അരുണ്‍ ഡോക്ടറായിന്നലെ ഒരു പണിയുമില്ലാതെ പല്ലും കുത്തി നിന്നപ്പോഴാ ആ ഫോണ്‍ വന്നത്..

നമ്പര്‍ നോക്കി, ഐസക്കാ.
"എന്തടാ ഐസക്കേ രാവിലെ?"
"അരുണേ, നീ 'സ്റ്റെം സെല്‍' എന്ന് കേട്ടിട്ടുണ്ടോ?" അവന്‍റെ മറുചോദ്യം.
കായംകുളം സ്വദേശിയായ എനിക്ക് ഏറ്റവും അടുത്ത ജയില്‍ പൂജപ്പുരയാ.അവിടെ തൂക്കിക്കൊല്ലുന്നവര്‍ക്ക് ഒരു സെല്‍, ജീവപര്യന്തംകാര്‍ക്ക് മറ്റൊരു സെല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ആ സെല്ലിന്‍റെ പേരൊന്നും പിടിയുമില്ല.അതിനാല്‍ തന്നെ ഞാനെന്‍റെ നിരപരാധിത്വം വ്യക്തമാക്കി:
"ഇല്ലളിയാ, കേട്ടിട്ടില്ല"
"എന്നാ ഞാനൊരു ലിങ്ക് അയച്ച് തരാം, നീ കേറി നോക്ക്"

പറഞ്ഞ പോലെ അവന്‍ ലിങ്ക് അയച്ചു തന്നു, അതും വളരെ പരിചയമുള്ള ബ്ലോഗിന്‍റെ ലിങ്ക്.എന്‍റെ കൂട്ടുകാരനും, എന്നെ പോലെ അരുണ്‍ എന്ന പേര്‌ ലഭിക്കാന്‍ ഭാഗ്യം ചെയ്തവനും, ബൂലോകത്ത് കണ്ണനുണ്ണി എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്നവനുമായ ഒരു ഹരിപ്പാട്ടുകാരന്‍റെ ബ്ലോഗ്, അതിന്‍റെ പേരാണ്‌ വര്‍ഷഗീതം.

മലയാള സിനിമയിലെ പുതുമുഖം, സൂപ്പര്‍സ്റ്റാര്‍ ലാലേട്ടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ പോയാ, അത് അവന്‍റെ വിഡ്ഡിത്തം.അതേ പോലെ കൊടകരപുരാണം ബൂലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ തുനിഞ്ഞ് ഇറങ്ങിയാ, അത് എന്‍റെ വിഡ്ഡിത്തം.ഈ ഒരു ചിന്ത മനസില്‍ ഉള്ളതിനാല്‍ ഒരുവിധം അറിയപ്പെടുന്ന ബ്ലോഗൊന്നും ഞാന്‍ പരിചയപ്പെടുത്താന്‍ തുനിഞ്ഞ് ഇറങ്ങാറില്ല.എന്നാല്‍ ഇന്ന് ഞാന്‍ പതിവ് തെറ്റിക്കുകയാണ്, അതിനു കാരണം കണ്ണനുണ്ണിയുടെ പുതിയ പോസ്റ്റാണ്...

മേല്‍ പറഞ്ഞ പോസ്റ്റിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിനു മുന്നേ കണ്ണനുണ്ണിയെ കുറിച്ചും അവന്‍റെ പോസ്റ്റുകളെ കുറിച്ചും ഒരു വാക്ക്..

ആദ്യം കണ്ണനുണ്ണിയുടെ പ്രൊഫൈല്‍..

"ഒരു തനി ഹരിപ്പാട്ടുകാരന്‍. ഇത്തിരി മണ്ടത്തരം, ഇത്തിരി മടി ഒക്കെ ജന്മനാ കിട്ടിയതൊഴിച്ചാല്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല. ഇപ്പോള്‍ ബാന്ഗ്ലൂരില്‍ ജോലി ചെയ്യുന്നു."

ഇനി എന്‍റെ വാക്കുകള്‍..

"ആളൊരു അധ്വാനിയാ, ജന്മനാ കിട്ടിയ കഴിവുകളെ മാക്സിമം വളര്‍ത്തിയിരിക്കുന്നു.മിക്ക പോസ്റ്റുകളിലും ആ കഴിവുകളുടെ വളര്‍ച്ച നമുക്ക് മനസിലാക്കാം.നൊസ്റ്റാള്‍ജിയ ഇഷ്ടവിഷയമായതിനാല്‍ പ്രൊഫൈലില്‍ അമ്മാതിരി ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്."

മേല്‍ സൂചിപ്പിച്ച വരികള്‍ കണ്ണനുണ്ണിയുടെ സാധാരണ പോസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ്.എന്നാല്‍ പെട്രോള്‍ പമ്പിലെ തട്ടിപ്പ്, കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശ്, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നിങ്ങനെയുള്ള കാര്യപ്രധാനമായ പോസ്റ്റുകളും ആ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റായ 'സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി' ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പോസ്റ്റാണ്.


ആ പോസ്റ്റിനെ കുറിച്ച് രണ്ട് വരി..
(അതും ഞാന്‍ മനസിലാക്കിയത്)

സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' വലിയ ഉറക്ക പ്രിയനാണ്.നമ്മുടെ ശരീരത്തില്‍ ഇവ ഉറങ്ങി കിടക്കുന്നു.ശരീരം കേടായാല്‍ വര്‍ക്ക് ഷോപ്പീന്ന് മെക്കാനിക്ക് വരുന്ന പോലെ ഇവറ്റകള്‍ കേട് പാട് തീര്‍ക്കുന്നു.ഇമ്മാതിരി അത്ഭുതം കാണിക്കുന്ന ഈ സെല്‍ ഇന്‍ജക്റ്റ് ചെയ്ത്, ഹൃദ്രോഗം, ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, പാര്‍ക്കിന്സന്‍സ്, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരെ ചികിത്സിച്ച് ഭേദമാക്കുന്നതാണത്രേ ഈ ചികിത്സാ രീതി.

സത്യം പറയട്ടെ, ഞാന്‍ ആദ്യമായി കേള്‍ക്കുവാ!!

എന്നെ പോലെ കമ്പ്യൂട്ടര്‍ സയന്‍സുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്ണനുണ്ണി, വൈദ്യശാസ്ത്രത്തില്‍ എന്തോ കണ്ട്പിടിച്ചെന്നാ ഞാന്‍ ആദ്യം കരുതിയത്.എന്നാ ആ പോസ്റ്റ് വായിച്ചപ്പോ കഥ മാറി, കണ്ണനുണ്ണിക്ക് ഉള്ള അറിവ് പരിമിതമാണ്.മാത്രമല്ല, ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും പ്രത്യാശ നല്‍കുവാന്‍ ഇതിലൂടെ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ അദ്ദേഹം അത് എഴുതിയത് തന്നെ.

അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ??
അത് തന്നെ!!

കണ്ണനുണ്ണിയുടെ പോസ്റ്റിനെ തുടര്‍ന്ന് ബൂലോകത്ത് പരതിയപ്പോ സമാനമായ പല പോസ്റ്റുകളും കണ്ടു.കണ്ണനുണ്ണിയുടെ പോസ്റ്റില്‍ നിന്ന് ഒരു ഐഡിയ ലഭിച്ചതിനാല്‍ ആ ചികിത്സാരീതിയെ കുറിച്ച് കൂടുതല്‍ പെട്ടന്ന് മനസിലാക്കാനും സാധിച്ചു, അതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.

ബൂലോകരോട് ഒരു അഭ്യര്‍ത്ഥന..

വര്‍ഷഗീതം എന്ന പോസ്റ്റില്‍ വായിച്ചതെല്ലാം ശരിയാണെന്ന് ആധികാരമായി പറയാന്‍ എനിക്ക് അറിയില്ല.എന്നാല്‍ സാധ്യമായ എന്തോ ചികിത്സാ രീതിയാണെന്നും, നമ്മളില്‍ പലരും അതില്‍ അജ്ഞരാണെന്നും എനിക്ക് ഉറപ്പാണ്.അതിനാല്‍ തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോ, അല്ലെങ്കില്‍ 'സ്റ്റെം സെല്‍ ചികിത്സയെ' കുറിച്ച് കൂടുതല്‍ അറിയാവുന്നവരോ ദയവായി പോസ്റ്റുകളിലൂടെയോ കമന്‍റുകളിലൂടെയോ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നാളെ ഒരു കാലത്ത് അത് ആര്‍ക്കെങ്കിലും ഉപകാരപ്രദമായാല്‍ അത് തന്നെ വലിയ കാര്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക...

കണ്ണനുണ്ണിയുടെ പോസ്റ്റ്

വിജ്ഞാനപ്രദമായ വിവരങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്..

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

15 Responses to "അരുണ്‍ ഡോക്ടറായി"

 1. ബൂലോകത്ത് ഈ വിഷയത്തെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്.എങ്കിലും എന്നേ പോലെ അവയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നവര്‍ക്ക് കണ്ണനുണ്ണിയുടെ ഈ ലേഖനം ഉപകരിക്കുമെങ്കില്‍ അത്രയും നല്ലത് എന്ന വിശ്വാസത്തില്‍..
  :)

  ReplyDelete
 2. അരുണ്‍, നന്ദി. ആ ലേഖനമൊന്ന് നോക്കട്ടെ :)

  ReplyDelete
 3. അരുണ്‍ ചേട്ടാ, ആ ലേഖനം ഇന്നലെ കണ്ടിരുന്നു വായിച്ചില്ല.സംഭവം സയന്‍സ് ആണെന്ന് കരുതി ഉപേക്ഷിച്ചതാ, എന്തായാലും ഒന്ന് നോക്കട്ടെ

  ReplyDelete
 4. അങ്ങിനെ കണ്ണനുണ്ണിയും സൂപ്പര്‍ സ്റ്റാര്‍....

  ReplyDelete
 5. നന്ദി. എന്‍റെ പേര്‌ പറഞ്ഞതിനു :)
  ബാക്കി കമന്‍റ്‌ കണ്ണനുണ്ണിയുടെ ബ്ലോഗിലിട്ടു

  ReplyDelete
 6. അണ്ണാന്‍കുഞ്ഞും തന്നാലായത്.ഞാനുമിട്ടു ഒരു പോസ്റ്റ് കണ്ണനുണ്ണിയുടെ ലിങ്ക് കൊടുത്ത്.ഒറ്റ പ്രശ്നം ഇതൊരു ഫിലിം റിവ്യു ആണ്.
  ഒരു മുടിഞ്ഞ റിവ്യു

  ReplyDelete
 7. തള്ളേ..ഇതൊക്കെ യെപ്പം സംഭവിച്ചത്?
  ഞാനൊന്ന് ഉറങിയെണീറ്റപ്പം ഇവിടെ യിത്രയൊക്കെ സംഭവിച്ചാ..??!!

  ReplyDelete
 8. അരുണ്‍,
  ഈ പരിച്ചയപെടുത്തലിനു വളരെ അധികം നന്ദി.
  കൂടുതല്‍ ആളുകളിലേക്ക്‌ ആ ആര്‍ട്ടിക്കിള്‍ എത്താന്‍ തീര്‍ച്ചയായും ഇത് വളരെ സഹായകമാവും.

  ReplyDelete
 9. പ്രിയപ്പെട്ട കണ്ണനുണ്ണിക്ക്,

  ഇവിടെ നന്ദിയുടെ കാര്യം ഉദിക്കുന്നില്ല.വളരെ നല്ല ഒരു ആര്‍ട്ടിക്കളായിരുന്നു അത്.ഈ ആര്‍ട്ടിക്കിള്‍ കാണുന്നവരെ ഇങ്ങനെയുള്ള വിഷയങ്ങള്‍ വൈദ്യശാസ്ത്രവുമായി അടുത്ത ബന്ധമുള്ളവര്‍ക്കോ, അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കോ മാത്രമേ എഴുതാന്‍ കഴിയു എന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു, അത് എന്‍റെ വിവരക്കേട്.

  ഇനി പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനകം ഒരു സയന്‍സ് സംബന്ധമായ ലേഖനത്തിനു അമ്പതിലേറെ കമന്‍റുകള്‍ (അതും ചര്‍ച്ച മൂലമോ, രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം മൂലമോ അല്ലാതെ) ലഭിക്കുക എന്നത് തന്നെ ബൂലോക വാസികള്‍ അത് അത്രക്ക് ഇഷ്ടപ്പെടുന്നു എന്നതിനു ഉദാഹരണമല്ലേ?

  അതിനാല്‍ ഇനിയും എഴുതുക..
  കണ്ണനുണ്ണിയില്‍ നിന്ന് ഇത്തരം പോസ്റ്റുകളും ഇനി വായനക്കാര്‍ പ്രതീക്ഷിക്കും.ചന്ദ്രനില്‍ പോകാതെ ശൂന്യാകാശത്തെ പറ്റി ആര്‍ട്ടിക്കിള്‍ എഴുതിയ മഹാന്‍മാരുള്ള നാടാ, അപ്പോള്‍ പേടി വേണ്ടാ.വായിക്കാന്‍ ലേഖനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.

  ആള്‍ ദി ബെസ്റ്റ്!!
  :)

  സ്നേഹപൂര്‍വ്വം
  അരുണ്‍

  ReplyDelete
 10. വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും, നമ്മുടെ ബൂലോകം ടീമിനും നന്ദി.

  ReplyDelete
 11. “ഉന്തുട്ടാണെങ്കിലും,ഈ കുന്ത്രാണ്ടത്തെ കുറിച്ച്, ഇമ്മിണി അറിയാൻ സാധിച്ചൂട്ടാ‍ാ..
  അല്ല കണ്ണാ..നീ ഡോട്ടറാ അഥാ എഞ്ചിനീറാ ?“

  ഈ പുത്തൻ അറിവുകൾക്ക് നന്ദി..കേട്ടൊ

  ReplyDelete
 12. ഇത്ത്രം ഗവേഷണപരമായ കഴിവുകൾ അംഗീകരിക്കുക തന്നെ വേണം...നന്ദിയും ഒരു കമന്റും അല്ല പിന്നെ( നന്ദി മാത്രമെ ഉള്ളൂ)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts