ജനാധിപത്യത്തിലെ സ്ത്രീ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍

എസ്. കുമാര്‍

വരുന്ന ഒക്ടോബര്‍ മാസം 23,25 തിയതികളില്‍ കേരളത്തിലെ 1207 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 21,595 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജനാധിപത്യ പ്രക്രിയയുടെ വിവിധ തലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ഗവണ്മെന്റ് സ്തീ സംവരണം അമ്പതു ശതമാനമാക്കി. സ്വാഭാവികമായും ഈ നടപടി അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുവാനുള്ള അവസരമാണ് ഒരുക്കുന്നത്. പല വിധകാരണങ്ങളാല്‍ സ്തീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല എന്നതിന്റെ കൂടെ വെളിച്ചത്തില്‍ ആകണം ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ നയിച്ചത്. സ്ത്രീകള്‍ക്കിടയില്‍ നിന്നും ജനപ്രതിനിധികള്‍ എന്ന നിലയില്‍ പുതുമുഖങ്ങളുടെ കടന്നുവരവ് പല സ്ഥിരം ആളുകളുടേയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം അതുപോലെ പരിചയക്കുറവിന്റെ ചിലപ്പോള്‍ ചില ന്യൂനതകള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ സ്വാഗതാര്‍ഹമാണ് ഈ തീരുമാനം.

വിവിധ ഘട്ടങ്ങലില്‍ പിതാവിനാലും, ഭര്‍ത്താവിനാലും, പുത്രനാലും സംരക്ഷിക്കപ്പെടും അതിനാല്‍ ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്ന് മനു(?)സ്മൃതി വാക്യം ഉയര്‍ന്നുവന്ന വിഭാഗത്തിലെ പുതു തലമുറ അതിനെ എന്നേ തള്ളിക്കളഞ്ഞിരിക്കുന്നു. ചില താര്‍ക്കികന്മാര്‍ ഇപ്പോളും ഈ വാചകത്തെ സൌകര്യപൂര്‍വ്വം പലയിടങ്ങളിലും പ്രയോഗിക്കും എങ്കിലും ഈ വിഭാഗത്തിലെ ആധുനീക സ്ത്രീ സമൂഹം അതില്‍നിന്നും മോചിതരായിട്ട് കാലമേറെയായി. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളെ അതിജീവിക്കുവാന്‍ ആയവര്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമീണ മേഘലയിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായും, സാമൂഹികമായും വളരെയധികം മുന്നേറിയിരിക്കുന്നു. സമീപ ഭാവിയിലൊന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം ഒരു തീരുമാനം നടപ്പിലാകും എന്ന് കരുതുവാന്‍ ആകില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിന്റെ വ്യത്യാസം തന്നെ ആണ് ഈ നടപടിയെ അര്‍ഥവത്താക്കുന്നതും.

കേരളീയ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലും സ്ത്രീ പങ്കാളിത്തം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ എന്നാല്‍ പ്രസവിക്കുവാനും, പണിയെടുക്കുവാനും, ലൈംഗീകമായ ഉപയോഗത്തിനായും കരുതുന്ന അപരിഷ്കൃത സമൂഹങ്ങള്‍ ഇന്നും നിലനില്‍ക്കുമ്പോള്‍ കേരളം അതിനൊരു അപവാദമായി മുന്നോട്ട് കുതിക്കുന്നു. അതിന്റെ ഭാഗമായി സ്തീകള്‍ രാജ്യത്തിനകത്തും പുറത്തും പല മേഖലകളിലായി ഉന്നത സ്ഥാനങ്ങളില്‍ അടക്കം പ്രവര്‍ത്തിക്കുന്നു. വിദേശരാജ്യങ്ങളില്‍ വിവിധ മേഘലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ നല്ല ഒരു ശതമാനം മലയാളികളാണ്. (കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവതിക്ക് മാന്യമായതും തന്റെ താല്പര്യത്തിനു അനുസരിച്ചുള്ളതുമായ വസ്ത്രധാരണത്തിനു സംരക്ഷണം ആവശ്യപ്പെട്ട് കോടതി കേറേണ്ടി വന്നു എന്നത് വിസ്മരിക്കുന്നില്ല.) ഈ കുതിപ്പിനെ കടിഞ്ഞാണിടുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ പലവിധത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതിനെ അതിജീവിക്കുന്നതിനുള്ള പ്രയത്നം എന്നും ഉണ്ടായിക്കൊണ്ടിരിക്കും. ഭീഷണിയ്ക്ക് വഴങ്ങാതെ മുന്നോട്ട് പോയ മേല്പറഞ്ഞ യുവതിയെ പോലുള്ളവര്‍ ഇതിനു ഉദാഹരണമാണ്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് അതിലേക്കുള്ള മതങ്ങളുടെ കടന്നു കയറ്റമാണ്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി പലരും മതത്തെ കണ്ടു. വിവിധ മതങ്ങള്‍ സംഘടിത ശക്തികളായി, സമ്മര്‍ദ്ധ ഗ്രൂപ്പുകളായി മാറി. പൊതു പ്രസ്ഥാനങ്ങള്‍ പോലും വോട്ട്ബാങ്ക് നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ഒരു സാധാരണ സംഗതിയായി മാറി. ഇതു കൂടാതെ മതത്തിന്റെ അടിസ്ഥനാത്തില്‍ പ്രവര്‍ത്തിക്കുന്ന "ജനാധിപത്യ"(?) പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുകയും അവര്‍ പലപ്പോഴും അധികാരത്തിലെത്തുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങള്‍ അധികപക്ഷവും സ്ത്രീകളെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുക പതിവില്ല. പേരിനു ഏതാനും ചിലര്‍ ഉണ്ടായിരിക്കും എങ്കിലും പൊതുവില്‍ സ്ത്രീകള്‍ക്ക് ഇടം കുറവായിരിക്കും. ഇത്തരം സംഘടനകളുടെ പൊതു പരിപാടികളിലും സ്ത്രീ പങ്കാളിത്തം കുറവായിരിക്കും.

ജനകീയാസൂത്രണവും, ദേശീയ തൊഴിലുറപ്പു പദ്ധതിയും, കുടുമ്പശ്രീയുമെല്ലാം സ്ത്രീ ശാക്തീകരണത്തിനു ആക്കം വര്‍ദ്ധിപ്പിച്ചു. കുടുമ്പശ്രീയൂണിറ്റുകള്‍ വഴി നിരവധി സ്തീകള്‍ക്ക് സ്വന്തമായി ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സാധിക്കുന്നു. പ്രശ്നങ്ങളെ പറ്റി മനസ്സിലാക്കുവാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുവാനും, പോംവഴികണ്ടെത്തുവാനും എല്ലാം അവര്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം ഉണ്ടായിരിക്കുന്നു. സ്ത്രീ സമൂഹം മുന്നോട്ട് കുതിക്കുമ്പോള്‍ പക്ഷെ ചില യാദാസ്ഥിതികര്‍ മതത്തിന്റേയും ആചാരത്തിന്റെയും പേരു പറഞ്ഞുകൊണ്ട് അവരെ പുറകോട്ട് വലിക്കുവാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നു എന്നതും കാണാതെ വയ്യ. മേല്പറഞ്ഞ അമ്പതു ശതമാനം സംവരണം പല മതാധിഷ്ടിത സംഘടനകളേയും അസ്വസ്ഥരാക്കുകയോ പ്രതിസന്ധിയിലാക്കുകയോ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അവസരം കുറവുള്ള അല്ലെങ്കില്‍ അവരെ അതിനു പ്രോത്സാഹിപ്പിക്കാത്ത പല പ്രസ്ഥാനങ്ങളും സ്ഥാനാര്‍ഥികളെ കണ്ടെത്തുവാനാകാതെ ബുദ്ധിമുട്ടുന്നതായിട്ടാണ് റിപ്പോര്‍ടുകള്‍. സ്ത്രീകള്‍ക്ക് നിശ്ചിത ശതമാനം സീറ്റ് നിര്‍ബന്ധിതമാക്കിയതോടെ ഇത്തരക്കാര്‍ സ്ത്രീകളെ സ്ഥനാര്‍ഥികളാക്കുവാന്‍ നിര്‍ബന്ധിതരായി, എന്നാല്‍ തങ്ങളുടെ മേല്‍ക്കോയ്മയ്ക്ക് കൊട്ടം വരാതിരിക്കുവാന്‍ സ്തീകള്‍ക്ക് പല വിധ "പെരുമാറ്റ ചട്ടങ്ങളും" ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു എന്ന് മാധ്യമ റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പുരുഷ മേല്‍ക്കോയ്മയില്‍ നിന്നും കുതറി മാറുന്ന സ്ത്രീത്വത്തെ ചൊല്പടിയില്‍ നിര്‍ത്തുവാന്‍ കാണുന്ന എളുപ്പ വഴിയായി മതവിസ്വാസം മാറിക്കൂട. സ്ത്രീക്ക് അച്ചടക്കം വേണം എന്ന് പറയുമ്പോള്‍ ആ അച്ചടക്കം പൊതു സമൂഹത്തില്‍ പ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനും, പ്രതികരിക്കുവാനും ഉള്ള ജനാധിപത്യപരമായ അവകാശത്തിനു കൂച്ചുവിലങ്ങിടുന്ന രീതിയില്‍ ആകരുത്. സ്ത്രീ പുരുഷനുമായി വേദിപങ്കിടുന്നതോ, ജാഥയില്‍ മുദ്രാവാക്യം വിളിക്കുന്നതോ എങ്ങിനെ അച്ചടക്ക ലംഘനമാകും? ഒരു പൊതു പ്രവര്‍ത്തക ഒരിക്കലും മതപരമായ വിവേചനത്തോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടവള്‍ അല്ല.

ഒരു വ്യക്തിക്ക് "മതപരമായ" ഇത്തരം നിയമങ്ങള്‍ക്കനുസൃതമായി പാര്‍ടിക്കത്ത് പ്രവര്‍ത്തിക്കാം. എന്നാല്‍ പൊതു സമൂഹത്തില്‍ ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ഇത്തരം നിയമങ്ങള്‍ക്ക് പ്രസക്തിയുണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു ജനപ്രതിനിധിയുടേത് വേതനം വാങ്ങിക്കൊണ്ടുള്ള സേവനമാണ്. സാമ്പത്തീകമായോ, മതപരമായോ ഉള്ള വിവേചനമില്ലാതെ എല്ലാവരേയും ഒരേ പോലെ കാണുവാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ട്. പുരുഷനൊപ്പം/അന്യമതസ്ഥനൊപ്പം വേദി പങ്കിടേണ്ടി വരും, സമരം നയിക്കേണ്ടി വരും, ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരും. അതായത് സത്യപ്രതിഞ്ജയെ മാനിക്കുന്നവരെ സംബന്ധിച്ച് മതപരമായ പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് പൊതു വിഷയങ്ങളില്‍/ചടങ്ങുകളില്‍ നിന്നും മാറിനില്‍ക്കുവാന്‍ ആകില്ല.

പൊതു രംഗത്ത് ധാരാളം സ്ത്രീകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ പലപ്പോഴും ജാഥകള്‍ നയിക്കുകയും, പൊതു വേദിയില്‍ പ്രസംഗിക്കുകയും, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ട് ഇവര്‍ ആരെങ്കിലും മോശക്കാരികള്‍ ആണെന്ന് പറയുവാന്‍ ആകുമോ? ഏതാനും ചിലര്‍ക്ക് മാത്രം ഇത്തരം നിബന്ധനകള്‍ കൊണ്ടു വരുമ്പോള്‍ അത് ജനാധിപത്യത്തിന്റെ സക്രിയമായ മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുകയാകും ചെയ്യുക.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടേയും മറ്റും ഭാഗമായി ഒരോ ജനപ്രതിനിധിക്കും ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട്. വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തരവാദിത്വം ആണ് അവര്‍ക്ക് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഉണ്ടാകും. മെമ്പര്‍ എന്ന നിലയില്‍ ഇത്തരം വേദികളില്‍ നിന്നും അവര്‍ക്ക് വിട്ടുനില്‍ക്കുവാന്‍ ആകില്ല. അവരുടെ സാന്നിധ്യ ആവശ്യമുള്ള ഇടങ്ങളില്‍ ഉണ്ടായേ പറ്റൂ. തന്റെ നിയോജകമണ്ഡലത്തിലെ/വാര്‍ഡിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്/ചര്‍ച്ച നടക്കുമ്പോള്‍ സമയം വൈകീട്ട് ആറുമണി കഴിഞ്ഞു എന്ന് പറഞ്ഞ് ഉത്തരവാദിത്വപെട്ട ജനപ്രതിനിധി വേദി വിടുമ്പോള്‍ എന്താകും സ്ഥിതി? ഇവിടെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് കടുത്ത "മതനിയമങ്ങളെ" മുറുകെ പിടിക്കുന്നവരെ സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുക എന്നതായിരിക്കില്ലേ അഭികാമ്യം? കാലഘട്ടത്തിനൊത്ത് ഉയര്‍ന്നു വരാത്ത ഇത്തരക്കാരെ ജയിപ്പിച്ച് തങ്ങളുടെ ജനപ്രതിനിധിയാക്കുന്നതിനെ പറ്റി സമൂഹം ഒരുവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

1 Response to "ജനാധിപത്യത്തിലെ സ്ത്രീ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍"

  1. പുരുഷന്മാരുടെ ഇച്ചയ്ക്കനുസരിച്ച് നീങ്ങുന്ന സ്തീകളെ മത്സരിപ്പിക്കുവാന്‍ ആയിരിക്കും താല്പര്യം എടുക്കുക. സ്തീകള്‍ക്ക് സ്വതന്ത്രമായ ഒരു നിലപാട് എടുക്കുവാനും മുന്നോട്ടു പോകുവാനും എത്രമാത്രം കഴിയും എന്ന് കാത്തിരിന്നു കാണേണ്ടിവരും. വികസന ചര്‍ച്ചകള്‍ക്കല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ക്കും ആണ് പ്രാധാന്യം നല്‍കേണ്ടത്. ചര്‍ച്ചകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത നാടാണ് കേരളം.

    ഒരു മലയാള പ്രസിദ്ധീകരണത്തില്‍ റയാനയുടെ ഇന്റര്‍വ്യൂ വായിച്ചിരുന്നു. നമ്മള്‍ മലയാളികള്‍ സംസകാര സമ്പന്നരും പുരോഗമന ചിന്താഗതിക്കാരും ആണെന്ന് ഇനിയും പറയുവാന്‍ ലജ്ജ തോന്നുന്നില്ലേ?

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts