ഹിമാലയ യാത്ര - PART 9

ഹിമാലയ യാത്ര PART 1 PART 2 PART 3 PART 4 PART 5 PART 6 PART 7 PART 8

സജി മാര്‍ക്കോസ്


ണ്ടിയില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ക്കു ആശ്രമം കണ്ടു പിടിക്കുവാന്‍ ഒട്ടും പ്രയാസം വന്നില്ല. പട്ടണത്തിന്റെ മുകള്‍ഭാഗത്ത് രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ നടകള്‍ കയറി മുകളിലെത്തിയപ്പോല്‍, ഒരു പഴയ കമാനം. ഇടത് വശത്തു ഇല കൊഴിഞ്ഞ ഒരു മുതുമുത്തച്ഛന്‍ അരയാല്‍.കൊമ്പുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന വേരുകള്‍ പലതും ദ്രവിച്ചു തുടങ്ങി. ചുറ്റും കെട്ടിയ തറ പലയിടത്തും പൊട്ടിപൊളിഞ്ഞു കിടക്കുക്കുന്നു. എങ്കിലും ആല്‍ത്തറയില്‍ മഞ്ഞ നിറത്തില്‍ ഒരു കൊച്ചു ചായ്പ്പും ചില ബോര്‍ഡുകളും പഴകിയ പൂമാലകളും കണ്ട് ഞങ്ങള്‍ കാര്യങ്ങള്‍ തിരക്കി. ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ബോധി വൃക്ഷത്തിന്റെ ചുവട്ടിലാണ് ഞങ്ങള്‍ നില്‍ക്കുന്നത് എന്ന് അവിടെ നിന്ന നാട്ടുകാരില്‍ ചിലര്‍ പറഞ്ഞപ്പോല്‍ അത്ഭുതപ്പെട്ടു.

2500 വര്‍ഷം പഴക്കമുള്ള ആല്‍മരം

രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുണ്ടത്രെ ഈ ആല്‍മരത്തിന്! ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിശങ്കരന്‍ തപസ്സ് അനുഷ്ടിച്ചിട്ടുണ്ട് എന്നാണ് ഐതീഹ്യം!

കേരളം വിട്ട ആദിശങ്കരന്‍ ആദ്യം വന്നത് ജ്യോതിര്‍ മഠത്തിലേക്കായിരിന്നു എന്ന് ചരിത്രം പറയുന്നു. അന്ന് ശങ്കരാചാര്യര്‍ക്കു പ്രായം എട്ടു വയസ്. പിന്നീട് ചില വര്‍ഷങ്ങള്‍ ശങ്കരാചാര്യരുടെ സങ്കേതം ഇതായിരുന്നു. വേദഭാഷ്യങ്ങള്‍ എഴുതിയതും ഇവിടെ വച്ചാണെന്ന് പറയപ്പെടുന്നു.

ശിവ - പാര്‍വ്വതീ ദമ്പതിമാരുടെ പുത്രന്മാരില്‍ രണ്ടാമനായിരുന്ന കാര്‍ത്തികേയന്റെ പേരില്‍ നിന്നും ലഭിച്ച കാര്‍ത്തികേയപുരം എന്നായിരുന്നു ജോഷി മഠിന്റെ പുരാതന നാമധേയം.

വിഷ്ണുവിന്റെ അവതാരമായ നരസിംഹ ക്ഷേത്രമാണ് ജോതിര്‍ മഠത്തിലെ പ്രധാന ക്ഷേത്രം. ചാര്‍ധാമില്‍ ഒന്നായ ബദരീനാഥില്‍ വര്‍ഷത്തില്‍ ആറു മാസത്തോളം മഞ്ഞു മൂടി പൂജകള്‍ നിത്തിവച്ചിരിക്കുമ്പോള്‍, ബദരീനാഥന്റെ പ്രതിഷ്ഠ ജ്യോതിര്‍ മഠിലെ മറ്റൊരു ക്ഷേത്രമായ വസുദേവ ക്ഷേത്രത്തിലേക്കു കൊണ്ടു വരികയും, മഞ്ഞുകാലം കഴിയുന്നതു വരേയ്ക്കും, പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക്കയും ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജ്യോതിര്‍മഠിലെ കാലാവസ്ഥ, വര്‍ഷത്തില്‍ മിക്കവാറും മാസങ്ങളില്‍ അതിശൈത്യമായിരിക്കും.

ഭീമസേനന്‍ പാഞ്ചാലിക്ക് സമര്‍പ്പിക്കുവാന്‍ കല്യാണ സൌഗന്ധികപ്പൂവ് ശേഖരിക്കുവാന്‍ പോയ കദളീവനം, ജോതിര്‍മഠില്‍ നിന്നും 18 കിലോ മീറ്റര്‍ ദൂരെയുള്ള പൂക്കളുടെ താഴ്വര എന്ന പ്രദേശമാണെന്നു പറയപ്പെടുന്നു. ഏതാണ്ട് 90 സ്ക്വയര്‍ കിലോമീറ്റര്‍ ദൂരത്തില്‍ പൂക്കളേകൊണ്ടു നിറഞ്ഞ താഴ്വര സഞ്ചാരികള്‍ക്ക് ഒരു പറുദീസ തന്നെ ഒരുക്കുന്നു.

വാലി ഓഫ് ഫ്ലവേഴ്സ്

കേരളത്തിന്റെ പുത്രനായ ജഗദ്ഗുരു ആദി ശങ്കരന്‍ ഭാരതം മുഴുവന്‍ മൂന്നു പ്രാവശ്യം ചുറ്റി സഞ്ചരിക്കുകയും, നാലു ദിക്കിലും നാലു വേദങ്ങളുടെ ആധ്യാത്മീകചുമതലയും പഠനവും സംബന്ധിച്ചു അധികാരപ്പെടുത്തി നാലു മഠങ്ങള്‍ സ്ഥാപിക്കുക്കയും ചെയ്തു. തെക്ക് കര്‍ണാടകത്തിലെ ശ്രിംഗേരി മഠം (യജുര്‍വ്വേദം), പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകമഠം (സാമ വേദം), കിഴക്ക് ഒറീസയിലെ പുരിയില്‍ ജഗന്നാഥ മഠം (ഋഗ്വേദം), വടക്ക് ജ്യോതിര്‍ മഠം (അഥര്‍വ്വ വേദം) എന്നിവയാണ് ഈ നാലു മഠങ്ങള്‍. അതേസമയം വടക്ക് സ്ഥാപിച്ച മഠം ബദരിയില്‍ ആണെന്നും ചില തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്.

ബുദ്ധമതത്തിന്റേയും ജൈന മതത്തിന്റേയും കടന്നു കയറ്റം മൂലം ഹിന്ദു മതം ക്ഷയോന്മുഖമായ കാലഘട്ടത്തിലാണ് ആദി ശങ്കരന്റെ ജനനം. ബ്രാഹ്മണ മേധാവിത്യവും, ജാതി വ്യവസ്തകളും മറ്റു അനാചാരങ്ങളും ഹിന്ദു മതത്തില്‍ കൊടികുത്തി വാണ കാലം. താരതമ്യേന സമത്വസുന്ദരവും പുരോഹിത്യരഹിതവുമായ ആശയങ്ങളുമായി വന്ന ബുദ്ധമതം, ദക്ഷിണേന്ത്യയും കടന്നു ശ്രീലങ്കവെരെയും ചെന്നു. കേരളക്കരയിലും അനേക ബുദ്ധ വിഹാരങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലായിരുന്നു എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആദി ശങ്കരന്‍ കാലടിയില്‍ ജനിക്കുന്നത്. ഭാരതം കണ്ട ഏറ്റവും വലിയ ആത്മീയ അചാര്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന ശങ്കരാചാര്യര്‍, വേദങ്ങള്‍ക്ക് ഭാഷ്യം ചമച്ച്, അവയുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് അദ്വൈത വേദാന്തം എന്ന ആധ്യാത്മീക ചിന്താപദ്ധതിക്ക് രൂപം കൊടുത്തു. മാത്രമല്ല, നിയത രൂപമില്ലാതിരുന്ന, ഭാരതത്തിലെ ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രമപ്പെടുത്തിയതും ശങ്കരാചാര്യര്‍ ആയിരുന്നു.

ആല്‍മരത്തിന്റെ അല്പം മുകളില്‍ ഇടത് വശത്ത് കണ്ട ഒരു മതില്‍ കടന്ന് ആദിശങ്കരാശ്രമത്തിലേക്കു കടന്നു.

അനവധി പഴയ കെട്ടിടങ്ങളും, കൊച്ചു കൊച്ചു മുറികളും ഉള്ള ആശ്രമത്തിനകത്ത് എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നിന്ന ഞങ്ങളെ ഒരു കൊച്ചു പെണ്‍കുട്ടി അകത്തേക്ക് ആനയിച്ചു. പല വാതിലുകള്‍ കടന്ന്, പുരാതനമായ മറ്റൊരു കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ എത്തി. നീണ്ട തടി പാകിയ വരാന്തയിലൂടെ നടന്ന് ഇടതു വശത്ത് പെണ്‍കുട്ടി കാണിച്ചു തന്ന മുറിയിലേക്കു കയറി.
സ്വാമി ഭവാനന്ദ സര‍സ്വതി.

കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!

ശങ്കരാചാര്യ മഠത്തില്‍

രണ്ടായിരിത്തില്‍ അധികം വര്‍ഷം പാരമ്പര്യമുള്ള ഒരു ആശ്രമത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ജ്യോതിര്‍മഠിലെ ഏറ്റവും പഴയ ആശ്രമവും ഇതുതന്നെ. ഒരു ഇടത്തരം ഹാള്‍. നിലത്തു പരവതാനി വിരിച്ചിരിക്കുന്നു. സ്വാമി നിലത്ത് ഇരിക്കുന്നു. ഹാളിന്റെ മധ്യത്തില്‍ ചെറിയ കമാനങ്ങളോടു കൂടിയ ഒരു ഇരിപ്പിടം. ഏറ്റവും പിന്നില്‍ ആചാര്യ പരമ്പരയിലെ ഇപ്പോഴത്തെ സ്വാമിയുടെ പൂര്‍ണ്ണകായ ചിത്രം. എല്ലായിടത്തും കടും നിറത്തില്‍ ചായം തേച്ചിരിക്കുന്നു.

ശങ്കരാചാര്യ മഠത്തില്‍

ആദിശങ്കരന്റെ ജനനം, ഭാരത പര്യടനം തുടങ്ങി ജ്യോതിമഠത്തിന്റെ പാരമ്പര്യമെല്ലാം സ്വാമി ഞങ്ങള്‍ക്കു വിശദീകരിച്ചു. ശ്രീ ശങ്കരാചാര്യര്‍ മുതല്‍ ഇന്നുവരെ തുടര്‍ന്നു വരുന്ന ആചാര്യ പപരമ്പരകളുടെ വിവരങ്ങള്‍ കുറിച്ച ലഖുലേഖ ഞങ്ങള്‍ക്കു തന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം കുട്ടികള്‍ കടന്നു വന്നു സ്വാമിയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതു കണ്ടു. സ്വാമി ഒരു ചെറിയ പാത്രം തുറന്നു വെളുത്ത നിറത്തിലുള്ള പ്രസാദം എല്ലാവര്‍ക്കും കൊടുത്തു. ആദിശങ്കരന്റെ പീഠത്തില്‍ കൂടി തൊട്ടു വന്ദിച്ചിട്ടു നിശബ്ദരായി കുട്ടികള്‍ കടന്നു പോയി. ആശ്രമത്തിലെ അന്തേവാസികളുടെ മക്കള്‍ ആയിരിക്കണം. ഇപ്പോള്‍ ഈ മഠത്തിന്റെ അധിപനും ശങ്കരാചാര്യരുടെ പിന്തുടര്‍ച്ചക്കാരനുമായി ആചാര്യ സ്വാമി വസുദേവാനന്ദ സര‍സ്വതി, ഇപ്പോള്‍ അല‍ഹബാദില്‍ ആണെന്നും മറ്റുമുള്ള വര്‍ത്തമാനകാല വിശേഷങ്ങള്‍കൂടി പറഞ്ഞപ്പോഴേക്കും നേരം വൈകി.

ഇനിയെവിടെ രാത്രി കഴിക്കും എന്നതായിരുന്നു ഞങ്ങളുടെ മുന്‍പിലുള്ള പ്രശ്നം.

“അഗര്‍ മങ്തേ തോ ഇധര്‍ സോനേ കേലിയേ ബന്ധവസ് കരേഗാ” സ്വാമി സ്നേഹ പൂര്‍വ്വം നിര്‍ബന്ധിച്ചു.

സഞ്ചാരികള്‍ക്കു ഒന്നു രണ്ടു ദിവസം തങ്ങാനുള്ള സൌകര്യങ്ങള്‍ എല്ലാ മഠങ്ങളും ക്രമീകരിക്കാറുണ്ട്. പക്ഷേ അടിസ്ഥാന സൌകര്യങ്ങളേ കൊടുക്കാറുള്ളൂ എന്നാണ് കേട്ടു കേള്‍വി.

“പുതയ്ക്കാന്‍ നല്ല കമ്പളിപുതപ്പോ, രാവിലെ അല്പം ചൂടുവെള്ളമോ കിട്ടിയില്ലെങ്കില്‍?” സാബു സംശയം പ്രകടിപ്പിച്ചു.

ആശ്രമത്തില്‍ തങ്ങണോ അതോ ഹോട്ടലില്‍ മുറിയെടുക്കണോ? തീരുമാനിക്കാനാവുന്നില്ല. ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി. ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഇലക്ട്രീഷ്യന്‍ അകത്തേക്കു കയറി വന്നു. ഒരു ദക്ഷിണേന്ത്യക്കാരന്റെ മുഖച്ഛായ. ഞങ്ങള്‍ മൌനം പാലിച്ചു. അയാളോട് സ്വാമിയെന്തോ പറഞ്ഞു. ഒന്നും മിണ്ടാതെ അയാള്‍ ജോലി ആരംഭിച്ചു. ഞങ്ങള്‍ക്ക് പരസ്പരം മലയാളത്തില്‍ സംസാരിക്കുവാനുള്ള ആത്മവിശ്വാ‍സം നഷ്ടപ്പെട്ടു. സ്വാമിക്കു എന്തായാലും മലയാളം മനസിലാവില്ല, പക്ഷേ, ഇയാള്‍ മലയാളിയാണെങ്കിലൊ?

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോംബെയില്‍ കഴിഞ്ഞിരുന്ന കാലത്തുള്ള ഒരനുഭവം ഇന്നും ഞങ്ങള്‍ പറഞ്ഞു ചിരിക്കാറുണ്ട്. ഞാനും ജൈസണും ബോംബെയില്‍ കഴിയുന്ന കാലം. 94 ലോ മറ്റോ ആയിരുന്നു. എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര കഴിഞ്ഞു ജോലി ഒന്നും കിട്ടാതെ വിസ ഇടപാടില്‍ കബളിക്കപ്പെട്ടു ബോംബയില്‍ എത്തി. നാട്ടില്‍ നിന്നും ജയ്സനേയും അങ്ങോട്ടേയ്ക്കു വിളിച്ചു. സാധാരണ ബോംബെയില്‍ എത്തിയ ഉടനെ മലയാളികള്‍ക്ക് പിടിപെടാറുള്ളതുപോലെ, ചങ്ങാതിക്കും മലേറിയ പിടിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന ഡോക്കയാഡ് റോഡിന്റെ അടുത്തുള്ള ജെ. ജെ. മെഡിക്കല്‍ക്കോളേജ് ആയിരുന്നു ഏക അഭയം.

ഏറെനേരം ക്യൂ നിന്നു അവസാനം ഡോക്ടറുടെ മുറിയില്‍ കയറി. ഏതാണ്ട് ഇരുപത്തി അഞ്ചു വയസ്സു പ്രായം വരുന്ന അതിസുന്ദരിയായ ഡോക്ടര്‍. ജയ്സന്റെ പരവേശം ഇരട്ടിച്ചു.

“ക്യാ ഹുവാ?” കളമൊഴി.

“ഹിന്ദിമാലൂം നഹി “ ജയ്സണ്‍ ചാടി മറുപടി പറഞ്ഞു.
“ഒഹ് റിയലി? റ്റെല്‍ മി വാട്ട് ഹാപ്പെന്‍ഡ്?”

ഞങ്ങള്‍ ഞെട്ടി. അഭ്യസ്ഥ വിദ്യരായിരുന്നുവെങ്കിലും, മലയാളം മീഡിയക്കാരായ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ആയിരുന്നു എക്കാലത്തേയും വില്ലന്‍! ഇവിടെയും പ്രതിയോഗി അവന്‍ തന്നെ.

“യേസ് പ്ലീസ്?” ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

ഉത്തരം സിമ്പിള്‍ പ്രസെന്റ് ടെന്‍സില്‍ മതിയോ, അതോ , പ്രസെന്റ് പെര്‍ഫെക്ടില്‍ തന്നെ വേണോ? എത്ര ശ്രമിച്ചിട്ടും മറുപടി അങ്ങു ശരിയാകുന്നില്ല!

അവസാനം ദയനീയമായി എന്നെ നോക്കിയിട്ടു ജയ്സണ്‍ ഒച്ച താഴ്ത്തി പറഞ്ഞു,

“ഹോ ! ഹിന്ദി ആയിരുന്നു ഇതിലും ഭേദം!!”
“ങാഹാ, എന്നാല്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി” പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍! അവര്‍ ഒരു മലയാളി ആയിരുന്നു. അവരുടെ മാതാപിതാക്കള്‍ ബോംബയിലെ സ്ഥിര താമസക്കാരായിരുന്നു.

ഈ സംഭവം ഓര്‍മ്മിച്ചതുകൊണ്ടാവണം ജയ്സണ്‍ പുറത്തു പോകാമെന്നു കണ്ണുകാണിച്ചു.

ഞങ്ങള്‍ വെളിയില്‍ ഇറങ്ങി. ഒന്നാം നിലയില്‍ ആശ്രമത്തിനു ചുറ്റും പണിതിരിക്കുന്ന നീണ്ട് ബാല്‍ക്കെണി. തറയില്‍ പഴകിയ തടി പാകിയിരിക്കുന്നു. അല്പം ഉയരത്തില്‍ പുരാതനരീതിയില്‍ തീര്‍ത്തിരിക്കുന്ന കൈവരി . പലയിടത്തുംതടികള്‍ ഇളകിപ്പോയിരിക്കുന്നു. വേണ്ടത്ര അറ്റകുറ്റ പണികള്‍ ചെയ്തി സൂക്ഷിക്കിന്നില്ല എന്ന ഒറ്റ നോട്ടത്തില്‍ അറിയാം. ഭിത്തിയിലും കൈവരികളും എല്ലാം കടും നിറത്തിലുള്ള ചായം തേച്ചിരിക്കുന്നു.

ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു. തെരുവിളക്കുകളുടെ മങ്ങിയ പ്രകാശത്തില്‍ ജോഷി മഠ് പട്ടണം. ചുറ്റുമുള്ള പ്രദേശമാകെ നേര്‍ത്ത കോടമഞ്ഞില്‍ ആവരണം ചെയ്തിരിക്കുന്നു. കുന്നിന്‍ ചെരുവ് ആയതിനാല്‍ നേര്‍ത്ത കാറ്റടിക്കുന്നുണ്ടായിരുന്നു . അസ്ഥികള്‍ തുളച്ചു കയറുന്ന തണുപ്പ്. സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും ഭജന്‍ മുഴങ്ങുന്നു. അക്കരെ കറുത്തു ഇരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങള്‍ ഭീമാകാര രൂപംപൂണ്ട് അവ്യക്തമായി നില്‍ക്കുന്നു. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പട്ടണങ്ങളില്‍ ഒന്നില്‍ ആണ് ഞങ്ങള്‍ നില്‍ക്കുന്നത് എന്ന ചിന്ത ആശ്ചര്യം പകര്‍ന്നു.

ആശ്രമത്തില്‍ തങ്ങാന്‍ താല്പര്യമുണ്ടെങ്കിലും, എല്ലാവരും മടിച്ചു. കാരണം യാത്രയിലെ പ്രധാന ‍പ്പെട്ട ദിവസം നാളെയാണ്. ഇതുവരെയും ദൂരെ നിന്നു മാത്രം കണ്ട മഞ്ഞു മലയിലേക്കു, കാല്‍നടയായി കയറുന്നതു നാളെയാണ്. ജോതിര്‍ മഠത്തിന്റെ പിന്‍‌വശത്തുള്ള ഓലി എന്ന കുത്തനെയുള്ള പര്‍വ്വതാഗ്രത്തിലേക്കു നടനു കയറണം. അതിനു നല്ല ഉറക്കവും വിശ്രമവും ആവശ്യമാണ് . മാത്രമല്ല അതിരാവിലെ യാത്ര തിരിക്കുകയും വേണം. അതുകൊണ്ട് ആശ്രമത്തില്‍ തങ്ങുന്നതിനേക്കാള്‍, അല്പം ഭേദപ്പെട്ട ഹോട്ടല്‍ തന്നെ വേണമെന്നു എല്ലാവരും തീരുമാനിച്ചു. സന്ദര്‍ശകരില്ലാത്ത ശൈത്യകാലമായിരുന്നതുകൊണ്ട്, മുറികളുടെ വാടക വളരെ കുറവായിരുന്നു.

നാളെക്കയറുവാനുള്ള മഞ്ഞു മലകള്‍ സ്വപനം കണ്ടു കൊണ്ട്, ഞങ്ങള്‍ ഉറക്കത്തിലേക്കു പ്രവേശിച്ചു .

തുടരും..


(ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും എടുത്തവയാണ്)

27 Responses to "ഹിമാലയ യാത്ര - PART 9"

 1. കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!

  ReplyDelete
 2. ഹ ഹ ഹ ഫോട്ടോ കലക്കി..
  അപ്പൊ ഒരു സ്വാമി(കള്ള)യായി ഏതാണ്ട്‌ അവരോധിച്ചു കഴിഞ്ഞു അല്ലേ..?
  ഈ ലക്കം വായിച്ചില്ല. വായിക്കട്ടെ.

  ReplyDelete
 3. നന്നായിട്ടുണ്ട്.
  ഒമ്പത് ഭാഗങ്ങള്‍ വായിച്ചതില്‍ ഒരിക്കല്‍ പോലും ബോറഡി തോന്നിയില്ല എന്നു മാത്രമല്ല വളരെ രസകരമായി തന്നെ വിശദമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
  നന്ദി. സ്നേഹം
  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

  ReplyDelete
 4. ഇതും രസിച്ചു.

  വല്ലാത്തൊരു നിർത്തലായി പോയല്ലോ

  ReplyDelete
 5. ഹോ...ആ വാലി ഓഫ് ഫ്ലവര്‍സ് ഫോട്ടോ കണ്ടപ്പോള്‍ ഉറപ്പിച്ചു.ഒരിക്കല്‍ എന്തായാലും ഇതുപോലൊരു യാത്ര നടത്തണം എന്ന്.
  വിവരണം വളരെ നന്നാവുന്നു.

  ReplyDelete
 6. സജി അച്ചായോ, ഈ ലക്കവും വളരെ നന്നായി. “ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു. തെരുവിളക്കുകളുടെ മങ്ങിയ പ്രകാശത്തില്‍ ജോഷി മഠ് പട്ടണം. ചുറ്റുമുള്ള പ്രദേശമാകെ നേര്‍ത്ത കോടമഞ്ഞില്‍ ആവരണം ചെയ്തിരിക്കുന്നു. കുന്നിന്‍ ചെരുവ് ആയതിനാല്‍ നേര്‍ത്ത കാറ്റടിക്കുന്നുണ്ടായിരുന്നു . അസ്ഥികള്‍ തുളച്ചു കയറുന്ന തണുപ്പ്. സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും ഭജന്‍ മുഴങ്ങുന്നു. അക്കരെ കറുത്തു ഇരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങള്‍ ഭീമാകാര രൂപംപൂണ്ട് അവ്യക്തമായി നില്‍ക്കുന്നു..” ഇതിന്റെ ഒരു ഫോട്ടോ പിടിച്ചോണ്ടുവരാഞ്ഞതിൽ ശക്തമായി പ്രതിഷേധിക്കുന്നു :-)

  ReplyDelete
 7. യാത്രക്ക് നല്ല ത്രില്‍, പറഞ്ഞ് പറഞ്ഞ് ഇവിടെയും തണുപ്പടിക്കാന്‍ തുടങ്ങി... ഈ ലക്കം ചിത്രങ്ങള്‍ കുറവാണല്ലോ...

  ReplyDelete
 8. 'ഒരു ആല്‍ മരം '.തണുപ്പ് സ്ഥലത്ത് ഉണ്ടാകുമോ എന്ന് ഒരു സംശയം ആയിരുന്നു .ഈ ഫോട്ടോ കണ്ടപ്പോള്‍ സംശയവും മാറി കിട്ടി .'പൂക്കളുടെ താഴ്വര; യുടെ കുറച്ചു കൂടി ഫോട്ടോസ് അതില്‍ ഉണ്ടായിരുന്നാല്‍ വളരെ നല്ലതായിരുന്നു .ഇനി മഞ്ഞു മലകള്‍ കയറിയ ആ സന്തോഷത്തില്‍ ത്തനെ ആവുമല്ലോ അടുത്തതും .. ഗുഡ് ലക്ക്

  ReplyDelete
 9. ഉത്തരം സിമ്പിള്‍ പ്രസെന്റ് ടെന്‍സില്‍ മതിയോ, അതോ , പ്രസെന്റ് പെര്‍ഫെക്ടില്‍ തന്നെ വേണോ?

  പഴയ മറുനാടന്‍ യാത്രകളൊക്കെ ഓര്‍മ്മ വന്നു... എന്തായാലും ആ അനുഭവം കലക്കി..!!

  ReplyDelete
 10. സജിച്ചായ..

  സന്തോഷത്തോടെ, ഈ ലക്കവും ആകാംഷയോടെ വായിച്ചു..കാല്പനികതയൊ ചരിത്രമൊ എന്നൊരു ആശയക്കുഴപ്പം വന്നുചേരുന്നുണ്ട് എന്നിൽ..!

  ഹിമാലയത്തിൽ പോയപ്പോൾ ഓർമ്മശക്തി ഒന്നുകൂടി തെളിച്ചമായി..ചുമ്മാ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് അടുത്തെതെന്തെന്ന് ഓർക്കുമ്പോൾത്തന്നെ, ആ ദൃശ്യങ്ങൾ വിരൽത്തുമ്പിലേക്ക് ഒഴികി വരുന്നത് കാണുമ്പോൾ അനുഭവിക്കുമ്പോൾ....സജിച്ചായൻ പറഞ്ഞില്ലെ ഈ യാത്രാവിവരണങ്ങൾ എല്ലാം മനസ്സിലെ മണിച്ചെപ്പിൽ അപ്പപ്പൊ തപ്പിയെടുത്തെഴുതുന്നതാണെന്ന്...

  ഈ ഓർമ്മശക്തി ഭാരതത്തിനൊരു മുതൽക്കൂട്ടാകേണ്ടതായിരുന്നു..

  ReplyDelete
 11. അച്ചായാ ഇത് പ്രിന്റ് ചെയ്ത് ഒന്നിച്ചെടുത്ത് വക്കണം. കുറേ യാത്രകള്‍ കഴിയുമ്പോള്‍ പൊത്തകം ആക്കാം.
  :)

  എഴുത്ത് ഉഗ്രനാവുന്നുണ്ട്, ഒരു നോവലിസ്റ്റിനെ തെളിഞ്ഞു കാണുന്നു.

  ReplyDelete
 12. യാത്രാവിവരണത്തേക്കാൾ അനുഭവക്കുറിപ്പായി തോന്നി .ഞാനും എന്റെ ആ മുംബൈ മലേറിയ ദിനങ്ങൾ ഓർക്കുന്നു

  ReplyDelete
 13. ഈ അച്ചായന്‍ ആളു കൊള്ളാലോ.. ആ വാലി ഓഫ് ഫ്ലവേര്‍സ് വരെ പോയി ഒരു കുഞ്ഞു പോട്ടോം കൊണ്ടു വന്നിരിക്കുന്നു!! ബാക്കി ഒക്കെ എവിടെ??

  പിന്നെ ആ മുംബൈ മലെറിയ കിടു

  ReplyDelete
 14. അത് ശരിയാ.....
  ഒരു പുസ്തക രൂപത്തില്‍ ആക്കണം...എല്ലാം കൂടെ അവസാനം...
  അച്ചായോ.. കൂടെ ഉണ്ട് ട്ടോ...തുടര്‍ന്നോളൂ

  ReplyDelete
 15. വിവരണം രസകരമാകുന്നുണ്ട്...സജി.വാലി ഓഫ് ഫ്ലവേര്‍സിന്റെ കൂടുതല്‍ പടങ്ങള്‍ ചേര്‍ത്താല്‍ നന്നായിരുന്നു.

  ReplyDelete
 16. വാലി ഫ്ലവേര്‍സിന്റെ ചിത്രം ആളുകള്‍ എല്ലാവരും ചോദിക്കുന്നുണ്ടല്ലോ......എനിക്ക് കുഴപ്പമില്ല..എന്റെ എത്ര ചിത്രം വേണമെങ്കിലും ഇട്ടോ.

  ReplyDelete
 17. യാത്ര വിവരണങ്ങള്‍ കലക്കുന്നുണ്ട്.
  ഫോട്ടോ കൂടുതല്‍ ഇടണം

  ReplyDelete
 18. സഖാവെ,
  “പുതയ്ക്കാന്‍ നല്ല കമ്പളിപുതപ്പോ, രാവിലെ അല്പം ചൂടുവെള്ളമോ കിട്ടിയില്ലെങ്കില്‍?” സാബു സംശയം പ്രകടിപ്പിച്ചു.
  സാബുവിനും തണുപ്പോ!!!!!! ?
  സ്നേഹത്തോടെ

  ReplyDelete
 19. കദളീവനങ്ങള്‍ക്കരികിലല്ലേ അച്ചായാ ആ.. കടത്തനാടന്‍ കളരി. അവിടെനിന്നും സൌഗന്ധികപ്പൂവ് ഇറുത്തെടുത്തോ? പണ്ടായിരുന്നുവെങ്കില്‍ ഒരുകുട്ട നിറയെ വേണ്ടിവന്നേനെ അല്ലേ?

  ReplyDelete
 20. ലളിതമായ ശൈലിയിലുള്ള വിവരണം ഒന്നിനൊന്ന് മെച്ചമാവുന്നുണ്ട്.....

  അച്ചായോ....ആദിശങ്കരൻ ആളൊരു പുലിയായിരുന്നു...ബുദ്ധജൈന മതക്കാരെ തിരഞ്ഞുപിടിച്ച് ശൂലത്തിൽ തറച്ച് അദ്വൈതം സ്ഥാപിച്ച ആളാ...:):):):)

  അപ്പുമാഷിന്റെ പ്രതിഷേധത്തിൽ ഞാനും പങ്ക് ചേരുന്നു..:):):)

  ReplyDelete
 21. എല്ലാവരേയും പോലെ ഞാനും ശക്തമായി പ്രതിഷേധിക്കുന്നു...!!

  ഏതാനും കിലോമീറ്റർ വിസ്തൃതിയുള്ള ആ ‘പൂക്കളുടെ താഴ്വരയിൽ‘ നിന്ന് ഈ ഇമ്മിണിക്കുഞ്ഞു ഫോട്ടൊ എങ്ങനെ കിട്ടി.....!!?

  എഴുത്ത് നന്നാവുന്നുണ്ട്..
  തുടരുക....
  ആശംസകൾ....

  ReplyDelete
 22. സജി ഒരു ഒന്നാന്തരം യാത്രാവിവരണം ശരിക്കും പറഞ്ഞാല്‍ വളരെ അടുക്കും ചിട്ടയോടും കൂടി എഴുതിയിരിക്കുന്നു .“ഹോ ! ഹിന്ദി ആയിരുന്നു ഇതിലും ഭേദം!!” സജിയുടെ എഴുത്തിന്റെ പ്രത്യേകത ഭൂതകാലവും വര്‍ത്തമാനകാലവും ഊടും പാവും പോലെ ചേര്‍ത്തുള്ള എഴുത്താണ്..
  2500 വര്‍ഷം ഒരു 'ആല്‍മരം' ജീവിക്കുമോ എന്ന് ഇനി സംശയം ചോദിക്കാന്‍ പറ്റില്ലല്ലോ . സാധാരണ യാത്രാവിവരണങ്ങള്‍ കുറെ വായിക്കുമ്പോള്‍ മടുക്കും പക്ഷെ സജിയുടെ ഹിമാലയന്‍ യാത്ര അതിമനോഹരമായിരിക്കുന്നു. എനിക്ക് നന്നായി കുശുമ്പ് തോന്നുന്നു. ഒരു പെണ്ണായി പോയതില്‍ അതീഭയങ്കരമായ നിരാശയും :( അല്ലങ്കില്‍ ഞാനും പോയെനെ .. ഇനി ഒരു ജന്മമുണ്ടെങ്കില്‍ അന്നു ഞാനും ഹിമായത്തില്‍ പോയിട്ട് ഇതിന്റെ അച്ഛന്‍ പോസ്റ്റ് ഇടും ഒന്നാന്തരം ഫോട്ടൊ സഹിതം ...(ഓരോ ആഗ്രഹങ്ങളെ ആല്ല അഗ്രഹിക്കാന്‍ ഇപ്പോ കപ്പം കൊടുക്കണ്ടല്ലോ).

  ReplyDelete
 23. പഴയ പോസ്റ്റ് വായിക്കാനായില്ല-പിന്നീടൊരിക്കലാകാം-നന്നായി എഴുതുന്നു.

  ReplyDelete
 24. കൊതിപ്പിക്കുന്ന വർണനകൾ...

  എനിക്കും അസൂയ പെരുക്കുന്നു!

  ReplyDelete
 25. ആദിശങ്കരനെ ‘മുതല പിടിച്ച’ കഥ മാത്രമേ എനിക്കറിയൂ. പിന്നുള്ള കാര്യങ്ങളെപ്പറ്റിയൊന്നും കാര്യായിട്ട് അറിയില്ല. ചുമ്മാതല്ല നിരക്ഷരനായിപ്പോയത്. ഇതിപ്പോ ശങ്കരാചാര്യരുടെ കാര്യങ്ങള്‍ ഒരുപാട് മനസ്സിലാക്കിത്തന്നിരിക്കുന്നു.

  മറ്റ് ഭാഗങ്ങള്‍ പോലെതന്നെ ഈ പോസ്റ്റും ഒരുപാട് വിജ്ഞാനം പകര്‍ന്നു.

  വാലി ഓഫ് ഫ്രവേഴ്സ് ശരിക്കും മോഹിപ്പിക്കുന്നു. അത് കാണാന്‍ മാത്രമായിട്ടെങ്കിലും ആ വഴിക്കൊന്ന് പോയേ പറ്റൂന്ന് ആഗ്രഹം തലപൊക്കാനും തുടങ്ങിയിരിക്കുന്നു.

  ReplyDelete
 26. നന്നായിടുണ്ട് ഈ വിവരണങ്ങള്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts