ബൂലോക ചരിത്ര വിസ്മയമായി മാറിയ ചെറായി മീറ്റിനു ശേഷം വീണ്ടുമൊരു ബ്ലോഗ്ഗേഴ്സ് സൌഹൃദ സംഗമത്തിന് കൂടി കേരളം വേദിയാകുന്നു. 2010 ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴ ടൌണില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള മണക്കാട് എന്ന ഗ്രാമത്തിലെ ജ്യോതിസ് ആഡിറ്റോറിയത്തില്‍ വെച്ചാണു തൊടുപുഴ മീറ്റ് നടത്തപ്പെടുന്നത്.
ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്' വിഭാവനം ചെയ്ത ഈ വര്‍ഷത്തെ മീറ്റ്, ചെറായി മീറ്റിന്റെ അമരക്കാരനായിരുന്ന ശ്രീ ഹരീഷ് തൊടുപുഴയാണ് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഏതാണ്ട് അറുപത്തി അഞ്ചോളം ബ്ലോഗ്ഗര്മാര് തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാവും എന്നറിയിച്ചിട്ടുണ്ട്.
തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്മാര് ഇവിടെ മുന്‍കൂട്ടി അറിയിക്കണം എന്ന് ശ്രീ ഹരീഷ് തൊടുപുഴ ആവശ്യപ്പെടുന്നു.
കേരള ബ്ലോഗ് അക്കാദമിയും മലയാളം ബ്ലോഗ് കൌണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച എറണാകുളം ബ്ലോഗ് ശില്പശാല പങ്കെടുത്തവര്‍ക്ക് ആവേശമായി മാറി. കലൂരിലെ മെക്ക ഹാളില്‍ മേയ് മുപ്പതാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആരംഭിച്ച ശില്‍പ്പശാലയില്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നു വരുവാന്‍ ഉദ്ദേശിക്കുന്ന നിരവധി പേര് പങ്കെടുത്തു.
ഒരു ബ്ലോഗ് എങ്ങിനെ ഉണ്ടാക്കാം അതില്‍ പോസ്റ്റുകള്‍ ചെയ്യുന്നതെങ്ങനെ എന്നാ വിഷയത്തില്‍ ബ്ലോഗ്ഗര്‍ ഡി.പ്രദീപ് കുമാര്‍ ക്ലാസ് എടുത്തു. പോഡ് കാസ്റ്റ് ചെയ്യുന്ന രീതികളെ വളരെ വിശദമായി പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. പോസ്റ്റുകള്‍ അഗ്രിഗേറ്റരുകളിലും കമന്റുകള്‍ മറുമൊഴിയില്‍ വരുന്നതിനെക്കുറിച്ചും ചിത്രകാരന് ക്ലാസ് എടുക്കുകയുണ്ടായി. മലയാളത്തിലെ പ്രമുഖ അഗ്രിഗേട്ടരുകളെ ചിത്രകാരന് പരിചയപ്പെടുത്തുകയുണ്ടായി, ഇന്ദ്രധനുസ്സ്, ആദ്യാക്ഷരി തുടങ്ങിയ ബ്ലോഗുകള്‍ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായ ബ്ലോഗുകള്‍ ആണെന്നും ചിത്രകാരന് പറഞ്ഞു.
ബ്ലോഗ്ഗര്മാരായ സുധീഷ്, മഹേഷ്, കൊട്ടോട്ടിക്കാരന്, മനോരാജ്, നിസ്സഹായന് ,ചാര്വ്വാകന്, നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പില്‍ ,സുജീഷ്, ജോഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോഗ് മീറ്റ് ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ ലൈവ് വീഡിയോ സ്ട്രീമിങ്ങും സംഘാടകര്‍ ഒരുക്കിയിരുന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമായി മാറി.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെകുറിച്ചും അവയുടെ ഡെമോയും മനോജ്, സൂരജ് എന്നിവര്‍ നടത്തിയത്, ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിന്‍ഡോസില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതിന്റെ സാക്ഷ്യം നിസ്സഹായനും സുധീഷും വെളിപ്പെടുത്തി.
കഴിഞ്ഞ ഒരുമാസത്തെ തയ്യാറെടുപ്പോടെ ശ്രീ പ്രവീണ്‍, നിസ്സഹായന്, മഹേഷ് സുധീഷ് എന്നിവരാണ് ബ്ലോഗ് ശില്‍പ്പശാലയ്ക്ക് മനോഹരമായ വേദി ഒരുക്കിയത്.
അടുത്തത് തൊടുപുഴ മീറ്റ്.
ബ്ലോഗ്ഗര്മ്നാര്ക്ക് ആവേശമായി തൊടുപുഴ മീറ്റ് ആഗസ്റ്റ് എട്ടാം തീയ്യതി നടക്കും. ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്' വിഭാവനം ചെയ്ത മീറ്റ് ശ്രീ ഹരീഷിന്റെ സംഘാടനത്തില്‍ വളരെ മികച്ച രീതിയില്‍ ആണ് നടത്തപ്പെടുന്നത്. ബ്ലോഗിങ്ങ് ചരിത്രത്തിന്റെ ഭാഗമായ് മാറിയ ചെറായി മീറ്റിന്റെ അമരക്കാരനും ശ്രീ ഹരീഷ് തൊടുപുഴ ആയിരുന്നു.
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ തൊടുപുഴ മീറ്റില്‍ വീണ്ടും കാണാം എന്ന അറിയിപ്പുമായാണ് യാത്ര പറഞ്ഞത്.
മഹനായ അലക്സാണ്ഡര് ചക്രവര്‍ത്തിയുടെ പേരിലുള്ള അലക്സാണ്ഡ്രിയ പുരാതനലോകത്തെ ഏറ്റവും അറിയപ്പെടുന്ന പട്ടണം ആയിരുന്നു. പിന്നീട് ആ പദവി ലഭിച്ചത് റോമിനു ആയിരുന്നുവെന്നു പറയാം. ചെയ്ത യുദ്ധങ്ങളെല്ലാം ജയിച്ചുവെങ്കിലും അലക്സാണ്ഡര് മുപ്പത്തി രണ്ടാമത്തെ വയസ്സില്‍ മരണത്തോടുള്ള മല്ലയുദ്ധത്തില്‍ തോറ്റ് രംഗം ഒഴിഞ്ഞു. എങ്കിലും ഇന്നും ധീരതയുടെയും, ഭരണ നൈപുണ്യത്തിന്റേയും ഏറ്റവും നല്ല മാതൃകയായി മഹാനായ അലക്സാണ്ഡറെ ലോകം വിലയിരുത്തുന്നു.
ബി.സി. 331 ല്‍ അലക്സാണ്ഡര് കണ്ടെത്തിയ ഈ പട്ടണം, ഏതാണ്ട് ആയിരം വര്‍ഷത്തോളം ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. പ്രാചീന സപ്താല്‍ഭുതങ്ങളില്‍ ഒന്നായിരുന്ന ലൈറ്റ് ഹൗസ് അല്ക്സാണ്ഡ്രിയായില് ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്.
ബൈബിളിലെ പഴയ നിയമത്തിന്റെ വിവര്‍ത്തനമായ സെപ്റ്റുവജെന്റ് ബൈബിള്‍ ക്രോഡീകരിച്ചത് അലക്സാണ്ഡ്രിയായില് വച്ച് ആയിരുന്നു എന്നതും ഈ പട്ടണത്തിന്റെ ഒരു പ്രത്യേകത തന്നെ. ടോളമിയുടെ കല്പനപ്രകാരം 70 യഹൂദ പണ്ഡിതന്മാര് ചേര്‍ന്ന് 72 ദിവസം കൊണ്ട് ഹീബ്രു ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു.ബി സി.132 ല്‍ ആയിരുന്നു ഈ വിവര്‍ത്തനം. ഇന്നും യഹൂദന്മാരും ക്രിസ്ത്യാനികളും പഴയ നിയമത്തിന്റെ ആധികാരിക - അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് സെപ്റ്റുവജെന്റ് ബൈബിള്‍ ആണ്. ചാവുകടന് ചുരുള്‍ പോലെയുള്ള പല മൂലഭാഷയിലെ (ആരാമ്യ - ഹീബ്രു) പല ലിഖിതങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നു ലഭ്യമായിട്ടുള്ള പൂര്‍ണ്ണമായ പഴയ നിയമ ഗ്രന്ഥം കൊയ്ന് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട സെപ്റ്റുവജെന്റ് ബൈബിള്‍ ആണെന്നു പറയാം.
ഇങ്ങനെ പലതു കൊണ്ടും പ്രാധാന്യമുള്ള പട്ടണത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
രാവിലെ ബ്രേക്ഫാസ്റ്റ് ഹാളിലെ യൂറോപ്യന്‍ പൌരന്മാരുടെ തിക്കും തിരക്കും കണ്ടപ്പോള്‍ സായിപ്പന്മാരോട് തെല്ലു അവജ്ഞ തോന്നാതെയിരുന്നില്ല. ഭവ്യതയും മാന്യതയും അവര്‍ക്കു പലപ്പോഴും വാക്കുകളിലേയുള്ളൂ, പെരുമാറ്റത്തിലില്ല. നമ്മുടെ നാട്ടിലെ ജാതീയതയെ വെല്ലുന്ന വംശീയതയുടെ മമ്മിയും പേറി നടക്കുന്ന ഈഗോയുടെ പിരമിഡുകളാണവര്. പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍!
യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ലഭിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ഐറിന് എത്ര രുചികരമായ ഭക്ഷണമായാലും പരിചയമില്ലാത്ത ഒന്നും കഴിക്കില്ല. പെപ്സിയും കൊക്കോ കോളയും കൊടുത്ത് ശീലിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും, തനി കേരളീയ ഭക്ഷണം വീട്ടില്‍ കൊടുത്തിരുന്നതുകൊണ്ടും, യാത്രയില്‍ ഉടനീളം ഭക്ഷണം ഒരു പ്രശ്നം തന്നെ ആയിരുന്നു.
എങ്കിലും ഡ്രൈവര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ റെഡിയായി, റൂം ചെക്ക് ഔട്ട് ചെയ്ത് ലോബിയില്‍ കാത്തിരിക്കുകയായിരുന്നു. രാവിലെ റോഡില്‍ തിരക്കു ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് വളരെ വേഗം പട്ടണത്തിനു വെളിയില്‍ കടന്നു. നിരന്ന കൃഷി സ്ഥലത്തു കൂടിയായിരുന്നു യാത്ര. ഇരു വശത്തും ഗോതമ്പു പാടങ്ങള്‍. പുറത്ത് തണുത്ത കാറ്റ്. വണ്ടിയുടെ ചില്ലു താഴ്ത്തി പുറത്തേയ്ക്കു നോക്കി. ഉയര്‍ന്ന മലകളോ കുന്നുകളോ എങ്ങും കാണാനില്ല. അതിവേഗം ഓടുന്ന ജീപ്പില്‍ പിന് സീറ്റില്‍ ചാരിയിരുന്നു ഞാന്‍ കണ്ണുകളടച്ചു. എല്ലാവരും വണ്ടിക്കുള്ളില്‍ ദൂരെയ്ക്കു നോക്കി കാഴ്ചകള്‍ കണ്ട് മൗനമായിരുന്നു. ഇരുണ്ട ഭൂഘണ്ഡത്തിലെ നിരന്ന പാടത്തിന്റെ നടുവിലൂടെ പോകുമ്പോള്‍, അങ്ങു ദൂരെ കേരളത്തിലെ പെരുവയ്ക്കടുത്ത മുളക്കുളം നെല്പാടങ്ങളാണ് ഓര്‍മ്മ വന്നത്. അതിനടുത്ത് എവിടെയോ ആയിരുന്നു അമ്മ വീട്. കൃത്യമായി അറിയില്ല. കുടിയേറ്റക്കാരനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല കയറിയവര്‍ ആരും വേരുകള്‍ തേടി തിരികെപ്പോരുവാന്‍ മെനക്കെട്ടില്ല, കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.
"മുളക്കുളം പാടത്തിനു കുറുകെ കാക്ക പോലും പറക്കില്ല" അന്നാട്ടുകാര്‍ പറയുമായിരുന്നു പോലും.
ഇടയ്ക്കു വിശ്രമിക്കാതെ അതി വിസ്തൃതമായ പാടശേഖരം മുറിച്ചു അക്കരെ കടക്കാന്‍ കാക്കയ്ക്കു പോലും കഴിയില്ലത്രേ!
കോളേജില്‍ പഠിക്കുമ്പോല്‍ ആദ്യമായി ആ പാടത്തിന്റെ നടുവിലൂടെ ബസ്സില്‍ പോയതും, മലമുകളില്‍ ജീവിച്ച എനിക്ക് അല്‍ഭുത കാഴ്ച ഒരുക്കിയ വിശാലമായ പാടത്തിന്റെ നടുക്ക് ബസ്സില്‍ നിന്നും ഇറങ്ങിയതും, പിന്നെ നടന്നു തളര്‍ന്നതും എല്ലാം മിസ്രയീമിലെ ഗോതമ്പു പാടത്തിന്റെ മധ്യത്തിലൂടെ പോകുമ്പോള്‍ സുഖമുള്ള ഓര്‍മ്മയായി ഓടിയെത്തി.
ഇന്ന് ആ പാടങ്ങള്‍ അങ്ങിനെ തന്നെ അവിടുണ്ടാവുമോ ? ഉണ്ടാവാന്‍ വഴിയില്ല.
നൈല്‍ നദിയിലെ വെള്ളം കൊണ്ട് അന്നാട്ടുകാര്‍ പരുത്തിയും, ഗോതമ്പും മെയിസും ധാരാളമായി കൃഷി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഗുണ്മേയേറിയ ഈജിപ്ഷ്യന്‍ കോട്ടന്‍ ഈ പ്രദേശങ്ങളിലാണ് വിളയുന്നത്.
പത്തു മണി ആയപ്പോഴേയ്ക്കും പട്ടണത്തെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇന്നു രാത്രി ഞങ്ങള്‍ തങ്ങുന്നത് ഇവിടെയാണ്. ഇവിടെയുള്ള പ്രധാനപ്പെട്ട അഞ്ചു സന്ദര്‍ശന സ്ഥലങ്ങള്‍ മാത്രമേ ഞങ്ങളുടെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പട്ടണത്തിലേക്കു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള ഗൈഡ് ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ഒരു ടിപ്പിക്കല്‍ മസ്റി. ഇതുവരെ കണ്ടവരെപ്പോലെയല്ല, ഗള്‍ഫില്‍ കാണുന്ന മസറിയാണ് ഇതെന്ന് ആദ്യ വാചകത്തില്‍ തന്നെ മനസിലായി.
"റോമന്‍ തീയേറ്റര്‍ ആണ് നമ്മുടെ ആദ്യ സന്ദര്‍ശന സ്ഥലം" പരിചയപ്പെടലുകളും ഔപചാരികതകള്ക്കും ഒടുവില്‍ അദ്ദേഹം പറഞ്ഞു.
വാഹനം പട്ടണത്തിലേയ്ക്കു കടന്നു, അതു വരെ കണ്ട ഈജിപ്റ്റ് പോലെ അല്ലായിരുന്നു. ഒരു വികസിത രാജ്യത്ത് ചെന്ന പ്രതീതി. മനോഹരങ്ങളായ കൂറ്റന്‍ കെട്ടിടങ്ങളും വീതിയുള്ള റോഡുകളും വൃത്തിയുള്ള നടപ്പാതകളും ഉള്ള അലക്സാണ്ഡ്രിയ പട്ടണം ഒരു യൂറോപ്യന്‍ പട്ടണമാണെന്നേ തോന്നുകയുള്ളൂ.
റോഡിന്റെ ഒരു വശത്ത് മെഡിറ്ററേനിയന്‍ കടല്‍. ഏറ്റവും ആകര്‍ഷകമായി തോന്നിയത് പഴയ ഡിസൈനിലുള്ള തെരുവു വിളക്കുകളാണ്. കൊത്തുപണികളുള്ള കാസ്റ്റ് അയേണില്‍ തീര്‍ത്ത വിളക്കു കാലില്‍ തൂക്കിയിട്ടിരിക്കുന്ന ലൈറ്റ്.
നഗര മധ്യത്തില്‍ തിരക്കൊഴിഞ്ഞ ഒരു ചെറിയ കുന്നിന്റെ പുറത്തു വണ്ടി നിറുത്തി. ഗൈഡ് പെട്ടെന്നു ടിക്കറ്റുമായി എത്തി. മറ്റെല്ലായിടത്തും ഉള്ളതുപോലെ സെക്യൂരിറ്റി പരിശോധന ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും സന്ദര്‍ശകരുടെ തിരക്ക് ഇവിടെയും കുറവല്ലായിരുന്നു.
റോമന്‍ തീയേറ്റര്‍ എന്നു പറഞ്ഞെങ്കിലും കാര്യമെന്താണെന്നു കൃത്യമായി മനസിലായത് അകത്തു കയറിയപ്പോള്‍ ആണ്. റോമാക്കാര്‍ ഭരിച്ച നാടുകളിലെല്ലാം ഇരട്ട തീയേറ്റര്‍ എന്ന അര്‍ഥം വരുന്ന ‘ആംഭിതീയേറ്ററുകള്’ പണിയാറുണ്ടായിരുന്നുവത്രേ.
1967ല്‍ ഒരു ബഹുനിലക്കെട്ടിടം പണിയുവാന്‍ അസ്ഥിവാരം കുഴിച്ചപ്പോഴാണ്, അവിടെയും റോമാക്കര്‍ തീയേറ്റര്‍ പണിതിരുന്നു എന്നു ഈജിപ്റ്റുകാര്‍ അറിയുന്നത്. തീയേറ്ററിന്റെ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയ മാര്‍ബിള്‍, ഈജിപ്റ്റില്‍ നിന്നും ഉള്ളവയായിരുന്നില്ല. റോമാക്കാര്‍ യൂറോപ്പില്‍ നിന്നും കൊണ്ടുവന്നതായിരുന്നു.
മധ്യത്തില്‍ കരിങ്കല്ലുകൊണ്ടു പണിതിരിക്കുന്ന ഒരു സ്റ്റേജ്. ചുറ്റും അര്‍ദ്ധ വൃത്താകൃതിയില്‍ മാര്‍ബിളില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍. ഏതാണ്ട് 800 പേര്‍ക്കു ഇരുന്ന് കാണുവാന്‍ പാകത്തില്‍ പതിമൂന്നു സ്റ്റെപ്പുകളായി മുകളിലോട്ട് പണിതിരിക്കുന്നു. റോമന്‍ വാഴ്ചയുടെ കാലത്തു ഇവിടെയാണ് നാടകങ്ങളും കലാ പ്രകടനങ്ങളും അരങ്ങേറിയുരുന്നത്.
ഗൈഡ് സ്റ്റേജിന്റെ മധ്യത്തുലേക്കു ഞങ്ങളെ വിളിച്ചിട്ട് ഉച്ചത്തില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന്റെ പ്രത്യേകതകൊണ്ട് ഞങ്ങളുടെ ശബ്ദം പ്രതിധ്വനിച്ച് വലിയ ശബ്ദമായി മുഴങ്ങി കേള്‍ക്കാമായിരുന്നു. എന്നാല്‍ വ്യക്തതയ്ക്കു ഒരു കുറവുമില്ലായിരുന്നു. ഉച്ചഭാഷിണിയും മറ്റുസംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്തെ മനുഷ്യര്‍ കണ്ടുപിടിച്ച ഇത്തരം പല സാങ്കേതിക വിദ്യകളും നമ്മെ അമ്പരപ്പിക്കും. രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ തീയേറ്ററിന്റെ വ്യാസം ഏതാണ്ട് 42 മീറ്റര്‍ ഉണ്ടായിരുന്നു.
തീയറ്ററിനോട് ചേര്‍ന്ന മതിലില്‍ മണ്ണിനടിയില്‍ മൂടപ്പെട്ടുപോയ തീയേറ്ററിന്റെ വിവിധ ഭാഗങ്ങള്‍ കുഴിച്ചെടുക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഞങ്ങള്‍ അല്പ സമയം കൂടി ചിലവഴിച്ച ശേഷം അവിടുത്തെ സന്ദര്‍ശനം മതിയാക്കി പുറത്തുകടന്നു.
കാറ്റാകോമ്പിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. സുരക്ഷിതത്വത്തിനോ, ശവ സംസ്കാരത്തിനോ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഭൂഗര്‍ഭ തുരങ്കങ്ങളാണ് കാറ്റാ കോമ്പുകള്‍. റോമന്‍ അധിനിവേശ രാജ്യങ്ങളിലും, ഉക്രൈന്, അയര്‍ലന്‍ഡ്, പെറു തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അലക്സാന്‍ഡ്രിയായില്‍ ഉള്ളതുപോലെയുള്ള ഭൂഗര്‍ഭ അറകള്‍ ഉണ്ട്.
1990 ല്‍ അലക്സാന്‍ഡ്രിയായിലെ കര്മൌസ് ജില്ലയില്‍കൂടി പോയ ഒരു കഴുതവണ്ടി മണ്ണിനടിയിലേയ്ക്കു താണു പോയി.പരിഭ്രാന്തരായ ദേശവാസികളൊരുമിച്ചുകൂടി മണ്ണ് കുഴിച്ചു ചെന്നപ്പോള്‍ കണ്ടെത്തിയ കല്ലില്‍ വെട്ടിയുണ്ടാക്കിയ തുരങ്ക സമാനമായ ശ്മശാനമാണ് അലക്സാണ്ഡ്രിയായിലെ കാറ്റാ കോമ്പ്. ഒന്നാം നൂറ്റാണ്ട് മുതല്‍, നാലാം നൂറ്റാണ്ടു വരെ ഇത് ഉപയോഗ സജ്ജ്മായിരുന്നുവെന്നു ചരിത്രകാരന്മാര് പറയുന്നു.
ഞങ്ങള്‍ ഒരു കൂറ്റന്‍ കമാനത്തിനു മുന്നില്‍ ഇറങ്ങി.
അകത്തു ക്യാമറ അനുവദനീയമല്ല എന്നു പറഞ്ഞു കാവല്‍ക്കാരായ ടൂറിസ്റ്റു പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി. കവാടത്തിന്റെ ഒരു ഫോട്ടോ എടുത്തിട്ടു ക്യാമറ വണ്ടിയില്‍ വച്ചിട്ടു മടങ്ങി വന്നു. അകത്തെ വിശാലമായ ഗ്രൌണ്ടില് ചില ശവ കുടീരങ്ങള്‍ ഉണ്ടായിരുന്നു. ഒട്ടും സമയം കളയാതെ ഞങ്ങള്‍ ഭൂഗര്‍ഭ - തുരങ്ക - ശ്മശാനത്തിന്റെ അകത്തേയ്ക്കു നടന്നു. പ്രധാന വാതില്‍ കടന്നു അകത്തു കടന്നു. ഉള്ളില്‍ വെളിച്ചം തീരെ കുറവായിരുന്നു. ഇടുങ്ങിയ ഇടനാഴി പിന്നിട്ടു മുന്‍പോട്ടു പോയി. വിശാലമായ ഒരു ഹാളില്‍ എത്തി. ഹാളിന്റെ മധ്യത്തില്‍ ആഴമുള്ള ഒരു കിണര്‍. കിണറിന്റെ മുകള്‍ വശത്ത് ഹാളിന് മേല്‍ക്കൂര ഇല്ലായിരുന്നു. കിണറിന്റെ ചുറ്റും തടികൊണ്ടുള്ള പടികള്‍. എന്തായാലും ഒന്നു രണ്ടു ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കാന്‍ തന്നെ തീരുമാനിച്ചു.
ശവ സംസ്കാര സമയത്ത്, ഈ ഹാളിന്റെ മുകളില്‍നിന്നും കയറുകെട്ടി ശവ ശരീരം കിണറ്റിലേക്കു ഇറക്കും.
“മൂന്നു നിലകളില്‍ ആയി നിരവധി ഭൂഗര്‍ഭ അറകളുണ്ട്.“ ഗൈഡ് വിശദീകരിച്ചു. “നമുക്ക് താഴേയ്ക്കു പോകാം. ആകെ 99 നടകള്‍ ഉണ്ട്, ഈ കിണറിനു ചുറ്റും.“
ഞങ്ങള്‍ നട ഇറങ്ങാന്‍ തുടങ്ങി. ഒരു നില അടിയില്‍ ചെന്നപ്പോള്‍ കിണറ്റിനകത്തേയ്ക്കു ഒരു വാതില്‍.
“മരിച്ച ആളിന്റെ നിലയും വിലയും അനുസരിച്ചാണ് ഏതു നിലയിലാണ് അടക്കം ചെയ്യുന്നത് എന്നു നിശ്ചയിക്കുന്നത്.“ ഗൈഡിന്റെ വിശദീകരണം തുടര്‍ന്നു.
“ദരിദ്രനെങ്കില്‍ ഈ നിലയിലുള്ള ഈ കിളിവാതിലിലൂടെ ശവം അകത്തേയ്ക്ക് എടുക്കും.“
“പിന്നെ നമ്മുടെ പിന്നിലെ ഹാളിലൂടെ അതിനപ്പുറത്തുള്ള നീണ്ട ഇട നാഴിയില്‍ എത്തിക്കും” ഞങ്ങള്‍ അങ്ങോട്ടു നടന്നു. ഇപ്പോള്‍ ഞങ്ങള്‍ മണ്ണിനടിയില്‍ ഏതാണ്ട് 12 അടി താഴ്ചയിലാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ചെന്നെത്തിയ സ്ഥലത്ത് പാറയില്‍ വെട്ടിയുണ്ടാക്കിയ അസംഖ്യം കല്ലറകള്‍.
ആ നിലയില്‍ നിന്നും തിരികെ വന്ന ഞങ്ങള്‍ രണ്ടും മൂന്നും നിലകളില്‍ താഴെയിറങ്ങി. കൂടുതല്‍ താഴേയ്ക്കിറങ്ങിയപ്പോള്‍ അല്പം ഭയവും മടുപ്പും തോന്നാതിരുന്നില്ല. ഓരോ കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ വിചിത്രങ്ങളായ ആചാരങ്ങളോര്ത്ത് അല്‍ഭുതപ്പെട്ടു പോയി.
വളരെ മുറുകെപ്പിടിക്കുന്ന നമ്മുടെ പല വിശ്വാസങ്ങളും ആചാരങ്ങളും കുറെക്കഴിയുമ്പോള്‍ നമ്മുടെ കൊച്ചു മക്കള്‍ക്കു ചിരിക്കു വക നല്കുമെന്നതു തീര്‍ച്ച!
ഞങ്ങള്‍ വെളിയില്‍ കടന്നു. അപ്പോഴേയ്ക്കും നന്നായി വിശന്നു തുടങ്ങി. "ഇനി ആഹാരം കഴിഞ്ഞിട്ടു ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ അലക്സാണ്ഡ്രിയാ ലൈബ്രറിയിലേക്കു പോകാം.."
ഞങ്ങള്‍ അതു ഗൈഡിനോട് അങ്ങോട്ടു പറയാന്‍ തുടങ്ങുകയായിരുന്നു.
(ഊണിനു ശേഷം, ലോകോത്തര പുസ്തകശാലയിലെ വിശേഷങ്ങള്‍...)
അടുത്തിടേയായി ടിവിയില്‍ എങ്ങാനും പൂരമോ, ഉത്സവമോ, പെരുന്നാളോ, എഴുന്നള്ളിപ്പോ കാണുമ്പോള്‍ ഭയമാണ്. ഏതു നിമിഷം എന്നറിയില്ല, അതിലെ ഗജവീരന്റെ സ്വഭാവം പെട്ടെന്ന് മാറുകയും പാപ്പാനെയോ, ചെണ്ടക്കാരനെയോ കൊമ്പില്‍ കോര്‍ക്കുകയോ ചെയ്യുന്നത്. പൂരവും, മേളവും ലൈവ് ആയി കാണിക്കുന്ന ചാനലുകാര്, മതിലിനപ്പുറത്തേയും, കല്മണ്ഡപത്തിനു മുകളിലെയും സുരക്ഷിതമായ തട്ടുകളില്‍ ഇരുന്ന്, ഞങ്ങള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ എന്തെങ്കിലും ഒന്ന് വീണുകിട്ടണേ, എന്ന് പ്രതീക്ഷിക്കുന്നുമുണ്ടാവും. ആഘോഷങ്ങള്‍ കഴിയുന്നത് വരെയും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് ചങ്കിടിപ്പോടെ തന്നെ പ്രേക്ഷകരായ നാമൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന്റെ ചില ദൃശ്യങ്ങള്‍ വാര്‍ത്താ മദ്ധ്യേ കാണുവാന്‍ ഇടയായി. വലിയൊരു ജന്തുസ്നേഹി അല്ലെങ്കിലും, ഞാന്‍ കണ്ട ഒരു ദൃശ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഗജവീരന് തന്റെ അടുത്ത് നില്ക്കുന്ന മറ്റൊരു ആനയുടെ മേലേയ്ക്കു കുഴഞ്ഞു വീഴുന്നു. അത് ചാനലുകാര് സ്ലോമോഷനിലും മറ്റും വീണ്ടും വീണ്ടും പുനര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല. ഈ സംഭവത്തെക്കുറിച്ചു പിന്നാമ്പുറങ്ങളിലെ വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, മദപ്പാട് കണ്ട ആനയെ 'വാട്ടാന്‍' (ആനക്കാരുടെ പ്രയോഗം), അവനു വെള്ളം കൊടുക്കാതെയിരുന്നുവത്രേ. കാരണം വെള്ളം കൊടുക്കാതെ വാട്ടിയാല്‍ അവന് പ്രകോപിതനാവാതെ തളര്‍ന്നു പോകുമത്രേ. വരും കാലങ്ങളില്‍ പ്രതിപക്ഷത്തെ വാട്ടാന്‍ ഭരണപക്ഷവും ഈ വിദ്യ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കേരളത്തിലെ ജലസേചനവകുപ്പ് ഇടയ്ക്കിടയ്ക്ക് പൊതുജനങ്ങളെ വെള്ളം കൊടുക്കാതെ വാട്ടാറുണ്ട്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ആന മദപ്പാടിലോ മറ്റു പീഡനങ്ങളിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം ആണത്രേ പ്രശ്നത്തിന് തുടക്കം. പാപ്പാന് ഒരടി (എവിടെയാണെന്നറിയില്ല) കൂടി കൊടുത്തതോടെ അവന് കൂടുതല്‍ പ്രകോപിതനായി. എതായാലും എന്തായി? മൂന്ന് ജീവന് പൊലിഞ്ഞു. പിന്നീട് തളച്ച ആനയെ സഹൃദയര്‍ ചേര്‍ന്ന് നല്ലതുപോലെ പെരുമാറിയെന്നും സംസാരം.
ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അല്ല ആവര്‍ത്തിക്കുമ്പോള്‍, ഒരു സാധാരണ മനുഷ്യന് എന്ന നിലയില്‍ ഞാനും ചിന്തിച്ചു, ഒരു പക്ഷേ ഇത്തരം ഏര്‍പ്പാടുകള്‍ ഇനി നിരോധിക്കുമായിരിക്കും എന്ന്. ഒന്നും നടന്നില്ല. അല്ലെങ്കില്‍ നടക്കാന്‍ സമ്മതിച്ചില്ല. കോടതിയെക്കാളും, നിയമത്തെക്കാളും സ്വാധീനശക്തിയുള്ള ദേശക്കാരും, വിഭാഗക്കാരും, തമ്പ്രാക്കന്മാരും വാഴുന്ന ഈ നാട്ടില്‍ എന്ത് നടക്കാന്‍? അല്ലെങ്കില്‍ അവരുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ഓച്ചാനിച്ച് നില്ക്കുന്ന ഭരണകര്‍ത്താക്കള്‍ എന്ത് ചെയ്യാന്‍?
ശരിക്കും ആനപ്രേമി, അല്ലെങ്കില്‍ ആനകമ്പം എന്താണെന്ന് എനിക്ക് അറിയില്ല. ആനയോടുള്ള പ്രേമം അല്ലെങ്കില്‍ സ്നേഹമാണോ ഉദ്ദേശിക്കുന്നത്? ഇത് ഈ കമ്പക്കാര്‍ക്ക് തന്നെ അറിയില്ല. മറിച്ച്, തങ്ങളുടെ ഗര്‍വ്വും, പ്രമാണിത്വവും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുവാനുള്ള ഒരു കപട നാടകം തന്നെയല്ലേ ഈ ആനകമ്പം? നമ്മുടെ ചില ചലച്ചിത്ര നടന്മാര്ക്കും ഉണ്ടല്ലോ ഈ ആനകമ്പം. മറിച്ച്, ശരിക്കും ആനയോടുള്ള സ്നേഹമാണെങ്കില്‍ സുഹൃത്തെ, ആ പാവം വന്യജീവി ജീവിക്കേണ്ടത് വനത്തിലാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റാണ്. നാട്ടില്‍ എവിടെയാ ആനയുള്ളത്? വനത്തില്‍ ആനക്കുഴി നിര്‍മ്മിച്ച് കുടുക്കിലാക്കുന്ന ആനയെ മെരുക്കിയെടുത്തു നാട്ടാനയാക്കുന്നു! നിലമ്പൂരിലെ നെടുങ്കയം പോലുള്ള സ്ഥലങ്ങളില്‍ ആനക്കൂട്ടില്‍ കഴിയുന്ന പുതുതായി പിടികൂടപെട്ട കരിവീരന്മാരുടെ അസ്വസ്ഥത ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷയുള്ള നമ്മുടെ നാട്ടില്‍, ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗജവീരനെ കൈവശം വയ്ക്കുന്നതില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളത്? അതിനു ലൈസന്‍സ് ഉണ്ടത്രേ. അങ്ങിനെയെങ്കില്‍ കൈയ്യില്‍ കാശുള്ളവനൊക്കെ ലൈസന്‍സ് എടുത്ത് പുലിയെയും, മയിലിനെയും, കരടിയും മറ്റും കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്നു വീട്ടില്‍ വളര്‍ത്തിക്കൂടെ? അവിടെയെല്ലാം നമ്മുടെ വന്യജീവി സംരക്ഷണനിയമം നിശബ്ദത പാലിക്കുന്നു.
ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞെത്തിയ വധൂവരന്മാരെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് ഒരു ഗജവീരന്. ഹാരമെടുത്തു കഴുത്തില്‍ ഇടുന്നതിനു പകരം, ഒരു കുസൃതി തോന്നി അവന് വരന്റെ കഴുത്തിനു പിടിച്ചു തള്ളിയിരുന്നെന്കില്‍ വിവാഹം അത്യാഡംബരപൂര്‍ണ്ണമാകുമായിരുന്നു. അത് നോക്കി നിന്ന എനിക്ക് പഴയ ഒരു സിനിമയിലെ രംഗവും ഓര്മ വന്നു. "പനിനീര് തളിയാനേ..... പനിനീര് തളിയാനേ.....". കരയിലെ വമ്പനായ ഈ വിദ്വാന് കലികയറിയാല്‍, റോക്കറ്റ് എന്ജിന് ഘടിപ്പിച്ചു നിയന്ത്രണം കൈവിട്ട ബുള്‍ഡോസര്‍ പോലെയാവും സ്ഥിതി. പിന്നെ ആ പരിസരം എന്താണെന്ന് പറയണ്ടല്ലോ? പത്തു കാശ് കയ്യില്‍ ഉണ്ടെങ്കില്‍ എന്തെല്ലാം പുകിലുകള്! മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരുന്ന കന്യാകുമാരി ദേവസ്വം വക ഗോപാലന് എന്ന ആന ഇടഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റ സംഭവവും ആരും മറന്നിട്ടില്ല.
പേരില്‍ സൗന്ദര്യമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ ഒരു അമരക്കാരന് പറഞ്ഞത് ഇതാണ്. "തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്". ആയിക്കൊള്ളു സുഹൃത്തേ, അതിനു പൊരിവെയിലത്ത് ഈ പാവങ്ങളെ എഴുന്നള്ളിച്ചു നിര്‍ത്തണോ?. പിന്നെ അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം: വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എഴുന്നള്ളിക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. എന്തൊരു കഷ്ടപ്പാട്! എന്നാലും അതുങ്ങളെ വെറുതെ വിടില്ല എന്ന് തന്നെ. ടൂറിസം സാധ്യതകള്‍ ആണ് ഇതിന്റെ മുഖ്യലക്ഷ്യം എന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും.
മനുഷ്യന് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്ന് തന്നെയാണ് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഉത്സവങ്ങളും, പെരുന്നാളുകളും, പൂരങ്ങളും. ചൂട് തീരെ സഹിക്കാന്‍ പറ്റാത്ത ഒരു ജീവിയാണ് ആന. വിയര്‍പ്പുഗ്രന്ധികള്‍ കുറവായതിനാലോ മറ്റോ ആവാം അത്. അതൊക്കെ ശാസ്ത്രീയ വശങ്ങള്. അതുകൊണ്ടാണ് മൂപ്പര് ഇടയ്ക്കിടെ തനിയെ മണ്ണോ, ചെളിയോ, വെള്ളമോ വാരി അഭിഷേകം നടത്തുന്നത്. ആ പാവത്തിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ദേവപ്രീതിക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. ചൂട് സഹിക്കാനാവാതെ പുള്ളിക്കാരന് ചെവിയാട്ടുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിഡ്ഢികള്‍ കരുതുന്നത്, അവന് മട്ടന്നൂരിന്റെ തായമ്പക ആസ്വദിക്കുകയാണെന്നാണ്.
ഇക്കാര്യം ഞാന്‍ ഈയിടെ എന്റെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്നോട് കയര്‍ത്തു. എന്താ ഹേ? ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാര്യത്തെ പറ്റിയാണോ താന്‍ ഇങ്ങനെ സംസാരിക്കുന്നത്? ആനകളും, വെടിക്കെട്ടും ഇല്ലാത്ത എന്ത് പൂരമാ? അതൊക്കെ കാണാന്‍ എന്തുമാത്രം ടൂറിസ്റ്റുകള്‍ ആണെന്നോ വന്നെത്തുന്നത്? കഷ്ടം! വര്‍ഷം മുഴുവന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലും, കോവളത്തും, ആലപ്പുഴയിലും ആനയെ നിര്‍ത്തിയും, വെടിക്കെട്ട് നടത്തിയുമാണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്? എന്നാല്‍ ഇപ്പോഴുള്ള പൂരങ്ങളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും, വെടിക്കെട്ട്, കമ്പം എന്നിവ ഒരുതരം ബോംബ് സ്ഫോടനം തന്നെയാണെന്ന് പറയാതെ വയ്യ. ചിരട്ടയ്ക്ക് പകരം ലോഹം ഉപയോഗിച്ചാല്‍ അത് ഉഗ്രശേഷിയുള്ള ബോംബുകള്‍ തന്നെയാണ്. ഈ വെടിക്കെട്ടുകള്‍ക്ക് ഉഗ്രസ്ഫോടനശബ്ദം ഉണ്ടാക്കുവാന്‍ പൊട്ടാഷ്യം ക്ലോറൈഡ് വരെ ഉപയോഗിക്കുന്നതായി കേട്ടിരിക്കുന്നു. ചെകിടടപ്പിക്കുന്ന ഇത്തരം പേക്കൂത്തുകളും അവസാനിപ്പിക്കണം. വികസിതരാജ്യങ്ങളില്‍ ശബ്ദങ്ങള്‍ക്ക് വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടെ ശബ്ദം കൂടുതല്‍ ഉള്ള വിമാനങ്ങള്‍ക്ക് പോലും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നു. ആ നാട്ടില്‍ നിന്നും വരുന്നവര്‍ക്കുവേണ്ടി ഉഗ്രസ്ഫോടനങ്ങള്‍ നടത്തുക എന്ന് വച്ചാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തന്നെ. വിദേശരാജ്യങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളും, വെടിക്കെട്ടുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ലേസര്‍ ഷോയ്ക്കും മറ്റും വഴിമാറിയിരിക്കുന്നു. പിന്നെ നമ്മുടെ പ്രാകൃതമായ വെടിക്കെട്ട് കാണാന്‍ വിദേശികള്‍ എത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാണെന്ന് പറയാതെ വയ്യ. സിഡ്നിയില്‍ പുതുവര്‍ഷത്തിലും, അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തിലും "Fireworks" നടക്കാറുണ്ട്. നമ്മുടെ പൂരങ്ങളില്‍ നടക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് നയനാനന്ദകരമായി തന്നെ. അവിടെ വെടിക്കെട്ടിനെക്കാള്‍ ഉയരത്തില്‍, സംഗീതവും, ആരവങ്ങളും കേള്‍ക്കാം. അതില്‍നിന്നും മനസ്സിലാകുന്നത് എത്രമാത്രം ശബ്ദം കുറച്ചാണ് അവര്‍ അത് നടത്തുന്നത് എന്നാണു.
പ്രാകൃതമായ ഈ വെടിക്കെട്ട് നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. അവരുടെയൊക്കെ കണക്ക് ആര് നോക്കാന്‍! പാലക്കാട് തൃത്താല മേഴത്തൂരിനടുത്തു മുടവന്നൂര്‍ ചെങ്കല്‍ ക്വാറിക്ക് അടുത്തുള്ള പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ചു മരിച്ചത് അഞ്ചുപേര്‍ ആണ്. കോഴിക്കോട് മിട്ടായി തെരുവിലാണെങ്കില് പൊലിഞ്ഞത് ഏഴു ജീവനുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും.
ഉത്സവങ്ങളും, പൂരങ്ങളും, പെരുന്നാളുകളും നടക്കട്ടെ. എത്ര മെരുക്കി എടുത്താലും ആന ഒരു വന്യ മൃഗം തന്നെയാണ്. ആയിരങ്ങള്‍ കൂടുന്ന ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക് ഭീഷണി ആയേക്കാവുന്ന ഇത്തരം കീഴ്വഴക്കങ്ങള് ഒഴിവാക്കണം. പ്രകൃതിക്കും, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്കും, ജീവനും, ശരീരത്തിനും, നിര്‍മ്മിതികള്‍ക്കും കേടു വരുത്തുന്ന രീതിയില്‍ ഉള്ള ഉഗ്ര ശബ്ദ സ്ഫോടനങ്ങളും ഒഴിവാക്കണം. പാരമ്പര്യങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവര്‍ത്തിയില്‍ വരുത്തുക. എന്നിട്ട് ഉദ്ഘോഷിക്കുക, "ഞങ്ങള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്".
കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്? നമുക്ക് കിട്ടുന്ന ചിത്രങ്ങള്‍ സത്യമാണോ? പത്ര - ദൃശ്യ മാധ്യമങ്ങള്‍ ചില നുണകളെ സത്യമായി അവതരിപ്പിക്കുന്നു. നാമത് വാരി വലിച്ചു വിഴുങ്ങുന്നു. ആരോടും ഒന്നും മിണ്ടാതെ അതൊക്കെ സര്‍വ സാധാരണം എന്ന മട്ടില്‍ നാം അടുത്ത വാര്‍ത്തക്കായി കാതോര്‍ക്കുന്നു. പോലീസിന്റെ അടി ഭയന്ന് ഓടി പോകുന്ന വൃദ്ധന് തട്ടി വീഴുന്നത്, കല്ലില്‍ തലയിടിച്ചു ചോര വാര്‍ന്നു വീഴുന്നത്. ആ രംഗം പോലീസിന്റെ അക്രമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നാം എന്നും നുണകള്‍ വെട്ടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ജനത. ഈ ലോകം എങ്ങനെയെന്നു നാം അറിയരുതെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. വീണുകിട്ടുന്നത് ചിന്തക്ക് ഇടം കൊടുക്കാതെ വെട്ടി വിഴുങ്ങുക. പുതിയ ലോക ക്രമം അങ്ങനെയാണ്. നാം എങ്ങനെ ആകണമെന്ന് നാമല്ല തീരുമാനിക്കുന്നത്.
എം.കെ.മുനീര്‍ മന്ത്രി ആയിരിക്കേ, കേരളത്തെ രണ്ടായി പകുത്തു എക്സ്പ്രസ് ഹൈവേ പണിയാന്‍ തിടുക്കം കൂട്ടി. അതിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുണ്ടായി. അതിനു മുമ്പ്, കെ.കരുണാകരന് മുഖ്യമന്ത്രി ആയിരിക്കേ, നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിന് വേണ്ടി മുന്നിട്ടിറങ്ങി, അതിനെ എതിര്‍ത്തു സഖാവ് ശര്‍മ അങ്ങനെ ഒരു എയര്‍പ്പോര്‍ട്ട് വരികയാണെങ്കില്‍ തന്റെ നെഞ്ചില്‍ കൂടിയേ വിമാനം ഇറക്കാന്‍ ആകൂ എന്ന് ഗീര്‍വാണം മുഴക്കി. അതേ ശര്‍മ മന്ത്രി ആയിരിക്കെ എയര്‍പ്പോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തി. വികസനം വേണ്ട എന്നല്ല, വികസനം വേണം. ഏതൊരു വികസനവും വരുമ്പോള്‍ അതിന്റെ പ്രയോജനം ഏറ്റവും താഴെ തട്ടില്‍ വരെ എത്തുക തന്നെ വേണം. എന്ന് കരുതി ഒരു വികസനവും പ്രകൃതിയെ തകര്‍ത്ത് കൊണ്ടാകരുത്. യാതൊന്നും തനിയെ നിലനില്ക്കുന്നില്ല എന്നോര്‍ക്കുക. ഒന്നിന്റെത് മറ്റൊന്നിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചു കൊണ്ടാണ്.
കാലം പോകുന്നു. നുണകള്‍, ശരിയായി വായിക്കപ്പെടുന്നു. പുതു സംഭവങ്ങള്‍ പഴയ സംഭവത്തെ മറവിയിലേക്ക് തള്ളുന്നു. ഇവിടെ എന്നല്ല ലോകത്ത് ഒരിടത്തും പ്രശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. ഒരു പ്രശ്നം മറ്റൊരു പ്രശനത്താല്‍ കുഴിച്ചു മൂടപ്പെടുകയാണ്.
പക്ഷെ കിനാലൂരില്‍ നടക്കുന്നത് എന്താണ്? ഓരോരുത്തര്‍ക്കും അവരുടെതായ നിലപാടിനോത്തു ഓരോ അഭിപ്രായമുണ്ട്. അതു സാമ്പത്തികം ആകാം, രാഷ്ട്രീയം ആകാം. പക്ഷെ മനുഷ്യ പക്ഷത്തു നിന്നും സംസാരിക്കാന്‍ എത്ര പേരുണ്ട്? ഒന്നോര്‍ക്കേണ്ടതുണ്ട്, മനുഷ്യന്റെ - ജീവജാലങ്ങളുടെ - പ്രകൃതിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതിനെ എതിര്‍ക്കാത്ത യാതൊരു രചനയും ശരിയായ പാതയിലുള്ളതല്ല. അതു നുണകളുടെ പ്രചാരണം എന്നേ കരുതാനാവൂ. പ്രമുഖ കോണ്‍ഗ്രസ് നേതാവിനോട് അന്വേഷിച്ചപ്പോള്‍ അറിയാനായത്, കഴിഞ്ഞ കോണ്‍ഗ്രസ് ഭരണ കാലത്താണ് അങ്ങനെ ഒരു പദ്ധതി രൂപപ്പെടുന്നതെന്നും അന്ന് സി.പി.എം അത് തുരങ്കം വയ്ക്കുകയാണ് ഉണ്ടായതെന്നുമാണ്. അദ്ദേഹം തുടരുന്നു, കിനാലൂരില്‍ അക്രമം ഉണ്ടാകും മുമ്പ്, അതായത് അഞ്ചു മാസം മുമ്പ് കോഴിക്കോട് കളക്റ്ററേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിഷയം സമര സമിതിയുമായി ചര്‍ച്ച ചെയ്തു മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യവസായ മത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ ആ ഉറപ്പു കാറ്റില്‍ പറത്തിയാണ് മേയ് ആറാം തീയതി സര്‍വേ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയത്. അതെന്തുമാകട്ടെ, വന്‍ വ്യവസായം വരുമെന്ന വാഗ്ദാനത്തോടെയാണ് കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തത്. ഒരു പ്രദേശം വികസിക്കും എന്ന് കേള്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ ഉള്ളവരുടെയും സ്വപ്നങ്ങള്‍ വാനോളം ഉയര്‍ന്നിരിക്കാം. ഏതൊരു വികസനവും പരിസരങ്ങള്‍ക്ക് ഉയര്‍ച്ച വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്റ്റെറ്റ് ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചു പല പദ്ദതികളും പ്രഖ്യാപിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് മലേഷ്യന്‍ സ്ഥാപനമായ സി.ഐ.ഡി.യുമായി ധാരണ പത്രം ഒപ്പിട്ടത് മുതലാണ് കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നാല് വരി പാത നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് കേള്‍ക്കുന്നു. എന്നാല്‍ അവരുമായി ഒപ്പ് വച്ച ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. ഉദ്ദേശിച്ച പദ്ധതികള്‍ നടക്കാത്ത സാഹചര്യത്തില്‍ നാല് വരിപ്പാതയുടെ പ്രസക്തി എന്ത് ? പണ്ടൊക്കെ വികസനം കൊണ്ട് വരുന്നത് ജന പ്രധിനിതികള്‍ ആയിരുന്നു. സ്ഥിതി മാറി. ഭരിക്കുന്നത് ഇടതായാലും വലതായാലും ഏതൊരു പ്രദേശത്തിന്റെയും വികസനം നിശ്ചയിക്കുന്നത് ഭൂമാഫിയയാണ്. അതുകൊണ്ട് തന്നെ അത്തരം വികസനത്തിന് പിന്നിലെ ഗൂഡ ലക്ഷ്യം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നേട്ടം കൊയ്യുന്നത് ഭൂമാഫിയ മാത്രമല്ല, അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ജനപ്രതിനിധികളും അതിന്റെ ഗുണം അനുഭവിക്കുന്നു.
മലേഷ്യന്‍ കമ്പനി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങിയിരുന്നു . യഥാ സമയം റോഡു ഉണ്ടാവാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കരാറില്‍ നിന്നും പിന്മാറി. തുടര്‍ന്ന് എഴുപതു ഏക്കറില്‍ ചെരുപ്പ് കമ്പനികളും അമ്പതു ഏക്കറില്‍ ഭക്ഷ്യ സംസ്കരണ പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലത്ത് രാസല്‍ ഖൈമയിലെ വ്യവസായ നിക്ഷേപ അതോറിറ്റി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഭീമന് കണ്ടൈനര്‍ ഒന്നും സഞ്ചരിക്കാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് നാല് വരി പാതയുടെ ആവശ്യം ഇല്ലെന്നിരിക്കെ അങ്ങനെ ഒരു നീക്കത്തിന് പിന്നിലുള്ള ചേതോ വികാരം എന്താവാം? ജനത്തിനു അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബാധ്യസ്തമായ സര്‍ക്കാര്‍, സൌകര്യങ്ങള്‍ നല്‍കാതിരിക്കുന്നത് പോകട്ടെ നിലവിലുള്ള ജീവിതാവസ്ഥ തകിടം മറിക്കുന്നത് നീതീകരിക്കാന്‍ ആവില്ല. എളമരം കരീമിനോ ഫാരിസ് അബു ബക്കറിനോ സമരത്തില്‍ ഇടപെടുന്ന സംഘടനാ നേതൃത്വങ്ങള്‍ക്കോ ഒന്നും നഷ്ടപ്പെടാനില്ല. ഏതൊരു കെടുതിയുടെയും ദുരന്തത്തിന്റെയും ആദ്യാവസാന ഇര സാധാരണക്കാര്‍ ആയിരിക്കെ, അങ്ങനെ ഒരു അലിഖിത നിയമം ഉണ്ടായിരിക്കെ, എവിടത്തെയും പോലെ കിനാലൂരിലും എല്ലാം അനുഭവിക്കേണ്ടത് സാധാരണക്കാരില്‍ സാധാരണക്കാര്‍. അത്തരം ജനതയ്ക്ക് വേണ്ടാത്ത വികസനം കൊണ്ട് വരുന്നത് ആരുടെ കീശ വീര്‍പ്പിക്കാനാണ്? നമ്മുടെ രാഷ്ട്രീയം കേവലം കീശ വീര്‍പ്പിക്കുന്നതിലേക്ക് ഒതുങ്ങുന്നിടത്താണ് അരാജകത്വത്തിന്റെ പിറവി.
സമാധാനപരമായി നടക്കേണ്ടിയിരുന്ന സമരം അക്രമത്തിലേക്ക് നീങ്ങിയതിനു പിന്നിലുള്ള തല ആരുടെതാകാം? കാരണം സമര മുഖത്തേക്ക് വരുന്ന ജനത ചാണകവും ചൂലും കരുതിയിരുന്നു. അത് ആസൂത്രിതം. ജനങ്ങള്‍ പോലീസിനു നേരെ ചാണക പ്രയോഗം നടത്തിയപ്പോള്‍ പോലീസ് ലാത്തി ചാര്‍ജു നടത്തി. ലാത്തി ചാര്‍ജിനു മുമ്പ് പാലിക്കേണ്ട നടപടികള്‍ ഒന്നും എടുക്കാതെയാണ് പോലീസ് തല്ലു തുടങ്ങിയത്, ഗ്രനേഡു പ്രയോഗം നടത്തിയത്. ഇവിടെ സര്‍വ കക്ഷി സമരം, സി.പി.എം ഒഴിച്ചുള്ള കക്ഷികളാണ് സമരത്തിനു നേതൃത്വം കൊടുത്തതെന്ന് പ്രമുഖനായ സി.പി.എം നേതാവില്‍ നിന്നും കേള്‍ക്കുന്നു. അങ്ങനെ പറയുമ്പോഴും അമരത്തു സോളിഡാരിറ്റി എന്ന സംഘടന ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന ആയ സോളിഡാരിറ്റിയുടെ ഇന്നത്തെ ദൌത്യം എന്തായാലും, അവര്‍ക്ക് അവരുടെതായ ഒരു അജണ്ടയുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനയുടെ വളര്‍ച്ച മതേതര കഷികളുടെ തകര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നു. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ. ഇവിടെ പരാജയം തീര്‍ച്ചയായും മതേതര കക്ഷികളുടെതാണ്. കാരണം അവര്‍ ഒളിഞ്ഞും തെളിഞ്ഞും മതങ്ങളുടെ തിണ്ണ നിരങ്ങുന്നു എന്നത് തന്നെ. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ജനാധിപത്യ, എത്ര മുന്തിയ മതേതര സംസാരം ഉണ്ടായാലും എല്ലാത്തരം വര്‍ഗീയ കക്ഷികളെയും തൂത്തെറിയേണ്ടത് മതേതര കഷികള്‍ തന്നെയാണ്. എന്നാല്‍ മതേതരം എന്ന് പറഞ്ഞു നില്ക്കുന്ന പാര്‍ട്ടികള്‍, അത് ഇടതായാലും വലതായാലും ഒളിഞ്ഞും തെളിഞ്ഞും അത്തരം സംഘടനകളെ താങ്ങുന്ന, വോട്ടു മറിക്കുന്ന ദീനമായ കാഴ്ചയാണ് കുറച്ചുകാലമായി ഉള്ളത്. അത് മാറിയേ പറ്റൂ. ഈ വര്‍ഗീയ സംഘടനകളുടെ വോട്ടു തങ്ങള്‍ക്കു വേണ്ട എന്ന് പറയാനുള്ള ആര്‍ജവം ആര്‍ക്കുണ്ട്? വര്‍ഗീയ സംഘടനകള്‍ പോലെ അപകടകാരികളാണ് ചില പ്രാദേശിക സംഘടനകളും. അവയൊക്കെ എതെല്ലാം മതത്തിന്റെ തണലില്‍ ആയികൊള്ളട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണ്. അതിനു മതേതര കക്ഷികളായ കോണ്‍ഗ്രസ്സും കമ്മ്യൂനിസ്റ്റുകളും സ്വയം ശുദ്ധീകരിക്കുകയും മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും വേണം.
ഇനി മറ്റൊന്ന് ലാത്തി ചാര്‍ജു നടക്കുന്നത് ടെലിവിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കെ, പതിവുള്ള ചര്‍ച്ചയില്‍ ( മേയ് ആറ് രണ്ടായിരത്തി പത്ത് ) പി.സി. ജോര്‍ജ് എം.എല്‍.എ യുടെ സംസാരം ശ്രദ്ധേയമാണ്. : ' മുസ്ലീം സ്ത്രീകളെ, പര്‍ദയിട്ട മുസ്ലീം സ്ത്രീകളെയാണ് പോലീസ് തല്ലി ചതക്കുന്നത്...' അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. കിനാലൂര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശം ആയതു കൊണ്ട് പങ്കെടുത്തവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആകുന്നതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് തല്ലു കൊള്ളുന്നതും സ്വാഭാവികം. എന്നാല്‍ ആ പോലീസ് നടപടിയെ, മുസ്ലീം സമുദായത്തിന് എതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ നീക്കം നടക്കുന്നതായി തോന്നുന്നു. ന്യൂന പക്ഷ സമുദായത്തെ സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് എതിരാക്കാനുള്ള ശ്രമം. തിരഞ്ഞെടുപ്പ് വരികയല്ലേ, ആ വഴിക്ക് ചില്വാനം വോട്ടു കിട്ടിയാല്‍ കൊള്ളാം എന്നാവും.
കിനാലൂരില്‍ എന്ത് സംഭവിച്ചു, എന്താണ് സംഭവിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ തികച്ചും അസുഖകരം ആയേക്കാവുന്ന ഒരവസ്ഥയിലേക്കു കിനാലൂരിനെയും മറ്റു പ്രദേശങ്ങളെയും എത്തിക്കാന്‍ അണിയറയില്‍ നേരത്തെ തീരുമാനിക്കപ്പെട്ടോ? നമുക്കൊന്നും അറിയില്ല, അത് അറിയുകയുമില്ല. മാധ്യമങ്ങള്‍ അവരുടെ നിലപാടിന് ഒത്തു അച്ചു നിരത്തുന്നു. സര്‍ക്കാര്‍, അവരുടെ ഭാഗം പറയുന്നു. പ്രതിപക്ഷം അവരുടെയും. ഒരു പോലീസ് ഉധ്യോഗസ്ഥന്റെ അഭിപ്രായം ശ്രദ്ധിക്കുക :' നാലുവരി പാത കടന്നു പോകുന്നത് ഏതാനും സമ്പന്നരുടെ ഏക്കര്‍ കണക്കിന് ഭൂമി പകുത്തു കൊണ്ടാണ്. ആ സമ്പന്നരാണ് സമരത്തിനു പിന്നില്‍....' നാം ആരെയാണ് വിശ്വസിക്കേണ്ടത്? നമുക്ക് നമ്മെ പോലും വിശ്വാസം ഇല്ലാതായിരിക്കുന്നു.
എന്നാല്‍ ഇവിടെ വികസന വിരുദ്ധമെന്നോ , വികസനത്തിന് അനുകൂലമെന്നോ തട്ടുകള്‍ ഉണ്ടാകുന്നു. ഇടതും വലതും പക്ഷങ്ങള്‍. വ്യവസായ പക്ഷങ്ങള്‍. വ്യവസായികള്‍ക്ക് വേണ്ടി, സര്‍ക്കാരിന് വേണ്ടി, സമരക്കാര്‍ക്ക് വേണ്ടി ഒക്കെ സംസാരിക്കാന്‍ ആളുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് വേണ്ടി, പ്രകൃതി സമ്പത്ത് സംരക്ഷിക്കപ്പെടാന്‍ വേണ്ടി എങ്ങുനിന്നും സംസാരം ഇല്ലാതെയാകുന്നു.
കിനാലൂരിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സ്ഥലം മറ്റൊരു നന്ദിഗ്രാം ആക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിന് രണ്ടു ഇരകള്‍ കിട്ടും. ഒന്ന് ഇടതു പക്ഷവും രണ്ടാമതായി മുസ്ലീം സമുദായവും. ഏക്കര്‍ കണക്കിന് സ്ഥലം നാല് വരിപ്പാതക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍ തടങ്ങളും നഷ്ടമാകും എന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നിരിക്കെ, നാം അത് ശ്രദ്ധിക്കാതെ പോകുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? നമ്മുടെ പ്രകൃതി സമ്പത്ത് നശിപ്പിച്ചു കൊണ്ടുള്ള, അടിസ്ഥാന വര്‍ഗത്തെ മറന്നുകൊണ്ടുള്ള ഒരു വികസന മാതൃക ഇനിയെങ്കിലും ഉപേക്ഷിക്കപ്പെടെണ്ടതാണ്. നാലുവരിപ്പാതയുടെയും വന്‍ വ്യവസായത്തിന്റെയും ഗുണ ഫലം അനുഭവിക്കുന്നത് ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അല്ല എന്നിരിക്കെ, ഈ വികസനം വന്‍ വ്യവസായികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് ഉറപ്പിച്ചു പറയാം. ഇത് വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, ഏതൊരു കെടുതിയുടേയും വറുതിയുടേയും ദുരന്തത്തിന്റെയും ആദ്യാവസാന ഇരകള്‍ സാധാരണക്കാര്‍ മാത്രമാണ്. സാധാരണക്കാരുടെ അവകാശം സ്ഥാപിക്കപ്പെടാതെയുള്ള ഏതൊരു പദ്ധതിയും ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച മ്യൂസിയങ്ങളില്‍ ഒന്നാണ് കെയിറോ മ്യൂസിയം. ഏതാണ്ട് രണ്ടു ലക്ഷത്തി അന്പതിനായിരത്തില്പരം പുരാതന വസ്തുക്കളും, അമൂല്യമായ രത്നങ്ങളും, മനോഹരമായ അലബാസ്കര് ശിലയില്‍ ഉണ്ടാക്കിയ ശില്പങ്ങളും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മമ്മികളും ശേഖരിച്ചു വച്ചിരിക്കുന്ന അതി ബൃഹത്തായ ഒരു കെട്ടിട സമുച്ചയത്തിന്റെ മുന്‍പിലാണ് ഞങ്ങള്‍ വന്നിറങ്ങിയത്. റോഡിനിരുവശവും ടൂറിസ്റ്റു ബസ്സുകള്‍ നിര നിരയായി നിര്‍ത്തിയിരിന്നു. കറുത്ത യൂണിഫോം ധരിച്ച ടൂറിസ്റ്റ് പോലീസുകാര്‍ കവാടത്തില്‍ കാവല്‍ നില്ക്കുന്നു. ഞങ്ങള്‍ ചെന്നിറങ്ങി നൊടിയിടനേരം കൊണ്ട്, അഹ്മദ് പ്രവേശന ടിക്കറ്റുമായി എത്തി. 50 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് ഫീസ്. പ്രധാന കവാടം കടന്നാല്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന കുളം. അതില്‍ നിറയെ ആമ്പല്‍ ചെടികള്‍. പിന്നില്‍ പിങ്കു നിറത്തിലുള്ള വലിയ മതിലും അതിലൊരു കൂറ്റന്‍ പ്രവേശന കവാടവും. കെട്ടിടത്തിനു ചുറ്റും ധാരാളം സഞ്ചാരികള്‍ വിശ്രമിക്കുണ്ടായിരുന്നു. വിദേശികളല്ലാതെ ഒരൊറ്റ ഈജിപ്റ്റുകാരനും അവിടെ എങ്ങും ഉണ്ടായിരുന്നില്ല. മ്യൂസിയത്തിനകത്ത് ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല എന്നു കാവല്ക്കാര് അറിയിച്ചു. ഇത്രയും ബൃഹത്തായ ഒരു പുരാവസ്തു ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്തതില്‍ വിഷമം തോന്നി. എങ്കിലും മറ്റു പോംവഴികളില്ലായിരുന്നു. 1984 വരെ സന്ദര്‍ശകര്‍ക്കു ഫോട്ടോ എടുക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നുവത്രേ. എന്നാല്‍ ഇപ്പോള്‍ ഈജിപ്റ്റില്‍ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയത്തിലും ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല. ബിസി 3100 ലെ ആദ്യ ഫറവോ രാജവംശം മുതല്‍, ബിസി 335 വരെ 31 രാജവംശങ്ങളിലായി, ഏതാണ്ട് 171 ഫറവോമാര്‍ ഈജിപ്റ്റ് ഭരിച്ചിട്ടുണ്ട്. ഈ നീണ്ട കാലയളവിലെ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്ന ഒരു അപൂര്‍വ്വ പുരാവസ്തു ശേഖരമാണ് കെയിറോ മ്യൂസിയം
ഞങ്ങള്‍ അകത്തു പ്രവേശിച്ചു. വലിയ ഒരു എന്‍ട്രന്‍സ് ഫോയര്‍ . ഇടതു വശത്തേയ്ക്കുള്ള വാതിലിലൂടെ അഹമദ് ഞങ്ങളെ അകത്തേയ്ക്കു കൊണ്ടു പോയി. ഒരു വലിയ ഹാള്‍. അതില്‍ നിറയെ ഫറവോമാരുടെ ശില്പങ്ങള്. ഏതോ പുരാതന ലോകത്തില്‍ അകപ്പെട്ട പ്രതീതി. പരിചിതമല്ലാത്ത രൂപത്തിലും വലിപ്പത്തിലുമുള്ള കൂറ്റന്‍ പ്രതിമകള്‍ നിരത്തി വച്ചിരിക്കുന്നു. കൂടാതെ ചില്ലു കൂട്ടിനുള്ളില്‍ തകര്‍ന്ന ശിലാഖണ്ഡങ്ങള്‍ വേരെയും.എല്ലാ ശിലകളിലും ഹീരോഗ്ലിഫിക്സില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചിരിക്കുന്നു. ഓരോ ശില്പത്തിന്റേയും മുന്പില് ഓരോ ചെറിയ കൂട്ടം സഞ്ചാരികള്‍. ചിലര്‍ പേപ്പറും പേനയുമായി പലതും കുറിച്ചെടുക്കുന്നു. വലിയ ഗ്രൂപ്പുകളെ നയിക്കുന്ന ഗൈഡുകള്‍ മൈക്രോ ഫോണ്‍ ഘടിപ്പിച്ച ഹെഡ് സെറ്റിലൂടെ പല ഭാഷകളില്‍ ഓരോ ശില്‍പ്പത്തേയും കുറിച്ചു വിവരിച്ചുകൊണ്ടിരിക്കുന്നു. ഗ്രൂപ്പിലുള്ള എല്ലാവരുടെയും ചെവിയില്‍, വയര്‍ലസ് ഈയര്‍ഫോണ്‍ തിരുകി വച്ചിരിക്കുന്നു. ഓരോ ഗൈഡും വിശദീകരിക്കുന്നതു മറ്റു ഗ്രൂപ്പുകര്ക്ക് അസൌകര്യമാവാതിരിക്കാന് ഈ സംവിധാനം വളരെ നല്ലതായിതോന്നി.
മ്യൂസിയം കെട്ടിടം രണ്ടു നിലകളാണ്. താഴത്തെ നിലയില്‍ പിരമിഡുകളില്‍ നിന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുത്തവയും ആയ ശില്പങ്ങളായിരുന്നു പ്രധാനമായിട്ടും ഉണ്ടായിരുന്നത്. അയ്യായിരത്തോളം വര്‍ഷം വരെ പഴക്കമുള്ള ശില്പങ്ങള് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
ഒരോ പ്രതിമയും ഏതു കാലഘട്ടത്തിലേതാണെന്നും, ഏതു രാജവംശത്തിലേ ഫറവോയാണെന്നും, ഒക്കെ അഹ്മെദ് ഞങ്ങള്‍ക്കും വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയിലും പാണ്ഡിത്യത്തിലും ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. കുറെ സമയം ചിലവഴിച്ചപ്പോഴേയ്ക്കും ഞങ്ങള്‍ക്കു മടുപ്പു തോന്നി. ഒരു പക്ഷേ, ചരിത്ര വിദ്യര്ത്ഥികക്കും, ഗവേഷകര്‍ക്കും, കൂടുതല്‍ പ്രയോജനപ്രദമായേക്കാവുന്ന വിവരണങ്ങളാണ് ഗൈഡു പകര്‍ന്നു തന്നുകൊണ്ടിരുന്നത്.
ഞങ്ങളുടെ താല്പര്യക്കുറവു മനസിലാക്കിയ അഹ്മദ് മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. കൂടുതല്‍ കൌതുകകരങ്ങളായ വസ്തുക്കളായിരുന്നു മുകളിലത്തെ നിലയില്‍. ഫറവോമാര്‍ ഉപയോഗിച്ചിരുന്ന തങ്ക രഥങ്ങള്‍, സ്വര്‍ണ കസേരകള്‍, മമ്മിഫിക്കേഷനുവേണ്ടി ഉപയോഗിക്കുന്ന പ്രത്യേകതരം കട്ടിലുകള്‍, പിന്നെ, മമ്മികള്‍... എല്ലാം ഒന്നാം നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മറ്റൊരു പ്രധാന ആകര്‍ഷണം ടുട്ടാങ്കാമൂന് ഫറവോയുടെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്ത അതി മനോഹരമായ മുഖാവരണവും, അമൂല്യങ്ങളായി നിധികളും സൂക്ഷിച്ചിരുന്ന ഹാള്‍ ആയിരുന്നു. പതിനെട്ടാം രാജവംശത്തില്‍ ജീവിച്ചിരുന്ന ഫറവോ ആയിരുന്നു ടുട്ടാങ്കാമൂന്. 1922 ലുക്സ്സര് പട്ടണത്തിലെ രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നുമാണ് ടുട്ടാങ്കാമൂന്റെ ശവകുടീരം കണ്ടെടുത്തത്. വിലപിടിച്ച രത്നങ്ങളുടേയും സ്വര്‍ണ്ണത്തിന്റേയും ഒരു വന്‍ശേഖരം ആ ശവകുടീരത്തില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി.
ടുട്ടാങ്കാമോന്, ഫറവോ ആയി അധികാരത്തില്‍ എത്തുന്നത് തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ആയിരുന്നു. 18 വയസ്സുവരെ മാത്രമേ ആ നിര്ഭാഗ്യവാന് ആയുസ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഫറവോ രാജഭരണത്തിന്റെ സുവര്‍ണ്ണകാലം എന്നു വിശേഷിപ്പിക്കുന്ന 18-ആം രാജവംശത്തിലെ അതി സമ്പന്നനായിരുന്ന ടുട്ട് ഈജിപ്ഷ്യന്‍ ദേവനായ ആമോന്റെ അവതാരവും ആണെന്നു വിശ്വസിച്ചിരുന്നു. ടുട്ടിന്റെ മമ്മിയുടെ സി. റ്റി. സ്കാന്‍ റിപ്പോര്‍ട്ടും മറ്റു ശില്പങ്ങളില് നിന്നും ലഭിച്ച സൂചനകളും വച്ച് ടുട്ടുവിന്റെ ഏകദേശരൂപം നിര്‍മ്മിക്കപ്പെടുകയുണ്ടായി. നാഷണല്‍ ജിയോഗ്രഫിക്കല്‍, ചാനല്‍ ടുട്ടുവിന്റെ ജീവതത്തെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും ഡോക്കുമെന്ററി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി ടുട്ടുവിന്റെ ശവകുടീരത്തില്‍ നിന്നു ലഭിച്ച വസ്തുക്കളുടെ എണ്‍പതിലധികം പ്രദര്‍ശനങ്ങള്‍ നടക്കുകയും ഏതാണ്ട് 80 ലക്ഷം, സന്ദര്‍ശകര്‍ അതു കാണുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ ഫറവോമാരില്‍ ഏറ്റവും പ്രശസ്തി നേടിയ രാജാവും ടുട്ടു തന്നെ. ടുട്ടാങ്കാമൂന്റെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്ന നാലു ഭരണികളാണ് മുകളത്തെ ചിത്രം. മമ്മിഫിക്കേഷനു മുന്‍പ്, ശരീരത്തിലെ വിവിധ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് ഓരോ ഭരണിക്കുള്ളില് നിക്ഷേപിക്കുമായിരുന്നു. ഓരോ അവയവങ്ങളുടെയും സൂക്ഷിപ്പുകാരന് ഓരോ ദേവന്മാര് ആണെന്നായിരുന്നു അവരുടെ വിശ്വാസം. അലഭാസ്കര് ശിലയില്‍ കൊത്തിയെടുക്കുന്ന ഓരോ ഭരണിയ്ക്കും അതാതു ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിവച്ച മൂടികള്‍ ഉണ്ട്.
ഒരിക്കല്‍ പുരാതന ഈജ്പ്റ്റിന്റെ സര്‍വ്വ അധികാരവും കൈയ്യാളിയിരുന്ന ഒരു രാജാവിന്റെ ദ്രവിച്ച ആന്തരിക അവയവങ്ങളാണ് ഈ ശിലാഭരണികള് നിശബ്ദമായി ഉറങ്ങുന്നത്. മനുഷ്യനും ദൈവത്തിനും കിട്ടാവുന്ന സര്‍വ്വ വിധ ബഹുമാനങ്ങളോടും കൂടി ഒരു കാലത്ത് ഈ ഭൂമിയില്‍ ജീവിച്ചവരുടെ ദ്രവിച്ച ശരീരങ്ങളുറങ്ങുന്ന കയിറോ മ്യൂസിയത്തില്കൂടെ സഞ്ചരിക്കുമ്പോള്‍, ജീവിതത്തിന്റെ നൈമിഷികതെയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. അവരാരും ചെറിയ മനുഷ്യര്‍ ആയിരുന്നില്ല. മരിച്ച് അയ്യായിരം വര്‍ഷം പിന്നിട്ടിട്ടും,ഇന്നും അവര്ഓര്മ്മിക്കപ്പെടുന്നു, അവര്‍ ചരിത്രത്തില്‍ ശേഷിപ്പിച്ച മായാത്ത മുദ്രകള്‍ അന്വേഷണ കുതുകികളെ ഇന്നും അല്ഭുതപ്പെടുത്തിക്കൊണ്ടിരിന്നു. ടുട്ടുങ്കാമോന്റെ കുടീരത്തില്‍ നിന്നും ലഭിച്ച ശില്പഭംഗിയുള്ള ഈ പാത്രത്തിലാണ് സുഗന്ധ വസ്തുക്കള്‍ ഇട്ടു വച്ചിരുന്നത്. ഫറവോമാരുടെ രാജകീയ സിംഹാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹാളിലേയ്ക്കു ഞങ്ങള്‍ പ്രവേശിച്ചു. തനി തങ്കത്തില്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍. ആരേയും അതിശയിപ്പികുന്ന കൊത്തുപണികള്‍. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള രഥമായിരുന്നു അടുത്തത്. ചാട്ടവാര്‍ ചുഴറ്റി, ഈജിപ്റ്റിന്റെ രാജ വീഥികളിലൂടെ പടയാളികളുടെ അകമ്പടിയില്‍ ഫറവോമാര്‍ കടന്നു പോകുന്നത് സങ്കല്പ്പിച്ചു നോക്കി. സ്വര്‍ണ്ണം പൊതിഞ്ഞ ഒരു കൂറ്റന്‍ പേടകത്തിനു മുന്പില് ഞങ്ങള്‍ എത്തി. ഈര്‍പ്പവും ചൂടും, കടക്കാതെ മമ്മിയെവഹിക്കുന്ന പെട്ടി സംസ്കരിക്കുന്ന പേടകമായിരുന്നു അത്. അനൂബിസിന്റേയും, ഓസിറസിന്റേയും, മമ്മിഫിക്കേഷന് ചടങ്ങുകളുടേയും ചിത്രങ്ങളും, ഹീരോഗ്ലിഫിക്സില്‍ മറ്റനേകം വിവരങ്ങളും അതില്‍ കൊത്തി വച്ചിരിക്കുന്നു. വലിയ പെട്ടിയുടെ അകത്തു വയ്ക്കുന്ന ചെറിയ പെട്ടി ആയിരുന്നു അടുത്തത്. ഈ പെട്ടിക്കുള്ളിലാണ് മമ്മിഫിക്കേഷനു ശേഷം ശീലയില്‍ പൊതിഞ്ഞ ശവവരീരം മനുഷ്യ രൂപത്തിലുള്ള പെട്ടിയില്‍ ആയിരുന്നു സംസ്ക്കരിക്കുന്നത്. ഈ പെട്ടിയാണ് മുകളിലുള്ള പേടകത്തില്‍ വയ്ക്കുന്നത്. അത്തരം ധാരാളം പെട്ടികള്‍ കണ്ണാടികൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാള്‍ ആയിരുന്നു ഞങ്ങള്‍ പിന്നീട് കണ്ടത്. പെട്ടിയുടെ പുറം സ്വര്‍ണ്ണം പൊതിഞ്ഞും, ചിത്രങ്ങള്‍ വരച്ചും കൊത്തുപണികള്‍ ചെയ്തും മനോഹരമാക്കിയിരിക്കുന്നു. മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഹാളിന്റെ കവാടത്തില്‍ എത്തി. മ്യൂസിയത്തില്‍ പ്രവേശിക്കുന്നതിനു ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും, മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക അറയില്‍ പ്രവേശിക്കുവാന്‍ 100 പൌണ്ടിന്റെ ടിക്കറ്റ് വീണ്ടും എടുക്കണമായിരുന്നു. ഞങ്ങള്‍ അകത്തുകടന്നു. സ്വര്‍ണ്ണക്കടയില്‍ വിവിധ മാതൃകകള്‍ ചില്ല് അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ, ഭിത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ഫില്‍ പല വലിപ്പത്തിലുള്ള മമ്മികള്‍ ക്രമമായി അടുക്കി വച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടിനുള്ളില്‍ ശീലയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ശവശരീരങ്ങള്‍ കാണുമ്പോള്‍, സന്ദര്‍ശകരുടെ മുഖത്ത് കൌതുകത്തേക്കാള്‍, ഭയവും അല്‍ഭുതവുമാണ് വിരിയുന്നത്. ഉഗ്രപ്രതാപികളായിരുന്ന ചക്രവര്‍ത്തിമാരാണ് ഈ കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശന വസ്തുക്കളായി കിടക്കുന്നത്. ഇനിയും എത്രകാലും ഈ കൊച്ചു ഗ്രഹത്തില്‍ മനുഷ്യരുണ്ടാവും? സഹസ്രാബ്ദങ്ങള്ക്കൂ ശേഷം, നമ്മുടെ കൊച്ചുമക്കള്‍ നമ്മുടെ അസ്ഥികൂടങ്ങള്‍ കണ്ണാടികൂട്ടില്‍ ഇട്ടു വച്ചിട്ട്, ഒരു നാള് ഇങ്ങനെ നോക്കി നില്ക്കുമായിരിക്കുമോ? അന്നു എന്തായിരിക്കും അവര്‍ ചിന്തിക്കുക? പല ഭ്രാന്തന് ചിന്തകളും എന്റെ മനസിലൂടെ കടന്നു പോയി. ഈ മമ്മികള്‍ കണ്ടാല്‍ ഏതോ ദ്രവിച്ച മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുന്നതുപൊലെ തോന്നും. അല്ലെങ്കില്‍ തന്നെ മരിച്ചാല്‍ പിന്നെ ഫറവോ ആയിരുന്നെങ്കിലെന്ത്, ദരിദ്രനായിരുന്നെങ്കില്‍ എന്ത്!
ഇത്തരം കാഴ്ചകള്‍ ഹൃസ്വമായ ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കില്ല. എത്ര വേഗമാണ് കാലം കടന്നു പോകുന്നത്. വിദ്യാഭ്യാസം കഴിഞ്ഞത് ഇന്നലെയാണെന്നു തോന്നും. പക്ഷേ, വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഒന്നും ചെയ്യുവാന്‍ സമയം കിട്ടിയില്ല. ശരിക്കു പറഞ്ഞാല്‍ ഇനി ആരോടും വഴക്കിടാനും പിണങ്ങിയിരിക്കാനും സമയമില്ല. ശരിക്കു ജീവിക്കുവാനുള്ള കാലം പോലും മുന്പിലില്ല. ഓരോന്നും പഠിച്ചു വരുമ്പോഴേക്കും പ്രയോഗിക്കാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കും. കണ്ണാടി കൂട്ടിലേയ്ക്കു കയറിപറ്റുന്നതിനു മുന്‍പ്, എന്തെങ്കിലും ചെയ്യുവാനുണ്ടോ?
ത്രീ ഇഡിയറ്റ്സിലെ ഗാനം ഓര്‍മ്മ വന്നു.. Give me some Sunshine give me some rain Give me another chance wana grow up once again
എല്ലാം ഒരിക്കല്‍ കൂടിയൊന്നു പുനര്‍ജനിച്ചിരുന്നെങ്കില്‍.. ഞങ്ങള്‍ ശരിക്കും ക്ഷീണിതരായിരുന്നു. ഐറിനും എഡ്വിനും എങ്ങിനെയെങ്കിലും ഹോട്ടലില്‍ എത്തിയാല്‍ മതി എന്നായി. പിന്നീട് അല്പം പോലും താമസിച്ചില്ല, അഹ്മദ് ഞങ്ങളെ തിരികെ ഗിസേയിലെ ഹോട്ടലില്‍ എത്തിച്ചു. അടുത്ത ദിവസം രാവിലെ അലക്സാണ്ഡ്രിയായിലേക്കു തിരിക്കണമെന്നും, മറ്റൊരു ഗൈഡ് ഞങ്ങള്‍ക്ക് വേണ്ടി അവിടെ കാത്തു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി പിന്നെ എന്നെങ്കിലും കാണാം എന്നു പറഞ്ഞ് അഹ്മദ് യാത്ര പിരിഞ്ഞപ്പോള്‍ ഒരു പഴയകാല സുഹൃത്ത് പിരിഞ്ഞു പോകുന്നതുപോലെ തോന്നി. ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തില്‍ ഇടം നേടുന്നത്.
ബാഗില്‍ വസ്ത്രങ്ങളും മറ്റും എടുത്തു വച്ച് അടുത്ത യാത്രയ്ക്കു തയ്യാറായിട്ടാണ് ഉറങ്ങാന്‍ കിടന്നത്. കാരണം, അതി രാവിലെ തന്നെ 320 കി.മി. യാത്ര ചെയ്യുവാനുണ്ടായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരിലുള്ള പട്ടണമായിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം.
Keyro Museum യു ട്യൂബ് വീഡിയോ
(ആദ്യത്തെ ഒരു ചിത്രം ഒഴികേ ബാക്കി എല്ലാ ചിത്രങ്ങളും, 1984-നു മുന്‍പ് എടുത്തവയും, നെറ്റില്‍ നിന്നും ശേഖരിച്ചവും ആണ്.)
ഭക്ഷണം കഴിഞ്ഞു ഇറങ്ങിയപ്പോഴേയ്ക്കും ഡ്രൈവറും അഹമ്മദും റെഡിയായി കാത്തു നിക്കുന്നുണ്ടായിരുന്നു. പല വട്ടം നിര്‍ബന്ധിച്ചിട്ടും അഹ്മദ് ഞങ്ങളൊടൊപ്പം അഹാരം കഴിച്ചില്ല. സമയം കളയാതെ ഞങ്ങള്‍ ഗിസേ പപ്പൈറസ് മ്യൂസിയത്തിലേക്കു തിരിച്ചു. ശരിക്കും പട്ടണത്തിന്റെ തിരക്കു മനസിലായതു അപ്പോള്‍ മാത്രമാണ്. ട്രാഫിക് നിയമങ്ങള്‍ ഒന്നും പാലിക്കാതെ മുട്ടി മുട്ടിപ്പോകുന്ന വാഹനങ്ങള്‍ നിരത്തിലൂടെ ഒഴുകകയാണ്. എങ്ങും ഒച്ചയും ബഹളവും പൊടിയും മാത്രം. ബോംബ പട്ടണത്തിലെ, മസ്ജിദ് റെയില്‍വേ സ്റ്റേഷന്റെ വെസ്റ്റില്‍ ചെന്നതുപോലെ തോന്നും. റോഡില്‍ കച്ചവടം നടത്തുന്നവരുടെ വിളികളും, പരസ്പരം മുഖത്തോടു മുഖം നോക്കാതെ നടന്നു പോകുന്ന ജനങ്ങളും, ചെകിടടപ്പിക്കുന്ന വാഹനങ്ങളുടെ ഇരമ്പലും.
പപ്പൈറസ് മ്യൂസിയത്തിന്റെ കവാടത്തില്‍ മധ്യ വയസ്സു കടന്ന ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു. "ഫ്രം ഇന്‍ഡ്യ?" അവര്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു നിത്യം അനേകം സഞ്ചാരികളെ കാണുന്ന അവര്‍ക്കു ഞങ്ങളെ തിരിച്ചറിയാന്‍ ബുദ്ധുമുട്ട് ഉണ്ടായില്ല. "യേസ്.." സന്തോഷത്തോടെ മറുപടി പറഞ്ഞു. "വി ലൈക് അമിതാബ് ബച്ചന്!" "ഓഹ് റിയലി?" ഞങ്ങള്‍ക്ക് അല്‍ഭുതം തോന്നി.
പിന്നീട് ഈജീപ്റ്റില്‍ ഉണ്ടായിരുന്നു പല ദിവസങ്ങളിലും കണ്ടുമുട്ടിയ പലരും ഇതു തന്നെ പറഞ്ഞു. കുതിര വണ്ടിക്കാരും, കടയില്‍ ജോലി ചെയ്യുന്നവരും, മ്യൂസിയം ജീവനക്കാരും എന്നുവേണ്ട, എല്ലാവര്ക്കും അമിതാബ് ബച്ചനെ അറിയാമായിരുന്നു. ഇന്‍ഡ്യ എന്നു പറയുമ്പോള്‍, മിക്കവരും പറയുന്ന അടുത്ത വാക്ക് അമിതാഭ് എന്നായിരികും. സ്ലം ഡോഗ് മില്ലിനേയറിലെ ചായ്വാലയുടെ വാക്കുകള്‍ ഓര്‍ത്തുപോയി "ദി മോസ്റ്റ് ഫേമസ് ഇന്‍ഡ്യന്‍ ഈസ് അമിതാഭ്"
അവസാന ദിവസം ഞങ്ങളുടെ ഡ്രൈവര്‍ ആണ് ഇതിന്റെ കാര്യം പറഞ്ഞു തന്നത് - ഏതാണ്ട്, എട്ടു പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്.. ഹോളിവുഡ് സിനിമകള്‍ക്കു പിന്നാലെ ഈജിപ്ഷ്യന്‍ പുതിയ തലമുറ പോകുന്നതിനും മുന്‍പ്, എല്ലാ, ഉത്സവങ്ങളുടെയും പ്രധാന ഐറ്റം അമിതാഭിന്റെ ചിത്രങ്ങള്‍ ആയിരുന്നുവത്രേ! അതുകൊണ്ട് ഇന്നും മിക്ക ഈജിപ്റ്റുകാരും അമിതാബിന്റെ ആരാധകന് തന്നെ.
മറിയം - അതായിരുന്നു അവരുടെ പേര്, ഞങ്ങളെ അകത്തേയ്ക്കു ആനയിച്ചു. ഇനിയുള്ള കാര്യങ്ങള്‍ മറിയം വിശദീകരിവച്ചു തരുമെന്നും, കഴിയുന്നതു വരെ പുറത്തു നില്‍ക്കാമെന്നും പറഞ്ഞ് അഹ്മദ് യാത്രയായി.
പേപ്പര്‍ എന്ന വാക്ക് പാപ്പിറസ് എന്ന ചെടിയുടെ പേരില്‍ നിന്നുമാണ് ഇംഗ്ലീഷ് ഭാഷയ്ക്കു ലഭിച്ചത്. ഈജിപ്റ്റുകാര്‍ പപ്പൈറസ് എന്നാണ് പൊതുവെ പറയുന്നത്. ജലാംശം കൂടുതലുള്ള നൈല്‍ നദിയുടെ ചതുപ്പു നിലത്ത് വളരുന്ന ചെടിയാണ് പാപ്പിറസ്. ഏതാണ്ട് ഒരാള്‍ പൊക്കത്തില്‍ വളരുന്ന ഈ ചെടിക്ക് ശിഖരങ്ങള്‍ ഇല്ലാതെ പച്ച നിറമുള്ള ഒറ്റത്തണ്ട് ആണുള്ളത്.
പാപ്പിറസില്‍ നിന്നും എഴുതുവാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയിരുന്നത് വളരെ ലളിതമായ ഒരു പ്രക്രിയ വഴിയാണ്. ആദ്യം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് ശേഖരിക്കുന്നു. ചുരുങ്ങിയത് നാല് അടി പൊക്കമെങ്കിലും ഉള്ള ചെടികളാണ് സാധാരണ പറിച്ചെടുക്കുന്നത്.
സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യത്തിനായി ആദ്യം ചുരുളുകളുടെ വീതി നിശ്ചയിക്കുന്നു. അതിനുശേഷം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് നിശ്ചിത നീളത്തില്‍ മുറിക്കുന്നു.
തൊലി പൊളിക്കുന്നതാണ് അടുത്ത പടി. ഈറയുടെയും മറ്റും പുറത്തെ തൊലി കളയുന്നതുപോലെ, ഏറ്റവും പുറത്തെ കടുപ്പമുള്ള പാളി ചീകിക്കളയുന്നു. തണ്ട് ഉണങ്ങിപ്പോകാതിരിക്കുവാന് തൊലി കളഞ്ഞ തണ്ട് വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നു.
തുടര്‍ന്നു ഒരാഴ്ചയോളം ഈ തണ്ടുകള്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നു. തണ്ടിലുള്ള പഞ്ചസാരയുടെ അംശവും, ജെല്ലി പോലുള്ള കൊഴുപ്പും വെള്ളത്തില്‍ അലിഞ്ഞ് പോകുന്നതിനാണ് ഇപ്രകാരം ചയ്യുന്നത്. അല്ലെങ്കില്‍ ഈ തണ്ടുകള്‍ ഉണങ്ങിക്കഴിയുമ്പോള്‍ മാര്ദ്ദവത്വമില്ലാതെ പൊടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
ഈ തണ്ടുകള്‍ കട്ടികുറഞ്ഞ പാളികളായി കീറി പരത്തിയെടുക്കുന്നു. ചപ്പാത്തി പരത്തുന്നതുപോലെയുള്ള സംവിധാനമാണ് അതിനു ഇപയോഗിക്കുന്നത്. പാപ്പിറസിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പുരാതനമായ രീതി നിലനിര്‍ത്തുന്നതില്‍ മറിയം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇങ്ങനെ പരത്തിയെടുത്ത പാളികള്‍ അടുപ്പിച്ച് നിരത്തി വയ്ക്കുന്നു. ഓരോ പാളിയും അടുത്ത പാളിയുടെ മുകളില്‍ അല്‍പ്പം കയറ്റി വച്ച് ഇടയില്‍ വിടവില്ലാതെ ചേര്‍ത്ത് ആണ് വയ്ക്കുന്നത്. തുടര്‍ന്നു അതിനു കുറുകെ അതുപോലെ തന്നെ ഒരു നിരകൂടി വയ്ക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്കു കടക്കുവാന്‍ തയാറായി.
ദിവസങ്ങളോളം ഭാരമുള്ള കല്പ്പാളികള്ക്കടിയില് വച്ച് പ്രസ്സ് ചെയ്ത് ഒട്ടിച്ച്, ജലാംശം വറ്റി ഒറ്റ ഷീറ്റ് ആയി മാറ്റുന്നതോടെ പാപ്പിറസ് റെഡി ആയിക്കഴിഞ്ഞു.
അവസാനമായി പരു പരുത്ത പ്രതലം മിനുക്കി ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചു എഴുതുവാന്‍ വിദഗ്ധരുടെ അടുത്തേയ്ക്കു അയക്കുന്നു.
പുരാതന ഈജിപ്റ്റുകാര്‍ ചിത്രങ്ങളും, രൂപങ്ങളും ചില അക്ഷരങ്ങളും ഉപയോഗിച്ച് എഴുത്ത് ശീലിച്ചിരുന്നു. ഹിരോഗ്ലിഫിക്സ് എന്നാണ് ഈ സങ്കേതത്തെ വിളിക്കുന്നത്. ജീവികളുടെ ചിത്രങ്ങള്‍ നിത്യോപയോഗ വസ്തുക്കളുടെ രൂപങ്ങള്‍ തുടങ്ങിയവ ഇടകലര്‍ത്തി വരച്ച് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ വിവരങ്ങള്‍ പാപ്പിറസ് ചുരുളികളില്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ദൈവവിശ്വാസ സംബന്ധിയായ വിഷയങ്ങളാണ് കണ്ടെടുക്കപ്പെട്ട ചുരുളുകളുകളിലെ പ്രധാന പ്രതിപാദന വിഷയം.
തുടര്‍ന്ന് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും വച്ചിരിക്കുന്ന ധാരാളം പാപ്പിറസ് ചുരുളുകള്‍ മറിയം കാണിച്ചു തന്നു. അതി പുരാതനമായ ഒട്ടേറെ ചിത്രങ്ങള്‍ക്കൊപ്പം, പഴയ സാങ്കേതിക വിദ്യയില്‍ പുതുതായി വരച്ച ധാരാളം ചിത്രങ്ങളും ചുരുളുകളും പ്രദര്‍ശനത്തിനു വച്ചിരുന്നു.
പ്രധാന ഹാളിനപ്പുറം ക്യാമറ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എഡ്വിന്റെ ആഗ്രഹപ്രകാരം ഹീരോഗ്ലിഫില് എഴുതപ്പെട്ട ചില പാപ്പിറസ് ചുരുളുകളും വാങ്ങി മറിയത്തിനോട് നന്ദിയും പറഞ്ഞ് ഞങ്ങള്‍ പുറത്ത് ഇറങ്ങി.
കട്ടി കുറഞ്ഞ ഗ്ലാസ് ട്യൂബുകൊണ്ട് ചെറിയ ഗ്ലാസ് ഉല്‍പ്പന്നങ്ങളും അത്തറിനുള്ള കുപ്പികളും ഉണ്ടാക്കുന്ന കര കൗശല വസ്തുക്കളുടെ നിര്‍മ്മാണ ശാലയിലേക്കായിരുന്നു അടുത്ത സന്ദര്‍ശനം.
അവിടെ ഒരു ഈജിപ്ഷ്യന്‍ ചെറുപ്പക്കാരന് തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കണ്ടു. ഞങ്ങളെ കാര്യമായി ശ്രദ്ധിക്കാതെ, പുതിയ ഒരു ട്യൂബ് എടുത്ത് ജോലി തുടര്‍ന്നു. ഗ്യാസ് കട്ടര്‍ കൊണ്ട്, വളരെ അധികം നീളമുണ്ടായിരുന്ന ട്യൂബിനെ മുറിച്ച് ആവശ്യത്തിനു മാത്രം നീളമുള്ള കൊച്ചു ട്യൂബ് ആക്കിയെടുത്തു. പിന്നെ...
ഉരുകി ദ്രാവക അവസ്ഥയില്‍ ആയിരുന്ന ഗ്ലാസ് ട്യൂബ്, കത്രിക പോലൊരു ഉപകരണം കൊണ്ട് മുറിച്ച് വൃത്തിയാക്കി...
അവശേഷിച്ച ട്യൂബ്, കട്ടറിന്റെ തീ നാളത്തില്‍ നന്നായി ചൂടാക്കി ഉരുക്കി....
ട്യൂബിന്റെ ഒരു വശത്തു നിന്നും ഊതി, ബലൂണ്‍ പോലെ വീര്‍ത്തു വന്ന ട്യൂബിനെ ഭംഗി വരുത്തി, ആവശ്യമില്ലാത്ത ഭാഗം വീണ്ടും മുറിച്ചു കളഞ്ഞ്....
കത്രികപോലുള്ള ഉപകരണത്തില്‍ വച്ച് കടഞ്ഞു രൂപ ഭംഗി വരുത്തി...
വീണ്ടും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പു വരുത്തി..
ബാക്കി ഭാഗം അവസാനമായി ഒരിക്കല്‍ കൂടി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്ത്.....
മനോഹരങ്ങളായ കൊച്ചു കൊച്ചു സ്ഫടിക പാത്രങ്ങള്‍ ആക്കി ഷെല്‍ഫില്‍ നിരത്തി വച്ചു.
വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും...
പ്രകാശത്തില്‍ കുളിച്ച ഷെല്‍ഫില്‍, നിര നിരയായി ഇരിക്കുന്ന സ്ഫടിക പാത്രങ്ങള്‍ കണ്ണിനും മനസിനും കുളിര്‍മ്മ നല്കുന്ന കാഴ്ചയായിരുന്നു.
കൌതുകം തോന്നിയ ചില ചെറിയ അത്തര്‍ കുപ്പികള്‍ ഞങ്ങള്‍ വാങ്ങിച്ചു. അതേ നിര്‍മ്മാണ ശാലയ്ക്കുള്ളില്‍ തന്നെ പൂക്കളുടെ ചാറുകൊണ്ട്, കൃത്രിമ ചേരുവകളില്ലാത്ത സുഗന്ധ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടായിരുന്നു. വാങ്ങിയ കുപ്പികളെല്ലം നിറയെ സുഗന്ധ തൈലവും വാങ്ങി ഞങ്ങള്‍ അവരോടു യാത്ര പറഞ്ഞ് ഇറങ്ങി.
അന്നത്തെ അവസാനത്തെ സന്ദര്‍ശന സ്ഥലമായ കെയിറോ മ്യൂസിയത്തിലേക്ക് പോകുവാന്‍ അഹ്മദ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
(അടുത്ത ആഴ്ച പ്രസിദ്ധമായ കെയിറോ മ്യൂസിയത്തിലെ വിശേഷങ്ങള്‍)