കഥകളിക്കായി ഇതാ ഒരു സൈറ്റ്

പ്രിയരേ,

കഥകളിയെ ഇഷ്ടപ്പെടുകയും, സൈബർ ലോകത്തിൽ കഥകളിസംബന്ധമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നവരാണ്, ഈ ബൂലോകത്തുള്ള നമ്മളെല്ലാവരും. ഇന്റർനെറ്റുമായി ബന്ധമുള്ള കഥകളികലാകാരന്മാർ, കഥകളിയുടെ മനോഹരമായ ഫോട്ടോകൾ എടുത്തവർ, വീഡിയോകൾ ഷെയർ ചെയ്തവർ, ബ്ലോഗുകളിൽ തങ്ങൾ കണ്ട കഥകളിയെപ്പറ്റി റിപ്പോർട്ടുകൾ എഴുതിയവർ, ഗൗരവാവഹമായ പഠനങ്ങളും ലേഖനങ്ങളും എഴുതിയവർ. ഗ്രൂപ്പുകളിലും ചാറ്റ് റൂമുകളിലും മെയിൽ ത്രെഡുകളിലും മുതൽ ഫെയ്സ്‌ബുക്ക് പോലുള്ള സർവ്വ ആധുനിക സോഷ്യൻ നെറ്റ്‌വർക്ക് ഇടങ്ങളിൽ വരെ കഥകളിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുകയും കമന്റുകളെഴുതുകയും ചെയ്തവർ എന്നിങ്ങനെ പലരും ഈ കൂട്ടത്തിലുണ്ട്.

മറ്റു പല ക്ലാസിക്കൽ കലകളേയും അപേക്ഷിച്ചുനോക്കുമ്പോൾ, നമ്മുടെ എണ്ണം അൽപ്പം കൂടുതലാണ് എന്നത് അഭിമാനാർഹമാണ്. കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും താരത‌മ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്‌സെറ്റ് ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന, നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്.

അനിവാര്യമായ അത്തരമൊരു വെബ്സെറ്റിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. കഥകളിയിലെ പുരോഗമനോന്മുഖമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ പേരിലാണ് വെബ്സെറ്റ് തയ്യാറാവുന്നത്. ഈ വരുന്ന മെയ്‌മാസം 7 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ വെബ്സെറ്റ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നളചരിതം ഒന്നാം ദിവസവും നിണത്തോടുകൂടിയുള്ള നരകാസുരവധവും നടക്കുന്നുണ്ട്. എല്ലാവരേയും ഉദ്ഘാടനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


എന്നാൽ, ഉദ്ഘാടനം ഒരു തുടക്കം മാത്രമാണ് എന്നതുകൂടി ഓർക്കുമല്ലോ. ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ വെബ്‌സെറ്റ്, നമ്മളോരോരുത്തരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ വേണം മുന്നേറാൻ. അക്കാര്യത്തിൽ എല്ലാ കഥകളിസ്നേഹികലുടേയും പങ്കാളിത്തം ആവശ്യമുണ്ട്. സഹകരിക്കുമല്ലോ.


ഉദ്ഘാടനപരിപാടിയുടെ ബ്രോഷർ, ചില പോസ്റ്ററുകൾ എന്നിവ കൂടെച്ചേർക്കുന്നു. ഫെയ്സ്‌ബുക്ക്, ഓർക്കൂട്ട്, ഗൂഗുൾ ബസ്സ് എന്നിവയിലെല്ലാം ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനവാർത്തക്ക് നമ്മളോരോരുത്തരും പ്രചരണം നൽകണം എന്നഭ്യർത്ഥിക്കുന്നു. ബ്ലോഗർമാരായ കഥകളിപ്രേമികൾ തങ്ങളുടെ ബ്ലോഗുകളിൽ ഈ ബ്രോഷർ അടങ്ങുന്ന ഒരു പോസ്റ്റ് ചെയ്താൽ കൂടൂതൽ നല്ലത്. ഓരോരുത്തരും താന്താങ്ങൾക്ക് കഴിയുന്ന നിലയിൽ പ്രചരണം നൽകുക. ഈ സ്വതന്ത്രസംരംഭത്തിന്റെ വിജയവും ഭാവിയും ഓരോ കഥകളിപ്രേമിയുടേയും കൈകളിലാണ്. ഓരോരുത്തരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതി അറിയിക്കുക. കലാസ്നേഹത്തിന്റെ പൊതുഭൂമിയിൽ, ദ്വേഷങ്ങളില്ലാതെ നമുക്ക് ഒന്നിച്ചുനീങ്ങാം.

സ്നേഹപൂർവ്വം,
ശ്രീചിത്രൻ എം. ജെ.(വികടശിരോമണി)
ബ്ലോഗ്: www.chengila.blogspot.com
 
* വെബ്സെറ്റിന്റെ സാങ്കേതികപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വെബ്സെറ്റിന്റെ വിവരങ്ങൾ www..kunchunairtrust.blogspot.com എന്ന വിലാസത്തിലുള്ള ബ്ലോഗിൽ ലഭ്യമാവും.

മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.

കോട്ടയത്ത് പുതുപ്പള്ളി മണ്ഡലത്തില്‍ കോൺഗ്രസ്സിന്റെ പ്രമുഖനായ നേതാവിനോട് മത്സരിക്കാന്‍ മറ്റൊരു വനിതാ ബ്ലോഗര്‍ തട്ടകത്തിലിറങ്ങി - സുജാ സൂസന്‍ ജോര്‍ജ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് സുജ സൂസന്‍ ജോര്‍ജ് നേരിടുന്നത്. ബ്ലോഗിലും ഫേസ്ബുക്കിലും സജീവ സാന്നിദ്ധ്യമാണ് സുജാത മാന്താനത്ത് എന്ന് സൈബര്‍ സ്പേസില്‍ അറിയപ്പെടുന്ന  ഈ കോളേജ് അദ്ധ്യാപിക. 2010 ജനുവരി മുതല്‍ ബ്ലോഗിങ്ങ് രംഗത്ത് ഈ വനിതാ സാന്നിദ്ധ്യം ഉണ്ട്. "സുജാത" എന്ന പേരിലുള്ള ബ്ലോഗില്‍ കവിതകള്‍ ആണ് പ്രധാനമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലമ്പുഴയില്‍ മുഖ്യമന്ത്രി വിഎസ്സിനെതിരെ മത്സരിക്കുന്ന ലതികാ സുഭാഷും സുജാതയും കോട്ടയം സ്വദേശികളും സുഹൃത്തുക്കളും ആണ്.മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും എതിരിടാന്‍ ഇത്തവണ മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്നത് വനിതകളെയാണ്. പുരുഷന്മാര്‍ ഇറങ്ങുവാന്‍ ഭയക്കുന്ന ഈ അങ്കത്തട്ടുകളിലേക്ക് നിര്‍ഭയം കടന്നു വന്നിരിക്കുന്ന ഈ വനിതാ രത്നങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നമ്മുടെ ബൂലോകം ടീം നേരുന്നു.

വി.എസ്. Vs ബ്ലോഗര്‍ ലതി

ലയാളം ബ്ലോഗിങ്ങ് രംഗത്തെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമായ ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് മലമ്പുഴയില്‍ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ വി. എസ്. അച്യുതാനന്ദനാണ് പ്രധാന എതിര്‍ സ്ഥാനാർത്ഥി.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെ. പി. സി. സി. സക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീമതി ലതികാ സുഭാഷ് ഇതാദ്യമായല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ മഹിളാ കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റും കൂടി ആണ്.

പൊതു പ്രവര്‍ത്തകനും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ, ചെറായി സ്വദേശി കെ. ആർ‍. സുഭാഷ് ആണ് ലതികാ സുഭാഷിന്റെ ഭര്‍ത്താവ്. ഏകമകൻ ബ്രഹ്മദര്‍ശന്‍ (കണ്ണന്‍)

ലതികാ സുഭാഷ് എന്ന ബ്ലോഗർ ലതിയുടെ ബ്ലോഗ് പ്രൊഫൈൽ ലിങ്ക്. - http://www.blogger.com/profile/14638848456550669417

ലതികാ സുഭാഷിന് നമ്മുടെ ബൂലോകം ടീമിന്റെ വിജയാശംസകൾ.

ബൂലോകരോട് സ്നേഹപൂര്‍വ്വം

കൊട്ടോട്ടിക്കാരന്‍


ബൂലോകത്തെ എന്റെ ആദ്യ മീറ്റായിരുന്നു ചെറായിയിലേത്. കേവലം മൂന്നു മാസം മാത്രമായിരുന്നു ബൂലോകത്ത് അന്നെനിയ്ക്ക്. ആ മീറ്റില്‍ കുടുംബസമേതം പങ്കെടുക്കാന്‍ എനിയ്ക്കു സാധിച്ചത് ഒരു മഹാഭാഗ്യമായി ഇന്നു ഞാന്‍ അനുഭവിയ്ക്കുന്നു. അതിനു ശേഷം ഇടപ്പള്ളിമീറ്റിലും പങ്കെടുക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. ബൂലോകത്ത് ഏറെ അറിയപ്പെടാനും എന്റെ ബ്ലോഗുകളില്‍ വായനക്കാരെ കൂടുതല്‍ എത്തിയ്ക്കാനും ഈ മീറ്റുകള്‍ എന്നെ ഏറെ സഹായിച്ചുവെന്ന വിവരം അറിയിയ്ക്കുന്നതിലും എനിയ്ക്ക് അതിയായ സന്തോഷമുണ്ട്.

ഈ മീറ്റുകളില്‍ നിന്നുള്ള പ്രചോദനമാണ് മലബാറിലും ഒരു മീറ്റിനെക്കുറിച്ച് ആലോചിയ്ക്കാന്‍ ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. മലപ്പുറത്ത് കോട്ടക്കുന്നിലോ പരിസരത്തോ ഏതാനും മലപ്പുറം ബ്ലോഗേഴ്‌സിനെ ഒരുമിച്ചുകൂട്ടി ഒരു ചിന്ന മീറ്റു നടത്തി സായൂജ്യമടയാമെന്ന കുഞ്ഞു മോഹം മാത്രമായിരുന്നു ആ പോസ്റ്റിടുമ്പോള്‍. ഇപ്പോള്‍ ബൂലോകരെല്ലാം അതിനെ ഏറ്റെടുത്തതിന്റെ സന്തോഷം ഇവിടെ പങ്കുവയ്ക്കട്ടെ.


ബൂലോകത്തെ വിശാലമായ ചര്‍ച്ചയ്ക്കൊടുവില്‍ മീറ്റിന്റെ സ്ഥലം
തീരുമാനിയ്ക്കപ്പെട്ടപ്പോള്‍ത്
തന്നെ മീറ്റിന്റെ ഉദ്ദേശം വെറും ഈറ്റിലൊതുക്കാതെ ബൂലോകത്തിന്റെ വികാസത്തിലൂടെ ബ്ലോഗിനെ നാളത്തെ പ്രധാന മാധ്യമമാക്കാന്‍ സഹായിയ്ക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളും ഉണ്ടാവണമെന്ന ആവശ്യം ഉദിച്ചു വന്നിരുന്നു. പല വിഷയങ്ങളും ആ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബ്ലോഗര്‍മാര്‍ തമ്മില്‍ പരിചയപ്പെട്ടു വരുമ്പോഴേയ്ക്കും സമയം വൈകിയേക്കാമെന്നതിനാല്‍ ഈ ഏകദിന മീറ്റില്‍ അധികം വിഷയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ നമുക്കു നടത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ബ്ലോഗുകളില്‍ വായനാക്കാരെ കൂട്ടുന്നതിനും കൂടുതല്‍ പുതിയ ബ്ലോഗേഴ്‌സിനെ സൃഷ്ടിയ്ക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു ചര്‍ച്ച നമുക്കു നടത്താന്‍ ശ്രമിയ്ക്കാം. മറ്റു വിഷയങ്ങളും
തുടര്‍ചര്‍ച്ചകളും തുടര്‍ന്നുള്ള മീറ്റുകളില്‍ നമുക്കു നടത്താം.

ഇതിനു മുമ്പു നടന്ന മീറ്റുകള്‍ നമ്മുടെ സഹയാത്രികര്‍ക്കും അവരുടെ ബന്ധു-സുഹൃത്തുക്കള്‍ക്കും മാത്രം പ്രവേശനം കൊടുത്തുകൊണ്ടുള്ളതായിരുന്നു എന്നാണ് എനിയ്ക്കു തോന്നുന്നത്. ഇവിടെ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യുന്ന, നിലവില്‍ ബ്ലോഗുകള്‍ വായിയ്ക്കുന്ന, ബ്ലോഗിങ്ങിനു താല്പര്യമുള്ള മറ്റുള്ളവരേയും പങ്കെടുപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. (മറ്റുള്ളവര്‍ക്കു വേണ്ടി മീറ്റിനു ശേഷം നമുക്കു ശില്പശാലകള്‍ സംഘടിപ്പിയ്ക്കാം). പരമാവധി ബ്ലോഗര്‍മാര്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നു. ഞങ്ങളുടെ പരിചയത്തിലുള്ള, ഈമെയില്‍ ഐഡിയും ഫോണ്‍നമ്പരും ഞങ്ങള്‍ക്കറിയാവുന്ന ബ്ലോഗര്‍മാരിലേയ്ക്ക് തുഞ്ചന്‍പറമ്പിലെ മീറ്റിന്റെ വിവരം എത്തിച്ചുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഭൂരിഭാഗം ബ്ലോഗേഴ്‌സും മീറ്റ് നടക്കുന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. മീറ്റിനെക്കുറിച്ചറിയുന്ന നിങ്ങള്‍ ഓരോരുത്തരും പരിചയക്കാരായ ബ്ലോഗേഴ്‌സിന് തുഞ്ചന്‍പറമ്പ് മീറ്റിന്റെ വിവരം എത്തിച്ചുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. മീറ്റിന്റെ ലോഗോ മീറ്റ്‌ബ്ലോഗില്‍ ഉണ്ട്. നിങ്ങളുടെ ബ്ലോഗുകളില്‍ അതു പതിയ്ക്കണമെന്നും ആഗ്രഹിയ്ക്കുന്നു.

ചെറായിയില്‍ ബൂലോകതാരമായിരുന്ന നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ സജ്ജീവേട്ടന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ വര തുഞ്ചന്‍പറമ്പിലും ഉണ്ടായിരിയ്ക്കും. ബൂലോകത്ത് ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഈ മീറ്റിലും ലഭ്യമാവും. തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റില്‍ വ്യത്യസ്ഥങ്ങളായ പല സംഗതികളും പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കള്‍ ഒരുക്കുന്നുണ്ട്. രഞ്ജിത് ചെമ്മാടിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിയ്ക്കുന്ന ബ്ലോഗ്‌ സോവനീറാണ് ഒന്ന്. മലയാള ബ്ലോഗിങ്ങിന്റെ നാള്‍വഴികള്‍ വിശദീകരിയ്ക്കുന്ന പ്രസ്തുത സോവനീറില്‍ ബ്ലോഗര്‍മാരുടെ സൃഷ്ടികളും ബ്ലോഗിങ്ങിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തലുമുള്‍പ്പടെ വിവിധങ്ങളായ ധാരാളം വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാരെയും അത്ഭുതപ്പെടുത്തും വിധത്തില്‍ ബ്ലോഗര്‍മാരില്‍ ചിലര്‍ ഒറ്റയ്ക്കും കൂട്ടായും മറ്റുചില വിഭവങ്ങള്‍ കൂടി ഒരുക്കുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോകത്തെ ചില സഹയാത്രികരുടെ പുസ്തക പ്രകാശനവും ഉണ്ടായിരിയ്ക്കും. ബൂലോകരുടെ ഈ കൂട്ടായ്മകൊണ്ടുതന്നെ മലയാളഭാഷയുടെ മടിയില്‍വച്ചു നടക്കുന്ന ഈ മീറ്റ് ഒരു അനുഭവമായിരിയ്ക്കും.

ഏപ്രില്‍ 17 ഞായറാഴ്ച നടത്തുന്ന മീറ്റില്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 3 വരെ പേരു ചേര്‍ക്കാവുന്നതാണ്. http://bloggermeet.blogspot.com എന്ന മീറ്റ്‌ബ്ലോഗ് ഇതിനകം തന്നെ തുറന്നിട്ടുണ്ട്. ബ്ലോഗേഴ്സിനു വരുന്ന ചെലവില്‍ വര്‍ദ്ധനവുണ്ടാവാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. മീറ്റ് നടക്കുന്നതു തുഞ്ചന്‍പറമ്പിലായതുകൊണ്ടും അവിടം ധാരാളം സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമായതുകൊണ്ടും ഭക്ഷണവും താമസസൌകര്യം ആവശ്യമുള്ളവര്‍ക്ക് അതും ഒരുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യവുമുണ്ട്. മീറ്റുമായി ബന്ധമില്ലാത്തവരെ മീറ്റില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവസാനതീയതിയ്ക്കു മുമ്പ് പേരു രേഖപ്പെടുത്താന്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയിയ്ക്കട്ടെ. ബ്ലോഗേഴ്‌സിന്റെ കൂടെ വരുന്നവരുടെ വിവരവും രേഖപ്പെടുത്തണം. മുതിര്‍ന്നവരുടേയും കുട്ടികളുടേയും എണ്ണവും അറിയിയ്ക്കണം. നേരത്തേതന്നെ മീറ്റ്‌ബ്ലോഗില്‍ പേരു രേഖപ്പെടുത്തിയവരും ഈ വിവരം ഒന്നു ശ്രദ്ധിയ്കുക. കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് തുഞ്ചന്‍പറമ്പിലേയ്ക്കുള്ള വഴിയും മീറ്റുസംബന്ധമായ അനുബന്ധ കാര്യങ്ങളും ഫൈനല്‍ ലിസ്റ്റായതിനു ശേഷം മീറ്റ്‌ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്കാം. അന്‍പതു പേര്‍ക്ക് ഭക്ഷണം കഴിയ്ക്കാന്‍ സൌകര്യമുള്ള ഊട്ടുപുര തുഞ്ചന്‍പറമ്പിലുണ്ട്. അതു സൌകര്യപ്പെടുത്താമെന്നാണ് ഇപ്പോള്‍ കരുതുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ഒരുമിച്ച് വേണമെങ്കില്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ സൌകര്യപ്പെടുത്താമെന്നും കരുതുന്നു. മീറ്റിനോടനുബന്ധിച്ച് മീറ്റ് നടക്കുന്ന ഹാളല്ലാതെ മറ്റെന്തെങ്കിലും സൌകര്യങ്ങള്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു മുന്‍കൂട്ടി അറിയിയ്ക്കേണ്ടതാണ്. തുഞ്ചന്‍പറമ്പില്‍ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതിനാവശ്യമായ ചെലവുതുകയും മുന്‍കൂര്‍ അടച്ചു രസീതു വാങ്ങേണ്ടതുണ്ട്. ജീവിതയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ചുറ്റുപാടുകളില്‍ കൂടുകൂട്ടിയും കടമെടുത്തും അല്ലാതെയും കഴിയുന്ന നമ്മളെയൊക്കെ ഒരൊറ്റ തണലില്‍ ഒരുമിച്ചിരുന്ന് സന്തോഷവും സങ്കടവും തമാശയുമൊക്കെ വലിപ്പച്ചെറുപ്പമില്ലാതെ പങ്കുവയ്ക്കാന്‍ സഹായിച്ച ബ്ലോഗുകള്‍ എക്കാലവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പറഞ്ഞറിയിയ്ക്കേണ്ടതില്ലല്ലോ. അതിനുവേണ്ട ശ്രമങ്ങള്‍ക്കായി ഇനിയുള്ള മീറ്റുകളെ നമുക്ക് ഉപയോഗിയ്ക്കാം. ജയന്‍ഡോക്ടറും സംഘവും എറണാകുളത്തു തുടങ്ങിവച്ച ചര്‍ച്ചകളെ നമുക്ക് പൂര്‍ത്തീകരിയ്ക്കാം. എല്ലാ ബൂലോക സുഹൃത്തുക്കളെയും ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍, മലയാള ഭാഷയുടെ കേളീകേന്ദ്രമായ തിരുമുറ്റത്ത് നടക്കുന്ന ബൂലോക മീറ്റിലേയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി
ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614

സാഹിത്യ അക്കാഡമി ശില്‍പ്പശാല മാർച്ച് 17, 18 തീയതികളിൽ

കേരള സാഹിത്യ അക്കാഡമി കഴിഞ്ഞ കൊല്ലം ഡിസംബർ 14ന് തൃശൂരുള്ള അക്കാഡമി ഹാളിൽ വെച്ച് നടത്തിയ ഈ ഭാഷ ശില്‍പ്പശാലയെപ്പറ്റിയും, അതേത്തുടർന്ന് കൂടുതൽ പ്രായോഗികമായ ശില്‍പ്പശാലകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞ് ഇന്റർനെറ്റിലെ ബ്ലോഗ്, വെബ് പോർട്ടലുകൾ, വിക്കിപീഡിയ, ഫേസ്‌ബുക്ക്, ഓർക്കുട്ട്, എന്നീ സങ്കേതങ്ങൾക്ക് പിന്നിലെ എഴുത്തുകാരും വായനക്കാരും ചേർന്ന് അക്കാഡമിക്ക് സമർപ്പിച്ച ഭീമഹർജിയെപ്പറ്റിയും എല്ലാവർക്കും അറിവുള്ളതാണല്ലോ.


പ്രസ്തുത ഹർജി ഫലം കാണുന്നു എന്ന വിവരം എല്ലാവരേയും സസന്തോഷം അറിയിക്കട്ടെ. മാർച്ച് 17, 18 തീയതികളിൽ തൃശൂർ ജില്ലയിലെ പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻ‌സ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഈ വിഷയത്തിൽ പ്രായോഗികമായ പരിശീലനം നൽകുന്നതിനായി, എഴുത്തുകാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നതായി സാഹിത്യ അക്കാഡമിക്കു വേണ്ടി ശ്രീമതി ലളിതാ ലനിൻ നമ്മുടെ ബൂലോകത്തെ അറിയിച്ചു. ഇതേപ്പറ്റിയുള്ള അറിയിപ്പ് വരും ദിവസങ്ങളിൽ പ്രമുഖ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രീമതി ലളിതാ ലെനിൻ

താല്‍പ്പര്യമുള്ള എഴുത്തുകാർ മാർച്ച് മാസം 14ന് മുൻപ് അക്കാഡമിയിൽ കിട്ടത്തക്ക വിധത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അവരവരുടെ ഇ-ഭാഷയുമായിട്ടുള്ള ബന്ധം, എഴുത്തുമായിട്ടുള്ള ബന്ധം, ഇത്തരം വിഷയങ്ങളെ എത്ര ഗൗരവത്തോടെ സമീപിക്കുന്നു, എത്രത്തോളം അറിവ് ഇക്കാര്യങ്ങളിൽ ഉണ്ട്, കമ്പ്യൂട്ടർ സാക്ഷരർ ആണോ, എന്നതൊക്കെ അടക്കം സ്വന്തം വിവരങ്ങളൊക്കെ കാണിച്ച് ഒരു ലഘുവിവരണം അടക്കം വേണം അപേക്ഷിക്കാൻ. പ്രായോഗിക പരിശീലനം ആയതുകൊണ്ട് തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാത്രമായിരിക്കും ശില്‍പ്പശാലയിലേക്ക് പ്രവേശനം ലഭിക്കുക.

ചർച്ച, സെമിനാർ, പരിശീലനം എന്നതൊക്കെ അടക്കം 2 ദിവസത്തെ ശില്‍പ്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, താമസ സൗകര്യം, ഭക്ഷണം, സാക്ഷ്യപത്രം എന്നിവയ്ക്ക് പുറമേ യഥാർത്ഥ യാത്രാക്കൂലിയും നൽകുമെന്ന് സാഹിത്യ അക്കാഡമി അറിയിക്കുന്നു.

വരും കാലങ്ങളിൽ കൂടുതൽ പേരെ ഇ-ഭാഷ പരിചയപ്പെടുത്തുകയും ചേർത്തുനിറുത്തുകയും ചെയ്യുന്ന തരത്തിലുള്ള കൂടുതൽ സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിത്തന്നെ ഇതിനെ കാണാം. എല്ലാ ഭാഷാ സ്നേഹികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള ഇത്തരം ഒരു തുടർ നടപടി ഉണ്ടായതിന് സാഹിത്യ അക്കാഡമി അഭിനന്ദനമർഹിക്കുന്നു.

നിലാവ് - പ്രവാസ മലയാളം സിനിമ

സപ്‌ന അനു ബി.ജോർജ്ജ്

15 വര്‍ഷമായി ബഹറിനില്‍ ജീവിക്കുന്ന അജിത് നായർ‍, കഥ തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുകയും പ്രവാസദേശത്ത് ചിത്രീകരിച്ച്, അഭിനേതാക്കളും ഏറെക്കുറെ പ്രവാസികള്‍ തന്നെയായുള്ള ഒരു മുഴുനീള മലയാള സിനിമയാണ് ‘നിലാവ് ‘എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകതയാണ്.

ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്പഷ്ടവികാരങ്ങള്‍ തിരയടിക്കുന്ന മനസ്സുകളെക്കുറിച്ച് മൂടുപടമില്ലാതെ വര്‍ണ്ണിക്കുന്നതായാണ് ഈ കഥയില്‍ ഉടനീളം നമ്മള്‍ കാണുന്നത് .തീഷ്ണമായ മാനസിക വിക്ഷോഭങ്ങള്‍ ഇളക്കിവിട്ട് നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന ഈ കഥ, അജിത് നായര്‍ എന്ന കഥാകൃത്തിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു. തികച്ചും അപരിചിതരായിരുന്ന ലക്ഷ്മിയുടെയും ഹരിയുടെയും കഥയിലൂടെ പ്രവാസജീവിതത്തിന്റെ ഏകാന്തതകളും, തകര്‍ന്നുവീഴുന്ന സ്വപ്നങ്ങളും തന്മയത്വമായി വരച്ചുകാട്ടുന്നു അജിത്. കരയില്‍ പിടിച്ചിട്ട മത്സ്യം ജീവവായു തിരയും പോലെ ശൂന്യതയില്‍ സ്വയം ഇല്ലാതാകുന്ന ജീവിതങ്ങൾ‍. അപരിചിതമാവുന്ന സ്വന്തം മനസ്സും ശരീരവുമായി നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ്‌ ഗള്‍ഫ്‌. പുരുഷന്റെ ഭൗതികമായ ആധികളും, വ്യഥകളും മാത്രമെ പ്രവാസജീവിതത്തിന്റെ പ്രമേയയങ്ങളായി രചനകളിലും, കഥകളിലും, സിനിമയിലും മറ്റും ആവിഷ്ക്കരിക്കപ്പെടാറുള്ളൂ. സ്ത്രീയെ ആസ്പദമാക്കി ഗള്‍ഫില്‍ നീന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രമേയം സിനിമയാകുന്നത്.ഒരു തിര

ഒറ്റപ്പെടല്‍ മരണമാണ്. അതു പ്രവാസത്തിലാകുമ്പോള്‍ അവസാനിക്കാത്ത മരണമാകുന്നു. തൊണ്ടയില്‍ കുടുങ്ങിയ നിലവിളിപോലെ നിരന്തരമായ വേദനയുടെ വിങ്ങൽ. എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങൾ, ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം. ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും കവിതകളായും,ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേര്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഗാര്‍ഷം എന്ന സിനിമയിലും, പരദേശിയും അറബിക്കഥകളിലും പറഞ്ഞുപോയ പ്രവാസ വേദനകള്‍ വീണ്ടും മലയാളത്തില്‍ ഒരുങ്ങുകയാണ്‍. അജിത് നായര്‍ ഒരുക്കിയ നിലാവ് പ്രവാസ ജീവിതത്തീന്റെ സ്ത്രീപക്ഷ കാഴ്ചയാണ് എന്നു പറയാം. പക്ഷെ കഥ പറയുന്നത് പുരുഷന്റെ പ്രവാസ വഴികളിലൂടെ തന്നെ.

കഥാ തന്തു

ഒരു യാ‍ഥാസ്ഥികമായ ചുറ്റുപാടില്‍ നിന്നും ബഹറിനില്‍ എത്തുന്ന ഹരി, ഒരു ഇന്റീരിയര്‍ ഡിസൈന്‍ കംബനിയില്‍ ജോലി ചെയ്യുന്നു.ഭര്‍ത്താവും കുടുംബവുമായി കഴിയുന്ന ലക്ഷ്മി, ധാരാളം പണം, സൗകര്യങ്ങൾ, സ്നേഹമുള്ള എന്നാല്‍ ജോലിത്തിരക്കുള്ള ഭര്‍ത്താവ്, ഇതിനിടയില്‍ ഒറ്റപ്പെട്ടുപോകുന് ലക്ഷ്മി. മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ലക്ഷ്മിയുടെ മരണപ്പെട്ട മാതാപിതാക്കളുടെ അടുത്ത് ചിത്രം വരക്കാനിടയായ ഹരി ആ പരിചയത്തിന്റെ പേരിൽ, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ച്ചകള്‍ ആണ് കഥാതന്തു. പരസ്പരം മനസ്സുകളെ തൊട്ടറിയാന്‍ കഴിയുന്ന അപൂര്‍വ്വസൗഹൃദം എന്തെന്നു വരച്ചുകാട്ടുന്നു നിലാവിലൂടെ അജിത്‌ എന്ന കഥാകൃത്ത്. ഏകാന്തവാസത്തിനിടയില്‍ കണ്ടുമുട്ടുന്ന ഇരുവരുടെയും മനസ്സുകള്‍ തേടുന്ന വികാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക്, കാഴ്ചപ്പാടുകള്‍ക്ക്, അവര്‍ കണ്ടെത്തുന്ന സ്നേഹത്തിന്റെ നങ്കൂരമാണ് ‘നിലാവിന്‍’ ഇതിവൃത്തം.

ലക്ഷ്മിയുടെയും ഹരിയുടെയും ജീവിതത്തിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് നാം എത്തിനോക്കുമ്പോള്‍ ഒരിടത്ത് ഒരു നിലാവുണ്ടായിരുന്നു. മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്, രാത്രിയെ പുണർന്ന് അതങ്ങനെ പടർന്ന് പന്തലിച്ച് കിടന്നു. അതിനു കീഴെ അവള്‍ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂടുകൂട്ടാന്‍ കടല്‍ കടന്നു എത്തി. പിന്നെ പെയ്തത് നിലാമഴയായിരുന്നു അവര്‍ക്ക് ചുറ്റും. ദൂരെ നിന്നു ആടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി. മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളായ് അവര്‍ നടന്നു. ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിതിൽ‍?. മഴ, നിലാവ്, ഓളങ്ങൾ, ഊഞ്ഞാല്‍, നനുത്ത മഞ്ഞ് ഇതൊക്കെ എങ്ങനെയാണ് ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ട് ഇങ്ങനെയൊന്ന് ഇതുവരെ കണ്ടില്ല?എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല? നിലാവിന് മാത്രം അറിയാം അത് !! പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്ലാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല? വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാന്‍ ഞാന്‍ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല? ആ നിലാവില്‍ എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ല? സന്ധ്യ ഉണരുമ്പോള്‍ ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു. നിന്റെ കണ്മഷികള്‍ ഞാന്‍ അടര്‍ത്തി എടുതോട്ടെ? കറുത്തൊരു പൊട്ടു കുത്താൻ, നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞൂവോ? നിന്റെ മനസ്സും ശരീരവും ഞങ്ങള്‍ ആവഹിക്കട്ടെ. മനസ്സിലെ ഓണത്തുംബികളെ ഞങ്ങള്‍ മുരടനയ്ക്കട്ടെ. ലക്ഷീ, നീ എന്തെ ഇത്ര വൈകി മനസ്സ് പകുത്ത നീ എങ്ങോട്ടേക്കാണ് പോകുന്നത് ? നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്. മറന്നുവെച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ? നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും എന്ന് അജിത്ത് അര്‍ത്ഥോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നു.

കഥാകാരന്റെ കാഴ്ചപ്പാട്

അജിത്തിന്റെ കാഴ്ചപ്പാടില്‍....നിലാവ് എന്ന സിനിമ ഭൂരിഭാഗവും ബഹറിനില്‍ ഷൂട്ട് ചെയ്തത് പ്രവാസ ജീവിതത്തിന്റെ ഭാഗമായ കഥയായതുകൊണ്ട് മാത്രമല്ല. മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു രീതി അവലംബിക്കുക എന്ന സദുദ്ദേശത്തോടും കൂടിയാണ്. പിന്നെ ഞാന്‍ ജീവിച്ച, എനിക്കേറ്റവും പരിചയമുള്ള സ്ഥലം ആണ് ബഹറിന്‍. ഓരോ മുക്കും മൂലയും ചിരപരിചിതം. ഇതിലെ മിക്ക സ്ഥലങ്ങളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകും. മനാമ, സല്‍മാനിയ, ഗുദൈബിയ, സെല്ലാക്ക് എന്നീ സ്ഥലങ്ങളാണ് കൂടുതലും ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഈ ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനം, എന്റെ മനസ്സ് കാടുകയറിയ ചില ചിന്തകളുടെ പര്യവസാനം ആണ് ഇതിന്. ആരോടും സാമ്യമോ, ഛായയോ ഒന്നും തന്നെയില്ല. വെറും കാല്‍പ്പനികമായ ഒരു കഥ മാത്രം. ഇവിടെ ജീവിക്കുന്ന ഒരുപറ്റം അവിവാഹിതരായ ചെറുപ്പക്കാരുടെ മനസ്സും അവരുടെ വ്യഥകളും വരച്ചുകാട്ടാനുള്ള ശ്രമം മാത്രം. ഈ സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അജിത്ത് തന്നെ പരിചയപ്പെടുത്തുന്നു. ന്യൂ സ്കൈ പ്രൊഡക്ഷന്റെ ബാനറില്‍ ഹരിദാസ് പ്രൊഡ്യൂസ് ചെയ്താതാണ് നിലാവ്.

അജിത്ത് നായരുടെ തന്നെയാണ് കഥയും തിരക്കഥയും, സംവിധാനംവും .ചില പാട്ടുകള്‍ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹറിനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ്. ഇതിലെ മുഖ്യകഥാപാത്രങ്ങളായി ഹരിദാസും സുനിതയുമാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ചന്ദ്രദാസ്, രമേഷ്, പ്രശാന്ത്, സുരേഷ്, കരുണാകരന്‍, അനില, ഡോക്ടര്‍ ബാബു, രജിത്, ശശി, സംഗീത, സേതു, നിവേദ്യ, ഷംസ് എന്നിവര്‍ ബഹറിനില്‍ തന്നെയുള്ളവരാണ്. നിലാവിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍, ചിത്രത്തിന്റെ നിര്‍മാണം. ന്യൂ സ്കൈ പ്രൊഡക്ഷന്‍, കഥ, ഗാനരചന, സംവിധാനം അജിത്‌ നായര്‍, സംഗീതം റജി ഗോപിനാഥ്, പാട്ടുകള്‍ ആലാപിച്ചിരിക്കുന്നത് കെ.എസ്. ചിത്രയും ജി.വേണുഗോപാലുമാണ്‍. ഛായാഗ്രഹണം ഉണ്ണി, എഡിറ്റിംഗ് നിഖില്‍ വേണു, കലാസംവിധാനം സോണി സിജോ .ഷെരീഫ്‌ ഷാജി പ്രൊഡക്ഷന്‍ കണ്ട്രോളര്‍എന്നിവരാണ്‌.

അജിത്ത് എന്ന വ്യക്തി

കേരളത്തില്‍ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയാണ് അജിത്ത്. ഭാര്യ സിന്ധുവിനോടും കുട്ടികളോടും കൂടി ബഹറിനില്‍ താമസമാക്കിയിരിക്കുന്നു. അല്‍ ബയാന്‍ മീഡിയ ഗ്രൂപ്‌ പ്രൊഡക്ഷന്‍ വിഭാഹത്തിലാണ് അജിത് ജോലിചെയ്യുന്നത്. ഇതു കൂടാതെ ഒരു റേഡിയോ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടും, നല്ലൊരു കഥകൃത്തായും, സംവിധായകനുമായി കൂട്ടുകാര്‍ക്കിടയിൽ അറിയപ്പെടുന്ന അജിത്ത് ഒരു ബ്ലോഗർ കൂടെയാണ്. അജിത്തിന്റെ ബഹുമതികൾ‍. WMC Toastmasters Club, ബെഹറിന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലില്‍ അജിത്തിന്റെ "Outfits, Dreams“എന്നീ രണ്ട് ഹൃസ്വചിത്രങ്ങള്‍ക്ക് അഞ്ചോളം അവാര്‍ഡ്‌ കിട്ടുകയുണ്ടായി. ഒക്ടോബറില്‍ കേരളത്തിലുടനീളം റിലീസ് പെയ്യാന്‍ പോവുന്ന 'നിലാവ് ' ബഹറിനില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്.

Popular Posts