ജനാധിപത്യത്തിലെ സ്ത്രീ മുന്നേറ്റത്തിന്  കൂച്ചുവിലങ്ങിടുമ്പോള്‍

ജനാധിപത്യത്തിലെ സ്ത്രീ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍

എസ്. കുമാര്‍

വരുന്ന ഒക്ടോബര്‍ മാസം 23,25 തിയതികളില്‍ കേരളത്തിലെ 1207 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 21,595 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജനാധിപത്യ പ്രക്രിയയുടെ വിവിധ തലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ഗവണ്മെന്റ് സ്തീ സംവരണം അമ്പതു ശതമാനമാക്കി. സ്വാഭാവികമായും ഈ നടപടി അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുവാനുള്ള അവസരമാണ് ഒരുക്കുന്നത്. പല വിധകാരണങ്ങളാല്‍ സ്തീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല എന്നതിന്റെ കൂടെ വെളിച്ചത്തില്‍ ആകണം ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ നയിച്ചത്. സ്ത്രീകള്‍ക്കിടയില്‍ നിന്നും ജനപ്രതിനിധികള്‍ എന്ന നിലയില്‍ പുതുമുഖങ്ങളുടെ കടന്നുവരവ് പല സ്ഥിരം ആളുകളുടേയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം അതുപോലെ പരിചയക്കുറവിന്റെ ചിലപ്പോള്‍ ചില ന്യൂനതകള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ സ്വാഗതാര്‍ഹമാണ് ഈ തീരുമാനം.

വിവിധ ഘട്ടങ്ങലില്‍ പിതാവിനാലും, ഭര്‍ത്താവിനാലും, പുത്രനാലും സംരക്ഷിക്കപ്പെടും അതിനാല്‍ ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്ന് മനു(?)സ്മൃതി വാക്യം ഉയര്‍ന്നുവന്ന വിഭാഗത്തിലെ പുതു തലമുറ അതിനെ എന്നേ തള്ളിക്കളഞ്ഞിരിക്കുന്നു. ചില താര്‍ക്കികന്മാര്‍ ഇപ്പോളും ഈ വാചകത്തെ സൌകര്യപൂര്‍വ്വം പലയിടങ്ങളിലും പ്രയോഗിക്കും എങ്കിലും ഈ വിഭാഗത്തിലെ ആധുനീക സ്ത്രീ സമൂഹം അതില്‍നിന്നും മോചിതരായിട്ട് കാലമേറെയായി. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളെ അതിജീവിക്കുവാന്‍ ആയവര്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമീണ മേഘലയിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായും, സാമൂഹികമായും വളരെയധികം മുന്നേറിയിരിക്കുന്നു. സമീപ ഭാവിയിലൊന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം ഒരു തീരുമാനം നടപ്പിലാകും എന്ന് കരുതുവാന്‍ ആകില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിന്റെ വ്യത്യാസം തന്നെ ആണ് ഈ നടപടിയെ അര്‍ഥവത്താക്കുന്നതും.

കേരളീയ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലും സ്ത്രീ പങ്കാളിത്തം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ എന്നാല്‍ പ്രസവിക്കുവാനും, പണിയെടുക്കുവാനും, ലൈംഗീകമായ ഉപയോഗത്തിനായും കരുതുന്ന അപരിഷ്കൃത സമൂഹങ്ങള്‍ ഇന്നും നിലനില്‍ക്കുമ്പോള്‍ കേരളം അതിനൊരു അപവാദമായി മുന്നോട്ട് കുതിക്കുന്നു. അതിന്റെ ഭാഗമായി സ്തീകള്‍ രാജ്യത്തിനകത്തും പുറത്തും പല മേഖലകളിലായി ഉന്നത സ്ഥാനങ്ങളില്‍ അടക്കം പ്രവര്‍ത്തിക്കുന്നു. വിദേശരാജ്യങ്ങളില്‍ വിവിധ മേഘലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ നല്ല ഒരു ശതമാനം മലയാളികളാണ്. (കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവതിക്ക് മാന്യമായതും തന്റെ താല്പര്യത്തിനു അനുസരിച്ചുള്ളതുമായ വസ്ത്രധാരണത്തിനു സംരക്ഷണം ആവശ്യപ്പെട്ട് കോടതി കേറേണ്ടി വന്നു എന്നത് വിസ്മരിക്കുന്നില്ല.) ഈ കുതിപ്പിനെ കടിഞ്ഞാണിടുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ പലവിധത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതിനെ അതിജീവിക്കുന്നതിനുള്ള പ്രയത്നം എന്നും ഉണ്ടായിക്കൊണ്ടിരിക്കും. ഭീഷണിയ്ക്ക് വഴങ്ങാതെ മുന്നോട്ട് പോയ മേല്പറഞ്ഞ യുവതിയെ പോലുള്ളവര്‍ ഇതിനു ഉദാഹരണമാണ്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് അതിലേക്കുള്ള മതങ്ങളുടെ കടന്നു കയറ്റമാണ്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി പലരും മതത്തെ കണ്ടു. വിവിധ മതങ്ങള്‍ സംഘടിത ശക്തികളായി, സമ്മര്‍ദ്ധ ഗ്രൂപ്പുകളായി മാറി. പൊതു പ്രസ്ഥാനങ്ങള്‍ പോലും വോട്ട്ബാങ്ക് നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ഒരു സാധാരണ സംഗതിയായി മാറി. ഇതു കൂടാതെ മതത്തിന്റെ അടിസ്ഥനാത്തില്‍ പ്രവര്‍ത്തിക്കുന്ന "ജനാധിപത്യ"(?) പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുകയും അവര്‍ പലപ്പോഴും അധികാരത്തിലെത്തുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങള്‍ അധികപക്ഷവും സ്ത്രീകളെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുക പതിവില്ല. പേരിനു ഏതാനും ചിലര്‍ ഉണ്ടായിരിക്കും എങ്കിലും പൊതുവില്‍ സ്ത്രീകള്‍ക്ക് ഇടം കുറവായിരിക്കും. ഇത്തരം സംഘടനകളുടെ പൊതു പരിപാടികളിലും സ്ത്രീ പങ്കാളിത്തം കുറവായിരിക്കും.

ജനകീയാസൂത്രണവും, ദേശീയ തൊഴിലുറപ്പു പദ്ധതിയും, കുടുമ്പശ്രീയുമെല്ലാം സ്ത്രീ ശാക്തീകരണത്തിനു ആക്കം വര്‍ദ്ധിപ്പിച്ചു. കുടുമ്പശ്രീയൂണിറ്റുകള്‍ വഴി നിരവധി സ്തീകള്‍ക്ക് സ്വന്തമായി ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സാധിക്കുന്നു. പ്രശ്നങ്ങളെ പറ്റി മനസ്സിലാക്കുവാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുവാനും, പോംവഴികണ്ടെത്തുവാനും എല്ലാം അവര്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം ഉണ്ടായിരിക്കുന്നു. സ്ത്രീ സമൂഹം മുന്നോട്ട് കുതിക്കുമ്പോള്‍ പക്ഷെ ചില യാദാസ്ഥിതികര്‍ മതത്തിന്റേയും ആചാരത്തിന്റെയും പേരു പറഞ്ഞുകൊണ്ട് അവരെ പുറകോട്ട് വലിക്കുവാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നു എന്നതും കാണാതെ വയ്യ. മേല്പറഞ്ഞ അമ്പതു ശതമാനം സംവരണം പല മതാധിഷ്ടിത സംഘടനകളേയും അസ്വസ്ഥരാക്കുകയോ പ്രതിസന്ധിയിലാക്കുകയോ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അവസരം കുറവുള്ള അല്ലെങ്കില്‍ അവരെ അതിനു പ്രോത്സാഹിപ്പിക്കാത്ത പല പ്രസ്ഥാനങ്ങളും സ്ഥാനാര്‍ഥികളെ കണ്ടെത്തുവാനാകാതെ ബുദ്ധിമുട്ടുന്നതായിട്ടാണ് റിപ്പോര്‍ടുകള്‍. സ്ത്രീകള്‍ക്ക് നിശ്ചിത ശതമാനം സീറ്റ് നിര്‍ബന്ധിതമാക്കിയതോടെ ഇത്തരക്കാര്‍ സ്ത്രീകളെ സ്ഥനാര്‍ഥികളാക്കുവാന്‍ നിര്‍ബന്ധിതരായി, എന്നാല്‍ തങ്ങളുടെ മേല്‍ക്കോയ്മയ്ക്ക് കൊട്ടം വരാതിരിക്കുവാന്‍ സ്തീകള്‍ക്ക് പല വിധ "പെരുമാറ്റ ചട്ടങ്ങളും" ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു എന്ന് മാധ്യമ റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പുരുഷ മേല്‍ക്കോയ്മയില്‍ നിന്നും കുതറി മാറുന്ന സ്ത്രീത്വത്തെ ചൊല്പടിയില്‍ നിര്‍ത്തുവാന്‍ കാണുന്ന എളുപ്പ വഴിയായി മതവിസ്വാസം മാറിക്കൂട. സ്ത്രീക്ക് അച്ചടക്കം വേണം എന്ന് പറയുമ്പോള്‍ ആ അച്ചടക്കം പൊതു സമൂഹത്തില്‍ പ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനും, പ്രതികരിക്കുവാനും ഉള്ള ജനാധിപത്യപരമായ അവകാശത്തിനു കൂച്ചുവിലങ്ങിടുന്ന രീതിയില്‍ ആകരുത്. സ്ത്രീ പുരുഷനുമായി വേദിപങ്കിടുന്നതോ, ജാഥയില്‍ മുദ്രാവാക്യം വിളിക്കുന്നതോ എങ്ങിനെ അച്ചടക്ക ലംഘനമാകും? ഒരു പൊതു പ്രവര്‍ത്തക ഒരിക്കലും മതപരമായ വിവേചനത്തോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടവള്‍ അല്ല.

ഒരു വ്യക്തിക്ക് "മതപരമായ" ഇത്തരം നിയമങ്ങള്‍ക്കനുസൃതമായി പാര്‍ടിക്കത്ത് പ്രവര്‍ത്തിക്കാം. എന്നാല്‍ പൊതു സമൂഹത്തില്‍ ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ഇത്തരം നിയമങ്ങള്‍ക്ക് പ്രസക്തിയുണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു ജനപ്രതിനിധിയുടേത് വേതനം വാങ്ങിക്കൊണ്ടുള്ള സേവനമാണ്. സാമ്പത്തീകമായോ, മതപരമായോ ഉള്ള വിവേചനമില്ലാതെ എല്ലാവരേയും ഒരേ പോലെ കാണുവാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ട്. പുരുഷനൊപ്പം/അന്യമതസ്ഥനൊപ്പം വേദി പങ്കിടേണ്ടി വരും, സമരം നയിക്കേണ്ടി വരും, ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരും. അതായത് സത്യപ്രതിഞ്ജയെ മാനിക്കുന്നവരെ സംബന്ധിച്ച് മതപരമായ പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് പൊതു വിഷയങ്ങളില്‍/ചടങ്ങുകളില്‍ നിന്നും മാറിനില്‍ക്കുവാന്‍ ആകില്ല.

പൊതു രംഗത്ത് ധാരാളം സ്ത്രീകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ പലപ്പോഴും ജാഥകള്‍ നയിക്കുകയും, പൊതു വേദിയില്‍ പ്രസംഗിക്കുകയും, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ട് ഇവര്‍ ആരെങ്കിലും മോശക്കാരികള്‍ ആണെന്ന് പറയുവാന്‍ ആകുമോ? ഏതാനും ചിലര്‍ക്ക് മാത്രം ഇത്തരം നിബന്ധനകള്‍ കൊണ്ടു വരുമ്പോള്‍ അത് ജനാധിപത്യത്തിന്റെ സക്രിയമായ മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുകയാകും ചെയ്യുക.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടേയും മറ്റും ഭാഗമായി ഒരോ ജനപ്രതിനിധിക്കും ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട്. വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തരവാദിത്വം ആണ് അവര്‍ക്ക് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഉണ്ടാകും. മെമ്പര്‍ എന്ന നിലയില്‍ ഇത്തരം വേദികളില്‍ നിന്നും അവര്‍ക്ക് വിട്ടുനില്‍ക്കുവാന്‍ ആകില്ല. അവരുടെ സാന്നിധ്യ ആവശ്യമുള്ള ഇടങ്ങളില്‍ ഉണ്ടായേ പറ്റൂ. തന്റെ നിയോജകമണ്ഡലത്തിലെ/വാര്‍ഡിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്/ചര്‍ച്ച നടക്കുമ്പോള്‍ സമയം വൈകീട്ട് ആറുമണി കഴിഞ്ഞു എന്ന് പറഞ്ഞ് ഉത്തരവാദിത്വപെട്ട ജനപ്രതിനിധി വേദി വിടുമ്പോള്‍ എന്താകും സ്ഥിതി? ഇവിടെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് കടുത്ത "മതനിയമങ്ങളെ" മുറുകെ പിടിക്കുന്നവരെ സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുക എന്നതായിരിക്കില്ലേ അഭികാമ്യം? കാലഘട്ടത്തിനൊത്ത് ഉയര്‍ന്നു വരാത്ത ഇത്തരക്കാരെ ജയിപ്പിച്ച് തങ്ങളുടെ ജനപ്രതിനിധിയാക്കുന്നതിനെ പറ്റി സമൂഹം ഒരുവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14

നൈലിന്റെ തീരങ്ങളിലൂടെ Part - 1 - 2 - 3 - 4 - 5 - 6 - 7 - 8 - 9 - 10 - 11 - 12 - 13സജി മാര്‍ക്കോസ്

പിരമിഡുകള്‍ കഴിഞ്ഞാല്‍ ഈജിപ്റ്റില്‍ ഏറ്റവും അധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുരാതന ക്ഷേത്ര സമുച്ചയമാണ്, ലുക്സര്‍ പട്ടണത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന കര്‍ണാക് ക്ഷേത്രം.

