ഹിമാലയ യാത്ര - PART 6

സജി മാര്‍ക്കോസ്
ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5

സ്ഥലത്തിന്റെ ചരിവു കൊണ്ടാ‍ണ് ഇവിടെ ഇത്രയും കാറ്റും തണുപ്പും” രാവിലത്തെ കാറ്റുടിച്ചു തണുത്തു പള്ളി മുറ്റത്തു നിലക്കുമ്പോള്‍ ഫാദര്‍ ജോര്‍ജ്ജു പറഞ്ഞു. ഞങ്ങളുടെ ബാഗുകള്‍ വണ്ടിയില്‍ കയറ്റിക്കഴിഞ്ഞു.

സമയം രാവിലെ 6 മണി.

ഋഷികേശ് പട്ടണം ഉണര്‍ന്നിട്ടില്ല.നേരിയ മഞ്ഞു പുകപോലെ പട്ടണത്തെ പൊതിഞ്ഞു നില്‍ക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്തിഗാനങ്ങള്‍ കേള്‍ക്കാം. തെരുവു വിള‍ക്കുകള്‍ അണഞ്ഞിട്ടില്ല. ഹിമാലയ പട്ടണങ്ങള്‍ എല്ലാം താമസിച്ചേ ഉണരാറുള്ളൂ.

“ബദരീനാഥ് റൂട്ടിലാണ് നിങ്ങളുടെ യാത്ര അല്ലേ?“ ഫാദര്‍

“അതേ” കൊടും തണുപ്പത്തും കൂളിങ് ഗ്ലാസ്സ് ഊരുവാന്‍ സാബു തയ്യാറല്ലായിരുന്നു.

“ഇന്നു നിങ്ങള്‍ക്ക് 247 കി.മി. യാത്ര ചെയ്യുവാനുണ്ട്.“

“ഇപ്പോള്‍ തിരിച്ചാല്‍ ഇരുട്ട് ആകുമ്പോഴേക്കും ജോഷി മഠില്‍ ചെല്ലാം” ഫാദര്‍ തുടര്‍ന്നു. “ശ്രീ ജങ്കരാചാര്യര്‍ ധ്യാനിച്ച രണ്ടായിരം വര്‍ഷം പഴക്കമുള്ള ആല്‍മരവും അതിനോടു ചേര്‍ന്ന് ആശ്രമവും കാണാം. ബദ്രീനാഥ് യാത്രയിലെ പ്രധാനപ്പെട്ടതും അവസാനത്തെതുമായ പട്ടണം ആണ് ജോഷി മഠ് എന്നു പറയാം. അവിടെ നിന്നും വെറും 43 കി.മി. മാത്രമേ ബദരിയിലേക്ക് ഉള്ളൂ. പക്ഷേ, ശൈത്യകാലത്തു മുന്‍പോട്ടു യാത്ര ചെയ്യുവാന്‍ കഴിയില്ല.ക്ഷേത്രവും പരിസരങ്ങളും മഞ്ഞുമൂടിക്കിടക്കും. അതിനാല്‍ പൂജാദി കര്‍മ്മങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. ജോഷി മഠില്‍ നിന്നും മുന്‍പോട്ടുള്ള റോഡിന്റെ നിയന്ത്രണം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിന്റെ ചുമതലയിലായിരിക്കും.”

“ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അതീവ അപകടസാധ്യതയുള്ള റോഡാണ്. പലയിടത്തും വഴിയിടിഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാവും. മഞ്ഞുകാലമായതിനാല്‍ കാര്യമായി തീര്‍ത്ഥാടകര്‍ രോഡില്‍ ഉണ്ടാവില്ല. അതുകൊണ്ട് വളരെ വേഗത കുറച്ചു മാത്രമേ യാത്ര ചെയ്യാവൂ.”

നല്ല വാര്‍ത്തകള്‍ അല്ലെങ്കിലും, ഇതിനൊന്നും ഞങ്ങളുടെ ആവേശത്തെ കെടുത്തുവാനുനുള്ള ശക്തി പോരായിരുന്നു. അത്യുത്സാഹത്തോടെ, കോട്ടും തോപ്പിയും ധരിച്ചു ഞങ്ങള്‍ യാത്രയ്ക്കു തയ്യാറായി.തലേദിവത്തേ ക്ഷീണമെല്ലാം ഞങ്ങളെ വിട്ടുപോയിരുന്നു.

“കൈസാ ഹൈ ഭായി?“ ഗഡ്വാളി ഡ്രൈവരോട് ബ്രഷ്നേവ് കുശലം ചോദിച്ചു. അത്യാവശ്യം ആശയവിനിമയത്തിനുള്ള ഹിന്ദി ഇതിനകം കൈവശമാക്കി കഴിഞ്ഞു.

ഇന്നും സാബുവിന്റെ കൈയ്യില്‍ ഒരു വലിയ പൊതി ഉണ്ടായിരുന്നു. അതിരാവിലെ ഭാര്യ കൊടുത്തയച്ച ചപ്പാത്തിയും കറിയും.

ഫാദറിന്റെ നല്ലഉപദേശങ്ങള്‍ക്കും, സഹായങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, പ്രിഥ്വിപാല്‍ സദനില്‍ നിന്നും യാത്ര തിരിച്ചു.

ഏതാണ്ട് 10 കി.മി. ദൂരം, കഴിഞ്ഞ ദിവസം റാഫ്റ്റിം‌ഗിനു വേണ്ടി യാത്ര ചെയ്ത അതേ വഴിയില്‍ കൂടിയാണ് പോകേണ്ടത്. രാവിലെ വണ്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ച്, പിന്നിലേക്കു ഓടി മറയുന്ന കാഴ്ചകള്‍ കണ്ട് എല്ലാവരും മൌനമായി ഇരുന്നു.വാഹനത്തിന്റെ വേഗത വളരെക്കുറവായിരുന്നു. ഇടതു വശത്തു താഴെ ഗംഗ ഒഴുകുന്നു. അതിനു അക്കരെയുള്ള പര്‍വ്വതത്തില്‍ ഞങ്ങളുടെ റോഡിനു സമാന്തരമായി നീല്‍കണ്ഠിലേക്കുള്ള റോഡ്.ചുറ്റും ആകാശത്തിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന ഗിരി ശൃംഗങ്ങള്‍. റോഡില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ല. കൊടും തണുപ്പും ദുര്‍ഗ്ഗമമായ മലമ്പാതകളും ഉള്ള ഈ പര്‍വ്വത പ്രദേശത്തെ താപസന്മാര്‍ തിരഞ്ഞെടുക്കാന്‍ എന്തായിരിക്കാം കാരണം? ‘വൃക്ഷഫല മൂല ജലമെന്നിവ ഭുജിച്ചും‘, ശൈലാഗ്രങ്ങളില്‍ മഞ്ഞും വെയിലുമേറ്റ് ഒറ്റക്കാലില്‍ നിന്നും, മരക്കൊമ്പില്‍ തല കീഴായിക്കിടന്നും തപസ്സ് ചെയ്ത, സത്യാന്വേഷികളായ ഒരു കൂട്ടം മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഇവിടെ കഴിഞ്ഞു കൂടിയിട്ടുണ്ടത്രെ!! .

ഞങ്ങള്‍ റാഫ്റ്റിംഗ് തുടങ്ങിയ ശിവപുരിയും പിന്നിട്ടു വണ്ടി മുന്‍പോട്ടു പോയി.

ഋഷികേശില്‍ നിന്നും ഏകദേശം 22 കി.മി. കഴിഞ്ഞപ്പോല്‍ ഇടതു വശത്ത് വസിഷ്ഠ ഗുഹയിലേക്കു പോകുന്ന വഴിയില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. താഴോട്ടു പടവുകള്‍ കെട്ടിയിരിക്കുന്നു. അങ്ങു താഴെ നദിയുടെ തീരത്ത് ഒന്നു രണ്ടു കെട്ടിടങ്ങള്‍. ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴെയെത്തി.

ചെറിയ ഗയിറ്റ് കടന്നപ്പോള്‍ വസിഷ്ഠ ഗുഹാആശ്രമം. അകത്തു കയറിയപ്പോല്‍ തന്നെ അവിടുത്തെ ഒരു അന്തേവാസി, മുന്‍പോട്ടു കൈചൂണ്ടി ഞങ്ങള്‍ ഒന്നും ആവശ്യപ്പെട്ടതേയില്ല.

ചുറ്റും കണ്ണോടിച്ചു. ആശ്രമ വളപ്പില്‍ ഒന്നു രണ്ടു പശുക്കള്‍. രണ്ടാമത്തെ കെട്ടിടത്തിനു മുന്‍പില്‍ ചിലര്‍ ഷാളും പുതച്ച്, വലിയ വിറകു മുട്ടികള്‍ കത്തിച്ചു തീകായുന്നു.

വലിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വച്ചിരിക്കുന്നു.മുറ്റത്തിനു നടുവിള്‍ ഒരു കൂറ്റന്‍ മാവ്. പണ്ടൊരിക്കല്‍ കേരളത്തിലെ ഒരു ആശ്രമത്തില്‍ ചില നാളുകള്‍ കഴിഞ്ഞ ഓര്‍മ്മ മനസ്സില്‍ ഓടിയെത്തി. അത്രയും വൃത്തിയോ, നല്ല അന്തരീക്ഷമോ, ചിട്ടയോ ഇവിടെയില്ല. തണുപ്പിനെ വകവെയ്ക്കാതെ ചില കുട്ടികള്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ആരും നല്ല വസ്ത്രം ധരിച്ചിട്ടില്ല. ചുറ്റും മരങ്ങളും ചെടികളും വളര്‍ന്ന് നില്‍ക്കുന്നു.

ആശ്രമ വളപ്പില്‍ നിന്നും ഗംഗ

പിന്നില്‍ശാന്തമായി ഒഴുകുന്ന ഗംഗാ നദി. ഇതൊക്കെയാണെങ്കിലും , ഒരു ആശ്രമ അന്തരീക്ഷത്തിനു ചേരാത്ത എന്തൊ ഒന്നു അവിടെ അനുഭവപ്പെട്ടു. ഒറ്റ നോട്ടത്തില്‍ മൂന്നാറിലും മറ്റും തേയില തോട്ടത്തിലെ തൊഴിലാളികള്‍ പാര്‍ക്കുന്ന തമിഴ് കോളനി പോലെ തോന്നി.

ഞങ്ങള്‍ നടന്നു ഒരു ഷെഡിന്റെ മുന്‍പില്‍ എത്തി.


ഷെഡിന്റെ മധ്യത്തില്‍ ഹോമാഗ്നി കത്തിക്കുന്നതിനുവേണ്ടി ഇഷ്ടിക കെട്ടിയുണ്ടാക്കി, ഒരു പലക ഇട്ടു മൂടി വച്ചിരിക്കുന്നു. അകത്തു ഇരുമ്പു ഗ്രില്ല് വച്ചു ഗുഹാമുഖം ഓടാമ്പലിട്ടു പൂട്ടിയിരിക്കുന്നു. പതിവുപോലെ ജയ്സണ്‍ അരോടും ചോദിക്കാതെ ഗൈയ്റ്റ് നിര്‍ഭയമായി തുറന്നു.

വസിഷ്ഠ്മഹര്‍ഷി തപസ്സു ചെയ്ത ഗുഹ!

സപ്തര്‍ഷികളില്‍ പ്രമുഖനും , ഋഗ്വേദ രചയിതാക്കളില്‍ പ്രധാനിയും ആയിരുന്ന വസിഷ്ഠ മഹര്‍ഷി സൂര്യ വംശത്തിന്റെ കുല ഗുരുവായിരുന്നു. ശ്രീരാമന്റെ ഉള്‍പ്പടെ ‍അഞ്ചു തലമുറയിലെ സൂര്യ രാജാക്കന്മാരുടെ ഗുരുവായിരുന്നു വസിഷ്ഠന്‍. സരയൂനദീതീരത്തെ തന്റെ ഗുരുകുലത്തിനു അനേക ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നുവെന്നും പുരാണങ്ങള്‍ പറയുന്നു. കാമധേനുവിന്റെ മകളായ നന്ദിനിയേ ചൊല്ലി വിശ്വാമിത്രനുമായുണ്ടായ തര്‍ക്കത്തില്‍ വസിഷ്ഠ മഹര്‍ഷിക്കു തന്റെ നൂറു മക്കളേയും നഷ്ടപ്പെട്ടു. ആ മനോദുഖഃത്തില്‍ നദിയില്‍ ചാടി ശരീര ത്യാഗം ചെയ്യുവാനൊരുങ്ങിയ വസിഷ്ഠനെ, മറുകരയില്‍ ഇരുന്ന ഭാര്യയായ അരുന്ധതിയുടെ അരുകില്‍ പരുക്കില്ലാതെ നദീദേവി എത്തിക്കുകയായിരിന്നു. തുടര്‍ന്നു മക്കളേക്കുറിച്ചുള്ള ദുഃഖം മറക്കാന്‍ ദക്ഷിണ ഭാരതത്തിലേക്കു ഒരു തിര്‍ത്ഥാടനം പോകുവാന്‍ ആ ദമ്പതികള്‍ തീരുമാനിച്ചു.

ആ യാത്ര മദ്ധ്യേ ചില വര്‍ഷങ്ങള്‍ തപസ്സു ചെയ്ത ഗുഹയാണ് ഋഷികേശിലുള്ള വസിഷ്ഠ ഗുഹ എന്നാ‍ണ് ‍ഐതീഹ്യം!


ഗുഹയ്ക്കുള്ളില്‍ ജയ്സണും, ബ്രെഷ്നേവും സാബുവും.

ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.ഗുഹയ്ക്കുള്ളില്‍ സുഖകരമായ ചെറു ചൂട് തങ്ങി നിന്നു. ഏതാണ്ട് 50 മീറ്ററോളം ദൈര്‍ഘ്യമുള്ള ഗുഹ പൂര്‍ണ്ണമായും പാറയ്ക്കുള്ളിലാണ്. ഗുഹയുടെ അവസാനം ഇടതുവശത്തായി ഒരു പീഠം അതിനു പിന്നില്‍ ഒരു ഇരിപ്പിടം.ഗുഹയുടെ അന്ത്യത്തില്‍ ശിവലിംഗ പ്രതിഷ്ഠ.പ്രത്യേക രൂപത്തിലുള്ള ഒരു ത്രിശൂലം അടുത്തു ചാരി വച്ചിരിക്കുന്നു. പലതരം പൂക്കളും മറ്റു പൂജാവസ്തുക്കളും ഒരുക്കിയിരിക്കുന്നു.

ഗുഹയ്ക്കുള്‍വശത്ത് ധ്യാനത്തിവേണ്ട എല്ലാ ചുറ്റുപാടുകളും വളരെ ഭംഗിയായും കൃത്യമായും ചെയ്തു വച്ചിരിക്കുന്നു.

ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം?

സ്വാമി ദയാനന്ദ സരസ്വതി, സായി ബാബ, തുടങ്ങിയ പല പ്രശസ്തവ്യക്തികളും ആ ഗുഹക്കുള്ളില്‍ ധ്യാനിച്ചപ്പോള്‍ ചില പ്രകൃത്യാതീത അനുഭവങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വസിഷ്ഠ ഗുഹ സന്ദര്‍ശിച്ചു തിരികെ റോഡില്‍ എത്തുന്നതിനു മുന്‍പ് ആശ്രമം വക മറ്റൊരു കെട്ടിടം കണ്ടു. അതിന്റെ മുന്‍പില്‍ അഴിഞ്ഞുലഞ്ഞ് ജഡകെട്ടിയ മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു യോഗീ സമനായ മനുഷ്യന്‍ തീകായുന്നതു കണ്ടു. അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോല്‍ വിരലുകള്‍ക്കിടയില്‍ ഒരു മണ്‍ചിലുമ്പി. അതില്‍ നിന്നും ഉയരുന്ന പുക ചുരുളുകള്‍. ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടു, രണ്ടുകൈകളും കൂട്ടി ചുരുട്ടി ചിലുമ്പി വിരലുകളുടെ ഇടയില്‍ ഉറപ്പിച്ച് പിടിച്ചു. എന്നിട്ടു മല്ലിച്ച കൈയ്യുടെ തള്ളവിരലും ചൂണ്ടുവിരലും ചേരുന്ന ഭാഗം വായോട് ചേര്‍ത്തു ആഞ്ഞു വലിച്ചു പുക പാനം ചെയ്തു. വലിയുടെ ശക്തികൂടിയപ്പോല്‍ കണ്ണുകള്‍ താനെ അടഞ്ഞു.തൊലി ചുക്കിച്ചുളിഞ്ഞ കഴുത്തിലെ ഞരമ്പുകള്‍ എഴുന്നേറ്റു വന്നു . പിന്നീട് കൈകള്‍ മുഖത്തു നിന്നും മാറ്റി അല്പ സമയം ധ്യാനത്തില്‍ എന്ന പോലെ ഇരുന്നു. പിന്നെ വളരെ പതുക്കെ, പുക പുറത്തേയ്ക്കു വിട്ടു. പകുതിയായപ്പോള്‍ എന്തോ അരുതാത്തതു ചെയ്യുമ്പോലെ പുക പുറത്തേക്കു വിടുന്നതു നിര്‍ത്തി,വീണ്ടു ധ്യാനം തുടര്‍ന്നു.

അതെ, പരസ്യമായിരുന്നു ശിവമൂലി (കഞ്ചാവ്) വലിക്കുകയാണ്.അനന്തതിയിലേക്കു നോക്കുന്ന ചുവന്നു കലങ്ങിയ കണ്ണുകള്‍ കണ്ടാലറിയാം മഹാമുനി,ഹിമാലയത്തിലും കൈലാസത്തിലുമല്ല, സാക്ഷാല്‍ ദേവലോകത്തു തന്നെ.

അടുത്തു ചെന്നു കുശലം ചോദിച്ചപ്പോല്‍, അദ്ദേഹത്തിന്റെ മുഴിഞ്ഞു നാറിയ തോള്‍ സഞ്ചി തുറന്നു കാണിച്ചു. സഞ്ചി നിറയെ ചെമ്പന്‍ സൊയമ്പന്‍!!

“ഇവന്‍ കൂട്ടിനുണ്ടെകില്‍ ഏതു ഘോര ശത്യത്തിലും നിര്‍വിഘ്നം ധ്യാനിക്കാന്‍ കഴിയും.” മഹാ മുനിയുടെ മൊഴിമുത്തുകള്‍!
ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള കുറുക്കു വഴികള്‍!

“പോലീസ് പിടിക്കില്ലേ?” ബ്രെഷ്നേവിന്റെ സംശയം.
“പോലീസ് സബ് ഉദ്ധര്‍, നീച്ചേ...ഇധര്‍ പഹാട് മേം കോയി നഹി ആയേഗാ..” മഞ്ഞപ്പല്ലു കാട്ടി ചിരിച്ചു.

കേരളത്തിലാണെങ്കില്‍ ഒരു ജീവപര്യന്തത്തിനുള്ള വകുപ്പുമായിട്ടാണ് സ്വാമി തിരുവടികള്‍ പുക വിഴുങ്ങുന്നത്.
വളരെ സൌഹൃത ഭാവത്തില്‍ വെള്ളികെട്ടിയ ചിലുമ്പി ഞങ്ങളുടെ നേരെ നീട്ടി.

ഉടനേ മോക്ഷവും ബ്രഹ്മജ്ഞാനവും കാംഷിക്കാത്ത ഞങ്ങള്‍ നന്ദി പറഞ്ഞു പടിയിറങ്ങി.

പണ്ടായിരുന്നെങ്കില്‍...? ബ്രെഷിന്റെ അടക്കിപ്പിടിച്ച ചോദ്യം ഞങ്ങള്‍ കേള്‍ക്കാത്തപോലെ നടന്നു.
പക്ഷേ,
പടികയറുമ്പോള്‍, ഞങ്ങളുടെ ഹൃദയത്തില്‍ ഓര്‍മ്മകളുടെ ഒരു സാഗരം തിരയടിക്കുന്നുണ്ടായിരുന്നു.

(തുടരും..)

ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ്.

19 Responses to "ഹിമാലയ യാത്ര - PART 6"

 1. അവസാനത്തെ രണ്ടു വരികള്‍, എന്റെ പഴയ കൂട്ടുകാര്‍ക്ക്.....

  ReplyDelete
 2. കുറച്ചു വേഗത കൂട്ടി,എല്ലാമിങ്ങോട് പോരട്ടെ
  നല്ല വിവരണം.ആശംസകള്‍...സജി

  ReplyDelete
 3. ഈ യാത്രയുടെ ആദ്യം മുതലേ നല്ല വിഷ്വലുകള്‍ മനസ്സിലേക്ക് കൊണ്ടുവരുന്നതില്‍ അച്ചായന്‍ വിജയിച്ചു എന്നു തന്നെ കരുതുന്നു. എഴുത്തിന്‍റെ രീതി സുന്ദരവും വായനക്കാരനെ കൂടെ കൊണ്ടു പോകുന്നതുമാകയാല്‍ കൂട്ടത്തില്‍ കൂടിയ ഒരു യാത്രക്കാരനായിട്ടേ എനിക്ക് അനുഭവപ്പെട്ടുള്ളൂ.
  ഈ യാത്രാവിവരണം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത ഒരു ആഗ്രഹം എന്നെ പിടികൂടി. അധികം യാത്രാ വിവരങ്ങള്‍ വായിച്ച് ശീലമില്ലാത്ത എനിക്ക് കൂടുതല്‍ യാത്രാവിവരണങ്ങള്‍ വായിക്കണമെനാഗ്രഹം . !! ഒരു പക്ഷെ ഈ എഴുത്തിന്‍ റെ രീതി അതിലേക്കെന്നെ എത്തിച്ചു എന്നു തന്നെ പറയാം.

  നിരവധി നല്ല മുഹൂര്‍ത്തങ്ങളുണ്ട് ഈ യാത്രയില്‍. അവധാനതയോടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സൂക്ഷ്മമായി ഒപ്പിയെടുക്കാന്‍ നല്ല മുഹൂര്‍ത്തങ്ങളും.
  തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നു.
  “മഹാമുനി,ഹിമാലയത്തിലും കൈലാസത്തിലുമല്ല, സാക്ഷാല്‍ ദേവലോകത്തു തന്നെ“
  അതെ ദേവലോകത്ത് തന്നെ
  നന്ദി
  സ്നേഹപൂര്‍വ്വം.
  രാജു ഇരിങ്ങല്‍

  മഹാമുനി,ഹിമാലയത്തിലും കൈലാസത്തിലുമല്ല, സാക്ഷാല്‍ ദേവലോകത്തു തന്നെ.

  ReplyDelete
 4. “ഇന്നു നിങ്ങള്‍ക്ക് 247 കി.മി. യാത്ര ചെയ്യുവാനുണ്ട്.“

  ഇത്രയും ദൂരം ഒരു ദിവസം ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ പറ്റുമോ....????

  ഈ പോസ്റ്റില്‍, ചിത്രങ്ങള്‍ കുറവായി......അതോ മനപ്പൂര്‍വ്വം കുറവാക്കിയതാണോ.

  ReplyDelete
 5. നട്സ്,
  വൈകുന്നേരം നാലുമണി ആയപ്പോഴേയ്ക്കും ജോഷി മഠില്‍ ചെന്നു.ഉദ്ദേശം പത്തു മണിക്കൂര്‍ യാത്ര!
  അന്നന്നു തിരിച്ചു വരാനല്ലല്ലോ പോകുന്നതു.
  അവിടെ തങ്ങി, പിന്നെ, അവിടെ നിന്നും മറ്റുസ്ഥലങ്ങളിലേയ്ക്കല്ലേ പോകുന്നത്?

  ചിത്രങ്ങള്‍ കുറവായാലും, അവസാനത്തെ ചിത്രം ഒരെണ്ണം പോരെ നട്സ്?

  പിന്നെ പോസ്റ്റിനു നീളം കൂടുതലാണെന്നു പലരും പറഞ്ഞു അതുകൊണ്ടു അല്പം ചെറുതാക്കി.

  കൃഷ്ണകുമാര്‍- ആഴ്ചയില്‍ ഒന്ന്- അതല്ലേനല്ലത്.

  ഇരിങ്ങല്‍.. നന്ദി.

  ReplyDelete
 6. സഖാവെ,
  വൃക്ഷഫല മൂല ജലമെന്നിവ ഭുജിച്ചും‘, ശൈലാഗ്രങ്ങളില്‍ മഞ്ഞും വെയിലുമേറ്റ് ഒറ്റക്കാലില്‍ നിന്നും, മരക്കൊമ്പില്‍ തല കീഴായിക്കിടന്നും തപസ്സ് ചെയ്ത, സത്യാന്വേഷികളായ ഒരു കൂട്ടം മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഇവിടെ കഴിഞ്ഞു കൂടിയിട്ടുണ്ടത്രെ!! .

  എന്നിട്ടും സത്യവും സ്നേഹവും എവിടെ ?

  പതിവുപോലെ ജയ്സണ്‍ അരോടും ചോദിക്കാതെ ഗൈയ്റ്റ് നിര്‍ഭയമായി തുറന്നു!!!!!.

  കൊടും തണുപ്പത്തും കൂളിങ് ഗ്ലാസ്സ് ഊരുവാന്‍ സാബു തയ്യാറല്ലായിരുന്നു!!!!!!.

  “പോലീസ് പിടിക്കില്ലേ?” ബ്രെഷ്നേവിന്റെ സംശയം!!!!!.

  പണ്ടായിരുന്നെങ്കില്‍...? ബ്രെഷിന്റെ അടക്കിപ്പിടിച്ച ചോദ്യം ഞങ്ങള്‍ കേള്‍ക്കാത്തപോലെ നടന്നു!!!!!.

  ഇപ്പോഴാണ് ഓര്‍മകള്‍ തിരതല്ലുന്നത്‌
  സ്നേഹത്തോടെ
  മനേഷ് പുല്ലുവഴി

  ReplyDelete
 7. ഇത്തവണ ആദ്യപന്തിയിൽ തന്നെ സ്ഥാനം പിടിയ്ക്കുന്നു. രസികൻ സദ്യ...

  ശരിയാ സജീ, ആ അവസാനത്തെ ഒരു പടം മാത്രം മതി..

  ReplyDelete
 8. മീശ ഇനിയും കിളിര്‍ത്തിട്ടില്ലാത്ത നീണ്ട മുഖവും ചുവന്നു കലങ്ങിയ കണ്ണുകളുമായി ഒരു കോലന്‍ മുടിക്കാരന്‍... ഉള്ളില്‍ ഓര്‍മ്മകളുടെ തിരയിളക്കം..ഈ കീനാവലിക്കാരന്‍ സാമി ആ പയ്യന്റെ കാലില്‍ വീണേനെ അന്നു കണ്ടിരുന്നുവെങ്കില്‍.

  ReplyDelete
 9. ഷിനു..
  സ്വാമി സഞ്ചിയില്ല്ലാതെ ഓടിയേനെ..!!

  മനേഷേ,
  പാവം..സ്വാമി

  ഹന്‍ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ലത്ത്..
  അദ്ദ്യമായിട്ടാണല്ലോ.... നന്ദി

  പോറാടത്ത്
  ശുക്രിയ!

  ReplyDelete
 10. ഈ ലക്കം ഭക്തിയുടെ പാര‌മ്യതയിലാണല്ലോ അച്ചായാ....:):):)

  കാണാനും അനുഭവിക്കാനും കൊതിക്കുന്ന സ്ഥലങ്ങൾ.....യാത്ര തുടരട്ടെ....

  ഓടോ: വസിഷ്ഠ ഗുഹക്കുള്ളിൽ ആരാ നീണ്ടു നിവർന്ന് ധ്യാനത്തിലിരിക്കുന്ന യോഗി?
  ശ്രീശ്രീശ്രീ സജിയാനന്ദ അച്ചായാന്ദ സ്വാമി തിരുവടികളാണോ?:):):):) പ്രമാണം മഹർഷെ പ്രമാണം....:):):)

  ReplyDelete
 11. ചാണക്യാ..
  നല്ലൊരു ഗുഹ കണ്ടപ്പോള്‍, ഇനീ എന്തിനാ ആഗ്രഹങ്ങള്‍ മാറ്റി വയ്ക്കുന്നത് എന്ന് വച്ചു.

  ReplyDelete
 12. മുടങ്ങാതെ വായിക്കുന്നുണ്ട്....

  ReplyDelete
 13. 'ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.'

  അച്ചായനു കുനിയാതെ അതിനകത്തു കടക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല...!!!

  ശ്രീശ്രീശ്രീ സജിയാനന്ദ അച്ചായാന്ദ സ്വാമി തിരുവടികളെ തുടരുക....

  ReplyDelete
 14. ശിവമൂലി ഒരു കവിള്‍ എടുത്ത് മോക്ഷം സാധിക്കേണ്ടതായിരുന്നു ട്ടോ അച്ചായാ..


  വസിഷ്ഠമുനി തപസ്സനുഷ്ഠിച്ച ഗുഹ..!!
  ഐതീഹ്യങ്ങള്‍ സത്യങ്ങളായിരുന്നുവെന്നു ഊട്ടിയുറപ്പിക്കുന്നുവല്ലേ..!!??

  ReplyDelete
 15. കൂടെ ഞാനുമുണ്ട് കേട്ടോ...

  പ്രത്യേകിച്ച് എന്ത് പറയാനാ എന്നോര്‍ത്താ ഒന്നും മിണ്ടാതിരുന്നത് :)

  ReplyDelete
 16. കൊള്ളാമല്ലൊ ഭായി ഈ യാത്രവിവരണം...

  ReplyDelete
 17. അച്ചായോ

  ശിവമൂലി വലിക്കാതെ വസിഷ്ഠഗുഹയില്‍ കയറി പാന്റും ഷര്‍ട്ടുമിട്ടിരുന്ന് ധ്യാനിച്ചിട്ടുള്ള ഒരാളെ തട്ടുമെന്ന് എന്റെ ജാതകത്തിലുണ്ട്. അതിന്റെ കാരണം അസൂയയെന്നോ മറ്റോ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ജാതകത്തിലെ ആ ഭാഗം അത്ര വ്യക്തമല്ല. എന്തായാലും എന്റെ മുന്നില്‍ വന്ന് ചാടാതെ സൂക്ഷിച്ചോ :)

  ReplyDelete
 18. ഓരോന്നായി വയിച്ചുകൊണ്ടിരിക്കുക ആണ്

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts