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേര്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഗാര്‍ഷം എന്ന സിനിമയിലും, പരദേശിയും അറബിക്കഥകളിലും പറഞ്ഞുപോയ പ്രവാസ വേദനകള്‍ വീണ്ടും മലയാളത്തില്‍ ഒരുങ്ങുകയാണ്‍. അജിത് നായര്‍ ഒരുക്കിയ നിലാവ് പ്രവാസ ജീവിതത്തീന്റെ സ്ത്രീപക്ഷ കാഴ്ചയാണ് എന്നു പറയാം. പക്ഷെ കഥ പറയുന്നത് പുരുഷന്റെ പ്രവാസ വഴികളിലൂടെ തന്നെ.

കഥാ തന്തു

ഒരു യാ‍ഥാസ്ഥികമായ ചുറ്റുപാടില്‍ നിന്നും ബഹറിനില്‍ എത്തുന്ന ഹരി, ഒരു ഇന്റീരിയര്‍ ഡിസൈന്‍ കംബനിയില്‍ ജോലി ചെയ്യുന്നു.ഭര്‍ത്താവും കുടുംബവുമായി കഴിയുന്ന ലക്ഷ്മി, ധാരാളം പണം, സൗകര്യങ്ങൾ, സ്നേഹമുള്ള എന്നാല്‍ ജോലിത്തിരക്കുള്ള ഭര്‍ത്താവ്, ഇതിനിടയില്‍ ഒറ്റപ്പെട്ടുപോകുന് ലക്ഷ്മി. മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ലക്ഷ്മിയുടെ മരണപ്പെട്ട മാതാപിതാക്കളുടെ അടുത്ത് ചിത്രം വരക്കാനിടയായ ഹരി ആ പരിചയത്തിന്റെ പേരിൽ, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ച്ചകള്‍ ആണ് കഥാതന്തു. പരസ്പരം മനസ്സുകളെ തൊട്ടറിയാന്‍ കഴിയുന്ന അപൂര്‍വ്വസൗഹൃദം എന്തെന്നു വരച്ചുകാട്ടുന്നു നിലാവിലൂടെ അജിത്‌ എന്ന കഥാകൃത്ത്. ഏകാന്തവാസത്തിനിടയില്‍ കണ്ടുമുട്ടുന്ന ഇരുവരുടെയും മനസ്സുകള്‍ തേടുന്ന വികാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക്, കാഴ്ചപ്പാടുകള്‍ക്ക്, അവര്‍ കണ്ടെത്തുന്ന സ്നേഹത്തിന്റെ നങ്കൂരമാണ് ‘നിലാവിന്‍’ ഇതിവൃത്തം.

ലക്ഷ്മിയുടെയും ഹരിയുടെയും ജീവിതത്തിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് നാം എത്തിനോക്കുമ്പോള്‍ ഒരിടത്ത് ഒരു നിലാവുണ്ടായിരുന്നു. മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്, രാത്രിയെ പുണർന്ന് അതങ്ങനെ പടർന്ന് പന്തലിച്ച് കിടന്നു. അതിനു കീഴെ അവള്‍ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂടുകൂട്ടാന്‍ കടല്‍ കടന്നു എത്തി. പിന്നെ പെയ്തത് നിലാമഴയായിരുന്നു അവര്‍ക്ക് ചുറ്റും. ദൂരെ നിന്നു ആടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി. മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളായ് അവര്‍ നടന്നു. ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിതിൽ‍?. മഴ, നിലാവ്, ഓളങ്ങൾ, ഊഞ്ഞാല്‍, നനുത്ത മഞ്ഞ് ഇതൊക്കെ എങ്ങനെയാണ് ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ട് ഇങ്ങനെയൊന്ന് ഇതുവരെ കണ്ടില്ല?എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല? നിലാവിന് മാത്രം അറിയാം അത് !! പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്ലാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല? വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാന്‍ ഞാന്‍ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല? ആ നിലാവില്‍ എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ല? സന്ധ്യ ഉണരുമ്പോള്‍ ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു. നിന്റെ കണ്മഷികള്‍ ഞാന്‍ അടര്‍ത്തി എടുതോട്ടെ? കറുത്തൊരു പൊട്ടു കുത്താൻ, നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞൂവോ? നിന്റെ മനസ്സും ശരീരവും ഞങ്ങള്‍ ആവഹിക്കട്ടെ. മനസ്സിലെ ഓണത്തുംബികളെ ഞങ്ങള്‍ മുരടനയ്ക്കട്ടെ. ലക്ഷീ, നീ എന്തെ ഇത്ര വൈകി മനസ്സ് പകുത്ത നീ എങ്ങോട്ടേക്കാണ് പോകുന്നത് ? നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്. മറന്നുവെച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ? നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും എന്ന് അജിത്ത് അര്‍ത്ഥോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നു.

കഥാകാരന്റെ കാഴ്ചപ്പാട്

അജിത്തിന്റെ കാഴ്ചപ്പാടില്‍....നിലാവ് എന്ന സിനിമ ഭൂരിഭാഗവും ബഹറിനില്‍ ഷൂട്ട് ചെയ്തത് പ്രവാസ ജീവിതത്തിന്റെ ഭാഗമായ കഥയായതുകൊണ്ട് മാത്രമല്ല. മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു രീതി അവലംബിക്കുക എന്ന സദുദ്ദേശത്തോടും കൂടിയാണ്. പിന്നെ ഞാന്‍ ജീവിച്ച, എനിക്കേറ്റവും പരിചയമുള്ള സ്ഥലം ആണ് ബഹറിന്‍. ഓരോ മുക്കും മൂലയും ചിരപരിചിതം. ഇതിലെ മിക്ക സ്ഥലങ്ങളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകും. മനാമ, സല്‍മാനിയ, ഗുദൈബിയ, സെല്ലാക്ക് എന്നീ സ്ഥലങ്ങളാണ് കൂടുതലും ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഈ ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനം, എന്റെ മനസ്സ് കാടുകയറിയ ചില ചിന്തകളുടെ പര്യവസാനം ആണ് ഇതിന്. ആരോടും സാമ്യമോ, ഛായയോ ഒന്നും തന്നെയില്ല. വെറും കാല്‍പ്പനികമായ ഒരു കഥ മാത്രം. ഇവിടെ ജീവിക്കുന്ന ഒരുപറ്റം അവിവാഹിതരായ ചെറുപ്പക്കാരുടെ മനസ്സും അവരുടെ വ്യഥകളും വരച്ചുകാട്ടാനുള്ള ശ്രമം മാത്രം. ഈ സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അജിത്ത് തന്നെ പരിചയപ്പെടുത്തുന്നു. ന്യൂ സ്കൈ പ്രൊഡക്ഷന്റെ ബാനറില്‍ ഹരിദാസ് പ്രൊഡ്യൂസ് ചെയ്താതാണ് നിലാവ്.

അജിത്ത് നായരുടെ തന്നെയാണ് കഥയും തിരക്കഥയും, സംവിധാനംവും .ചില പാട്ടുകള്‍ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹറിനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ്. ഇതിലെ മുഖ്യകഥാപാത്രങ്ങളായി ഹരിദാസും സുനിതയുമാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ചന്ദ്രദാസ്, രമേഷ്, പ്രശാന്ത്, സുരേഷ്, കരുണാകരന്‍, അനില, ഡോക്ടര്‍ ബാബു, രജിത്, ശശി, സംഗീത, സേതു, നിവേദ്യ, ഷംസ് എന്നിവര്‍ ബഹറിനില്‍ തന്നെയുള്ളവരാണ്. നിലാവിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍, ചിത്രത്തിന്റെ നിര്‍മാണം. ന്യൂ സ്കൈ പ്രൊഡക്ഷന്‍, കഥ, ഗാനരചന, സംവിധാനം അജിത്‌ നായര്‍, സംഗീതം റജി ഗോപിനാഥ്, പാട്ടുകള്‍ ആലാപിച്ചിരിക്കുന്നത് കെ.എസ്. ചിത്രയും ജി.വേണുഗോപാലുമാണ്‍. ഛായാഗ്രഹണം ഉണ്ണി, എഡിറ്റിംഗ് നിഖില്‍ വേണു, കലാസംവിധാനം സോണി സിജോ .ഷെരീഫ്‌ ഷാജി പ്രൊഡക്ഷന്‍ കണ്ട്രോളര്‍എന്നിവരാണ്‌.

അജിത്ത് എന്ന വ്യക്തി

കേരളത്തില്‍ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയാണ് അജിത്ത്. ഭാര്യ സിന്ധുവിനോടും കുട്ടികളോടും കൂടി ബഹറിനില്‍ താമസമാക്കിയിരിക്കുന്നു. അല്‍ ബയാന്‍ മീഡിയ ഗ്രൂപ്‌ പ്രൊഡക്ഷന്‍ വിഭാഹത്തിലാണ് അജിത് ജോലിചെയ്യുന്നത്. ഇതു കൂടാതെ ഒരു റേഡിയോ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടും, നല്ലൊരു കഥകൃത്തായും, സംവിധായകനുമായി കൂട്ടുകാര്‍ക്കിടയിൽ അറിയപ്പെടുന്ന അജിത്ത് ഒരു ബ്ലോഗർ കൂടെയാണ്. അജിത്തിന്റെ ബഹുമതികൾ‍. WMC Toastmasters Club, ബെഹറിന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലില്‍ അജിത്തിന്റെ "Outfits, Dreams“എന്നീ രണ്ട് ഹൃസ്വചിത്രങ്ങള്‍ക്ക് അഞ്ചോളം അവാര്‍ഡ്‌ കിട്ടുകയുണ്ടായി. ഒക്ടോബറില്‍ കേരളത്തിലുടനീളം റിലീസ് പെയ്യാന്‍ പോവുന്ന 'നിലാവ് ' ബഹറിനില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്.

5 Responses to "നിലാവ് - പ്രവാസ മലയാളം സിനിമ"

 1. nalloru samrambhathe kurichu churungiya vakkukalil nalla oru kuripp....nandi

  ReplyDelete
 2. അജിത്തിന് ആശംസകള്‍ .......കഴിഞ്ഞ ദിവസം നിരക്ഷരനോടോത്തു വയനാട്ടിലുള്ള അജിത്തിന്റെ വീട് സന്ദര്‍ശിക്കാനുള്ള ഭാഗ്യം ഉണ്ടായത് ഒരു അപൂര്‍വ്വ അനുഭവമായി കാണുന്നു. സിനിമ കേരളത്തില്‍ റിലീസ് ആകുവാന്‍ കാത്തിരിക്കുന്നു . ഒപ്പം ആ സിനിമയുടെ ഭൂരിഭാഗവും ക്യാമറ കൈകാര്യം ചെയ്ത എന്റെ വളരെ പഴയ സുഹൃത്ത് ഉണ്ണിക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 3. ഇതിന്റെ ഡീവീഡി കിട്ടാനുള്ള സാദ്ധ്യതകൾ ഉണ്ടായിരുന്നു. തീയറ്ററിൽ വരുന്നെങ്കിൽ പിന്നെ ഡീവീഡി ഇട്ട് കാണുന്നില്ല.

  ReplyDelete
 4. നല്ല വിവരണം . ഇതിലെ പാട്ടുകള്‍ കേട്ടിരുന്നു .എന്തായാലുംസിനിമ കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ട്

  ReplyDelete
 5. ചലച്ചിത്രകാരനും പരിചയപ്പെടുത്തിയ
  സപ്നയ്ക്കും ആശംസകള്‍ ..:)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts