ഹിമാലയ യാത്ര - PART 8

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5
ഹിമാലയ യാത്ര - PART 6
ഹിമാലയ യാത്ര - PART 7

സജി മാര്‍ക്കോസ്
ദേവപ്രയാഗില്‍ നിന്നും 33 കി. മി. ദൂരെ അളകനന്ദയുടെ കരയിലുള്ള കൊച്ചു ഗ്രാമമാണ് ശ്രീനഗര്‍. കുറച്ചു കടകളും ഒന്നു രണ്ടു റെസ്റ്റാറന്റുകളും മാത്രം.

മറ്റേതൊരു ഹിമാലയ ഗ്രാമവുമെന്നപോലെതന്നെ, ശ്രീനഗറിലും ഒട്ടനവധി പുരാതന ക്ഷേത്രങ്ങളും അതിനെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യ കഥകളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത്, കമലേശ്വര്‍ ക്ഷേത്രവും അതിനെപറ്റിയുള്ള ഐതിഹ്യവും തന്നെ.

പരമശിവനു കമലേശ്വര്‍ എന്ന പേരില്‍ വിരലില്‍ എണ്ണാവുന്ന ക്ഷേത്രങ്ങളേ നിലവിലുള്ളൂ. ശ്രീനഗറിന്റെ മനോഹാരിത കണ്ട് വിഷ്ണു ഭഗവാന്‍ ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചു. അടിവാരത്തില്‍ ശാന്തമായി ഒഴുകുന്ന അളകനന്ദാനദി. കരയിലെ പച്ച പുതച്ച അനവധി മലകള്‍, മലഞ്ചെരുവിലെ ഇടതൂര്‍ന്ന വനങ്ങള്‍, നല്ല കുളിരുള്ള കാലാവസ്ഥ, എല്ലാം കണ്ടു മനം കുളിര്‍ത്ത വിഷ്ണു, പര്‍മേശരനു ഭക്തി പുരസരം ആയിരം താമരപ്പൂക്കള്‍ നിവേദിക്കുവാന്‍ ആഗ്രഹിച്ചു. താമരപ്പൂക്കള്‍ ശേഖരിച്ച് വച്ചിട്ട് വിഷ്ണു, കണ്ണുകളടച്ചു പ്രാര്‍ത്ഥന ആരംഭിച്ചു. ഇതറിഞ്ഞ പരമ ശിവന്‍, ഒളിച്ചു വന്ന് താമരപ്പൂക്കളില്‍ ഒരെണ്ണം എടുത്തു മാറ്റി വച്ചു. പ്രാര്‍ത്ഥനകഴിഞ്ഞു കണ്ണുതുറന്ന വിഷ്ണു, താമരപ്പൂക്കളില്‍ ഒരെണ്ണം കുറവുള്ളത് മനസിലാക്കി. നിശ്ചയിച്ചതില്‍ നിന്നും ഒരെണ്ണം കുറവായാല്‍ അതു പരമേശ്വരനോടുള്ള നിന്ദയാകുമല്ലോ എന്നോര്‍ത്തു വിഷ്ണു അത്യധികം ദുഃഖിതനായിത്തീര്‍ന്നു. അവസാനം ഒരു വഴി കണ്ടു പിടിച്ചു. അതി സുന്ദരനായ വിഷ്ണു ഭഗവാന്‍ തന്റെ കണ്ണുകളെ താമരയല്ലിയോട് ഉപമിക്കാറുള്ളത് ഓര്‍ത്തു. ആയിരം താമരപ്പൂക്കള്‍ തികച്ചു നേദിക്കുവാന്‍സ്വന്തം കണ്ണുകളില്‍ ഒന്ന് ചൂഴ്ന്നെടുത്ത് പരമേശ്വരനു നല്‍കുവാന്‍ തുനിഞ്ഞു. ഖഡ്ഗം കൈയ്യില്‍ എടുത്തപ്പോഴേക്കും ഒളിപ്പിച്ചു വച്ച താമരപ്പൂവുമായി പുഞ്ചിരിച്ചു കൊണ്ട് ശിവന്‍ പ്രത്യക്ഷപ്പെട്ടു. സംഹാര മൂര്‍ത്തിയെങ്കിലും ഭക്തവത്സലനായ ശിവന്‍ വിഷ്ണുവില്‍ സം‌പ്രീതനായിത്തീര്‍ന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായില്‍ ശ്രീനഗറില്‍ ഒരു ക്ഷേത്രം പണിയുകയും, അതിലെ ശിവ പ്രതിക്ഷ്ഠയ്ക്ക് കമലേശ്വര്‍ എന്നു അറിയപ്പെടുകയും ചെയ്യുന്നു.
കമലേശ്വര്‍ ക്ഷേത്രം

ശ്രീ നഗറില്‍ നിന്നും മുന്‍പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയര‍ങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നിക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.

ചാര്‍ധാമില്‍ ഒന്നായ കേദാര്‍ നാഥിലെ ചാറബാറി ഹിമാനിയില്‍ നിന്നും ആരംഭിക്കുന്ന മന്ദാകിനി നദിയും അളകനന്ദാ നദിയും തമ്മില്‍ സംഗമ സ്ഥാനമായിരുന്നു രുദ്രപ്രയാഗ് . സമുദ്ര നിരപ്പില്‍ നിന്നും ഉദ്ദേശം 3000 അടി ഉയത്തിള്ള കൊച്ചു പട്ടണം ശ്രീ നഗരില്‍ നിന്നും 36 കി മി.ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

നദീസംഗമ സ്ഥാനം കാണുവാന്‍ ഇവിടെയും താഴേക്ക് പടികള്‍ പണിത് കൈവരികളും തീര്‍ത്തിരിക്കുന്നു എങ്കിലും , ദേവപ്രയാഗിന്റെ അത്രക്കും നല്ല സംവിധാനം അല്ലായിരുന്നു.

ശിവന്റെ(രുദ്ര) നാമധേയവുമായീബന്ധപ്പെട്ട ഈ പട്ടണത്തിലെ പ്രധാനപ്പെട്ട ക്ഷേത്രവും രുദ്രനാഥ ക്ഷേത്രം തന്നെ. പണ്ട് നാരദമുനി ഇവിടെ തപസ്സ് അനുഷ്ടിച്ചിരുന്നതായി പുരാണങ്ങള്‍ പറയുന്നു. നാരദന്റെ തപസ്സില്‍ തൃപ്തനായ ശിവന്‍ പ്രത്യക്ഷപ്പെടുക്കയും (രുദ്ര അവതാരം)പരമശിവന്‍ നേരിട്ടു സംഗീതം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം ഇന്നു നാരദന്റെ ചിത്രങ്ങളില്‍ എല്ലാം കാണാറുള്ള വീണ ഇവിടെ വച്ച് ശിവന്‍ നാരദനു നല്‍കിയത്.

കേദാര്‍ നാഥിലേക്കും ബദരി നാഥിലേക്കും പോകുന്ന വഴികള്‍ തമ്മില്‍ തിരിയുന്നത് ഇവിടെ നിന്നും ആണെന്നതാണ് രുദ്രപ്രയാഗിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം

ഇവിടെ നിന്നും 77 കി.മി. യാത്ര ചെയ്താല്‍ കേദാര്‍ നാഥില്‍ എത്തും. അഗസ്ത്യമുനി, ഗുപ്തകാശി,സോനപ്രയാഗ് എന്നിവയാണ് കേദാര്‍നാഥിനു മുന്‍പുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍

രുദ്രപ്രയാഗില്‍ നിന്നും 32 കിമി ദൂരെയുള്ള പഞ്ചപ്രയാഗില്‍ മൂന്നാമത്തേതായ കര്‍‌ണ്ണപ്രയാഗ് ആയിരുന്നു അടുത്ത സ്ഥലം. കര്‍ണ്ണപ്രയാഗില്‍ എത്തിയപ്പോഴേക്കും 2 മണിയോടടുത്തു. വഴിക്കു വച്ച് ഓറഞ്ചും പഴവര്‍ഗ്ഗങ്ങളും കഴിച്ചു കൊണ്ടിരുന്നുവെങ്കിലും, വിശന്നു തുടങ്ങി.

ആഹാരം കഴിക്കാന്‍ പറ്റിയ ഹോട്ടല്‍ കര്‍ണ്ണപ്രയാഗില്‍ ഉണ്ടാവും എന്നു വിചാരിച്ച് രുദ്രപ്രയാഗില്‍ നിന്നും മുന്‍പോട്ടു പോന്നതു അബദ്ധമായി. ബദരീനാഥിനുള്ള വഴി പട്ടണത്തിന്റെ നടുവിലൂടെയല്ലാതിരുന്നതുകൊണ്ട് കടകള്‍ ഒന്നും കണ്ടെത്താനായില്ല.

എം. ടിയുടെ ‘മഞ്ഞി‘ന്റെ പശ്ചാത്തലമൊരുക്കിയ കുമയൂണ്‍ മലമുകകളിലെ പിണ്ഡരി ഹിമാനിയില്‍ നിന്നും ഉല്‍ഭവിക്കുന്ന പിണ്ഡര്‍നദിയും അളകനന്ദയും തമ്മിലുള്ള സംഗസ്ഥാനമാണ് കര്‍ണ്ണപ്രയാഗ്. മഞ്ഞു മലകളിലെ വന്‍ ഹിമപാളികള്‍ നദിപോലെ ഒഴുകി വരുന്നതിനെയാണ്‍ ഹിമാനികള്‍ എന്നു പറയുന്നത്. എല്ലാ ഹിമാലയ നദികളുടേയും ഉത്ഭവം ഇപ്രകാരമാണ്. ഒഴുകി താഴവരയിലെത്തുമ്പോഴേയ്ക്കും മഞ്ഞു ഉരുകി ജലമാവുകയും ചലന ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. എങ്കിലും വലിയ മഞ്ഞു കട്ടകള്‍ നദിയിലൂടെ ഒഴുകി വരും. ഈ കൂറ്റന്‍ ഹിമപാളികള്‍ ചൂടില്‍ അലിയുന്നതു കൊണ്ടാണ്, വേനല്‍ക്കാലത്തു ഹിമാനിയില്‍ നിന്നും ആരംഭിക്കുന്ന നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. വന്‍ പര്‍വ്വതങ്ങളില്‍ മാത്രമല്ല, ധ്രുവ പ്രദേശങ്ങളിലെ ജല പ്രവാഹങ്ങളുടെ ഉത്ഭവവും ഹിമാനികളില്‍ നിന്നും തന്നെയാണ്.
ധ്രുവപ്രദേശത്തെ ഒരു ഹിമാനി

മഹാധൈര്യ ശാലിയും, ദാനശീലനുമായ മഹാഭാരത കഥയിലെ കര്‍ണ്ണന്റെ പേരിലാണ് കര്‍ണ്ണ ‍പ്രയാഗിനെപറ്റിയുള്ള ഐതീഹ്യകഥകള്‍ മിക്കതും. ചെന്നെത്തിയ സ്ഥലങ്ങളില്‍നിന്നെല്ലാം, ശാപം ഏറ്റു വാങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാനായ ഒരു ദുരന്തകഥാപത്രമായിരുന്നു കര്‍ണ്ണന്‍.

പിതാവായ സൂര്യനെപ്പോലെ സുന്ദരനായി ജനിച്ചുവെങ്കിലും, മാതാവിന്റെ വിവാഹ പൂര്‍വ്വബന്ധത്തിലെ കുട്ടിയായതുകൊണ്ട് കര്‍ണ്ണന് മാതൃസ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞില്ല. സൂതപുത്രനായി വളര്‍ന്നതുകൊണ്ട്, ദ്രോണാചാര്യന്‍ ശിഷ്യനുമാക്കിയില്ല. അവസാനം, ദ്രോണരുടെ ഗുരുവായ സാക്ഷാല്‍ പരശുരാമന്റെ ശിഷ്യനാകുവാന്‍ ബ്രാഹ്മണ വേഷം കെട്ടിയെങ്കിലും, സര്‍വ്വ വിദ്യയും പഠിച്ചു കഴിഞ്ഞപ്പോള്‍, ഗുരു ശാപം ഏല്കേണ്ടി വന്ന ഹതഭാഗ്യന്‍!. എല്ലാം വിദ്യകളും ദിവ്യായുധങ്ങളും സ്വന്തമാക്കിയെങ്കിലും ആവശ്യസമയത്തു സകലവും മറന്നു പോയ ശക്തിമാന്റെ ചരിത്രം കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ഒരു ദുരന്ത കഥയായി അവസാനിച്ചു. എങ്കിലും, മഹാഭാരതകഥ അറിയുന്ന, ആരുടെ ഹൃദയത്തിലും ഇത്രയേറെ ആഴത്തില്‍ മുറിവുശേഷിപ്പിക്കുന്ന മറ്റൊരു കഥാ പാത്രവും ഇല്ലന്നു പറയാം.

കര്‍ണ്ണപ്രയാഗിന്റെ പിന്നിലെ പുരാണകഥകള്‍ ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു തരുമ്പോള്‍‍ ഇക്കഥകളെല്ലാം മനസിലൂടെ കടന്നു വന്നുകൊണ്ടിരുന്നു. പിതാവായ സൂര്യ ഭഗവാനോട് യുദ്ധത്തില്‍ തകരാത്ത വിശേഷപ്പെട്ട പരിച ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ തപസ്സു ചെയ്തതു കര്‍ണ്ണപ്രയാഗില്‍ വച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു.

മുന്‍പോട്ടുള്ള യാത്രയില്‍ വഴി കൂടുതല്‍ കൂടുതല്‍ ദുര്‍ഘടമായിക്കൊണ്ടിരുന്നു. തണുപ്പും ക്രമാതീതമായി കൂടി വന്നു. യാത്രയുടെ ഏറ്റവും ദുഷ്കരമായ ഘട്ടത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നു ഞങ്ങള്‍ക്കു മനസിലായി.


എന്നാല്‍ ഭയത്തിനും തണുപ്പിനും ഉപരിയായി, അങ്ങു ദൂരെ ദൃശ്യമായ ഹിമവല്‍ ശൃങ്ങങ്ങള്‍ മനസ്സില്‍ ഉന്മേഷവും ഉണര്‍വ്വും നല്‍കി. അനവധി സിനിമകളിലും, ചിത്രങ്ങളിലും മാത്രം കണ്ടപരിചയിച്ച മനോഹര ദൃശ്യങ്ങള്‍ കണ്മുന്‍പില്‍!!


തൂവെള്ള മഞ്ഞില്‍ കുളിച്ച്, ചക്രവാളങ്ങള സീമകളെ ഭേദിച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന ഹിമവാന്‍. ചുറ്റുമുള്ള പര്‍വ്വതങ്ങളിലെല്ലാം മേഖങ്ങള്‍ നിഴല്‍ വീഴ്ത്തി വെളിച്ചമില്ലാതെ മങ്ങിയിരിക്കുമ്പോല്‍‍, ദൂരെ വെള്ളിപോലെ തിളങ്ങുന്ന പര്‍വ്വതാഗ്രങ്ങള്‍. യാത്ര കുത്തനെ ഉയര്‍ത്തിലേക്കു ആയിരുന്നു. ഏതാണ്ട് 22 കി മി താണ്ടിയപ്പോള്‍ പഞ്ചപ്രയാഗില്‍ നാലാമത്തെ സ്ഥലത്തു എത്തിച്ചേര്‍ന്നു. അളകനന്ദയും മന്ദാകിനിയും തമ്മില്‍ചേരുന്ന നന്ദപ്രയാഗ്.

തണുപ്പു കാലമായിരുന്നനാല്‍ രണ്ടു നദികളിലും വള്ളം കുറവായിരുനു. കാര്യമായ പട്ടണമോ കടകളോ കാണാന്‍ കഴിഞ്ഞില്ല. ആരോടോ വാശി തീര്‍ക്കും പോലെ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി ഓടിച്ച് കൊണ്ടേയിരുന്നു. ഞങ്ങള്‍ വിശക്കുന്നു എന്നു പലപ്രാവശ്യം പറഞ്ഞിട്ടു, അയാള്‍ ഒരിടത്തും നിര്‍ത്തിയില്ല. പറ്റിയ സ്ഥലമൊന്നും ഞങ്ങള്‍ക്കും കണ്ടെത്താനായില്ല.

ഓറഞ്ചിന്റെ സഞ്ചി വീണ്ടും എടുത്തു. ആദ്യം ഒഴിവാക്കിയവ പലതും എടുത്തു പൊളിച്ചു തിന്നുവാന്‍ തുടങ്ങി. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഒറഞ്ചിനും ഐസുകട്ടയുടെ തണുപ്പ്. എല്ലാവരും തൊപ്പിയെടുത്തു ധരിച്ചു. നന്ദപ്രയാഗില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ചാമോലി എന്ന പട്ടണത്തില്‍ എത്തി. തെറ്റില്ലാത്ത ഒരു കൊച്ചു പട്ടണം. എല്ലാവരും വിശന്നു തളര്‍ന്നിരുന്നു. ഭേദപ്പെട്ട ഒരു ഹോട്ടല്‍കണ്ടെത്തി. പക്ഷേ, ആലു പൊറോട്ടയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. മറ്റുവഴികളൊന്നും ഇല്ലാതിരുന്നതുകൊണ്ട്, ആലുപൊറോട്ടയും അച്ചാറും കഴിച്ച് യാത്ര തുടര്‍ന്നു, രാത്രിയ്ക്കു മുന്‍പ് ജോഷിമഠില്‍ ചെന്ന് എത്തണം. അതിനു ഇനി 51 കി മി കൂടിയുണ്ട്. ഒന്നു മയങ്ങിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ ഭയം മൂലം ഉറങ്ങുവാന്‍ കഴിയുന്നില്ല. പലസ്ഥലത്തും റോഡിനു വീതി കുറവായിരുന്നത്തുകൊണ്ട്, ഒരു ദിശയിലേക്കു പോകുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടും. മറുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍, കുറെ സമയം അവിടുന്നുള്ള വണ്ടികളെ തടഞ്ഞു വയ്ക്കും. പ്രധനമായും പട്ടാള ട്രക്കുകകളായിരുന്നു റോഡില്‍ ഉണ്ടായിരുന്നത്. ബസ്സുകളോ, വാനുകളോ കാണാനേയില്ലായിരുന്നു. ഇരുള്‍ വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ജോഷി മഠില്‍ എത്തി.

വാഹനം പാര്‍ക്കു ചെയ്തിട്ട് ഒട്ടും സമയം പാഴാക്കാതെ ഞങ്ങള്‍ ജഗത്ഗുരു ആദിശങ്കരന്‍ സ്ഥാപിച്ച ആശ്രമത്തിലേക്കുള്ള പടികള്‍ കയറി.

തുടരും..

(ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും എടുത്തവയാണ്)

24 Responses to "ഹിമാലയ യാത്ര - PART 8"

 1. This is a wonderful joyrney....
  U r very lucky....:)

  ReplyDelete
 2. വിനീത്, പൌര്‍ണ്ണമി - വളരെ നന്ദി.

  ഈ പാര്‍ട്ടില്‍ ഐതിഹ്യ കഥകള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയ്യിട്ടുണ്ട്.

  ReplyDelete
 3. യാത്രാവിവരണങ്ങള്‍ ചിത്രങ്ങള്‍ ഒക്കെ നല്ലത്

  ReplyDelete
 4. ചുരുക്കത്തില്‍ സ്വാമി സര്‍വ്വജ്ഞപീഡ്ഡം കയറാറായി !

  ReplyDelete
 5. അച്ചായോ ഇത്തരം യാത്രകളില്‍‌,മനസ്സിനും ശരീരത്തിനും ചൂടുകിട്ടുന്ന ചില മരുന്നുകളുണ്ട്.ആരും പറഞ്ഞുതന്നില്ലേ..?
  ഇവിടിരുന്നു കാണാനുള്ള യോഗമെയുള്ളുവെന്ന് സമാധാനിക്കുന്നു.

  ReplyDelete
 6. യാത്രയുടെ സാഹസികതയും കാഠിന്യവും പിന്നിട്ട ദുഷ്കരമായ വഴികളിലെ അനുഭവവും വരികളിലൂടെയും ചിത്രങ്ങളിലൂടെയും മനോഹരമായി ഈ ലക്കം പകര്‍ന്നു തരുന്നു. വാക്കുകള്‍ ഞങ്ങളെ പര്‍വതശൃംഗങ്ങളിലേക്കെത്തിക്കുന്നു,ഒപ്പം കൂട്ടുന്നു.
  ആരും ഇതുവരെ പറഞ്ഞില്ലെങ്കിലും ഒന്നുണ്ട്,ഈ യാത്രാവിവരണം ശ്രദ്ധേയമാവുന്നത് ഒരുപക്ഷേ ഒരച്ചായന്‍ എഴുതുന്നതുകൂടെക്കൊണ്ടാണ്. അടുത്തതിനായി കാത്തിരിക്കുന്നു..

  ReplyDelete
 7. സജിച്ചായാ ഈ ഭാഗവും വളരെ നന്നായി. യാത്രാവിവരണത്തോടൊപ്പം ഓരോ സ്ഥലത്തെപറ്റിയുള്ള ഐതിഹ്യങ്ങളും വായിക്കാനാവുന്നത് ഭാഗ്യംതന്നെ. ഇതിന്റെയെല്ലാം പിന്നിലുള്ള അദ്ധ്വാനം എത്രയുണ്ടെന്ന് പറയാതെ അറിയാം. അഭിനന്ദനങ്ങൾ, ആശംസകൾ. നമുക്കിതൊരു പുസ്തകമാക്കണം.

  ReplyDelete
 8. അച്ചായാ. പലപ്പോഴും വൈകിയാണെങ്കിലും മുടങ്ങാതെ വായിക്കുന്നുണ്ട്. അസൂയയും കുശുമ്പും കൊടികുത്തിവാഴുന്ന എന്റെ ഈ മനസ്സ്/വിരലില്‍ നിന്ന് കമന്റെഴുതാന്‍ പറ്റുന്നില്ല എന്നതാണ് സത്യം :) :)

  ReplyDelete
 9. നാട്ടുകാരന്‍, സുനില്‍, - നന്ദി..

  ചാര്‍വ്വാകന്‍ ചേട്ടോ - മരുന്ന് അറിയാഞ്ഞിട്ടല്ല! മരുന്നു ഓവര്‍ലോഡ് അടിച്ചു ഫ്യൂസ് പോയി. ഇപ്പോള്‍, ഒന്നും ഇല്ല. തണുപ്പ് സഹിക്കുക തന്നെ!

  ഷിനു - ഹ ഹ , അത് ഒരൊന്നര കമെന്റ് ആണല്ലോ!

  കൊട്ടോടീ- ചാര്‍വ്വാകന്‍ ചേട്ടന്‍ പറയുന്നതു കേട്ടല്ലോ അല്ലേ?

  അപ്പൂ,- ഹിമാലയ യാത്രയേപറ്റിയുള്ള പുസ്തങ്ങള്‍ കൂട്ടിയിട്ടാല്‍; ഹിമലയത്തേക്കാള്‍ ഉയരത്തിലെത്തും. ഒന്നു കൂടി വേണോ?

  നന്ദന്‍ - വണ്ടിയെടുക്ക്.. ചലോ ഹിമാലയ!

  ReplyDelete
 10. കൂടുതൽ ചിത്രങ്ങളും പുരാണ ചരിത്രവും ഉൾപ്പെടുത്തിയ ഈ ഭാഗവും ഉഗ്രൻ.....

  പക്ഷേ, ആലു പൊറോട്ടയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. മറ്റുവഴികളൊന്നും ഇല്ലാതിരുന്നതുകൊണ്ട്, ആലുപൊറോട്ടയും അച്ചാറും കഴിച്ച് യാത്ര തുടര്‍ന്നു,..

  ഈശ്വരാ... അത്ര മോശം സാധനമൊന്നുമല്ലല്ലോ സജീ ഈ ആലുപൊറോട്ടയും അച്ചാറും.. ഉഗ്രൻ ഗോമ്പിനേഷനല്ലേ....

  ReplyDelete
 11. സഖാവെ,
  കിടിലന്‍ ചിത്രങ്ങള്‍ !!!!!
  ഷിനു വിന്റെ അഭിപ്രായം "ക്ഷ" പിടിച്ചു.
  സ്നേഹത്തോടെ

  ReplyDelete
 12. അച്ചാ‍യാ..
  അസൂയയുടെ അളവ് കൂടി വരുന്നു. എഴുതീതു വായിച്ചും പടങ്ങള്‍ കണ്ടും തന്നെ പേടിച്ച് ഐസ് ആയി. അതുകൊണ്ട് പോകാന്‍ വല്ലാത്ത ആഗ്രഹം ഉണ്ടെങ്കിലും നടപ്പാകും എന്നു തോന്നണില്ല. അവിടെ എത്തുമ്പോഴേക്കും പേടിച്ചു ചത്തുപോയിട്ടൂണ്ടാകും. അത്രയ്ക്ക് ധൈര്യവതിയാണേ..

  ReplyDelete
 13. ellam nerittu kandapole undu ..blog vayichapol .valare nallathayittunudu..GOOD WORK

  ReplyDelete
 14. അച്ചായോ....നാട്ടുകാരൻ പറഞ്ഞത് കേട്ടില്ലെ......
  സർവ്വജ്ഞപീഠം കയറിയതും ഇങ്ങ് പോരട്ടെ...

  ബാക്കി വായിക്കാൻ ത്രില്ലടിച്ചിരിക്ക്യാണ്....

  വള്ളിപുള്ളികുത്ത്കോമാ തെറ്റാതെ വേഗം പറയൂ....:):)

  ReplyDelete
 15. പൊറാടത്ത്,
  പല ദിവസമായപ്പോഴേക്കും ആലു പൊറോട്ട മടുത്തു. ഇച്ചീരെ ചോരും മോരും- അതായിരുന്നു വേണ്ടത്!
  മനേഷ്,
  മനേഷ്,
  എനിക്കും പിടിച്ചു.
  കിച്ചു,
  എന്തായാലും, ആഗ്രഹം നടക്കുമെന്നു തോന്നുന്നില്ല. ധൈര്യക്കൂടുതല്‍ തന്നെ കാരണം.

  സിയ, ഉമേഷ്.- നന്ദി.

  ചാണക്യ, രണ്ടു ഭാഗം, ഏറിയാല്‍ മൂന്നു. അത്രയേ കരുതിയിരുന്നുള്ളൂ.
  എന്തായാലും ഇനി മുഴുവന്‍ എഴുതാന്‍ തന്നെ തീരുമാനിച്ചു.

  ReplyDelete
 16. കര്‍ണ്ണ‍പ്രയാഗിനെപറ്റിയുള്ള ഐതീഹ്യങ്ങൾ ശ്രദ്ധേയമായി. വെറുമൊരു യാത്രവിവരണം എന്നതിനെ മറികടക്കുന്നു ഈ കുറിപ്പുകൾ..
  ഷിനുവിന്റെ കമന്റാണ് കലക്കൻ.. എന്തായാലും അച്ചായോ പെട്ടെന്ന്‌ ഈ പരിപാടി തീർക്കരുത്..
  എല്ലാ ആശംസകളും...

  ReplyDelete
 17. സജി അച്ചായാ....പത്തു ദിവസം പനി പിടിച്ചു നാട്ടില്‍ കിടപ്പായി പോയി ..തിരികെ വന്നപോ ആദ്യം ചെയ്തെ ഇവിടെ വന്നു വിട്ടു പോയ രണ്ടു പോസ്റ്റുകള് വായിക്കുകയായിരുന്നു...
  എപ്പോഴത്തെയും പോലെ...ഇതും ഹൃദ്യം...
  ആശംസകള്‍ .

  ReplyDelete
 18. വിട്ടു പോയ എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്.
  വളരെ നല്ല ഒരനുഭവമാണ് താങ്കളുടെ ഈ വിവരണം.ഹിമാലയവും കൈലാസവുമെല്ലാം ചെറുപ്പം മുതലേ മനസ്സില്‍ പതിഞ്ഞു പോയതുകൊണ്ടാവും...
  തുടരട്ടെ...ആശംസകള്‍.

  ReplyDelete
 19. ദൈവമേ സജിച്ചായന്റെ ഓർമ്മ കൂടുതൽ ഷാർപ്പാകണമേ...

  ഈ ഷാർപ്പനസ്സ് അത് ബൂലോഗർക്ക് ഭാഗ്യമായി..!

  മറ്റു ലക്കങ്ങളിലിൽ നിന്നും വ്യത്യസ്ഥമായി ഈ ലക്കത്തിൽ കളിയും ചിരിയുമില്ലാതെ, സ്നേഹനിധിയായ ഒരച്ഛൻ തന്റെ മക്കളോട് തന്റെ വാത്സല്യം പുറത്തുകാണിക്കാതെ സീരിയസായി ഇടപെഴുകുന്നതുപോലെയായി ഈ ലക്കത്തെ യാത്രാ വിവരണം..!

  ReplyDelete
 20. ഹിമാലയ യാത്ര തുടര്‍ന്ന് വായിക്കാന്‍ ഇപ്പോഴാണ് തരായത്. ഒറ്റയടിക്ക് അവസാനഭാഗം വരെ വായിച്ചു. ഇനി കമന്റുകള്‍...

  ഞാനാകെ തരിച്ചിരിക്കുകയാണ്. പൂജയ്ക്ക് വെച്ചിരുന്ന താമരപ്പൂ പരമശിവന്‍ ഒളിപ്പിച്ച് വെച്ച പുരാണമൊക്കെ കേള്‍ക്കുന്നത് തന്നെ ആദ്യായിട്ടാണ്.

  സാഹസികമായി വിശപ്പും തണുപ്പും സഹിച്ചുള്ള ഈ യാത്ര ശരിക്കും പിടിച്ചിരുത്തുന്നു. നന്ദി.

  ReplyDelete
 21. വിവരണങ്ങളും ചിത്രങ്ങളും മനോഹരം ...............

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts