ഹിമാലയ യാത്ര - അവസാന ഭാഗം

തിരാവിലെ ഡല്‍ഹിയില്‍ പ്രമോദ് കാത്ത് നിന്നിരുന്നു. പ്രമോദിന്റെ ഫ്ലാറ്റില്‍ ചെന്നു കുളിച്ച് റെഡി ആയപ്പോഴേക്കും സുനിലും എത്തി.

ഇന്നത്തെ ദിവസം ദല്‍ഹിയില്‍ തന്നെ. ഒന്നു രണ്ടു മലയാളം പുസ്തകങ്ങള്‍ വാങ്ങണമെന്ന് ഉണ്ടായിരുന്നു. വായനയുടെ നല്ല കാലത്തു സ്വാധീനിച്ച ഊഞ്ഞാല്‍ മാര്‍ത്താണ്ഡ വര്‍മ്മ,ഒരു ദേശത്തിന്റെ കഥ ഇവയൊക്കെ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം പുതിയ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടാറില്ല. പുതിയ രചനാ സങ്കേതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാകാം കാരണം.

പക്ഷേ, മലയാള പുസ്തകങ്ങള്‍ കിട്ടുന്ന പുസ്തകശാലകള്‍ ഒന്നും ഡല്‍ഹിയില്‍ ഇല്ലായിരുന്നു. ഡല്‍ഹിയില്‍ ഏതെങ്കിലും ബ്ലോഗ്ഗേഴ്സ് പരിചയത്തിലുണ്ടെങ്കില്‍ പ്രയോജപ്പെടുമല്ലോ എന്നു കരുതി ഹരീഷ് തൊടുപുഴയുമായി ബന്ധപ്പെട്ടു . എന്നാല്‍ ആരെയും പരിചയമില്ല എന്നു അദ്ദേഹം അറിയിച്ചു. ജിതേന്ദ്രകുമാര്‍ ഡല്‍ഹിയുലുണ്ടായിരുന്നു എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.

ഡല്‍ഹിയില്‍ പ്രധാനമായും മൂന്നു സ്ഥലങ്ങള്‍ കാണണെമെന്നായിരുന്നു ആഗ്രഹം. അതില്‍ പ്രധാനപ്പെട്ടതു അക്ഷര്‍ ധാം ആയിരുന്നു. 97 ല്‍ ഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എല്ലാം കണ്ടിരുന്നു. അക്ഷര്‍ധാം അന്നു പണി തുടങ്ങിയിരുതിരുന്നില്ല. പതിനോരായിരം ശില്പികളുടെ 5 വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ടു 2005 ല്‍ യമുനാ തീരത്ത് പൂര്‍ത്തിയാക്കിയ ഈ ക്ഷേത്രം ഉല്‍കൃഷ്ടമായ ഭാരതീയ ശില്പ കലയുടെ സൌന്ദര്യത്തിന്റെ ഒരു മകുടോദാഹരണം തന്നെ. പഴക്കം കൊണ്ടും, നിര്‍മ്മാണത്തിനു പിന്നിലെ പ്രണയ കഥയോടുള്ള താല്പര്യംകൊണ്ടും താജ്മഹാള്‍ ഭാരതീയര്‍ക്കു പ്രിയപ്പെട്ടതാണെങ്കിലും, ശില്‍പ്പ ഭംഗിയില്‍ അക്ഷര്‍ ധാമിനിനോളം വരില്ല എന്നതാണ് എന്റെ അഭിപ്രായം. അക്ഷര്‍ ധാമില്‍ ഫോട്ടോഗ്രഫി അനുവദിച്ചിട്ടാത്തതിനാല്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ച ചില ചിത്രങ്ങള്‍ -

ബോട്ടുയാത്ര, ലഘു ചിത്ര പ്രദര്‍ശനം, മ്യൂസിക്കല്‍ ഫൌണ്ടന്‍ ഉള്‍പ്പടെ ഒരു ദിവസം ചിലവഴിക്കുന്നതുവേണ്ട വിവിധ വിനോദോപാധികള്‍ അറുപതു ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള അക്ഷര്‍ധാമില്‍ ഒരുക്കിയിരിക്കുന്നു.ഒറ്റക്കല്ലില്‍കൊത്തിയെടുത്ത കൂറ്റന്‍ ആനകളുടെ പ്രതിമകള്‍ തുടങ്ങി അനേകായിരം കൊച്ചു കൊച്ചു ശില്പങ്ങള്‍ വരെ കല്ലില്‍ കൊത്തിയുണ്ടാക്കിയ ക്ഷേത്രവും, കമാനങ്ങളും, നടപ്പാതകളും അനുബന്ധ കെട്ടിടങ്ങളും, കാണേണ്ട കാഴ്ച തന്നെ.

മറ്റൊരു സ്ഥലം ഇന്ദിരാ ഗാന്ധി വെടിയേറ്റ വീണയിടത്തു പണുതിരിക്കുന്ന സ്മാരകം ആയിരുന്നു.സ്മാരകത്തില്‍ സൂക്ഷിരിക്കുന്ന, വെടിയേറ്റു പിഞ്ചിയ വസ്ത്രങ്ങളും, ചെരിപ്പും, തോള്‍ സഞ്ചിയും കാണുമ്പോള്‍ ഏതു ഭാരതീയനും വികാരാധീനനായിപ്പോകും. ആശയപരമായ വിയോചിപ്പുള്ളവരും അവര്‍ നയിച്ച ലളിത ജീവിതത്തിന്റെ ഈ ജീവിച്ചിരിക്കുന്ന തെളിവുകള്‍ കാണുമ്പോള്‍ ശിരസ്സു നമിക്കാതിരിക്കയില്ല.ഇന്ദിരയുടെ വസതിയിലെ വിലകുറഞ്ഞ നിത്യോപയോഗ വസ്തുക്കള്‍ കാണുമ്പോള്‍, 782 ചെരുപ്പുകള്‍ വാങ്ങിയക്കൂട്ടിയ തമിഴ്നാടിന്റെ ധൂര്‍ത്ത പുത്രിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.
ഭാരതീയന്റെ അഭിമാനമായ ഡല്‍ഹി മെട്രോ റെയില്‍ ആയിരുന്നു അവസാനത്തെ സ്ഥലം. പ്രമോദിന്റെ കമ്പനി മെട്രോ റെയിലിന്റെ കമ്മീഷന്‍ ചെയ്തതിന്റെ ബാക്കി ഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, ഒട്ടേറെ സാങ്കേതിക വിവരങ്ങളും അറിയുവാന്‍ കഴിഞ്ഞു. വളരെ കുറ്റമറ്റ രീതിയിലും, തികച്ചു ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഏതു പാശ്ചാത്യ രാജ്ജ്യത്തിനോടും കിടപിടിക്കുന്ന വിധത്തില്‍ തന്നെയായിരുന്നു ഡല്‍ഹി മെട്രോ റെയിലിന്റെ സംവിധാനം.

അണ്‍ മാന്‍ഡ് ചെക് ഇന്‍ സിസ്റ്റം,എയര്‍പ്പോര്‍ട്ടിനെ വെല്ലുന്ന സൈനേജസ്, തൊട്ടടുത്ത സ്റ്റേഷനുകളേക്കുറിച്ച് മാത്രമല്ല ഏതു വശത്താണ് പ്ലാറ്റു ഫോം എന്നും മറ്റുമുള്ള അനൌണ്‍സ് മെന്റുകള്‍, അയര്‍ക്കണ്ടീഷന്‍, ഇങ്ങനെ എല്ലാം വളരെ ആസൂത്രിതമായി തന്നെ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.ബ്രഷ്നേവിന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനമായിരുന്നതുകൊണ്ട് രാജ്ഘട്ടും, കുത്തുബ്മീനാറും കൂടി സന്ദര്‍ശിച്ച് അവസാനത്തെ ദിവസത്തെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി.രാജ്ഘട്ടില്‍ മഹാത്മജിയുടെ സമാധിയ്ക്കു മുന്നില്‍സുനില്‍, ബ്രഷ്, പ്രമോദ്

അടുത്ത ദിവസം രവിലെ ഞങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിക്കുവാന്‍ സുനില്‍ രാവിലെ തന്നെ എത്തി. ഡ്രസ് ചെയ്തു അവസാന വട്ടം വിമാന ടിക്കറ്റുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കു യാത്ര ചെയ്യേണ്ട ബ്രഷ്നേവിന്റെ കൈയ്യില്‍ ഒരു വിധത്തിലുള്ള തിരിച്ചറിയല്‍ കാറ്ഡും ഇല്ലായിരുന്നു. ഉടന്‍ തന്നെ എയര്‍ ലൈന്‍സ് ഓഫീസില്‍ വിളിച്ചു. ഫോട്ടോയുള്ള എന്തെങ്കിലും രേഖകള്‍ ഇല്ലാതെ എയര്‍പ്പോര്‍ട്ടിനകത്തേക്കു കടത്തി വിടില്ല എന്നും, എങ്ങിനെയെങ്കിലും അകത്തു കയറിയാല്‍ തങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കാമെന്നും അവര്‍ അറിയിച്ചു.
എന്തു ചെയ്യണമെന്നു ഒരു നിശ്ചയവുമില്ല. എനിക്കും ജയ്സണും അന്നു തന്നെ ബഹറിനില്‍ എത്തിയേ മതിയാകൂ. സെയില്‍ ടാക്സില്‍ ജോലി ചെയ്യുന്ന ബ്രഷിന്റെ അവധിയുടെ അവസാനത്തെ ദിവസമാണ്. ട്രൈനില്‍ യാത്ര ചെയ്താല്‍ മൂന്നു ദിവസം വേണ്ടിവരും കൊച്ചിയില്‍ എത്തുവാന്‍. അതു ചിന്തികാനേ കഴിയുമായിരുന്നില്ല. മാത്രമല്ല ടിക്കറ്റ് ബൂക് ചെയ്തിരുന്നതുമില്ല. പരിചയമുള്ള ആരെങ്കിലും സാക്ഷ്യപ്പെടുത്തി ടിക്കെറ്റില്‍ ഒപ്പിട്ടു തന്നാല്‍ കാര്യം നടക്കും എന്നറിഞ്ഞു. ഡല്‍ഹിയില്‍ ഞങ്ങള്‍ക്കു ആരെയും പരിചയമില്ലായിരുന്നു.ആ മഹാ നഗത്തില്‍ഞങ്ങള്‍ എന്തു ചെയ്യണം എന്നറിയാതെ നിസ്സഹായരായി. എങ്കിലും ടാക്സി എയര്‍പ്പോര്‍ട്ടിലേക്കു പായുകയായിരുന്നു.

സുനില്‍ മനസ്സില്‍ പെട്ടെന്ന് ഒരു ആശയം ഉദിച്ചു.
“എയര്‍പ്പോര്‍ട്ടിന്റെ സംരക്ഷണ ചുമതല സി ഐ എസ് എഫിന്റെ കൈയ്യിലാണ്.ഞാന്‍ ജോലി ചെയ്യുന്ന ബോര്‍ഡര്‍ റോഡ് ഓഗനൈശേഷന്‍ പാരാ മിലട്ടറിയാണെന്നു അറിയാമെല്ലോ? നമുക്കു എയര്‍പ്പോര്‍ട്ടിലെ മേജറിനെ കാണാം. എന്റെ ഐഡി കാറ്ഡ് വച്ച് സാക്ഷ്യപ്പെടുത്തിയാല്‍ ഒരു പക്ഷേ കാര്യം നടന്നേക്കും!”

എല്ലാവരുടെയും മുഖം തെളിഞ്ഞു. ആദ്യം ഇന്റര്‍ നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയ ഞങ്ങള്‍ എല്ലാം ഒകെയായി എന്ന സുനിലിന്റെ മെസ്സജ് വരുന്നതു വരെ പരിഭ്രാന്തരായിരുന്നു.

അവസാന ദിവസം അല്പം റ്റെന്‍ഷന്‍ ആയെങ്കിലും ഒരു സ്വപ്ന യാത്ര ഭംഗിയായി അവസാനിച്ചതിന്റെ സന്തോഷത്തില്‍, ഞങ്ങള്‍ വിമാനത്തിനുള്ളിലേക്ക് നടന്നു. അപ്പോഴും വസിഷ്ഠ ഗുഹയും, ഗംഗാ നദിയും ഓലിയിലെ മഞ്ഞു മലയും കുളിര്‍ പകരുന്ന ഓര്‍മ്മയായി മനസില്‍ നിറഞ്ഞു നിന്നു.


----ശുഭം ----

=========================================================
കൂടുതല്‍ വിവരങ്ങള്‍:

1. ചാര്‍ ധാം - ഗംഗോത്രി, യമുനോത്രി, കേദാര്‍ നാഥ്, ബദരീ നാഥ്
2. പഞ്ച പ്രയാഗ് - ദേവ പ്രയാഗ്, രുദ്ര പ്രയാഗ്, കര്‍ണ്ണ പ്രയാഗ്, നന്ദ പ്രയാഗ്, വിഷ്ണു പ്രയാഗ്
3. പഞ്ച കേദാര്‍ - കേദാര്‍ നാഥ്, മദ്മഹേശ്വര്‍, തുംഗനാഥ്, രുദ്ര നാഥ്, കല്പനാഥ്
4. പഞ്ച ബദരി - ബദരീ നാഥ്, ആദി ബദരി, യോഗാധ്യാന്‍ ബദരി, ബ്രിദ്ധ ബദരി, ഭവിഷ്യ ബദരി.


ചാര്‍ധാം യാത്ര ആദ്യമായി നടത്തവര്‍ അറേച്ഡ് ടൂര്‍ ഓപ്പറേറ്റേഴ്സുമായി ബന്ധപ്പെടുത്തുന്നതായിരിക്കും ഉചിതം. ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറില്‍ നിന്നും ധാരാളം ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും 214 കി.മി. ട്രൈനില്‍ യാത്ര ചെയ്താല്‍ ഹരിദ്വാറില്‍ എത്തുവാന്‍ കഴിയും. കേരളത്തില്‍ നിന്നും ആഴ്ചയില്‍ രണ്ടു ദിവസം ഡഹ്രാഡൂണിനിനു നേരിട്ട് ട്രൈയില്‍ സര്‍വീസ് ഉണ്ട്. ഹരിദ്വാറിനു ശേഷമുള്ള ടെര്‍മിനല്‍ ആണ് ഡെഹ്രാഡൂണ്‍. ഏകദേശം 12 ദിവസം നീളുന്ന അരേഞ്ച്ഡ് ടൂര്‍ പാക്കേജില്‍ താമസവും അഹാരവും ഉള്‍പ്പടെ ഉദ്ദേശം 18,000 രൂപ ഒരാള്‍ക്കു ചിലവു വരും. ഹരിദ്വാര്‍ വരെ എത്തുന്നതിനുള്ള ചിലവുകള്‍ ഉള്‍പ്പെടാതെയുള്ള തുകയാണ് ഇതു. തനിയെ യാത്ര ചെയ്യുന്നവരുടെ അറിവിലേക്കായി താഴെ ക്കൊടുത്തിരിക്കുന്ന ഭൂപടത്തില്‍ പ്രാധാനപ്പെട്ട എല്ലാ സ്ഥലങ്ങളും അവയ്ക്കിടയിലെ ദൂരവും രേഖപ്പെടുത്തിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിനു മുന്‍പ് വണ്ടിയുടെ പഴക്കം, ടയറിന്റെ അവസ്ഥ ഒക്കെ പരിശോധിക്കുന്നത് വളരെ നന്നായിരിക്കും. തീര്‍ത്താടക ഗ്രൂപ്പില്‍ അല്ലാതെ യാത്ര ചെയ്യുന്നവര്‍, പുകവലി, സോമരസം (മദ്യം) എന്നിവ യാത്രയില്‍ ഒഴിവാക്കുന്നതു അത്യുത്തമം. ഹിമാലയം ട്രക്കിങ് ഉണ്ടെങ്കില്‍ ഒരു കാരണ വശാലും പുക വലിക്കരുതു, പാതി വഴിയില്‍ മടങ്ങിപ്പോരേണ്ടി വരും.
ഉത്തര്‍ഘണ്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും അവയ്ക്കിടയിലെ ദൂരവും താഴെയുള്ള ചാര്‍ട്ടില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
നോട്ട്: 2010 ഓഗസ്റ്റു മാസം അവസാനത്തെ ആഴ്ച മുതല്‍ 15 ദിവസം നീളുന്ന കൈലാസ് - മാനസസരോവര്‍ യാത്രയേക്കുറിച്ചു ആലോചിക്കുന്നു. ഉദ്ദേശം ചിലവ്, 80,000 രൂപ.


28 Responses to "ഹിമാലയ യാത്ര - അവസാന ഭാഗം"

 1. ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഒരു ചെറിയ കുറിപ്പ് എഴുതണം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എങ്കിലും നിങ്ങളുടെ പ്രോത്സാഹനമാണ് നീണ്ട പന്ത്രണ്ട് ലക്കങ്ങളില്‍ വിശദമായി എഴുതുവാന്‍ പ്രേരിപ്പിച്ചതു.
  കമെന്റ്വഴിയും, മെയിലില്‍ക്കൂടിയും, നേരിട്ടും പ്രോത്സാഹിച്ച എല്ലാ സ്നേഹിതര്‍ക്കും നന്ദി..

  ReplyDelete
 2. സജി അച്ചായാ ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു. കുറച്ച് അക്ഷരപിശാചുക്കളും, .... കിലോമീറ്റർ എഴുത്താത്തതും തിരുത്തുമല്ലോ. ഇത്ര ക്ഷമയോടെ ഈ യാത്രാവിവരണം എഴുതി അവസാനിപ്പിച്ചതിൽ അഭിനന്ദനങ്ങൾ.

  ReplyDelete
 3. സജി:വളരെ ഇന്‍ഫര്‍മേറ്റീവ് ആയ ഈ വിവരണത്തിനു നന്ദി.ആശംസകള്‍

  ReplyDelete
 4. അവസാനത്തെ “ശുഭം“ കണ്ടപ്പോൾ പണ്ടൊക്കെ കാണാറുള്ള സിനിമകൾ ഓർമ്മ വന്നു. :)

  “പിന്നെയും ഡയല്‍ ചെയ്തെങ്കിലും (എന്റെ) ഭാഗ്യത്തിനു...“

  ഹ ഹ...അത് കലക്കി.

  അടുത്ത യാത്രയിൽ ഇന്റർനെറ്റിനെ അധികം ആശ്രയിക്കാൻ ഇട വരാതിരിക്കട്ടെ.

  ReplyDelete
 5. അച്ചായാ.. ഏതായാലും ഹിമാലയം കഴിഞ്ഞു...

  നൈലിന്റെ മടിയില്‍ നിന്നും എന്നാ വിവരണം വരുന്നത്??

  അതു കഴിയുമ്പോള്‍ മാനസ സരോവറും കൈലസവും .. എന്താ കഥ!!

  ReplyDelete
 6. 'അക്ഷര ധാം 'പോലെ ഉള്ള ഒരുചെറിയ അമ്പലം ഇവിടെ ലണ്ടനില്‍ (wembely )പണി നടക്കുന്നു .അതിലൂടെ പോകുമ്പോള്‍ എന്ന് പണി കഴിയുംമോ എന്ന് ചിന്ത ആയിരുന്നു .ഈ ഫോട്ടോസ് കണ്ടപ്പോള്‍ എന്തായാലും പണി കഴിഞ്ഞു അത് ഒന്ന് പോയി കാണണം .ഹിമാലയവും ഇത് വായിച്ചവരൊക്കെ കയറി കഴിഞ്ഞു കാണും .ഇനി ഒരുപാടു നല്ല വിവരണവുമായി അച്ചായന്റെ അടുത്ത യാത്രകള്‍ തുടരട്ടെ ...

  ReplyDelete
 7. അച്ചായാ...ഹിമാലയ യാത്ര തീര്‍ന്നു ഒക്കെ... അടുത്തെ ആഴ്ച തന്നെ അടുത്തത് തുടങ്ങുമല്ലോ ല്ലേ..

  നന്ദി..ഇത്ര നല്ല ഒരു വിവരണത്തിലൂടെ യാത്രയുടെ അനുഭവങ്ങള്‍ പകര്‍ന്നു തന്നതിന്

  ReplyDelete
 8. ഈ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചതിന്
  വളരെയേറെ നന്ദി.

  ReplyDelete
 9. അപ്പോള്‍ ഹിമാലയത്തില്‍ നിന്നുമിറക്കി :)
  അടുത്ത സ്ഥലം ഉടന്‍ പിടിച്ചോ .........

  ഇങ്ങനേയും സ്ഥലങ്ങളുണ്ടെന്ന് അറിയിച്ചതിനും ഈ നീണ്ട യാത്രയില്‍ ഞങ്ങളെയും കൂടെക്കൂട്ടിയതിനും നന്ദി.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. എസ്.കെ. പൊറ്റക്കാടിനൊപ്പം എസ്.എം രാജാക്കാടും സഞ്ചാര സാഹിത്യത്തില്‍ ഇടം നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍! തുടര്‍ന്നുള്ള യാത്രകള്‍ക്കാശംസകള്‍.

  ReplyDelete
 12. സജി, യാത്ര വിവരണത്തിന്റെ എല്ലാ ഭാഗങ്ങളും ആവേശത്തോട്‌ കൂടി വായിച്ചു തീര്‍ത്തു. വളരെ നന്നായിരിക്കുന്നു.
  പ്രത്യേകിച്ച് എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലങ്ങള്‍..പറ്റുമെങ്കില്‍ ഒന്ന് പോയിക്കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍.
  കൈലാസ് മാനസ സരോവര്‍ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും...അത് കഴിഞ്ഞും ഒരു യാത്ര വിവരണം പ്രതീക്ഷിക്കുന്നു..

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. സജിച്ചായാ,

  എല്ലാ ഭാഗങ്ങളും തുടർച്ചയായി വായിച്ചിരുന്നു.
  എന്നെങ്കിലും ഒന്നു കാണണമെന്നും യാത്ര ചെയ്യണമെന്നും കരുതുന്ന ഇടങ്ങളിലൂടെയുള്ള താങ്കളുടെ ഈ യാത്രാ വിവരണം സന്തോഷം പകർന്നു തന്നു. കുറേക്കൂടെ ചിത്രങ്ങൾ ആവാമായിരുന്നു എന്ന് തോന്നിയിരുന്നു.

  അടുത്ത യാത്ര- കുറിപ്പെഴുതാനുള്ള തയ്യാറെടുപ്പുകളോടെ ആവട്ടെ, ആശംസകൾ!

  ReplyDelete
 15. വളരെ നല്ല പോസ്റ്റ്‌...ഇതു വായിച്ചപ്പോള്‍
  കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് എന്‍റെ ആദ്യ
  ഡല്‍ഹി യാത്ര ഓര്‍മവന്നു..ആരെയും
  പരിചിത മല്ലാത്ത ആ നാട്ടില്‍ പറഞ്ഞു കേട്ട പരിചയത്തില്‍
  ഒരു പേരിനു ഉടമയെയും കാത്തു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്
  ഒരു സിനിമയില്‍ സാധനം കയ്യില്‍ ഉണ്ടോ എന്ന ചോദ്യവുമായി
  നടക്കുന്ന പോലെ..ഞാനും (ഞങ്ങളും)വിളിച്ചു പറഞ്ഞു നടന്നു...
  മുരളിയെട്ടനാണോ..??ഓരോര്തരും അരികിലൂടെ നടന്നു പോകുമ്പോള്‍
  മലയാളത്തില്‍ ചോദിച്ചു
  കൊണ്ടിരുന്നു...മുരളിയേട്ടാ എന്ന്...ഇന്നും അതോര്‍ക്കുമ്പോള്‍
  ചിരി വരാറുണ്ട്..എന്തായാലും അടുത്ത വെക്കേഷന് പോകുമ്പോള്‍ അക്ഷര്‍ധം കാണണം..

  ReplyDelete
 16. ഇത് ഒരു റോള്‍ മോഡല്‍ യാത്രാവിവരണമാണ്. ബൂലോകത്ത് എന്നും നിറഞ്ഞുനില്‍ക്കാന്‍ പോകുന്ന ഒന്ന്. ഓര്‍മ്മയില്‍ നിന്നെടുത്ത് ഇതുപോലെ എഴുതാനുള്ള കഴിവിനെ, അതും ഒറ്റ രാത്രി കൊണ്ട് ഓരോ ലക്കങ്ങള്‍ എഴുതാനുള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ. അതുപോലെ എഴുതാന്‍ ആയിരുന്നെങ്കില്‍ എന്ന് ആശിക്കുകയും ചെയ്യുന്നു. ഒരു കൊല്ലം മുന്‍പ് നടത്തിയ യൂറോപ്പ് യാത്ര ഇത്രയും നാളായിട്ടും ഒന്നെഴുതി ഒപ്പിക്കാന്‍ എനിക്കായിട്ടില്ല. അച്ചായന്റെ ‘കമ്മട്ടം’ (അതു തന്നല്ലേ പൊങ്ങുമ്മൂടനും ആവശ്യപ്പെട്ടത്) കുറച്ച് ദിവസത്തേക്ക് ഒന്ന് വായ്പ തരാമോ ? യൂറോപ്പ് യാത്ര എഴുതിക്കഴിഞ്ഞ് ഉടനെ മടക്കിത്തന്നേക്കാം :)

  ഇത് പുസ്തകമാക്കുന്ന കാലത്ത് ഒരു കോപ്പി ‘ശങ്കുണ്ണിയേട്ടന്റെ‘ കൈയ്യൊപ്പോട് കൂടിയത് ഇപ്പോഴേ ബുക്ക് ചെയ്യുന്നു.

  ReplyDelete
 17. അച്ചായന്‍ പൊരിച്ചു...

  ReplyDelete
 18. വളരെ രസകരമായിരുന്നു ഈ ഹിമാലയന്‍ യാത്ര
  ഒരു നല്ല വായന അനുഭവം സമ്മാനിക്കുവാന്‍ സാധിച്ചു

  എല്ലാ ആശംസകളും

  ReplyDelete
 19. M P മാര്‍ ഒക്കെ ഇത് പോലെ ആണ് അല്ലെ ...വോട്ട് കിട്ടി കഴിഞ്ഞാല്‍ പിന്നെ മാഷിട്ടു നോക്കിയാല്‍ കാണില്ല ..
  എല്ലാ ആശംസകളും

  ReplyDelete
 20. നൈലിന്റെ നാട്ടില്‍ വായിച്ചപ്പോള്‍ ഇത് കണ്ടു .. പിന്നെ ഒറ്റ ഇരിപ്പിന് എല്ലാം വായിച്ചു തീര്‍ത്തു ... പ്രശംസിക്കാന്‍ വാക്കുകള്‍ തേടിക്കൊണ്ടിരിക്കുന്നു ... അത്രയ്ക്ക് നന്നായിരിക്കുന്നു

  ReplyDelete
 21. വളരെ മനൊഹരമായി വിവരണങള്‍, നയ്ല്‍ യാത്രയും വായിചു തീരെ കൊള്ളാം, അഭിവാദനങള്‍.

  ബൂലൊകത്തില്‍ ബ്ലൊഗ് എഴുതി തുടങുന്നതു എങിനെ എന്നു പറഞുതരുമൊ?

  ‍തോമാ, ദുബായ്.

  ReplyDelete
 22. Anil,

  Please visit http://indradhanuss.blogspot.com/

  or

  http://bloghelpline.cyberjalakam.com/

  You will be a blogger soon........

  ReplyDelete
 23. അവിചാരിതമായിട്ടാണ് ഈ ബ്ലോഗില്‍ എത്തിപ്പെട്ടത് . ഒന്നാമത്തെ ഭാഗം വായിച്ചു കയിഞ്ഞു നിര്‍ത്താം എന്ന് കരുതിയതായിരുന്നു പക്ഷെ നിര്‍ത്തിയത് 12 ഭാഗത്തില്‍ ആണെന്ന് മാത്രം . ഇത്രയും നന്നായി യാത്ര അനുഭവങ്ങള്‍ എഴുതുവാന്‍ പറ്റും എന്ന് മനസിലായി ..... പ്രവാസികളായ നമുക്ക് ഒക്കെ എപ്പോയെങ്കിലും കിട്ടുന്ന ജീവജലം ആണിത് .....

  ReplyDelete
 24. പ്രിയ സജി,

  ഇങ്ങനെയുള്ള യാത്രകള്‍ മഹാഭാഗ്യമാണ്.

  ആ സുഖം മറ്റുള്ളവരിലേക്ക് പകരുന്നത് മഹാ പുണ്യവും ..നന്ദി...

  ശ്രീകുമാര്‍

  ReplyDelete
 25. ഇത് പണ്ടേതന്നെ വായിച്ചിരുന്നു. പിന്നീട് സഞ്ചാരം കണ്ടപ്പോൾ വീണ്ടും ഓര്മ വന്നു. ഒരിക്കല്ക്കൂടി ഹിമാലയൻ യാത്രാവിവരണം വായിച്ചു. ഇതിപ്പോ മൂന്നാം തവണയും വായിച്ച് കഴിഞ്ഞപ്പോഴാണ് ഈ കമന്റ് ഇടുന്നത്. ഞാനും യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അതുകൊണ്ടാവാം യാത്രാവിവരണങ്ങൾ പലയാവര്ത്തി വായിച്ചാലും എനിക്ക് മടുപ്പ് തോന്നാത്തത്. ഞാൻ പോയ യാത്രകളെപ്പറ്റി ആസ്വാദ്യകരമായി എഴുതാനുള്ള ഒരു കഴിവ് പക്ഷെ എനിക്കില്ല. അതുകൊണ്ട് ഞാൻ അല്പം അസൂയയോടെയാണ് ഇത് വായിച്ചു തീര്ത്തത്. എന്തായാലും വളരെ നല്ലയൊരു യാത്രാവിവരണത്തിനു നന്ദി.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts