ചില സംശയങ്ങള്‍
"സിയാബ് " എന്ന ബ്ലോഗര്‍ എഴുതുന്ന "ഓര്‍മ്മക്കുറിപ്പുകള്‍ " എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ?.
ഏതാണ്ട് 2009 മേയ് മാസം അവസാനത്തോടെയാണ് സിയാബിന്റെ ബ്ലോഗ് ജീവിതം ആരംഭിക്കുന്നത് .
വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അഞ്ചാം ക്ലാസ്സ് മുതല്‍ സ്വന്തമായി അദ്ധ്വാനിച്ച് പഠനത്തിനും സ്വന്തം വീട്ടുചിലവിന് വരെയുള്ള പണം സമ്പാദിച്ച് കഷ്ടപ്പെട്ട് പൊരുതിക്കയറി ‘ഐ.എ.എസ്സ് ‘ വരെ സ്വന്തമാക്കിയ ഒരാളായ സിയാബിന്റെ സ്വന്തം ജീവിതാനുഭങ്ങളാണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. സിയാബിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ട സഹായങ്ങളൊക്കെ നല്കി താങ്ങും തണലുമായി നിന്നിട്ടുള്ള മറ്റേമ്മ, ചേറൂര് വിജയപുരം സെന്റ് സേവ്യേഴ്സ് പള്ളി ഇടവക വികാരി ഫാദര്‍ പോള്‍ വട്ടക്കുഴി, എന്നീ വ്യക്തികളേയും ഇപ്പോഴത്തെ എറണാകുളം ജില്ലാ കളക്ടര്‍ ഡോ:ബീന, പോലീസ് അക്കാഡമി ഡയറക്ടര്‍ ഐ.ജി. അലക്സാണ്ടര്‍ ജേക്കബ് എന്നീ പ്രമുഖരുടേയുമൊക്കെ നല്ലമനസ്സുകള്‍ നമുക്കീ ബ്ലോഗിലൂടെ സിയാബ് കാണിച്ച് തരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഒരു റോള്‍ മോഡലായിത്തന്നെ കാണേണ്ട ഒരു വ്യക്തിയാണ് സിയാബ് എന്നരീതിയില്‍ പല പല മാദ്ധ്യമങ്ങളില്‍ സിയാബിനെപ്പറ്റി വന്ന വാര്‍ത്തകളുടെ ഇമേജുകളൊക്കെ സിയാബിന്റെ ബ്ലോഗില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെയൊക്കെയുള്ള ത്യാഗങ്ങള്‍ സഹിച്ച് ജീവിതവിജയം കൈവരിച്ച ഒരാളെന്ന നിലയില്‍ സിയാബിന്റെ ബ്ലോഗിന് വായനക്കാര്‍ക്ക് ഒരു പഞ്ഞവുമില്ല. ചുരുങ്ങിയ ഒരു മാസത്തിനുള്ളില്‍ ഏതൊരു ബ്ലോഗറേയും അസൂയാലുവാക്കും വിധത്തില്‍ നൂറോളം ഫോളോവേഴ്സിനെ ഈ ബ്ലോഗിന് ലഭിക്കുകയും ചെയ്തു.
മറ്റെല്ലാവരേയും പോലെതന്നെ വളരെ
കൌതുകത്തോടെ ഞങ്ങളും
ഈ ബ്ലോഗ് വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ,
ചില അവ്യക്തതകള്‍ ആ ബ്ലോഗിലെ വരികള്‍ക്കിടയില്‍ കാണപ്പെട്ടു തുടങ്ങിയതിനാല്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ആ ബ്ലോഗ് ഞങ്ങള്‍ പിന്നീട് വായിച്ചു കൊണ്ടിരുന്നത്.
ഇതിനിടയില്‍ ബ്ലോഗ് സ്പോട്ടില്‍ ഉണ്ടായിരുന്ന ആ ബ്ലോഗ് പൊടുന്നനെ റീ ഡയരക്റ്റ് ചെയ്തു ഡോട്ട് ഇന്നിലെക്കും പോകാന്‍ തുടങ്ങി.
ഇതിന് മുന്‍പും ശേഷവും അവ്യക്തതയാര്ന്ന കാര്യങ്ങള്‍ ആ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ളത് കൊണ്ടു ഒരു സംശയ ദൂരീകരണത്തിന് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് .
ഇതു വായിച്ചിട്ട് വായനക്കാരുടെ അഭിപ്രായങ്ങളും ഇവിടെ പങ്കു വയ്ക്കാം.
പക്ഷെ,
ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഇവിടെ മറുപടി പറയേണ്ട ധാര്‍മിക ഉത്തരവാദിത്തം സിയാബിനുണ്ട്.
അതിനാല്‍ ഞങ്ങളെപ്പോലെ വായനക്കാരും സിയാബിന്റെ മറുപടിക്കായി കാത്തു നില്ക്കുന്നു.
സിയാബ്,
ഞങ്ങള്‍ ഞങ്ങളുടെ സംശയങ്ങള്‍ ഇവിടെ നിരത്ത
ട്ടെ......
1. പല വായനക്കാരും താങ്കളുടെ ബ്ലോഗില്‍ എഴുതി ചോദിച്ച ഒരു കാര്യം , എന്ത് കൊണ്ടു സിവില്‍ സര്‍വ്വീസ് അനുഭവങ്ങള്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നില്ല , പകരം ദാരിദ്ര്യത്തിന്റെയും മറ്റും കയ്പ്പേറിയ അനുഭവങ്ങള്‍ മാത്രം എഴുതുന്നു? ഇത് എന്തെങ്കിലും തരത്തിലുള്ള ഗൂഡ ഉദ്ദേശ്യം ലാക്കാക്കിയുള്ള നീക്കമാണോ ?
2. താങ്കള്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പാസ്സായതായും ,അഭിമുഖം പസ്സായതായും, മെഡിക്കല്‍ കടമ്പ കടന്നതായും ബ്ലോഗില്‍ പറയുന്നുണ്ട്. പക്ഷെ ആ ഭാഗങ്ങള്‍ക്കൊന്നും അത്ര വ്യക്തതയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വില മതിക്കാനാവാത്തതുമായ ഈ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ കാര്യത്തെപ്പറ്റി പറയുമ്പോള്‍ പോലും താങ്കളെന്താണ് അല്‍പ്പം പോലും കൃത്യമായി അത് വിവരിക്കാത്തത് ?
ഉദാഹരണത്തിന് താങ്കളുടെ 2 പോസ്റ്റുകള്‍ കൂട്ടി വായിച്ചാല്‍ അതിങ്ങനെയാണ്.സ്വപ്നങ്ങള്‍ പൊലിയുന്നു എന്ന സിയാബിന്റെ പോസ്റ്റ് തീരുന്നത് താഴെ കാണുന്ന 2 പാരഗ്രാഫുകളോടെയാണ്.
വീണ്ടും നാട്ടില്‍ എത്തിയ എന്നോട് എല്ലാവരും വളരെ സ്നേഹത്തോടെ പെരുമാറി. അങ്ങനെ രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം മാതൃഭൂമി പത്രത്തില്‍ നിന്നും എന്നെ വിളിച്ചു റിസള്‍ട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. എന്റെ പേരു കാണുന്നില്ല എന്നും പറഞ്ഞു. അപ്പോഴേക്കും എല്ലായിടത്തുനിന്നും ഫോണ്‍ വിളികള്‍ വന്നുതുടങ്ങി എല്ലാര്ക്കും ഫലം അറിയാനായിരുന്നു തിടുക്കം. ഞാനും പ്രമോദും കൂടി പരിശോധിച്ചപ്പോള്‍ എന്റെ പേരു കണ്ടില്ല. ഞാന്‍ ഇന്റര്‍വ്യൂ
പരാജയപെട്ടു എന്ന് മനസിലാക്കി അച്ചനോട് വിവരം പറഞ്ഞു. അച്ചന് അടുത്ത വട്ടം എഴുതാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. എന്തോ ആ സമയത്തു എനിക്ക് വല്ലാതെ ദുഖം തോന്നി. പരീക്ഷയുടെ ആദ്യ ഘട്ടങ്ങളില്‍ ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എനിക്ക് ഇന്റര്‍വ്യൂ ആയപ്പോഴേക്കും ഒരുപാടു പ്രതീക്ഷ വന്നിരുന്നു. പിറ്റേദിവസം ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ തണുത്ത സ്വീകരണം ആണ് കിട്ടിയത്. ആളുകളുടെ മുഖത്തെ പരിഹാസങ്ങള്‍ ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞു. ആരോടും ഒന്നും പറയാനാവാതെ ഞാന്‍ തിരിച്ചു പള്ളിയിലേക്ക് മടങ്ങി വന്നു.
അന്നുരാത്രി ആമി എന്നെ വിളിച്ചു ഒരുപാടു സംസാരിച്ചു. എന്റെ ദുഖത്തിന്റെ കാരണം എനിക്ക് പറഞ്ഞു തന്നു. പെട്ടന്നു കിട്ടിയ ആളുകളുടെ അംഗീകാരം എന്നില്‍ അഹങ്കാരം വളര്‍ത്തിയിരുന്നു. അത് ഇല്ലാതാക്കാന്‍ വേണ്ടിയാണു ഈ പരാജയം എന്നും ആമി പറഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമായി. എന്റെ ദുഖം ഇല്ലാതാവുകയും ചെയ്തു. അടുത്ത വട്ടം എഴുതുവാനുള്ള തയ്യരെടുപ്പുകളിലേക്ക് ഞാന്‍ തിരിയുകയും ചെയ്തു. പിറ്റേ ദിവസം ഞാന്‍ ബീന മാഡം വിളിച്ചതനുസരിച്ച് കാണാന്‍ പോയി. മെഡിക്കല്‍ പരിശോധനയില്‍ ആണ് പരാജയപെട്ടിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. Upsc ഓഫീസുമായി ബന്ധപ്പെടാനും പറഞ്ഞു. അങ്ങനെ ഓഫീസുമായി ബന്ധപ്പെടുകയും എന്റെ മെഡിക്കല്‍ പരിശോധനയ്ക്ക് വീണ്ടും സമയം അനുവദിക്കണം എന്നും അപേക്ഷിച്ചു. അവരുടെ മറുപടി എന്തായിരിക്കും എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അവിടെയും ദൈവം പ്രതീക്ഷയുടെ ഒരു തിരിനാളം എനിക്കായി കൊളുത്തി വെച്ചിരുന്നു…………
ഇനി ഇതിന്റെ തുടര്‍ച്ചയാണെന്ന് നാം കരുതി കാത്തിരുന്ന് വായിക്കേണ്ട അടുത്ത പോസ്റ്റിലേക്ക് പോയി നോക്കൂ.
ജീവിതത്തിന്റെ പുതിയ ലക്ഷ്യത്തിലേക്കു കടക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിന് എനിക്ക് ഒരു വര്‍ഷം കൂടി വേണ്ടി വന്നു. ഒരുവര്‍ഷത്തിനുള്ളില്‍ എന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയുള്ള അറിയിപ്പ് എനിക്ക് കിട്ടി. പിന്നീട് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു. ആദ്യ മെഡിക്കല്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ എനിക്ക് വെറും 42 kg മാത്രമേ ഉണ്ടായിരുന്നുള്ളു. വേണ്ടത് 60 kg. ആദ്യം അത് ശരിയാക്കാനുള്ള ശ്രമം ആയിരുന്നു. അതുവരെ വെജിറ്റെറിയന്‍ ആയിരുന്നു ഞാന്‍ . അച്ചന് എന്നെ നോണ്‍ വെജ് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഒരു ലക്ഷ്യത്തിനു വേണ്ടി
യാണല്ലോ എന്നോര്‍ത്തു സമാധാനിച്ചു. പതുക്കെ ശരീരം മെച്ചപ്പെടാന്‍ തുടങ്ങി. ആ കാലത്തു അച്ചന് കാണിച്ചിരുന്ന ശ്രദ്ധയും മറ്റും എടുത്തു പറയേണ്ടതാണ്. പിന്നെ കണ്ണിന്റെ പ്രശ്നം ആയിരുന്നു.കണ്ണട വെച്ചു അതും പരിഹരിച്ചു. ഇങ്ങനെ ഓരോ കാര്യത്തിലും മറ്റുള്ളവരുടെ ഉപദേശ പ്രകാരം എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനായി. അടുത്ത മെഡിക്കല്‍ പരിശോധനക്കായി ഞങള്‍ ഡല്‍ഹിയിലേക്കു യാത്രയായി.
ആ യാത്ര വിമാനത്തില്‍ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര അതിന് വഴി തെളിച്ചത് ചാക്കോച്ചി ആയിരുന്നു. ചാക്കോച്ചിയെ കുറിച്ചു പിന്നീട് എഴുതാം. ജീവിതത്തില്‍ ഒരു പുതിയ അനുഭവം ആയിരുന്നു ആ യാത്ര. താഴെ നിന്നും മാത്രം വിമാനം നോക്കിയിരുന്നു ആസ്വദിച്ചിരുന്ന ഞാന്‍ അതില്‍ യാത്ര ചെയ്യുക ദൈവത്തിന്റെ ഇടപെടലുകള്‍ എത്ര മനോഹരമാണ് . അങ്ങനെ ഡല്‍ഹിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും അതില്‍വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ കാര്യം ഞാന്‍ എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരെ മാത്രമാണ് അറിയിച്ചത്. ഇനി ഒരു പ്രശസ്തി ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
3. ഡല്‍ഹിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നല്ലാതെ പോസ്റ്റിങ്ങ് എവിടെ ? കളക്ടറായിട്ടോ അസിസ്റ്റന്റ് കളക്ടറായിട്ടോ എന്നൊന്നും താങ്കള്‍ തെളിച്ച് പറയുന്നില്ല. ഇത്തരം കാര്യങ്ങള്‍ പിന്നീടുള്ള ഒരു പോസ്റ്റിലും പറയുന്നില്ല. എന്തുകൊണ്ട് പറയുന്നില്ല ? ഐ.എ.എസ്സ് എന്നത് താങ്കള്‍ക്ക് അത്രയ്ക്ക് നിസ്സാരമായ ഒരു കാര്യമാണോ ? മറ്റേതൊരു വ്യക്തിയേയും പോലെ സിവില്‍ സര്‍വ്വീസ് താങ്കളുടേയും ഒരു സ്വപ്നമായിരുന്നില്ലേ ? പിന്നെന്താ അതിനെപ്പറ്റി തുറന്നെഴുതിയാല്‍ ?
ഈ ചോദ്യത്തിന് ശാലോം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരു മറുപടിയാകുമോ ? വാര്‍ത്ത ഇങ്ങനെ ......
4. മേല്‍ നല്കിയ ശാലോം വാര്‍ത്തയുടെ ചിത്രം സിയാബ് തന്നെ മെയിലിലൂടെ പല സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിട്ടുള്ളതാണ്. അതില്‍ ഒരു വ്യക്തിയില്‍ നിന്നാണ് ഞങ്ങള്‍ക്കിത് കിട്ടുന്നത്. എന്തുകൊണ്ട് താങ്കളിത്
മനോരമ ഓണ്‍ലൈന്‍ അടക്കമുള്ള താങ്കളുടെതന്നെ ബ്ലോഗികളിലുമൊക്കെ മറ്റ് പേപ്പര്‍ കട്ടിങ്ങുകള്‍ കാണിച്ചിരിക്കുന്നതുപോലെ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്നില്ല ?
ഈ പേപ്പര്‍ കട്ടിങ്ങ് വഴി ലഭ്യമായ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു . IAS ലഭിച്ചവരുടെ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാകുന്ന ഭാരത സര്‍ക്കാറിന്റെ ഔദ്യാഗിക സൈറ്റ് വരെ ആ അന്വേഷണം നീണ്ടു. ആ സൈറ്റ് വഴി ഒരു കൌതുകത്തിന് വേണ്ടി ആദ്യം തന്നെ " BEENA " എന്ന പേര് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് താഴെയുള്ള ചിത്രത്തില്‍ .
പിന്നീട്, എറണാകുളത്തെ മുന്‍ കലക്ടരായിരുന്ന ശ്രീ ഗ്യാനേഷ് കുമാറിനെ ഞങ്ങള്‍ അതിലൂടെ അന്വേഷിച്ചു . അതിങ്ങനെ ലഭിച്ചു.
ഇവയിലെല്ലാം, IAS കിട്ടിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലവും അവരുടെ ജനന ത്തീയ്യതിയും എന്തിന് ,
ഇപ്പോള്‍ വാങ്ങുന്ന ശമ്പള സ്കെയിലും കൂടി പറഞ്ഞു തരും. അങ്ങനെ ഞങ്ങള്‍ siyab, shihab, shiyab എന്ന പേരില്‍ ഒക്കെ ആ സൈറ്റില്‍ തിരഞ്ഞു.
അതിന് മറുപടി കിട്ടിയത് ഇങ്ങനെ .

ഇനിയും സംശയം തീരാത്ത വായനക്കാര്‍ക്കായി ആ സൈറ്റിന്റെ
ലിങ്ക് ഇവിടെ നല്കുന്നു.
നിങ്ങള്‍ക്ക് പരിചയമുള്ള ഏതൊരു IAS ഉദ്യോഗസ്ഥനെയും
ഈ സൈറ്റിലൂടെ തിരയാം.
അതിന്റെ മറുപടിയില്നിങ്ങള്ക്ക് തൃപ്തി ആയങ്കില് സിയാബിനെയും തിരഞ്ഞു നോക്കൂ.....
ഇനി ചിലപ്പോള്‍ ഞങ്ങളും നിങ്ങളുമൊക്കെ തിരയുന്നത് സിയാബിന്റെ ശരിയായ സ്പെല്ലിങ്ങ് ഉപയോഗിച്ച് അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും തെറ്റ് പറ്റാം.
5.അങ്ങനെയാണെങ്കില്‍ സിയാബിന്റെ ശരിക്കുള്ള ഔദ്യോഗിക നാമം എന്താണ്. സ്പെല്ലിങ്ങ് അടക്കം പറഞ്ഞുതരൂ. ഞങ്ങളെല്ലാവരും വീണ്ടും തിരഞ്ഞുനോക്കാം.
6. സിയാബ്, താങ്കള്‍ക്കു IAS കിട്ടി എന്ന് പറഞ്ഞു പൊന്നാനി എം ഇ എസ് കോളേജ് താങ്കളെ ആദരിച്ചിരുന്നില്ലേ? അവിടെ താങ്കള്‍ പ്രസംഗിക്കുകയും ചെയ്തു.ഈ വിഷയം താങ്കള്‍ എന്ത് കൊണ്ടു ബ്ലോഗില്‍ പറയുന്നില്ല? ശരിക്കും താങ്കള്‍ക്കു IAS കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത് കേഡര്‍ ? ഏത് വര്‍ഷം ? പോസ്റ്റിങ്ങ് ആയത് എവിടെ ?
7. ഇപ്പോള്‍ , ബൂലോകത്തുള്ള പലരോടുംതാങ്കള് പറഞ്ഞിരിക്കുന്നത് ജാര്‍ക്കണ്ടില്‍ സബ് കലക്ടര്‍ ആയി പ്രവേശിച്ചു , ഉന്നത പഠനത്തിനു വേണ്ടി അവധി എടുത്തിരിക്കുകയാണ് എന്നാണ്.
രണ്ടു വര്‍ഷത്തിലധികം ഒരു സിവില്‍ സര്‍വ്വീസുകാരന്‍ ഇങ്ങനെ അവധിയെടുത്ത് മാറി നില്ക്കാന് പറ്റുമോ ?
8. അവധിയെടുത്ത് Mphil പഠിക്കുകയാണെന്നു ചിലരോടും,
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ സ്കോളര്‍ഷിപ്പ് കിട്ടിയതിനാലും,
അത് വര്‍ഷത്തില്‍ ഒരിക്കല്‍ , ഒരു ഇന്ത്യാക്കാരന് മാത്രം കിട്ടുന്ന ബഹുമതി ആയതിനാലും അങ്ങോട്ട് പോകുവാന്‍ വേണ്ടി മാത്രം Mphil പഠിക്കുന്നു എന്നും പലരോടും പറഞ്ഞിട്ടുണ്ടല്ലോ ? മാത്രമല്ല അവിടെ പോകുന്നതിനു മുപ്പതു വയസ്സ് കഴിയണം എന്നും പറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ താങ്കള്‍ക്കു പ്രായം ഇരുപത്തി നാല്. ഇനിയും ആറു കൊല്ലം കൂടി കഴിഞ്ഞെങ്കില്‍ മാത്രമെ താങ്കള്‍ക്കു
ലണ്ടന്‍ വാസം തരപ്പെടുകയുള്ളൂ.... അതായത് നീണ്ട ആറുകൊല്ലം ഐ എ എസ് പദവി ഇതിന് വേണ്ടി ഉപേക്ഷിക്കണോ? മേല്‍ പറഞ്ഞ ആ സ്കൂളിന്റെ വെബ് സൈറ്റില്‍ ഈ വക കാര്യങ്ങള്‍ ഉണ്ടോ ? അല്ലെങ്കില്‍ ഇതല്ലേ താങ്കള്‍ പറഞ്ഞ സൈറ്റ്?
9. വനിതാ,
എം എം ടി വി ,
സി എന്‍ എന്‍ .ഐ ബി എന്‍ , മലയാള മനോരമ തുടങ്ങിയ മാദ്ധ്യമങ്ങളില്‍ താങ്കള്‍ക്കു IAS കിട്ടാന്‍ പോകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. പിന്നീട് താങ്കള്‍ പറയുന്നതുപോലെ താങ്കള്‍ക്ക് സിവില്‍ സര്‍വ്വീസ് കിട്ടിയെങ്കില്‍ എന്ത് കൊണ്ടു ഈ മാധ്യമങ്ങള്‍ താങ്കളെ ക്കുറിച്ചുള്ള വിവരങ്ങള്‍ , ആരെയും അസൂയപ്പെടുത്തുന്ന ആ വിജയെത്തെപ്പറ്റിയൊക്കെ പിന്നീട് പ്രസിദ്ധീകരിച്ചില്ല ? ചാനലുകളിലും പത്രങ്ങളിലൊമൊക്കെ താങ്കള്‍ നിറഞ്ഞുനിന്നില്ല ?!
10. മുകളില്‍ കൊടുത്തിരിക്കുന്ന ശലോം വാര്‍ത്താക്കുറിപ്പില്‍ IAS നു 142 -ആം റാങ്ക് ആണ് താങ്കള്‍ക്കു കിട്ടിയത് എന്ന് പറയുന്നതില്‍ വല്ല വാസ്തവവും ഉണ്ടോ ?
11. ഞങ്ങളുടെ അന്വേഷണം പലവഴികളിലൂടെ നീങ്ങി. താങ്കളുമായി പരിചയം ഉള്ളതും ചാറ്റ് മെയില്‍ തുടങ്ങിയതിലൂടെയൊക്കെ ബന്ധപ്പെടുകയും ചെയ്ത പലരുമായി ഞങ്ങളുടെ സംശയങ്ങള്‍ പങ്കുവെച്ചു. അപ്പോള്‍ അവരെല്ലാം സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യം താങ്കള്‍ 95 % മലയാളത്തില്‍ അല്ലെങ്കില്‍ മംഗ്ലീഷില്‍ മാത്രമേ എഴുതിക്കണ്ടിട്ടുള്ളൂ എന്നാണ്. ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ആള് ചാറ്റിലൂടെയും എന്ത് കൊണ്ടു രണ്ടു വരി തികച്ചു ഇംഗ്ലീഷില്‍ എഴുതുന്നില്ല ?
12. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിച്ച പലരോടും താങ്കള്‍ മറുപടി കൊടുക്കുന്നത് നല്ല നാടന്‍ മലയാളത്തില്‍ മാത്രമാണ്. സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രിപ്പയര്‍ ചെയ്യുന്ന ഒരാള്‍ പോലും ഇംഗ്ലീഷ് ഭാഷ മനോഹരമായി കൈകാര്യം ചെയ്യും എന്നാണ് ഞങ്ങളുടെ വിശ്വാസം. അങ്ങനല്ലാതെ ഇന്റര്‍വ്യൂ പോലുള്ള കടമ്പകള്‍ കടക്കുക ബുദ്ധിമുട്ടാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഈ അറിവ് തെറ്റാണെങ്കില്‍ താങ്കള്‍ തന്നെ തിരുത്തിത്തരണം. അതോ താങ്കല്‍ക്ക് മലയാളഭാഷയോടുള്ള അതിഭയങ്കരമായ സ്നേഹമാണോ ഈ മലയാളം /മംഗ്ലീഷ് ടൈപ്പിങ്ങിനും സംസാരത്തിനും പുറകില്‍ ?
13. ഇനി ഒരു സുപ്രധാന ചോദ്യം ചോദിക്കട്ടെ, താങ്കളുടെ " എന്റെ സ്വപ്നങ്ങള്‍ പൂവണിയുന്നു " എന്ന പോസ്റ്റില്‍ ഗൌരവത്തോടെ ഒരാള്‍ കമന്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? പൂര്‍ണ്ണമായും മലയാളത്തില്‍ ആയിരുന്ന ആ കമന്റ് മറ്റു വായനക്കാരുടെ അറിവിലേക്കായി ഏകദേശ രൂപം ഇവിടെ നല്കട്ടെ.....
" നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഈ സിയാബിനെ ഫോളോ ചെയ്യുകയും ഇവിടെ വന്ന് കമന്റിടുകയുമൊക്കെ ചെയ്യുന്നത് ? ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജനങ്ങളെ ഇതുപോലെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "
(സിയാബിന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് പോകുന്നുണ്ടെങ്കില്‍ ഈ കമന്റ് ഇപ്പോഴും മറുമൊഴിയില്‍ ഉണ്ടാകും.)
ഈ കമന്റ് വന്നു സെക്കന്റുകള്‍ക്കകം അത് ഡിലീറ്റ് ചെയ്യപ്പെട്ടു. കുറച്ചു കഴിഞ്ഞു പോസ്റ്റും ഡിലീറ്റ് ആയി . അന്ന് തന്നെ ബ്ലോഗും കാണാതായി. പക്ഷെ, മൂന്നു ദിവസങ്ങള്‍ക്കു ശേഷം ബ്ലോഗ് പഴയത് പോലെ വന്നപ്പോള്‍ പ്രസ്തുത പോസ്റ്റില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. തിക്താനുഭവങ്ങളിലൂടെ കടന്നു വന്ന സിയാബ്, അത്തരം ഒരു കമന്റ്, വെറും ആരോപണം ആണെങ്കില്‍ എന്ത് കൊണ്ട് അതിനെ ചോദ്യം ചെയ്യാതെ മേല്‍പ്പറഞ്ഞതുപോലെ കമന്റ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റ് എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തു?
ഗൂഗിള്‍ കാഷില്‍ ‘സ്വപ്നങ്ങള്‍ വീണ്ടും പൂവണിയുന്നു‘ എന്ന ആ പഴയ പോസ്റ്റ് ഇപ്പോഴും കിടക്കുന്നുണ്ടെന്ന് മറക്കരുത് സിയാബ്. പുതിയ പോസ്റ്റും പഴയ പോസ്റ്റും തമ്മിലുള്ള അന്തരം തെളിവാവശ്യമുള്ളവര്ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല.
14. താങ്കള്‍ക്കു സുഹൃത്തുക്കള്‍ മെനഞ്ഞെടുത്ത രണ്ടു ഓര്‍ക്കുട്ട് കമ്മ്യൂണിട്ടി ഉണ്ടല്ലോ . ഒന്നില്‍ താങ്കള്‍ തന്നെ യാണ് മോഡറേറ്റര്‍ . തമിഴ്നാട് പൊളിറ്റിക്സ് എന്ന ബ്ലോഗ് കമ്മ്യൂണിറ്റിയില്‍ പോലും താങ്കളുടെ വിഷയം ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടന്നു. അതിനര്‍ത്ഥം താങ്കളുടെ ഈ ‘സിവില്‍ സര്‍വ്വീസ് ‘വിഷയം മലയാളത്തിന്റെ അതിര് വരമ്പുകള്‍ കടന്നിരിക്കുന്നു എന്നതാണ്. സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എല്ലാവരും ഓര്‍ക്കുട്ട് ഉപയോഗിക്കുമ്പോള്‍ , അതില്‍ ഒരു പ്രൊഫൈല്‍ പോലും ഉണ്ടാക്കാതെ, ബ്ലോഗില്‍ മാത്രം താങ്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, താങ്കളുടെ കദനകഥകള്‍ക്ക് വേണ്ട പ്രസിദ്ധി കിട്ടാന്‍ വേണ്ടി മാത്രമായിരുന്നില്ലേ ? ഈ ‘പ്രസിദ്ധി‘ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചിരുന്നത് / ഉദ്ദേശിക്കുന്നത് ?
15. ഇനിയാണ് ഏറ്റവും പ്രധാനമായ ചോദ്യം .താങ്കളുടെ ജീവിതാനുഭവങ്ങളില്‍ പറയുന്ന ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കലക്ടര്‍ ശ്രീമതി ബീന താങ്കളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിത്വം ആണെന്ന് താങ്കളുടെ പോസ്റ്റുകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
താങ്കളെക്കുറിച്ചുള്ള ചില പത്രവാര്‍ത്തകളില്‍ കളക്ടര്‍ ഡോ: ബീനയെക്കുറിച്ചുള്ള പരാമര്‍ശം കണ്ടതിനേത്തുടന്ന് ‘നമ്മുടെ ബൂലോകം‘ പ്രതിനിധികള്‍ ഇതിനെപ്പറ്റി ബഹുമാനപ്പെട്ട ബീന മാഡവുമായി നേരില്‍ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ താങ്കള്‍ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
ഉദാഹരണത്തിന് ....,
താങ്കള്‍ താഴെപ്പറയുന്ന പോലെയൊക്കെ ബഹുമാനപ്പെട്ട കളക്ടറെ ക്കുറിച്ച് താങ്കളുടെ ബ്ലോഗില്‍ പറയുന്നുണ്ട്........
“ അന്ന് രാത്രി ഒരു പത്തു മണിക്ക് എന്നെ ഞെട്ടിച്ചു കൊണ്ടു എനിക്ക് മാഡത്തിന്റെ ഫോണ്‍ വരികയും ചെയ്തു. കുറച്ചു നേരത്തേക്ക് എനിക്ക് എന്ത് സംസാരിക്കണം എന്നുപോലും അറിയാതെ ഞാന്‍ നിന്നു പോയി. പിന്നെ സംയമനം വീണ്ടെടുത്തു ഞാന്‍ എന്റെ ആവശ്യം അറിയിച്ചു. പിറ്റേ ദിവസം രാവിലെ അവരുടെ വീട്ടിലേക്ക് ചെല്ലാന്‍ പറയുകയും അവിടെ വന്നു സംസാരിക്കാം എന്നും പറഞ്ഞു അവര്‍ സംഭാഷണം അവസാനിപ്പിച്ചു. ആ ഫോണിലേക്ക് നോക്കി ഞാന്‍ കുറച്ചു നേരം ഇരിക്കുകയും പിന്നീട് അച്ചനോട് ചെന്നു സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ എന്നോട് പറഞ്ഞ സമയത്തു തന്നെ ചെന്നു. വളരെ ഹൃദ്യമായ പെരുമാറ്റം ആയിരുന്നു എനിക്ക് അവിടെ നിന്നു ലഭിച്ചത്. എന്നോട് എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും മെയിന്‍ പരീക്ഷക്ക് വേണ്ട മുഴുവന്‍
കാര്യങ്ങളും പറഞ്ഞു തരികയും ചെയ്തു. എല്ലാ വിധ സഹായങ്ങളും ചെയ്തു തരികയും ചെയ്തു. ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവ് ആയി മാറുകയായിരുന്നു. പിന്നീട് എന്റെ ജീവിതത്തില്‍ ഉണ്ടായ ഓരോകാര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ എടുത്തിരുന്നത് മാഡം ആയിരുന്നു. എന്നെ ഒരനിയനെ പ്പോലെ കരുതി സ്നേഹിക്കുകയും ഒരു ചേച്ചിയുടെ വാല്‍സല്യം തരുകയും ചെയ്തിരുന്നു. മെയിന്‍ പരീക്ഷയ്ക്കു തയാറെടുത്ത മൂന്നുമാസങ്ങളിലും പഠനകാര്യങ്ങള്‍ വിളിച്ചു അനോഷിക്കുകയും വേണ്ട സഹായങ്ങള്‍ അപ്പപ്പോള്‍ ചെയ്തു തരികയും ചെയ്തിരുന്നു. പിന്നീട് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉപദേശങ്ങളും സഹായങ്ങളും എപ്പോഴും ഉണ്ടായിരുന്നു. ..........
അച്ചനോടും മറ്റെമ്മയോടും വീട്ടില്‍ നിന്നും എല്ലാം അനുഗ്രഹം മേടിച്ച ശേഷം ഞാനും പ്രമോദും കൂടി ബീനമാഡത്തിന്റെ വീട്ടിലേക്ക് പോയി.മാഡം എന്നെ അനുഗ്രഹിച്ചു ഞങ്ങള്‍ക്കു ട്രെയിനില്‍ കഴിക്കാനുള്ള ഭക്ഷണവുംതയ്യാറാക്കി തന്നു...........
ഈ വിഷയം സംബന്ധിച്ച് ശ്രീമതി ബീനാ മാഡത്തിനെ ഞങ്ങളുടെ 3 പ്രധിനിധികള്‍ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ , സിയാബ് തന്നെ ഒരുതവണ വന്നു കണ്ടിരുന്നതായും പാവപ്പെട്ട ഒരു വീട്ടിലെ കുട്ടി എന്ന നിലയ്ക്ക് ഒരു സഹായമായിക്കോട്ടേ എന്ന് കരുതി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത് എങ്ങിനെയൊക്കെയാണെന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി അയക്കുകയും ചെയ്തു എന്ന് പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഏതോ പത്രത്തില്‍ സിയാബിനെപ്പറ്റി സിവില്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ ബീനാ മാഡമാണ് എല്ലാ കാര്യങ്ങളും നിരന്തരമായി സഹായിച്ചുകൊണ്ടിരുന്നത് എന്ന് എഴുതിയിരിക്കുന്നത് കണ്ട് കളക്ടര്‍ ബീന ഞെട്ടിപ്പോകുകയാണുണ്ടായതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ഒന്നിലധികം പ്രാവശ്യം താങ്കളെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും , രണ്ടാമത്തെ പ്രാവശ്യം താങ്കള്‍ അവരെ കാണാന്‍ ചെന്നപ്പോള്‍ താങ്കള്‍ക്ക് കാണാനുള്ള അനുവാദം നിഷേധിച്ചു എന്നും മാഡം പറയുന്നു.
സിയാബ്, പറയൂ ഇതില്‍ എത്രമാത്രം വാസ്തവം ഉണ്ട്? താങ്കള്‍ യഥാര്‍ത്തത്തില്‍ എത്ര പ്രാവശ്യം മാഡത്തെ കണ്ടിട്ടുണ്ട്? മാഡം പറയുന്നത് നിങ്ങള്‍ക്ക് ഖണ്ഡിക്കാനാകുമോ ? എന്താണിതിലെ സത്യാവസ്ഥ ? മാഡം പറയുന്നതാണ് ശരിയെങ്കില്‍ പലയിടത്തും മാഡത്തിന്റെ പേര് താങ്കള്‍ മിസ്സ് യൂസ് ചെയ്യുന്നത് എന്തിനാണ്?
മാഡവുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടോ എന്നറിയാനും അപ്പോള്‍ മാഡം തന്ന മറുപടി എന്താണെന്നുമൊക്കെ അറിയാന്‍ ബീനാ മാഡവുമായിത്തന്നെ ആര്‍ക്ക് വേണമെങ്കിലും സംസാരിക്കാം. രാവിലെ ഒരു മണിക്കൂര്‍ സമയം അവര്‍ തന്റെ ക്യാമ്പ് ഓഫീസില്‍ പൊതുജനവുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. പുറത്ത് ഗേറ്റിലുള്ള പോലീസ് ഉദ്യോഗസ്ഥരെ നിങ്ങളുടെ ആഗമനോദ്യേശ്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താല് ബീനാ മാഡത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
16. ഞങ്ങള്‍ സംസാരിച്ചപ്പോളൊക്കെ ബീനാ മാഡം എടുത്ത് പറഞ്ഞ ഒരു വാചകമുണ്ട് -
അയാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ എല്ലാം പാസ്സായിട്ടൊന്നുമില്ല്ല . ഇപ്പറയുന്നത് എറണാകുളം ജില്ലാ കളക്ടര്‍ ആണെന്നുള്ളത് മറക്കരുത്. ങ്ങങ്ങള്ക്കവരെ പൂര്‍ണ്ണമായും വിശ്വസിച്ചേ പറ്റൂ. വ്യക്തതയില്ലാത്ത പോസ്റ്റുകള്‍ എഴുതി ബ്ലോഗിലിടുന്ന സിയാബിനേക്കാള് ഞങ്ങള്‍ക്ക് വിശ്വാസം സിവില്‍ സര്‍വ്വീസില്‍ ഇരിക്കുന്ന കളക്ടര്‍ ഡോ:ബീനയെത്തന്നെയാണ്. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ സിയാബ് ? പറയൂ ഞങ്ങള്‍ക്കും, വായനക്കാര്‍ക്കും അറിയാന്‍ താല്‍പ്പര്യം ഉണ്ട്.
ബൂലോകത്ത് തികഞ്ഞ സൌഹാര്‍ദ്ദങ്ങള്‍ ഉണ്ട്, വെറുപ്പുകള്‍ ഉണ്ട്, കളിയാക്കലും പരിഭവം പറച്ചിലുകളും ഉണ്ട്. എന്നിരുന്നാലും ബ്ലോഗെഴുതുന്ന ബൂലോകര് മനസ്സുകൊണ്ട് ഒന്നാണ് . ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വളര്‍ച്ച കാംക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമുക്കിടയിലുള്ള ഒരു വ്യക്തി ബ്ലോഗ് എന്ന മാധ്യമത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ / പ്രവര്‍ത്തിച്ചാല്‍ കൂട്ടായ്മയോടെ ആ വസ്തുത പുറത്തു കൊണ്ടു വരേണ്ട ബാധ്യത ഒരു ബ്ലോഗ് പത്രം എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു.
അതിനാലാണ് സംശയ നിവാരണത്തിനായി ഈ ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ധാരാളം തെളിവുകള്‍ ഞങ്ങളുടെ കൈവശം ഉണ്ട്. കഴിഞ്ഞ രണ്ടു മാസക്കാലമായി നിരന്തരം നടന്ന അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ആണ് ഈ വസ്തുതകള്‍ ഇപ്പോള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇവിടെ സിയാബിനും , സിയാബിനെ അനുകൂലിക്കുന്നവര്‍ക്കും, പ്രതികൂലിക്കുന്നവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. അതിന് ശേഷം ഈ വിഷയത്തെപ്പറ്റിയുള്ള കൂടുതല്‍ നടുക്കുന്ന ചോദ്യങ്ങളും വസ്തുതകളുമൊക്കെ അടുത്ത ഭാഗങ്ങളില്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നതാണ്.
ഇക്കാര്യങ്ങളൊക്കെയും സംശയങ്ങള്‍ എന്ന രീതിയില്‍ താങ്കളോട് നേരിട്ട് ചോദിച്ചാല്പ്പോരായിരുന്നോ, പരസ്യമായി ഇങ്ങനെ പത്രത്തിലൂടെ വേണമായിരുന്നോ, എന്ന് സിയാബിനോ നമ്മൂടെ ബൂലോകത്തിന്റെ വായനക്കാര്‍ക്കോ ഈ അവസരത്തില്‍ തോന്നിയേക്കാം. അതിന് കൃത്യമായ ഉത്തരം ഞങ്ങള്‍ക്കുണ്ട്. താമസിയാതെ അതൊക്കെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. തല്ക്കാലം ഈ സംശയങ്ങള്‍ക്ക് സിയാബ് മറുപടി തരുക.
അവസാനമായി സിയാബിനോട് ഒരു വാക്ക് കൂടി...., സിയാബ്, താങ്കള്‍ ഇനി ആ ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ ക്യാഷില്‍ നിന്നും എല്ലാം തിരികെ ലഭിക്കുമെന്ന് ഇപ്പോള്‍ എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ വെബ് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ജോലി (സ്ഥാപനം ഏതെന്ന് ഇപ്പോള്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല) ചെയ്യുന്ന താങ്കള്‍ക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ ? അതേപോലെ താങ്കളുടെ പോസ്റ്റുകളുടെയെല്ലാം സ്ക്രീന്‍ ഷോട്ടുകള്‍ ഞങ്ങള്‍ എടുത്തുവെച്ചിട്ടുണ്ട്. ഇതിനൊക്ക പുറമേ താങ്കളുടെ പോസ്റ്റുകള്‍ ജനങ്ങള്‍ ആരാധനയോടേയും അഭിമാനത്തോടെയുമൊക്കെ വായിച്ച് മനസ്സിലേറ്റിക്കഴിഞ്ഞിരിക്കുന്നു. നേരിട്ട് ഗൂഗിള്‍ തന്നെ അതൊക്കെ ഡിലീറ്റ് ചെയ്താല്‍പ്പോലും അതൊന്നും വായനക്കാരുടെ മനസ്സില്‍ നിന്ന് പോകില്ല. അവര്‍ താങ്കള്‍ക്ക് തന്ന ബഹുമാനവും , ആദരവുമൊക്കെ നഷ്ടപ്പെടുത്തരുതെന്നുണ്ടെങ്കില് താങ്കള്‍ ഈ ചോദ്യങ്ങള്‍ മറുപടി തന്നേ മതിയാകൂ.
തൃപ്തികരമായ വിശദീകരണം ലഭിക്കുന്നുവെങ്കില്‍ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും താങ്കള്‍ക്കുണ്ടായിരിക്കും.
(തുടർന്ന് വായിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.)