ആഴ്ചവട്ടം

അഞ്ചൽക്കാരൻ

പ്രിയവായനക്കാരേ,
നമ്മുടെ ബൂലോകത്തിൽ ഞങ്ങൾ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്. ഓരോ ആഴ്ചയും പുറത്തുവരുന്ന മലയാളം ബ്ലോഗ് പോസ്റ്റുകളിൽ ശ്രദ്ധേയമായവയെ പരിചയപ്പെടുത്തുന്നു, അഞ്ചൽക്കാരൻ. അദ്ദേഹത്തിന്റെ വായനയിൽ വന്ന ബ്ലോഗുകളിൽ നിന്നാണ് ഇവ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ആഴ്ചയും ഒരു ദിവസം ഈ പംക്തി പ്രസിദ്ധീകരിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് , ആദ്യ ഭാഗം പ്രസിദ്ധീകരിക്കുന്നു.

- പത്രാധിപസമിതി.പെണ്‍ വിരുദ്ധ ബൂലോഗം:

“ആണ് അധികാരിയും പെണ്ണ് അടിമയും” എന്നത് ആധുനികോത്തര കാലഘട്ടത്തിലും ഭൂമിമലയാളത്തിന്റെ വിശ്വാസ പ്രമാണമാണ്. എത്രയൊക്കെ പുരോഗമിച്ചാലും നമ്മള്‍ പെണ്ണിനു കല്പിച്ചു നല്‍കുന്നത് അടിമയ്ക്ക് അവകാശപ്പെട്ട ജീവിത സൌകര്യങ്ങള്‍ മാത്രമാണ്. വീട്ടില്‍ നിന്നും തുടങ്ങുന്ന അടിമത്വം സമൂഹത്തില്‍ അപ്പാടെ ആവര്‍ത്തിയ്ക്കപ്പെടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിയ്ക്കുന്നിടത്തൊക്കെ സ്ത്രീ അവമതിയ്ക്കപ്പെടുകയാണ് പതിവും. അവമതിയ്ക്കപ്പെടുന്നവള്‍ എതിരു നിന്നാല്‍ അവള്‍ അഹങ്കാരിയായി മാറും. അപവാദങ്ങളുടെ ഘോഷയാത്രയാകും പിന്നീട്. അബലയ്ക്ക് പിന്നെ ആത്മഹത്യയേ മാര്‍ഗ്ഗമുണ്ടാകുള്ളൂ. പിടിച്ചു നില്‍ക്കുന്നവള്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടും. പീഡിപ്പിയ്ക്കപ്പെട്ടാല്‍ ഇരയാണ് വീണ്ടും വീണ്ടും അവഹേളിയ്ക്കപ്പെടുന്നത്. പിഴയ്ക്കുക എന്ന പദം പെണ്ണിനു വേണ്ടി മാത്രം സംവരണം ചെയ്തിരിയ്ക്കുന്നു!. ഒരേ കുറ്റം രണ്ടു പേര്‍ ചെയ്താല്‍ പെണ്ണ് പിഴച്ചവളായി അറിയപ്പെടുകയും ആണിന്റെ പിഴ സമൂഹം കാണാതിരിയ്ക്കുകയും ചെയ്യുക എന്നത് നമ്മുടെ വഴക്കമായി മാറിയിരിയ്ക്കുന്നു.

കുഞ്ഞുങ്ങളെ പോറ്റാന്‍ ഒറ്റയ്ക്ക് പ്രവാസം തിരഞ്ഞെടുക്കുന്നവള്‍ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും “പിഴ” ആയിരിയ്ക്കും. അവളുടെ വിയര്‍പ്പിന്റെ പങ്കു പറ്റുന്നവര്‍ പോലും വീണു കിട്ടുന്ന നിമിഷങ്ങളില്‍ അവളുടെ ജീവിതത്തെ കുട്ടിച്ചോറാക്കാനായിരിയ്ക്കും ശ്രമിയ്ക്കുക. “...ഓ അവളോ...അവിടെ എങ്ങിനെയാ പണമുണ്ടാക്കുന്നത് എന്നാര്‍ക്കറിയാം..പിന്നെ നിവര്‍ത്തിയില്ലാത്തതു കൊണ്ട് ഞങ്ങളവളുടെ പണം പറ്റുന്നു...” എന്ന നിലപാടായിരിയ്ക്കും നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കും. ഭര്‍ത്താ‍വ് പ്രവാസത്തില്‍ ഉള്ള ഭാര്യ നാട്ടില്‍ “ഗള്‍ഫ് ഭാര്യ” ആണ്. ഗൃഹനാഥന്റെ അഭാവത്തില്‍ ഒറ്റയ്ക്ക് കുടുംബം പുലര്‍ത്തേണ്ടി വരുന്ന ഗള്‍ഫ് കാരന്റെ ഭാര്യയും അനുദിനം നേരിടുന്ന അവഹേളനങ്ങളും അപവാദങ്ങളും നമ്മുക്ക് പുത്തരിയല്ല. കുടുംബം പുലര്‍ത്താനായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളും അപവാദ പ്രചാരണങ്ങളില്‍ പെടാറാണ് പതിവ്.

ഭൂമിമലയാളത്തിന്റെ പെണ്‍ വിരോധത്തില്‍ നിന്നും ഒട്ടും പിന്നിലല്ല പൊതുവേ പുരോഗമന ചിന്താഗതിക്കാരെന്നും ആധുനിക ലോകത്തിനൊപ്പം നടക്കുന്നവര്‍ എന്നും സ്വയം അഹങ്കരിയ്ക്കുന്ന ബൂലോഗവും. പെണ്ണിനേയും പെണ്ണെഴുത്തിനേയും പെണ്‍ ചിന്തകളേയും അവഹേളിയ്ക്കുകയും അവമതിയ്ക്കുകയും ചെയ്യുക എന്നത് ഇന്ന് ബൂലോഗത്തിന്റെയും രീതിയായി മാറിയിരിയ്ക്കുന്നു. ഇന്റര്‍നെറ്റിലെ സ്തീ സാനിദ്ധ്യം പൊതുവേ ദുരുപയോഗം ചെയ്യപ്പെടാറാണ് പതിവ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ബൂലോഗത്തിന്റെ രീതികള്‍. പെണ്ണിനു അര്‍ഹിയ്ക്കുന്ന സംരക്ഷണവും ബഹുമാനവും ബൂലോഗത്ത് ലഭിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളില്‍ നിന്നും ബൂലോഗത്തെ പെണ്‍ സാനിദ്ധ്യം സുരക്ഷിതമായിരുന്നു എന്ന ചിന്തയ്ക്ക് മങ്ങലേറ്റു തുടങ്ങിയിരിയ്ക്കുന്നു.

ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളെ അടച്ച് ആക്ഷേപിച്ചു കൊണ്ട് ഒരു ബ്ലോഗര്‍ മാ‍സങ്ങള്‍ക്ക് മുന്നേ എഴുതിയിട്ട ഒരു പോസ്റ്റ് ആകസ്മികമായി ശ്രദ്ധയില്‍ പെട്ട ഒരു വനിതാ ബ്ലോഗര്‍ ആ പോസ്റ്റിനെതിരേ പ്രതികരിച്ചതിനെ ബൂലോഗം നേരിട്ട രീതി തെളിയിക്കുന്നത് ബൂലോഗത്തിന്റെ പെണ്‍വിരോധമാണ്. പ്രാചീന കാലത്ത് നിലവിലുണ്ടായിരുന്നു എന്നു കരുതിയിരുന്ന പ്രാകൃതമായ ആചാരങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ട് വന്ന മറ്റൊരു പോസ്റ്റിന്റെ ഇതിവൃത്തം സ്ത്രീപക്ഷം ആ‍യിരുന്നു എങ്കിലും ആ പോസ്റ്റില്‍ വന്ന ചര്‍ച്ചയും സ്തീ വിരുദ്ധമായി മാറുകയായിരുന്നു. ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടു വന്ന പോസ്റ്റിനെതിരേ ഒരു വനിത പ്രതികരിച്ചപ്പോള്‍ ആ വനിതയെ കിട്ടിയിടത്ത് വച്ചെല്ലാം അപമാനിയ്ക്കാനും അവമതിയ്ക്കാനുമാണ് ആധുനികതയുടെ നേര്‍ രൂപമായ ബൂലോഗം ശ്രമിച്ചത്. “അവള്‍ അത്രയ്ക്കായോ” എന്ന രീതിയിലായിരുന്നു ബൂലോഗ പ്രതികരണം. മറുപടി പറയാന്‍ ഒരു വനിതാ ബ്ലോഗര്‍ക്കും ഒരു നിലയ്ക്കും കഴിയുന്ന രീതിയില്‍ ആയിരുന്നില്ല ഇതുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റുകളും അതിന്മേല്‍ നടന്ന ചര്‍ച്ചകളും.

ഒട്ടും ആശാസ്യകരമല്ലാത്ത ഒരു പ്രവണതയ്ക്കാണ് ബൂലൊഗം പോയ വാരം ഈ പെണ്‍ വിരോധത്തിലൂടെ തുടക്കം കുറിച്ചത്. പെണ്‍ വിരോധത്തില്‍ ബൂലോഗവും ഒട്ടും പിന്നിലല്ല എന്നു തെളിയിയ്ക്കപ്പെട്ട വാരം!

ഉപതിരഞ്ഞെടുപ്പ്
കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ഉപതിരഞ്ഞെടുപ്പുകളൂടെ ആരവവും ആവേശവും ബൂലോഗത്തും ഒട്ടും കുറവല്ലായിരുന്നു. തീപ്പൊരി പാറുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ബൂലോഗവും ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമാവുകയായിരുന്നു. ഇടതു പക്ഷത്തിന്റെ വിജയത്തില്‍ ജനശ്ശക്തി ന്യൂസിനു ലവലേശം സംശയമുണ്ടായിരുന്നില്ല - ഫലപ്രഖ്യാപനം വരുന്നതിനു നിമിഷങ്ങള്‍ക്ക് മുന്നേ വരെ. ഫലം വന്നപ്പോള്‍ ഭൂമിമലയാളത്തിലെ മലക്കം മറിച്ചില്‍ തന്നെ ജനശക്തി ന്യൂസും അവലംബിയ്ക്കുന്നതു കണ്ടു കൊണ്ടാണ് ബൂലോഗത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. ജനശക്തി ന്യൂസിന്റെ രാഷ്ട്രീയ താല്പര്യം മനസ്സിലാകും. എങ്കിലും ബ്ലോഗ് പോലെയൊരു മാധ്യമത്തില്‍ കുറച്ചു കൂടി വിശാലമായ കാഴ്ചപ്പാടില്‍ രാഷ്ട്രീയ വിശകലനം നടത്താന്‍ ജനശ്ശക്തി ന്യൂസിനു ശ്രമിച്ചു കൂടെ എന്ന തോന്നല്‍ അവരുടെ നിലപാടുകളിലെ പാപ്പരത്തം കാണുമ്പോള്‍ ഉണ്ടാകുന്നു. ചര്‍ച്ചകള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ചാനല്‍ ചര്‍ച്ചകളുടെ നിലവാരത്തിലേയ്ക്കും സ്വഭാവത്തിലേയ്ക്കും വഴുതിമാറുന്നതാണ് ജനശക്തി ന്യൂസിന്റെ രീതികള്‍. അന്ധമായ രാഷ്ട്രീയം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ എന്നു ബ്ലോഗു പോലൊരു മാധ്യമ രംഗത്ത് സജീവമായ “ജനശക്തി” ന്യൂസ് സ്വയം ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സമാന്തരമായി ബൂലോഗത്തും ഒരു ഉപതിരഞ്ഞെടുപ്പ് മാമാങ്കം അരങ്ങേറിയിരുന്നു. പുതുമ നിറഞ്ഞതും രസകരവും ആയ ബ്ലോഗ് ഈവന്റുകളുമായി ബൂലോഗത്ത് ശ്രദ്ധേയമായ തോന്ന്യാശ്രമത്തില്‍ ആയിരുന്നു പ്രതീകാത്മക ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫല പ്രഖ്യാപനം വരെ തിരഞ്ഞെടുപ്പിന്റെ ചിട്ടവട്ടങ്ങളുടെ നേര്‍കാഴ്ച തന്നെയായിരുന്നു തോന്ന്യാശ്രമത്തിലെ ഉപതിരഞ്ഞെടുപ്പും.

എ.പി. അബ്ദുള്ള കുട്ടി.
രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം മാറുന്നതിനനുസരിച്ച് അവരുടെ പ്രസംഗം മാറാം, ജീവിത ശൈലി മാറാം ഇടപെടലുകള്‍ മാറാം. പക്ഷേ രാഷ്ട്രീയത്തിനൊപ്പം രൂപവും ഭാവവും മാറുമോ? മാറും എന്നു അബ്ദുള്ള കുട്ടി തെളിയിയ്ക്കുന്നു. ഇടതു പക്ഷ എം.പിയായിരുന്ന എ.പി. അബ്ദുള്ള കുട്ടിയുടെ രൂപമാണോ കോണ്‍ഗ്രസിലേയ്ക്കെത്തിയ അബ്ദുള്ള കുട്ടിയ്ക്കുള്ളത്? അല്ല തന്നെ. അബ്ദുള്ള കുട്ടിയും ആധികാരിക ലക്ഷണങ്ങളും എന്ന താപ്പുവിന്റെ പോസ്റ്റ് ഈ മാറ്റത്തിനു അടിവരയിടുന്നു.

ചാരനിറമുള്ള കാക്ക.
മുരളി നായരുടെ കഥ. കഥകള്‍ക്ക് പഞ്ഞകാലമാണ് ബൂലോഗത്തിനിത്. ഒറ്റയ്ക്കും തെറ്റയ്ക്കും ചില കഥകള്‍ അവതരിയ്ക്കപ്പെടുന്നുണ്ട് എന്നത് നിഷേധിയ്ക്കുന്നില്ല. കഥാകാരന്മാരും കവിതകളിലേയ്ക്ക് തിരിയുന്നതാണ് ബൂലോഗത്തിന്റെ ഇപ്പോഴത്തെ കാഴ്ച. പോയ വാരം അവതരിയ്ക്കപ്പെട്ട ഏറ്റവും നല്ല കഥയെന്ന് വട്ടന് തോന്നിയത് മുരളീനായരുടെ ചാരനിറമുള്ള കാക്കയായിരുന്നു. കേരളാ കഫേ പോലൊരു കഥ. പല കഥകള്‍ ചേര്‍ന്നൊരു കഥ. ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു ബ്ലോഗ് പോസ്റ്റ് തന്നെയാണ് ചാരനിറമുള്ള കാക്ക. വിട്ടു പോയാല്‍ നഷ്ടമാകുന്നൊരു രചന. കഥാകാരന് അഭിനന്ദനങ്ങള്‍!

ആശ്രയ.
കരുണ്യം അര്‍ഹിയ്ക്കുന്നവരുടെ വിളംബരമാണ് ആശ്രയ എന്ന പുതു ബ്ലോഗ്. പക്ഷേ അനുവാചകനുമായി സംവേദിയ്ക്കുന്ന രീതിയിലല്ല “ആശ്രയയുടെ” അവതരണം. പുഞ്ചിരി നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളിലേയ്ക്ക് ഇത്തിരി സ്നേഹം പകരാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഒത്തു കൂടാനും സഹായ ഹസ്തം നീട്ടാനും ഒരിടം. ബൂലോഗ കാരുണ്യം പോലെ ശ്രദ്ധയര്‍ഹിയ്ക്കുന്ന ഒരു ബ്ലോഗ്. പക്ഷേ ബ്ലോഗിന്റെ അവതരണത്തിലെ പാളിച്ച കൊണ്ട് ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു. ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയുന്നൊരു ബ്ലോഗാണ് ആശ്രയ.

മൂന്ന് കുഞ്ഞു കഥകള്‍
ഓ.ഏ.ബിയുടെ കുഞ്ഞു കഥകള്‍. ഒരു കഥ വായിയ്ക്കുന്നവര്‍ക്ക് രണ്ടെണ്ണം ഫ്രീ ഓഫറുമായി വന്ന കുഞ്ഞുകഥകള്‍ പ്രവാ‍സത്തിന്റെ നൊമ്പരം ഏതാനും വരികളിലൂടെ അനുവാചകനിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നു. മൂന്ന് മുത്തുകള്‍!

രായിന്‍ കുട്ടി നീയും.
തെച്ചിക്കോടന്റെ പോസ്റ്റ്. നെറ്റ് പത്രങ്ങളിലെ പരസ്യ ലിങ്കുകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളിലേയ്ക്ക് ശ്രദ്ധക്ഷണിയ്ക്കുകയാണ് രായിന്‍ കുട്ടി തന്റെ പോസ്റ്റിലൂടെ. നെറ്റിലെ പത്രങ്ങള്‍ സര്‍ഫ് ചെയ്യുമ്പോള്‍ കൂടെ കയറി വരുന്ന പരസ്യങ്ങള്‍ പലപ്പോഴും മാനം കപ്പലു കയറ്റുമെന്ന അനുഭവം നെറ്റ് പത്രവായനക്കാര്‍ക്ക് പരിചിതമാണ്. അത് ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിയ്ക്കുകയാണ് തെച്ചിക്കോടന്‍.

കുഞ്ഞന്റെ ഒരോരോ സംശയങ്ങളേ....
കുഷ്ടരോഗികള്‍ ഉണ്ടാകുന്നത് എന്ന പേരില്‍ നമ്മുടെ കുഞ്ഞന്‍ എഴുതിയിട്ട പോസ്റ്റ്. ഏതോ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ വന്ന വിവരക്കേടാണ് കുഞ്ഞനെ പ്രകോപിപ്പിച്ചത്. അരുതാത്ത സമയത്ത് അനുരാഗമുണ്ടായാല്‍ അരുതാത്ത കുഞ്ഞ് പിറക്കുമോ എന്ന ചോദ്യത്തിനു അങ്കും പുംങ്കുമില്ലാത്ത ഏതോ മൊല്ലാക്ക മൊഴിഞ്ഞ മൊഴിമുത്താണ് പോസ്റ്റില്‍ ചര്‍ച്ചാ വിഷയം. അരുതാത്ത സമയത്തെ അനുരാഗത്തില്‍ അറിയാതെ കുട്ടി പിറക്കില്ല എന്ന അടിസ്ഥാന ശാസ്ത്ര തത്വമൊന്നും മൊല്ലാക്കായ്ക്കറിയില്ല. അതറിയാമായിരുന്നേല്‍ അപ്പോ കുട്ടി ജനിയ്ക്കുമെന്നോ ജനിയ്ക്കുന്ന കുട്ടി കുഷ്ടരോഗിയായിരിയ്ക്കുമെന്നോ മൊല്ലാക്ക മൊഴിയില്ലായിരുന്നില്ലല്ലോ? കുഞ്ഞാ കുഞ്ഞനിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?

സി.പി.രാമസ്വാമി അയ്യരെ ഓര്‍ക്കുമ്പോള്‍.
സി.പി.രാമ സ്വാമി അയ്യരെ വ്യത്യസ്ഥമായൊരു വീക്ഷണ കോണിലൂടെ നോക്കികാണുകയാണ് ഉറുമ്പ്. ദക്ഷിണ കേരളത്തിനു സ്വന്തമയതൊക്കെയും രാമസ്വാമിയുടെ ചിന്തയുടേയും പ്രവര്‍ത്തിയുടേയും ഫലമാണെന്ന ഉറുമ്പിന്റെ നിലപാട് പക്ഷേ ഒരു അരാഷ്ട്രീയ വാദത്തിന്റെ ലാഞ്ചനയാണ് അനുവാചകനിലേയ്ക്ക് എത്തിയ്ക്കുന്നത്. സി.പിയെ എതിര്‍ക്കുന്നവര്‍ അദ്ദേഹം കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ മറക്കുന്നു എന്ന തെറ്റുകളുടെ തനിയാവര്‍ത്തനം തന്നെയാണ് സി.പിയുടെ സംഭാവനകള്‍ ഉയര്‍ത്തികാട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ കേരളീയ സമൂഹത്തില്‍ ഏല്പിച്ച ദുരന്തങ്ങള്‍ കണ്ടില്ലാ എന്നു നടിയ്ക്കുന്നതും.

ഓര്‍മ്മകളിലെ ജയന്‍.
ജയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷം ഇരുപത്തി ഒമ്പത് കഴിയുന്നു. പക്ഷേ മലയാളിയുടെ സിനിമാ സങ്കല്പങ്ങളില്‍ ജയന്‍ ഇന്നും നായകനാണ്. സാഹസികതയും കരുത്തും ഒത്തിണങ്ങിയ പുരുഷ സൌന്ദര്യത്തിന്റെ പ്രതീകമായിരുന്നു ജയന്‍. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ അഭിനയിപ്പിയ്ക്കുന്നതില്‍ അനിഷ്ടക്കാരനായ ജയന്‍ ആ പിടിവാശി കൊണ്ടാണ് അകാലത്തില്‍ വീരമൃത്യു പ്രാപിച്ചത്. ജയന്റെ അനുസ്മരണ കുറിപ്പാണ് സെബി മാത്യൂവിന്റെ നിലത്തെഴുത്ത് എന്ന ബ്ലോഗില്‍ ഓര്‍മ്മകളിലെ ജയന്‍ എന്ന പേരില്‍ വന്ന പോസ്റ്റ്.


ഒരു വട്ടം ആയില്ലേ? അടുത്ത വട്ടം അടുത്ത ആഴ്ച.

7 Responses to "ആഴ്ചവട്ടം"

 1. വളരെ നന്ദി അഞ്ചലേ ഈ കുറിപ്പുകൾക്ക്. പണ്ട് വാരവിചാരം നിലവിലിരുന്നപ്പോൾ ഇതേ പോലെ ഉപകാരപ്രദമായിരുന്നു അവ.

  ReplyDelete
 2. അഞ്ചലേ..

  ആഴ്ചവട്ടം മുന്നേറട്ടെ...
  ലച്ചം ലച്ചം പിന്നാലെ വരട്ടെ

  ReplyDelete
 3. വളരെയേറെ നന്ദീ..അഞ്ചൽജി

  ReplyDelete
 4. പ്രിയപ്പെട്ട അഞ്ചല്‍,

  വളരെ നല്ല സംരംഭം.

  നിലയ്ക്കാതെ എല്ലാ ആഴ്ചയും ഉണ്ടാവട്ടെ,
  ഒപ്പം പുതിയ നാമ്പുകളെയും, പ്രതീക്ഷ കാണുന്ന പുതുബ്ലോഗര്‍/ബ്ലോഗിണികളെയും പരിചയപ്പെടുത്തുമല്ലോ.

  ReplyDelete
 5. വായിക്കാൻ വിട്ടവ ഈ ലിങ്കിലൂടെ വായിക്കാൻ സാധിച്ചു…..നന്ദി

  ReplyDelete
 6. നാം നമ്മുടെ കമ്പനി ബിസിനസ്,. വ്യക്തിപരമായ നിന്ന് നിങ്ങളുടെ അനിലിനും മായ്ക്കാൻ 2% അവസരം ഓര്ത്തു പലിശ നിരക്ക് സാമ്പത്തിക സഹായം തേടുന്ന താൽപ്പരകക്ഷികളിൽ അല്ലെങ്കിൽ കമ്പനികൾക്ക് വ്യവസായ വായ്പ വരെയുള്ള വായ്പകള്ക്ക് ആരംഭിക്കുക അല്ലെങ്കിൽ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് സർക്കാർ അംഗീകാരം സർട്ടിഫിക്കറ്റ് വായ്പ ബാങ്കായ ഉണ്ട് ഞങ്ങളുടെ കമ്പനി പൗണ്ട് വരം വായ്പ (പൗണ്ടാണ്), ഡോളർ ($) ഉം യൂറോ നിന്നും വായ്പ ഉപയോഗിച്ച്. അതിനാൽ താല്പര്യമുള്ള ആളുകൾ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക ഇപ്പോൾ വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല. വായ്പ ഡാറ്റാ വിവരം നിറയ്ക്കുന്നത്. ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക വഴി: jenniferdawsonloanfirm@gmail.com

  വായ്പയെടുത്തവർക്ക് ഡാറ്റാകളുടെയോ'S
  (1) മുഴുവൻ പേര്:
  (2) സംസ്ഥാനം:
  (3) വിലാസം:
  (4) സിറ്റി:
  (5) സെക്സ്:
  (6) വൈവാഹിക അവസ്ഥ:
  (7) പ്രവർത്തിക്കുന്നു:
  (8) മൊബൈൽ ഫോൺ നമ്പർ:
  (9) പ്രതിമാസ വരുമാന:
  ആവശ്യമുള്ള (10) വായ്പാ തുക:
  വായ്പ (11) കാലാവധി:
  (12) വായ്പാ ഉദ്ദേശ്യം:

  ഞങ്ങൾ നിങ്ങൾക്ക് ഉടൻ നിന്ന് വാര്ത്ത കേട്ടു നിങ്ങളുടെ വിവേകം നന്ദി.

  ഇ-മെയിൽ: jenniferdawsonloanfirm@gmail.com

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts