ഇ-ഭാഷ, ഇ-ലോകം, അ-ലോകം


നിരക്ഷരൻ

കൂടുതൽ ബ്‌ളോഗ് എഴുത്തുകാരെ സംഭാവന ചെയ്യുകയും, അതേ സമയം ബ്‌ളോഗ് എഴുത്തുകളുടെ കാര്യത്തിൽ അല്‍പ്പമൊരു മാന്ദ്യത വരുത്തിക്കൊണ്ടും ഒരു വർഷമങ്ങ് കടന്നുപോയി. എഴുത്തിന്റെ നിലവാരം എന്തായാലും, എഴുത്തുകാരുടെ എണ്ണം വർദ്ധിച്ചുവന്നിട്ടുണ്ട്. കൂടുതൽ ജനങ്ങൾ മലയാള ഭാഷ കമ്പ്യൂട്ടറിൽ എഴുതാൻ ശ്രമിക്കുണ്ടെന്ന ആശാവഹമായ ഒരു കാര്യമായിട്ടുതന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു.

ഗൂഗിൾ ബസ്സിന്റെ ആഗമനം ബ്‌ളോഗുകളെ തളർത്തിക്കളഞ്ഞു എന്ന കാഴ്ച്ചപ്പാടിനോട് യോജിക്കാതിരിക്കാനാവില്ല. ഫേസ്‌ബുക്കിൽ പോസ്റ്റുകൾ സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കാമെന്ന സൗകര്യം ബ്ലോഗ് എഴുത്തുകളെ വിപരീതമായി ബാധിച്ചു. ഫേസ്‌ബുക്ക് ഗൂഗിളിനുതന്നെ ഭീഷണിയായ ഒരു കൊല്ലമായിരുന്നു 2010 എന്നതും ശ്രദ്ധേയമാണ്.


ടീ.വി. എന്ന മാദ്ധ്യമം വന്നപ്പോൾ സിനിമാക്കാർ വിറളിപിടിക്കുകയുണ്ടായി. ഫസ്റ്റ് ഷോ സിനിമയുടെ സമയത്ത്, പ്രൈം ടൈം എന്ന പേരിൽ ടീവിക്കാർ അവരുടെ കൈയ്യിലുള്ള ഏറ്റവും നല്ല പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയത് സിനിമാവ്യവസായത്തെ തെല്ലൊന്ന് ബാധിച്ചിട്ടുണ്ടാകാം. പക്ഷെ, ഇന്നെന്താണ് അവസ്ഥ ? റിലീസാകാൻ പോകുന്ന സിനിമയുടെ ചർച്ചകൾ, പാട്ടുകൾ, പരസ്യങ്ങൾ, മറ്റ് പ്രമോഷനുകൾ, എന്നതൊക്കെ ടീവിയിലൂടെ കാണിക്കപ്പെടുന്നു. അതൊക്കെ കണ്ട് ആവേശം കേറി തീയറ്ററിലേക്ക് ജനങ്ങൾ പോകാനുള്ള സാദ്ധ്യതകൾ മുതലെടുക്കപ്പെടുന്നു. റിലീസായി അല്‍പ്പനാളുകൾക്ക് ശേഷം സിനിമ തന്നെ മുഴുവനുമായി ടീവിയിൽ വരുന്നതുകൊണ്ടുള്ള വരുമാനവും സിനിമാക്കാർക്ക് കിട്ടുന്നു. ആദ്യകാലങ്ങളിൽ സിനിമാതാരങ്ങൾ ടീവീ സീരിയൽ പോലുള്ള പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നതിന് എതിരെയുണ്ടായിരുന്ന മുറുമുറുപ്പ് ഇന്നുണ്ടെന്ന് തോന്നുന്നില്ല.


ഈയൊരു സ്ഥിതിവിശേഷം ബ്ലോഗ്, ബസ്സ്, ഓർക്കുട്ട്, ഫേസ്‌ബുക്ക് സങ്കേതങ്ങളിലും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അത് പല തരത്തിലാണെന്ന് മാത്രം. ബ്ലോഗ് പോസ്റ്റിന്റെ ലിങ്കുകൾ ബസ്സിലും ഫേസ്‌ബുക്കിലുമൊക്കെ പ്രദർശിപ്പിക്കുന്ന എന്നെപ്പോലുള്ള ചിലരുണ്ടെങ്കിൽ മറ്റുചിലർ ബ്ലോഗിനൊപ്പം ബസ്സിലും ഫേസ്‌ബുക്കിലും സമ്പൂർണ്ണമായി ലേഖനങ്ങൾ പബ്ലിഷ് ചെയ്യുന്നു. ഗുണകരമായ പല ചർച്ചകളും ബ്ലോഗിനേക്കാൾ അധികമായി അതിന്റെ ലിങ്ക് ഇട്ടിരിക്കുന്ന ബസ്സിൽ നടക്കാറുണ്ടെന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ലേഖനെത്തെപ്പറ്റിയുള്ള ലിങ്കുകൾ ബ്ലോഗിലും ബസ്സിലും അങ്ങോട്ടുമിങ്ങോട്ടും പ്രദർശിപ്പിച്ചാൽ സൗകര്യം പോലെ എവിടെ വേണമെങ്കിലും അഭിപ്രായം പറയാമെന്നായിരിക്കുന്നു.


ബ്ലോഗ് ലോകം എന്നതിന്റെ ചുരുക്കപ്പേരായി ബൂലോകം എന്ന പദം തന്നെ ഉണ്ടായി വന്നെങ്കിലും, ഇന്ന് ആ പദം ബ്ലോഗുകൾക്ക് വെളിയിൽ ഫേസ്‌ബുക്കിലും ബസ്സിലും വിക്കിപീഡിയ പോലുള്ള ഇടങ്ങളിലുമൊക്കെ മലയാളഭാഷാ കൈകാര്യം ചെയ്യുന്നവരുടെ ലോകത്തെ സൂചിപ്പിക്കാൻ അപരാപ്തമായിത്തീർന്നിരിക്കുന്നു. , ബ്ലോഗ്, ഫേസ്‌ബുക്ക്, ബസ്സ്, വിക്കിപീഡിയ, വെബ് പോർട്ടലുകൾ എന്നതൊക്കെ ചേർത്ത് ഇ-ലോകം, ഇ-എഴുത്തുകാർ എന്നൊക്കെ പറയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. എല്ലാവരും ഭാഷാ സ്നേഹികളാകുമ്പോൾ തരം തിരിച്ച് പറയേണ്ട കാര്യമില്ലല്ലോ ? 2010 ഡിസംബർ 14ന് കേരള സാഹിത്യ അക്കാഡമിയുടെ തൃശൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട ഏകദിന ഇ-ഭാഷാ സെമിനാറിൽ ഇന്റർനെറ്റിലെ മലയാളത്തെ ഇ-ഭാഷയെന്നും അച്ചടി മലയാളത്തെ അ-ഭാഷ എന്നും ചൂണ്ടിക്കാണ്ടുകയുണ്ടായി.


അ-ഭാഷയും ഇ-ഭാഷയും വേറിട്ട് നിൽക്കേണ്ട ഒന്നല്ല. മലയാള ഭാഷ വലിയ തോതിൽത്തന്നെ ഇ-ലോകത്ത് കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് സാഹിത്യ അക്കാഡമി തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ സൂചനയും അംഗീകാരവുമായിരുന്നു 2010 ഡിസംബർ 14ന് നടന്ന സെമിനാർ. ഞാൻ മനസ്സിലാക്കിയിടത്തോളം കെ.എച്ച്.ഹുസൈൻ എന്ന വ്യക്തിയുടെ വർഷങ്ങളായുള്ള നിരന്തരപ്രവർത്തനങ്ങളുടേയും സമ്മർദ്ദതന്ത്രങ്ങളുടേയും ഫലമായാണ് അങ്ങനൊരു സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. ഒരൊറ്റ ദിവസം കൊണ്ട് ഒരുപാട് കാര്യങ്ങളാണ് അന്നവിടെ കൈകാര്യം ചെയ്യപ്പെട്ടത്. അ-ഭാഷയ്ക്ക് പേനയും കടലാസും അച്ചുകൂടവുമാണ് ആശയം ഉള്ളവരാണല്ലോ എഴുതുന്നത്, അതുകൊണ്ട് അക്കാര്യം മാറ്റിനിർത്താം.) വേണ്ടതെങ്കിൽ, ഇ-ഭാഷയ്ക്ക് അതേ സ്ഥാനത്ത് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മലയാളം എഴുതാനുള്ള സോഫ്റ്റ് വെയർ, അതിന്റെ ചില്ല്/കൂട്ടക്ഷരം/വട്ടത്തിൽ R, എന്നിങ്ങനെ ഒരുപാട് സാങ്കേതിക കാര്യങ്ങളും പ്രശ്നങ്ങളുമൊക്കെ വിഷയമാണ്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളിലേക്ക് ഇ-മലയാളം എത്തിക്കുന്ന കർമ്മം ശ്രമകരമാണ്. എല്ലാ ജില്ലകളിലും കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും സെമിനാറുകളും സാങ്കേതിക പരിജ്ഞാനം അടക്കമുള്ള ശില്‍പ്പശാലകളൊക്കെ സംഘടിപ്പിക്കുന്നതിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. ബ്ലോഗ് അക്കാഡമി, ഇ-ലോകത്തെ സാങ്കേതിക വിദഗ്ദ്ധർ, ബ്ലോഗ് അക്കാഡമി, ശാസ്ത്രസാഹിത്യപരിഷത്ത്, സാങ്കേതിക പരിജ്ഞാനമുള്ള വിദ്യാലയങ്ങൾ, ഇ-എഴുത്തുകാർ, എന്നിവരെയൊക്കെ ചേർത്ത് സാഹിത്യ അക്കാഡമി തന്നെ ഇത്തരം കാര്യങ്ങൾ തുടർന്നും ചെയ്തുപോയാൽ ഭാഷയുടെ കാര്യത്തിൽ കൂടുതൽ ഉയർച്ചയ്ക്ക് വകയുണ്ട്.


ഈ ആവശ്യത്തിലേക്കായി ശ്രീ കെ.എച്ച്.സുഹൈൻ മുൻപ് ചെയ്തതുപോലെ ഒറ്റയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതിലും എളുപ്പമായിരിക്കും ഇ-മലയാളത്തിൽ നിന്നുള്ള നേരിട്ടുള്ള ഇടപെടൽ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തന്നെ സാഹിത്യ അക്കാഡമിക്ക് നൽകുവാനായി ഒരു ഹർജി തയ്യാറാക്കി അതിൽ ഒപ്പുശേഖരണം നടത്തുന്നത് ഈ ലിങ്കുവഴി പോയാൽ കാണാം.


ഡിസംബർ 14ന് നടന്ന സെമിനാറിൽ ഇ-ലോകത്തു നിന്നുള്ള അവാർഡുകളെപ്പറ്റിപ്പോലും പരാമർശം ഉണ്ടായിരുന്നു. തിരുവനന്തപുരം പ്രസ്സ് ക്‌ളബ്ബിൽ വെച്ച് 2010 ഡിസംബർ 30ന് ശ്രീ.ബഷീർ വള്ളിക്കുന്ന് സൂപ്പർ ബ്ലോഗർ അവാർഡ് കൈപ്പറ്റിയതോടെ ഇ-ലോകത്തെ അവാർഡുകളെപ്പറ്റി പുറം ലോകത്ത് അറിയാൻ ഇടയാക്കിയിട്ടുണ്ടെന്ന് തന്നെ കരുതാം. അവാർഡുകളും അംഗീകാരങ്ങളും സാഹിത്യ അക്കാഡമിയുടെ ഭാഗത്തുനിന്ന് തന്നെ ഇ-മലയാളത്തിന് നൽകപ്പെടുന്ന ഒരു കാലം വിദൂരമെല്ലെന്ന് കരുതാം. ഭാഷ വളരുകയാണ്. ഇ-മലയാളത്തിലൂടെ ഭാഷയുടെ വ്യാപ്തിയും പ്രാപ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്. മലയാളം വിക്കിപീഡിയ കണക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. സാഹിത്യ അക്കാഡമി ഹാളിലെ സെമിനാറിർ പങ്കെടുത്ത ജനങ്ങളുടെ ബാഹുല്യം സൂചിപ്പിക്കുന്നതും മറ്റൊന്നുമല്ല. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ വേണ്ടപ്പെട്ടവർക്കാകില്ല.
ഇ-മലയാളത്തിൽ ബ്ലോഗും, ബസ്സും പോലുള്ള സങ്കേതങ്ങൾക്ക് എഡിറ്ററില്ല. പല എഴുത്തുകാരും വളരെ നൈമിഷികമായി നേരമ്പോക്കിനോ കുടുംബവിഷയങ്ങൾ പങ്കുവെക്കുന്നതിനോ, ചാറ്റ് റൂമോ ഒക്കെ ആയിട്ടായിരിക്കാം ഭാഷയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് . അഭികാമ്യമല്ലാത്ത മറ്റ് അനേകം എഴുത്തുകളുമൊക്കെ കണ്ടെന്ന് വരാം. പക്ഷേ, ഇതിനൊക്കെ ഇടയിൽ കാര്യമാത്രപ്രസക്തമായ ഒരുപാട് ലേഖനങ്ങൾ ഇവിടെ പിറക്കുന്നുണ്ട്, വായിക്കപ്പെടുന്നുണ്ട്. നമുക്ക് അതിൽ ഊന്നൽ കൊടുക്കാം, അതിനെപ്പറ്റി സംസാരിക്കാം, അത് തിരഞ്ഞെടുക്കാൻ സഹായിക്കാം, ആ ലേഖനങ്ങൾ പ്രചരിപ്പിക്കാം. മറ്റുള്ള അലങ്കോലങ്ങളൊക്കെ എല്ലാ തുറകളിലും കാണാറുള്ളതുപോലെയുള്ള തിരസ്ക്കരിക്കേണ്ട വിഷയങ്ങളാണെന്ന് മനസ്സിലാക്കി അതിൽ ശ്രദ്ധ ചെലുത്താതിരിക്കാം.


ജാതി, മതം, രാഷ്ട്രീയം എന്നതൊക്കെ വ്യത്യസ്തമാണെങ്കിലും മലയാളികളായ നമ്മളൊക്കെ ഇ-ലോകത്ത് കൈകാര്യം ചെയ്യുന്ന മാതൃഭാഷ ഒന്നാണല്ലോ ? അതിന്റെ ഉയർച്ചയ്ക്കായി യത്നിക്കാം. എന്തെങ്കിലും തളർച്ച ലേഖനങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ വർഷം ഇ-ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം നികത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി
മുന്നോട്ട് നീങ്ങാം. 2011 പ്രതീക്ഷയുടേയും, ഇ-മലയാളത്തിന്റെ വളർച്ചയുടേയും പുതുവത്സരമായി മാറട്ടെ എന്ന ആശംസകളോടെ.


-നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)


ബ്ലോഗ്ഗെഴുത്തിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന , മലയാള ഭാഷയെ  സ്നേഹിക്കുന്ന 414 പേര്‍ ഇത് വരെ സാഹിത്യ അക്കാദമിക്കുള്ള ഭീമ ഹര്‍ജിയില്‍ അനുഭാവം രേഖപ്പെടുത്തിക്കഴിഞ്ഞു . നിങ്ങളോ ?


13 Responses to "ഇ-ഭാഷ, ഇ-ലോകം, അ-ലോകം"

 1. ബൂലോകത്തുള്ള കൂട്ടായ്മകളുടെ പരസ്പര സ്നേഹവും സഹകരണവും കൂടി ഈ പുതുവര്‍ഷത്തില്‍ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

  ReplyDelete
 2. രേഖപ്പെടുത്തിയിട്ടുണ്ട്.
  അ ഇ അദ്വൈതമാവട്ടെ..
  പുതുവത്സരാശംസകൾ

  ReplyDelete
 3. ബൂലോകത്ത് മാതൃ ഭാഷയുടെ വളര്‍ച്ചക്ക് സഹായകമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകും മനോജേട്ടാ!
  ഈ വര്‍ഷവും വരുന്ന വര്‍ഷങ്ങളും ഇ- മലയാളത്തിനും ബൂലോകതിനും നന്മയുടെതാവട്ടെ എന്ന് ആശിക്കുന്നു ! പ്രാര്‍ത്ഥിക്കുന്നു!

  ReplyDelete
 4. നല്ല ലേഖനം.കാര്യമാത്രപ്രസക്തമായ ലേഖനങ്ങളും കഥയും കവിതയും ഒക്കെ എഴുതണമെന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാനും..... പക്ഷെ.. കഴിവും വേണമല്ലോ.കഴിവുള്ളവര്‍ ഒരുപാടുള്ള ഈ ബൂലോകത്ത് ഒരുപാടു നല്ല ബ്ലോഗ്പോസ്റ്റുകള്‍ ഉണ്ടാവട്ടെ ഈവര്‍ഷം.നമ്മുടെ മലയാളത്തിന്റെ വളര്‍ച്ചക്കായി എന്നെകൊണ്ടാവുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യും...ആശംസകള്‍

  ReplyDelete
 5. ടീ.വി. എന്ന മാദ്ധ്യമം വന്നപ്പോൾ സിനിമാക്കാർ വിറളിപിടിക്കുകയുണ്ടായി.....

  ഇന്നിപ്പോള്‍ കഥയും നായകനും സംവിധായകനും തീരുമാനിക്കപ്പെട്ടാല്‍ നിര്‍മ്മാതാവ് ആദ്യം സാറ്റലൈറ്റ് റൈറ്റ് എഗ്രിമെന്റ് ആണ് ചെയ്യാറ്. നിര്‍മ്മാണ ചെലവിന്റെ ഏതാണ്ട് പകുതി അതില്‍ നിന്ന് തന്നെ കിട്ടും. ഈ അടുത്തിടെ ഒരു യുവ താരത്തിന്റെ അത്ര വിജയം നേടാത്ത സിനിമ ഒന്നേ മുക്കാല്‍ കോടി രൂപയ്ക്കാ സാറ്റലൈറ്റ് റൈറ്റ് കൊടുത്തത്.

  സാഹിത്യ അക്കാദമിക്കുള്ള ഹര്‍ജ്ജി ഒരു ഭീമ ഹര്‍ജി ആക്കി മാറ്റിയ നിരു ഭായിക്ക് അഭിനന്ദനങ്ങള്‍. എന്നിരുന്നാലും ഒരു കാര്യം എടുത്തു പറയാതെ വയ്യ. മലയാള ബ്ലോഗ്ഗിങ്ങിന്റെ തല തൊട്ടപ്പന്മാര്‍ എന്ന് സ്വയം കരുതുന്ന ചില പുലികള്‍ ആ ഹര്‍ജിയെ മനപ്പൂര്‍വ്വം അവഗണിക്കുന്നതോ അതോ കാണാതെ പോയതോ.? അഗ്രികളില്‍ കണ്ണും നട്ടിരിക്കുന്ന ഇവര്‍ അത് കണ്ടിട്ടില്ല എന്ന് പറയാന്‍ വയ്യ.

  ReplyDelete
 6. ഞാനും
  ഒപ്പ് വച്ചു

  ReplyDelete
 7. എപ്പോഴെ ഒപ്പിട്ടു കഴിഞ്ഞു....!
  നല്ല ഒരു അവലോകനമ്മായിട്ടുണ്ട് ഈ ലേഖനം കേട്ടൊ ഭായ്.
  പിന്നെ
  എന്റെ എല്ലാ ബൂലോഗ മിത്രങ്ങൾക്കും കുടുംബങ്ങൾക്കും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

  ReplyDelete
 8. അവസരോചിതം തന്നെ നിരീക്ഷണം.
  ഭീമഹരജിയില്‍ ഒപ്പ് വെച്ചിരുന്നു.
  ആശംസകളോടെ.

  ReplyDelete
 9. എപ്പോഴേ ഒപ്പിട്ട് അനുഭാവം രേഖപ്പെടുത്തി. പക്ഷെ കൂടുതല്‍ ബ്ലോഗേര്‍സ് അതിലേക്ക് അനുഭാവം പ്രകടിപ്പിക്കാത്തതില്‍ നിരാശയുണ്ട്. അക്ഴിവതും ഇതും ബ്ലോഗിലെ ഒരു കൂട്ടായ്മയായി കണ്ട് വന്‍ വിജയമാക്കാന്‍ എല്ലാവരോടും ഞാനും അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 10. ബൂലോകം കുറച്ച് നല്ല സൗഹൃദങ്ങൾ സമ്മാനിച്ച വർഷം കൂടിയായിരുന്നു കഴിഞ്ഞുപോയത്. പല പേരുകളിൽ തൂലികാ‍നാമങ്ങളിൽ എഴുതിയിരുന്ന പലരും വിവിധ ബ്ലോഗ് സുഹൃദ്സംഗമങ്ങളിലൂടെ താൻ ഇന്ന ആളാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുന്നോട്ട് വന്നു എന്നതും കഴിഞ്ഞ വർഷം ഞാൻ കണ്ട ഒരു ഗുണപരമായ മാറ്റമാണ്. ഹർജിയിൽ നേരത്തെ ഒപ്പു വെച്ചതാണ്. അനുകൂലമായ ഒരു പ്രതികരണം സാഹിത്യ അകാദമിയിൽ നിന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 11. സമ്മര്‍ദ്ദതന്ത്രങ്ങള്‍ തുടരുന്നു. ഭീമഹര്‍ജിയെപ്പറ്റി അതിന്റെ ആദ്യനാളുകളില്‍തന്നെ സെക്രട്ടറിയോടു് ഞാന്‍ വാചാലനായി. അതിന്റെ ഒരു പ്രിന്റൗട്ട് വേണം, ഫയലില്‍ സൂക്ഷിക്കനാണു്. അദ്ദേഹം പറഞ്ഞു. ഞാന്‍ ജോലിചെയ്യുന്ന കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. കെ.വി. ശങ്കരനോടു് പറഞ്ഞപ്പോള്‍ അദ്ദേഹം താല്പര്യത്തോടെ മുന്നോട്ടുവന്നു. മലയാളഭാഷയേയും സാഹിത്യത്തേയും സാഹിത്യകാരന്മാരേയും അതിയായി സ്നേഹിക്കുന്ന ശാസ്ത്രജ്ഞനാണദ്ദേഹം. സ്ഥാപനത്തിന്റെ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ രണ്ടുദിവസത്തേയ്ക്കു് ക്യാമ്പിനായി വിട്ടുതരാന്‍ അദ്ദേഹം തയ്യാറായി. സെക്രട്ടറിക്കു് ഇവിടംവരെയൊന്നുവന്നു് സംസാരിക്കാന്‍ നേരം കിട്ടുന്നില്ല. അശോകന്‍ ചരുവില്‍ പി.എസ്.സി മെമ്പറായി തലസ്ഥാനത്തേയ്ക്കു പോയി. ലളിതാലെനിന്‍ ഒറ്റയ്ക്കായി. എഴുത്തുകാരുടെ ക്യാമ്പ് ഇലക്ഷന്റെ ഉല്‍ക്കണ്ഠകളില്‍ മറഞ്ഞുപോയിരിക്കുന്നു.
  - ഹുസൈന്‍ രചന

  ReplyDelete
 12. നിരക്ഷരന്‍ ഇ-ലോകത്തിന്റെ ജനകീയവല്‍ക്കരണത്തെ ലക്ഷ്യമാക്കി എഴുതുന്ന ഈ പോസ്റ്റുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ആദ്യമായി പറയട്ടെ.

  ഇവന്റ് മാനേജമെന്റ് ഒരു പ്രത്യേക സ്കി ല്‍ആണ്. സമയത്തിന്റെ ചുരുക്ക ഉപയോഗം കൊണ്ട് ഒരു സംഭവം എങ്ങനെ പരമാവധി ഇഫെക്റ്റീവ് ആയി അവതരിപ്പിക്കാം എന്നൊക്കെ ആ സ്കില്ലില്‍ വരുന്നതാണ്. സാഹിത്യാക്കാദമിയായാലും ഇതിലൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ ഫലം ഉണ്ടാകുകയില്ല എന്ന് ആരും മനസിലാക്കാനുമുണ്ടാവില്ല. പറഞ്ഞുവന്നത് അങ്ങനെ യുള്ള അനേകം ബാലാരിഷ്ടതകള്‍ കഴിഞ്ഞുവേണം പലതും നേടിയെടുക്കാന്‍ അതങ്ങനെ തലവരയാക്കി വച്ചിരിക്കുമ്പോള്‍ എന്തു പറയാനാ.

  ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളീല്‍ ബ്ലോഗേഴ്സിന് ഒരു സ്ലോട്ടു സമയം മാറ്റിവക്കുന്നതിലേക്ക് ശ്രമിക്കുന്നതു നന്നായിരിക്കും.

  ഏപ്രില്‍ 14ന് തുന്‍ച്ചന്‍ പറമ്പില്‍ നടക്കുന്നത് ബ്ലൊഗേഴ്സ് മീറ്റല്ലേ? ഒരു പോസ്റ്റ് അതിലേക്ക് എഴുതണമെന്നു വിചാരിച്ചു പക്ഷെ നടന്നില്ല.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts