നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5

നൈലിന്റെ തീരങ്ങളിലൂടെ ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4


സജി മാര്‍ക്കോസ് (ബഹറിന്‍)

ക്ഷണം കഴിഞ്ഞു ഇറങ്ങിയപ്പോഴേയ്ക്കും ഡ്രൈവറും അഹമ്മദും റെഡിയായി കാത്തു നിക്കുന്നുണ്ടായിരുന്നു. പല വട്ടം നിര്‍ബന്ധിച്ചിട്ടും അഹ്മദ് ഞങ്ങളൊടൊപ്പം അഹാരം കഴിച്ചില്ല. സമയം കളയാതെ ഞങ്ങള്‍ ഗിസേ പപ്പൈറസ് മ്യൂസിയത്തിലേക്കു തിരിച്ചു. ശരിക്കും പട്ടണത്തിന്റെ തിരക്കു മനസിലായതു അപ്പോള്‍ മാത്രമാണ്. ട്രാഫിക് നിയമങ്ങള്‍ ഒന്നും പാലിക്കാതെ മുട്ടി മുട്ടിപ്പോകുന്ന വാഹനങ്ങള്‍ നിരത്തിലൂടെ ഒഴുകകയാണ്. എങ്ങും ഒച്ചയും ബഹളവും പൊടിയും മാത്രം. ബോംബ പട്ടണത്തിലെ, മസ്ജിദ് റെയില്‍‌വേ സ്റ്റേഷന്റെ വെസ്റ്റില്‍ ചെന്നതുപോലെ തോന്നും. റോഡില്‍ കച്ചവടം നടത്തുന്നവരുടെ വിളികളും, പരസ്പരം മുഖത്തോടു മുഖം നോക്കാതെ നടന്നു പോകുന്ന ജനങ്ങളും, ചെകിടടപ്പിക്കുന്ന വാഹനങ്ങളുടെ ഇരമ്പലും.

പപ്പൈറസ് മ്യൂസിയത്തിന്റെ കവാടത്തില്‍ മധ്യ വയസ്സു കടന്ന ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു.
"ഫ്രം ഇന്‍ഡ്യ?" അവര്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
നിത്യം അനേകം സഞ്ചാരികളെ കാണുന്ന അവര്‍ക്കു ഞങ്ങളെ തിരിച്ചറിയാന്‍ ബുദ്ധുമുട്ട് ഉണ്ടായില്ല.
"യേസ്.." സന്തോഷത്തോടെ മറുപടി പറഞ്ഞു.
"വി ലൈക് അമിതാബ് ബച്ചന്‍!"
"ഓഹ് റിയലി?" ഞങ്ങള്‍ക്ക് അല്‍ഭുതം തോന്നി.

പിന്നീട് ഈജീപ്റ്റില്‍ ഉണ്ടായിരുന്നു പല ദിവസങ്ങളിലും കണ്ടുമുട്ടിയ പലരും ഇതു തന്നെ പറഞ്ഞു. കുതിര വണ്ടിക്കാരും, കടയില്‍ ജോലി ചെയ്യുന്നവരും, മ്യൂസിയം ജീവനക്കാരും എന്നുവേണ്ട, എല്ലാവര്‍ക്കും അമിതാബ് ബച്ചനെ അറിയാമായിരുന്നു. ഇന്‍ഡ്യ എന്നു പറയുമ്പോള്‍, മിക്കവരും പറയുന്ന അടുത്ത വാക്ക് അമിതാഭ് എന്നായിരികും. സ്ലം ഡോഗ് മില്ലിനേയറിലെ ചായ്‌വാലയുടെ വാക്കുകള്‍ ഓര്‍ത്തുപോയി "ദി മോസ്റ്റ് ഫേമസ് ഇന്‍ഡ്യന്‍ ഈസ് അമിതാഭ്"

അവസാന ദിവസം ഞങ്ങളുടെ ഡ്രൈവര്‍ ആണ് ഇതിന്റെ കാര്യം പറഞ്ഞു തന്നത് - ഏതാണ്ട്, എട്ടു പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്..
ഹോളിവുഡ് സിനിമകള്‍ക്കു പിന്നാലെ ഈജിപ്ഷ്യന്‍ പുതിയ തലമുറ പോകുന്നതിനും മുന്‍പ്,
എല്ലാ, ഉത്സവങ്ങളുടെയും പ്രധാന ഐറ്റം അമിതാഭിന്റെ ചിത്രങ്ങള്‍ ആയിരുന്നുവത്രേ!
അതുകൊണ്ട് ഇന്നും മിക്ക ഈജിപ്റ്റുകാരും അമിതാബിന്റെ ആരാധകന്‍ തന്നെ.

മറിയം - അതായിരുന്നു അവരുടെ പേര്‍, ഞങ്ങളെ അകത്തേയ്ക്കു ആനയിച്ചു. ഇനിയുള്ള കാര്യങ്ങള്‍ മറിയം വിശദീകരിവച്ചു തരുമെന്നും, കഴിയുന്നതു വരെ പുറത്തു നില്‍ക്കാമെന്നും പറഞ്ഞ് അഹ്മദ് യാത്രയായി.

പേപ്പര്‍ എന്ന വാക്ക് പാപ്പിറസ് എന്ന ചെടിയുടെ പേരില്‍ നിന്നുമാണ് ഇംഗ്ലീഷ് ഭാഷയ്ക്കു ലഭിച്ചത്. ഈജിപ്റ്റുകാര്‍ പപ്പൈറസ് എന്നാണ് പൊതുവെ പറയുന്നത്. ജലാംശം കൂടുതലുള്ള നൈല്‍ നദിയുടെ ചതുപ്പു നിലത്ത് വളരുന്ന ചെടിയാണ് പാപ്പിറസ്. ഏതാണ്ട് ഒരാള്‍ പൊക്കത്തില്‍ വളരുന്ന ഈ ചെടിക്ക് ശിഖരങ്ങള്‍ ഇല്ലാതെ പച്ച നിറമുള്ള ഒറ്റത്തണ്ട് ആണുള്ളത്.

പാപ്പിറസില്‍ നിന്നും എഴുതുവാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയിരുന്നത് വളരെ ലളിതമായ ഒരു പ്രക്രിയ വഴിയാണ്. ആദ്യം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് ശേഖരിക്കുന്നു. ചുരുങ്ങിയത് നാല് അടി പൊക്കമെങ്കിലും ഉള്ള ചെടികളാണ് സാധാരണ പറിച്ചെടുക്കുന്നത്.

സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യത്തിനായി ആദ്യം ചുരുളുകളുടെ വീതി നിശ്ചയിക്കുന്നു. അതിനുശേഷം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് നിശ്ചിത നീളത്തില്‍ മുറിക്കുന്നു.

തൊലി പൊളിക്കുന്നതാണ് അടുത്ത പടി. ഈറയുടെയും മറ്റും പുറത്തെ തൊലി കളയുന്നതുപോലെ, ഏറ്റവും പുറത്തെ കടുപ്പമുള്ള പാളി ചീകിക്കളയുന്നു. തണ്ട് ഉണങ്ങിപ്പോകാതിരിക്കുവാന്‍ തൊലി കളഞ്ഞ തണ്ട് വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നു.

തുടര്‍ന്നു ഒരാഴ്ചയോളം ഈ തണ്ടുകള്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നു. തണ്ടിലുള്ള പഞ്ചസാരയുടെ അംശവും, ജെല്ലി പോലുള്ള കൊഴുപ്പും വെള്ളത്തില്‍ അലിഞ്ഞ് പോകുന്നതിനാണ് ഇപ്രകാരം ചയ്യുന്നത്. അല്ലെങ്കില്‍ ഈ തണ്ടുകള്‍ ഉണങ്ങിക്കഴിയുമ്പോള്‍ മാര്‍ദ്ദവത്വമില്ലാതെ പൊടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

ഈ തണ്ടുകള്‍ കട്ടികുറഞ്ഞ പാളികളായി കീറി പരത്തിയെടുക്കുന്നു. ചപ്പാത്തി പരത്തുന്നതുപോലെയുള്ള സം‌വിധാനമാണ് അതിനു ഇപയോഗിക്കുന്നത്. പാപ്പിറസിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പുരാതനമായ രീതി നിലനിര്‍ത്തുന്നതില്‍ മറിയം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇങ്ങനെ പരത്തിയെടുത്ത പാളികള്‍ അടുപ്പിച്ച് നിരത്തി വയ്ക്കുന്നു. ഓരോ പാളിയും അടുത്ത പാളിയുടെ മുകളില്‍ അല്പ്പം കയറ്റി വച്ച് ഇടയില്‍ വിടവില്ലാതെ ചേര്‍ത്ത് ആണ് വയ്ക്കുന്നത്. തുടര്‍ന്നു അതിനു കുറുകെ അതുപോലെ തന്നെ ഒരു നിരകൂടി വയ്ക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്കു കടക്കുവാന്‍ തയാറായി.

ദിവസങ്ങളോളം ഭാരമുള്ള കല്പ്പാളികള്‍ക്കടിയില്‍ വച്ച് പ്രസ്സ് ചെയ്ത് ഒട്ടിച്ച്, ജലാംശം വറ്റി ഒറ്റ ഷീറ്റ് ആയി മാറ്റുന്നതോടെ പാപ്പിറസ് റെഡി ആയിക്കഴിഞ്ഞു.

അവസാനമായി പരു പരുത്ത പ്രതലം മിനുക്കി ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചു എഴുതുവാന്‍ വിദഗ്‌ധരുടെ അടുത്തേയ്ക്കു അയക്കുന്നു.

പുരാതന ഈജിപ്റ്റുകാര്‍ ചിത്രങ്ങളും, രൂപങ്ങളും ചില അക്ഷരങ്ങളും ഉപയോഗിച്ച് എഴുത്ത് ശീലിച്ചിരുന്നു. ഹിരോഗ്ലിഫിക്സ് എന്നാണ് ഈ സങ്കേതത്തെ വിളിക്കുന്നത്. ജീവികളുടെ ചിത്രങ്ങള്‍ നിത്യോപയോഗ വസ്തുക്കളുടെ രൂപങ്ങള്‍ തുടങ്ങിയവ ഇടകലര്‍ത്തി വരച്ച് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ വിവരങ്ങള്‍ പാപ്പിറസ് ചുരുളികളില്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ദൈവവിശ്വാസ സംബന്ധിയായ വിഷയങ്ങളാണ് കണ്ടെടുക്കപ്പെട്ട ചുരുളുകളുകളിലെ പ്രധാന പ്രതിപാദന വിഷയം.

തുടര്‍ന്ന് പ്രദര്‍ശനത്തിനും വില്പ്പനയ്ക്കും വച്ചിരിക്കുന്ന ധാരാളം പാപ്പിറസ് ചുരുളുകള്‍ മറിയം കാണിച്ചു തന്നു. അതി പുരാതനമായ ഒട്ടേറെ ചിത്രങ്ങള്‍ക്കൊപ്പം, പഴയ സാങ്കേതിക വിദ്യയില്‍ പുതുതായി വരച്ച ധാരാളം ചിത്രങ്ങളും ചുരുളുകളും പ്രദര്‍ശനത്തിനു വച്ചിരുന്നു.

പ്രധാന ഹാളിനപ്പുറം ക്യാമറ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എഡ്വിന്റെ ആഗ്രഹപ്രകാരം ഹീരോഗ്ലിഫില്‍ എഴുതപ്പെട്ട ചില പാപ്പിറസ് ചുരുളുകളും വാങ്ങി മറിയത്തിനോട് നന്ദിയും പറഞ്ഞ് ഞങ്ങള്‍ പുറത്ത് ഇറങ്ങി.

കട്ടി കുറഞ്ഞ ഗ്ലാസ് ട്യൂബുകൊണ്ട് ചെറിയ ഗ്ലാസ് ഉല്പ്പന്നങ്ങളും അത്തറിനുള്ള കുപ്പികളും ഉണ്ടാക്കുന്ന കര കൗശല വസ്തുക്കളുടെ നിര്‍മ്മാണ ശാലയിലേക്കായിരുന്നു അടുത്ത സന്ദര്‍ശനം.

അവിടെ ഒരു ഈജിപ്ഷ്യന്‍ ചെറുപ്പക്കാരന്‍ തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കണ്ടു. ഞങ്ങളെ കാര്യമായി ശ്രദ്ധിക്കാതെ, പുതിയ ഒരു ട്യൂബ് എടുത്ത് ജോലി തുടര്‍ന്നു. ഗ്യാസ് കട്ടര്‍ കൊണ്ട്, വളരെ അധികം നീളമുണ്ടായിരുന്ന ട്യൂബിനെ മുറിച്ച് ആവശ്യത്തിനു മാത്രം നീളമുള്ള കൊച്ചു ട്യൂബ് ആക്കിയെടുത്തു. പിന്നെ...

ഉരുകി ദ്രാവക അവസ്ഥയില്‍ ആയിരുന്ന ഗ്ലാസ് ട്യൂബ്, കത്രിക പോലൊരു ഉപകരണം കൊണ്ട് മുറിച്ച് വൃത്തിയാക്കി...

അവശേഷിച്ച ട്യൂബ്, കട്ടറിന്റെ തീ നാളത്തില്‍ നന്നായി ചൂടാക്കി ഉരുക്കി....

ട്യൂബിന്റെ ഒരു വശത്തു നിന്നും ഊതി, ബലൂണ്‍ പോലെ വീര്‍ത്തു വന്ന ട്യൂബിനെ ഭം‌ഗി വരുത്തി, ആവശ്യമില്ലാത്ത ഭാഗം വീണ്ടും മുറിച്ചു കളഞ്ഞ്....

കത്രികപോലുള്ള ഉപകരണത്തില്‍ വച്ച് കടഞ്ഞു രൂപ ഭംഗി വരുത്തി...

വീണ്ടും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പു വരുത്തി..

ബാക്കി ഭാഗം അവസാനമായി ഒരിക്കല്‍ കൂടി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്ത്.....

മനോഹരങ്ങളായ കൊച്ചു കൊച്ചു സ്ഫടിക പാത്രങ്ങള്‍ ആക്കി ഷെല്‍ഫില്‍ നിരത്തി വച്ചു.

വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും...

പ്രകാശത്തില്‍ കുളിച്ച ഷെല്‍ഫില്‍, നിര നിരയായി ഇരിക്കുന്ന സ്ഫടിക പാത്രങ്ങള്‍ കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കുന്ന കാഴ്ചയായിരുന്നു.

കൌതുകം തോന്നിയ ചില ചെറിയ അത്തര്‍ കുപ്പികള്‍ ഞങ്ങള്‍ വാങ്ങിച്ചു. അതേ നിര്‍മ്മാണ ശാലയ്ക്കുള്ളില്‍ തന്നെ പൂക്കളുടെ ചാറുകൊണ്ട്, കൃത്രിമ ചേരുവകളില്ലാത്ത സുഗന്ധ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടായിരുന്നു. വാങ്ങിയ കുപ്പികളെല്ലം നിറയെ സുഗന്ധ തൈലവും വാങ്ങി ഞങ്ങള്‍ അവരോടു യാത്ര പറഞ്ഞ് ഇറങ്ങി.

അന്നത്തെ അവസാനത്തെ സന്ദര്‍ശന സ്ഥലമായ കെയിറോ മ്യൂസിയത്തിലേക്ക് പോകുവാന്‍ അഹ്മദ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.

(അടുത്ത ആഴ്ച പ്രസിദ്ധമായ കെയിറോ മ്യൂസിയത്തിലെ വിശേഷങ്ങള്‍)

32 Responses to "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5"

 1. തുടരുക, ആശംസകൾ

  ReplyDelete
 2. സജി,പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കുറെ
  പിറകോട്ട് പോയി...ഒമാന്‍റെ തലസ്ഥാനം മസ്കറ്റാണ്
  എങ്കിലും,പെര്‍ഫ്യൂമിന്‍റെ തലസ്ഥാനം അന്നും ഇന്നും
  സലാലയാണ് ! നിങ്ങള്‍ സന്ദര്‍ശിച്ച, അത്തര്‍കുപ്പികള്‍
  നിര്‍മിക്കുന്ന വിദ്യ വളരെ പുരാതനം തന്നെ. പലപ്പോഴും ഈ സ്പടികത്തിന്‍റെ നൈര്‍മല്യം നമ്മെ
  അത്ഭുതപ്പെടുത്തും ! സലാലയില്‍ ഇത് ധാരാളമായി
  ഞങ്ങള്‍ ക്രയവിക്രയം ചെയ്തിരുന്നു,അഹമദ് അതൂഷ്
  എന്ന ഒരു വൃദ്ധനാണ് ഇതിന്‍റെ ഏജന്‍റ്.ഒരുപാട്തവണ
  അദ്ദേഹമെന്നെ ഈജിപ്തിലേക്ക് ക്ഷണിച്ചിരുന്നുവല്ലൊ.
  കാഴ്ചയിലിത്രയും ആകര്ഷകമായ ഈ ഫാന്‍സി
  ബോട്ടിലുകള്‍,വളരെ തുഛമായ വിലക്കെങ്ങിനേയാണ്
  അവര്‍ വില്‍ക്കുന്നതെന്ന് പലപ്പോഴും അത്ഭുതപ്പെടും.
  സപ്ലൈ ചെയ്തിരുന്ന ഞങ്ങള്‍ക്കത് വന്‍ ലാഭം
  നേടിത്തന്നിരുന്നു.എന്തായാലും അവിടം സന്ദര്‍ഷിക്കാന്‍
  കഴിയാതെ പോയ,കുറവ് നിങ്ങളുടെ പോസ്റ്റിലൂടെ
  നികത്തിയിരിക്കുന്നു..പാപ്പിറസ് വിവരണവും
  വളരെ ഉപകാരപ്രദം,ആശമസകള്‍.

  ReplyDelete
 3. എന്റച്ചായാ,, ആ കുപ്പിഉണ്ടാക്കുന്ന ചിത്രങ്ങൾ കണ്ട് എനിക്ക് സത്യത്തിൽ കരച്ചിൽ വരുന്നു.. നിക്കോൺ ഡി.90 ക്യാമറയും കൈയ്യിൽ തൂക്കി പോയിട്ട് അതൊന്നു അടുത്തുകാണിച്ചു തരാൻ ഒത്തില്ലല്ലോ മനുഷ്യാ..

  ബാക്കി വിവരണങ്ങൾ പതിവുപോലെ സുന്ദരം.

  ReplyDelete
 4. മിനി -
  നന്ദി - സന്ദര്‍ശനത്തിനും വായനയ്ക്കും. ഈ വഴി ആദ്യമാണന്നുതോന്നുന്നു അല്ലേ?

  ഒരു നുറുങ്ങ്,
  നിമിഷം നേരം കൊണ്ട് മനോഹരങ്ങളായ കൊച്ചു കൊച്ചു കുപ്പികള്‍ ഉണ്ടാക്കുന്നത്, വളരെ രസകര്മായിരുന്നു. ഏറ്റവും ന്നല്ല സ്ഫടിക നിര്‍മ്മാതാക്കള്‍ ചെക് റിപ്പബ്ബ്ലിക് ആണ്. ലോകത്തിലെ ഏറ്റവും പ്രഗല്‍ഭന്മാരായ ഗ്ലാസ് -ഉരുക്കു വിദഗ്ദന്മാരും അവര്‍ തന്നെ. രണ്ടാം സ്ഥാനം ഈ ജിപ്റ്റിനാണ്ര്ന്നു തോന്നുന്നു. എന്തായാലും വിശദമായാ മറുപടിക്കു നന്ദി.

  അപ്പൂസ്,

  ഉത്തരവാദി നിങ്ങള്‍ തന്നെ. കുറെ പ്രാവശ്യം നിങ്ങളുടെ ഫോട്ടോ ട്യൂട്ടോറിയല്‍ ബ്ലൊഗ് ഞാന്‍ കയറി ഇറങ്ങി. ഒന്നും പിടികിട്ടുന്നില്ല. ആറു മാസം അവധി എടുത്ത് പഠിക്കേണ്ടി വരും അതൊന്നു മനസിലാക്കാന്‍!

  ReplyDelete
 5. ചിത്രങ്ങള്‍ കുറേക്കൂടി നന്നാക്കാമായിരുന്നു .
  വിവരണം എന്നത്തേയും പോലെ മനോഹരം.....
  കയ്റോ മ്യൂസിയത്തിലെ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു...
  ആശംസകള്‍...
  -ദിലീപ് || മത്താപ്പ്

  ReplyDelete
 6. സൂപറായിട്ടുണ്ടിഷ്ടാ...
  പിന്നെ ഗ്ലാസ് ഉരുക്കുന്ന പടംസ്... അതൊരൊന്നൊന്നര തന്നെ. അപ്പുമാഷെ ക്ലാസ്സ് ശരിയല്ല അല്ലെ.
  എനിക്കേറ്റവും ഇഷ്ടമായത് മുകളില്‍ ലെഫ്റ്റ് സൈഡേല്‍ കാണുന്ന പടം :)

  -സുല്‍

  ReplyDelete
 7. അച്ചായാ, ലളിതം മനോഹരം.
  ഈ അമിതാബ് ഫാന്‍സ്‌ അവിടെ മാത്രം അല്ല കേട്ടോ ഇസ്രായേലില്‍ ഇലും കണ്ടു കുറെ പേരെ.
  ഇന്ത്യ എന്നെ ക്ട്ടപ്പോള്‍ തന്നെ അമിതാബ് ദര്മേന്ദ്ര, ഹേമമാലിനി എന്നൊക്കെ പറഞ്ഞവരെ.

  ReplyDelete
 8. തുടരൂ,ആശംസകള്‍....

  ReplyDelete
 9. മത്താപ്പ്,
  ഓട്ടോ ഫോക്കസ് ഉള്ളതു കൊണ്ട് മാത്രം ഫോട്ടോ എടുക്കുന്ന ഒരാളു ഞാന്‍. അല്പമെങ്കിലും പഠിക്കാതെ നല്ല പടം പിടിക്കാന്‍ കഴിയില്ലെന്നു മനസിലായി. എന്തായാലും അല്പ സമയം ചില വഴിക്കുക തന്നെ.

  സുല്‍-
  അഭിപ്രായത്തിനു നന്ദി. സൈഡ് ബാറിലെ പടം കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാണു കെട്ടോ!

  ശങ്കര്‍,
  നേരാണ് അല്ലേ, നമ്മുടെ പ്രസിഡന്റിനെ അവര്‍ക്കു അറിയില്ല, പക്ഷേ ബച്ചനെ അറിയാം!!!


  കൃഷ്ണകുമാര്‍..
  ശുക്രിയാ..

  ReplyDelete
 10. ഇനിയും ഇത്തരത്തിലുളള വിവരണം പ്രതീക്ഷിക്കുന്നു.


  അഭിനന്ദനങ്ങള്‍

  തുടരുക

  ReplyDelete
 11. വളരേ മനോഹരമായിരിക്കുന്നു.
  ആശംസകൾ
  എംകെനമ്പിയാർ

  ReplyDelete
 12. നന്നായിരിക്കുന്നു... :)

  ReplyDelete
 13. അച്ചായൊ..

  പ്രതിഫലം ആഗ്രഹിക്കാത്തതെ അറിവ് പകർന്നു നൽകുക പുണ്യപ്രവർത്തിയാണ് ( തീരെ പ്രതിഫലം ഇഛിക്കുന്നില്ലന്നു പറയുന്നില്ല കമന്റിന്റെ രൂപത്തിലും ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും) എന്തായാലും വിശദമായിത്തന്നെ ഓരൊ കാര്യത്തെയും പറ്റി പറയുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല മാഷെ.. കഴിഞ്ഞ രണ്ട് പോസ്റ്റുകൾ എനിക്കൊരു ക്ലാസ്സായി തോന്നുന്നു, വിദ്യാർത്ഥി ജീവിതത്തിൽ ഞാനൊരു പരാജയമായതിനാൽ ഈ സ്കൂൾ ക്ലാസ്സ് എന്നെ ബോറടിപ്പിക്കുന്നുണ്ട് മാഷെ..

  ഈജിപ്റ്റുകാർ, അമിതാഭ് ബച്ചനെപ്പോലെയിരിക്കുന്ന നിങ്ങളെ കണ്ടാൽ അവർ ആദ്യം ഓർക്കുന്നത് സിനിമാ നടൻ അമിതാഭ് ബച്ചനെത്തന്നെയായിരിക്കും. ഈ ഞാൻ തന്നെ നിങ്ങളെ കാണുമ്പോൾ അമിതാഭിനെ ഓർത്തുപോകുന്നു..

  ഹിറൊഗ്ലിഫിക്സ് എന്നല്ലെ ആ അക്ഷരമാലയുടെ പേര്.

  ReplyDelete
 14. അച്ചായാ, ഈ പോസ്റ്റ്‌ ഞാന്‍ നോക്കിയിരുന്നതുംആണ് . ,ഈജീപ്റ്റില്‍.പിരമിഡുകള്‍ ഇഷ്ട്ടപെടാത്ത ഞാന്‍ ഇത് കാണാന്‍ വേണ്ടി ,സമയം പോലെ അവിടെ ഒന്ന് പോകണം എന്ന് അതിയായി ആഗ്രഹിക്കുന്നും ഉണ്ട് .വളരെ നല്ല വിവരണം ,ഫോട്ടോസ് എല്ലാം നന്നായിട്ടും ഉണ്ട് .അമിതാഭ് ബച്ചനെ കുറിച്ച് ഇവിടെ ചില റഷ്യന്‍സ്‌ എന്നോടും പറഞ്ഞിട്ടും ഉണ്ട് .സിനിമ കള്‍ കണ്ടിട്ട് വളരെ ഇഷ്ട്ടവും ആണെന്നും .

  ReplyDelete
 15. താങ്ക്സ് !!!!!

  ആ പാത്രം ഉണ്ടാക്കല്സ്....ഗ്രേറ്റ്‌ !!!

  ReplyDelete
 16. @ നൈലച്ചായന്‍ (ഹിമാലയച്ചായന്‍ വിളി തല്‍ക്കാലം മാറ്റി നിര്‍ത്തുന്നു) :) -

  ‘പാപ്പിറസ്‘ പേപ്പര്‍ ഉണ്ടാക്കുന്ന വിധം കൌതുകമുണര്‍ത്തി. ഗ്ലാസ്സ് ഉണ്ടാക്കുന്ന വിധം മുന്‍പ് മദ്രാസില്‍ ദക്ഷിണ്‍ ചിത്ര എന്ന ഒരു സ്ഥലത്ത് വെച്ച് കണ്ടത് ഓര്‍മ്മ വന്നു. ഗ്ല്ലാസില്‍ ശില്‍പ്പങ്ങളും രൂപങ്ങളും പാത്രങ്ങളുമൊക്കെ ഉണ്ടായി വരുന്നത് മനോഹരമായ കാഴ്ച്ചതന്നെയാണ്.

  പോസ്റ്റ് പെട്ടെന്ന് തീര്‍ന്നുപോയതുപോലെ തോന്നി. കൊതിപ്പിച്ച് കൊല്ലുക എന്നതാണല്ലോ ലക്ഷ്യം അല്ലേ ? നടക്കട്ടെ നടക്കട്ടെ :)

  കുഞ്ഞന്റെ കമന്റ് വായിച്ച് കഴിഞ്ഞപ്പോള്‍ അമിതാഭച്ചായാ എന്നും വിളിച്ചാല്‍ കൊള്ളാമെന്നുണ്ട് :)

  ReplyDelete
 17. അച്ചായാ വായിച്ചു.....
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
  ആശംസകള്‍

  ReplyDelete
 18. യൂനസ്,
  ഈജിപ്റ്റ് യാത്രയില്‍ മുഴുവനും ഇത്തരം വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ കാണാനുള്ളതും ഇതൊക്കെ തന്നെ!!
  നമ്പ്യാര് സര്‍‍-
  നന്ദി.
  കുഞ്ഞാ,
  ഈജിപ്റ്റ് യാത്രയുടെ പ്രത്യേകതയാണത്. നിരാശനാകാതിരിക്കൂ, നമുക്കു പരിഹരിക്കാം. പിന്നെ അക്ഷരമാലയുടെ പേര്‍ തിരുത്താന്‍ പത്രത്തോടു പറഞ്ഞിട്ടുണ്ട്. നന്ദി. (പിന്നെ ആഹഹാ...അമിതാബ് അച്ഛന്‍ അല്ല, അച്ചായന്‍ - ഇതു എല്ലാവരോടും പറയണേ..)

  തെച്ചിക്കോടാ..
  നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

  സിയ,
  അപ്പോള്‍ പോകാന്‍ തീരുമാനിച്ചു അല്ലേ. ഗുഡ്. പിന്നെ റഷ്യന്‍സ് പറയുന്ന അമിതാബ് അല്ല, കുഞ്ഞന്‍ പറഞ്ഞതു കേട്ടില്ലേ...

  കേപ്ടന്‍ ജി-
  റൊമ്പ നന്രീങ്കള്‍!!

  നിരക്ഷരന്‍,
  അടുത്ത ആഴ്ചയും വേണ്ടേ എന്തെങ്കിലും.. പിന്നെ ഇത്തവണ അല്പം വ്യത്യസ്തമായിക്കൊള്ളട്ടെ എന്നു വിചാരിച്ചു.

  കണ്ണനുണ്ണീ...
  ഉടന്‍ വരുന്നൂ..

  ReplyDelete
 19. ഉം...
  നൈലച്ചായാ...
  തുടരട്ടെ!

  ReplyDelete
 20. വിവരണങ്ങള്‍ ക്കു നന്ദി..............( ചുളുവില്‍ എന്റെ എട്ടാം ക്ലാസ്സുകാരന്‍ മകന്റെ വെക്കേഷന്‍ പ്രൊജെക്റ്റിനുള്ള മാറ്ററും ചിത്രങ്ങളും ഒപ്പിച്ചു തന്നതിനു വേറേ നന്ദി...........)

  ReplyDelete
 21. നിരുവിന്റെ പേരിടൽ കൊള്ളാം..

  നൈൽ = ആണി അപ്പോൾ നൈലച്ചൻ = ......


  എന്റെ നിരൂട്ടാ ന്നാലും നമ്മുടെ അമിതാഭ് ബച്ചനോട് ഇതുവേണ്ടായിരുന്നു..

  ReplyDelete
 22. വിവരണം, എന്നത്തേയും പോലെ കലക്കി.
  ആഹാ അത്തറൊക്കെ വാങ്ങി വീട്ടില്‍ വെച്ചിരിക്കുവാ അല്ലേ. എല്ലാവര്‍ക്കും ഓരോ കുപ്പി കൊറിയര്‍ ആയി പോന്നോട്ടെ :)

  അപ്പൂ.. അച്ചായനൊരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ ക്ലാസ്സ് ഒന്ന് കൊടുത്തേ.. നല്ല ഫീസ് ചാര്‍ജ് ചെയ്യാന്‍ മറക്കണ്ട.

  ഈ കുഞ്ഞനെകൊണ്ട് തോറ്റല്ലോ.. അമിതാഭിനെ കണ്ടിട്ടില്ലാ അല്ലേ :) അല്ലെങ്കിലേ ആ അച്ചായനിത്തിരി അഹങ്കാരം കൂടുതലാ.. വല്യ സുന്ദരനാണെന്ന്... അതിലു എണ്ണ ഒഴിക്കന്‍ ഇറങ്ങിക്കോളും ഓരോരുത്തര് :) :)

  ReplyDelete
 23. ജയന്‍ ഡോക്ടര്‍,
  ശുക്രിയ ജി.

  ജയലക്ഷ്മി,
  ചുളുവില്‍ ആണെന്നു ആരുപറഞ്ഞു? മെയില്‍ ഐഡി തരൂ, ഫീസ് ഉണ്ട്. മിനിമം രണ്ടുപേരുടെ കെയിറോ വരെയുള റ്റിക്കറ്റ്. കൂടുതലല്ലല്ലോ അല്ലേ..

  കുഞ്ഞാ - കിച്ചൂ,

  ഗ്ഗ്ലാമറില്‍ തൊട്ടു കളിക്കരുത്.

  എന്തും ക്ഷമിക്കും.. ബട്ട്- ഗ്ലാമര്‍ വിഷയത്തില്‍ നോ കോമ്പ്രമൈസ്, ജാഗ്രതൈ!!

  ReplyDelete
 24. അമിതാബിനോടുള്ള ഈജിപ്റ്റുകാരുടെ ആരാധന, പാപ്പിറസ് ചുരുൾ, അത്തർ കുപ്പി എന്നിവയുടെ നിർമ്മാണം തുടങ്ങിയ എല്ലാ വിവരങ്ങൾക്കും നന്ദി സജീ..

  രസകരമായ കമന്റുകളുമായെത്തിയ അപ്പു, കുഞ്ഞൻസ്, സുല്ല്, നീരു, ജയലക്ഷ്മി, കിച്ചു എന്നിവർക്കും നന്ദി.

  ReplyDelete
 25. അടിപൊളി !
  പാപ്പിറസ് പാപ്പിറസ് എന്ന് സ്കൂളില്‍ പഠിച്ചതല്ലാതെ ഒന്നുമറിയില്ലായിരുന്നു. ഇപ്പൊ എല്ലാം പിടി കിട്ടി. നല്ല ബ്ലോഗ്‌ , കുറേക്കൂടി വായിക്കാനുണ്ട് ....
  ഫറവോ രാജാവിന്റെ ചിത്രോം കൊള്ളാം :)

  ReplyDelete
 26. മിശ്രിനെയൂം മിശ്രികളെയും പറ്റികേള്‍ക്കുമ്പോള്‍ തന്നെ നാവു ചൊറിയുന്നതാണ് ( ബോസ്സ് മിശ്രി സിന്‍ഡ്രൊം).

  എന്നിട്ടും മുന്‍ ഭാഗങ്ങളടക്കം ഒറ്റയടിക്ക് വായിച്ചു തീ‍ര്‍ത്തു. ‘ബിരമിഡും’പാപ്പിറസ്സും കണ്ട ടിപ്സ്സ് കൊടുത്തുള്ള മനോഹരമായ യാത്ര..

  തുടരുക..

  ReplyDelete
 27. പൊറാടത്ത്,
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  ഹേമംബിക,
  നന്ദി. ഫറവോടുള്ള ആദരസൂചകമായി, ഫ്രയിം ചെയ്തു വയ്ക്കണം കേട്ടോ!

  ആര്‍ദ്ര,
  സത്യത്തില്‍ മിസ്രികള്‍ വെറും പാവങ്ങളാണെന്നു അവിടെ ചെന്നാല്‍ തോന്നും. ഇവിടെ വച്ച് നേരെ തിരിച്ചും!
  എന്തായാലും അഭിപ്രായത്തിനു നന്ദി.

  ReplyDelete
 28. അച്ചായാ..
  ഇടിയാണു വെച്ചു തരേണ്ടത്..
  കാമെറ ഇത്തിരി കൂടി ക്രിയേറ്റീവായി ഉപയോഗിച്ചിരുന്നെങ്കിൽ...!!
  ഞങ്ങൾക്ക് ഇതൊക്കെ നേരിട്ടു കാണുന്ന പ്രതീതി കിട്ടിയേനെ..
  അന്നു ടിപ്സ് പറഞ്ഞു തന്ന എന്റെ സമയം കളഞ്ഞതു മിച്ചം !!!
  പിന്നെ..
  ഈ പടമൊക്കെ ക്ലിക്കിയാൽ വലുതാകുന്ന പോലെ പോസ്റ്റു ചെയ്യൂ..
  അതു വലുതായി കണ്ടെങ്കിലും ആത്മനിർവൃതിയടയട്ടെ ഞങ്ങൾ..
  നൈലച്ചായൻ ഈജീപ്റ്റിനു പോയതിന്റെ വാശി തീർക്കാൻ ഞങ്ങൾ ‘രാമക്കൽ മേട്ടി’ൽ പോകൂലോ..:)
  അവിടെം ഉണ്ട് കൂറ്റൻ പാറക്കെട്ടും..
  മണിക്കൂറിൽ 150 കിലോമീറ്റെർ സ്പീഡിൽ വീശിയടിക്കുന്ന കാറ്റും..
  ചെങ്ങാറും കുട്ട്യാളുടെം ഭീമൻ പ്രതിമേം..
  കാറ്റാടി പാടങ്ങളും..
  കൊതിപ്പിക്കൂലോ..
  ഞങ്ങളും പോസ്റ്റിട്ട്... :):)

  ReplyDelete
 29. അച്ചായാ,
  കാര്യം ഞാൻ ഇവിടെ വിളിച്ചാൽ വിളികേൾക്കുന്ന വിദ്യാർത്ഥി തന്നെ സമ്മതിച്ചു. പക്ഷെ പഠിപ്പിക്കുന്ന സാധനങ്ങൾക്കൊരു തലക്കെട്ട് കൊടുത്തൂടെ മാഷേ.. എന്റെ ഒരു അഭിപ്രായമാണേ.. ഓരോ പോസ്റ്റും ഓരോ തലക്കെട്ടിൽ പോരട്ടെ. അതാവുമ്പോൾ പിന്നീട് നമുക്ക് റെഫർ ചെയ്യാൻ എളുപ്പമാവും. എപ്പടി... പിന്നെ പാപ്പിറസ്. അത് വളരെ ഇഷ്ടായി. അത്തരം ചിത്രങ്ങളൊക്കെ വെറുതെ ഈ പോസ്റ്റുകളിൽ കാണാമെന്നല്ലാതെ.. ഹെയ്, ഇല്ല.. ഞാൻ പ്രസന്റ് സാർ പറയുന്ന പഴയ കുട്ടിയായീ.. അപ്പോൾ കെയ് റോ മ്യൂസിയത്തിൽ കാണാം.

  ReplyDelete
 30. അച്ചായാ...
  എല്ലാ ഭാഗങ്ങളും വായിക്കുന്നു. ഈ ഭാഗം വായിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ മസ്‌രിയും കൂടി, വിവരണങ്ങൾ തരാൻ. അവൻ മസർ കാണാൻ ക്ഷണിക്കുന്നു. അതിനും മുമ്പേ അച്ചായന്റെ വിവരണങ്ങൾ കൊതിപ്പിച്ചിരുന്നല്ലോ.

  തുടരുക... ആശംസകൾ!

  ReplyDelete
 31. വളരെ മനോഹരമായ ചിത്രങ്ങളും വിവരണങ്ങളും
  തുടരുക ..............ആശംസകള്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts