ആടുജീവിതത്തിനു ശേഷം - നജീബിന്റെ വിശേഷങ്ങള്‍


സജി മാര്‍ക്കോസ് 

"ഗ്രാന്‍ഡ് മോസ്ക്കിന്റെ അടുത്ത സ്റ്റോപ്പില്‍ നിന്നും ഇടതു വശത്തെ രോഡിലൂടെ മുന്നോട്ടു വന്നാല്‍ കാണുന്ന ബസ്റ്റോപ്പില്‍ ഞാന്‍ നില്പ്പുണ്ട്" നജീബ്.

"അതായത്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ...? " എനിക്കു വീണ്ടും സംശയം.
"പുറകു വശത്തെ ബസ്റ്റോപ്പില്‍" നജീബ് ഉറപ്പിച്ചു.

"ഞാന്‍ നജീബിനെ കണ്ടിട്ടില്ലല്ലോ, പിന്നെ എങ്ങിനെ തിരിച്ചറിയും?" വീണ്ടും എന്റെ സംശയം.

"ഹാ, നിങ്ങള്‍ വാ, ഞാന്‍ തിരിച്ചറിഞ്ഞു കൊള്ളാം!" നജീബിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വ്വസം

അപ്പോഴേയ്ക്കും ബസ്റ്റോപ്പിന്റെ മുന്നില്‍ എത്തിയിരുന്നു. ആകെ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സംശയിക്കേണ്ടി വന്നില്ല.
നജീബ്
ഒരു നോവലിലെ ജീവിച്ചിരിക്കുന്ന കഥാ പാത്രത്തെ ആദ്യം കാണുകയാണ്. ആടുജീവിതത്തിലെ നജീബ്. മുന്നില്‍ കാണുന്ന ആളെ മരുഭൂമിയിലെ ആട്ടിടയനായി സങ്കല്പ്പിച്ചു നോക്കി. ആടുജീവിതത്തിന്റെ പുറചട്ടയിലെ പടവുമായി ഒത്തു നോക്കി. ഒരു തരത്തിലും യോചിക്കുന്നില്ല. മുടിയും നഖവും നീണ്ട്, കുളിക്കാതെ, നീളങ്കുപ്പായത്തുള്ളില്‍ മൂന്നു വര്‍ഷം പാര്‍ത്ത നജീബ് അല്ല എന്റെ മുന്നില്‍ നില്‍ക്കുന്നത്. വൃത്തിയായി വസ്ത്രം ധരിച്ചു, ചിരിച്ചു കൊണ്ട് നിക്കുന്ന ഇരുനിറക്കാരന്‍ നജീബ് !

"എങ്ങിനെയുണ്ട് ബഹറിന്‍ ജീവിതം. "

വണ്ടിയില്‍ കയറിയപ്പോല്‍ എന്റെ വക കുശലാന്വേഷണം

"മനുഷ്യനായി ജീവിക്കുന്നു."
"ആടു ജീവിതം കഴിഞ്ഞു അല്ലേ?"- തമാശ പറയേണ്ടകാര്യമല്ല, എന്തെങ്കിലും പറയണമല്ലോ.

"അതൊക്കെ എന്നേ കഴിഞ്ഞു. ഞാന്‍ എല്ലാം മറന്നതായിരുന്നു. പത്തു വര്‍ഷത്തിലധികമായില്ലേ?" പുഞ്ചിരിച്ചുകൊണ്ട് നജീബ്.

" ഇപ്പോള്‍ ഇവിടെ അമേരിക്കന്‍ നേവിയില്‍ ക്ലീനിംഗ് ആണ് ജോലി. വലിയ മെച്ചം എന്നു പറയാനില്ല. എങ്കിലും കുട്ടികളുടെ പഠിപ്പു നടക്കും. വളരെ സൂക്ഷിച്ചു ജീവിച്ചാല്‍ അല്പസ്വല്പം മിച്ചം വയ്ക്കാനും പറ്റും. എന്തായാലും സമാധാനവും സ്വാതന്ത്ര്യവും ഉണ്ട്. മറ്റു കാര്യമായ ജോലികള്‍ ഒന്നും അറിയില്ല. "

ആഴ്ചയില്‍ ആറു ദിവസം ജോലി. ഭാരമുള്ള ജോലി ഒന്നുമില്ല. വെള്ളിയാഴ്ച സല്‍മാനിയയില്‍ ബന്ധുക്കളൊടൊപ്പം ജുമാ നമസ്കാരത്തിനു പോകും. പിന്നെ രാത്രിവരെ അവിടെ തന്നെ. ഇങ്ങനെ സമാധാനമായി കഴിയുന്നു.

ദൈവ വിശ്വാസം?

ഉണ്ട്, നിസ്ക്കാരങ്ങള്‍ മുടക്കാറില്ല, പ്രത്യേകിച്ചു ജുമ നമസ്ക്കാരം. എങ്കിലും മതത്തിന്റെ പിന്നാലെ ഒന്നും പോകാറില്ല. അതിനു സമയം ഇല്ല, താല്പര്യവും ഇല്ല.

ആടു ജീവിതം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ട് നാട്ടില്‍ പോയോ?

