കോടതികളുടെ പുലികളി


ബിജുകുമാര്‍ ആലക്കോട്.


ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രബിന്ദു നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയാല്‍ സൃഷ്ടമായ ലെജിസ്ലേച്ചര്‍ അഥവാ നിയമനിര്‍മാണ സഭകള്‍, എക്സിക്യൂട്ടീവ് അഥവാ ഭരണ നിര്‍വഹണ വിഭാഗം, ജുഡീഷ്യറി അഥവാ നീതിന്യായ വിഭാഗം ഇവ ചേരുന്നതാണ് നമ്മുടെ ഭരണ സംവിധാനം. ഈ മൂന്നു നെടും തൂണുകളാല്‍ താങ്ങപ്പെട്ട് സമതുലിതാവസ്ഥയില്‍ മുന്നോട്ട് പോകുമ്പോള്‍ നമ്മുടെ ജനാധിപത്യം ശരിയായി നില നില്‍ക്കുന്നു. ഏതെങ്കിലും തൂണിന് ഏറ്റക്കുറച്ചില്‍ ഉണ്ടാവുമ്പോള്‍ സമതുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുകയും അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത് കുറച്ചു കൂടി വ്യക്തമാക്കാന്‍ ഉപകരിയ്ക്കുക വെള്ളത്തില്‍ കിടക്കുന്ന വഞ്ചിയുടെ ഉദാഹരണമാണ്. വഞ്ചിയിലെ യാത്രക്കാര്‍ സ്വയം അച്ചടക്കം പാലിയ്ക്കുകയും മറ്റുള്ളവരെ ബഹുമാനിയ്ക്കുകയും ചെയ്താല്‍ വഞ്ചി സുഗമമായി മുന്നോട്ട് പോകും. എന്നാല്‍ ആരെങ്കിലും ആ മര്യാദ പാലിയ്ക്കാതെ വന്നാല്‍ വഞ്ചി ഇളകും. മറ്റുള്ളവരുടെ നിര്‍ദേശം ഉള്‍ക്കൊണ്ട് അടങ്ങിയിരുന്നാല്‍ വഞ്ചി വീണ്ടും സമതുലനാവസ്ഥ പാലിയ്ക്കുകയും അപകടരഹിതമായി യാത്ര തുടരുകയും ചെയ്യും. എന്നാല്‍ കുഴപ്പക്കാരന്‍ അടങ്ങുന്നില്ലങ്കിലോ വഞ്ചി മറിയും, എല്ലാവരും അപകടത്തില്‍ പെടും.

നമ്മുടെ ഓരോ 'നെടും തൂണുകളും' സവിശേഷമായ സ്വഭാവം ഉള്ളവയാണ്. നിയമനിര്‍മാണ സഭകള്‍ ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നവയായതിനാല്‍ നമ്മുടെ ജനതയുടെ എല്ലാ സ്വഭാവവൈചിത്ര്യങ്ങളും അവിടെ പ്രതിഫലിയ്ക്കും. പ്രാദേശിക, ഭാഷാ, ജാതി-മത, രാഷ്ട്രീയ വീക്ഷണ നാനാത്വം അവിടെ ഉണ്ടാകും. അവയെ ഒന്നിപ്പിയ്ക്കുന്നത് ഭാരതമെന്ന വികാരവും ജനാധിപത്യ ബോധവും ഭരണ ഘടനയും ചേര്‍ന്നാണ്. ജനങ്ങള്‍ക്ക് അവരുടെ ജീവിതം സുഗമമായി മുന്നോട്ട് നയിയ്ക്കാന്‍ സഹായിയ്ക്കുന്ന നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായി സൃഷ്ടിയ്ക്കുകയാണ് അവയുടെ ചുമതല.

എക്സിക്യൂട്ടീവിനെ സംബന്ധിച്ചിടത്തോളം പ്രത്യേക യോഗ്യതയുടെ അടിസ്ഥാനത്തിനാണ് അത് സംഘടിപ്പിയ്ക്കപ്പെടുന്നത്. ഓരോ നിര്‍വഹണ പ്രക്രിയയ്ക്കും അനുയോജ്യമായ യോഗ്യതയുള്ളവര്‍ ആ ശ്രേണിയില്‍ ഉള്‍ക്കൊണ്ടിരിയ്ക്കും. നമ്മുടെ സവിശേഷതയായ ജാതി പരമായ അവശതതയനുഭവിയ്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒഴിച്ചു നിര്‍ത്തിയാല്‍ അതിന് ഏക സ്വഭാവം ആയിരിയ്ക്കും. സഭകള്‍ സൃഷ്ടിയ്ക്കുന്ന നിയമങ്ങളും സര്‍ക്കാരും പൊതുജനത്തോട് ഇടപെടുന്നത് എക്സിക്യൂട്ടീവ് വഴിയായിരിയ്ക്കും.

സഭകള്‍ സൃഷ്ടിയ്ക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിയ്ക്കുകയും അവയെ വ്യഖ്യാനിയ്ക്കുകയും, എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റങ്ങളില്‍ നിന്നും പൊതുജനങ്ങളെ രക്ഷിയ്ക്കുകയുമാണ് ജുഡീഷ്യറിയുടെ കടമ. പ്രത്യേക വൈദഗ്ദ്യവും അറിവും വേണ്ട ഈ സംവിധാനവും യോഗ്യതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ലെജിസ്ലേച്ചറില്‍ നിന്നും വ്യത്യസ്തമായി യോഗ്യതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിയ്ക്കപെട്ട എക്സിക്യൂട്ടീവില്‍ നിന്നും, പ്രത്യേകിച്ച് ജുഡീഷ്യറിയില്‍ നിന്നും പക്വവും മാന്യവും ഉന്നതനിലവാരവുമുള്ള നടപടികളാണ് സാമാന്യജനം പ്രതീക്ഷിയ്ക്കുന്നത്. ജനപ്രതിനിധികളെ അധികാരഭ്രഷ്ടരാക്കാന്‍ ജനത്തിന് അധികാരമുള്ളപ്പോള്‍ ജുഡീഷ്യറിയെയോ എക്സിക്യൂട്ടീവിനെയോ അങ്ങനെ ചെയ്യാന്‍ ജനത്തിനാവില്ല. വിശിഷ്യാ ജുഡീഷ്യറിയെ സ്ഥാനഭ്രഷ്ടരാക്കാന്‍ പാര്‍ലമെന്റിനു പോലും വലിയ പരിമിതിയുണ്ട്.

ഒരു വശത്ത് ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും മറുവശത്ത് പൊതുജനങ്ങളും ചേര്‍ന്ന ഒരു "കളി"യിലെ റഫറിയാണ് ജുഡീഷ്യറി എന്നു വേണമെങ്കില്‍ പറയാം. റഫറിമാരുടെ ആദ്യ യോഗ്യത നിഷ്പക്ഷത ആണ്. ആ നിഷ്പക്ഷതയില്‍ നിന്നുല്‍ഭവിയ്ക്കുന്ന വിശ്വാസ്യതയാണ് റഫറിയുടെ കരുത്ത്. ആ കരുത്ത് നഷ്ടമായാല്‍ അദ്ദേഹം ദുര്‍ബലനായി വെറും പേരില്‍ മാത്രം റഫറിയായി പോകും. കളിക്കളത്തിലെ കലാപത്തിനും അതു വഴി വെക്കും.

ഇവിടെ ഇത്രയും ഉപന്യസിയ്ക്കാന്‍ കാരണം നമ്മുടെ കോടതികളില്‍ നിന്നും കൂടെ കൂടെ കേള്‍ക്കുന്ന ചില അപശബ്ദങ്ങളാണ്. നമ്മുടെയൊക്കെ നാട്ടിന്‍ പുറങ്ങളില്‍ ചില ബഹുമാന്യ വ്യക്തികളെ കാണാം. ശാരീരികമായി ദുര്‍ബലരെങ്കില്‍ പോലും അവരുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ കരുത്താണ്. നാല്‍ക്കവലയില്‍ നിന്നു മസിലും പിടിച്ചു തെറി പറയുന്നവന്‍ പോലും അവരുടെ ഒരു വാക്കിനു മുന്‍പില്‍ അടങ്ങിയൊതുങ്ങി പോകുന്നതു കാണാം. ഇതേ ബഹുമാന്യ വ്യക്തികള്‍ കവലയില്‍ വന്ന്, തെറി പറയുന്നവന്റെ നേരെ അതേ തെറി പ്രയോഗിച്ചാലോ?

ഈ ബോധം നമ്മുടെ ചില ന്യായാധിപരെങ്കിലും മറക്കുന്നോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. നമ്മുടെ സമൂഹം രാഷ്ട്രീയക്കാരന്റെയോ സര്‍ക്കാര്‍ ജീവനക്കരന്റെയോ നിലവാരത്തിലല്ല ന്യായാധിപരെ കാണുന്നത്. അറിവും പക്വതയും മാന്യതയും സമ്മേളിച്ച വിശിഷ്ട വ്യക്തികളായിട്ടാണ് നാമവരെ കണക്കാക്കുന്നത്. അതു കൊണ്ട് തന്നെ രാഷ്ട്രീയക്കാരന്‍ അവരെ "ശുംഭന്‍" എന്നു വിളിച്ചാല്‍ നാം വിളിച്ചവനെയേ കുറ്റപ്പെടുത്തൂ. എന്നാല്‍ ന്യായാധിപന്‍ തിരിച്ച് "ശുംഭനെ"ന്നൊ "ശിഖണ്ഡി"യെന്നോ വിളിച്ചാലോ? ഇവിടെ നാമവര്‍ക്കു കല്‍പ്പിച്ചു നല്‍കിയ ബഹുമാന്യത അവര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ്.

ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി സര്‍ക്കാരിനെ ഭത്സിച്ച രീതി നോക്കുക. "സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? കോടതിയ്ക്ക് പട്ടാളത്തെ വിളിയ്ക്കേണ്ടി വരും! ". എന്തിന്? ഒരു കരിങ്കല്‍ ക്വാറി അടപ്പിയ്ക്കാന്‍ !!

ആദ്യത്തെ കാര്യം, സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? ഇത് കോടതിയ്ക്ക് പരിശോധിയ്ക്കാവുന്ന കാര്യമാണ്. കോടതിയ്ക്ക് അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ സി.ബി.ഐ. അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താവുന്നതേയുള്ളു. പക്ഷെ ഇങ്ങനെ നിരീക്ഷിയ്ക്കേണ്ടുന്ന എന്തെല്ലാം തെളിവുകളാണ് ഈ കേസില്‍ കോടതിയ്ക്കു മുന്‍പില്‍ എത്തിയത്? അത് പറയേണ്ട ബാധ്യത കോടതിയ്ക്കില്ലേ?

നമുക്കറിയാം നമ്മുടെ എക്സിക്യൂട്ടീവ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും വിളനിലമാണ്. അത് ഏതെങ്കിലും പ്രത്യേക സര്‍ക്കാരിന്റെ മാത്രം കുറ്റമല്ല. ഒട്ടേറെ ഘടകങ്ങള്‍ അതിനു കാരണമായുണ്ട്. കോടതിയുടെ ചില നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിയ്ക്കാത്തതാണ് ഈ കേസില്‍ കോടതിയെ പ്രകോപിപ്പിച്ചത്. അതിന് കോടതിയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിയ്ക്കാവുന്നതേയുള്ളു. അതിനു പകരം ഇത്ര വിപുലമായ ഒരാരോപണം ഉന്നയിയ്ക്കാന്‍ തക്കതായ തെളിവ് കോടതിയുടെ പക്കലുണ്ടോ?

രണ്ടാമത്തേതാണ് കൂടുതല്‍ ഗുരുതരം. പട്ടാളത്തെ വിളിയ്ക്കും!! (വാക്യ ഘടനയില്‍ മാറ്റമുണ്ടാവാമെങ്കിലും അന്ത:സത്ത ഇതു തന്നെ. ഒരു ജനാധിപത്യ രാജ്യത്തെ കോടതി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിയ്ക്കുക ഒരു പക്ഷേ ഇതാദ്യമാവാം. ചരിത്ര വിജ്ഞാനവും രാഷ്ട്രീയബോധവുമുള്ള ഒരാള്‍ക്കും ഇങ്ങനെ പറയാനാവില്ല. നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും പട്ടാള ഭരണം അനുഭവിച്ച രാജ്യങ്ങളാണ്. എന്തായിരുന്നു അക്കാലത്ത് അവിടുത്തെ കോടതികളുടെ ഗതി? ഇന്ത്യയില്‍ അടിയന്തിരാവസ്ഥക്കാലത്ത് എന്തായിരുന്നു നമ്മുടെ കോടതികളൂടെ അവസ്ഥ? അവരുടെ എത്ര ഉത്തരവുകള്‍ പാലിയ്ക്കപ്പെട്ടു?

ഇതിനെതിരെ സമരം ചെയ്ത് ജനാധിപത്യം പുന:സ്ഥാപിച്ചത് ജനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുമാണ്. അതിനു ശേഷം മാത്രമാണ് കോടതികളുടെ ഉത്തരവുകള്‍ക്ക് വിലയുണ്ടായത്. ഇവയെല്ലാം സമീപകാല ചരിത്രങ്ങളാണ്. നൂറു കണക്കിന് ആള്‍ക്കാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അപ്പോഴാണ് ഒരു ക്വാറി പൂട്ടിയ്ക്കാന്‍ പട്ടാളത്തെ വിളിയ്ക്കുമെന്ന് സംസ്ഥാനത്തെ ഉന്നത നീതിപീഠം ഭീഷണി മുഴക്കുന്നത്! നമ്മുടെ കോടതികള്‍ക്കെന്താണു സംഭവിയ്ക്കുന്നത്? ക്രമാനുഗതമായി അവയുടെ നിലവാരം ഇടിഞ്ഞു കൊണ്ടിരിയ്ക്കുകയാണോ? സമീപകാലത്തെ സംഭവങ്ങള്‍ മൊത്തത്തിലെടുത്താല്‍ ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും സംഭവിച്ച അതേ മൂല്യതകര്‍ച്ച ജുഡീഷ്യറിയെയും ബാധിച്ചതായി കാണാം.

കുറെക്കാലം മുന്‍പ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്.പി. ബറൂച്ച ഒരു കാര്യം പറഞ്ഞു; നമ്മുടെ ജഡ്ജിമാരില്‍ 20% അഴിമതിക്കാരാണെന്ന് ! അതിനെ സാധൂകരിയ്ക്കുന്ന എത്രയോ സംഭവങ്ങള്‍.. ജഡ്ജിമാരുള്‍പ്പെട്ട പെണ്ണു കേസ്, ഭൂമി കയ്യേറ്റ കേസ്, അഴിമതി കേസുകള്‍.

കേരളത്തിലേയ്ക്കു വന്നാല്‍, സ്വാശ്രയ നിയമവുമായി കേരള ഹൈക്കോടതിയുടെ വിധികളും, ആ വിധി പറഞ്ഞ ജഡ്ജിമാരുടെ ചില പ്രവര്‍ത്തികളും സംശയാസ്പദങ്ങളാണിപ്പൊഴും. സ്വാശ്രയ കേസില്‍ വിധി പറയുന്നതിനു മുന്‍പ് ഒരു ജഡ്ജി, കോളേജ് മാനേജ്മെന്റിന്റെ ഗസ്റ്റ് ഹൌസില്‍ ആതിഥ്യം സ്വീകരിച്ചതും, ഉച്ചയ്ക്ക് പിരിഞ്ഞ കോടതി അടിയന്തിരമായി വിളിച്ച് ചേര്‍ത്ത് മാനേജ്മെന്റിനു അനുകൂലമായി വിധി പ്രസ്താവിച്ചതുമെല്ലാം വിവാദമായിരുന്നു. കേരള ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി, തന്റെ കാറിന് സൈഡു തന്നില്ല എന്ന കാരണത്താല്‍ ഒരു സൈക്കിള്‍ യാത്രക്കാരന്റെ കരണത്ത് നടുറോഡില്‍ വച്ച് ഒന്നു പൊട്ടിച്ചതും അത്ര വിദൂരകാലത്തല്ല നടന്നത്.

ഈയടുത്തകാലത്താണ് വിവാദമായ, "റോഡരുകിലെ പൊതുയോഗ നിരോധനവും" അതിനെ ന്യായീകരിച്ച് പ്രസ്തുത ജഡ്ജി പൊതുയോഗത്തില്‍ പ്രസംഗിയ്ക്കുകയും ചെയ്തത്. തുടര്‍ന്നും ആ കേസില്‍ അദ്ദേഹം വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും, "ശിഖണ്ഡി" പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. ഒരു രാഷ്ട്രീയനേതാവിന്റെ "ശുംഭന്‍" പ്രയോഗത്തിനു മറുപടിയായിരുന്നത്രേ അത്‌! രാഷ്ട്രീയക്കാരനൊപ്പം "ഗ്വാ ഗ്വാ" വിളിയ്ക്കാനുള്ളതാണോ ന്യായാധിപ പദവി? ജുഡീഷ്യറിയുടെ എല്ലാ അധികാര സുഖസൌകര്യങ്ങളും സംരക്ഷണങ്ങളും ഉപയോഗിച്ചു കൊണ്ട് തെരുവുരാഷ്ട്രീയക്കാരനൊപ്പം മത്സരിയ്ക്കുന്നതിനു പകരം, അദ്ദേഹം രാജി വച്ച് രാഷ്ട്രീയത്തിലിറങ്ങുകയും മൈക്കിനു മുന്‍പില്‍ നിന്ന് ആവോളം പുലഭ്യം വിളി നടത്തുകയുമായിരുന്നു അഭികാമ്യം.

അതിന്റെ അലയൊലി അടങ്ങും മുന്‍പാണ് ഇപ്പോഴത്തെ വിവാദം. സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പോലും ഉന്നയിയ്ക്കാത്ത ആരോപണങ്ങളും ആവശ്യങ്ങളും ഒരു ജഡ്ജി വിളിച്ചു പറയുമ്പോള്‍ ജുഡീഷ്യറിയുടെ നിലവാരം എത്ര പടുകുഴിയിലേയ്കാണു പതിയ്ക്കുന്നത്?

ഇനി ഇതൊക്കെ പൊതുജന താല്പര്യാര്‍ത്ഥം ആണ് എന്നാണെങ്കില്‍, പെട്രോളിന്റെയും ഡീസലിന്റെയും വിലയുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ട് കോടതി അതു സ്റ്റേ ചെയ്തില്ല? ഇത്തരം ജനവിരുദ്ധ നടപടികളാണല്ലോ വഴിയോരത്തെ പ്രതിഷേധങ്ങള്‍ക്കും പൊതു യോഗങ്ങള്‍ക്കും കാരണം. അവ ജനങ്ങള്‍ കാണാത്ത സ്റ്റേഡിയങ്ങളിലേയ്ക്ക് മാറ്റണം എന്നു പറയുമ്പോള്‍ അതിനുള്ള ചിലവുകള്‍ കോടതി അനുവദിച്ചു കൊടുക്കുമോ? കോടതി ഉത്തരവുകള്‍ പാലിയ്ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിയ്ക്കുന്നതിനു പകരം വാക്കുകള്‍ കൊണ്ട് സര്‍ക്കസ് കളിച്ചാല്‍ ആര്‍ക്കാണുപകാരം?

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് എന്നതാണ് വാസ്തവം. ബഹുഭൂരിപക്ഷം ന്യായാധിപരും നിയമാനുസൃതവും നീതിപൂര്‍വകവുമായി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിയ്ക്കുന്നവരാണ്. അതു കൊണ്ട് തന്നെ അവര്‍ വാര്‍ത്തകളില്‍ നിറയാറുമില്ല. എന്നാല്‍ ഇത്തരം ചിലരുടെ പ്രവൃത്തി അവരെയും കളങ്കപ്പെടുത്തുന്നു എന്നതാണ് വാസ്തവം.

കഴിഞ്ഞ ലോക്‍സഭാ ഇലക്ഷന്‍ കാലത്താണ് ഒരു ജഡ്ജി പ്രസ്താവിച്ചത്, കേരളത്തിലെ സമാധാന നില ആകെ തകര്‍ന്നു എന്നും ജനങ്ങള്‍ക്ക് രക്ഷയില്ലാ എന്നും. മാധ്യമങ്ങള്‍ ആകെ ഈ പരാമര്‍ശം സര്‍ക്കാരിനെതിരെ ഉപയോഗിയ്ക്കുകയും തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്ക് കനത്ത തിരിച്ചടി കിട്ടുകയും ചെയ്തു. സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഈ പരാമര്‍ശങ്ങള്‍ ആകെ നീക്കുകയും ഹൈക്കോടതിയെ വിമര്‍ശിയ്ക്കുകയും ഉണ്ടായി. അന്ന് അത് ഒരുത്തരവായിരുന്നതിനാല്‍ സുപ്രീം കോടതിയില്‍ പോകാനായി.

ഇപ്പോഴാകട്ടെ, വെറും വാക്കാല്‍ പരാമര്‍ശം മാത്രമാണുണ്ടായത്. എന്നിട്ടും ഒരുത്തരവിനേക്കാള്‍ ശക്തമായി അത് മാധ്യമങ്ങള്‍ ഉപയോഗിച്ചു. വാക്കാല്‍ പരാമര്‍ശമായതിനാല്‍ സര്‍ക്കാരിന് മേല്‍ക്കോടതിയില്‍ പോകാനുമാവില്ല. ചുരുക്കത്തില്‍ ഗൂഡോദ്ദേശത്തോടെയുള്ള പരാമര്‍ശമായി തന്നെ ഇതിനെ കാണണം. ഒരു മാസത്തിനകം വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ, കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? ചെങ്ങറയില്‍ കയ്യേറ്റകാര്‍ക്കെതിരെ ബലം പ്രയോഗിയ്ക്കരുതെന്നു പറഞ്ഞ കോടതി അതേ ശ്വാസത്തില്‍ പറയുന്നു. വയനാട്ടില്‍ വെടിവെച്ചിട്ടായാലും ആദിവാസികളെ ഒഴിപ്പിയ്ക്കണമെന്ന്! കയ്യേറ്റകാരുടെ രാഷ്ട്രീയ നിറമാണോ കയ്യേറ്റത്തിന്റെ ന്യായമാണോ കോടതിയ്ക്കു മുഖ്യം?

ലക്ഷക്കണക്കിനു കേസുകള്‍ കെട്ടിക്കിടക്കുന്ന ഇവിടെ കോടതികള്‍ മധ്യവേനലധിയ്ക്ക് അടച്ചിടുന്നതിന്റെ ന്യായമെന്ത്? എത്രയും വേഗം കേസുകള്‍ തീര്‍പ്പാക്കി ജനങ്ങള്‍ക്ക് നീതിയെത്തിയ്ക്കാനാണു കോടതികള്‍ പരിശ്രമിയ്ക്കേണ്ടത്. തങ്ങളുടെ അവസാന പ്രതീക്ഷയായ കോടതികളിലും വിശ്വാസമില്ലാതെ വരുമ്പോഴാണ് ജനങ്ങള്‍ ക്വട്ടേഷന്‍കാരെ തേടി പോകുന്നത്.

നിഷ്പക്ഷനും മാന്യനും പക്വമതിയുമായ വ്യക്തിയുടെ ഒരു മൂളലിനു പോലും വജ്രായുധത്തേക്കാള്‍ മൂര്‍ച്ചയുണ്ട്. എന്നാല്‍ പക്ഷം ചേര്‍ന്നവനും അപക്വനും അമാന്യനുമായ വ്യക്തിയുടെ അലര്‍ച്ചയ്ക്കു തുരുമ്പു കത്തിയുടെ പോലും വിലയുണ്ടാവില്ല. പുലി വരുന്നേ പുലി വരുന്നേ എന്നു പല തവണ പറഞ്ഞു പറ്റിച്ചിട്ട് യഥാര്‍ത്ഥ പുലി വന്നപ്പോള്‍ ആരുമില്ലാതായ അവസ്ഥ കോടതികള്‍ സൃഷ്ടിയ്ക്കരുത്.


Download This Post In PDF Format

21 Responses to "കോടതികളുടെ പുലികളി"

 1. അടുത്തകാലത്തായി കോടതികള്‍ക്ക് ജനങ്ങളും രാഷ്ട്രീയക്കാരും കൊടുക്കുന്ന വില ഇടിയുന്നത് കാണുമ്പോള്‍ ലേഖനത്തില്‍ പറയുന്നത് ശരി തന്നെ എന്ന് തോനുന്നു.

  ReplyDelete
 2. "സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? ........ഇതു മനസ്സിലാക്കി വരുന്നതേയുള്ളോ?ബിജു വളരെ നന്നായിരിക്കുന്നു, വിശകലനവും എഴുത്തും.

  ReplyDelete
 3. നീതിയ്ക്കും ന്യായത്തിനും വേണ്ടി നില്‍ക്കേണ്ട കോടതികള്‍ ഇന്നു കോടതികള്‍ക്കു വേണ്ടിയാണ് നില്‍ക്കുന്നത്. കോടതിയുടെ പ്രൌഡി, കോടതിയുടെ അധികാരം ഇവ നിലര്‍ത്തുക എന്നതായി കോടതിയുടെ ലക്ഷ്യം.

  കോടതിയെ വിമര്‍ശിക്കാന്‍ ഇന്നു ചില രാഷ്ട്രീയ നേക്കാന്മാര്‍ മാത്രമേ, ചങ്കൂറ്റം കാണിക്കുന്നുള്ളൂ...

  പക്ഷേ ഇങ്ങനെപ്പോയാല്‍, ജനങ്ങള്‍ ഇടപെടുകയും, ന്യായാധിപന്മാര്‍ പൊതുജന മധ്യത്തില്‍ വച്ച് നാണം കെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.

  നല്ല ലേഖനം ബിജൂ.
  ലളിതവും കാര്യമാത്ര പ്രസക്തവും!

  ReplyDelete
 4. പ്രീയ ബിജുകുമാര്‍,

  ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ ഭാഷയാണീ ലേഖനത്തിന് എന്നാണെനിക്കു തോന്നുന്നത്.താങ്കളുടെ ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങളോടുള്ള ചില വിയോജിപ്പുകള്‍ കുറിച്ചുകൊള്ളട്ടെ.

  "സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? കോടതിയ്ക്ക് പട്ടാളത്തെ വിളിയ്ക്കേണ്ടി വരും! ". എന്തിന്? ഒരു കരിങ്കല്‍ ക്വാറി അടപ്പിയ്ക്കാന്‍ !!

  മുന്‍പ് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഫലപ്രദമായി പോലീസും സര്‍ക്കാരും ചെയ്യാതിരുന്നതുമൂലം കോടതിയ്ക്കു സര്‍ക്കാറിനെ വിമര്‍ശിക്കേണ്ടി വന്നു എന്നതല്ലേ സത്യം.ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായ ഒരു കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനുവേണ്ടി പട്ടാളത്തെ വിളിക്കണോ എന്നല്ലേ കോടതി ചോദിച്ചത്.അതിലെ ആക്ഷേപം ആര്‍ക്കുനേരെയാണു നീളുന്നത്. അതിനെ താങ്കള്‍ മേല്‍പ്പറഞ്ഞപ്രകാരം വളച്ചൊടിച്ചത് ശരിയായില്ല.

  "ആദ്യത്തെ കാര്യം, സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? ഇത് കോടതിയ്ക്ക് പരിശോധിയ്ക്കാവുന്ന കാര്യമാണ്. കോടതിയ്ക്ക് അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ സി.ബി.ഐ. അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താവുന്നതേയുള്ളു. പക്ഷെ ഇങ്ങനെ നിരീക്ഷിയ്ക്കേണ്ടുന്ന എന്തെല്ലാം തെളിവുകളാണ് ഈ കേസില്‍ കോടതിയ്ക്കു മുന്‍പില്‍ എത്തിയത്? അത് പറയേണ്ട ബാധ്യത കോടതിയ്ക്കില്ലേ?"

  ആരുടെ മുമ്പിലാണ് പറയേണ്ടത്? എന്തന്വേഷണം.എത്ര അന്വേഷണങ്ങള്‍ നടന്നതാണു.എന്തു ഫലം.ഇനിയഥവാ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ ആ ഏമ്മാന്റെ സമയം തെളിയും അത്ര തന്നെ.ഇന്നുവരെ ഇത്തരം അന്വേഷണങ്ങള്‍ക്കായി ചിലവാക്കിയ തുകയുണ്ടായിരുന്നെങ്കില്‍ പത്തു പട്ടിണിക്കാരുടെ വിശപ്പെങ്കിലും മാറ്റാന്‍ കഴിയുമെന്ന്‍(അതൊരിക്കലും സംഭവിക്കില്ലെങ്കിലും)ജുഡീഷ്യറിക്കു മനസ്സിലായെന്നു തോന്നുന്നു.

  പിന്നെ പൊതുയോഗവിവാദം

  ആരാണു വിവാദമുണ്ടാക്കുന്നത് മാഷേ.ആര്‍ക്കാണ് വെകിളിയും വെപ്രാളവും.ഏതെങ്കിലും പൊതുജനം ഇതിനെതിരേ രംഗത്തു വന്നോ.ആരെങ്കിലും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയോ.ഇല്ല.കാരണം പൊതുയോഗമെന്നും പറഞ്ഞ് പാവപ്പെട്ടവരെ നാലും അഞ്ചും മണിക്കൂര്‍ പെരുവഴിയില്‍ തളച്ചിടുന്ന ഈ നാറിയ ഏര്‍പ്പാടിനെ അത്രയ്ക്ക് ജനങ്ങള്‍ വെറുത്തുകഴിഞ്ഞു.

  "ശിഖണ്ഡി" എന്നു ഒരു ന്യായാധിപന്‍ വിളിച്ചതായി പറയുന്നത്.അത് ആടിനെ പട്ടിയാക്കാന്‍ ബഹുമിടുക്കരായ ഇന്നാട്ടിലെ മാധ്യമങ്ങളുടെ സ്രൃഷ്ടി മാത്രമായിരിക്കും.

  വോട്ടിരക്കാന്‍ മാത്രം വരുന്ന നെറികെട്ട രാഷ്ട്രീയക്കാരെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ജനാധിപത്യമെന്ന പുറം പൂച്ചിനെ ഇന്നാട്ടിലെ ജനങ്ങള്‍ ഒരുവിധം മനസ്സിലാക്കിക്കഴിഞ്ഞു.ഇനി അവര്‍ക്ക് ആകെയുള്ള ഒരു പിടിവള്ളി ജുഡീഷ്യറി മാത്രമാണ്.ഏതൊരു സംവിധാനത്തിലും കുഴപ്പക്കാരുണ്ട്.അത് ഈ മേഖലയിലുമുണ്ട്.എന്നിരുന്നാലും വല്ലപ്പോഴുമെങ്കിലും ജനങ്ങളുടെ രക്ഷയ്ക്കെത്തുന്ന ഈ ഒരു സംവിധാനത്തെക്കൂടി താറടിച്ച്കാട്ടുന്നതിനോട് എനിയ്ക്ക് ഒട്ടും യോജിപ്പില്ലെന്ന്‍ വിനീതമായി അറിയിച്ചുകൊള്ളുന്നു.

  ReplyDelete
 5. വളരെ കൃത്യമായ നിരീക്ഷണം.
  സര്‍ക്കാര്‍ മാഫിയയുടെ പിടിയിയാണോ എന്ന സന്ദേഹം തീര്‍ച്ചയായും കോടതിയില്‍ നിന്നും വരേണ്ടതല്ല. എന്നിരുന്നാലും അത് കോടതിയുടെ പരാമര്‍ശമല്ലെന്ന് ബന്ധപ്പെട്ട ജഡ്ജി ഇന്ന് വ്യക്തമാക്കിയിട്ടുള്ളത് കാണാതെ പോകാനാവില്ല. അപ്പൊള്‍ യഥാര്‍ത്ഥത്തില്‍ തെറ്റു ചെയ്തിരിക്കുന്നത് ഇവിടൂത്തെ മറ്റൊരു തൂണായ മാദ്ധ്യമങ്ങളാണെന്ന് പറയേണ്ടി വരും. എന്തു കേട്ടാലും ചാടിക്കേറീ ഫ്ലാഷടിക്കുന്ന ചാനലുകളാണ് ഈ വിഷയം ഇത്ര നാശമാക്കിയതെന്ന് തോന്നുന്നു.

  ReplyDelete
 6. This article is written solely on the basis of media speculation.
  I think the author of this article owes all of us an explanation, why he chose to believe this speculation.

  See Mathrubhumi link -
  http://www.mathrubhumi.com/story.php?id=117064
  "കൊച്ചി: മാഫിയകള്‍ക്കും പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം വേണ്ടിയാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്നൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും, മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജസ്റ്റിസ് എസ്. സിരിജഗന്‍. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

  വെള്ളിയാഴ്ച മലയാറ്റൂരിലെ അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയെന്നായിരുന്നു വാര്‍ത്ത. ഇവിടെ നിയമം പാവപ്പെട്ടവര്‍ക്കും കോടതിക്കും മാത്രമേ ബാധകമായിട്ടുള്ളൂ എന്നാണവസ്ഥ. പിന്നില്‍ നില്‍ക്കുന്നവര്‍ ആരോ സര്‍ക്കാരിനെ നിയന്ത്രിക്കുകയാണോ എന്ന സംശയവും കോടതി ഉന്നയിച്ചു. പണമുള്ളവര്‍ക്ക് ഏത് ഉത്തരവിനേയും മറികടക്കാനാവുമെന്നാണ് കരുതേണ്ടതെന്ന് കോടതി ആശങ്ക പങ്കുവെച്ചു."

  ReplyDelete
 7. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കു നന്ദി.
  ശ്രീക്കുട്ടന്‍ : വിമര്‍ശനപരമായ വിലയിരുത്തലിനു നന്ദി. താങ്കള്‍ ഉന്നയിയ്ക്കുന്ന ഓരോ ചോദ്യത്തിനും ഈ ലേഖനത്തില്‍ തന്നെ മറുപടിയുണ്ട്‌. ഒരിയ്ക്കല്‍ കൂടി വായിച്ചാല്‍ അതു മനസ്സിലാക്കാവുന്നതേയുള്ളു. കോടതിയുത്തരവ്‌ ഒരുദ്യോഗസ്ഥന്‍ നടപ്പാക്കിയില്ലെങ്കില്‍ അയാളെയോ അല്ലെങ്കില്‍ ചീഫ്‌ സെക്രട്ടറിയെ വരെ കോടതിയില്‍ വിളിച്ചു വരുത്താന്‍ കോറ്റതികള്‍ക്കധികാരമുണ്ട്‌. ഇതിനു മുന്‍പ്‌ പലപ്പോഴും അതു സംഭവിച്ചിട്ടുമുണ്ട്‌. അതിനു പകരം കേസുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ദുരുദ്ദേശത്തോടെയാണെന്ന്‌ മനസിലാക്കാന്‍ പാഴൂറ്‍ പടി വരെ പോകേണ്ട കാര്യമില്ല. കോടതികളില്‍ എത്രയോ ന്യായാധിപര്‍ ഉണ്ട്‌. അവരില്‍ നിന്നെല്ലാം ഇമ്മാതിരി പരാമര്‍ശമുണ്ടാകാത്തതെന്ത്‌? ഈ പരാമര്‍ശം നടത്തിയ ജഡ്ജി ഇതിനു മുന്‍പും പലവട്ടം ഇതേപോലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയതാണ്‌. ഇതു ന്യായീകരിയ്ക്കത്തക്കതെങ്കില്‍ ഇതിനു മുന്‍പിലത്തെ വിവാദ പരാമര്‍ശം സുപ്രീം കോടതി എന്തു കൊണ്ട്‌ റദാക്കി?

  എണ്റ്റെ പരിമിതമായ അറിവില്‍ കോടതികള്‍ തങ്ങളുടെ മുന്‍പിലെത്തുന്ന തെളിവനുസരിച്കാണ്‌ വിധി പറയുക. തെളിവു പോരെങ്കില്‍ വീണ്ടും അന്വേഷണം നടത്തും. എത്രയോ കൊലക്കേസുകളും അഴിമതിക്കേസുകളും നിസാര സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ കോടതി ശിക്ഷിയ്ക്കാതെ വിടുന്നു?

  കോടതികളുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനു വിലയില്ലെന്നു വെറുതെ പറയല്ലെ. അഭയക്കേസ്‌ ഇത്രടം വരെയെത്തിയത്‌ കോടതിയുടെ മേല്‍നോട്ടം കൊണ്ടല്ലേ? ഗുജറാത്തില്‍ എത്ര കേസുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തെളിയുന്നു? അപ്പോള്‍ ഇവിടെ കോടതിയ്ക്ക്‌ ആല്‍മാര്‍ത്ഥത്യുണ്ടെങ്കില്‍ അന്വേഷണം നടത്താവുന്നതേയുള്ളു.

  സുഹ്രൂത്തേ പൊതുയോഗങ്ങള്‍ ജനാധിപത്യത്തിണ്റ്റെ ജീവനാണ്‌. കേരളത്തില്‍ വാഹനാപകടത്തില്‍ ഒരു ദിവസം പത്തുപേര്‍ മരിയ്ക്കുന്നുണ്ട്‌. ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി കൊടുത്താല്‍ കോടതി വാഹനഗതാഗതം നിരോധിയ്ക്കുമോ? വഴിനടപ്പിനേക്കാള്‍ അത്യാവശ്യമാണല്ലോ ജീവന്‍? തലവേദനയ്ക്ക്‌ തലവെട്ടല്ല മരുന്ന്.

  രാഷ്ട്രീയക്കാരെക്കുറിച്ച്‌ താങ്കള്‍ക്കുള്ള അഭിപ്രായം സ്വന്തം സ്വാതന്ത്ര്യം. അതിനെനിക്കെതിര്‍പ്പില്ല. ഞാന്‍ കോടതികളെ മൊത്തം താറടിച്ചോ എന്ന് ലേഖനം മനസ്സിരുത്തി വായിച്ചാല്‍ ബോധ്യമാകും.

  സന്ദീപെ, ഞാന്‍ ഈ വാര്‍ത്തകളൊക്കെ മാധ്യമങ്ങള്‍ വഴിയാണ്‌ അറിയുന്നത്‌. കേരളത്തിലെ എല്ലാമാധ്യമങ്ങളും ഒരു പോലെ ആ വാര്‍ത്ത വളച്ചൊടിച്ചതിണ്റ്റെ ഗൂഡോദ്ദേശം എനിയ്ക്കു മനസ്സിലായിട്ടില്ല.

  ReplyDelete
 8. ബിജു,
  കോടതിയുടെ ഈ പരാമര്‍ശം കേട്ടപ്പോള്‍ തോന്നിയതെല്ലാം എഴുതി ഒരു പോസ്റ്റ്‌ ആക്കിയിരിഉന്നെങ്കില്‍ അടുത്ത കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഉപയോഗിക്കാന്‍ പറ്റിയേനെ. പിന്നെ നമ്മള്‍ കോടതികളുടെ അത്രയും തരം താഴാന്‍ പാടില്ലല്ലോ എന്നോര്‍ത്ത് വേണ്ട എന്നു വെച്ചു. :-)

  കൃത്യമായ നിരീക്ഷണം.. അഭിനന്ദനങ്ങള്‍..

  ReplyDelete
 9. മു മ്പ് ഗവണ്മെന്റ് എന്തെങ്കിലും കേസുകെട്ടുമായി ചെന്നാലേ അവിടെ നിന്നും അഭിപ്രായം/വിമര്‍ശനം വറാറുള്ളൂ...ഇപ്പോള്‍ ഏതെങ്കിലും ഒരു വ്യക്തി ചുമ്മാ ഒരു കേസുമായി ആ വഴിക്ക് പോയാല്‍ മതി.
  അപ്പോ കിട്ടും സര്‍ക്കാരിനു ഒരു പരാമര്‍ശം. പിന്നെ അതു മാറ്റാന്‍ വേറെ അഭ്യര്‍ഥന മോളില്‍ നല്‍കണം. എന്തായാലും ജനങ്ങള്‍ടെ മനസ്സ് കോടതിയറിയുന്നുണ്ട്. ഈ സര്‍ക്കാരിനെ കോണ്ട് ആര്‍ക്കാ ഗുണം എന്ന് കൃത്യമായി പറഞ്ഞില്ലേ?
  അതുപോട്ടെ ചൂള്ളമണ്യേ അപ്പോള്‍ കോടതിയെ പറ്റി നല്ല പിടിപാടാണല്ലോ?

  ReplyDelete
 10. @ശ്രീക്കുട്ടന്‍
  >>>>>"സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണോ? കോടതിയ്ക്ക് പട്ടാളത്തെ വിളിയ്ക്കേണ്ടി വരും! ". എന്തിന്? ഒരു കരിങ്കല്‍ ക്വാറി അടപ്പിയ്ക്കാന്‍ !!

  മുന്‍പ് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഫലപ്രദമായി പോലീസും സര്‍ക്കാരും ചെയ്യാതിരുന്നതുമൂലം കോടതിയ്ക്കു സര്‍ക്കാറിനെ വിമര്‍ശിക്കേണ്ടി വന്നു എന്നതല്ലേ സത്യം.ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായ ഒരു കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനുവേണ്ടി പട്ടാളത്തെ വിളിക്കണോ എന്നല്ലേ കോടതി ചോദിച്ചത്.അതിലെ ആക്ഷേപം ആര്‍ക്കുനേരെയാണു നീളുന്നത്. അതിനെ താങ്കള്‍ മേല്‍പ്പറഞ്ഞപ്രകാരം വളച്ചൊടിച്ചത് ശരിയായില്ല.<<<<

  http://www.mathrubhumi.com/story.php?id=117064

  “മാഫിയാ പരാമര്‍ശം മാധ്യമ സൃഷ്ടി: ജസ്റ്റിസ് സിരിജഗന്‍

  Posted on: 02 Aug 2010


  കൊച്ചി: മാഫിയകള്‍ക്കും പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം വേണ്ടിയാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്നൊരു പരാമര്‍ശം കോടതിയില്‍ ഒരു ഹര്‍ജി പരിഗണിക്കവെ താന്‍ നടത്തിയിട്ടില്ലെന്നും, മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജസ്റ്റിസ് എസ്. സിരിജഗന്‍. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.“


  ഈ വാര്‍ത്ത കൂടി വായിക്കൂ.. :)

  ReplyDelete
 11. അവസരോചിതം...

  ദന്തഗോപുരങ്ങളിലിരുന്നു മനുഷ്യത്വം വിളമ്പുന്നവര്‍ സ്വന്തം ആഫീസുകളിലെ ജീവനക്കാരോട്, പ്രത്യേകിച്ചും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് കൂടി കോടതി ഭക്തര്‍ അറിയേണ്ടിയിരിക്കുന്നു.

  ReplyDelete
 12. സമയോചിതമായ ലേഖനം. ചില വിധി പ്രസ്താവനകളില്‍ കോടതിയില്‍ വിസ്താരത്തിനു വിധേയമാകാത്ത കാര്യങ്ങളെ പറ്റിയും കാട് കയറി പലപ്പോഴും അപക്വമായ അഭിപ്രായങ്ങള്‍ പറയുന്നതും നിരീക്ഷണങ്ങള്‍ നടത്തുന്നതും ഇപ്പോള്‍ കോടതികള്‍ പതിവാക്കിയിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.

  ReplyDelete
 13. Dear Biju,

  "സന്ദീപെ, ഞാന്‍ ഈ വാര്‍ത്തകളൊക്കെ മാധ്യമങ്ങള്‍ വഴിയാണ്‌ അറിയുന്നത്‌. കേരളത്തിലെ എല്ലാമാധ്യമങ്ങളും ഒരു പോലെ ആ വാര്‍ത്ത വളച്ചൊടിച്ചതിണ്റ്റെ ഗൂഡോദ്ദേശം എനിയ്ക്കു മനസ്സിലായിട്ടില്ല."

  You are saying you did not understand the reason why all the news media published the same "distorted story" regarding the Judge's comments.

  That being the case, just try to reasn out how many of us, the common man, will be able to understand the "stories" that are suppressed/unpublished by the media.

  For e.g. How many news media in Kerala reported the "story of an ex.Central Minister beaten up by Advocates in a "HIGH" court in front of "HIGH" court judges??

  ReplyDelete
 14. സുഹ്രൂത്തേ പൊതുയോഗങ്ങള്‍ ജനാധിപത്യത്തിന്റെ ജീവനാണ്‌.
  അതെ. പക്ഷെ അത് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനത്തെ അടിച്ചേല്‍പ്പിക്കുവാനുള്ളതാണോ?
  കേരളത്തില്‍ വാഹനാപകടത്തില്‍ ഒരു ദിവസം പത്തുപേര്‍ മരിയ്ക്കുന്നുണ്ട്‌.
  അപകടകാരണങ്ങളും മറ്റും കോടതി അന്വേഷിക്കുന്നില്ലെ? റോഡിലെ കുഴിയാണ് അവകടകാരണമെങ്കില്‍ അതാരുടെ കുറ്റമാണ്? ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ കോടതി വേണ്ടെ?
  ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി കൊടുത്താല്‍ കോടതി വാഹനഗതാഗതം നിരോധിയ്ക്കുമോ? പൊതുതാല്പര്യ ഹര്‍ജി ഉചിതമാണെന്ന് തോന്നിയാല്‍ വാഹനഗതാഗതം നിരോധിക്കേണ്ടഭാഗത്ത് മാത്രം നിരോധിച്ചാല്‍ തെറ്റുണ്ടോ?
  വഴിനടപ്പിനേക്കാള്‍ അത്യാവശ്യമാണല്ലോ ജീവന്‍?
  വഴിനടപ്പിനുള്ള അസൌകര്യങ്ങള്‍ അപകടങ്ങള്‍ വരുത്തിവെയ്ക്കില്ലെ? ഫുഡ്പാത്തിലെ സ്ലാബിനിടയിലെ വിള്ളല്‍ പോലും അപകടം വരുത്തിവെയ്ക്കുന്നെങ്കില്‍ പാതയോരയോഗങ്ങള്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ അതിനേക്കാള്‍ കൂടില്ലെ?
  തലവേദനയ്ക്ക്‌ തലവെട്ടല്ല മരുന്ന്.
  തലവേദനക്ക് തലവെട്ടാതിരിക്കാനല്ലെ കോടതി?

  ReplyDelete
 15. @സന്ദീപ് : ഏതെങ്കിലുമൊരു സംഭവത്തെ മാത്രം എടുത്തുകാണിച്ചല്ല ഞാന്‍ കോടതികളെ വിമര്‍ശിച്ചതെന്നു താങ്കള്‍ക്കു മനസ്സിലായിക്കാണുമല്ലോ? കുറേ നാളുകളായി നമ്മുടെ ജുഡീഷ്യറിയിലെ ചിലരുടെ ഭാഗത്തു നിന്നും ജനാധിപത്യവിരുദ്ധവും സാമാന്യനീതിയ്ക്കു വിരുദ്ധവുമായ നടപടികള്‍ ഉണ്ടാകുന്നു എന്നതാണ് എന്റെ വിമര്‍ശനത്തിന് നിദാനം. ഏതെങ്കിലും ഒരു വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ചു (?)എന്നതുകൊണ്ട് ഈ വിമര്‍ശനങ്ങള്‍ ഇല്ലാതാവുന്നില്ല.
  ഞാനുന്നയിച്ച എല്ലാ സംഭവങ്ങളും (അഴിമതി, പെണ്ണുകേസ്, ഭൂമി കയ്യേറ്റം, പൊതുവഴിയില്‍ വച്ചുള്ള മര്‍ദനം) മാധ്യമ സൃഷ്ടിയാണെന്നു താങ്കള്‍ക്കഭിപ്രായമുണ്ടോ?
  @കേരളഫാര്‍മര്‍ : >>അതെ. പക്ഷെ അത് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനത്തെ അടിച്ചേല്‍പ്പിക്കുവാനുള്ളതാണോ?<< എന്താണ് താങ്കളുദ്ദേശിച്ചതെന്നു മനസ്സിലായില്ല. പൊതുയോഗം എന്നാല്‍ അഭിപ്രായ പ്രകടനമാണ്. അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. പൊതുയോഗം നടത്തുന്നവര്‍ യാത്രക്കാര്‍ക്ക് തടസ്സമുണ്ടക്കരുതെന്നത് ന്യായമായ കാര്യമാണ്. അതിനു വേണ്ട നടപടി കോടതിയ്ക്കു സ്വീകരിയ്ക്കാവുന്നതാണ്.
  വഴിയരുകില്‍ നില്‍ക്കുന്നവനെ/ വഴിയാത്രക്കാരനെ വാഹനം ഇടിച്ചിട്ടിട്ടു പോകുന്നത് “കുഴി’ കൊണ്ടാണല്ലോ അല്ലേ?
  >> തലവേദനയ്ക്ക്‌ തലവെട്ടല്ല മരുന്ന്.
  തലവേദനക്ക് തലവെട്ടാതിരിക്കാനല്ലെ കോടതി?<<
  തീര്‍ച്ചയായും. എന്നാല്‍ ചില ജഡ്ജിമാര്‍ക്ക് അതു ബോധ്യമായിട്ടില്ല.

  ReplyDelete
 16. @സന്ദീപ് : ഏതെങ്കിലുമൊരു സംഭവത്തെ മാത്രം എടുത്തുകാണിച്ചല്ല ഞാന്‍ കോടതികളെ വിമര്‍ശിച്ചതെന്നു താങ്കള്‍ക്കു മനസ്സിലായിക്കാണുമല്ലോ? കുറേ നാളുകളായി നമ്മുടെ ജുഡീഷ്യറിയിലെ ചിലരുടെ ഭാഗത്തു നിന്നും ജനാധിപത്യവിരുദ്ധവും സാമാന്യനീതിയ്ക്കു വിരുദ്ധവുമായ നടപടികള്‍ ഉണ്ടാകുന്നു എന്നതാണ് എന്റെ വിമര്‍ശനത്തിന് നിദാനം. ഏതെങ്കിലും ഒരു വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ചു (?)എന്നതുകൊണ്ട് ഈ വിമര്‍ശനങ്ങള്‍ ഇല്ലാതാവുന്നില്ല.
  ഞാനുന്നയിച്ച എല്ലാ സംഭവങ്ങളും (അഴിമതി, പെണ്ണുകേസ്, ഭൂമി കയ്യേറ്റം, പൊതുവഴിയില്‍ വച്ചുള്ള മര്‍ദനം) മാധ്യമ സൃഷ്ടിയാണെന്നു താങ്കള്‍ക്കഭിപ്രായമുണ്ടോ?

  Dear Biju,
  "ഏതെങ്കിലുമൊരു സംഭവത്തെ മാത്രം എടുത്തുകാണിച്ചല്ല ഞാന്‍ കോടതികളെ വിമര്‍ശിച്ചതെന്നു താങ്കള്‍ക്കു മനസ്സിലായിക്കാണുമല്ലോ"

  No. Your whole article was against the "justices" who allegedly made some stringent remarks against this government.

  My second post (if you would have read that) makes your question redundant.

  My second post described one incident where the custodians of law (advocates) assaulted one person (ex. cabinet minister) in front of "high" court judges and they could not do anything about it.
  There have been several cases (Ramasamy , A.S Anand, Dinakaran, Cyriac joseph (his alleged "church greater that his office" comment" and the most recent one, the PF Scam case where one prime witness of this case died under mysterious circumstances.

  So the point is these issues are a result of inability of the system to correct itself. We have seen how certain political parties saved ramasamy from impeachment. I am sure the same would be the result of Dinakaran's case as well.

  Many scholars have suggested that the judicial corruption in India is highest amongst its lower courts.
  The solution IMO is to bring back the "Jury System" for courts up to High Court levels. This will significantly reduce nepotism and corruption to an acceptable level

  ReplyDelete
 17. @സന്ദീപ് : ഏതെങ്കിലുമൊരു സംഭവത്തെ മാത്രം എടുത്തുകാണിച്ചല്ല ഞാന്‍ കോടതികളെ വിമര്‍ശിച്ചതെന്നു താങ്കള്‍ക്കു മനസ്സിലായിക്കാണുമല്ലോ? കുറേ നാളുകളായി നമ്മുടെ ജുഡീഷ്യറിയിലെ ചിലരുടെ ഭാഗത്തു നിന്നും ജനാധിപത്യവിരുദ്ധവും സാമാന്യനീതിയ്ക്കു വിരുദ്ധവുമായ നടപടികള്‍ ഉണ്ടാകുന്നു എന്നതാണ് എന്റെ വിമര്‍ശനത്തിന് നിദാനം. ഏതെങ്കിലും ഒരു വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ചു (?)എന്നതുകൊണ്ട് ഈ വിമര്‍ശനങ്ങള്‍ ഇല്ലാതാവുന്നില്ല.
  ഞാനുന്നയിച്ച എല്ലാ സംഭവങ്ങളും (അഴിമതി, പെണ്ണുകേസ്, ഭൂമി കയ്യേറ്റം, പൊതുവഴിയില്‍ വച്ചുള്ള മര്‍ദനം) മാധ്യമ സൃഷ്ടിയാണെന്നു താങ്കള്‍ക്കഭിപ്രായമുണ്ടോ?

  Dear Biju,
  "ഏതെങ്കിലുമൊരു സംഭവത്തെ മാത്രം എടുത്തുകാണിച്ചല്ല ഞാന്‍ കോടതികളെ വിമര്‍ശിച്ചതെന്നു താങ്കള്‍ക്കു മനസ്സിലായിക്കാണുമല്ലോ"

  No. Your whole article was against the "justices" who allegedly made some stringent remarks against this government.

  My second post (if you would have read that) makes your question redundant.

  My second post described one incident where the custodians of law (advocates) assaulted one person (ex. cabinet minister) in front of "high" court judges and they could not do anything about it.
  There have been several cases (Ramasamy , A.S Anand, Dinakaran, Cyriac joseph (his alleged "church greater that his office" comment" and the most recent one, the PF Scam case where one prime witness of this case died under mysterious circumstances.

  So the point is these issues are a result of inability of the system to correct itself. We have seen how certain political parties saved ramasamy from impeachment. I am sure the same would be the result of Dinakaran's case as well.

  Many scholars have suggested that the judicial corruption in India is highest amongst its lower courts.
  The solution IMO is to bring back the "Jury System" for courts up to High Court levels. This will significantly reduce nepotism and corruption to an acceptable level

  ReplyDelete
 18. ബിജുകുമാര്‍ ,

  താങ്കളുടെ നിരീക്ഷണങ്ങള്‍ അല്പം രാഷ്ട്രീയ ചായ് വോടെയുള്ളതാണെന്ന് എനിക്കും തോന്നുന്നുണ്ട്. അത്ര നിക്ഷ്പക്ഷമല്ല എന്ന് തന്നെ പറയേണ്ടി വരും. കോടതി തങ്ങളുടെ അമര്‍ഷം കാണിക്കാന്‍ വേണ്ടി വാദത്തിനിടയില്‍ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതെല്ലാം വിധി പോലെ ഗൌരവമുള്ളതാക്കുകയാനെങ്കില്‍ ഇവിടുത്തെ കൊടതികലെല്ലാം മിണ്ടാതിരുന്നു മെഷീന്‍ പോലെ വിധി പറയേണ്ടി വരും ! എന്താണ് സംഭവിച്ചതെന്നു പിന്നീട് കോടതി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

  താങ്കള്‍ സിനിമയിലല്ലാതെ യഥാര്‍ത്ത കോടതി കണ്ടിട്ടുണ്ടോ? എങ്കില്‍ വാദത്തിനിടക്ക് ജഡ്ജിമാര്ടെ പരാമര്‍ശങ്ങള്‍ കേട്ടാല്‍ അതാണ്‌ വിധി എന്ന് കരുതുമോ? അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും എല്ലാം അവിടെ പറയും. എന്നിരുന്നാലും വിധി അന്തിമമായി പറയുന്നതാണ്. അതിനു മാത്രമേയുള്ളൂ വില.

  ഒരു സര്‍ക്കാരിലെ മൊത്തം ഭരണ നേതൃത്വം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരുപോലെ കൊടതിവിധികളെ അവഗണിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ കോടതിക്ക് തോന്നിയാല്‍ "ഇനി പട്ടാളത്തെ വിളിക്കണോ കാര്യങ്ങള്‍ നടത്താന്‍ ? " എന്ന് വാദത്തിനിടയില്‍ പരാമര്‍ശിക്കാന്‍ പോലും നമ്മുടെ കൊടതിക്കള്‍ക്ക് അധികാരമില്ലേ? അതോ അതിലെ വിമര്‍ശനം മനസിലാകാതിരിക്കാന്‍ ആടിനെ പട്ടിയാക്കുന്നതോ? ഉടനെ ഇവിടെ കോടതി പാക്കിസ്ഥാനിലെപ്പോലെ പട്ടാളഭരണം കൊണ്ടുവരാന്‍പോകുന്നേ എന്ന് നിലവിളിച്ചു ആളെക്കൂട്ടാന്‍ ശ്രമിക്കുന്നതിന്റെ ലക്‌ഷ്യം സംശയിക്കേണ്ടാതല്ലേ? ഇവിടെ എല്ലാവരും സ്വന്തം അണികളെപ്പോലെ വിവരമില്ലാത്തവര്‍ ആണെന്ന വിചാരം ഒരു പാര്‍ട്ടിക്കും വേണ്ട. ഇത് മനസിലാകുന്ന ജനവും ഇവിടെയുണ്ട്?

  "ശിഖണ്ഡി"യെന്ന പ്രയോഗത്തിനു ഒരുവനെ മുന്‍പില്‍ നിര്‍ത്തി പുറകില്‍ നിന്ന് കളിക്കുന്നതിനെയും പറയാറുണ്ട്‌. ആണും പെണ്ണും കേട്ടവന്‍ എന്നുമാത്രമല്ല. ആ അര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥരെ വെച്ചുള്ള കളികള്‍ക്ക് ഈ വാക്ക് പ്രയോഗിക്കുന്നതി തെറ്റ് പറയാനാവില്ല എന്നാണു എന്റെ വിശ്വാസം.

  35723 കുഴികള്‍ ബാക്കിയുണ്ട് അത് 15 നകം അടക്കും എന്ന് പറയുന്ന മന്ത്രിയും പരിവാരങ്ങളും കേരളത്തിന്റെ സാമ്പത്തികതലസ്ഥാനമായ എറണാകുളം നഗരത്തിലൂടെ ഒന്ന് യാത്ര ചെയ്യട്ടെ. കേരളത്തിന്റെ മുഖം പോലും മിനുക്കാന്‍ കഴിയാത്തവരോട് ഇനി കേന്ദ്രത്തെ വിളിക്കണോ കുഴിയടക്കാന്‍ എന്ന് ചോദിച്ചാല്‍ ഉടനെ അത് ജനാധിപത്യവിരുദ്ധം എന്ന് കൊട്ടിപ്പാടാന്‍ തുടങ്ങിയാല്‍ ?

  "ഇതേ ബഹുമാന്യ വ്യക്തികള്‍ കവലയില്‍ വന്ന്, തെറി പറയുന്നവന്റെ നേരെ അതേ തെറി പ്രയോഗിച്ചാലോ?" അത് ചെയ്യത്തതുതന്നെയാണ് "ശുംഭന്‍" എന്ന പ്രയോഗം കവലയില്‍ നടത്തിയവന്‍ ഇന്നും നെഞ്ചും വിരിച്ചു മദമിളകി നടക്കുന്നതിനു കാരണം.

  ഒരു സംശയം കൂടി ... ആരാണ് ജനാധിപത്യത്തെ നിര്‍വചിക്കുന്നത്? ഇവിടുത്തെ രാഷ്ട്രീയക്കാരോ? ബിജുവിന് ചങ്കില്‍ തൊട്ടു പറയാന്‍ പറ്റുമോ ജനാധിപത്യത്തെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ മാനിക്കുന്നുവെന്നു. കയ്യൂക്കും ഗുണ്ടായിസവുമല്ല ജനാധിപത്യമാണ് നമ്മുടെ രാഷ്ട്രീയം എന്ന് ? ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം ഒരുമിച്ചാല്‍ അത് ജനാധിപത്യമാനെന്നു കരുന്നുണ്ടോ? ഇവിടെ വോട്ട ചെയ്യുന്നതുപോലും 50 % ജനങ്ങലെയുള്ളൂ...അതില്‍ തന്നെ എത്ര ശതമാനമുണ്ട് രാഷ്ട്രീയക്കാര്‍? അപ്പോള്‍ ഭൂരിപക്ഷം ജനങ്ങളും നിശബ്ദരാണ്. അതുകൊണ്ട് അവര്‍ക്ക് അഭിപ്രായമില്ല എന്ന് എപ്പോഴും ഓളിയിട്ടുകൊണ്ടിരിക്കുന്നവര്‍ ധരിക്കുന്നത് വിവരമില്ലാഞ്ഞിട്ടു തന്നെയാണ്.

  " of the people, by the people and for the people" - ഇതാണ് ജനാധിപത്യം.

  ഇതിനിടയില്‍ കോടതിയിലെ ചില പുഴുക്കുത്തുകള്‍ പൊക്കിക്കൊണ്ട് വന്നു പുഴുക്കള്‍ മാത്രമുള്ള ഇന്നത്തെ ആഭാസ രാഷ്ട്രീയത്തെ വിശുധമാക്കാന്‍ ശ്രമിക്കുന്നത് നാടിനു അത്ര ഗുണമൊന്നും ചെയ്യില്ല. അത് ഇന്നത്തെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ പഴയ മിഷിനറിമാരുറെ പേര് ഉപയോഗിക്കുന്നതുപോലെതന്നെ അറപ്പുളവാക്കുന്ന തന്ത്രമാണ്!

  " കഴിഞ്ഞ ലോക്‍സഭാ ഇലക്ഷന്‍ കാലത്താണ് ഒരു ജഡ്ജി പ്രസ്താവിച്ചത്, കേരളത്തിലെ സമാധാന നില ആകെ തകര്‍ന്നു എന്നും ജനങ്ങള്‍ക്ക് രക്ഷയില്ലാ എന്നും. മാധ്യമങ്ങള്‍ ആകെ ഈ പരാമര്‍ശം സര്‍ക്കാരിനെതിരെ ഉപയോഗിയ്ക്കുകയും തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്ക് കനത്ത തിരിച്ചടി കിട്ടുകയും ചെയ്തു." ഇതാണോ ലോക്ഷഭാ ഇലക്ഷനില്‍ ഭരണപക്ഷം കനത്ത തിരിച്ചടി വാങ്ങാന്‍ കാരണം? അങ്ങനെയാണ് അഭിപ്രായമെങ്കില്‍ ജനാധിപത്യത്തെക്കുരിച്ച്ച് മുകളില്‍ എഴുതിയ ഇങ്ങ്ലീഷ്‌ വാചകം 1000 പ്രാവശ്യം ഇമ്പോസിഷന്‍ എഴുതുന്നത്‌ നല്ലതായിരിക്കും.

  കേരളത്തിലെ ജനങ്ങള്‍ അത്രക്ക് വിഡ്ഢികളാണോ സഹോദരാ ?

  ReplyDelete
 19. നല്ല നിരീക്ഷണങ്ങളും ഒപ്പം നല്ല എഴുത്തും കേട്ടൊ ബിജുഭായ്.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts