ജി.മനു ജി

മനു ജി. സ്വാഗതം..

സുസ്വാഗതം..ആഗമനോദ്ദേശ്യം അവഹേളിക്കലാണെന്നു തോന്നുന്നു.. റാന്‍ ....റെഡി..

വടക്കേന്ത്യയില്‍ പോകുമ്പൊള്‍ അവരെക്കൊണ്ടു ബഹുമാനപുരസ്സരം "ജി" എന്ന് വിളിപ്പിക്കാനാണോ മനു "ജി" എന്ന് ചേര്‍ത്തത്.. അതോ നേരത്തെ മുതലേ ഈ "ജി" ഉണ്ടോ ?

അതൊരു കഥയാണ്. പണ്ട്, പള്ളിക്കൂടം വാധ്യാരായി ജീവിക്കാനായി ഒരു പാവം തൊള്ള കീറി മണ്ണില്‍ വന്നപ്പോള്‍ ആരോ കുഞ്ഞിനെ ഗോപാലകൃഷ്ണന്‍ എന്നു വിളിച്ചു.. പിന്നെ ടി ദേഹത്തിനു ബുദ്ധിമുട്ടുണ്ടാക്കാനായി ഞാന്‍ മകനായി പിറന്നപ്പോള്‍ നാട്ടുനടപ്പ് ഇനിഷിയേറ്റീവ് എടുത്ത് ഒരു ഇനിഷിയല്‍ ചാര്‍ത്തി.. അങ്ങനെ ഈയുള്ളവന്‍ ജി.മനുവായി.. കാലക്രമേണ സ്വഭാവത്തിനൊത്തു പേരും തലതിരിഞ്ഞു.. മനു.ജി ആയി..

വമ്പന്‍ നീളമുള്ള പോസ്റ്റാണ് താങ്കള്‍ എഴുതുന്നത്‌.. പക്ഷെ ആരും ഇന്നുവരെ അതിന്റെ നീളം കുറയ്ക്കണം എന്ന് പറഞ്ഞതായി കേട്ടിട്ടില്ലാ. വിരസത തോന്നിപ്പിക്കാതെ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വെടിക്കെട്ടുകള്‍ ഉള്‍പ്പെടുത്താന്‍ എങ്ങനെ കഴിയുന്നു.?

അതിനു ഉത്തരം തരേണ്ടത് ഞാന്‍ അല്ലല്ലോ മാഷേ.. എന്നെ സഹിക്കുന്ന സ്നേഹം നിറഞ്ഞ വായനക്കാര്‍ അല്ലേ.. ചിലരൊക്കെ പറയുന്നു വായിക്കുമ്പോ ഫ്രെയിം ബൈ ഫ്രെയും ഫീല്‍ വരുന്നു, വിഷ്വല്‍ എഫക്ട് കിട്ടുന്നു എന്നൊക്കെ... നേരാണോ ആവൊ.. എന്തായാലും ‘സൈസ് ഡെസിന്റ് മാറ്റര്‍‘ എന്ന് പ്രിയ വായനക്കാര്‍ അരക്കിട്ട് ഉറപ്പിക്കുന്നുണ്ട്... നന്ദി...

സ്വകാര്യ ജീവിതത്തില്‍ താങ്കള്‍ എങ്ങനെയുള്ള ആളാണ്. ഗൌരവക്കാരനോ അതോ തമാശക്കാരനൊ?


രണ്ടും മിക്സ്.. അത്യാവശ്യത്തിനു കോമഡി. ആവശ്യത്തിനു സീരിയസ്.. ഇന്‍സ്റ്റന്റ് കോമഡി വളരെ അപൂര്‍വമായേ സ്വകാര്യ ജീവിതത്തില്‍ വരാറുള്ളൂ....

ബ്രിജ്‌ വിഹാരം വളരെ ഉന്നത നിലവാരമുള്ള ഹാസ്യങ്ങള്‍ എഴുതുന്ന ബ്ലോഗാണ്. കുട്ടികള്‍ക്കായി കല്ലു പെന്‍സിലും എഴുതുന്നു. താങ്കളുടെ എല്ലാ ബ്ലോഗിലും നല്ല വായനക്കാരുമുണ്ട്. താങ്കള്‍ ഏതുതരത്തിലുള്ള എഴുത്താണ് ഏറ്റവും ഇഷ്ടപ്പെടുന്നത്..?


മനസില്‍ തോന്നുന്നത് എഴുതുക എന്ന പോളിസി (ഇപ്പൊഴും ‘എഴുതുന്ന ആള്‍‘ എന്ന് പറയാന്‍ പോലും ലജ്ജിക്കുന്ന ആളാണ് എന്നത് വേറൊരു കാര്യം).. കുട്ടികള്‍ക്കായി എഴുതുമ്പോ നമ്മള്‍ ഒരു കുട്ടിയായി മാറും..അതൊരു സുഖം. ജീവിതവും തമാശയും ഒക്കെ മിക്സ് ചെയ്ത് എഴുതുമ്പോ ആനക്കാര്യം ചെയ്ത് ഒരു ഫീല്‍.. അതും ഒരു സുഖം..

നോട്ടത്തില്‍ ഒരു കള്ള ലക്ഷണമുള്ളതുകൊണ്ടാണോ ബ്രിജ്‌ വിഹാരം എന്നാ പേര് സ്വീകരിച്ചത്.. ബ്രിജ്‌ വിഹാരത്തിന്റെ ഉടമ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ആണല്ലോ... താങ്കള്‍ മുരിങ്ങമങ്ങലത്തപ്പനെയും വെറുതെ വിടില്ലെന്ന് ചില പോസ്റ്റുകളിലൂടെ തെളിയിച്ചിട്ടുണ്ടല്ലോ..?


ദൈവദോഷം പറയല്ലേ.. പണ്ട് ബ്രിജ്‌വിഹാര്‍ എന്നൊരു കോളനിയിലായിരുന്നു വാസം.. സകല തരികിട നേര്‍കിട പരിപാടികളുമായി കുറെ മലയാളി കുടുംബങ്ങള്‍...ഉത്തരേന്ത്യയില്‍. അവിടെ ഒരു അമ്പലം..പ്രതിഷ്ഠ അയ്യപ്പന്‍.... അങ്ങനെ ഈ വിഹാരം തുടങ്ങി.
നീണ്ട തലസ്ഥാന വാസം കഴിഞ്ഞു കേരളത്തില്‍ തമ്പടിച്ചിരിക്കുംപോള്‍ എന്ത് തോന്നുന്നു..?

ജീവിതം കൂള്‍ ആയിപ്പോയല്ലോ എന്നൊരു വിഷമം.. നല്ല കാലവസ്ഥ, മനുഷ്യര്‍, ഭക്ഷണം, മഴ.. ഒന്നും നഷ്ടപ്പെടുന്നില്ല ഇവിടെ.. വല്ലതും കുത്തിക്കുറിക്കണമെങ്കില്‍ ചിലതൊക്കെ നഷ്ടപ്പെടണം.. ഈ ലക്ഷ്വറി ഒരു ശാപമായി തോന്നുന്നു.. 50 ഡിഗ്രി ചൂടില്‍, 2 ഡിഗ്രി തണുപ്പില്‍ വഴട്ടിയെടുത്തുതരുന്ന ദില്ലി ജീവിതം മനസില്‍ അക്ഷരങ്ങളെ കോരിയിട്ടു തന്നിരുന്നു. ഇപ്പോ സ്നേഹത്തിനു പോലും ദാരിദ്ര്യമില്ലാത്തതുകൊണ്ട് എഴുതാനുള്ള താല്പര്യവും കുറയുന്നു.............


ഭാര്യ തങ്ങളുടെ ബ്ലോഗ്‌ വായിക്കാറുണ്ടോ.. ബ്രിജ്‌ വിഹാരത്തിലെ എഴുത്തിനെക്കുറിച്ച് വാമഭാഗത്തിന്റെ പ്രതികരണം എങ്ങനെയാണ്..?

ചിലപ്പോഴൊക്കെ നളന്റെ അടുത്ത് ഉണ്ണിയപ്പം ടെസ്റ്റ് കൊടുക്കുമ്പോള്‍ കിട്ടുന്ന പ്രതികരണം കിട്ടാറുണ്ട്. മലയാള സാഹിത്യത്തില്‍ എം.എ കാരി ആയതുകൊണ്ട് നമ്മുടെ ചീളെഴുത്തിനെ സരസന്റേയും വി.കെ.എന്‍ മാഷിന്റെയും കിക്കിടലന്‍ വര്‍ക്കുകളുമായി ഒത്തുനോക്കി ത്രോ ഇറ്റ് ബാബാ എന്നു കനപ്പിച്ചൊരു കാച്ചാവും.. പോസ്റ്റിട്ട കാര്യം പറയാതിരിക്കുക എന്ന അടവുനയം പ്രയോഗിച്ചതില്‍ പിന്നെ ‘കൊള്ളാം തരക്കേടില്ല’ എന്നൊക്കെ മൂളിത്തുടങ്ങി.. കണവനു കദനം തൊന്നേണ്ടാ എന്നു കരുതി ആവും...

താങ്കളുടെ ബ്രിജ്‌ വിഹാരം ബ്ലോഗില്‍ വമ്പന്‍ ഹിറ്റുകളായിരുന്ന ചില പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്തല്ലോ. ഒരിക്കല്‍ പോസ്റ്റ്‌ ചെയ്‌താല്‍ സൃഷ്ടി വായനക്കാരുടെ സ്വന്തം ആണെന്നറിയാമായിരുന്നിട്ടും ഡിലീറ്റ്‌ ചെയ്തതിനെപറ്റി എന്ത് പറയുന്നു....?

തികച്ചും ചില ആരോഗ്യപരമായ കാരണങ്ങളാല്‍ ആണിത് ചെയ്തത്.. മുട്ടുകാലിനു താഴെ ശൂന്യമായാല്‍ ദൃശ്യഭംഗി കുറയും എന്നതു കൊണ്ട്, ചില ബ്രിജ്‌വിഹാര്‍ പൌരന്മാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.. (‘ആണും പെണ്ണും കെട്ടവനേ’ എന്ന് ഇപ്പോ പറയുന്നവര്‍ അണപ്പല്ലുപോകുമ്പോ കൂടെ കാണുമോ....അല്ല കുഞ്ഞൊന്നു പറ.....)


ഒരു കവിയെന്നറിയപ്പെടാനാണോ കഥാകൃത്ത് എന്നറിയപ്പെടാനാണോ കൂടുതല്‍ ആഗ്രഹം.?

രണ്ടായാലും വിരോധമില്ല. :)..

ബ്ലോഗ്‌ എഴുത്തുകാരന്‍ ആയതില്‍ ഏറ്റവും സന്തോഷിച്ച നിമിഷം ഒന്നുപറയാമോ.. ബ്ലോഗില്‍ വന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്താണ് ?

ആദ്യ കമന്റ് കിട്ടിയ നിമിഷം... :)

ജീവിതത്തെ മാറ്റി മറിച്ചു ബ്ലോഗ് എന്ന് തലയുയര്‍ത്തി പറയും.. ബ്ലോഗ് വഴി കിട്ടിയ സ്നേഹബന്ധങ്ങള്‍ വഴി ദില്ലിയില്‍ നിന്ന് ബംഗ്ലൂര്‍ വഴി കേരളത്തിലേക്ക് എത്തിച്ചേരാന്‍ പറ്റി..മീഡിയ ലോകത്ത് ഒരു ജോലിയായി.. അതിനിടയില്‍ എത്രയെത്ര മുഖങ്ങള്‍.. ചുമ്മാ സ്നേഹിക്കുന്ന മനുഷ്യര്‍.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്തു സഹായവും ചെയ്യാന്‍ തയ്യാറാവുന്ന സഹ ബ്ലോഗര്‍മാര്‍...


ബ്ലോഗ്‌ വിവാദങ്ങളെ എങ്ങനെ കാണുന്നു.. താങ്കളുടെ വായനാശീലത്തെ പറ്റി ഒന്ന് പറയാമോ.. ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്.

വിവാദങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം.. വിവാദം, തര്‍ക്കം, ഇടക്ക് രണ്ട് കുത്തിനുപിടി, തെറിവിളി.ഇതൊന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ക്കൊരു ലൈവ് അനുഭവം ഉണ്ടാകുമോ.. ഓണത്തല്ലിന്റെ നാടല്ലേ നമ്മുടേത്...അപ്പൊ ബ്ലോഗില്‍ ഇതൊന്നും പാടില്ല എന്ന് ശഠിക്കരുത് എന്നാണെന്റെ ആത്മാര്‍ഥമായ അഭിപ്രായം.

താങ്കള്‍ എഴുത്തിനു പുറമേ ഒരു അഭിനേതാവും കൂടിയാണെന്ന് കേട്ടതിലെ സത്യാവസ്ഥ ഒന്ന് പറയാമോ..?

അരി വാങ്ങാന്‍ വേണ്ടി ഗത്യന്തരം ഇല്ലാത്തതുകൊണ്ട് ചില വേഷങ്ങള്‍ കെട്ടേണ്ടി വന്നു എന്നതു നേരാണ്... അഭിനയം അടുത്തുകൂടെ പോയിട്ടില്ല..

ബ്ലോഗിലെ പുതിയ എഴുത്തുകാര്‍ക്ക് എന്ത് ഉപദേശമാണ് കൊടുക്കുവാന്‍ ആഗ്രഹിക്കുന്നത്‌ ?

അനുകരിക്കാന്‍ ശ്രമിക്കാതെ ആത്മാര്‍ഥമായി എഴുതുക.. ഓര്‍മ്മക്കുറിപ്പും നര്‍മ്മവും മാത്രമാണ് ബ്ലോഗ് എന്ന തെറ്റിധാരണ മാറ്റുക... ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റി ബ്ലോഗിനു പുതിയ അര്‍ഥം കൊടുക്കാന്‍ ശ്രമിക്കുക.......... ഒന്നുകൂടി. ഒരു ഇന്റര്‍വ്യുവില്‍ സലിം കുമാര്‍ ഈ ചോദ്യത്തിനു പറഞ്ഞ ഉത്തരം കൂടി ക്വോട്ട് ചെയ്തേക്കാം... “സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം..”

10 Responses to "ജി.മനു ജി"

 1. ജനപ്രിയ ബ്ലോഗ്ഗറായ ജി മനുവിനെ പറ്റിയുള്ള അഭിമുഖം വളരെ നന്നായി.എഴുത്തിന്റെ മേഖലയിൽ അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.ഒപ്പം ഇപ്പോഴത്തെ ജോലി മേഖലയിലും ക്രിയേറ്റീവായി ധാരാളം കാര്യങ്ങൾ ചെയ്യാൻ സർവ്വേശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  ReplyDelete
 2. ഇതേതായാലും നന്നായി.

  മനുവേട്ടനും ബൂലോകം ഓണ്‍ലൈനും ഓണാശംസകള്‍!

  ReplyDelete
 3. മനു ചേട്ടന്‍ എന്‍റെ ഗുരുവല്ലേ?
  :)
  മനു.ജി -ജീ ഇനിയും ഉയരങ്ങള്‍ കൈയ്യടക്കുക:)
  ബൂലോകം ഓണ്‍ലൈനിനു ആശംസകള്‍

  ReplyDelete
 4. മനുജിയ്ക്കു ആശംസകള്‍.

  ReplyDelete
 5. nalla samrambham...bhaavukangal.

  ReplyDelete
 6. ഗുഡ് വാരിക്കൂഡ്!!

  ReplyDelete
 7. നന്നാവുന്നുണ്ട്.
  വേറിട്ട പരിപാടികളുമായി മുന്നോട്ട് വരിക.
  ആശംസകള്‍.

  ReplyDelete
 8. മനുജി തുടര്‍ന്ന് എഴുതണം... മനുജിയുടെ പോസ്റ്റിനു വേണ്ടി തപസിരിക്കുന്ന ആരാധികമാര്‍ക്ക് വേണ്ടി എങ്കിലും...:)

  ReplyDelete
 9. പ്രിയപ്പെട്ട മനുജി.....
  അണപ്പല്ല് പോയാലും ആണത്തം ഉള്ളവന്‍ എന്ന് പറഞ്ഞു കേള്‍ക്കാന്‍ ഒരു സുഖമുണ്ടായേനെ... ഇതിപ്പോ.....
  എന്തായാലും താങ്കള്‍ കൂടുതല്‍ പോസ്റ്റുകള്‍ ഇടണം എന്ന് ആഗ്രഹിക്കുന്നു.... ആരാധകരുടെ ആഗ്രഹം സാധിച്ചു തരണം
  എന്ന് സ്നേഹത്തോടെ മുരളിക.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts