മാര്‍ച്ച് മാസം പകുതിയായില്ല, അതിനു മുമ്പ് തന്നെ കേരളത്തില്‍ വരള്ച്ചതുടങ്ങിയെന്നും പല ജില്ലകളിലും കുടിവെള്ളം പോലും കിട്ടാനില്ലെന്നും പരാതി ഉയരാന്‍ തുടങ്ങിക്കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ പകല്‍ സമയം 45 ഡിഗ്രിവരെ ചൂടു ഉയരുന്നുവെന്നും സൂര്യാഘാതം മൂലം പതിനഞ്ചോളം ആളുകള്‍ക്ക് പരിക്ക് പറ്റിയെന്നും പ്രധാനവാര്‍ത്ത. നാല്‍പ്പതിനാലു നദികളുള്ളതും വര്‍ഷത്തില്‍ രണ്ടുതവണ മുടങ്ങാതെ കാലവര്‍ഷം ലഭിക്കുന്ന ഒരു സംസ്ഥാനം ഈ രീതിയിലായി മാറാന്‍ എന്താണ് കാരണം? പ്രകൃതിയെ മറന്നുള്ള മലയാളിയുടെ പോക്കോ? അതോ ആഗോള താപനമോ? അതോ ഈശ്വരകോപമോ? ഒരു ഇരുപതു വർഷം പിന്നോട്ട് നോക്കിയാൽ എത്ര സുഖകരമായിരുന്നു നമ്മുടെ കേരളത്തിലെ കാലാവസ്ഥ! ഡിസംബര്‍ പിറക്കുന്നതോട് കൂടി തണുപ്പ് കടന്നു വരികയായി. ഫെബ്രുവരി അവസാനം വരെ നീണ്ടു നില്ക്കുന്ന തണുത്ത കാലാവസ്ഥ. വേനല്‍ക്കാലമായാല്‍ പോലും മിതമായ ചൂട് മാത്രം. മെയ് മാസം പാതിയോടെ തുടങ്ങി ജൂണില്‍ ശക്തി പ്രാപിക്കുന്ന കാലവര്‍ഷം. അതൊക്കെ നമുക്ക് നഷ്ടമാവുകയാണിന്ന്. ഡിസംബറിലെ കുളിരും തകര്‍ത്തു പെയ്യ്ന്ന കാലവര്‍ഷവും പതിയെ പതിയെ ഓര്‍മ്മയിലേക്ക് മാത്രമായി ചുരുങ്ങുന്നു.. വേനല്‍ക്കാലത്തെ ചൂട് അസഹ്യമായി തീരുന്നു. വീടിനു വെളിയിൽ പോലും കഴിയാനാവാത്ത അവസ്ഥ. കാരണം എന്തുതന്നെയായാലും അതിനെ തടയാനുള്ള പോംവഴികള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സംശയലേശമെന്യേ പറയാം..
ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന ജലദൌര്‍ലഭ്യവും കാലാവസ്ഥയിലെ ഉഷ്ണവര്ദ്ധനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും അവ രണ്ടും രണ്ടുവ്യത്യസ്തകാരണങ്ങള് കൊണ്ട് ഉണ്ടാകുന്നതാണ്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം കാറ്റിന്റെ ഗതിയും അന്തരീക്ഷത്തിലെ മര്‍ദ്ദമേഖലകളുടെ മാറ്റങ്ങളുമാണ്. ഗ്ലോബല്‍ വാമിംഗ് എന്ന ആഗോള പ്രശ്നം ഇപ്പോള്‍ വളരെയധികം രൂക്ഷമായിരിക്കുന്നതിനു കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവ് ഈ കഴിഞ്ഞ കുറേ ദശകങ്ങളായി വളരെ വര്‍ദ്ധിച്ചതാണ്. ഇവയെ ഗ്രീന്‍ഹൌസ് ഗ്യാസുകൾ എന്നുവിളിക്കുന്നു. പകല്‍ സമയത്ത് സൂര്യപ്രകാശത്തില്‍ നിന്നും ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടുന്ന ചൂട്, ഇന്‍ഫ്രാ റെഡ് വികിരണങ്ങളായി തിരികെ അന്തരീക്ഷത്തിലേക്ക് മൂലം പോകുന്നതിനുപകരം, കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുത്തിയിരിക്കുന്ന പാളിയില്‍ തട്ടി (അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച ഗ്രീന്‍ ഹൌസ് ഗാസുകളാല് റീഡയറക്റ്റ് ചെയ്ത് ) ഭൂമിയിലേക്കുതന്നെ തിരികെ എത്തുന്നു. ഇതാണ് ഗ്രീന്‍ ഹൌസ് എഫക്റ്റ് എന്ന പ്രതിഭാസം. അന്തരീക്ഷത്തിലെ താപനില ഉയരുന്നു എന്നതാണ് ഇതിന്റെ സൈഡ് എഫക്റ്റ്. ആഗോള താപനം ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഇതിന്റെ അനുരണനങ്ങള്‍ ലോകമെമ്പാടും കാലാവസ്ഥാവ്യതിയാനങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ അഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് മാത്രം വര്‍ദ്ധനയാണ് ഉണ്ടായതെങ്കില്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ 2100 മാണ്ട് ആകുമ്പോഴേക്ക് 5.8 ഡിഗ്രി വര്‍ദ്ധനയാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗ്ലോബല്‍ വാമിങ് ഈ പറയുന്ന അക്കത്തിലേക്ക് എത്തും എന്നുള്ളത് ഒരു സങ്കല്‍പ്പം മാത്രമാണെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. എന്തു തന്നെയായാലും ആഗോള താപനിലയില്‍ വര്‍ദ്ധനവ് വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നു.
ഇപ്പോൾ കേരളത്തിൽ വേനൽക്കാലം നേരത്തെ എത്തിയിരിക്കുന്നു. ദക്ഷിണാർത്ഥഗോളത്തിൽ നിന്നും ഉത്തരാർത്ഥ ഗോളത്തിലേക്ക് സൂര്യന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ പതിക്കുന്ന സൂര്യരശ്മിയുടെ താപന ശക്തി വര്‍ദ്ധിക്കുകയും ചെയ്തു . കുത്തനെ പതിക്കുന്ന രശ്മികള്‍, അള്‍ട്രാ വയലറ്റ് രശ്മികളുടെ പതനം എന്നിവയുടെ ഫലമായാണിത് ഉണ്ടാകുന്നത്. ഇതേ സമയം കേരളത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം മനുഷ്യന്റെ അത്യാഗ്രഹം മൂലം വന്നുഭവിച്ച മറ്റൊരു ദുരന്തമാണെന്നതില്‍ സംശയം വേണ്ടാ. യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണെടുത്ത് വയലുകളും താഴ്ന്ന സ്ഥലങ്ങളും നികത്തി. അതിന്റെ ഫലമായ പ്രകൃത്യാ ഉള്ള നീരൊഴുകുകള്‍ തടസ്സപ്പെട്ടു. കൃഷി പാടേ അപ്രത്യക്ഷമായതിനാല്‍ സ്വാഭാവികമായി ഉണ്ടായിരുന്ന ജലസ്രോതസ്സുകളും ജലസംഭരണികളായി വർത്തിച്ചിരുന്ന വയലുകളും ഇല്ലാതായി.
പരമ്പരാഗത നെല്‍ കൃഷി നശിച്ചതോടെ ജലം സംഭരണികളായി പ്രവര്‍ത്തിച്ചിരുന്ന നെല്‍പ്പാടങ്ങള്‍ വരണ്ടുണങ്ങി.
നെല്പാടങ്ങള് നാണ്യവിളകള്‍ കൃഷിചെയ്യാനാരംഭിച്ചതോടെ സംജാതമായ, പാടത്തിനും ജലസേചനം നടത്തേണ്ട അവസ്ഥ, ഇരട്ട നാശമാണ് വിതക്കുന്നത്. നെല്‍കൃഷി പുനരുദ്ധരിക്കുകയാണ് വരൾച്ച നേരിടാനുള്ള ഒരു പോംവഴി. നദികളില്‍ നിന്ന് ക്രമാതീതമായി മണല്‍ കോരി എടുത്തതുകാരണം നദീതടങ്ങളുടെ ആഴം കൂടി, തിട്ടകള്‍ ഇടിഞ്ഞ് നദികള്‍ വെറും പ്രേതങ്ങളായി മാറി. മണലെടുത്ത് ചളിക്കുഴികളായ നദികള്‍ക്ക് ജലത്തെ ഭൂഗര്‍ഭത്തിലേക്ക് സംഭരിക്കാനാവാതായി, ഫലമോ മഴക്കാലത്ത് പെയ്യുന്ന വെള്ളം കുത്തിയൊലിച്ച് കടലിലേക്കെത്തുന്നു. മണല്‍ വാരല്‍ നിയന്ത്രിച്ചും തടയണകള്‍ നിര്‍മ്മിച്ചും ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കാം എന്നു പറയാൻപറ്റും എന്നല്ലാതെ പ്രായോഗികമായി അത് നടപ്പിലാക്കാനുള്ള ഇഛാശക്തി ആർക്കുണ്ട്! ഭൂമിയിൽ നീരൊഴുക്ക് കുറഞ്ഞു. ഭൂമിയിലെ ജലവിതാനം താണു. ഇന്ത്യയില്‍ ഭൂഗര്‍ഭ ജലം ക്രമാതീതമായി കുറഞ്ഞു വരികയാണെന്ന് 'നാസ' മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
അതോടൊപ്പം വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും, ഓരോ കുടുംബത്തിനും ഓരോ വീട് എന്ന കേരളീയ സങ്കല്‍പ്പവും പ്രകൃതിയുടെ വാസവ്യവസ്ഥതന്നെ പാടെ തകിടം മറിച്ചു. കേരളത്തെപ്പോലെ ജനസാന്ദ്രമായ ഒരു പ്രദേശത്ത് പ്രകൃതിക്ക് അത്രയധികം കോട്ടംവരുത്താതെ എന്നേ സ്വീകരിക്കപ്പെടേണ്ട ഒന്നായിരുന്നില്ലേ ഫ്ലാറ്റ് സിസ്റ്റം? പക്ഷേ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെല്ലാവരും ഒരു ഫ്ലാറ്റ് എന്നാല്‍ അതേ വിസ്തീര്‍ണ്ണത്തിലുള്ള ഒരു വീടിനേക്കാള്‍ ചെലവേറിയ ഒന്നാക്കി മാറ്റി മധ്യവര്‍ഗ്ഗത്തെ അതില്‍ നിന്ന് അകറ്റുകയാണു ചെയ്തത്.... അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ഓരോ ജോഡി ആളുകള്‍ക്കും ഓരോ വീടും ഓരോ കിണറും എന്ന രീതിയില്‍ കേരളം മാറി. കാശുള്ളവര്‍ കുഴല്‍ക്കിണറുകള്‍ ഇറകി ഭൂഗര്‍ഭജലവും ഊറ്റുന്നു.നഗരങ്ങളില്‍ സ്ഥലപരിമിതികാരണം ഫ്ലാസ്റ്റ് സിസ്റ്റത്തിലേക്ക് പോകാതെ തരമില്ല. പക്ഷെ സ്ഥലത്തിന്റെ വിലയിലുള്ള വര്‍ദ്ധനവ് കാരണം ഇപ്പറഞ്ഞ ഫ്ലാറ്റുകള്ക്കൊക്കെ വീടിനേക്കാള്‍ വിലകൂടുതലായതും അത് സാധാരണക്കാരന് അപ്രാപ്യമായതിലും അതിശയപ്പെടാനില്ല.