ഇല്ല, ജനുവരിയില്‍ നാട്ടില്‍ പോകും.ഇവിടെ ഫ്രീ വിസയാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലി ഒരു സ്നേഹിതനെ ഏല്പ്പിച്ചിട്ടു വേണം പോകാൻ‍. അല്ലെങ്കില്‍ തിരുച്ചു വരുമ്പോള്‍ ജോലി ഉണ്ടാവില്ല. ആറുമാസത്തില്‍ കുറഞ്ഞ കാലത്തേയ്ക്കു ആരും ജോലി ഏറ്റെടുക്കില്ല. നാട്ടില്‍ പോയാലും ഒന്നും ചെയ്യാനില്ല. എങ്കിലും ആറുമാസം നാട്ടില്‍ നില്‍ക്കണം. വീട്ടുകാരും കാത്തിരികുകയാണ്. വീട്ടുകാര്‍ ടീവിയിലും മറ്റും പല വട്ടം വാര്‍ത്തകള്‍ കണ്ടതല്ലേ? വിശേഷങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു.

രാഷ്ട്രീയം?

രാഷ്ട്രീയം പറഞ്ഞാല്‍ ഇടതു പക്ഷത്തോടാണ് താല്പ്പര്യം. പിന്നെ ഇതിനൊക്കെ നമുക്കെവിടെയാ നേരം?


നജീബും സജി മാർക്കോസും
കുടുംബം?

ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴയിലാണ് വീട്. സബീറിനു ഇപ്പോള്‍ 16 വയസ്സ്. പ്ലസ് ടൂവിനു പഠിക്കുന്നു. ഒരു മകള്‍ കൂടിയുണ്ട് സബീന 7 ആം ക്ലാസ് വിദ്യാര്‍ത്ഥിനി. സൗദിയില്‍ നിന്നും തിരിച്ചുപോയതിനു ശേഷമുള്ള മകളാണ് സബീന. സബീറിന് നബീല്‍ എന്നാണ് നോവലില്‍ പേര് ഇട്ടിരിക്കുന്നത്

ബന്യാമിനെ അറിയുമോ? നജീബിനു എന്നോടുള്ള ആദ്യത്തെ ചോദ്യമതായിരുന്നു.
അറിയും, എന്റെ സ്നേഹിതനാണ് - എന്റെ മറുപടി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ വീട്ടു വിശേഷവും പങ്കു വച്ചു.

ബന്യാമിന്‍ ഇങ്ങനെ ഒരു പുസ്തകം എഴുതി തീര്‍ക്കുമെന്നും, എഴുതിയാല്‍ തന്നെ ഇത്രയ്ക്കും പ്രശസ്തികിട്ടുമെന്നു നജീബ് കരുതിയിരിന്നില്ലത്രേ. അയാള്‍ പലവട്ടം എന്നെ വന്നു കണ്ടു ഒത്തിരി കാര്യങ്ങള്‍ ചോദിച്ചു. ആദ്യമൊക്കെ വലിയ മടി ആയിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങിയപ്പോള്‍ എനിക്കും താല്പര്യം തോന്നി. ബന്യാമിനോട് കഥ പറയുംമ്പോള്‍ മടുപ്പ് തോന്നില്ലായിരുന്നു. ഇതിനു മുന്‍പ് ആരോടും ഇത്ര വിശദമായി പറഞ്ഞിട്ടില്ല‍, ആരും ചോദിച്ചിട്ടും ഇല്ല.

ആടുജീവിതം സൗദി അറേബ്യയെ ആക്ഷേപിക്കുന്ന തരത്തില്‍ ആയിപ്പോയി എന്നൊക്കെ ആരോ പറഞ്ഞെന്നും കേരളീയ സമാജത്തില്‍ വച്ച് അവരോട് നജീബ് ദേഷ്യപ്പെട്ടിരുന്നു എന്നു കേട്ടുവല്ലോ?

ങാ നേരാ. ഞാന്‍ അനുഭവിച്ചതാ. ഇഷ്ടമുള്ളവര്‍ വിശ്വസിച്ചാല്‍ മതി. അന്നൊക്കെ ഈ നിയമവും രാജാവും എവിടെ ആയിരുന്നു? ദേഷ്യത്തേക്കളേറെ നിസ്സഹായതയായിരുന്നു വാക്കുകളിൽ‍.

പുസ്തക വായന‍?

ഓ വലുതായിട്ടൊന്നും ഇല്ല. സമയം കിട്ടാറും ഇല്ല. ഇപ്പോള്‍ പിന്നെ ആടുജീവിതം പ്രസിധീകരിച്ചു കഴിഞ്ഞതിനു ശേഷം ഒന്നു രണ്ടു പരിപാടികള്‍ക്കു കേരളീയ സമാജത്തില്‍ വിളിച്ചിരുന്നു. ഒരു കോപ്പി എനിക്കു തന്നു കൊണ്ടാണ് ഇതിന്റെ പ്രകാശനം നടത്തിയത്.
ബന്യാമിന്‍ ഇപ്പോഴും വിളിക്കാറുണ്ട്, കാണാറും ഉണ്ട്.

പുസ്തകത്തിന്റെ പേരില്‍ സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. അങ്ങിനെയൊന്നും ആഗ്രഹവും ഇല്ല. വളരെ കഷ്ടപ്പെട്ടു, രക്ഷപ്പെടുമെന്നു പലപ്പോഴും പ്രതീക്ഷയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം മറന്നു. ബന്യാമിന്റെ നിര്‍ബന്ധം മൂലം, എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മ്മിച്ചു. പറ്റിയതുപോലെ ഒക്കെ പറഞ്ഞുകൊടുത്തു. ഞാന്‍ പറഞ്ഞതിലും നന്നായി എഴുതിയിട്ടുണ്ട്, വായിച്ചപ്പോല്‍ എനിക്കും അല്‍ഭുതം തോന്നി. പക്ഷേ, അനുഭവിച്ചതിന്റെ നൂറിലോന്നു വരുമോ അതെല്ലാം. അതൊന്നും ഒരു പുസ്തകത്തിലും ആര്‍ക്കും എഴുതാന്‍ കഴിയില്ല. ഞാന്‍ ഒക്കെ മറന്നതായിരുന്നു, ഓര്‍ത്തുവച്ചിട്ടു എന്തുകിട്ടാന്‍? ഇനിയും എത്രയോ പേര്‍ അങ്ങിനെ കഴിയുന്നുണ്ടാവും? അവരുടെ ഒക്കെ കാര്യം അരു പറയാൻ‍? ഇതൊക്കെ എങ്ങിനെ ലോകം അറിയാൻ‍?

ഇപ്പോഴത്തെ ജീവിതം ?

ഇന്നും വരുമാനം കുറവാണ്. എങ്കിലും ഉള്ളത് കിട്ടുണ്ട്. വളരെ സന്തോഷമായി കഴിയുന്നു എന്നു പറയാം. എല്ലാ ആഴ്ചയും വീട്ടില്‍ വിളിക്കും. ഇവിടെ ബന്ധുക്കള്‍ ഉണ്ട്. ഇവിടെ ജീവിതം സുഖംതന്നെ.

അപ്പോഴേയ്ക്കും ഞങ്ങള്‍ ബഹറിന്‍ മാളിന്റെ മുന്നില്‍ എത്തി. കുറെ സമയം മാളിനുള്ളിലൂടെ ചുറ്റി നടന്നു. നാട്ടില്‍ പോകാന്‍ അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി, ആഹാരവും കഴിച്ചു പുറത്തു കടന്നു.

തിരിച്ചുപോകുമ്പോള്‍ ചോദിച്ചു, "ആടു ജീവിതം നജീബ് വായിച്ചോ?"

ഉം... പിന്നെ, വായിച്ചു. ഭാര്യ സഫീയത്തും വായിച്ചു. എന്തു തോന്നി? നന്നായി എഴുതിയിട്ടുണ്ട്, അല്ലാതെ എന്തു തോന്നാൻ‍!

ഇപ്പോഴത്തെ ജീവിതമാണ് നജീബിനു മുഖ്യം. മക്കളെ പഠിപ്പിക്കണം.കഴിഞ്ഞതോര്‍ത്തു ആരോടും പാരാതിയില്ല.

ഇനി ഒരു നല്ല ജോലി കിട്ടിയാല്‍ സൌദിയ്ക്കു പോകുമോ?
ഒരിക്കലും സൌദിയിലേയ്ക്കില്ല, ഹജ്ജിനു പോലും. ആ നാടു കാണണമെന്നേയില്ല.

നോവലിലെ ചില കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും ചോദിച്ചില്ല. ബന്യാമിന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാള്‍ ആണെന്നു ലോകം അറിഞ്ഞത്. അങ്ങിനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ നോവലിലെ വിവരങ്ങള്‍ തേടി ആരും പോകില്ലായിരുന്നില്ലല്ലോ! ജിവിതം നജീബിന്റേതും, നോവന്‍ ബന്യാമീന്റേതും ആണ്. അത് അങ്ങിനെ തനെ ഇരിക്കട്ടെ. ഇന്നത്തെ നജീബിനെ കണാനാനു ഞാന്‍ പോയത്.

സല്‍മാനിയായിലെ ബന്ധുക്കളുടെ റൂമില്‍ നജീബിനെ ഇറക്കി വിട്ടിട്ട് വീട്ടിലേയ്ക്കു പോകുമ്പോള്‍ സംസാരിക്കാന്‍ വിമുഖനായ നജീബിനേക്കൊണ്ട്, ഇക്കഥ മുഴുവന്‍ പറയിപ്പിച്ചെടുത്ത ബന്യാമിനോട് അസൂയ തോന്നാതിരുന്നില്ല. അടുക്കും ചിട്ടയുമായി കുറെ ചോദ്യങ്ങളുമായിപ്പോയ എനിക്കു ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. മറക്കാന്‍ ആഗ്രഹിക്കുന്ന കറത്ത ഏടായിരുന്നു നജീബിന്റെ സൗദി പ്രസവാസകാലം. സ്പോട്ട് ലൈറ്റിനു മുന്നില്‍ ഇരുന്നു വടിവൊത്ത ഭാഷയില്‍ മറുപടി പറയുന്ന ടീവി അഭിമുഖങ്ങളേപ്പോലെ അതു പങ്കുവയ്ക്കാന്‍ നജീബിനു കഴിയില്ലല്ലോ!


“ആടുജീവിതം“ സുനില്‍ കൃഷ്ണന്‍ എഴുതിയ അവലോകനം ഇവിടെ
“ആടുജീവിതം” നിരക്ഷരൻ എഴുതിയ അവലോകനം ഇവിടെ.

വെള്ളത്തിലെ ആവേശം - ഫോട്ടോ ഫീച്ചര്‍


രഞ്ജിആലപ്പുഴക്കാരുടെ വാട്ടര്‍ ഒളിമ്പിക്സ് 'നെഹ്‌റു ട്രോഫി വള്ളംകളി'യുടെ ചില കാഴ്ചകള്‍..ചെറുവള്ളങ്ങളുടെ മത്സരം..

കാഴ്ചക്കാരുടെ ആവേശം: ഗാലറിയിലും കായലിലും..

കായലിനു മദ്ധ്യേയുള്ള നെഹ്‌റു പവലിയന്‍. [vip പവലിയന്‍]ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം:
ലോകത്തിലെ ഏതെങ്കിലും ഒരു സ്പോര്‍ട്സ് ഇനത്തില്‍ ഒരു ടീമില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മത്സരിക്കുന്നത് ഈ ഇനത്തിലാണ്!
ചിത്രത്തില്‍ വെള്ളംകുളങ്ങര ചുണ്ടന്‍.

ഒരു ചുണ്ടന്‍ വള്ളത്തിനു 120 മുതല്‍ 140 വരെ അടി വലിപ്പമുണ്ടാവും. 120ഓളം തുഴക്കാരും!വള്ളംകളിക്ക് മുന്‍പ് നടക്കുന്ന ഘോഷയാത്ര. ചുണ്ടന്‍ വള്ളങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ്...


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ബഹുമാനാര്‍ത്ഥം 1952 ലാണ് പുന്നമടക്കായലില്‍ ആദ്യത്തെ വള്ളംകളി മത്സരം നടക്കുന്നത്. അതിനു ശേഷം 57 വര്‍ഷമായി ഇവിടെ മുടങ്ങാതെ എല്ലാ വര്‍ഷവും ഈ ജലമാമാങ്കം നടക്കുന്നു!പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1952ഇല്‍ ജവാഹര്‍ലാല്‍ നെഹ്‌റു തിരു-കൊച്ചി സന്ദര്‍ശിക്കുകയുണ്ടായി. [അന്ന് കേരളം രൂപം കൊണ്ടിട്ടില്ല]. കോട്ടയത്ത് നിന്ന് എത്തിയ നെഹ്രുവിനെ ആലപ്പുഴക്കാര്‍ സ്വീകരിച്ചത് ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും വള്ളംകളി മത്സരവും സംഘടിപ്പിച്ചു കൊണ്ടായിരുന്നു. മത്സരശേഷം വിജയിയായ 'നടുഭാഗം ചുണ്ടന്‍' vip പവലിയനോട് അടുത്തപ്പോള്‍ ആവേശം അടക്കാനാവാതെ നെഹ്‌റു അതില്‍ ചാടിക്കയറി. ആലപ്പുഴ കളക്റ്റര്‍ ബോട്ടില്‍ കായല്‍ സവാരി നടത്താമെന്ന് നെഹ്രുവിനോട് പറഞ്ഞു നോക്കി. കൂടെയുണ്ടായിരുന്ന മകള്‍ ഇന്ദിരാഗാന്ധിയോടും മക്കളോടും, അന്തംവിട്ടു നില്‍ക്കുകയായിരുന്ന സെക്യൂരിറ്റിക്കാരോടും തന്നെ ബോട്ടില്‍ പിന്തുടരാന്‍ പറഞ്ഞ്‌ അദ്ദേഹം അവിടെ നിന്ന് ആലപ്പുഴ ജെട്ടി വരെ ഈ ചുണ്ടനില്‍ സവാരി ചെയ്തു. ഒരു സെക്യൂരിറ്റിക്കാരന്‍ മാത്രം എങ്ങനെയോ നെഹ്രുവിന്റെ കൂടെ വള്ളത്തില്‍ കയറിപ്പറ്റി.അതിനു ശേഷം ഡല്‍ഹിയില്‍ പോയ നെഹ്‌റു ആലപ്പുഴക്കാരെയും ചുണ്ടന്‍ വള്ളങ്ങളെയും മറന്നില്ല. അദ്ദേഹം അന്ന് വെള്ളിയില്‍ പണിതു കൊടുത്തയച്ച, അദ്ദേഹത്തിന്റെ കയ്യൊപ്പോട് കൂടിയ 'നെഹ്‌റു ട്രോഫി'യാണ് ഇന്നും ജേതാക്കള്‍ സമ്മാനമായി ഏറ്റുവാങ്ങുന്നത്. അന്ന് ട്രോഫിയുടെ നിര്‍മ്മാണചെലവ് ആയിരം രൂപ.
മരത്തിന്‍റെ ബെയ്സിന് മേല്‍ വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വെള്ളത്തിന്‍റെ ശില്പ്പമുള്ള ആ ട്രോഫിയില്‍, അദ്ദേഹത്തിന്റെ കയ്യൊപ്പിന് മുകളില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.
"To the winner of the boat race which is a unique feature of community life in Travancore-Cochin"
ക്യാമറകള്‍ക്ക് വിരുന്നാകുന്ന ഇത് പോലെയുള്ള ആഘോഷങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വം!

120ഓളം പേരാണ് ചുണ്ടന്‍ വള്ളത്തിലെ ഒരു ടീം. 5 പേര്‍ അമരത്തും, 5 പേര്‍ നിലക്കാരായും.. അമരത്തുള്ള 5 പേരാണ് ചിത്രത്തില്‍.

അല്‍പ്പം ചരിത്രം:
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂറിലെ ചെമ്പകശ്ശേരി [ഇന്നത്തെ അമ്പലപ്പുഴ], കായംകുളം, തെക്കുംകൂര്‍ [ചങ്ങനാശ്ശേരി], വടക്കുംകൂര്‍ [കോട്ടയം] തുടങ്ങി ഇന്നത്തെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍പ്പെട്ട നാട്ടു രാജ്യങ്ങള്‍ തമ്മില്‍ ആലപ്പുഴയിലെ കുട്ടനാട്ടില്‍ വെച്ച് അടിക്കടി യുദ്ധങ്ങള്‍ നടന്നിരുന്നു. ഒരിക്കല്‍ യുദ്ധത്തിലെ പരാജയത്തിനു ശേഷം അതിന്റെ കാരണങ്ങള്‍ അനലൈസ് ചെയ്ത ചെമ്പകശ്ശേരി രാജാവ് പരാജയകാരണമായി കണ്ടെത്തിയത് തന്റെ നേവി ട്രൂപ്പിനെയാണ്. വള്ളങ്ങള്‍ക്കൊന്നും ഉഷാറ് പോര. പാള പോലെ വികസിച്ച്‌, ആമയെപ്പോലെ നീങ്ങുന്ന ഈ വള്ളങ്ങളും വെച്ച് യുദ്ധം ജയിക്കാനാവില്ല.

ഉടനെ രാജാവ് തന്റെ നേവി കമാണ്ടര്‍മാരെയും ചീഫ് എഞ്ചിനീയര്‍മാരെയുമെല്ലാം വിളിച്ചു കൂട്ടി കൂടുതല്‍ വേഗവും സീറ്റിംഗ് കപ്പാസിറ്റിയുമുള്ള ഒരു വള്ളത്തിന്റെ ഡിസൈന്‍ ആവശ്യപ്പെട്ടു. ഒരുപാട് നാളത്തെ അധ്വാനത്തിനും പരീക്ഷണത്തിനും ശേഷം അന്നാട്ടിലെ 'ബെസ്റ്റ് ബോട്ട് ആര്‍ക്കിടെക്റ്റ്' എന്ന് കേളികേട്ട 'കൊടുപ്പുന്ന വെങ്കിടനാരായണന്‍ ആശാരി'യുടെ ഡിസൈന്‍ രാജാവ് അപ്പ്രൂവ് ചെയ്തു. പിന്നീട് നടന്ന യുദ്ധത്തില്‍ ഈ പുതിയ വള്ളങ്ങളുടെ സഹായത്തോടെ ചെമ്പകശ്ശേരി രാജാവ് കായംകുളത്തെ തോല്‍പ്പിക്കുകയും ചെയ്തു.
അന്ന് ചെമ്പകശ്ശേരി രാജാവ് നിര്‍മ്മിച്ച, നൂറില്‍പ്പരം ആയുധമണിഞ്ഞ യോദ്ധാക്കളെ യുദ്ധോപകരണങ്ങള്‍ സഹിതം വേഗത്തില്‍ കടത്താന്‍ സാധിക്കുന്ന വള്ളങ്ങളാണ് ഇന്നത്തെ കുട്ടനാട്ടിലെ ജലരാജാക്കള്‍ എന്നറിയപ്പെടുന്ന 'ചുണ്ടന്‍ വള്ളങ്ങള്‍'.യുദ്ധത്തില്‍ പരാജയപ്പെട്ട കായംകുളം രാജാവ് ഈ പുതിയ ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കുന്നതിനായി ഒരു ചാരനെ ചെമ്പകശ്ശേരിയിലേക്ക് അയച്ചതായി ഒരു കഥയുണ്ട്. ചെമ്പകശ്ശേരി ദേശത്തെത്തിയ ഈ ചാരന്‍ മൂത്താശാരിയുടെ മകളെ ലൈനടിച്ച്‌ കല്യാണം കഴിച്ചു. വിവാഹശേഷം വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കിയതോടെ ചാരന്‍ കായംകുളത്തേക്കു മുങ്ങി വിവരം രാജാവിന് കൈമാറി.
എന്നാല്‍ അടുത്ത യുദ്ധത്തില്‍ പുതിയ വള്ളങ്ങളുമായി വന്ന കായംകുളം രാജാവിന് ജയിക്കാനായില്ല. ചുണ്ടന്‍ വള്ളങ്ങളുടെ തച്ചുശാസ്ത്രം മനസ്സിലാക്കാനും അത് അനുകരിക്കാനും അത്രയും ബുദ്ധിമുട്ടായിരുന്നു എന്നത് തന്നെ കാരണം! വര്‍ഷങ്ങളോളം ആശാന്റെ കീഴിലെ പരിശീലനത്തിനും അത്യധ്വാനത്തിനും ശേഷം മാത്രമേ ഇന്നും ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് സ്വായത്തമാക്കാന്‍ ഒരാള്‍ക്ക്‌ സാധിക്കൂ..ആലപ്പുഴയിലെ പല ഗ്രാമങ്ങളും ഇന്ന് പുതിയ ചുണ്ടന്‍ വള്ളങ്ങളുടെ പണിപ്പുരയിലാണ്. ആനാരി പുത്തന്‍ ചുണ്ടന്‍, ഇത്തവണ [2010] നാലാം സ്ഥാനം നേടിയ പട്ടാറ ചുണ്ടന്‍ ഇവയെല്ലാം അടുത്ത കാലത്ത് പണിതിറക്കിയ ചുണ്ടന്‍ വള്ളങ്ങളാണ്. ആഞ്ഞിലി മരത്തിന്റെ കാതലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 6 ലക്ഷത്തോളം രൂപ ചിലവുണ്ട് ഇന്ന് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന്.ചുണ്ടന്‍വള്ളങ്ങള്‍ പണിയുന്നവരുടെ പ്രഥമപരിഗണന എങ്ങനെ വള്ളത്തിനു കൂടുതല്‍ നീളം കൊടുക്കാനാവും എന്നത് തന്നെയാണ്. കൂടുതല്‍ തുഴക്കാരെ കൊള്ളിച്ച് വള്ളത്തിന്റെ വേഗത കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. 135' നീളമുള്ള നടുഭാഗം ചുണ്ടന്റെ പേരിലായിരുന്നു ലോകത്തിലേറ്റവും വലിയ റെയ്സിനു ഉപയോഗിക്കുന്ന ജലയാനത്തിന്റെ പേരിലുള്ള ഗിന്നെസ് റക്കോഡ്‌. അതിനുശേഷം 2007ഇല് ‍പുതുക്കിപ്പണിത 'വള്ളംകുളങ്ങര ചുണ്ടനാ'യി ഏറ്റവും വലിയ ചുണ്ടന്‍ വള്ളം. [നീളം 140', 42.7 മീറ്റര്‍]. 2008ഇല്‍ നിര്‍മ്മിച്ച ആദ്യത്തെ ഉരുക്ക് ചുണ്ടന്‍ 'എരീസ് പുന്നമട ചുണ്ടന്‍' പിന്നീട് ഈ ഗിന്നെസ് റെക്കോഡ് തിരുത്തി. 141 തുഴക്കാരെ ഉള്‍പ്പെടുത്തി 144 അടി നീളത്തില്‍ ഈ ചുണ്ടനായി പിന്നീട് കുട്ടനാട്ടിലെ ജലരാജാവ്.


ആലപ്പുഴ ജില്ലയിലെ ഹൌസ് ബോട്ടുകളടക്കം എല്ലാ വള്ളങ്ങളും ബോട്ടുകളും നെഹ്‌റു ട്രോഫിയുടെ ദിവസം പുന്നമടക്കായലിലുണ്ടാവും!
ഒന്നര കിലോമീറ്റര്‍ നീളമുള്ള ട്രാക്കിന്റെ ഇരുകരകളിലുമായി..
ഈ ട്രാക്ക് 10 മീറ്റര്‍ വീതിയുള്ള 4 പാതകളായി വിഭജിച്ച്‌ അതിലാണ് വള്ളങ്ങള്‍ മത്സരിക്കുന്നത്.

ഈ കാഴ്ച കേരളത്തിനു മാത്രം സ്വന്തം!
പച്ചപ്പാര്‍ന്ന തെങ്ങുകളുടെ പശ്ചാത്തലത്തില്‍ കുതിക്കുന്ന ഓടിവള്ളങ്ങള്‍..ഓണത്തിനിടക്ക് പൂട്ടുകച്ചവടം!
വള്ളംകളിയുടെ ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ്പസമയം തനിച്ച്.. ഒരു കാശ്മീര്‍ മോഡല്‍ സവാരി.മത്സരത്തില്‍ ജയിക്കാനാവാതെ വന്നാല്‍ പല വള്ളങ്ങളും തുഴക്കാര്‍ മുക്കുകയാണ് പതിവ്!

പിന്നെ പണിയാവുന്നത് പൊലിസുകാര്‍ക്ക്..മാനം കറുത്തു..മഴ പെയ്യുമോ..?!

തുഴയലില്‍ സ്ത്രീകളും പിന്നിലല്ല. കൂട്ടിനു വിദേശവനിതകളും..

അല്‍പ്പം പരസ്യം പിടിക്കാന്‍ രാഷ്ട്രീയക്കാരും!

ഇനി അടുത്ത വര്‍ഷത്തെ മത്സരത്തിനായുള്ള കാത്തിരിപ്പ്..

ആലപ്പുഴപട്ടണം- വള്ളംകളി ദിവസത്തെ ചില നഗരക്കാഴ്ചകള്‍..കായല്‍ക്കാഴ്ചകള്‍..
മഴ...


[ക്യാമറ: കാനോന്‍ s2is]
ബൂലോകസഞ്ചാരം - 7ങ്ങിനെ ഒരു പുതുവര്‍ഷം കൂടെ സമാഗതമായി. കഴിഞ്ഞ വര്‍ഷത്തെ ബൂലോകത്തെ മൊത്തം കണക്കെടുത്താല്‍ ഒട്ടേറെ പുതിയ ബ്ലോഗുകള്‍ ഉണ്ടായെങ്കില്‍ പോലും പലതിലും വായനക്കാരുടെ അഭാവം മൂലം പോസ്റ്റുകളുടെ അപ്‌ഡേഷനുകള്‍ക്ക് വിമുഖത കാണിക്കുന്ന പ്രവണത ഉണ്ടായിരുന്നു. വര്‍ഷാവസാനത്തോട് അനുബന്ധിച്ച് കണ്ട കുറച്ച് കൂട്ടായ്മകള്‍ ആയിരുന്നു മലയാളം ബ്ലോഗുകള്‍ നിലനില്‍ക്കുമെന്ന തോന്നലുളവാക്കിയത്. ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റ്, മോഹപക്ഷി, കായംകുളം സൂപ്പര്‍ഫാസ്റ്റ്, മൌനത്തിനപ്പുറത്തേക്ക് എന്നീ ബ്ലോഗില്‍ നിന്നുമുള്ള പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകൾ. എറണാകൂളത്ത് നടന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളെയും ബ്ലോഗെഴുത്തിനെയും മുഖ്യധാരയിലേക്ക് എത്തിക്കുവാനായി എന്‍.ബി. പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളിന്‌ ബ്ലോഗര്‍മാര്‍ നല്‍കിയ അസൂയാവഹമായ പിന്തുണ, പാലക്കാട് വെച്ച് ഈണം ടീമിന്റെ നേതൃത്വത്തില്‍ നടന്ന പതിനയ്യായിരത്തിലധികം ഹിറ്റ് ഗാനങ്ങളൂടെ പ്രാഥമിക വിവരങ്ങളും മറ്റു പ്രോജക്റ്റുകളുമടങ്ങിയ മലയാളഗാനങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റിന്റെ ലോഞ്ചിങ്, ബ്ലോഗ് എഴുതുന്നവരുടെയും ഇന്റര്‍നെറ്റിലെ സാഹിത്യാഭിരുചിയുള്ളവരുടേയും കൂട്ടായ്മയായ ശ്രുതിലയം ഓണ്‍ലൈന്‍ നടത്തിയ വാര്‍ഷീകാഘോഷങ്ങള്‍ക്ക് ബ്ലോഗര്‍മാര്‍ നല്‍കിയ പിന്തുണ, ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ നടന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കോണ്ടസ്റ്റും അതിനെ തുടര്‍ന്ന് അനന്തപുരിയില്‍ നടന്ന ബൂലോക മീറ്റും... ഇതൊക്കെയായിരുന്നു 2010 ല്‍ ബ്ലോഗില്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന രീതിയില്‍ ഉണ്ടായ നല്ല കൂട്ടായ്മകൾ‍... ഇവയൊഴിച്ച് നിറുത്തിയാല്‍ ബ്ലോഗ് പോസ്റ്റുകളുടെ അഭാവം വളരെയധികം ഉണ്ടായ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്.

2011 തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കും വിധം ചില നല്ല കൂട്ടായ്മകള്‍ ഉടലെടുത്തു എന്നത് പ്രശംസനീയമായ കാര്യം തന്നെ. ഈ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് എറണാകുളത്തെ കായല്‍‌തീരത്ത് ഒരു കൊച്ചു ബ്ലോഗ് മീറ്റും, ഇ-ഭാഷയെ പ്രോത്സാഹിക്കുവാനായി ശില്പശാലകളും മറ്റും നടത്തി ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കണമെന്ന ഉദ്ദേശ്യത്തോടെ സാഹിത്യ അക്കാദമിക്ക് ഭീമഹര്‍ജ്ജിയും ഒക്കെയായി വര്‍ഷം സജീവമായി തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ രണ്ട് മാസവും ബൂലോകസഞ്ചാരത്തിലും പുതിയ പരിചയപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരിധി വരെ ബ്ലോഗിങിലുണ്ടായിരുന്ന മാന്ദ്യം സഞ്ചാരത്തെയും ബാധിച്ചിരിക്കാം. ഈ വര്‍ഷം അത്തരം ഒരു അവസ്ഥ സംജാതമാവാതിരിക്കട്ടെ എന്ന്‍ ആഗ്രഹിച്ചുകൊണ്ട് സഞ്ചാരത്തിന്റെ 7 ഭാഗം ഇവിടെ കുറിക്കട്ടെ.

ബ്ലോഗിലെ പല മേഖലകളെ പറ്റി സഞ്ചാരത്തിന്റെ പല ഭാഗങ്ങളിലായി സൂചിപ്പിച്ചിരുന്നു. കഥ, കവിത,ലേഖനം,ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോഡ്കാസ്റ്റിങ്, വ്ലോഗിങ്, ചിത്രമെഴുത്ത്, പാചകം..അങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കും ഒരു ഗ്രൂപ്പായും ബ്ലോഗുകളും ഉണ്ട്. ബ്ലോഗിലെ കൂട്ടായ്മകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്‌ ഈ ലക്കം ആരംഭിച്ചത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ഥമാര്‍ന്ന ഒരു ഗ്രൂപ്പ് ബ്ലോഗിലൂടെയാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ഒട്ടേറെ പേരുകേട്ട ഗ്രൂപ്പ് ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് സജിവമാണ്‌. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗില്‍ തുടങ്ങിയാല്‍ ആല്‍ത്തറ, ചൊല്‍ക്കവിതകൾ‍, കഥയുടെ വസന്തമായ ഋതു, തുടങ്ങി ബൂലോകത്തിലെ വിവിധ എഴുത്തുകാരുടേതായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടെത്തിക്കുവാന്‍ യാത്രകള്‍ എന്ന വെബ്സൈറ്റില്‍ വരെ എത്തി നില്‍ക്കുന്നു ഈ ഗ്രൂപ്പ് ബ്ലോഗുകള്‍. ഇക്കൂട്ടത്തിലേക്ക് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവേണ്ട ഒരു ബ്ലോഗിനെയാണ്‌ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നത് - പുസ്തകവിചാരം.


ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഞാനും ഭാഗഭാക്കാണെന്നും പക്ഷെ, അതിന്റെ പേരില്‍ അല്ല സഞ്ചാരത്തിന്റെ ഈ ഭാഗത്ത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് എന്നും ആദ്യമേ പറയട്ടെ. ഇത്തരം ഒരു സം‌രംഭത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ഇത് അറിയപ്പെടാതെ പോകരുതെന്ന് തോന്നിയത് കൊണ്ടാണ്‌ ഇവിടെ ഇക്കുറി ഈ ഗ്രൂപ്പ് ബ്ലോഗിനെ പരാമര്‍ശിക്കാം എന്ന് കരുതിയത് . അതിനുള്ള ഒന്നാമത്തെ കാരണം പുസ്തകങ്ങളെ ഒട്ടേറെ സ്നേഹിക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളി ബ്ലോഗേര്‍സും എന്നത് തന്നെ. ഒരു പരിധിവരെ പുസ്തകങ്ങളുടെ ലഭ്യത കുറവാണ്‌ പലരേയും ബ്ലോഗ് എന്ന ഈ മാധ്യമത്തിലേക്ക് അടുപ്പിച്ചത് തന്നെ. ഒപ്പം, നല്ല പുസ്തകങ്ങള്‍ കണ്ടെത്തുവാനുള്ള, തിരഞ്ഞെടുക്കുവാനുള്ള സമയക്കുറവും ഒരു കാരണമാണ്‌. ഇത്തരം സാഹചര്യത്തിലാണ്‌ ബ്ലോഗില്‍ പുസ്തകപരിചയം, പുസ്തകറിവ്യൂ എന്നൊക്കെയുള്ള ലേബലുകളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി പലരും പോസ്റ്റുകള്‍ ഇട്ടതും അവയൊക്കെ ബൂലോകം ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്തിനേറെ ഈ ആവശ്യത്തിനു മാത്രമായി ബ്ലോഗുകള്‍ വരെ ഉണ്ട് എന്നത് ബൂലോകരുടെ പുസ്തകത്തോടുള്ള അഭിനിവേശമാണ്‌ കാണിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ബൂലോകര്‍ ചിതറിക്കിടക്കുന്ന പോലെ തന്നെ പലരുടേയും ബ്ലോഗിലെ ഒരു ചെറു വിഭാഗമായി പുസ്തകപരിചയങ്ങള്‍ ഒതുങ്ങിപോകുന്നു. അവിടെയാണ്‌ പുസ്തകവിചാരം എന്ന ഈ പുതിയ ഗ്രൂപ്പ് ബ്ലോഗിന്റെ പ്രസക്തി!! ഒരു പുസ്തകത്തെ പറ്റി അല്ലെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങളെ പറ്റി മലയാളത്തില്‍ വരുന്ന പോസ്റ്റുകളെ വായനക്കാരനുവേണ്ടി ഒരു ബ്ലോഗിലേക്ക് സമാഹരിക്കുക എന്ന ഒരു നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഈ ബ്ലോഗ് ഒരു പക്ഷെ മലയാളം ബ്ലോഗേര്‍സിനെന്നപോലെ തന്നെ പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും ഉപകാരപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഏതു ഭാഷയിലുള്ള പുസ്തകത്തെ പറ്റിയും അവലോകനമോ പരിചയപ്പെടുത്തലോ അല്ലെങ്കില്‍ വായിക്കുന്ന പുസ്തകങ്ങളെ പറ്റി ഒരു രണ്ട് പാരഗ്രാഫ് കുറിച്ചിട്ട് മറ്റുള്ളവരിലേക്ക് അത് എത്തിച്ച് കൂടുതല്‍ പേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യമാണ്‌. പോസ്റ്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകത്തെ പറ്റി തന്നെയുള്ള പലരുടേയും വ്യത്യസ്തമായ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചവയിലേക്ക് നമ്മെ കൈപിടിച്ച് നയിക്കാന്‍ പ്രേരിപ്പിക്കും എന്നതുകൊണ്ട് ശ്രദ്ധേയമായി തോന്നി. ഈ ബ്ലോഗില്‍ വരുന്ന കൂടുതല്‍ , അല്ലെങ്കില്‍ ഇത് വരെ വന്നിട്ടുള്ള കൂടുതല്‍ പോസ്റ്റുകളും റീ പോസ്റ്റുകളാണ്‌. പക്ഷെ, ഇത്തരത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പുസ്തകങ്ങളെ പറ്റി അറിയാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനും ഒരിടം എന്നത് തികച്ചും നല്ല ഒരു ആശയമായി തോന്നി.

പട്ടിണിയായ മനുഷ്യാ നീ ,
പുസ്തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ - ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളാണ്‌ ബ്ലോഗിന്റെ ഹെഡറിലെ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും" - പുസ്തകങ്ങളെപറ്റിയും വായനയെ പറ്റിയും മലയാളിയുടെ അവബോധവും വേറിട്ട കാഴ്ചപാടും ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു.

എന്റേതുകൂടെയായ പോസ്റ്റുകള്‍ ഉള്ളതിനാല്‍ പതിവ് പോലെ പോസ്റ്റുകളിലൂടെയുള്ള സഞ്ചാരം ഇക്കുറി ഒഴിവാക്കുകയാണ്‌. ഒന്ന് പറയാം. വരുംദിനങ്ങളില്‍ ഒരു പക്ഷെ, മലയാള പുസ്തകലോകത്തേക്കുള്ള മികച്ച ഒരു കണ്ണാടിയാവാം ഈ ബ്ലോഗ്. അതുപോലെ തന്നെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ കുറിച്ചിടുവാന്‍ ഒട്ടേറെ പേരെ ഈ ബ്ലോഗ് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പുസ്തകങ്ങളെ പറ്റി ചര്‍ച്ചചെയ്യാനുള്ള - ചിതലരിക്കാത്ത അലമാരകളും ഇരട്ടവാലന്‍ ഓടിനടക്കാത്ത മാറാല പിടിക്കാത്ത ഷെല്‍ഫുകളും നിരത്തിവെച്ച ഒരിടം - ഒരു പുത്തന്‍ വായനശാലയാവട്ടെ ഈ പുസ്തകവിചാരം.

മനോരാജ്
(തേജസ്)

Popular Posts