പൊന്നമ്പലം !

1. സന്തോഷേ നമസ്കാരം

നമസ്കാരം നമ്മുടെ ബൂലോകം

2. സന്തോഷിനെ കുറിച്ചൊന്നു പറയാമോ...

എന്റെ മുഴുവന്‍ പേര് സന്തോഷ് ജനാര്‍ദ്ദനന്‍. ഞാന്‍ തിരുവനന്തപുരം ജില്ലയിലെ കരമന എന്ന നാട്ടുകാരനാണ് (ആയിരുന്നു). ഇപ്പോള്‍ ചെന്നൈ നഗരത്തിലാണ് താമസം. ഐ.റ്റി തന്നെയാണ് കര്‍മ്മ മേഖല. ഇഷ്ടമുള്ള കാര്യങ്ങള്‍ - പാട്ടു കേള്‍ക്കാന്‍‌ , പാചകം ചെയ്യാന്‍ , ട്രെക്കിങ്, ഫോട്ടോഗ്രഫി(-ആഗ്രഹം), ബൈക്ക് യാത്രകള്‍ . ഇഷ്ടമില്ലാത്തത് ശനിയാഴ്ച ജോലി ചെയ്യുന്നത്. മതിയോ? :)


3. സന്തോഷ്‌ നല്ലൊരു പാട്ടുകാരന്‍ ആണെന്നാണ് കേള്‍ക്കുന്നത്.. (എനിക്കും തോന്നി) സംഗീതം അഭ്യസിച്ചിട്ടുണ്ടോ... ബ്ലോഗിലെ പാട്ടുകര്‍ക്കൊരു ഭീഷണിയാണെന്ന് സ്വയം തോന്നുന്നുണ്ടോ..?

കൊള്ളാം. പാട്ടുകാരനാണോന്ന്! ഹ്മ്മ്മ്... സംഗീതം അഭ്യസിച്ചിട്ടില്ല. ബ്ലോഗിലെ പാട്ടുകാര്‍ (വേറെ ആരുമല്ല, നമ്മടെ കിരണ്‍ ചേട്ടന്‍ തന്നെ ;) ) എനിക്കൊരു ഭീഷണി തന്നെ.


4. അടുത്തിടെ ആണ് താങ്കള്‍ സ്വന്തം ഡോമൈനിലോട്ടു മാറിയത്. പെട്ടെന്നെന്തേ അങ്ങനെയൊരു തീരുമാനം?

പ്രത്യേകിച്ചു കാരണമൊന്നുമില്ല. .ഇന്‍ ഡൊമൈനുകള്‍ വളരെ ചീപ്പാണെന്നു മനസ്സിലായി (250 രൂപ). ഒന്നിരിക്കട്ടെ എന്നു കരുതി. വേറെ ഒരു ദുരുദ്ദേശവുമില്ല.


5. താങ്കളുടെ ബ്ലോഗ്‌ വായിച്ചാല്‍ ഒരു പ്രത്യേക കാറ്റഗറിയില്‍ ഒതുക്കാന്‍ കഴിയില്ല. എങ്ങനെയുള്ള ബ്ലോഗര്‍ എന്നാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്?

വെറുതെ, ഒരു ബ്ലോഗര്‍ എന്നറിഞ്ഞാല്‍ മതി. എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതാറ്. അവ ഒരേ കാറ്റഗറിയിലുള്ളതല്ലല്ലൊ. പിന്നെ, കാര്യമായി ഞാനൊന്നും തന്നെ എഴുതിയിട്ടില്ല എന്നു വേണം പറയാന്‍ . (‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ ‘ ഒഴികെ.)


6. ബ്ലോഗ്‌ ഇപ്പോള്‍ വെറും കുളിമുറി സാഹിത്യം മാത്രമാണെന്നു ചിലര്‍ ആരോപിക്കുന്നുണ്ട്. സ്വന്തം അമളികഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതുന്നവര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാന്‍ ആവുന്നുള്ളൂ എന്ന് പറയുന്നല്ലോ.. അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

അങ്ങിനെ തോന്നുന്നില്ല. എല്ലാ തരത്തിലുള്ള ബ്ലോഗുകളില്‍ അത്തരം ബ്ലോഗുകളും ഉള്‍പെട്ടിരിക്കുന്നു. വളരെ സീരിയസ്സായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എത്രയോ ബ്ലോഗുകള്‍ ബൂലോഗത്തുണ്ട്... കുറിഞ്ഞി ഓണ്‍ലൈന്‍ , ഈണം , ടി.കെ സുജിത്തിന്റെ ബ്ലോഗ് എന്നിവ തന്നെ ഉദാഹരണങ്ങള്‍ .


7. വിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു.. സ്വന്തം വായനക്കാരോട് എന്താണ് പറയാനുള്ളത്?

കണ്‍സ്ട്രക്റ്റിവ് ആയ വിമര്‍ശനങ്ങള്‍ വിരളമായേ വരാറുള്ളൂ... അവ ഞാന്‍ ഉള്‍കൊള്ളാറുമുണ്ട്. പക്ഷേ വിമര്‍ശനത്തിനായുള്ള വിമര്‍ശനങ്ങളെ ഞാന്‍ അത്രയും വിലയേ കൊടുത്തിട്ടുള്ളൂ. - അടിച്ചതു കൊണ്ട് കരയാന്‍ ഞാന്‍ തയ്യാറല്ല.


8. വായന പൊതുവേ ഇഷ്ടമാണോ...എങ്ങനെയുള്ള സാഹിത്യമാണ് ഇഷ്ടം.. പൊതുവേ ബ്ലോഗിലെ വായനയെകുറിച്ചു ഒന്ന് പറയാമോ?

ബ്ലോഗ് വായന പതിവാണ്. പുസ്തകം വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ... തിരക്കഥകള്‍ വായിക്കാറുണ്ട്. സാധാരണ നമ്മള്‍ കേള്‍ക്കാറുള്ള കഥകള്‍ക്ക് ഒരു മറുവശം ഉണ്ടെങ്കില്‍, ആ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ് -ഒരു വടക്കന്‍ വീരഗാഥ, രണ്ടാമൂഴം, കര്‍ണ്ണന്‍ (മൃത്യുഞ്ജയ എന്ന മറാഠി നോവലിന്റെ വിവര്‍ത്തനം) എന്നിവയാണ് ഞാന്‍ വായിച്ച ചില പുസ്തകങ്ങള്‍. പിന്നെ അപസര്‍പ്പകങ്ങള്‍ വായിക്കാറുണ്ട്- ഷെര്‍ലക്ക് ഹോംസ് സീരീസ്, ധര്‍മ്മരാജാ, മാര്‍ത്താണ്ഡ വര്‍മ്മ തുടങ്ങിയവ.

ബ്ലോഗില്‍ വായിക്കാറുള്ളത് മുഖ്യമായും സാമൂഹ്യ ലേഖനങ്ങളാണ്. കറന്റ് അഫയേസ് ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകള്‍ ഒന്നും വിടാറില്ല. പിന്നെ മലയാളിയല്ലെ, എവിടെയെങ്കിലും വല്ല വിവാദവും ഓടുന്നുണ്ടെങ്കില്‍, അതും ഫോളോ അപ്പ് ചെയ്യാറുണ്ട് :)


9. മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ എന്തൊക്കെയാണ്?

വിവാദം മാത്രം :) ... ചുമ്മാ പറഞ്ഞതാ...

മലയാളം ബ്ലോഗിന്റെ വളര്‍ച്ചക്ക് ഉറക്കെ ചിന്തിക്കാനുള്ള ശേഷിയുള്ളവര്‍ വേണം, ഉറക്കെ ചിന്തിക്കുന്നത് എങ്ങനെ എന്ന് അറിയാവുന്നവര്‍ വേണം. എന്റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളതെഴുതും എന്ന രീതി ഇല്ലാതാവണം. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തിരി... വളരേ ഇത്തിരി അച്ചടക്കം വേണം. വേറെ ഒന്നും വേണ്ട മലയാളം ബ്ലോഗ് വളര്‍ന്നോളും.


10. ആട്ടെ ഈ പൊന്നമ്പലം എങ്ങനെ കിട്ടി?

ഓ.. ഞാന്‍ ഒരു ശബരിമല അയ്യപ്പന്‍ ഭക്തനാണ്. എല്ലാവര്‍ഷവും മല ചവിട്ടാറുണ്ട്.. ഭഗവാനോടുള്ള ആദരവ്‌ തന്നെ ഈ പേരിന്റെ കാരണം..

11. ബ്ലോഗില്‍ ഇപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ആയല്ലോ.. ബ്ലോഗില്‍ എത്തിയതുകൊണ്ടുള്ള നേട്ടം എന്താണ് എന്ന് പറയാമോ?

കുറേ നല്ല സുഹൃത്തുക്കളെ നേടി. വീണ്ടും മലയാളം വായിക്കാന്‍ തുടങ്ങി. ഞാന്‍ ബ്ലോഗ് പോസ്റ്റുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനു മുന്‍പ് എന്റെ നോട്ടുബുക്കില്‍ എഴുതും.. അങ്ങനെ കൈക്ക് ഒരു വ്യായാമം, മലയാളത്തിനെ സ്പര്‍ശിക്കാനുള്ള അവസരം (ഓവറാണോ? പക്ഷേ സത്യമാണ്) നഷ്ടപ്പെടുത്തുന്നില്ല...


12. നേരത്തെ എഴുതുമായിരുന്നോ.. അതോ ബ്ലോഗില്‍ എത്തിയതിനു ശേഷമാണോ ഒരു സാഹിത്യകാരന്‍ ആയതു?

നേരത്തെ എഴുതുമായിരുന്നു... VC++, Java, InstallScript എന്നീ ഭാഷകളിലായിരുന്നു. എനിക്ക് മുകളില്‍ പറഞ്ഞ ആ അസുഖം ഇല്ല... (ബ്ലോഗില്‍ എത്തിയതിനു ശേഷമാണോ ഒരു സാഹിത്യകാരന്‍ ആയതു)


13. എന്താണ് താങ്കളുടെ ഹോബി... ബ്ലോഗില്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍ ആരാണ്?

ഒന്നാം ചോദ്യത്തില്‍ തന്നെ പറഞ്ഞു പോയി.. സ്വാറി ക്യാട്ടാ... “ഇഷ്ടമുള്ള കാര്യങ്ങള്‍ - പാട്ടു കേള്‍ക്കാന്‍‌ , പാചകം ചെയ്യാന്‍ , ട്രെക്കിങ്, ഫോട്ടോഗ്രഫി(-ആഗ്രഹം), ബൈക്ക് യാത്രകള്‍“.
ഇഷ്ടമുള്ള ബ്ലോഗര്‍മാര്‍ -
മരമാക്രി - റിസര്‍ച്ച് നടത്തുന്ന വിഷയങ്ങള്‍
കൈപ്പള്ളി - ഒരു വിവാദ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി
ബെര്‍ളി തോമസ് - സരസത.

14. സീനിയര്‍ ബ്ലോഗര്‍ , ജൂനിയര്‍ ബ്ലോഗര്‍ എന്നുള്ള വേര്‍ തിരിവ്‌ ഉണ്ടെന്നു തോന്നിയിട്ടുണ്ടോ...

അങ്ങനെയൊന്നുണ്ടോ... ഇതില്‍ ഞാന്‍ ഏതിലാണെന്നു പറഞ്ഞാല്‍ ഉത്തരം പറയാം...


15. ബ്ലോഗില്‍ വരുന്ന പുതു തലമുറ ബ്ലോഗ് എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

ഉത്തരം #9 നോക്കുക... :)

ഒരു വാക്ക്... എന്നെയൊക്കെ ഒരു “ബ്ലോഗര്‍ “ ആയി മാനിച്ച് ചോദ്യോത്തരിയൊക്കെ തന്നല്ലൊ... പപ്പനാവന്‍ നിങ്ങള കാക്കുമപ്പീ... :)
സന്തോഷ് ജനാര്‍ദ്ദനന്‍ന്റെ ബ്ലോഗ് : http://santhoshj.in/

0 Response to "പൊന്നമ്പലം !"

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts