വ്യത്യസ്തമായ എഴുത്തിലൂടെ ശ്രദ്ധേയനായ ബ്ലോഗറാണ് നമത്. ഓരോ പോസ്റ്റും ഒരു കുഞ്ഞു കഥ പോലെ അല്ലെങ്കില്‍ കവിതപോലെ മനോഹരം.. വാക്കുകള്‍ തീയായും കാറ്റായും മഞ്ഞായുമൊക്കെ വായനക്കാരന്റെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്നു. ഇവിടെ നമതിനെ ഇന്റര്‍വ്യൂ ചെയ്യുന്നത് ബ്ലോഗിലും ബസ്സിലുമെല്ലാം നിറഞ്ഞ സാന്നിധ്യമായ, നമുക്കെല്ലാം പ്രിയങ്കരനായ സിയ. ഒരുപാട് നന്ദി. അഭിമുഖം അനുവദിച്ച നമതിനും, അത് വളരെ ഭംഗിയായി തന്നെ നിര്‍വഹിച്ച സിയയ്ക്കും.
- നമ്മുടെ ബൂലോകം ടീമിനു വേണ്ടി കിച്ചു.
നമതിനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ അമ്പരപ്പായിരുന്നു ആദ്യം. പിന്നെയത് നമതുമായി വര്‍ത്തമാനം പറയാന്‍ അവസരം കിട്ടുന്നതിന്റെ ത്രില്ലായി മാറി. എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നൊന്നും യാതൊരു ഊഹവുമില്ലായിരുന്നു. എന്തു തന്നെ ചോദിച്ചാലും എങ്ങനെ ചോദിച്ചാലും ഉടന്‍ തരാനായി നമതിന്റെ നാവിന് തുമ്പില്‍ തയ്യാറായി നില്ക്കുന്ന ഉത്തരങ്ങളിലുള്ള വിശ്വാസമാണ് സത്യത്തില്‍ ഇങ്ങനെയൊരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്.ബ്ലോഗിലൂടെ നാം അറിയുന്ന നമതുമായിട്ടാണ് അഭിമുഖഭാഷണം നടത്തുന്നത്. സ്വകാര്യതയുടെ ഏകാന്തതീരങ്ങളില്‍ വരിയും വരയുമായി അഭിരമിക്കുന്ന നമതിന്റെ ആത്മസാക്ഷാത്കാരങ്ങളില് സത്യത്തിന്റെ പവന് തിളക്കമുണ്ട്, വായിക്കുന്നവന് സമയമൂല്യം പലമടങ്ങ് തിരിച്ചു നല്കുന്ന എഴുത്തുകാരന്റെ ഉത്തരവാദിത്തമുണ്ട്. എഴുത്തുകാരനെന്ന നിലയില്‍ ഏകാകിയായിത്തന്നെ സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്ന നമതിനോട് ആ യാത്രാപഥങ്ങളുമായി പൊരുത്തപ്പെടുന്ന ചോദ്യങ്ങളേ ആകാവൂ എന്നത് കേവല ബാധ്യതയാണ്. അവിടെയാവട്ടെ, സൂര്യന് താഴെ എന്തിനെക്കുറിച്ചും അന്വേഷിക്കാന്‍ സഹായകമായ കൈ ചൂണ്ടികളുണ്ട് താനും.
- സിയ
സിയ:- ആക്രമണത്തിന്റെ വന്യഭാവമില്ല, കീഴടങ്ങലിന്റെ ദയനീയതയുമില്ല. ആര്‍ജ്ജവം തുടിച്ച് നില്ക്കുന്ന വാക്കുകള്‍ക്കിടയില്‍ പാറിക്കളിക്കുന്ന സമാധാനത്തിന്റെ ശുഭ്രപതാകയെ തൊട്ടറിയാം. അപരന്റെ മാനസികഭാവങ്ങളോടുള്ള ഒരുതരം സമരസപ്പെടല്‍. മനസ്സിലേക്ക് മെല്ലെ അരിച്ചിറങ്ങുന്ന കുളിരിന്റെ മൃദുസാന്ത്വനം പോലെയാണ് നമതിന്റെ പല ബ്ലോഗെഴുത്തുകളും അനുഭവപ്പെട്ടിട്ടുള്ളത്. ഒരു സാധാരണ ബ്ലോഗ് വായനക്കാരന് എന്ന നിലയില്‍ നമതിനെ അറിഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. എങ്ങനെ പ്രതികരിക്കുന്നു ഈ പ്രസ്താവനയോട്?
നമത് :- ജീവിതത്തില്‍ സത്യസന്ധനാവുന്നത് ഒരു പരിധി വരെയെങ്കിലും നമുക്കൊന്നും പറ്റാത്ത ഒരു കാര്യമാണ്. അവനവന്റെ സന്തോഷത്തിനു ചെയ്യുന്ന ഒരു കാര്യത്തിലെങ്കിലും, എഴുത്തിലെങ്കിലും സത്യസന്ധത ആഗ്രഹിക്കുന്നു. വയറ്റുപ്പിഴപ്പും എഴുത്തും രണ്ടായിടത്തോളം അതിനുള്ള സ്കോപ്പുണ്ട്. പിന്നെ ഈ മനുഷ്യന്റെ അവസ്ഥ, അതെല്ലാ കാലത്തും ദേശത്തും അടിസ്ഥാനപരമായി ഒന്നാണ്. എല്ലാവര്ക്കും പൊതുവായ ഒരു സ്ഥലമുണ്ട്. വികാരങ്ങളും. സമയം മിനക്കെടുത്തി വായിക്കാന്‍ വരുന്നവന് മുടക്കുന്ന സമയത്തിനുള്ള ഒരു മിനിമം വാല്യൂ. അതു കൊടുക്കേണ്ടത് ഒരു ഉത്തരവാദിത്വമാണ്.
സിയ:- എഴുത്തുകാരൻ, കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ഇനിയും അറിയപ്പെടാത്ത മറ്റെന്തൊക്കെയോ കൂടിയാണ് നമത്. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ഇതാണ്. ബ്ലോഗിലെ ഈ എഴുത്തിലും വരയിലും മാത്രം തൃപ്തനാണോ താങ്കള്‍? അല്ലെങ്കില്‍ ഓണ്‍ലൈന്‍ വായനാ സമൂഹത്തിന് പുറത്ത് വായനക്കാരും കലാസ്വാദകരുമായ വലിയൊരു കൂട്ടം ആളുകള്‍ താങ്കളെ നഷ്ടപ്പെടുത്തുന്നില്ല്ല്ലേ?
നമത് :- ബ്ലോഗ് ഒരു സാദ്ധ്യതയാണ്. ആദ്യം ബ്ലോഗില്‍ കയറുമ്പോ, ആരംഭദശയിൽ, കരീംമാഷ് പിന്നെ പര്‍ദ്ദ അണിഞ്ഞ ഒരു ലേഡി പിന്നൊരു ആറുപേർ. അതൊക്കെയാരുന്നു ബ്ലോഗ്. ഒരു പോസ്റ്റിനു ശേഷം ബോറടിച്ചു. രണ്ടാമതു വരുന്ന വേഷം ഇത്. ഇപ്പോ ബ്ലോഗിന്റെ ഗുണം, എഴുത്തുകാരന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വ്യക്തിപരമായ അഭിപ്രായങ്ങളേറെയുള്ളപ്പോഴും എഴുത്തെന്നത് ഒരു പരിശുദ്ധമായ കാര്യമാണ്. ഇറ്റ് ഷുഡ് ബീ ക്ലോസ്സ് ടൂ ട്രൂത്ത്. അത് ഒരു ഉത്തരവാദിത്വം കൂടിയാണ്. ബ്ലോഗിലെഴുതുമ്പോള്‍ അത് എഴുത്തുകാരനില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. ഒരു ആനുകാലികത്തിന്റെ ലേബലിലോ, വാങ്ങാന്‍ കാശു കൊടുത്തു പോയി എന്നതു കൊണ്ടോ ആരും ബ്ലോഗ് വായിക്കില്ല. വീണ്ടും വായിക്കണമെന്ന് വായനക്കാരനു തോന്നണം. ബ്ലോഗെന്നത് ഒരു പരിചിതവൃത്തെമന്നതു മാറി, അങ്ങോട്ടുമിങ്ങോട്ടും പരിചയമുള്ളവരു കൊച്ചുവര്‍ത്തമാനം പറയുന്ന രീതി മാറി, ഒരുപാടു പേരു ദിവസവും പുതിയതായി കടന്നു വരുന്ന ഒരു മേഖലയാണ്. പോപ്പുലേഷന്‍ എക്സ്പ്ലോഷന് പോലാണ് മലയാളത്തില്‍ ബ്ലോഗ് എക്സ്പ്ലോഷന് നടക്കുന്നത്, നടന്നു കൊണ്ടിരിക്കുന്നത്. പണ്ട് എടിഎം എന്താണെന്ന് കാണാന്‍ വണ്ടിയോടിച്ചു പോയിട്ടുണ്ട്. ഡയലപ്പ് കണക്ഷനില്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നോ? ബ്ലോഗ് എഴുത്തുകാരന്റെ ഭാവിയാണ്. ഭാവിയുടെ മാധ്യമവും. ഇന്നല്ലെങ്കില്‍ നാളെ. അപ്പോഴും എഴുതാനുള്ള മൂഡുണ്ടാവുമോ എന്നത് മറ്റൊരു കാര്യം. വായനക്കാരുടെ നഷ്ടമൊന്നും അനുഭവപ്പെടുന്നില്ല. ഫീഡ് ബര്‍ണറില്‍ 300നടുത്ത് ഫീഡ്, അതല്ലാതെ വല്ലപ്പോഴുമെഴുതിയിട്ടും ആവറേജ് പേജ് ഹിറ്റ് 150. ഞാനെഴുതിയാലും വേറാരെഴുതിയാലും പത്തായത്തില് നെല്ലുണ്ടേ എലി ടാക്സി പിടിച്ചും വരും. വ്യക്തിപരമായി തോന്നുന്നത്, മൌനികളെങ്കിലും ക്രീമിലെയര്‍ വായനക്കാരുണ്ടെന്നാണ്. അതില്‍ അങ്ങേയറ്റം സന്തോഷം. നന്ദി.
സിയ:- വിസ്മയകരമായ, നേരിയ ഒരു നിഗൂഢത നമതിനെ ചൂഴ്ന്നു നില്ക്കുന്നോ എന്നൊരു സംശയമുണ്ട്. നമതിന്റെ പ്രവര്ത്തനമണ്ഡലങ്ങളെക്കുറി കലാസപര്യയെക്കുറിച്ച് കൂടൂതലറിയാന്‍ എന്നെപ്പോലെ തന്നെ ആകാംക്ഷ ഒരു പക്ഷേ വായനക്കാര്‍ക്കും കാണും. ഔദ്യോഗികമോ വ്യക്തിപരമോ ആയ വിശദാംശങ്ങളല്ല ഞാന്‍ ചോദിക്കുന്നത്. എഴുത്തിലൂടെ, വരയിലൂടെ ഞങ്ങളറിയുന്ന നമതിന്റെ ആ മേഖലയിലെ അനുഭവങ്ങള്‍ അറിയാനുള്ള ആകാംക്ഷ മാത്രം.
നമത് :- ഇതിലെന്ത് നിഗൂഡത. രണ്ടു വീതം കൈയ്യും കാലും -)) കണ്ണും. എല്ലാരെയും പോലെ ഞാനും. ചിലര്‍ക്ക് പെഴ്സണല്‍ സ്പേസിന്റെ വലുപ്പും കൂടുതലായിരിക്കും. എനിക്ക് സ്വകാര്യത അണ്ടര്‍വെയര്‍ പോലൊരു സാധനമാണ്. ഐ ഡോണ്ട് വാണ്ടു ടു സീ യുവേഴ്സ്, ആന്‍ഡ് ഡോണ്ട് വാണ്ടു ടു ഷോ മൈന്‍. നമത് അതെഴുതുന്ന വ്യക്തിയുടെ സ്വകാര്യ സന്തോഷം. അവനവനില്‍ ആനന്ദം കണ്ടെത്തുന്നതിനുള്ള വഴി.അവനനോടുള്ള സത്യസന്ധതയ്ക്കുള്ള ഒരു മാര്‍ഗ്ഗം. വ്യക്തിക്ക് മറ്റെല്ലാവരെയും പോലെ കുടുംബം, സൌഹൃദങ്ങളെല്ലാമുണ്ട്. പക്ഷെ വ്യക്തി എഴുത്തില്‍ പ്രസക്തനല്ല. എഴുത്തുകാരന് ഏകാകിയാണ്. വ്യക്തി ഒരു പരിധി വരെ മറിച്ചും. ഒരു പക്ഷെ എഴുത്ത് എന്ന രൂപത്തില്‍ അത്തരം ബന്ധങ്ങളോടുള്ള വിമുഖതയായിരിക്കും ഈ നിഖൂഡത എന്നൊക്കെ തോന്നുന്നത്. അതൊരു വലിയ കാര്യമായി കരുതുന്നില്ല. ഇപ്പോ എന്റെ അമ്മയ്ക്കു പോലും ഞാനെഴുതുന്നത് അറിയില്ല. രണ്ടു ലോകവും രണ്ടായി സൂക്ഷിക്കാനുള്ള ലളിതമായ ഒരാഗ്രഹം.
സിയ:- എഴുത്തിലെങ്കിലും സത്യസന്ധത ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. അതിനെ സാധൂകരിക്കുന്ന രണ്ട് കാര്യങ്ങളാണ് ഞാന്‍ കാണുന്നത്. ഒന്ന്, മൌലികമായ ചിന്തകളുടെ സവിശേഷമായ ആവിഷ്കാരമാണ് താങ്കളുടെ എഴുത്ത്. രണ്ട്, ദുര്‍ഗ്രഹതയുടെ ലാഞ്ചനയില്ലാതെ, തെളിമയും വ്യക്തതയുമുള്ള വാക്കുകള്‍ വായനക്കാരന്റെ മനസ്സിലേക്ക് കോരിയിട്ടു കൊടുക്കുന്ന ഭാഷ. സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ വിഷയങ്ങള്‍ അയത്നലളിതമായ ഭാഷയിലൂടെയാണ് താങ്കള്‍ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്നത്. വായനക്കാരനെ പരീക്ഷിക്കുന്നവിധം, ചിന്തകന്‍ അല്ലെങ്കില്‍ ബുദ്ധിജീവി പരിവേഷം നേടിയെടുക്കാനോ നിലനിര്‍ത്താനോ ഭാഷ മനഃപൂര്‍വ്വം ദുര്‍ഗ്രഹമാക്കുകയും കഠിനപദക്കസര്ത്തുകളിലൂടെ വായനക്കാരന്റെ കണ്ണ് തള്ളിച്ച് “ഹമ്മേ ഈ സാറ് യെന്തരോ സംഭവം തന്നെ” എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന കപടബുദ്ധിജീവികള്ക്കിടയില് നമത് വ്യത്യസ്തനാവുന്നത് അങ്ങനെയാണ്. ഇത് നമതിന്റെ വായനക്കാര്‍ക്ക് വ്യക്തമായും അറിയാവുന്ന സംഗതി ആയിരിക്കണം. എന്നാല്‍ ബ്ലോഗിലെ ചിലര്‍ പുറത്ത് പറയാന്‍ പറ്റാത്ത ഏതോ ഭയം കൊണ്ടാവണം, നമതിനെ ‘വിവരമുള്ളവന്’ എന്ന് പറയുമെങ്കിലും ഒരു അക്കാദമിക് ബുദ്ധിജീവി ലേബലില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്തു പറയുന്നു?
നമത് :- ഭാഷ, പ്രത്യേകിച്ചും എഴുതുന്ന ഭാഷയെക്കുറിച്ച് ഒരുപാട് ധാരണകള്‍ അടിയുറച്ചിട്ടുണ്ട്. പക്ഷെ അടിസ്ഥാനപരമായി ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണമാണ്. സംസാരത്തിലാണെങ്കിലും എഴുത്തിലാണെങ്കിലും. ഭാഷ ഫലപ്രദമാകുന്നത് അതു സംഭവിക്കുമ്പോഴാണ്. എഴുത്ത് വായനയുടെ മറുപുറമാണ്. എഴുത്തുകാരന് അടിസ്ഥാനപരമായി വായനക്കാരനും. വായിക്കുമ്പോള്‍ അനുഭവിക്കുന്ന അരുചികള്‍ എഴുത്തില്‍ വരുത്താതിരിക്കുക, എഴുത്തുകാരന്റെ ചുമതലയാണ്. എഴുത്തും ജീവിതവും രണ്ടും രണ്ടായി സൂക്ഷിക്കന്നതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചെനിക്കറിയില്ല. ബ്ലോഗിലെനിക്ക് ബന്ധങ്ങളില്ല. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആവശ്യത്തിനും ഒരുപക്ഷെ ആവശ്യത്തില്‍ കൂടുതലും സ്വകാര്യജീവിതത്തിലുണ്ട്. അവിടെയും എല്ലാ കാര്യങ്ങളിലും അഭിപ്രായങ്ങള്‍ക്ക് ആധികാരികതയുണ്ടെന്ന് അനുഭവപ്പെടാറില്ല. എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിപ്രായം പറയേണ്ടതുണ്ടെന്നും തോന്നാറില്ല. എല്ലാവരും അവരവരുടെതായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. വായനക്കാര്‍ പലപ്പോഴും എഴുത്തുകാരെക്കാള്‍ വിവരമുള്ളവരാണ്. ബ്ലോഗിലെഴുതുന്നത്, പണ്ടൊരിക്കല്‍ പറഞ്ഞതു പോലെ ഇരുട്ടില്‍ നിശബ്ദരായിരിക്കുന്ന ജ്ഞാനികളുടെ മുന്‍പിലുള്ള ഒന്നാണ്. എന്റെ അഭിപ്രായം അല്ലെങ്കില്‍ ചിന്ത മറ്റൊരു ഒപ്ഷന്‍, അല്ലെങ്കില്‍ പെര്‍സ്പക്ടീവ് മാത്രമാണ്. അതല്ലാതെ ഒരു തിരുത്തല്‍ ശക്തിയില്ല.ദാറ്റ്സ് നോട്ട് ബൈന്‍ഡിങ്ങ് ആന്‍ഡ് ഫൈനല്‍. സ്ഥിരമായി ബ്ലോഗുകളില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നവരുടെ എണ്ണം കഷ്ടിച്ച് 20 അല്ലെങ്കില്‍ 30 വരും. അവരോടുള്ള എല്ലാ ബഹുമാനങ്ങളോടെയും എനിക്കു തോന്നുന്നത്, നിശബ്ദരായിരിക്കുന്ന മദമത്സരമഹാരോഹങ്ങളില്ലാത്ത ശിഷ്ടം 270 ആളുകള്‍ കൂടുതല്‍ പൊട്ടന്ഷ്യലുള്ളവരാണെന്നാണ്. ഇപ്പോഴധികമൊന്നുമെഴുതാറില്ല. പക്ഷെ എഴുതുമ്പോഴുള്ള വെല്ലുവിളി അവരാണ്. സംസാരിക്കുന്നവരെ മനസ്സിലാക്കാന്‍ എളുപ്പമാണ്. തൃപ്തിപ്പെടുത്താനും. ഒരക്ഷരം പോലും മിണ്ടാതെ മറഞ്ഞിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണ് വെല്ലുവിളി.
സിയ:- സാഹിത്യത്തിലെയും പ്രണയത്തിലെയും പ്രകൃതിയുടെ സ്വാധീനത്തെ അന്വേഷിക്കവേ, നമ്മുടെ സാഹിത്യത്തിലും ഭാവനയിലും സൂക്ഷ്മ വികാരമായ പ്രണയം സ്ഥൂലവിശദാംശങ്ങള് നിറഞ്ഞതാകുന്നതില് നമ്മുടെ സസ്യശ്യാമള കോമളമായ പ്രകൃതിക്ക് പങ്കുണ്ട് എന്നൊരു വിലയിരുത്തല്‍ താങ്കള്‍ നടത്തുന്നുണ്ട്. മറിച്ച്, അറബിനാടുകളിലെയൊ ലെബനോനിലെയോ വരണ്ട പ്രകൃതി കണ്ണിനെ ദൃശ്യസ്ഥൂലതയില് നിന്നും ആത്മാവിന്റെ സൂക്ഷ്മതയിലേക്ക് വഴി തിരിച്ചുവിടുന്നുണ്ടോ എന്ന് ജലാലുദ്ദീന്‍ റൂമിയെയും ഖലീല്‍ ജിബ്രാനെയും ഉദാഹരിച്ച് താങ്കള്‍ ചോദിക്കുന്നു. കാനനഛായകള്ക്കും അല്ലിയാമ്പല്‍ കടവുകള്‍ക്കും ചുറ്റും കറങ്ങിത്തിരിയുന്ന മലയാളിയുടെ പ്രണയപഥങ്ങള്, എപ്പോഴാണ് കൂടുതല്‍ സുന്ദരവും നിഗൂഢവുമായ ഒരാത്മീയ യാത്രക്ക് ഉപയുക്തമാകുക? അങ്ങനെ സംഭവിക്കണെമെങ്കില് എന്തുവേണമെന്നാണ് താങ്കള്‍ കരുതുന്നത്?
നമത് :- മറ്റെന്തും പോലെ ഭാവനയും ദേശത്തിനും കാലത്തിനും സംസ്കാരത്തിനുമനുസൃതമായി രൂപപ്പെടുന്ന ഒന്നാണ്. ഇടയ്ക്കു ചില പഴുതുകളൊഴിച്ച് മലകളാലും സമുദ്രത്താലും ചുറ്റപ്പെട്ട കേരളം താരതമ്യേനെ അധിനിവേശത്തിനു വഴങ്ങാത്ത ഒന്നായിരുന്നു. പ്രകൃതി നല്കിയ ഒരു വരം. അതുകൊണ്ടു തന്നെ സംവത്സരങ്ങളും നൂറ്റാണ്ടുകളും നീണ്ടു നില്ക്കുന്ന പീഡനങ്ങളൊ അടിമത്തമോ ഉണ്ടായിരുന്നില്ല. ഏഴാം ശതകത്തിലെ ആര്യ അധിനിവേശത്തിനു ശേഷം നമ്മുടെ സമൂഹത്തിലെ അസമത്വങ്ങള്‍ അതില്‍ തന്നെ ഇന്ബോണായ ഒന്നാരുന്നു. പുറത്തൂന്നു ഇറക്കുമതി ചെയ്തതോ അടിച്ചേല്പ്പിക്കപ്പെട്ടതോ അല്ല. ഏറ്റവും മനോഹരമായ കാലാവസ്ഥ നല്കുന്ന സഞ്ചാരസ്വാതന്ത്ര്യം. ഓരോ ഋതുവിലും മാറുന്ന പ്രകൃതി സൌന്ദര്യം. ഇത് മലയാളിയെ പൊതുവേ മനുഷ്യനില്‍ നിന്നും പുറത്തേക്കു കൊണ്ടുപോയിരിക്കണം. ഭാവന സൂക്ഷ്മത്തിനു പകരം സ്ഥൂലമായ പുറമ്പോക്കില്‍ അലഞ്ഞിരിക്കണം. അങ്ങനെയൊരുപാടു ഘടകങ്ങള്‍ മലയാള ഭാവനയെ നിര്‍വചിക്കുന്നുണ്ട്. മറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കാലാവസ്ഥ മനുഷ്യനെ വേട്ടയാടുകയാണ്. ചുടുകാറ്റും മഞ്ഞുവീഴ്ചയും നല്കുന്ന പരിമിതികള്‍ മനുഷ്യനെ അവനവനില്‍ തന്നെ തളച്ചിടുന്നു. വൈകാരികസമ്മര്ദ്ധം അനുഭവപ്പെടുമ്പോള്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ആശ്വാസം പ്രകൃതിദത്തമായി ലഭിച്ച മലയാളിക്ക് അങ്ങനെ അവനവനില്‍ തളച്ചിടപ്പെടേണ്ട ആവശ്യം വന്നിട്ടില്ല. ഹീ ഈസ് ഫീല്‍ ടു റോം എറൌണ്ട്. അതിപ്പോ അമ്പലക്കുളമാണെങ്കിലും കായലാണെങ്കിലും കടലാണെങ്കിലും മലയാണെങ്കിലും. സമ്പര്‍ക്കം ഭാവനയെ സ്വാധീനിക്കുന്നു. എഴുത്തിനെയും. കാനനഛായയും അല്ലിയാമ്പല്‍ കടവുമൊക്കെ അങ്ങനെ വരുന്നതാണ്. ഏകാകിതയുടെ , ആത്മഭാഷണത്തിന്റെ സ്വരം മലയാളത്തില്‍ ഏറ്റവും അധികം മറ്റൊലി കൊള്ളുന്നത് ബഷീറിലാണ്. അവനവനില്‍ തളച്ചിടപ്പെട്ട മലയാളഭാവനയുടെ ദൃഷ്ടാന്തമാണ് മതിലുകള്‍. ഖസാക്ക് ചരിത്രമായതും അങ്ങനെയാണ്. കൂടുതല്‍ സുന്ദരവും നിഗൂഡവുമായ ആത്മാന്വേഷണം. കഴപ്പിക്കുന്ന ഒന്നാണ്. ചിലപ്പോഴെങ്കിലും അശുഭാപ്തിവിശ്വാസം. കപീഷും ലാലു ലീലയും, രാമനാഥന് സാറിന്റെ നോവലുകളുമൊക്കെ വായിച്ചുവളര്ന്നവര്ക്ക്, അല്ലെങ്കില്‍ അതിനു മുന്പുള്ളവര്ക്ക് സ്വന്തം വീടകത്തു നിന്ന് ആകെയുള്ള പുറംലോകം വായനമാത്രമായിരുന്നു. അതില്‍ അറിയാതെ സംഭവിച്ച ഒന്നുണ്ട്. ആത്മാവിഷ്കാരത്തിനുപയോഗിച്ചാലും ഇല്ലെങ്കിലും പദസമ്പത്തിന്റെ രൂപപ്പെടൽ. പുതിയ കാലം കൂടുതല്‍ ഏകാന്തമാണ്. കൂടുതല്‍ ഒറ്റപെടലുകള്‍ നിറഞ്ഞതും. പക്ഷെ ടിവി പുറംലോകത്തെ വീടുകളിലെത്തിക്കുന്നു. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോൺ, മറ്റനേകം കാര്യങ്ങൾ. വ്യക്തിയുടെ ഒറ്റപ്പെടല്‍ കൂടുതല്‍ തീവ്രമാകുമ്പോള്‍ ആത്മാന്വേഷണങ്ങളുണ്ടാകേണ്ടതാണ്. പക്ഷെ അത് പ്രകടിപ്പിക്കുന്നതിനുള്ള ശിക്ഷണം, ഏറ്റവും അടിസ്ഥാനമായ പദസമ്പത്ത്, ആവിഷ്കാരം അതൊക്കെ മതിലിനപ്പുറം നില്ക്കുന്നോ? പലപ്പോഴും തോന്നിയിട്ടുള്ള ഒന്ന് ആത്മാന്വേഷണത്തിനുള്ള ഒരു ത്വര അല്ലെങ്കില്‍ സ്ഫുരണം ഉള്ളവരില്‍ പോലും അത് തിരിച്ചറിയപ്പെടാതെ പോകുന്നു.
സിയ:- നമത് എന്ന ചിത്രകാരനെക്കുറിച്ച്? ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടുണ്ടോ?
ആധുനിക ചിത്രകലാ സങ്കേതങ്ങളോടുള്ള കാഴ്ച്ചപ്പാടെന്ത്? വര യന്ത്രവത്കൃതമാകുന്നതിനെ നമത് എങ്ങനെ നോക്കിക്കാണുന്നു?
നമത് :- വര പാതികണ്ടപ്പോള് നിന്നു പോയ ഒരു സ്വപ്നമാണ്. ചിത്രങ്ങളുടെ ലോകം ജീവിതമാക്കണോ എന്നൊരു തീരുമാനമെടുക്കുന്ന കാലത്ത് ഇന്റര്നെറ്റില്ലായിരുന്നു. വിരല്‍ത്തുമ്പില്‍ വിപണിയില്ലായിരുന്നു. ആകാശം മുട്ടുന്ന വിലകളില്ലായിരുന്നു. ചിത്രകല അഭ്യസിക്കുന്നവര്‍ക്ക് മുന്‍പിലുള്ള പരമാവധി സാധ്യത ഏതെങ്കിലും പരസ്യ ഏജന്‍സി മാത്രം. അതുപഠിക്കുക ആകര്‍ഷകമായ ഒരു ഒപ്ഷനല്ലായിരുന്നു. ഐ വാസ് നോട് അലോവ്ഡ് റാദര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ 92-94 കാലയളവില്‍ വരയും എഴുത്തുമൊക്കെ ഉപേക്ഷിച്ചു. പിന്നീട് ഒരു നീണ്ട ഇടവേള ബ്ലോഗുകാലം വരെ. വര ഇപ്പോഴും തിരിച്ചു വന്നിട്ടില്ല. ചിത്രകല മറ്റേതൊരു ദൃശ്യകലയും പോലെ കാഴ്ചയുടെ കലയാണ്. കാഴ്ചക്കാരന്റെ മസ്കിഷത്തില് രാസപ്രവര്ത്തനങ്ങളുണ്ടാക്കാന്, പര്യാപ്തമായവ സങ്കേതമേതായാലും ഉദാത്തകലയാകുന്നു. രാസപ്രവര്ത്തനങ്ങളുണ്ടാകുന്ന, അനുരണനങ്ങളുണ്ടാകുന്ന തലകളുടെ എണ്ണം കൂടുമ്പോള്‍, അത് പല കാലങ്ങളില്‍ പലതലകളിലായി നീണ്ടു നില്ക്കുമ്പോള് ക്ലാസ്സിക്കുകള്‍ പിറക്കുന്നു. അവിടെ സങ്കേതത്തിനു വലിയ പ്രസക്തിയില്ല. സ്വപ്നങ്ങള്‍ക്കു വ്യാകരണമില്ല. നിയമങ്ങളും. ചിത്രകാരനാകുന്നതിനേക്കാള് ബുദ്ധിമുട്ട് നല്ല കലാസ്വാദകനാകുന്നതാണ്. മറ്റു കലയില്‍ നിന്നും ചിത്രകലയെ വ്യത്യസ്തമാക്കുന്നത്, ആസ്വാദകന് ശിക്ഷിതനാകണം എന്ന പിടിവാശിയാണ്. ആ ശിക്ഷണത്തിന്റെ അഭാവത്തില്‍ ചിത്രം അപരിചിതഭാഷയാകും. വര യന്ത്രവൽകൃമാകുന്നതിനേക്കാള് വരയ്ക്കാനുള്ള ഉപാധികള്‍ വര്ദ്ധിക്കുന്നുവെന്നതല്ലേ ശരിയായ ഉപയോഗം? കൈയ്യില്‍ ബ്രഷോടുന്നവന് ടാബ്ലറ്റും ഓടും. അല്‍പ്പം പരിശീലനമുണ്ടെങ്കില്‍. പിന്നെ പുതിയ സാങ്കേതികവിദ്യ തരുന്ന സാധ്യതകളേറെയാണ്. ഇപ്പോ ഉദാഹരണത്തിന് കാര്‍ട്ടൂണിനു പശ്ചാത്തലമായി ഒരു തറ വരയ്ക്കണമെങ്കില്‍, ഇന്ത്യന്‍ ഇങ്ക് കാലത്ത് തോര്‍ത്ത് മഷിയില്‍ മുക്കി തുടയ്ക്കണമായിരുന്നു. ചെറുതായൊന്നുപാളിയാല് ആദ്യം മുതല്‍ തുടങ്ങേണ്ട സ്ഥിതി. ഫോട്ടോ പെയിന്റില്‍ രണ്ടു സെക്കന്‍ഡു കൊണ്ട് ഇത് തീരും. തെറ്റിയാലും തിരുത്താനും പിന്നേം തെറ്റിയാലും തിരുത്താനുമുള്ള സാഹചര്യം. പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. എഴുത്തു പോലെ തന്നെയാണ് വരയും. സിദ്ധിയുണ്ടെങ്കില്‍ മാത്രം സാധന കൊണ്ട് തെളിയുന്ന ഒന്നാണ് ഇതു രണ്ടും. അതില്ലെങ്കില്‍ ടെക്നോളജിക്ക് വലുതായൊന്നും ചെയ്യാനില്ല. ഉണ്ടെങ്കില്‍ ടെക്നോളജി ഒരുപകരണമാണ്.
സിയ:- കാര്‍ട്ടൂണുകളെക്കുറിച്ച് താങ്കളുടെ നിരീക്ഷണം വായിച്ചിട്ടുണ്ട്. കാര്‍ട്ടൂണിന് തമാശ എന്ന ചിരിയുടെ കോമാളി രൂപം വേണമെന്നത് ചിന്താമൌഡ്യമാണെന്ന നിരീക്ഷണം. സമകാലിക കാര്ട്ടൂണുകള് ഫലിതത്തിന് പുറകേ അശ്ലീലമായ ലാഘവത്തൊടെ പാഞ്ഞു പോകുന്നു എന്നും രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ അല്‍പ്പായുസ്സ് ചൂണ്ടിക്കാട്ടി രാഷ്ട്രീയം കാര്‍ട്ടൂണിനെ പരിമിതപ്പെടുത്തുന്നു എന്നുമാണ് താങ്കളുടെ കുറ്റപ്പെടുത്തൽ. രാഷ്ട്രീയ-ജനപ്രിയ കാര്‍ട്ടൂണുകള്‍ക്ക് അതിന്റേതായ പ്രസക്തി വകവെച്ച് കൊടുക്കേണ്ടതല്ലേ? ശിക്ഷിതരും സാക്ഷരരുമായ ഒരു വര്‍ഗ്ഗത്തിന് വേണ്ടി വരക്കപ്പെടുന്ന, ബൌദ്ധികനിലവാരം കൂടിയ, ചിന്തയെ ഉത്തേജിപ്പിക്കുന്ന, കാലത്തെ അതിജീവിക്കുന്ന കാര്‍ട്ടൂണ്‍ സംസ്കാരമാണ് വേണ്ടത് എന്നതൊരു ദുശാഠ്യമല്ലേ?
നമത് :- വസ്തുതാപരമായ ഒരു തെറ്റുണ്ടിതിൽ. ഒ.വി.വിജയന്റെ വാചകമാണ് അശ്ലീലമായ ലാഘവം. പക്ഷെ ആശയം ശരിയാണ്. എക്സപ്ഷണല്‍ ഈസ് ഡിഫൈന്‍ഡ് ബൈ മീഡിയോക്രിറ്റി. പത്രങ്ങളിലും വാരികകളിലും വരയ്ക്കുന്ന സമകാലിക രാഷ്ട്രീയ പ്രസക്തിയുള്ള കാര്‍ട്ടൂണുകളൊന്നും തന്നെ മോശം അല്ലെങ്കില്‍ മ്ലേച്ഛം എന്നൊരു ധ്വനി അതിനില്ല. അതിന്റെ മറ്റൊരു വശം മാത്രമാണ്. ഈ പറയുന്ന പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ചിന്തിപ്പിക്കുന്ന കാര്ട്ടൂണുകള്, രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് പത്രദ്വാരാ അപ്ഡേറ്റ് ആവാത്ത ഒരാള്‍ക്ക് കാലങ്ങള്‍ക്കു ശേഷവും ആസ്വദിക്കാവുന്നതാണ്. ചിരിയുടെ, പുഞ്ചിരിയുടെ ഒരു ശകലത്തിനു പകരം ചിന്തയുടെ ഒരു തലോടൽ. ഫലിതത്തിനു പകരം ചിന്ത ഉദ്ദീപിപ്പിക്കപ്പെടുന്നു. രണ്ടും രണ്ടു തരം ആസ്വാദനമാണ്. കമ്മീഷണറു കാണുന്നതു പോലെ പിറവി കാണണം എന്ന ശാഠ്യമില്ലെങ്കില്‍ രണ്ടും രണ്ടു തലമാണ്. സുജിത്തിന്റെ (ഒരു വരിയില്‍ ആശയം പ്രകടിപ്പിക്കുന്നതിന്റെ കഴിവ് ) അല്ലെങ്കില്‍ സജ്ജീവിന്റെ (നല്ല സ്ട്രോക്കു് ഈഗോയില്ലാത്ത ചിന്ത, ഫലിതബോധം) കാര്ട്ടൂണുകള് മറ്റൊരനുഭവമാണ്. ആര്‍ച്ചി മറ്റൊരനുഭവമാണ്. ഉണ്ണിയുടെ, അരവിന്ദന്റെ കാര്‍ട്ടൂണുകളില്‍ ചിന്തയേക്കാളധികം സമൂഹം കടന്നു വരുന്നു. അബുവും വിജയനും ചിന്തയുടെ ഉയര്‍ന്ന തലങ്ങളെ വരയാക്കുന്നു. മനുഷ്യനെ ജീവിതത്തെ കൂടുതല്‍ അഗാധമായി പ്രതിഫലിപ്പിക്കുന്നു. കാലത്തെ അതിജീവിക്കുന്ന കാര്‍ട്ടൂണ്‍ സംസ്കാരമല്ല, കാര്‍ട്ടൂണ്‍ സംസ്കാരത്തിനു പ്രശ്നമൊന്നുമില്ല. ഒരു കാര്‍ട്ടൂണും അപ്രസക്തമല്ല. എല്ലാത്തരം കാര്‍ട്ടൂണുകളും ആസ്വദിക്കാറുണ്ട്. പക്ഷെ രാഷ്ട്രീയത്തിനു എന്നും താല്‍ക്കാലിക പ്രസക്തിമാത്രമേയുള്ളൂ. ജനപ്രിയ അല്ലെങ്കില്‍ രാഷ്ട്രീയ കാര്ട്ടൂണുകള് അവയുടെ എല്ലാ ആസ്വാദനമൂല്യത്തോടെയും ഡിസ്പോസിബിള്‍ ആണ്. രാവിലെ പത്രത്തോടൊപ്പം സമാധിയാവുന്നു. അല്ലെങ്കില്‍ കുറച്ചുകൂടി താമസിച്ച്. ജനപ്രിയമായാലും ഇല്ലെങ്കിലും വിജയന്റെ, അബുവിന്റെ, അരവിന്ദന്റെ, എ.എസ്സിന്റെ, ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ക്ക് കുറെകൂടി ഷെല്‍ഫ് ലൈഫുണ്ട്. കാലത്തെ അതിജീവിക്കുന്നുണ്ട്. ഫലിതം താല്ക്കാലികമാകുമ്പോള് ചിന്ത അതിജീവിക്കും.
സിയ:- സമകാലിക കേരള രാഷ്ട്രീയത്തെക്കുറിച്ച് താങ്കള്‍ നടത്തിയ ഒരു നിരീക്ഷണം ‘അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍’ എന്ന മട്ടിലാണ്. ഇടത്തരക്കാരന് തന്റെ പ്രതിബിംബം കാണുമെന്ന ഉറപ്പോടെ നോക്കാന്‍ പറ്റിയ രാഷ്ട്രീയ കണ്ണാടികള്‍ ഉടഞ്ഞ് പോയെന്ന് താങ്കള്‍ പറയുന്നു. ചെങ്കൊടി ആവേശമാക്കിയ ഒരു പഴയതലമുറയുടെ ജീവിതങ്ങള്‍ക്ക് കപ്പല്ചേദം വന്നു. അവരുടെ മോഹങ്ങള്‍ വീണുടഞ്ഞു.ജനസാമാന്യം പാര്‍ട്ടികളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിന് ഇടതു വലതു വ്യത്യാസമോ വര്‍ഗ്ഗ വര്‍ണ്ണ ദേശഭേദമോ ഇല്ലെന്നും പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്?
നമത് :- സ്വാതന്ത്ര്യം എന്നത് ഒരു ലക്ഷ്യമായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുത്ത ഒന്ന്. അതിനു ശേഷം കേരളത്തിലെ സാമൂഹികസമത്വത്തില്‍ ഇടതുപക്ഷത്തിന്റെ വിലപിടിച്ച സംഭാവന. പോരായ്മകളുണ്ടെങ്കിലും വലിയ ലക്ഷ്യങ്ങള്‍ നിറവേറിയപ്പോള്‍ ഇടതും വലതും പാര്‍ട്ടികള്‍ സംഘടനാരൂപങ്ങളായി.ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ അഭിവാജ്യഘടകം. എങ്കിലും 30 ശതമാനം വീതം പാര്ട്ടിവിശ്വാസികളും ബാക്കി 40 ശതമാനം നിഷ്പക്ഷരുമായിരുന്നു. അല്ലെങ്കില്‍ അനുഭാവികള്‍. അനുഭാവങ്ങളിലെ ചാഞ്ചാട്ടം വിജയപരാജയങ്ങള്‍ നിര്‍വചിച്ചു. ഇപ്പോള്‍ കണ്ടുവരുന്ന ഒരു കാര്യം പാര്‍ട്ടിയേതായാലും ഉറച്ച വിശ്വാസികളുടെ എണ്ണത്തിലുള്ള കുറവാണ്. വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ജാഥകളില്‍ ഒരുപോലെ ആള്ച്ചോര്ച്ച. പാര്‍ട്ടിവിശ്വാസികള്‍ 20 ശതമാനം വീതം മാത്രമായി കുറയുകയും അരാഷ്ട്രീയര്‍ 60 ശതമാനത്തോളമായി വളരുകയും ചെയ്യുന്ന സാഹചര്യം. ഇതു വളര്‍ന്നു വരികയാണോ എന്നൊരു തോന്നലുണ്ട്. ഇടതു വിശ്വാസമോ വലതുവിശ്വാസമോ ആവട്ടെ, വിശ്വാസം പലപ്പോഴും ആദര്‍ശത്തെക്കാള്‍ കൂടുതലായി കണ്വീനിയന്സിന്റെ ചോയ്സായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്. ഉദാരവത്കരണത്തിനു ശേഷം, സാങ്കേതികവിദ്യകള്‍ ഭൂരിപക്ഷത്തിനും പ്രാപ്തമായപ്പോള്‍ സമൂഹശരീരത്തില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതായിരിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളര്‍ന്നു വരുന്ന നിഷ്പക്ഷരെ കൂടെ നിര്‍ത്തുന്നതും.
സിയ:- യാത്രകള്‍ നമത് എന്ന വ്യക്തിയെയും നമതിന്റെ എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചിട്ടുണ്ട്? യാത്രകളില്‍ മനസ്സിനെ സ്പര്‍ശിച്ച അനുഭവങ്ങൾ?
നമത് :- ഒരു വലിയ സഞ്ചാരിയൊന്നുമല്ല. യാത്ര ഒരു ഒളിച്ചോട്ടമല്ലേ. ഔട്ട് ഓഫ് റേഞ്ചും ഔട്ട് ഓഫ് റീച്ചുമാകുന്ന സുഖം. പുതിയ കാഴ്ചകള്‍ പുതിയ അനുഭവങ്ങൾ. ഓരോ യാത്രയും ഓരോ അനുഭവം. കഴിയുന്നതും ഒറ്റയ്ക്ക്. വേവ് ലെംഗ്തിന്റെ പ്രശ്നം മറ്റൊന്നു. കൊച്ചുവെളുപ്പാന്‍ കാലത്തെണീക്കാനും രാത്രി വൈകും വരെ കറങ്ങിനടക്കാനും കൈവണ്ടീന്നു ഭക്ഷണം കഴിക്കാനും ഒരു കട്ടന്‍ചായയുടെ പുറത്തോ ബിയറിന്റെ പുറത്തോ (ശരിക്കും പുതിയതായി ചെന്നെത്തുന്ന സ്ഥലത്തിന്റെ പള്‍സ് അറിയുന്നതിവിടെയൊക്കെയാണ്. ആളുകളുടെ ജീവിതവും.) നാട്ടുവര്‍ത്തമാനം കേള്‍ക്കാന്‍ റെഡിയല്ലാത്ത ആരേലുമാണ് കൂടെയെങ്കില്‍ യാത്രയുടെ സുഖം പോകും. യാത്ര മസിലു പിടിച്ചു ഫോര്‍മലായി നടത്തുന്ന കാഴ്ച മാത്രമാവും. യാത്ര ആദ്യമൊക്കെ ഡ്രൈവ് ചെയ്യുന്ന കാഴ്ച കാണുന്ന ത്രില്ലു മാത്രമാരുന്നു. അതിനു ഡെപ്ത് വന്നത് ഇങ്ങനെയൊക്കെയുള്ള ചെറിയ സംസാരങ്ങളിലാണ്. ചുമ്മാ ഒന്നു മൂളിക്കൊടുത്താല്‍ മാത്രം കിട്ടുന്ന വിവരങ്ങള്‍ വലുതാണ്. ഓരോ വാക്കുകളും നല്ലതോ കെട്ടതോ ഒരു ജീവിതത്തിന്റെ തുണ്ടാണ്. ഒരു മാനസികാവസ്ഥ, ഒരു ചിന്ത. പഴങ്കഥ. ഗോസ്സിപ്പ്.. കഥയങ്ങനെ നീളും.കാച്ചുകളും.
ഇപ്പോ, ഒന്നു രണ്ടു മാസമായി യാത്രയൊന്നുമില്ലാതെ. മറ്റു പല പദ്ധതികളേയും പോലെ യാത്രയും പലപ്പോഴും ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. ധനുഷ്കോടിക്ക് പോകണം. മൃതനഗരം. കഴിഞ്ഞ തവണ രാമേശ്വരം വരെ പോയതാണ്. പക്ഷെ അവിടുന്നത് ധനുഷ്കോടിക്കുള്ള ദൂരം ജീപ്പില്‍ പോകാനുള്ള മടി കൊണ്ട്, ഐ ഹേറ്റ് അദേഴ്സ് ഡിക്ടേറ്റിങ്ങ് മൈ ഷ്യെഡൂള്, ഉപേക്ഷിച്ചത്. ധനുഷ്കോടിക്കു റോഡുകളില്ല. പകരം മണല്‍പ്പരപ്പ് മാത്രം. ഇടയ്ക്ക് പുതയുന്നിടത്ത് കിളിയിറങ്ങി പലകയിട്ട് അതിനു മൂകളിലാണ് ജീപ്പു ചില സ്ഥലങ്ങളൊക്കെ കടക്കുക. പ്രശ്നം അവരോടൊപ്പം പോണം, അവരോടൊപ്പം തിരിച്ചു വരുണം. എന്നാ പിന്നാ പോവാതിരുന്നൂടെ. പോവുന്നെങ്കില്‍ വെളുപ്പിനു പോണം, സന്ധ്യ കാണണം. തപ്പിപ്പിടിച്ചപ്പോള് ബൈക്കില്‍ പോയവരുണ്ട്. രാമേശ്വരത്ത് ബൈക്ക് റെന്റിനു കിട്ടുവോന്നറിയില്ല. ഇല്ലെങ്കില്‍ ഇനി ഇവിടെ നിന്നൊരു ബസ്സില്‍ ബൈക്കു കയറ്റി, അവിടെ ചെന്ന് ഡ്രൈവ് ചെയ്ത് പോണം.
സിയ:- ഈ വര്ത്തമാനത്തിന് ഇത്രയും സമയം അനുവദിച്ചതിന് ഒത്തിരി നന്ദിയുണ്ട്...എങ്ങനെ പ്രകാശിപ്പിക്കണമെന്നറിയാതെ അകം നിറയുന്ന നന്ദി.
നമത് :- അല്‍പ്പം ദീര്‍ഘിച്ച സംഭാഷണത്തിനു ശേഷം വായനക്കാര്‍ക്കു നന്ദി പറഞ്ഞു കൊണ്ടു ഈ സംഭാഷണം അവസാനിപ്പിക്കുമ്പോൾ... സിയ നന്ദി, നമ്മുടെ ബൂലോകം നന്ദി. നന്ദി ഒണ്‍ അന്‍ഡ് ഓൾ. ഫോര്‍ യുവര്‍ കൈന്‍ഡ് ഇന്ററസ്റ്റ്.
നമതിന്റെ ബ്ലോഗിലേക്ക് ഇതിലേ പോകാം.