ലോകത്തിലെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും വലിയ പുരാതന ക്ഷേത്രവും ഇതു തന്നെ. ഇരുന്നൂറ്റി നാല്പത്തി ഏഴ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കര്‍ണാക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം ക്ഷേത്രത്തിനുള്ളില്‍ പണിതിരിക്കുന്ന ഭീമാകാരങ്ങളായ തൂണുകള്‍ ആണ്. ഏതാണ്ട് നാല്പത്തി അഞ്ച് അടി ചുറ്റളവും, എഴുപത് അടി ഉയരവുമുള്ള നൂറ്റിമുപ്പത്തിനാലു കൂറ്റന്‍ തൂണുകള്‍ ക്ഷേത്രാങ്കണത്തില്‍ ഉണ്ട്.

ഈജിപ്റ്റിലെ മറ്റു ക്ഷേത്രങ്ങള്‍ക്ക് സമാനമായ രൂപവും, ശില്പ്പങ്ങളും കൊത്തു പണികളും ആണുള്ളത് എങ്കിലും അതിന്റെ അസാധാരണമായ വലിപ്പവും നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എടുത്ത കാലദൈര്‍ഘ്യവും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണാക് ക്ഷേത്രത്തെ വ്യത്യസ്തതയുള്ളതാക്കുന്നു. ക്രിസ്തുവിനു മുന്‍പ് 1550ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഏതാണ്ടു 1300 വര്‍ഷങ്ങള്‍ എടുത്തുവെന്നു ചരിത്രം പറയുന്നു. അതായത് മുപ്പതു ഫറവോമാരുടെ ഭരണകാലം കൊണ്ടാണ് സങ്കീര്‍ണ്ണവും ബൃഹത്തുമായ കര്‍ണാക് ക്ഷേത്രം പൂര്‍ണ്ണ രൂപത്തില്‍ എത്തിയത്.
ഈജിപ്ഷ്യന്‍ ദേവന്മാരുടെ ദേവനായിരുന്ന ആമോന്‍-റേയുടെ ക്ഷേത്രമായിരുന്നു കര്‍ണാക് ടെമ്പിള്‍. ആമോന്‍‌‌-റേയുടെ ഭാര്യ മഡ്, മകന്‍ കൊന്‍സു തുടങ്ങിയവര്‍ക്കും പ്രത്യേകം പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ ഈ ക്ഷേത്ര വളപ്പിനുള്ളിലുണ്ട്.
ഇരു വശത്തും അനവധി സ്പിങ്ങ്സുകളുടെ നീണ്ട നിര പ്രവേശനന കവാടത്തില്‍ കാണാം. പിന്നില്‍ കൂറ്റന്‍ പ്രവേശന കവാടവും ചുറ്റു മതിലും.

ക്ഷേത്രത്തിന്റെ പിന്‍വശത്ത് പുരോഹിതന്മാര്‍ക്കു അവരുടെ മത ചടങ്ങുകളുടെ ഭാഗമായി ദേഹ ശുദ്ധിവരുത്തുവാന്‍ വിശാലമായ കുളവും നിര്‍മ്മിച്ചിരിക്കുന്നു.

ഞങ്ങള്‍ കര്‍ണാക്കിലെ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ ഇരുള്‍ വീണു തുടങ്ങിയിരുന്നു. ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ കണ്ടില്ല എങ്കില്‍ പിന്നെ കര്‍ണാക്ക് ഷേത്രത്തില്‍ വരുന്നതില്‍ ഒരു കാര്യവും ഇല്ല എന്നായിരുന്നു സെയിദിന്റെ അഭിപ്രായം. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റും ഞങ്ങളെ ഏല്‍പ്പിച്ചിട്ടു ഷോ കഴിയുമ്പോള്‍ കാണാമെന്നു പറഞ്ഞു സെയിദ് പിരിഞ്ഞു.

വിശാലമായ പാര്‍ക്കിംഗ് ഗ്രണ്ടിലൂടെ ഞങ്ങള്‍ നടന്നു. ചെറിയ തണുപ്പു വീണുതുടങ്ങിയിരിക്കുന്നു. പാര്‍ക്കിംഗ് ഗ്രൌണ്ടിന്റെ ഒരു വശത്ത് പ്രവേശനടിക്കറ്റ് കൊടുക്കുന്ന ചെറിയ ഓഫീസ്. അടുത്ത ഷോയ്ക്ക് അര മണിക്കൂര്‍ താമസം ഉണ്ടെന്നു അവിടുത്തെ മാനേജര്‍ അറിയിച്ചു. പിന്നീട് അയാള്‍ വെളിയില്‍ ഇറങ്ങി വന്ന് കുശലം പറഞ്ഞു. ഗള്‍ഫില്‍ ജോലിക്കെത്തുന്ന ഈജിപ്റ്റുകാര്‍ എങ്ങിനെ ഇത്ര ‘വെറുക്കപ്പെട്ടവര്‍‘ ആകുന്നു എന്നു മാത്രം മനസിലായില്ല. ഏതായാലും ഒരു കാര്യം ഉറപ്പ്, ഗള്‍ഫില്‍ കാണുന്നതല്ല ഈജിപ്റ്റുകാരന്റെ ശരിയായ മുഖം.ഇന്ത്യയെക്കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോല്‍ ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നാതിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍ഗില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വന്നത് ഓര്‍മ്മ വന്നു. അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രകടിപ്പിച്ചു കൊണ്ട് ബോംബെ കാമാട്ടിപുരത്തെ വേശ്യകള്‍ നടത്തിയ ഒരു പ്രകടനത്തിന്റെ വിശേഷങ്ങള്‍ ചിത്രസഹിതം. ഗതികേടുകൊണ്ടും,നിര്‍ബന്ധത്താലും മാനം വിറ്റു ജീവിക്കുന്നവര്‍ നാടിന്റെ മാനം കാക്കുന്ന വീര ജവാന്മാര്‍ക്ക് നല്‍കുന്ന ഹൃദയം നിറഞ്ഞ പിന്തുണ. ദേശ സ്നേഹത്തിന്റെ ഒരു സമുദ്രം ഉള്ളില്‍്‍ തിരയടിക്കുന്നത് അന്നു തിരിച്ചറിഞ്ഞു. അന്നു വരെ അതിര്‍ത്തിയ്യ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ എനിക്കു ഒരുപോലെയാണെന്നും ദേശസ്നേഹം ഒരു തരിമ്പും ഇല്ലെന്നും വീമ്പു പറയുമായിരുന്നു. പക്ഷേ, മറ്റുള്ളവരില്‍ നിന്നു കേള്‍ക്കുമ്പോഴാണ് പലപ്പോഴും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ദേശസ്നേഹവും ആത്മാഭിമാനവും ഉണരുന്നത്.

നല്ല ഇരുട്ട് ആയപ്പോഴേയ്ക്കും ഞങ്ങള്‍ അകത്തു കടന്നു. ക്ഷേത്രത്തിന്റെ കവാടത്തിന്റെ ഇരു വശത്തും നിര നിരയായി കല്ലില്‍ കൊത്തിയ സ്ഫിങ്ക്സുകള്‍ നേര്‍ത്ത വെളിച്ചത്തില്‍ ഭീകര ജീവികളേപ്പോലെ തോന്നിച്ചു. പെട്ടെന്നു കാതടപ്പിക്കുന്ന ചില ശബ്ദങ്ങള്‍ ചുറ്റും നിന്നു ഉയര്‍ന്നു. ഞെട്ടിപ്പോയി....

പിന്നെ അതു സാവധാനം കുറഞ്ഞു കുറഞ്ഞു.. അങ്ങു ദൂരെ ഏതോ ഗുഹയില്‍ നിന്നു വരുന്ന ശബ്ദം പോലെയായി.

ഷോ തുടങ്ങിക്കഴിഞ്ഞു.

കേട്ടിട്ടില്ലാത്ത പ്രാകൃത്മായ വാദ്യ ഉപകരണങ്ങള്‍വായിക്കുന്നതുപോലെയുള്ള കാതടപ്പിക്കുന്ന ഒച്ച. ചുറ്റും പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ശക്തിയേറിയ സ്പീക്കറുകളില്‍ നിന്നും പല തരം ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. വലിയ കോറസ് പാടുന്ന പോലെയുള്ള അഭൌമമായ ശബ്ദം. എങ്ങോ അന്യഗ്രഹത്തില്‍ നിന്നും ഒഴുകി വരുന്നതുപോലെ...
ദൂരെ തലയുയര്‍ത്തില്‍ നിന്ന ക്ഷേത്ര മതിലിന്മേല്‍ പതിയെ ഒരു രൂപം തെളിഞ്ഞു വന്നു..

ഏതോ ഫറവോയുടെ രൂപം..

“ഞാന്‍ സൃഷ്ടിയും സൃഷ്ടാവുമായ ഫറവോ.....” ഘന ഗംഭീരമായ ശബ്ദം അവിടമാകെ മുഴങ്ങി. ഞാന്‍ ചുറ്റും നോക്കി. സന്ദര്‍ശകര്‍ ശ്വാസമടക്കി നില്‍ക്കുന്നു. ഫറവോമാരുടെ ചിന്തകളും വിശ്വാസങ്ങളും വിശദീകരിച്ചുകൊണ്ടിരുന്നു. പല ഫറവോമാര്‍ - അവരുടെ ചരിത്രം, വിശ്വാസം, കല്ലിന്മേള്‍ ഹീരോഗ്ലിഫിക്സില്‍ കൊത്തിയിട്ട അവരുടെ വാക്കുകള്‍....അതു കുറെ സമയം നീണ്ടു നിന്നു.

പിന്നീട്, ഞങ്ങളെ ക്ഷേത്രത്തിന്റെ നടുവിലുള്ള തടാകത്തിന്റെ പിന്നില്‍ ഒരുക്കിയിരുന്ന ഇരിപ്പിടങ്ങളിലേയ്ക്കു നയിച്ചു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്നു ഷോ.

ഒരാഴ്ചയിലധികമായി ഇജിപ്റ്റിലെങ്ങും കണ്ട, പുരാതന കാലത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള അനുഭവമായിരുന്നു കര്‍ണാക് ക്ഷേത്രത്തിലെ ലൈറ്റ് &സൌണ്ട് ഷോ.
ഭീമാകാരമായ ക്ഷേത്രങ്കണത്തിന്റെ പലയിടങ്ങളില്‍ വച്ചിരുന്ന പ്രൊജെക്ടറുകള്‍ വഴിയും വിചിത്രമായ ശബ്ദങ്ങളുടെ സങ്കലനം കൊണ്ടും സന്ദര്‍ശകരെ പതിയെ പതിയെ സഹസ്രാബ്ദങ്ങള്‍ പിന്നിലേയ്ക്കു കൊണ്ടുപോയി.

ലൈറ്റ്& സൌണ്ട് പ്രോഗ്രാമിന്റെ വിവിധ ദൃശ്യങ്ങളും മറ്റു വിവരങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ഒരു ചെറിയ ക്ലിപ്പിം‌ഗ് ഈ യൂട്യൂബ് ലിങ്കില്‍ നിന്നും കാണാം. രാത്രിയില്‍ ആയിരുന്നു കര്‍ണാക് ക്ഷേത്ര സന്ദര്‍ശനം എന്നതുകൊണ്ട് ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കുമായിരിന്നില്ല. അതുകൊണ്ട്, ഈ പോസ്റ്റിലെ കര്‍ണാക് ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എല്ലാം നെറ്റില്‍ നിന്നു ശേഖരിച്ചവയാണ്.

ഒരു ചിത്രത്തില്‍ പോലും കര്‍ണാക് ക്ഷേത്രത്തിന്റെ ശരിയായ വലിപ്പവും സങ്കീര്‍ണ്ണതയും വേണ്ടവിധം പ്രതിഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് അല്പമെങ്കിലും പരിഹരിക്കുവാന്‍ പോരുന്നതരത്തില്‍ ക്ഷേത്രത്തിന്റെ രൂപം പനോരമിക് ചിത്രസംയോചനരീതിയിലൂടെ ഒരുക്കി മനോഹരമായ ഒരു ദൃശ്യവിരുന്നു ഒരുക്കിയിരുക്കുന്നത് ഈ സൈറ്റില്‍ കാണാവുന്നതാണ്.

അടുത്ത ദിവസം രാവിലെ സെയിദ് ഒരു സുഹൃത്തും കാറുമായി എത്തി. ഇന്നു ഈജിപ്റ്റ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ്. അടുത്ത ദിവസം മടക്കം, അന്നു സന്ദര്‍ശനങ്ങള്‍ ഒന്നും ഇല്ല . വാലി ഓഫ് കിം‌ഗ്സ് ആണ് ഇന്നത്തെ പ്രധാന സന്ദര്‍ശന സ്ഥലം. എങ്കിലും, അവസാന ദിവസത്തേയ്ക്ക് വേണ്ടി സെയ്യിദ് എന്തോ ഒരു സര്‍പ്രൈസ് ഒരുക്കിയുട്ടുണ്ട് എന്ന് പലവട്ടം സൂചിപ്പിച്ചതു കൊണ്ട് രാവിലെ തന്നെ അത് എന്തെന്നു അറിയുവാനുള്ള ആകാഷയായി. ഇതിനു മുന്‍പ് ചോദിച്ചപ്പോഴെല്ലാം ‘ഐ വില്‍ ടെല്‍ യൂ ലേയ്റ്റര്‍‘ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

രാവിലെ തന്നെ അത് പറയണം എന്നായി എഡ്വിന്‍.

“ഞാന്‍ എന്റെ രാജ്യത്തെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്കു കാണിച്ചുകൊടുക്കുന്ന ഒരു സാധാരണ ഗൈഡ് ആണ്” സെയിദ് വലിയ മുഖവുരയോടെ പറഞ്ഞു തുടങ്ങി.

“കഴിഞ്ഞ നാലു ദിവസങ്ങള്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ പലരോടുമൊപ്പം എന്നും ഇങ്ങനെ ചുറ്റിക്കറങ്ങാറുണ്ടെങ്കിലും എന്തുകൊണ്ടോ, ഏതോ നാട്ടില്‍ നിന്നും വന്ന നിങ്ങളെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട്, ഇന്നു ഉച്ചയ്ക്കു എന്റെ വീട്ടില്‍ നിന്നും ആഹാരം കഴിക്കണം. എന്റെ ഭാര്യ എല്ലാം ഒരുക്കി കാത്തിരിക്കും, വരില്ലെന്നു പറയരുത്”

സയിദ് പറഞ്ഞു നിര്‍ത്തി.

“ഈ നൈല്‍നദിയുടെ പടിഞ്ഞാറെക്കരയിലാണ് ഞങ്ങളുടെ വീട്.“

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി നിന്നും. ആ മെലിഞ്ഞ ചെറുപ്പക്കാരന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു,“സയിദ്, നിങ്ങളെ ഞങ്ങള്‍ക്കും ഇഷ്ടമായി. ഞങ്ങള്‍ ഉറപ്പായിട്ടും വരാം.” മറ്റൊന്നും പറയുവാന്‍ വാക്കുകള്‍ കിട്ടിയില്ല.

പിന്നീട് സെയിദിന്റെ വീട്ടു വിശേഷങ്ങള്‍ ആയി സംസാരവിഷയം. സര്‍ക്കാര്‍ ജോലിയായിരുന്ന പിതാവു പണി കഴിപ്പിച്ച രണ്ടു നില വീടിന്റെ ഒന്നാം നിലയിലും, ഏക സഹോദരന്‍ താഴത്തെ നിലയിലും ആയി സുഖമായി കഴിയുന്ന ഒരു കൊച്ചു ഈജിപ്ഷ്യന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ സെയിദ് അറബിയും ഇംഗ്ലീഷും കലര്‍ത്തി പറഞ്ഞു കൊണ്ടിരുന്നു. ജീവിതം സമൃദ്ധിയില്‍ ഒന്നുമല്ല നീങ്ങുന്നത്. എന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും. ഏതെങ്കിലും നാട്ടില്‍ നിന്നും വന്ന ആരെയെങ്കിലുമൊക്കെ ട്രാവല്‍ ഏജന്റ് ഓഫീസ് തരപ്പെടുത്തി വച്ചിട്ടുണ്ടാവും. അവരോടൊപ്പം എന്നും ഈ യാത്ര. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എങ്കിലും കേള്‍വിക്കാരന്റെ മുഖത്തുവിരിയുന്ന അല്‍ഭുതം, വീണ്ടും പറയുവാന്‍ ആവേശം നല്‍കും. രണ്ടോ നാലോ ദിവസം നീണ്ടു നില്‍ക്കുന്ന സൗഹൃദം. പോകുമ്പോള്‍ പലരും ഫോണ്‍നമ്പര്‍ മേടിക്കും. പിന്നെയും കാണാമെന്നും നാട്ടിലെത്തിയിട്ടു വിളിക്കാമെന്നും ഒക്കെ പറയും. ഇന്നു വരെയും ഒരിക്കല്‍ കണ്ടവരെ പിന്നെ കാണുകയോ ആരുടെയും ഫോണ്‍കോള്‍ തേടിയെത്തുകയോ ചെയ്തിട്ടില്ല. സെയിദിനു പരാതിയും ഇല്ല. മാസത്തില്‍ രണ്ട് ആഴ്ചയെങ്കിലും ജോലിയുണ്ടാവും. ജോലിയുണ്ടെങ്കിലേ ശമ്പളം കിട്ടുകയുള്ളൂ. ടൂറിസ്റ്റു സീസണ്‍ കഴിഞ്ഞാല്‍ പിന്നെ ജോലിയില്ല. അച്ഛന്‍ സഹായിച്ചതുകൊണ്ട്, ഇനി വീടു പണിയണ്ട, മകനെ പഠിപ്പിക്കണം, കാര്യങ്ങളൊക്കെ കഴിഞ്ഞുപോകണം - അങ്ങിനെ ചെറിയ സ്വപ്നങ്ങള്‍ മാത്രം.

ഭാര്യയുടെ ഫോട്ടോ പേഴ്സില്‍ നിന്നും എടുത്തു സുനിയെ കാണിച്ചുകൊണ്ടു പറഞ്ഞു, അവള്‍ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നു. വണ്ടി നൈലിന്റെ പടിഞ്ഞാറേക്കരയിലേയ്ക്ക് തിരിച്ചു. അല്പ ദൂരം മുന്നോട്ടു പോയപ്പോള്‍ പ്രധാന നിരത്തില്‍ നിന്നും വണ്ടി ഒരു ചെറിയ വഴിയിലേയ്ക്കു പ്രവേശിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും, കുഞ്ഞുകുഞ്ഞുകെട്ടിടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തി.

ഡ്രൈവര്‍ സയിദിന്റെ സ്നേഹിതന്‍ ആയിരുന്നതുകൊണ്ട്, വഴി ചോദിക്കാതെ തന്നെ നേരെ ഒരു ചെറിയ ഇരുനില വീടിന്റെ മുന്നില്‍ നിര്‍ത്തി.

താഴത്തെ നിലയില്‍ പ്രവേശിക്കാതെ മുകളിലേയ്ക്കു കയറുവാന്‍ വേറെ വഴിയുണ്ടായിരുന്നു. കയറിച്ചെന്നതു മനോഹരമായ ഒരു ഹാളിനുള്ളിലേയ്ക്കു ആയിരുന്നു. അറേബ്യന്‍ മാതൃകയില്‍ മുറിയ്ക്കു ചുറ്റും കുഷനിട്ട ഇരിപ്പിടങ്ങള്‍. എല്ലാം നല്ല വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. അധികം ആര്‍ഭാടം ഇല്ലെങ്കിലും എല്ലാ സൌകര്യങ്ങളുമുള്ള കൊച്ചു വീട്. ഏക മകനേയും എടുത്തുകൊണ്ട് സൈയ്യിദിന്റെ ഭാര്യ ഇറങ്ങിവന്നു. സെയിദിനേപ്പോലെ അല്ല, വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കൊച്ചു ഇജിപ്ഷ്യന്‍ സുന്ദരി. അല്പ സമയം വിശേഷങ്ങള്‍ പറഞ്ഞിട്ടു സുനിയോടൊപ്പം അടുക്കളയിലേയ്ക്കു പോയി. അപ്പോഴേയ്ക്കും സെയിദ് ഫോണ്‍ ചെയ്ത് ജ്യേഷ്ഠനേയും കുടുംബത്തേയും വരുത്തി.

അന്യ നാട്ടില്‍വച്ച് അപ്രതീക്ഷിതമായി ലഭിച്ച ഈ സ്വീകരണത്തില്‍ ഞങ്ങള്‍ അതിശയിച്ച് ഇരിക്കുകയായിരുന്നു. പാവം സെയിദിനു ഒന്നും മറച്ചുവയ്ക്കാന്‍ അറിയില്ല. കൊച്ചുകുട്ടികളേപ്പോലെ അവരുടെ വിവാഹ ആല്‍ബങ്ങള്‍ വീട്ടിനുള്ളിലെ മുറികള്‍, മറ്റു സൌകര്യങ്ങള്‍ എല്ലാം കാണിച്ചു തന്നു. അച്ഛനും അമ്മയും കുറച്ചു ദൂരെ മറ്റൊരു വീട്ടിലാണു താമസമെന്നും ഇപ്പോള്‍ സ്ഥലത്ത് ഇല്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ വരുമായിരുന്നു എന്നുമൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

ഭക്ഷണം കൊണ്ടു വന്നപ്പോഴാണ് ശരിക്കും അമ്പരന്നു പോയത്. വിഭവ സ്മൃദ്ധമായ ഭക്ഷണം. ബാര്‍ളിയിട്ടു തിളപ്പിച്ച സൂപ്പും ഫ്രഞ്ച് ഫ്രൈയ്സും കോഴി പൊരിച്ചതും ചോറും റൊട്ടിയും എല്ലാം വലിയ ഒരു വട്ടപാത്രത്തിലാക്കി കൊണ്ടു വന്നു വച്ചു. അറേബ്യന്‍ രീതിയില്‍ തന്നെ ഞങ്ങള്‍ നിലത്തിരുന്നു ഭക്ഷണം കഴിച്ചു. സെയിദിന്റെ ഭാര്യ ഞങ്ങള്‍ക്ക് വേണ്ടത് വിളമ്പി തന്നുകൊണ്ട് ഞങ്ങളെ സ്നേഹ പൂര്‍വ്വം പരിചരിച്ചു.

സെയിദിനോടൊപ്പം

ഇന്‍ഡ്യക്കാരുമായി ആദ്യമായാണ് അടുത്തു ഇടപെടുന്നതെന്നും, ഇന്ത്യയേപറ്റി ഒത്തിരി കേട്ടിട്ടുണ്ടെന്നും, കഴിഞ്ഞ നാലു ദിവസങ്ങളായി സെയിദ് ഫോണ്‍ വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ കാര്യം പറയുമായിരുന്നുവെന്നും, എല്ലാവരുടെയും പേരുകള്‍ അറിയാമെന്നുമെല്ലാം സങ്കോചത്തോടെ സെയിദിന്റെ ഭാര്യ പറഞ്ഞു. ഭക്ഷണ ശേഷം ഫോട്ടോ എടുക്കുവാന്‍ അനുവാദം ചോദിച്ചെങ്കിലും, അവര്‍ വിസമ്മതിച്ചു.

സെയിദിന്റെ മകന്‍ അലിയും ഐറിനും

അല്പ സമയം വിശ്രമിച്ച്, ഒരു സുലൈമാനി കൂടി തന്നിട്ടാണ് ഞങ്ങളെ അവര്‍ യാത്രയാക്കിയത്. ഇറങ്ങുന്നതിനു മുന്‍പ് എഡ്വിനും ഐറിനും ഈജിപ്റ്റിന്റെ ധാരാളം ചിത്രങ്ങളും പോസ്റ്റു കാര്‍ഡുകളും കൊടുക്കുവാനും അവര്‍ മറന്നില്ല.

അടുത്ത സന്ദര്‍ശന സ്ഥലമായ ദേര്‍-അല്‍-ബഹാരിയിലെ മോര്‍ച്ചറി ടെമ്പിളിലേയ്ക്കു ഞങ്ങള്‍ പോകുമ്പോള്‍ ആ കൊച്ചു കുടുംബത്തിന്റെ ആതിഥ്യ മര്യാദയിയോര്‍ത്തു ഞങ്ങളുടെ ഹൃദയം അല്‍ഭുതം കൂറുകയായിരുന്നു. അന്യ ഭൂഖണ്ഡത്തില്‍ നിന്നും, ചുരുക്കം ദിവസത്തെ സന്ദര്‍ശനത്തിനു വന്ന ഞങ്ങള്‍ക്കു വിഭവ സമൃദ്ധമായ വിരുന്നു ഒരുക്കി ഉപചരിക്കുവാന്‍ അവരെ പ്രേരിപ്പച്ചത് എന്തായിരിക്കാം?

"കോമണ്‍ വെല്‍ത്തും വകുപ്പും "

കോമണ്‍ വെല്‍ത്ത്‌ (ഇപ്പോള്‍ കുറേയൊക്കെ ഇന്‍ഡിവിഡുല്‍ വെല്‍ത്ത്‌ ആയി) ഗേംസ്‌ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ മൂന്നിലേക്കു കൃത്യമായി രണ്ടാഴ്ച്ച മാത്രം. അനാവശ്യമായി പണം ചിലവാക്കുന്നു എന്ന പരാതി വ്യാപകമായി കേള്‍ക്കുന്നു . എന്നാല്‍ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ പണം ഒട്ടും തന്നെ 'വകുപ്പില്‍' ഇല്ല താനും. അഞ്ചരക്കോടി ചിലവാക്കിയ തീം സോങ്ങ് തന്നെ 'അനാവശ്യ'ത്തിനു ഉത്തമ ഉദാഹരണം. ഗെയിംസിന് വേണ്ട നിര്‍മാണ 'വകുപ്പുകള്‍' ഊര്‍ജ്ജിതമായി തന്നെ നടക്കുന്നുണ്ടെങ്കിലും പൊതു ജനത്തിനു കൂടി ഉപകാരമായെക്കാവുന്ന ചില ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ അവഗണിക്കുകയാണ്. പൊളിച്ചിട്ടവയാകട്ടെ ഗുണമേന്മയില്‍ പണിതു തീരുമെന്നും തോന്നുന്നില്ല. ടി വി ചാനലുകളും മറ്റും ഈ ഭാഗങ്ങള്‍ കവര്‍ ചെയ്തു അവരുടെ 'ഫ്രെയിം ബ്യൂട്ടി' കളയില്ല എന്ന് ഉറച്ച വിശ്വാസമുള്ളത് കൊണ്ടാവാം അധികാരികള്‍ ഇതിനെ തീര്‍ത്തും അവഗണിക്കുന്നത്.

ഇന്നലെ വൈകുന്നേരം ഡല്‍ഹിയുടെ മുഖമെന്നു പറയാവുന്ന കൊണോട്ട്‌ പ്ളേസില്‍ കണ്ട ചില ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്‌.


സെന്‍ട്രല്‍ ഡല്‍ഹിയുടെ നടുക്കാണു കൊണാട്ട്‌ പ്ളേസ്‌. ഇന്നര്‍ സര്‍ക്കിള്‍, ഔട്ടര്‍ സര്‍ക്കിള്‍ എന്നിങ്ങനെ ഒന്നു രണ്ടു വൃത്താകൃതിയിലുള്ള റോഡുകളും അവയ്ക്കിടയില്‍ നിരവധി കടകളും ഈറ്ററികളും ഏറ്റവും നടുക്കായി ഒരു സെന്‍ട്രല്‍ പാര്‍ക്കും ഒക്കെയായി നഗരത്തിന്റെ മുഖമാണ്‌ ഈ സ്ഥലം. ഇതിലെ ഔട്ടര്‍ സര്‍ക്കിളില്‍ ഇന്നലെ (സെപ്തംമ്പര്‍ പതിനെട്ടിനു വൈകുന്നേരം) കണ്ട ചിലതാണ്‌ ഫോട്ടോകളില്‍. (ഒരു ദുരുദ്ദേശവും ഉണ്ടാകാതിരുന്നതു കൊണ്ട്‌ ക്യാമറ കരുതിയിട്ടില്ലായിരുന്നു. മൊബേല്‍ ഫോണില്‍ ചുമ്മാ എടുത്ത ചില ചിത്രങ്ങളെന്ന മുന്‍കൂര്‍ ജാമ്യം ആദ്യമേ.) കൊണാട്ട്‌ സര്‍ക്കിളിലേക്കു പ്രധാനമായും വന്നു ചേരുന്ന റോഡുകള്‍ കസ്തൂറ്‍ബാ ഗാന്ധി മാര്‍ഗ്‌, ജന്‍പഥ്‌, ബാബാ കറഖ്‌ സിംഗ്‌ മാര്‍ഗ്‌, ഗോള്‍ മാര്‍ക്കറ്റ്‌ റോഡ്‌, പഞ്ച്‌ കുയാന്‍ റോഡ്‌, റയില്‍വേ സ്റ്റേഷന്‍ റോഡ്‌, മിണ്റ്റോ ബ്രിഡ്ജ്‌ റോഡ്‌, ബാരഖംബ റോഡ്‌ ഇവയൊക്കെയാണ്‌. ഇതിലെ മിക്ക റോഡുകളും സര്‍ക്കിളില്‍ വന്നു ചേരുന്ന ഭാഗത്ത്‌ പെഡസ്ട്രിയന്‍ സബ്‌ വേ ഉണ്ടായിരുന്നു. വളരെ നല്ല സബ്‌വേകള്‍. ടയില്‍സ്‌ ഒക്കെ ഒന്നു മാറ്റിയാല്‍ അതൊക്കെ തിളങ്ങുമായിരുന്നു. (ടയില്‍സ്‌ മാറ്റാന്‍ കോണ്ട്രാക്റ്റ് കൊടുത്താല്‍ കൈയില്‍ കാര്യമായൊന്നും തടയില്ല എന്ന കാരണത്താലാവും മൊത്തമായി അവ പൊളിച്ചുമാറ്റി പുതിയതു ഉണ്ടാക്കാന്‍ കോണ്ട്രാക്റ്റ്‌ കൊടുത്തത്‌.) ബില്ലുകൊടുത്തില്ല, കാശുകൊടുത്തില്ല, തുടങ്ങിയ കശപിശകളും ഒടുവില്‍ മഴയും എത്തിയതോടെ ആ കാശൊക്കെ മണ്ണിട്ടു മൂടിയതാണു ആദ്യ ചിത്രം. നല്ല രീതിയില്‍ കിടന്നിരുന്ന ഫുട്‌പാത്തും അതോടെ പാടം പരുവമായി. പാതി പണിഞ്ഞ ചില സബ്‌വേകള്‍ പൂര്‍ണ്ണമാക്കാനുള്ള ശ്രമങ്ങളാണ്‌ മറ്റു ചില ചിത്രങ്ങള്‍.

തിരിച്ചു വരുമ്പോള്‍ മറ്റൊരു ചിത്രം കണ്ടു. സര്‍ക്കിളിനോട് ചേര്‍ന്ന് കിടക്കുന്ന ശിവാജി സ്റ്റേഡിയത്തില്‍ തകൃതിയായി പണി നടക്കുന്ന ദൃശ്യം. കോമണ്‍ വെല്‍ത്ത്‌ ഗെയിംസിന്റെ പല പ്രധാന ഇന്‍ഡോറ്‍ മത്സരങ്ങളും നടക്കാനിരിക്കുന്ന സ്റ്റേഡിയമാണിത്‌. പലതിന്റെയും പരിശീലനവും ഇവിടെയാണു നടക്കേണ്ടിയിരുന്നത്‌. ഇവിടെ പരിശീലനം ചെയ്യുന്നവര്‍ക്ക്‌ ഏതു മത്സരത്തിനു ആണാവോ പങ്കെടുക്കാന്‍ കഴിയുക?

ജിതേന്ദ്ര
ഉദ്ഘാടകന്‍ നിങ്ങളാണ്.. .

പ്രിയപ്പെട്ട വായനക്കാരുടെയും, സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങളുടെ പിന്‍ബലത്തില്‍, 'നമ്മുടെ ബൂലോകം' ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എന്‍.ബി പബ്ലിക്കേഷന്‍ എന്നൊരു സംരംഭം തുടങ്ങുന്ന കാര്യം എല്ലാവരും അറിഞ്ഞെന്ന് വിശ്വസിക്കുന്നു.ബ്ലോഗ് രചനകള്‍ പുസ്തകമാക്കുകയും, അത് എല്ലാവരുടെയും സഹകരണത്തിലൂടെ വിപണിയില്‍ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഇപ്പോള്‍ ഞങ്ങളുടെ മനസിലുള്ളത്. അതിന്‍റെ കൂടുതല്‍ സുതാര്യതയ്ക്കായി എന്‍.ബി പബ്ലിക്കേഷന്‍റെ വെബ്സൈറ്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അവിടെ എത്താവുന്നതാണ്..


ഈ സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍..

പബ്ലിക്കേഷന്‍: എന്‍.ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും അവയുടെ ലഘു സംക്ഷിപ്തവും ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്റ്റോര്‍സ്: ആദ്യ പുസ്തകം ഇറങ്ങുന്നതോടു കൂടി, പുസ്തകം ലഭ്യമാകുന്ന ബുക്ക്‌ സ്റ്റാളുകളുടെ വിവരങ്ങള്‍ സ്ഥലങ്ങള്‍ തിരിച്ചു പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിദേശത്തും ഇത് ലഭ്യമാകുന്നതായിരിക്കും .

ലൈവ്: പുസ്തക പ്രകാശനം ലൈവ് ആയി വീക്ഷിക്കാനും തുടര്‍ന്ന് അതിന്റെ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോയും കാണുവാനും സൌകര്യമുണ്ടായിരിക്കും. പ്രമുഖ ഐ ടി വിദഗ്ദനും ബ്ലോഗ്ഗറും ആയ പ്രവീണ്‍ വട്ടപ്പറമ്പത്തു ആണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്.

ഇത് കൂടാതെ ആദ്യപുസ്തകത്തില്‍ സഹകരിച്ച ബ്ലോഗെഴ്സിന്‍റെ അഭിപ്രായങ്ങളും, അവരുടെ കോണ്‍ട്രിബ്യൂഷനും നിങ്ങള്‍ക്ക് ഇവിടെ വായിക്കാവുന്നതാണ്. തുടര്‍ പ്രസിദ്ധീകരണങ്ങളില്‍ ഇനിയും ബൂലോകത്തെ എഴുത്തുകാരെ ഭൂലോകത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നതായിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രസ്തുത സംരംഭത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഗുണകരമാവും എന്ന് തോന്നുന്ന മാര്‍ഗ നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ. editor @nbpublication .com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാല്‍ മതിയാവും. നിങ്ങളുടെ രചനകളും ഞങ്ങളിലൂടെ അച്ചടി മഷി പുരളണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഞങ്ങളെ ബന്ധപെടുവാന്‍ മടിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.


ജോ
പബ്ലിഷര്‍


മധുര മീനാക്ഷി ക്ഷേത്രം


രഞ്ചി ബഹറിന്‍

ക്ഷിണേന്ത്യയിലെ ക്ഷേത്രനഗരങ്ങളിലൂടെയുള്ള ഒരു പ്രദക്ഷിണം കുറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു. പാണ്ട്യ-ചോള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മധുര, തഞ്ചാവൂര്‍, മഹാബലിപുരം, കാഞ്ചീപുരം തുടങ്ങിയ പ്രധാനപ്പെട്ട ചില നഗരങ്ങളുടെ ചരിത്രപ്രാധാന്യമുള്ള പുരാതനജനപഥങ്ങളിലൂടെ ഒരു യാത്ര..
ഇതില്‍ മധുര-തഞ്ചാവൂര്‍ നഗരങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം സാദ്ധ്യമായി; 2007 ലെ അവധിക്കാലത്ത്..
സംഗകാലത്തിനു മുന്‍പ്, ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മധുരാപുരിയുടെ ചരിത്രം ആരംഭിക്കുന്നു. 2500 വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുണ്ടെന്നു ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ഇത്രയും പഴക്കമുള്ള പല നഗരങ്ങളും നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മധുര ഇന്നും ദക്ഷിണേന്ത്യയിലെ ഒരു പ്രധാനനഗരമായി അവശേഷിക്കുന്നു.

തമിഴ് സാഹിത്യത്തിലെ സുവര്‍ണ്ണ കാലഘട്ടമായാണ് സംഗകാലം [300BC-300-AD] അറിയപ്പെടുന്നത്. സംഗകാലത്തെ തമിഴ് അക്കാദമിക് വിദ്യാപീഡത്തിന്റെ ആസ്ഥാനമായിരുന്നു മധുര.

മധുര, തഞ്ചാവൂര്‍ നഗരങ്ങളിലേക്ക് ഒരു 3 ദിവസത്തെ ട്രിപ്പാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. തൃശ്ശൂര്‍ നിന്നും രാത്രി പുറപ്പെടുന്ന ഒരു പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട്‌ കമ്പനിയുടെ എയര്‍ബസിലായിരുന്നു യാത്ര. നേരം പുലരുന്നതിനു മുന്‍പ് മധുരയിലെ 'മാട്ടുത്താവണി' ബസ്‌ സ്റ്റാന്ടിലെത്തി. ഇത് കൂടാതെ മധുരയില്‍ മറ്റു 4 ബസ്‌ സ്റ്റാന്ടുകള്‍ കൂടെയുണ്ട്.
ദൂരെ മധുരമീനാക്ഷി ക്ഷേത്ത്രത്തിന്റെ 50 മീറ്ററിലേറെ ഉയരമുള്ള ഗോപുരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം.

തെക്കേഗോപുരം, a close shot- 9 നിലകള്‍, 1511 കഥാസന്ദര്‍ഭങ്ങള്‍ കൊത്തിയിരിക്കുന്നു, 170.5' ഉയരം [ഏറ്റവും ഉയരം കൂടിയ ഗോപുരം]

റൂം എടുത്ത് ഫ്രെഷായി പെട്ടെന്ന് തന്നെ നഗരം കാണാനിറങ്ങി.
കടും വര്‍ണമാര്‍ന്ന സാരികളും അതെ കളര്‍ പുള്ളിബ്ലൌസുമിട്ട പെണ്‍കുട്ടികള്‍ റോഡിന്‍റെ വീതി അളന്നു കൊണ്ടു കലപില കൂട്ടി പോകുന്നു..
നാഷണല്‍ ഹൈവേ തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന ഭാവത്തില്‍ കന്നുകാലികള്‍ അവിടവിടെ മേയുന്നു..
കോര്‍പ്പറേഷന്റെ ജോലിക്കാരും വണ്ടികളും പല ഭാഗങ്ങളിലായി നിരത്ത് വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
അന്തരീക്ഷത്തില്‍ മല്ലിപൂക്കളുടെയും കുതിരച്ചാണകത്തിന്റെയും സമ്മിശ്രഗന്ധം..
നഗരം ഉണര്‍ന്നു തുടങ്ങുന്നതെയുള്ളൂ..
ഇത്തരം യാത്രകളില്‍ ക്യാമറ ഹാരമായി ഉപയോഗിക്കുന്ന പതിവ് അന്ന് ഇല്ലാത്തതിനാല്‍ ചിത്രങ്ങള്‍ പലതും ഈ സ്പേസില്‍ മിസ്‌ ചെയ്യുന്നുണ്ട്.

ഇന്നത്തെ പല കോസ്മോപൊളിറ്റന്‍ നഗരങ്ങളുടെയും മാതൃകയില്‍ വളരെ ആസൂത്രിതമായാണ് മധുരമീനാക്ഷി അമ്മന്‍ കോവിലിനു ചുറ്റുമായി നഗരം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയിലുള്ള തെരുവുകളും അവയ്ക്ക് ചുറ്റും ഇന്റര്‍ കണക്റ്റടായ വീഥികളും ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച നഗരമാണിത്. [താമരയുടെ ആകൃതിയിലാണ് നഗരനിര്‍മ്മാണം].'a planned city' എന്ന് പറയാം. നഗരത്തിലെ റോഡുകളിലെ ട്രാഫിക് കുറക്കാന്‍ ഈ രീതിയിലുള്ള നിര്‍മ്മാണം കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്. [ചിത്രം നോക്കുക]

[piture courtesy:google]

വഴികളുടെ ഐഡിയ ശരിക്ക് പിടികിട്ടാത്തവര്‍ക്ക് ക്ഷേത്ത്രത്തിനു ചുറ്റും കിടന്നു കറങ്ങുകയുമാവാം. കുറച്ചു കൂടി വട്ടത്തിലൊരു പ്രദക്ഷിണം.. ഏത് വഴിയിലൂടെ പോയാലും ക്ഷേത്ത്രത്തിന്റെ ഒരു ഗോപുരകവാടത്തിന്റെ മുന്നിലെത്തും. പ്രധാനകവാടത്തിലൂടെ അകത്തു പ്രവേശിക്കാം എന്ന് കരുതി ഞാന്‍ അവിടമൊക്കെ ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു.

വിദേശികളടക്കം ടൂര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടു ദൂരദിക്കുകളില്‍ നിന്ന് വന്നവര്‍, ദിവസേന ക്ഷേത്രദര്‍ശനം നടത്തുന്നവര്‍, പരീക്ഷക്കാലമായത് കൊണ്ടു മാത്രം മീനാക്ഷി അമ്മന്റെ കോവിലില്‍ ദര്‍ശനം നടത്തുന്ന 'സീസണല്‍ ഭക്തരായ' തിരക്കിട്ട് ഓടുന്ന പെണ്‍കിടാങ്ങള്‍, കനകാംബരവും മല്ലിപ്പൂവും [നമ്മുടെ മുല്ലപ്പൂ] കോര്‍ത്തുകെട്ടി മാലയുണ്ടാക്കി കൂടകളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന കുട്ടികള്‍, പരാശ്രയമില്ലാതെ ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആത്മീയതയില്‍ അഭയം പ്രാപിക്കുന്ന വൃദ്ധര്‍.. എല്ലാ തരം മനുഷ്യരെയും ഈ വീഥികളില്‍ കാണാം.

പടിഞ്ഞാറേ ഗോപുരം, ഉയരത്തിലുള്ളത്

ഒരു ഭാഗത്ത് ക്ഷേത്ത്രത്തിനു പുറത്തു കെട്ടിയുണ്ടാക്കിയ 'കുളിപ്പുരകള്‍' കാണാം. ദൂരദിക്കുകളില്‍ നിന്നും വന്നവര്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ ചുരുങ്ങിയ ചിലവില്‍ നിര്‍വഹിക്കാന്‍ കെട്ടിയുണ്ടാക്കിയ കെട്ടിടമാണ് ഇത്. റോഡിനു ഇരുഭാഗത്തുമായി നീളത്തില്‍ കിടക്കുന്ന ഈ കെട്ടിടത്തില്‍ നിന്നും ആളുകള്‍ തിരക്കിട്ട് ക്ഷേത്രദര്‍ശനത്തിനു വരുന്നു.
മധുര മീനാക്ഷിക്ഷേത്രത്തിന്റെ പ്രധാനകവാടത്തിലേക്ക് നയിക്കുന്ന കരിങ്കല്‍പാത മുന്നില്‍ കാണാം. കേരളത്തിലെ പലക്ഷേത്രങ്ങളിലെയും പോലെ പാതയ്ക്ക് ഇരുവശവുമായി കച്ചവടക്കാരുടെ പന്തലുകള്‍ നീളത്തില്‍ കാണാം. അതിനിടെ ഒരു ഹോട്ടേലുമുണ്ട്. പ്രഭാതഭക്ഷണത്തിനു ഹോട്ടേലിലേക്ക്..
വിദേശികളുടെ ഒരു ഗ്രൂപ്പ് വന്നു ദോശയും ചട്നിയും ഓര്‍ഡര്‍ ചെയ്തു പരസ്പരം സഹായിച്ചു കൊണ്ടു കഴിക്കുന്ന ആ കാഴ്ച മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. [ഉഡുപ്പി സ്റ്റൈല്‍ ആയതു കൊണ്ടു മറ്റു വിഭവങ്ങളൊന്നും ഇവിടെ രാവിലെ കിട്ടില്ല]

ഉടുപ്പി ദോശയും ചട്നിയും കഴിച്ചു പ്രവേശനകവാടമായ കിഴക്കേ ഗോപുരനടയിലേക്ക്..
തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഗോപുരത്തെ അനുസ്മരിപ്പിക്കുന്ന കിഴക്കേഗോപുരം തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്നു.

[36mm wide angle view]

കിഴക്കേ ഗോപുരം: 161 അടിയിലേറെ ഉയരമുണ്ട് ഈ ഗോപുരത്തിന്. 1011 കഥാസന്ദര്‍ഭങ്ങള്‍ [കഥൈ ഉരുവങ്കള്‍] ഈ ഗോപുരത്തില്‍ കൊത്തിയിരിക്കുന്നു. മാരവര്‍മ്മന്‍ സുന്ദരപാണ്ട്യന്റെ കാലത്ത് [1216-1238AD] പണിയാരംഭിച്ച് ജാതവര്‍മ്മന്‍ സുന്ദരപാണ്ട്യന്റെ കാലത്ത് [1251-1268AD] അവസാനിച്ചു. ഏറ്റവും പഴക്കമുള്ള ഗോപുരം!

മധുരമീനാക്ഷി ക്ഷേത്രത്തില്‍ 4 പ്രവേശനകവാടങ്ങളാണുള്ളത്. കിഴക്കേ, പടിഞ്ഞാറേ, തെക്കേ, വടക്കേഗോപുരങ്ങള്‍ [outer towers]. എല്ലാം 50 മീറ്ററിലേറെ ഉയരമുള്ളവ! ഏറ്റവും വലിയ തെക്കേഗോപുരകവാടത്തിന്റെ ഉയരം 170.5 അടിയാണ്. ഇത് കൂടാതെ 8 ചെറിയ ഗോപുരങ്ങള്‍ കൂടിയുണ്ട്. അകത്ത് പ്രധാനകോവിലുകളുടെ പ്രവേശനകവാടങ്ങളാണിത്. ആകെ 12 ഗോപുരങ്ങള്‍!

[300mm zoom]

ഒന്നുകൂടി ശ്രദ്ധിച്ചു നോക്കു..
ഗോപുരം മുഴുവന്‍ കരിങ്കല്ലില്‍ കൊത്തിയ പുരാണകഥാപാത്രങ്ങളും വ്യാളീമുഖങ്ങളുമാണ്.

[432mm tele photo view]

നഗ്നനേത്രങ്ങള്‍ കൊണ്ട് ശില്‍പ്പങ്ങള്‍ തിരിച്ചറിയാനാവില്ല. ഒരു ബൈനോക്കുലറിലൂടെയോ സൂം ലെന്‍സിലൂടെയോ രൂപങ്ങള്‍ തിരിച്ചറിയാം! അജന്ത-എല്ലോറ മാതൃകയില്‍ ചില രതിശില്‍പ്പങ്ങളും ഈ കൂട്ടത്തിലുണ്ട്.
തിരുമല നായ്‌ക്കരുടെ കാലത്താണ് ഈ ഗോപുരങ്ങള്‍ കൊത്തുപണികളാല്‍ മോഡി പിടിപ്പിച്ചതും ആദ്യമായി പെയിന്റ് ചെയ്തതും. ഇപ്പോള്‍ എല്ലാ 12 വര്‍ഷത്തിലുമൊരിക്കല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയും പെയിന്റ് ചെയ്യുകയും ചെയ്യാറുണ്ട്.

പാണ്ട്യരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മധുര. പാണ്ട്യരാജാവായിരുന്ന കുലശേഖരപാണ്ട്യനാണ് മധുരൈ മീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്. അതിനുശേഷം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡല്‍ഹി രാജാക്കന്മാരുടെ അധിനിവേശത്തിനു ശേഷം തുഗ്ലക്ക് വംശത്തിന്റെ കീഴിലായി മധുര. 1371ഇല്‍ വിജയനഗരസാമ്രാജ്യം മധുര കീഴടക്കുകയും സാമ്രാജ്യത്തിന്റെ കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി 'നായക്'[നായിക്കര്‍] എന്ന ഗവര്‍ണര്‍മാരെ മധുരയുടെ ഭരണ നിര്‍വഹണത്തിന് ഉപയോഗിച്ച് പോന്നു. 1530ഇല്‍ കൃഷ്ണദേവരായരുടെ മരണശേഷം 'നായ്ക്കര്‍' സ്വതന്ത്രാധികാരത്തോടെ മധുരയുടെ ഭരണകര്‍ത്താക്കളായി. പതിനാറാം നൂറ്റാണ്ടു മുന്തല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ മധുര ഭരിച്ച നായ്ക്കര്‍ രാജവംശമാണ്‌ മധുരയുടെ പ്രതാപം ആഗോളതലത്തില്‍ വിളംബരം ചെയ്തത്. മധുരമീനാക്ഷി ക്ഷേത്രത്തെ കേന്ദ്രമാക്കി ഒരു പാട് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയായി.

നായ്ക്കര്‍ രാജാക്കളില്‍ പ്രസിദ്ധനായിരുന്നു 'തിരുമല നായ്ക്കര്‍' [1623 -1659].
മുഗള്‍രാജവംശത്തിന്റെ ചരിത്രത്തില്‍ ഷാജഹാനുള്ള സ്ഥാനമാണ് മധുരാപുരിയുടെ ചരിതത്തില്‍ തിരുമല നായ്കര്‍ക്കുള്ളത്. ആദ്യകാലത്ത് പ്രധാനകോവിലുകള്‍ മാത്രമുണ്ടായിരുന്ന മധുരമീനാക്ഷി ക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ ശില്പ്പകലയുടെ ശ്രീകോവിലാക്കിയത് ഈ ഭരണാധികാരിയാണ്.
മധുരമീനാക്ഷി ക്ഷേത്രത്തിലെ രാജമണ്ഡപം, പുതുമണ്ഡപം, തിരുമല നായ്ക്കാരുടെ പാലസ്, കൂടാതെ നഗരത്തിലെ പല നിര്‍മ്മിതികളും തിരുമല നായ്ക്കരുടെ ശില്പ്പകലയോടുള്ള അഭിനിവേശത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി നിലകൊള്ളുന്നു.

തിരുമല നായ്ക്കരുടെ കൊട്ടാരത്തിന്റെ ചില ദൃശ്യങ്ങള്‍..'കോള'ങ്ങളുടെ വലിപ്പം നോക്കു; എത്ര പേര്‍ കൈചുറ്റിപ്പിടിച്ചാല്‍ വട്ടമെത്തും?!
മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്നും 5 മിനുട്ട് തെക്കോട്ട്‌ നടന്നാല്‍ [ഏകദേശം അര കിലോമീറ്റര്‍] തിരുമല നായ്ക്കരുടെ ഈ പാലസില്‍ എത്തും. ഇന്ന് ഇതൊരു മ്യൂസിയമാണ്.

ഇറ്റാലിയന്‍ ശില്‍പ്പിയുടെ സഹായത്തോടെ 1636ഇലാണ് തിരുമല നായ്ക്കര്‍ ഈ കൊട്ടാരം പണി കഴിപ്പിച്ചത്.

ക്ഷേത്രത്തിലേക്ക് തിരിച്ചു വരാം. കിഴക്കേഗോപുരം വഴി കടക്കുന്നത് അഷ്ടശക്തി മണ്ടപത്തിലേക്കാണ്. തിരുമല നായ്‌ക്കരുടെ പത്നി രുദ്രാപതി അമ്മാള്‍ പണി കഴിപ്പിച്ചതാണിത്. ഇവിടെ പ്രസാദമൂട്ട് നടക്കാറുണ്ട്.
പ്രധാനദിവസങ്ങളില്‍ 1008 തിരിയിട്ടു കത്തിക്കുന്ന വലിയ കല്‍വിളക്ക്‌ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.

-കോവിലിലെ മധുരമീനാക്ഷിയുടെ ഒരു ശില്‍പ്പം-

അഷ്ടശക്തി മണ്ടപത്തിനു അടുത്ത് മീനാക്ഷി നായ്‌ക്കര്‍ മണ്ഡപം. വിവിധരൂപങ്ങളിലുള്ള വ്യാളീമുഖങ്ങള്‍ കൊത്തിയ 110 കല്‍ത്തൂണുകള്‍ ഈ മണ്ഡപത്തില്‍ക്കാണാം. നടക്കാം..
കാലം ഒരുപാട് പുറകോട്ടു പോകുന്ന ഒരു അനുഭവം.. സൂര്യപ്രകാശം അരിച്ചെത്തുന്ന വിശാലമായ അകത്തളങ്ങള്‍, വ്യാളീ-ഗജ മുഖാങ്കിതങ്ങളായ ഒറ്റക്കല്‍ കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന മണ്ഡപങ്ങള്‍, പുരാണകഥകള്‍ ആലേഖനം ചെയ്ത കരിങ്കല്‍ പാളികളും തൂണുകളും, ദേവീദേവന്മാരുടെയും ഗജങ്ങളുടെയും വ്യാളികളുടെയും കുതിരകളുടെയും മുഖങ്ങള്‍ കൊത്തിയ ശില്‍പ്പങ്ങള്‍..
എവിടെ നോക്കിയാലും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍..

അകത്തളങ്ങളില്‍ നിന്നും കോവിലിനു നടുവിലായി നീളത്തില്‍ കിടക്കുന്ന പ്രകാരങ്ങളിലെക്കാണ് [corridors] വാതിലുകള്‍ തുറക്കുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയ, കൊത്തുപണികളോടു കൂടിയ 24 കല്‍തൂണുകള്‍ ഓരോ വശങ്ങളിലുമുള്ള ചതുരാകൃതിയിലുള്ള പ്രകാരങ്ങളിലുണ്ട്. ഇതിന്റെ നാല് വശത്ത്‌ നിന്നും പടികളിറങ്ങി ചെല്ലുന്നതാണ് മധുരമീനാക്ഷി ക്ഷേത്രത്തിലെ പ്രധാനആകര്‍ഷണമായ സ്വര്‍ണ്ണത്താമരക്കുളം. [golden lotus tank - തമിഴില്‍ 'പൊട്രാമരയ്ക്കുളം']. ഈ കല്‍പ്പടവുകളില്‍ നിന്നുള്ള കോവിലിന്റെ ഗോപുരങ്ങളുടെ കാഴ്ച മനോഹരമാണ്. ഇവിടെ ഇതു ദിശയില്‍ നിന്ന് നോക്കിയാലും 4 ഗോപുരങ്ങളോട് കൂടിയ താമരക്കുളത്തിന്റെ വ്യൂ കിട്ടും. മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഐകണ്‍ പിക്ചര്‍ ആയി അറിയപ്പെടുന്ന ആ വ്യൂ ചുവടെ.

Golden lotus tank-

പുരാതന കാലം മുതല്‍ ഭക്തര്‍ സ്നാനം ചെയ്തിരുന്ന കുളമാണ് ഇത്. ഇവിടെ വെള്ളം നിറഞ്ഞു സ്വര്‍ണ്ണകമലത്തിന്റെ ദളങ്ങള്‍ വരെ മുങ്ങാറുണ്ട്. ഇപ്പോള്‍ ചുറ്റിലും ചെടികള്‍ വെച്ച് പിടിപ്പിച് അലങ്കരിച്ചിരിക്കുന്നു. കുളത്തിന്റെ മധ്യത്തില്‍ സ്വര്‍ണ്ണകൊടിമരം കാണാം.
സംഗകാലകവികള്‍ ഒത്തു ചേര്‍ന്ന് സാഹിത്യസംവാദങ്ങളും കവിസമ്മേളനങ്ങളും നടത്തിയിരുന്നത് ഈ കുളത്തിന്റെ പരിസരങ്ങളിലാണ്. സംഗകാലത്തെ സാഹിത്യ-സാംസ്കാരിക കേന്ദ്രം എന്ന മധുരയുടെ സ്ഥാനത്തിനു ഇന്നും കോട്ടം തട്ടിയിട്ടില്ല.
തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമാണ്‌ മധുര.

-ബാഹ്യപ്രകാരത്തില്‍ നിന്നുള്ള താമരക്കുളത്തിന്റെയും ഗോപുരങ്ങളുടെയും കാഴ്ച-

ഈ കുളത്തെപ്പറ്റി പ്രചരിച്ചിട്ടുള്ള ഒരു കഥയുണ്ട്.
അന്നത്തെ സാഹിത്യചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് കൃതികള്‍ മുഴുവന്‍ പെറുക്കിക്കൂട്ടി കുളത്തില്‍ എറിഞ്ഞിരുന്നത്രേ. ഒരു തരം സ്ക്രീനിംഗ്. കാമ്പുള്ള കൃതികളാണെങ്കില്‍ വെള്ളത്തില്‍ താണുപോവില്ലെന്നായിരുന്നു വിശ്വാസം! സമയം ലാഭിക്കാന്‍ ഏതോ വിദ്വാന്‍ കണ്ടു പിടിച്ച വേലയാവും. അന്നത്തെ നവസാഹിത്യമുകുളങ്ങളുടെ ഒരുപാട് സൃഷ്ടികള്‍- ഒരുപക്ഷെ തിരുക്കുറലിനോളം പോന്നവ-ഈ കുളത്തില്‍ വീണു കൂമ്പടഞ്ഞു പോയിരിക്കാം..


സ്വര്‍ണ്ണത്താമാരക്കുളത്തിന്റെ പടിഞ്ഞാറ് വശത്താണ് ഊഞ്ഞാല്‍ മണ്ഡപവും [swing mandapa] കിളിക്കൂട്‌ മണ്ഡപവും [parrot cage]. എല്ലാ വെള്ളിയാഴ്ചകളിലും മീനാക്ഷിയുടെയും [പാര്‍വതി] സുന്ദരെശ്വരന്റെയും [ശിവന്‍ മീനാക്ഷി അമ്മന്‍ കോവിലില്‍ ഇങ്ങനെ അറിയപ്പെടുന്നു] സുവര്‍ണ്ണശില്‍പ്പങ്ങള്‍ ഈ മണ്ഡപത്തിലെ ഊഞ്ഞാലില്‍ വെച്ച് ആട്ടുന്നു. ഈ സമയം ഭക്തര്‍ ശിവസ്തുതികള്‍ ആലപിക്കുന്നു. ശനിയാഴ്ച രാവിലെയായത്‌ കൊണ്ട് അവിടവിടെ പുഷ്പവൃഷ്ടിയുടെ അടയാളങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. കിളിക്കൂട്‌ മണ്ഡപത്തിലെ തത്തകളെ മീനാക്ഷിനാമം ഉരുവിടാന്‍ പരിശീലിപ്പിച്ചിരിക്കുന്നു. മനോഹരമായ ദ്രാവിഡിയന്‍ കൊത്തുപണികളാല്‍ അലംകൃതമാണ് ഊഞ്ഞാല്‍ മണ്ഡപത്തിലെ 28 കല്‍ത്തൂണുകള്‍..


കൈലാസനാഥനായ ശിവന് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നു. ക്ഷേത്രത്തില്‍ സുന്ദരെശ്വരനും [ശിവന്‍] മീനാക്ഷിക്കും [പാര്‍വതി] പ്രത്യേകം കോവിലുകലുണ്ട്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മീനാക്ഷി അമ്മന്‍ കോവിലും വടക്ക് പടിഞ്ഞാറ് ഭാഗത്ത് സുന്ദരെശ്വരന്റെ കോവിലും സ്ഥിതി ചെയ്യുന്നു. അങ്ങോട്ട്‌ നടക്കാം..


നൂറ്റാണ്ടുകളുടെ ഇരുട്ട് കട്ട പിടിച്ചു നില്‍ക്കുന്ന ഇടനാഴികള്‍.. അങ്ങിങ്ങ് ചില കല്‍മണ്ടപങ്ങളില്‍ കത്തിച്ചു വെച്ചിരിക്കുന്ന ദീപപ്രഭയില്‍ മുന്നിലേക്കുള്ള വഴി തെളിയുന്നു. എണ്ണവിളക്കുകളും നെയ്യും കര്‍പ്പൂരവും കത്തുന്ന പഴമയുടെ ഗന്ധമാണ് ചുറ്റും.. കരിങ്കല്ല് പാകിയ നടപ്പാതയുടെ തണുപ്പ് കാലില്‍ ഇക്കിളിയിടുന്നു..
ഈ വഴിയിലെ ഒരു മണ്ഡപത്തില്‍ ഗണപതിയുടെ ഒരു കൂറ്റന്‍ വിഗ്രഹം കണ്ടു. മുന്നില്‍ കത്തിച്ചു വെച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള, ഒരുപാട് തിരിയിട്ടു കത്തിച്ചു വെച്ച വിളക്കിന്റെ പ്രകാശം മണ്ഡപം മുഴുവന്‍ വെളിച്ചം പരത്തുന്നുണ്ട്. തിരുമല നായ്‌ക്കന്റെ കാലത്ത് മധുരയിലെ ഒരു ക്ഷേത്രക്കുളത്തില്‍ നിന്ന് കുഴിച്ചെടുത്തു കോവിലില്‍ പ്രതിഷ്ഠിച്ചതാണ്‌ ഈ ഗണപതി വിഗ്രഹം.

-കോവിലിനു പുറത്തേക്കുള്ള ഗോപുരകവാടത്തിനരികെ പൂക്കച്ചവടം നടത്തുന്നവര്‍-

തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളെയും പോലെ മീനാക്ഷി അമ്മന്‍ കോവിലും ആരാധനാലയമായും മ്യൂസിയമായും കച്ചവടകേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. മീനാക്ഷി കോവിലിനു മുന്നിലെത്തിയപ്പോള്‍ യൂണിഫോമിട്ട പാറാവുകാരന്റെ ചോദ്യം: "VIP ക്യൂവില്‍ വാങ്കോ, 50 രൂപ മട്ടും".
ശ്രീകോവിലിനു സമാന്തരമായി അല്പം അകലെ നീളത്തില്‍ കൈവരി പിടിപ്പിച്ച്‌ അതിനു മുന്നിലൂടെയാണ്‌ സാധാരണ ക്യൂ. തിരക്കില്‍ നിന്നൊഴിഞ്ഞു അടുത്തു നിന്ന് തൊഴണമെങ്കില്‍ കൈക്കൂലി കൊടുത്താല്‍ മതി. VIP ക്യൂവില്‍ സ്ഥാനം കിട്ടും. ഇങ്ങനെയുള്ള ചില 'നെഗറ്റിവ് എനര്‍ജി'യും ഈ ക്ഷേത്രത്തില്‍ നിന്ന് എനിക്കനുഭവപ്പെട്ടു! വിഗ്രഹങ്ങള്‍ ഫോട്ടോ എടുക്കുന്നതിനു വിലക്കൊന്നുമില്ലെങ്കിലും [പാസ് എടുത്താല്‍ മതി] എനിക്കവിടെ പ്രാര്‍ഥനാപൂര്‍വ്വം നീങ്ങുന്ന ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ തോന്നിയില്ല. ഫ്ലാഷ് ഇടാതെ കോവിലിന്റെ ഈ ഭാഗത്ത് ചിത്രങ്ങള്‍ കിട്ടില്ല.

മീനാക്ഷി കോവിലിനു വലതുഭാഗത്ത് ഒരു ടിക്കറ്റ്‌ കൌണ്ടെര്‍. മധുരമീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതമായ 'ആയിരം കല്‍മണ്ടപ'ത്തിലേക്കുള്ള [thousand pillar mandapa] പ്രവേശനകവാടമാണിത്.
കൊത്തുപണികളോട് കൂടിയ കല്‍പ്പടവുകള്‍ ചവിട്ടി തറനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മണ്ഡപത്തിലേക്ക്..


സമചതുരാകൃതിയിലുള്ള മധുരമീനാക്ഷി അമ്മന്‍ കോവിലിന്റെ വടക്ക് കിഴക്കേ മൂലയിലാണ് 'ആയിരം കല്‍മണ്ഡപം'. കോവിലിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം നാലിലോന്നോളം സ്ഥലത്ത് ഈ മണ്ഡപം വ്യാപിച്ചു കിടക്കുന്നു. വിശാലമായ ഈ മണ്ഡപത്തില്‍ കൊത്തുപണികളോട് കൂടിയ 985 കല്‍തൂണുകളുണ്ട് [ആയിരം തികച്ചില്ല]. തികച്ചും അവിശ്വസനീയമായ കാഴ്ച! എത്രമാത്രം മനുഷ്യദിനങ്ങള്‍ ഈ മാരത്തോണ്‍ പ്രവര്‍ത്തനത്തിന് വേണ്ടി ചിലവഴിച്ചിരിക്കുമെന്നു പ്രവചിക്കാന്‍ വയ്യ. ദ്രാവിഡിയന്‍ ശില്‍പ്പകലയുടെ മകുടോദാഹരണമാണ്‌ ഈ കല്‍മണ്ഡപം.ആയിരം കല്‍മണ്ടപങ്ങളുടെ ഹാളിന്റെ ഒരു ഭാഗത്ത് 1200 വര്‍ഷത്തെ മധുരാപുരിയുടെ ചരിത്രം വിളംബരം ചെയ്യുന്ന ഒരു ആര്‍ട്ട് ഗാലറിയുണ്ട്. അമൂല്യമായ ചിഹ്നങ്ങളുടെയും കൊത്തുപണികളുടെയും ചുവര്‍ചിത്രങ്ങളുടെയും വലിയൊരു ശേഖരമാണ് ഇത്.

-ചുവര്‍ ചിത്രങ്ങളുടെ നീണ്ട നിര. പുരാണകഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് ഇതിവൃത്തം-


നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചുവര്‍ ചിത്രങ്ങള്‍ എത്ര അലസമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് നോക്കു..കയ്യില്‍ ഒരു പെന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഇതില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്താം!

ഈ മണ്ടപത്തിനു പുറത്തു പടിഞ്ഞാറ് വശത്താണ് സപ്തസ്വരങ്ങളില്‍ സംഗീതം പുറപ്പെടുവിക്കുന്ന 7 കല്‍ത്തൂണുകള്‍. കല്ലില്‍ തട്ടുമ്പോള്‍ 7 തരത്തിലുള്ള 'മ്യൂസിക്കല്‍ നോട്സ്' കേള്‍ക്കാം. ചെറിയ മരദണ്ട് കൊണ്ട് മൃദുവായി ഈ കല്ലുകളില്‍ തട്ടിയാണ് ഇത് ശ്രവിക്കുന്നത്. കാലപ്പഴക്കവും കല്‍തൂണുകളില്‍ അമിതഭാരവും വന്നിട്ടാവണം മ്യൂസിക്കല്‍ നോട്സ് ശരിയായ പിച്ചിലല്ല ഇപ്പോള്‍ കേള്‍ക്കുന്നത്.
'ആയിരം കല്‍മണ്ടപ'ഹാളിനു തെക്ക് വശത്താണ് കല്യാണമണ്ഡപം. ഏപ്രില്‍ മാസത്തിലെ ചിത്തിര മഹോത്സവത്തില്‍ 'കല്യാണ മണ്ടപ'ത്തില്‍ വെച്ച് എല്ലാ വര്‍ഷവും ശിവന്റെയും പാര്‍വതിയുടെയും വിവാഹം ഇവിടെ ആഘോഷിക്കപ്പെടുന്നു.

-നടരാജ വിഗ്രഹം; പാര്‍വതിയോടൊപ്പം-

-മീനാക്ഷി നായ്ക്കര്‍ മണ്ഡപം-

ഇനി പറയു..
മധുരമീനാക്ഷിക്ഷേത്രത്തെ ലോകത്തെ ആധുനികകാലത്തെ സപ്താത്ഭുതങ്ങളില്‍പ്പെടുത്താന്‍ നാമനിര്‍ദേശം ചെയ്യുന്നതില്‍ തെറ്റുണ്ടോ?


[camera: canon s2is]


വിവാഹമംഗളാശംസകള്‍

Glitter Graphics,Glitters,Glitter,Malayalam Glittersബ്ലോഗര്‍ പിരിക്കുട്ടി 11 സെപ്റ്റംബര്‍ 2010 ന് രാവിലെ 10:30നും 10:50നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍

മേത്തല ചള്ളിയില്‍ ശ്രീ.അന്നപൂര്‍ണ്ണേശ്വര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി.
പിരിക്കുട്ടിക്കും നവവരന്‍ ഗിരീഷിനും നമ്മുടെ ബൂലോകം ടീമിന്റെ ആശംസകള്‍.

ബൂലോക സഞ്ചാരം - 5


കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വച്ച് ബ്ലോഗ് എന്ന മാധ്യമത്തെ പുറമേ നിന്നും നോക്കിക്കാണുന്ന ഒരു സുഹൃത്തുമായി ബ്ലോഗിങ്ങിനെ കുറിച്ച് കുറച്ച് സമയം സംസാരിക്കാനിടയായി. ബ്ലോഗര്‍മാരെ പോലെ തന്നെ പല ബ്ലോഗുകളും നിരീക്ഷിക്കുന്ന ഒട്ടേറെ ആളുകള്‍ പുറമേ ഉണ്ട് എന്നത് സന്തോഷകരമായ ഒരു കാര്യമാണ്‌. പക്ഷെ, ഞങ്ങളുടെ സംസാരത്തിനിടയില്‍ സുഹൃത്ത് പറഞ്ഞ ചില കാര്യങ്ങളാണ്‌ ബൂലോക സഞ്ചാരത്തിന്റെ അഞ്ചാം ഭാഗം എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍.

ബ്ലോഗ് എന്ന മാധ്യമം പൊതുവെ എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമായി പോകുന്നു, നമ്മുടെ മറ്റു പല കലകള്‍ക്കും അതില്‍ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. ബ്ലോഗില്‍ കഥക്കും കവിതക്കും യാത്രാവിവരണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എന്ന പോലെ തന്നെ ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ സ്ഥാനമുണ്ടെന്ന്. പക്ഷെ അവയൊക്കെയുണ്ടെങ്കിലും ഒരിക്കലും അവ ഒരു തലത്തിനപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു പരിധിവരെ വാസ്തവമായി തന്നെ എനിക്കും തോന്നി. ഫോട്ടോ ബ്ലോഗുകളുടെ കാര്യം അല്പം കൂടെ വ്യത്യസ്തമാണെങ്കിലും ചിത്രബ്ലോഗുകളുടെ കാര്യത്തില്‍ ഒരു പരിധിവരെ അത് ശരിതന്നെയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട രണ്ട് ബ്ലോഗുകള്‍ അവയിലെ പോസ്റ്റുകളുടെ മനോഹാരിത കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടതാണെങ്കിലും അര്‍ഹിക്കുന്ന പരിണന കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ട്.. ഈ ഒരു പംക്തി തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബൂലോകം പ്രവര്‍ത്തകരും മനസ്സില്‍ കണ്ടത്, ഇത്തരത്തില്‍ കാണാതെ പോകുന്ന മികച്ച ബ്ലോഗുകളെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുവാനുള്ള ഒരു ശ്രമം എന്ന നിലക്കായത് കൊണ്ടും തീര്‍ച്ചയായും ചിത്രമെഴുത്ത് മേഖലയിലുള്ള ചില ബ്ലോഗുകളിലൂടെയാവാം ഇക്കുറി നമ്മുടെ സഞ്ചാരം.

എഴുത്ത്, വായന എന്നിവ പോലെ തന്നെ നമ്മള്‍ എന്നും നെഞ്ചേറ്റിയിരുന്ന ഒരു കലാരൂപമാണ്‌ ചിത്രരചന. ചിത്രമെഴുത്ത് എന്നൊരു പഴയ പ്രയോഗവും ഉണ്ട്. ബ്ലോഗില്‍ ഒട്ടേറെ പേര്‍ കൈവെക്കാന്‍ മടിച്ചിട്ടുള്ള ഒരു മേഖലയും ഇത് തന്നെയെന്ന് തോന്നുന്നു. കുക്കു
, ജ്യോ
, ലിനു
, ഹൈന
.. ചെറിയ ഒരു നിരതന്നെയുണ്ട്.. അത്തരം സാഹചര്യത്തില്‍ നിവിനിന്റെ 'വെറുതെ ഒരു ബ്ലോഗും' റാണി അജയിന്റെ 'മകള്‍ക്ക്' എന്ന ബ്ലോഗും രഞ്ജിത്ത് കുമാറിന്റെ Art ofRKMN എന്ന ബ്ലോഗും മനോജ് തലയമ്പലത്തിന്റെ 'ചിത്രങ്ങള്‍' എന്ന ബ്ലോഗും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നി.

വെറുതെ ഒരു ബ്ലോഗ്

വെറുതെ ഒരു ബ്ലോഗ് എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഒരിക്കലും ചിത്രമെഴുത്തിനു മുന്‍‌തൂക്കം കൊടുക്കുന്ന ഒരു ബ്ലോഗാവുമെന്ന് കരുതിയല്ല അതിലേക്ക് കയറി ചെന്നത്. ചെന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് മനോഹരമായ ഒരു തലക്കെട്ടാണ്‌. 'കറുത്ത സ്വപ്നങ്ങളിലെ ഗ്രാമം
'. ഒരു ചിത്രകാരനില്‍ നല്ലൊരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടാവാം എന്ന്‍ എവിടെയോ വായിച്ച ഓര്‍മ്മ!!. ചിത്രമെഴുത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് എനിക്ക് അത്ര ഗ്രാഹ്യം ഇല്ല. എങ്കിലും അതില്‍ കണ്ട ചിത്രങ്ങള്‍ അത് നമ്മെ വല്ലാതെ പിടിച്ചിരുത്തുന്നു. പോസ്റ്റുകളിലൂടെ ഒന്ന് ഓടിച്ച് പോയപ്പോള്‍ പെട്ടന്ന് മലയാളിക്ക് ഒട്ടേറെ അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച ശോഭനയുടെ
ഒരു മനോഹരമായ പോര്‍ട്രയിറ്റ്!!! എനിക്ക് അതിനെ കുറിച്ച് വിശദീകരിച്ച് തരുവാനുള്ള വിവേകം ഇല്ലാത്തതിനാല്‍ നിങ്ങള്‍ തന്നെ അത് കാണൂ എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.. നല്ലൊരു എഴുത്തുകാരന്‍ കൂടെ നിവീനില്‍
ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറിപ്പുകള്‍ എന്ന ലേബലില്‍ കണ്ട ചില എഴുത്തുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സിലായി. ഒരു കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പോലും അതീവ തീവ്രമായി എഴുതിയിട്ടുണ്ട്. എന്നിരിക്കലും വെറുതെ ഒരു ബ്ലോഗ് എന്നെ ആകര്‍ഷിച്ചത് അതിലെ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് തന്നെ.

മകള്‍ക്ക്

ചെങ്ങന്നൂര്‍ സ്വദേശിയായ, ഇപ്പോള്‍ ടൊറെന്റോയില്‍ താമസിക്കുന്ന റാണി അജയ്
സ്വന്തം മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായതിനാല്‍ മകള്‍ക്ക് വേണ്ടി കാട്ടുന്ന സാഹസം എന്ന പേരില്‍ തുടങ്ങിയ ഈ ബ്ലോഗ് ഒരിക്കലും ചിത്രകലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസം ആയി തോന്നില്ല എന്നത് ഉറപ്പ്. പെയിന്റും ബ്രഷും കൊണ്ടുള്ള റാണിയുടെ മല്‍‌‌പ്പിടുത്തത്തില്‍ ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ പെയിന്റിംഗ്, ആക്രലിക്ക് പെയിന്റിംഗ്, MS പെയിന്റിംഗ്, പെന്‍സില്‍ സ്കെച് എന്നീ വിവിധ വിഭാഗങ്ങളിലായി 30 ഓളം ചിത്രങ്ങള്‍ ഉണ്ട്. ഒരു യാത്ര
, ദേവാംഗന
എന്നീ ചിത്രങ്ങള്‍ മനോഹരമായി തോന്നി. മകള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ സാഹസത്തിലൂടെ ഒരിക്കല്‍ സഞ്ചരിച്ചാല്‍ ഒന്ന് കൂടി അവിടെ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രമെഴുത്തുകാരി.

Art of RKMN

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വൈഗ അനിമേഷനില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുമാര്‍ എം.എന്‍
എന്ന അനിമേറ്ററുടെ ബ്ലോഗാണ്‌ Art of RKMN (രഞ്ജിത് കുമാര്‍ എം. എന്‍ എന്നതിന്റെ ചുരുക്കെഴുത്താവാം). 5 പോസ്റ്റുകളോളമേ നിലവില്‍ ആ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ ബ്ലോഗ് അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലാവാം രഞ്ജിത്തിനെ നിരാശനാക്കുന്നത്. അല്ലെങ്കില്‍ സമയക്കുറവാകാം.. എന്ത് തന്നെയായാലും അതില്‍ കണ്ട പോസ്റ്റുകളില്‍ രഞ്ജിത്തിലെ ചിത്രകാരന്റെ നേര്‍ ചിത്രം നമുക്ക് നിശ്ചയമായും ലഭിക്കുന്നുണ്ട്. My dear Kannan, My Dear Apputtan, Indian Mozart എന്നീ ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ നിരീക്ഷണപാടവം വളരെയധികം ദര്‍ശിക്കാം. എ.ആര്‍. റഹ്‌മാന്‍
എന്ന ഭാരതത്തിന്റെ ഓസ്കാര്‍ ജേതാവിന്റെ രഞ്ജിത്ത് വരച്ച ചിത്രം വളരെ മനോഹരമായിരിക്കുന്നു. പെന്‍സില്‍ ഡ്രോയിംഗിന്റെ എല്ലാ മനോഹാരിതയും ആ പോസ്റ്റിനുണ്ടെന്ന് തന്നെ ഒരു ശരാശരി ആസ്വാദകനായ എന്റെ വിശ്വാസം. തീര്‍ച്ചയായും പരിഗണന കിട്ടാത്തത് കൊണ്ട് ഇത്തരം മികച്ച കലാ സൃഷ്ടികള്‍ വിസ്മൃതിയിലാവരുതെന്ന് എനിക്ക് തോന്നുന്നു.

ചിത്രങ്ങള്‍

മനോജ് തലയമ്പലത്ത്
എന്ന ബ്ലോഗ് സുഹൃത്തിനെ ഞാന്‍ തികച്ചും യാദൃശ്ചികമായി കണ്ട് മുട്ടിയതാണ്‌. എപ്പോഴോ ഋതു എന്ന കഥാ ബ്ലോഗിലെ കമന്റ് ബോക്സില്‍ കണ്ടിട്ടുള്ള പരിചയത്തിലൂടെയാണ്‌ മനോജിന്റെ ബ്ലോഗില്‍ എത്തപ്പെട്ടത്. അതിലെ ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ചില വ്യത്യസ്തതകള്‍ ഫീല്‍ ചെയ്യുകയും ചെയ്തു. നിറങ്ങള്‍ കൊണ്ട് ജീവിതം നിറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഓര്‍ക്കുന്ന ഈ ചെറുപ്പകാരന്റെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്‌ ഇന്ന് ചിത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ വര്‍ക്ക് ചെയ്യുന്ന മനോജിന്റെ ക്രയോണ്‍ ചിത്രങ്ങളൂടെ മനോഹാരിത ആസ്വദിക്കപ്പെടേണ്ടത് തന്നെ. കലഹം, തയ്യല്‍കാരി, പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞ് പോയത്.
.... ചിത്രങ്ങള്‍ എന്ന ബ്ലോഗിലെ ചില നല്ല ചിത്രങ്ങള്‍ മാത്രം ഇവ.. (ഈ നല്ല കലാകാരന്റെ ചിത്രങ്ങള്‍ പലപ്പോഴും എന്റെ തേജസിലെ
ചില പോസ്റ്റുകള്‍ക്ക് മുതല്‍കൂട്ടാകാറുണ്ട് എന്നത് ഹൃദയപുര്‍വ്വം ഇവിടെ സ്മരിച്ച് കൊള്ളുന്നു)

ഒട്ടേറെ ബ്ലോഗുകള്‍ അരങ്ങു വാഴുന്ന മലയാള ബൂലോകത്തിന്‌ മുതല്‍ക്കൂട്ടായി തീരട്ടെ ഇത്തരം വേറിട്ട ബ്ലോഗുകളും എന്ന്‍ ആശംസിക്കുന്നു.


© മനോരാജ്
(തേജസ്)

കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ" നമ്മുടെ ബൂലോകം " ഒന്നാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറെ ജനപ്രീതി ഈ ബ്ലോഗ്‌ പോര്‍ട്ടലിനു നല്‍കിയതില്‍ എല്ലാ വായനാക്കാരോടും നമ്മുടെ ബൂലോകം ടീം അംഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും ഞങ്ങളുടെ മനസ്സ് നിറഞ്ഞ നന്ദി. ബൂലോകത്തും ഭൂലോകത്തും സജീവ സാന്നിധ്യവുമായി 'നമ്മുടെ ബൂലോകം' കെട്ടും മട്ടും മാറുകയാണ്. തുടര്‍ന്നും നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.


ഈ ഒന്നാം വാര്‍ഷിക വേളയില്‍ , മലയാളം ബ്ലോഗര്‍മാര്‍ക്ക് സമ്മാനമായി ഞങ്ങള്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് - " നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍ " . ബ്ലോഗര്‍മാര്‍ക്ക് സ്വതന്ത്രമായി പുസ്തക പ്രസാധനം ചെയ്യുവാനും മികച്ച ഒരു മാര്‍ക്കറ്റിംഗ് വഴി അവരുടെ രചനകള്‍ മലയാള സാഹിത്യ ലോകത്തെത്തിക്കുവാനും ഉള്ള ഒരു സംരംഭം നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഇതില്‍ ആദ്യമായി ശ്രീ. അരുണ്‍ കായംകുളം എന്ന ബ്ലോഗറുടെ " കായംകുളം സൂപ്പര്‍ ഫാസ്റ്റ് " എന്ന ബ്ലോഗിലെ ഏതാനും നര്‍മ്മ രചനകള്‍ ക്രോഡീകരിച്ചു കൊണ്ടുള്ള പുസ്തകമാണ് പ്രസാധനം ചെയ്യുന്നത്. "കായംകുളം സൂപ്പര്‍ ഫാസ്റ്റ്" എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ പുസ്തകം കമ്പോസിംഗ് കഴിഞ്ഞു പ്രിന്‍റിംഗ് ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. 2010 ഒക്ടോബര്‍ 17 വിദ്യാരംഭ ദിനത്തില്‍ രാവിലെ കരിമുട്ടം ക്ഷേത്രത്തില്‍ വച്ചു പുസ്തകം പ്രകാശനം ചെയ്യും.പ്രകാശനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറകിനു അറിയിക്കുന്നതായിരിക്കും. പ്രമുഖ ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന്‍ ആണ് പുസ്തകത്തിന്റെ കവര്‍ ചിത്രവും ഇല്ലസ്ട്രെഷനും നിര്‍വ്വഹിച്ചിരിക്കുന്നത്. മേമ്പോടിയായി ശ്രീ കാര്ട്ടൂണിസ്റ്റ് സജീവിന്റെ ഒരു സ്പെഷ്യല്‍ വരയും പുസ്തകത്തില്‍ കാണാം .
കണ്ണനുണ്ണി, നിരക്ഷരന്‍, ജി.മനു, മുരളീകൃഷ്ണ മാലോത്ത്‌, ഷാ തുടങ്ങിയവര്‍ പുസ്തകം മികച്ചതാക്കാനുള്ള വിവിധ സഹായ സഹകരങ്ങള്‍ നല്‍കിയിരിക്കുന്നു.ഈ പുസ്തകത്തിലെ അവതാരികയോടൊപ്പമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ലതി, അനില്‍ അറ്റ്‌ ബ്ലോഗ്‌, കിച്ചു, മുള്ളൂക്കാരന്‍, അരവിന്ദന്‍, മാണിക്യം , വിശാല മനസ്കന്‍ , ഹരീഷ് തൊടുപുഴ, സജി മാര്‍ക്കോസ് , മനോരാജ്, പ്രവീണ്‍ വട്ടപ്പരംബത്തു, ആഷ് ലി എന്നിവരാണ് .

നമ്മുടെ ബൂലോകം പബ്ലിക്കെഷന്റെ രണ്ടാമത്തെ പുസ്തകം " കലിയുഗവരദന്‍ " എന്ന രചനയും കമ്പോസിംഗ് ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു . വൃശ്ചിക മാസത്തോടനുബന്ധിച്ചു ഇതും പ്രകാശനം ചെയ്യും. പതിനഞ്ചു ബ്ലോഗര്‍മാര്‍ ഒന്നിച്ചു അണിനിരക്കുന്ന " കഥയും കവിതയും " എന്ന പുസ്തകമാണ് മൂന്നാമതായി പദ്ധതി ഇട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറകെ.

സാഹിത്യ ലോകത്തിലേക്ക് വേറിട്ട ശൈലി ഉള്ള മികച്ച ഒരെഴുത്തുകാരനെയും പുസ്തകത്തെയും ആദ്യമായി നമ്മുടെ ബൂലോകം പബ്ലിക്കേഷന് സമര്‍പ്പിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ബ്ലോഗില്‍ നിന്നുമുള്ള എഴുത്തുകാരെ തുടര്‍ന്നും ബൂലോകത്ത് നിന്നും ഭൂലോകത്ത് എത്തിക്കാനുള്ള പദ്ധതികള്‍ എല്ലാം പൂര്‍ത്തിയായി വരുന്നു. ഓരോ നിശ്ചിത കാലയളവില്‍ ഓരോ പുസ്തകത്തെയും ഞങ്ങള്‍ ബൂലോകത്ത് നിന്നും ഭൂലോകത്ത് എത്തിക്കുന്നതായിരിക്കും.ഈ പുതിയ സംരഭത്തിനു നിങ്ങള്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

നമ്മുടെ ബൂലോകം ടീം അംഗങ്ങള്‍ക്ക് വേണ്ടി,

ജോ

പബ്ലിഷര്‍

നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു

ഹറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമ “നിലാവിന്റെ“ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. റിക്കോറ്ഡിംഗും മറ്റ് അവസാന മിനുക്കു പണിക്കള്‍ക്കും ശേഷം റിലീസിനു തയ്യറായിക്കൊണ്ടിരിക്കുന്നു എന്ന് ചിത്രസംവിധാകയനും പ്രവാസിയുമായ അജിത് നായര്‍ അറിയിച്ചു. ബഹറിനിലെ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിദ്ധ്യമായ അജിത് നായര്‍ അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ കൂടിയാണ്.
അവിവാഹിതനും ഏകാന്തതയുടെ കൂട്ടുകാരനുമായ ഒരു പ്രവാസിയുവാവ്, അവിചാരിതമായി കണ്ടുമുട്ടുന്ന വീട്ടമ്മയായ യുവതിയുമായി അടുപ്പത്തിലാവുന്നു. സുന്ദരിയായ കഥാ നായികയുടെ വശ്യതയാര്‍ന്ന സംഭാഷണങ്ങളും കവിത തുളുമ്പുന്ന മിഴികളും കലാകാരനും ശില്പിയുമായ ഹരിയെ വേട്ടയാടുന്നു. അവരുടെ ഇടയില്‍ വളരുന്ന,നിര്‍വ്വചനങ്ങള്‍ക്ക് അതീതമായ സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ കഥയാണ് അജിത് നായര്‍ തന്റെ ആദ്യ ചിത്രമായ നിലാവിലൂടെ പറയുന്നത്. പ്രവാസസമുദ്രത്തില്‍ ഒറ്റപ്പെട്ടു പോയ രണ്ട് മനുഷ്യാത്മാക്കളുടെ ഒരുമിച്ചുള്ള പ്രയാണമാണ് നിലാവിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കവിതപോലെ മനോഹരമായ ഈ സിനിമയുടെ പ്രമേയം.വാക്ക് പോലെ തന്നെ ഹൃദയ സ്പര്‍ശിയായ നിലാവ് പറയുന്നത് ഏകാന്തതയുടെയും അസ്പഷ്ട വികാരങ്ങളുടെയും സ്വര്‍ഗീയമായ മനോഹാരിതയെ കുറിച്ചാണ്. നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന കഥ.

“ഒരു പ്രവാസിയെന്നു പറയുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്നത്, ഒരു പുരുഷന്റെ രൂപമാണ്.” അജിത് നായര്‍ പറയുന്നു.“എന്നാല്‍ ഹൌസ് വൈഫ് എന്ന ഓമനപ്പേരില്‍ വീട്ടിനുള്ളില്‍ തളച്ചിടപ്പെടുന്ന പ്രവാസിസ്ത്രീയുടെ ആകുലതകളും സ്വപ്നങ്ങളും എന്തൊക്കെയാണെന്ന് നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്”

നിലാവിന്റെ അണിയറശില്‍പ്പികള്‍ മാത്രമല്ല അഭിനേതാക്കളും ഏതാണ്ട് പൂര്‍ണ്ണമായും പ്രവാസികള്‍ തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

അജിത് നായര്‍ തന്നെ രചിച്ച രണ്ടു ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ചിത്രയും, ജി.വേണുഗോപാലുമാണ് ഗായകര്‍.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന യുട്യൂബ് ലിങ്കില്‍ നിന്നും നിലാവിലെ ഗാനരംഗങ്ങള്‍ കാണാം.


1. രാവില്‍ നില മഴ കീഴില്‍..

ഗാന രചന : അജിത്‌ നായര്‍
സംഗീതം : റജി ഗോപിനാഥ്
ആലാപനം‌ : ചിത്ര
2. അറിയാതെ ഒന്നും പറയാതെ ..

ഗാന രചന, സംഗീതം : അജിത്‌ നായര്‍
ആലാപനം‌ : ജി. വേണുഗോപാല്‍ഗാനത്തിന്റെ വരികള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.

1. രാവില്‍ നില മഴ കീഴില്‍.....
2. അറിയാതെ ഒന്നും പറയാതെ ..

കേരളത്തിലെ തീയേറ്ററുകളില്‍ മാത്രമല്ല ഗള്‍ഫ്‌രാജ്യങ്ങള്‍,അമേരിക്ക,കാനഡ യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി, പ്രവാസികള്‍ ധാരാളമുള്ള എല്ലാ രാജ്യങ്ങളിലും നിലാവ് ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്നു തിരകഥാകൃത്ത് കൂടിയായ അജിത് അറിയിച്ചു.
സജി മര്‍ക്കോസ്

Popular Posts