അമ്പട ഓണമേ !

അരുണ്‍ കായംകുളം


ണം എന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുന്ന ചിന്തകള്‍ അനവധിയാണ്.പുലികളി, പടക്കം പൊട്ടിക്കുക, മാവേലി, അത്തപ്പൂ, ആര്‍പ്പ്‌വിളി, വള്ളംകളി, ഓണസദ്യ....

എന്‍റെ
കുട്ടിക്കാലത്ത് ഇവയില്‍ പലതും എനിക്ക് ഞെട്ടിക്കുന്ന ഓര്‍മ്മകളായിരുന്നു.

പുലികളി:
ചെണ്ട കൊട്ടിക്കോണ്ട് ചേട്ടന്‍മാര്‍ വരികയായി..
"ജിലം ഡം ഡം, ജിലം ഡം ഡം...
ജിലം ഡം ഡം, ഡഡം ഡം ഡം"
അതാ ഒരു പുലി എങ്ങ് നിന്നോ ചാടി വന്നിരിക്കുന്നു, തുടര്‍ന്നന്‍ പുലിയുടെ കുറേ കൊപ്രായങ്ങള്‍.അച്ഛന്‍റെ തോളില്‍ കയറി അതും കണ്ടിരിക്കേ തോക്കും പിടിച്ച് കരിവീട്ടിയില്‍ കുമ്മായം പൂശിയ ഒരു രൂപം പ്രത്യക്ഷമായി.
"ആരാ അച്ഛാ അത്?"
"അതാ മോനേ സായിപ്പ്"
ഓഹോ, ഇതാണോ സായിപ്പ്??
സായിപ്പിന്‍റെ കസര്‍ത്തൊക്കെ കിടിലമായിരുന്നു, പക്ഷേ അവസാനം ഇവന്‍മാര്‍ കാട്ടുന്ന ഒരു തമാശയുണ്ട്, പുലികളി കണ്ട് രസിച്ച് നില്‍ക്കുന്ന ഏതെങ്കിലും പയ്യന്‍മാരുടെ നിക്കറില്‍ പിടിച്ചാ ഇവര്‍ തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്നത്, ബ്ലഡി സായിപ്പ്!!
അന്ന് ഇരയായ ചേട്ടന്‍ കരഞ്ഞോണ്ട് ഓടിയപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, തല്ലി കൊന്നാലും എന്നെ പിടിച്ച് ഉണ്ട നിറയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
ഞാനും നിലത്ത് നിന്ന് പുലികളി കാണുന്ന പയ്യനായി.ഇക്കുറി സായിപ്പിന്‍റെ ഉദ്ദേശം ഞാനാണ്, എന്നെ പിടിച്ച് ഉണ്ട നിറയ്ക്കണം, എഗൈന്‍ ബ്ലഡി സായിപ്പ്!!

കളി അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായി, സായിപ്പ് എന്‍റെ അടുത്തേക്ക് വരാന്‍ തയ്യാറാവുന്നു.ഒട്ടും അമാന്തിച്ചില്ല, അടുത്ത് കിടന്ന് കരിങ്കല്ലെടുത്ത് പുലിയുടെ തല ലക്ഷ്യമാക്കി ആഞ്ഞ് എറിഞ്ഞു.എന്‍റെ ഉദ്ദേശം പച്ചവെള്ളം പോലെ ശുദ്ധമായിരുന്നു, ഏറ്‌ കൊണ്ട് പുലി ചത്താല്‍ പിന്നെ ഉണ്ട നിറയ്ക്കേണ്ട കാര്യമില്ലല്ലോ.എന്തായാലും ഏറ്‌ കുറിക്ക് കൊണ്ടു, പുലികളിക്കാര്‍ക്ക് അഞ്ച് രൂപ കൊടുക്കാന്‍ തയ്യാറായി നിന്ന അച്ഛന്‍ അഞ്ഞൂറ്‌ രൂപ കൊടുത്താ ആ പ്രശ്നം ഒതുക്കിയത്.എന്‍റെ ആ സാഹസം കൊണ്ട് രക്ഷപെട്ടത് നാട്ടിലെ പയ്യന്‍മാരാ, അതില്‍ പിന്നെ ഒരു സായിപ്പിനും പയ്യന്‍മാരുടെ ഉണ്ട വേണ്ടാ.അത് മാത്രമല്ല പയ്യന്‍മാരോട് പുലികള്‍ക്കും ചെറിയ ബഹുമാനം ഒക്കെ വന്നു, സായിപ്പ് വെടിവയ്ക്കാന്‍ കാത്ത് നില്‍ക്കാതെ ആരെങ്കിലും 'ഠോ'ന്ന് പറഞ്ഞാല്‍ കൂടി അവ ചത്ത് വീഴാന്‍ തയ്യാറായി.

ഓണസദ്യ:
നല്ല കുത്തരി ചോറും, പരിപ്പും പപ്പടവും, കൂടെ കാളന്‍, കൂളന്‍, അവിയല്, പായസം, ഹായ്, ഹായ്, എന്താ ടേസ്റ്റ്.പക്ഷേ എന്‍റെ കുടുംബത്തിലെ കുട്ടികള്‍ക്ക് തിരുവോണത്തിനു വീട്ടില്‍ വച്ച് ഉള്ള സദ്യയെക്കാള്‍ പഥ്യം അവിട്ടത്തിന്‍റെ അന്ന് തറവാട്ടില്‍ വച്ച് നടത്തുന്ന സദ്യയാണ്.
അതിനു കാരണമുണ്ട്.
അന്നത്തെ സദ്യക്ക് എല്ലാവരും കാണും, മാത്രമല്ല പച്ചക്കറി വിഭവങ്ങള്‍ കൂടാതെ അന്നത്തെ കാലത്ത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കോഴിക്കറിയും കാണും.അല്ലേല്‍ തന്നെ സദ്യ ഒരുക്കുമ്പോള്‍ അമ്മാവന്‍ പൈസ നോക്കാറില്ല...
അമ്പത് പേര്‍ക്ക് രണ്ട് കിലോ കോഴിയങ്ങ് വാങ്ങും!!
പിന്നെ ഒരു എട്ട് കിലോ ഉരുളന്‍ കിഴങ്ങ് കൂടി ഇട്ട് അത് പത്ത് കിലോ ആക്കി വിളമ്പും.കറിയ്ക്ക് അകത്ത് കിട്ടുന്ന കഷ്ണങ്ങള്‍ എല്ലാം ഉരുളന്‍ കിഴങ്ങ് ആണെങ്കില്‍ അതിനെ ഉരുളന്‍കിഴങ്ങ് കറിയെന്നും, ഒരു കോഴി പീസ് എങ്കിലും ഉണ്ടെങ്കില്‍ അതിനെ കോഴിക്കറിയെന്നും ഞാന്‍ വിശേഷിപ്പിക്കും.അങ്ങനെ സദ്യ ഞങ്ങള്‍ക്ക് മുന്നില്‍ നിരന്നു...

എനിക്ക് ഒരു കുഴപ്പമുണ്ട്.
എത്ര നല്ല സദ്യ ആണെങ്കിലും ഞാന്‍ ഒരോ കറി വീതമേ കൂട്ടി തീര്‍ക്കുമയുള്ളു.അതായത് ഒട്ടും ഇഷ്ടമില്ലാത്ത നാരങ്ങാ അച്ചാറ്‌ ആദ്യം തീര്‍ക്കും, പിന്നെ കാളന്‍, അവിയല്‌, അങ്ങനെ പോയി അവസാനം ചിക്കന്‍കറി കൂട്ടി ആസ്വദിച്ച് തിന്ന് സദ്യ അവസാനിപ്പിക്കും.
അന്ന് അവിട്ടത്തിന്‍റെ സദ്യക്കും ഞാന്‍ ഇത് തന്നെ ആവര്‍ത്തിച്ചു.ആദ്യം നാരങ്ങാ അച്ചാറ്‌ കൂട്ടി ചോറ്‌ ഉണ്ടു.അച്ചാറ്‌ തീര്‍ന്നപ്പോള്‍ അടുത്ത കൂട്ടാന്‍ കൂട്ടാം എന്ന് മനസില്‍ കരുതിയപ്പോള്‍ വല്യമ്മ വന്ന് സ്വല്പം അച്ചാറും കൂടി ഇലയിലിട്ടു.
ശെടാ!!!
ഇനി എന്തോ ചെയ്യും??
നല്ല ഒന്നാന്തം കോഴി ഇറച്ചി ഒരു സൈഡില്‍ ഇരിക്കുന്നുണ്ട്, അപ്പോഴാ ദേ വീണ്ടും അച്ചാറ്.പക്ഷേ ശീലം മാറ്റാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, ഒരിക്കല്‍ കൂടി അച്ചാറ്‌ തീര്‍ത്തു.വല്യമ്മ അത് തന്നെ നോക്കി ഇരിക്കുവാണെന്ന് തോന്നുന്നു, തീര്‍ന്നപ്പോള്‍ വീണ്ടും അച്ചാറ്‌ കൊണ്ടിട്ട്, എന്നിട്ട് സ്നേഹത്തോടെ ഒരു ഉപദേശവും:
"മോന്‍ ആവശ്യത്തിനു കഴിച്ചോ!"
കരിമുട്ടത്തമ്മേ, കുരിശായല്ലോ!!
എന്തിനു ഏറെ പറയുന്നു, അന്ന് ആ നാരങ്ങാ അച്ചാറ്‌ മാത്രം കൂട്ടി ഞാന്‍ സദ്യ ഉണ്ടു.എല്ലാം കഴിഞ്ഞ് കഴിക്കാന്‍ പറ്റാത്ത് കോഴിക്കറി ഓര്‍ത്ത് കൈ കഴുകിയപ്പോള്‍ പിന്നില്‍ നിന്ന് വല്യമ്മയുടെ ആത്മഗതം കേട്ടു:
"അരുണിനു അച്ചാറങ്ങ് പിടിച്ച് പോയെന്ന് തോന്നുന്നു. നോക്കിയേ, കോഴിക്കറി പോലും അവന്‍ തൊട്ടില്ല"
എന്നാലും എന്‍റെ വല്യമ്മേ.
കര്‍ത്താവേ, എനിക്ക് കണ്ട്രോള്‍ നല്‍കൂ!!!

മാവേലി:
പണ്ട് ദാനശീലനായ മഹാബലി എന്നൊരു ചക്രവര്‍ത്തി ഉണ്ടായിരുന്നെന്നും, വാമനന്‍ അദ്ദേഹത്തെ പറ്റിച്ച് പാതാളത്തില്‍ ആക്കിയെന്നും, ആണ്ടുതോറും അതിയാന്‍ നാട് കാണാന്‍ വരുന്നതാണ്‌ ഓണമെന്നും ഏവര്‍ക്കും അറിയാമെന്ന് വിശ്വസിക്കുന്നു.എനിക്കും ഇത് അറിയാമായിരുന്നു, പക്ഷേ മൂന്നാം ക്ലാസില്‍ വച്ച് മലയാളം പഠിപ്പിക്കുന്ന ഗോപാലന്‍ മാഷ് ഈ ചോദ്യം ചോദിച്ചപ്പോള്‍ എന്‍റെ അതി വിവരം എന്നെ ചതിച്ചു, ആ ചോദ്യം ഇങ്ങനെ ആയിരുന്നു..

"ആണ്ടു തോറും ഓലക്കുടയും ചൂടി ഓണത്തിനു നാട് കാണാന്‍ വരുന്നത് ആരാ?"
ആരാ??
'ഓണത്തിനിടക്ക് പുട്ട് കച്ചവടം' എന്ന കാസറ്റ് കേട്ടിട്ടുള്ള എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല:
"ഇന്നസെന്‍റ്‌"
ഗോപാലന്‍ മാഷിന്‍റെ കണ്ണ്‌ തള്ളി.
"ഇന്നസെന്‍റോ?"
"ഇന്നസെന്‍റ്‌ മാത്രമല്ല ജഗതിയുമുണ്ട്" വിശദമായ ഉത്തരം.
ഉത്തരം കേട്ട് സന്തോഷവാനായ ഗോപാലന്‍ മാഷ് മറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് എന്നെ ഒന്ന് പൊക്കി.
"നീ ആ ബെഞ്ചേലോട്ട് കേറി നിന്നേ"
അങ്ങനെ മറ്റുള്ളവരെക്കള്‍ ഒരടി മുകളിലായി എന്‍റെ സ്ഥാനം.കൂടെ സാറ്‌ ശാപമോഷവും തന്നു:
"ശരി ഉത്തരം പറഞ്ഞിട്ട് ഇനി ഇരുന്നാല്‍ മതി"
ഏറ്റു!!
പക്ഷേ എന്തുവാ ശരി ഉത്തരം??

ഉച്ച ഊണിന്‍റെ ഇടവേള സമയത്ത് സഹപാഠി വിഷ്ണുവാ ആ സത്യം എന്നെ ബോധിപ്പിച്ചത്.
"അരുണേ, അത് ഇന്നസെന്‍റും ജഗതിയും ഒന്നുമല്ല, അവരുടെ ഡ്യൂപ്പാ.നിനക്ക് ആണ്ടു തോറും വരുന്നത് മാവേലി ആണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ?"
സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം, മാഷിന്‍റെ ചോദ്യത്തിനു ഉത്തരം കിട്ടിയിരിക്കുന്നു.നേരെ സ്റ്റാഫ് റൂമിലേക്ക് ഓടി.
"എന്താടാ?"
"ക്ഷമിക്കണം സാര്‍, ഇന്നസെന്‍റും ജഗതിയും ഒന്നുമല്ല ആണ്ട് തോറും വരുന്നത്"
അത് കേട്ടതും സാറിന്‍റെ ദേഷ്യമെല്ലാം അലിഞ്ഞ് പോയി, മുഖത്ത് ഒരു ചിരി വരുത്തി അദ്ദേഹം ചോദിച്ചു:
"മിടുക്കന്‍, പിന്നെ ആരാ ആണ്ട് തോറും വരുന്നത്?"
"അത് അവരുടെ ഡ്യൂപ്പാ!!"
ഓടടാ!!!
ഓടി.

ഇങ്ങനെ കൊച്ച് കൊച്ച് നൊമ്പരങ്ങളും തമാശകളും കലര്‍ന്ന് എത്രയോ ഓണങ്ങള്‍.ഓര്‍ത്ത് വയ്ക്കാനും, ഊറിചിരിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ സമ്മാനിക്കാനായി ഇതാ വീണ്ടും ഒരു ഓണം കൂടി വരുന്നു..
നമ്മുടെ ബൂലോകത്തിനും, പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

അരുണ്‍ കായംകുളം

ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചത്.
കടപ്പാട് : മലയാളം ഫണ്‍ . കോം

40 Responses to "അമ്പട ഓണമേ !"

 1. എല്ലാ വായനക്കാര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ ഓണാശംസകള്‍

  ReplyDelete
 2. എന്റെ ബൂലോകമേ ഇതാണ് ശരിക്കും ഒരു ഓണച്ചിരി

  ReplyDelete
 3. കുറെ ഞെട്ടിത്തരിപ്പിച്ച ഓണചിന്തകള്‍.
  ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 4. തകർപ്പൻ ഓണപ്പടക്കം!

  ഓണാശംസകൾ!

  ReplyDelete
 5. അരുണേ അപ്പൊ പണ്ടേ ഒരു പുലിയാണല്ലേ

  ReplyDelete
 6. ആര്‍പ്പോ.............ഡ്രോ......

  എല്ലാവര്‍ക്കും ഓണാശംസകള്‍!


  അരുണ്‍ രാവിലെ ഒരു ചിരി തരപ്പെട്ടു

  ReplyDelete
 7. ഓണച്ചിന്തകള്‍ രസിച്ചു വായിച്ചു.:)
  ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

  ReplyDelete
 8. അരുണ്‍, രസകരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
  ഒരു സംശയം ബാക്കി..ഇലയില്‍ കാളന്റെ കൂടെ വിളമ്പിയ ആ കൂളന്‍ എന്താ? :-)

  ReplyDelete
 9. നല്ല ഓണസദ്യ .
  ഓണാശംസകളും നേരുന്നു

  ReplyDelete
 10. ഓണാശംസകള്‍..!!!!

  ReplyDelete
 11. [ "അത് അവരുടെ ഡ്യൂപ്പാ!!" ] ഹഹ ശരിക്കും ചിരിച്ചുപോയി :) നമ്മുടെ ബൂലോകത്തിനും , അരുണിനും കൂടെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 12. ഓര്‍മ്മകളുടേയും അനുഭവങ്ങളുടേയും സുഗന്ധം പൊഴിക്കുന്ന പൂക്കാലമൊരൊക്കി കൊണ്ട് വീണ്ടും ഒരോണം കൂടി...എരിഞ്ഞടങ്ങുന്ന ചൂടില്‍.. പൊള്ളുന്ന ആത്മാവിനു ഒരു തൂവല്‍ സ്പര്‍ശമേകാന്‍... നഷ്ട ബോധത്തിന്റെ വേദനയ്ക്ക് ഒരിത്തിരി ആശ്വാസം പകര്‍ന്നു തരാന്‍... ആ പഴയ മധുരസ്മൃതികളുടെ സുഗന്ധം മാത്രമേയുള്ളു കൂട്ടിന്...താങ്കള്‍ക്കും കുടുംബത്തിനും മിഴിനീര്‍ത്തുള്ളിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

  ReplyDelete
 13. അരുണേ....നല്ല ഓണ ചിന്തകള്‍. ഇക്കുറി ഓണത്തിന് ഞാനും നാട്ടില്‍, കുറെ കാലത്തിനു ശേഷം......ഓണാശംസകള്‍ ......സസ്നേഹം

  ReplyDelete
 14. ഓരോ പൈന്റായിട്ടു പോരെ ഇമ്മക്ക് നല്ല വെടിച്ചില്ല് ഓണാഘോഷങ്ങട് നടത്താം എന്താ...നേരം വെളുക്കോളം കട തുറന്ന് വച്ച് ബീവറേജസ് കോര്‍പറേഷന്‍ കോ-ഓപറേറ്റ് ചെയ്താല്‍ മത്യായിരുന്നു.
  എല്ലാവര്‍ക്കും ഓണാശംസകള്‍ ടാ...ഗട്യോള്‍സ് നോക്കി നില്‍ക്കാണ്ടെ വീട്ടീപോയി വേഗം വല്ലതും ഒക്കെ ഉണ്ടാക്കാന്‍ നോക്ക്. .. ചെസിമാരെ ടിവിയില്‍ കണ്ട നട്യോള്‍ടെ നുണകേട്ടിരിക്കാണ്ട് അടുക്കളയില്‍കയരി അനങ്ങി ഒന്ന് പണിയെടുക്ക്.എന്ന്ട്ട് എല്ലാരും കൂടെ സദ്യയുണ്ട് ആര്‍മ്മാദിക്കങ്ങ്ട് ആര്‍മാദിക്ക്

  ReplyDelete
 15. സാറിന്‍റെ ദേഷ്യമെല്ലാം അലിഞ്ഞ് പോയി, മുഖത്ത് ഒരു ചിരി വരുത്തി അദ്ദേഹം ചോദിച്ചു:
  "മിടുക്കന്‍, പിന്നെ ആരാ ആണ്ട് തോറും വരുന്നത്?"
  "അത് അവരുടെ ഡ്യൂപ്പാ!!"
  ഓടടാ!!!


  ആദ്യം പിടിച്ച് നിര്‍ത്തിയ ചിരി ഇവിടെ വീണ് ചിതറി... ഓണാശംസകള്‍ അരുണ്‍.

  എല്ലാ ബൂലോകര്‍ക്കും, എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, സകല ചരാചരങ്ങള്‍ക്കും സമ്പല്‍‌സമൃദ്ധമായ ഓണം ആശംസിക്കുന്നു.

  ReplyDelete
 16. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.,അരുണ്‍

  ReplyDelete
 17. അരുണേ.. ഓണം തകര്‍പ്പനാകട്ടെ.. ഓണാശംസകള്‍ നേരുന്നു. ഒപ്പം എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍..

  ReplyDelete
 18. അരുണ്‍ഭായ്‌... ഓണം ബംഗളൂരുവിലാണോ ...? അതോ കായംകുളത്തോ...? എന്തായാലും എന്റെയും നീലത്താമരയുടെയും ഓണാശംസകള്‍ ...

  ReplyDelete
 19. ഇങ്ങനെ കൊച്ച് കൊച്ച് നൊമ്പരങ്ങളും തമാശകളും കലര്‍ന്ന് എത്രയോ ഓണങ്ങള്‍.ഓര്‍ത്ത് വയ്ക്കാനും, ഊറിചിരിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ സമ്മാനിക്കാനായി ഇതാ വീണ്ടും ഒരു ഓണം കൂടി വരുന്നു..
  നമ്മുടെ ബൂലോകത്തിനും, പ്രിയപ്പെട്ട അരുണിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

  ReplyDelete
 20. അരുണ്‍, നിങ്ങളുടെ ആ 'ഓണ ഏറിനു' 500 രൂപ കൊടുത്താലും പുതു തലമുറയിലെ ചെക്കന്മാര്‍ രക്ഷപെട്ടല്ലോ. ഇപ്രാവശ്യത്തെ ഓണം അച്ചാര് കൂട്ടി ഉണ്ടെങ്ങിലും അരുണ്‍ വിളമ്പിയ ഈ കഥ ഓണത്തെ കേമാമാക്കി. നല്ല ഭാഷ, നല്ല ശൈലി. അഭിനന്ദനങ്ങള്‍ !

  ReplyDelete
 21. അരുണ്‍, വളരെ നന്നായി എഴുതിയിരിക്കുന്നു .

  അതില്‍ ഓണസദ്യ ആണ് ഏറ്റവും ഇഷ്ട്ടപ്പെട്ടതും .ഇവിടെ ഓണസദ്യ വിളംബാന്‍ എന്നെ എല്പിക്കില്ല . ഞാന്‍ സാമ്പാര്‍ ,പരിപ്പ് അതുപോലെ ഉള്ള കറികള്‍ ചോറിന് മുകളില്‍ ഒഴിക്കാതെ ,ഒരു വശത്ത് ഒഴിച്ച് കൊടുക്കും അത് ആണ് കാരണം .അത് കഴിഞ്ഞ് ഞാന്‍ സദ്യക്ക് ഇരിക്കുമ്പോള്‍ ,അവര് ആദ്യം തന്നെ കുറെ സാംബാര്‍,എന്‍റെ ചോറിന് മുകളില്‍ ഒഴിച്ച് പോകും അറിഞ്ഞ് ചെയുന്നത് തന്നെ .സദ്യ ബാക്കി വയ്ക്കാന്‍ പാടില്ലാല്ലോ എന്ന് കരുതി ഞാനും അത് കഴിച്ച് തീര്‍ക്കേണ്ടി വന്നിട്ടുണ്ട് .സദ്യയില്‍ എല്ലാ കറി കളും കഴിക്കാന്‍ പറ്റാത്ത അത്രയും കറി ഒഴിച്ച് ,ചോറ് പിന്നെ സാമ്പാര്‍ സാദം ആവും .എന്തായാലും അച്ചാറ്കാര്യം വായിച്ചപോള്‍ ഇത് എഴുതുവാന്‍ തോന്നി .

  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

  ReplyDelete
 22. ഇതിലും മികച്ചത് ഇനി പിറക്കേണ്ടിയിരിക്കുന്നു.കിടിലന്‍

  ReplyDelete
 23. ഇതിലും മികച്ചത് ഇനി പിറക്കേണ്ടിയിരിക്കുന്നു.കിടിലന്‍

  ReplyDelete
 24. അരുണിന്റെ ഓണചിന്തകള്‍ ഇഷ്ടായി.....
  മനുവിന്റെ ഓണചിന്തകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു :P

  ReplyDelete
 25. എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....

  ReplyDelete
 26. ഡിയര്‍ അരുണ്‍
  തകര്‍പ്പന്‍
  ഒരു ഗ്ലാസ്സ് പാല്‍പ്പായസം കുടിച്ച പ്രതീതി ( നോമ്പ് ആണെങ്കിലും)

  ReplyDelete
 27. ആര്‍പ്പോ..ഇറ്റോ..ഇറ്റോ...ഇറ്റോ..

  ശരിക്കും ഊറി ചിരിച്ചു...

  വയറു നിറയെ തിരുവോണ, അവിട്ടം(കോഴിക്കറി സ്പെഷ്യല്‍) ആശംസകള്‍

  ReplyDelete
 28. അരുണ്‍ ചേട്ടാ, നല്ലൊരു ഓണസദ്യ തന്നതിന് നന്ദി. എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പൊന്നോണം ആശസിക്കുന്നു.

  ReplyDelete
 29. അരുണേട്ടാ

  ബൂലോകത്തിന്റെ ഓണാഘോഷം ഞാൻ എഴുതിയിട്ടുണ്ട്‌.

  എല്ലാവർക്കും ഓണാശംസകൾ.

  Sulthan | സുൽത്താൻ

  ReplyDelete
 30. ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 31. ഓണച്ചിരിയ്ക്ക് അഭിനന്ദനങ്ങൾ.
  കാളനും പിന്നെ കൂളനും അതു കൊള്ളാം.
  ഓണാശംസകൾ ഇത്തിരി വൈകിയെങ്കിലും.............

  ReplyDelete
 32. നിങ്ങൾ ഞെട്ടിത്തരിച്ചു. ഞങ്ങൾ പൊട്ടിച്ചിരിച്ചു.. :) ആശംസകൾ

  OT
  എന്റെ വകയും ഒന്ന് പോസ്റ്റിയിട്ടുണ്ട്

  ReplyDelete
 33. കിണ്ണം ഓണം

  ഇതൊന്നു നോക്കൂ

  http://tkjithinraj.blogspot.com/

  ReplyDelete
 34. കുറച്ച് വൈകിയ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...എന്റെഓണം ഇത്തവണ ചെങ്കണ്ണുപൂക്കളോപ്പമായിരുന്നു...

  :) അരുണിനെ എന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ അവസാനം ഏറ്റവും ഇഷ്ട്മുള്ള ചിക്കന്‍ കറി കൂട്ടി കഴിച്ച് പൊലെ..

  ReplyDelete
 35. ഒരു ശംശയം...കഥയില്‍ ചോദ്യമില്ലെങ്കിലും!!!
  മൂന്നാം ക്ലാസില്‍ പഠിക്കുമ്പോ, ഏകദേശം 23 കൊല്ലം മുന്‍പ്....അന്ന് "ഓണത്തിനിടക്ക് പൂട്ടുകച്ചവടം" ഇറങ്ങിയിരുന്നോ??

  ReplyDelete
 36. ചാണ്ടിക്കുഞ്ഞേ, ഓണത്തിനിടയില്‍ പുട്ട് കച്ചവടം ഇറങ്ങിയിട്ട് ഇപ്പോ 20 വര്‍ഷമായി.എനിക്ക് ഒരു 3 വയസ്സ് കുറച്ച് കരുതിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.ആറാം ക്ലാസിലും വിവരക്കേട് ആയിരുന്നെന്ന് പറ്യാനുള്ള മടി കാരണമാ ഇങ്ങനെ എഴുതിയത്
  :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts