ഉപതെരഞ്ഞെടുപ്പ് : കേരളത്തിനുള്ള നേട്ടം എന്ത്?

അപ്പു എഴുതുന്ന പ്രതികരണം

അങ്ങനെ
കേരളനാട്ടിൽ ഒരു ഉപതിരഞ്ഞെടുപ്പുകൂടി കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥികൾ മൂന്നിടത്തും വിജയിച്ചു. ഭരണത്തിനെതിരേയുള്ള ജനരോഷമെനെന്ന് പ്രതിപക്ഷവും, അതല്ല കണക്കുകൾ മാറിമറിഞ്ഞതാണു കാരണമെന്ന് ഭരണപക്ഷവും പറയുന്നു. എല്ലാവരും പറയുന്നത് ശരിയാണെ ന്നുതന്നെയിരിക്കട്ടെ. അവസരത്തിൽ ഓരോ കേരളീയനും ഓരോ രാഷ്ട്രീയക്കാരനും ഒരു ചോദ്യം സ്വയം ചോദിച്ചു നോക്കിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിനൊടുവിൽ ഒരു ടീം വിജയിക്കുമ്പോൾ കാണികൾക്കുണ്ടാകുന്ന വൈകാരികമായ വികാരവിക്ഷോഭങ്ങളെക്കാൾ അധികമായി എന്ത് നേട്ടമാണ് തെരഞ്ഞെടുപ്പു ഫലം കേരളത്തിനു നൽകുക? നിക്ഷപക്ഷമായി ചിന്തിക്കുന്നവർക്ക് ലഭിക്കുന്ന ഉത്തരംവട്ടപ്പൂജ്യംഎന്നായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല.

ഒരു അരാഷ്ട്രീ‍യ ചിന്ത അവതരിപ്പിക്കുകയല്ല ലേഖനത്തിന്റെ ഉദ്ദേശ്യം. ജനാധിപത്യവ്യവസ്ഥിതിയിലൂന്നിയ ഭരണവ്യവസ്ഥയിലിരിക്കുന്ന ഒരു രാജ്യത്തിനു വരാമാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ജനങ്ങളുടെ അരാഷ്ട്രീയ മനസ്ഥിതി. ഭാഗ്യവശാൽ കേരളത്തിലെ ചുരുക്കം ചില പ്രദേശങ്ങളൊഴിച്ചാൽ മറ്റെല്ലായിടത്തും ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്ത് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ വളരെ ഉത്സാ‍ഹം കാണിച്ചു പോന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എൺപതു ശതമാനത്തോടടുത്തെത്തിയ വോട്ടിംഗ് ശതമാനം അതാണു കാണിക്കുന്നത്. പക്ഷേ ദൌർഭാഗ്യകരമെന്നു പറയട്ടെ, ഉത്സാഹത്തെ അത് അർഹിക്കുന്ന ആദരവോടെയും ഉദ്ദേശശുദ്ധിയോടും കൂടിയാണോ നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കണ്ടുവരുന്നത് എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എത്രയോ വർഷങ്ങളായി നിലവിലുള്ള രീതിയിലെ തെരഞ്ഞെടുപ്പ്പ്രചാരണ പരിപാടികൾ നാം കാണാൻ തുടങ്ങിയിട്ട്! മാറിമാറിവരുന്ന ഇലക്ഷനുകളിൽ ഇരുമുന്നണികളും ഭരണത്തിലെത്തുന്നു എന്നതൊഴിച്ചാൽ പൊതുവായതും ദീർഘവീക്ഷണത്തോടുകൂടിയതുമായ ഒരു കേരള വികസനനയത്തെ മുൻ‌നിർത്തിയുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളോ ഭരണപ്രവർത്തനങ്ങളോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ ഇവിടെ ചെയ്യുന്നുണ്ടോ, ചെയ്യുവാൻ താല്പര്യം കാണീക്കാറുണ്ടോ? തെരഞ്ഞെടുപ്പിൽ എങ്ങനേയും വിജയിക്കുക എന്നതിൽ കവിഞ്ഞ ഒരു ഉദ്ദേശത്തിനപ്പുറത്തേക്കുള്ള കാഴ്ചപ്പാട് എത്ര രാഷ്ട്രീയ പാർട്ടികൾക്കുണ്ട്? അതുതന്നെയാണ് കേരളത്തിനു നേരിട്ടിരിക്കുന്ന ദുരവസ്ഥയും. വികസനമുരടിപ്പ് എന്നു തന്നെ പറയാവുന്ന തരത്തിലേക്ക് നമ്മുടെ സംസ്ഥാനം ഓരോ വർഷം കഴിയുന്തോറും വീണുകൊണ്ടിരിക്കുന്നു.

സാധാരണമലയാളിയുടെ തെരഞ്ഞെടുപ്പു ജ്വരം ഫലപ്രഖ്യാപനത്തോടെ അവസാനിക്കുന്നു എന്നത് രാഷ്ട്രീ‍യക്കാർക്കും അറിയാം. വെറും വൈകാരികമായ ഒരു ഷോ മാത്രമായി തെരഞ്ഞെടുപ്പുകൾ മാറാനുള്ള കാരണവും അതുതന്നെ. ഏതുമുന്നണി ഭരണത്തിലെത്തിയാലും ആദ്യ മൂന്നുനാലു മാ‍സത്തെമധുവിധുകഴിഞ്ഞാലുടൻ ഉൾപ്പോരുകളും പിണക്കങ്ങളും പതിയെപ്പതിയെ മറനീക്കി പുറത്തുവരുന്നു. എന്തെങ്കിലും വാർത്തകൾ തേടി നടക്കുന്ന മാധ്യമപ്പട നെഗറ്റീവുകൾ മാത്രം തെരഞ്ഞുപിടിച്ച് അവയൊക്കെ പ്രധാനവാർത്തകളായി ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നു. അതിനിടെ ഭരണനേട്ടങ്ങൾ ഉണ്ടായാൽതന്നെ അത് സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു, ജനങ്ങൾ ഒന്നും അറിയുന്നുമില്ല, അല്ലെങ്കിൽ അറിയാൻ താല്പര്യവുമില്ല. ചുരുക്കത്തിൽ ഏതു ഗവർമെന്റു വന്നാലും ഒരു രണ്ടുവർഷത്തെ ഭരണം കഴിയുമ്പോഴേക്കും അടുത്തുവരുന്ന തെരഞ്ഞെടുപ്പിൽ മറു മുന്നണിജയിക്കുന്ന അവസ്ഥ ഉണ്ടാകുന്നു, അല്ലെങ്കിൽ രാഷ്ട്രീയക്കാരും ഉൾപ്പാർട്ടി പോരുകാരും മാധ്യമങ്ങളും ചേർന്ന് അങ്ങനെയൊരു ധാരണ ഉണ്ടാക്കിയെടുക്കുന്നു.

ഒരു മുന്നണി ഭരണത്തിലെത്തിയാലുടൻ അടുത്ത അഞ്ചുവർഷത്തേക്ക് എന്തൊക്കെയാണ് തങ്ങളുടെ അജന്റ എന്നു തീരുമാനിക്കുന്നതിലപ്പുറം , അടുത്ത പത്തോ പതിനഞ്ചോ വർഷത്തേക്ക് ഞങ്ങൾ എന്തൊക്കെ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന രീതിയിൽ ഒരു ദീർഘവീക്ഷണത്തോടു കൂടിയ പ്ലാനിംഗ് ചെയ്യുകയല്ലേ വേണ്ടത്? ഇവിടെ അങ്ങനെയൊരു ചിന്ത ആർക്കും ഉള്ളതായി കാണുന്നില്ല. സത്യപ്രതിജ്ഞ നടന്നു കഴിഞ്ഞാൽ അടുത്ത അഞ്ചുകൊല്ലം തികയ്ക്കുക, അതിനടുത്ത അഞ്ചുകൊല്ലം മറ്റേ ടീമിനു സ്വാഭാവികമായും അവസരം ലഭിക്കും എന്ന രീതിയിലാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കുന്നതെന്നു തോന്നുന്നു അവരുടെ പ്രവർത്തനങ്ങൾ കണ്ടാൽ. കേരളത്തിന്റെ അടിമുടിയുള്ള വികസനത്തിലൂന്നിയ ഒരു ഇലക്ഷൻ പ്രചാരണപരിപാടി കാണുക എന്നത് മലയാളിയുടെ വിദൂര സ്വപ്നമായി അവശേഷിക്കുവാനുള്ള പ്രധാന കാരണവും ഇതുതന്നെ.

ഇന്നത്തെ ഇലക്ഷൻ പ്രചാരണത്തിന്റെ ഒരു ട്രെന്റ് ഒന്നാലോചിച്ചാൽ ഇതു മനസ്സിലാക്കാവുനതേയുള്ളു. കേന്ദ്ര അഴിമതി, കേന്ദ്രസർക്കാരിന്റെ ഭരണ വൈകല്യങ്ങൾ, തെറ്റായ തീരുമാനങ്ങൾ മുതലായവ ഭരണപക്ഷം ആയുധമാക്കുമ്പോൾ, സംസ്ഥാനസർക്കാരിലെ പ്രശ്നങ്ങളും പാർട്ടി സമീപനങ്ങളും, പ്രതിപക്ഷത്തിന്റെ പ്രചാരണ ആയുധങ്ങളായി മാറുന്നു. എങ്ങനെയും ജയിക്കുക എന്ന അടവിൽ പല തന്ത്രങ്ങളും പയറ്റുന്നു. ഓരോ മണ്ഡലത്തിലേയും ജാതീയമായ പിടിപാടുകളിലൂന്നിയ സ്ഥാനാർത്ഥി നിർണ്ണയവും, പ്രധാന സ്ഥാനാർത്ഥികളുടെ അതേ പേരിലുള്ള അപരന്മാരെ നിർത്തുന്നതും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാ‍ത്ത വിഷയങ്ങളെ പ്രചാരണവേദികളിൽ അവതരിപ്പിച്ച് ജനശ്രദ്ധ തിരിച്ചു വിടുന്നതുമെല്ലാം എല്ലാ പാർട്ടികളും ചെയ്യുന്ന പ്രവർത്തനങ്ങളായി മാറിയതും ഇതുകൊണ്ടുതന്നെ.

സത്യത്തിൽ മലയാളി വോട്ടറുടെ മറവി രാഷ്ട്രീയപ്പാർട്ടികൾക്ക് അനുഗ്രഹമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ കാലത്ത് ഇരു മുന്നണികളും നമ്മുടെ മുമ്പിൽ അവതരിപ്പിച്ച ചില തെരഞ്ഞെടുപ്പു വിഷയങ്ങൾ (മറന്നുപോയവർക്കായി) ഒരിക്കൽ കൂടി എഴുതട്ടെ. മദനിയുമായുള്ള എല്‍.ഡി.എഫ് ബന്ധം, പൊന്നാനിയിലെ സ്ഥാനാർത്ഥി ആരാവണം, ലാവ്‌ലിന്‍ കേസ്, മന്‍മോഹന്‍ സിങ്ങിനാണോ അദ്വാ‍നിക്കാണോ പ്രായക്കൂടുതല്‍, ഇന്ത്യ ഇസ്രായേല്‍ ബന്ധം, അമേരിക്കന്‍ സാമ്രാജ്യത്വം, പാലസ്തീന്‍ വിഷയത്തില്‍ നമ്മുടെ നിലപാട് എന്താവണം, രാമസേതുവിനെ ദേശീയ പൈതൃകമാക്കണമോ, സിബിഐയും കോടതിയും ചില രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമോ, കെ.വി തോമസിന്റെ ഇസ്രയേൽ യാത്ര തുടങ്ങിയ എത്രയെത്ര വിഷയങ്ങളാണ് പാർട്ടികൾ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചത് ! ഇതൊക്കെയാണോ ഒരു രാജ്യത്തിന്റെ ഭരണവ്യവസ്ഥയെ നിർണ്ണയിക്കേണ്ട ഇലക്ഷൻ പ്രചാരണ വേദികളിൽ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കേണ്ടത് ? രാഷ്ട്രീയക്കാരും അവരോടൊപ്പം നിന്ന് ജയ് വിളിക്കുന്നവരും ചിന്തിക്കട്ടെ.

നമ്മുടെ രാഷ്ട്രീ‍യപ്പാർട്ടികളുടെ കാഴ്ചപ്പാടുകൾ രീതിയിൽ തുടരുന്നിടത്തോളം ഇപ്പോൾ നടക്കുന്നതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുപ്പുകൾ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ പോലെയായി മാറും. കണ്ടു കണ്ടു മടുക്കുന്ന ഒരുതരം ഗെയിം. ടോസ് നേടി, പിച്ചും കളിയും തങ്ങൾക്ക് അനുകൂലമായാൽ ജയിക്കുന്ന കളി. ഒരു പക്ഷേ സ്ഥിതിയിൽ നിന്ന് രാഷ്ട്രീയക്കാരെ മാറിച്ചിന്തിപ്പിക്കുവാൻ ജനങ്ങൾക്കു മാത്രമാവും സാധിക്കുക എന്നു തോന്നുന്നു. ജനാധിപത്യവ്യവസ്ഥിതിക്കു തന്നെ ഹാനികരമായേക്കാവുന്ന വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കുക തുടങ്ങിയ പ്രതിഷേധങ്ങൾ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കാരണം നമ്മുടെ വോട്ടെടുപ്പു സംബ്രദായത്തിൽ ഒരു നിയോജക മണ്ഡലത്തിലെ ഇത്രശതമാനം ആളുകൾ (മിനിമം) വോട്ടുചെയ്താൽ മാത്രമേ തെരഞ്ഞെടുപ്പ് സാധുവാകൂ എന്നൊരു നിയമം ഇല്ല എന്നതു തന്നെ.

ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ മാനിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും, നിയമസഭ പിരിച്ചു വിട്ട് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ശ്രീ രമേശ് ചെന്നിത്തല അഭിപ്രായപ്പെടുകയുണ്ടായി. അങ്ങനെ സംഭവിക്കുന്നു എന്നുതന്നെ സങ്കൽ‌പ്പിക്കുക. യു.ഡി.എഫ് ജയിക്കുന്നു എന്നും ഇരിക്കട്ടെ. അതിനുശേഷം പത്തോ പതിനഞ്ചോ കൊല്ലം തുടർച്ചയായി ഭരണത്തിലിരിക്കുവാൻ തക്കവിധം, തുടർന്ന് വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം നേടുവാൻ ഉതകുംവിധം വ്യക്തവും ആസൂത്രിതവുമായ വികസനപദ്ധതികളോടെ ഒരു ഭരണം കാഴ്ചവയ്ക്കാനാവുമെന്ന് യു.ഡി.എഫിൽ ആർക്കെങ്കിലുമോ ശ്രീ ചെന്നിത്തലയ്ക്കോ ഇപ്പോൾ പ്രതീക്ഷയുണ്ടോ, ഇപ്പോൾതന്നെ പ്രവചിക്കാനാവുന്നുണ്ടോ? ഇല്ല !! അതാണ് ലേഖനത്തിലൂടെ പറയാനാഗ്രഹിച്ചത്. പരീക്ഷയ്ക്കുവേണ്ടി പഠിക്കുക എന്ന നമ്മുടെ പരമ്പരാഗത പഠനരീതി എത്രമാത്രം ദോഷകരമാണോ, അതേപോലെ ദോഷകരമാണ് തെരഞ്ഞെടുപ്പിൽ ജയിക്കാനായി മാത്രം രാഷ്ട്രീയം കളിക്കുക എന്നതും.

4 Responses to "ഉപതെരഞ്ഞെടുപ്പ് : കേരളത്തിനുള്ള നേട്ടം എന്ത്?"

 1. അതിനിടെ ഭരണനേട്ടങ്ങൾ ഉണ്ടായാൽതന്നെ അത് സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു, ജനങ്ങൾ ഒന്നും അറിയുന്നുമില്ല, അല്ലെങ്കിൽ അറിയാൻ താല്പര്യവുമില്ല.

  മാഷെ,
  ഈ പറഞ്ഞത് നൂറുശതമാനം ശരി.നാട്ടില്‍ നല്ല കാര്യങ്ങള്‍ എന്തു നടക്കുന്നു എന്നറിയാന്‍ ആര്‍ക്കും താത്പര്യമില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള ജനോപകാരപ്രദമായ എത്രയോ കാര്യങ്ങള്‍ ഈ വിധത്തില്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും പുറന്തള്ളപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും വിവാദം മാത്രം മതി.

  തിരഞ്ഞെടുപ്പ് വേണോ വേണ്ടയൊ എന്നകാര്യത്തെപറ്റിയല്ല ചര്‍ച്ചയെന്നു കരുതട്ടെ.

  ReplyDelete
 2. അനില്‍ മാഷേ, തെരഞ്ഞെടുപ്പ് വേണ്ടാ എന്നു ഞാന്‍ പറഞ്ഞ് എന്നു തോന്നിയോ ഇതുവായിച്ചപ്പോള്‍? !! തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്‍പറ്റുന്ന മാര്‍ഗ്ഗങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്. യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതുമാത്രം ലക്ഷ്യമാക്കി നടക്കുന്നത്ശരിയല്ല എന്നു പറഞ്ഞുഎന്നുമാത്രം.

  ReplyDelete
 3. “കാരണം നമ്മുടെ വോട്ടെടുപ്പു സംബ്രദായത്തിൽ ഒരു നിയോജക മണ്ഡലത്തിലെ ഇത്രശതമാനം ആളുകൾ (മിനിമം) വോട്ടുചെയ്താൽ മാത്രമേ ആ തെരഞ്ഞെടുപ്പ് സാധുവാകൂ എന്നൊരു നിയമം ഇല്ല എന്നതു തന്നെ. “

  മുന്‍പൊരിക്കല്‍ ഈ മുകളില്‍പ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് അനില്‍ @ ബ്ലോഗും ആപ്പുവുമൊക്കെയായി ഒരു ഉഗ്രന്‍ ചര്‍ച്ച നടന്നതാണല്ലോ ? ഞാനായിട്ട് വീണ്ടും ആ വഴിക്ക് ചര്‍ച്ച തിരിച്ച് വിടുന്നില്ല.

  അപ്പു അവതരിപ്പിച്ചിരിക്കുന്നത് രാഷ്ട്രബോധമുള്ള ഏതൊരു സാധാരണക്കാരന്റേയും വ്യാകുലതകള്‍ മാത്രമാണ്. രാഷ്ട്രീയക്കാര്‍ക്ക് ആ രാഷ്ട്രബോധം കൈവരാതെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് മാറ്റമൊന്നും പ്രതീക്ഷിക്കണ്ട.

  ReplyDelete
 4. കാരണം നമ്മുടെ വോട്ടെടുപ്പു സംബ്രദായത്തില്‍ ഒരു നിയോജക മണ്ഡലത്തിലെ ഇത്രശതമാനം ആളുകള്‍ (മിനിമം) വോട്ടുചെയ്താല്‍ മാത്രമേ ആ തെരഞ്ഞെടുപ്പ് സാധുവാകൂ എന്നൊരു നിയമം ഇല്ല എന്നതു തന്നെ.

  അപ്പൂ,

  അപ്പുവിന്റെ പോസ്റ്റിലെ ഏറ്റവും കാതലായ ഭാഗം ഇതു തന്നെയാണ്.അപ്പൂ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന മറ്റു വിഷയങ്ങളെല്ലാം പൊങ്ങി വരുന്നത് ഇത്തരം ഒരു പാർലിമെന്ററി സമ്പ്രദായം നമ്മൾ പിന്തുടരാത്തതുകൊണ്ടു തന്നെ.നമ്മുടെ നിയമസഭകളോ, പാർലിമെന്റോ പ്രാതിനിത്യസ്വഭാവം ഉള്ളതല്ല.അതു കൊണ്ടു തന്നെ എന്തെങ്കിലും ഒക്കെ ‘ഉമ്മാക്കി’ കാണിച്ച് ജയിക്കുക എന്ന സമ്പ്രദായം ആണു ഇന്നു നിലനിൽക്കുന്നത്.10000 പേരുള്ള ഒരു നിയോജക മണ്ഡലത്തിൽ 4 സ്ഥാനാർഥികൾ ഉണ്ടെന്നിരിക്കട്ടെ.അവർ യഥാക്രമം 4000,3000,2000,1000 എന്നി ക്രമത്തിൽ വോട്ടുകൾ നേടുന്നു.4000 വോട്ടു കിട്ടിയവൻ ജയിക്കുന്നു.6000 വോട്ട് എവിടെ പ്പോകുന്നു?

  അതുകൊണ്ടാണു തിരഞ്ഞടുപ്പിൽ “പ്രാതിനിധ്യ സ്വഭാവമുള്ള സ്ലിപ്പ്” സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ഇടതു പക്ഷം നിരന്തരം ആവശ്യപ്പെടുന്നത്.പല വികസിത രാജ്യങ്ങളിലും പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അവർക്കു കിട്ടുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ നൽ‌കപ്പെടുകയും ചെയ്യുന്നു.മറ്റൊരു സമ്പ്രദായത്തിൽ 51% കിട്ടിയവർ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു.

  1957 ലാണു കേരളത്തിൽ പാർട്ടികൾ ഒറ്റക്കൊറ്റക്ക് മത്സരിച്ചത്.അന്നു ഏതാണ്ട് 38% വോട്ടുകൾ കിട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടി 65 സീറ്റുകൾ നേടി അധികാരത്തിൽ വന്നു.അതിന്റെ അർത്ഥം ജന പിന്തുണ നോക്കിയാൽ ഭൂരിപക്ഷം ഇല്ലായിരുന്നു എന്നാണ്.ഇതു നിരന്തരമായി നമ്മുടെ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കപ്പെടുകയും, ഫലത്തിൽ “എല്ലാവർക്കും കളർ ടി.വി, ഒരു രൂപക്ക് അരി” തുടങ്ങിയ ഉമ്മാക്കികളിൽ കൂടി വിജയം നേടാൻ പാർട്ടികളെ സഹായിക്കുകയും ചെയ്യുന്നു.ഇപ്പോളും കേരളത്തിൽ ഒരു മുന്നണി പോലും 51% വോട്ട് നേടുന്നില്ല.പലപ്പോളും 10% വോട്ടു കിട്ടുന്നവർക്കും 25-30 സീറ്റുകൾ ഉണ്ടായി എന്നും വരാം.

  ഈ അവസ്ഥ മാറണമെങ്കിൽ നമ്മുടെ പാർലിമെന്ററി വ്യവസ്ഥ അടിമുടി പൊളിച്ചെഴുതേണ്ടതുണ്ട്.ഇൻ‌ഡ്യയിലെ ഇന്നത്തെ ഭരണവർഗം അതിനു തുനിയുമെന്ന് സ്വപ്മത്തിൽ പോലും വിചാരിക്കേണ്ട.

  ആശംസകൾ!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts