നൈലിന്റെ തീരങ്ങളിലൂടെ - Part 3സജി ബഹറിന്‍

ണ്മറഞ്ഞ ഫറവോ ചക്രവര്‍ത്തിമാരുടെ വാസഗ്രഹമായിട്ടാണ് പിരമിഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഫറവോമാരുടെ ആത്മാവിന്റെ 'കാ' എന്നു വിളിക്കപ്പെടുന്ന ഒരു ഭാഗം മൃതദേഹത്തോടൊപ്പം അവശേഷിക്കും എന്നു പുരാതന ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ ശേഷിക്കുന്ന ഭാഗം പരലോകത്തേയ്ക്കു യാത്രയാകും. അവിടെ മൃത ലോകത്തിലെ ഭരണവും ഇതേ ഫറവോമാരുടെ കൈകളില്‍തന്നെ ആയിരിക്കും എന്നതായിരുന്നുവത്രേ അവരുടെ വിശ്വാസം. മാത്രമല്ല, മരിച്ച ഫറവോയ്ക്കും ഇവിടെ ശേഷിക്കുന്ന ആത്മാവിനും ഇനിയും പല ഉത്തര വാദിത്വങ്ങളും ചെയ്യുവാനുണ്ടെന്നും, അതുകൊണ്ട്, വേണ്ടത്ര പ്രാധാന്യത്തോടെ മൃതശരീരത്തെ സൂക്ഷിക്കേണ്ടത് പ്രജകളുടെ ധാര്‍മ്മിക ബാധ്യതയായും ഈജിപ്റ്റുകാര്‍ കരുതി. ഫറവോ രാജാക്കന്മാര്‍ ദൈവത്തിന്റെ പ്രതിനിധികളോ പുത്രന്മാരോ ആയിട്ടാണ് സ്വയം കരുതിയിരുന്നത്. രാജകീയ അധികാരങ്ങള്‍ ദൈവദത്തമാണെന്നും, രാജാവിന്റെ ദൈവതുല്യമായി കാണണമെന്നും അവര്‍ വിശ്വസിക്കുകയും പ്രജകളെ വിശ്വസിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ പിരമിഡുകള്‍ ചക്രവര്‍ത്തിമാരുടെ വെറും ശവകുടീരങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച് മരണാനന്തര ജീവിതത്തിലേക്കു ആവശ്യം വന്നേക്കാവുന്ന വിവിധ സാധന സാമഗ്രികളുടെ സംഭരണ ശാല കൂടിയായിരുന്നു.പ്രാചീന ഭാരതത്തില്‍ മരണാന അചാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കിയിരുന്നില്ല.ആത്മാവ് പുനര്ജനത്തിനു വിധേയമാവുകയും ശരീരം പഞ്ച ഭൂതങ്ങളിലേയ്ക്കു മടങ്ങിച്ചേരുമെന്നും, പുന്ര്ജന്മത്തില്‍ കര്മ്മ ഫലാനുസാരിയായ മറ്റൊരു ശരീരം ലഭിക്കുമെന്നും ഭാരതീയര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ മരണം പുതിയ ലോകത്തിലേക്കുള്ള യാത്രയുടെ ആരംഭമായി പുരാതന ഈജിപ്റ്റുകാര്‍ കരുതി. പുതിയ ലോകത്തിലേക്ക് സുരക്ഷിത്രായി രൂപാന്തരം സംഭവിക്കാന്‍, ശവശരീരം കേടുകൂടാതെ എംബാം ചെയ്തു സൂക്ഷിക്കുന്നതിനു വേണ്ട സാങ്കേതിക ജ്ഞാനം അവര്‍ സമ്പാദിച്ചിരുന്നു. സഹസ്രാബ്ദങ്ങള്‍ പലതു കഴിഞ്ഞുവെങ്കിലും, മമ്മികള്‍ എന്ന് വിളിക്കുപ്പെടുന്ന ഈ മൃതദേഹങ്ങള്‍ കാലത്തെ അതിജീവിച്ച്, കേടുകൂടാതെയിരിക്കുന്നത് അത്ഭുതം തന്നെ.

ശവ ശരീരം കേടു കൂടാതെ സൂക്ഷിക്കുന്നതു ഏതാണ്ട് നാല്പ്പതു ദിവസം നീണ്ടു നില്‍ക്കുന്ന അതി സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. മമ്മിഫിക്കേഷന്‍ എന്നു പേരുവിളിക്കുന്ന ചടങ്ങില്‍, അനവധി വൈദ്യന്മാരും, പുരോഹിതന്മാരും, സാങ്കേതിക വിദഗ്ധരും പങ്കെടുത്തിരിന്നു.

മമ്മിഫിക്കേഷന്‍ :
മമ്മിഫിക്കേഷന് പ്രധാനമായും രണ്ടു ഘട്ടങ്ങള്‍ ആണ് ഉണ്ടായിരുന്നത്.

1.എംബാം ചെയ്യല്‍:
ആദ്യമായി മൃതദേഹം പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധലായനി ഉപയോഗിച്ചു കഴുകുന്നു. അതിനു ശേഷം ശരീരത്തിന്റെ വയറിന്റെ ഇടതു വശം മുറിച്ച് പെട്ടെന്നു നശിച്ചു പോകുന്ന ആന്തരാവയവങ്ങള്‍ പുറത്ത് എടുക്കുന്നു. കരള്‍, ശ്വാസകോശം, ആമാശയം, കുടല്‍ എന്നിവ പുറത്തു എടുക്കുമെങ്കിലും ഹൃദയം നീക്കം ചെയ്യുകയില്ല. കാരണം ഹൃദയം ബുദ്ധിയുടെ കേന്ദ്രമാണെന്നായിരുന്നു വിശ്വാസം. അതു മാറ്റിയാല്‍ പിന്നെ മൃതദേഹത്തിനു ചിന്തിച്ച് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലല്ലോ(??).

തുടര്‍ന്ന് നീണ്ട ഒരു കൊളുത്ത് ഉപയോഗിച്ച് നാസാരന്ധ്രത്തിലൂടെ തലച്ചോര്‍ വെളിയില്‍ എടുക്കുന്നു.

അതിനേ ശേഷം ശരീരം സോഡാക്കാരം പോലുള്ള ഒരു പദാര്‍ഥത്തില്‍ പൊതിഞ്ഞു വയ്ക്കുന്നു. കുറെ ദിവസങ്ങള്‍ക്കു ശേഷം ശരീരം പുറത്തെടുത്ത് നൈല്‍ നദിയിലെ വെള്ളത്തില്‍ കഴുകുന്നു. അതോടൊപ്പം ത്വക്കിന് മാര്‍ദ്ദവത്വം കിട്ടാന്‍ ചില വിശേഷപ്പെട്ട എണ്ണ പൂശുകയും ചെയ്യുന്നു. പുറത്തെടുത്ത ശരീരഭാഗങ്ങള്‍ ഇതിനകം നിര്‍ജ്ജലീകരണം സംഭവിച്ചിട്ടുണ്ടാകും. അവയെല്ലാം തുടര്‍ന്നു പൂര്‍വ്വ സ്ഥാനങ്ങളില്‍ നിക്ഷേപിക്കും. ആദ്യകാലങ്ങളില്‍ ഈ ആന്തരിക ഭാഗങ്ങള്‍ തിരികെ ശരീരത്തിന്റെ ഉള്ളില്‍ വയ്ക്കാറില്ല. നാലു ഭരണികളിലാക്കി ശരീരത്തോടൊപ്പം അടക്കം ചെയ്യാറാണ് പതിവ്.

ചുക്കി ചുളിഞ്ഞ ശരീരത്തിന്റെ ഉള്ളില്‍ തുണിയും ഇലകളും വയ്ച്ചു ജീവനുള്ളതുപോലെയാക്കുന്നു. ഒരു പ്രാവശ്യം കൂടി എണ്ണയും സുഗന്ധ ദ്രവ്യങ്ങളും പൂശുന്നതോടെ ഒന്നാം ഘട്ടം കഴിയുന്നു.

2.ശീലയില്‍ പൊതിയല്‍ :
ആദ്യം തലയും കഴുത്തും ഒരു തുണിയില്‍ പൊതിയുന്നു. പിന്നീട് കാലുകളും കൈകളും വെവ്വേറെ ശീലകള്‍ ചുറ്റുന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ പുരോഹിതന്മാര്‍ അത്യുച്ചത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും.

തുടര്‍ന്നു കൈകളും കാലുകളും ഒരുമിച്ചു ശരീരത്തോടു ചേര്‍ത്തു ബന്ധിക്കുന്നു. അന്നത്തെ ആചാരമനുസരിച്ച് മരിച്ചവര്‍ക്കുള്ള ഗ്രന്ഥത്തിന്റെ പാപ്പിറസ് ചുരുളുകള്‍ കരങ്ങള്‍ക്കിടയില്‍ തിരുകി വയ്ക്കുന്നു. മരണാനന്തര ജീവിതത്തിനെ വേണ്ട പ്രാര്‍ത്ഥനകളും ഉപദേശങ്ങളുമാണ് ചുരുളില്‍ എഴുതുന്നത്. ആചാരപ്രകാരമുള്ള മമ്മിയുടെ 'വായ തുറക്കല്‍' ആണ് അവസാനത്തെ ചടങ്ങ് എന്നു പറയാം. ഫറവോയ്ക്കു ആഹാരം കഴിക്കാനും ശ്വസിക്കാനും വേണ്ട സം‌വിധാനമൊരുക്കുകയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരോഹിതന്‍ ഉച്ചത്തില്‍ വേദ മന്ത്രങ്ങള്‍ ഓതിക്കൊണ്ട് ചെമ്പ് കൊണ്ടോ മൂര്‍ചയുള്ള കല്ലുകൊണ്ടോ ഉണ്ടാക്കിയ ആയുധം കൊണ്ട് മമ്മിയുടെ മുഖത്ത് വായ്ഭാഗത്ത് ഒരു വിടവ് ഉണ്ടാക്കുന്നു.

അവസാനം വലിയ ഒരു തുണിയില്‍ ശരീരം മുഴുവനായി പൊതിഞ്ഞ് അതിന്റെ പുറത്തു ഓറിസ് ദേവന്റെ ചിത്രം വരക്കുന്നതോടെ മമ്മി റെഡി!.

മമ്മി ഒരു ശവപ്പെട്ടിക്കകത്തു വച്ചിട്ടു ആ പെട്ടി വേറൊരു വലിയ ശവപ്പെട്ടിക്കകത്തു വയ്ക്കുന്നതോടെ സംസ്ക്കാരത്തിനും വിലാപയാത്രയ്ക്കും ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ശവപ്പെട്ടിക്കകത്തു വയ്ക്കുന്നതുനു മുന്‍പ് ലോഹം കൊണ്ടുള്ള പ്രത്യേക മുഖാവരണം ധരിപ്പിക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നു.

പൊതുവെ ഫറവോമാരുടെ പ്രതിമകള്‍ക്കും ശില്പ്പങ്ങള്‍ക്കും ഈ മുഖാവരണത്തിന്റെ രൂപമാണ് നല്‍കപ്പെടുന്നത്.

ഇന്നു ഫറവോമാരേക്കുറിച്ചു പറയുമ്പോള്‍ നമ്മുടെ മനസിലും ഓടിയെത്തുന്നത് ഈ രൂപങ്ങള്‍ തന്നെയാണ്. ഭാരതത്തിലെ ഹൈന്ദവ മതത്തിലേതെന്ന പോലെ ഓരോ വ്യത്യസ്ത കാര്യങ്ങളുടെ ചുമതലയ്ക്കും ഓരോരോ ദൈവങ്ങള്‍ ഉണ്ടെന്നു പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. മമ്മിഫിക്കേഷനും മരിച്ചവര്‍ക്കുമായി ഈജിപ്റ്റുകാര്‍ക്ക് ഒരു പ്രത്യേക ദൈവം ഉണ്ടായിരുന്നു. അനൂബിസ് എന്ന് ഈ ദേവന്‍ ശവകുടീരങ്ങള്‍ക്കു മുകളില്‍ ഇരുന്നു ശവശരീരത്തെ സംരക്ഷിക്കുകയും, ആത്മാവിന്റെ പരലോക യാത്രയില്‍ വേണ്ട സഹായം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈജിപ്റ്റുകാരുടെ ശവക്കോട്ടയിലെ പ്രധാന ശല്യം കുറുക്കന്റേതായിരുന്നു. ആഴത്തില്‍ സംസ്കരിച്ചാലും ശവം മാന്തിയെടുത്ത് ഈ കുറുക്കന്മാര്‍ ഭക്ഷിക്കുമായിരുന്നത്രെ. അതുകൊണ്ട് ശവത്തിന്റെ ദൈവത്തിനു കുറുക്കന്റെ മുഖവും മനുഷ്യന്റെ ശരീരവും കൈയ്യില്‍ ഒരു സ്വര്‍ണ്ണ ദണ്ടുമാണ് അനൂബിസിന് ഈജിപ്റ്റുകാര്‍ കല്പിച്ചിരുന്നത്. ശവശരീരം എംബാം ചെയ്യുന്ന പ്രധാന പുരോഹിതന്‍ അനൂബിസിന്റെ രൂപത്തിലുള്ള ശിരോവസ്ത്രമാണ് ധരിച്ചിരുന്നത്.


ഈ കഥകളെല്ലാം ഞങ്ങളുടെ ഗൈഡ് അഹമ്മെദ് വിശദീകരിക്കുമ്പോള്‍ ഒരു പ്രത്യേക ആവേശം അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തും കാണാമായിരുന്നു. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ഈജിപ്ഷ്യന്‍ ദേവന്മാരുടെയും ഫറവോമാരുടെയും ചിത്രങ്ങളും രൂപങ്ങളും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഭാവ വ്യത്യാസവും തോന്നിയിരുന്നില്ല. നായുടെ തലയുള്ളതും, പക്ഷിയുടെ മുഖമുള്ളതും, മൃഗരൂപത്തിലുള്ളതുമായ ഒട്ടനമധി ദേവന്മാര്‍.

ഭാരതത്തിലെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു വിദേശിക്കും ഇതൊക്കെതന്നെയാവും തോന്നുക. പക്ഷേ, രാവണന്റെ പേരുകേള്‍ക്കുമ്പോള്‍ പത്തു തലയുള്ള ഒരു വിചിത്ര ജീവിയല്ലല്ലോ ഒരു ഭാരതീയന്റെ ഹൃദയത്തിലേയ്ക്കു ഓടിയെത്തുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ കേട്ടപഴകിയ സീതാപഹരണം മുതല്‍ രാമരാവണയുദ്ധവും മറ്റ് അനുബന്ധ ദുരന്തങ്ങളും ഓര്‍മ്മിപ്പിക്കപ്പെടുമല്ലോ! അതുപോലെ ഈജിപ്റ്റിന്റെ പുരാതന ആചാരങ്ങളും വിശ്വാസങ്ങളും വിശദീകരിക്കുമ്പോള്‍ സമ്പന്നമായ ഒരു പഴയകാലത്തിന്റെ ഓര്‍മ്മകളും തികഞ്ഞ അഭിമാനവും അഹമ്മദിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഒരു നാടക നടന്റെ ഭാവവും രീതികളുമായിരുന്നു അദ്ദേഹത്തിന്റേത്.

വിശദീകരണരീതിയുടെ വശ്യത കൊണ്ട് ആയിരിക്കാം, ഈജിപ്റ്റിന്റെ പഴയ ലോകത്തിലേയ്ക്കു ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു തന്നെ പറയാം.

ഇക്കഥകളെല്ലാം വിശദീകരിച്ചു പറഞ്ഞതിനുശേഷം അഹമ്മദ് ഞങ്ങളെ ഫറവോ കുഫുവിന്റെ പിരമിഡിനു പിന്‍ഭാ‍ഗത്തേയ്ക്കു കൊണ്ടു പോയി. അവിടെ നിന്നാല്‍ രണ്ടു വലിയ പിരമിഡുകള്‍ കൂടി കാണാമായിരുന്നു. കുഫു ഫറവോയുടെ പുത്രനായിരുന്ന കഫ്രെ ഫറവോയുടേതായിരുന്നു നടുവിലുള്ള പിരമിഡ്. ഇത്, വലിപ്പം കൊണ്ടു രണ്ടാമത്തെതായിരുന്നു. മൂന്നമത്തേതും ഏറ്റവും ചെറുതും മെങ്കുറെയുടെ പിരമിഡ് ആയിരുന്നു.

കിഴക്കു വശത്തായി ചെറിയ മൂന്നു പിരമിഡുകള്‍ പകുതി തകര്‍ന്ന അവസ്ഥയിലും കാണപ്പെട്ടു. ഒരു ദിവസം വെറും 150 പേരെയാണ് ഗ്രേറ്റ് പിരമിഡിന്റെ ഉള്ളില്‍ പ്രവേശിപ്പിക്കുക. അതിരാവിലെ എത്തി മണിക്കൂറുകള്‍ കാത്തു നിന്നാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. മാത്രമല്ല കനത്ത ഫീസും ഈടാക്കും. ഞങ്ങള്‍ പോയ ദിവസം വെള്ളിയാഴ്ച ആയതുകൊണ്ട് സാധാരണ ദിവസങ്ങളേക്കാളും തിരക്ക് ആയിരുന്നു.ഇനി ടിക്കറ്റു കിട്ടില്ലെന്നും എല്ലാ പിരമിഡുകളുടെയും ഉള്‍വശം ഏതാണ്ട് ഒരുപോലെയാണെന്നും അതുകൊണ്ട് മറ്റൊരു പിരമിഡിന്റെ ഉള്ളില്‍ കയറാമെന്നും അഹമെദ് പറഞ്ഞപ്പോള്‍ അല്പം നിരാശ തോന്നാതിരുന്നില്ല.

അതു മനസിലാക്കിയ അദ്ദേഹം പറഞ്ഞു, ”പിരമിഡിന്റെ ഉള്ളില്‍ ഒഴിഞ്ഞ നിലവറകളും നീണ്ട ഇടനാഴികളും അല്ലാതെ ഒന്നും കാണാന്‍ കഴിയില്ല. ഉള്ളിലുള്ളവയെല്ലാം ശേഖരിച്ചു മ്യൂസിയത്തില്‍ വച്ചിരിക്കുകയാണ്. എന്തായാലും നമ്മള്‍ മ്യൂസിയത്തില്‍ പോകുമ്പോള്‍ മമ്മിയും, ശില്പങ്ങളും, മറ്റു പിരമിഡിനുള്ളിലെ എല്ലാ ഉപകരണങ്ങളും കാണാന്‍ കഴിയും”. ഞങ്ങള്‍ക്കു സമധാനമായി.

തുടര്‍ന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അടുത്ത പിരമിഡിന്റെ പ്രവേശന കവാടത്തില്‍ എത്തി. ആയുധധാരികളായ നിരവധി പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, അകത്തു കയറുവാന്‍ എല്ലാവര്‍ക്കും ഈരണ്ടു ഗിനി (വെറും 18 രൂപ!) കൈമടക്കു കൊടുക്കേണ്ടി വന്നു. കൈയ്യില്‍ ഏ കെ 47 ഉണ്ടെങ്കിലും പോലീസുകാരുടെ പോക്കറ്റുകള്‍ കാലിയാണെന്നു മനസിലായി.

തറയില്‍ നിന്നും അല്പം ഉയരത്തില്‍ കുത്തനെ താഴോട്ടു ഒരാള്‍ക്കു കുനിഞ്ഞു മാത്രം ഇറങ്ങിപ്പോകാവുന്ന വിധത്തില്‍ ആയിരുന്നു കവാടം. ഇതു വര്‍ഷങ്ങള്‍ക്കു ശേഷം ചുവരില്‍ വെട്ടിയുണ്ടാക്കിയതായിരുന്നു. ആദ്യത്തെ വാതില്‍ കുറെ ഉയരത്തില്‍ നിര്‍മ്മിച്ച വളരെ ഉയരമുള്ള ഒരു ഇട നാഴി ആയിരുന്നു.

പക്ഷേ അതു കൂറ്റന്‍ കല്ലുകള്‍ വച്ചു അടച്ചിരുന്നതുകൊണ്ട്, പിരമിഡ് പര്യവേഷകര്‍ പിന്നീട് നിര്‍മ്മിച്ചതാണ് ഈ വാതില്‍. താഴോട്ടു ഇടങ്ങുവാന്‍ പലകയില്‍ പടികള്‍ അടിച്ച് നടകള്‍ പോലെയൊരു ക്രമീകരണം ചെയ്തിരിക്കുന്നു. ഞാനും എഡ്വിനും കുനിഞ്ഞ് അകത്തേയ്ക്കിറങ്ങി. സുനിയും ഐറിനും പുറത്തു കാത്തു നിന്നു.

കുത്തനെയുള്ള ആ പടികള്‍ അവസാനിച്ചത് നീണ്ട ഒരു ഇട നാഴിയിലാണ്. അവിടെ വളിച്ചം കുറവായിരുന്നു. ഇടനാഴിയുടെ അവസാനം ഒരു ചെറിയ മുറി. എല്ലാ വശങ്ങളും ഒരേ നിറത്തിലഉള്ള കല്ലുകള്‍. ചുവരും തറയും പരുപരുത്തതായിരുന്നു. മുറിയുടെ ഒരു വശത്ത് കല്ലുകൊണ്ട് മുകളിലേയ്ക്കു പടികള്‍ പണുതിരിക്കുന്നു. കയറി മുകളിലെത്തിയപ്പോള്‍ ഇരുവശത്തും വിശാലമായ മുറികള്‍. അകത്തു സന്ദര്‍ശകര്‍ ആരും തന്നെയുണ്ടായിരുന്നില്ല. തികഞ്ഞ നിശബ്ദത. ഞങ്ങള്‍ക്കു മുകളില്‍ നൂറ്റാണ്ടുകളുകളായി നിലനില്‍ക്കുന്ന ഒരു കല്‍ക്കൂമ്പാരമാണെന്ന ചിന്ത, എന്റെയുള്ളില്‍ ഭയം ജനിപ്പിച്ചു.

അടുത്ത മുറിയിലും മേല്‍ക്കൂര വരെ പടികള്‍ ഉണ്ടായിരുന്നെങ്കിലും അത് അവസാനിക്കുന്നിടത്ത് വാതില്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയും ചില മുറികളില്‍ ഞങ്ങള്‍ കയറിയിറങ്ങി. എല്ലാം ഒഴിഞ്ഞ മുറികള്‍. പിന്നീട് അധികം സമയം അകത്തു നില്‍ക്കണമെന്നു തോന്നിയില്ല. ഉടന്‍ തന്നെ പുറത്തു കടന്നു. ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഇത്രയും കൂറ്റന്‍ സ്മാരകം എങ്ങിനെ പണിതു എന്നത് ഇന്നും വിസ്മയകരമായി നിലനില്‍ക്കുന്നു. ടണ്‍ കണക്കിനു ഭാരമുള്ള കല്ലുകള്‍ വലിയ ചങ്ങാടങ്ങളില്‍, നൈല്‍ നദിയിലൂടെ ഗിസേയില്‍ എത്തിച്ച്, ചരിവുകളിലൂടെയും ഉത്തോലങ്ങള്‍ ഉപയോഗിച്ച് ഉയര്‍ത്തിയും, ഉരുട്ടി കയറ്റിയും വര്‍ഷങ്ങള്‍ കൊണ്ടാണ് ഓരോ പിരമിഡും നിര്‍മ്മിച്ചത്.

പിരമിഡ് നിര്‍മ്മാണത്തെ സംബന്ധിച്ചു നില നില്‍ക്കുന്ന പല വിശ്വാസങ്ങളില്‍ ഏറ്റവും വിശ്വസനീയമാണ നിര്‍മ്മാണ രീതിയുടെ ചിത്രീകരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

അല്‍ഭുതം കൂറുന്ന മിഴികളുമായി ഞങ്ങള്‍ പിരമിഡിനു പുറത്തു കൂടി നടന്നു. അല്പ സമയം ഞങ്ങള്‍ക്കു പലതും നടന്നു കാണുവാനും വിശ്രമിക്കുവാനുമായി ഞങ്ങളെ തനിയെ വിട്ടിട്ടു അഹമ്മെദ് ദൂരെ മാറി നിന്നു.

കുറെകഴിഞ്ഞു ഗൈഡ് ഞങ്ങളെ വിളിച്ചു:

“കമോണ്‍ ഫ്രണ്ട്സ്, ലെറ്റ് അസ് ഗോ റ്റു ദി ഫ്രേറ്റ് സ്ഫിങ്ക്സ്”
അടുത്ത അല്‍ഭുതം കാണുവാന്‍ ഞങ്ങള്‍ തിടുക്കപ്പെട്ടു നടന്നു.


(തുടരും..)

(Pictures used to illustrate the mummification is from the website recommended by our guide)

നൈലിന്റെ തീരങ്ങളിലൂടെ - Part 2


സജി ബഹറിന്‍
ങ്ങള്‍ക്കായി ഒരുക്കിയിരുന്ന ഗിസേപട്ടണത്തിലെ ബാര്‍സിലോ ഹോട്ടലില്‍ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ എത്തി. കയിറോ പട്ടണത്തിന്റെ തുടര്‍ച്ച തന്നെയാണ് ഗിസേ പട്ടണവും. നേരത്തേ എത്തിയതുകൊണ്ട് റൂം റെഡി ആയിരുന്നില്ല. ലോബിയില്‍ ഞങ്ങള്‍ കാത്തിരുന്നു. റിസപ്ഷന്‍ കൌണ്ടറിനു ചുറ്റും വിവിധ രാജ്യക്കാരായ ധാരാളം വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. അഷറഫ് ആ സമയം പാഴാക്കാതെ ഇന്നത്തെ യാത്രയുടെ എകദേശ ചിത്രം പറഞ്ഞു തന്നു. പത്തു മണിയോടെ ഞങ്ങളുടെ ഗൈഡ് വരും. രാവിലെതന്നെ പിരമിഡുകള്‍, പിന്നെ ഗിസേയില്‍ തന്നെയുള്ള ഫറവോ രാജാക്കന്മാരുടെ ശക്തിയുടെ പ്രതീകമായ സ്ഫിന്‍ക്സ് എന്ന കൂറ്റന്‍ പ്രതിമ, പാപ്പിറസ് മൂസിയം, ഗിസേ മാര്‍ക്കറ്റ്, സന്ധ്യയ്ക്ക് തിരിച്ച് ഹോട്ടലിലേക്ക്, ഇതാണ് ഇന്നത്തെ പരിപാടികള്‍. അടുത്ത ദിവസം ഈജിപ്റ്റിലെ രണ്ടാമത്തെ പട്ടണമായ അലക്സാന്ട്രിയായിലേക്ക്. ഉദ്ദേശം 4 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യണം.

റോമിങ്ങ് മൊബൈല്‍ ലാഭകരമല്ലെന്നും, ഈജിപ്റ്റിലെ സിം കാര്‍ഡിന് വെറും 5 ഗിനി (ഈജിപ്ഷ്യന്‍ പൌണ്ട്) മാത്രമേ വിലയുള്ളൂ എന്നും അഷറഫ് അറിയിച്ചു. ഞങ്ങള്‍ സിം കാര്‍ഡ് വാങ്ങുവാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, റൂം റെഡി ആയിരിക്കുന്നു എന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. നാലാം നിലയിലെ വിശാലവും ആര്‍ഭാടവുമായ മുറി.
എല്ലാവരേയും റൂമിലാക്കി ഞാന്‍ വെളിയില്‍ ഇറങ്ങി. ഹോട്ടലിനു മുന്‍പില്‍ നിരനിരയായി ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. റിസപ്ഷന്‍ കൌണ്ടറിനു മുന്‍പില്‍ ഇപ്പോഴും വലിയ തിരക്കു തന്നെ. വിവിധ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ എത്തിയിരിക്കുന്നു. ഈജിപ്റ്റിന്റെ പ്രധാന വരുമാനം ടൂറിസമാണെന്നും, ടൂറിസ്റ്റുകള്‍ക്കു വേണ്ട എല്ലാ സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അഷറഫ് അറിയിച്ചു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അടുത്തകാലത്തായി ചൈനയില്‍ നിന്നും ധാരാളം വിനോദസഞ്ചാരിളെ എല്ലായിടത്തും കാണാം. അവിടുത്തെ സാമ്പത്തിക വളര്‍ച്ച ആയിരിക്കാം കാരണം. മലേഷ്യയില്‍ നിന്നും, മറ്റു ഫാര്‍ ഈസ്റ്റു രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ കുറവല്ല. എന്നാല്‍ ഒരൊറ്റ ഇന്‍ഡ്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല.

രസകരമായ ഒരു വ്യത്യാസം, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വന്നിരിക്കുന്നവര്‍ എല്ലാവരും പടു വൃദ്ധന്മാരും വൃദ്ധകളും ആയിരുന്നു. എന്നാല്‍ പൂര്‍വ്വദേശക്കാരില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നു. നാല്പതിനു ശേഷമാണ് പാശ്ചാത്യര്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നത് എന്ന് നിരക്ഷരന്‍ പറഞ്ഞത് ഓര്‍മ്മ വന്നു.

ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ കറുത്ത യൂണിഫോം അണിഞ്ഞ പോലീസുകാരന്‍ ഇരിക്കുന്നു. ഇവിടുത്തെ എല്ലാ ഹോട്ടലിന്റെ മുന്നിലും ടൂറിസ്റ്റു പോലീസ് ഡ്യൂട്ടിയിലുണ്ടാവുമത്രേ! മാത്രമല്ല എല്ലാ ഹോട്ടലിലും സെക്യൂരിറ്റി പരിശോധന നിര്‍ബന്ധമാണ്. ലഗ്ഗേജുകള്‍ എയര്‍പോര്‍ട്ടിലേതു പോലെ എക്സ് - റേ ചെയ്തിട്ടേ കടത്തി വിടുകയുള്ളൂ. സന്ദര്‍ശകരുടെ സുരക്ഷിതത്തിനു സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നു അഷറഫ് പറഞ്ഞു.

ഞങ്ങള്‍ ഹോട്ടലിനു വെളിയില്‍ കടന്നു. നേരിയ കുളിര്‍ കാറ്റ് അടിച്ചുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ അത്യുഷ്ണം ആരംഭിച്ചു തുടങ്ങിയിരുന്നതിനാല്‍, ഞങ്ങള്‍ തണുപ്പ് പ്രധിരോധിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ കരുതിയിരുന്നില്ല. രാവിലെ ആയതുകൊണ്ടാവണം തണുപ്പ് അല്പം അസഹനീയമായി തോന്നി. ഞാനും അഷറഫും ഒരുമിച്ചു നടന്നു. രാവിലെ എട്ടുമണി കഴിഞ്ഞു. പക്ഷേ, കടകള്‍ എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചിട്ടില്ല. എങ്കിലും ഫുട്പാത്തില്‍ ധാരാളം വിദ്യാര്‍ഥികളെ കാണാമായിരുന്നു. ബസ്സുകളേക്കാള്‍ പ്രൈവറ്റ് വാന്‍ സര്‍വീസുകള്‍ ആയിരുന്നു കൂടുതല്‍. വാനിന്റെ ഡോറുകള്‍ തുറന്നു വച്ച് അതിവേഗതയില്‍ ഒടിച്ചു പോകുന്നത് രസകരമായി തോന്നി.
കുറെ ദൂരം നടന്നിട്ടും കടകള്‍ ഒന്നും തുറന്ന് കാണാഞ്ഞതിനാല്‍ ഞങ്ങള്‍ തിരിച്ചു നടന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ലോബിയില്‍ എത്തി ഗൈഡിനായി കാത്തിരുന്നു. കൃത്യസമയത്ത് തന്നെ അഷറഫിന്റെ മെസേജ് വന്നു, ഡ്രൈവര്‍ പുറത്തു കാത്തു നില്ക്കുന്നു. എയര്‍പോര്‍ട്ടില്‍ വന്ന അതേ ഡ്രൈവര്‍ തന്നെയായിരുന്നതിനാല്‍ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. മുന്‍ സീറ്റില്‍ നിന്നും, സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു.

“ഐ ആം അഹമ്മദ്. യുവര്‍ ഗൈഡ്” ശുദ്ധമായ ഇംഗ്ളീഷില്‍, ഹസ്ത ദാനം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു. ഗള്‍ഫില്‍ വച്ച് പരിചയപ്പെട്ടിട്ടുള്ള ഈജിപ്റ്റുകാര്‍ പൊതുവേ, വളരെ വികലമായ ഇംഗ്ളീഷ് ഉച്ചാരണമുള്ളവരാണ്.

“വി വില്‍ ഗോ റ്റു പിരമിഡ്സ് ഫസ്റ്റ്”
“ഒകെ” ഞങ്ങള്‍ക്ക് എല്ലാം സമ്മതം
“കാന്‍ യൌ ഷോ മി യുവര്‍ ഇറ്റെനറരി?”

“യേസ്.” ബാഗു തുറന്നു യാത്രാ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ട് എടുത്തു കൊടുത്തു. ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് വിശദമായി അതില്‍ ഉണ്ടായിരുന്നു. അതുമായി, അഹമ്മദ് ഡ്രൈവറുമായി എന്തൊക്കെയോ ചര്‍ച്ച ചെയ്തിട്ടു തിരികെ തന്നു.

വാഹനം പട്ടണത്തിനുവെളിയില്‍ മരുഭൂമിയിലേക്കു കടന്നു. മുന്നിലും പിന്നിലും ടൂറിസ്റ്റ് ബസ്സുകള്‍. ചുറ്റും മരങ്ങളോ കെട്ടിടങ്ങളോ ഇല്ല.

“ദേ പപ്പ പിരമിഡ് ..” എഡ്വിന്‍ വിളിച്ചു കൂവുകയായിരുന്നു.
അവന്‍ ഇരുന്ന വശത്തേക്കു നോക്കിയപ്പോള്‍ അങ്ങു ദൂരെ ഒരു വന്‍ കല്‍കൂമ്പാരം പോലെ ചക്രവാളത്തെ ഭേദിച്ച് ആകാശത്തിലേയ്ക്ക് ഉയര്‍ന്നു നില്ക്കുന്ന, പിരമിഡ്! പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിക്കുന്ന എക മനുഷ്യ നിര്‍മ്മിത കൂറ്റന്‍ സ്മാരകം.
നാലായിരത്തി അറുന്നൂറു വര്‍ഷം പഴക്കമുള്ള കരിങ്കല്‍ സൗധമാണ് മുന്നില്‍ കാണുന്നത്. അത്രയും പഴക്കമുള്ള ഒന്നും തന്നെ തന്നെ ലോകത്ത് അവശേഷിക്കുന്നില്ല. കാലത്തിന്റേയും, മനുഷ്യന്റേയും കരങ്ങളില്‍ സകലതും തകര്‍ത്തെറിയപ്പെട്ടപ്പോളും സകലതിനേയും വെല്ലുവിളിച്ചുകൊണ്ട് പിരമിഡുകള്‍ ഇന്നും നിലകൊള്ളുന്നു. 'ലോകത്തിലുള്ള സകലതും കാലത്തെ ഭയപ്പെടുന്നു, എന്നാല്‍ കാലം പിരമിഡുകളെ ഭയപ്പെടുന്നു' എന്ന ഹെറോഡോട്ടസിന്റെ വാക്കുകളെ ഓര്‍ത്തുപോയി.
എറ്റവും വലിയ പിരമിഡിനു (Great Pyramid) മുന്നിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നൂറുകണക്കിനു ടൂറിസ്റ്റുബസ്സുകള്‍ വരിവരിയായി നിറുത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ അവയെല്ലാം കടന്നു മുന്നോട്ടു പോയി. വഴിയില്‍ പലരും കൈകാട്ടി, പക്ഷേ ഡ്രൈവര്‍ അവിടെയെങ്ങും നിര്‍ത്തിയില്ല. ഞങ്ങള്‍ എല്ലാവരും പുറത്ത് ഇറങ്ങുന്നതുവരെ അഹമ്മദ് കാത്തു നിന്നു. പിന്നെ ഐറിന്റെ കൈ പിടിച്ചു നടന്നു. സംസാരത്തിലും പെരുമാറ്റത്തിലും നല്ല കുലീനതയും മാന്യമായ ഔപചാരികതയും സൂക്ഷിക്കുന്ന ചെറുപ്പക്കാരന്‍. ഈജിപ്റ്റിലെ എല്ലാ യൂണിവേര്‍സിറ്റികളിലും ടൂറിസം ഒരു പ്രധാന പഠന വിഷയമാണെന്നും, ഈ വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കു മാത്രമേ അംഗീകൃത ഗൈഡ് ആയി ജോലി നോക്കുവാന്‍ കഴിയുകയുള്ളൂ എന്നും അഷറഫില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

പിരമുഡുകളെപറ്റി പ്രാഥമികമായി ചില വിവരങ്ങള്‍ അഹമ്മദ് വിശദീകരിച്ചു തന്നു. ഏതാണ്ട് 138 പിരമിഡുകള്‍ ആണ് ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. അവയില്‍ ഭൂരിപക്ഷവും തകര്‍ന്ന്, ഇന്ന് വെറും കല്‍ക്കൂമ്പാരങ്ങളായി തീര്‍ന്നിരിക്കുന്നു. പൂര്‍ണ്ണരൂപത്തില്‍ അവശേഷിക്കുന്ന 3 പിരമിഡുകളില്‍ എറ്റവും വലുതാണ് ഞങ്ങളുടെ കണ്മുന്‍പില്‍ കാണുന്നത്. പുരാതന ഈജിപ്റ്റിലെ നാലാം തലമുറയിലെ ഫറവോ കുഫു നിര്‍മ്മിച്ചതാണ് 157 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പിരമിഡ്. ഏതാണ്ട് ഇരുന്നൂറ്റി മുപ്പതു ലക്ഷം ചുണ്ണാമ്പു കല്ലുകളും ഗ്രാനൈറ്റും ഉപയോഗിച്ചു 20 വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്.
'ഗ്രേറ്റ് പിരമിഡ്' എന്നറിയപ്പെടുന്ന ഈ ശവകുടീരം 3800 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത സൗധമായിരുന്നുവത്രേ. ഗ്രേറ്റ് പിരമിഡിന്റെ നിര്‍മ്മാണത്തിനായി 25 മുതല്‍ 80 ടണ്‍ വരെ തൂക്കം വരുന്ന കല്ലുകള്‍, ഗിസേയില്‍ നിന്നും അഞ്ഞൂറു മൈല്‍ ദൂരെയുള്ള അസ്വാനില്‍ നിന്നും കൊണ്ടുവരപ്പെട്ടവയാണ്. നൈല്‍ നദിയുടെ പടിഞ്ഞാറേക്കരയിലാണ് പിരമിഡുകള്‍ സ്ഥിതിചെയ്യുന്നത്. പതിനായിരക്കണക്കിനു തൊഴിലാളികളുടെ അദ്ധ്വാനഫലമായിട്ടാണ് ഈ പടുകൂറ്റന്‍ കല്ലുകളത്രയും നൈല്‍ നദിയിലൂടെ വലിയ ചങ്ങാടങ്ങളിലാക്കി അസ്വാനില്‍ നിന്നും ഗിസേയില്‍ എത്തിച്ചത്.

ഗ്രേറ്റ് പിരമിഡിനോട് ചേര്‍ന്നു അല്പം ചെറിയ മറ്റു രണ്ടു പിരമിഡുകള്‍ കൂടി കാണാം. അതില്‍ നടുവിലെ പിരമിഡിനു മുകളില്‍ മാത്രം തിളങ്ങുന്ന മറ്റെന്തോ കൊണ്ട് പൊതിഞ്ഞിരിക്കുന്നതു പോലെ കാണാം.
അഹമ്മദ് അതു എന്താണെന്നു ഞങ്ങള്‍ക്ക് വിശദികരിച്ചു തന്നു. ഗ്രാനൈറ്റ് കൊണ്ട് പണിതിരിക്കുന്ന പിരമിഡുകളിടെ പുറത്തു ചുണ്ണാമ്പ് കല്ലുകൊണ്ട് (ലൈം സ്റ്റോണ്‍) കട്ടിയുള്ള ഒരു ആവരണം പ്ലാസ്റ്റര്‍ ചെയ്യുന്നതുപോലെ വച്ചു പിടിപ്പിക്കാറുണ്ട്. എല്ലാ പിരമിഡും ഇങ്ങനെ പൊതിയാറുണ്ടായിരുന്നെങ്കിലും, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്റ്റുകാര്‍ അവ ഇളക്കിയെടുത്ത് വീട് പണിയുമായിരുന്നു. അങ്ങിനെ ലൈം സ്റ്റോണ്‍ ഏതാണ്ട് പൂര്‍ണ്ണമായി ഇന്നു നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. ചൂടില്‍ നിന്നും വെളിച്ചത്തില്‍ നിന്നും, മറ്റു പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പിരമിഡുകള്‍ക്കുള്ള സം‌രക്ഷണമായിരുന്നു ഈ ആവരണം.


അടുത്ത ആഴ്ച പിരമിഡിനുള്ളിലേക്ക്..

നൈലിന്റെ തീരങ്ങളിലൂടെ - Part 1


സജി ബഹറിന്‍
ഹിമാലയ യാത്ര കഴിഞ്ഞപ്പോള്‍ മുതല്‍, സകുടുംബം വേണം അടുത്ത യാത്ര എന്നു തീരുമാനിച്ചതായിരുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലം തന്നെ വേണമെന്നു എഡ്വിന്‍ വളരെ മുന്‍പേ ശട്ടം കെട്ടിയിരുന്നു. എഴാം ക്ലാസ് എത്തിയിട്ടേയുള്ളൂ, പക്ഷേ, "സപ്പോസ്, ദിസ്‌ ഇസ് എ ടെസ്റ്റ് ട്യൂബ്" എന്നു പറഞ്ഞ്, ചോക്കു കഷണം ഉയര്‍ത്തികാണിച്ചു പഠിച്ച കാലമല്ലല്ലോ! ഒറിജിനല്‍ ടെസ്റ്റ്ട്യൂബ് കാണിച്ചാല്‍ ഉടന്‍ തന്നെ അതിന്റെ ബ്രാന്‍ഡ്‌ നെയിം, ക്വാളിറ്റി, പുതിയ മോഡല്‍ ഒക്കെ കുട്ടികള്‍ ഇങ്ങോട്ടു പറഞ്ഞുതരുന്ന കാലമല്ലേ, അവരുടെ ആഗ്രഹം നടക്കട്ടേ എന്നു വിചാരിച്ചാണു ഈജിപ്റ്റ് തന്നെ തിരഞ്ഞെടുത്തത്. എല്ലാവരുടെയും അവധി കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്ച ഒത്തു വന്നു.പക്ഷേ ഒരു പ്രശ്നം. എല്ലാ യാത്രയിലും ഒരുമിച്ചു വരാറുളുള്ള ജയ്സണ് അസൌകര്യം. സിസ്കോയുടെ ബഹറിന്‍ എക്സിബിഷന്‍ നടക്കുന്നതിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ അവനായിരുന്നു. എന്തായാലും ഇത്തവണ അവനില്ലാതെ പോകുക തന്നെ, അല്ലെങ്കില്‍ യാത്ര മാറ്റി വയ്ക്കേണ്ടി വരും. അങ്ങിനെ ആയാല്‍, ആ സമയത്ത് പിന്നെ മറ്റുള്ളവര്‍ക്ക് അവധി കിട്ടുകയും ഇല്ല.

സഹസ്രാബ്ദങ്ങള്‍ മുന്‍പ് ജീവിച്ചു മണ്മറഞ്ഞ ഫറവോമാര്‍, അവരുടെ നശിക്കാത്ത ശരീരങ്ങള്‍ വഹിക്കുന്ന കൂറ്റന്‍ പിരമിഡുകള്‍, വിചിത്രമായ ആചാരങ്ങള്‍ക്ക് വേദിയൊരുങ്ങിയ കൂറ്റന്‍ പുരാതന ക്ഷേത്രങ്ങള്‍, വിസ്തൃതിയും ആഴവും കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന നൈല്‍ നദി. ഇങ്ങനെ ചരിത്രമുറങ്ങുന്ന ഒരുപാട് കാര്യങ്ങള്‍ നിറഞ്ഞ മണ്ണാണ് ഈജിപ്റ്റിന്റേത്.


അലക്സാണ്‍ഡ്രിയായിലെ സന്ധ്യ.

എന്നെ വ്യക്തിപരമായി വളരെ സ്വാധീനിച്ച മറ്റു പലതും ഉണ്ട് ഈജിപ്റ്റില്‍. ബി സി - നൂറ്റാണ്ടില്‍ പാലസ്തീനില്‍ ക്ഷാമം നേരിട്ടപ്പോള്‍ ധാന്യം കൊള്ളുന്നതിനു വേണ്ടിയായിരുന്നു യാക്കോബിന്റെ പതിനൊന്നു മക്കള്‍ ഈജിപ്റ്റില്‍ എത്തിയത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ നിമിത്തം പന്ത്രണ്ടാമനായ ജോസഫിനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കച്ചവടക്കാര്‍ക്കു വിറ്റു കളഞ്ഞിരുന്നു. പക്ഷേ, അനവധി കഷ്ടങ്ങളില്‍ക്കൂടി കടന്നുപോയെങ്കിലും മറ്റു സഹോദരങ്ങള്‍ ഈജിപ്റ്റില്‍ എത്തുമ്പോഴേക്കും ജോസഫ് അവിടുത്തെ പ്രധാന മന്ത്രിയായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ എല്ലാ സൌകര്യങ്ങളും യാക്കോബിന്റെ മക്കള്‍ അവിടെ അനുഭവിച്ചു. പൊതുവേ ആട്ടിടയരായ അവര്‍ക്ക് ഫലഭൂയിഷ്ഠമായ ഗോശേന്‍ ദേശം തന്നെ പതിച്ചു കിട്ടി. മക്കളേയും മരുമക്കളേയും ഈജിപ്റ്റിലേക്കു കൊണ്ടുവന്നു. എതാണ്ട് എഴുപത്തി രണ്ടുപേര്‍ പാലസ്തീനില്‍ നിന്നും പ്രവാസികളായി ഈജിപ്തില്‍ എത്തി.

കാലം കഴിഞ്ഞു. ജോസഫ് മരിച്ചു. യാക്കോബിന്റെ മക്കള്‍ വര്‍ദ്ധിച്ചു പെരുകി. ജോസഫിനെ അറിയാത്ത തിമ്പാന്‍ ഫറവോ ഭരിക്കുന്ന കാലം. കഠിന ഹൃദയനും ഭരണ നിപുണനുമായ തിമ്പാന്‍ ഫറാവോ യഹൂദരുടെ എണ്ണത്തിലും വളര്‍ച്ചയിലും ഭയപ്പെട്ടു. ഇനി യാക്കോബിന്റെ മക്കളുടെ എണ്ണം വര്‍ദ്ധിക്കാതിരിക്കാന്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞു കളയാന്‍ തിട്ടൂരം ഇറക്കി. അപ്പോഴേക്കും പ്രവാസ ജീവിതത്തിന്റെ മുന്നൂറ്റി അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. യഹൂദരെ ഈജിപ്ഷ്യന്‍ ഇഷ്ടിക കളങ്ങളില്‍ ക്രൂരമായി ജോലി ചെയ്യിപ്പിച്ചു. അവശ്യത്തിനു മണ്ണും വൈക്കോലും നല്കിയില്ലെന്നു മാത്രമല്ല, ഇഷ്ടികയുടെ എണ്ണത്തില്‍ കുറവുവരാന്‍ സമ്മതിച്ചതും ഇല്ല.


ഈജിപ്റ്റിലെ ഇഷ്ടിക കളങ്ങള്‍

അക്കാലത്താണ് അമ്രാമിന്റെ മകനായി മോശക്കുഞ്ഞു ജനിക്കുന്നത്. ആ കുഞ്ഞിനെ ഞ്ഞാങ്ങണ പെട്ടിയിലാക്കി അമ്മ നൈല്‍ നദിയിലൊഴുക്കി. അനേക യഹൂദ ബാലന്മാരെ വിഴുങ്ങിയ, നീല നദിയുടെ പരപ്പിലൂടെ മോശക്കുഞ്ഞിനെ വഹിച്ച ഞ്ഞാങ്ങണപ്പെട്ടി ഒഴുകി നടന്നു. അതു ഫറവോന്റെ മകന്‍ കണ്ടെത്തിയതും, തിട്ടൂരമിറക്കിയ കൊട്ടാരത്തില്‍ തന്നെ അത്ഭുതകരമായി മോശ വളര്‍ന്നു വന്നു എന്നതും പഴയ നിയമത്തിലെ എറ്റവും തിളക്കമുള്ള ഏടുകള്‍ തന്നെ. ഭയവും കൌതുകവും നിറഞ്ഞ കണ്ണുകളോടെ ഇക്കഥകളെല്ലാം വേദപാഠ ക്ലാസ്സില്‍ കേട്ടിരുന്നു കാലം മനസ്സില്‍ ഒടിയെത്തി.

എണ്ണമറ്റ യഹൂദ ബാലന്മാരെ വിഴുങ്ങിയ നൈല്‍ നദി കാണുവാന്‍, ജോസഫ് ഭരിച്ച ദേശം സന്ദര്‍ശിക്കാന്‍ ഒക്കെ കിട്ടിയ അവസരം അമൂല്യമായി തന്നെ തോന്നി.


നൈല്‍ നദി

യാത്രയ്ക്കു മുന്‍പ് വേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായി ഈജിപ്റ്റിനേപറ്റി അത്യാവശ്യം വേണ്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഈജിപ്റ്റ് കറന്‍സിക്ക് എറ്റവും നല്ല വിനിമയ മൂല്യം ലഭിക്കുന്നത് അവിടുത്തെ ബാങ്കുകളില്‍ ആണെന്നും, ആയതിനാല്‍ പണം മാറുന്നത് അവിടെ ചെന്നിട്ടു മതിയെന്നും ഞങ്ങള്‍ മനസിലാക്കിയത് അങ്ങിനെയാണ്. ഒരു ഈജിപ്ഷ്യന്‍ പൌണ്ട് എകദേശം 9 രൂപ മൂല്യം വരും. എയര്‍പ്പോര്‍ട്ടിലെ എമ്മിഗ്രേഷന്‍ - കസ്റ്റംസ് ഉദ്ദ്യോഗസ്ഥന്‍ ഇന്‍ഡ്യക്കാരായ ഞങ്ങളോട് വളരെ ഭവ്യതയോടെയും മാന്യമായും പെരുമാറുന്നതു കണ്ടപ്പോള്‍ അതിശയം തോന്നാതിരുന്നില്ല. കാരണം ഗള്‍ഫിലെ ജീവിതം മസറികള്‍ എന്ന അറബിപ്പേരിനാല്‍ അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ജോലിക്കാരോട് ഒരു തരം വെറുപ്പ് നേടിത്തന്നിരുന്നു. അറബിഭാഷ മാതൃഭാഷ ആയതുകൊണ്ട്, ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലും ഉയര്‍ന്ന തസ്തികകള്‍ മസറികള്‍ കൈയ്യടക്കി വച്ചിരിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ കഷ്ട്ടപ്പെടുന്നതിന്റെ കാരണം, നല്ലൊരു പങ്കും മസറി മേലധികാരികളുടെ പീഡനമാണെന്ന സത്യമാണ് ഈ വെറുപ്പിന്റെ മൂലകാരണം. (കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനം മലയാളികള്‍ക്ക് ആകാനാണു സാധ്യത)

ഈജിപ്റ്റു സന്ദര്‍ശനം കൊണ്ട് ഒരു കാര്യം മനസിലായി. അവിടുത്തെ, എറ്റവും അരസികരും, അഹങ്കാരികളും, മാനേജ്മെന്റിന്റെ ബാലപാഠം പോലും അറിയത്തില്ലാത്തവരേയും തിരഞ്ഞു പിടിച്ചാണ് ഗള്‍ഫില്‍ കൊണ്ടു വന്നിരിക്കുന്നത്.
അല്ലെങ്കില്‍ വിസ സ്റ്റാമ്പ് ചെയ്ത എമിഗ്രേഷന്‍ ഉദ്യോസ്ഥനും കസ്റ്റംസ് ഉദ്ദ്യോഗസ്ഥരും ഇത്ര സ്നേഹപൂര്‍വമായി ഇടപെടേണ്ട കാര്യമില്ലല്ലോ. 60 പൌണ്ട് ആണ് സന്ദര്‍ശന വിസ ഫീസ്. ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങുന്നതിനു മുന്‍പ് ഒരു പോലീസുകാരന്‍ വന്നു ചിരിച്ചു ഹസ്തദാനം ചെയ്തു.
“എവെരി തിങ്ങ് ഈസ് ഓക്കേ?”
“യേസ്!, താങ്ക്യൂ!” ഞാന്‍ നദിയോടെ മറുപടി പറഞ്ഞു. ഗള്‍ഫില്‍ എങ്ങും കിട്ടാത്ത സ്വാഗതം.
“ഓക്കേ. ദെന്‍ ഗിവ് അസ് സംതിങ്ങ്”
“യൂ മീന്‍?” എനിക്കു മനസിലായില്ല.
“മണി, ഫുളൂസ്?” പൈസ വേണമത്രേ. ഞാന്‍ പരുങ്ങി. എന്താണ് നാട്ടുനടപ്പ് എന്നറിയില്ലല്ലോ. എന്തായാലും 50 പൌണ്ട് എടുത്ത് രഹസ്യമായി കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചു.പക്ഷേ, അദ്ദേഹം പരസ്യമായി വാങ്ങി, നിവര്‍ത്തിനോക്കി ഒരു സങ്കോചവും കൂടാതെ പോക്കറ്റില്‍ ഇട്ടു.
“എന്ജോയ്‌ യുവര്‍ ട്രിപ്!” പിരിയുന്നതിനു മുന്‍പ് അദ്ദേഹം ആശംസിക്കാന്‍ മറന്നില്ല.
പുറത്തേക്കു ഇറങ്ങുമ്പോള്‍ സൂട്ടും കോട്ടും ധരിച്ച് ഒരു മദ്ധ്യവയസ്കന്‍ പേര് വിളിച്ച് ചിരിച്ചുകൊണ്ട് ഓടിവന്നു.
“ഐ ആം അഷ്റഫ്, യുവര്‍ ട്രാവല്‍ കോര്‍ഡിനേറ്റര്‍ ”
മീറ്റ് അസിസ്റ്റന്‍സ് ഇന്‍ ദി എയര്‍പോര്‍ട്ട്‌ - എന്ന് ട്രാവല്‍ ഓഫീസില്‍ നിന്നും തന്ന ഇറ്റിനറിയില്‍ എഴുതിയിരുന്നതു ഓര്‍മ്മ വന്നു.
“യൂ ഹാവ് ഒണ്‍ലി റ്റു ബാഗ്സ്. ഈസിന്റ് ഇറ്റ്?”
“യേസ്!”.
“ഐ ഹാവ് കളക്ടഡ് ഒറെഡി” അറബികള്‍ പൊതുവെ ഒരെഡി എന്നേ പറയാറുള്ളൂ.
വിസ സ്റ്റാമ്പ് ചെയ്തു വരാന്‍ താമസിച്ചപ്പോഴേക്കും ലെഗ്ഗേജിന്റെ ടാഗു നോക്കി അദ്ദേഹം എല്ലാം എടുത്തു ട്രോളിയില്‍ വച്ചിരിക്കുന്നു. മസറികളേക്കുറിച്ചുള്ള മനസിലുള്ള ചിത്രം മാറി വരികയായിരുന്നു.
അദ്ദേഹം ഞ്ഞങ്ങളേയും കൂട്ടി വിമാനത്താവളത്തിന്റെ വെളിയില്‍ കടന്നു. വഴിയില്‍ കാണുന്ന ഒരോ കെട്ടിടത്തേയും റോഡിനേപറ്റിയും അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു.ഞങ്ങള്‍ ഈജപ്റ്റിന്റെ തലസ്ഥാനമായ കെയ്റോ പട്ടണത്തിലൂടെയായിരുന്നു യാത്രചെയ്തുകൊണ്ടിരുന്നത്.

“നിങ്ങള്ക്ക് ഇന്ന് താമസിക്കാന്‍ ക്രമീകരിച്ചിരിക്കുന്ന ചെയ്തിരിക്കുന്ന ഹോട്ടല്‍ ഇവിടെ നിന്നും 25 കി. മി. ദൂരെ ഗിസേ എന്ന പട്ടണത്തിലാണ്. ഹോട്ടലിലും നിന്നും വെറും അഞ്ചു മിനിറ്റ് യാത്ര ചെയ്‌താല്‍ എറ്റവും വലിയ പിരമിഡിനു മുന്‍പില്‍ എത്തിച്ചേരാന്‍ കഴിയും.“ അദ്ദേഹം സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഐറിനും എഡ്വിനും നല്ല ഉത്സാഹത്തില്‍ തന്നെ ആയിരുന്നു. കെയ്റോ പട്ടണത്തിലെ റോഡുകള്‍ ബോംബെ പട്ടണത്തെ ഓര്‍മ്മിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആയിരുന്നതുകൊണ്ട് റോഡില്‍ തിരക്കു കുറവായിരുന്നു. എങ്കിലും, അന്തരീക്ഷം നിറയെ പൊടിയുണ്ടായിരുന്നു. റോഡിനു ഇരുവശങ്ങളിലും പഴയ കെട്ടിടങ്ങള്‍. ഒരു കാര്യം പ്രത്യേകം ശ്രദ്ധയില്‍പ്പെട്ടു. അവിടെ ആരും വണ്ടിയ്ക്കു ഹോണ്‍ അടിക്കുന്നില്ലായിരുന്നു. ഇന്ത്യന്‍ നിരത്തിന്റെ ഒരു തീരാ ശാപമാണ് നിറുത്താതെയുള്ള ഹോണടികള്‍ . അക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ ഡ്രൈവര്‍മാര്‍ മിതത്വം പാലിക്കുന്നുണ്ടായിരുന്നു.

അഷറഫിന്റെ വാക്കുകളില്‍ നിന്നും ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ഇവിടെത്തേ ഒരോ നിരത്തിനും, ഒരോ കെട്ടിടള്‍ക്കും ഒരുപാടു പഴയ കഥകള്‍ പറയുവാനുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിലാണ് എത്തിയിരിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ച ഒരു ജനതതി ഇവിടെ വളരെ മുന്‍പ് കഴിഞ്ഞിരുന്നു. പാതകളും കെട്ടിടങ്ങ്ങ്ങളും അവര്‍ പണിതു. കൂറ്റന്‍ എടുപ്പുകളും ക്ഷേത്രങ്ങളും കോട്ടകളും നിര്‍മ്മിച്ചു. അവര്‍ക്ക് ബോധിച്ചതുപോലെയുള്ള ദൈവങ്ങളെ ആരാധിച്ചു. മരിച്ചു മണ്ണടിഞ്ഞവര്‍ പിന്നൊരിക്കല്‍ ജീവിക്കാന്‍ മടങ്ങി വരുമെന്നു വിചാരിച്ചു, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ചു. നൈലിന്റെ ചതുപ്പില്‍ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ച് കടലാസ് ഉണ്ടാക്കി, പൂക്കളുടെ വര്‍ണ്ണ ചാറ് ഊറ്റിയെടുത്തു അവകൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് അവരുടെ ചരിത്രം എഴുതി വച്ചു.


പാപ്പിറസ് ചെടി

പ്രക്രതിരമണീയമായ ഒരു പിക്നിക്‌ സ്പോട്ടില്‍ അല്ല ഞങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നയനാന്ദകരമായ ഒന്നും ഇവിടെ കണ്ടെന്നും വരില്ല. എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത, മറ്റൊരു ദേശത്തും കാണാനാവാത്ത കാഴ്ചകള്‍ ഈ പിരമിഡുകളുടെ നാട്ടില്‍ ഞങ്ങളെ വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നു എന്നുഞങ്ങള്‍ക്ക് മനസിലായി.

(തുടരും.)

പ്രവാസത്തിന്റെ മറുവില

കുറച്ചു സമയം ഒത്തിരി കാര്യം Part - 1 Part - 2 Part - 3 Part - 4
സപ്ന അനു. ബി. ജോര്‍ജ്


മ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ് മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.
എന്തു മണ്ണ് ? ....ഉത്തരം ഉടനടി വന്നു!!! മനുഷ്യന്‍ ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!.

മക്കളെ സായിപ്പാക്കുകയാണോ?‍ അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???
you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലേക്ക് തെന്നി നീങ്ങി.
ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു....'സര്‍ മലയാളത്തില്‍ പറഞ്ഞാല്‍ കൊള്ളാമായിരുന്നു. എനിക്കെഴുതിയെടുക്കാന്‍ എളുപ്പമായിരുന്നു'. എന്റെ മുറവിളി.
'പലരും അങ്ങിനെയാണ്, ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ...കൂടെ, മറുന്നു പോകാതിരിക്കാന്‍ മക്കള്‍ വീട്ടുകാരിയോട് മലയാളം സംസാരിക്കറുണ്ട്'.
എന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം. ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.

ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് “നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ “ !!!

അപ്പൊ...... ചൈനക്കരനും ഫ്രഞ്ചുകാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?
അതു ശരി തന്നെ?? പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം, ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പലപ്പോഴും പിന്നോട്ട് പോകുന്നു. അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. റഷ്യക്കാരും അത് പോലെ തന്നെ ഫ്രഞ്ചുകാരും.
ഉം...

പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്ധമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല‘. പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം. ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!!. മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു.

പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്‌വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്. ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്‍കാന്‍ കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, പ്ലീസ്, കാബ് പ്ലീസ്സ് എന്നും, “പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്നും“, ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര്‍ എങ്ങനെ പറയും.

എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.

ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നും മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നും മലയാളിത്തത്തോടെ തന്നെ നിലനില്‍ക്കും.
ഫലപ്രഖ്യാപനം

ഫലപ്രഖ്യാപനം

ലയാളം ബ്ലോഗോസ്ഫിയറിലെ ഫോട്ടോഗ്രാഫർമാർക്കായി ‘നമ്മുടെ ബൂലോകം’ നടത്തിയ ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ അവാർഡ് 2010 ഫലപ്രഖ്യാപനം ഇവിടെ നടത്തുകയാണ്. 2010 ജനുവരി 28 ന് പ്രഖ്യാപിച്ച ഈ മത്സരത്തിന് നൽകിയിരുന്ന വിഷയം ‘പ്രകൃതിയുടെ സൌന്ദര്യം | Nature's beauty’ എന്നതായിരുന്നു. ആദ്യമൂന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ Apple A Day Properties Pvt Ltd. ആണ്.

ലഭിച്ച എൻ‌ട്രികൾ പരിശോധിച്ച് അവയിൽ നിന്ന് യോഗ്യതയുള്ളതായി തെരഞ്ഞെടുക്കപ്പെട്ട 32 ചിത്രങ്ങൾ മൂന്ന് അംഗങ്ങൾ അടങ്ങുന്ന ജഡ്ജിംഗ് പാനലിന് സമർപ്പിച്ചു. ഷംസുദ്ദീൻ മൂസ, നിഷാദ് കൈപ്പള്ളി, നവീൻ (സപ്തവർണ്ണങ്ങൾ) എന്നീ പ്രഗത്ഭഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്നതായിരുന്നു ജഡ്ജിംഗ് പാനൽ. മത്സര ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറെ സംബന്ധിച്ച വിവരങ്ങൾ ജഡ്ജിംഗ്പാനലിന് കൈമാറിയിരുന്നില്ല. Composition, creativity, technical aspects എന്നീ കാര്യങ്ങളെ ആസ്പദമാക്കി ഓരോ ചിത്രത്തിനും പരമാവധി 30 പോയിന്റുകൾ വീതം (Total 90 marks for each photo) ഓരോ വിധികർത്താവും നൽകുകയും, അപ്രകാരം ഓരോ ഫോട്ടോയ്ക്കും ലഭിച്ച പോയിന്റുകളുടെ ആകെത്തുകയുടെ അടിസ്ഥാനത്തിൽ വിജയികളെ നിർണ്ണയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.


മത്സര വിജയികളെക്കാണുവാന്‍ നമ്മുടെ ബൂലോകം ഫോട്ടോ ബ്ലോഗ്‌ സന്ദര്‍ശിക്കുക.
Popular Posts