"ആടുജീവിതം"- അതിജീവനത്തിന്റെ മഹാഗാഥ


സുനില്‍ കൃഷ്ണന്‍


But a man is not made for defeat. A man can be destroyed but not defeated.
(Ernest Hemingway ; The Old Man and the Sea)


റോബിന്‍സണ്‍ ക്രൂസോ എഴുതിയ ഡാനിയേല്‍ ഡീഫോ സ്വയം ഒരു നാവികനായിരുന്നു.കടല്‍‍ക്കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയമായിട്ടുണ്ട്.എന്നാല്‍ സാഹസികയാത്രകള്‍ അവസാനിപ്പിച്ച് മറ്റൊരു ജോലിയില്‍ തുടരുമ്പോള്‍ പത്രങ്ങളില്‍ വായിച്ച ഒരു സംഭവമാണു ആ കൃതിക്ക് പ്രേരണയായത്.
'സെല്‍ക്കിര്‍ക്ക്’ എന്നൊരു സ്കോട്ടീഷ് നാവികന്‍ സഞ്ചരിച്ച കപ്പല്‍ പസഫിക് സമുദ്രത്തിലെ ജൂവാന്‍ എന്ന വിജനമായ ദ്വീപിനു സമീപം പോകുന്ന സമയത്ത് അദ്ദേഹവും കപ്പിത്താനുമായി എന്തോ കാര്യത്തിനു ഇടയാന്‍ ഇടയായി.ആ‍ വഴക്കില്‍ സെല്‍‌കിര്‍ക്കിനെ ആ വിജന ദ്വീപില്‍ തള്ളിയിട്ട് കപ്പല്‍ പോയി.മറ്റൊരു മാര്‍ഗവുമില്ലാതെ ‘സെല്‍കിര്‍ക്ക്’ അവിടെ നാലു വര്‍ഷം ഏകാന്തവാസം നടത്തി.അവസാനം രണ്ടു ബ്രിട്ടീഷ് കപ്പലുകള്‍ അവിചാരിതമായി അയാളെ കണ്ടെത്തി രക്ഷപ്പെടുത്തി.ഈ അനുഭവ കഥ പ്രസിദ്ധിക്കരിക്കപ്പട്ടു.ഈ സംഭവവും അതുപോലെ സ്വന്തം അനുഭവങ്ങളും ചേര്‍ത്താണു റോബിന്‍സണ്‍ ക്രൂസോ രൂപം കൊണ്ടത്.നോവലിലെ കഥാപാത്രമായ റോബിന്‍‌സണ്‍ ക്രൂസോ കപ്പല്‍ തകര്‍ന്ന് ഒരു വിജന ദ്വീപില്‍ എത്തിപ്പെടുന്നു.മനുഷ്യവാസമില്ലാത്ത ആ ദ്വീപില്‍ നീണ്ട 28 വര്‍ഷമാണു ക്രൂസോ ഏകാന്ത വാസം നടത്തുന്നത്.
ഏതാണ്ട് സമാനമായ ഒറ്റപ്പെടലിന്റെ കഥയാണ് ശ്രീ ബെന്യാമിന്‍ എഴുതിയ “ആടുജീവിതം” എന്ന നോവലിലെ നജീബിനും ഉള്ളത്.“നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്ന് നോവലിന്റെ പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു കെട്ടുകഥ പോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോളാണു നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നത്.

ആടുജീവിതം മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിയ്കപ്പെട്ട ഒരാളുടെ കഥയാണ്.ഈ ഏകാന്തവാസം അയാള്‍ സ്വയം തിരഞ്ഞെടുത്തതല്ല.മറിച്ച് സാഹചര്യങ്ങള്‍ അയാളെ കൊണ്ടു ചെന്നെത്തിച്ച ജീവിതമാണ്.കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു മണല്‍വാരി തൊഴിലാളി ആയി ഉമ്മയോടും ഗര്‍ഭിണിയായ ഭാര്യ(സൈനു)യോടുമൊപ്പം കഴിഞ്ഞിരുന്ന നജീബ് എന്ന മനുഷ്യന്‍ ജോലിക്കുള്ള വിസയുമായാണു ഗള്‍ഫില്‍ എത്തിച്ചേരുന്നത്.ഗള്‍ഫില്‍ പോകുന്ന ഏതൊരു മലയാളി യുവാവിനും ഉണ്ടാകുന്ന സ്വപ്നങ്ങള്‍ മാത്രമേ നജീബിനും ഉണ്ടായിരുന്നുള്ളൂ.”ഗോള്‍ഡന്‍ വാച്ച്,ഫ്രിഡ്ജ് , ടി.വി,കാര്‍,എ.സി,ടേപ്പ് റിക്കാര്‍ഡര്‍,വിസിപി,കട്ടിയില്‍ ഒരു സ്വര്‍ണ്ണമാല..രാത്രി കിടക്കുമ്പോള്‍ അതൊക്കെ വെറുതെ സൈനുവുമായി പങ്കുവച്ചു.ഒന്നും വേണ്ട ഇക്കാ.നമ്മുടെ കുഞ്ഞിനു (മകനോ? അതോ മകളോ?) ജീവിക്കാനുള്ള അല്ലറ ചില്ലറ വകയാകുമ്പോള്‍ മടങ്ങിപ്പോന്നേക്കണം.എന്റെ ഇക്കാക്കമാരെപ്പോലെ നമുക്കൊന്നും വാരിക്കൂട്ടേണ്ട.മണി മാളികയും വേണ്ട.ഒന്നിച്ചൊരു ജീവിതം,അത്രമാത്രം മതി

അങ്ങനെയാണു കരുവാറ്റക്കാരന്‍ സുഹൃത്ത് നല്‍കിയ വിസയില്‍ നജീബ് സൌദി അറേബ്യയില്‍ എത്തുന്നത്.കൂടെ ഹക്കീം എന്ന പേരുള്ള മീശമുളക്കാത്ത പയ്യനും.ഹക്കീം നജീബിന്റെ അയല്‍ നാട്ടുകാരനാണ്.അങ്ങനെ മുംബൈ വഴി, അവിടെ രണ്ടാഴ്ച താമസിച്ച് അവസാനം അവര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു.

വിമാനത്താവളത്തില്‍ സ്പോണ്‍സര്‍ കാത്തു നില്‍ക്കും എന്നായിരുന്നു അവരെ അറിയിച്ചിരുന്നത്.എന്നാല്‍ കൂടെ വിമാനമിറങ്ങിയവരെല്ലാം പല വഴിക്കായി പോയി കഴിഞ്ഞിട്ടും നജീബിനേയും ഹക്കീമിനേയും കൊണ്ടു പോകാനുള്ള ആള്‍ വന്നില്ല.ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അവര്‍ വിഷമത്തോടെ നില്‍ക്കുമ്പോളാണു അവിടെ ഒരു അറബി ഒരു പിക്ക് അപ് വാനില്‍ വന്നിറങ്ങുന്നത്.അയാള്‍ അങ്ങോട്ടുമിങ്ങോട്ടും കുറച്ച് നടന്ന ശേഷം ഇവരുടെ അടുത്തെത്തി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വാങ്ങി നോക്കിയശേഷം കൂടെ ചെല്ലാന്‍ പറയുന്നു.എന്തുചെയ്യണമെന്നറിയാതെ നിന്നിരുന്ന അവര്‍ തങ്ങളുടെ യജമാനന്‍ ആണ് വന്നിരിക്കുന്നത് എന്ന സന്തോഷത്താല്‍ അയാളുടെ പിക്ക് അപ് വാനില്‍ കയറിപ്പോകുന്നു.

പിക്ക് അപ് വാനിന്റെ പുറകിലിരുന്ന് ദീര്‍ഘദൂരം അവര്‍ യാത്ര ചെയ്തു.വണ്ടി നഗരാതിര്‍ത്തി വിട്ട് ഇരുള്‍നിറഞ്ഞ ഇടവഴികളിലൂടെയും പിന്നീട് ഇരുട്ടില്‍ വിജനമായ മരുപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ നജീബിന്റെ മനസ്സില്‍ വേവലാതി രൂപം കൊണ്ടിരുന്നെങ്കിലും അത് പുറത്ത് കാട്ടിയില്ല. ദീര്‍ഘയാത്രയ്ക്കുശേഷം മരുഭൂമിയിലുള്ള രണ്ട് മസറ( ആട്ടിന്‍ തൊഴുത്ത്)കളിലേക്കാണു അവരെ കൊണ്ടു പോയത്.അപ്പോളേക്കും രാത്രി ആയിക്കഴിഞ്ഞിരുന്നു.ആദ്യം ഒരു സ്ഥലത്ത് ഹക്കീമിനെ ഇറക്കി.അവിടെ നിന്നു കുറക്കൂടി ദൂരെ മാറി മറ്റൊരു മസറയിലാണു നജീബ് ചെന്നെത്തുന്നത്.

ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത ഒരു സ്ഥലത്താണു താന്‍ എത്തിയതെന്ന് അപ്പോള്‍ നജീബിനു മനസ്സിലാകുന്നില്ല.എന്നാല്‍ അതൊരു തുടക്കമായിരുന്നു.മൂന്നു വര്‍ഷവും നാലുമാസവും ഒന്‍പതു ദിവസവും നീണ്ടു നിന്ന ഏകാന്തവാസത്തിന്റെ തുടക്കം.നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ ‘മസറ’യില്‍ നൂറുകണക്കിനു ആടുകളോടും കുറച്ച് ഒട്ടകങ്ങളോടുമൊപ്പം മൂന്നേ മൂന്നു മനുഷ്യര്‍ മാത്രം.നജീബ്, അര്‍ബാബ്( യജമാനന്‍), പിന്നെ മറ്റൊരു ഇടയനായ ഭീകരരൂപി എന്ന നജീബ് വര്‍ണ്ണിക്കുന്ന മനുഷ്യന്‍.ഒരു തുറന്ന കൂടാരത്തിലുള്ള ഒരു കട്ടിലാണു യജമാനന് ഉള്ളത്.അതിനു വെളിയില്‍ ആടുകളുടെ കൂടിനോട് ചേര്‍ന്ന് തുറസായ സ്ഥലത്തെ ഒരു ഇരുമ്പു കട്ടിലില്‍ ഭീകര രൂപിയെപ്പോലെ തോന്നുന്ന ഇടയനും, വെറും മണലില്‍ നജീബും..പൊള്ളുന്ന ചൂടിലും വെയിലിലും ഒരിറ്റു തണലുപോലുമില്ലാത്ത നീണ്ട പകലുകളും തലചായ്ചുറങ്ങാന്‍ പോലും സൌകര്യമില്ലാത്ത രാത്രികളും.

അതൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു.നജീബ് ഒരു ആട്ടിടയനായി മാറ്റപ്പെടുകയായിരുന്നു.മുടിയെല്ലാം നീണ്ടു താടിയും ജടയുമായി നാറുന്ന വസ്ത്രങ്ങളുമായി ഒരിക്കല്‍ പോലും ദേഹത്ത് വെള്ളം തൊടാത്തതു പോലുള്ള രൂപവുമായി ഇരിക്കുന്ന ‘ഭീകര രൂപി’യെ കണ്ടപ്പോള്‍ തന്നെ തന്നെയും ഇത്തരമൊരു ജീവിതമാണു കാത്തിരിക്കുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.അത് സത്യമായി ഭവിയ്കുകയായിരുന്നു.

നോവലിലെ പിന്നീടുള്ള ഭാഗം മുഴുവന്‍ ഈ ജീവിതത്തിന്റെ കഥയാണ്.ഇരുമ്പു കമ്പി കൊണ്ടുള്ള വേലികളാല്‍ തിരിക്കപ്പെട്ട കൂടുകളില്‍ കഴിയുന്ന മിണ്ടാപ്രാണികളായ ആടുകളോടൊപ്പം ജീവിച്ചു തീര്‍ത്ത ദിവസങ്ങളിലെ അനുഭവങ്ങള്‍. ചെന്ന ദിവസം അര്‍ബാബ് നല്‍കിയ നീളന്‍ കുപ്പായത്തില്‍ കയറിയതാണു നജീബ്. പിന്നീട് ഒരിക്കലും അതൊന്ന് മാറുന്നു പോലുമില്ല.കുളിയില്ല, നനയില്ല, എന്തിനു പല്ലു തേപ്പുമില്ല.അതിന്റെ കാഠിന്യം എന്തെന്ന് രണ്ടാം ദിവസം തന്നെ നജീബ് മനസ്സിലാക്കുന്നുമുണ്ട്.അന്ന് രാവിലെ പ്രാഥമിക കര്‍മ്മം എവിടെയൊക്കെയോ നിര്‍വഹിച്ച ശേഷം ശൌച്യം ചെയ്യാന്‍ ആടുകള്‍ക്ക് കരുതി വച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളമെടുത്തു. പിന്നെയുണ്ടായത് ഇതാണ്. ”ചന്തിയില്‍ ആദ്യത്തെ തുള്ളി വീഴുന്നതിനു മുന്‍പ് എന്റെ പുറത്ത് ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായ ആ അടിയില്‍ എന്റെ പുറം പൊളിഞ്ഞു പോയി”
ആടുകള്‍ക്ക് വെള്ളം ഉപയോഗിക്കാം. എന്നാല്‍ മനുഷ്യനു പാടില്ല എന്ന പാഠമാണു ഈ സംഭവം നജീബിനു കാട്ടിക്കൊടുത്തത്. പകലന്തിയോളം മരുഭൂമിയില്‍ ആടുകളെ മേയിക്കുക. വിശ്രമം എന്നത് രാത്രിയില്‍ വെറും മണലില്‍ കിടന്നുറങ്ങുമ്പോള്‍ മാത്രം. ഇരുമ്പു ടാങ്കില്‍ ചൂടായിക്കിടക്കുന്ന വെള്ളം കുടിക്കാം. കഴിക്കാന്‍ അര്‍ബാബ് വലിച്ചെറിയുന്ന ഉണക്കഖുബൂസ്. അതൊരു ജീവിതമായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ മനുഷ്യജീവിയെ കാണാതെ വിശാലമായ മരുഭൂമിയിലെ ഏകാന്ത തടവ്. അര്‍ബാബിന്റെ അതിക്രൂര മര്‍ദ്ദനങ്ങള്‍. ജോലിയില്‍ വരുന്ന ചെറിയ താമസം പോലും അയാളെ കോപിഷ്ഠനാക്കി. കഥയിലൊരിടത്ത് മുട്ടനാടിന്റെ ചവിട്ടേറ്റ് കൈ നീരുവന്ന് വീര്‍ത്ത് പൊക്കാന്‍ പോലുമാകാതെയിരിയ്ക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആടിനെ കറക്കാന്‍ നിര്‍ബന്ധിച്ച അര്‍ബാബ് അയയ്കുന്നത് വിവരിയ്കുന്നുണ്ട്.

ഒരിറ്റു തണലിനായിട്ടാണു താനേറ്റവും ആഗ്രഹിച്ചിരുന്നത് എന്ന് നജീബ് പറയുന്നുണ്ട്.ആടിനെ മേയ്കാനുള്ള വടിയുടെ നിഴലില്‍ പോലും തണല്‍ കണ്ടെത്തിയിരുന്നു എന്ന് നജീബ് പറയുമ്പോള്‍ ആ പൊള്ളല്‍ ഓരോ വായനക്കാരനിലും തുളച്ചു കയറുന്നു.

അങ്ങനെ പതിയെ പതിയെ ആ ജീവിതത്തോട് നജീബ് സമരസപ്പെടുകയാണ്.നാടിന്റെ ഓര്‍മ്മകള്‍ അയാളില്‍ കടന്നു വരാതെയായി.“ഏത് യാതനയും നമുക്ക് സഹിയ്കാം,പങ്കുവയ്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍...” എന്ന് നജീബ് പറയുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന നാമറിയുന്നു.ആവശ്യത്തിനു വാക്കുകളെ പുറത്തു വിടുക എന്നതാണു മനസ്സിന്റെ ഏറ്റവും വലിയ സ്വസ്ഥത...എന്നാല്‍ നജീബിനു അതിനുള്ള യാതൊരു അവസരവുമില്ല ആ മരുഭൂമിയില്‍.
അങ്ങനെ മനുഷ്യര്‍ക്ക് പകരം ആടുകള്‍ അയാളുടെ കൂട്ടുകാരായി.ഓരോ ആടിനും നജീബ് നാട്ടിലെ ഓരോ മനുഷ്യരുടെ പേരിട്ട് വിളിച്ചു.അവരോട് സല്ലപിച്ചു, തൊട്ടു തലോടി,അവരോടൊപ്പം കിടന്നു, എന്തിനു അവരില്‍ ഒരാളായി മാറി...മറ്റൊരു ആടുജീവിതം.സ്വന്തം ശരീരം പോലും ഒരിക്കല്‍ അവരുമായി പങ്കു വച്ചതായി നജീബ് പറയുന്നു.ഒരു ആട്ടിടനാവുകയായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്ന് നജീബ് പറയുന്നുണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആട്ടിടയനായപ്പൊള്‍ അത് തന്റെ സ്വപ്നങ്ങളിലെ ജീവിതത്തില്‍ നിന്ന് എത്രയോ അകലെ ആയിരുന്നുവെന്ന് അവനറിയുന്നു.

ജീവിതത്തിലെ സ്വപ്നങ്ങളേയും യാഥാര്‍ഥ്യങ്ങളേയും ഒരു തരം ആക്ഷേപ ഹാസ്യാത്മകതയൊടെ സമീപിക്കാന്‍ നജീബിനു സാധിക്കുന്നുണ്ട്.മരുഭൂമിയില്‍ ആരോരുമില്ലാതെ ഏകാന്ത വാസം നടത്തുമ്പോളും അയാളുടെ ചിന്തകളില്‍ ഒരു ഹാസ്യ രസം , സ്വന്തം ജീവിതത്തോടു തന്നെ ഒരു പരിഹാസം എന്നിവ നിഴലിച്ചു നില്‍ക്കുന്നു.എന്താണു താന്‍ ഗള്‍ഫുകാരനെന്ന് നിലയില്‍ സ്വപ്നം കണ്ടിരുന്നത്, ഇന്നിപ്പോള്‍ എവിടെയെത്തി എന്ന് പലപ്പോളും നജീബ് ചിന്തിക്കുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ട് നജീബ് രക്ഷപെടുന്നില്ല എന്ന് നമ്മള്‍ ആലോചിച്ചേക്കാം.സത്യത്തില്‍ ആദ്യദിവസം എയര്‍‌പോര്‍ട്ടില്‍ നിന്നു വരുന്ന വഴി തന്നെ ഏതോ അപകടത്തിലേക്കാണു പോകുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.എങ്കിലും മറ്റൊന്നും മുന്നില്‍ കാണാനില്ലാത്തവനു എവിടേയ്ക് രക്ഷപെടാന്‍ എന്നൊരു ചിന്തയാണു നജീബിനെ നയിയ്കുന്നത്.മരുഭൂമിയിലും രക്ഷപെടാനുള്ള ചിന്ത ഇടയ്കെങ്കിലും നജീബില്‍ വരുന്നുണ്ട്.പക്ഷേ പരിപൂര്‍ണ്ണമായും ഉറപ്പോടെ അവിടെ നിന്ന് രക്ഷപെടാന്‍ പറ്റുമെന്ന് അയാള്‍ കരുതുന്നില്ല.അവിടെ നിന്ന് ഓടിപ്പോയ ‘ഭീകര രൂപിയ്കു” ഉണ്ടായ അനുഭവം സത്യത്തില്‍ നജീബിനെ കൂടുതല്‍ ദുര്‍ബലനാക്കി മാറ്റുന്നതായിട്ടാണു നോവലിസ്റ്റ് വിവരിയ്കുന്നത്.അര്‍ബാബിന്റെ ദയയ്ക് വേണ്ടി അവന്‍ കേഴുന്നതായി കാണാം.വല്ലാത്ത ഒരു അരക്ഷിത ബോധം അവനെ പിടികൂടുന്നു.

നജീബിനു മരുഭൂമിയില്‍ നിന്നു രക്ഷപെടാനായി കിട്ടിയ ഏക അവസരമെന്നത് അവിടുത്തെ മഴക്കാലത്താണ്.മഴ കണ്ട് പേടിച്ച് ഒരു മൂലയില്‍ ചുരുണ്ടു കൂടിയിരുന്ന അര്‍ബാബിനെ അയാളുടെ തോക്കു വച്ചു തന്നെ വെടിവച്ചു കൊല്ലാന്‍ നജീബിനു അവസരം കിട്ടിയതായിരുന്നു.എന്നാല്‍ ആനിമിഷം സഹായത്തിനായി അര്‍ബാബ് “നജീബ് , നജീബ്” എന്ന് പേരു ചൊല്ലി വിളിച്ചപ്പോള്‍ മനസ്സലിഞ്ഞ് ആ കൃത്യം വേണ്ടെന്ന് വച്ചതാണ്.സ്വന്തം ദൈന്യതകള്‍ക്കിടയിലും മനുഷ്യത്വം വിട്ടുമാറാത്തവനാണു നോവലിലെ നായകന്‍.

അങ്ങനെ മൂന്നര വര്‍ഷം നീണ്ടു നിന്ന ജീവിതത്തിനിടയില്‍ നജീബ് തന്നോടൊപ്പം നാട്ടില്‍ നിന്ന് കൂടെ വന്ന ഹക്കീം ഉള്ള മസറ കണ്ടുപിടിയ്കുന്നു.അവര്‍ തമ്മില്‍ ഇടക്ക് കാണുകയും അര്‍ബാബുമാര്‍ കാണാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു.അങ്ങനെയിരിയ്കെ ഹക്കിമിന്റെ മസറയില്‍ പുതിയതായി വന്ന സോമാലിയക്കാരന്‍ ‘ഇബ്രാഹിം ഖാദിരി’ എന്ന ആളാണു അവസരം ഒത്തു വന്നപ്പോള്‍ മരുഭൂമി താണ്ടാന്‍ അവരെ സഹായിയ്കുന്നത്.

വളരെ ലളിതമായ ഭാഷയില്‍ നജീബ് സ്വന്തം കഥപറയുന്ന രീതിയിലാണ് നോവല്‍ രചിച്ചിരിയ്കുന്നത്.നജീബിനെപ്പോലെ ഒരാള്‍ കഥപറയുന്നതിനു ഇതില്‍ കൂടുതല്‍ ഭാഷയുടെ ആവശ്യമില്ല.ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനും ജീവിയ്കാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയെ അതിന്റെ പാരമ്യതയില്‍ ഈ നോവലില്‍ നമുക്ക് കാണാം.മരുഭൂമിയിലെ ആടുകളിലും ഒട്ടകങ്ങളിലും മഴയില്‍ പൊട്ടി മുളച്ച ചെറിയ ചെടികളിലും പറവകളിലും എല്ലാം അയാള്‍ അതിജീവനം കണ്ടെത്തുന്നു.”നജീബേ, മരുഭൂമിയുടെ ദത്തു പുത്രാ...ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക,തീക്കാറ്റും വെയില്‍ നാളവും നിന്നെ കറ്റന്നു പോകും.നീ അവയ്കു മുന്നില്‍ കീഴടങ്ങരുത്.അത് നിന്റെ ജീവനെ ചോദിക്കും, വിട്ടുകൊടുക്കരുത്“........ എന്ന് തലേ ദിവസത്തെ മഴ്യില്‍ കൊരുത്ത പുല്‍ നാമ്പുകള്‍ നജീബിനോട് പറയുന്നു.

ഇത്തരം അതിജീവനത്തിന്റെ കഥകള്‍ പലതും പുസ്തകങ്ങളും ലോക സാഹിത്യത്തിലെ ക്ലാസിക്കുകളാണ്.ആത്യന്തികമായി മനുഷ്യന്റെ ഇച്ഛാശക്തിയാണു ഇത്തരം കഥകളിലെല്ലാം വിജയിയ്കുന്നത്.റോബിന്‍ സണ്‍ ക്രൂസോ ആയാലും സാന്റിയാഗോ ആയാലും അതു തന്നെ സംഭവിയ്കുന്നു.

എന്നാല്‍ നോവലിലെ നജീബ് ഈശ്വരവിശ്വാസിയാണു.അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചാണു അയാള്‍ ജീവിയ്ക്കുന്നത് .ആ വിശ്വാസമാണു മരുഭൂമിയിലെ ഏകാന്തവാസത്തേയും ചൂടിനേയും തണുപ്പിനേയുമൊക്കെ നേരിടാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.അത് താന്‍ നജീബില്‍ വരുത്തിയ വ്യത്യാസമാണെന്ന് കഥാകാരന്‍ തന്നെ പറയുന്നുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ് 30,2010).അതില്‍ ബെന്യാമിന്‍ ഇപ്രകാരം പറയുന്നു,

"ഞാന്‍ ആ‍ദ്യമായി നജീബിനെ കണ്ടുമുട്ടുന്ന നിമിഷം അയാള്‍ തന്റെ സുഹൃത്തുക്കളുമായി കമ്യൂണിസം ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.ആ സാഹചര്യത്തെ മനസ്സിലിട്ടുകൊണ്ട് ഒരു തികഞ്ഞ യുക്തിവാദിയായും ഈശ്വര വിരുദ്ധനായും എനിക്ക് നജീബിനെ ചിത്രീകരിയ്കാമായിരുന്നു.എങ്കില്‍ പലരും ആഗ്രഹിയ്കുന്നതുപോലെ മനുഷ്യന്റെ ഇച്ഛാശക്തികൊണ്ടുമാത്രം മരുഭൂമിയെ താണ്ടിപ്പോരുന്ന ഒരു നജീബിനെയാകുമായിരുന്നു നാം നോവലില്‍ കണ്ടുമുട്ടുക.പക്ഷേ നോവലില്‍ ബെന്യാമിന്‍ കലരാതെ സാധ്യമല്ല.ഇല്ലെങ്കില്‍ ഇത് മറ്റൊരാളുടെ ജീവചരിത്രമെഴുത്തായി പോകുമായിരുന്നു."

“കിഴവനും കടലും” എന്നതിലെ നായകനെ കൊണ്ട് ഹെമിംഗ്‌വേ പറയിക്കുന്ന വാചകമുണ്ട് “നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും, എന്നാല്‍ എന്നെ തോല്‍പ്പിക്കാനാവില്ല”.....ഇതു തന്നെയാണ് ആടുജീവിതത്തിലെ നജീബും പറയാതെ പറയുന്നത്...മരുഭൂമിയിലെ ജീവിതകാലം മുഴുവന്‍ കൊടിയ മര്‍ദ്ദനങ്ങളുടേയും അപമാനിയ്ക്കപ്പെടലിന്റേയും നാളുകളാണ് നജീബിന്.അപമാനിക്കപ്പെടലിന്റെ പാരമ്യം അയാള്‍ അനുഭവിച്ചു. പക്ഷേ അതിനൊന്നിനും അയാളെ തോല്‍പ്പിക്കാനായില്ല.ആ നിശ്ചയ ദാര്‍ഡ്യം ആണു മരുഭൂമി താണ്ടാന്‍ നജീബിനെ സഹായിക്കുന്നതും,....ഇത് മനുഷ്യന്റെ വിജയത്തിന്റെ കഥയാണ്.അതിനെ അമിതമായി ദൈവത്തിന്റെ മേല്‍ ചുമത്തിയതില്‍ മാത്രമേ എനിക്ക് ബെന്യാമിനോട് വിയോജിപ്പുള്ളൂ.

ഒരിക്കല്‍ പോലും യഥാര്‍ത്ഥ മരുഭൂമിയില്‍ ജീവിയ്കേണ്ടി വരാത്ത നോവലിസ്റ്റ് മരുഭൂമിയുടെ ചിത്രമെഴുതുന്നതില്‍ വിജയിച്ചിരിയ്കുന്നു എന്ന് തന്നെ പറയാം.നജീബും, ഹക്കീമും, ഇബ്രാഹിം ഖാദിരിയും കൂടി മരുഭൂമിയില്‍ കൂടി നടത്തിയ പാലായനം പത്തു ദിവത്തോളം നീണ്ടു നിന്നതാണ്.അതിന്റെ വിവരണം അതീവ ഹൃദ്യമായും തീവ്രമായും തന്നെ നോവലിസ്റ്റ് നിര്‍വഹിച്ചിരിയ്കുന്നു.ഫിക്ഷന്‍ നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ക്കപ്പുറം ഒന്നും ബെന്യാമിന്‍ എടുത്തിട്ടില്ല.ഓരോ വായനക്കാരനുമാണ് നജീബിനോടൊപ്പം മരുഭൂമി താണ്ടുന്നത്.ഹക്കിമിന്റെ അവസാന നിമിഷങ്ങള്‍ എത്രകാലം കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടുതന്നെയിരിയ്കും.വേദനാജനകമായ ഈ സംഭവങ്ങളെയെല്ലാം നിശ്ചയദാര്‍ഡ്യത്തോടെ നജീബ് നേരിടുന്നു, മുന്നോട്ട് പോകുന്നു.

ഒരു പക്ഷേ ഘടനയിലും അവതരണത്തിലുമെല്ലാം അല്പം കൂടീ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ക്ലാസിക് തന്നെ ആകുമായിരുന്നു ഈ കൃതി.എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച മലയാളം പുസ്തകങ്ങളില്‍ ഇതു പോലെ മനസ്സില്‍ തങ്ങി നിന്ന മറ്റൊന്നില്ലെന്ന് ഞാന്‍ നിസംശയം പറയും.ഹൃദയകോണിലെവിടെയോ ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാന്‍ മനുഷ്യത്വവും സഹൃദയത്വവും ബാക്കി നില്‍ക്കുന്ന ഒരാള്‍ക്കും സാധിയ്ക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.കാരണം ശ്രീ എന്‍ ശശിധരന്‍ ഈ കൃതിയെ പറ്റി പറഞ്ഞ പോലെ “ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.”

അതു തന്നെയാണു ഈ നോവലിന്റെ വിജയവും.ഓരോ വാക്കിലും ജീവിതം തുടിച്ചു നില്‍ക്കുന്ന ഈ പുസ്തകം സമ്മാനിച്ചതിന് ബെന്യാമിന് നന്ദി !


ആടുജീവിതം
രചന: ബെന്യാമിന്‍
പ്രസിദ്ധീകരണം:ഗ്രീന്‍ ബുക്സ്.

41 Responses to ""ആടുജീവിതം"- അതിജീവനത്തിന്റെ മഹാഗാഥ"

 1. ആടുജീവിതം ഈ ലോകത്തുള്ള സകലജനങ്ങളും വായിച്ചിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുകയാണ്..
  അതിലെ പച്ചയായ ജീവിത കഥ ഏത് കഠിനഹൃദയനെയും ഒന്ന് മയപ്പെടുത്തും..
  വായിച്ചപ്പോള്‍ ദിവസങ്ങളോളം വല്ലാത്തൊരവസ്ഥയിലായിരുന്നു. ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല നജീബും,ഹക്കീമും..
  ബെന്യാമിന് കിട്ടിയ പുരസ്കാരം നല്ല എഴുത്തിനെ സ്നേഹിക്കുന്ന വായനക്കാരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു.

  ReplyDelete
 2. ചിലരെങ്കിലും ആദ്യമായി വായിക്കുന്ന ഒരു നോവലാണ് ആടുജീവിതം. മറ്റുപലരും ഒറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു നോവല്‍ . അടുത്തകാലത്ത് ഏറ്റവും അധികം വായിക്കപ്പെട്ട കൃതി.
  ഇങ്ങനെ അനവധി വിശേഷണങ്ങള്‍ ആടുജീവിതത്തിനുണ്ട്.
  എങ്കിലും ഇനിയും ഒത്തിരി ഒത്തിരി വായിക്കപ്പെടേണ്ട കൃതിയാണ് ആടുജീവിതം.
  ആരോടും കലഹിക്കുകയോ, കലാപക്കൊടി ഉയര്‍ത്തുകയോ ചെയ്യുന്നില്ലെങ്കിലും, വായനക്കാരിലേയ്ക്കു പരോക്ഷമായി ഒരു പ്രതികരണത്തിനുള്ള ആഹ്വാനം ആടു ജീവിതം നല്‍കുന്നു. വായനക്കാരന്റെ ഉള്ളില്‍ അര്‍ബാബിന്റെ ക്രൂരതയ്ക്കെതിരെ അമര്‍ഷത്തിന്റെ ഒരു ചെറിയ ചലമെങ്കിലും ഈ പുസ്തകം ഉണര്‍ത്താതിരിക്കില്ല.

  പ്രവാസിയുണ്ടായ കാലം മുതല്‍ അനേകായിരം ഇത്തരം ആടുകള്‍ ഉണ്ടായിട്ടുണ്ട്. അറേബ്യന്‍ മരുഭൂമിയില്‍ ഇന്നും ഇത്തരം മസറകളും നജീബുമാരും ഉണ്ടാവാം, ഉണ്ട്. അതുകൊണ്ട് തന്നെ ആടുജീവിതം ഒരു ഉത്തരവാദിത്വം വായനക്കാരില്‍ ഭരമേല്പ്പിക്കുക്കുന്നില്ലേ?

  ചുരുങ്ങിയത്, പ്രവാസിയോ, പ്രവാസിയുടെ ബന്ധുവോ ആയി ജീവിക്കുന്ന എല്ല മലയാളികളും ഇതു വായിക്കണം, എല്ലാ ഭാഷകളിലേക്കും ആടുജീവിതം വിവര്‍ത്തം ചെയ്യപ്പെടണം.

  നല്ല അവലോകനം നടത്തിയ സുനിലിനു നന്ദി.

  ReplyDelete
 3. “ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.”

  നൂറുവട്ടം സത്യം :-)

  ReplyDelete
 4. ആട് ജീവിതം വായിച്ച് കഴിഞ്ഞ് ദിവസങ്ങളോളം കുടിക്കുന്ന വെള്ളത്തിനു പോലും നജീബിന്റെ മുഖമായിരുന്നു..മനസു മരവിച്ച് പൊയീ!!

  സുനിൽ വളരെ നന്നായി അവലോകനം ചെയ്തു..അഭിനന്ദനം....

  ReplyDelete
 5. ഒരു മഹത്തായ കൃതി. ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്ത കൃതി.എന്റെ വീട്ടിലെ എന്റെ മക്കളറ്റക്കം പേരുടേയും അഭിപ്രായം അതു തന്നെ.
  എന്റെ ഉപ്പയുടെ ഒരു സംശയം ബാക്കി നില്ക്കുന്നു.ആ സർപ്പക്കൂട്ടങ്ങളുടെ യാത്രയെ കുറിച്ചാണ്‌.‘ഒരു ലീഡറും അവയ്ക്ക് പിന്നാലെ ഒരു കൂട്ടവൗം...!!’,അങ്ങിനെ ഒന്ന് ആദ്യമായാണ്‌ കേൾക്കുന്നത്.

  ഓടോ:സൗദികളുടെ അരാജകത്വം ചെറുതായ രീതിയിൽ അനുഭവിച്ച വ്യക്തിയാണ്‌ ഞാനും.

  ReplyDelete
 6. നല്ല അവലോകനം. ഞാനും വല്ലാത്തൊരു മാനസികാവസ്ഥയില്‍ വായിച്ച കൃതിയാണിത്.

  ReplyDelete
 7. ആടുജീവിതം വായിച്ചപ്പോള്‍ മനസ്സിന് കുറച്ചൂസം ഒരു നീറ്റല്‍ തന്നെ
  ആയിരുന്നു..ഇന്നും ഭക്ഷണ സാധനങ്ങള്‍ കളയുമ്പോള്‍ അറിയാതെ
  എങ്കിലും ബെന്യാമിന് മനസ്സിലേക്ക് കടന്നു വരുന്നു.ബെന്യാമിന് കിട്ടിയ പുരസ്കാരം നല്ല എഴുത്തിനെ സ്നേഹിക്കുന്ന വായനക്കാരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു

  ReplyDelete
 8. നല്ല ലേഖനം. “ഒരു പക്ഷേ ഘടനയിലും അവതരണത്തിലുമെല്ലാം അല്പം കൂടീ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ക്ലാസിക് തന്നെ ആകുമായിരുന്നു ഈ കൃതി.“- ലേഖകന്റെ ഈ അഭിപ്രായം എനിയ്ക്കുമുണ്ടെങ്കിലും പ്രവാസജീവിതത്തിന്റെ മറ്റൊരു മുഖം തുറന്നു കാണിയ്ക്കാന്‍ ആടുജീവിതം സഹായിച്ചു എന്നതില്‍ സംശയമില്ല.

  ReplyDelete
 9. ഈ നോവൽ പരിചയപ്പെടുത്തിയതിന് നന്ദി, സുനിൽ.

  ReplyDelete
 10. ആട് ജീവിതം പലരും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത കൃതിയാണ്. വളരെയേറെ മേന്മകള്‍ അവകാശപ്പെടാന്‍ ആവുന്ന കൃതി. പച്ചയായ ജീവിത കഥ കരലളിയിപ്പിക്കുന്നത് തന്നെയാണ് അല്പം അതിശയോക്തി ഉണ്ടെങ്കിലും. 'മസ്റ' എന്നാല്‍ ആട്ടിന്‍ തൊഴുത്ത് എന്നല്ല അര്‍ഥം 'കൃഷിയിടം' എന്നാണ് ശരി.

  ReplyDelete
 11. ശ്രീ എന്‍ ശശിധരന്‍ പറഞ്ഞത് തന്നെയാണ് ശരി. “ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.” നന്നായി സുനിൽ.

  ആടുജീവിതം പുരസ്ക്കാരങ്ങൾ കൊണ്ട് മൂടപ്പെടുന്നതിന് മുന്നേ ഒരു അവലോകനം ഈയുള്ളവനും എഴുതിയിട്ടുണ്ട്. മരുഭൂമിയിൽ ഒറ്റപ്പെടലിന്റെ ഏതാനും മണിക്കൂറുകൾ അനുഭവിക്കാനാതുകൊണ്ട് കൂടെ ആയിരുന്നു ജീവിതത്തിൽ ആ‍ദ്യമായി അങ്ങനൊരു പുസ്തകാവലോകനം എഴുതിയത്.

  @ Basheer Kanhirapuzha - പുസ്തകത്തിൽ ‘മസറ‘ എന്നാൽ ആടുകളുടെ കിടപ്പാടം എന്ന് തന്നെയാണ് പറയുന്നത്/പരിചയപ്പെടുത്തുന്നത്. സുനിൽ കൃഷ്ണന് തെറ്റിയതല്ല. അധവാ സുനിലിന് തെറ്റിയെങ്കിൽ ബന്യാമിനും, ഗ്രീൻ ബുക്സിനും ഒക്കെ തെറ്റിയിരിക്കുന്നു.

  ReplyDelete
 12. ആട് ജീവിതം വായിച്ച പ്രവാസികളെല്ലാം ആ പുസ്തകത്തെ ഒരു വികാരമായി കൊണ്ടു നടക്കുന്നു... അത് വായിച്ചു എന്ന് പറയുന്നത് തന്നെ അവരില്‍ ഉണര്‍ത്തുന്ന സമഭാവന എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്... എഴുതിയാല്‍ ഇതിഹാസങ്ങളായി മാറുമായിരുന്ന വ്യത്യസ്തങ്ങളായ ആടുജീവിതം തങ്ങള്‍ക്കുമുണ്ടെന്ന് കൂട്ടിച്ചേര്‍ക്കും അവര്‍.........
  തന്റെ മന:ശ്ശക്തി ഒന്നു കൊണ്ട് മാത്രം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച നജീബിനോട്
  തീര്‍ച്ചയായും അക്ഷന്തവ്യമായ ഒരു തെറ്റായിരുന്നു ബെന്യാമിന്‍ ചെയ്തത്.. നജീബ് എന്ന കഥാപാത്രത്തിന്റെ സ്വത്വം നഷ്ടപ്പെടുത്തിക്കോണ്ടായിരുന്നില്ല് ഒരു കഥാകാരന്‍ തന്നെ അടയാളപ്പെടുത്തേണ്ടിയിരുന്നത്... ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത മനുഷ്യ മനസ്സിന്റെകരുത്തിനെ വായനക്കാരന് പകര്‍ന്നു നല്‍കുന്നതിലുപരി, അവരെ ഒരു പ്രാര്‍ഥനയുടെ പ്രലോഭനത്തിലേക്ക് എത്തിക്കാനാണ് കഥാകൃത്ത് ശ്രമിച്ചത്.. ഒരു മനുഷ്യഗാഥയെന്നനിലയില്‍ കേരളം മുഴുവന്‍ നെഞ്ചേറ്റുമായിരുന്ന കൃതിയെ എത്ര സ്വാര്‍ഥമായി അയാള്‍ തന്റേത് മാത്രമാക്കി മാറ്റി.......
  സുനില്‍... വളരെ നന്നായിരിക്കുന്നു..

  ReplyDelete
 13. നല്ല അവലോകനം സുനില്‍ .ഞാനും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്ത പുസ്തകം ആണ് ഇത്, ശരിക്കും ഒരു നടുക്കം ഉണ്ടാക്കി.ഒരു മനുഷ്യന്‍റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് നജീമിന്റെ രക്ഷപെടല്‍ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, അതില്‍ താങ്കളുടെ വിയോജിപ്പിനോടെ യോജിക്കുന്നു.

  ReplyDelete
 14. muzhuvan vayikkan kazhinjilla, kannukal niranju ozhukiyathukondu...

  ReplyDelete
 15. ആടുജീവിതം കിട്ടിയ പീഡിയെഫിൽ ഇന്നു വായിച്ചു. ഇപ്പോ തീർന്നതേയുള്ളു. കണ്ണിലെ നനവും നെഞ്ചിലെ ഭാരവും കുറേ കാലം കൂടെയുണ്ടാവും. ദുബായിലോ നാട്ടിലോപോകുമ്പോൾ ഒരു കോപ്പിയെങ്കിലും വാങ്ങണം. ഗൾഫ് ജീവിതത്തിന്റെ ഒരു വലിയ പാഠപുസ്തകം. ആ നജീബിനെ എന്നെങ്കിലും ഒരിക്കൽ ഒന്നു കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ആ കഥയുടെ മുഴുവൻ ജീവനും തന്റെ സ്കെച്ചസിൽ ആവാഹിക്കാൻ ചിത്രകാരനായ ഷെരിഫിനു കഴിഞ്ഞിട്ടുണ്ട്, അത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു, ഇപ്പൊഴും കവർചിത്രത്തിലെ നജീബിന്റെ കണ്ണിലേക്ക് നോക്കാനാവുന്നില്ല.

  ReplyDelete
 16. ''ആടുജീവിതം''ഇത് വരെ വായിച്ചില്ല ,പക്ഷേ, തീര്‍ച്ചയായും വായിക്കണം എന്ന് മനസ്സില്‍ ഉള്ള ഒരു പുസ്തകം ആണ് .പുസ്തകം കൈയില്‍ കിട്ടിയിട്ട് തന്നെ വായിക്കാമെന്ന് കരുതുന്നു ..

  സുനില്‍ ടെ അവലോകനവും വളരെ നന്നായി .

  ReplyDelete
 17. ബെന്യാമിന്റെ ആടുജീവിതം പുറംലോകം കാണാതെ മസറയിലെ ആടുകള്‍ക്കൊപ്പം ജീവിതം തള്ളീനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ്‌. "നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" - പുസ്തകത്തിന്റെ ഉപശീര്‍ഷകത്തില്‍ ബെന്യാമിന്‍ പറയുന്നത് സത്യമാണെന്ന് പുസ്തകത്തിന്റെ ഉള്‍പേജുകളില്‍ നജീബ് എന്ന ജീവിക്കുന്ന നായകന്‍ നമ്മോട് പറയുമ്പോള്‍, അര്‍ബാബിന്റെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന ആ പാവം മനുഷ്യന്‍ മണലാരണ്യത്തില്‍ അനുഭവിച്ച നരകയാതന വളരെ ഹൃദയസ്പര്‍ശിയായി നോവലിസ്റ്റ് കുറിച്ചിടുമ്പോള്‍ -വരച്ചിടുമ്പോള്‍ എന്ന് പറയുന്നതാവും ശരിയെന്ന് തോന്നുന്നു- അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല തന്നെ. പുസ്തകത്തിന്റെ കവര്‍ പേജില്‍ കെ.ഷെറീഫ് വരച്ചിരിക്കുന്ന ആടുമനുഷ്യന്റെ രൂപം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ ബെന്യാമിന്‍ അകപ്പേജുകളില്‍ നജീബിന്റെ ദൈന്യത ചിത്രീകരിച്ചിരിക്കുന്നു. മസറയിലെ ആടുകള്‍ക്കൊപ്പം ഗതികെട്ട ജീവിതം നയിക്കേണ്ടി വരുന്ന നജീബ് ഒരു വേള ആടിനെ പ്രാപിക്കുന്നിടത്ത് വരെ ചെന്നെത്തി എന്ന് പറയുമ്പോള്‍ ബെന്യാമിന്‍ പുസ്തകത്തിന്‌ കൊടുത്ത ഉപശീര്‍ഷകം അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന സത്യമാവുകയാണ്‌

  ഒരു ചെറുകുറിപ്പായി ഈ പുസ്തകം വായിച്ചപ്പോള്‍ ബ്ലോഗില്‍ എഴുതിയത്. റിവ്യൂ മനോഹരമായിരിക്കുന്നു. വായിക്കുന്നവര്‍ക്ക് വായിക്കുവാന്‍ പ്രേരണയാവുന്ന റിവ്യൂ.

  ReplyDelete
 18. മലയാളത്തിലെ മികച്ച നോവലുകളിലൊന്നാണ് ആടുജീവിതം
  വായിച്ച നോവലുകളില്‍ ഉണങ്ങാത്ത മുറിവായത്
  കുറിപ്പ് നന്നായി
  ആശംസകള്‍

  ReplyDelete
 19. @ lally - ആടുജീവിതത്തെ കേരളം മുഴുവൻ നെഞ്ചേറ്റിയില്ലെങ്കിലും അത് വായിച്ചവർ മുഴുവനും നെഞ്ചേറ്റിയിട്ടുണ്ട്. ബന്യാമിൻ അത് എങ്ങനൊക്കെ എഴുതിയാലും കേരളം മുഴുവൻ അല്ലെങ്കിൽ മലയാളികൾ മുഴുവൻ വായിച്ചാലല്ലേ എല്ലാവർക്കും കൂടെ നെഞ്ചേറ്റുവാൻ പറ്റൂ. ആടുജീവിതം നയിച്ചത് നജീബ് ആണെങ്കിലും അത് എഴുതിയത് ബന്യാമിൻ ആണെന്നത് മറക്കരുത്. ആ നിലയ്ക്ക് ആടുജീവിതം എന്ന പുസ്തകം ബന്യാമിന്റേത് തന്നെയാണ്. അത് എങ്ങനെ എഴുതണമെന്ന് എഴുത്തുകാരന്റെ മനോധർമ്മമാണ്. അതിൽ ഒരു സ്വാർത്ഥതയുമില്ല. അല്ലെങ്കിൽ പിന്നെ നജീബ് തന്നെ എഴുതണമായിരുന്നു.

  അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടെന്നാണല്ലോ. രണ്ടാമത്തെ പക്ഷക്കാരെ ഈ വിഷയത്തിലും കാണാനായതിൽ സന്തോഷമുണ്ട് :)

  ReplyDelete
 20. @ നിരക്ഷരന്‍::

  ലാലി മോശമായി പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല.ലാലി എഴുതിയ ആദ്യത്തെ മൂന്നു വാചകങ്ങള്‍ വായിച്ചാല്‍ അത് മനസ്സിലാവും.മറിച്ച് ഈ നോവല്‍ അല്പം കൂടി മനോഹരമാക്കാമായിരുന്ന ഒരു സാഹചര്യം ചൂണ്ടിക്കാണിച്ചു എന്നേയുള്ളു എന്ന് ഞാന്‍ കരുതുന്നു...അതു തന്നെ മറ്റൊരു രീതിയില്‍ ഞാനും പറഞ്ഞിട്ടുണ്ട്.

  ഇതു വരെ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി..”ആടുജീവിതം” നമ്മുടെയെല്ലാം മനസ്സിനെ എത്രയധികം ആകുലപ്പെടുത്തി എന്നതിന്റെ തെളിവാണു ഓരോ പ്രതികരണങ്ങളും...

  ReplyDelete
 21. തീര്‍ച്ചയായും 'ആടുജീവിത' ത്തോളം മനോഹരമായ മറ്റൊരു നോവല്‍ അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല . അവലോകനത്തിലൂടെ കൂടുതല്‍ പേരെ നോവല്‍ പരിചയപ്പെടുത്താന്‍ കാണിച്ച മനസ്സിനെ ആദ്യമേ അഭിനന്ദിക്കുന്നു . ...... അവലോകനവും നന്നായിരുന്നു . എങ്കിലും നോവലിന്റെ content വിശദീകരിക്കേണ്ടിയിരുന്നില്ല ...

  ബെന്ന്യാമിനെ പോലെ ഒഴുക്കോടെ എഴുതാന്‍ കഴിയുന്ന സാഹിത്യകാരന്‍ തീര്‍ച്ചയായും ആ പുരസ്‌കാരം അര്‍ഹിക്കുന്നു . ആടുജീവിതതിനല്ലെങ്കില്‍ പോലും .........

  മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്ന " ഇ എം എസ്സും പെണ്‍കുട്ടിയും" എന്ന കഥ നല്ല ഒരു ഉദാഹരണമാണ് . ഒരു സമൂഹത്തിന്റെ മുഴുവന്‍ ദുഖങ്ങളെയും വരച്ചു കാട്ടുന്നതായിരുന്നു ആ കഥ .

  യാതനകളില്‍ മനം മടുത്ത ആ മനുഷ്യന്‍ ദൈവതെയല്ലാതെ മറ്റാരെയാണ് വിളിക്കുക ?

  വേദന തിങ്ങുന്ന ഹാസ്യമാണ് നോവലിസ്റ്റിന്റെ ശൈലി . അതും മനോഹരമെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ .......... ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ .....

  ReplyDelete
 22. അന്താരാഷ്ട്ര പുസ്തകോത്സവ പ്രദര്‍ശനത്തില്‍ പങ്കെടുത്തപ്പോള്‍ ഗ്രീന്‍ ബുക്സില്‍ നിന്നും ചോദിച്ചു വാങ്ങിയ പുസ്തകം ആണ് ...... ഒരാഴ്ച കൊണ്ട് വായിച്ചു തീര്‍ക്കാം എന്ന് കരുതി രാവിലെ ഇരുന്നു വൈകിട്ട് വായിച്ചു തീര്‍ത്തു. ....... ഒറ്റ വരിയില്‍ രണ്ടു വാക്കുകളില്‍ ഒതുങ്ങുന്ന ക്ലൈമാക്സ്. .....സുനില്‍ ലേഖനത്തിനു നന്ദി. ... ബന്യാമിന്‍ , വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ ഇറങ്ങുന്ന ആഖ്യാന ശൈലിക്ക് അഭിനന്ദനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുസ്തകങ്ങളില്‍ ഒരു കോളേജ് വിദ്യാര്‍ഥിനി താങ്കളുടെ പുസ്തകം തിരഞ്ഞെടുത്തതായി മനോരമയില്‍ കണ്ടിരുന്നു. ..........നമ്മുടെയെല്ലാം പ്രിയങ്കരനായ സജി അച്ചായാന് കഥാ നായകന്‍ നജീബിനെ നേരില്‍ കണ്ടു അഭിമുഖം എടുക്കുവാനുള്ള സാഹചര്യം ഉണ്ടായി. ആ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിക്കും. .

  ReplyDelete
 23. ഇന്നാണ് ‘ആടുജീവിതം’ എന്ന പുസ്തകം കയ്യില്‍ കിട്ടുന്നത്.വായിക്കട്ടെ,ആകാംക്ഷയോടെ കാത്തിരുന്നു കിട്ടിയ ഈ പുസ്തകം!
  ഈ അവലോകനം, വായിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെ ട്ടോ...

  ReplyDelete
 24. വായിച്ചു.
  നാജീബായി.
  മലയാളിയുടെ ഇരട്ട മുഖങ്ങള്‍ കാല്‍പനികയില്ലാതെ വരച്ചു കാട്ടിയിരിക്കുന്നു.

  ReplyDelete
 25. വായിച്ചു.
  നാജീബായി.
  മലയാളിയുടെ ഇരട്ട മുഖങ്ങള്‍ കാല്‍പനികയില്ലാതെ വരച്ചു കാട്ടിയിരിക്കുന്നു.

  ReplyDelete
 26. ശില്‍പ്പഭംഗിയും സാഹിത്യഗുണവും കൊണ്ടാവില്ല ചില കൃതികള്‍ മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്നത്.
  ആടുജീവിതം വായിച്ച ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല..
  അനുഭവത്തിന്റെ ചൂടുള്ള, അതിജീവനത്തിന്റെ ഗാഥ..
  സുനില്‍ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 27. ആടുജീവിതം മരുഭൂമിയിലെ അശരണരായ, സാധാരണക്കാരായ പ്രവാസിയുടെ യഥാര്‍ത്ഥജീവിതത്തിന്റെ ചിത്രമാണ്. എന്റെ കൈയില്‍ നിന്നും ഈ പുസ്തകം വാങ്ങി താല്പര്യത്തോടെ വായിച്ചു തീര്‍ത്തവരും, സുഹൃത്തുക്കള്‍ക്കു കൈമാറിയവരും തികച്ചും സാധാരണക്കാരായ പ്രവാസികളായിരുന്നു. ഒരിക്കല്‍ കയ്യിലെടുത്ത പുസ്തകം വായിച്ചു തീരാതെ താഴെ വയ്ക്കാന്‍ കഴിഞ്ഞില്ല എന്നും, ഒരു തുള്ളി കണ്ണീരെങ്കിലും വാര്‍ക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ല എന്നും പലരും പറഞ്ഞു. അവലോകനത്തിനു സുനിലിനോടും, പുസ്തകത്തിനു ബെന്യാമിനോടും നന്ദി.

  ReplyDelete
 28. വായിച്ചു,
  ആദ്യം pdf ആയി, പിന്നെ ഒരു പുസ്തകം സംഘടിപ്പിച്ചു. വായന തുടങ്ങിയാല്‍ ബന്യാമാനെയോ വായനക്കാരായ നമ്മളെയോ നജീബിനെയോ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. എല്ലാം ഒന്നായിത്തീരുന്നു.നജീബിന്റെ കാഴ്ചകള്‍ തന്നെ നമ്മുടെയും കാഴ്ചകള്‍,നജീബിനോപ്പം നമ്മള്‍ അദൃശ്യരായി...
  ഒടുവില്‍ അനന്തമായ മരുഭൂമിയിലൂടെ രക്ഷ തേടിയുള്ള യാത്രയില്‍ നജീബും ഹക്കീമും ഖാദിരിയും അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നമ്മളും അനുഭവിക്കുന്നു.
  പ്രവാസി മലയാളി മാത്രമല്ല, അവരുടെ ബന്ധുക്കളും, പ്രവാസം സ്വപ്നം കാണുന്നവരും, പ്രവാസി സുഹൃത്തുക്കള്‍ ഉള്ളവരും,ഈ പുസ്തകം വായിക്കനമെന്നാണ് എന്റെ പക്ഷം. എന്ന് പറഞ്ഞാല്‍ മലയാളം വായിക്കാന്‍ അറിയാവുന്നവര്‍ എല്ലാം എന്ന് തന്നെയാണര്‍ത്ഥം.

  ReplyDelete
 29. മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ നജീബ് എന്ന പച്ച മനുഷ്യന്‍ ,പ്രവാസജീവിതത്തില്‍ അനുഭവിച്ച യാതനകളുടെയും കഷ്ടപാടിന്റെയും ഒറ്റപെടലിന്റെയും നേര്‍ അനുഭവ സാക്ഷ്യങ്ങള്‍ വായനക്കാരായ ഞങ്ങള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ രചയിതാവിന് എന്റെ അഭിനന്ദനങ്ങള്‍ ......... എനിക്കിതുവരെയും ആ നോവല്‍ വായിക്കാന്‍ പറ്റിയിട്ടില്ല ദയവായി ആ നോവല്‍ ബ്ലോഗില്‍ ഇറങ്ങിയിട്ടുന്ടെങ്കില്‍ അതിന്റെ ലിങ്ക് തന്നു സഹായിക്കണം എന്‍റെ Mail Id - Alaxander2007@gmail.com.

  ReplyDelete
 30. "ആട് ജീവിത"ത്തെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും ആ നോവല്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസിയായ നജീബിന്റെ വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അദ്ധേഹത്തിന്റെ 'പ്രയാസ' ജീവിതത്തിന്റെ പാടുകള്‍ ആ മുഖത്ത് തന്നെ നിഴലിക്കുന്നുണ്ട്.. പ്രവാസികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു നോവല്‍...
  (ആരെങ്കിലും അതിന്റെ പി.ഡി.എഫ് കോപിയുടെ ലിങ്ക് ഒന്ന് ഷെയര്‍ ചെയ്യുമോ?)

  ReplyDelete
 31. atu jeevithathepaty ottere kettittundu.ithuvare vayikkan kazhinchilla.review valere nannayittundu.

  ReplyDelete
 32. I am familiar with Robinson crusoe and The Old man and the sea as a part of my accadamics.It's a really a sincere surprise for me that a closer friend of mine had written a book similar to those two, which could be touch stoned with those . Recently I didn't complete reading a book in a week's time. Today morning (3-02-2011) by 7.30 I started reding this book. Sharp by 7.30 Pm, while getting up for my evening prayer I ,ve completed "Aadujeevitam" Each and every experience of Najeeb,from the beginng till the end has stamped in my mind with out loosing the sequence.Haqeem had shook my emotions.......Let his soul rest in eternal peace where there is no heard hearted ARBAB , no desert, no sand storms .. Let him be there in the presence of the Almighty....
  Let me salute Mr. Benyanin for he succeeded in spreading and mixing enough humour throuh out the explanation of Najeeb's hardships...other wise the reader will surely suffocate and mentally under go and experiene "Najeeb" in them.
  I've selected this book with the recomentation of some of my friends to help my daugher who is doing her BA English Lit.in Mumbai St. Saviors for a project and presentation she has to do in her college. As she is the only Malayalee student in her batch her professor asked her to make a presentation on a poem or novel in malayalm with someone's help. That's why I had to start reading the book today morning......I thought of reading it in two days time ... but the beauty of the book arrested me in the magical web of the book.
  Thank you My dear friend, Benyamin for letting me yesterday while I asked your permission to make a critical analysis on AADUJEEVITAM and blessing my child for her presentation .She is going to tell the story to her Batch mates and her professors and surely kindle a desire in them to read while the English translation comes out ...In telephone I 've read to her from the blogs you recomented and I wish let your AADUJEEVITAM to be translated into a dozen of languages.
  Shiney Koshy
  Bahrain

  ReplyDelete
 33. വായനക്കാരെ കിടിലം കൊള്ളിക്കുന്ന ആടു ജീവിതം, ഒരു മനുഷ്യ ജീവിക്ക് ഇത്രയൊക്കെ സഹിക്കാന്‍ ആവുമോ എന്നു അത്ഭുതപ്പെട്ട് പോകും. ആടുകളില്‍ ഒരാളായി, ഒരു ആടിനെ മകനെപ്പോലെ സ്നേഹിച്ച നജീബിന് ആട്ടിറച്ചി കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ വിവരിക്കുന്നുണ്ട് കഥാകാരന്‍
  മരുഭൂമിയുടെ അപാരതയും ഭീകരതയും വായനക്കാരനും അനുഭവിക്കുന്നു.

  ReplyDelete
 34. ആടുജീവിതം വായിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്,

  ആടുജീവിതത്തിലെ നജീബിനെ ഒരു വിശ്വാസിയാക്കാനുള്ള എല്ലാ ശ്രമവും ബെന്യാമിന്‍ നടത്തുന്നുണ്ട്. നജീബിന് തന്റെ ആടുജീവിതത്തെ ജയിക്കാനുള്ള മന:ശക്തി ബെന്യാമിന്‍ ഉണ്ടാക്കുന്നത്‌ അങ്ങനെയാണ്. ഇവയെല്ലാം തന്റെ ജീവിതത്തിലെ പരീക്ഷണ ഘട്ടമാണെന്ന സമാധാനത്തില്‍ എഴുത്ത് {എഴുത്തുകാരന്‍} 'സഹിക്കുക'യെന്ന ജീവിതം നിര്‍ബന്ധിപ്പിക്കുന്നുണ്ടയാള്‍ക്ക്..!

  അല്ലാതെയും നജീബിന് ആ അവസ്ഥയെ ജയിക്കാനാകുമായിരുന്നു. എത്തിപ്പെടുന്ന സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന മനുഷ്യന്റെ സഹജവാസനകളെ ബെന്യാമിന്‍ കാണാതെ പോയി എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്., അല്ലെങ്കില്‍, 'ആടുജീവിതം' വിശ്വാസ്യയോഗ്യമാവാന്‍ ഇതുമതിയാകില്ല എന്ന പാരമ്പര്യബോധം ബെന്യാമിനെയും അധീരനാക്കിയിരിക്കാം.!

  ഇക്കാരണംകൊണ്ട് നോവലിനെന്തെങ്കിലും കോട്ടം സംഭവിച്ചുവെന്നഭിപ്രായമെനിക്കില്ല. അതേസമയം, നോവല്‍ പറയുന്ന ജീവിതത്തെ അതുവല്ലാതെ ചെറുതാക്കുന്നുണ്ട . ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്രകൃത്യാ അയാളിലുള്ള അതിജീവന സാധ്യതയെ, നേരത്തെ സൂചിപ്പിച്ച താദാത്മ്യപ്പെടലിലെ സ്വാഭാവികതയെ നോവല്‍ വിശ്വാസത്തിലെടുക്കുന്നേയില്ല. അതുണ്ടാക്കുന്ന അപകടം അത്ര ചെറുതല്ല. 'വ്യാജ പ്രതിഷേധങ്ങള്‍' പോലെത്തന്നെയുള്ള വ്യാജ പ്രതിരോധങ്ങള്‍ തന്നെയാണ് ഇതും. മനുഷ്യന്‍ അയാളുടെ സ്വാഭാവികതയില്‍ സ്വതന്ത്രനാകുമ്പോള്‍ അതിനയാള്‍ക്ക് നിശ്ചയം സാധിക്കുമ്പോള്‍ പിന്നെന്തിനീ വ്യാജനിര്‍മ്മിതികളില്‍ അയാളെ തളച്ചിടണം .?

  പുസ്തകം പറയും പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ നജീബ് ഒരു വിശ്വാസിയല്ലെന്നു ബെന്യാമിന്‍ തന്നെ പറയുന്നുണ്ട്. പിന്നെ, ബെന്യാമിന്റെ വിശ്വാസത്തെ നജീബിലേക്ക് ചേര്‍ക്കുകയാണ് ബെന്യാമിന്‍ ചെയ്യുന്നത്. ഇതൊരു ബാലാത്ക്കാരമാണ്. അല്ലാതെയും നജീബ് തന്റെ ആടുജീവിതം അതിജീവിക്കുന്നുണ്ട്. അതിനെ അങ്ങനെത്തന്നെ ആവിഷ്കരിച്ചിരുന്നുവെങ്കില്‌ അതേറ്റം സൗന്ദര്യമുള്ള ഒന്നാകുമായിരുന്നു. മനുഷ്യന് പ്രകൃത്യാ ഉള്ള അതിജീവന ശേഷിയെ വിശ്വാസത്തിലെടുക്കുക എന്നത് സര്‍വ്വ മനുഷ്യര്‍ക്കും തന്നില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാകുമായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇങ്ങനെയൊക്കെ എഴുതിയാല്‍ ആളുകള്‍ വിശ്വസിക്കില്ലെന്നോ മറ്റോ ഉള്ള ധാരണ എഴുത്തുകാരനെ സ്വാധീനിച്ചിരിക്കാം. അല്ലെങ്കില്‍, അയാളിലെ വിശ്വാസിയെ തൃപ്തിപ്പെടുത്തിയതുമാകാം. എന്നാല്‍, ഈയോരറ്റ കാര്യം കൊണ്ട് എഴുത്തുകാരന്‍ തന്നെ നജീബ് ജീവിച്ച, പിന്നീട് അതിജീവിച്ച 'ആട് ജീവിത'ത്തെ റദ്ദ് ചെയ്യുന്നുണ്ട്.

  ReplyDelete
 35. ഏറെ നാളുകളായി വായിക്കാൻ ആഗ്രഹിച്ചിരുന്ന 'ആടുജീവിതം'
  കഴിഞ്ഞ ദിവസം ഒറ്റയിരുപ്പിനു വായിച്ചു തീർത്തു .
  കഥാപാത്രമായ നജീബിലേയ്ക്കുള്ള പരകായപ്രവേശം ഭംഗിയായി നിർവഹിച്ച എഴുത്തുകാരന് അനുവാചകർക്ക് കൂടി തത്തുല്യമായ ഒരു അനുഭവ തീവ്രത പകർന്നു നല്കാൻ സാധിച്ചിരിക്കുന്നു. ഓരോ വായനക്കാരനും നിശ്ചയമായും നജീബിന്റെ സ്ഥാനത്ത് അവനവനെ തന്നെ സങ്കൽപ്പിച്ചു കൊണ്ടേ ഈ വായനയിലൂടെ കടന്നുപോകാൻ കഴിയൂ. ഇനി ഈ വായന മുന്നോട്ടു കൊണ്ടുപോകാൻ എന്നെകൊണ്ടാവില്ല എന്നു പോലും തോന്നുന്നത്ര തീവ്രത പല ഘട്ടങ്ങളിലും അനുഭവപ്പെട്ടു. എന്നിട്ടും, അടുത്ത നിമിഷം തന്റെ മരണം സംഭവിക്കും എന്നുറപ്പിച്ച നജീബ് വീണ്ടും വീണ്ടും ജീവിതത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്നത് പോലെ, വായന പാതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയാതെ കഥ അവസാനിക്കുന്നിടം വരെ എന്റെ ആകാംഷ എന്നെ എത്തിക്കുകയായിരുന്നു. ജീവിതത്തെ സ്നേഹിക്കുന്നവരും ജീവിതം മടുത്തവരും ഈ കഥയെ സ്നേഹിക്കും. തീർച്ച.

  ReplyDelete
 36. ഇത് കഥയല്ല, യാഥാർത്യം

  ReplyDelete
 37. ഇതിൻ്റെ PDF ഫയൽ ഉണ്ടെങ്കിൽ ആരെങ്കിലും അയച്ചു തരാമോ..my whatsapp no.9895151300

  ReplyDelete
 38. വളരെ നന്നായിട്ടുണ്ട് ,ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 39. “നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്”

  Yes, lam belive in this truth words

  ReplyDelete
 40. മരുഭൂമി വർണ്ണനകൾ ബഹു മനോഹരം

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts