ഒത്തുതീര്‍പ്പിന്റെ സമവാക്യം


സമരങ്ങള്‍
കേരള മണ്ണിന്റെ ചരിത്രത്തില്‍ പുതുമയല്ല. പഴശ്ശിയുടെ രക്ത രൂക്ഷിതമായ
പോരാട്ടങ്ങള്‍ മുതല്‍ സത്യവും അഹിംസയും മാത്രം ആയുധമാക്കിയുള്ള ഗാന്ധിയന്‍
സ്വാതന്ത്ര പോരാട്ടങ്ങള്‍ വരെ കണ്ടതാണ് നാട്. പല സമരങ്ങളും ഇന്നും
അഭിമാനതോടെയെ നമുക്ക് ഓര്‍ക്കുവാന്‍ കഴിയു. ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടി
ധീരതയോടെ പോരാടുന്ന യുവജനങ്ങളെയും, സ്ത്രീകളെയും ഒക്കെ പത്രവാര്‍ത്തയിലും
ടിവിയിലും കാണുമ്പോള്‍ മനസ്സ് കൊണ്ടെങ്കിലും അവര്‍ക്ക് പിന്തുണ
പ്രഖ്യാപിക്കുവാന്‍ തോന്നാറും ഉണ്ട്.


പക്ഷെ സാമൂഹിക നന്മയ്ക്ക് വേണ്ടി നാം എടുത്തുപയോഗിച്ചു ശീലിച്ച
ധര്‍ണ്ണയും, നിരാഹാരവും പോലെയുള്ള ആഹിംസയിലൂന്നിയുള്ള സമര മാര്‍ഗ്ഗങ്ങള്‍
പലപ്പോഴും സാമ്പത്തിക നേട്ടത്തിനും പകരം വീട്ടലിനും ഉള്ള ആയുധമാക്കി
മാറ്റപ്പെടുമ്പോള്‍, ലോകശ്രദ്ധയും , ആദരവും പിടിച്ചു പറ്റിയ ഭാരതത്തിന്റെ
സ്വന്തം സമരായുധത്തിന്ടെ പ്രശസ്തിക്കും മൂര്‍ച്ചയ്ക്കും
കളന്കമേല്ക്കുകയാണ്.

തങ്ങളിവിടെ ഉണ്ടെന്നു കാണിക്കാനും, സംഘബലം എത്രയുണ്ടെന്ന് സ്വയം ഒന്ന്
ബോധ്യപ്പെടാനും, ചിലര്‍ക്കൊക്കെ നേതാവ് ചമഞ്ഞു അതിന്റെ ലഹരി ഒന്ന്
ആസ്വദിക്കാനും വേണ്ടി പല ഈര്‍ക്കിലി സംഘടനകളും പലപ്പോഴും ധര്‍ണകള്‍
നടത്തുമ്പോള്‍ നാട്ടിലെ കുട്ടി ക്ലബ്ബുകള്‍ നടത്തുന്ന ലോക്കല്‍
നാടകങ്ങളുടെ ലാഘവമേ നാട്ടുകാര്‍ അതിനു കൊടുക്കാറുള്ളൂ പലപ്പോഴും.

ന്യായമായ കാരണങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സമരങ്ങള്‍ പോലും ഇതുമൂലം
ജനശ്രദ്ധയില്‍ നിന്നും അകന്നു പോവുന്നു. എന്തും സഹിച്ചും, ക്ഷമിച്ചും ,
ഒട്ടൊക്കെ നര്‍മ്മ ബോധത്തോടെ വീക്ഷിച്ചും ശീലിച്ച മലയാളി ഇപ്പൊ ഇതും
അവന്റെ നിത്യജീവിതത്തിലെ ഒരു പതിവ് കാഴ്ചയായി കണ്ടു പഠിച്ചിരിക്കുന്നു.

കേവലം
ശക്തി പ്രകടനങ്ങള്‍ക്ക് അപ്പുറം ലക്ഷങ്ങള്‍ മറിയുന്ന കോര്‍പ്പറേറ്റ്
ബിസിനസ്‌ ആണ് ചിലര്‍ക്ക് ധര്‍ണ്ണകള്‍ എന്ന് പറഞ്ഞാല്‍ നിങ്ങളില്‍
പലര്‍ക്കും ഇതറിയാമെന്കിലും കുറെ പേര്‍ക്കെങ്കിലും പുതിയ അറിവ് തന്നെ
ആവും. കേട്ടറിഞ്ഞ ഒരു സംഭവം പറയട്ടെ .


കോഴിക്കോട് ജില്ലയിലെ ഒരു ആരാധനാലയവും അതിനു അടുത്തായി പുതിയതായി തുറന്ന
ബാര്‍ അറ്റാച്ട് ഹോട്ടലും ആണ് ലൊക്കേഷന്‍. എറണാകുളത്തുള്ള പ്രമുഖരായ രണ്ടു
വ്യവസായികളുടെതാണ് പുതിയ ഹോട്ടല്‍ . കോടികള്‍ ഇതിനകം നിക്ഷേപിക്കപെട്ടു
കഴിഞ്ഞ സംരംഭം. ആരാധനാലയത്തിന്റെ കവാടത്തിനു നൂറു മീറ്ററിലേറെ
അകലെയായി ഹൈവേ സൈഡില്‍ സര്‍ക്കാരിന്‍റെ എല്ലാ മാനദന്ടങളും പാലിച്ചു കൊണ്ട്
വന്ന ഹോട്ടലിനു ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനു തടസ്സം ഏതും ഇല്ലായിരുന്നു.
പക്ഷെ ഇതൊരു ചാകരയ്ക്കുള്ള അവസരമായി പലരും കണ്ടെത്തി.


ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധനാലയത്തിന് ഹോട്ടലിനു അടുത്തേക്ക്
തുറക്കുന്ന ഒരു പുതിയ കവാടം ഉണ്ടായി. ആരാധനാലയത്തില്‍ നിന്ന്
ഇറങ്ങുന്നവര്‍ക്ക് അസൌകര്യമാണ് പുതിയ ഹോട്ടല്‍ എന്ന് വാദിക്കാന്‍ ഇനി വേറെ
കാരണം വേണ്ടല്ലോ. തുടര്‍ന്ന് സമരമുറകള്‍ ആരംഭിച്ചു. ഹോട്ടലില്‍ നിന്ന്
ഇറങ്ങുന്നവരെ കയ്യേറ്റം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു
തുടങ്ങിയ സമരങ്ങള്‍ അടുത്ത മാസം ഹോട്ടലിനു മുന്നില്‍ ധര്‍ണയ്ക്ക് ആഹ്വാനം
ചെയ്യുന്നിടത്ത് എത്തി . സമരം മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍
ആവുമ്പോള്‍ വലിയൊരു വിഭാഗം ധര്‍ണ്ണക്കാരുടെ പിറകില്‍ അണിനിരക്കും എന്ന്
വ്യക്തമാണല്ലോ. കോടികള്‍ മുതല്‍ മുടക്കിയ സംരംഭം അടച്ചു പൂട്ടേണ്ടി
വന്നാല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം വ്യവസായികളുടെ ഉറക്കം കെടുത്തി.


അപ്പോഴാണ്‌ ഒത്തു തീര്‍പ്പ് സമവാക്യങ്ങളുമായി സമരത്തിന്‍റെ അണിയറ
പ്രവര്‍ത്തകരുടെ രംഗപ്രവേശം. ഒരു പ്രശ്നങ്ങളുമില്ലാതെ സമരം
അവസാനിപ്പിക്കുന്നതിനും, ഇനി മേലില്‍ മത സംഘടനകളില്‍ നിന്ന് ഒരു
വിധത്തില്‍ എതിര്‍പ്പും ഉണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ടു കൊടുക്കുന്നതിനും
പ്രതിഫലമായി നിശ്ചയിച്ച തുക കാല്‍ കോടിയോളം . ആറു കോടിയോളം രൂപയുടെ നഷ്ടം
മുന്നില്‍ കണ്ട വ്യവസായികള്‍ക്ക് സമ്മതിക്കാതെ വേറെ തരമില്ലല്ലോ.

ബാക്കി കഥകള്‍ വെറുതെയെങ്കിലും വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക്
ഊഹിക്കാവുന്നതെ ഉള്ളു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, തങ്ങളുടെ
പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമായി ധര്‍ണ്ണ പറഞ്ഞ ദിവസം തന്നെ നടക്കും.
നേതാക്കള്‍ ഘോര ഘോരം പ്രസംഗിക്കും. പിന്നണിയില്‍ ഒരുപാട് മുദ്രാവാക്യം
വിളി ഉയരും. പിന്നെ ഏതാനം ദിവസങ്ങള്‍ കൊണ്ട് എല്ലാം നേര്‍ത്തു നേര്‍ത്തു
ഇല്ലാതാകും. ഹോട്ടല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. നഷ്ടം ആര്‍ക്കുമില്ല.
കലക്കവെള്ളത്തില്‍ പിടിച്ച കാല്‍ കോടിയുടെ മീനുമായി നേതാക്കള്‍ അടുത്ത
ധര്‍ണ്ണ എവിടെ വേണമെന്ന് ആലോചിച്ചു തുടങ്ങും. ഞാനും നിങ്ങളും
ഉള്‍പ്പെടുന്ന കേരളത്തിലെ പൊതു ജനം വിഡ്ഢി എന്ന് വീണ്ടും അടിവരയിട്ടു കൊണ്ട്.


സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരമാര്‍ഗ്ഗങ്ങള്‍ ഒരു ന്യുനപക്ഷം
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് കാണുമ്പോള്‍ വേദന
തോനുന്നു. മതങ്ങളും ആരാധനാലയങ്ങളും ചിലപ്പോഴെങ്കിലും ഇത്തരക്കാര്‍ക്ക്
ധനസമ്പാദനത്തിനുള്ള അക്ഷയപാത്രങ്ങളായി മാറുന്നത് കാണുമ്പോള്‍ ഒരു സംശയം
മനസ്സില്‍ തോന്നിപോകുന്നു .


ദൈവത്തിന്‍റെ സ്വന്തം നാട് എന്നാല്‍ ദൈവത്തെ കൂട്ടുപിടിച്ചാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന നാട് എന്നാണോ അര്‍ത്ഥം?

6 Responses to "ഒത്തുതീര്‍പ്പിന്റെ സമവാക്യം"

 1. ഇതിനോരു തേങ മസ്റ്റാ....
  ......ഠേ .....
  ശരിക്കും ഇതു പറഞതിന് ഒരു ബോംബാ പൊട്ടിക്കണ്ടേ തേങക്ക് ഒരു പരിധിയില്ലേ ഡോള്‍ബി തേങയെങാനും ഇറങിയോ ആവോ..?
  ശ്രീ യോടൊന്നു ചോദിചു നോക്കാം....

  ഇന്നത്തെ രാഷ്ട്രീയം ഒരു നല്ല ബിസിനസ്സ് ആണ്, പവര്‍ഫുള്‍ ആയ ബിസിനസ്സ്.

  ReplyDelete
 2. ഇത് വായിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ, പെരിന്തല്‍മണ്ണയിലെ സബ്രീന ഹോട്ടലിലുള്ള “മുത്തപ്പന്‍” ബാറിനു മുമ്പില്‍ നില്‍ക്കുന്നവളും, മലമ്പുഴ യക്ഷിയെക്കാള്‍ സുന്ദരിയുമായ ആ കാനായി ശില്‍പ്പം നീക്കം ചെയ്യാന്‍ ഒരു മതസംഘടന നടത്തിയ സമരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

  അതിനാല്‍ ആ ബാറും, കച്ചവടമില്ലാതെയിരുന്ന ഹോട്ടലും പ്രശസ്തമായി.

  മാത്രമല്ല ആ സ്ത്രീ ശില്‍പ്പം ഇന്നും “എണ്ണമയിലി”യായി ഏവരുടെയും കണ്ണിനു കുളിര്‍മ്മ നല്‍കുന്നു

  ReplyDelete
 3. സമരങ്ങൾക്കിറങ്ങി ഇങ്ക്വിലാബ് വിളിക്കുന്നവരിൽ പലരും അതെന്തിനാണുവിളിക്കുന്നതെന്നോ,അതേ തുടർന്ന് പോലീസിന്റെ ലാത്തി ചാർജ്ജ് കിട്ടിയാൽ എന്തിനാണു തങ്ങൾ തല്ലുകൊള്ളുന്നതെന്നോ അറിയാത്തതാണ് ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ശാപം.

  ReplyDelete
 4. അന്യന്‍റെ അധ്വാനത്തിന്‍റെ ചോരയൂറ്റിക്കുടിച്ചു ശീലിച്ച രാഷ്ട്രിയ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കക്ഷിരാഷ്ട്രീയത്തിലെ അജീര്‍ണ്ണങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തേയും പൌരമുന്നണികളേയും നയിക്കുന്നിടത്തോളം കാലം ഇതിങ്ങിനെ തുടരും കണ്ണാ..... ഇതിനൊന്നും ഒരു പ്രത്യയ ശാസ്ത്ര പിന്തുണയുമില്ല.. ഒരു രാഷ്ട്രീയ അടിസ്ഥാനവുമില്ല... (രാഷ്ട്രീയമേയല്ല). കുട്ടി നേതാക്കളുടെ അരിവിളയാട്ടം മാത്രം.

  ReplyDelete
 5. ഞെട്ടിപ്പിച്ച വിവരങ്ങള്‍. ഈ പോക്ക് പോയാല്‍ എവിടെയാണു നാം ചെന്നെത്തുക..? നല്ല പോസ്റ്റ്.. തുടരുക വ്യത്യസ്തമായ അന്വേഷണപഥങ്ങള്‍.

  ReplyDelete
 6. പൊതുപ്രവര്‍ത്തകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചില പരാന്നഭോജികളുടെ ജീവനോപാധിയാണ് ഇത്തരം സമരങ്ങള്‍. പണ്ട് തൊഴിലാളി സംഘടനകളില്‍ ഇവര്‍ ഒതുങ്ങിയിരുന്നു. അവകാശങ്ങളുടെ പേരുപറഞ്ഞ് തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങള്‍ ചെയ്യിച്ചും തൊഴിലുടമകളുടെ കൈയ്യില്‍ നിന്നും കിം‌ബളം പറ്റി സമരങ്ങളെ അവര്‍ തന്നെ പൊളിച്ചു, സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ ഇക്കൂട്ടര്‍ തൊഴിലാളികളെ പെരുവഴിയിലാക്കി. ഇന്ന് ഇക്കൂട്ടര്‍ പൊതുപ്രവര്‍ത്തന രംഗത്തെ തങ്ങളുടെ കര്‍മ്മ മണ്ഡലം ആക്കിയിരിക്കുന്നു. അങ്ങനെ പൊതുജനത്തെ കഴുതയാക്കുന്ന സമരാഭാസങ്ങളില്‍ ഒന്നായി ഇതിനെയും കാണാം.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts