മുല്ലപ്പെരിയാര്‍ കരാര്‍ ‍: നമുക്ക്‌ പിഴച്ചതെവിടെ ?


റ്റിജോ ജോര്‍ജ്


കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌, കേരളത്തിലൂടെ മാത്രം ഒഴുകി, കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഒരു നദി അന്തര്‍ സംസ്ഥാന നദിയാകുമോ? നാട്ടുരാജാക്കന്‍മാരും ഭരണാധികാരികളുമായുണ്ടാക്കിയ എല്ലാ കരാറുകളും ഉടമ്പടികളും, ഭാരതം സ്വതന്ത്രമായതോടെ റദ്ദാക്കപ്പെട്ടപ്പോള്‍ മുല്ലപ്പെരിയാര്‍ കരാറിന്‌ മാത്രം എങ്ങിനെ തുടര്‍ന്നും നിയമസാധുത ലഭിച്ചു ? ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന പാട്ടക്കരാറുകളുടെ പരമാവധി കാലാവധി 99 വര്‍ഷമായിരിക്കെ മുല്ലപ്പെരിയാറിന്‌ 999 വര്‍ഷത്തെ കാലാവധി എങ്ങിനെ കിട്ടി ? എവിടെയാണ്‌ നമുക്ക്‌ പിഴവ്‌ സംഭവിച്ചത്‌ ?

39 വര്‍ഷം മുമ്പ്‌ നമ്മുടെ ഭരണാധികാരികള്‍ കാട്ടിയ രാഷ്‌ട്രീയ മണ്ടത്തരത്തിന്റെ വിലയാണിന്ന്‌ നാം കൊടുത്തു കൊണ്ടിരിക്കുന്നത്‌. വിവേകമില്ലായ്‌മയും ബുദ്ധിശൂന്യതയും ഒത്തുചേര്‍ന്ന ആ വിവരക്കേടിന്റെ ഫലമായി നഷ്‌ടപ്പെട്ടത്‌ ഒരു ജനതയുടെ മനസമാധാനമാണ്‌. ദാഹിച്ചവന്‌ കരിക്ക്‌ വെട്ടിക്കൊടുത്ത സന്മനസിനെ, കരിക്കിന്‍വെള്ളം കുടിച്ച ശേഷം തൊണ്ടുകൊണ്ട്‌ എറിയുന്ന തരത്തിലുള്ള നന്ദികേടിന്‌ പാത്രമായിരിക്കുന്നു നമ്മള്‍. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയെന്ന്‌ ചിലര്‍ വിശേഷിപ്പിക്കുന്ന സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ ഈ രാഷ്‌ട്രീയാബദ്ധം നമുക്ക്‌ പിണഞ്ഞതെന്ന്‌ ഓര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. സ്വതന്ത്രഭാരതത്തില്‍ റദ്ദാക്കപ്പെട്ട്‌ പോയ ഒരു പഴങ്കരാറിന്‌ 1970 മേയ്‌ 29-ന്‌ പുതുജീവന്‍ നല്‍കുകയാണ് അദ്ദേഹം ചെയ്‌തത്‌. മുന്‍ നോട്ടമില്ലാതെ തീര്‍ത്തും ലാഘവബുദ്ധിയോടെയുള്ള കേരളത്തിന്റെ ഒപ്പുവയ്‌ക്കലിലൂടെ തമിഴ്‌നാട്‌ സമ്പാദിച്ചത്‌ ഇരട്ടനേട്ടമാണ്‌.

ഒരല്‌പം കൂടി പിന്നോട്ട്‌ സഞ്ചരിച്ചാല്‍ ഈ കരാറിന്റെ തുടക്കത്തിലെത്താം. സഹിക്കാനാകാത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ വിശാഖം തിരുനാള്‍ രാമവര്‍മ്മ മനസില്ലാ മനസോടെയാണ്‌ മുല്ലപ്പെരിയാര്‍ ഡാം കരാറിന്‌ അനുമതി നല്‌കിയത്‌. കരാറിന്റെ നേട്ടം തിരിച്ചറിഞ്ഞ മദ്രാസ്‌ പ്രസിഡന്‍സി ഭരണാധികാരികള്‍ മഹാരാജാവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിട്ട്‌ 24 വര്‍ഷമായിരുന്നു. രണ്ട്‌ പതിറ്റാണ്ടിലേറെ തന്റെ ജനതയുടെ നന്മയെക്കരുതി വഴങ്ങാതെ പിടിച്ചു നിന്ന മഹാരാജാവിന്‌ ഒടുവില്‍ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ നയപരമായ ബലപ്രയോഗത്തെത്തുടര്‍ന്ന്‌ വഴങ്ങേണ്ടി വന്നു. വിറയാര്‍ന്ന കൈകളോടെ ഒപ്പിടുമ്പോള്‍ മഹാരാജാവ്‌ ഇങ്ങിനെ പറഞ്ഞത്രേ -"എന്റെ ഹൃദയരക്തം കൊണ്ടാണ്‌ ഞാനീ കരാറിന്‌ അനുമതി നല്‌കുന്നത്‌". ഈ കരാര്‍ എത്രമാത്രം തന്റെ പ്രജകളെ ദോഷകരമായി ബാധിക്കുമെന്ന്‌ രാജാവിനറിയാമായിരുന്നെന്ന്‌ വ്യക്തം.

1886 ഒക്‌ടോബര്‍ 29-ന്‌ തിരുവിതാംകൂറിന്‌ വേണ്ടി വി. രാമസ്വാമി അയ്യങ്കാരും മദ്രാസിന്‌ വേണ്ടി സ്റ്റേറ്റ്‌ സെക്രട്ടറി ഹാനിംഗ്‌ടണുമാണ്‌ കരാര്‍ നടപടികളില്‍ പ്രതിനിധികളായത്‌. പെരിയാറിന്റെ ഏറ്റവും ആഴം കൂടിയ അടിത്തട്ടില്‍ നിന്ന്‌ 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാര്‍. ഈ വെള്ളം പ്രയോജനപ്പെടുത്താനുള്ള അണക്കെട്ട്‌ നിര്‍മിക്കാന്‍ മദ്രാസ്‌ ഗവണ്‍മെന്റിനെയാണ്‌ ചുമതലപ്പെടുത്തിയത്‌. 155 അടി ഉയരത്തില്‍ സിഥിതി ചെയ്യുന്ന 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനായി 100 ഏക്കറുമാണ്‌ പാട്ടമായി നല്‌കിയിരിക്കുന്നത്‌. 999 വര്‍ഷത്തിന്‌ ശേഷം മദ്രാസ്‌ സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ കരാര്‍ വീണ്ടും പുതുക്കേണ്ടി വരും. പാട്ടത്തുകയായി ഏക്കറിന്‌ അഞ്ച്‌ രൂപ നിരക്കില്‍ വര്‍ഷം 40,000 രൂപ തിരുവിതാംകൂറിന്‌ ലഭിക്കും. മധുര, രാമനാഥപുരം ജില്ലകളിലെ ജലസേചനത്തിനായി ഈ വെള്ളം ഉപയോഗിക്കാമെന്നും കരാറില്‍ പറയുന്നു. മുല്ലയാറും പെരിയാറും ഒഴുകി തടഞ്ഞ്‌ നിര്‍ത്തപ്പെടുന്ന മുല്ലപ്പെരിയാര്‍ ഡാം യാഥാര്‍ഥ്യമായത്‌ 1896 ഫെബ്രുവരിയിലാണ്‌. നിര്‍മാണം തുടങ്ങിയത്‌ 1887 സെപ്‌റ്റംബറിലും.

നാട്ടുരാജാക്കന്‍മാരും ഭരണാധികാരികളുമായുണ്ടാക്കിയ കരാറുകളെല്ലാം സ്വാതന്ത്ര്യലബ്‌ദിയോടെ അസാധുവായിരുന്നു. അങ്ങിനെ റദ്ദാക്കപ്പെട്ട പാട്ടക്കരാറാണ്‌ 1970-ന്‌ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പുതുജീവന്‍ നല്‍കി കൂടുതല്‍ കുടുക്കുകളും കെണികളും ഉള്‍പ്പെടുത്തി അംഗീകരിച്ചത്‌. ഈ പുതിയ കരാര്‍ സംബന്ധിച്ച വാര്‍ത്ത 1970 മേയ്‌ 31-ലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ കരാര്‍ വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്നത്തെ 'ദീപിക'യിലുണ്ട്‌. ആ വാക്കുകള്‍ ശ്രദ്ധിക്കുക.

"ഈ പ്രോജക്‌ട്‌ ഇന്റര്‍സ്റ്റേറ്റ്‌ പ്രോജക്‌ടായതു കൊണ്ട്‌ കേരളവും തമിഴ്‌നാടും ചേര്‍ന്ന്‌ ഒരു ഇന്റര്‍‌സ്റ്റേറ്റ്‌ റിവര്‍ബോര്‍ഡും രൂപീകരിക്കും. ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കേരളവും തമിഴ്‌നാടും തവണ വച്ച്‌ വഹിക്കും. 1970 ജൂണ്‍ ഒന്നിന്‌ നിലവില്‍ വരുന്ന ബോര്‍ഡിന്റെ ആദ്യ ചെയര്‍മാന്‍ കേരള ഇറിഗേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ ആയിരിക്കും" കരാര്‍ അനുസരിച്ച്‌ കേരളത്തിന്‌ ലഭിക്കുന്ന മറ്റൊരു ആനുകൂല്യവുമുണ്ട്‌. പെരിയാര്‍ നദീജലക്കരാര്‍ 999 വര്‍ഷത്തേക്കാണ്‌ ആദ്യം ഉണ്ടാക്കിയത്‌. അത്‌ അഞ്ച്‌ കൊല്ലത്തിലൊരിക്കല്‍ പുതുക്കണമെന്ന്‌ ബോര്‍ഡ്‌ തീരുമാനിച്ചു. ഇപ്പോള്‍ ഏക്കറിന്‌ അഞ്ച്‌ രൂപ എന്നുള്ള ലീസ്‌ 30 രൂപയാക്കി വര്‍ധിപ്പിച്ചു. അതുപോലെ പെരിയാര്‍ നദീതടത്തില്‍ മത്സ്യബന്ധനത്തിനുള്ള അവകാശം കേരളത്തിന്‌ ലഭിച്ചു".

999 വര്‍ഷമെന്ന കേട്ടുകേള്‍വി പോലുമില്ലാത്ത കരാര്‍കാലാവധിക്ക്‌ ചിരപ്രതിഷ്‌ഠ നേടിക്കൊടുത്തെങ്കിലും അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ ഇത്‌ പുതുക്കപ്പെടണമെന്നല്ലേ മേല്‍സൂചിപ്പിച്ച പഴയ പ്രസ്‌താവന അര്‍ഥമാക്കുന്നത്‌? ഇക്കാര്യമെന്തേ ആരും ഇപ്പോള്‍ ശ്രദ്ധിക്കാത്തത്‌? പാട്ടക്കരാറുകളുടെ പരമാവധിയായ 99 വര്‍ഷം എന്നതിന്‌ പിന്നില്‍ ഒരു ഒമ്പത്‌ കൂടി ചേര്‍ത്ത്‌ അത്‌ 999 ആക്കിയതാരാണ്‌. അറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ മനഃസമാധാനവും സ്വസ്ഥതയും നഷ്‌ടപ്പെട്ടിരിക്കുന്നത്‌ നിഷ്‌കളങ്കരായ ഒരു ജനതയ്‌ക്കാണ്‌. 999 എന്ന കുബുദ്ധിസംഖ്യയ്‌ക്ക്‌ ഒരിടത്തും നിയമപരിരക്ഷ ലഭിക്കില്ല എന്നത്‌ മറക്കുന്നില്ല.

ലോകത്ത്‌ ഇന്ന്‌ നിലവിലുള്ള ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ്‌ മുല്ലപ്പെരിയാര്‍ ഡാം. നിര്‍മ്മാണ കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌ എന്ന ബഹുമതിയും ഇതിനുണ്ടായിരുന്നത്രേ. ചുണ്ണാമ്പും സൂര്‍ക്കിയും ഉപയോഗിച്ച്‌ നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത്‌ നിലവിലുള്ള ഏക അണക്കെട്ടും ഇതു തന്നെ. ഇന്ന്‌ ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്‌ ഏതെന്ന്‌ ചോദിച്ചാലും ഉത്തരം മുല്ലപ്പെരിയാര്‍ എന്നുതന്നെ. എന്നാല്‍ ഇവയൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനത്തേക്കാളുപരി ആശങ്കയുടെ നെഞ്ചിടിപ്പാണ്‌ മലയാളിയില്‍ നിന്നുയരുന്നത്‌. 1902-ല്‍ നടത്തിയ പരിശോധനയില്‍ ഡാമിന്റെ പ്രധാന നിര്‍മ്മാണവസ്‌തുവായ ചുണ്ണാമ്പ്‌ വര്‍ഷം 30.48 ടണ്‍ വീതം നഷ്‌ടപ്പെടുന്നുണ്ടായിരുന്നെന്നും, ഇപ്പോഴത്‌ അതിന്റെ പതിന്മടങ്ങായിരിക്കുമെന്നും കണക്കാക്കുന്നു.

ആശങ്കകള്‍ ദൂരീകരിക്കപ്പെടണമെങ്കില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടണം. അത്‌ കളിയോ പിടിവാശിയോ അല്ല. ഒരു ജനതയെ കുത്തിയൊഴുകുന്ന ദുരന്തത്തിലേക്ക്‌ തള്ളിവിടാതിരിക്കാനാണത്‌. അതിര്‍ത്തികളില്‍ നിന്ന്‌ കൈയടിയ്‌ക്ക്‌ വേണ്ടി ചന്ദ്രഹാസം മുഴക്കുന്ന വൈക്കോമാര്‍ ഇത്‌ തിരിച്ചറിയട്ടെ.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ചിത്രം പാച്ചുവിന്‍റെ ബ്ലോഗില്‍ നിന്ന്.

Download This Post In PDF Format

4 Responses to "മുല്ലപ്പെരിയാര്‍ കരാര്‍ ‍: നമുക്ക്‌ പിഴച്ചതെവിടെ ?"

 1. ഹായ്, ഞാനെടുത്ത ഫോട്ടോ !, നെഗറ്റീവ് സ്കാൻ ചെയ്തപ്പോൾ ഉണ്ടായ കറുത്ത ലൈൻ പോലും മാറ്റാതെ !

  ReplyDelete
 2. സ്വയം കുഴിച്ച കുഴി തന്നെ!! പക്ഷെ ചതിയാണെന്നു അറിഞ്ഞിട്ടും അത് എതിര്‍ത്ത് ജയിക്കാന്‍ കഴിവില്ലതവരോ മലയാളികള്‍? അറിഞ്ഞുകൊണ്ട് മലയാളികളെ കുരുതികൊടുക്കാന്‍ സര്‍ക്കാരിനു എങ്ങിനെ മനസ്സ് വരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ തമിഴരുടെ ചതിക്ക് മുഅനമായി നില്‍ക്കുന്നത് എന്തുകൊണ്ട്? നിയമം പരിരക്ഷിക്കുന്നില്ലെങ്കില്‍ എന്തിനാണ് അത്തരം നിയമങ്ങള്‍?

  ReplyDelete
 3. മുല്ലപ്പെരിയാര്‍ ഒരു അന്തര്‍ സംസ്ഥാന നദിയല്ല, കരാറും അങ്ങിനെ അല്ല. നദി ഉത്ഭവിക്കുന്നതും ഒഴുകുന്നതും കേരളത്തിലാണ്, പക്ഷെ കരാറിന്റെ ഭാഗമായി നിര്‍മ്മിച്ച അണക്കെട്ട് തമിഴ്നാടിന്റെതാണ്. ഇപ്പോഴും അവിടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് അവര്‍ക്ക് മാത്രമെ അധികാരമുള്ളൂ. കേരള പോലീസ് താമസ്സിക്കുന്ന ക്വാര്‍ട്ടേഴ്സ് ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു, (ഈ കഴിഞ്ഞ സമ്മറില്‍ പോയപ്പോള്‍)അത്പോലും റിപ്പയര്‍ ചെയ്യാന്‍ നമുക്ക് അധികാരമില്ല.

  പുതിയ ഡാം വരിക എന്നതുമാത്രമാണു ഏക പരിഹാരമാര്‍ഗ്ഗം, അതോടെ കരാര്‍ പുതുക്കപ്പെടുകയും ചെയ്യും .ഈ പുതുക്കലാണ് തമിഴ്നാട് ഭയപ്പാടോടെ കാണുന്നത്.

  ReplyDelete
 4. പാച്ചു...ഫോട്ടോ ഞാന്‍ കൊടുത്തതല്ല. എഡിറ്റേഴ്‌സ്‌ സെലക്ഷന്‍ ആണ്‌. നന്ദി ഇന്‍ഡ്യനും അനിലിനും പാച്ചുവിനും.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts