മനസ്സിലെ ഓണം

ഓര്‍മയിലെ ഓണം : ബിന്ദു. കെ.പിഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന ചിങ്ങ മാസവും, മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താ‍നായി മാത്രം വരുന്ന കള്ളമഴയുമാണ്. ഉപ്പുമാങ്ങയിലും അരച്ചുകലക്കിയിലും ചെത്തുമാങ്ങയിലും മാത്രം ഒതുങ്ങിപ്പോവുന്ന, തോരാമഴയില്‍ വൈദ്യുതിവെട്ടം അപൂര്‍വ്വതയാവുമ്പോള്‍ , അരിക്കിലാമ്പിന്റെ മങ്ങിയ വെളിച്ചം മാത്രം അശ്രയമുള്ള പഞ്ഞക്കര്‍ക്കിടകത്തിനുശേഷം വരുന്ന,ഭക്ഷണ സമൃദ്ധിയുടെ ഓണക്കാലം മനസ്സിനും ശരീരത്തിനും വല്ലാത്ത ഊര്‍ജ്ജം പകര്‍ന്നിരുന്നു.

ഓണക്കാലത്തിന്റെ വരവറിയിക്കുന്നത് പായ,കുട്ട,മുറം,പൂവട്ടി,മുതലായവ വില്‍ക്കുന്നവരാണ്. ഇവര്‍ക്ക് സാധനങ്ങളുടെ വിലയായി കാശിനു പകരം അരി,ശര്‍ക്കര,നാളികേരം,അവില്‍,പഴം ഒക്കെയായിരുന്നു കൊടുത്തിരുന്നത്.

അത്തം മുതല്‍ പൂക്കളത്തിനാ‍യി മുറ്റം ഒരുങ്ങും.അടിച്ചു വൃത്തിയാക്കിയ മുറ്റത്ത് , തുളസിത്തറയുടെ അടുത്തായി ചാണകം കൊണ്ട് കളം മെഴുകും. വലിയവര്‍ ആരെങ്കിലുമാണ് അത് ചെയ്യുക. ചതുരത്തില്‍ വലിയൊരു കളവും, അതിന്റെ വലതുഭാഗത്തായി വട്ടത്തില്‍ ചെറിയൊരു കളവുമാണ് മെഴുകാറ്. മെഴുകിയ ഉടനെ രണ്ടു കളത്തിലും നടുക്കായി ഓരോ തുളസിപ്പൂവ് വയ്ക്കും. അതിനുശേഷമേ മറ്റു പൂക്കള്‍ വയ്ക്കൂ. “അത്തത്തിന് മത്തപ്പൂ ” എന്നാണ് പറയുക. അതുകൊണ്ട് നിര്‍ബ്ബന്ധമായും മത്തപ്പൂ സംഘടിപ്പിച്ചിരിയ്ക്കും. ഇതെല്ലാം ഞങ്ങള്‍ കുട്ടികള്‍ തലേദിവസം തന്നെ തേടിപ്പിടിക്കും. ഏതൊക്കെ പൂക്കള്‍ ഉണ്ടായാലും തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും ഇല്ലാതെ അമ്മാവന്‍ സമ്മതിക്കില്ല. തുമ്പപ്പൂ തലേദിവസം പറിച്ചുവയ്ക്കും. തുമ്പപ്പൂ ഇടാന്‍ ചെറിയ പൂവട്ടികൾ ഉണ്ടായിരുന്നു. വലിയ പൂക്കള്‍ ചേമ്പിലയിലായിരുന്നു ഇട്ടിരുന്നത്. എല്ലാം വീട്ടുപറമ്പിലും അമ്പലപ്പറമ്പിലും‍ സമൃദ്ധമായി ഉണ്ടായിരുന്നതുകൊണ്ട് മറ്റെവിടെയും പോകേണ്ടിവന്നിട്ടില്ല.

പൂക്കളത്തില്‍ അത്ര ഗംഭീര ഡിസൈനുകളൊന്നും പരീക്ഷിക്കണമെന്ന് തോന്നിയിട്ടില്ല. തുമ്പ, മുക്കൂറ്റി കോളാമ്പി,ചെത്തി,ചെമ്പരത്തി തുടങ്ങി കിട്ടുന്ന പൂക്കളെല്ലാം ഭംഗിയായി വട്ടത്തില്‍ ക്രമീകരിക്കും. അകെക്കൂടി ഒരാനച്ചന്തം! അത്രേയുള്ളൂ. ചതുരത്തിലുള്ള കളത്തില്‍ അവസാനത്തെ വട്ടം പൂര്‍ത്തിയായാല്‍ മൂലകള്‍ കാവടിപ്പൂ (കൃഷ്ണകിരീടം) ഉതിര്‍ത്തിയതും ബാക്കി വന്ന എല്ലാ‍ പൂക്കളും കൂടി കൂട്ടിക്കലര്‍ത്തി നിറയ്ക്കും!! ഉത്രാടത്തിനാണ് കുറച്ചു വ്യത്യസ്തത പരീക്ഷിക്കുന്നത്. അമ്മ പറഞ്ഞുതരുന്ന താമരയുടെ ഡിസൈന്‍! രണ്ടു കമ്പുകള്‍ തമ്മില്‍ ചരട് കൊണ്ട് കെട്ടി ഒരു കോമ്പസ്സ് കൊണ്ടെന്ന പോലെ അര്‍ദ്ധവൃത്തങ്ങള്‍ വരച്ചാണ് താമര ഉണ്ടാക്കിയിരുന്നത്.

തൃക്കേട്ട നാളില്‍ വലിയ കളത്തിന്റെ നാലു വശങ്ങളിലും ഓരോ ചെറിയ കളങ്ങള്‍ ഉണ്ടാകും. മൂലം നാള്‍ നാലു മൂലകളിലും. പൂരാടവും ഉത്രാടവും ആകുമ്പോഴേയ്ക്കും വലിയ കളത്തിന്റെ ചുറ്റിലും കൂടാതെ പടി വരെ ചെറിയ കളങ്ങള്‍ വരിയായി മെഴുകിയിടും. അതിലെല്ലാം കുറേശ്ശെ പൂക്കളും.മാവേലിക്ക് നടന്നു വരാനുള്ള വഴിയാണെന്നാണ് അമ്മമ്മ പറയാറ്.

ഇതിനോടകം കളിമണ്ണ് കുഴച്ചുണ്ടാക്കുന്ന തൃക്കാക്കരപ്പന്മാര്‍ തയ്യാറായിട്ടുണ്ടാകും. പറമ്പിന്റെ കിഴക്കു ഭാഗത്ത് സര്‍പ്പകാവിന്റെ അപ്പുറത്തായി കളിമണ്ണുണ്ട്. മണ്ണ് പാളയിലാക്കി കൊണ്ടുവരാന്‍ ഞങ്ങളും ഉത്സാഹിക്കും. പിന്നീട് വെള്ളത്തില്‍ കുഴച്ച് നീളന്‍ ഉരുളകളാക്കി വെയിലത്ത് വയ്ക്കും. ഭാവനയനുസരിച്ചുള്ള ഓരോ കലാരൂപങ്ങള്‍ ഞങ്ങള്‍ കുട്ടികളും ഉണ്ടാക്കും. അമ്മി,ആട്ടുക്കല്ല്,ഉരല്‍,മുത്തിയമ്മ മുതലായവ. വെയിലത്ത് വച്ച ഉരുളകള്‍ വെള്ളം ഒന്നു വലിഞ്ഞിട്ടാണ് ഷേപ്പ് ചെയ്യുന്നത്. ഒന്നൊന്നായി എടുത്ത് നടക്കല്ലിലോ മറ്റോ ശക്തിയായി തല്ലിയാണ് തൃക്കാക്കരപ്പന്റെ ഷേപ്പിലേക്ക് മാറ്റുന്നത്. ഷേപ്പ് ചെയ്ത് മുകളില്‍ ഒരു ഈര്‍ക്കിലി കുത്തിവച്ച് (പൂവ് കുത്തിനിറുത്താനുള്ള കുഴിയ്ക്ക് വേണ്ടി) നന്നായി ഉണക്കി എടുക്കും. മണ്ണിലുണ്ടാക്കിയത് കൂടാതെ മരത്തിലുണ്ടാക്കിയ, കുറച്ച് വലുപ്പം കൂടിയ തൃക്കാക്കരപ്പന്മാര്‍ തട്ടിന്‍പുറത്ത് സ്റ്റോക്കുണ്ടാ‍കും. അവയെ പുറത്തെടുക്കുന്നത് ഉത്രാടത്തിന് വൈകുന്നേരമാണ്. കഴുകി വൃത്തിയാക്കി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച് ചുവപ്പിക്കും.


ഉത്രാടത്തിന് ഊണ് കഴിഞ്ഞാല്‍ പിന്നെ വിശ്രമമില്ലാത്ത പണികളാണ്. ഓണം കൂടാന്‍ തറവാട്ടിലെത്തിച്ചേരുന്ന സ്വന്തക്കാരും അവരുടെ കുട്ടികളുമൊക്കെയായി നല്ല ജനത്തിരക്കുണ്ടാവും. അമ്മയ്ക്കും മറ്റും അടുക്കളയില്‍ നിന്ന് പുറത്തുകടക്കാന്‍ നേരമുണ്ടാവില്ല. ഞങ്ങള്‍ കുട്ടികളെല്ലാവരും കൂടി തുമ്പച്ചെടി പറയ്ക്കാന്‍ പറമ്പിലേക്കിറങ്ങുകയായി. തുമ്പച്ചെടികള്‍ കടയോടെ പിഴുതുകൊണ്ടുവന്ന് മുറ്റത്ത് കൂമ്പാരമായി കൂട്ടിയിടും. പിന്നെ കടഭാഗം വെട്ടിക്കളഞ്ഞ് ചെറുതായി അരിഞ്ഞിടും. തുമ്പക്കുടം എന്നാ‍ണ് ഇതിന് പറയുന്നത്. അമ്മാവനും സഹായിക്കും. മേലാകെ പൊടിയും മണ്ണും ചൊറിച്ചിലും ഒക്കെ ആവുമെങ്കിലും ഞങ്ങള്‍ വളരെ ഉത്സാഹത്തോടെ ചെയ്യാറുള്ള ജോലിയാണ് ഇത്.

ഉത്രാടരാത്രി കഷ്ണം നുറുക്കലും മറ്റുമായി അകെ ബഹളമയം. അടയുണ്ടാക്കല്‍ വലിയൊരു സംഭവം തന്നെയായിരുന്നു. തലേദിവസം തന്നെ എല്ലാം തയ്യാറാക്കും. അടുക്കളത്തളത്തില്‍ ഒരുപാട് വാട്ടിയ ഇലച്ചീന്തുകള്‍ നിരത്തിയിടും. അതിലോരോന്നിന്റെ നടുക്ക് അരിപ്പൊടി കലക്കിയത് ഒഴിച്ചാല്‍ പിന്നെ പരത്തുന്നത് കുട്ടികളെല്ലാവരും ചേര്‍ന്നാണ്. എല്ല്ലാവരും വട്ടമിട്ടിരുന്ന് തമാശകളും ചിരിയുമായി നന്നായി അസ്വദിച്ചാണ് ചെയ്തിരുന്നത്. അപ്പോഴേയ്ക്കും അടയുടെ കൂട്ട് ഉരുളിയില്‍ റെഡി. കൂട്ട് വച്ച് മടക്കി വലിയ ചെമ്പില്‍ ഇടയ്ക്കിടെ വാഴയിലത്തണ്ട്(വാഴയണ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്) കീ‍റിയതും അടകളും മാറിമാറി അടുക്കി വയ്ക്കും. അവസാനം വലിയ ചേമ്പിലകള്‍ കൊണ്ട് ചെമ്പ് മൂടി, അതിന് മീതെ വലിയൊരു ഉരുളിയും കമഴ്ത്തിവയ്ക്കും. കിടക്കാ‍ന്‍ നേരത്ത് തീ കത്തിച്ച് അടുപ്പത്ത് വയ്ക്കും. ചൂടായാല്‍ ഈ ചേമ്പിലകള്‍ വാടി ചെമ്പില്‍ ഒട്ടിച്ചേര്‍ന്ന് “എയര്‍ ടൈറ്റ് ”ആക്കുന്നു. കനല്‍പ്പുറത്തിരുന്ന് സാവധാനത്തില്‍ വെന്ത് പിറ്റേദിവസം രാവിലെ അട തയ്യാർ!

രാത്രി തന്നെ മാവേലിയെ വരവേല്‍ക്കാന്‍ മുറ്റം അണിഞ്ഞൊരുങ്ങും. മുറ്റം വൃത്തിയാക്കി കളങ്ങള്‍ മെഴുകി ,അരിമാവ് കൊണ്ട് അണിഞ്ഞ്, ആദ്യം തുളസിപ്പൂവ് വയ്ക്കും. വലിയ കളത്തില്‍ ആവണിപ്പലകയില്‍ തൂശനില വച്ച് അരിമാവ് കൊണ്ടണിഞ്ഞ മരത്തിന്റെ തൃക്കാക്കരപ്പന്മാരെ നടുക്കും മണ്ണിന്റേത് ചുറ്റിലും കുട്ടികളുടെ കലാരൂപങ്ങള്‍ ഇടയിലുമായി ക്രമീകരിച്ചതിനുശേഷം തുമ്പക്കുടം കൊണ്ട് മൂടും. മുകള്‍ഭാഗം മാത്രം പുറത്ത് കാണും. മുകളില്‍ ഏതെങ്കിലും ഭംഗിയുള്ള വലിയ പൂങ്കുല കുത്തി നിറുത്തും. ചുറ്റിലുമുള്ള ചെറിയ കളങ്ങളിലും ഇതുപോലെ ഒന്നോ രണ്ടോ തൃക്കാക്കരപ്പന്മാരെ വച്ച് തുമ്പക്കുടം കൊണ്ട് മൂടും. പിന്നെ ബാക്കിയുള്ള തുമ്പക്കുടം കുട്ടയിലാക്കി നീങ്ങുകയായി. പടി വരെ ഒറ്റവരിയില്‍ തുമ്പക്കുടം വിരിയ്ക്കും. പിന്നെ പടിക്കലുള്ള കളത്തിലും തൃക്കാക്കരപ്പന്‍ വച്ച് തുമ്പക്കുടം ഇടും (തിരുവോണത്തിന് പൂവിടുന്ന പതിവില്ലെന്നര്‍ത്ഥം). അമ്മമ്മയോ കൊച്ചമ്മമ്മയോ അണ് ഇതിന് നേതൃത്വം നല്‍കുന്നത്.

തിരുവോണത്തിന് രാവിലെ തന്നെ ഏല്ലാവരുടേയും വക ഓണപ്പട(ഓണക്കോടി) കിട്ടും.(കുറച്ചു വലുതായി തുടങ്ങിയപ്പോള്‍ ആ പരിപാടി കുറേശ്ശെയായി എല്ല്ലാവരും നിറുത്തി. മുതലാവില്ലെന്നു കരുതിയിട്ടാവും).ഓണപ്പടയുടെ കാര്യം പറയുമ്പോൾ, എന്റെ അമ്മയുടെ മൂന്നാമത്തെ ചേട്ടനായ, പാ‍പ്പ എന്ന വിളിപ്പേരുള്ള പാപ്പമ്മാവനെപ്പറ്റി പറയാതിരിക്കുന്നത് കടുത്ത നന്ദികേടാവും. വല്ലപ്പോഴും മാത്രം ലീവില്‍ വരുന്ന അച്ഛന്‍ ഓണത്തിന് കൂടെയില്ലാത്തതിന്റെ കുറവ് നികത്തിയിരുന്നത് പാപ്പമ്മാവനായിരുന്നു. തുണിക്കടയിലേക്ക് സ്വന്തം മക്കളുടെ കൂടെ ഞങ്ങളെ രണ്ടുപേരേയും കൂട്ടുമായിരുന്നു. റെഡിമെയ്ഡൊന്നും അല്ലാത്തതുകൊണ്ട് തയ്പിക്കാനുള്ള സമയം കൂടി കണക്കാക്കി നേരത്തേ തുണിക്കടയില്‍ പോവും. ഇഷ്ടമുള്ളത് എടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഹോ, അന്നത്തെയൊരു സന്തോഷം..!!

ഓണത്തിന്റെ അന്ന് രാവിലെ ഏതാണ്ട് അഞ്ചു മണിയോടെയാ‍ണ് “ഓണം കൊള്ളൽ‍”. കളത്തിനടുത്ത് ഒരു ഓലക്കുട വച്ചിരിക്കും(ഓലക്കുട കേടായിപ്പോയതിനുശേഷം സാധാരണ കുട തന്നെയാണ് വയ്ക്കാറ്). ഉമ്മറപ്പടിയിലും നടക്കല്ലുകളിലും ഇറയത്തുമെല്ലാം അരിമാവുകൊണ്ട് അണിഞ്ഞിരിയ്ക്കും. അടച്ചെമ്പില്‍ തയ്യാറായി ഇരിക്കുന്ന അടകളില്‍ ഒന്ന്, നേന്ത്രപ്പഴം,കിണ്ടിയില്‍ വെള്ളം, ഇലച്ചീന്തില്‍ ചന്ദനം,നെയ്യ്(ഉപസ്തരണം), അവില്‍, ശര്‍ക്കര,നാളികേരം നിലവിളക്ക് എന്നിവയൊക്കെ കളത്തിനു മുന്‍പില്‍ വച്ച ശേഷം അമ്മാവന്‍ ആവണിപ്പലകയില്‍ ഇരുന്ന് വിളക്ക് കത്തിച്ച് ഇതെല്ലാം നേദിക്കും. അവസാനം നാളികേരം ഉടച്ച് ആ വെള്ളം തൃക്കാക്കരപ്പന് മുകളില്‍ ഒഴിച്ച് തേങ്ങയും നേദിച്ചുകഴിഞ്ഞാല്‍ ആര്‍പ്പു വിളിയ്കാനുള്ള സമയമായി. ആണ്‍കുട്ടികളെല്ലാം ഉച്ചത്തില്‍ അര്‍പ്പു വിളിയ്ക്കും.

പിന്നെ ഭക്ഷണ സമൃദ്ധിയിലേയ്ക്ക്...... അത്തം നാള്‍ മുതല്‍ നിറയുന്ന സമൃദ്ധി തിരുവോണവും കഴിഞ്ഞ് ചതയം വരെ നീളും... ..മരപ്പെട്ടിയില്‍ നിറയുന്ന പച്ചയും പഴുത്തതുമായ നേന്ത്രക്കുലകൾ....കായ തൊണ്ടുകളയുന്നതിന്റെ,നുറുക്കുന്നതിന്റെ, വറുക്കുന്നതിന്റെ മറ്റൊരു ബഹളം..നാലാക്കി നുറുക്കി വറുക്കുന്ന ഉപ്പേരിയാണ് പതിവ്. വട്ടത്തില്‍ നുറുക്കുന്ന പതിവ് എന്തുകൊണ്ടോ, ഓണത്തിന് കണ്ടിട്ടില്ല. രാവിലെ മുതലേ പഴം നുറുക്കും ഉപ്പേരിയും പപ്പടം കാച്ചിയതും കൂടി മൂക്കുമുട്ടെ കഴിച്ചിരുന്ന നാളുകളായിരുന്നു അത്. പിന്നെ അടുത്ത ഓണം വരെ നേന്ത്രപ്പഴം കണികാണാന്‍ പോലും കിട്ടില്ല!! വിഭവസമൃദ്ധമായ ഓണ സദ്യയില്‍ സാമ്പാറിനേക്കാള്‍ പ്രാധാന്യം കാളന് ആയിരുന്നു. ഒരു പാചകവിദഗ്ദ്ധന്‍ തന്നെയായിരുന്ന അമ്മാവന്റെ കൈപ്പുണ്യത്തിന്റെ നിറവ് കൂടിയായിരുന്നു അന്നത്തെ സദ്യ(ഇന്നും ഞാന്‍ വിഭവങ്ങളുടെ രുചിനിലവാരം നിശ്ചയിക്കുന്നത് ആ പഴയ രു‍ചികളുമായി താരതമ്യം ചെയ്താണ്) . നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് എല്ലാവരും ഊണു കഴിയ്ക്കുക.

ഊണു കഴിഞ്ഞ് ഉറങ്ങാന്‍ പോകുമ്പോള്‍ അമ്മാവന്‍ പറയും “ഓണമുണ്ട വയറേ, ചൂളം പാടിക്കിട” എന്ന്...!!


ഇന്നിപ്പോള്‍ ഒന്നിനും ഒരു കുറവുമില്ല. എല്ലാം കൂടുതലാണെങ്കിലേ ഉള്ളൂ. നേന്ത്രപ്പഴമോ ഉപ്പേരിയോ കഴിയ്ക്കാന്‍ ഓണം വരണമെന്നില്ല. എപ്പോള്‍ തോന്നുന്നോ, അപ്പോള്‍ വാങ്ങിക്കഴിയ്ക്കാം. ഓണത്തിന് വീട്ടമ്മമാര്‍ക്കോ കുട്ടികള്‍ക്കോ വലിയ അധ്വാനമൊന്നും വേണ്ട. പൂക്കളോ, പച്ചക്കറിയോ, സദ്യ തന്നെയുമോ കയ്യെത്തും ദൂരത്ത്. പൈസ കൊടുക്കുക, വങ്ങിക്കുക. അത്രയേയുള്ളൂ! എത്ര അശ്വാസം! എന്നിട്ടും എന്തുകൊണ്ടായിരിക്കും പഴയ ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചമുള്ളവയായി അവശേഷിക്കുന്നത്? എന്തോ ഒരു കുറവ്, ഒരു നഷ്ടബോധം എവിടെയോ..... ഇനിയുള്ള തലമുറകള്‍ക്ക് “ഓര്‍മ്മകളിലെ ഓണം” എന്ന വിഷയത്തെക്കുറിച്ച് എന്തായിരിക്കും എഴുതാനുണ്ടാവുക?


ഇതുവരെ വായിക്കാന്‍ ക്ഷമ കാണിച്ചതിന് (ഇതുവരെ എത്തിയോ? അതോ പകുതി വഴിയില്‍ നിറുത്തിയോ?) നന്ദി. പോസ്റ്റ് വല്ലാതെ നീണ്ടുപോയി. ഒന്നു ചെറുതാക്കാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, ഏതു ഭാഗമാണ് ഒഴിവാക്കേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. ഒന്നും ഒഴിവാക്കാൻ തോന്നുന്നില്ല.ഒന്നും!.മടുപ്പുളവാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു..

ബിന്ദു കൃഷ്ണപ്രസാദ്


ചിത്രങ്ങള്‍ക്ക് കടപ്പാട്‌ :
ദിലീപ് (dk), മലയാളം സ്ക്രാപ്‌ .കോം

9 Responses to "മനസ്സിലെ ഓണം"

 1. Nannayi Bindu. Njangalude veetilum ekadesam ingane okke thanne aayirunnu Onam rituals.

  ReplyDelete
 2. Nannayi Bindu. Njangalude veetilum ekadesam ingane okke thanne aayirunnu Onam rituals.

  ReplyDelete
 3. പണ്ടത്തെ ആ നല്ല നാളുകളിലൂടെ ഭാവനയിലാണെങ്കിലും ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി ബിന്ദൂ. എല്ലാവര്‍ക്കും ഓണാശംസകള്‍.

  ReplyDelete
 4. നന്നായിരിക്കുന്നു ഓർമ്മകളിലെ ഓണം.
  ഓണാശം സകൾ

  ReplyDelete
 5. ബിന്ദു, ഇതെത്രകാലം മുമ്പുള്ള ഓണമാണ്‌? എന്റെ ചെറുപ്പത്തിലെ ഓണങ്ങളിലും ഇതില്‍ ചിലതെല്ലാമുണ്ടായിരുന്നു (തുമ്പക്കുടം etc.), പക്ഷേ ഇത്രയ്ക്കും സംഭവബഹുലമൊന്നുമായിരുന്നില്ല.

  ReplyDelete
 6. വേണ്ടെന്നു വെച്ചിട്ടും പിന്മടങ്ങാത്ത കുസൃതിയോടെ മനസ്സ് ഓർത്തെടുക്കുന്ന ചിലത്....
  മുഴുവനും വായിച്ചു,ഒരു ബാല്യത്തിന്റെ മുഴുവൻ പൂക്കാലവും മുന്നിലൂടെ കടന്നുപോയി.
  ആശംസകൾ.
  ഓഫ്:
  മാണിക്കൻ,
  ഗംഭീരതന്ത്രം തന്നെ:))

  ReplyDelete
 7. ബിന്ദൂ ഗംഭീര വിവരണം..
  സമൃദ്ധമായാനല്ലൊരോണം കൊണ്ടു..
  സത്യം പറയാമല്ലോ ഒട്ടും തന്നെ ദൈര്‍‌ഘ്യം അനുഭപ്പെട്ടില്ല
  അത്രക്ക് രസകരമായ ഒഴുക്കൊടെയായി എഴുത്ത് ..
  സര്‍‌വ്വ ഐശ്വരത്തോടും കൂടിയുള്ള
  ഒരോണം ആശംസിക്കുന്നു

  ReplyDelete
 8. വളരെ കാലങ്ങളായി ഓണം വീട്ടിലെ ഒരു ഉച്ചസദ്യയില്‍ ഒതുങ്ങിയ ഞങ്ങള്‍ക്കൊക്കെ നല്ല ഒരോര്‍മ്മക്കുറിപ്പ്‌

  ReplyDelete
 9. ബിന്ദുച്ചേച്ചി,
  പഴയകാല ഓണ വിശേഷം അതി മനോഹരമായി എഴുതിയിരിക്കുന്നു. നീണ്ടു പോയതുകൊണ്ടാണൊ പലതും എഴിതിയിട്ടില്ലന്നു തോന്നി.

  ഓണക്കാലത്ത് ‘തുകീലുണർത്താൻ വരുന്ന‘ പാട്ടുകാരെ പറ്റി പറഞ്ഞില്ല.ഉടുക്കുമായി വരുന്ന അവരെക്കാത്ത് എത്രയൊ രാത്രികൾ ഞങ്ങൾ ഉറക്കമിളച്ച് കാത്തിരിന്നിട്ടുണ്ട്.

  മുറ്റത്ത് ഇട്ടു കൊടുക്കുന്ന പായയിൽ,കത്തിച്ചുവച്ച നിലവിളക്കിന് മുൻപിലിരുന്ന് പാട്ടു പാടുന്നത് പഞ്ഞം തീരാനാണെന്നു വിശ്വസ്സിച്ചീരുന്നു.

  പാട്ടു കഴിഞ്ഞു പോകുമ്പോൾ ദക്ഷിണ മാത്രമല്ല ഓണത്തിനു ഭക്ഷണമുണ്ടാക്കാനുള്ള കായ്കറികൾ,അരി,മുണ്ട്,എന്നിങ്ങനെ സർവ്വ സാധനങ്ങളും സമ്മാനമായി കൊടുക്കുമായിരുന്നു.

  “ഓണാശംസകൾ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts