അതിരാവിലെ വാതിലില്‍ ശക്തിയായി ആരോ മുട്ടുന്നതു കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. ജയ്സണ്‍ നല്ല ഉറക്കത്തില്‍ തന്നെ, ബ്രഷ്നേവിനെ കാണുന്നില്ല.
വാതില്‍ തുറന്നപ്പോള്‍ ഒരു വലിയ പൊതിയുമായി സാബു ചിരിച്ചുകൊണ്ടു നില്ക്കുന്നു.
അവന്റെ വീടിന്റെ മുറ്റത്തിനോട് ചേര്‍ന്നുള്ള സ്ഥലത്തു നട്ടു വളര്‍ത്തിയ കപ്പ (മരച്ചീനി) പറിച്ച് “ചെണ്ട മുറിയന്‍“ പുഴുങ്ങി കാന്താരി മുളകു ചമ്മന്തിയുമായി ഭാര്യ ചൂടുപോകാതെ ഒരു പാത്രത്തിലാക്കി കൊടുത്തു വിട്ടിരിക്കുന്നു. ഹൈറേഞ്ചു കാരന് എവിടെ ചെന്നാലും അവന്റെ സ്വഭാവം മാറില്ല. ഒരു തുണ്ടു ഭൂമി കണ്ടാല്‍ എന്തെങ്കിലും കൃഷി ചെയ്യാതിരിക്കാന്‍ കഴിയില്ല.
ബ്രെഷ്നേവ് എവിടെ എന്നു സാബു തിരക്കിയപ്പോഴേക്കും ബാത്രൂമില്‍ നിന്നും ബ്രെഷ് ഇറങ്ങി വന്നു. ചൂടുവെള്ളം തീര്‍ന്നു പോയേക്കുമോ എന്ന ഭയത്തില്‍ അവന് പ്രഭാത കൃത്യങ്ങള്‍ നേരത്തേ കഴിച്ചിരിക്കുന്നു!
ജനല്‍ കര്ട്ടന് നീക്കി പുറത്തേക്കു നോക്കി.
നേരം നന്നായി വെളുത്തിട്ടില്ല. ദൂരെ മല മുകളില്‍ മസ്സൂറിയിലെ തെരുവിളക്കുകള്‍ പ്രകാശിക്കുന്നത് നേരിയ മൂടല്‍ മഞ്ഞിലൂടെ കാണാം. ജനല്‍ ചില്ലിന്മേല് മഞ്ഞു കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. തലേ ദിവസം വിവാഹാഘോഷങ്ങള്‍ അരങ്ങേറിയ പന്തല്‍ ആളൊഴിഞ്ഞു കിടക്കുന്നു. ഒരു പുതിയ കൊച്ചുകുടുംമ്പം ഇന്നലെ ഉടലെടുത്തിരിക്കുന്നു. അതിന്റെ ബാക്കി പത്രമെന്നോണം, പൂമാലകളും തോരണങ്ങളും ചിതറിക്കിടക്കുന്നു.ഡഹ്റാഡൂണ്‍ പട്ടണം സുഖ സുഷുപ്തിയില്‍ ആണ്. അതിനിടയില്‍ ഞങ്ങള്‍ നാലു പേര്, കൊടിയ തണുപ്പിലും എഴുന്നേറ്റിരുന്ന്, യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി.

മഞ്ഞുകാലത്തെ ദേവതാരു വൃക്ഷങ്ങള്‍

അന്തിവെയിലില്‍ ദേവതാരു വൃക്ഷങ്ങള്സ്വെറ്ററും രോമത്തൊപ്പിയും ധരിച്ചിട്ടുണ്ടെങ്കിലും സാബുവിന്റെ താടി കൂട്ടിയിടിക്കുന്നു. കോട്ടന്‍ ‘ഇന്ന'റും, പുറമെ സാധാരണ ഡ്രസ്സും, ഏറ്റവും പുറത്തു സ്വെറ്ററും ,തൊപ്പിയും ധരിച്ച് ഞങ്ങള്‍ റെഡിയായി. അപ്പോഴേക്കും സാബു ആവിപറക്കുന്ന കപ്പയും കാന്താരിമുളകു ചമ്മന്തിയും പ്ലേറ്റുകളില്‍ എടുത്തു വച്ചു.
വിശക്കാന് തൂടങ്ങിയിരുന്നില്ല. എങ്കിലും, അതീവ രുചികരമായി തോന്നി ആ പ്രഭാത ഭക്ഷണം.ഹൈറേഞ്ചിലെ ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെ തന്നെയായിരുന്നു. അന്നൊക്കെ ഞങ്ങളുടെ നാട്ടിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. നിത്യവും രാവിലെ കപ്പ തന്നെയായിരുന്നു ഭക്ഷണം. എന്റെ അയല്‍വാസികൂടിയായ സാബുവുമായി പഴയകാല ജീവിതം പങ്കു വച്ചു.
എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പ് അതിരാവിലെ അടുത്തുള്ള കൊച്ചുടൌണില് പാലു കൊണ്ടു പോയി കൊടുക്കണം. മൂത്തവര്‍ക്ക് പ്രായം കൂടുന്നതനുസരിച്ചു മറ്റു അസൈന്മെന്റ്സ് കിട്ടും. ഇളയ ആള് ആയതുകൊണ്ട് എനിക്ക് ഈ ജോലി കൈമാറാന്‍ മറ്റാരും ഇല്ലായിരുന്നു.
തണുത്ത മഞ്ഞു തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്നാമ്പുകളില് തൊടാതെ വയല്‍ വരമ്പിലൂടെ അക്കര കടക്കണം. ഒരിക്കലും സാധിക്കാറില്ല!വരമ്പില്‍ ഞണ്ടുകള്‍ തുളച്ച പോതുകളില്‍ വെള്ളം നിറഞ്ഞു നില്ക്കും. അക്കരെ റോഡില്‍ എത്തുമ്പോഴേക്കും കാല്പാദം നനഞ്ഞു മരവിച്ചു കഴിഞ്ഞിരിക്കും. പിന്നെ ഒരു ഓട്ടമാണ്, കടയില്‍ എത്തുന്നതു വരെ!
അന്ന്, എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിച്ച ആ ദിനങ്ങള്‍ തേടി ഇന്നു, ഇതാ ഈ മലമുകളില്‍ എത്തിയിരിക്കുന്നു!
റൂം ചെക്ക് ഔട്ട് ചെയ്തു. അതി രാവിലെ വിളിച്ച് എഴുന്നേല്‍പ്പിച്ചത് റിസപ്ഷനിസ്റ്റിന് ഇഷ്ടപ്പെട്ടില്ല എന്നു തോന്നി. എങ്കിലും ഞങ്ങള്‍ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ഹോട്ടല്‍ ബില്ലില്‍ നല്ലൊരു തുക ഡിസ്കൌണ്ട് തന്നു യാത്രയാക്കി. ശൈത്യകാലത്തുവിനോദ സഞ്ചാരികളെ കിട്ടില്ലല്ലോ!
ഡഹ്റാഡൂണില്‍ നിന്നും ഋഷികേശിലേക്കു 47 കി.മി.ദൂരമുണ്ട്. ഇരു വശങ്ങളിലും കൂറ്റന്‍ മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന നല്ല വൃത്തിയുള്ള റോഡ്. പട്ടണത്തില്‍ എങ്ങും ഉയരമുള്ള കെട്ടിടങ്ങള്‍ ഇല്ല. കടകളും റെസ്റ്റോറന്റുകളും തണുപ്പു നിമിത്തം 9 മണിക്കു ശേഷമേ തുറക്കാറുള്ളൂ. പൊതുവേ പ്രഭാത ഭക്ഷണം വീട്ടില്‍ നിന്നും കഴിക്കുന്ന പ്രകൃതക്കാരാണ് അവിടുത്തുകാര്‍.പട്ടണം ഉണര്‍ന്നു വരുന്നതേയുള്ളൂ. വഴിയില്‍ ആരെയും കാണാനില്ലായിരുന്നു. തലേദിവസത്തെ ഗഡ്വാളി ഡ്രൈവറെക്കാള്‍ വേഗതയിലും പരുക്കന്‍ ആയിട്ടും ആയിരുന്നു സാബുവിന്റെ ഡ്രൈവിംഗ്. ഓരോ വളവിലും ബ്രഷിന്റെ ചീത്തകേട്ടിട്ടും സാബുവിനു ഒരു കുലുക്കവിമില്ല. വഴിയില്‍ ബെന്നിയുടെ വീട്ടില്‍ കയറണം. ഇന്നു കൂടി അവന് ഞങ്ങളോടൊപ്പം ഉണ്ടാവും.

ജയ്സണും ബെന്നിയുംഇന്നത്തെ യാത്രയില്‍, ഗംഗയില്‍ കൂടിയുള്ള റാഫ്റ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നത് ബെന്നിയുടെ പരിചയത്തിലുള്ള ഒരു പെണ്‍കുട്ടിയാണ് .
ബെന്നിയുടെ ഗ്രൌണ്ട് ഫ്ലോറിലുള്ള കൊച്ചു മനോഹരമായ വീട്. വീട്ടില്‍ കയറിയപ്പോഴേക്കും ഋഷികേശില്‍ നിന്നും കോള്‍ വന്നു.
“സിനിയാണ് വിളിച്ചത്?“ ബെന്നി പറഞ്ഞു.
“തണുപ്പു കാലമായതുകൊണ്ട് റാഫ്റ്റിംഗില്‍ ആളുകള്‍ കുറവാണെന്നും രാവിലെ തന്നെ എത്തണമെന്നും പറഞ്ഞു”
“ആരാണീ സിനി?“ സാബുവിന്റെ സംശയം
.
“നമുക്കു ഗംഗാ നദിയിലെ യാത്ര ഒരുക്കിയിരിക്കുന്ന എന്റെ പരിചയത്തിലുള്ള്ല ഒരു പെണ്‍കുട്ടി” ബെന്നി സംശയം തീര്‍ത്തു.
അവിടെ അധിക സമയം ചിലവഴിക്കാതെ ബെന്നിയുടെ ഭാര്യയോട് യാത്രയും പറഞ്ഞു ഇറങ്ങി.
വഴിയില്‍ വച്ചു മൂന്നു പ്രാവശ്യം കൂടി സിനി ഞങ്ങളെ വിളിച്ചു. ഇന്നു വരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയുടെ സ്നേഹവും കരുതലും ആയി അല്‍പ്പസമയം ഞങ്ങളുടെ ചര്‍ച്ചാ വിഷയം. ഋഷികേശില്‍ ചെന്നപ്പോഴാണ് കാര്യം പിടികിട്ടിയത്, ട്രാവല്‍ ഏജന്റിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു പാവം! അവളുടെ കസ്റ്റമര്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശുഷ്കാന്തി, ഞങ്ങളൊടുള്ള സ്നേഹമായി തെറ്റിദ്ധരിച്ചതായിരുന്നു.
(മറ്റു പലതിനേയും സ്നേഹമായി തെറ്റി ധരിക്കുന്നതു അദ്യമായല്ലല്ലോ?)
എങ്കിലും സിനിയിടെ ചുറുചുറുക്ക് ഞങ്ങളെ അമ്പരപ്പിച്ചു. ഞങ്ങള്‍ക്കു ജലയാത്രയ്ക്കു വേണ്ടിയുള്ള വസ്ത്രങ്ങള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ബാഗുകളും സൂക്ഷിക്കുവാനുള്ള സൌകര്യങ്ങള്‍ എല്ലാം നൊടിയിടയില്‍ ക്രമീകരിച്ചു തന്നു .
അപ്പോഴേക്കും ഞങ്ങളെ കൊണ്ട് പോകാനുള്ള സുമോ എത്തിച്ചേര്‍ന്നു. ജീപ്പിന്റെ മുകളില്‍ റാഫ്റ്റ് കെട്ടി വച്ചിരിക്കുന്നതു കണ്ടപ്പോഴാണ്, എനിക്കു സംഭവം എന്താണെന്നു പിടി കിട്ടിയതു. ഞങ്ങളുടെ യാത്രക്കിടയില്‍, നാലു സ്ഥലത്ത് ചെറിയ വെള്ള ച്ചാട്ടങ്ങള്‍ ഉണ്ടെന്നും, അവിടെ റാഫ്റ്റ് മറിയാന്‍ വരെ സാധ്യതയുണ്ടെന്നും, അതിനാല്‍ ക്യാമറ കരുതേണ്ടന്നും ഞങ്ങളുടെ ഗൈഡ് പറഞ്ഞപ്പോള്‍ നിരാശയും അല്പം ഭയവും തോന്നി.
ഏതാണ്ട് 15 കിമി. ഗംഗാ നദിയുടെ തീരത്തു കൂടി യാത്ര ചെയ്തു. രണ്ടു വലിയ പര്‍വ്വതങ്ങളുടെ ഇടയില്‍ അങ്ങു താഴെ നീല നിറത്തില്‍ ഗംഗ ഒഴുകന്നതു കാണാമായിരുന്നു.

(ഗംഗ)മറു കരയിലെ പര്‍വ്വതത്തിന്റെ വശത്തു കൂടി ഞങ്ങള്‍ യാത്ര ചെയ്തതിനു സമാന്തരമായി ഒരു റോഡ് പോകുന്നുണ്ടായിരുന്നു.
“അതു നീല്‍കണ്ഠ് പര്‍വ്വതത്തിലേക്കാണ്“ ബെന്നി ഒരു അറിവിന്റെ ഭണ്ഡാരമായിരുന്നു.
ഏതു വിഷയത്തേക്കുറിച്ചും അസാമാന്യമായ ജ്ഞാനം അവനുണ്ടായിരുന്നു. പ്രത്യേകിച്ച് ഭൂമി ശാസ്ത്ര പരവും ,ചരിത്രപരവുമായ വിഷയങ്ങളില്‍ അവന്റെ അറിവുകള്‍ ഞങ്ങളെ പലപ്പോഴും അല്‍ഭുതപ്പെടുത്തി.
“ദേവന്മാരും അസുരന്മാരും കൂടി നടത്തിയ അമൃതമഥനത്തില്‍ ഉയര്‍ന്നു വല്ല കാളകൂട വിഷം മഹേശ്വരന് കുടിച്ചത് ഈ പര്‍വ്വതത്തില്‍ വച്ചാണെന്നാണെന്ന് ഐതിഹ്യം. അതുകൊണ്ടാണ് നീല്‍കണ്ഠ് എന്ന പേര് ആ സ്ഥലത്തിനു വന്നത്. പുരാതന്മായ ഒരു ശിവ ക്ഷേത്രം 30 കി.മി. ദൂരെ മലമുകുളില് സ്ഥിതി ചെയ്യുന്നു.” ബെന്നി പറഞ്ഞുകൊണ്ടേയിരുന്നു.
പെട്ടെന്നു വണ്ടി നിര്‍ത്തി. മുന്പില് വരിയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ ഇറങ്ങി മുന്പില് ചെന്നു നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. മുകള്‍ വശം ഇടിഞ്ഞു വലിയ ഒരു കല്ലും കുറെ മണ്ണും റോഡില്‍ വന്നു കിടക്കുന്നു. എസ്കവേറ്റര്‍ ഉപയോഗിച്ചു മണ്ണ് മാറ്റികൊണ്ടിരിക്കുന്നു, അതിനനുസരിച്ചു അങ്ങു മുകളില്‍ നിന്നും, മണ്ണു താഴെയ്ക്കു വന്നു കൊണ്ടേയിരിക്കുന്നു. വീഴാന്‍ പാകത്തില്‍ ചില വലിയ കല്ലുകള്‍ മുകളില്‍ ഇരിക്കുന്നതു കണ്ടു ഞങ്ങള്‍ ഓടി മാറി. അതു കണ്ടു ഞങ്ങളുടെതിനു മുന്പില് ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ചിരിച്ചു.
ഇതു ഈ റോഡിലെ നിത്യ സംഭവ മാണെന്നും, പണിക്കാര് സദാ സന്നദ്ധരായി റോഡില്‍ ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.

നാളെ ബദരീനാഥിലേയ്ക്കു പോകേണ്ടുന്ന വഴി ഇതു തന്നെ എന്നു ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ബ്രഷ്നേവിന്റെ മുഖം വാടി. ഞങ്ങളും ഭയപ്പെടാതിരുന്നില്ല.
കണ്ണെത്തുന്ന ദൂരത്തെങ്ങും ആള്‍പാര്‍പ്പില്ലാത്ത ചെങ്കുത്തായ വന്‍ പര്‍വ്വതങ്ങള്‍. ഒരു വശത്ത് അത്യഗാധമായ ഗര്‍ത്തം. മറുവശത്തു ഉയര്ന്നുനില്ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍. പൊടി മണ്ണുപോലെ, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പിടുത്തം ഇല്ലാതെ ഊര്‍ന്നു വരുന്ന മണ്ണ്. മുന്പോട്ടുള്ള യാത്രയിലെ ഈ അപകട സാധ്യതകള്‍ ഞങ്ങളെ ഭയപ്പെടുത്തി.
ഒരു വണ്ടിക്കു കഷ്ടിച്ചു കടന്നു പോകുവാന്‍ വഴി ശരിയായപ്പോല്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു.
കുറെ ദൂരം ചെന്നപ്പോള്‍, വഴിയില്‍ നിന്നും വണ്ടി താഴെയിറക്കി ഉരുളന്‍ കല്ലിനു മുകള്ലിലൂടെയായി യാത്ര. അല്പം കഴിഞ്ഞതേയുള്ളൂ, അതാ മുന്പില് ,ശാന്തമായി ഒഴുകി വരുന്ന ഗംഗ നദി.
ചെറുപ്പം മുതല്‍ കവിതകളിലും, പുരാണ കഥകളിലും കേട്ടു പതിഞ്ഞ പുണ്യനാമം. ക്ഷേത്രങ്ങളിലും വീടുകളിലും അമൂല്യമായി സൂക്ഷിക്കുന്ന ഗംഗാ ജലത്തിന്റെ കുളിര്‍പ്രവാഹം! ഹിമാലയത്തിലെ ഗംഗോത്രിയില്‍, ഭൂഗര്‍ഭത്തിലെ മഞ്ഞു പാളികള്‍ക്കടിയില്‍ നിന്നും ഉല്ഭവിച്ചു, ഇരു കരകളേയും കുളിപ്പിച്ചു ഇളം നീല നിറത്തില്‍ സ്വച്ഛമായി ഒഴുകി വരുന്നു.
മനോഹരമായ ആ കാഴ്ച കണ്ട് എല്ലാവരും വികാരാധീനരായി നിന്നു.
ഒരു കൈക്കുമ്പിള്‍ വെള്ളം കോരി മുഖം കഴുകി. തണുത്തുറഞ്ഞുപോയി. പക്ഷേ, അന്നു വരെ വായിച്ചും കേട്ടും മനസ്സില്‍ പതിഞ്ഞ ഗംഗാ നദിയല്ലായിരുന്നു അത്.
അഴുക്കും, വിസര്‍ജ്ജ്യ വസ്തുക്കളും ,പാതി ദഹിക്കാത്ത ശവങ്ങളും, ശവം തീനി മീനുകളും നിറഞ്ഞ അശുദ്ധയായ ഗംഗയായിരുന്നു മനസ്സില്‍.
എന്നാല്‍ കണ്ണീരു പോലെ തെളിഞ്ഞു, കരകളിലെങ്ങും അഴുക്കിന്റെ ലാഞ്ചന പോലുമില്ലാതെ, തികച്ചും ശുദ്ധമായി ഒഴുകുന്ന ആ തെളിനീര് പ്രവാഹം, അന്നു വരെയുള്ള എല്ലാ ധാരണകളേയും മാറ്റി മറിച്ചുകളഞ്ഞു. ഒരു പക്ഷേ, താഴേക്കുയ് ഒഴുകി വരുമ്പോള്‍, മലിനമാകുന്നുണ്ടാകാം. എന്നാല്‍ ഞങ്ങളുടെ മുന്നിലൂടെ ഒഴുകികൊണ്ടിരുന്ന ഗംഗാനദി, പരിശുദ്ധമായിരുന്നു.
അ മനോഹര കാഴ്ചകള്‍ കണ്ടു മനം മയങ്ങി നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ ഗൈഡ് പിന്നില്‍ നിന്നും വിളിച്ചത്.
റാഫ്റ്റ് വണ്ടിയില്‍ നിന്നും നിലത്ത് ഇറക്കി, കാറ്റു നിറയ്ക്കുവാന്‍ തുടങ്ങി. സൈക്കിള്‍ പമ്പിന്റെ രൂപത്തിലുള്ള വലിയ എയര്‍ പമ്പു ചാമ്പിയാണ് കാറ്റ് നിറക്കുന്നത്. ആവും വിധം ഞങ്ങളും സഹായിച്ചു.
അവര്‍ രണ്ടു പേരുണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചു പേര്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ മൂത്ത ഗൈഡ് ഞങ്ങളെ എല്ലാവരേയും വിളിച്ചു , ഓരോരുത്തരെയായി, ലൈഫ് ജാക്കെറ്റ് ധരിപ്പിച്ചു, ഹെല്‍മെറ്റ് വച്ചു മുറുക്കി, രണ്ടാമത്തെയാള്‍ എല്ലാം പരിശോധിച്ചു ഉറപ്പ് വരുത്തി.
പിന്നീട് ഞങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ട്രൈനിഗും ആരംഭിച്ചു.
“നമുക്കു ഏകദേശം 10 കി. മി. ഗംഗയില്‍ക്കൂടി യാത്രയുണ്ട്“ ഗൈഡ് വിശദീകരിച്ചു. “ഈ റാഫ്റ്റ് ഞങ്ങള്‍ രണ്ട് പേര് തുഴഞ്ഞു നിങ്ങളെ ലക്ഷ്യസ്ഥാനത്തു എത്തിക്കുവാന്‍ ഒരിക്കലും കഴിയില്ല ഇതൊരു ടീം വര്‍ക്ക് ആണ്. നിങ്ങള്‍ തന്നെയാണ് തുഴയുന്നത്, അനുവദിക്കുന്ന സമയത്തല്ലാതെ റാഫ്റ്റിനുള്ളില്‍ കളി തമാശകളോ, പൊട്ടിച്ചിരികളോ പാടില്ല”
കാര്യം അല്പം ഗൌരവമുള്ളതാണെന്ന് ഞങ്ങള്‍ക്കു തോന്നി തുടങ്ങി
“ഞങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ വ്യക്തമായി കേള്‍ക്കുകയും കൃത്യമായി പാലിക്കുകയും ചെയ്യണം“
തുടര്‍ന്നു ഫോര്‍വേഡ്, ബാക്ക്വേര്‍ഡ്, റൈറ്റ് ഫോര്‍വേഡ്- തുടങ്ങിയ ചില കമാന്റുകള്‍ പറഞ്ഞു തന്നു.
“ഞങ്ങള്‍ ഈ കമാന്റുകളിലൂടെയല്ലാതെ നിങ്ങളൊടു സംസാരിക്കുകയില്ല” ഗൈഡ് സഗൌരവം പറഞ്ഞു നിര്‍ത്തി.
ഞങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു, അല്‍പ്പം ഭയം തോന്നി തുടങ്ങി.
അതു മനസിലാക്കി ഗൈഡ് തുടര്‍ന്നു,
“ഒന്നു ഓര്‍ക്കുക, നിങ്ങള്‍ റാഫ്റ്റ് മറിഞ്ഞു വെള്ളത്തില്‍ പോയാലും , ഒരിക്കലും മുങ്ങി പോകയില്ല, ഞങ്ങള്‍ രക്ഷപ്പെടുത്തിക്കൊള്ളാം, ആരും ഭയപ്പെടേണ്ടതില്ല“
ആ വാക്കുകള്‍ ചെറിയ ആശ്വാസം പകര്‍ന്നു.
തുടര്‍ന്നു എല്ലാവര്ക്കും ഓരോ പങ്കായം തന്നു, ഞങ്ങളുടെ ഭാരവും, ആരോഗ്യവും അനുസരിച്ചു ഓരോ വശങ്ങളില് ഇരുത്തി. നടുക്ക് ആരേയും ഇരിക്കാന്‍ അനുവദിച്ചില്ല.
“ഒകെ, ലെറ്റ് അസ് സ്റ്റാര്‍ട്ട് ?”
“യേസ്സ്” ഞങ്ങളുടെ സംസാരങ്ങള്‍ പട്ടാള പരേഡിനെ ഓര്‍മ്മിപ്പിച്ചു.
ഗൈഡ് അല്പം ഗംഗാ ജലം കൈകൊണ്ട് കോരി റാഫ്റ്റില്‍ തളിച്ചു, എന്തൊക്കെയോചെയ്യുന്നതും ഒരു കവിള് കുടിക്കുന്നതും കണ്ടു.
ഡിസ്ക്കവറി ചാനെലിലും ഇംഗ്ഗ്ലീഷ് സിനിമകളിലും മാത്രം കണ്ടു പരിചയമുള്ള സാഹസിക ജലയാത്ര ആരംഭിച്ചു.
ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു തുഴഞ്ഞു, ഗൈഡ് അനുവദിച്ചപ്പോള്‍ മാത്രം തമാശകള്‍ പറഞ്ഞു ചിരിച്ചു.
ഇരു വശത്തും ആകാശം മുട്ടെ നില്ക്കുന്ന മലകള്‍ക്കിടയിലൂടെയുള്ള ആ ജല യാത്ര അവിസ്മരണീയമായിരുന്നു. അല്പം മുന്‍പോട്ടു ചെന്നപ്പോള്‍, നിരപ്പുള്ള ഒരു കരയില്‍ ടെന്റുകള്‍ അടിച്ചു താമസിച്ചു സായ്പ്പന്മാര് ഗംഗാതീരത്തിരുന്നു യോഗ ചെയ്യുന്നു.യൌവ്വനം നിലനിര്‍ത്തി ആരോഗ്യം വീണ്ടെടുക്കാന്‍, ആര്‍ഷ ഭാരതത്തിലെ യോഗീന്ദ്രന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പരീക്ഷിക്കുകയാണ് വെള്ളക്കാര്‍ ഈ നദി തീരത്ത്. പല വലിപ്പത്തിലും രൂപത്തിലും ഉള്ള അനേകം കൊച്ചു കുടിലുകള്‍ നിര നിരയായി പണിതിട്ടിരിക്കുന്നു. അതി രാവിലെ എഴുന്നേറ്റത്തില്‍ തണുത്തുറയുന്ന ഗംഗയില്‍ മുങ്ങിക്കുളിച്ചു, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ സൂര്യ നമസ്കാരം നടത്തി, ലളിത ഭക്ഷണം കഴിച്ചു, ചില മാസങ്ങള്‍ തന്നെ അവിടെ കഴിയാറുണ്ടത്രേ,
ഇത്തരം പുഴയോര കാഴ്ചകള്‍ കണ്ടു രസിച്ചിരിക്കുമ്പോള് ഗൈഡ് വിളിച്ചു പറഞ്ഞു
“ഓള് ഫോര്‍വേഡ്“
എല്ലാവരും തുഴകള്‍ കൈയ്യിലെടുത്തു. മുന്‍പോട്ടു നോക്കിയപ്പോല്‍ ഞങ്ങള്‍ക്കു മുന്പില് നദി യില്‍ ഒരു വെള്ളച്ചാട്ടം. ഏതാണ്ട് 50 മീറ്ററോളം നീളത്തില്‍ നദി കുത്തിമറിഞ്ഞു ഒഴുകുന്നു.
എല്ലാവരും ശക്തിയായി തുഴഞ്ഞു. റാഫ്റ്റ് ഇളകി മറിയാറായി, അകത്തു വെള്ളം ഇടിച്ചു കയറി.എല്ലാവരും നനഞ്ഞു കുളിച്ചു .റാഫ്റ്റിന്റെ നിയന്ത്രണം വിട്ടു . മറിയുമെന്നായപ്പോള്‍ തുഴച്ചില്‍ നിര്‍ത്തി റാഫ്റ്റിന്റെ വശങ്ങളില് കെട്ടിയിരുന്ന കയറില്‍ ബലമായി പിടിച്ചു, റാഫ്റ്റ് ഏടുത്ത് എറിയപ്പെടുകയാണ്, മറ്റാരേയും ശ്രദ്ധിക്കാനോ, മിണ്ടാനോ പറ്റുന്നില്ല,
അധികം സമയം അതു നീണ്ടു നിന്നില്ല, പതിയ ഞങ്ങള്ല് വെള്ള ചാട്ടം കടന്നു . എല്ലാവരുടെയും മുഖത്തു സന്തോഷവും തിമിര്‍പ്പും ഉത്സാഹവും തിരിച്ചു വന്നു.
“കമോണ്‍, ജംപ് ഇന്റു തെ വാട്ടെര്‍” ഗൈഡ് പെട്ടെന്ന് അട്ടഹസിച്ചു.
എന്തിനും മടിയില്ലാത്ത ജയ്സണ്‍ അതു കേട്ടതും ഗംഗയിലേക്കു എടുത്തു ചാടി. ഒന്നു മുങ്ങി പൊങ്ങി വന്നപ്പോല് ഞാന്‍ ചോദിച്ചു
“ എങ്ങിനെയുണ്ട്?“
അവന് ഒന്നും മിണ്ടാതിരുന്നപ്പോള്‍, ആവേശം മൂത്ത് ഞാനും എടുത്തു ചാടി.
മുങ്ങിപ്പോങ്ങിപ്പോഴാണ് ജയ്സണ്‍ മിണ്ടാത്തത് എന്താണെന്നു മനസിലായത്. തണുത്ത് വെറുങ്ങലിച്ചു മിണ്ടാന്‍ വയ്യാതെ യായിപ്പോയിരുന്നു, പാവം!
പിന്നെ താമസിച്ചില്ല സാബുവും, ബ്രെഷും എടുത്തു ചാടി.
സാബു ഒഴികെ ആര്‍ക്കും ആ തണുപ്പില്‍ ഗംഗയില്‍ കിടക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തിന്റെ താപം ഏതാണ്ട് 4 നും 6 നും ഡിഗ്രിക്ക് ഇടയില്‍ ആയിരിക്കും എന്നു ബെന്നി പറഞ്ഞു. ബെന്നി മാത്രം നദിയില്‍ ചാടിയില്ല.
തണുത്തു വെറുങ്ങലിച്ചെങ്കിലും, ഏതാണ്ട് 3 മണിക്കൂറ് സമയം ഗംഗാ നദിയുടെ മാര്ത്തട്ടില്ക്കൂടിയുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ചെറുതും വലുതും ആയ 4 വെള്ളച്ചാട്ടങ്ങള്‍ കൂടി യാത്ര അവസാനിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ താണ്ടി. യാത്രാവസാനം, ഫോട്ടോ എടുക്കാന്‍ അല്പ സമയം കാത്തു നിക്കണമെന്ന അഭ്യര്‍ഥനയെ മാനിച്ച് ഗൈഡ്, ഫിനിഷിങ് പോയിറ്റില്‍ റാഫ്റ്റ് നിര്‍ത്തിയിട്ടു. ജയ്സണ്‍ പോയി ക്യാമറകൊണ്ടുവരികയും കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു കൂടി റാഫ്റ്റ് ചുമന്നു വണ്ടിയില്‍ എത്തിച്ചൂകൊടുത്തപ്പോള് , എല്ലാവരുടെയും മുഖത്തു സംതൃപ്തിയും സന്തോഷവും നിറഞ്ഞു നിന്നും.





നല്ല വിശപ്പു തോന്നി. ഋഷികേശ് പൂര്‍ണ്ണമായും ഒരു സസ്യാഹാര നഗരമാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും ആശ്രമങ്ങളും മഠങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും കാണാം. യോഗവിദ്യയുടെ തലസ്ഥാനം എന്നാണ് ഋഷികേശിന്റെ അപര നാമധേയം.
ഋഷികേശിനെ ഹിമാലയ തീര്‍ഥാടനത്തിന്റെ കവാടം എന്നു പറയാം. ഹൈന്ദ തീര്‍ത്ഥാട കേന്ദ്രങ്ങളായ ചാര് ധാം യാത്ര തുടങ്ങുന്നതു ഇവിടെ നിന്നുമാണ്. യമുനാ നദിയുടെ ഉത്ഭവ സ്ഥലമായ യമുനോത്രി(288 കി.മി.), ഗംഗയുടെ ഉത്ഭവ സ്ഥലമായ ഗംഗോത്രി (258 കി.മി.), കേദാര്‍ നാഥ് (228 കി.മി.), ബദരീ നാഥ് (301 കി .മി.)എന്നിവയാണ് ചാര്‍ധാം എന്നു പറയപ്പെടുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍.
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഈ പുണ്യ സ്ഥലങ്ങളും അവിടെയുള്ള പുരാതന ക്ഷേത്രങ്ങളും മഞ്ഞു മൂടിക്കിടക്കും. പ്രത്യേക അനുമതിയില്ലാതെ സന്ദര്‍ശനം അനുവദിക്കുകയില്ല. ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കൂകയും ഇല്ല. പ്രധാന കേന്ദ്രങ്ങള്‍ ഇവയാണെങ്കിലും, പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന ഒട്ടനവധി സ്ഥലങ്ങള്‍ ഇവയോടു ചേര്‍ന്നു കാണാം.
ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര് സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം.
ഋഷി കേശിലെ ഒരു പ്രശസ്തമായ ഹോട്ടല്‍ ആണ് ചോട്ടിവാല റെസ്റ്റോറന്റ്. അവിടെയ്ക്കു പോകുവാന്‍ ഗംഗാനദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഒരു കൂറ്റന്‍ തൂക്കു പാലത്തിലൂടെ കടന്നു വേണം പോകുവാന്‍.
1939 ല്‍ പണി പൂര്‍ത്തിയായ 450 അടി നീളമുള്ള ലക്ഷ്മണ് ജൂല എന്ന ഈ പാലം ഇരുമ്പു വടങ്ങളിലാണ് തൂക്കിയിട്ടിരുന്നത്. ലക്ഷ്മണന് ചണക്കയറില് തൂങ്ങി ഗംഗാ നദി കുറുകെ കടന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം. നദിയുടെ പടിഞ്ഞാറേക്കരയില്‍ വലിയ ലക്ഷ്മണ ക്ഷേത്രവും നിലകൊള്ളുന്നു..

(ലക്ഷ്മണ് ജൂല)ഈ തൂക്കു പാലത്തിനു ഏതാണ്ട് ഒരു കിലോമീറ്റര്‍ മുകളില്‍ ഇതേ വലിപ്പത്തിലും രൂപത്തിലും മറ്റൊരു തൂക്കുപാലം പണിതിരിക്കുന്നു. അതിന്റെ പേര് രാം ജൂല. ഗംഗയുടെ ഇരു കരകളിലുമുള്ള ശിവാനന്ദ ആശ്രമത്തേയും , സ്വര്ഗ്ഗാനന്ദ ആശ്രമത്തേയും ബന്ധിപ്പിക്കുന്നതാണ് രാം ജൂല.

(രാം ജൂല. )ലക്ഷ്മണ് ജൂല കടന്നു ഗംഗാനദിയുടെ പടിഞ്ഞാറെ കരയിലുള്ള ചോട്ടിവാല റെസ്റ്റോറന്റിലേക്ക് ഞങ്ങള്‍ യാത്രയായി.
(തുടരും..)
(മഞ്ഞുകാലത്തെ ദേവതാരു വൃക്ഷങ്ങള്‍, ഗംഗ എന്നിവ വിക്കി ചിത്രങ്ങള്‍ ആണ്)