ഗ്രാമപ്രദേശങ്ങളില്‍ ഫ്ലാസ്റ്റ് സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ , സാധാരണക്കാരന് ഒതുങ്ങുന്ന വിലയില്‍ ഫ്ലാറ്റുകള്‍ ഉണ്ടാക്കാന്‍ പറ്റുകയും ഒരു കുടുംബത്തിന് ഒരു വീട് എന്ന നിലയില്‍ത്തന്നെ പ്രകൃതിയുമായി ഇണങ്ങിനിന്നുകൊണ്ട് ഒരു വാസവ്യവസ്ഥിതി ഉണ്ടാക്കാനും സാധിക്കും. പുതുതായി നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ക്ക് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് സിസ്റ്റം ഇല്ലെങ്കില്‍ വീടിന്റെ പ്ലാന്‍ അനുവദിക്കപ്പെടുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷെ പഴയ വീടുകളുടെ കാര്യമോ ? നിലവിലുള്ള എല്ലാ വീടുകള്‍ക്കും മഴവെള്ളസംഭരണികള്‍ ഉണ്ടാക്കണമെന്ന നിയമം കൊണ്ടുവരുകയും നിശ്ചിത സമയത്തിനകം അത് നടപ്പിലാക്കുകയും ചെയ്യാനായാല്‍ ഒരു പരിധിവരെ വിജയിച്ചു എന്നുതന്നെ കരുതാം . ഫ്ലാറ്റ് സിസ്റ്റം ഉണ്ടാക്കാന്‍ പറ്റില്ല എന്നുള്ളയിടത്ത് അല്ലെങ്കില്‍ ജനങ്ങള്‍ അത് സ്വീകരിക്കില്ല എന്നുള്ളയിടത്ത് ചിലവുകുറഞ്ഞ സെമി ഡിറ്റാച്ച്ഡ് (അതോ അറ്റാച്ച്ഡോ) വീടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കണം. ചൂട് ഏറ്റവും കൂടുതലായി ഉണ്ടെന്ന് പറയുന്ന പാലക്കാട് ജില്ലകളിലെ പഴയകാലത്ത് നിര്‍മ്മിച്ച അഗ്രഹാരങ്ങള്‍ തന്നെയാണ് ഇത്തരം സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണം,
ഇതോടോപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് കൃഷി എന്ന ഒരു കാര്യം മലയാളി പാടേ മറന്നത്. പണ്ടത്തെ കൃഷി രീതികള്‍ ഇപ്പോള്‍ വേണമെന്നോ എലലവരും പാടത്തേക്ക് ഇറങ്ങണമെനോ പറയുന്നില്ല. ഒന്നോ രണ്ടോ പയറ്, ഒരു മൂട് പാവല്‍, ഒന്നോരണ്ടോ വാഴകള്‍, ഒരല്‍പ്പം ചീര, ഇതൊക്കെ ഏതു സ്ഥലമില്ലാത്ത വീട്ടിലും നടാവുന്നതല്ലേയുള്ളൂ? ഒരല്പം വെള്ളം മാത്രം കൊടുത്താല്‍ അവ തനിയെ വളരുകയും ചെയ്യും. ഇതുപോലും ചെയ്യാതെ എന്തു വേണമെങ്കിലും കടയിലേക്ക് ഓടാനും, അന്യസംസ്ഥാനങ്ങള്‍ മാത്രം ആശ്രയിച്ച് ജീവിക്കാനും നാം പഠിച്ചു.റബ്ബര്‍ തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ച കേരളം നിത്യ ഹരിതം എന്നു നമുക്ക് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അത് ഒട്ടും ശരിയല്ല. റബ്ബര്‍ മരങ്ങള്‍ നില്ക്കുന്ന പ്രകൃതിയില്‍ ഒരു പുല്ലുപോലും വളരുവാന്‍ അവ അനുവദിക്കില്ല. സ്വാഭാവികമായ ഹരിതവനങ്ങളും, ചെടികളും തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും നശിച്ചു പോകാന്‍ കാരണവും റബ്ബറിന്റെ വരവുതന്നെ.
പുല്ലുവളരാത്ത ഭൂമി മഴവെള്ളത്തെ തടഞ്ഞൂനിര്ത്തുകയോ അതിനെ മണ്ണിലേക്ക് താഴ്ത്തുകയോ ചെയ്യുന്നതെങ്ങനെ? മരം വെച്ചുപിടിപ്പിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് ഇതിന്റെ അന്തിമ ഫലം നമുക്ക് കിട്ടില്ലല്ലോ എന്ന ചിന്തയില്‍ നിന്നാകാം. അതേ സമയം സ്വന്തം വീട് നിര്‍മ്മിക്കുന്ന കാര്യം വരുമ്പോള്‍ ആവശ്യമുള്ളയിടത്തും അല്ലാത്തയിടത്തും മരം അവര്‍ക്ക് ഉപയോഗിച്ചേ പറ്റൂ. ആ ചിന്തയ്ക്ക് അറുതി വരണം. വീട്ടുവളപ്പില്‍ നിന്നായാലും ഒരു മരം മുറിക്കുമ്പോള്‍ 10 മരമെങ്കിലും വെച്ച്പിടിപ്പിക്കുകയും അത് വളര്‍ത്തിയെടുക്കുകയും ചെയ്യണം. നാളികേരത്തിന്റെ വിലയിടിവും കേരവൃക്ഷങ്ങളില്‍ നിന്ന് ഫലമെടുക്കുന്ന ജോലിക്ക് ആളെ കിട്ടാനുള്ള ദൌര്ഫല്യവും കാരണം കേരളത്തിലെവിടെയെങ്കിലും തെങ്ങ് നട്ടുപിടിപ്പിക്കുന്നുണ്ടോ ഇക്കാലത്തെന്ന് സംശയമാണ്. അങ്ങനാണെങ്കില്‍ കേരമരങ്ങളുടെ അളം കേരളം എന്ന പേരുകൂടെ അധികം നാള് കഴിയുന്നതിന് മുന്നേ നമുക്ക് നഷ്ടപ്പെടും. തെങ്ങല്ലെങ്കില് മറ്റേതെങ്കിലും മരമെങ്കിലും നട്ടുപിടിപ്പിക്കാന്‍ മലയാളി മനസ്സുവെച്ചേ പറ്റൂ. മഴവെള്ളം സംഭരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തുക. പറ്റാവുന്നിടത്തോളം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും, നിലവിലുള്ള കാടുകള്‍ സംരക്ഷിക്കുകയും ചെയ്യുക. ഇതെല്ലാം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മനസ്സുവച്ചാൽ നടക്കാവുന്ന കാര്യമേയുള്ളൂ.
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പഴമക്കാര്‍ പറയാറുണ്ട്. ശാസ്ത്രീയമായി നോക്കിയാലും വളരെ അര്‍ത്ഥവത്തായ ഒരു ചൊല്ലാണത്. ചൂടുള്ള ഒരു വസ്തുവിലേക്ക് തണുത്തവെള്ളം ഒഴിക്കുമ്പോള്‍ അത് കാച്ചിയെടുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ചൂടിനെ നേരിടാന്‍ തണുത്തവെള്ളം കുടിക്കുന്ന പതിവ് അതുകൊണ്ടുതന്നെ കുറയ്ക്കണം. ശരീരത്തിന് അത് നന്നല്ല എന്ന് മാത്രമല്ല വിചാരിക്കുന്നതിനേക്കാള്‍ എളുപ്പം നമ്മള് ക്ഷീണിതരാകുകയും ചെയ്യുന്നു. തണ്ണിമത്തന്, പൊട്ടുവെള്ളരി പോലുള്ള പാനീയങ്ങള്‍ ചൂടാക്കി കുടിക്കുന്നത് നടക്കുന്ന കാര്യമല്ലെന്നറിയാം. പക്ഷെ അത് തണുപ്പിച്ച് കുടിക്കാതിരിക്കാനാവുമല്ലോ ? സ്വാഭാവികമായ ചൂടില്‍ത്തന്നെ അത്തരം പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. ചൂടിനെപ്പറ്റി ചർച്ചചെയ്യുമ്പോൾ അവശ്യം എല്ലാവരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൈദ്യുതിയുടെ ഉപയോഗം. വൈദ്യുതിയുടെ ക്രമാതീതമായ ഉപയോഗം ഫലത്തിൽ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും തന്മൂലം ഗ്ലോബൽ വാമിങ്ങിന്റെ വേഗതവർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നമുക്ക് നാമേ പണിവതു നരകം....എന്ന് പറയാതെ വയ്യ..
Image By : കൌശിക് ചന്ദ്ര
നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteഐസ്ലാന്റില് പൊട്ടാനിരിക്കുന്ന അഗ്നിപര്‍വ്വതം ഒരു പക്ഷേ കുറച്ച് കാലത്തേയ്ക്കെങ്കിലും ഭൂമിയുടെ കാലാവസ്ഥയെ മാറ്റി മറിക്കും. ഇതിന് മുന്‍പ് പൊട്ടിയപ്പോള്‍ ഫ്രഞ്ച് വിപ്ലവത്തിന് വരെ കാരണമായതാണ് ഐസ്ലന്റിലെ അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിതെറി. ഇത് സൂചിപ്പിക്കുവാന്‍ കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല മറിച്ച് പ്രകൃതിയില്‍ നാം ഇടപ്പെട്ട് വരുത്തിയ മാറ്റങ്ങളാണ് ഈ ചൂടിന് പ്രധാന കാരണം എന്ന് പറയാനാണ്.
കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കിയും; ഇടവഴികള്‍ പോലും ടാറും, കോണ്‍ഗ്രീറ്റ് ചെയ്തും; ജലസ്രോതസ്സുകളും, ശേഖരണസ്ഥലങ്ങളും ഇല്ലാതാക്കിയും ആണ് നാം കടന്ന് പോകുന്നത്. അത് കൊണ്ട് തന്നെയാണ് ഭൌമോപരിതല താപനിലയെ ആശ്രയിച്ച് ഭൂമിയുടെ മൊത്തം താപനില അളക്കുന്നത് തെറ്റാണെന്ന വാദം ശക്തമായിരിക്കുന്നത്.
ഈ ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ജലസ്രോതസ്സുകളുടെ കാര്യം പ്രത്യേകം ചിന്തിക്കേണ്ടതാണ്. പണ്ട് ധാരാളം കുളങ്ങളും, തോടുകളും, നെല്‍പ്പാടങ്ങളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവ അപ്രത്യക്ഷമായിരിക്കുന്നു. വ്യവസായിക വികസനത്തിന്റെ പേരില്‍ ഉള്ള കൃഷിയിടവും വ്യവസായികള്‍ക്ക് വേണ്ടി നികത്തുവാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. കൂടെ ചൂടിനെ ആഗിരണം ചെയ്യുവാനുള്ള മരങ്ങള്‍ പോലും നശിപ്പിക്കുന്നു. ഉള്ള സ്ഥലം കോണ്‍ഗ്രീറ്റ് ചെയ്ത് പെയ്ത്ത് വെള്ളത്തിനെ കാനകളിലേയ്ക്ക് ഒഴുക്കി കളഞ്ഞും നാം ബുദ്ധിമോശം കാണിക്കുന്നതിന് പുറമേയാണ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതും.
സമൂഹത്തിന്റെ മനസ്ഥിതി മാറേണ്ടിയിരിക്കുന്നു. ധനാഢ്യത എന്നാല്‍ കൂറ്റന്‍ കെട്ടിടങ്ങളാണെന്ന ധാരണ തിരുത്തികുറിക്കേണ്ടിയിരിക്കുന്നു. ബെക്കര്‍ മാതൃകകള്‍ ഇനിയും ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു. പൊതുഗതാഗതം കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ സര്‍ക്കാരുകള്‍ പ്രയത്നിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ വര്‍ദ്ധനവ് റോഡുകള്‍ കൂടുതല്‍ വികസിക്കുവാനും പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുവാനും കാരണമാകുന്നു.
ഒരു മരത്തിന് പകരം 10 മരം എന്ന് പറയുന്നത് പോലെ തന്നെ ഭൂഗര്‍ഭജലം നാം ഉപയോഗിക്കുമ്പോള്‍ പകരം ജലം ഭൂമിക്കടിയില്‍ എത്തിക്കുവാനും ബാധ്യതയുള്ളവരാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ ഭൂമി നമുക്ക് മാത്രമുള്ളതല്ല മറിച്ച് വരും തലമുറകള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം ഇനിയും ഊട്ടി ഉറപ്പിക്കേണ്ടിയിരിക്കുന്നു. ഈ ഒരു ലക്ഷ്യത്തിലേയ്ക്ക് അടുപ്പിക്കുവാന്‍ ബൂലോകത്തിന്റെ ഈ ലേഖനം വഴിവെയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.
മനുഷ്യന്റെ ചെയ്തികള്‍ക്ക് അവന് ഉത്തരം പറഞ്ഞല്ലേ തീരൂ...... ഈ വരുതിയും ചൂടും അവനെ മാറ്റി ചിന്തിപ്പിച്ചാല്‍, അതായിരിക്കും ഈ ചൂട് കൊണ്ടുള്ള ഗുണം..
ReplyDeleteനഷ്ടത്തിലും നെൽകൃഷി ചെയ്യുമോ? ഇല്ല, കർഷകർ കിട്ടിയ വിലയ്ക്ക് ഭുമി വില്‍ക്കും അല്ലെങ്ങിൽ നികത്തി മറ്റു കൃഷികൾ ചെയ്യും. വിളിച്ചോളു ഭുമാഫിയ! കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്ന റബർ വെട്ടി മാറ്റി പ്രകൃതിയെ സ്നേഹിക്കണോ?
ReplyDeleteഎത്ര വീടുകളുടെ, സ്ഥാപനങ്ങളുടെ, ആരാധനാലയങ്ങളുടെ പൂമുഖം കോൺക്രീറ്റ് / ടാർ ചെയ്തു? ഒരു മരംപോലും നട്ടുപിടിപ്പിക്കാത്ത ആയിരക്കണക്കിന് സർക്കാർ സ്ഥാപനങ്ങളില്ലേ? മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തുന്ന ആരാധനാലയങ്ങളുടെ വിശാലമായ മുൻഭാഗം ഒരു മരംപോലുമില്ലാതെ തരിശ്ശായി കിടന്നാൽ അവരുടെ പ്രാർത്ഥന ആര് കേൾക്കാൻ.... ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ തടയണ കെട്ടാൻ ആരാണ് തടസം? “പുഴയെ സ്നേഹിക്കുന്നവർ” തന്നെയല്ലെ? (എല്ലാ പുഴയിലും സാധിക്കില്ല!)
കിണറുകൾ ഒരു പരിധിവരെ ജലസംഭരണികൂടിയാണെന്ന് മനസില്ലാക്കണം. റോഡിനിരുവശവും മരം നട്ടുപിടിപ്പിക്കാൻ എന്താണ് തടസ്സം? അക്കേഷ്യ വേണ്ട... നാടൻ മരങ്ങൾ ധാരാളം.
നമ്മുടെ കളിസ്ഥലങ്ങൾക്ക് ചുറ്റും മരം നട്ട് പിടിപ്പിച്ചിട്ടുണ്ടോ? പുഴയിൽ നിന്ന് മണൽ എടുക്കേണ്ടത് പുഴയുടെ ജീവന് ആവശ്യമാണ്. അതിന് നിയന്ത്രണമാണ് വേണ്ടത്. മിക്ക വിദ്യാലയങ്ങളുടെ മുൻഭാഗം ഒരു മരംപോലുമില്ലാതെ കുട്ടികളെ തളർത്തുന്നതായിരിക്കും, അവിടെയെങ്ങിലും മരം നട്ടാൽ കുട്ടികൾക്കെങ്ങിലും മനസിലാവും മരത്തിന്റെ പ്രാധാന്യം!
നല്ല പൊസ്റ്റ്.
ReplyDeleteപ്രസക്തമായ പൊസ്റ്റ്.
ആശംസകൾ!
വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു പോസ്റ്റ്.പല കോലാഹലങ്ങള്‍ക്കിടയില്‍ നമ്മള് കാണാതെ പോകുന്ന(അവഗണിക്കുന്ന) ഒരു കാര്യമാണ് മരിച്ചു കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍..ഇവ സംരക്ഷിക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ട് എന്നത് ഏതു കൊച്ചു കുട്ടിക്കുപോലും അറിയാം.സൊല്യൂഷന് ഇല്ലാത്ത പ്രശ്നമൊന്നുമല്ല ഇത്. നടപ്പില്‍ വരുത്താന്‍ സഹജമായ നിസ്സംഗതയും കാലതാമസവും ഒക്കെയായാവുമ്പോള്, നമ്മളും മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന ബോധം നാമോരുരുത്തര്‍ക്കും ഉണ്ടായിരുന്നെങ്കില്‍..!!
ReplyDelete