ചപ്പാത്തിന്റെ ശബ്ദം

സേവ് മുല്ലപ്പെരിയാര്‍ - 5
തയ്യാറാക്കിയത് : നിരക്ഷരന്‍മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ബൂലോകത്തിന്റെ ഇടപെടലുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചര്‍ച്ചകളും , പ്രവര്‍ത്തനങ്ങളും അണിയറയില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. ഓരോരോ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച് അതെല്ലാം നമ്മുടെ ബൂലോകം വഴിയും സേവ് കേരള ബ്ലോഗ് വഴിയും അറിയിക്കുന്നതാണ്.ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവവികാസങ്ങളിലേക്ക് ഈ പോസ്റ്റിലൂടെ എല്ലാ വായനക്കാരുടേയും ശ്രദ്ധ തിരിക്കുകയാണ്.
5

ജനുവരി 25 കെ. ചപ്പാത്ത് എന്ന സ്ഥലത്ത് നടക്കുന്ന മുല്ലപ്പെരിയാര്‍ സമരം 3 കൊല്ലം പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ കവി കരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വലിയ പരിപാടികളാണ് സമരപ്പന്തലില്‍ നടക്കാന്‍ പോകുന്നത്. മൂന്നാം വാര്‍ഷികത്തിന് മുന്നോടിയായി അന്പത്തെട്ടു മണിക്കൂര്‍ നിരാഹാരം ഇന്ന് (23 ഡിസംബര്‍ ) രാവിലെ ഏഴു മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു. തമിഴ് വംശജനായ ടി.അന്പയ്യന്‍ അയിനിവിള , ചപ്പാത്ത് നിവാസിയായ കെ.വി.ഷണ്മുഖന്‍ ഗോക്കാപാടത്ത് എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. ഇരുവര്‍ക്കും എഴുപതു വയസ്സിനു മുകളില്‍ പ്രായമുണ്ട്. പ്രതിഷേധ സമരത്തിന്റെ മൂന്നാം വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇവര്‍ നിരാഹാരം അവസാനിപ്പിക്കും. അന്നേ ദിവസം അവിടത്തെ തിരക്കുകള്‍ക്കിടയില്‍ ബ്ലോഗേഴ്സ് നടത്തുന്ന ഈ പ്രചാരണത്തിന്റേയും പ്രവര്‍ത്തനങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍ അവതരിപ്പിക്കണമെന്നാണ് ആദ്യം കരുതിയിരുന്നത്. ആ ദിവസത്തെ ചടങ്ങിന് അതൊന്നും ഒരു തടസ്സമാകരുതെന്ന് കരുതിയതുകൊണ്ട് ഡിസംബര്‍ ഇരുപത്തൊന്നാം തീയതി തന്നെ നമ്മുടെ ബൂലോകത്തിന്റെ പ്രതിനിധികളായ ജോ , ഹരീഷ് , നിരക്ഷരന്‍ എന്നിവര്‍ തൊടുപുഴക്കാരായ വിനോദ് , ഹരീഷ് സുഹൃത്തുക്കള്‍ക്കൊപ്പം ചപ്പാത്തിലെ സമരപ്പന്തലിലെത്തി.

സമരപ്പന്തലില്‍ ശ്രീ. ഷണ്മുഖന്‍ എന്ന പ്രായമായ ഒരു പ്രവര്‍ത്തകനാണ് അന്ന് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. മാലയിട്ട് പന്തലില്‍ ഇരിക്കുന്ന അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞങ്ങളുടെ ആഗമനോദ്ദേശ്യം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പെട്ടെന്ന് തന്നെ സമരത്തിന്റെ അണിയറയിലുള്ള മറ്റ് പ്രവര്‍ത്തകരായ സര്‍വ്വശ്രീ വിശ്വംഭരന്‍ , മാത്യു, വര്‍ഗ്ഗീസ്, സന്തോഷ്‌ , ദൃശ്യ മാധ്യമ പ്രവര്‍ത്തകനും സമരസമിതി സെക്രട്ടറിയുമായ ഷാജി എന്നിവര്‍ സമരപ്പന്തലിലെത്തി. ഞങ്ങളുടെ ആഗമനോദ്ദേശ്യത്തെപ്പറ്റിയും പ്രവര്‍ത്തനരീതിയെപ്പറ്റിയും വിശദമായി അവരുമായി സംസാരിച്ചു. അവിടത്തെ വിസിറ്റേഴ്സ് ബുക്കില്‍ അതൊക്കെ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാര്യങ്ങളുടെ ഏകദേശരൂപം ആ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ഇതുവരെ ആ സമരപ്പന്തലില്‍ എത്തിയിട്ടുള്ളവരുടെയൊക്കെ കൈപ്പടകള്‍ ആ ചെറിയ പുസ്തകത്തിലുണ്ട്.സമരപ്പന്തല്‍ സന്തര്‍ശിച്ചിട്ടുള്ള ശ്രീ സുകുമാര്‍ അഴീക്കോട് മുതലുള്ള പ്രമുഖരുടെയൊക്കെ ചിത്രങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നുപോയിട്ടുള്ള ഒട്ടനേകം സംഘടനകളുടെയുമൊക്കെ ബാനറുകളുമൊക്കെക്കൊണ്ട് സമരപ്പന്തല്‍ നിറഞ്ഞിരിക്കുന്നു. പ്രശ്നപരിഹാരം മാത്രം ആ തിരക്കുകള്‍ക്കിടയില്‍ എവിടെയോ
വഴിമുട്ടി നില്‍ക്കുന്നതുപോലെ.മണിക്കൂറുകളോളം നീണ്ടുപോയ ആ സംഭാഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ പറ്റിയത് ഒരുപക്ഷേ ഇതുവരെ പുറം ലോകം അറിയാതെ കിടക്കുന്ന ഒരുപാട് കാര്യങ്ങളായിരുന്നു, ഭീതിയുടെ നിഴലില്‍ കഴിയുന്ന ഒരുപറ്റം ജനങ്ങളുടെ വേദനയുടേയും അവഗണനയുടേയും കഥകളായിരുന്നു. എണ്ണിയെണ്ണിപ്പറഞ്ഞാല്‍ ഇതുപോലെ ഒരു 10 ലേഖനത്തിലേക്ക് മുതല്‍ക്കൂട്ടാകാന്‍ സാദ്ധ്യതയുള്ള ആ അനുഭവങ്ങളില്‍ ചിലത് മാത്രം , വളരെ പ്രധാനപ്പെട്ടത് മാത്രം തല്‍ക്കാലം ഇവിടെ കുറിക്കുന്നു. ബാക്കിയുള്ളതൊക്കെ സമയാസമയത്ത് ഓരോന്നോരോന്നായി വായനക്കാരിലേക്കെത്തിക്കുന്നതാണ്. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്ത് കഴിഞ്ഞിരിക്കുന്നു. നമ്മളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായവശ്യമായ ഏത് തരം സഹായം വേണമെങ്കിലും ചെയ്ത് തരാമെന്ന് സമരസമിതിക്കാര്‍ ഉറപ്പുതരുകയും ചെയ്തു.

1. ചെല്ലമുത്തുനാടാര്‍ അഥവാ മൈലപ്പന്‍


റോഡരുകില്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് അല്‍പ്പം മാറി നിലകൊള്ളുന്ന, സമരപ്പന്തലില്‍ നിന്ന് വെളിയിലേക്ക് നോക്കിയാല്‍ കാണുന്ന ചില പെട്ടിക്കടകളില്‍ ഒന്ന് ഒരു മരച്ചീനിക്കടയാണ്. ചെല്ലമുത്തുനാടാര്‍ അഥവാ മൈലപ്പന്‍ എന്ന തമിഴ് വംശജനായ ഒരു സഹൃദന്റേതാണ് ആ കട. ഒരു തമിഴ് വംശജനാണെങ്കിലും വര്‍ഷങ്ങളായി ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നം ഇന്നിപ്പോള്‍ മൈലപ്പന്റേയും
കൂടെ ജീവിതപ്രശ്നമാണ്. സമരത്തിന് മൈലപ്പന്‍ നല്‍കുന്ന പിന്തുണയെപ്പറ്റി പറഞ്ഞാല്‍ അതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ശത്രുക്കള്‍ക്ക് പോലുമാകില്ല. എല്ലാ ദിവസവും മരച്ചീനി വിറ്റുകിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് മൈലപ്പന്‍ സമരപ്പന്തലിലെ സംഭാവന ബക്കറ്റില്‍ കൊണ്ടുപോയി ഇടുന്നു. കാര്യമായി കച്ചവടം ഒന്നും നടന്നിട്ടില്ലെങ്കിലും മിനിമം 10 രൂപയെങ്കിലും മൈലപ്പന്‍ ആ ബക്കറ്റില്‍ ഇട്ടിരിക്കുമെന്ന് സമരസമിതിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.21 ഡിസംബറിന് 1093 ദിവസം തികയുന്ന ഈ സമരപ്പന്തലിലെ സംഭാവനയിലേക്ക് മൈലപ്പന്‍ മനസ്സറിഞ്ഞ് കൊടുത്തിരിക്കുന്ന സഹായത്തിന് 10,930 രൂപയ്ക്കുമൊക്കെ ഒരുപാട് മുകളിലാണ് മൂല്യം.

അതുകൊണ്ടൊന്നും തീര്‍ന്നില്ല. ഏതെങ്കിലും ഒരു ദിവസം നിശ്ചിതസമയത്തിനുള്ളില്‍ സമരപ്പന്തലില്‍ ഇരിക്കാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ ആ ദൌത്യം ആരോടും ചോദിക്കാതെയും പറയാതെയും മൈലപ്പന്‍ തന്നെ ഏറ്റെടുക്കുന്നു. തന്റെ മരച്ചീനിക്കടയില്‍ സ്ഥിരമായി കരുതുന്ന ഒരു മാല കഴുത്തിലണിഞ്ഞ് മൈലപ്പന്‍ സമരപ്പന്തലില്‍ ഇരിപ്പുറപ്പിക്കുന്നു. നിര്‍ഭാഗ്യമെന്ന് തന്നെ പറയട്ടെ, രോഗബാധിതനായി ആശുപത്രിയില്‍ ആയതുകൊണ്ട് അദ്ദേഹത്തെ ഞങ്ങള്‍ക്ക് നേരിട്ട് കാണാനോ സംസാരിക്കാനോ ഒരു പടമെടുക്കാനോ കഴിഞ്ഞില്ല.

വംശീയമായ തരം തിരിവിലൂടെ ഈ പ്രശ്നത്തെ സമീപിക്കരുതെന്ന് മനസ്സിലാക്കേണ്ടത് മൈലപ്പനിലൂടേയും റോഡിന്റെ മറുവശത്ത് സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തി ജീവിക്കുന്ന മറ്റൊരു തമിഴ് വംശജനായ ജോസഫ് എന്ന ചെറുപ്പക്കാരനിലൂടെയുമാണ്. കുറച്ച് ദിവസങ്ങള്‍ ഈ താഴ്വരയില്‍ എവിടെയെങ്കിലും വന്ന് താമസിക്കാന്‍ ഇടയായാല്‍ , ഏത് തമിഴ് സഹോദരനും കേരളത്തോട് അല്ലെങ്കില്‍ കേരള ജനതയോട് ഇതേതരത്തിലുള്ള സൌഹാര്‍ദ്ദപരമായ സമീപനം കാണിക്കുമെന്ന് ഉറപ്പാണ്. ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഒരു ജനതയുടെ ഭാഗമാണിന്ന് മൈലപ്പനും ജോസഫുമൊക്കെയടക്കമുള്ള നൂറ് കണക്കിന് തമിഴ് സഹോദരങ്ങള്‍ . വംശീയത അല്ലെങ്കില്‍ 2 സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നം എന്ന നിലയില്‍ കാണേണ്ട ഒരു കാര്യമേയല്ല മുല്ലപ്പെരിയാര്‍ വിഷയം. വെറും മനുഷ്യത്വം മാത്രം , അല്ലെങ്കില്‍ വിലപിടിച്ച ജീവിതങ്ങള്‍ മാത്രമല്ലേ ഇവിടെ വിഷയമാകേണ്ടതുള്ളൂ ?!1961 ല്‍ മുല്ലപ്പെരിയാര്‍ കരകവിഞ്ഞു ഒഴുകിയപ്പോള്‍ വെള്ളത്തിനടിയിലായ ഭാഗത്താണ് ഈ സമരപ്പന്തലും, മൈലപ്പന്റെ മരച്ചീനിക്കടയുമൊക്കെ അടക്കമുള്ള കെട്ടിടങ്ങള്‍ നിലകൊള്ളുന്നത്. അന്നത്തെ കാര്യങ്ങളൊക്കെ വിശദീകരിക്കുമ്പോള്‍ ശ്രീ മാത്യുവും , വിശ്വഭരനും, വര്‍ഗ്ഗീസുമൊക്കെ അടങ്ങുന്ന 60 ന് മുകളില്‍ പ്രായമുള്ളവരുടെ സംഘത്തിന്റെ മുഖത്ത് ഭീകരതയേക്കാള്‍ ഏറെ നിസ്സംഗതയാണ്. നാളിത്രയായി ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ കാര്യമായിട്ട് ആരും തന്നെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുമ്പോള്‍ മനസ്സ് മരവിച്ച് പോയവരാണ് പഴയ തലമുറക്കാരെന്ന് തോന്നിപ്പോകുമെങ്കിലും നിശ്ചയദാര്‍ഢ്യം എല്ലാവരും ഒരുപോലെ കൊണ്ടുനടക്കുന്നുണ്ടെന്ന് വ്യക്തമാണ്.ഈ കനാലിലൂടെയാണ് മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലെത്തുന്നത്.
വര്‍ഷകാലങ്ങളിലും മറ്റും ഇത് നിറഞ്ഞു കവിയാറുണ്ട്‌ : ചപ്പാത്ത് പാലത്തില്‍ നിന്നുള്ള ദൃശ്യം2 .ഫാദര്‍ ജോയ് നിരപ്പേല്‍ പ്രൊഫസര്‍ റോയിയും
ചപ്പാത്തില്‍ ഈ സമരം തുടങ്ങിവെച്ചത് ഫാദര്‍ ജോയ് നിരപ്പേല്‍ ആണ് .അദ്ദേഹത്തിന് പിന്നീട് സൈപ്രസിലെ പപ്പുഅന്യൂവ്നിയ എന്ന ഫോണ്‍ സൌകര്യം പോലുമില്ലാത്ത ഒരു കാട്ടുമുക്കിലേക്ക് മാറ്റമായത്, ഈ സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗങ്ങളില്‍ ഒന്നുമാത്രമാണെന്നാണ് സംസാരം. 6 മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ചെയ്യാനുള്ള സൌകര്യം ഒത്തു കിട്ടുമ്പോള്‍ , കെടാത്ത സമരവീര്യവുമായി ഫാദര്‍ ഈ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തരേയും വിളിച്ച് സംസാരിക്കും.

സമരത്തിന്റെ പ്രധാന നേതാക്കളെപ്പറ്റി പറയുമ്പോള്‍ ഇപ്പോള്‍ ഈ സമരം നയിക്കുന്ന നെടുംകണ്ടം എം.ഇ.എസ്. കോളേജ് പ്രൊഫസര്‍ സി.പി. റോയ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനെപ്പറ്റി പറയാതെ മുന്നോട്ട് പോകാനാവില്ല. കേരളത്തില്‍ എവിടെച്ചെന്നാലും അദ്ദേഹത്തിന് കയറി നില്‍ക്കാന്‍ ഒരു മരത്തിന്റെ തണലുണ്ടാകും എന്നതാണ് ഈ പ്രകൃതിസ്നേഹിയായ അദ്ധ്യാപകന്റെ മഹത്ത്വം."പ്രൊഫസര്‍ റോയ് "പരാജയപ്പെടുമെന്നുറപ്പുള്ള സമരത്തിന് മുന്നണിപ്പോരാളികളെ ആവശ്യമുണ്ട് എന്നു കേരളത്തിലെ മുഴുവന്‍ കാമ്പസ്സുകളിലും പരസ്യം പതിച്ച ആള്‍. അദ്ദേഹത്തിന്റെ ജീവിതത്തിലിപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രവര്‍ത്തനങ്ങള്‍ കടന്നുവരാത്ത ഒരു ദിവസം പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തേയും ഞങ്ങള്‍ക്ക് നേരിട്ട് കാണാനായില്ല. വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ നടക്കുന്ന നിരാഹാര സമരം സംഘടിപ്പിക്കാനായി പോയിരിക്കുകയായിരുന്നു അദ്ദേഹം.

3. സമരത്തില്‍ അണിനിരന്നവരും നിരക്കാന്‍ പോകുന്നവരും

ഓരോരോ സംഘടനകളും സമുദായങ്ങളും കൂട്ടായ്മകളുമൊക്കെയായി സമരം ഈ കഴിഞ്ഞ 1093 ദിവസവും മുടങ്ങാതെ തന്നെ മുന്നോട്ട് പോയിരിക്കുന്നു. ഒരാളെങ്കിലും ഇല്ലാതെ സമരപ്പന്തല്‍ ഇതുവരെ ഒഴിഞ്ഞ് കിടന്നിട്ടില്ല. കിടക്കാന്‍ മൈലപ്പന്‍ അനുവദിച്ചിട്ടില്ല. ചിലപ്പോള്‍ പത്തോ ഇരുപതോ വരുന്ന സംഘമായിരിക്കും സമരപ്പന്തലില്‍ . മറ്റു ചിലപ്പോള്‍ ഒരു പ്രത്യേക കാലയളവിലേക്ക് സമരം ഏതെങ്കിലും ഒരു സംഘടനയോ സമൂഹമോ ഏറ്റെടുക്കുകയാണ് പതിവ്. അതിനിടയ്ക്ക് പലപ്പോഴും പ്രമുഖരായ പലരും സമരപ്പന്തലിലേക്ക് ആവേശമായി എത്തുന്നു. ശ്രീ. സുകുമാര്‍ അഴീക്കോട് പ്രസംഗിക്കാന്‍ വന്നപ്പോള്‍ ചപ്പാത്തിലെ തെരുവീഥി തിങ്ങിനിറഞ്ഞു. മറ്റൊരിക്കല്‍ തൊട്ടടുത്തുള്ള ചപ്പാത്ത് പാലം അവര്‍ ഒരു മനുഷ്യമതിലാക്കി മാറ്റി. ഈ വരുന്ന 25ന് മൂന്നാം വാര്‍ഷികം കഴിഞ്ഞതിന് ശേഷം അടുത്ത ഒരു വര്‍ഷത്തേക്ക് ആയിരത്തില്‍പ്പരം വരുന്ന അയല്‍ക്കൂട്ടങ്ങളാണ് സമരപ്പന്തലിലെ സജീവ സാന്നിദ്ധ്യമാകാന്‍ പോകുന്നത്. അടുത്ത ഒരു വര്‍ഷം എന്ന് പറയുമ്പോള്‍ , അക്കാലത്തിനിടയ്ക്കൊന്നും ഇതൊരു തീരുമാനവുമാകില്ലെന്ന് ഈ ജനത കൃത്യമായിത്തന്നെ മനസ്സിലാക്കി വെച്ചിരിക്കുന്നു എന്നത് വേദനയോടെയല്ലാതെ ഉള്‍ക്കൊള്ളാനാവില്ല.

4.
രാജനും
, ഷാജിയും, സന്തോഷും

മാതൃഭൂമിയുടെ ലോക്കല്‍ കറസ്പ്പോണ്ടന്റായ രാജനെയും , മറ്റൊരു പത്രപ്രവര്‍ത്തകനും സമരസമിതി സക്രട്ടറിയുമായ ഷാജിയെയും പരിചയപ്പെട്ടു. ബ്ലോഗേഴ്സിന്റെ ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള സഹായവും ഇവരെല്ലാവരും വാഗ്ദാനം ചെയ്തു. ഈ വിഷയത്തിലേക്കായി സമരസമിതി ഉണ്ടാക്കിയിട്ടുള്ള മുല്ലപ്പെരിയാര്‍ സൈറ്റ് പലപ്പോഴും ഹാക്ക് ചെയ്യപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്നത് ഈ അവസരത്തില്‍ എടുത്തുപറയേണ്ട ഒരു കാര്യമാണ്.അക്ഷയ സെന്ററില്‍ 'നമ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസും റീ ബില്ഡ് ഡാം ബ്ലോഗും' സമര സമിതിക്ക് കാണിച്ചു കൊടുത്ത്
കാര്യങ്ങള്‍ വിശദമാക്കുന്ന നിരക്ഷരനും ജോയും.

സമരസമിതിയുടെ സൈറ്റ് കാണിച്ചുതരാനും , ബ്ലോഗേഴ്സ് ഉണ്ടാക്കിയിട്ടുള്ള സേവ് കേരള സൈറ്റ് കാണുന്നതിനുമായി ഷാജിയും, സമരസമിതി അംഗവുമായ സന്തോഷുമോപ്പം ഞങ്ങള്‍ തൊട്ടടുത്തുള്ള ‘അക്ഷയ ‘ യിലേക്ക് കയറി. അക്ഷയയിലെ ഇന്റര്‍നെറ്റിലൂടെ റീ ബില്ഡ് ഡാം ബ്ലോഗും നമ്മുടെ ബൂലോകവും വിശദമായി കണ്ട ഇവര്‍ ഞാങ്ങളിലും ഞങ്ങളുടെ ഉദ്യമാങ്ങളിലും കൂടുതല്‍ ആകൃഷ്ടരായി എന്ന് വേണം പറയാന്‍
തുടര്‍ന്നങ്ങോട്ട് ഷാജിയും സന്തോഷും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളുടേയും അടിയൊഴുക്കുകളുടെയും ഒരു ഭാണ്ഡം തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കുകയായിരുന്നു

5. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും


രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ പലതും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ത്തന്നെ വകുപ്പ് മന്ത്രി പ്രേമചന്ദ്രന്റെ മുല്ലപ്പെരിയാര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ഇവര്‍ക്കെല്ലാവര്‍ക്കും നല്ല അഭിപ്രായമാണ് . അദ്ദേഹത്തിന് പലപ്പോഴും ഒരു പിന്തുണകൊടുക്കാന്‍ പോലും ആളില്ല എന്ന അവസ്ഥയാണ് എന്നാണിവര്‍ക്ക് പറയാനുള്ളത്. മുല്ലപ്പെരിയാറില്‍ കൈത്തോടുകളോ ചാലുകളോ വെട്ടി ഒരു അപകടമുണ്ടാകുമ്പോള്‍ അതിന്റെ തീക്ഷ്ണതയെങ്കിലും കുറക്കാനാകുമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മന്ത്രിയെത്തന്നെ സ്ത്രീപീഢനക്കേസില്‍ കുടുക്കിയതെന്നും ഇവര്‍ വിശ്വസിക്കുന്നു. അവരതിന് നിരത്തുന്ന ന്യായവാദങ്ങള്‍ പലതും നമുക്ക് വിശ്വസിക്കാതിരിക്കാനാവുന്നില്ല.

രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികള്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉദ്യോഗസ്ഥരാണ്. എല്ലാവരും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു, അല്ലെങ്കില്‍ തമിഴ്നാടിന്റെ ഒറ്റുകാരോ പിണിയാളുകളോ ആയി തരം താണിരിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും ഇപ്പോള്‍ ഏക്കറുകണക്കിന് സ്ഥലം സ്വന്തമായിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ സമരത്തിനെപ്പറ്റി ഒരു വാക്കുപോലും പറയാതെ സ്ഥലം കാലിയാക്കിയെന്നതുമാണ് അവസ്ഥ. ഇത്തരം ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ വരെ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ഷാജി ആണയിടുകയും , സമയം ആകുമ്പോള്‍ അതൊക്കെ വെളിച്ചം കണ്ടിരിക്കുമെന്ന്‍ തറപ്പിച്ച് പറയുകയും ചെയ്യുന്നു.സന്തോഷും ഷാജിയും : 'നമ്മുടെ ബൂലോകം' അഭിമുഖത്തിനിടെ

ഈയടുത്ത കാലത്ത് മുല്ലപ്പെരിയാറിന്റെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ ? ലൈറ്റിന്റെ കാര്യമൊക്കെ തീരുമാനമായെങ്കിലും ഉദ്ദേശിച്ചരീതിയിലുള്ള മേന്മയുള്ള ബള്‍ബുകള്‍ ഒന്നും അവിടെ ഇടുകയുണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ സ്ഥലം തഹസീല്‍ദാരുടെ മറുപടി ഇപ്രകാരമായിരുന്നു.

“ഓ ..എന്തായാലും ഇതൊക്കെ ഒലിച്ച് പോകാനുള്ളതല്ലേ ? അപ്പോപ്പിന്നെ ഇതൊക്കെ ഇത്രയ്ക്കൊക്കെ മതി “

നിലവാരമുള്ള വിലകൂടിയ ബള്‍ബുകള്‍ ഇദ്ദേഹം കൊടുക്കുന്ന സ്വന്തം പോക്കറ്റിലെ പണം ചിലവഴിച്ചിട്ടൊന്നുമല്ലെന്നുള്ളത് മാത്രമല്ല, എല്ലാം ഒലിച്ച് പോകുമെന്ന് ഇദ്ദേഹം വിലയെഴുതിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ കൂടെ ചേരുമ്പോള്‍ ഈ നാടിന്റെ ശാപം പൂര്‍ണ്ണമാകുന്നു.

സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ഷാജിയും, സന്തോഷും കത്തിക്കയറുകയായിരുന്നു. മലയാളി എന്ന കൂട്ടം അവരെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോള്‍ മാത്രമേ പ്രതികരിക്കൂ എന്നാണ് സന്തോഷ്‌ പറയുന്നത് . എന്നുവെച്ചാല്‍ സ്വാര്‍ത്ഥത തന്നെ. കേട്ടിരിക്കാമെന്നല്ലാതെ മറുത്തൊന്നും പറയാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളാണ് സന്തോഷും ഷാജിയും തൊടുത്ത് വിടുന്നത്.

ഇപ്പോള്‍ 30 വയസ്സ് പ്രായമുള്ള ഷാജി രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു കൊച്ചു സംഭവം വിവരിച്ചപ്പോള്‍ ഉള്ള് ശരിക്കുമൊന്ന് പിടച്ചു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ സാദ്ധ്യയുണ്ടെന്നും എല്ലാവരും രക്ഷപ്പെടാന്‍ നോക്കിക്കോളണമെന്നും അനൌണ്‍‌സ്മെന്റ് ഉണ്ടായതനുസരിച്ച് സ്കൂളുകളിലൊക്കെ കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടു. എല്ലാവരോടും പൊക്കമുള്ള കുന്നുകള്‍ക്ക് മുകളിലേക്ക് ഓടിക്കയറിക്കോളാനാണ് പറഞ്ഞിരിക്കുന്നത്. തന്റെ പ്രിയ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൈയ്യും പിടിച്ച് ഏതോ കുന്നിന്റെ മുകളിലേക്ക് ഓടിക്കയറുന്നതിനിടയ്ക്ക് വഴിയില്‍ കണ്ട എല്ലാവരോടും ഞങ്ങളുടെ ചാച്ചനും അമ്മച്ചിയുമൊക്കെ ഒലിച്ച് പോയോ എന്ന് ആ കുരുന്നുകള്‍ ചോദിച്ചുകൊണ്ടേയിരുന്നു. വൈകീട്ട് ഏറെ വൈകി വീട്ടില്‍ നിന്ന് ആള്‍ക്കാര്‍ ചെന്ന് കൂട്ടിക്കൊണ്ടുപോരുന്നതുവരെ അവരാ കുന്നിന്റെ മുകളില്‍ വിഷമിച്ചിരുന്ന് കുത്തിയിരുന്നെന്ന് പറയുമ്പോള്‍ ഷാജിക്ക് നൊമ്പരം കലര്‍ന്ന ചിരി. ഇതുപോലെ എത്രയെത്ര ഹൃദയഭേദകമായ രംഗങ്ങള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിപ്പിച്ചുകൊണ്ടാണ് മുല്ലപ്പെരിയാര്‍ തൊട്ടടുത്ത് നില്‍ക്കുന്നതെന്ന് ഇവരില്‍ ഓരോരുത്തര്‍ക്കും അറിയാം. പക്ഷെ ഇതൊന്നും അറിയാതെയും മനസ്സിലാക്കാതെയും നമ്മള്‍ കുറേ മലയാളികള്‍ ഇപ്പോളും സുഖലോലുപരായി മുന്നോട്ട് പോകുന്നു.

6.നമ്മള്‍ മലയാളികള്‍


തമിഴ് നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറി ഇല്ലാതെ മലയാളികള്‍ക്ക് ജീവിക്കാനാവില്ലെന്ന് പറയുന്ന ഒരു അവസ്ഥാ വിശേഷം എങ്ങനെ ഉണ്ടായി എന്നാണ് ഷാജി ചോദിക്കുന്നത് . കേരളത്തിലെ 5 ജില്ലകളിലേക്കെങ്കിലും ആവശ്യമായ പച്ചക്കറികള്‍ മൂന്നാര്‍ , മറയൂര്‍ , കാന്തലൂര്‍ , ചിന്നക്കനാല്‍ , വട്ടവട എന്നിവിടങ്ങളില്‍ ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടത്രേ ! പക്ഷെ അതൊന്നും കേരള വിപണിയില്‍ നേരിട്ട് വരുന്നില്ല. അതിന് കാരണം തമിഴനോട് നമുക്കുള്ള അവജ്ഞ തന്നെ. കേരളത്തിന്റെ കൃഷിഭൂമിയില്‍ ചോര നീരാക്കുന്ന തമിഴ് വംശജനായ കര്‍ഷകന് നേരായ കൂലി കൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല. ഏറണാകുളം മാര്‍ക്കറ്റിലോ കോട്ടയം മാര്‍ക്കറ്റിലോ ഇതേ പച്ചക്കറികള്‍ നേരിട്ട് എത്തിച്ചാല്‍ അതിന് ന്യായമായ വില കൊടുക്കാതെ പാണ്ടി പാണ്ടി എന്ന് വിളിച്ച് നമ്മളവരെ പരിഹസിക്കും. സ്വാഭാവികമായും ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറിയുടെ സിംഹഭാഗം തമിഴ്നാട്ടിലേക്ക് പോകുന്നു. അവിടന്നത് ലോറി കയറി വീണ്ടും കേരളത്തില്‍ വരുമ്പോള്‍ വാടിപ്പോയിട്ടുണ്ടെങ്കിലും നമ്മളത് ഇരട്ടി വിലകൊടുത്ത് വാങ്ങിക്കഴിക്കുന്നു.

ഇപ്പറഞ്ഞ അതേ കേരളഭൂമിയില്‍ കൃഷി ചെയ്ത് പച്ചക്കറി ഉത്പ്പാദിപ്പിക്കുന്ന എത്ര മലയാളി ഉണ്ടാകും ? ഈ ഭൂമിയുടെ ജന്മി മാത്രമാകാനാണ് മലയാളിക്ക് താല്‍പ്പര്യം. അതില്‍ മെയ്യനങ്ങിയുള്ള ജോലി ചെയ്യാന്‍ അവന് വയ്യ. തടിയനങ്ങി ജോലി ചെയ്യണമെങ്കില്‍ അവന് വിദേശത്ത് പോകണം. എന്നിട്ട് വര്‍ഷാവര്‍ഷം തിളങ്ങുന്ന ഷര്‍ട്ടും പാന്റുമിട്ട് കറുത്ത കണ്ണടയും വെച്ച് വിമാനത്തില്‍ നാട്ടില്‍ വന്നിറങ്ങണം.

7. നമ്മള്‍ ബ്ലോഗേഴ്സ്

ചപ്പാത്തില്‍ ചിലവഴിച്ച അഞ്ചു മണിക്കൂറുകള്‍ വളരെ വേഗത്തിലാണ് ഞങ്ങള്‍ക്ക് മുന്നില്‍ കടന്നു പോയത്. ഇതിനിടയില്‍ സംഘാടകരും മലയാളം ബ്ലോഗ്ഗെഴ്സുമായുള്ള ഒരു നല്ല ബന്ധം തന്നെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞു. മലയാളം ബ്ലോഗെഴുത്തുകാരുടെ ഐക്യദാര്‍ഢ്യം മുല്ലപ്പെരിയാര്‍ സമരസമിതിക്ക് പ്രഖ്യാപിക്കുന്ന പോസ്റര്‍ സമര സമിതിക്ക് കൈമാറിയത് വളരെ ആവേശത്തോടെ തന്നെ അവര്‍ സ്ഥാപിച്ചു. നിറഞ്ഞ മനസ്സോടെ അവിടെ നിന്നും ഞങ്ങള്‍ യാത്രചൊല്ലി.

മുല്ലപ്പെരിയാരിനെപ്പറ്റിയുള്ള മലയാളിയുടെ അജ്ഞതയ്ക്കെങ്കിലും അറുതി വരുത്താന്‍ നമുക്കാകുമെങ്കില്‍ ബ്ലോഗുകളിലൂടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ഫലമുണ്ടായെന്ന് നമുക്ക് ആശ്വസിക്കാനാവും. അതിനുമൊക്കെ ഉപരിയായി ഈ വിഷയത്തില്‍ ഒറ്റക്കെട്ടായിട്ടുള്ള ഒരു ശബ്ദം പുറം ലോകത്തെത്തിക്കാനും എന്തെങ്കിലുമൊക്കെ ഗുണകരമായ നടപടികള്‍ മനസ്സാക്ഷി മരവിച്ച് കിടക്കുന്ന ഭരണകൂടത്തില്‍ നിന്നോ നീതിപീഠത്തില്‍ നിന്നോ നേടിയെടുക്കാനുമാകുന്നെങ്കില്‍ നമുക്കഭിമാനിക്കാനാവും ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിന്റെ അനന്ത സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്കായെന്ന്. അല്ലെങ്കില്‍ നമുക്കിത് വെറും ചാറ്റ് ബ്ലോക്സുകളായോ , പുറമേ പലരും അടക്കം പറയുന്നതുപോലെ കുളിമുറി സാഹിത്യം എഴുതാനുള്ള ഇടമായോതന്നെ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കാം.

25 Responses to "ചപ്പാത്തിന്റെ ശബ്ദം"

 1. great...wish i too was there.

  How can i pay & get a copy of this poster ? want to stick to my car. Or, can we plan to print stickers ?

  ReplyDelete
 2. ചപ്പാത്തിന്റെ ശബ്ദം ഇവിടെ പ്രതിഫലിപ്പിച്ചതിനു ഒരായിരം നന്ദി നീരു...

  കൂട്ടായ്മയുമായി മുന്നോട്ട് പോവൂ....

  ReplyDelete
 3. ക്യാപ്പ്ട്ടന്‍ പറഞ്ഞത് നല്ല ഒരു അഭിപ്രായമല്ലേ?സേവ് കേരളയുടെ പോസ്റ്റര്‍ ബ്ലോഗ്ഗ്ര്സിനു നല്‍കാവുന്ന ഒരു കാര്യമല്ലേ?ഓണ്‍ലൈന്‍ പരിപാടികലെക്കാള്‍ ഇത് ഗുണം ചെയ്യില്ലേ?കാരണം ബ്ലോഗ്‌ രംഗം പലപ്പോഴും സാധാരണ മലയാളിക്ക് അജ്ഞ്ഞമാണ് ..അതിനാല്‍ നമ്മുക്ക് പുറം ലോകത്തെ അറിയിക്കാന്‍ ഇതിന്റെ പോസ്ടരുകള്‍ നല്‍കിയും അല്ലെങ്കില്‍ സ്കൂളുകള്‍ വഴി ഒരു ക്യാമ്പെയിന്‍ നടത്തിയും ശരിയാക്കാം ....ചപ്പാതിലെ സമരക്കാര്‍ മാത്രം അറിഞ്ഞാല്‍ പോര ഇത് കേരളം മുഴുവന്‍ ഇത് അറിയണം ...അതിനായി നമ്മുക്ക് പുറമേ കുറെ കാര്യങ്ങള്‍ ചെയ്യണം ....അതിനെന്തൊക്കെ ചെയ്യാന്‍ പട്ടുമെന്നാകട്ടെ ഒരു ചര്‍ച്ച......എന്നെ കൊണ്ട് ആകാവുന്ന എല്ലാ വിധ സഹകരണവും ഈ കാര്യത്തില്‍ ഉണ്ടാവും ......ഇനി നടക്കുന്ന ബ്ലോഗേഴ്സ് കൂട്ടായ്മയില്‍ ഇതും ഒരു വിഷയമാകട്ടെ......ഇത് പറയാന്‍ കാരണം ബ്ലോഗിലൂടെ മാത്രം പ്രവര്‍ത്തിച്ചാല്‍ ബോധവല്‍ക്കരണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയില്ല സ്കൂളുകള്‍ വഴിയുള്ള പരിപാടികള്‍ ഗുണം ചെയ്യും എന്നാണു എന്റെ പ്രതീക്ഷ .സേവ് കേരളയുടെ പോസ്റെരോ അല്ലെങ്കില്‍ ചെറിയ കാര്‍ഡോ നല്‍കാന്‍ കഴിഞ്ഞാല്‍ അത് വല്യ ഒരു മാറ്റം തന്നെ സൃഷ്ട്ടിക്കും..................ഒരായിരം അഭിവാദ്യങ്ങള്‍ /..................

  ReplyDelete
 4. എല്ലാ വിധ സഹകരണവും ഉണ്ടാകും ........................................................ഉറപ്പു........................

  ReplyDelete
 5. കുറെ താമസച്ചു പോയിരിക്കുന്നു, എങ്കിലും വളരെയധികം ചെയ്യുവാനുണ്ട്.


  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണകള്‍!................

  ReplyDelete
 6. ഈ വിഷയം അതിന്റെ ഗൌരവത്തില്‍ കാണാന്‍ ഇവിടെയുള്ള മുഖ്യധാ‍രാമാധ്യമങ്ങളും ശ്രമിക്കുന്നില്ല. അവര്‍ കേരളത്തിന്റെ 136 അടിയിലും, തമിഴ്നാടിന്റെ 148 അടിയിലും ഫോക്കസ് ചെയ്തിരിക്കുന്നു. പൊട്ടിയാലും എനിക്കോ, എന്റെ കുടുബത്തിനോ മുല്ലപ്പെരിയാര്‍ പോട്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്നുള്ള സ്വാര്‍ഥമോഹമാണ് മലയാളികളില്‍ പൊതുവേ കാണുന്നത്. ഇത് സംഭവിച്ചാല്‍ കേരളം കേരളം വീണ്ടും പഴയപോലെ മൂന്ന് ഒറ്റപ്പെട്ട വ്യത്യസ്തപ്രദേശങ്ങളാവും. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍.

  ഒരു നല്ല തീര്‍പ്പ് ഈ വിഷയത്തില്‍ ഉണ്ടാവുമെന്ന് നമ്മുക്ക് കരുതാം, ഒപ്പം തന്നെ ഇത് തമിഴ് ജനതയെക്കൂടി ഉള്‍പ്പെടുത്തിയും, മനസ്സിലാക്കിയുമായാല്‍ കൂടുതല്‍ നന്നായിരിക്കും.

  സ്നേഹത്തോടെ......

  ReplyDelete
 7. ക്യാപ്റ്റന്‍ ഹഡ്ഡ്കൊക്കിന്റെ അഭിപ്രായം വളരെ പ്രസക്തവും, വിഷയത്തിന് ഒത്തിരി മൈലേജ് തരുന്നതുമാണ്.

  ലോഗോ ഉണ്ടല്ലോ..ആര്‍ക്കും അത് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. ഒപ്പം പ്രസ്തുത പോസ്റ്റുകള്‍ എല്ലാമുള്ള ബ്ലോഗിന്റെ പേരും ചേര്‍ത്താല്‍, ആ ലോഗോ ശ്രദ്ധിക്കുന്ന ആളിന് അത് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

  ReplyDelete
 8. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണകള്‍!

  കൂട്ടായ്മയുമായി മുന്നോട്ട് പോവൂ..ഒരായിരം അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 9. Congrats for the initiation from Bloggers side too.

  ReplyDelete
 10. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണകള്‍!

  കൂട്ടായ്മയുമായി മുന്നോട്ട് പോവൂ..

  ReplyDelete
 11. ജിക്കുസ് പറഞ്ഞതില്‍ നിന്നും ഒരു ചെറിയ കാര്യം മനസ്സില്‍ വന്നത് പറയട്ടെ.
  സ്ചൂലുകളില്‍ ചെനു കുട്ടികളെ ഇതിന്റെ ഗൌരവം പറഞ്ഞു ബോധ്യമാക്കുന്ന ഒരു ക്യാമ്പൈന്‍ തുടങ്ങുന്നത് എത്ര മാത്രം പ്രാവര്തികമാണ്?

  എന്തെന്നാല്‍ കുട്ടികള്‍ക്ക് മറ്റു കണക്കു കൂട്ടലുകള്‍ കൊണ്ട് വഴി തെറ്റി പോവാതെ ഇതിന്റെ ഗൌരവം മനസ്സിലാക്കുവാന്‍ കഴിയും. അവരില്‍ നിന്ന് അവരുട മാതാപിതാക്കളും അത് മനസ്സിലാക്കട്ടെ. ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്ന് തുടങ്ങിയാല്‍ പ്രശ്നം നേരിട്ട് ബാധിക്കുന്നവര്‍ എന്ന രീതിയില്‍ കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

  കുട്ടികളിലൂടെ ജന ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മുന്നേറ്റം സാധ്യമാവില്ലേ.

  ReplyDelete
 12. അതെ കണ്ണന്‍ ചേട്ടാ.......നമ്മുക്ക് ആ രീതിയില്‍ ശ്രമിക്കേണ്ടതാണ് ..കാരണം വലിയവരെ ഉപദേശിച്ചിട്ട് കാര്ര്യമില്ല അല്ലെങ്കില്‍ തന്നെ എല്ലാം അറിയാം എന്ന ഒരു മാനസിക രീതിയാണ് അവര്‍ക്ക് .കുട്ടികള്‍ എളുപ്പത്തില്‍ ഇവ പിടിച്ചെടുക്കും ..നമ്മള്‍ ഇനി സ്കൂളികളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം .വ്യാപിപ്പിക്കുമ്പോള്‍ ഒരു സ്യ്ബെര്‍ പരിപാടി എന്നത് കൊണ്ട് എത്രയും ആകര്‍ഷകമാകണം ...അത് നവീന വിപ്ലവമാക്കണം കാരണം മുല്ലപെരിയാരിനെ കുറിച്ച് കുട്ടികള്‍ അല്‍പ്പം പോലും അറിവുള്ളവരല്ല കാരണം പഠനത്തില്‍ ഇതിനെക്കുറിച്ച് ആരും പറയുന്നില്ല ഒപ്പം സമകാലിക പ്രശ്നങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരുമല്ല അതിനാല്‍ അവരെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ അത് വന്‍ വിജയമായിരിക്കും ..ഇതിനായി എന്റെ സഹായം എന്ത് വേണമെങ്കിലും ഉണ്ടാകും കോട്ടയം ,എറണാകുളം മുതലായ ജില്ലകളില്‍ ആദ്യം ഇത് തുടങ്ങണം കാരണം ഇടുക്കിക്കാര്‍ ഇതിനെ കുറിച്ച് അല്പം എങ്കിലും ബോധവാന്മാര്‍ ആണ് ..ഒരു കോട്ടയം ജില്ലക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പറയട്ടെ ഇവിടുത്തുകാര്‍ക്ക് ആര്‍ക്കുമിതിനെകുരിച്ചു ഒരു ചുക്കും അറിയില്ല .എല്ലാര്‍ക്കും അറിയാമല്ലോ ഏറ്റവും കൂടുതല്‍ ദുരിതം ഉണ്ടാകാവുന്ന ഒരു സ്ഥലമാണ് കോട്ടയം....പക്ഷെ ഇവിടെ ആരും ഇതിനെ കുറിച്ച് വ്യാകുലപ്പെടുന്നില്ല കോട്ടയത്തെ സ്കൂളുകളില്‍ ഇങ്ങനെ ഒരു പരിപാടി നടത്താന്‍ താരുമാനം ഉണ്ടായാല്‍ തീര്‍ച്ചയായും ഞാന്‍ സഹായിക്കും..............ഉറപ്പായും നമ്മുടെ ബൂലോകം അധികൃതര്‍ ഇതിനൊരു മറുപടി അറിയിക്കും എന്ന് കരുതുന്നു .........

  ReplyDelete
 13. കെ.ചപ്പാത്തും ഒരു ചെറിയ മഴ പെയ്താല്‍ പോലും അവിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള എനിക്ക് മുല്ലപ്പെരിയാര്‍ എന്ന ഡാം തകര്‍ന്നു കഴിഞ്ഞാലുള്ള അവസ്ഥയെപ്പറ്റി ആലോചിക്കുവാന്‍ തന്നെ കഴിയുന്നില്ല. ആ ഒരു ദുരന്തം ഉണ്ടാകാതിരിക്കാനായി നമ്മുടെ ബൂലോഗവും പ്രമുഖരായ പല ബ്ലോഗര്‍മാരും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ആത്മാര്‍ഥമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു..ഒപ്പം ആശംസകളും.

  ReplyDelete
 14. എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

  ReplyDelete
 15. നമ്മുടെ ബൂലോകം ടീം മാതൃകാപരമായ സാമൂഹ്യ ഇടപെടലാണു നടത്തിയിരിക്കുന്നത്. ബ്ലോഗില്‍ എന്തും എഴുതിപ്പൊലിപ്പിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ എഴുതുന്ന വസ്തുതയോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും
  പുലര്‍ത്തുന്നുണ്ടെന്ന് സ്വയം ആത്മപരിശോധന നടത്താന്‍
  ബ്ലോഗെഴുത്ത് നമ്മെ ബാധ്യതപ്പെടുത്തുന്നുണ്ട്.

  ഈ ബാധ്യതയെക്കുറിച്ചുള്ള തിരിച്ചറിവ് സമൂഹത്തെ സ്നേഹത്തോടെ തൊടാനും,ആശ്വസിപ്പിക്കാനും,ആശങ്കകളുടെ പങ്ക് സ്വീകരിക്കാനും സ്വമേധയാ തയ്യാറായി,അതിന്റെ അനുഭവം ഹൃദയസ്പര്‍ശിയായി ബ്ലോഗര്‍മാരോട് പങ്കുവക്കാനും ഉത്തരവാദിത്വബോധം പ്രകടിപ്പിച്ച ജോ,നിരക്ഷരന്‍,ഹരീഷ് തൊടുപുഴ,വിനോദ്.... തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരോടുള്ള ആദരവ് അറിയിക്കുന്നു.

  കൂടാതെ,ചപ്പാത്തില്‍ നമ്മുടെ ബൂലോകം ടീം പരിചയപ്പെട്ട മുല്ലപ്പെരിയാര്‍
  സമര പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.

  പോസ്റ്റില്‍ നിന്നും മനസ്സിലാക്കുന്നത് ചപ്പാത്തില്‍ സമരപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന പ്രവര്‍ത്തകരില്‍ തമിഴ് ഭാഷ വശമുള്ളവര്‍ ഉണ്ടെന്നാണ്. എന്തുകൊണ്ട് അവരെക്കൊണ്ട് അക്ഷയ സെന്ററിലൂടെയോ മറ്റോ തമിഴില്‍ രണ്ടോ മൂന്നോ ബ്ലോഗ് തുടങ്ങിച്ചുകൂട... എന്നൊരു ആശയം തോന്നുന്നു.

  വല്ല ഒഴിവു ദിവസങ്ങളിലും ചപ്പാത്തില്‍ എത്തി സംഭവത്തിന്റെ ഗുരുതരസ്ഥിതിവിശേഷം നേരിട്ടറിയണമെന്ന് തോന്നാന്‍ ചിത്രകാരനെയും ഈ പോസ്റ്റ് പ്രചോദിപ്പിച്ചിരിക്കുന്നു.നന്ദി.
  പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍....

  ReplyDelete
 16. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തമസ്കരിക്കുന്ന ഈ വാര്‍ത്തകള്‍ ഇവിടെ എത്തിച്ചതിനു എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 17. ചെറിയ തുടക്കങ്ങള്‍ വലിയ ഫലപ്രാപ്തിയിലേക്കെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ഈ ലോഗോ സ്റ്റിക്കര്‍ ആക്കി ഇറക്കിയാല്‍ വാഹനങ്ങളിലും മറ്റും പതിക്കാം. കൂടാതെ പോസ്റ്റര്‍ അടിച്ചിറക്കിയാല്‍ ബ്ലോഗര്‍മര്‍ മുകൈ എടുത്ത് എല്ലായിടത്തും പതിപ്പിക്കാം. സാമ്പത്തികമായി അതിലേക്ക് എന്തെങ്കിലും ചെയ്യുവാനും തയ്യാറാണ്.

  കഴിയാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 18. എന്റെ ഐക്യ ദാര്‍ധ്യം ഒരിക്കല്‍ കൂടി!

  ആശംസകള്‍!

  ReplyDelete
 19. ശരിയാണ്;
  വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഉള്ള പ്രചരണം ഒരു പരിധി വരെ ഗുണകരമായിരിക്കും.

  കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസ്സിൽ ഒരു സെമിനാർ/ യോഗം സംഘടിപ്പിച്ചു കൂടേ????
  കൊച്ചിക്കാരായ ബ്ലോഗേഴ്സ് ശ്രമിച്ചാൽ നടക്കുന്ന കാര്യമല്ലേ???????


  കേരളത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഇങ്ങനെ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അതു വളരെ വലിയ ഒരു നേട്ടമായിരിക്കും.


  എല്ലാ വിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  നമുക്കിതു തുടങ്ങിവെക്കാം......

  ദിലീപ്
  +91-9995658089

  ReplyDelete
 20. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണകള്‍...!

  ReplyDelete
 21. Please read
  http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/
  to get an alternate perspective on this issue.

  ReplyDelete
 22. Ente Ella vida pindunayum undavum

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts