ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളിള് പലര്‍ക്കും മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാത്ത ദുരവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്കാന് കുറച്ച് വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യാനാകുമോ എന്ന ആശയം മുന്നോട്ട് വെച്ചത് മൈന ഉമൈബാന്‍ ആണ്. പിന്നീട് ആഷ്ലി തന്റെ ഗൂഗിള്‍ ബസ്സ് വഴി ബാംഗ്ലൂര്‍ നിന്ന് നല്ലൊരു വസ്ത്രശേഖരം ഉണ്ടാക്കി. ഇതിന് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കാനായ തുണിത്തരങ്ങളും കുറച്ച് പുതിയ കമ്പിളികളും, പായകളും മുണ്ടുകളുമൊക്കെ രണ്ട് വാഹനങ്ങളിലായി കുത്തിനിറച്ചാണ് ഞങ്ങള്‍ ചെതലയത്ത് എത്തിയത്.
ഉള്‍ക്കാടുകളിലെ ചില ആദിവാസി കോളനികളിലേക്ക് സാധാരണ വാഹനങ്ങള്‍ പോകില്ലെന്നുള്ളതുകൊണ്ട് ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് ഒരെണ്ണം വാടകയ്ക്ക് എടുത്ത് അതില്‍ക്കയറി സ്ത്രീജനങ്ങളും കുറച്ച് പുരുഷപ്രജകളും കാട്ടിലേക്ക് കടന്നു. ജീപ്പിലെ സ്ഥലപരിമിതികാരണം കൂടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രീ. സദാനന്ദന്, ശ്രീ. സുരേന്ദ്രന് എന്നിവര്‍ക്കൊപ്പം കുറച്ചുപേര്‍ മുഴുവന്‍ ദൂരവും കാട്ടിലേക്ക് നടന്ന് കയറി.
മഴ പെയ്ത് ചെളിപിടിച്ച് കിടക്കുന്നതുകൊണ്ടും കൃത്യമായ ഒരു റോഡ് കാട്ടിലേക്ക് ഇല്ലാത്തതുകൊണ്ടും പലയിടത്തും ജീപ്പ് ചെളിയില്‍ പുതഞ്ഞുപോകുന്ന അവസ്ഥയായിരുന്നു. അത്തരം ചില ഘട്ടങ്ങളില്‍(മടക്കയാത്രയില്‍) കുറച്ച് പേര് വെളിയിലിറങ്ങി ജീപ്പ് തള്ളിനീക്കേണ്ടി വന്നു. എന്നിട്ടും കൊമ്മഞ്ചേരി കോളനി വരെ ജീപ്പ് ചെന്നെത്തിയില്ല. വീണ്ടും അരകിലോമീറ്ററോളം ചെളിപിടിച്ച് കിടക്കുന്ന വഴിയിലൂടെ, അട്ടകള്‍ നിറയെയുള്ള, കടുവകള്‍ വിഹരിക്കുന്ന, ആനകള്‍ യഥേഷ്ടം ഇറങ്ങിനടക്കുന്ന വഴികളിലൂടെ ഞങ്ങള്‍ കോളനിയിലെത്തി.
കുഞ്ഞഹമ്മദിക്കയുടെ ഡയറിയില്‍ എല്ലാ കോളനിയിലും ഉള്ളവരുടെ പേരും വയസ്സുമൊക്കെയുള്ള ലിസ്റ്റ് ഉണ്ട്. കുടികളില്‍ എല്ലാത്തിലുമായി 6 കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടക്കം 15 ഓളം പേര്. വയസ്സായ 3 പേരും അക്കൂട്ടത്തിലുണ്ട്. അതില്‍ നിന്ന് മാരന് മുത്തന് എന്നൊരാളെ രോഗം മൂര്‍ച്ഛിച്ചതുകാരണം തലേന്ന് കാട്ടില്‍ നിന്ന് ചുമന്ന് കൊണ്ടുപോയി അല്‍പ്പം കൂടെ വാഹന സൌകര്യമുള്ള മറ്റൊരു കോളനിയില്‍ ആക്കിയത് കുഞ്ഞഹമ്മദിക്ക തന്നെയാണ്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതുകൊണ്ട് മാത്രമായിരിക്കണം മറ്റുള്ളവരും രോഗമൊന്നും പിടിപെടാതെ ഇവിടെ ജീവിക്കുന്നത്. പരിതാപകരമാണ് കാട്ടിലെ അവരുടെ അവസ്ഥ. തൊട്ടടുത്തുള്ള കിണറാണോ കുളമാണോ എന്ന് തീര്‍ത്ത് പറയാന്‍ പറ്റാത്ത ഒരു വെള്ളക്കുഴി മാത്രമാണ് ഒരു ‘ആര്‍ഭാടം‘ എന്ന് പറയാവുന്ന സംഭവം.
കാട്ടിലെ ഈ കോളനിയോട് ചേര്‍ന്ന് വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടങ്ങളില്‍ ജോലിക്കായി ചെട്ടിയാന്മാര് കൊണ്ടുവന്നതാണ് ഈ ആദിവാസികളെ. ചെട്ടിയാന്മാര് കൃഷി നിര്‍ത്തിയതുകൊണ്ട് അവിടിപ്പോള്‍ ഇവര്‍ക്ക് ജോലിയൊന്നുമില്ല. കൃഷിഭൂമി ഇപ്പോള്‍ വനം വകുപ്പിന്റെ കീഴിലാണ്. മൂന്ന് തലമുറയായി കഴിയുന്നവരായതുകൊണ്ട് പണിയൊന്നും ഇല്ലാതായിട്ടും അവിടം വിട്ട് പോകാന്‍ കാടിന്റെ മക്കള്‍ തയ്യാറുമല്ല. തങ്ങളുടെ ദൈവം അവിടാണ് കുടിയിരിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.
ഫലമെന്താണെന്ന് ഊഹിക്കാമല്ലോ ? റേഷന്‍ കാര്‍ഡില്ല, കൂട്ടത്തിലുള്ള കുട്ടികള്‍ അടക്കമുള്ള ഒരാള്‍ പോലും സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ല, പട്ടിണിയും പരിവട്ടവും തന്നെ ആകെത്തുക. തല ചായ്ക്കുന്ന കൂരയ്ക്ക്, നാട്ടിന്‍പുറത്തൊക്കെ നമ്മള് കാണുന്ന ഓലകെട്ടിയുണ്ടാക്കിയ കുളിപ്പുരകളുടെ സുരക്ഷിതത്വം പോലുമില്ല. മുളപ്പാളികള്‍ കുത്തിനിര്‍ത്തി ഉണ്ടാക്കിയ ചുമരും ചെളിമേഞ്ഞ തറയും ചേര്‍ന്ന് 10 x 10 അടി വിസ്തീര്‍ണ്ണം മാത്രമുള്ള ഒറ്റമുറിക്കൂരയില്‍ തണുപ്പും മഴയുമെല്ലാം നിര്‍ലോഭം അടിച്ച് കയറുമെന്ന് ഉറപ്പ്. ആനയും കടുവയുമൊക്കെയുള്ള കാടായതുകൊണ്ട് അത്തരം ഭീഷണികള്‍ വേറെയും.
നമ്മളൊക്കെ ശരിക്കും പുണ്യം ചെയ്ത ജന്മങ്ങളാണ്. റേഷന്‍ കാര്‍ഡില്ലാത്തതുകൊണ്ട് സര്‍ക്കാറിന്റെ ഓണക്കിറ്റ് പോലും കിട്ടാതെ ഓണമാഘോഷിച്ച ഇക്കൂട്ടര്‍ക്ക് ആരെങ്കിലും വഴി വല്ലപ്പോഴും ഇതുപോലെ കുറച്ച് തുണികള്‍ കിട്ടുന്ന ദിവസം ഓണമായിരിക്കാം. എനിക്കെന്തായാലും ഇക്കൊല്ലത്തെ ഓണം 29 ആഗസ്റ്റ് 2010 എന്ന ഈ ദിവസമായിരുന്നു.
കുഞ്ഞഹമ്മദിക്ക ലിസ്റ്റനുസരിച്ച് ഓരോരുത്തരുടേയും പ്രായമനുസരിച്ച് തുണികളും കമ്പളികളും പായകളുമൊക്കെ വിതരണം ചെയ്തു. സ്ത്രീകളില്‍ ചിലരെ ഒഴിച്ച് 9 വയസ്സുകാരി നേഹയെ വരെ അട്ട കടിച്ചിരിക്കുന്നു. കൈയ്യിലും കാലിലുമൊക്കെ കടിച്ച അട്ടകളെ പിഴുതുകളഞ്ഞ് ചോരയൊഴുകുന്നത് തടയാന്‍ മുറിവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്ന പത്രക്കടലാസ് ഒട്ടിച്ചുവെച്ച് ഞങ്ങള്‍ വീണ്ടും കാട്ടുവഴിയിലേക്ക് കടന്ന് ജീപ്പ് തള്ളിയും ജീപ്പില്‍ കയറിയും പ്രധാന പാതയിലെത്തി.
തുടര്‍ന്ന് ജീപ്പ് പോകുന്ന വഴികളുള്ള മറ്റ് രണ്ട് കോളനികളിലും കൂടെ തുണിവിതരണം. അവിടത്തെ ജീവിതമൊക്കെ കൊമ്മഞ്ചേരിയിലെ ജീവിതത്തേക്കാള്‍ ഭേദമാണ്. സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ള കൊച്ചുകൂരകള്‍ ഉണ്ട് അവിടെ പലര്‍ക്കും. കുട്ടികളില്‍ പലരും സ്കൂളില്‍ പോകുന്നുമുണ്ട്.
സമയം ഉച്ചയ്ക്ക് 2 മണി ആയത് പെട്ടെന്നായിരുന്നു. അതിനിടയ്ക്ക് ഇടക്കാല ആശ്വാസമെന്ന നിലയ്ക്ക് റോഡരുകിലുള്ള ചായക്കടയില്‍ നിന്ന് ഉള്ളിവടയും, നെയ്യപ്പവും കട്ടന്‍ ചായയും. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയ കൊച്ചുമിടുക്കന് മണി താമസിക്കുന്ന കോളനി അടക്കമുള്ള മറ്റ് കോളനികളില്‍ നേരിട്ട് പോയി വസ്ത്രങ്ങള്‍ വിതരണം ചെയ്യണമെങ്കില്‍ 2 ദിവസം കൂടെ ചെതലയത്ത് തങ്ങേണ്ടി വരും. ആഷ്ലിക്ക് ബാംഗ്ലൂരെത്തണം, മൈനയ്ക്കും സുനിലിനും കോഴിക്കോട്, ഞങ്ങള്‍ നിരക്ഷരകുടുംബത്തിന് എറണാകുളം.
ബാക്കിയുള്ള തുണികള്‍ എല്ലാം കുഞ്ഞഹമ്മദിക്കയുടെ വീട്ടില്‍ കൊണ്ടുപോയി കൂട്ടിയിട്ട് വിതരണത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തെത്തന്നെ ഏല്‍പ്പിച്ച് ഞങ്ങള്‍ മടങ്ങി. കേട്ടറിഞ്ഞ് ബാക്കിയുള്ളവര്‍ വീട്ടില്‍ വന്ന് തുണികള്‍ കൈപ്പറ്റിക്കോളുമെന്ന് കുഞ്ഞഹമ്മദിക്കയ്ക്ക് ഉറപ്പാണ്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഞങ്ങള്‍ കോഴിക്കോടെത്തുന്നതിന് മുന്നേ കുഞ്ഞഹമ്മദിക്ക വിളിച്ചു. ബാക്കി കോളനികളില്‍ ഉള്ളവര്‍ വീട്ടില്‍ച്ചെന്ന് തുണികള്‍ വാങ്ങിപ്പോയിരിക്കുന്നു. മാത്രമല്ല പത്ത് പതിനാല് പേര്‍ക്ക് തുണികള്‍ കിട്ടിയിട്ടുമില്ല.
തുണികള്‍ ഇനിയും വേണ്ടിവരും. എത്രകിട്ടിയാലും തന്റെ കൊച്ചുവീട്ടില്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ ആദിവാസികള്‍ക്ക് വേണ്ടിയും സ്വന്തം ഗ്രാമത്തിന് വേണ്ടിയും ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്ന കുഞ്ഞഹമ്മദിക്ക തയ്യാറാണ്.(അദ്ദേഹത്തെപ്പറ്റി വിശദമായ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.) സ്വന്തം വീട് പോലും മറന്ന് അദ്ദേഹം നടത്തുന്ന സേവനത്തിന്റെ കഥകള്‍ വിവരിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റിലെ ഇടം അപര്യാപ്തമാണ്. തുണികള്‍ ഇനിയും ശേഖരിച്ചോളൂ ബൂ/ഭൂലോകകരേ. കൂട്ടത്തില്‍ പത്തോ ഇരുപതോ രൂപ കൂടെ കിട്ടിയാല്‍ കുറച്ച് പായകളും കമ്പളികളും കൂടെ വാങ്ങാന്‍ ഉപകരിക്കും.
വാല്‍ക്കഷ്ണം:- കുഞ്ഞഹമ്മദിക്ക കഴിഞ്ഞാല്‍ വസ്ത്രവിതരണപരിപാടിയിലെ ഹീറോ ആഷ്ലിയും കുടുംബവും തന്നെ. ബാംഗ്ലൂര്‍ മുഴുവന്‍ കറങ്ങിനടന്ന് തുണികള്‍ ശേഖരിച്ചതുകൊണ്ടുമാത്രമല്ല ഹീറോപ്പട്ടം ആഷ്ലിക്കുടുബം നേടുന്നത്. വസ്ത്രങ്ങള്‍ നിറയ്ക്കാനുള്ള മൈതച്ചാക്കുകള്, നനഞ്ഞ തുണിവെച്ച് തുടച്ച് വൃത്തിയാക്കിയെടുത്ത അമ്മ, കുട്ടികള്‍ക്ക് പാകമുള്ള ഉടുപ്പുകള്‍ അവരെക്കൊണ്ട് ഇടീച്ച് നോക്കി ഈ കര്‍മ്മത്തില്‍ അവര്‍ നല്കിയ പങ്കാളിത്തം, കുട്ടികളോട് പാട്ട് പാടുമോ ഡാന്‍സ് അറിയുമോന്നൊക്കെ കുശലം ചോദിച്ച് മുഴുവന്‍ നേരവും തുണിക്കെട്ടുകളുമായി കൂടെയുണ്ടായിരുന്ന അച്ഛന്, തുണിച്ചാക്കുകള്ക്കൊപ്പം ഞെരുങ്ങിക്കൂടി കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നതിന് പുറമേ ആഷ്ലിയുടെ കമന്റുകള്‍ മുഴുവന്‍ സഹിച്ച ഭാര്യ മമത. എല്ലാത്തിനുമുപരി ഇന്റര്‍നെറ്റ്, മെയില്‍, ബ്ലോഗ് എന്നതൊക്കെപ്പോലെ തന്നെ ഗൂഗിള്‍ ബസ്സും മറ്റുള്ള സഹജീവികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാമെന്ന് തെളിയിച്ചതിന്.