സേവ് മുല്ലപ്പെരിയാര്‍ - 2

ബൂലോകരേ...

മുല്ലപ്പെരിയാര്‍ ഡാമിന് അപകടം ഒന്നും ഉണ്ടാകാതിരിക്കാന്‍ , മലയാളികളെ കൂട്ടമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ , ഒരു ദേശീയ ദുരന്തം ഒഴിവാക്കാന്‍ , മലയാളിക്കും തമിഴ് നാട്ടുകാര്‍ക്കും ഒരു കുഴപ്പവുമുണ്ടാകാതെ നല്ല രീതിയില്‍ ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ .... നമുക്ക് മലയാളം ബ്ലോഗേഴ്സിന് എന്ത് ചെയ്യാനാവും?

ഒറ്റയ്ക്കൊറ്റയ്ക്കായി പല പോസ്റ്റുകളും പല ബ്ലോഗുകളിലും ഇതിനകം വന്നു കഴിഞ്ഞു. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ. തമിഴ് സഹോദരങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊടുക്കാനും , ജീവഭയം കൊണ്ടുമാത്രമാണ് നമ്മളെല്ലാവരും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇത്രയും വിഷമിച്ചിരിക്കുന്നതെന്നും അവരെ ബോധവല്‍ക്കരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. കൂട്ടത്തില്‍ എന്താണ് മുല്ലപ്പെരിയാര്‍ വിഷയം എന്ന് ഇനിയും അറിയാത്ത മലയാളികളേയും നമ്മള്‍ ബോധവല്‍ക്കരിക്കുന്നു.
ബൂലോക മുല്ലപ്പെരിയാര്‍ ബോധവല്‍ക്കരണത്തിന്റേയും പ്രക്ഷോഭത്തിന്റേയുമൊക്കെ ആദ്യപടിയായി REBUILD MULLAPERIYAR DAM, SAVE KERALA, MALAYALAM BLOGGERS MOVEMENT എന്ന സന്ദേശമടങ്ങിയ ഒരു ലോഗോ നന്ദപര്‍വ്വം നന്ദകുമാര്‍ ഡിസൈന്‍ ചെയ്ത് അയച്ച് തന്നിട്ടുണ്ട്. അത് നമുക്കെല്ലാവര്‍ക്കും സ്വന്തം ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കാം. ഇക്കാര്യത്തില്‍ നമ്മള്‍ മലയാളം ബ്ലോഗേഴ്സിന്റെ ഐക്യവും കൂട്ടായ്മയും ഈ ലോഗോയിലൂടെ നമുക്ക് പ്രദര്‍ശിപ്പിക്കാം. ലോഗോയും വിഡ്‌ജെറ്റും മുകളിലുണ്ട്. വിഡ്ജെറ്റ് ലിങ്ക് കൊടുത്തിരിക്കുന്നത്, http://rebuilddam.blogspot.com എന്ന പുതിയൊരു ബ്ലോഗിലേക്കാണ്. മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി നമ്മളില്‍ പലരും ഇതിനകം മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടിരിക്കുന്ന എല്ലാ പോസ്റ്റുകളും അടങ്ങുന്ന ലിങ്കുകള്‍ ഈ പുതിയ ബ്ലോഗില്‍ നമ്മള്‍ ചേര്‍ത്തുകൊണ്ടേയിരിക്കും. എല്ലാവരും ഈ വിഷയത്തെക്കുറിച്ച് എഴുതുക, ഇതൊരു വലിയ നീക്കമാക്കി മാറ്റുക.

എല്ലാവരും സ്വയം ഈ വിവരത്തെക്കുറിച്ചുള്ള ലേഖനങ്ങളും പേപ്പര്‍ കട്ടിങ്ങുകളും മറ്റും സംഘടിപ്പിച്ച് സ്വന്തം അഭിപ്രായങ്ങളും മറ്റും ചേത്ത് ഈ വിഷയത്തെപ്പറ്റി സ്വന്തം ബ്ലോഗില്‍ എഴുതിയിടുക. ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത് കഴിഞ്ഞ് വന്നാല്‍ നാം കാണിക്കാറുള്ള ആവേശത്തോടെ എല്ലാ ബ്ലോഗുകളിലും ഇത്തരം പോസ്റ്റുകളും വിവരങ്ങളും വരണം. പറ്റുമെങ്കില്‍ തമിഴിലും മറ്റ് ഭാഷകളിലുമൊക്കെ വന്നിട്ടുള്ള വിവരങ്ങളും സംഘടിപ്പിക്കണം. അതെല്ലാം തര്‍ജ്ജിമ ചെയ്ത് ഇടാന്‍ നമുക്ക് ശ്രമിക്കാം.

അങ്ങനെ ഓരോ പടിപടിയായി ഈ വിഷയത്തില്‍ നമുക്കുള്ള ആശങ്കയും വ്യാകുലതയും ജനങ്ങളെ അറിയിക്കാം, പുറം ലോകത്തെത്തിക്കാം. അധികാരികളുടെ മുന്നിലെത്തിക്കാം. മഴക്കാലം വരുമ്പോള്‍ ഒച്ചയും ബഹളവും ഉണ്ടാക്കിയിട്ട് മഴക്കാലം കഴിഞ്ഞാല്‍ വായ പൂട്ടിയിരിക്കുന്ന നിലപാട് ഇനി നമുക്ക് ഒഴിവാക്കണം. ഈ നിലവിളി ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുന്നത് വരെ നമ്മള്‍ തുടരുന്നു. അതിന്റെ ആദ്യപടി ഈ ലോഗോ ഇടുന്നതിലൂടെ നമ്മള്‍ ചെയ്യുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Popular Posts