ഏറനാടന്‍ കഥകള്‍ഏറനാടന്‍ സ്വാഗതം

സ്വാഗതം.


ഒരു ജോലിക്ക് ഉള്ള അഭിമുഖം പോലെ എന്റെ നെഞ്ച് പിടപെടയ്ക്കുന്നു. വേഗം ചോദിച്ചോളൂ..

സിനിമയില്‍ സലിഹ് എന്ന പേരുണ്ടായിട്ടും ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ്‌ എഴുതാന്‍ കാരണം ഒന്ന് പറയാമോ

സലിഹ് അല്ല 'സാലിഹ് കല്ലട' എന്ന് പലവട്ടം സ്ക്രീനില്‍ തെളിഞ്ഞിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും തെളിയും എന്ന് ആശിക്കുന്നു. ഞാന്‍ ജനിച്ച് വളര്‍ന്ന് കുറുമ്പ് കാണിച്ച് ചുറ്റിത്തിരിഞ്ഞ് വിലസിനടന്ന് ഒടുക്കം ഗൃഹാതുരത്വം സമ്മാനിച്ച് നഷ്ടമായ എന്റെ ജന്മനാട് നിലമ്പൂര്‍ ഉള്‍പ്പെട്ട ഏറനാട് എന്ന പ്രദേശത്തെ മജ്ജയും മാംസവും ബുദ്ധിയുള്ളവരും അല്ലാത്തവരുമായ ഒരുപറ്റം നിഷ്കളങ്കരായ ആള്‍ക്കാരുടെ (ബന്ധുക്കാരും ഉള്‍പ്പെടും) കഥ അല്പം പൊലിപ്പിച്ച് എഴുതുമ്പോള്‍ ഒരു ബ്ലോഗ്-തൂലികാനാമം വേണമെന്ന് നിരീച്ചു. പിന്നെ ഒരു സേഫ്റ്റിക്ക് വേണ്ടി 'ഏറനാടന്‍' എന്ന പേര്‍ സ്വയമിട്ടു. ഇനീം ഇടയ്ക്കൊക്കെ സ്വന്തം നാട്ടില്‍ ചെല്ലണമല്ലോ. പക്ഷെ ഇപ്പോള്‍ അവിടേന്നും വായനക്കാരുടെ നല്ല 'സമ്മാന' സന്ദേശങ്ങള്‍ കിട്ടുന്നുണ്ട്. ഇനി രക്ഷയില്ല.

താങ്കള്‍ സിനിമയില്‍ വന്നതെങ്ങനെ എന്നറിയാന്‍ ആഗ്രഹമുണ്ട്..

മമ്മൂട്ടീം ലാലും സു.ഗോപീം ദിലീപും പിന്നെ പൃഥ്വിയും ജീവിച്ചുപൊയ്ക്കോട്ടെ എന്നുവിചാരിച്ച് തല്‍ക്കാലം ഫീല്‍ഡ് വിട്ട് പ്രവാസിയായി നില്‍ക്കുന്നെങ്കിലും ഞാന്‍ സഹകരിച്ച് സിനിമാ സീരിയലുകള്‍ ലിസ്റ്റ് ഇടുകയാണെങ്കില്‍ ഈ കോളം തികയില്ല എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ എനിക്കൊന്നും പറയാനില്ല. ചുരുക്കിപ്പറയാണെങ്കില്‍.. ഒന്നാം ക്ലാസ്സില്‌ പഠിക്കുമ്പോള്‍ (മാങ്ങേറ്, മീന്‍‌പിടുത്തം, അണ്ടിപെറുക്കല്‍) ഇടയ്ക്കിടെ അമ്മാവന്‍ വന്ന് ഞങ്ങള്‍ സഹോദരങ്ങളെ ജയന്‍-സീമ സിനിമ കാണിക്കാന്‍ കൊട്ടകയില്‍ കൊണ്ടുപോകുമായിരുന്നു. (സിനിമാ ഡയറിക്കുറിപ്പ് ബ്ലോഗില്‍ ഇതൊക്കെ പോസ്റ്റിയിട്ടുണ്ട്.) അന്ന് സിനിമാജ്വരം തലയില്‍ കുടിയേറി. പിന്നെ സിനിമാകൊട്ടകയുടെ പിന്നാമ്പുറത്ത് പോയിരുന്ന് സിനിമാ ശബ്‌ദരേഖ, പാട്ട് കേട്ട് സീനുകള്‍ മനക്കണ്ണില്‍ ഓടിച്ചിട്ട് കാണും. പിന്നീട്, പെട്ടിക്കടയില്‍ കിട്ടുന്ന ഫിലീം തുണ്ടുകള്‍ മേടിച്ച് വീട്ടിലെ മുറിയിലെ കുമ്മായ ചുമരിലേക്ക് ബള്‍ബില്‍ വെള്ളം നിറച്ച് വെയിലില്‍ വെച്ച കണ്ണാടിപ്രകാശം പായിച്ച് ഡ്യൂപ്പ് സിനിമാ ഷോ കളിച്ചുനടക്കുന്ന പിള്ളേരെ പിടിച്ച് കൊണ്ടുവന്ന് ഇരുത്തിച്ച് കാണിച്ചുകൊടുത്തു. ആദ്യമായി ഷൂട്ടിംഗ് കാണുന്നത് അഞ്ചില്‍ പഠിക്കുമ്പോള്‍ പ്രേം നസീര്‍, അനുരാധ നടിച്ച ഹരിഹരന്‍ സിനിമ 'പൂമഠത്തെ പെണ്ണ്' ആയിരുന്നു. അവരൊക്കെ അഭിനയിക്കുന്നത് കാണുവാന്‍ ക്ലാസ്സ് കട്ട് ചെയ്ത് പോയിട്ട് തിക്കിത്തിരക്കില്‍ പോലീസ് ലാത്തിയടീം കിട്ടി. പിന്നെ ഫാസില്‍ സിനിമാ സെറ്റ് 'എന്നെന്നും കണ്ണേട്ടന്റെ..' നിലമ്പൂര്‍ കോവിലകത്ത് തമ്പടിച്ചപ്പോള്‍ തിലകന്‍, ശ്രീവിദ്യ, ജഗതി, നെടുമുടി എന്നിവരുടെ പ്രകടനം നേരില്‍ കണ്ട് എനിക്കും അഭിനയിക്കാന്‍ പൂതിയായി. ഫാസില്‍ കാണാന്‍ വേണ്ടി കുറെ മുന്നില്‍ പോയി കോപ്രാട്ടി കാണിച്ചെങ്കിലും വെറുതെയായി.
ബിരുദപഠനം കഴിഞ്ഞിട്ടാണ്‌. മോഹം സാഫല്യമായത് ഏട്ടന്‍ മുഖേന തിരുവനന്തപുരം സന്തോഷ് ശിവന്‍ കുടുംബം നടത്തുന്ന ശിവന്‍സ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫി ബാച്ചില്‍ സീറ്റ് കിട്ടിയപ്പോഴായിരുന്നു. അവിശ്വസനീയമായിരുന്നു എനിക്കത്. യോദ്ധ, നിര്‍ണയം, റോജ ഒക്കെ കണ്ട് അതിന്‍ ശില്‍‌പികളെ കാണാനാഗ്രഹിച്ചത് സഫലമായി. സംഗീത് ശിവന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ കീഴില്‍ പരിശീലനം കിട്ടി. സംഗീത് ശിവനൊപ്പം സം‌വിധാനസഹായി ആയി ഒരു ടെലിഫിലിം ഏഷ്യാനെറ്റിനു വേണ്ടി പ്രവര്‍ത്തിച്ചു. (കുറേ ശകാരം കിട്ടി, പണിയറിയാഞ്ഞിട്ട്). പക്ഷെ, അഭിനയഭ്രാന്ത് മൂത്ത് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രയക്നിച്ചു. നാല്‍‌പത് സീരിയലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. ജഗദീഷിനൊപ്പം 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', ചുള്ളിക്കാടിനൊപ്പം ശ്രികുമാരന്‍ തമ്പീടെ 'ദാമ്പത്യ ഗീതങ്ങള്‍', കെ.കെ.രാജിവ്സ് 'ഓര്‍മ്മ', ലക്ഷ്മീമോള്‍ ഐശ്വര്യയൊത്ത് 'ദേവി' സീരിയല്‍, മാമുക്കോയ, അനിലശ്രീകുമാര്‍ ഒത്ത് 'അതിഥി' ടെലിഫിലിം. ജയറാമിനൊപ്പം 'പൗരന്‍', 'വക്കാലത്ത് നാരായണന്‍ കുട്ടി', സുരേഷ് ഗോപീടെ 'മേഘസന്ദേശം' എന്നീ പടംസ്.

താങ്കളുടെ സിനിമ അനുഭവങ്ങള്‍ പുസ്തകമാക്കുന്നു എന്ന് കേട്ടല്ലോ. അതിനെപറ്റി ഒന്ന് പറയാമോ.

അതെ. സിനിമാ അനുഭവങ്ങള്‍ പോസ്റ്റാറുള്ള ബ്ലോഗ് 'ഒരു സിനിമാഡയറിക്കുറിപ്പ്' ഈയ്യിടെ പുസ്തകമാക്കാന്‍ കരാറായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ബ്ലോഗന'യില്‍ അതിലെ ഒരു പോസ്റ്റ് ഇട്ടത് ഒരു ബൂസ്റ്റായി. കോട്ടയം പാപ്പിറസ് ബുക്സിന്‌ ബുക്കാക്കാന്‍ താല്‍‌പര്യമുണ്ടെന്ന് അറിയിച്ചു. ഉറപ്പിച്ചു. അച്ചടി തുടങ്ങി എന്നറിയുന്നു. അതിന്റെ കവര്‍ ഡിസൈന്‍ പ്രമുഖനായൊരു ബ്ലോഗര്‍ നിര്‍‌വഹിക്കാന്‍ സന്നദ്ധനായിട്ടുണ്ട്. (പേര്‍ വെളിപ്പെടുത്തരുതെന്ന് ഇപ്പോള്‍ പറഞ്ഞതിനാല്‍ പറയുന്നില്ല).

ബ്ലോഗില്‍ വരാന്‍ ഇടയായ സാഹചര്യം ഒന്ന് വിശദീകരിക്കാമോ..

ദുബായില്‍ നാലുവര്‍ഷം മുന്‍പ് ഒരു കെട്ടിട നിര്‍മ്മാണ കമ്പനീടെ സൈറ്റ് ആപ്പീസില്‍ സെക്രട്ടറിയായി പട്ടാണീസ്, ബംഗാളീസ്, അണ്ണാച്ചീസ് പണിക്കാരുടെ ഇടയില്‍ പെട്ട് ഉഴറിയിരിക്കുമ്പോള്‍ സദാസമയവും ഓണായിരിക്കുന്ന ഇന്റര്‍‌നെറ്റില്‍ ഊളിയിട്ട് നടക്കുമ്പോള്‍ വിശാലമനസ്കന്‍, അരവിന്ദ്, പെരിങ്ങോടന്‍ എന്നീ വ്യത്യസ്ത പേരുകളില്‍ ഉടക്കി. തപ്പിക്കേറി ഓടിച്ചുവായിച്ചു. ഹരം പൂണ്ടു. എന്നാപിന്നെ എന്തുകൊണ്ട് ഞമ്മക്കായിക്കൂടാന്ന് അന്തരംഗത്താരോ എന്നോട് മന്ത്രിച്ചു. അതിന്റെ എ.ബി.സി.ഡി ഒരെത്തും പിടീം കിട്ടീല. ചാറ്റില്‍ വന്ന പലരോടും ചോദിച്ചു, എന്താണീ എങ്ങനെയാണീ ബ്ലോഗല്‍ എന്ന്? ഒടുക്കം നമ്മുടെ പ്രിയബ്ലോഗറും മുതിര്‍ന്ന വ്യക്തിയുമായ കേരളഫാര്‍മര്‍ സല്‍മനസ്സോടെ ചില ലിങ്കുകളും വിവരണങ്ങളൂം പറഞ്ഞുതന്നു കൈപ്പിടിച്ച് ബൂലോഗത്ത് എന്നെ മേയ്ക്കാന്‍ വിട്ടു. നേരമ്പോക്കിന്‌ ആദ്യം 'ഏറനാടന്‍ ചരിതങ്ങള്‍' തുടങ്ങി. അതിലെ പല കഥകളും മാധ്യമം പത്രത്തില്‍ വന്നു. പിന്നെ എഴുത്തൊഴുക്കായിരുന്നു. എനിക്ക് തോന്നുന്നു, അക്കാലയളവില്‍ തന്നെയാണ്‌ യൂയേയീലെ ആദ്യ ബ്ലോഗ് മീറ്റ് അരങ്ങേറിയത്. അതില്‍ പങ്കെടുത്ത് അപരിചിതരായ പലരേയും ഉറ്റസുഹൃത്തുക്കളായി കിട്ടി. പലരും ഒരേകാലത്താണ്‌ ബ്ലോഗില്‍ ഹരിശ്രീ കുറിച്ചത്. ഒരു കൊല്ലം കഴിഞ്ഞ് വിശാലമനസ്കന്‍ പറഞ്ഞപ്പോള്‍ എന്നാപിന്നെ അല്‍‌പസ്വല്‍‌പം സിനിമാനുഭവങ്ങള്‍ ഒന്ന് പൊടിതട്ടിയെടുത്ത് ബ്ലോഗിയാലെന്താന്ന് തോന്നിയിട്ട് 'ഒരു സിനിമാ ഡയറിക്കുറിപ്പ്' ആരംഭിച്ചു. (ഈ ശീര്‍ഷകം വിശാലന്‍ വകയാണ്‌.), പിന്നെ ഫോട്ടോ വിക്രസ്സുകള്‍ ഇടാന്‍ 'റെറ്റിനോപതി' തുടങ്ങി. എവിടേയാണേലും ബ്ലോഗില്ലാതെ ജീവിതമില്ല എന്നായി സ്ഥിതി. അതിലൂടെ ലഭിച്ച സൗഹൃദങ്ങളെ ഞാന്‍ എന്നും ബഹുമാനിക്കുന്നു.

ബ്ലോഗ്‌ കൂട്ടായ്മകളെ പറ്റിയുള്ള അഭിപ്രായമെന്ത്,...

നല്ല അഭിപ്രായം. അതിരു വിടാതെ സൂക്ഷിച്ചാല്‍ ബെസ്റ്റാണ്‌. അതിലൂടെ സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഏറെ നല്ലകാര്യമാണ്‌. ബൂലോഗ കാരുണ്യം അതിനുദാഹരണം.

ഏതു തരം വായനയാണ് കൂടുതല്‍ ഇഷ്ടം ..

പരന്ന വായന അഭികാമ്യം, ഹരം. കൈയ്യില്‍ കിട്ടിയാലെന്തും വായിക്കും. അത് ഫയര്‍ ആയാലും ബാലരമ, പൂമ്പാറ്റ ആയാലും ദാസ് ക്യാപിറ്റല്‍, സമ്പൂര്‍ണ്ണ കൃതികള്‍ ആയാലും നോ പ്രോബ്ലം. ഓണ്‍‌ലൈന്‍ റീഡിംഗും ഒരു ക്രേസ്സായിട്ടുണ്ട്.

ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്

വൈവിധ്യമേറിയ എഴുത്തുകള്‍ കൊണ്ട് സമ്പുഷ്ടമാണ്‌ ബ്ലോഗിന്ന്. പേരെടുത്ത് പറഞ്ഞ് വിട്ടുപോയവരുടെ ശത്രുത വാങ്ങിവെയ്ക്കുവാന്‍ ഉദ്ധ്യേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ട്, പിടിച്ചുനില്‍ക്കാനും നന്നായറിയുന്നവരുമാണ്‌. 9. പ്രവാസ ജീവിതം കലാപ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോഗ്‌ എഴുത്തിനും തടസ്സമാണെന്ന് തോന്നുനുവോ.. ഒരിക്കലുമില്ല. ഞാന്‍ ഒരു ബ്ലോഗറായത് പ്രവാസമണ്ണില്‍ വെച്ചാണ്‌. എന്റെ കലാപ്രവര്‍ത്തനങ്ങളും കൂടുതലായി അരങ്ങേറുന്നതും ഇവിടെ വെച്ചല്ലേ. ആദ്യമായി ഒരു പ്രൊഫഷണല്‍ ടൈപ്പ് നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതും അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകസൗഹൃദവേദിയിലൂടെ യാണ്‌. രണ്ട സീരിയലുകളും പ്രവാസഭൂമിയില്‍ വെച്ച് പൂര്‍ത്തിയാക്കി.

ബ്ലോഗില്‍ വന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ

ആരുമല്ലാതിരുന്ന ഞാന്‍ ബ്ലോഗന്‍ എന്ന നിലയില്‍ അറിയാന്‍ തുടങ്ങി. ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഹൊ ആലോചിക്കാന്‍ പോലും വയ്യ! ബ്ലോഗിലൂടെ രണ്ട് പുസ്തകങ്ങളുടെ ഉടമയാവാനും സാധിച്ചത് ഒരു കാര്യം തന്നെയല്ലേ. ഇതൊക്കെ തന്നെ ഗുണം.

താങ്കള്‍ അഭിനേതാവ് , എഴുത്തുകാരന്‍ എന്നതില്‍ ഏതു നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്..

രണ്ടും. അഭിനേതാവായും എഴുത്തുകാരനായും അറിയപ്പെടണം. ഒരു സം‌വിധായകനും കൂടി ആവണമെന്ന അതിമോഹമുണ്ട്. ആരും തല്ലിക്കൊല്ലൂല എങ്കില്‍ എന്റെ സീരിയല്‍ സിനിമ നിങ്ങള്‍ സഹിക്കേണ്ടിവരും!

താങ്കളുടെ സമീപകാലത്ത് റിലീസ് അയ ചിത്രങ്ങള്‍/ സീരിയലുകള്‍ ഏതൊക്കെയാണ്..

ഈയ്യിടെ അബുദാബീല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ടെലിഫിലിം 'ജുവൈരയുടെ പപ്പ'യില്‍ സഹസം‌വിധാനം, അഭിനയം, ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂട്ടര്‍, തിരക്കഥാസഹായം എന്നിവ ചെയ്തു. 'മണല്‍‌ക്കാറ്റ്' എന്ന ആദ്യപ്രവാസീ മെഗാസീരിയലില്‍ ഹാസ്യനടനും, സഹസം‌വിധായകനുമായിരുന്നു. കൈരളീ ചാനലിലും ജീവന്‍ ടീവിയിലും കാണിച്ചു. 'പോയകിനാവിലെ' ടെലിഫിലിം ഏഷ്യാനെറ്റിനുവേണ്ടി അഭിനയിച്ചു. ജോര്‍ജ് കിത്തു-ജോണ്‍‌പോള്‍ സിനിമയായ 'സ്വപ്നങ്ങളില്‍ ഹെയിസല്‍ മേരി'യില്‍ മുകേഷ്, ഭാമ, മണിക്കുട്ടന്‍ എന്നിവരൊത്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. (റിലീസ് ആയിട്ടില്ല) ജോയ്‌തോമസ്സ്-ഡെന്നീസ് ജോസഫ് ഒരുക്കിയ 'ഉഷസ്സായ്..സന്ധ്യയായ്' സീരിയലില്‍ അനൂപ് മേനോന്‍, ക്യാപ്റ്റന്‍ രാജു ഒന്നിച്ച് ഒരു പ്രധാന കഥാപാത്രം ചെയ്തു. അതിനുവേണ്ടി അവരൊന്നിച്ച് കഴിഞ്ഞ ശബരിമല സീസണില്‍ എരുമേലിയില്‍ ഒരു ലോഡ്ജില്‍ താമസിച്ചത് അവിസ്മരണീയമായിരുന്നു. പിന്നെ.. ഇല്ല ഇതൊക്കെ തന്നെയാണ്‌ ന്യൂ പ്രൊജക്റ്റ്സ്..

ഗ്രൂപ്പ്‌ ബ്ലോഗുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്...

വാക്ക് ചാതുരി മൂര്‍ച്ചകൂട്ടാം. പോരടിച്ച് താന്‍ പോരിമ പ്രദര്‍ശിപ്പിക്കാം. എന്നിരുന്നാലും ഒരു പരിധിവരെ ഒക്കെ നല്ലകാര്യമാണ്‌. അല്ലേ?

പുതിയ എഴുത്തുകാര്‍ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്..

ധാരാളം വായിക്കുക. പരന്ന വായന നല്ലതാണ്‌. പല ശൈലികളും മനസ്സിലാക്കുക. തന്റെ ഉള്ളില്‍ പറയാന്‍ മുട്ടിനില്‍ക്കുന്ന എന്തോ ഉണ്ട് എന്ന് തോന്നിയാല്‍ മാത്രം എഴുതുക. സ്വയം വായിച്ച് മിനുക്കുപണി ചെയ്തിട്ട് പോസ്റ്റുക. മറ്റുള്ളവര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക വേണ്ട. അതൊക്കെ സ്വമേധയാ വരും. നിങ്ങള്‍ക്കും ഒരിടം ലഭിക്കുക തന്നെ ചെയ്യും. പറ്റുമെങ്കില്‍ എം.ടി രചിച്ച 'കാഥികന്റെ പണിപ്പുര', 'കാഥികന്റെ കല' എന്നിവ റെഫര്‍ ചെയ്യുക. വിജയം തീര്‍ച്ച..


ഏറനാടന്‍ കഥകള്‍ ഇവിടെ
ഏറനാടന്‍ സിനിമ കഥകള്‍ ഇവിടെ
ഏറനാടന്‍ ശബ്ദ വീചികള്‍ ഇവിടെ
ഏറനാടന്‍ ഫോട്ടോ ബ്ലോഗ്‌ ഇവിടെ

3 Responses to "ഏറനാടന്‍ കഥകള്‍"

 1. രണ്ട് പൊസ്തകം..
  ബ്ലോഗ്ഗ്ഗര്‍ അബിനേതാവ്, എഴുത്തുകാരന്‍...

  നമ്മടെ രാഹുല്‍ ദ്രാവിഡ് പണ്ട് വിക്കറ്റ് കീപ്പര്‍ ആയിരുന്ന പോലെ... ഹേയ് അങ്ങിനെ ആവാന്‍ വഴ്ശിയില്ല, ആകരുത്
  :-)))

  ReplyDelete
 2. kollammmm ikka thakarthu peyukayannuallae , pemmaripollum thottupokum hehhehe keep it up
  with love and care
  Anil T prabhakar

  ReplyDelete
 3. അറബിക്കഥയില്‍ തലകാണിച്ച
  ആ ഖനിത്തൊഴിലാളിയ്‌ക്ക്‌
  ഒടുവില്‍ നല്ലൊരു വേഷം കിട്ടി.....
  സന്തോഷം ശ്രീ ഏറുമഹാരാജാ.....

  അഭിമുഖം കലക്കി......
  കഥ, തിരക്കഥ, സംവിധാനം, നടന്‍ ..........
  ബാക്കിയുള്ളവര്‍ക്ക്‌ പണിയുണ്ടായിക്കി വച്ചേ അടങ്ങൂ. അല്ലേ :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts