ബ്ലോഗര്‍മാരുടെ പുതുവര്‍ഷ ഫലങ്ങള്‍

ബ്ലോഗ് ജ്യോത്സ്യന്‍ സുനില്‍ പണിക്കര്‍

"ചിങ്ങശനി മകര വ്യാഴക്കാലം കൊല്ലവർഷം 1184 കർക്കിടകം 31 ഞായറാഴ്ച
രാത്രി എത്രയോ
മണിക്ക്‌ തിരുവാതിര നക്ഷത്രം ഒന്നാം പാദത്തില്‍
മിഥുനക്കൂറില്‍ ചിങ്ങ രവി സംക്രമം പുതുവർഷാരംഭം..!"

പുതുവര്‍ഷഫലങ്ങള്‍ അറിയണോ?
എല്ലാ ബ്ലോഗര്‍മാര്‍ക്കും ആയി, ബ്ലോഗ്
ജ്യോത്സ്യന്‍ സുനില്‍ പണിക്കര്‍ ഭാവി പ്രവചിക്കുന്നു.രാശിചക്രങ്ങളെ കാണാപാഠം പഠിച്ചാണ്‌ അദ്ദേഹം ഇത് പ്രവചിച്ചതെന്ന് ബ്ലോഗര്‍ നട്ടപിരാന്തന്‍ അവകാശപ്പെടുന്നു.


അശ്വതി:
വർഷത്തിന്റെ 'മദ്യ'ഘട്ടത്തിൽ വ്യാഴം കർമ്മഭാവത്തിൽ നിൽക്കുന്നതിനാൽ ഇടയ്ക്കിടെ
മൂത്രശങ്ക എന്ന ആശങ്കയ്ക്കിടവരും. മദ്യത്തിൽ വെള്ളം ചേർക്കാതെ കുടിച്ചാൽ പരമാവധി
ഈ ശങ്ക കുറഞ്ഞു കിട്ടും. ചിങ്ങം രാശിയിൽ കേതുവന്നു കൂട്ടിയിടിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട്‌
കാർട്ടൂണിസ്റ്റുകൾക്കും, എഴുത്തുകാർക്കും പൊതുവെ മോശം കാലമാണിത്‌. ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കാത്തതിനാൽ ദേഹോപദ്രവത്തിനു സാധ്യത കാണുന്നു. പൊതുവെ വിമർശനങ്ങളും, ഭീഷണികളും നേരിടേണ്ടി വരുമെന്നതിനാൽ സങ്കുചിതനും, പണിക്കരും എഴുത്തും വരയും മതിയാക്കി കിണറിനു കുഴി കുത്താൻ പോയി ഉപജീവനം നടത്തും. ദോഷപരിഹാരത്തിന്‌ ബിവറേജസ്സിനുമുന്നിൽ പോയി മൂന്നുനേരം നമസ്കരിക്കുക. പാവപ്പെട്ട കുടിയന്മാർക്ക്‌ പൈന്റ്‌ വാങ്ങിക്കൊടുത്തു അന്നദാനം നടത്തുക.

ഭരണി:
കുജൻ സജീവമായതിനാൽ നിത്യേന കുളിക്കാതെ ഓഫീസിൽ പോകുന്ന പതിവ്‌
പോങ്ങുമ്മൂടൻ തുടരും. മേലധികാരി ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനാൽ സ്ഥിരമുള്ള തള്ളയ്ക്കുവിളി കേൾക്കേണ്ടിവരില്ല. സോപ്പ്‌, ടൂത്ത്പേസ്റ്റ്‌, ബ്രഷ്‌ തുടങ്ങിയവയോടുള്ള അലർജി ക്രമാതീതമാകും. സ്പ്രേയുടെ ഉപയോഗം പരമാവധി കുറച്ചില്ലെങ്കിൽ സാമ്പത്തിക പരാധീനതകൾ വർദ്ധിക്കും. ഭാര്യയ്ക്ക്‌ ലൈംഗികതയോടുള്ള വൈമുഖ്യത്തിനു കാരണമന്വേഷിക്കാൻ പൈങ്കിളി വാരികയിലെ ഡോക്ടറോടു ചോദിച്ചിട്ടുകാര്യമില്ല. മാസത്തിലൊരിക്കലെങ്കിലും കുളിയ്ക്കുകയും, അടിവസ്ത്രം നനയ്ക്കുകയും ചെയ്താലീ പ്രശ്നത്തിന്റെ ദോഷകാഠിന്യം കുറയ്ക്കാം. കുംഭത്തിൽ രംഭയെ സ്വപ്നം കാണും. ഇടവത്തിൽ അങ്ങിങ്ങു മുടി നരയ്ക്കും. നവംബറിന്റെ തുടക്കത്തിൽ സത്യം പറയുന്നവർക്കുനേരെ കൊഞ്ഞനം കുത്തുകയും, ഇളിഭ്യത മറയ്ക്കാൻ പല്ലിളിച്ചുകാട്ടുകയും ചെയ്യും.മോഹൻലാലിനെപ്പോലെ അനുകരിച്ചനുകരിച്ച്‌ മികച്ച ബ്ലോഗർക്കുള്ള N.C.C കേഡർ സ്ഥാനം നേടും.


കാർത്തിക:
ഈ കൂറുകാർക്ക്‌ കണ്ടകശനി മണ്ടയിൽ നിൽക്കുന്ന കാലമാണ്‌. ദോഷഫലമുള്ളതിനാൽ അയൽക്കാരുടെ തെങ്ങുകൾക്ക്‌ മണ്ട കാണില്ല. കഷണ്ടി മറയ്ക്കാൻ ഗൾഫ്‌ ഗേറ്റ്‌ പരസ്യത്തിലാകൃഷ്ടനാകും. ചിങ്ങത്തിൽ അങ്ങിങ്ങു മഴ പെയ്യുമെന്നതിനാൽ കുട എപ്പോഴും കൈയിൽ കരുതുക. വർഷത്തിന്റെ അവസാനപാദത്തിൽ, മുള്ളൂർക്കാരന്‌ പാദത്തിൽ പുണ്ണുകടിയും Html ദോഷവും ഉണ്ടാകും. താടിയും, മുടിയും വടിക്കാൻ 5 കിലോ ബ്ലേഡ്‌ കൊറിയറായി അനോണി അയച്ചുകൊടുക്കും.ഉഷ്ണശരീരികൾ ഭോഗതൃഷ്ണകൾ അവസാനിപ്പിക്കുക.ദോഷപരിഹാരത്തിനായി പമ്മന്റെ നോവലുകൾക്കൊപ്പം ബെർളിത്തരങ്ങളും
വായിച്ചു സംതൃപ്തി കണ്ടെത്തുക.

രോഹിണി:
വർഷാരാംഭം വ്യയാധിപൻ ദയാശ്യൂന്യനാകയാൽ പാമരന്റെ രോഗങ്ങൾക്ക്‌ അറുതി ഉണ്ടാവുകയില്ല. എപ്പോഴും പൂമരങ്ങളെ സ്നേഹിക്കുക.വായുകോപം ഗുണകരമാകുന്ന വർഷം. ഗ്യാസിന്റെ അസുഖം വർദ്ധിക്കുമെങ്കിലും വീട്ടിലെ ഗ്യാസിന്റെ ദൗർലഭ്യത പരിഹരിക്കപ്പെടും. ഐശ്വര്യപൂർണ്ണമായ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ സ്വന്തമായി ഗ്യാസ്‌ ഏജൻസി നടത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത കാണുന്നു. മുട്ട, ഉരുളക്കിഴങ്ങ്‌, ചക്കക്കുരു തുടങ്ങിയവ കൂടുതൽ കഴിക്കാതിരിക്കുക. പൊതുവെ ഗ്യാസ്‌ കൂടുതലായതിനാൽ ഇവയുടെ ഉപയോഗം നിമിത്തം ദുർഗന്ധസാധ്യത വളരെ കൂടുതലാകും. കേരളാഫാർമർ സ്വന്തമായി പത്തേക്കർ ഭൂമി വാങ്ങി കുമ്പളങ്ങ കൃഷി തുടങ്ങും. ഏത്തൻകാ പഴുക്കുമ്പോൾ വായ്പ്പുണ്ണു വർദ്ധിക്കും. മണ്ഡരി കാലമായതിനാൽ ധൈര്യമായി തെങ്ങിന്റെ ചോട്ടിൽ ചെന്നു നിൽക്കാം. മണ്ണിരകളെ ചൂണ്ടക്കാർക്ക്‌ ഇരയാക്കി വിൽക്കാൻ പുതിയ ഫാമുകൾ തുടങ്ങും.


മകയിരം:
ശുഭാശുഭങ്ങൾ നിറഞ്ഞ വർഷം. സഹയാത്രികൻ യാത്രക്കാരില്ലാത്തതിനാൽ ക്വട്ടേഷൻ ഫീസുകൾ കൂട്ടും.
ഗുണ്ടകൾ അണ്ടിപ്പരിപ്പ്‌ കഴിക്കാതിരിക്കുക. ഞണ്ട്‌, ഉണ്ടമ്പൊരി ഇവ പൂർണ്ണമായും ഉപേക്ഷിക്കുക.
രാഷ്ട്രീയക്കാരുടെ നിർബന്ധത്താൽ നഗരഹൃദയത്തിൽ സ്വന്തമായി ക്വട്ടേഷൻ ഓഫീസുകൾ തുടങ്ങും.
രാശ്യാധിപൻ ഉന്നതിയിലായതിനാൽ വേശ്യാഗൃഹങ്ങളിൽ സ്ഥിര സന്ദർശനം നടത്തും. ഒറ്റയാൻ വീണ്ടും ബൂലോകത്ത്‌ ഒറ്റപ്പെടും.
എതിർ സംഘങ്ങളിൽ നിന്നുമുള്ള ആഭിചാരക്രിയകൾ നിശ്ശേഷംകുറയും. പൊട്ടസ്ലേറ്റിന്‌ പൊട്ടാത്ത സ്ലേറ്റ്‌ കിട്ടാൻ സാധ്യതയുള്ള വർഷമാണിത്‌. അക്ഷരങ്ങൾ എഴുതിപഠിക്കുമ്പോൾ കൂടുതൽ തെറ്റുവരാതിരിക്കാൻ ഇതു ഗുണം ചെയ്യും.
ദോഷപരിഹാരത്തിനായി HIV ഇല്ലെങ്കിൽ രക്തദാനം നടത്തുക.

തിരുവാതിര:
രാഹുകേതുക്കളുടെ ശുംഭാവസ്ഥയിൽ പഴയതുപോലെ സ്ഥിരമായി ശംഭു വയ്ക്കും.
പാൻപരാഗ്‌ കമ്പനിയുമായി ചാണക്യൻ വാണിജ്യ കരാറുകളിലേർപ്പെടും. ഏഴരവർഷമായി അനുഭവിച്ചുപോരുന്ന
ശംഭുവിന്റെ പുതിയ പാക്കറ്റുകളിൽ പല്ലി, പാറ്റ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്‌ കൂടുതൽ സന്തോഷത്തിനുവക തരും. ഗണേഷ്‌, ഹാൻസ്‌, തുളസി തുടങ്ങിയ മറ്റു കമ്പനിക്കാർ താൽക്കാലിക കാര്യലാഭത്തിനായി നിങ്ങളെ സമീപിക്കും. വഴങ്ങാതിരിക്കുന്നത്‌ ഭാവി ഗുണപ്പെടുത്തും. ചാണക്യതന്ത്രങ്ങൾ പഴയതുപോലെ വിലപ്പോവാത്തതിൽ ദുഃഖിക്കേണ്ട ഇട വരും. എങ്കിലും റീജിയണൽ കാൻസർ സെന്ററിൽ നിന്നും അപൂർവ ബഹുമതികൾ നിങ്ങളെ തേടിയെത്തും.


പുണർതം:
അസ്വസ്ഥതകൾ പെരുകുന്ന വർഷം. ആരേയും പോയി പുണരാതിരിക്കുക.
പരിചയങ്ങൾ പരമാവധി ഷേക്‌ഹാൻഡിൽ ഒതുക്കുക. ഇത്‌ നിങ്ങളുടെ ആരോഗ്യം നിലനിർത്തും.
ബൂലോകം ഓൺലൈനിലൂടെ ജോഹർ രാജ്യാന്തര കുപ്രസിദ്ധി നേടും. സർക്കാർ ബൂലോകം ഓൺലൈനിനെ മഞ്ഞപത്രങ്ങളുടെ ലിസ്റ്റിൽപ്പെടുത്തി ആദരിക്കും. ഔദ്യോഗിക രംഗത്ത്‌ പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും കൈയിലിരിപ്പുകൊണ്ട്‌ കളഞ്ഞുകുളിക്കും. വാല്മീകിയ്ക്ക്‌ ഈ വർഷം കമ്പരാമായണം പഴയ വിലയ്ക്കു വാങ്ങി അത്‌
കൈകൊണ്ട്‌ തൊടാനും, വായിക്കാനും അവസരമുണ്ടാകും.ശമ്പളവർദ്ധനവിനെ ചൊല്ലി നിലവിലുള്ള സ്ഥാപനത്തിലെ ഉടമയുമായി തെറിവിളികളിലേർപ്പെടും. വെല്ലുവിളികൾക്കൊടുവിൽ ജിമ്മി ജോർജ്ജ്‌ സ്റ്റേഡിയത്തിൽ വച്ചു ഗോലികളി മൽസരം നടത്തി സ്വന്തം ശക്തി പ്രകടിപ്പിക്കാനവസരമുണ്ടാകും.ദോഷകാലമായതിനാൽ അയൽപക്കങ്ങളിലെ ജനാലകളിൽ എത്തിനോക്കാതിരിക്കുക. K3A-യിൽ പാപപരിഹാരത്തിന്‌ ദോഷാർച്ചന നടത്തുന്നത്‌ അഭികാമ്യം.


പൂയം:
ജന്മരാശിയിൽ നിന്ന്‌ ബുധൻ അകലുന്നതിനാൽ വെള്ളായാണിക്കും ഫാർമർക്കും അങ്കിൾ പുംഗവനും വയസ്സാംകാലത്ത്‌ വേറെ പെണ്ണുകെട്ടാൻ മോഹം തോന്നും. ഭാര്യയുടെ മുഖമോർക്കുമ്പോൾ മോഹം മോഹമായി തന്നെ അവശേഷിക്കും. എങ്കിലും ചില ദല്ലാളുകാരുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ ആത്മപ്രേരണയുണ്ടാകും. തിരിച്ചറിയൽ കാർഡിലെ ഫോട്ടോ ചുരണ്ടി മാറ്റി 20-ം വയസ്സിലെ ഫോട്ടോ ഒട്ടിയ്ക്കും. ജനുവരിമാസത്തിൽ മീശകറുപ്പിക്കലും ഡൈ അടിക്കലും നിർബാധം തുടരും. അരീക്കോടന്‌ സുഖചികിൽസ നടത്താൻ യോഗമുള്ള വർഷമാണിത്‌. സ്ഥിരമുള്ള വ്യായാമാഭ്യാസങ്ങളിൽ പ്രായം നോക്കാതെ പരീക്ഷണത്തിനുമുതിർന്നാൽ ആശുപത്രിവാസം സുനിശ്ചിതം.

ആയില്യം:
മുമ്പത്തെക്കാളേറെ പാമ്പിനെ പേടിക്കുന്ന കാലമാണിത്‌.
ചുണ്ടുകൾ കൂടുതൽ തള്ളി ഭംഗി കൂടും. പൊക്കമുള്ളവർ ആരുടെയെങ്കിലും ഒക്കത്തിരിക്കുവാൻ
ആഗ്രഹിക്കും. അദ്ധാനശീലർക്ക്‌ സ്വയം അശ്ലീല സീഡികൾ നിർമ്മിക്കാനവസരമുണ്ടാകും.
സിനിമ, സീരിയൽ ഭ്രമം നിമിത്തം ഉള്ള ജോലി പോയി കിട്ടും. പ്രശ്നങ്ങൾക്ക്‌ നടുവിൽ നിൽക്കുമ്പോഴും
ധീരമായി കടം വാങ്ങിക്കൂട്ടും. സ്ഥിരമായി ചാറ്റ്‌ ചെയ്യുന്നവർ ചാറ്റൽ മഴ കൊള്ളാതിരിക്കുക, ചീറ്റും!
എല്ലാറ്റിനേയും ധൈര്യപൂർവ്വം നേരിടുന്ന വർഷമായതിനാൽ പേടി വിടാതെ പിന്തുടരും. മാതൃസ്ഥാനീയരിൽനിന്നും സ്ഥിരം തെറികേൾക്കുമ്പോൾ കൂലിപ്പണിക്കു പോകാനുള്ള അഭിവാഞ്‌ജ ഉടലെടുക്കും. ഉപദ്രവം ചെയ്താലും
ഉപകാരസ്മരണയില്ലാത്ത തോന്ന്യാസികൾ പൊക്കം കൂട്ടാൻ അശ്രാന്ത പരിശ്രമം നടത്തും.
രാഹുവിന്റെ ബലക്ഷയത്താൽ മലശോധന സുഗമമാകുന്ന ലക്ഷണം കാണുന്നില്ല.

മകം:
ഏപ്രിൽ. മെയ്‌ മാസങ്ങളിൽ വയറിളക്കം പിടിപെടാനുള്ള സാധ്യത കാണുന്നു. പിരിക്കുട്ടി കരുതിയിരിക്കുക.
കക്കൂസിനടുത്തിരുന്നു ജോലി ചെയ്യുന്നത്‌ കാര്യങ്ങൾ എളുപ്പമാക്കും. ഭക്ഷണത്തിന്‌ ഒരു ക്രമീകരണം ഉണ്ടാക്കുക.
ഉണ്ടാക്കുന്നത്‌ മുഴുവനും സ്വയം വാരിവലിച്ചു തിന്നാതെ മറ്റുള്ളവർക്കുകൂടി കൊടുത്താൽ കിച്ചുവിന്‌ കൊതിദോഷം ഒഴിവാക്കാനാകും. ശരീരക്ലേശം, ധനനഷ്ടം, വിരഹം ഇവയ്ക്കു സാധ്യത. അന്യരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കുന്നത്‌ തടികേടാകാതെ സൂക്ഷിക്കും. സീരിയലുകൾ മുടങ്ങാതെ കാണുന്നതുകൊണ്ട്‌ ഉള്ള കണ്ണീർ കൂടി വറ്റിക്കും.

പൂരം:
തൃശൂർ പൂരത്തിനു പോകുമ്പോൾ ആനയുടെ കാലിനടിയിൽപ്പെടാതെ സൂക്ഷിക്കുക.
പുര കത്തുമ്പോൾ വാഴയ്ക്കുവെള്ളം തളിയ്ക്കും. ഇഞ്ചിനീയർ പരീക്ഷയ്ക്കു
പഠിക്കുന്നവർ പഠിച്ചുപഠിച്ച്‌ ഇഞ്ചിനീരാകും. ബഞ്ചിലിരുന്ന്‌ കുഞ്ചിരോമങ്ങളിൽ അഞ്ചുനേരം
തടവുന്നത്‌ പാപപരിഹര മാർഗ്ഗമാണ്‌. അഭിഭാഷകർക്ക്‌ വാതം പിടിപെടും.
ഹൈക്കോടതി ബഞ്ചിനുപകരം തടികൊണ്ടുള്ള ബഞ്ച്‌ സർക്കാർ അനുവദിക്കും.
ധനാഗമനത്തിനുള്ള സാധ്യതയുള്ള വർഷമാണ്‌. പശുവുള്ളവർ പാലിൽ അഞ്ചിരട്ടി വെള്ളം ചേർത്തു വിൽക്കും. ദോഷപരിഹാരത്തിനായി കർക്കിടകത്തിൽ പപ്പടം ചുട്ടു തിന്നുക. ചിത്രകാരന്മാർക്ക്‌ നഴ്സറി സ്കൂളിലെ
ചിത്രകലാക്ലാസുകളിൽനിന്നും ധാരാളം പുതിയ അറിവുകൾ പകർന്നുകിട്ടും. പിതൃസ്ഥാനീയർ പുതിയ കളർ
പെൻസിലും, ക്രയോൺസും വാങ്ങിത്തരും.വരട്ടുചൊറി മാറാൻ ഇരട്ടി മധുരവും കഴിക്കുക.

ഉത്രം:
എത്ര കിട്ടിയാലും മതിവരാത്ത നാളുകാരാണീ കൂട്ടർ. ഈ വർഷം പൊതുവെ ഗുണകരമല്ല.
ഏഷണി പറഞ്ഞുപരത്തുന്നതിനാൽ അയൽപക്കങ്ങളിൽ നിന്നും ദേഹോപദ്രവങ്ങൾ ഉണ്ടാകും.
കൈപ്പള്ളിയ്ക്ക്‌ പള്ളിക്കൂടത്തിൽ പോകാൻ ഇത്തവണ യോഗം കാണുന്നു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനി ഉടമകൾ ശനി കഴിഞ്ഞാൽ തിങ്കൾ വരാനും,
ഞായർ വരാതിരിക്കാനും പ്രാർത്ഥിക്കും. വ്യാഴമാറ്റത്താൽ ഉച്ചയ്ക്ക്‌ പച്ചക്കറി വേണമെന്ന്‌
ശാഠ്യം പിടിക്കും. താൻ പിടിച്ച മുയലിന്‌ 3 കൊമ്പുണ്ടോയെന്ന്‌ വാഴക്കോടൻ വീണ്ടും വീണ്ടും പരിശോധിച്ച്‌ നിരാശനാകും..
ഓണത്തിന്‌ അഞ്ചുതെങ്ങിൽ വഞ്ചി തുഴയും. വെള്ളത്തിൽ മുങ്ങാതെ സൂക്ഷിക്കുക.
നീന്താനറിയാത്ത പോങ്ങന്മാരുടെ സഞ്ചയനം സദ്യവട്ടങ്ങളാൽ ഗംഭീരമാകും.

അത്തം:
ഓണത്തിന്‌ അത്തം ഇടാൻ കഴിയാത്തതിൽ കായംകുളത്തിന്‌ ഖേദമുണ്ടാകും. സൂപ്പർഫാസ്റ്റ്‌ ബസിൽ കിളിയായി
തരുണീമണികളുടെ നടുവിൽ നിൽക്കുന്നതായി വ്യർത്ഥ സ്വപ്നം കാണും.ഇത്തവണ മൊത്തത്തിൽ ദോഷസമയമാണ്‌.
ഖത്തറിൽ നിന്നും ഇത്ത അത്തറയക്കും. 'അത്തള പിത്തള തവളാച്ചി' എന്ന ഗാനം കൂ ടുതൽ തവണ കേൾക്കുമ്പോൾ
മനസ്സിന്‌ പൂർണ്ണ സമാധാനം കൈവരും. നന്ദപർവ്വതക്കാരന്‌ ഫ്ലൂട്ട്‌, വീണ ഇത്യാദി സംഗീത കലകളിൽ താൽപ്പര്യം വർദ്ധിക്കും.
ദേഹണ്ഢത്തിനുപോകുന്നവർ സാമ്പാർ കലത്തിൽ വീഴാതെ നോക്കുക. അവിയലിന്‌ അരിയുന്നവർ വിരലരിയാതേയും,
ഉപ്പിനുപകരം സോഡാപ്പൊടിയും ഇടാതിരിക്കാൻ ശ്രദ്ധിക്കുക.
വരുന്ന മേടത്തിൽ മൊട കൂടാൻ സാധ്യതയുണ്ട്‌, സൂക്ഷിക്കുക.

ചിത്തിര:
ചിത്തഭ്രമം പിടിപെട്ടവർ 'അക്കുത്തിക്കുത്ത്‌' കളിക്കും. അഷ്ടമത്തിൽ കഷ്ടത തൂങ്ങിക്കിടക്കുന്നതിനാൽ ശിഷ്ടകാലം ഡോണ മയൂരയ്ക്ക്‌ നഷ്ടബോധമുണ്ടാകും. അനിവാര്യമായ ദീഘസേവന-സമ്പാദ്യ പദ്ധതിയിലേർപ്പെടുന്നതിനാൽ, അന്യദേശത്ത്‌ അപരിചിത സ്ത്രീകളിലൂടെ സന്താനസൗഭാഗ്യമുണ്ടാക്കും. ഖാൻ പോത്തൻ കോടിന്‌ തോട്ടിൽ വീണ്‌ ഉളുക്കു പറ്റാനും, മുന്തിയ ഇനം പോത്തിനെ വാങ്ങാനും യോഗമുണ്ട്‌. കത്തിവേഷം ചെയ്യുന്ന കഥകളി വിദ്വാന്മാർക്ക്‌ ആവശ്യമില്ലാതെ കലിയിളകും.
റിയാലിറ്റി ഷോയിൽ കഥകളി ഉൾപ്പെടുത്താൻ ദുർമന്ത്രവാദം തുടങ്ങും. ടിവി അവതാരകർക്ക്‌ പഞ്ഞകാലമാണിത്‌.
മഞ്ഞനിറമുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊഞ്ഞ കൂടാതെ സംസാരിക്കാൻ ശ്രമിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക. ദോഷപരിഹാരമായി മേടത്തിൽ കോഴിയുടെ പൂട പറിച്ചു രസിക്കുക.

ചോതി:
ലോട്ടറിയടിക്കാത്തതിൽ കുണ്ഠിതം തോന്നും. കണ്ഠനാളത്തിൽ ഉൽകണ്ഠ കാരണം മുഴ വരും.
ലഗ്നത്തിൽ വിഘ്നമുള്ളതിനാൽ നറുക്കെടുപ്പുകളിൽ സജീവമാവാതിരിക്കുക.
പഴവർഗ്ഗങ്ങളിലെ പുഴുക്കളെ സംരക്ഷിക്കാൻ സംഘടന തുടങ്ങും. വ്യാജമദ്യം ഈസിയായി ഉണ്ടാക്കാനുള്ള പുതിയമാർഗ്ഗങ്ങൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ കാരാഗൃഹവാസം സുനിശ്ചിതം. കർമ്മഭാവം നീചനാകയാൽ മുഖഭാവം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. കടം കൊടുത്തത്‌ തിരിച്ചുകിട്ടാൻ കാലുപിടിക്കേണ്ടി ഗതികേടുവരും.
കുശാഗ്ര ബുദ്ധിശാലികൾക്ക്‌ കശാപ്പുശാലകളിൽ ജോലി ലഭിക്കും.
ദോഷ പരിഹാരത്തിനായി ചിങ്ങത്തിൽ പൊങ്ങച്ചം പറയുക.

വിശാഖം:
അശോകന്റെ പറമ്പിലെ സ്ഥിരം മൂത്രമൊഴിപ്പ്‌ വിവാദമാകും.
സ്വന്തം വീട്ടുപറമ്പിൽ തന്നെ കുഴൂരിന്‌ ശിഷ്ടകാലം മൂത്രമൊഴിക്കേണ്ട ഗതികേടുണ്ടാകും.
വിൽസ്‌ വലിക്കാനുള്ള പ്രേരണ ഒഴിവാക്കും. ഈന്തപ്പനയുടെ തണലിലേയ്ക്ക്‌ നോക്കി വികരാർദ്രനാകും.
2 ഈന്തപ്പന സെക്കന്റ്‌ ഹാൻഡ്‌ വിലയ്ക്ക്‌ കിട്ടാൻ ഗൾഫ്‌ ന്യൂസിൽ വാണ്ടഡ്‌ കൊടുക്കും.
പശ കൊണ്ട്‌ ഉപജീവനം നടത്തുന്നവർ നിരാശരാകും. അശരണരെ അവഗണിക്കാതിരിക്കുക.
അന്യമുതലുകൾ നശിപ്പിക്കാതിരിക്കുക. പെണ്ണുകേസുകളിൽ പേരുദോഷം കേൾക്കുമെന്നതിനാൽ അന്യവീടുകളിൽ പോകാതിരിക്കുക. ഓണത്തിനു വെള്ളമടിച്ചു വ്യത്യസ്ത ഡിസൈനുകളിൽ വാളു വയ്ക്കുന്നവർ മറ്റു കുടിയന്മാരുടെ ആരാധനയ്ക്കു പാത്രമാകും. കാപ്പിലാന്മാർ ആപ്പിലാകും. വ്യാഴം കഴിഞ്ഞാൽ വെള്ളി വരുമെന്നതിനാൽ സ്വർണ്ണത്തോട്‌ താൽപ്പര്യം കുറയും. ദോഷപരിഹാരത്തിനായി തുലാത്തിൽ തല മൂടി മല കേറുക.

അനിഴം:
ഈ വർഷം പൊതുവെ സമ്മിശ്രഫലമാണ്‌. മൂന്നം പാദത്തിൽ അഞ്ചക്ഷരം കുറഞ്ഞതിനെച്ചൊല്ലി പകൽക്കിനാവൻ
അടിപിടികളുണ്ടാക്കും.അനിഷ്ട സംഭവങ്ങളിൽ അതിയായ ഖേദം പ്രകടിപ്പിക്കും.
കുച്ചിപ്പുടി പഠിക്കണമെന്ന മോഹവുമായി ഇടിവാൾ മാണിക്യത്തിന്റെ മടയിൽ ഓട്ടക്കാശുമായി പോകും. കവിതകളുടെ വ്യാജസീഡികളിറക്കുന്ന ശ്രീ സൂക്ഷിക്കുക ആന്റീബാക്ടീരിയ ആക്രമണം ഉണ്ടാകും. കക്ഷത്തിൽ മുടികൊഴിച്ചിലുണ്ടാകുമ്പോൾ ചൊറിച്ചിൽ ശീലം നിർത്തേണ്ടിവരും. അഷ്ടിക്കുവകയില്ലാത്ത ദുഷ്ടന്മാർ കഷ്ടകാലം കൊണ്ട്‌ നട്ടം തിരിയും.
ദോഷപരിഹാരത്തിനായി കന്നിയിൽ കന്നിനെ കുളിപ്പിക്കുക.

തൃക്കേട്ട:
തെക്കോട്ടോ വടക്കോട്ടോ എന്നറിയാത്ത പൊട്ടന്മാർ ആഴ്ചവട്ടം നട്ടം തിരിയും. ചിരട്ടക്കരികൊണ്ട്‌
മീശകറുപ്പിക്കാനുള്ള നിരക്ഷരന്റെ ശ്രമം ഭാര്യ കണ്ടുപിടിക്കും. ശരീര വലിപ്പം കൂടിവരുന്നത്‌ തടഞ്ഞില്ലെങ്കിൽ പൊട്ടിപോകും.
പള്ളിപ്പെരുന്നാളിലെ തിക്കുംതിരക്കിലും സുന്ദരിമാരെ കിള്ളുന്നവർ നുള്ളുകൊള്ളും.
മീന്മുള്ളു തിന്നുന്നവർ തൊണ്ടയിൽ കുടുങ്ങി മരണവെപ്രാളം കാട്ടും. ആയൂരാരോഗ്യത്തിനായി തീറ്റ കുറയ്ക്കുക.
പുല്ലും വയ്ക്കോലും ഇടവിട്ടുള്ള സമയങ്ങളിൽ ലഘുഭക്ഷണമാക്കാവുന്നതാണ്‌.
മുഷ്ഠിമൈഥുനം കഷ്ടപ്പാടുകൾ വരുത്തും. കൈയിൽ മണികെട്ടിയാൽ മറ്റുള്ളവർ നിങ്ങളെ ശല്യപ്പെടുത്താതിരിക്കും.
ധനുക്കൂറിൽ ജനിച്ച ശ്വാസം മുട്ടലുള്ള ഭീമാകാരന്മാർ വീട്ടിൽ ഒരു എയർപമ്പ്‌ വാങ്ങിവയ്ക്കുന്നത്‌ കൂടുതൽ സുരക്ഷിതമായിരിക്കും. ദോഷപരിഹാരത്തിനായി വൃശ്ചികത്തിൽ അച്ചിവീട്ടിൽ പോയി അടുക്കളപ്പണിയെടുക്കുക.

മൂലം:
ഈ വൃത്തികെട്ട നക്ഷത്രനാമധാരികൾ അമ്പലങ്ങളിൽ സ്വന്തം നാൾ പറഞ്ഞ്‌ അർച്ചന ചെയ്യുവാൻ മടിക്കും.
പിൻഭാഗങ്ങളിൽ മാത്രം നോക്കി വെള്ളമിറക്കുന്നവർക്ക്‌ മൂലക്കുരു പിടിപെടും.
വിവാഹം കാംക്ഷിക്കുന്ന ശുഷ്കമൂലധാരികൾ ഈ വർഷം ആഗ്രഹസാഫല്യം നേടും.
ക്രീയേറ്റീവ്മാനിയ പിടിപെട്ട വീരശൂരപരാകൃമികൾ ഏജൻസികളിൽ നിന്നു പുറത്താക്കപ്പെടും.
ശിഷ്ടകാലം വാഴകൃഷി നടത്തി അല്ലലോടെ ജീവിക്കും. വിവാഹത്തോടനുബന്ധിച്ച്‌ അവിവാഹിത
സംഘടനയിലെ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയും. വ്യാഴന്റെ സ്ഥാനഭ്രംശത്താൽ സംഘടനയിലെ ബാക്കിയുള്ള അസൂയമൂത്ത ബാച്ചിലേഴ്സ്‌ അംഗങ്ങൾ കുടുബകലഹമുണ്ടാക്കാനുള്ള പദ്ധതികൾക്ക്‌ രൂപം നൽകും.
കറവക്കാര്യങ്ങളിൽ കൂടുതൽ കമ്പം തോന്നും. ഗോക്കളെ ഇമ്പമുള്ള പാട്ടുപാടി ഓമനിക്കുകവഴി
ക്രമാതീതമായ ചാണകശേഖരം സ്വന്തമാക്കും.
എല്ലാ ദോഷങ്ങളും മാറുവാൻ ധനുവിൽ മീൻ കുനുകുനെ അരിയുക.

പൂരാടം:
ഈ വർഷം മുഴുവനും ഇവർക്ക്‌ വെള്ളമടിച്ച്‌ പൂരെ ആടണമെന്നുതോന്നും.
ആട്ടം നിർത്തണമെങ്കിൽ പാട്ട്‌ നിർത്താൻ ആവശ്യപ്പെടും. ബുധൻ അവധി വരുന്ന ദിവസം തറവാടി കൂറ തറയായി
പുളുക്കഥകൾ പറയും. ഇല്ലാത്ത പൊല്ലാപ്പുണ്ടാക്കുന്നതിനാൽ ഇല്ലത്ത്‌ വല്ല്ലായ്മ വരും.
ഈ കൊല്ലത്തിൽ നല്ലത്‌ ചെയ്താലും നന്മ വരത്തില്ല. ജോ യ്ക്ക്‌ വാർക്കപ്പണിക്കാരനായി സ്ഥാന ഉയർച്ച ഉണ്ടാകും.
ശനി ബലഹീനനായി തുടരുന്നതിനാൽ അയൽക്കാരെ വെല്ലുവിളിക്കും.
ഗ്രഹദോഷപരിഹാരത്തിനായി ഗൃഹം പൊളിച്ചടുക്കുക.

ഉത്രാടം:
അകാരണമായ ഭീതിയേറി ആധികൾ വ്യാധികൾ പിടിപെടും. പാവപ്പെട്ടവൻ കൂടുതൽ
പിച്ചക്കാരനാകും. പഞ്ചായത്തിലെ പട്ടിപിടുത്തക്കാരുടെ ലിസ്റ്റിൽ നിങ്ങളുടെ പേരും ഉൾപ്പെടുത്തും. ശുക്രൻ തലയ്ക്കുമീതെ ശ്യൂന്യാകാശം എന്ന പാട്ടുമൂളി നിൽക്കുന്നതിനാൽ സ്ഥാവര ജംഗമ വസ്തുക്കൾ, നാലുചക്രമുള്ള കളിപ്പാട്ടങ്ങൾ ഇവ സ്വന്തമാക്കും.
അക്കിടിപറ്റിയവർ അമളികൾ ഒളിച്ചുവയ്ക്കും. ഗൾഫിലുള്ളവർ അറബിയുടെ നിക്കർ കഴുകി ആത്മസംതൃപ്തിക്കറുതി വരുത്തും. ശുദ്ധഹൃദയർ അശുദ്ധരക്തം ദാനം ചെയ്താൽ ദോഷങ്ങൾക്ക്‌ ഏറെക്കുറെ പരിഹാരമുണ്ടാകും. ഭാര്യ വീട്ടിൽ നിന്ന്‌ അടിച്ചിറക്കാനുള്ള
സാധ്യതയുള്ളതിനാൽ ചാർവാകൻ റെയിൽ വേ പാളത്തിൽ അഭയം തേടും. സമാന്തരന്‌ മോഷണവസ്തുക്കളോടും, മോഷ്ടാക്കളോടും പ്രിയം തോന്നുകയാൽ മീശമാധവൻ, ഇത്തിക്കരപക്കി തുടങ്ങിയ സിനിമകളുടെ വ്യാജ സീഡി കണ്ട്‌ നിർവൃതി കൊള്ളും.
ദോഷങ്ങൾ മാറുവാൻ മകരത്തിൽ കുരവയിടുക.

തിരുവോണം:
ഇക്കിളി വർത്തമാനം നിറഞ്ഞ കത്തുകൾ നിങ്ങളെ തേടിയെത്തും. മകരക്കൂറിൽ ജനിച്ചവർക്ക്‌ ഈ വർഷം ഏറെക്കുറെ ഭാഗ്യവർഷമായിരിക്കും. ഭീമമായ മൊബൈൽ ബിൽ കുടിശ്ശിക അടയ്ക്കാത്തപക്ഷം മനുവിന്‌മൊബൈൽ കമ്പനിയിൽ
ക്ലീനിംഗ്‌ സെക്ഷനിൽ നോ സാലറി ബേസിൽ സ്ഥിര ജോലി തരപ്പെടും. വേനൽക്കാലത്ത്‌ കൂടുതൽ
മേക്കപ്പിടുന്ന എഴുത്തുകാരികൾ മറ്റുള്ളവരുടെ പരിഹാസത്തിന്‌ പാത്രമാകും.
ജലം, വൈദ്യുതി ഇവയാൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കാതിരിക്കാനും,
ഇരുട്ടത്തിരിക്കാനും ശീലിക്കുക.

അവിട്ടം:
ഇക്കൊല്ലം ചവിട്ടുകൊള്ളേണ്ട സാധ്യത കാണുന്നുണ്ട്‌. ഭാര്യയിൽ നിന്നും അകന്നു കിടക്കുക.
ഉറക്കത്തിൽ കണ്ടപെണ്ണുങ്ങളോട്‌ കിന്നാരം പറയാതിരിക്കുക. ഭൂമിക്കു ഭാരമാകാതെ തടി കുറയ്ക്കുവാൻ ശ്രദ്ധിയ്ക്കേണ്ടവർഷമാണിത്‌. മറ്റുള്ളവരുടെ അടുക്കള രഹസ്യങ്ങൾ ഒളിഞ്ഞുനിന്നുകേൾക്കുന്ന ശീലമുള്ള പെണ്ണുങ്ങളുടെ മുഖം പൊള്ളുവാനുള്ള യോഗമുണ്ട്‌. ജീവിതത്തിൽ ഒരുപാട്‌ ഉയരങ്ങളിലെത്താൻ മോഹിച്ച കുറുമാന്മാർക്ക്‌ പത്തോ, ഇരുപതോ നിലയുള്ള ഫ്ലറ്റുകളിലോ, എവറസ്റ്റിലോ എത്തിപ്പെടാനുള്ള ഭാഗ്യമുണ്ട്‌.
ദോഷം മാറാൻ ചിങ്ങത്തിൽ തെങ്ങേക്കേറുക.

ചതയം:
ദശാസന്ധിക്കാലമായതിനാൽ സന്ധികളിൽ വേദനയും, ദശവളർച്ചയും ഉണ്ടാകും.
മൂക്കിലെ രോമം പിഴാനുള്ള യാരിദിന്റെ സ്ഥിരം ശ്രമം ഈ വർഷവും വിഫലമാകും. പോലീസുവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാർ കേസന്വേഷണത്തിന്‌ ധൈര്യം കിട്ടാൻ ഫുൾടൈം ഫുൾബോട്ടിൽ കൊണ്ടുനടക്കും. ആസ്മയുള്ള ബിലാത്തികൾ നെറ്റിയിൽ ഭസ്മം ഇട്ടൂനടക്കുക.ജയനോട്‌ ആരാധനയുള്ളവർ തുമ്പി, പെരുമ്പാമ്പ്‌, ചീങ്കണ്ണി ഇത്യാദിവർഗ്ഗങ്ങളെ ഉന്മൂലനാശനം ചെയ്യും. ചൊവ്വാദോഷമുള്ളതിനാൽ പല്ലിടകുത്തി മണപ്പിക്കുന്നവർക്ക്‌ താൽക്കാലിക ബോധക്ഷയമുണ്ടാകും. പുഴുക്കടി മാറാത്തവർ പൂർണ്ണചന്ദ്രനെയോ,
പ്ലംബർ ചന്ദ്രനേയോ ഇമവെട്ടാതെ നോക്കിനിൽക്കുക.

പൂരൂരുട്ടാതി:
ഈ വർഷം എല്ലാം ഉരുട്ടിത്തിന്നേണ്ടിവരുമെന്നതിനാൽ അധികവ്യയം, ആരോഗ്യഹാനി,
ദഹനക്കേട്‌ എന്നിവ ഫലം. പൊതുവെ അനുകൂലമല്ലാത്ത ഗൃഹസ്ഥിതിയായതിനാൽ ഊണിസ്റ്റും,ബൂലോകത്തെ ഭീമാകാരനുമായ കേരള ഹ ഹ ഹ കുറഞ്ഞ വിലയ്ക്ക്‌ വീടുവിറ്റ്‌, കൂടിയ വാടകയ്ക്കു വീടു നേടും.
ഊണിലും ഉറക്കത്തിലും 'ചെറായി...ചെറായി' എന്നു പിച്ചും പേയും പറയുന്നതിനാൽ ഭാര്യ കിടപ്പുമുറിയിൽ നിന്നും പുറത്താക്കും. പന്നിപ്പനി, പക്ഷിപ്പനി, ഡെങ്കിപ്പനി ഇവയുടെ പകർച്ച ഈ നക്ഷത്രക്കാരിലൂടെ കൂടുതൽ പകർന്നുകിട്ടും. അധമസഞ്ചാരികൾ 'വെടി'വഴിപാട്‌ നടത്തും. മുറുക്കുവിറ്റുനടന്നവർ മുറുക്കാൻ കട നടത്തും.
എപ്പോഴും പൊട്ടിച്ചിരിക്കുന്നവർക്ക്‌ ചിരി നിർത്താൻ ഗുളിക കഴിക്കേണ്ടി വരും.

ഉത്തൃട്ടാതി:
രവിയുടെ സ്ഥാനമാറ്റം നിങ്ങളുടെ ഭക്ഷണക്കാര്യത്തിൽ കാര്യമായ കുറവുവരുത്തും.
ഇനി അവൻ തിരിച്ചുവരാൻ പ്രാർത്ഥിക്കുക. രവിയെ കൂലിപ്പണിക്കുവിട്ട്‌ നിങ്ങൾക്കു ജീവിക്കണമെങ്കിൽ കഠിനമായ കുതന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരും. ശത്രുശല്യം വർദ്ധിക്കാതിരിക്കണമെങ്കിൽ വാ തുറന്നൊന്നും മിണ്ടാതിരിക്കുക.
രാഹുകാലം നോക്കിയശേഷം വായിൽ ഒരു പ്ലാസ്റ്റർ ഇട്ടൂനടന്നാൽ മറ്റുള്ളവരിൽ നിന്നും നിങ്ങൾക്കു കൂടുതൽ സ്നേഹം കിട്ടും. അശ്ലീല ബ്ലോഗെഴുത്തുകാരനായ നട്ടപ്പിരാന്തൻ കൂലിക്കു ബ്ലോഗെഴുതാൻ പോകും. സ്വന്തം 'കമ്പി' പുസ്തകത്തിന്‌ ഇത്തവണ 'ലളിത', 'കല' ഇവരിൽനിന്നും അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങും.
എല്ലാവരോടും വെല്ലുവിളിച്ചിട്ടൊടുവിൽ ഇത്തവണ നിങ്ങൾക്ക്‌ 'സുല്ലു' പറയേണ്ടി വരും.
ബസിലെ തിരക്കു മുതലാക്കുന്ന മിടുക്കന്മാർക്ക്‌ സ്ത്രീകളിൽ നിന്ന്‌ പാദ ദണ്ഡനം, സൂചി, സേഫ്ടി പിൻ
തുടങ്ങിയവ കൊണ്ടുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരും.

രേവതി:
എപ്പോഴും പാവക്കുട്ടികൾക്കുവേണ്ടി വാശി പിടിക്കുന്ന വർഷം. ദോഷരഹിതമായ വർഷം ശുഭഫലങ്ങൾ തരുന്നു.
തോൾ ഒരുവശം ചരിച്ചു നടക്കുന്നവർക്ക്‌ പട്ടാള ബഹുമതികൾക്കൊപ്പം ഡോക്ടർ, അഡ്വക്കേറ്റ്‌, എഞ്ചിനീയർ പദവികൾ കൂടി കൈവരും.ഭക്ഷണം കുറച്ചില്ലെങ്കിൽ തടി കൂടുക മാത്രമല്ല നിർമ്മാതാക്കൾക്ക്‌ കനത്ത സാമ്പത്തിക നഷ്ടങ്ങളും സംഭവിക്കാം.
ഉന്നത തലങ്ങളിലുള്ളവരുമായി സമ്പർക്കം പുലർത്തും.കാര്യസാധ്യത്തിനായി ഒരു മണി കൂടി വാങ്ങും,
ഒപ്പം പിയേഴ്സ്‌, ലക്സ്‌ സോപ്പുകളും കൈയിൽ കരുതുക.

(ശുഭം)

ഏവർക്കും സർവ്വനാശം ആശംസിച്ചുകൊണ്ട്‌,

ജ്യോതിഷപരദൂഷണൻ പണിക്കർജി
സലം: സാർജ, ദുഫായ്‌
മൊവീൽ: 055.......
(ഉം ം...ഇമ്മിണി പുളിക്കും..ന്നെ തെറി വിളിക്കാനല്ലേ..)
N.B: കാണാൻ ആഗ്രഹിക്കുന്നവർ നേരെ സാർജയിൽ വന്ന്‌
അസറിഫിക്കായുടെ ചായപ്പീടികേടെ അടുക്കളഭാഗത്തു വന്നാൽ നേരിട്ട്‌ 'ബന്ധപ്പെടാം..'
എഴുത്തും വരയും ജീവിതമാക്കിയ ഒരു ബ്ലോഗര്‍ - സുനില്‍ പണിക്കര്‍. തിരുവനന്തുപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഈ ബ്ലോഗ്ഗറുടെ പ്രധാന മേഖല പരസ്യരംഗം ആണ് . കൂടെ ശില്പ നിര്‍മ്മാണവും പെയിന്റിങ്ങും ഫോടോഗ്രഫിയും ഉണ്ട്. ഇപ്പോള്‍ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. ഈ മഹത് വ്യക്തിത്വവുമായി ഞങ്ങള്‍ നടത്തിയ അഭിമുഖം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ബൂലൊകത്തെ അദ്ധേഹത്തിന്റെ വിലാസങ്ങള്‍ :

sunilpanikkerv@gmail.com
sunilpayattuvila@gmail.com
http://sunilpanikker.blogspot.com/
http://panikkerspeaking.blogspot.com/
http://panikkerkavithakal.blogspot.com/
http://sunilpanikker.googlepages.com/


സുനില്‍ പണിക്കര്‍ വരച്ച ചില കാരിക്കേച്ചറുകള്‍. കൂടുതല്‍ കാരിക്കേച്ചറുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ കാണാവുന്നതാണ്.12 Responses to "ബ്ലോഗര്‍മാരുടെ പുതുവര്‍ഷ ഫലങ്ങള്‍"

 1. സ്ഥാലീപുലാകന്യായം !
  കലക്കന്‍.

  ReplyDelete
 2. കണിയാനെ നമുക്കൊന്ന് കണക്കു നോക്കണം മുങ്ങി പോകുന്ന ബ്ലോഗുകളെ കുറിച്ച്
  ഓണാശംസകള്‍

  ReplyDelete
 3. ഇതെഴുതിയ ജ്യോത്സ്യന് വ്യാഴത്തില്‍ ശനിയുടെ അപഹാരം കൊണ്ട് പനി പിടിക്കാനും...
  ഏഴില്‍ നില്‍ക്കുന്ന കേതുവിന്റെ കാലു കൊണ്ട് അസ്ഥാനത്ത് പരിക്ക് പറ്റുവാനും സാധ്യത കാണുന്നുണ്ട്.
  ഒരു രണ്ടാഴ്ചത്തേയ്ക്ക് ലീവ് നേരത്തെ പറഞ്ഞു വെക്കുന്നതും, ആശുപത്രിയില്‍ ഒരു വാര്‍ഡ്‌ അഡ്വാന്‍സ്‌ ബുക്ക്‌ ചെയ്തു വയ്ക്കുന്നതും അധികം താമസിയാതെ തന്നെ സൌകര്യ പ്രദം ആവും :)

  ReplyDelete
 4. കൊള്ളാം.
  സുനില്‍ പണിക്കരെ പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 5. ജ്യോത്സ്യരേ,
  ഇതെന്തൊക്കെയാ എഴുതിക്കൂട്ടിയിരിക്കുന്നത്?

  സുനിൽ പണിയ്ക്കർ,
  ആശംസകൾ ,ഓണാശംസകൾ.

  ReplyDelete
 6. സുനിലേ കലക്കി
  അപ്പോള്‍ നോം പ്രത്യേകിച്ച് വഴിപാടൊന്നും നേരണ്ട അല്ലെ??

  ReplyDelete
 7. സുനിലേ,

  നന്നായിരിക്കുന്നു...

  ഓണാശംസകളോടെ

  മറ്റൊരു സുനിൽ

  ReplyDelete
 8. എന്നെ സഹിച്ച എല്ലാവർക്കും എന്റെ നന്ദി..!
  പണിക്കരുടെ ഹൃദയം നിറഞ്ഞ
  ഓണാശംസകൾ..!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts