"നിലാവ് " ആദ്യ പ്രദര്‍ശനം


ഹാ നടന്‍ മധുവിന്റെയും മലയാളികളുടെ സ്വന്തം സംവിധായകന്‍ ഹരിഹരന്റെയും സാന്നിധ്യത്തില്‍ 'നിലാവിന്റെ' ആദ്യ പ്രദര്‍ശനം ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്നും . ആയിരത്തില്‍ അധികം ബഹ്‌റൈന്‍ സിനിമ പ്രേക്ഷകരും ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷണിക്കപെട്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു . പൂജ ചടങ്ങില്‍ പത്മശ്രീ ഡോക്ടര്‍ രവി പിള്ള, സോമന്‍ ബേബി , പി. ഉണ്ണികൃഷ്ണന്‍ , പിവി. രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചിത്രത്തിന് ശേഷം, മധു ഹരിഹരന്‍ എന്നിവര്‍ ചിത്രത്തെ വിലയിരുത്തി .VIDEO REPORT

കായംകുളം സൂപ്പര്‍ഫാസ്റ്റ് -പ്രകാശനംവരും അക്ഷരങ്ങളെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിജയദശമി ദിനത്തില്‍ ബ്ലോഗിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ശ്രീ അരുണ്‍ കായംകുളത്തിന്റെ " കായംകുളം സൂപ്പര്‍ ഫാസ്റ്റ് " എന്ന പുസ്തകം കരിമുട്ടം ഭഗവതിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടു ചരിത്ര ഗവേഷകനും കവിയും ആയ ഡോ. ചേരാവള്ളി ശശി പ്രകാശനം ചെയ്തു.സ്ഥാനാര്‍ത്ഥിയായ പാലമുറ്റത്ത് വിജയകുമാറിനു ഇങ്ങനെ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തതിനാല്‍, കരിമുട്ടം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീ വരേനില്‍ പരമേശ്വരന്‍ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ബ്ലോഗ്ഗര്‍ ജി.മനു സ്വാഗതം ആശംസിച്ചു. ശ്രീ വരേനില്‍ പരമേശ്വരന്‍ പിള്ള ഭദ്രദീപം കൊളുത്തി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വരേനില്‍ പരമേശ്വര പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.


സദസ്സ്.


ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ഡോ.ചേരാവള്ളി ശശി അരുണിന്‍റെ പുസ്തകത്തെ വിശദമായി സദസ്സിനു പരിചയപ്പെടുത്തുകയുണ്ടായി.പുസ്തകത്തിലെ തമാശകള്‍ വളരെ തന്മയത്ത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചത് സദസ്സ് വളരെ ആകാംക്ഷാഭരിതരായി കേട്ടിരുന്നു. തനിക്കു പരിചയമില്ലാത്ത ബ്ലോഗ്‌ സാഹിത്യം എന്ന മേഖലയില്‍ നിരവധി അനുഗ്രഹീത കലാകാരന്മാര്‍ ഉള്ളതായി ഈ പുസ്തകത്തിലൂടെ മനസ്സിലാകാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബൂലോകത്ത് രൂപം കൊണ്ടിരിക്കുന്ന എന്‍ ബി പബ്ലിക്കേഷന്‍ എന്ന പുസ്തക പ്രസാധന സംരംഭത്തിലൂടെ ഈ കലാകാരന്മാരുടെ രചനകള്‍ അച്ചടി ലോകത്തേക്ക് ഉടന്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു . പ്രകാശനത്തിന് ശേഷം അദ്ധ്യാപകനും സാഹിത്യകാരനുമായ ശ്രീ ജയപ്രകാശ് , ചേരാവള്ളി ശശിയില്‍ നിന്നും ആദ്യ പ്രതി ഏറ്റു വാങ്ങി.


പ്രകാശന കര്‍മ്മവും ആദ്യ പ്രതി സ്വീകരിക്കലുംഎന്‍ ബി പബ്ലിക്കേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ജോ പ്രസാധക പ്രഭാഷണം നടത്തി. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ അരുണിന്‍റെ " മനു " എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഹാസ്യ സംഭവങ്ങളും എല്ലാവരുടെയും സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും , മലയാള ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ ഒരു പ്രമുഖ ഹാസ്യ താരം ആയിരിക്കും ഇത് സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം സദസ്സിനെ അറിയിച്ചു. എന്‍ ബി പബ്ലിക്കെഷന്റെ അടുത്ത പുസ്തകമായ "കലിയുഗ വരദന്‍ " നവംബറില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
"കായംകുളം പുസ്തകത്തിലെ മനു എന്ന കഥാപാത്രം ഇനി ടെലിവിഷനില്‍" : ജോ വിളംബരം ചെയ്യുന്നു.


ആശംസകള്‍ അറിയിച്ചു കൊണ്ടു, ശ്രീ ജയപ്രകാശ് , ഡോ.ജയന്‍ ഏവൂര്‍, വാഴക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോഗമാരായ ജി മനുവും , വേദവ്യാസനും സകുടുംബം ആണ് ചടങ്ങിനു എത്തിയത്.എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണി, ധനേഷ്, പഥികന്‍, മുള്ളൂക്കാരന്‍, നന്ദന്‍, ഹരീഷ് തൊടുപുഴ, മൊട്ടുണ്ണി, സാബു കൊട്ടോട്ടിക്കാരന്‍, ലീഗല്‍ അഡ്വൈസര്‍ അഡ്വ.വിഷ്ണു സോമന്‍, എന്‍ ബി പബ്ലിക്കേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപ്.കെ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ആശംസകള്‍ അറിയിച്ചു കൊണ്ട് ഡോ.ജയന്‍ ഏവൂര്‍


ആശംസകള്‍ അറിയിച്ചു കൊണ്ട് വാഴക്കോടന്‍


നന്ദി അര്‍പ്പിക്കുന്നതിനുമായി സംസാരിച്ച അരുണ്‍ തന്റെ പ്രസംഗത്തില്‍ ഏറെ വികാരഭരിതനായി. ഈ സംരംഭം പൂര്‍ത്തീകരിക്കാനായി ശ്രമിച്ച എല്ലാവര്‍ക്കും പ്രോത്സാഹനം തന്നു തന്നെ ഇത് വരെ എത്തിച്ച എല്ലാ ഇന്റര്‍നെറ്റ്‌ വായനക്കാര്‍ക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണിയുടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഈ പുസ്തകം യാഥാര്‍ത്ഥ്യം ആക്കുന്നതിനായി ഉണ്ടായിട്ടുണ്ടെന്ന് അരുണ്‍ പറഞ്ഞു
നന്ദിയോടെ......... അരുണ്‍ കായംകുളം


രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങ് പന്ത്രണ്ടു മണിയോടെ അവസാനിച്ചു. നാട്ടുകാര്‍ക്ക് പുസ്തകം നേരിട്ട് വാങ്ങുന്നതിനുള്ള സൌകര്യം സമ്മേളന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. സമ്മേളനം നടന്ന ദിവസം മുന്നൂറ്റി എഴുപതോളം പുസ്തകങ്ങള്‍ വിറ്റഴിക്കാനായത് ഒരു പക്ഷെ ബ്ലോഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും എന്ന് പ്രസാധകന്‍ ജോ അവകാശപ്പെട്ടു.
പിന്നീട്, ബ്ലോഗര്‍ മാര്‍ എല്ലാവരും തന്നെ ഹോട്ടല്‍ ഹര്‍ഷ റെസിഡെന്‍സിയില്‍യില്‍ ഒത്തു കൂടുകയും ചര്‍ച്ചകള്‍ക്കും സന്തോഷ പ്രകടനങ്ങള്‍ക്കും ശേഷം പിരിയുകയും ചെയ്തു.
വീഡിയോ റിപ്പോര്‍ട്ട്‌


PART 1

PART 2


ചിത്രങ്ങള്‍ :
മുള്ളൂക്കാരന്‍,
കണ്ണനുണ്ണി,
ഹരീഷ്,
ജയന്‍ ഏവൂര്‍,മൊട്ടുണ്ണി
& ജോ

വീഡിയോ :
നന്ദപര്‍വ്വം നന്ദന്‍നാടാകെ ഉല്‍സവത്തിമര്‍പ്പ് ........
കായംകുളം പെരുങ്ങാല നിവാസികള്‍ കഴിഞ്ഞ ഒരാഴ്ചയായി ആകെ ഉത്സവത്തിമര്‍പ്പില്‍ ആണ്. മലയാള സിനിമാ ഗാന രചയിതാവ് ശ്രീ അനില്‍ പനച്ചൂരാനും, ചരിത്ര ഗവേഷകനും കവിയുമായ ഡോ. ചേരാവള്ളി ശശിക്കും ശേഷം തങ്ങളുടെ നാട്ടില്‍ നിന്നും പുതിയൊരു സാഹിത്യകാരന്‍ കൂടി പിറവി എടുക്കുന്നതിന്റെ സന്തോഷത്തില്‍ ആണ് നാട്ടുകാര്‍. അരുണ്‍ കായംകുളത്തിന്റെ പുസ്തക പ്രകാശനം നാട്ടുകാര്‍ കഴിഞ്ഞ ഒരാഴ്ച മുതല്‍ക്കു തന്നെ ആഘോഷമാക്കി കഴിഞ്ഞു. നാട് മുഴുവേ വിതരണം ചെയ്യാന്‍ സുഹൃത്തുക്കള്‍ ആയിരക്കണക്കിന് നോട്ടീസുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തു കഴിഞ്ഞു. കായംകുളത്തെ പ്രശസ്ത കേബിള്‍ ചാനല്‍ ആയ "സി ഡി നെറ്റ് " കേബിള്‍ വിഷന്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും പുസ്തക പ്രകാശന അറിയിപ്പുകള്‍ കൊടുത്ത് കൊണ്ടിരിക്കുന്നു. പുസ്തക പ്രകാശന അറിയിപ്പുമായി നാട്ടില്‍ പലയിടത്തും ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഫ്ലെക്സില്‍ ബ്ലോഗ്ഗര്‍ സജീവ്‌ ബാലകൃഷ്ണന്‍ വരച്ച അരുണിനെ കാണാന്‍ തന്നെ വന്‍ ജനക്കൂട്ടം ആണ് ഓടിയെത്തിയത്.

പുസ്തക പ്രകാശനം ക്ഷണിച്ചു കൊണ്ട് ലഭ്യമായ എല്ലാ ഇ മെയില്‍ വിലാസങ്ങളിലെക്കും ഞങ്ങള്‍ ഇ-ടിക്കെറ്റുകള്‍ അയച്ചു കഴിഞ്ഞു. പുസ്തക പ്രകാശനത്തിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ ഇന്റെര്‍നെറ്റിലെ സുഹൃത്തുക്കളും മുന്നിട്ടിറങ്ങി. ഗൂഗിള്‍ ബസ്സുകളില്‍ ക്ഷണക്കത്തും ഷോ കാര്‍ഡുകളും പലരും റീ ഷെയര്‍ ചെയ്തു വ്യാപക പ്രചരണം നടത്തുകയുണ്ടായി. ക്യാപ്ടന്‍ ഹാഡോക് എന്ന ആഷ് ലി തന്റെ നോട്ട് ഒണ്‍ലി ബട്ട്‌ ആള്‍സോ എന്ന ബ്ലോഗിലൂടെ പ്രമുഖ കമ്പനികളുടെ ലോഗോ മത്സരത്തിനു സമ്മാനമായി ഗ്രന്ഥ കര്‍ത്താവ് അരുണ്‍ കായംകുളത്തിന്റെ കയ്യൊപ്പിട്ട മൂന്നു ബുക്കുകള്‍ തന്നെ സമ്മാനമായി നല്‍കിക്കൊണ്ട് വ്യത്യസ്തമായ പ്രചരണം തന്നെ നടത്തുന്നു. ഏല്ലാവര്‍ക്കും നമ്മുടെ ബൂലോകത്തിന്റെ സഹോദര സംരംഭമായ എന്‍ ബി പബ്ലിക്കെഷന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണ്.

ഇതിനൊക്കെ പുറമേ, ബ്ലോഗര്‍ നന്ദ പര്‍വ്വം നന്ദന്റെ ക്രിയാത്മക സംഭാവനകള്‍ ഈ അവസരത്തില്‍ നന്ദിയോടെ എടുത്തു പറയുന്നു. അഭിപ്രായങ്ങള്‍ നല്‍കിയ ബ്ലോഗര്‍മാര്‍ക്ക് പുറമേ , കഥാതന്തു മനസ്സിലാക്കി നന്ദന്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു. കായംകുളം സൂപ്പര്‍ ഫാസ്റ്റ് പുസ്തക പ്രകാശനത്തിനായി നന്ദന്‍ തയ്യാറാക്കിയ റെയില്‍വേ ടിക്കറ്റിന്റെ മാതൃകയിലുള്ള പ്രത്യേക ക്ഷണക്കത്തും ഏറെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു
ഇതിനു പുറമേ പുസ്തക ശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഷോ കാര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ട്രുടക്ഷന്‍ കാരിക്കേച്ചര്‍ വരച്ച സജീവ്‌ ചേട്ടനും ഞങ്ങളുടെ പ്രത്യേക നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. "യാത്രികോം കൃപയാ ധ്യാന്‍ ദീജിയേ.... " എന്നാ ഷായുടെ കമന്റ് ആധാരമാക്കി ഒരു ടെലിവിഷന്‍ പരസ്യം നിര്‍മ്മാണ ഘട്ടത്തില്‍ ആണ്.

ഞങ്ങളെ പിന്തുണക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കമന്റിലൂടെയും നേരിട്ടും അറിയിക്കുകയും ചെയ്ത ഈല്ല ബ്ലോഗ്ഗേഴ്സിനും , ആദ്യ പുസ്തകത്തില്‍ ക്രിയാത്മകമായ വിവിധ സഹായ സഹകരണങ്ങള്‍ നല്‍കിയ നിരക്ഷരന്‍, ജി.മനു, പ്രവീണ്‍, ഷാ, മുരളീ കൃഷ്ണ, ലതി, സജി മാര്‍ക്കോസ് , വിശാല മനസ്കന്‍, അരവിന്ദ് , മാണിക്യം , മുള്ളൂക്കാരന്‍, മനോരാജ്, അനില്‍ അറ്റ്‌ ബ്ലോഗ്‌, വഹീദ ഷംസ് , മാണിക്യം തുടങ്ങിയവര്‍ക്കും ടൈപ്പ് സെറ്റ് ചെയ്ത നിത ബിജു വിനും മറ്റു അഭ്യുദയ കാംക്ഷികള്‍ക്കും പ്രത്യേകം നന്ദി.
ചടങ്ങ് തത്സമയം ലൈവ് സംപ്രക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ എന്‍ ബി പബ്ലിക്കേഷന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഇന്‍റര്‍നെറ്റില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഷാജി മുള്ളൂക്കാരന്‍, പ്രവീണ്‍ വട്ടപ്പറമ്പത്തു എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പാടുകള്‍ നടന്നു കൊണ്ടിരിക്കുന്നു.
സുഗമമായ വയര്‍ ലെസ്സ് നെറ്റ് കണക്ഷന്‍ ലഭ്യമായാല്‍ എന്‍ ബി പബ്ലിക്കേഷന്‍ വെബ് സൈറ്റിലൂടെ ലോകം മുഴുവന്‍ ഈ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നതാണ്. അതല്ലായെങ്കില്‍ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ പിറ്റേന്ന് കാണിക്കുന്നതായിരിക്കും.

ഏവരെയും ഒരിക്കല്‍ക്കൂടി ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. മെയില്‍ വഴി ക്ഷണം ലഭിക്കാത്തവര്‍ ഇത് ഒരു ക്ഷണമായി കണ്ടു നിങ്ങളുടെ എല്ലാ പിന്തുണയും ഞങ്ങളോടൊത്തു ഉണ്ടാകണം എന്നഭ്യര്‍തിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 8089426570, 9961422850,9746615479 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സ്ഥലത്ത് എത്തിച്ചേരുവാനുള്ള വഴി : കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

സ്നേഹപുരസ്സരം ,

ജോ, അരുണ്‍ കായംകുളം, കണ്ണനുണ്ണി.ബൂലോക സഞ്ചാരം - 6


ത് നവരാത്രി കാലം. ഇന്നിപ്പോള്‍ ജാതി മത ഭേദമന്യേ എല്ലാവരും വിദ്യാരംഭവും ആയുധ പൂജയും മറ്റും നടത്തുന്നു. "ഹരിശ്രീ ഗണപതായേ നമ:" എന്ന് നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതിയപ്പോള്‍ കരഞ്ഞുവിളിച്ച ആ കുഞ്ഞു നാളുകള്‍ - ആ പഴയ കാലം- ഒരിക്കല്‍ കൂടെ മനസ്സില്‍ തെകട്ടി വരുന്നു. മിക്കവാറും എല്ലാ വര്‍ഷവും വിജയദശമി നാളില്‍ ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന നോര്‍ത്ത് പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മതില്‍ കെട്ടിനകത്ത് എവിടെയെങ്കിലും ഹരീശ്രീ കുറിക്കാന്‍ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. കാരണം നമുക്ക് കിട്ടിയ ദൈവീകമായ വരദാനമാണ്‌ അക്ഷരങ്ങള്‍ എന്നത് തന്നെ. “അക്ഷരജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാ കവാടമാണെന്നുള്ളത് ഓര്‍ക്കുക“ എന്ന കവിവാക്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അറിവ് തേടിയുള്ളതാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ബ്ലോഗ് എന്നതിനെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന ഒട്ടേറെ ബ്ലോഗുകള്‍ നമുക്കുണ്ട്. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇന്‍ഫ്യൂഷന്‍, മുതല്‍ ഈയടുത്ത് കെ.പി. സുകുമാരന്‍ അഞ്ചരകണ്ടിയുടെ ശിഥിലചിന്തകളില്‍ വരെ കണ്ടു അത്തരം കുറെ ടിപ്സ്.. അത് പോലെ തന്നെ കുട്ടികള്‍ക്കായും അദ്ധ്യാപകര്‍ക്കായും മലയാളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗ് എന്ന് പേരു കേട്ട മാത്‌സ് ബ്ലോഗുണ്ട്. സയന്‍സിലൂടെ സഞ്ചരിക്കാന്‍ സയന്‍സ് ലോകം മുതലായവയും ഉണ്ട്. പക്ഷെ ഈ ബ്ലോഗുകളൊക്കെ അതാതിന്റെതായ ഉദ്ദേശലക്ഷ്യങ്ങളില്‍ വിജയിച്ചവയെങ്കിലും ഇക്കുറി ഇവിടെ പരിചയപ്പെടുത്തുന്നത് മറ്റൊരു ബ്ലോഗാണ്‌.

നമുക്കറിയാം , ഇന്ന് മലയാളി ഏറ്റവും അധികം ബുദ്ധിമുട്ടനനുഭവിക്കുന്ന ഒരു മേഖലയാണ്‌ ഓര്‍മ്മ.. കാര്യങ്ങള്‍ ഓര്‍ത്തുവെക്കുക എന്നത് , അല്ലെങ്കില്‍ മെമ്മറി ഉപയോഗിച്ചുള്ള പല പരീക്ഷകളിലും നമ്മള്‍ പിന്നാക്കമാവുന്നതും ഇത്തരം ചില ടിപ്സ് അറിയാത്തത് കൊണ്ട് തന്നെ. പലപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിലോ അതിന്‌ ശേഷമോ അത്തരം കാര്യങ്ങള്‍ ആരും നമുക്ക് പഠിപ്പിച്ചു തരുന്നുമില്ല. ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരന്‍ എന്ന നിലക്ക് ഇത്തരം കോഴ്സുകള്‍ക്ക് ഏകദേശം ഇന്ന് എത്ര രൂപ ചിലവാകും എന്ന്‍ എനിക്ക് ഊഹിക്കാന്‍ കഴിയും എന്നിരിക്കെ, തികച്ചും സൌജന്യമായി മെന്‍ഡല്‍ എബിലിറ്റിയും മറ്റും വളര്‍ത്താനായി കുട്ടികള്‍ക്കും വലിയവര്‍ക്കുമായി ഒരു ബ്ലോഗ് എന്ന ആശയം കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷം തോന്നി. റീഫ്രഷ് മെമ്മറി എന്ന തന്റെ ബ്ലോഗിലൂടെ കൊട്ടോട്ടിക്കാരന്‍ ഉദ്ദേശിക്കുന്നതും അത്തരം ഒരു സേവനമാണെന്ന അറിവ് എനിക്ക് കൂടുതല്‍ സന്തോഷമുള്ളതായിരുന്നു.

കൊട്ടോട്ടിക്കാരന്റെ തന്റെ വാക്കുകള്‍ കടം കൊണ്ടാല്‍ "അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി." ഈ വാക്കുകളിലെ ആത്മാര്‍ത്ഥത റിഫ്രഷ് മെമ്മറി എന്ന ബ്ലോഗിലെ വളരെ കുറച്ചുമാത്രമുള്ള പോസ്റ്റുകളിലുമുണ്ട്. ഒരു പക്ഷെ ഒരു പഠനസഹായി ആയത് കൊണ്ടാവാം അധികം റേറ്റിങ് ഒന്നും കണ്ടില്ല ഈ ബ്ലോഗിന്‌!!! പോസ്റ്റുകള്‍ ഒരു കൃത്യമായ കാലയളവില്‍ വരാത്തത് കൊണ്ട് അഗ്രികളില്‍ അപ്‌ഡേറ്റുമാകുന്നില്ല എന്നതും വായനക്കാര്‍ കുറവാകാന്‍ കാരണമാകാം.. പക്ഷെ സുഹൃത്തുക്കളെ, നമ്മള്‍ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം എന്തെന്നാല്‍ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു മോട്ടിവേഷന്‍ ക്ലാസെന്ന നിലയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കണ്‍സല്‍ട്ടന്‍സിയെ കൊണ്ട് ചെയ്യിച്ചത് 25000 രൂപക്ക് മേലെ ചിലവഴിച്ചാണെന്ന് പറയുമ്പോള്‍ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങള്‍ തികച്ചും സൌജന്യമായി നമുക്ക് നല്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെ ആയിരിക്കണം എന്ന് ബ്ലോഗര്‍ നിഷ്കര്‍ഷിക്കുന്നു. കാരണം ഒരു പഠനസഹായി ആയതിനാല്‍ അത് അദ്ധ്യായങ്ങളുടെ ഓര്‍ഡറിലൂടെ പോയില്ലെങ്കില്‍ ഒരു പക്ഷെ പ്രയോജനപ്പെടില്ല എന്ന രചയിതാവിന്റെ വാദത്തോട് ഞാനും യോജിക്കുന്നു. ഇതിലെ ആക്റ്റിറ്റൂഡ് എന്ന അദ്ധ്യായത്തില്‍ പറയുന്ന വില്‍മ റിഡോള്‍ഫിന്റെ കഥ ഒരു പരിധിവരെ നമുക്കൊക്കെ ഒരു പ്രചോദനമാണ്. അല്ലെങ്കില്‍ പോളിയോ വന്ന് തളര്‍ന്ന് പോയ ഒരു കുട്ടിയെ അവളില്‍ ചെലുത്തിയ പോസിറ്റീവ് ആക്റ്റിറ്റൂഡ് ഒന്ന് കൊണ്ട് മാത്രം 1960 ലെ റോം ഓളിമ്പിക്സിലെ ഏറ്റവും മികച്ച ഓട്ടക്കാരിയാക്കി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് വിസ്മയകരവും അതേക്കാളുപരി ചിന്തനീയവുമാണ്‌.

രസകങ്ങളായ ചില സംഭവങ്ങളും റീഫ്രെഷ് മെമ്മറിയില്‍ ഉണ്ട്. അതില്‍ ഒന്നാണ്‌ മെന്‍ഡല്‍ കാറ്റലോഗ് എന്ന അദ്ധ്യായം. അതില്‍ രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിക്കുവാനുള്ള രസകരമായ ചില ടിപ്സുകള്‍ കൊട്ടോട്ടിക്കാരന്‍ വിശദീകരിച്ചിരിക്കുന്നു. ഉദാഹരണമായി, "ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്നത് !" എന്ന്‍കംബോഡിയ എന്ന രാജ്യത്തേയും നോംഫെന്‍ (NOM PHEN) എന്ന അതിന്റെ തലസ്ഥാനത്തെയും പറ്റി പറയുമ്പോള്‍; എനിക്ക് തോന്നുന്നു ഒരിക്കലും വായിച്ചവരാരും ഇനി മറക്കില്ല കംബോഡിയയുടെ തലസ്ഥാനമേതെന്ന്.. മുഴുവന്‍ പോസ്റ്റുകളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം റീഫ്രഷ് മെമ്മറി, ബ്ലോഗിങില്‍ നേരമ്പോക്കിനിടെ നമുക്ക് കിട്ടുന്ന അറിവിന്റെ, ടിപ്സുകളൂടെ നല്ലൊരു വിളനിലമാണ്‌. ആ വിളനിലത്തില്‍ നിന്നും അല്പം വിളവ് കൊയ്തെടുക്കേണ്ടത് നമ്മുടെ ആവശ്യവുമാണ്‌. മാത്രമല്ല, ഇത്തരം ഒരു ഉദ്യമത്തിനായി ബ്ലോഗര്‍ എടുത്ത എഫര്‍ട്ട് കണ്ടില്ല എന്ന് നടിച്ചാല്‍ അത് അറിവിനോടുള്ള നിന്ദയാവും എന്നത് കൊണ്ട് തന്നെ ഈ നവരാത്രി കാലത്ത് മറ്റൊരു ബ്ലോഗിനേയും പരിചയപ്പെടുത്താന്‍ ശ്രമിക്കാതെ ഈ റീഫ്രഷ് മെമ്മറിയില്‍ മാത്രമായി ഞാന്‍ ഈ സഞ്ചാരം അവസാനിപ്പിക്കട്ടെ..

വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ മനസ്സിലോര്‍ത്ത് കൊണ്ട് സഞ്ചാരത്തിന്റെ ഈ ആറാം ഭാഗം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

മനോരാജ്

വിധി : പ്രായോഗികമായ പരിഹാരംര്‍ക്കങ്ങളുടെയും തെളിവുകളുടെയും അന്തമില്ലാത്ത വാദ പ്രതിവാദങ്ങളുടെയും നീണ്ട ഇടനാഴികള്‍ പിന്നിട്ടു അലഹബാദ് കോടതി അതിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരിക്കുന്നു . അടിയന്തിരാവസ്ഥയ്ക്ക് കാരണമായത്‌ ഉള്‍പ്പടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച അനേകം വിധികള്‍ പുറപ്പെടുവിച്ചിട്ട് ഉണ്ടെങ്കിലും രാജ്യമൊട്ടാകെ ആ നീതി പീടത്തിലേക്ക് ഉറ്റു നോക്കി ഇതുപോലെ വീര്‍പ്പടക്കി നിന്നിട്ടുള്ളത് ഇതാദ്യമാവണം

തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ചു രാമ ജന്മഭൂമി ഉള്‍പ്പടെ ഉള്ള സ്ഥാനം ഹിന്ദു മഹാസഭയ്ക്കും, മറ്റൊരു മൂന്നിലൊന്നു വാഖ്‌ഫിനും , ബാക്കിയുള്ള ഭാഗം നിര്മോഹി ആഖാരയ്ക്കും അവകാശം നല്‍കികൊണ്ടാണ് വിധി പുറത്തു വന്നിട്ടുള്ളത്.

അയോധ്യാ തര്‍ക്കത്തിന്റെ നാള്‍ വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കില്‍ ചോരപ്പാടുകളും, ജാതി രാഷ്ട്രീയത്തിന്റെ ഇടപെടലും, അധികാരത്തിന്റെയും അസംതൃപ്തിയുടെയും പകയുടെയും കറുത്ത നിഴലുകളും ഒക്കെ കാണാം. രാമജന്മ ഭൂമി ബാബറി മസ്ജിദ് പ്രശ്ന പരമ്പരകള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടാക്കിയിട്ടുള്ള വിടവും മുറിവും വലുതാണ്‌. മതങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സാഹോദര്യ ഭാവം എന്ന സുന്ദര സങ്കല്പം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ ഒരിക്കലെങ്കിലും നിറവേറ്റുവാന്‍ നമുക്ക് ഒരിക്കലും കഴിയാതെ ഇരുന്നതിനു അയോധ്യാ തര്‍ക്കവും ഒരു കാരണം തന്നെയാണ്.

ഭൂതകാലം എന്ത് തന്നെ ആണെങ്കിലും ചരിത്രവും, നിയമവും, തെളിവുകളും ഒക്കെ എന്ത് തന്നെ ആണെങ്കിലും ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും അയോധ്യാ തര്‍ക്കത്തില്‍ കാംക്ഷിചിരുന്നത് പ്രായോഗികമായ ഒരു പരിഹാരം തന്നെ ആണ് എന്ന് എനിക്കുറപ്പുണ്ട്. ആ രീതിയില്‍ നിന്ന് നോക്കിയാല്‍ ഈ വിധിയെ ന്യായികരിക്കാന്‍ കഴിഞ്ഞേക്കും. കാരണം എന്റെ അഭിപ്രായത്തില്‍ ഈ വിധിയെ പൂര്‍ണ്ണമായും നിയമ വ്യവസ്ഥിതിയില്‍ അധിസ്ടിതമായ നീതിപൂര്‍വമായ ഒരു വിധി എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രായോഗികമായ ഒരൂ പ്രശ്ന പരിഹാരം എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. എഴുതപ്പെടാത്ത ചരിത്രവും, വിശ്വാസവും ഒക്കെ ആധാരമാക്കി വന്നിട്ടുള്ള ഈ വിധിയെ ഭാരതത്തിലെ അനേകം കോടതികളിലായി ഇന്നും നടക്കുന്ന ഒരു അവകാശ തര്‍ക്ക കേസിനും റഫറന്‍സ് ആയി എടുക്കാനാവുമോ എന്ന് എനിക്കറിയില്ല.

ഈ വിധിയില്‍ തങ്ങള്‍ അസംതൃപ്തരാനെന്നും പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും വഖ്‌ഫ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് അന്തിമ തീരുമാനം മിക്കവാറും ഇനിയും നീണ്ടേക്കാം. അതെന്തു തന്നെ ആയാലും, പ്രായോഗികമായി നോക്കിയാല്‍ ഇപ്പോള്‍ വന്നത് പോലെ ഉള്ള ഒരു വിധിക്കല്ലേ ഇനിയും അണയാതെ കിടക്കുന്ന കനലുകളും,ഉണങ്ങാത്ത മുറിവുകളും പൂര്‍ണ്ണമായി അല്ലെങ്കിലും രമ്യമായി എങ്കിലും പരിഹരിക്കുവാനാവൂ? അല്ലാതെ ഒരു വിഭാഗത്തിനെ പൂര്‍ണ്ണമായി അവഗണിച്ചു കൊണ്ടുള്ള ഒരു വിധിക്ക് ഭാരത ജനതയുടെ മനസ്സില്‍ ഇനിയും വിഭജനത്തിന്റെ മതിലുകള്‍ തീര്ക്കുവാനെ കഴിയൂ.

അത് കൊണ്ട് തന്നെ അയോധ്യാ തര്‍ക്കത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും ഇനിയും ഒരു പക്ഷെ ഇതിനു മുകളില്‍ വന്നെക്കവുന്നതുമായ വിധികളെ പ്രായോഗികതയുടെ മുഴക്കോല് കൊണ്ട് അളക്കുവാനും, അതിനനുസരിച്ച് പക്വതയോടെ പെരുമാരുവാനും നാനാ ജാതി മതസ്തരടങ്ങിയ എന്റെ നാടിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . വിധിയില്‍ അല്‍പ്പമെങ്കിലും അസംപ്തൃപ്തി തോന്നിയാലും, പ്രിയ സഹോദരന്മാരെ നമ്മുടെ സ്വന്തം മണ്ണിന്റെ , ഈ ഭാരതത്തിന്റെ നല്ല ഭാവിക്ക് വേണ്ടി ആ അതൃപ്തിയെ നിങ്ങളുടെ മനസ്സില്‍ നിന്ന് തുടച്ചു കളയാന്‍ ശ്രമിക്കണം.

ഭൂതകാലത്തിന്റെ കറുത്ത ഒരേട്‌ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ ഇടവരുത്തരുത്.

ജയ്‌ ഹിന്ദ്.

സസ്നേഹം,
കണ്ണനുണ്ണി


Popular Posts