ആയുര്‍വ്വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

റ്റാരെക്കാളും ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ തന്നെ ആയിരിക്കണം ഇതുപോലെയുള്ള  ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കേണ്ടത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആദിവാസികളെപ്പോലെ, പ്രകൃതിയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ചികിത്സാസമ്പദായങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വൈദ്യശാസ്ത്രവിഭാഗമാണ് നിങ്ങളുടേത്. അത് ഉള്‍ക്കൊണ്ട് നന്മനിറഞ്ഞ മനസ്സോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ നിങ്ങള്‍ക്കോരുത്തര്‍ക്കും കഴിയണം. സമൂഹവുമായി ഇതുപോലുള്ള ഇടപെടലുകള്‍ എന്നുമുണ്ടാകണം. ഞാനിത് നിങ്ങളോട് എന്നും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

പ്രിന്‍സിപ്പാളിന്റെ പ്രസംഗം 3 മിനിറ്റിലധികം നീണ്ടുപോയില്ല. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ഈ മീറ്റിങ്ങിനായി അദ്ദേഹം സമയം കണ്ടെത്തി വന്നത്. പക്ഷെ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം പറഞ്ഞത് വസ്തുനിഷ്ടമായ കാര്യങ്ങളായിരുന്നു.

തൃപ്പൂണിത്തുറ ആയുര്‍വ്വേദ കോളേജിന്റെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തില്‍ നടന്ന എന്‍.എസ്.എസ്. ന്റെ ഒരു ജീവകാരുണ്യ പ്രവര്‍ത്തന ചടങ്ങിലാണ് പ്രിന്‍സിപ്പാള്‍ ഡോ:നളിനാക്ഷന്‍ സാര്‍ തന്റെ വിദ്യാര്‍ത്ഥികളെ ചികിത്സാ  ജീവനത്തിനപ്പുറത്തുള്ള സാമൂഹ്യജീവിതത്തിന്റേയും ഇടപഴകലിന്റേയുമൊക്കെ ആവശ്യകതകളെപ്പറ്റി ഉത്ബോധിപ്പിച്ചത്.

ഇങ്ങനൊരു ചടങ്ങില്‍ പങ്കെടുക്കാനായത് ഒരു ഭാഗ്യമായിട്ടുതന്നെ എനിക്കനുഭവപ്പെട്ടു.  അതിനവസരമുണ്ടാക്കിയ കോളേജിലെ അദ്ധ്യാപകനും നമുക്കെല്ലാം സുപരിചിതനുമായ ബ്ലോഗര്‍ ഡോ:ജയന്‍ ഏവൂരിനോട് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.

വയനാട്ടില്‍ ആദിവാസി സഹോദരങ്ങള്‍ക്കായി മൈനാ ഉമൈബാന്റേയും, ആഷ്‌ലിയുടേയും നേതൃത്വത്തില്‍, കുഞ്ഞഹമ്മദിക്കയുടെ സഹകരണത്തോടെ നടത്തിയ വസ്ത്രശേഖരണവും വിതരണവുമൊക്കെ ബൂലോകത്തെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ആദ്യവട്ടം എല്ലാ കുടികളിലും തുണികള്‍ എത്തിക്കാന്‍ നമുക്കായില്ല. അടുത്ത 2 മാസത്തിനുള്ളില്‍ ബാക്കിയുള്ളവര്‍ക്ക് കൂടെ ആവശ്യമായ തുണികള്‍ എത്തിക്കാമെന്ന് അന്നുതന്നെ നമ്മള്‍ വാഗ്ദാനം ചെയ്തിരുന്നു. ആ അവശ്യത്തിലേക്കായി തുണികള്‍ ശേഖരിക്കുന്ന അവസരത്തിലാണ് ഡോ:ജയന്‍ ഏവൂരിന്റെ വിളി വരുന്നത്. 26ന് വൈകീട്ട് കോളേജില്‍ വന്നാല്‍ കുറച്ച് തുണികള്‍ കൊണ്ടുപോകാം എന്നായിരുന്നു അറിയിച്ചത്. കോളേജില്‍ എത്തിയപ്പോള്‍ ശരിക്കും മനസ്സ് നിറഞ്ഞു. കുട്ടികള്‍ മനസ്സ് നിറച്ചു എന്ന് പറയുന്നതാകും ശരി. എന്‍.എസ്.എസ്.ന്റെ കീഴില്‍ ഔദ്യോഗികമായി ഒരു ചടങ്ങ് തന്നെ സംഘടിപ്പിച്ചിരിക്കുന്നു കോളേജില്‍. അത്രയും വിപുലമായ ഒരു ചടങ്ങ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒരുപാട് പേര്‍ വൈക്കത്ത് നടക്കുന്ന മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നെങ്കിലും ഹാള്‍ നിറയെ കുട്ടികളുണ്ടായിരുന്നു. സ്വാഗതം പറഞ്ഞത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനസ്. അദ്ധ്യക്ഷന്‍ ഡോ:ജയന്‍ ഏവൂര്‍, കുട്ടികള്‍ ഇന്റര്‍നെറ്റ് വഴി പുറം ലോകവുമായി സംവദിക്കേണ്ടതിന്റേയും ബ്ലോഗ് പോലുള്ള മാദ്ധ്യമങ്ങളിലൂടെ ചികിത്സകള്‍ വരെ നടത്താനുള്ള സാദ്ധ്യതകള്‍ സ്വായത്തമാക്കേണ്ടതിന്റേയും ആവശ്യകതയെപ്പറ്റി വിശദീകരിച്ചു. ചടങ്ങ് ഉത്ഘാടനം ചെയ്ത് തുണികള്‍ കൈമാറിയത് പ്രിന്‍സിപ്പാള്‍. കൃതഞ്ജത രേഖപ്പെടുത്തിയത് ഡോ:ജയപ്രകാശ്.

ആദിവാസി സഹോദരങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് പിരിഞ്ഞപ്പോള്‍ ഒരു കുന്ന് തുണികളാണ് കുട്ടികള്‍ എന്റെ വാഹനത്തിലേക്ക് കൊണ്ടുവന്ന് വെച്ചത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ ഭാഗഭാക്കാക്കണമെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദിവാസികളുടെ കോളനികള്‍ നേരില്‍ കാണാന്‍ തങ്ങള്‍ക്കും അവസരമുണ്ടാക്കിത്തരണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.

ഈ കുട്ടികള്‍ മുക്തകണ്ഡം പ്രശംസ അര്‍ഹിക്കുന്നു. ഇവര്‍ എന്തുകൊണ്ടും ആതുരസേവനരംഗത്ത് എന്നപോലെ സമൂഹത്തിലേയും പുതു പ്രതീക്ഷകള്‍ തന്നെയാണ്. എല്ലാവര്‍ക്കും എന്റെ ആശംസകള്‍. അതോടൊപ്പം ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പസ് ഒരു അരങ്ങാക്കി മാറ്റി കുട്ടികള്‍ക്ക്  കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡോ:ജയന്‍ ഏവൂരിനും അഭിനന്ദനങ്ങള്‍, ആശംസകള്‍. 


ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍ ഇതാ...
വേദിയുടേയും സദസ്സിന്റേയും ഒരു ദൃശ്യം. വേദിയില്‍ ഇടത്തുനിന്ന് - അന്‍സ്, ഡോ:ജയപ്രകാശ്, ഡോ.നളിനാക്ഷന്‍, നിരക്ഷരന്‍, ഡോ:ജയന്‍ ഏവൂര്‍
വസ്ത്രപ്പൊതി കൈമാറി പ്രിന്‍സിപ്പാള്‍ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു.
സദസ്സിന്റെ മറ്റൊരു ദൃശ്യം.
കുട്ടികള്‍ ശേഖരിച്ച് തന്ന വസ്ത്രങ്ങളുടെ കൂമ്പാരം.
വസ്ത്രവിതരണവുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് കൂടെ ഈ അവസരത്തില്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1. ആദ്യത്തെ വസ്ത്രവിതരണപ്രവര്‍ത്തനങ്ങള്‍ക്ക് നമുക്കൊപ്പം നിന്ന നിര്‍ദ്ധനനായ കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള ബ്ലോഗ് വായിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ മകളെ സഹായിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ട് വന്നു. ദിവസം 40 രൂപ വാടക കൊടുത്ത് തുന്നല്‍ ജോലി ചെയ്യുകയായിരുന്ന ആ കുട്ടിക്ക് ഒരു പുതിയ തയ്യല്‍ മെഷീനും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കൊടുത്താണ് എല്ലാവരും കൂടെ അദ്ദേഹത്തെ സഹായിച്ചത്. രണ്ട് തയ്യല്‍ മെഷീനുകള്‍ കൂടെ കൊടുക്കാന്‍ തയ്യാറായി ചിലര്‍ വന്നിട്ടുണ്ട്. അത് ഗുണകരമായ രീതിയില്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2. കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ളതും നമ്മള്‍ ചെയ്തതുമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ പത്രമാദ്ധ്യമങ്ങളില്‍ വന്നതനുസരിച്ച്, തീരെ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്ന കൊമ്മഞ്ചേരി കോളനിയിലേക്ക് വയനാട് ജില്ലയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെന്നെത്തുകയും, അവരുടെ സംസ്ഥാന നേതൃത്വത്തിലേക്ക് കോളനിയിലെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തതനുസരിച്ച് കൊമ്മഞ്ചേരി കോളനിയില്‍ ഉള്ളവരെ കുറേക്കൂടെ മനുഷ്യവാസം ഉള്ള സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആലോചനകളും നടക്കുന്നുണ്ട്. അതെല്ലാം നല്ല രീതിയില്‍ അവസാനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

3. മുന്‍പറഞ്ഞ പത്രവാര്‍ത്തകള്‍ വായിച്ച് വയനാട്ടിലെ തിരുനെല്ലിയിലെ ഒരു ആദിവാസി സ്കൂളിലെ സാമുവല്‍ എന്ന അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സ്ക്കൂളിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഒരു ജോഡി യൂണിഫോം സംഘടിപ്പിച്ച് കൊടുക്കാനാവുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ആവശ്യം ബൂലോക കാരുണ്യം ഏറ്റെടുത്തു, അതിനെപ്പറ്റിയുള്ള പോസ്റ്റ് ഇടുകയും ചെയ്തു. 321 കുട്ടികള്‍ക്കായുള്ള യൂണിഫോം തുക പിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിര്‍ക്കുകയാണ്. 2 മാസത്തിനകം കുറ്റങ്ങളും കുറവുകളും ഇല്ലാതെ നല്ല രീതിയില്‍ ആ പ്രവര്‍ത്തനം മുഴുമിപ്പിക്കാന്‍ നമുക്കാവും എന്ന് പ്രതീക്ഷിക്കുന്നു.

4. രണ്ടാം ഘട്ടവസ്ത്രശേഖരണത്തിന്റെ ഭാഗമായി എറണാകുളം റോട്ടറി ക്ലബ്ബിലെ ഭാരവാഹികളും അംഗങ്ങളും തുണികള്‍ തരാമെന്ന് ഏറ്റിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തിലെ എന്‍.ബി.പബ്ലിക്കേഷന്റെ 124 -)ം നമ്പര്‍ കൌണ്ടറില്‍ ആര്‍ക്ക് വേണമെങ്കിലും തുണികള്‍ ഏല്‍പ്പിക്കാവുന്നതാണ്. ആദ്യത്തെ പ്രാവശ്യത്തേത് പോലെ ആഷ്‌ലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരും തുണികള്‍ ശേഖരിക്കപ്പെടുന്നുണ്ട്. ബാംഗ്ലൂര്‍ ഉള്ളവര്‍ക്ക് എല്ലാവര്‍ക്കും ആ വഴി സഹകരിക്കാം. ഖത്തറില്‍ നിന്ന് നമ്മളുമായി സഹകരിക്കുന്ന സുഹൃത്തുക്കള്‍ പാഴ്‌സല്‍ ആയി തുണികള്‍ അയച്ചുകഴിഞ്ഞു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ. നിലവില്‍ കൈവശം കിട്ടിയിട്ടുള്ള തുണികള്‍ എല്ലാം ഈ മാസം 30ന് വയനാട്ടില്‍ എത്തി കുഞ്ഞഹമ്മദിക്ക വഴി ആദിവാസി സഹോദരങ്ങള്‍ക്ക് കൈമാറുന്നതാണ്.

5. ഇതിനൊക്കെ പുറമേ ബ്ലോഗര്‍ ഡോ:നാസും  ഭര്‍ത്താവ് ഡോ:കുട്ടിയും വയനാട്ടിലെ ചെതലയം ആദിവാസി കോളനികളില്‍ മറ്റ് സഹ ഡോക്‍ടര്‍മാരോടൊപ്പം ചേര്‍ന്ന് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ സന്നദ്ധരായി വന്നിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ കുഞ്ഞഹമ്മദിക്കയുമായി നടന്നു വരുന്നു.

ഇങ്ങനെയൊക്കെ ബൂലോകരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒന്നിന് പുറമേ ഒന്നായി നല്ല രീതിയില്‍ തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുന്ന, പരസ്പരം കണ്ടിട്ട് പോലും ഇല്ലെങ്കിലും പണത്തിന് പണവും വസ്ത്രത്തിന് വസ്ത്രവുമൊക്കെ തന്ന് സഹായിക്കുന്ന നല്ല മനസ്സുകള്‍ വിചാരിച്ചാല്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും എന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് ഇവിടെ.

ലോകമെങ്ങും നടമാടുന്ന വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പകയുടേയും പ്രതികാരത്തിന്റേയുമൊക്കെ തീരെ ഗുണകരമല്ലാത്ത പ്രവണതകള്‍ക്കിടയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഇത്തരം ചെറിയ ചെറിയ നല്ല കാര്യങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവരുടേയും സഹകരണവും സഹായങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.

-നിരക്ഷരന്‍
(അന്നും, ഇന്നും എപ്പോഴും)

ബ്ലോഗ്ഗേഴ്സ് പൊതുജന സമക്ഷം

ന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷനും ഭാഗഭാക്കാകുന്നു.

നമ്മുടെ ബൂലോകത്തിന്‍റെ സഹോദര സംരംഭമായ എന്‍ ബി പബ്ലിക്കേഷന്‍ ബ്ലോഗ്‌ രചനകള്‍ക്ക് ശക്തമായ മുന്‍ തൂക്കം നല്‍കിക്കൊണ്ട് പൊതു വേദിയില്‍ ബ്ലോഗ്‌ എഴുത്തുകാരെയും ബ്ലോഗേഴുത്തിനെയും പരിചയപ്പെടുത്തുന്നു. അറുപതോളം ബ്ലോഗെഴുത്തുകാരുടെ രചനകളാണ് എന്‍ ബി പബ്ലിക്കേഷന്‍ പൊതു ജന സമക്ഷം അവതരിപ്പിക്കുന്നത്‌. എന്‍ ബി പബ്ലിക്കേഷന്‍ അവതരിപ്പിച്ച കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗ വരദന്‍ എന്നീ പുസ്തകങ്ങള്‍ക്ക് പുറമേ കൃതി പബ്ലിക്കേഷന്റെ മൌനത്തിനപ്പുറത്തേക്ക് , സീയെല്ലെസ് പബ്ലിക്കെഷന്റെ എട്ടു ബ്ലോഗ്‌ രചനകള്‍ , ബുക്ക്‌ റിപ്പബ്ലിക്കിന്റെ നാല് പുസ്തകങ്ങള്‍ എന്നിവയും എന്‍ ബി പബ്ളിക്കേഷന്‍റെ നൂറ്റി ഇരുപത്തിനാലാം സ്റ്റാളില്‍ നിന്നും ലഭിക്കും. പുസ്തക മേളയില്‍ എത്തുവാന്‍ സാധിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ എന്‍ ബി പബ്ലിക്കെഷന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു സഹകരണം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സൌജന്യ നിരക്കില്‍ പുസ്തകങ്ങള്‍ ലഭിക്കുന്നത് ആണ്
ഒപ്പം ബ്ലോഗിലെ വിജേഷ് ( പാട്ട് പുസ്തകം ഗ്രൂപ്പ് ) ആലപിച്ചു പുറത്തിറക്കിയിരിക്കുന്ന ശബരി ഗിരി എന്ന അയ്യപ്പ ഗാനങ്ങളുടെ സി ഡി യും എന്‍ ബി പബ്ലിക്കെഷന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

എന്‍ ബി പബ്ലിക്കേഷന്‍ സ്റ്റാളില്‍ നിന്നും ലഭിക്കുന്ന കൃതികള്‍ :

കലിയുഗവരദന്‍ : അരുണ്‍ കായംകുളം (എന്‍ ബി )
കായംകുളം സൂപ്പര്‍ ഫാസ്റ്റ് : അരുണ്‍ കായംകുളം (എന്‍ ബി )
മൌനത്തിനപ്പുറത്തേക്ക് : 28 ബ്ലോഗ്ഗേഴ്സ് (കൃതി )
സ്വപ്‌നങ്ങള്‍ : സപ്ന അനു ബി ജോര്‍ജ് ( സീയെല്ലെസ് )
കണ്ണാടിച്ചില്ലുകള്‍ : ശ്രീജ ബാല്രാജ് ( സീയെല്ലെസ് )
പ്രയാണം : പ്രിയ ഉണ്ണിക്കൃഷ്ണന്‍ ( സീയെല്ലെസ് )
വൈജയന്തി : ഷാജി നായരമ്പലം ( സീയെല്ലെസ് )
ലവ് ലി ഡാഫഡില്‍ സ് : ലീല എം ചന്ദ്രന്‍ ( സീയെല്ലെസ് )
നെയ്ത്തിരികള്‍ : ലീല എം ചന്ദ്രന്‍ ( സീയെല്ലെസ് )
ദല മര്‍മ്മരങ്ങള്‍ : 38 ബ്ലോഗ്ഗേഴ്സ് ( സീയെല്ലെസ് )
സാകഷ്യ പത്രങ്ങള്‍ : 19 ബ്ലോഗ്ഗേഴ്സ് ( സീയെല്ലെസ് )
ഡി ല്‍ ഡോ : ദേവ ദാസ് വി എം (ബുക്ക്‌ റിപ്പബ്ലിക് )
നിലവിളിയുടെ കടങ്കഥകള്‍ : ബുക്ക്‌ റിപ്പബ്ലിക്


അന്താരാഷ്ട്ര പുസ്തകോത്സവത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ സന്ദര്‍ശിക്കുക.


ബ്ലോഗ്‌ രചനകള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണ !
വംബര്‍ പതിനെട്ടിന് പ്രസിദ്ധീകരിച്ച മെട്രോ വാര്‍ത്തയിലാണ് "കായംകുളം സൂപ്പര്‍ഫാസ്റ്റ് " എന്ന പുസ്തകം റിവ്യൂ ചെയ്തു കൊണ്ട് ബ്ലോഗ്‌ രചനകളുടെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാര്‍ത്തയില്‍ നിന്നും :
" ആദ്യസാഹിത്യസൃഷ്ടിയില്‍ അച്ചടിമഷി പുരളാന്‍ ആകാംക്ഷയോടെ കാത്തിരുന്ന എഴുത്തുകാര്‍ക്കു വംശനാശം സംഭവിച്ചുവെന്നു വേണം കരുതാന്‍. ഇതെങ്കിലും പ്രസിദ്ധീകരിച്ചു കാണണേ എന്നു പ്രാര്‍ഥിച്ചു പോസ്റ്റ് ബോക്സില്‍ സ്വന്തം കൃതികള്‍ വാരികകള്‍ക്ക് അയയ്ക്കാനായി നിക്ഷേപിക്കുന്നവര്‍ വളരെ ചുരുക്കം. ഇപ്പോള്‍ ബ്ലോഗിന്‍റെ വിശാലമായ ലോകം എഴുത്തിന്‍റെ പച്ചക്കൊടി വീശുന്നു. എന്തും എഴുതാം. . ഏതു സൃഷ്ടികളും ലോകത്തിനു മുന്നിലേക്കു തുറന്നിടാം. നല്ലതെങ്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഒരുപാടു പേരുണ്ട്. മോശമെങ്കില്‍ പറയാനും മടിയില്ല. നിന ക്കൊന്നും വേറെ പണിയില്ലേടാ എന്ന് അക്ഷരങ്ങളിലൂടെ ധൈര്യമായി ചോദിക്കും."

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓണ്‍ ലൈന്‍ എഡിഷന് പുറമേ രണ്ടു പേജുകളിലായി പ്രിന്റ്‌ എഡിഷനിലും വിശദമായി ഈ വാര്‍ത്ത പ്രദിപാദിച്ചിട്ടുണ്ട്. മെട്രോ വാര്‍ത്തയ്ക്കും ലേഖകന്‍ അനൂപ്‌ മോഹനും ബ്ലോഗ്ഗെഴ്സിന്റെയും എന്‍ ബി പബ്ലിക്കെഷന്റെയും അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച വിവരം കോഴിക്കോട് നിന്നും ഞങ്ങളെ അറിയിച്ച ജി മനു വിനും നന്ദി .കലിയുഗവരദന്‍ പ്രകാശനം ചെയ്തു.
ബരിമല ശാസ്താവ് ആയ ശ്രീ അയ്യപ്പ സ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി ശ്രീ അരുണ്‍ കായംകുളം രചിച്ച ചരിത്ര ആഖ്യായിക ' കലിയുഗവരദന്‍ ' ഹരിപ്പാട് തൃക്കുന്നപ്പുഴ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രാങ്കണത്തില്‍ നടന്ന അയ്യപ്പ സേവാ സംഘം സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ ഉദ്ഘാടന ചടങ്ങില്‍ വച്ച് അയ്യപ്പന്റെ പിതൃ സ്ഥാനീയനായ പന്തളം മഹാരാജാവ് ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍ , മുന്‍ എം പി യും അയ്യപ്പ സെവാസന്ഘം ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.


ശബരിമല ശ്രീ അയ്യപ്പ സ്വാമിയെ ക്കുറിച്ചുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ലളിതമായ ആഖ്യാന ശൈലിയിലൂടെ വിനിമയം ചെയ്യുന്ന 'കലിയുഗവരദന്‍ ' പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ അയ്യപ്പ സേവാ സംഘം സ്‌റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ മുഞ്ഞിനാട്ടു രാമചന്ദ്രന്‍ , എന്‍ ബി പബ്ലിക്കേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ജോഹര്‍.കെ.ജെ (ജോ) , രചയിതാവ് അരുണ്‍ കായംകുളം എന്നിവരും ബ്ലോഗ്ഗര്മാരായ നിരക്ഷരന്‍, നന്ദ പര്‍വ്വം നന്ദന്‍, പ്രവീണ്‍ വട്ടപ്പറമ്പത്തു എന്നിവരും പങ്കെടുത്തു.

ഓരോ സാഹിത്യ സൃഷ്ടിക്കും ഒരു ലക്ഷ്യമുണ്ടാവും, ഒരു അര്‍ത്ഥവും. ഭക്തിയും യുക്തിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന അറിവ്. ജീവിതയാത്രയിലുടനീളം നാം എന്നും തേടിക്കൊണ്ടിരിക്കുന്ന ഈശ്വരന്‍ എന്ന ശക്തി നമ്മില്‍ തന്നെ ആണെന്ന തിരിച്ചറിവ് . അതാണ് വിശ്വാസങ്ങളുടെയും ചരിത്ര സത്യങ്ങളുടെയും മുത്തുമണികള്‍ കൊണ്ട് കോര്‍ത്ത കലിയുഗവരദന്‍ എന്ന ഈ നോവല്‍ വായനക്കാരന് പകര്‍ന്നു തരുന്നത്. കലയായാലും സംഗീതമായാലും അതിന്റെ ആഴമറിഞ്ഞു ആസ്വദിക്കുമ്പോള്‍ മാധുര്യം കൂടും. ഈശ്വര ഭക്തിയുടെയും വിശ്വാസങ്ങളുടെയും കാര്യവും അത് പോലെ തന്നെ. അങ്ങനെയെങ്കില്‍ ഈ പുസ്തകം വായിച്ചു പൂര്‍ത്തിയാവുമ്പോള്‍ സാക്ഷാല്‍ മണികണ്ഠ സ്വാമിയെ കൂടുതല്‍ ആഴത്തില്‍ അറിയുവാനും ആ ചൈതന്യത്തെ മനസ്സില്‍ കാണുവാനും ഓരോ വായനക്കാരനും കഴിയും.


പ്രധാന കഥാഗതിയോടു ചേര്‍ന്ന് നിന്ന് കൊണ്ട് , ആ കഥാപാത്രങ്ങളിലൂടെ തന്നെ സ്വാമി അയ്യപ്പന്റെ കഥ മനോഹരമായി പറയുന്നതിനൊപ്പം അപകടങ്ങളുടെ പരമ്പരകളിലൂടെയും, ഉദ്വേഗ ജനകമായ മുഹൂര്‍ത്തങ്ങളിലൂടെയും വായനക്കാരനെ പിടിച്ചിരുത്തുവാനും ഈ നോവലിലുടനീളം അരുണ്‍ കായംകുളത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു മാസത്തിനിടയില്‍ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാവാന്‍ അരുണിന് കഴിഞ്ഞു.എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടാമത്തെ പുസ്തകം ആയ കലിയുഗവരദന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ബ്ലോഗ്ഗര്‍ നന്ദന്‍ ആണ്. എറണാകുളം പച്ചാളം സ്വദേശിയായ ശ്രീനി ശ്രീധരന്‍ ആണ് കവര്‍ ചിത്രം എടുത്തിരിക്കുന്നത്. സുനില്‍ പെരുമ്പാവൂര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, വി.കെ, ദിലീപ് .കെ എന്നിവര്‍ കലിയുഗ വരദന്റെ പ്രസിദ്ധീകരണത്തിനു വിവിധ സഹായങ്ങള്‍ നല്‍കിയിരിക്കുന്നു.


ഈ പോസ്റ്റിലെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് അജീഷ് പട്ടണക്കാട്
നൈലിന്റെ തീരങ്ങളിലൂടെ - അവസാന ഭാഗം


പ്രിയ വായനക്കാരെ, ബ്ലോഗ്ഗര്‍ സജി മാര്‍ക്കോസ് എഴുതുന്ന നൈല്‍ യാത്രാ വിവരണ പരമ്പര ഇവിടെ അവസാനിക്കുകയാണ്. യാത്രാ വിവരണ പരമ്പരകളിലൂടെ നമ്മുടെ ബൂലോകത്തിന്റെ ഭാഗമായി മാറിയ ശ്രീ സജി മാര്‍ക്കോസിന് നമ്മുടെ ബൂലോകം പ്രവര്‍ത്തകരുടെ പേരിലുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുകയാണ്. അതോടൊപ്പം ക്രിയാത്മകമായ ഉപദേശങ്ങള്‍ നല്‍കിയും മറ്റും ഞങ്ങളെയും സജി അച്ചായനെയും പ്രോത്സാഹിപ്പിച്ച എല്ലാ മാന്യ വായനക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മറ്റൊരു നല്ല യാത്രാ വിവരണവുമായി സജി അച്ചായന്‍ വീണ്ടും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സജി മാര്‍ക്കോസ്സെയിദിന്റെ വീട്ടില്‍ നിന്നും മടങ്ങി വരുന്ന വഴിക്കു അലബാസറ്റര്‍ കല്ലുകള്‍കൊണ്ട് ശില്പങ്ങളും പാത്രങ്ങളും നിര്‍മ്മിക്കുന്ന ചെറിയ ഫാക്‍ക്ടറി കാണുവാന്‍ ക്ഷണിച്ചു. വണ്ടി ടാര്‍ റോഡില്‍ നിന്നും ഇറങ്ങി ഒരു ചെറിയ മണ്‍‌വഴിയിലൂടെ അല്പം മുന്നോട്ടു പോയി കൊല്ലന്റെ ആല പോലെയുള്ള ചായ്പ്പിന്റെ മുന്നില്‍ ഞങ്ങള്‍ ഇറങ്ങി. ഭിത്തിയില്‍ നിറയെ കടും നിറത്തിലുള്ള ചായങ്ങള്‍ കൊണ്ട്,ശില്പങ്ങള്‍ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ധാരാളം വെളിച്ചവും കാറ്റും കടക്കുന്ന ജോലി സ്ഥലം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പ്രായം ചെന്ന ചിലര്‍ എന്തെക്കെയോ ജോലികള്‍ ചെയ്യുന്നുണ്ടായിരിന്നു. അകത്തു നിന്നും വൃത്തിയാ യി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. സെയിദുമായി ചില കുശലപ്രശനങ്ങള്‍ നടത്തിയതിനു ശേഷം അദ്ദേഹം ശില്പങ്ങള്‍ ഉണ്ടാക്കുന്ന വിധം വിശദമായി കാണിച്ചു തന്നു.
ചായ്പ്പിന്റെ ഒരു മൂലയില്‍ കുറെ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു.കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത നമ്മുടെ നാട്ടിലെ വെള്ളക്കലുകള്‍ പോലെ തോന്നി.തൊട്ടടുത്ത് ഒരു മസ്റി ബകല്ലില്‍ എന്തെക്കെയോ കൊത്തിയെടുക്കുന്നു. മേസ്തിരിമാര്‍ ഉപയോഗിക്കുന്ന കരണ്ടി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കല്ലു പാകപ്പെടുത്തിയെടുക്കുകയാണ്.
അത്തറ്റരം കല്ലുകള്‍ നിലത്ത് ഉറപ്പിച്ചതിനേഷം ഒരു തരം പുരാതന ആയുധം കൊണ്ട് അല്ലിന്റെ ഉള്ളില്‍ കുഴി ഉണ്ടാക്കുന്നു മറ്റൊരാള്‍.ഞങ്ങള്‍ ഇന്നും പഴയ ഉപകരണങ്നള്‍ തന്നെയാണ്‍ ഉപയോഗിക്കുന്നത് എന്നു അഭിമാനത്തോടെ പറഞ്ഞു കൊണ്ട്, അദ്ദേഹം ആ ഉപകരണം ഉയര്‍ത്തിക്കാണിച്ചു.കുഴിച്ചു പാകപ്പെടുത്തിയെടുത്ത പാത്രത്തിന്റെ വക്കുകള്‍ ശരിയാക്കുന്നതാണ് അടുത്ത പടി.പാത്രത്തിന്റെ രൂപം പൂര്‍ണ്ണമായിക്കഴിഞ്ഞു. അതേ കല്ലുകള്‍ കൊണ്ട് തന്നെ ഉരച്ചു മിനിസപ്പെടുത്തി മനോഹരമാക്കുന്നതോടെ പാത്രം ചൂളയില്‍ വച്ച് ചുട്ട് എടുക്കുവാന്‍ പരുവമായിക്കഴിഞ്ഞു.കുറച്ചു ദൂരെ പാത്രങ്ങളും ശില്പങ്ങളും ചുടുന്ന ചൂളയില്‍ പോകുവാന്‍ ഞങ്ങളെ ക്ഷണിച്ചുവെങ്കിലും സമയം താമസിച്ചുരുന്നതിനാല്‍ സ്നേഹപൂര്വ്വം നിരസിച്ചു.മറ്റു പാത്രങ്ങളും ഇങ്ങനെ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്നവയും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ഭാരക്കുറവു മാത്രമല്ല വളരെ വെളിച്ചം കടന്നു പോകുന്ന വിധം നേര്‍ത്തതും ആയിരുന്നു.
തുടര്‍ന്നു അലബാസ്റ്റര്‍ കല്ലില്‍ തീര്‍ത്ത ശിലങ്ങളുടെ വലിയ ഒരു ഷോറൂം സന്ദര്‍ശിച്ചു. ഈജിപ്റ്റിലെ ദേവന്മാരുടെയും, ഫറവോമാരുടെയും അസംഖ്യം ശില്പങ്ങള്‍ നിരത്തി വച്ചിരുന്നതു കൗതകരമായിരുന്നു.സെയിദിനു പിരിയാന്‍ സമയമായി.സന്ദര്‍ശനങ്ങള്‍ അവസാനിച്ചു ഇനി നാളെ രാവിലെ എയര്‍പ്പോര്‍ട്ടിലേയ്ക്കു കൊണ്ടു പോകുവാന്‍ കാര്‍ എത്തുമെന്നും സെയിദ് അറിയിച്ചു.കഴിഞ്ഞ നാലു ദിവസങ്ങളായി നിഴല്പോലെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇനി എന്നെങ്കിലും ഈജിപ്റ്റില്‍ വന്നാല്‍ വിളിക്കണം എന്നു പറഞ്ഞു വീട്ടിലെ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. പിരിയാന്‍ നേരം കെട്ടിപ്പീച്ചു കൊണ്ട് അയാള്‍ പറഞ്ഞു, "ഞാന്‍ ഒരിക്കലും നിങ്ങളെ ഫോണ്‍ വിളിക്കില്ല. നിങ്ങള്‍ക്കു തോന്നുന്നു വെങ്കില്‍, എപ്പോഴെങ്കിലും ഒന്നു വിളിക്കുക". മറുപടി ഒന്നും പറഞ്ഞില്ല. സെയിദ് പിരിഞ്ഞു. "ആ അങ്കില്‍ ഇനി വരില്ലേ പപ്പാ ?" ഐറിന്‍. ചുരുക്ക ദിവസങ്ങള്‍ കൊണ്ട് അയാള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു.സന്ദര്‍ശനങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്കു എത്തിക്കൊണ്ടിരിന്നു. ആദ്യ ദിവസങ്ങള്‍ മുതല്‍ ഇതുവരെയും പൊതുവെ സ്വദേശികളില്‍ നിന്നും വളരെ മാന്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. എങ്കിലും എടുത്തു പറയേണ്ട രണ്ടു തിക്താനുഭവങ്ങളുണ്ടായി. രണ്ടും ഒരേദിവസത്തിലായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.

ആദ്യ സംഭവം ബനാന ഐലന്‍ഡില്‍ പോയി മടങ്ങി വന്നപ്പോള്‍ ആയിരുന്നു. വൈകുന്നേരമായപ്പോള്‍ നൈല്‍ നദിയുടെ കരയില്‍ കാറ്റു കൊണ്ട് ഞങ്ങള്‍ ഇരിക്കുകയായിരുന്നു. മാന്യമയി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍, ലുക്സറിലെ വെസ്റ്റ് ബാങ്കില്‍ ഒരു വാഴത്തോട്ടം നിറഞ്ഞ ഒരു ദ്വീപ് ഉണ്ടെന്നും എല്ല സന്ദര്‍ശകരും അവിടെ പോകാറുണ്ടെന്നും പറഞ്ഞു.അവിടം സന്ദര്‍ശിക്കാനും അതോടൊപ്പം ഒരു മണിക്കൂര്‍ നൈലിലൂടെ സഞ്ചരിക്കാനും കൂടി 125 കൊടുത്താല്‍ മതിയെന്നും പറഞ്ഞു. താലപ്ര്യമില്ലെന്നു പറഞ്ഞെങ്കിലും അയാള്‍ വിടാന്‍ ഭാവം ഇല്ലായിരുന്നു. അവസാനം 75 ഉറപ്പിച്ചു, അദ്ദേഹത്തിന്റെ ചെറിയ ബോട്ടില്‍ യാത്ര തുടങ്ങി. ഏതാണ്ട് അര മണിക്കൂര്‍ കൊണ്ട് ബോട്ട് ബനാന ഐലന്റില്‍ എത്തി.ഞങ്ങള്‍ ദ്വീപില്‍ ഇറങ്ങി നടന്നു. പേര് അന്വര്‍ദ്ധമാകും വിധം ദ്വീപു നിറയെ തഴച്ചു വളരുന്ന വാഴത്തോട്ടം. ഇത്രയും സമൃദ്ധമായ തോട്ടങ്ങള്‍ നമ്മുടെ നാട്ടിലെങ്ങും കണ്ടിട്ടില്ല. വാഴത്തോട്ടത്തിനു പിന്നില്‍ മറ്റു ചില കൃഷികളും ഉണ്ട്. ദ്വീപിന്റെ പ്രവേശന കവാടത്തിലലെ റസറ്റാറന്റില്‍ നിന്നും നല പഴുത്ത പഴവും കഴിച്ച് മടങ്ങി പോകുന്നു. യാത്ര കഴിഞ്ഞു മടങ്ങി എത്തിയപ്പോല്‍ അടുത്ത ദിവസം അയാള്‍ മറ്റു പല സ്ഥലങ്ങളും കാണിക്കുവാന്‍ കൊണ്ട് പോകാമെന്നു പറഞ്ഞു ലോഹ്യം കൂടി. ഇതു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ അവസാനത്തെ ദിവസമാണെന്നു പറഞ്ഞതോടെ അയാളുടെ മട്ടു മാറി. 125 വേണം. ൭൫ ഗിനിയെന്നു പറഞ്ഞ് ഉറപ്പിച്ചതു അയാക്ക് മനസിലായില്ലത്രേ! ഞങ്ങള്‍ ദേഷ്യപ്പെട്ട് ഒന്നും കൊടുക്കാതെ തിരിച്ചു നടന്നപ്പോള്‍ അയാള്‍ ൭൫ ഗിനി വാങ്ങുവാന്‍ തയ്യാറായി.


അടുത്ത സംഭവം അതിലും രസകരമായിരുന്നു. സന്ധ്യയ്ക്കു ഹോട്ടലില്‍ പോകുന്നതിനു മുന്‍പ് എല്ലാവരും ആയി നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നു ഒരു കുതിര വണ്ടി അടുത്തു കൊണ്ടു വന്നു നിര്‍ത്തി. ഒരു വൃദ്ധന്‍ ഇറങ്ങി വന്നു. "മിശ്വാര്‍ മദീന, ബസ് അശ്ര ഗിനി" വെറും 1o ഗിനിക്ക് പട്ടണം ഒന്നു ചുറ്റിക്കറക്കാമത്രേ! ഒരു സവാരിയ്ക്കു താല്പര്യമില്ലായിരുന്നെങ്കിലും പത്തു ഗിനിയല്ലേ ഉള്ളൂ എന്നുവിചാരിച്ച് എല്ലാവരും കുതിര വണ്ടിയില്‍ കയറി. ഏതാണ്ട് അര മണിക്കൂര്‍ ചുറ്റിക്കറങ്ങിക്കാണും, കയറ്റിയ സ്ഥലത്തു തന്നെ തിരിച്ചിറക്കി. അല്പം അതൃപ്തി തോന്നിയെങ്കിലും പത്തു ഗിനിയെടുത്തി നീട്ടി!
വൃദ്ധന്‍ എന്തോ ആക്രോശിച്ചു കൊണ്ട്, ചാടിയിറങ്ങി. എന്താണെന്നു ചോദിച്ചപ്പോള്‍, അയാള്‍ പറയുകയാണ്‍, ഒരാള്‍ക്കു പത്തു ഗിനി വച്ച് നാല്പതു ഗിനി അയാള്‍ക്കു വേണമത്രേ!. പറ്റില്ലെന്നു ഞാനും. അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. പതിയെ പതിയെ ഗള്‍ഫിലെ മസ്രികളുടെ രൂപം വെളിയില്‍ വന്നു തുടങ്ങി. അങ്ങോട്ടു എന്തു പറഞ്ഞാലും, അതു ഗൗനിക്കാതെ,നാലു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു. പണം കൊടുത്ത് ഒഴിവാക്കാന്‍ സുനിയും നിര്‍ബന്ധിച്ചു. സന്ധ്യാ നേരത്ത്, വഴിവക്കില്‍ നിന്നും അയാളുമായി കശപിശയുണ്ടാക്കുന്നതില്‍ ഒരു പ്രയോചനവും ഇല്ലെന്നു മനസിലായി. നാലു പത്തു ഗിനിയെടുത്തു കൊടുത്തു. എന്തോ പിറു പിറുത്തുകൊണ്ട് അയാള്‍ നടന്നു.

"അയാള്‍ നമ്മളെ പറ്റിച്ചു അല്ലേ പപ്പ ?" എഡ്വിന്റെ ചോദ്യം.

മറുപടി പറയാന്‍ തുടങ്ങിഒയപ്പൊഴേയ്ക്കും ആരോ പുറകില്‍ നിന്നും വിളിക്കുന്നു. അയാള്‍ ഓടി വരുന്നു. കൈയ്യില്‍ പണവും ഉണ്ട്. അടുത്തു എത്തിയത്തോപ്പോള്‍ അയാള്‍ വീണ്ടും ദേഷ്യപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള നോട്ട് ഓരോന്നായി എന്നെ കാണിക്കുകയാണ് "ഹാതാ അശ്ര, ഹാത അശ്ര, ഹാദ ബാദ് അശ്ര, തമാം? ഷൂഫ്- ഹാത മാഫി അശ്ര- ഹാത നൂസ് ഗിനി"

ഞാന്‍ ഞെട്ടിപോയി.

അയാളുടെ കൈയ്യില്‍ മൂന്നു പത്തു ഗിനി നോട്ടുകള്‍. പിന്നെ ഒരു അര ഗിനിയുടെ നോട്ടും. ഞാന്‍ കൊടുത്ത ഒരു പത്തു ഗിനിയുടെ നോട്ട് അയാള്‍ എങ്ങോ ഒളിപ്പിച്ചു വച്ചിട്ട് കൈയ്യില്‍ നിന്നും ഒരു അരഗിനി എടുത്തു കൂട്ടത്തില്‍ വച്ചു എന്ന കബളിപ്പിക്കുകയാണ്. മുപ്പതര ഗിനിയേ ഞാന്‍ കൊടുത്തതു എന്നാണ് അയാളുടെ വാദം. ഈജിപ്റ്റില്‍ ചെന്നിട്ടു ഇതു വരെ അര ഗിനിയുടെ നോട്ട് കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല.

തകൃതയില്‍ അയാള്‍ എന്തെക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ശബ്ദമുയര്‍ത്ത ആണയിടുകയും, ആംഗ്യം കാണിക്കുകയും ചെയ്യുന്ന ആ വൃദ്ധനോട് ശരിക്കും സഹതാപമാണ് തോന്നിയത്. എന്റെ നേരെ നീട്ടിയിരുന്നു അര ഗിനി വാങ്ങാതെ, ഒരു പത്തു ഗിനി കൂടെ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. പത്തു ഗിനിയ്ക്ക് കുതിര വണ്ടി വാടയ്ക്കു എടുത്തിട്ട് ഇപ്പോള്‍ ആകെ ചിലവു അന്‍പതു ഗിനി.

സുനി ആതമഗതമെന്ന പോലെ പറഞ്ഞു,"ങാ സാരമില്ല. ഇതു ആദ്യമായല്ലല്ലോ!"

അടുത്ത ദിവസം രാവിലെ തന്നെ കാര്‍ എത്തി. സഹ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിനോട് വിട പറയുകയാണ്. ഇനിയും എന്തൊക്കെയോ കാണൂവാന്‍ ആര്‍ത്തിയോടെ ഞങ്ങള്‍ പുറത്തേയ്ക്കു നോക്കിയിരുന്നു. ഇനി എന്നെങ്കിലും അവസരം കിട്ടിയാല്‍ ഒരിക്കല്‍ കൂടി ഇവിടെ വരണം എന്നു ഉറപ്പിച്ചുകൊണ്ട് ഫറവോമാരുടെ നാടിനോട് വിട പറഞ്ഞു.

ശുഭം
===============================================
ഈജിപ്റ്റ് സന്ദര്‍ശിക്കുവാന്‍ :-
ആദ്യമായി സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ ഓപ്പ്റേറ്റേഴ്സ് വഴി പോകുന്നതായിരിക്കും അഭികാമ്യം.ചുരുങ്ങിയ സമയത്തിനുള്ളില്‍, പ്രധാന സ്ഥലങ്ങള്‍ കാണുവാന്‍ മുങ്കൂട്ടി തയ്യാറാക്കിയ ഒരു പ്രോഗ്രാം ഇവര്‍ തയ്യാറാക്കിക്കൊള്ളും. സന്ദര്‍ശന സ്ഥലങ്ങള്‍ , താമസിക്കുന്ന ഹോട്ടലിന്റെ പേരുകള്‍ , യാത്ര ചെയ്യുന്ന വാഹനം ഇവയൊക്കെ, ഇറ്റിനറിയില്‍ വിശദമായി എഴുതിയിരിക്കും. ഇന്റെര്‍നെറ്റ് വഴി എല്ലാം ഒന്നു പരിശോധികുന്നത് ഉചിതമായിരിക്കും. എല്ലാ സഥലങ്ങളിലും ഗൈഡുകള്‍ വേണ്ടി വരും. അറേഞ്ച്ഡ് ടൂറില്‍ ഈ സൗകര്യവും സൗജന്യമായി ഉള്‍പ്പെടുത്തിയിരിക്കും. ടൂര്‍ ഓപ്പറേയേഴ്സിന്റെ ഗൈഡുകളെ വിശ്വസിക്കാമെങ്കിലും, സാധനങ്ങള്‍ വാങ്ങുന്നത് കരുതലോടെ തന്നെ വേണം. വില സൂചികയില്ലാത്ത ഒരിടത്തും നിന്നും ആഹാരം കഴിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ സേവനങ്ങള്‍ക്കും ഈടാക്കുന്ന തുക ആദ്യമേ പറഞ്ഞു ഉറപ്പിക്കുക. ഒരു മൂന്നാം ലോക രാജ്യമാണ് സന്ദര്‍ശിക്കുന്നത്. കുടുംബം പോറ്റുവാന്‍ പാടുപെടുന്നവരാണ് എന്ന ചിന്തയോടെ , ചുറ്റും സേവന-വാഗ്ദാനവും എത്തുന്നവരോട് സഹുഷ്ണതയോടെ ഇടപെടുക.
ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍, സന്ദര്‍ശിക്കുവാന്‍ എട്ടു ദിവസത്തേ ടൂര്‍ മതിയാകും. ഗള്‍ഫില്‍ നിന്നും ഉള്ള ടിക്കറ്റ് ഉള്‍പ്പടെ നാലു പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിനു ചുരുങ്ങിയത് 1.5 ലക്ഷം രൂപ ചിലവുവരും. ഇന്‍ഡ്യയിനിന്നും ധാരാളം ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ലഭ്യമാണ്.
=================================================Popular Posts