ഈ കൈവെട്ടല്‍ അര്‍ഹിക്കുന്നത് തന്നെ


ബിജുകുമാര്‍ ആലക്കോട്.


ക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ - 4 നു) രാവിലെ ടെലിവിഷന്‍ സ്ക്രീനില്‍ തെളിഞ്ഞ ഫ്ലാഷ് ന്യൂസ്, മറ്റു പലര്‍ക്കുമെന്ന പോലെ ഈയുള്ളവനും ഒരു ഞെട്ടലാണ് സമ്മാനിച്ചത്. ബോംബേറും തലവെട്ടലുമൊക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഈ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലിനു പിന്നില്‍ , സംഭവത്തിനുകാരണമായ വിഷയത്തിന്റെ പ്രത്യേകതയാണുള്ളത്. ഇക്കാര്യത്തില്‍ ഒത്തിരി ചര്‍ച്ച കഴിഞ്ഞതിനാല്‍ വീണ്ടും ആവര്‍ത്തിയ്ക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ചില സംഘടനകളെ പേരെടുത്തും അല്ലാതെയുമൊക്കെ നമുക്കു വിമര്‍ശിയ്ക്കാമെങ്കിലും യഥാര്‍ത്ഥ പ്രതികളെ മറന്നു കൊണ്ടൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളെ, കൃത്യമായിപ്പറഞ്ഞാല്‍ കേരളീയ സമൂഹത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സജീവമായി ഇടപെട്ടു തുടങ്ങിയ ശേഷമുള്ള കാലഘട്ടത്തെ ,സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യമാകും. നമ്മുടെ പൊതു സമൂഹത്തിന് അതേവരെയുണ്ടായിരുന്ന മൂല്യങ്ങള്‍ , സഹിഷ്ണുത ഇവയെല്ലാം ക്രമാനുഗതമായി കുറഞ്ഞു വരുന്നു. ഈ താഴോട്ടു പോകലിന് വെള്ളവും വളവും നല്‍കുന്ന ജോലിയാണ് സെന്‍സേഷണല്‍ ജേര്‍ണലിസത്തില്‍ മുഴുകിയ നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

കഴുത്തറപ്പന്‍ മത്സരത്തിനിടയില്‍ അപ്രധാനവും അനാവശ്യവുമായ പ്രാദേശിക സ്വഭാവം മാത്രമുള്ള വാര്‍ത്തകള്‍ പോലും ലോകമാകെ പ്രചരിപ്പിയ്ക്കപ്പെടുന്നു. തുടര്‍ന്ന് ന്യൂസ് റൂമില്‍ വിളിച്ചുള്ള തലനാരിഴ കീറി ചര്‍ച്ച, ഏതു പ്രതിലോമ ചിന്താഗതിക്കാര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ സുഗമമായി പ്രചരിപ്പിയ്ക്കാനുള്ള അവസരമായി. ജനാധിപത്യമെന്നൊക്കെ പറഞ്ഞു ന്യായീകരിയ്ക്കാമെങ്കിലും, മാധ്യമസ്ഥാപനത്തിന്റെ നിക്ഷിപ്ത താല്പര്യ സംരക്ഷണം എന്നതില്‍ കവിഞ്ഞ യാതൊന്നും ഇതിനു പിന്നിലില്ല. പണ്ട് അച്ചടി മാധ്യമങ്ങളുടെ കാലത്ത്, പരിണിത പ്രജ്ഞരായ പത്രാധിപന്മാര്‍ സമൂഹത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ആശയങ്ങളെ ഫലപ്രദമായി എഡിറ്റു ചെയ്യുമായിരുന്നു. സാമൂഹ്യബോധമെന്ന അരിപ്പയിലൂടെ മാത്രമേ വാര്‍ത്തകള്‍ വെളിച്ചം കണ്ടിരുന്നുള്ളൂ. ഇന്നോ? യാതൊരു കാര്യവിവരവുമില്ലാത്ത “ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍“ ലൈവായി തങ്ങളുടെ അല്പജ്ഞാനം നമ്മളിലേയ്ക്ക് വിളമ്പിത്തരുന്നു. “ആരാദ്യം പറയും?” എന്നതുമാത്രമാണ് വാര്‍ത്തയുടെ ആധികാരികത എന്ന നില. ഇത്തരം സാഹചര്യത്തില്‍ സമൂഹത്തിലേയ്ക്കു പ്രസരിയ്ക്കുന്ന വാര്‍ത്ത ആളുകളില്‍ കടന്നുകൂടി വിശ്ലേഷണം ചെയ്യപ്പെട്ട്, സാമൂഹ്യബോധമില്ലായ്മയുടെ മേമ്പൊടി കൂടി ചേര്‍ത്ത് പ്രതിലോമകരമായി ഭവിയ്ക്കുന്നു.

ഛിന്ന ഭിന്നമായ മനുഷ്യ ശരീരം പൊതുവില്‍ ബീഭത്സവും ആള്‍ക്കാരില്‍ ഭയം ജനിപ്പിയ്ക്കുന്നതുമാണ്. സംസ്കാരമുള്ള മാധ്യമങ്ങള്‍ ‍- വിദേശങ്ങളില്‍ പ്രത്യേകിച്ചും - ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ അവ്യക്തമായി മാത്രമേ കാണിയ്ക്കൂ. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം ഔചിത്യം ഒരു മാധ്യമവും കാണിയ്ക്കില്ല. ദിനംപ്രതി ഇത്തരം ജഡങ്ങളുടെ വവര്‍ണ്ണ ചിത്രങ്ങള്‍ നമ്മുടെ കണ്ണുകളിലേയ്ക്ക് അവര്‍ തള്ളിക്കയറ്റുന്നു.മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ നനഞ്ഞൊട്ടിയ മൃതശരീരം ക്ലോസപ്പില്‍ കാണിച്ച മാധ്യമങ്ങളാണിവിടെയുള്ളത്.

ഇത്തരം ഔചിത്യമില്ലായ്മയുടെ ഭാഗമായി മനുഷ്യരുടെ ചിന്താരീതിയില്‍ തന്നെ മാറ്റം വന്നിരിയ്ക്കുന്നു. രക്തത്തോടും ബീഭത്സതയോടുമുള്ള അറപ്പ് അപ്രത്യക്ഷമായിരിയ്ക്കുന്നു. റോഡരുകില്‍ അപകടത്തില്‍ പെട്ടു കിടക്കുന്ന സഹജീവിയെ രക്ഷിയ്ക്കുന്നതിനു പകരം ആ ഭീകരദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നെത്തേയ്ക്കു കൂടി “സേവ്” ചെയ്തുവച്ചിട്ട് കടന്നു പോകുന്ന മാനസികാവസ്ഥയിലേയ്ക്ക് നാം പതിച്ചു കഴിഞ്ഞിരിയ്ക്കുന്നു. വെട്ടിമാറ്റപ്പെട്ട കൈയുടെ വിവിധ ആംഗിളിലുള്ള ക്ലോസപ്പുകള്‍ നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഈയൊരു ദൃശ്യം ആവര്‍ത്തിച്ചു കാണിയ്ക്കുന്നതിലൂടെ എന്താണ് സമൂഹത്തിലേയ്ക്കു അടിച്ചുകയറ്റുന്ന സന്ദേശം? ആഡംബരം അന്തസിന്റെ ലക്ഷണമായാണ് അവതരിപ്പിയ്ക്കപ്പെടുന്നത്. വീട്, വാഹനം, വസ്ത്രം, ആഭരണം, ഭക്ഷണം, അണിഞ്ഞൊരുങ്ങല്‍ തുടങ്ങി എല്ലാം അത്യാവശ്യത്തിന് അല്ലെങ്കില്‍ ആവശ്യത്തിന് എന്ന രീതി മാറി ആഡംബരത്തിന് എന്ന അവസ്ഥയിലേയ്ക്ക് മാറാന്‍ മുഖ്യകാരണക്കാര്‍ ടെലിവിഷന്‍ ചാനലുകളാണ്. ഈ ഓരോ വിഷയത്തിലും വിവിധ ചാനലുകളുടെ പരിപാടി നിങ്ങള്‍ കണ്ടു നോക്കൂ.

ആര്‍ത്തി മുഴുത്ത മത്സരങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന രീതി മൂലം എല്ലാവരും വ്യക്തി സ്വത്വത്തിലേയ്ക്ക് ചുരുങ്ങുകയാണ്. തങ്ങള്‍ ജീവിയ്ക്കുന്നത് നേടാന്‍ മാത്രം, നല്‍കുവാനല്ല എന്ന ചിന്താഗതി രൂഡമൂലമായതോടെ സമൂഹം, ഞാന്‍ - എന്റെ കുടുംബം എന്ന സ്വത്വചിന്തയിലേയ്ക്ക് ഒതുങ്ങി. ഇത്തരം അവസ്ഥയുടെ കൂടപ്പിറപ്പാണ് അരക്ഷിതബോധം. സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നും വ്യക്തി സ്വത്വത്തിലേയ്ക്ക് ചുരുങ്ങിയതോടെ ഉളവായ വിടവിലേയ്ക്കാണ് ജാതി മത ചിന്തകള്‍ പൂര്‍വാധികം ശക്തിയോടെ കയറിക്കൂടിയത്. വിടര്‍ന്നു തിങ്ങി നില്‍ക്കുന്ന പുഷ്പങ്ങള്‍ വാടി ചുരുണ്ടാല്‍ ഉണ്ടാകുന്ന വിടവിലേയ്ക്ക് ഇരുട്ടു കടന്നു വരുന്ന പോലെ.

സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ആദര്‍ശ ചിന്തകള്‍ വലതായാലും ഇടതായാലും ഉടച്ചുകളയാന്‍ പുത്തന്‍ മാധ്യമ സംസ്കാരം നല്‍കിയ സംഭാവന കനത്തതാണ്. ജാതി-മത സ്വത്വ ചിന്തകള്‍ സ്വാധീനിച്ച ഒരു സമൂഹം വര്‍ഗീയ ചിന്തയിലേയ്ക്ക് അടിതെറ്റി വീഴാന്‍ അധിക സമയം വേണ്ട. കേരളത്തെ സംബന്ധിച്ചിടത്തോളം ഈയവസ്ഥയ്ക്ക് അടുത്ത ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീയപ്പാ‍ര്‍ട്ടികളാണ്. വോട്ടുബാങ്കു രാഷ്ട്രീയത്തിനായി വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിയ്ക്കാന്‍ രണ്ടു മുന്നണികളും മടിച്ചില്ല. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ഉന്നതിയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ടികളോളം സംഭാവന നല്‍കിയ പ്രസ്ഥാനങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഇന്നത്തെ ഈ ദുരവസ്ഥയ്ക്കും അവരുടെ - വിശേഷിച്ച് സി.പി.എമ്മിന്റെ - സംഭാവന ചെറുതല്ല. മുസ്ലീം ലീഗിനെതിരെ മറ്റു ചില തീവ്ര സംഘടനകളെ ചില ഘട്ടത്തില്‍ പ്രോത്സാഹിപ്പിയ്ക്കാന്‍ ആ പാര്‍ട്ടി തയ്യാറായി. ഏതു പ്രതിലോമ സംഘടനയ്ക്കും ഇടതു പക്ഷ പിന്തുണ നിസ്സാരമല്ലാത്ത അംഗീകാരം നേടിക്കൊടുക്കും. അങ്ങനെ നേടിയ സ്വീകാര്യത ഇവിടെ പല തീവ്രവാദ സംഘടനകളുടെയും വളര്‍ച്ചയ്ക്ക് ഉപകരിച്ചിട്ടുണ്ട്. പാലസ്തീനും ഇറാക്കും കേരളത്തിലെ മുറുക്കാന്‍ കടകളില്‍ പോലും ചര്‍ച്ചാവിഷയമാക്കിയത് ഇടതു പക്ഷമാണ്. അതിന്റെ മാനവിക വശത്തിന്റെ ന്യായം അംഗീകരിയ്ക്കപ്പെടുമ്പോള്‍ തന്നെ, വര്‍ഗീയ മുതലെടുപ്പിന് ഉപയോഗിയ്ക്കാന്‍ ചിലര്‍ക്ക് അത് സാഹചര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. കോണ്‍ഗ്രസാകട്ടെ എല്ലാ വര്‍ഗീയതയെയും കൂട്ടുപിടിയ്ക്കാന്‍ മടിച്ചിട്ടില്ല. അനുകൂല പരിസരത്ത് വീഴുന്ന ഒരു തീപ്പൊരിയ്ക്ക് ക്രമേണ ആളി, വലിയ ഒരു തീപിടുത്തമായി മാറാന്‍ കഴിയുന്നപോലെയായി ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ .

ഇവിടുത്തെ ജാതി-മത സ്ഥാപനങ്ങളുടെ പങ്കും ലഘൂകരിച്ചു കണ്ടു കൂടാ. സാമ്പത്തിക - രാഷ്ട്രീയ സ്വാധീനമുള്ള ജാതി മത സ്ഥാപനങ്ങള്‍, തങ്ങള്‍ക്കുണ്ട് എന്നവകാശപ്പെടുന്ന വോട്ട് ബാങ്ക് ഉയര്‍ത്തിപ്പിടിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയ്ക്കു നിര്‍ത്തുന്നത്. ഏതെങ്കിലും ജാതിയ്ക്കോ മതത്തിനോ (എന്നു വച്ചാല്‍ സംഘടനകള്‍ക്ക്) അനിഷ്ടകരമായ നിസ്സാരസംഭവം പോലും പര്‍വതീകരിച്ച് കൊട്ടിഘോഷിയ്ക്കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതേ സമയം തന്നെ, രാഷ്ട്രീയ ബോധത്തെ പരിഹസിയ്ക്കാനും തരം താഴ്ത്താനും ഇതേ മാധ്യമങ്ങള്‍ മത്സരിയ്ക്കുന്നു. തല്‍ഫലമായി സാമൂഹ്യ ആദര്‍ശങ്ങള്‍ മോശമെന്നും ജാതി - മത സ്വത്വ ചിന്തകള്‍ കൊള്ളാമെന്നുമുള്ള അരാഷ്ട്രീയ പൊതു ബോധ്യനിര്മ്മാണമാണ് നടക്കുന്നത്.

നേരത്തെ പറഞ്ഞ വ്യക്തിസ്വത്വത്തിലേയ്ക്ക് ജാതി - മത സ്വത്വചിന്തകള്‍ കൂടി ഇഴചേര്‍ക്കപ്പെടുന്നതോടെ സമൂഹത്തിന്റെ വിഭജനം പൂര്‍ത്തിയാവുന്നു. ഇത്തരം ആപല്‍ക്കരമായ അവസ്ഥയിലെത്തിയ സമൂഹത്തെ ജാതി - മത ശക്തികള്‍ക്ക് വളരെ നിസ്സാരമായി നിയന്ത്രിയ്ക്കാവുന്നതേയുള്ളു. ഈ ജാതി-മത ശക്തികള്‍ മിക്കതിനും അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ഇവിടെ വിപണനം ചെയ്യപ്പെടുന്ന ആശയങ്ങള്‍ പലതും ഇറക്കുമതിയാണ്. ആശയത്തോടൊപ്പം ആവശ്യത്തിനു പണവും എത്തുന്നു. മറ്റൊരു ദേശത്തിന്റെ അടയാളങ്ങളായ - കാലാവസ്ഥക്കനുസൃതമായ - വസ്ത്രധാരണ രീതിയും സംസ്കാരവും ഇവിടെ അടിച്ചേല്‍പ്പിയ്ക്കപ്പെടുന്നു.

ഇത് ഇന്ത്യയ്ക്കുള്ളിലും നടക്കുന്നുണ്ട്. നമുക്ക് ഇന്നലെ വരെ അപരിചിതങ്ങളായ ഉത്സവങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഇവിടേക്ക് വന്നുകൊണ്ടിരിയ്ക്കുന്നു. വിവിധ ജാതി - മതസ്ഥര്‍ ഒന്നു പോലെ കൊണ്ടാടിയിരുന്ന പ്രാദേശിക ആഘോഷങ്ങള്‍ അനാചാരങ്ങളും മത വിരുദ്ധവുമായി മുദ്രകുത്തപ്പെടുമ്പോള്‍ ഒരു സാമൂഹ്യ അപനിര്‍മ്മിതിയാണവിടെ സംഭവിയ്ക്കുന്നത്. ഒന്നായി ഇഴ ചേര്‍ന്നിരുന്ന മനസ്സുകളെ ഇഴപിരിയ്ക്കല്‍ . എല്ലാവരും തങ്ങള്‍ ഇരകളാണെന്ന് അനുനായികളെ പഠിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ന്യൂനപക്ഷം പറയുന്നു തങ്ങള്‍ ഭൂരിപക്ഷത്തിന്റെ ഇരകളാണെന്ന്. ഭൂരിപക്ഷം പറയുന്നു തങ്ങള്‍ ന്യൂനപക്ഷത്തിന്റെ ഇരകളാണെന്ന്. അളവറ്റ സമ്പത്തും സ്ഥാപനങ്ങളുമുള്ള മത സ്ഥാപനങ്ങള്‍ പറയുന്നു തങ്ങള്‍ ഭരണകൂടത്തിന്റെ ഇരകളാണെന്ന്. യഥാര്‍ത്ഥ ഇരകളായ പട്ടിണിപ്പാവങ്ങളുടെ രോദനം ആര് കേള്‍ക്കാന്‍ ?

പൊതുസമൂഹവസ്ത്രത്തില്‍ നിന്നും ഓരോ നിറമുള്ള നൂലുകളും വലിച്ചൂരിയെടുക്കുന്നതോടെ വസ്ത്രം ഇല്ലാതാവുന്നു. പിന്നെ ആ നൂലുകള്‍ കൂടിച്ചേര്‍ന്ന് തനതായ നിറമുള്ള കയറായി മാറുന്നു. എന്നിട്ടോരോ കയറും സമൂഹജീവിയായ സാധാരണ മനുഷ്യന്റെ കഴുത്തില്‍ ചുറ്റും. അവസാനം അവനിലെ സാമൂഹ്യബോധം ശ്വാസംമുട്ടി മരിയ്ക്കും. ഇങ്ങനെ മരിച്ച മനുഷ്യനാണ് അന്യമതത്തെ ദ്വേഷിച്ച് ചോദ്യം എഴുതി വിടുന്നതും അതിനു മറുപടിയായി അവന്റെ കൈവെട്ടിയെടുക്കുന്നതും.

ഈ കൈവെട്ടല്‍ നമ്മുടെ സമൂഹം അര്‍ഹിയ്ക്കുന്നുണ്ട്. ഇവിടെ നീതിമാന്മാര്‍ ചമയുന്ന ആരും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുന്നില്ല. ചെയ്തത് ഏതു സംഘടനയായാലും ഇവിടെയ്ക്കെത്തിച്ചതില്‍ എല്ലാവരും കുറ്റവാളികളാണ്.

“സ്ഫടികം“ സിനിമയില്‍ ആടു തോമ അപ്പന്റെ കുപ്പായക്കൈ വെട്ടുന്നുണ്ട്. അവനെ ആ അവസ്ഥയിലെത്തിച്ചതില്‍ അപ്പന്റെ സ്ഥാനം ഒന്നാമതാണ്. ആ അപ്പനോട് അവന്റെ അധ്യാപകന്‍ പറയുന്നു:- “ഇന്നവന്‍ കൈവെട്ടി. നാളെ കഴുത്തു വെട്ടും. സൂക്ഷിച്ചൊ” എന്ന്. ഈ മുന്നറിയിപ്പ് ആരും മറക്കാതിരിയ്ക്കട്ടെ .

തിരികെ നടക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. പതിയ്ക്കാനിരിയ്ക്കുന്ന പടുകുഴിയുടെ ആഴം ഇപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടെങ്കില്‍ കേരളമേ നീ തിരികെപ്പോ!

Download This Post In PDF Format

42 Responses to "ഈ കൈവെട്ടല്‍ അര്‍ഹിക്കുന്നത് തന്നെ"

 1. പ്രിയപ്പെട്ട ബിജു.....

  നിങ്ങളത് പറഞ്ഞു, അതും അതിന്റെ എല്ലാ വശവും സ്പര്‍ശിച്ചു തന്നെ.

  ഇത്തരം പ്രൌഡഗംഭീരമായ ഒരു ലേഖനവും, ഇവിടെയുള്ള കൊട്ടിഘോഷിക്കപ്പെട്ട ഒരു പത്രത്തിലോ, എന്തിന് ഒരു “കൂലി എഴുത്തുകാരോ” എഴുതികണ്ടില്ല.

  ആ ചിന്തയ്ക്ക്..... നൂറ് സലാം....

  ReplyDelete
 2. ഇവിടെ സമൂഹത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അമ്മയെ തല്ലിയാല്‍ പോലും അതില്‍ രാഷ്ട്രീയം കാണുന്ന നമ്മളോരോരുത്തരും കുറ്റക്കാരാണ്. ഈ കൈവെട്ടലിലും നമ്മള്‍ വാര്ത്താമൂല്യം കണ്ടെത്തുന്നു. രാഷ്ട്രീയക്കാരെ ചില്ലുമെടയിലിരുന്നു കുറ്റം പറയാനല്ലാതെ മറ്റൊന്നിനും നാം തയ്യാറല്ല. അത് മാറി തെരുവില്‍ ഇവരെ നന്നാക്കാന്‍ സാധിക്കുന്ന നാടിനോടും സമൂഹത്തോടും സ്നേഹമുള്ള ഒരു ജനം എന്നുണ്ടാവുമോ അന്നേ ഈ നാട് രക്ഷപെടൂ.. മുഖത്തുനോക്കി ഏതു സദസ്സിലും നീ ചെയ്യുന്നത് രാജ്യദ്രോഹമാണ് എന്ന് ഇവിടുത്തെ ഇന്നത്തെ പ്രായോഗിക രാഷ്ട്രീയക്കാരനോടു പറയാന്‍ തയ്യാറുള്ള ഒരു സമൂഹം ഉണ്ടെങ്കില്‍ നമ്മുടെ നാട് നന്നാവും. ബുഷിനെതിരെ ചെരുപ്പെറിഞ്ഞ ഇറാക്കി പത്രപ്രവര്‍ത്തകന്റെ കാലു കഴുകിയ വെള്ളം നാമെല്ലാം കുടിക്കണം അങ്ങനൊരു സാമൂഹിക പ്രതിബദ്ധത ഉണ്ടാവാന്‍. അല്ലാത്ത കാലത്തോളം ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ കൈവേട്ടിയാല്‍ പോര കഴുത്ത് തന്നെ വെട്ടണം. നമ്മളെപ്പോലെ പ്രതികരനശേഷിയില്ലാത്ത്തവര്‍ ഇല്ലാതിരിക്കുന്നതാണ് ഏതു സമൂഹത്തിനും നല്ലത്.

  കൈവെട്ടും എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് നന്നായി നമ്മെ കാണിച്ചു തരുന്നുണ്ട് ഇന്നത്തെ നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും.

  ReplyDelete
 3. പ്രിയ ബിജു,
  ലേഖനം പ്രശംസയര്‍ഹിക്കുന്നു.
  താങ്കളുടെ വരികള്‍ക്കിടയിലൂടെ മിഴികള്‍ കയന്നുപോയപ്പോള്‍ ആര്‍ക്കുനേരെ വിരല്‍ ചൂണ്ടണമെന്ന ആശയക്കുഴപ്പത്തിലേയ്ക്കു വഴുതി വീഴുകയാണ് മനസ്സ്.
  ഈ പരിധികളില്ലാത്ത കച്ചവട മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയോ?
  തരം താണ രാഷ്ട്രീയ ഗുണ്ടാനേതൃത്വങ്ങള്‍ക്കെതിരെയോ?
  സാംസ്‌കാരിക സമ്പന്നത നഷ്ടപ്പെട്ട യുവതലമുറക്കെതിരെയോ?

  കഷ്ടം, എവിടെയാണു നമുക്കു പിഴച്ചത്? നാമെങ്ങോട്ടാണു ചരിക്കുന്നത്?
  ഒരു നാടിന്റെ നാശത്തിനു നാന്ദികുറിക്കുകയാണു നാമെന്നു എന്നാണീ തലമുറ തിരിച്ചറിയുക????????

  ReplyDelete
 4. എഴുതിയത് സത്യം തന്നെ , പക്ഷെ കൈ വെട്ടിയത് ഒരു സമൂഹത്തിന്റെ അല്ല, ഒരു വ്യക്തിയൂടെതാണ്, അയാല്കുണ്ടാകുന്ന മാനസിക അവസ്ഥ എത്രത്തോളം ഭീകരമായിരിക്കും എന്ന് ചിന്ത എന്ത് കൊണ്ട് വന്നില്ല. എന്റെ അഭിപ്രായത്തില്‍ കൈ വെട്ടേണ്ടത് ആ സമൂഹത്തിന്റെയാണ്.

  ലേഖനം ഗംഭീരമായി ബിജുചെട്ടായി.

  ReplyDelete
 5. ഈ ബഹളങ്ങള്‍ എത്രനാള്‍

  ഇരവാദികള്‍ എന്തൊക്കെ പറഞ്ഞാലും ഭീകരതയും ഭീകരസംഘടനകളുടെ വളര്‍ച്ചയും നമ്മുടെ സമൂഹത്തിനു നല്ലതല്ല. ഏതൊരു സംഭവം ഉണ്ടായാലും ഉടനെ വരും ആര്‍.എസ്സ്.എസ്സിന്റെയും ഹൈന്ദവ ഭീകരതയുടേയും ഭീഷണിയെ പ്രതിരോധിക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നതെന്ന്.
  എന്ത് വിവരക്കേട്.ഒരു വര്‍ഗ്ഗീയതയ്ക്ക് മറുവര്‍ഗ്ഗീയതയാണോ വേണ്ടത്? കോടതിയും നിയമ വ്യവസ്ഥയും ഉള്ള ഇടത്ത് അതിനു സമാന്തരമായി മത കോടതിയുടെ ആധിപത്യം/ശിക്ഷാവിധി ആണോ ഇവിടെ വേണ്ടത്?
  ഇരവാദികള്‍ക്ക് എല്ലാ ഭീകരതയേയും ന്യായീകരിക്കുവാന്‍ അവരുടേതായ യുക്തികളും ഉദാഹരണങ്ങളും ഉണ്ടായിരിക്കും. കാരണം പക്ഷപാത സാംസ്കാരിക പ്രവര്‍ത്റ്റനം പലര്‍ക്കും ഒരു ഹരമോ മറ്റെന്തെങ്കിലും ലാഭമോ ഉണ്ടാക്കുന്നതാണെന്ന് വെണം കരുതുവാന്‍.

  അദ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മനുഷ്യത്വം ഉള്ളവര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. മനുഷ്യത്വം തീരെ ഇല്ലാത്തവരെ സംബന്ധിച്ച് ഇതൊരു വലിയ വിഷയമായി ഭവിക്കും എന്ന് തോന്നുന്നില്ല.
  എന്തായാലും ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകള്‍ നടക്കുന്നു, ചര്‍ച്ചകള്‍ നടക്കുന്നു. മറ്റൊരു വിഷയം വരുന്നതുവരെ ഇതു തുടരുകയും പിന്നെ അതിന്റെ പുറകിലേക്ക് പോകുകയും ചെയ്യുന്നു.
  ഭീകരപ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളും സ്ഫോടനങ്ങളും ന്യായീകരിക്കുന്നവര്‍ ഇത്തരം വിഷയത്തെ നീതിനിഷേധത്തിനെതിരായ പ്രതികരണം എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. എന്തു നീതി നിഷേധം?
  ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ ചെറിയ സംഭവങ്ങള്‍ പോലും വലിയ തോതില്‍ വ്സ്തുതകളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തേയും, നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയും അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍
  രാഷ്ടീയ സംഘടനയുടേയും, മനുഷ്യാവകാശ സംഘടനകളുടേയും മുഖമ്മൂടിയണിഞ്ഞ് പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ആപത്താണ്. ഇത്തരം സംഘങ്ങലുടെ പുറകിലെ ലക്ഷ്യങ്ങളെ പറ്റി ജനങ്ങളും ഭരണകൂടവും മനസ്സിലാക്കുകയും അവയെ അര്‍ഹിക്കുന്ന
  അവഞ്ജയോടെ തള്ളിക്കളയുവാനും തയ്യാറാകണം.


  മാധ്യമങ്ങളില്‍ തീവ്രവാദ നിലപാടുള്ള അല്ലെങ്കില്‍ അത്തരം ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന സംഘടനയുടെ പ്രതിനിധികള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ എന്തിനു സ്പേസ് നല്‍കണം? അവരുടെ വാദമുഖങ്ങള്‍
  നിരത്തുവാനും ആശയ പ്രചാരണത്തിനും മുഖ്യധാരാ മാധ്യമങ്ങാള്‍ അവസരം നല്‍കുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു.

  യുവാക്കളെ തെറ്റിന്റെ വഴിയിലേക്ക് നയിക്കുന്നതിനു മതത്തെ കൂട്ടുപിടിക്കുന്നത് തടയുവാന്‍ യദാര്‍ഥ വിശ്വാസികള്‍ തയ്യാറാകണം. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയിക്കൊള്ളട്ടെ സ്വന്തം മത സമൂഹത്തിനും രാഷ്ട്രത്തിനും ഒരു ശല്യമോ/ഭ്സ്ഷണിയോ ആകുന്നത്
  ഒരു യദാര്‍ഥ വിശ്വാസിക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയും എന്ന് തോന്നുന്നില്ല.

  ReplyDelete
 6. പ്രിയ ബിജു,

  താങ്കള്‍ എഴുതിയ ഒരു വാക്കും അര്‍ത്ഥവത്താണ്. സമൂഹത്തെ കരുതുന്ന (Considering attitude) താങ്കളെ പോലുള്ളവര്‍ സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളെ താലോലിക്കുന്ന അസുര പ്രീണനം നടത്തുന്ന അസത്തു ജന്മങ്ങളാണ് രാഷ്ട്രീയ മത സാമുദായിക നേതാക്കളായി വിലസ്സുന്നത്. അവരുടെ ജല്പനങ്ങല്‍ക്കനുസരിച്ചു എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു പട്ടം വേട്ടപട്ടികള്‍ സമൂഹത്തെ ഭയപെടുത്തി അവരുടെ കാര്യങ്ങള്‍ സാധിക്കുന്നു.

  വളരെ കുലീനമായ മാധ്യമ പ്രവര്‍ത്തനം ഇന്ന് തരം താണു യാതൊരു നിയന്ത്രണവുമില്ലാത്ത ചന്തപോലെ ആയി. ഇന്ന് മാധ്യമ പ്രവര്‍ത്തകരെക്കാള്‍ മാന്യത തോട്ടിപണി ചെയ്യുന്നവര്‍ക്കുണ്ട്.

  താങ്കളോടൊപ്പം ചിന്തിക്കുവരോടൊപ്പം താങ്കള്‍ക്കും ലേഖനത്തിനും ബഹുമാനത്തോടെ നന്ദിയോടെ ഒരു കൂപ്പുകൈ.

  ReplyDelete
 7. ലേഖനം നന്നായിട്ടുണ്ട്, തലവാചകം തെറ്റിദ്ധാരണാജനകമായതിനാല്‍ ഈ പോസ്റ്റിന് തീരെ ചേരുന്നില്ല എന്ന് എന്റെ തോന്നല്‍ മാത്രം :)

  ReplyDelete
 8. ചിലവരികൾ അനാവശ്യമാണെന്നു തോന്നാമെങ്കിലും ലേഖനം മൊത്തത്തിൽ നന്നായി.ചാനലുകളെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം,തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  ReplyDelete
 9. ബിജൂ, അഭിന്ദനങ്ങള്‍, ഇത്രയും ചിന്തനീയവും ഗംഭീരവുമായി ഇത്രയും കാര്യങ്ങള്‍ എഴുതിയതിനു. കേരള ജനതയുടെ ഇന്നത്തെ മൂല്യ ച്ചുതിക്കും, സാമൂഹിക മായ മരവിപ്പിനും ഒക്കെ കാരണം ഈ നാറിയ മാധ്യമ സംസ്കാരം ആനെനതിനു യാതൊരു സംശയവും ഇല്ല. "നമ്മുടെ പൊതു സമൂഹത്തിന് അതേവരെയുണ്ടായിരുന്ന മൂല്യങ്ങള്‍ , സഹിഷ്ണുത ഇവയെല്ലാം ക്രമാനുഗതമായി കുറഞ്ഞു വരുന്നു. ഈ താഴോട്ടു പോകലിന് വെള്ളവും വളവും നല്‍കുന്ന ജോലിയാണ് സെന്‍സേഷണല്‍ ജേര്‍ണലിസത്തില്‍ മുഴുകിയ നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്." ഈ വാചകത്തിന് പിന്നില്‍ ഒരൊപ്പ്. അദ്ധ്യാപകന്‍ ചെയ്തത് തെറ്റ്. പക്ഷേ ഈ കൈവെട്ടിന് പിന്നില്‍ നടന്ന ചോദ്യ പേപ്പര്‍ വിവാദം ഇത്ര സെന്‍സെഷന്‍ ആയി അവതരിപ്പിച്ചു, അതിന്റെ പിന്നിലെ ടെക്സ്റ്റ്‌ ബുക്കിനെപ്പറ്റി ഒരക്ഷരം ആദ്യമൊന്നും മിണ്ടിയില്ല, ഇത്രയും വഷളായി ആ സംഭവം അവതരിപ്പിച്ചതും ഈ മാധ്യമ കുറുക്കന്മാര്‍ തന്നെയല്ലേ. കേരളമേ തിരികെ പോകൂ എന്ന അവസാനത്തെ അഭ്യര്‍ത്ഥന ആരാണ് ചെവിക്കൊല്ലേണ്ടത്? ഒരു നിയമവും , പെരുമാറ്റചട്ടവും ഇവറ്റകള്‍ക്ക് ആരും കൊണ്ടുവരില്ലേ ഇവിടെ? അതിനു ചന്കുരപ്പുള്ള ഒരു രാഷ്ട്രീയക്കാരും ഇവിടെ ഇല്ലേ?

  ReplyDelete
 10. അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു..

  ReplyDelete
 11. ലേഖനം കൊള്ളാം.. മനുഷ്യത്വം അവസേഷിച്ചവരുടെ മനസ്സില്‍ നിന്ന് വരാന്‍ സാധ്യതയുള്ള വരികള്‍....ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കകം സമാനമായത് പലരും പലയിടത്തും എഴുതിയിട്ടുണ്ട്...മുഖ്യധാരയില്‍ അല്ല എന്ന് മാത്രം....(ഇതൊക്കെയാണ് ഇപ്പോഴും നന്മ ബാക്കി നില്‍ക്കുന്നു എന്ന് ഇടക്കിടെ ഒര്മപ്പെടുത്തുന്നത്.) അഞ്ചു വര്ഷം മുന്‍പ് കേരളീയം ഇന്ന് നടക്കുന്ന അവസ്ഥ ചര്‍ച്ച ചെയ്തിരുന്നു.അത് കൊണ്ട് ഇന്ന് കാണുന്ന ഒന്നിലും ഒന്നും തോനുന്നില്ല...എന്റെ നെഞ്ചില്‍ വാള് കയറിയാല്‍ പോലും....കാരണം ഇന്ന് നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതും വളരെ പരിമിതമായ സൌകര്യങ്ങളില്‍ നിന്ന് (ഇക്കാലത്തെ മറ്റു മാധ്യമങ്ങളെ വെച്ചു നോക്കുമ്പോള്‍ ) കേരളീയവും ആക്ട്‌ ഫോര്‍ ഹുമാനിറ്റിയും ചൂണ്ടി കാണിച്ചിരുന്നു....വലതും ഇടതും നടുവുമായി പരസ്പരം നക്കുകയും കൊല്ലുകയും ചെയ്യുന്ന കേരളത്തിലെ മിക്ക രാഷ്ട്രീയ ഇത്തിള്‍ കണ്ണികള്‍ക്കും ഇതെല്ലാം വ്യക്തമായി ചൂണ്ടി കാണിച്ചു നല്‍കിയിരുന്നു...എന്നിട്ടും മനസ്സിലാകുന്നില്ല എന്ന് കണ്ടപ്പോള്‍ അതൊരു നിവേധനമായി ഇത്തിള്‍ കണ്ണികളുടെ ഓഫീസിലും വീടുകളിലും നേരിട്ട് എത്തിച്ചിരുന്നു... ഒരു രക്ഷയുമില്ല....അവര്‍ക്കത്‌ മനസ്സിലാകില്ല. മനസ്സിലായാലും നടപടി ഉണ്ടാകില്ല... കാരണം അവര്‍ എക്കാലവും സുരക്ഷിതരാണ്‌ എന്നാണ് ഈ ഇത്തിള്‍കണ്ണി വിഭാകത്തിന്റെ ധാരണ, എന്ത് ചെയ്യാം... എന്തായാലും ലേഖകന്‍ ഒരു നല്ല വാക്ക് അര്‍ഹിക്കുന്നു.." നന്നായി വരട്ടെ"

  പിന്നെ, ഈ ലേഖനത്തിന്റെ തല വാചകം ഇന്നത്തെ മാദ്ധ്യമ ലോകത്തിന്റെ തനി പകര്‍പ്പാണ്. ഒപ്പം ചേര്‍ത്ത ചിത്രവും... കാരണം ഈ തല വാചകം ഒരു ചതിയാണ്..ഇത് തന്നെയാണ് ഇവിടുത്തെ എല്ലാ മാദ്ധ്യമങ്ങളും തുടരുന്നത്. ആളെ കൂട്ടാനുള്ള തന്ത്രങ്ങള്‍...വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തല വാചകങ്ങള്‍.... ഫയറുകളും ക്രൈമുകളും നമ്മുടെ തലക്കും നാമറിയാതെ പിടിച്ചു പോയതിന്റെ ലക്ഷണങ്ങള്‍ അല്ലെ?

  കഴിയുമെങ്കില്‍ തല വാചകം അല്പം മാനുഷ്യകമാക്കു...കഴിയുമെങ്കില്‍ ആ ചിത്രവും.
  നന്ദി, നന്മ വളരട്ടെ,മനുഷ്യത്വം വിജയിക്കട്ടെ.
  എല്ലാവരുടെയും
  - ഈശ്വരമംഗലം -

  ReplyDelete
 12. പ്രിയപ്പെട്ടെ ബിജു
  സത്യം വിളിച്ചുപറഞ്ഞാല്‍ പലര്‍ക്കും ദഹിയ്ക്കണമെന്നില്ല. സംരക്ഷണത്തിന്റെ പുകമറ സൃഷ്ടിച്ച് നാടിന്റെ വിമോചകരാവുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാവാഞ്ഞിട്ടല്ല. ഉറങ്ങുന്നവനെ മാത്രമല്ലേ ഉണര്‍ത്താന്‍ പറ്റൂ... പ്രാണവേദനയില്‍ പിടയുന്ന സാമാന്യ ജനത്തിനെ ആ അവസ്ഥയിലെത്തിച്ച സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും അവര്‍ക്കൊത്താശ ഓശാരമായി ചെയ്യുന്ന മീഡിയകള്‍ക്കും മറുപടികൊടുക്കേണ്ട കാലം എന്നേ അതിക്രമിച്ചു.

  അല്‍പ്പം ഇവിടെയും

  ReplyDelete
 13. ബിജൂ

  കേരളീയ സമൂഹത്തിന്റെ മൂല്യച്യുതിയെപ്പറ്റി താങ്കള്‍ എഴുതിയ ആശങ്ക ഞാനും പങ്കുവയ്ക്കുന്നു.അതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്.ആഗോളവല്‍ക്കരണം സമൂഹത്തില്‍ ഉണ്ടാക്കിയ വേര്‍തിരിവിനെപറ്റി താങ്കള്‍ ഒന്നും എഴുതി കണ്ടില്ല.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയും മനുഷ്യന്‍ മത്സരത്തിന്റെ ലോകത്തേക്ക് മാറിയതും ഇതിനൊരു കാരണമല്ലേ? ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിയല്ലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദം വളരാന്‍ വഴിയൊരുക്കിക്കൊടുത്തത്? അതിന്റെ മൂടു താങ്ങി കഴിഞ്ഞ 60 വര്‍ഷത്തിലേറെക്കാലമായി ഇന്‍‌ഡ്യ ഭരിക്കുവരല്ലേ ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍?എന്തെ അതിനെക്കുറിച്ച് ഒന്നും എഴുതിയില്ല...?

  സി പി എം ഏതു തീവ്രവാദ സംഘടനയെയാണു വളര്‍ത്തിയതെന്നും പ്രോത്സാഹിപ്പിച്ചതെന്നും കൂടി പറയണം.ചുമ്മാ കാടടച്ചു വെടിവക്കുമ്പോള്‍ ഇരിക്കട്ടെ ഒരെണ്ണം എന്നു കരുതി വച്ചാല്‍ പോരാ...തീവ്രവാദത്തിനും വര്‍ഗീയതക്കും എതിരെ നിരന്തരം പോരാടുകയും പഞ്ചാബിലായാലും കാശ്മീരിലായാലും എല്ലാം ഏറ്റവുമധികം കേഡര്‍‌മാരെ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളത് ഇടതു പക്ഷത്തിനു മാത്രമാണെന്നുള്ള സത്യം കാണാതെ പോകരുത്..

  ഇതു കൂടി വായിക്കുക

  1: മാനായി വരുന്ന മാരീചന്‍

  2: മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍

  3: ഭീകരവാദ സംഘങ്ങളെ താലോലിച്ചത് യു.ഡി എഫ്

  4: പോപ്പുലര്‍ ഫ്രണ്ട് മൃഗീയത യു.ഡി എഫ് തണലില്‍

  ReplyDelete
 14. samooha nanmakal agrahikkunnavarode, Biju paranjathe sthyam thanne pakshe kuttam mottavum madhyamangaludeyo, rashtriakkarudeyo peril chumattathe nammalil ororttarilum akette,enkile athine ardham ullu inne pathram vangunnathum vayikkunnathum athinte jathiyum mathavum, niravum, rashtriam ithellam nokkiyane pinne athe vangunnavane sukhippikkan vendi avar avarudethaya kurache dharmam kooduthal kanikkum. matham,jathi,ithonnum arum pdippikkandakariyam alla parampariya mayi kittunnathane. NJan oru kariyam ivide eduttu parayan agrahikkukane 2001 OR 2002 Krithyamayi date orkkunnilla oru kalakaumudiyude presiddikaranattil saakshal yesu cristhuvinte janathe viswasangalke vipareetha mayitte, mossamayareethiyil oral oru kadha ezhuthiyirunne athe pala cristu mathaviswasikalum vayichu anne njangalude campil oruvdha petta ellavarum vayichu pakshe arum val eduttathayi ariyilla.athine vendi arum panavum ozhukkiyilla, ramaneyum krishnaneyum mathramalla oruvdhapetta ella deivangaleyum vikrethiyakkunna ethra cenima,ethra nadakangal,pakshe arum ingane prethikariche kandilla,ella prethipurushan mareyum avarude jeevithavum nallathe pole padikkette ennitte ethe kalakhattattilayum oru sadarana manushianil taratammiyam cheyyu appol hei manushian enna sthiyame ningalke avarode ulla behoomanam illathakum vivarangal manasilakkan oru purohithan marudeyum sahayam avisamilla ningalke thanne vayiche manasilakkam. LOKATTILE ELLA JEEVAJALANGALKKUM NALLATHE VARUTTATTE.
  RK.

  ReplyDelete
 15. @സുനില്‍,
  സി പി എം ഏതു തീവ്രവാദ സംഘടനയെയാണു വളര്‍ത്തിയതെന്നും പ്രോത്സാഹിപ്പിച്ചതെന്നും കൂടി പറയണം.

  കേരളത്തില്‍ മത-അസിഹ്ഷ്ണതയുടെ വിത്തു പാകിയ മഅദനിയുമായി വെറും വോട്ടിനു വേണ്ടി വേദിപങ്കിട്ട ഇടതു പക്ഷം, എന്തു സൂചനയാണ് പൊതു സമൂഹത്തിനു നല്‍കിയതെന്നു പറയണം സുനില്‍.

  ഇന്നു മദനി ഗതികേടുകൊണ്ട് നല്ല പിള്ള ആയിട്ടുണ്ടാകും, പ്ക്ഷേ അദ്ദേഹം അന്ന് പാകിയ വിത്തുകള്‍ ഇന്ന് നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു തുടങ്ങിയെന്ന് കാണുന്നില്ലേ?

  മത ഭൂതങ്ങളെ (ദൈവ വിശ്വാസികളെയല്ല ഉദ്ദേശിച്ചത്)പ്രീണിപ്പെടുത്തുന്നതില്‍ ഇടതു പക്ഷം കോണ്‍ഗ്രസ്സിനേപ്പോലും തോല്‍പ്പിച്ചു കളഞ്ഞു ചങ്ങാതീ.

  ReplyDelete
 16. സുനില് കൃഷ്ണന്റെ പ്രതികരണം വായിച്ചാല് തോന്നുക സിപിഎം സമാധാന കാംഷികളായ മാടപ്രാവിന്റെ നിഷ്കളങ്കതയും സഹിഷ്ണതയും പേറി നടക്കുന്നവരനെന്നാണ്.
  മാര്‍ക്സിസ്സതിന്റെ വഴി വിപ്ലവതിന്റെതല്ല എന്നുണ്ടോ. അതോ സുനില് കൃഷ്ണന് പുതിയ സമരപാത മാര്‍ക്സിസ്സത്തിനു സംഭാവന ചെയ്തോ എന്നറിയില്ല. എന്തായാലും സുനിലിന്റെ പ്രതികരണം പാകിസ്താന്റെ നിലപാടുകള് ന്യായീകരിക്കുന്ന ഇന്ത്യക്കാരന്റെ വീക്ഷണം മാത്രമാണ്. വിപ്ലവത്തിലൂടെ വര്ഗ സമരത്തിലൂടെ മാര്‍ക്സിസം വളര്‍ന്നു വന്നതിന്റെ ഭാഗമായി ഇന്ത്യയില് അതിന്റെ ആശയം പടര്‍ന്നു പന്തലിച്ചു.. ഒരിക്കലും മാര്‍ക്സിസത്തിന്റെ പാത സമധാനതിന്റെതല്ല, തൊഴിലാളി ആധിപത്യത്തിന് മുതലാളിമാര്‍കെതിരെയുള്ള സായുധ വിപ്ലവം മാത്രമാണ് ഇവര് കാണുന്ന വഴി

  എന്തായാലും ഭാരതീയ ആശയങ്ങളുടെ പകരക്കാരനായി മാര്‍ക്സിസ്സത്തെ കാണാന് പറ്റില്ല. അതിനുവേണ്ടി ആടിനെ പട്ടിയാക്കി മാര്‍ക്സിസ്റ്റ് അനുയായികള് നടത്തുന്ന അപവാദങ്ങള് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളികളയുവാനെ നിര്‍വ്വാഹമുള്ളൂ.
  സത്യത്തെ മറച്ചുപിടിച്ചു ചുവന്ന കണ്ണുകളിലൂടെ മാത്രം കാര്യങ്ങളെ കാണുന്ന മാര്‍ക്സിസ്റ്റ് അനുഭാവികള്‍ക്ക് ഭാരതമൂല്യങ്ങള് മനസ്സിലാവില്ല. ഭാരതത്തിന്റെ ഒന്നാം നമ്പര് ശത്രുക്കള് ഇവരാണ്

  ReplyDelete
 17. എത്ര ശരി. രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും എല്ലാം ഉള്ള പങ്കിനെ യാഥാർഥ്യബോധത്തോടെ വിശകലനം ചെയ്തിരിക്കുന്നു. "വേട്ടനായോടൊപ്പംകൂടി ആക്രമിക്കുകയും ഇരകളായി അഭിനയിച്ച്‌ അവരോടൊപ്പം ഓടുകയും ചെയ്യുക" എന്ന തന്ത്രം എത്ര ഭംഗിയായി ഇവരൊക്കെ നടപ്പിലാക്കുന്നു.
  കാതുള്ളവർ ഇതു കേൾക്കട്ടെ....
  അഭിനന്ദനങ്ങൾ

  ReplyDelete
 18. പത്തും പതിനാറും പേര്‍ ഓണ്‍ലൈന്‍ ഉണ്ടല്ലോ..

  വെട്ടിയോനും കൊണ്ടോനും കണ്ടോനും ഒന്നും പറയാനില്ലേ?


  സായിപ്പിനെ കാണുമ്പോള്‍..കവാത്തു മറക്കുമല്ലോ?

  ReplyDelete
 19. ഇവിടെ വന്ന കമന്റുകള്‍ എല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ളതും മിക്കതും സ്വയം പൂര്‍ണവുമായതിനാല്‍ ലേഖനകര്‍ത്താവിന്റെ മറുപടി ആവശ്യമേയില്ല. എങ്കിലും ഒന്നു രണ്ടു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ.
  ശ്രീ.കെ.പി.സുകുമാരന്‍ ഉന്നയിച്ച തലക്കെട്ടു സംബന്ധമായ സംശയം ചിലര്‍ക്കെങ്കിലും ഉള്ളതായി മനസ്സിലാക്കുന്നു. അധ്യാപകന്റെ കൈവെട്ടല്‍ ഉചിതമായി എന്ന അര്‍ത്ഥം ആരുമെടുക്കില്ല ഈ ലേഖനം വായിച്ചു കഴിഞ്ഞാല്‍ , എന്നാണ് എന്റെ വിചാരം. സഹിഷ്ണുതയും വിവേകവും വറ്റിപ്പോയ ഒരു സമൂഹം ഇത്തരം ഒരു നീചപ്രവൃത്തി അര്‍ഹിയ്ക്കുന്നു എന്നതൊരു ശാപവചനമായി കണ്ടാല്‍ മതി. സഹിഷ്ണുതയുള്ള ഒരു സമൂഹത്തില്‍ ഒരു പ്രതികരണവും ഉണ്ടാക്കില്ലാത്ത ഒരു കൃത്യത്തിന്റെ പേരിലാണ് കൈവെട്ടല്‍ നടന്നത്. യഥാര്‍ത്ഥ മത-ദൈവ വിശ്വസിയ്ക്കറിയാം, ഏതു ശക്തി ശ്രമിച്ചാലും തന്റെ ദൈവത്തിനോ മതത്തിനോ യാതൊരു പോറല്‍ പോലും ഏല്പിയ്ക്കാന്‍ കഴിയില്ലന്ന്. ആ വിശ്വാസമില്ലാത്ത കപടവിശ്വാസികളാണ് തങ്ങളുടെ മതത്തിനെയും ദൈവത്തെയും രക്ഷിയ്ക്കാന്‍ ആയുധമെടുക്കുന്നത്. ദൈവം സര്‍വ ശക്തനെന്നു പറയുകയും അവനെ ‘രക്ഷിയ്ക്കാന്‍ “ നിസാരനായ മനുഷ്യന്‍ ആയുധമണിയുകയും ചെയ്യുന്നതിലെ വൈരുധ്യം ഒന്നാലോചിയ്ക്കൂ...
  നമുക്കെങ്ങിനെയാണ് ഈ സഹിഷ്ണുത നഷ്ടമായത് എന്നതിന്റെ ഒരന്വേഷണമാണീ ലേഖനം. പോരായ്മകളുണ്ടെങ്കിലും അതിന്റെ സ്പിരിറ്റ് മനസ്സിലായി എന്നു കരുതുന്നു.
  വിവിധ ജാതി - മതസ്ഥര്‍ ഒന്നു പോലെ കൊണ്ടാടിയിരുന്ന പ്രാദേശിക ആഘോഷങ്ങള്‍ അനാചാരങ്ങളും മത വിരുദ്ധവുമായി മുദ്രകുത്തപ്പെടുമ്പോള്‍ ഒരു സാമൂഹ്യ അപനിര്‍മ്മിതിയാണവിടെ സംഭവിയ്ക്കുന്നത്. എന്റെ നാടായ രയരോത്ത് പള്ളിപ്പെരുനാളും മഖാം ഉറൂസും ക്ഷേത്ര ഉത്സവവും എല്ലാവരും ഒന്നു ചേര്‍ന്ന് ആഘോഷിയ്ക്കുന്നു. വര്‍ഗീയതയുടെ വിഷ ബീജങ്ങള്‍ ഇതു വരെ നുഴഞ്ഞു കയറിയിട്ടില്ല. ഈ പുരാവൃത്തം ഒന്നു വായിയ്ക്കൂ‍ ഇനിയുള്ള കാലത്ത് എന്താവുമോ?

  ReplyDelete
 20. ശ്രീ ഇസഹാക്ക് ഈശ്വരമംഗലത്തിന്റെ കമന്റില്‍ പറയുന്ന വിമര്‍ശനത്തോടുള്ള വിയോജിപ്പും അറിയിയ്ക്കട്ടെ. ലേഖനത്തിനു പ്രസക്തമാണ് ഈ തലക്കെട്ട് എന്നു ഒന്നു കൂടി പറയട്ടെ. വായനയിലൂടെ വിനിമയം ചെയ്യപ്പെടാനാണല്ലോ ഓരോ എഴുത്തും. :-)
  സുനില്‍ കൃഷ്ണന്റെ വിമര്‍ശനം വായിച്ചു. ഇടതുപക്ഷത്തിന്റെ എല്ലാ നന്മകളെയും കാണുന്ന, തികഞ്ഞ രാഷ്ട്രീയ അഭിപ്രായമുള്ള ആളാണ് ഞാനും. എങ്കിലും എനിയ്ക്കു ശരിയെന്നു തോന്നിയ ചില കാര്യങ്ങളെ കാണാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.
  സി.പി.എം. ഇപ്പോള്‍ പോ.ഫ്രണ്ടിനെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും നേരത്തെ പലപ്പോഴും മുസ്ലീം ലീഗിനെതിരെ അവരെയും ജമാ അത്തിനെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നത് സത്യം മാത്രം. മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നയങ്ങളോടു വിയോജിയ്ക്കുമ്പോള്‍ പോലും അവരുടെ സാന്നിധ്യം മതേതരത്വത്തിനും വര്‍ഗീയതയ്ക്കുമിടയിലുള്ള ഒരു “ബഫര്‍ സോണാ”ണെന്നതു കാണാതിരിയ്ക്കരുത്. എങ്കിലും അവരുടെ ചില നേതാക്കള്‍ ഈ ശക്തികളുടെ ചങ്ങാതിമാരാണെന്നതും മറക്കുന്നില്ല.
  കോണ്‍ഗ്രസിനെക്കുറിച്ച് പറയാതിരിയ്ക്കുന്നതാണ് ഭംഗി. അവസരവാദം എന്നതില്‍ കവിഞ്ഞ മറ്റൊരു നയവും അവര്‍ക്ക് ഇക്കാര്യങ്ങളിലില്ല.
  മറ്റനേകം കാരണങ്ങളുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമാണ് ജനങ്ങളെ ഏറ്റവും സ്വാധീനിയ്ക്കുന്നത് എന്നതു കൊണ്ടാണ് അവരെ ഏറ്റവും അധികം വിമര്‍ശിയ്ക്കുന്നത്. ഈ രണ്ടുകൂട്ടരും നേരായ വഴിയിലേയ്ക്കു വന്നാല്‍ ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. വര്‍ഗീയവാദികള്‍ ഒറ്റപ്പെടും. അത്തരം ഒരു പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഈ ചര്‍ച്ചകള്‍ പോലും. ഈ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്ന, ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും കഴിവുള്ള ഓരോ ആള്‍ക്കും ഇനി നടക്കാനിടയുള്ള “കൈവെട്ട’ലുകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാവില്ല!

  ReplyDelete
 21. @സജി

  ആ കമന്റ് എഴുതുമ്പോള്‍ തന്നെ മദനിയുടെ കാര്യം പറയുമെന്ന് എനിക്കറിയാമായിരുന്നു.മദനിയുമായി ഒരു തിരഞ്ഞെടുപ്പ് ധാരണയും ഉണ്ടാക്കിയിട്ടില്ല.മദനിയുടെ പരിപാടികള്‍ നടപ്പിലാക്കുമെന്നും പറഞ്ഞിട്ടില്ല.മറിച്ച് ഇടതു പക്ഷത്തിന്റെ നയപരിപാടികളെ പിന്തുണക്കാന്‍ മദനി മുന്നോട്ട് വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണു ചെയ്തത്.അതു വഴി മദനിയോടൊപ്പം നില്‍ക്കുന്ന ഒരു ജനവിഭാഗത്തെക്കൂടി പുരോഗമന ചിന്തയുടേയും ഇടതുപക്ഷമുഖ്യധാരയുടേയും കുടക്കീഴില്‍ കൊണ്ടുവരാം എന്ന് സി.പി.എം കരുതി എന്നതാണു സത്യം.ഇതൊക്കെ നടന്നത് മദനി കുറ്റവിമുക്തനായി ജയിലില്‍ നിന്നു പുറത്തു വന്നതിനു ശേഷം മാത്രവും.പഴയകാല പ്രവര്‍ത്തികളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തതിനു ശേഷം....അങ്ങനെയെങ്കില്‍ ഇത്ര വര്‍ഷം ജയിലില്‍ ഇട്ടിട്ടും എന്തുകൊണ്ട് മദനിക്കെതിരായ ഒരു കുറ്റം പോലും തെളിഞ്ഞില്ല? എന്തു കൊണ്ട് കുറ്റവിമുക്തനായി?

  എന്നാല്‍ കോണ്‍‌ഗ്രസാകട്ടെ, മദനി ജയിലില്‍ കിടക്കുന്ന സമയത്തു തന്നെ അതിനു തൊട്ടു മുന്‍പിലുള്ള തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം അടക്കമുള്ള 2 സീറ്റുകള്‍ പി ഡി പിക്ക് നല്‍കുകയും അവരുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു എന്നത് വസ്തുത അല്ലെ?

  എന്നിരുന്നാലും, മദനി വിഷയത്തില്‍ സി.പി.എം എടുത്ത നിലപാട് ചിലരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും സി.പി.എമ്മിനെ സ്നേഹിക്കുന്ന പലരിലും അത് സന്ദേഹങ്ങള്‍ ഉണര്‍ത്തിയെന്നും തിരിച്ചറിയുകയും ആ നിലപാട് തിരുത്തുകയും ചെയ്തു എന്നതു കൂടി ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

  അതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോക സഭാ ഇലക്ഷനിലാണു കേരളത്തില്‍ തീവ്രവാദം ഉണ്ടായതെന്ന് തെറ്റിദ്ധാരണയാണു സജിയെപ്പോലെ ഉള്ളവര്‍ പരത്തുന്നത്.മറിച്ച് ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയാണു അതില്‍ മുഖ്യ പങ്കു വഹിച്ചതെന്ന് കാണാം.കര്‍സേവക്ക് അനുമതി കൊടുത്ത രാജീവ്ഗാന്ധിയും, മസ്‌ജിദ് നിലം പൊത്തുമ്പോള്‍ ഉണ്ണാക്കനെപ്പോലെ നോക്കി നിന്ന നരസിംഹറാവുവും ആണു അതില്‍ കുറ്റക്കാര്‍.അന്ന് അതില്‍ പ്രതിഷേധം തോന്നിയ മുസ്ലീം ജനതയുടെ വികാരമാണ് അക്കാലത്ത് മദനി അടക്കമുള്ളവര്‍ ഉപയോഗിച്ചത്.സ്വന്തം ഭരണമിരിക്കുന്ന ഒരു രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാകാതെ നോക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണു.അത് കാലാകാലങ്ങളില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉപയോഗിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വിളിച്ചു പറയുന്നതില്‍ എന്തിനാണു മടിക്കുന്നത്.

  1959 ലെ വിമോചനസമരത്തിലൂടെ കോണ്‍ഗ്രസാണു ജാതി മത വര്‍ഗീയ ശക്തികളുടെ ധ്രുവീകരണം ആദ്യമായി കേരളത്തില്‍ ഉണ്ടാക്കിയത്.അതിന്റെ വിലയാണു ഇന്നും നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.കേരളത്തില്‍ എന്നൊക്കെ എവിടെയൊക്കെ വര്‍ഗ്ഗിയമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ജീവന്‍ പണയം വച്ച് ഓടിയെത്തിയിട്ടുള്ളവര്‍ സി.പി.എംകാര്‍ ആണു.തലശ്ശേരി ലഹളക്കാലത്ത് അത് എല്ലാവരും കണ്ടറിഞ്ഞതാണ്.ഇടതു പക്ഷ്ത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് കോ-ലീ.ബി സഖ്യം ഉണ്ടായ നാടാണു ഇത്.അതൊന്നും ആരും മറന്നിട്ടില്ല.വര്‍ഗീയശക്തികള്‍ എന്നു ഭയക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇടതുപക്ഷത്തെയാണു.പല സമയത്തും നിങ്ങളെപ്പോലെ ഉള്ള പലരും ആ സമയത്ത് ഇടതു പക്ഷത്തെ പിന്തുണച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.മറിച്ച് ഇടതു പക്ഷം എന്നൊക്കെ മുറിവേറ്റിട്ടുണ്ടോ അന്നൊക്കെ ആ മുറിവില്‍ ഒരു ചവിട്ടു കൂടി വച്ചു കൊടുക്കാനാണു എല്ലാവരും ശ്രമിച്ചിട്ടുള്ളത്..എന്നിട്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇടതുപക്ഷത്തെ വേണേ എന്ന് വിലപിക്കുന്നതില്‍ എന്തര്‍ത്ഥം?????

  ReplyDelete
 22. ഇടതുപക്ഷം മദനിയുമായി കൂട്ടുകൂടി എന്ന് പറയുന്നവര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്ക് പിന്തുണയുമായി വന്നവരെ കാണുന്നില്ലേ?

  ഒരു ഉദാഹരണം ഇതാ..

  മദനിക്കു പിന്തുണയുമായി

  ബി.ആര്‍ പി.യുടെ നിലപാടുകളോടൊന്നും യോജിക്കുന്ന ആളല്ല ഞാന്‍ ..ഇതൊരു ഉദാഹരണം മാത്രം.ബി.ആര്‍ പി മാത്രമല്ല ഒട്ടനവധിപ്പേര്‍ ഈ വിഷയത്തില്‍ മദനിക്കു പിന്തുണയുമായി വന്നു..സി.പി.എം ചെയ്തപ്പോള്‍ എന്തോ ഭീകരമായ കാര്യം ചെയ്തു എന്ന് പറഞ്ഞു നടന്ന അതേ ആള്‍ക്കാര്‍ തന്നെ....

  ReplyDelete
 23. നല്ല ലേഖനം.
  തലക്കെട്ടു മാത്രം തല വെട്ടി വച്ചതുപോലെ
  കുറച്ചു താലീബാനിയായി....
  എന്നാലും, അതു കണ്ടെങ്കിലും
  (പൊട്ടിയ ഗ്രാംഫോണ്‍ പ്ലേറ്റുകളെപ്പോലെ
  പാടിയതുതന്നെ 1500 കൊല്ലമായി പാടിക്കൊണ്ടിരിക്കുന്ന) ഇസ്ലാമിക വര്‍ഗ്ഗീയ പ്രചാരകര്‍
  ഒരു നല്ല പോസ്റ്റു വായിക്കാനിടയാകുമല്ലോ എന്നോര്‍ക്കുംബോള്‍ തലക്കെട്ടും ജോര്‍ !!!

  ഈ കൈവെട്ടലിന് നൂറു കൊലപാതകത്തേക്കാള്‍ നീചമായ മുഖമുണ്ട്. ഇസ്ലാമിക പൈശാചിക നിയമങ്ങളുടെ കേരള സമൂഹത്തിലേക്കുള്ള രംഗപ്രവേശമാണ് ഈ കൈ വെട്ടലിലൂടെ
  മലയാളികളെ ലജ്ജിപ്പിച്ചുകൊണ്ട് നെഞ്ചു വിരിച്ചു നടക്കുന്നത്. നമ്മുടെ രാഷ്ട്രീയക്കാരും, എഴുത്തുകാരും,
  മാധ്യമങ്ങളും, സര്‍ക്കാരും.... എല്ലാം
  തങ്ങളുടെ പിച്ചക്കാര്‍ മാത്രമാണെന്ന് ദാര്‍ഷ്ട്ര്യത്തോടെ
  പ്രഖ്യാപിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചകളിലൂടെ
  കള്ളക്കഥകളും,വര്‍ഗ്ഗീയ-രാജ്യദ്രോഹ ന്യായങ്ങളും പ്രചരിപ്പിക്കാന്‍
  വിദേശ സഹായത്തോടെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക രാജ്യദ്രോഹികള്‍ക്ക്
  കഴിയുന്നു എന്നത് എന്തുകൊണ്ടായിരിക്കും ???

  നമ്മുടെ നാട്ടില്‍ ശേഷിയുള്ള ഒരു അഭ്യന്തര മന്ത്രിയുണ്ടോ ? ഒരു മുഖ്യമന്ത്രി...??? ഒരു ഗവണ്മെന്റ് ???? ആണുങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ????

  കൈവെട്ടിയതുപോലെ...
  അതിന്റെ ഉത്തരവാദികളും
  നമ്മള്‍ ജനങ്ങള്‍ തന്നെ !!!

  ReplyDelete
 24. കൈവെട്ടല്‍ സംഭവത്തേക്കുറിച്ച് അടുത്തു വന്ന ഡസന്‍ കണക്കിനു ലേഖനങ്ങളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നുമൊക്കെ തികച്ചും വേറിട്ടു നില്‍ക്കുന്ന ഒന്ന്.

  ‘തിരികെ നടക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. പതിയ്ക്കാനിരിയ്ക്കുന്ന പടുകുഴിയുടെ ആഴം ഇപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടെങ്കില്‍ കേരളമേ നീ തിരികെപ്പോ! - താങ്കളുടെ ഈ ഓര്‍മ്മപ്പെടുത്തലും നന്നായി. കാതുള്ളവര്‍ കേള്‍ക്കട്ടെ.

  ReplyDelete
 25. സുനിലിന്റെ കമന്റുകള്‍ക്ക് ഒരു സല്യൂട്ട്. പി.എം മനോജിന്റെ ബ്ലോഗിലെ ചില ലിങ്കുകള്‍ കൂടി.

  എന്‍ഡിഎഫും ഗോഡ്സേയും

  എന്‍ഡിഎഫിന്റെ ഭീകരമുഖം

  കൊണ്ടു പോയി കൊല്ലിക്കുന്നവര്‍

  ഇതൊന്നും ഇപ്പോള്‍ എഴുതിയതല്ലെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ..

  ReplyDelete
 26. മുഹമ്മദ്‌ നബിയുടെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽ മാല അണിയിച്ചവനോട്‌ പോലും മുഹമ്മദ്‌ നബി ക്ഷമിച്ചു വത്രേ.. അവനെ ശിക്ഷിക്കാൻ ശ്രമിച്ച അനുയായികളെ മുഹമ്മദ്‌ നബി വിലക്കിയത്രേ... അങ്ങനെയുള്ള മഹത്തായ ആശയം പേറുന്ന ഒരാളുടെ അനുയായികൾ അദ്ദേഹത്തിന്റെ ഇസ്ലാം മതത്തെ ഭീകരതയുടെ പര്യായ മാക്കുമ്പോൾ ഇവർ മുഹമ്മദ്‌ നബിയുടെ അനുയായികളാണോ അതോ ശത്രുക്കളാണോ എന്നത്‌ചിന്താവിഷയമാണ്‌!...അതേ..കൈവെട്ടിയവർക്ക്‌ ശരീ അത്ത്‌ പ്രകാരമുള്ള ശിക്ഷ വിധിക്കണം... ഏത്‌ കൈയ്യാണോ വെട്ടിയത്‌ വെട്ടിയവരുടെ അതേ കൈ വെട്ടാൻ നിയമമുണ്ടാക്കണം.. ഇന്ത്യൻ നിയമം പാവങ്ങളെ ശിക്ഷിക്കാനും പണക്കാരനെ രക്ഷിക്കാനും ഉള്ളതായി അധ:പതിച്ചിരിക്കുന്നു.. പണമുള്ള ഏതു ഭീകരരും, രാഷ്ട്രീയ മൂടു പടമിട്ട കള്ളൻന്മാരും നിരപരാധികളായി മാറുന്ന അവസ്ഥ മാറണം...ഇല്ലെങ്കിൽ ജനാധിപത്യവും മതേതരത്വവും നാമാവശേഷമാവും!

  കൈ വെട്ടിയപ്പോൾ മാന്യന്മാരായ ബുദ്ധിജീവികളും മാനുഷിക പരിഗണനയ്ക്ക്‌ വാദിക്കുന്ന മനുഷ്യാവകാശ സംഘടനകളും ബോധക്ഷയം വന്ന് ഗവൺമന്റ്‌ ആശുപത്രികളിൽ അഡ്മിറ്റാണ്‌!


  അഭിനന്ദനങ്ങൾ!
  -----------------------------
  satheesh

  ReplyDelete
 27. പ്രിയപ്പെട്ട ബിജു ,

  ഗംഭീരമായിരിക്കുന്നു .ഹൃദയം തുറന്നു പറയട്ടെ -വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല . ഇതുപോലൊരു ലേഖനം ഇന്നേ വരെ ഒരു പത്രത്തിലോ -ഏതെങ്കിലും സാംസ്കാരീക നായകരോ പറഞ്ഞതായോ എഴുതിയതായോ- ഞാന്‍ കണ്ടിട്ടില്ല . ശരിയാണ് ഇവിടെ ഇത്തരം 'ഭീകരതകള്‍ 'മനുഷ്യമനസ്സില്‍ (പ്രത്യേകിച്ച് യുവതലമുറയില്‍ ) സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മുടെ ചാനലുകളും പത്രങ്ങളും ഒട്ടും മോശമല്ലാത്ത പങ്കു വഹിക്കുന്നുണ്ട് . പിന്നെ ജാതി-മത സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ കൂടുകെട്ട്

  താങ്കളെപ്പോലെ ചിന്തിക്കുന്ന ( തികച്ചും നിഷ്പക്ഷമായി ) കുറച്ചു പേരെങ്കിലും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുകയാണ് .

  ഈ ലേഖനം എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കപ്പെടണം .

  ബൂലോകത്തിനു പുറത്തുള്ളവരും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ -ആഗ്രഹിച്ചു പോകുകയാണ് .

  നമ്മുടെ ബൂലോക സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം .(ബിജു എഴുതാറുള്ള മിക്കവാറും എല്ലാ കഥകളും ഏറെ സാമൂഹിക പ്രസക്തി ഉള്ളതാണ് )

  കോടി കോടി പ്രണാമം ബിജു .

  ReplyDelete
 28. @ സുനില്‍ ,
  വര്‍ഗീയശക്തികള്‍ എന്നു ഭയക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇടതുപക്ഷത്തെയാണു.പല സമയത്തും നിങ്ങളെപ്പോലെ ഉള്ള പലരും ആ സമയത്ത് ഇടതു പക്ഷത്തെ പിന്തുണച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


  ആ സമയത്ത് എന്നല്ല സുനില്‍ എല്ലാ സമയത്ത് ഇടതു പക്ഷത്തെ പിന്തുനയ്ക്കുന്നവരാ ഞാനുള്‍പ്പെടുന്ന ഒരു ഭൂരിപക്ഷം.

  വിരലിന്റെ അടത്ത് എന്നെങ്കിലും മഷി തേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനു വേണ്ടി മാത്രം

  പക്ഷേ, അപ്പനു ഭ്രാന്തു പിടിച്ചാല്‍ അപ്പനെ കൊല്ലാന്‍ പറ്റുമോ?

  അതാണു ഞങ്ങളുടെ ഗതി.

  ഇനി വിമര്‍ശിച്ച് എന്തെങ്കിലും പറയാമെന്നു വിചാരിച്ചാല്‍, എല്ലാ മത ഭൂതങ്ങളും “പോത്തിനെ ചാരി എരുമേനെ “ വെട്ടാന്‍ വരും.

  ചുരുക്കത്തില്‍, മിണ്ടാന്‍ വയ്യ.

  ReplyDelete
 29. നല്ല ലേഖനം ബിജു.ഈ കാര്യത്തിലെങ്കിലും ഒറ്റ കെട്ടായി നില്‍ക്കാന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞോ.വോട്ടു മാത്രം ആണ് ചിന്ത,വര്‍ഗ്ഗീയതയെ പറ്റി കുറെ വാചകമടികള്‍ മാത്രം.ഇവിടത്തെ യുവജന പ്രസ്ഥാനങ്ങള്‍ എവിടെയാണാവോ,അവിടെയും ഈ സംഘവും ഫ്രണ്ടും നുഴഞ്ഞു കയറി കഴിഞ്ഞു എന്നാണു തോന്നുന്നത്.

  ബിജു അഭിനന്ദനങ്ങള്‍.

  ReplyDelete
 30. മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുന്ന അഭിനവ മാധ്യമ കുറുക്കന്മാരെ തിരിച്ചറിയുന്നത്‌ നന്ന് !!!..നേരം സന്ധ്യയായാല്‍ കുറുക്കന്മാര്‍ കോട്ടുമിട്ട് ഇറങ്ങും , മുട്ടനാടുകളെയും കുഞ്ഞാടുകളെയും ഇരുവശവുമിരുത്തി കലാപരിപാടി തുടങ്ങാന്‍ !!

  ReplyDelete
 31. സഗാക്കള്‍ക്കിപ്പോ മിണ്ടാട്ടമില്ല.മുസ്ലീം വികാരം കത്തിച്ചു വിട്ടു വോട്ട് ബാങ്കിന്റെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തെ മതബ്രാന്താലയമാക്കി. മദനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച സഗാക്കള്‍ ഇപ്പൊ അണ്ടര്‍ ഗ്രൌണ്ടിലൂടെ സഹായം ഉറപ്പു വരുത്തുന്നുണ്ട്. പത്തരമാറ്റുള്ള വര്‍ഗീയത പടച്ചു വിട്ടിട്ടു ഞങ്ങള്‍ വര്‍ഗീയതക്കെതിരെ പോരുതുകയാണെന്ന് വരുത്താനും ശ്രമിക്കുന്നു. ലീഗിനെ തളര്‍ത്താന്‍ നോക്കി, അതിനേക്കാള്‍ ബല്യ തീവ്രവാദം വളര്‍ത്തി. കുറച്ചു രാഷ്ട്രീയം ഇവിടെ അവിടെ കണ്ടു. അതോണ്ട് എഴുതിപ്പോയതാ.

  ReplyDelete
 32. പൊതുസമൂഹവസ്ത്രത്തില്‍ നിന്നും ഓരോ നിറമുള്ള നൂലുകളും വലിച്ചൂരിയെടുക്കുന്നതോടെ വസ്ത്രം ഇല്ലാതാവുന്നു. പിന്നെ ആ നൂലുകള്‍ കൂടിച്ചേര്‍ന്ന് തനതായ നിറമുള്ള കയറായി മാറുന്നു. എന്നിട്ടോരോ കയറും സമൂഹജീവിയായ സാധാരണ മനുഷ്യന്റെ കഴുത്തില്‍ ചുറ്റും. അവസാനം അവനിലെ സാമൂഹ്യബോധം ശ്വാസംമുട്ടി മരിയ്ക്കും. ഇങ്ങനെ മരിച്ച മനുഷ്യനാണ് അന്യമതത്തെ ദ്വേഷിച്ച് ചോദ്യം എഴുതി വിടുന്നതും അതിനു മറുപടിയായി അവന്റെ കൈവെട്ടിയെടുക്കുന്നതും.

  സത്യത്തിന്റെ കാതലായ ഭാഗം ഈ വരികളിലുണ്ട്.
  ഈ ലേഖനത്തിനു നന്ദി.

  ReplyDelete
 33. നമ്മള്‍ അറിയതെപോകുന്നത്..., ഒരു 'പുനര്‍വായന''

  നല്ല പ്രതികരണം....ഒന്നും ഒന്നില്‍ ഒതുങ്ങിപോകരുത് ....

  ഒരു 'പുനര്‍വായന'' ഇപ്പോഴും നല്ലതാ......

  നന്ദി ....

  മാധ്യമലോകം

  ReplyDelete
 34. വളരെ പ്രസക്തമായ ലേഖനം..തലക്കെട്ട്‌ മാത്രം ലേഖനത്തിനു ചേരുന്നതായി തോന്നിയില്ല..മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുന്നുണ്ടെങ്കിലും..ഈ വിഷയത്തില്‍ കണ്ട പല ലേഖനങ്ങളും നിരാശപ്പെടുത്തിയിരുന്നു..ഈ എഴുത്ത് നന്നായി..

  ReplyDelete
 35. പ്രിയ;ബിജുചേട്ടാ...
  നിങ്ങള്‍ എഴുതിയ എല്ലാ വരികളും 100%സത്യസന്തമാണ്.

  ReplyDelete
 36. ചിത്ര ,
  . വായനയില്‍ വിട്ടു പോയത് അത്രമാത്രം!
  നമ്മള്‍ അറിയതെപോകുന്നത്..., ഒരു 'പുനര്‍വായന''
  സോണി ഇപ്പോള്‍ എവിടെയാണ് ?
  എല്ലാവരും മറന്നു .....
  അറിയുമോ സോണി എം ബാട്ടതിരിപടിനെ ?
  കണ്ടെത്തുക തിരയുക ..
  ഇത്രമാത്രം പുലികള്‍ ഉള്ള ചാനലിനും ,പത്രകാര്‍ക്കും,

  അവരെന്തുകൊന്ദ് കണ്ടെത്തുന്നില ?

  ReplyDelete
 37. മാദ്ധ്യമങ്ങളെ പ്രശ്നത്തില്‍ വ്യക്തമായി അടയാളപ്പെടുത്തിയതിന് ഒരു കൈ. സഹിഷ്ണുതയുടെ അഭാവമെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ പലയിടത്തും അക്കാലത്ത് കണ്ടപ്പോള്‍ ഞാനെഴുതിയതാണിത്. മാദ്ധ്യമങ്ങളുടെ മാറുന്ന മുഖത്തിന്, ഒരു പരിധിവരെ കാരണം എഡിറ്ററുടെ നീലപ്പെന്‍സിലിന് പഴയ തെളിച്ചമില്ലാത്തതാണെന്നാണ് എന്റെ അഭിപ്രായം. വിഷയത്തില്‍ ഞാനെഴുതിയ ഒരു ലേഖനം ഇവിടെ.

  ReplyDelete
 38. പ്രിയപ്പെട്ട ബിജു ചില സത്യങ്ങള്‍ സമൂഹത്തെ ഒര്മാപ്പെടുതിയത്തിനു നന്ദി
  ഈ വിഷയത്തില്‍ പ്രതികരിച്ചവരെ നാം ഓര്‍ക്കുക കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് അധ്യാപകന്റെ കഴുത്തരുത്തവരും മാതാവിന്റെ മുന്‍പില്‍ മക്കളുടെ ജീവനെടുതവരും സമൂഹത്തിന്റെ കയ്യ് വെട്ടിയതില്‍ പ്രതികള്‍ തന്നെയല്ലേ. തലക്കെട്ട്ടു കാരണം ചിലരെങ്കിലും ഇത് വായിച്ചിട്ടുണ്ടെങ്കില്‍ ആ തലക്കെട്ട്‌ മറ്റെരുതെന്നു അപേക്ഷിക്കുന്നു

  ReplyDelete
 39. http://timesofindia.indiatimes.com/city/ahmedabad/Goaded-by-TV-journos-Guj-youth-kills-self/articleshow/6390238.cms

  ReplyDelete
 40. UNJHA: Police have launched a search for two journalists working for a local television, after they were booked for allegedly instigating a 29-year-old youth to commit suicide on August 13 for news footage.


  Read more: Goaded by TV journos, Guj youth kills self - Ahmedabad - City - The Times of India http://timesofindia.indiatimes.com/city/ahmedabad/Goaded-by-TV-journos-Guj-youth-kills-self/articleshow/6390238.cms#ixzz0xPJVMXmR

  ReplyDelete
 41. ente biju........edhu vayichu.....ezhudhiyadu enikkishapettu......
  but na madhyamanale othiri kuttam parayilla.....
  ellathinum karanakarn eviduthe rashtrreyakkaranu.....karanam veetile thandha nannayal kuttigal oru parudhi vare nannagum..
  evid nammalle nayikkendavaranu nedhakkal ....avaru thala thirinju poyi.....
  appo makkal thala thirinju pogadhirikkumo.....

  ReplyDelete
 42. ഗംഭീര ലേഖനം. എന്റെ ചിന്തയില്‍ ഉള്ളത് താങ്കള്‍ പറഞ്ഞു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts